സോളമന്റെ കപ്പലുകളും കാത്ത്; കേരള യഹൂദരുടെ ചരിത്രവും സംസ്കാരവും

1998 ഓഗസ്റ്റ് 21 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
mattanchery synagauge
മട്ടാഞ്ചേരി സിനഗോഗ്‌ file
Updated on

ഇതൊരു നൂറ്റാണ്ടു കുറിപ്പാണ്. കേരളത്തില്‍നിന്ന് ഇല്ലാതാവുന്ന യഹൂദരുടെ സ്വപ്നങ്ങളിലൂടെ നടത്തിയ ഒരു കപ്പലോട്ടം

ട്ടാഞ്ചേരിയിലെ ജൂതത്തെരുവിന് ഇപ്പോഴും സുഗന്ധദ്രവ്യങ്ങളുടെ പുരാതനമായ ഗന്ധമുണ്ട്. ചരിത്രാതീതകാലത്ത് കടല്‍ കടന്ന് ഇവിടെയെത്തിയ പാശ്ചാത്യര്‍ അവശേഷിപ്പിച്ച സംസ്‌കാരത്തിന്റെ കണ്ണാടിത്തുണ്ടുകള്‍ അവിടവിടെ ചിതറിക്കിടക്കുന്നു. തെരുവിനിരുവശവും ഇപ്പോഴും പുരാതനാവശിഷ്ടങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു. ആ പുരാവസ്തുശേഖരത്തില്‍ ഒരു മതവുമുണ്ട്; ലോകത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട യഹൂദമതം. കേരളത്തിന്റെ ഭൂപടത്തില്‍നിന്ന് ഈ നൂറ്റാണ്ടോടെ തിരോഭവിക്കുന്ന ഏക ഗോത്ര സവിശേഷതയാണ് യഹൂദമതം.

അഡ്വക്കേറ്റ് ജെ.ഇ. കോഹന് ഇപ്പോള്‍ എണ്‍പതു വയസ്സായി. കേരളത്തില്‍ ഇന്നുള്ള എണ്‍പതോളം യഹൂദരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് അദ്ദേഹം. മട്ടാഞ്ചേരിയിലെ യഹൂദ ദേവാലയത്തില്‍ പുരോഹിതനായി, ചരിത്രത്തിന്റെ നര വീണ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മിഴിനട്ട് കോഹനിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ആര്‍ദ്രമാകുന്ന കണ്ണുകളില്‍ നായാടപ്പെട്ട ഒരു ഗോത്രത്തിന്റെ ഭീതിയുണ്ട്. സുഗന്ധദ്രവ്യങ്ങളുടെ ഈ നാട് കോരിക്കൊടുത്ത സ്‌നേഹത്തിന്റെ നിറകുടങ്ങളുണ്ട്. സിയോണ്‍ കുന്നിന്റേയും ഇസ്രായേല്‍ മണ്ണിന്റേയും പ്രലോഭനങ്ങളുണ്ട്. ഉറ്റവര്‍ വിട്ടുപോയ ഏകാന്തതയുണ്ട്.

ഇതൊരു നൂറ്റാണ്ടു കുറിപ്പാണ്. കേരളത്തില്‍നിന്ന് ഇല്ലാതാവുന്ന യഹൂദരുടെ സ്വപ്നങ്ങളിലൂടെ നടത്തിയ ഒരു കപ്പലോട്ടം.

jewish museum
കെടാവിളക്കായ താമീതിനെക്കൂടാതെ ഒരു തൂക്കുവിളക്കും സിനഗോഗുകളില്‍ ഉണ്ട്TP SOORAJ@The New Indian Express.Kochi.

യഹൂദന്റെ കഥ പലായനത്തിന്റെ തുടര്‍ച്ചകളാണ്. കേരളത്തിന്റെ വ്യാപാരശൃംഖലയുടെ ആദ്യകണ്ണികളാണ് യഹൂദര്‍. കുരുമുളകും ഏലവും ചുക്കും കറുവപ്പട്ടയും മയിലും കുരങ്ങും വളരുന്ന അത്ഭുതഭൂമിയോടുള്ള ആദരവും സ്‌നേഹവുമാണ് യഹൂദനെ കേരളത്തോട് അടുപ്പിച്ചത്. കടന്ന ബുദ്ധിയും സ്ഥിരോത്സാഹവും രക്തഗുണമായ യഹൂദന് കടല്‍ കടക്കാനുള്ള മോഹവും സാഹസികത നിറഞ്ഞ മാംസപേശികളും കൂടിയായപ്പോള്‍ സുഗന്ധദ്രവ്യങ്ങളുടെ ധൂസരഭൂമിയിലേക്ക് അവര്‍ പ്രയാണം ആരംഭിച്ചു.

യഹൂദന്റെ കേരളത്തിലേക്കുള്ള വരവിനെ സംബന്ധിച്ച് മറ്റൊരു വാദവുമുണ്ട്. ബി.സി. 605-ല്‍ അസീറിയന്‍ സാമ്രാജ്യത്തിന്റെ പതനത്തെ തുടര്‍ന്ന് പേഴ്സ്യയിലെ രാജാവായ ഷാല്‍മനേസര്‍ തടവുകാരാക്കിയ പത്ത് പലസ്തീന്‍ ഗോത്രക്കാരില്‍ ഒരു ഗോത്രമാണ് ഇന്ത്യയിലേക്കും അതുവഴി കേരളത്തിലേക്കും വന്നതെന്ന് പറയപ്പെടുന്നു. അതെന്തായാലും കേരളത്തിന്റെ ചരിത്രം വാണിജ്യബന്ധങ്ങളുടെ ചരിത്രമായതുകൊണ്ട് വാണിജ്യാര്‍ത്ഥം ജൂതന്മാര്‍ കേരളത്തില്‍ വന്നതായി കരുതുന്നു. ബി.സി. 973-ല്‍ ബസ്നാഗെ എന്ന സഞ്ചാരിയുടെ കുറിപ്പുകള്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. മോസസ് ഡി. പൈവ എന്ന മറ്റൊരു സഞ്ചാരി എഴുപതിനായിരത്തിലധികം ജൂതന്മാര്‍ കൊടുങ്ങല്ലൂരില്‍ വന്നിരുന്നതായി പറയുന്നു. കൊടുങ്ങല്ലൂര്‍, പറവൂര്‍, മാള, പുല്ലൂറ്റ് എന്നീ സ്ഥലങ്ങളിലാണ് അവര്‍ ആദ്യം പാര്‍ത്തിരുന്നത്. ഈ സമയത്ത് ക്രിസ്തുമതം പ്രചാരണം ശക്തമാക്കുന്നു. തുടര്‍ന്ന് പോര്‍ച്ചുഗീസുകാരുടെ ആഗമനം. യഹൂദരെ സംബന്ധിച്ച അന്ധകാരയുഗം ഇവിടെ ആരംഭിക്കുകയാണ്. ജോസഫ് റബ്ബാന്റെ കാലശേഷം 1341 മുതല്‍ അഞ്ചുവണ്ണത്തിന്റെ പതനം ആരംഭിക്കുന്നു. എ.ഡി. 1524-ല്‍ അറബികള്‍ സാമൂതിരിയുടെ സഹായത്തോടെയും, എ.ഡി. 1526-ല്‍ പോര്‍ച്ചുഗീസുകാരും യഹൂദരെ ആക്രമിക്കുന്നു. അങ്ങനെ അവര്‍ അഞ്ചുവണ്ണം ഉപേക്ഷിച്ച് കൊച്ചിയില്‍ അഭയം തേടി. എന്നാല്‍, പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലും അവരെ പിന്തുടര്‍ന്നു. പോര്‍ച്ചുഗല്‍ രാജാവിന് ആല്‍ബുക്കര്‍ക്ക് എഴുതിയ കത്തില്‍ കൊച്ചിയിലെ ജൂതന്മാരെ ഉന്മൂലനം ചെയ്യാന്‍ തന്നെ അനുവദിക്കണം എന്നുവരെ ആവശ്യപ്പെട്ടിരുന്നു. എന്തായാലും പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലുണ്ടായിരുന്ന 160 വര്‍ഷവും കേരളത്തിലെ യഹൂദനെ സംബന്ധിച്ച് ഇരുണ്ടയുഗമായിരുന്നു. പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് എത്തിയ ഡച്ചുകാരും ഇംഗ്ലീഷുകാരും യഹൂദരോട് അനുഭാവപൂര്‍വ്വം പെരുമാറി. ഡച്ചുഭരണത്തോടെ യൂറോപ്പിലെ ജൂതന്മാരില്‍നിന്ന് ഒറ്റപ്പെട്ട കൊച്ചി ജൂതന്മാരുടെ മതപരവും സാംസ്‌കാരികവുമായ ജീവിതത്തില്‍ മാറ്റം വന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി അധികം കഴിയും മുന്‍പ് ഇസ്രായേല്‍ എന്ന യഹൂദരാഷ്ട്രം രൂപീകരിച്ചു. 1948-ല്‍ ബ്രിട്ടീഷുകാര്‍ പലസ്തീന്‍ വിട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ പത്രപ്രവര്‍ത്തകനായ തിയോഡര്‍ ഹേര്‍സലിന്റെ യഹൂദരാഷ്ട്രം എന്ന ആശയം സജീവമായി. തുടര്‍ന്ന് യഹൂദനേതാക്കള്‍ ഒന്നുചേര്‍ന്ന് ടെല്‍അവീവില്‍ വച്ച് തഷ്യിം വിസ്മാന്‍ പ്രസിഡന്റായും ഡേവിഡ് ബെന്‍ഗൂറിയന്‍ പ്രധാനമന്ത്രിയായും യഹൂദരാഷ്ട്രം രൂപീകരിച്ചു. പുണ്യഭൂമിയുടെ വിളി കേരളത്തിലെ യഹൂദരെയും പ്രലോഭിപ്പിച്ചു. അങ്ങനെ മാളയില്‍നിന്നും ആദ്യസംഘം ഇസ്രായേലിലേക്ക് യാത്രയായി. ഇസ്രായേലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ 1954 മുതല്‍ യഹൂദര്‍ യാത്രയായതോടെ കൊച്ചിയില്‍ കടവുംഭാഗം, തെക്കുംഭാഗം, ചേന്ദമംഗലം തുടങ്ങിയ സിനഗോഗുകള്‍ അടച്ചു. കേരളത്തിന്റെ ആരോഗ്യകരമല്ലാത്ത സാമൂഹ്യവളര്‍ച്ചയും, സാമ്പത്തിക അസ്ഥിരതയും ജൂതരെ നാടുവിടാന്‍ പ്രേരിപ്പിച്ച ഘടകങ്ങളാണ്. അങ്ങനെ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ സിയോണ്‍കുന്നിന്റെ വിളികേട്ട് കോഴിക്കോട്, പാലയൂര്‍, മാടായി, ചാവക്കാട്, പന്തലായനിക്കൊല്ലം, പുല്ലൂറ്റ് തുടങ്ങിയ ഇടങ്ങളില്‍നിന്ന് യഹൂദര്‍ ഒഴിഞ്ഞുപോയി.

ഒരു യഹൂദ ദേവാലയത്തിലെ ഏറ്റവും പ്രധാന സവിശേഷത ഒരിക്കലും കെടാത്ത ഒരു വിളക്കായിരിക്കും

കേരളത്തിന്റേയും സുമേറിയയുടെയും വാസ്തുവിദ്യാപാരമ്പര്യത്തിന്റെ സങ്കരമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്ന ജുതദേവാലയങ്ങള്‍. ലോകത്ത് അപൂര്‍വ്വമായ ഒരു വാസ്തുവിദ്യാസവിശേഷത ഈ ദേവാലയങ്ങള്‍ സൂക്ഷിക്കുന്നു. ഒട്ടുമിക്ക യഹൂദ ദേവാലയങ്ങളും ഒരേ വാസ്തുശൈലി തന്നെ പിന്തുടരുന്നു.

അഗ്രഹാരങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇവിടെയുള്ള ജൂതത്തെരുവുകള്‍. പെരുവഴിക്ക് ഇരുവശത്തും കെട്ടിയുയര്‍ത്തിയ ഓടിട്ട വീടുകളായിരുന്നു ജൂതന്മാര്‍ ഉപയോഗിച്ചിരുന്നത്. ഇരുനിലകളില്‍ താഴത്തെ നിലയില്‍ പകല്‍ കര്‍മ്മങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ രാത്രിയില്‍ മാത്രമേ മുകള്‍നില ഉപയോഗിച്ചിരുന്നുള്ളു.

ഒരു യഹൂദ ദേവാലയത്തിലെ ഏറ്റവും പ്രധാന സവിശേഷത ഒരിക്കലും കെടാത്ത ഒരു വിളക്കായിരിക്കും. പാശ്ചാത്യരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത ഈ വിളക്കുകളാണ് താമീതുകള്‍ എന്നറിയപ്പെടുന്നത്. ആദ്യകാലത്ത് എണ്ണ ഉപയോഗിച്ച് കത്തിച്ചിരുന്ന താമീതുകളില്‍ ഇപ്പോള്‍ വൈദ്യുതി ഉപയോഗിക്കുന്നു. പറവൂരിലുള്ള സിനഗോഗില്‍ മൂന്നരനൂറ്റാണ്ടു മുന്‍പ് കത്തിച്ച താമീത് ഇന്നും കെടാതെ സൂക്ഷിക്കുന്നു. എല്ലാ സിനഗോഗിലും വേദഗ്രന്ഥം സൂക്ഷിക്കുന്നു. തോറ എന്നാണ് ഇതിനു പേര്‍. പ്രധാന പുരോഹിതനെ മെനാഹിം എന്നു വിളിക്കുന്നു. 13 വയസ്സുകഴിഞ്ഞവര്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാം.

അമ്പത്തിരണ്ട് അദ്ധ്യായങ്ങളോടു കൂടിയ തോറ ഹീബ്രു ഭാഷയിലാണ് എഴുതിയിരിക്കുന്നത്. തുകല്‍ ചുരുളുകളിലാണ് തോറ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ പ്രത്യേകം സ്ഥലത്ത് സൂക്ഷിക്കുന്നു. ആ സ്ഥലങ്ങളെ ഏഹാല്‍ എന്നു പറയുന്നു. പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്തെ തേവായി എന്നും പറയുന്നു. പ്രാര്‍ത്ഥനാലയത്തിനു മുകളില്‍ ബാല്‍ക്കണിയുണ്ടാകും. ഈ ബാല്‍ക്കണി സ്ത്രീകള്‍ക്കു വേണ്ടിയാണ്. രണ്ട് അറകള്‍ അഥവാ മാടങ്ങള്‍ ബാല്‍ക്കണിയിലുണ്ടാകും. സ്ത്രീകള്‍ ശരീരം മുഴുവന്‍ വസ്ത്രംകൊണ്ട് മറയ്ക്കുന്നു. ഏകാഗ്രത കിട്ടാനാണ് ഇതൊക്കെയെന്ന് ജൂതനായ സാമി അലേഹ്യ വെളിപ്പെടുത്തുന്നു. വിശേഷദിവസങ്ങളില്‍ മാടത്തിനുള്ളില്‍നിന്ന് പ്രാര്‍ത്ഥിക്കാനുള്ള സ്വാതന്ത്ര്യം പുരോഹിതനാണ്.

കെടാവിളക്കായ താമീതിനെക്കൂടാതെ ഒരു തൂക്കുവിളക്കും സിനഗോഗുകളില്‍ ഉണ്ട്. ഇവയെ കൊറോഞ്ചി എന്നു വിളിക്കുന്നു. മട്ടാഞ്ചേരിയിലും പറവൂരും സിനഗോഗുകളില്‍ ഇപ്പോഴും കൊറോഞ്ചിയുണ്ട്. ബെല്‍ജിയത്തില്‍നിന്നും ഇറക്കുമതി ചെയ്തവയാണ് ഈ കൊറോഞ്ചികള്‍.

ആകാശവും ഭൂമിയും അതിലെ സര്‍വചരാചരങ്ങളെയും നിര്‍മ്മിച്ച യഹോവ ഏഴാം ദിവസം വിശ്രമിച്ചു. ആ വിശ്രമദിവസമാണ് ശാബത്ത്. യഹൂദരുടെ വിശ്രമദിവസവും പ്രാര്‍ത്ഥനാദിവസവും ശാബത്തിനാണ്. വെള്ളിയാഴ്ച വൈകിട്ട് ആറിന് ആരംഭിക്കുന്ന ശാബത്ത് ശനിയാഴ്ച വൈകുന്നേരം അവസാനിക്കുന്നു. ശനിയാഴ്ച ഭക്ഷണം പാകം ചെയ്യുന്നതുള്‍പ്പെടെ ഒരു ജോലിയും ചെയ്യാറില്ല.

യഹൂദര്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമുണ്ട്. വെള്ളിയാഴ്ച ശാബത്ത് ദിവസം ആരും പരസ്പരം സംസാരിക്കാറില്ല. വൈകുന്നേരം മുതല്‍ ശാബത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ ശാബത്ത് വിളക്ക് കത്തിക്കുന്നത് സ്ത്രീയാണ്. 'ഇത് പ്രതീകാത്മകമായ ഒരു ആദരവാണ്.'' പറവൂര്‍ സിനഗോഗിലെ പഴയ ദിവസങ്ങളെ ഓര്‍മ്മിച്ചുകൊണ്ട് ജോസഫ് സൈമന്റെ ഭാര്യ യഹൂദിത്ത് പറയുന്നു.

Paravur synagauge
പറവൂര്‍ സിനഗോഗ്‌ TP SOORAJ@The New Indian Express.Kochi.

ഹീബ്രു വര്‍ഷത്തിലെ 'തിസരി'യാണ് യഹൂദര്‍ക്ക് വര്‍ഷാരംഭം. പുതുവര്‍ഷദിനം തീന്‍മേശ പഴവര്‍ഗ്ഗം തുടങ്ങിയവകൊണ്ട് സമൃദ്ധമായിരിക്കും. പാപപരിഹാരപ്പെരുന്നാള്‍ (യോമോഹ്കിപ്പോര്‍) സിംഹാതോറ (41 ദിവസം സീനായി മലമുകളില്‍ മോശ പ്രാര്‍ത്ഥിച്ചു. ഈ പ്രാര്‍ത്ഥനയുടെ ഫലമാണ് തോറ എന്ന് സങ്കല്പം. തോറ കിട്ടിയ ദിവസത്തെ അനുസ്മരിപ്പിക്കുന്നു സിംഹാതോറ) തുടങ്ങിയവ കേരളത്തിലെ യഹൂദര്‍ ഇന്നും ആഘോഷിക്കുന്ന വിശേഷദിവസങ്ങളാണ്. വിശേഷദിവസങ്ങളിലും ശാബത്ത് ദിവസങ്ങളിലും പതിമൂന്നിനു മേല്‍ വയസ്സുള്ള പത്തു പുരുഷന്മാര്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നെങ്കില്‍ മാത്രമേ സിനഗോഗ് കൂടാനാവൂ. ഇന്ന് മട്ടാഞ്ചേരി ഉള്‍പ്പെടെയുള്ള സിനഗോഗുകള്‍ സ്ഥിരമായി കൂടാനാവാത്തതിന്റെ കാരണം ഈ സംഖ്യ തികയാത്തതുകൊണ്ടാണ്. നിശ്ചിതമായ വെളുത്ത മേലങ്കി ധരിച്ച് നടുവിലുള്ള പ്രഭാഷണവേദിയില്‍ കയറിനിന്നാണ് പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നത്. ചെരുപ്പ് ഉപയോഗിക്കാതിരിക്കുക, തല മൂടിക്കൊണ്ട് ദേവാലയത്തില്‍ പ്രവേശിക്കുക തുടങ്ങിയവ മറ്റ് സമ്പ്രദായങ്ങളാണ്.

ഇവിടെ നാലര നൂറ്റാണ്ടുകള്‍ നിശ്ശബ്ദമായി വീണു കിടക്കുന്നു. ഒരുപാട് സഹനത്തിന്റെയും യാതനയുടെയും സഹവര്‍ത്തികളായ യഹൂദന്റെ ലോകചരിത്രത്തില്‍നിന്ന് വ്യത്യസ്തമായി കൊച്ചിയില്‍ സുരക്ഷയുടെയും ശാന്തിയുടെയും തണലിലായിരുന്നു യഹൂദന്‍. വിദേശികളായ പോര്‍ച്ചുഗീസുകാരില്‍നിന്നും ഒരുഘട്ടത്തിലുണ്ടായ ആക്രമണങ്ങളൊഴിച്ചാല്‍ പിന്നെയൊന്നും സംഭവിച്ചില്ലെന്നു പറയാം. എറണാകുളത്ത് ബ്രോഡ്വേയില്‍ അലങ്കാരമത്സ്യങ്ങളുടെയും ചെടികളുടെയും മൊത്തവില്‍പ്പനക്കാരനായ യഹൂദന്‍ ബാബുസേഠ് പറയുന്നു: ''ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ യഹൂദര്‍ ഞങ്ങളായിരിക്കും. കാരണം, ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യംകൊണ്ട് ഇന്ത്യയിലെത്തിയ യഹൂദര്‍ ഭാഗ്യവാന്മാരായിരുന്നു. ലോകം യഹൂദനെ വേട്ടയാടിയപ്പോള്‍ ഇവിടെ സുഗന്ധം പുകച്ച് യഹൂദര്‍ സുരക്ഷിതരായി വീടുകളിലിരുന്നു.''

ഒരുപാട് ചരിത്രം കണ്ട് കൊച്ചിയിലെ യഹൂദ ദേവാലയം അതിന്റെ നിശ്ശബ്ദ പ്രയാണം തുടരുകയാണ്. ചരിത്രത്തില്‍നിന്ന് ചരിത്രത്തിലേക്ക് കേരളം മാറുമ്പോള്‍ ഒരു പുരാവസ്തുശേഖരത്തിന്റെ എല്ലാ അത്ഭുതങ്ങളും സൂക്ഷിച്ച് ഈ സിനഗോഗ് നിലകൊള്ളുന്നു.

യഹൂദനെ സംബന്ധിച്ച് സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുകയും കിഴക്ക് അസ്തമിക്കുകയും ചെയ്യുന്നു. ഹീബ്രു വര്‍ഷപ്രകാരം ഒരു ദിവസം തുടങ്ങുന്നത് സന്ധ്യ മുതല്‍ക്കാണ്.

കൊച്ചി രാജാവ് കേശവരാമവര്‍മ്മയുടെ അധീനതയിലുള്ള ക്ഷേത്രമായിരുന്നു പഴയന്നൂര്‍. ഈ ക്ഷേത്രപരിസരത്താണ് ഒരു സിനഗോഗ് നിര്‍മ്മിക്കാനുള്ള അധികാരം കൊച്ചി രാജാവ് കൊടുത്തത്. 1568-ല്‍ സിനഗോഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ജോസഫ് ലവി, ഇബ്രാഹിം സാല, സാമുവല്‍ കാസ്റ്റിയല്‍, ഡേവിഡ് ബലീലിയോ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം. ചൈനയില്‍നിന്നും ഇറക്കുമതി ചെയ്ത 256 പോഴ്സ്ലെയിന്‍ തറയോടുകള്‍ നിലത്ത് പാകിയിട്ടുണ്ട്. ഓരോ തറയോടിലും ഏതോ കലാകാരന്‍ കൈകൊണ്ടു വരച്ച വ്യത്യസ്തചിത്രങ്ങളുണ്ട്. ബെല്‍ജിയത്തില്‍നിന്നും കൊണ്ടുവന്ന തൂക്കുവിളിക്ക് കഴിഞ്ഞ നാലരനൂറ്റാണ്ടില്‍ അണഞ്ഞത് ഒരിക്കല്‍ മാത്രം. 1662-ല്‍ പോര്‍ച്ചുഗീസുകാര്‍ ഈ സിനഗോഗ് ആക്രമിച്ച് നശിപ്പിച്ചപ്പോള്‍. പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തിനുശേഷം കൊച്ചിരാജാവിന്റെ സഹായത്തോടെ വളരെ വേഗം സിനഗോഗ് പുതുക്കിപ്പണിതു. ചരിത്രപ്രസിദ്ധമായ 'ജൂതശാസനം' ഈ സിനഗോഗില്‍ ഇപ്പോഴും സൂക്ഷിക്കുന്നു. 1805-ല്‍ തിരുവിതാംകൂര്‍ രാജാവ് നല്‍കിയ സ്വര്‍ണ്ണകിരീടം, ബ്രിട്ടീഷ് റെസിഡന്റ് കേണല്‍ മെക്കാളെ നല്‍കിയ വെള്ളിവിളക്ക്, 1760-ല്‍ എസക്കിയേല്‍ റഹാബി എന്ന വിദേശജൂതന്‍ നിര്‍മ്മിച്ച മൂന്നു മുഖമുള്ള ടവര്‍ ക്ലോക്ക് എന്നിവ ഇവിടെയുണ്ട്. ടവര്‍ ക്ലോക്കിന്റെ കാലം തെറ്റിയെങ്കിലും ഹീബ്രു, മലയാളം, റോമന്‍ അക്കങ്ങളില്‍ സമയം രേഖപ്പെടുത്തിയിരിക്കുന്നു. ഹീബ്രു ലിപിയിലുള്ള ഏതാനും ലിഖിതങ്ങളും പഴയ പുസ്തകവും താല്‍മൂദ് എന്ന വിശുദ്ധ ഗ്രന്ഥവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

മട്ടാഞ്ചേരിയില്‍ ഈ സിനഗോഗിനെ ചുറ്റിപ്പറ്റിയാണ് ജ്യൂടൗണ്‍ രൂപംകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇന്ന് പ്രാര്‍ത്ഥനയുള്ള ഏക ജൂത ദേവാലയവും ഇതാണ്. ഇതിനടുത്തുതന്നെ പഴയന്നൂര്‍ ക്ഷേത്രവുമുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇവിടെ ദിവസേന ധാരാളം പേരെത്തുന്നു. നൂറ്റാണ്ടുകള്‍ തളം കെട്ടിയ ഈ സിനഗോഗിന്റെ അനന്തമായ നിശ്ശബ്ദതയില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുന്നു; ചിലര്‍ കുമ്പസരിക്കുന്നു; ചിലര്‍ പശ്ചാത്തപിക്കുന്നു; ഇനിയും ചിലര്‍ സമ്പന്നമായ പൈതൃകത്തെയോര്‍ത്ത് ആഹ്ലാദിക്കുന്നു.

യഹൂദനെ സംബന്ധിച്ച് സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുകയും കിഴക്ക് അസ്തമിക്കുകയും ചെയ്യുന്നു. ഹീബ്രു വര്‍ഷപ്രകാരം ഒരു ദിവസം തുടങ്ങുന്നത് സന്ധ്യ മുതല്‍ക്കാണ്. ലോകത്ത് മറ്റൊരു മതവും ഇത്തരമൊരു വിശ്വാസം സൂക്ഷിക്കുന്നില്ല. സംഘടിതവും സങ്കീര്‍ണ്ണവുമായ ആചാരമര്യാദകളുടെ ഭൂമിയായിരുന്നു യഹൂദമതം. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന അറുപതു കഴിഞ്ഞ സാമി അലേഹ്യ പറയുന്നു: ''തികച്ചും ശാസ്ത്രീയവും അതേസമയം കഠിനവുമായ ആചാരവിശേഷങ്ങള്‍ നിറഞ്ഞതുമാണ് യഹൂദമതം. ഒരര്‍ത്ഥത്തില്‍ സംഘമായ പലായനങ്ങള്‍ ഉണ്ടായെങ്കിലും ഈ ആചാരവിശേഷങ്ങളുടെ കാഠിന്യംകൊണ്ടാണ് ജൂതന്മാരുടെ ജനസംഖ്യ ഇത്രയും കുറഞ്ഞത്.'' മട്ടാഞ്ചേരിയില്‍ ആകെയുള്ള ആറ് ജൂതകുടുംബങ്ങളിലെ പതിനെട്ട് അംഗങ്ങളില്‍ ഈ മണ്ണിലേക്ക് തന്നെ 'യാത്ര'യാവണം എന്നാഗ്രഹിക്കുന്ന സാമി അലേഹ്യ പറയുന്നത് യഹൂദര്‍ക്കിടയില്‍ തന്നെ നിലനിന്നിരുന്ന ചില അന്ധവിശ്വാസങ്ങളെക്കുറിച്ചാണ്.

മതപരമായ വര്‍ണ്ണവൈവിദ്ധ്യം യഹൂദര്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് വെള്ള ജൂതന്മാര്‍ എന്നും കറുത്ത ജൂതന്മാര്‍ എന്നും തവിട്ട് ജൂതന്മാര്‍ എന്നുമുള്ള വിഭജനം. വെള്ള ജൂതന്മാര്‍ പാശ്ചാത്യരും കറുത്ത ജൂതന്മാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടവരെന്നും കണക്കാക്കുന്നു. വെളുത്ത വര്‍ഗ്ഗത്തിന്റെ ജാതീയമായ മേല്‍ക്കോയ്മ മുതല്‍ അടിമക്കച്ചവടം വരെ ജൂതസമുദായത്തില്‍ നടന്നിട്ടുണ്ട്. ഗോത്രപരമായി വിവാഹം പോലും അനുവദനീയമാകാതിരുന്നതാണ് ജൂതന്മാരുടെ എണ്ണം ഇത്രയും കുറയാന്‍ കാരണമായത്.

kadavumbhagam synagauge
കടവുംഭാഗം സിനഗോഗ് file

പാശ്ചാത്യ ജീവിതാനുകരണം വെള്ളജൂതന്മാരുടെ ഇടയില്‍ ഇപ്പോഴുമുണ്ട്. ആഹാരത്തിന് കത്തിയും മുള്ളും ഉപയോഗിക്കുക, ആഹാരത്തിനുശേഷം വായ് കഴുകാതിരിക്കുക, വിസര്‍ജ്ജനശേഷം ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിക്കുക, അത്താഴം കഴിക്കുമ്പോള്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുക എന്നിവ ശീലമാണ്. എന്നാല്‍, കറുത്തവര്‍ മലയാളികളുടെ രീതിയാണ് അനുവര്‍ത്തിക്കുന്നത്. കൂടാതെ ഭാഷാപരമായ വ്യതിയാനവുമുണ്ടായിരുന്നു.

ആധുനിക കേരളത്തില്‍ യഹൂദ ജീവിതത്തിന് സാരമായ വ്യതിയാനങ്ങളുണ്ടായി. നിറഭേദം മറക്കാനും ഒരുമിക്കാനുമുള്ള ശ്രമങ്ങള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായി. കേരള സമൂഹത്തില്‍ ഒറ്റപ്പെടുകയാണെന്ന തോന്നല്‍ തീവ്രമായി. ഉറ്റ ബന്ധുക്കള്‍ ഇസ്രായേലിലേയ്ക്ക് കുടിയേറിയപ്പോള്‍ വല്ലാത്ത ഒരേകാന്തത അവരെ ബാധിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കു പോലും യഹൂദരെ തേടിപ്പിടിക്കേണ്ട ഒരവസ്ഥയിലാണ് ഇപ്പോള്‍ കേരളത്തിലെ എണ്‍പതു പേരടങ്ങുന്ന യഹൂദ സമൂഹം.

ഒരു യഹൂദന്‍ ജനിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ ഒരാചാരവും ജനിക്കുന്നു. പിറന്നതിന്റെ എട്ടാം ദിവസം കുട്ടിയെ പള്ളിയില്‍ കൊണ്ടുപോയി 'കിസ്സേ' എന്ന കര്‍മ്മം നടത്തുന്നു. കാര്‍മ്മികന്‍ നമസ്‌കാരം ചൊല്ലി ജനനേന്ദ്രിയത്തിന്റെ അഗ്രചര്‍മ്മം ഛേദിക്കുന്നു. പിന്നീട് കാര്‍മ്മികന്‍ വായില്‍ ചെറുക്ക നിറച്ചുകൊണ്ട് കുട്ടിയുടെ മുറിവില്‍നിന്ന് പൊടിയുന്ന ചോര വലിച്ചെടുക്കും. ഇപ്പോള്‍ ഈ ചടങ്ങ് നടത്താറില്ല പകരം ഡോക്ടറാണ് അഗ്രചര്‍മ്മം ഛേദിക്കുന്നത്.

ദൈവനമസ്‌കാരം ആലേഖനം ചെയ്ത തുകല്‍വാര്‍ കൈകളിലും തലയിലും ചുറ്റി പ്രത്യേക വസ്ത്രമണിയിച്ച് പള്ളിയില്‍ കൊണ്ടുപോകുന്നതാണ് പിന്നീടുള്ളത്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോഴും പ്രത്യേകം ചടങ്ങുകള്‍ ഉണ്ട്. ഏഴുദിവസത്തെ ഏകാന്തവാസം അതില്‍ പ്രധാനമാണ്.

വിവാഹമാണ് യഹൂദന്റെ ഏറ്റവും സങ്കീര്‍ണ്ണമായ ആചാരം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കേരളത്തില്‍ അവസാനമായി ഒരു യഹൂദവിവാഹം നടന്നത്. വരന്‍ വിവാഹത്തിന് ധരിക്കേണ്ട ഉടുപ്പിനുള്ള തുണി മുറിക്കുന്നതു മുതല്‍, വരന്‍ തലമുടി മുറിക്കുന്നതുവരെ സദ്യയും നൃത്തവും പാട്ടും അടങ്ങിയ ആഘോഷമാണ്. കല്യാണനിശ്ചയം വധുവിന്റെ വീട്ടില്‍വച്ച് നടക്കുന്നു. പത്തു ദിവസത്തെ ആഘോഷത്തിനൊടുവിലാണ് വിവാഹം. വരനോടും വധുവിനോടുമൊപ്പം രണ്ട് വിവാഹിതരെ താമസിപ്പിക്കുന്നു. വിവാഹം സിനഗോഗില്‍ വച്ചായിരിക്കും. അതിനു മുന്‍പ് വരനും വധുവും സമീപത്തുള്ള ജലാശയത്തില്‍ നഗ്‌നരായി കുളിക്കണമെന്ന് ആചാരമുണ്ട്. മണിയറ അലങ്കരിക്കുന്നത് ആഘോഷമായാണ്. വിവാഹശേഷം ആദ്യരാത്രി യഹൂദനെ സംബന്ധിച്ച് ആദ്യ പകലാണ്. മണിയറയില്‍ മണവാളനെയും മണവാട്ടിയേയും തനിച്ചാക്കി വാതിലും ജനലും താഴിട്ട് ബന്ധുക്കള്‍ മുറിക്കു ചുറ്റും പ്രാര്‍ത്ഥനയും പാട്ടുമായി ആഘോഷിക്കും. ഈ സമയത്ത് വധൂവരന്മാര്‍ മൈഥുനം ആരംഭിക്കണം എന്നതാണ് ആചാരം. ഇടയ്ക്ക് പാട്ടുനിര്‍ത്തി ആരെങ്കിലും വിളിച്ചു ചോദിക്കും.

''കതിഞ്ഞാ...''

(കേരളത്തിലെത്തിയിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും ജൂതന് ഴകാരം പിടികിട്ടാത്ത ഒരു വള്ളിയാണ്. കഴിഞ്ഞോ എന്ന് ചോദ്യം)

വരന്റെ മറുപടി

''ഇല്ല''

വീണ്ടും പാട്ടും പ്രാര്‍ത്ഥനയും. കുറേസമയം കഴിഞ്ഞ് മറ്റൊരാള്‍ ചോദിക്കും.

''കതിഞ്ഞോ...''

വരന്‍ അകത്തുനിന്നും

''കതിഞ്ഞു.''

ആദ്യ മൈഥുനത്തിനു ശേഷം വധുവിന്റെ കന്യാചര്‍മ്മം പൊട്ടി ആ രക്തം വരന്‍ കാണണം എന്നതാണ് ആചാരം. രക്തം കണ്ടു എന്ന് ബന്ധുക്കളെ അറിയിക്കുകയാണ് 'കതിഞ്ഞു' എന്ന പ്രയോഗത്തിലൂടെ. നൂറ്റാണ്ടുകളായി ആവര്‍ത്തിക്കുന്ന ഒരു കള്ളമാണ് ഇവിടെ വരന്‍ വിളിച്ചു പറഞ്ഞത്. അത് കേള്‍ക്കുന്നവര്‍ക്കും അറിയാം. കാരണം, മണിയറയില്‍ വധൂവരന്മാര്‍ പാട്ടുകേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അങ്ങനെ യഹൂദന്റെ ആദ്യരാത്രികള്‍ പാട്ടിലും നൃത്തത്തിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മണിയറയില്‍ മണവാളനെയും മണവാട്ടിയേയും തനിച്ചാക്കി വാതിലും ജനലും താഴിട്ട് ബന്ധുക്കള്‍ മുറിക്കു ചുറ്റും പ്രാര്‍ത്ഥനയും പാട്ടുമായി ആഘോഷിക്കും. ഈ സമയത്ത് വധൂവരന്മാര്‍ മൈഥുനം ആരംഭിക്കണം എന്നതാണ് ആചാരം

എ.ഡി. ആയിരത്തില്‍ കൊച്ചി രാജാവായിരുന്ന ഭാസ്‌കരവര്‍മ്മ പുറപ്പെടുവിച്ച പ്രസിദ്ധമായ ജൂതശാസനം ഇന്ന് ഓരോ യഹൂദനെ സംബന്ധിച്ചും ധന്യമായ ഓര്‍മ്മയാണെന്ന് ക്ലീറ്റന്‍ റബ്ബാന്‍ പറയുന്നു. മട്ടാഞ്ചേരിയില്‍ രണ്ടു മക്കള്‍ ഇസ്രായേലിലേക്കു പോയ ഏകാന്തതയുമായി ഭാര്യയോടൊത്ത് വിശ്രമജീവിതം നയിക്കുകയാണ് ജോസഫ് റബ്ബാന്റെ പിന്മുറക്കാരനെന്നു കരുതുന്ന ക്ലീറ്റന്‍. അഞ്ചുവണ്ണം, മണിഗ്രാമം എന്നീ പ്രദേശങ്ങളെ ജൂതന്മാര്‍ക്ക് സ്വതന്ത്രമായി പതിച്ചുകൊടുത്തതാണ് പ്രസിദ്ധമായ ജൂതശാസനം. ജോസഫ് റബ്ബാന്‍ എന്ന വര്‍ത്തക പ്രമാണിയുടെ പേരിലായിരുന്നു അഞ്ചുവണ്ണം പതിച്ചുകൊടുത്തത്. കൊച്ചി രാജാവിന്റെ വിശാലമനസ്‌കതയും, കൊച്ചിയില്‍ യഹൂദര്‍ക്കുണ്ടായിരുന്ന ആദരണീയസ്ഥാനവും ക്ലീറ്റന്‍ ഓര്‍മ്മിക്കുന്നു. ജോസഫ് റബ്ബാന്റെ സമൂഹസ്ഥാനം തന്നെയാണ് യഹൂദചരിത്രത്തില്‍ സാമൂഹ്യപരിഷ്‌കര്‍ത്താവായി അറിയപ്പെടുന്ന എ.ബി. ശലോമിക്കും. ശ്രീനാരായണഗുരുവിന്റെ തത്ത്വദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട ശലോമി ആദ്യം സ്വസമുദായത്തിലെ വിവേചനത്തിനെതിരെ സംഘടിതമായ സമരം നയിച്ചു. അതിനുശേഷം തിരുവിതാംകൂര്‍, കൊച്ചി ഉത്തരവാദഭരണ പ്രക്ഷോഭണത്തിലും, സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനും കൂടിയായിരുന്നു അദ്ദേഹം.

കേരളത്തിലെ യഹൂദരാജ്യത്തിന്റെ പുരാതനാവശിഷ്ടം മട്ടാഞ്ചേരി സിനഗോഗില്‍ സൂക്ഷിച്ചിട്ടുള്ള താമ്രശാസനമാണ്. 1345-ല്‍ കൊച്ചിക്കടുത്ത് കൊച്ചങ്ങാടിയില്‍ സ്ഥാപിച്ച സിനഗോഗ് ഇപ്പോള്‍ ഒരു കയര്‍ ഗോഡൗണായി പ്രവര്‍ത്തിക്കുന്നു.

ഈഴവ മെമ്മോറിയല്‍, മലയാളി മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭണം, വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ പോലെ തന്നെ ഒരു പുരോഗമനാശയത്തെ ആധാരമാക്കിയുണ്ടായ സംഘടിത നീക്കമാണ് യഹൂദ മെമ്മോറിയല്‍. കൊച്ചിയിലെ യഹൂദവനിതകളുടെ ഒരു പ്രസ്ഥാനമാണ് യഹൂദ മെമ്മോറിയല്‍. വിദ്യാഭ്യാസം, സാമൂഹികസ്വാതന്ത്ര്യം തുടങ്ങിയ പരിഷ്‌കരണ പ്രവൃത്തികളില്‍ യഹൂദവനിതകള്‍ക്ക് തുല്യനീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1817-ല്‍ കൊച്ചി രാജാവിന് ഒരു ഭീമഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയോട് അനുഭാവ നിലപാടു സ്വീകരിച്ച രാജാവ് ഹജൂര്‍ കച്ചേരിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ബ്ലാഷ്നറോട് നീതി നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. ''കേരള ചരിത്രത്തില്‍ ആദ്യത്തെ സംഘടിത വനിതാമുന്നേറ്റമായിരുന്നു അത്. എന്നാല്‍, ചരിത്രകാരന്മാര്‍ അതിനെതിരെ കണ്ണടച്ചു''- ഇതു പറയുന്നത് കൊച്ചിയിലെ ജൂതന്മാരുടെ ശക്തമാന സംഘാടകനും വ്യവസായിയും ആയിരുന്ന എബി സേലത്തിന്റെ മകള്‍ മിസ്സിസ്സ് ആന്റണിയാണ്. കേരളത്തില്‍ ഇപ്പോഴുള്ള എണ്‍പതില്‍പ്പരം യഹൂദരില്‍ ഏറ്റവും സമ്പന്നയും അവരാണ്. കേരളത്തിന്റെ വികാസപരിണാമങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന ഈ യഹൂദ ഒരു അമേരിക്കന്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മകന്‍ അമേരിക്കയിലുള്ളതുകൊണ്ട് കുറച്ചുദിവസം മകനോടൊപ്പം താമസിക്കുകയാണ് ലക്ഷ്യം. മിസ്സിസ്സ് ആന്റണി പറയുന്നു. കേരളം വിട്ട് എങ്ങോട്ടുമില്ല. കാരണം, ഞങ്ങളുടെ വേരുകള്‍ ഈ മണ്ണില്‍ പറിച്ചെടുക്കാനാവാത്ത വിധം ആഴ്ന്നുപോയിരിക്കുന്നു. യഹൂദ മെമ്മോറിയല്‍ പോലെ അതും ഒരഭിമാനമായി അവര്‍ കാണുന്നുണ്ടാവാം.

ഒട്ടകം, മുയല്‍, പന്നി, കൊക്ക്, കുളക്കോഴി തുടങ്ങിയവയുടെ മാംസം യഹൂദര്‍ക്ക് അശുദ്ധമാണ്. ഹീബ്രുവിധിപ്രകാരം കശാപ്പുചെയ്ത മൃഗങ്ങളുടെ മാംസമേ കഴിക്കാവൂ എന്നുണ്ട്

കൊച്ചിയിലും പറവൂരുമായി ഇപ്പോള്‍ മൂന്ന് ജൂതത്തെരുവുകളുണ്ട്. മട്ടാഞ്ചേരി ജൂതത്തെരുവില്‍ ആറു കുടുംബങ്ങളിലായി പതിനെട്ട് യഹൂദര്‍ താമസിക്കുന്നു. ഇതില്‍ പത്തുപേരും അറുപതു വയസ്സിനു മുകളിലുള്ളവരാണ്. പറവൂരില്‍ ഒരു യഹൂദകുടുംബവും ഒരു സിനഗോഗുമാണ്. എറണാകുളത്തും ഒരു ജൂതത്തെരുവുണ്ട്. ചെറിയപ്പിള്ളി, മാഞ്ഞാലി, ആലുവ, പറവൂര്‍ എന്നിവിടങ്ങളിലായി അന്‍പതോളം ജൂതന്മാരും എറണാകുളത്ത് ഏഴുപേരും താമസമുണ്ട്. അങ്ങനെ ആകെ ജനസംഖ്യ എണ്‍പതിനോട് അടുത്തുവരും. ജൂതസംസ്‌കൃതിയുടെ അവശിഷ്ടമായി ചാവക്കാട്ട് ഇപ്പോഴും ജൂതക്കുന്ന് നിലനില്‍ക്കുന്നു. ഈ ജൂതക്കുന്നില്‍ ഉണ്ടായിരുന്ന ജൂതദേവാലയത്തില്‍ വിളക്കുവയ്ക്കാന്‍ ഒരു തീയ്യനെ ഏര്‍പ്പാടു ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടം ശ്മശാന മൂകതയിലാണ്. പറവൂര്‍ സിനഗോഗ് തുറക്കാറുണ്ടെങ്കിലും നിശ്ചിതസംഖ്യ ഇല്ലാത്തതിനാല്‍ ആരാധനയില്ല. പറവൂരില്‍ കച്ചവടം നടത്തുന്ന ജോസഫ് സൈമന്റെ കുടുംബമാണ് പറവൂരിലെ ഏക യഹൂദകുടുംബം. ഭാര്യ യഹൂദിത്ത് രണ്ടുമക്കള്‍ സാംസണ്‍, സൂസണ്‍ എന്നിവരാണ് ജോസഫിനുള്ളത്. നാലു സഹോദരങ്ങളും രണ്ടു സഹോദരിമാരും ജോസഫിനുള്ളതില്‍ നാല് സഹോദരങ്ങളും ഇസ്രായേലിലേക്ക് പോയിട്ട് അധികം കാലമായില്ല. മേയര്‍ സൈമണ്‍-എസ്‌തേര്‍ ദമ്പതികളുടെ മകനാണ് ജോസഫ്.

മാളയിലെ സിനഗോഗ് ഇപ്പോള്‍ പഞ്ചായത്തിന്റെ അധീനതയിലാണ്. ചേന്ദമംഗലത്ത് കോട്ടകോവിലകത്ത് നിര്‍മ്മിച്ച സിനഗോഗ് ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചു. മറ്റ് യഹൂദകേന്ദ്രങ്ങളുടെയും സിനഗോഗുകളുടെയും അവസ്ഥ ഇതുതന്നെയാണ്.

യഹൂദര്‍ കേരളത്തിന് സമ്പന്നമായ ഒരു വര്‍ത്തകസംസ്‌കാരം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് വാണിജ്യത്തിന്റെ നട്ടെല്ലായ ഊഹക്കച്ചവടം, വായ്പാസമ്പ്രദായം തുടങ്ങിയവ യഹൂദരുടെ സംഭാവനയാണ്. കേരളത്തിലെ ബാങ്കിംഗ് സമ്പ്രദായം യഹൂദരില്‍ ആരംഭിക്കുന്നു.

കേരളത്തില്‍ ഇന്ന് വ്യവസായരംഗത്ത് വിരലിലെണ്ണാവുന്ന യഹൂദരേയുള്ളു. അറുപതു കഴിഞ്ഞവര്‍ വിശ്രമജീവിതം നയിക്കുന്നു. ബാക്കിവരുന്നവരില്‍ ഡോക്ടറും എന്‍ജിനീയറും വീട്ടമ്മയും ഉള്‍പ്പെടുന്നു. ചെറുകിട കച്ചവടം നടത്തുന്നവരുമുണ്ട്.

യഹൂദര്‍ മരണത്തെ പൊതുവെ 'യാത്ര' എന്നുപറയുന്നു. ഓരോ മരണവും തിരിച്ചുവരാത്ത ഒരു യാത്രയാണ് എന്ന കേവലസങ്കല്പമല്ല അതിനു പിന്നില്‍. മതപരമായ ഒരനുഷ്ഠാനത്തിന്റെ ദാര്‍ശനികത അതിനു നല്‍കാമെങ്കില്‍ക്കൂടി ഈ യാത്രകള്‍ മറ്റേതോ ലോകത്തിലേക്കാണെന്ന് ഓരോ ജൂതനും വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ലോകത്ത് കോടാനുകോടി സഹജീവികള്‍ വേട്ടയാടപ്പെട്ടതറിഞ്ഞും, സഹനത്തിന്റെ കൊച്ചു ചതുരങ്ങളില്‍ ജീവിക്കാന്‍ ജൂതനെ പ്രാപ്തനാക്കിയത്. അതുകൊണ്ട് ജൂതന്‍ അവന്റെ ശ്മശാനങ്ങളെ 'ജീവിക്കുന്നവരുടെ ഭവനം' എന്നു വിളിക്കുന്നു.

കേരളത്തില്‍ ഇപ്പോള്‍ 'ജീവിക്കുന്നവരുടെ ഭവനം' അഞ്ചുണ്ട്. കൊച്ചിയില്‍ മൂന്നു ഭവനങ്ങള്‍. മട്ടാഞ്ചേരി, പുല്ലേപ്പടി തെക്കുംഭാഗം എന്നിവിടങ്ങളിലാണ് തന്റെ വിശാലമായ മാറിടം കാട്ടി മൂന്നു ശ്മശാനങ്ങള്‍ ശയിക്കുന്നത്. മട്ടാഞ്ചേരിയിലെ ശ്മശാനത്തില്‍ ഇപ്പോഴുമുണ്ട് വേര്‍തിരിക്കലിന്റെ പഴയ മതില്‍ക്കെട്ട്. ഇടിച്ചുപൊളിച്ചിട്ടും വെളുത്ത ജൂതനെയും കറുത്ത ജൂതനെയും വേര്‍തിരിച്ചിരുന്ന ആ ചരിത്രാവശിഷ്ടങ്ങള്‍ മാഞ്ഞുപോകുന്നില്ല. ഈ ശ്മശാനങ്ങള്‍ ഒരുപാടുനാളായി ഒരു ജഡം കാത്തിരിക്കുകയാണ്; തങ്ങളുടെ കല്ലറയ്ക്കുള്ളില്‍ തടവുകാരാക്കാന്‍. കാലാന്തരത്തില്‍ തങ്ങളുടെ ഇരകള്‍ കടല്‍ കടന്നുപോയത് ഒരുപക്ഷേ, ജീവിക്കുന്നവരുടെ ഭവനം അറിയുന്നുണ്ടാവില്ല.

യഹൂദനെ സംബന്ധിച്ച് 'യാത്ര'യ്ക്കു മുന്‍പ് പുരോഹിതനു മുന്‍പില്‍ കുറ്റം ഏറ്റുപറഞ്ഞ് കുമ്പസരിക്കാം. വസ്തുവകകളെ സംബന്ധിച്ചും, ഇതര കടമകളും പലരും മരണക്കിടക്കയില്‍ വച്ച് പൂര്‍ത്തിയാക്കുന്നു. മരണസമയത്ത് ഊര്‍ദ്ധ്വശ്വാസം വലിക്കുമ്പോള്‍ അടുത്ത ബന്ധുക്കള്‍ ജലമോ മുന്തിരിച്ചാറോ നല്‍കുന്നു. മൃതദേഹം മൂന്നുതവണ കുളിപ്പിക്കാറുണ്ട്. ചൂടുവെള്ളത്തില്‍ രണ്ടുതവണയും തണുത്തവെള്ളത്തില്‍ ഒരു തവണയും. കുഴിയില്‍വച്ച മൃതദേഹത്തില്‍ ബന്ധുക്കള്‍ മണ്ണിടാറുണ്ട്. ഇസ്രായേലില്‍നിന്നും കൊണ്ടുവന്ന മണ്ണും കര്‍മ്മത്തിന് ഉപയോഗിക്കുന്നു. അടക്കത്തിനുശേഷം പരേതരുടെ വീട്ടില്‍ പട്ടിണിക്കഞ്ഞിയുണ്ട്. ഏഴു ദിവസം ദുഃഖാചരണം; ഇതോടൊപ്പം പ്രാര്‍ത്ഥന. ഈ ദിവസങ്ങളില്‍ ബന്ധുക്കള്‍ക്ക് സിനഗോഗില്‍ വിലക്കായിരിക്കും.

ഇഹലോകജീവിതത്തിന്റെ നിരര്‍ത്ഥതയുടെ ദാര്‍ശനിക മാനദണ്ഡമാണോ 'ജീവിക്കുന്നവരുടെ ഭവനം?' പുനര്‍ജ്ജന്മ വിശ്വാസികളല്ലാത്ത ജൂതനെ സംബന്ധിച്ച് അതൊരു സമസ്യയാണ്.

ആചാരങ്ങളിലും വിശ്വാസങ്ങളിലും എന്ന പോലെ ഭക്ഷണകാര്യത്തിലും യഹൂദന്റെ തീന്‍മേശകള്‍ വേറിട്ടു നില്‍ക്കുന്നു. അരി ആഹാരം ഒരു കാലഘട്ടം വരെ യഹൂദര്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ കേരളീയ ഭക്ഷണസമ്പ്രദായവുമായി അവര്‍ പൊരുത്തപ്പെടുന്നു. ഉച്ചഭക്ഷണത്തെക്കാള്‍ അത്താഴം പ്രധാനമായി കരുതുന്നവരാണ് യഹൂദര്‍. കുളികഴിഞ്ഞ് നല്ല വസ്ത്രം ധരിച്ചാണ് അത്താഴത്തിനിരിക്കുന്നത്. തീന്‍മേശയ്ക്കു ചുറ്റും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അതുകൊണ്ട് ഒരുപാടുസമയം തീന്‍മേശയ്ക്കു ചുറ്റും അവര്‍ ചെലവഴിക്കുന്നു.

വീഞ്ഞാണ് യഹൂദരുടെ പ്രധാന പാനീയം. മട്ടാഞ്ചേരിയില്‍ ഉണ്ടാക്കുന്ന വീഞ്ഞ് ലോകപ്രശസ്തമാണ്. ആഹാരത്തിനു മുന്‍പും ശേഷവും വീഞ്ഞ് വിളമ്പുന്ന സമ്പ്രദായമുണ്ട്. മിശ്രഭുക്കുകളായ യഹൂദര്‍ തികഞ്ഞ വിശുദ്ധി ഭക്ഷണക്രമത്തില്‍ കാണിക്കാറുണ്ട്. മാംസം കഴിക്കുന്ന സമയത്ത് പാലോ, പാലുല്പന്നങ്ങളോ ഉപയോഗിക്കാറില്ല. എന്നുമാത്രമല്ല, അങ്ങനെ കഴിക്കുന്നത് പാപമായി കരുതുന്നു. ഒട്ടകം, മുയല്‍, പന്നി, കൊക്ക്, കുളക്കോഴി തുടങ്ങിയവയുടെ മാംസം യഹൂദര്‍ക്ക് അശുദ്ധമാണ്. ഹീബ്രുവിധിപ്രകാരം കശാപ്പുചെയ്ത മൃഗങ്ങളുടെ മാംസമേ കഴിക്കാവൂ എന്നുണ്ട്. മട്ടാഞ്ചേരിയിലോ പറവൂരോ ഇങ്ങനെ കശാപ്പു ചെയ്യാന്‍ ആളെ കിട്ടാത്തതുകൊണ്ട് തങ്ങള്‍ ഇപ്പോള്‍ കോഴിയിറച്ചി മാത്രമേ കഴിക്കാറുള്ളു എന്ന് ജോസഫ് സൈമണ്‍ പറഞ്ഞു. ഒരു മണിക്കൂര്‍ മാംസം ഉപ്പിലിട്ട് വച്ചേ പാചകം ചെയ്യൂ. ചിറകില്ലാത്തതും ചിതമ്പലില്ലാത്തതുമായ മീനുകളെയും ഇവര്‍ ഉപേക്ഷിക്കുന്നു. ഞണ്ട്, ചെമ്മീന്‍, തെരണ്ടി മുതലായ മത്സ്യങ്ങള്‍ കേരളത്തിലെ യഹൂദര്‍ ഇന്നും ഭക്ഷിക്കുന്നില്ല. ചോറും കറികളുമാണ് പ്രധാന ഭക്ഷണമെങ്കിലും കഞ്ഞി, ഫ്രൈഡ് റൈസ്, നെയ്ച്ചോറ്, ബിരിയാണി തുടങ്ങിയവയും നിത്യഭക്ഷണങ്ങളാണ്. ആഹാരത്തിനു മുന്‍പും പിന്‍പും പ്രാര്‍ത്ഥനയുണ്ട്. ചിലര്‍ കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ചിലര്‍ കൈകൊണ്ട് കഴിക്കുന്നു. ശനിയാഴ്ച പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും ഉള്ള ദിവസമായതുകൊണ്ട് അന്ന് ഭക്ഷണം പാകം ചെയ്യാറില്ല. പറവൂരിലെ ജൂതസ്ട്രീറ്റില്‍ താമസിക്കുന്ന യഹൂദിത്ത് പറയുന്നത് മട്ടാഞ്ചേരി ഒഴികെ മറ്റൊരിടത്തും പ്രാര്‍ത്ഥനയില്ലാത്തതുകൊണ്ട് ഇപ്പോള്‍ മിക്ക ശനിയാഴ്ചയും മറ്റു ദിവസങ്ങളിലെപ്പോലെ തന്നെയെന്നാണ്.

കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന യഹൂദരില്‍ അറുപതു കഴിഞ്ഞവര്‍ തീവ്രമായ ഏകാന്തത അനുഭവിക്കുന്നു. കാരണം, മക്കളും അവരുടെ മക്കളും ഇസ്രായേലില്‍ സ്ഥിരതാമസമാക്കി. ''ഒറ്റപ്പെട്ട ഈ അവസ്ഥയില്‍ ശവസംസ്‌കാരത്തിനെങ്കിലും ആരെങ്കിലും ഉണ്ടാകുമോ?'' ഇതു ചോദിക്കുമ്പോള്‍ മാര്‍ഗരറ്റിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.

വീണ്ടും കോഹനിലേക്ക്. അദ്ദേഹം ചോദിക്കുന്നു: ''അറുപതുലക്ഷം യഹൂദരെ കൂട്ടക്കൊല ചെയ്ത ലോകത്തിന്റെ പാപപൈതൃകമുണ്ടല്ലോ അതിന് എന്തെങ്കിലും പരിഹാരമുണ്ടോ? സോളമന്റെ കപ്പലുകള്‍ കൊച്ചി തുറമുഖത്ത് അടുക്കുന്നതും സുഗന്ധദ്രവ്യങ്ങളുമായി തിരിച്ചുപോകുന്നതും ഞാന്‍ സ്വപ്നം കാണുന്നു. സ്വപ്നത്തില്‍ ഞാന്‍ കേള്‍ക്കുന്ന കപ്പലിന്റെ കാഹളം പോലെ ഞങ്ങള്‍ ഈ മണ്ണില്‍ അസ്തമിക്കും.''

പലായനത്തിന്റെ തുടര്‍ച്ചയില്‍ യഹൂദരുമായി ഒരു കപ്പല്‍കൂടി കാഹളം മുഴക്കുകയാണെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ നമ്മുടെ ചരിത്രം എഴുതിവയ്ക്കും; ''ഇവിടെ ഇങ്ങനെയൊരു ജനസമൂഹം ഉണ്ടായിരുന്നു.''

Summary

The story of Kerala Jews is a unique and peaceful saga spanning over two millennia. Arriving as spice traders on the Malabar Coast as early as King Solomon’s time or 68 CE, they were warmly welcomed by Hindu rulers, receiving land, copper-plate privileges, and complete religious freedom without facing local persecution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com