

യാത്ര, മനുഷ്യന്റെ കാലികസ്വത്വവും ഒരു ഭൂപ്രദേശത്തിന്റെ സംസ്കാരവും ചരിത്രവും തമ്മിലുള്ള സംവാദമാണ്. സഞ്ചാരി, നിത്യേന ഇടപെടുന്ന പ്രദേശം തനിക്കു നൽകുന്ന അനുഭവങ്ങളുടെ സമുച്ചയത്തെ പുതുതായി കണ്ടെത്തുന്ന ഒരു പ്രദേശത്തേക്ക് കൊടുക്കുകയും അവിടെനിന്നു കിട്ടുന്ന അനുഭവങ്ങൾ സ്വന്തം ദേശത്തേക്ക് കൊണ്ടുപോരുകയും ചെയ്യുന്നു. യാത്രകൾ ഇങ്ങനെ ആത്മസഞ്ചാരങ്ങളായി മാറുന്നു. ഈ പ്രവൃത്തി ജനിപ്പിക്കുന്ന കൗതുകവും ഊർജവുമാണ് യാത്രാ വിവരണങ്ങളുടെ കാതൽ.
ശരീരത്തിന്റെ ചലനശേഷി പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ട ഒരാൾക്ക് ഈ സംവാദം സാധ്യമാണോ? അത്തരം ഒരാളുടെ എഴുത്തിന് നാം ഇനിയും നടക്കേണ്ട ദൂരങ്ങളെക്കുറിച്ച് ഓർമിപ്പിക്കാനാവുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കൃഷ്ണകുമാർ പി.എസ്. എഴുതിയ ‘നൂറ്റാണ്ടുകളുടെ നടകളിൽ’ എന്ന പുസ്തകം.
തെങ്കാശിയിലെ ആദികേശവക്ഷേത്രത്തിൽനിന്നു തുടങ്ങി രാമേശ്വരം വരെയുള്ള യാത്ര ഒരുക്കം മുതൽ വിവിധ ക്ഷേത്രങ്ങളുടെ ചരിത്രം, യാത്രയുടെ അനുഭവവും ഓർമകളും സുഹൃത്തുക്കളുമായുള്ള നർമ സംഭാഷണങ്ങൾ വരെയുണ്ട് ഈ 17 അദ്ധ്യായങ്ങളിൽ. ഒരു മനുഷ്യൻ മനസ്സുകൊണ്ടല്ല, ഭിന്നതകളുടെ ശരീരശേഷികൊണ്ടുതന്നെ നടത്തുന്ന യാത്രയുടെ മിടിപ്പുണ്ട് അതിൽ.
ഭിന്നശേഷിക്കാരായ ഒരു യാത്രികന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന, ഭിന്നശേഷിക്കാരല്ലാത്തവർ ഇനിയും തിരിച്ചറിഞ്ഞിട്ടുപോലുമില്ലാത്ത പലതരം പ്രശ്നങ്ങൾ; ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ യാത്രികൻ നടത്തിയ ശ്രമങ്ങൾ, തെങ്കാശി മുതൽ രാമേശ്വരം വരെ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ശേഷിപ്പുകൾ പ്രതിഫലിപ്പിക്കുന്ന ചോള, പല്ലവ, പാണ്ഡ്യ ദേശചരിത്രം എന്നിങ്ങനെ മൂന്നു തലങ്ങളിൽ ഈ പുസ്തകത്തെ സമീപിക്കാം. പക്ഷേ, അതെല്ലാം എസ്.എം.എ ബാധിതൻ എന്ന യാഥാർത്ഥ്യത്തിനു നേർക്കു പിടിച്ച ഇച്ഛാശക്തിയുടെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന അനുബന്ധങ്ങൾ മാത്രം.
സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ)
രോഗാവസ്ഥയും പരിമിതികളും
പേശികൾക്കും നാഡീവ്യൂഹത്തിനും ബലക്ഷയം സംഭവിച്ച് സാധാരണ ജീവിതം അസാധ്യമാവുന്ന രോഗാവസ്ഥയാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ). രോഗാവസ്ഥ അനുദിനം മൂർച്ഛിക്കുമ്പോൾ എഴുന്നേറ്റു നടക്കാൻപോലും കഴിയാതെയാവുന്നു. ശാരീരികാവശ്യങ്ങൾക്കും അല്പം വെള്ളം കുടിക്കണമെങ്കിൽപ്പോലും സഹായം ആവശ്യമായിവരും.
“ഇതൊക്കെ വായിച്ചു മനസ്സിലാക്കി എന്നു പറഞ്ഞുകളയാൻ ആർക്കും സാധിക്കും. എന്നാൽ, ഇതൊക്കെ ഗത്യന്തരമില്ലാത്ത ചില മനുഷ്യരുടെ നിത്യജീവിതമാകുന്ന സത്യമാണ് എന്ന് മനസ്സിലാക്കാൻ പലർക്കുമാവില്ല. ആ യാഥാർത്ഥ്യം പൂർണമായി ഉൾക്കൊള്ളാൻ ശാരീരികക്ഷമതയുള്ള ഒരാൾക്ക് പ്രയാസമാണ്” -കൃഷ്ണകുമാർ എഴുതുന്നു.
എസ്.എം.എ രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന അനേകം സന്നദ്ധസംഘടനകൾ ഇന്ത്യയിൽ ഉടനീളമുണ്ട്. എന്നാൽ, അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിഹാരങ്ങൾ നമുക്കിനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നതിന് കൃഷ്ണകുമാറിന്റെ അനുഭവങ്ങൾ ധാരാളമാണ്.
ഉദാഹരണത്തിന്, തമിഴ്‌നാട്ടിലെ ദേശീയപാതയിൽ ഒരു ടോൾ ഗേറ്റിൽ ടോൾ കൊടുക്കേണ്ടി വന്നത് ‘ഭിന്നശേഷി’ (differently abled or person with disability) എന്ന വാക്ക് ഉദ്യോഗസ്ഥർക്ക് അറിയാത്തതുകൊണ്ട് മാത്രമായിരുന്നു. കാര്യം മനസ്സിലാവാൻ ‘ഹാൻഡിക്കാപ്ഡ്’ എന്ന വാക്കുതന്നെ ഒരു പൊട്ടിച്ചിരിയോടെ ഉപയോഗിക്കേണ്ടിവരുന്നു. മുൻവശത്ത് വീൽചെയർ കയറ്റാനുള്ള റാമ്പ്പോലെയുള്ള നാമമാത്രമായ സൗകര്യങ്ങൾ ഒരുക്കി ഭിന്നശേഷി സൗഹൃദം നടിക്കുന്ന ഹോട്ടലുകൾ ഉപയോഗയോഗ്യമോ എന്ന് കൃഷ്ണകുമാറും കൂട്ടുകാരും വിലയിരുത്തുന്നത് കിടപ്പുമുറികളുടേയും ശുചിമുറികളുടേയും ഫോട്ടോ നോക്കിയാണ്.
തന്നെയും വീൽചെയറിനേയും അത്ഭുതത്തോടെ നോക്കുന്നവരെ കാണുമ്പോൾ നമ്മുടെ സമൂഹത്തിൽ ഭിന്നശേഷി അവബോധം (disability awareness) വളർത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ചിന്തിക്കുന്നു. ആശ്ചര്യത്തിനു പകരം ഉണ്ടാകേണ്ടത് അവർക്കു പൊതു സ്വീകാര്യതയും അവരെ ഉൾക്കൊള്ളുന്ന പരിഗണനയുമാണ്. ഈ മേഖലയിൽ സമൂഹത്തിനും സർക്കാരുകൾക്കും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്നു വ്യക്തം. ഇതുതന്നെയാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയബോധം.
പരിമിതികളെ നേരിടുന്ന
കൃഷ്ണകുമാർ മാതൃക
ജാതിയോ മതമോ ലൈംഗിക പദവിയോ ദാരിദ്ര്യമോപോലെത്തന്നെ രോഗാവസ്ഥകളും സമൂഹത്തിൽ സാർത്ഥകമായ ഇടപെടലുകൾ നടത്തുന്നതിൽ ഒരു വ്യക്തിക്ക് പരിമിതികൾ സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. കൃഷ്ണകുമാർ അത്തരം പരിമിതികളെ അതിജീവിച്ചതെങ്ങനെ എന്നതും ഈ പുസ്തകത്തിന്റെ വിഷയമായിട്ടുണ്ട്.
തന്റെ മഴയനുഭവം വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ മുഖത്തു വീഴുന്ന തൂവാനം മാത്രമാണ് എന്നെഴുതുന്ന കൃഷ്ണകുമാർ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്നു. കണ്ണും നാവും മാത്രം ചലിക്കുമ്പോഴും ‘nothing is impossible’ എന്നു വിശ്വസിക്കുന്ന കൃഷ്ണകുമാറിനെ പാണ്ഡ്യ-ചോള-പല്ലവ രാജവംശങ്ങളുടെ ചരിത്രം പേറുന്ന ദക്ഷിണേന്ത്യൻ നഗരങ്ങളിലൂടെയുള്ള യാത്രയിലേക്കു നയിച്ചത് പ്രൊഫ. എ. ശ്രീധരമേനോൻ രചിച്ച ഇന്ത്യാചരിത്രം വായനയാണ്.
അവനവന്റെ ഇഷ്ടത്തിന് ചലിപ്പിക്കാൻ കഴിയാത്ത ഒരു ശരീരം മനുഷ്യന്റെ വിജ്ഞാനാന്വേഷണങ്ങൾക്കു തടയിടുന്നത് പരിമിതികൾകൊണ്ടാണ്. അവയെ പരന്ന വായനകൊണ്ടും മനസ്സിന്റെ നിരന്തര ചലനാത്മകതകൊണ്ടും സാങ്കേതിക വിദ്യയുടെ സഹായംകൊണ്ടും മറികടന്ന് സ്വന്തം ആന്തരിക ലോകത്തെ സജീവമാക്കുകയാണ് കൃഷ്ണകുമാർ. അത് ഈ പുസ്തകത്തിൽ പകർന്നു കിട്ടുന്ന അധിക ഊർജമാണ്: നമുക്കും അങ്ങനെയാകാം എന്ന് സമാന സാഹചര്യത്തിൽ ജീവിക്കുന്ന ആരെയും പ്രചോദിപ്പിക്കുന്ന ഊർജം.
വായനകൊണ്ടെന്തു നേട്ടം എന്ന ചോദ്യത്തിന് ചില ഉത്തരങ്ങൾകൂടി ഈ യാത്രാ പുസ്തകത്തിൽ എഴുതിവയ്ക്കുന്നുണ്ട്:
അതുകൊണ്ടുതന്നെ യാത്രാവിവരണമെന്ന കേവലനിർവചനത്തെ കവിഞ്ഞു വളരാൻ ഇതിനു കഴിയുകയും ചെയ്യുന്നു. എം. മുകുന്ദന്റെ അവതാരികയാണ് മറ്റൊരു വലിയ സന്തോഷമായി അപൂർവ സഞ്ചാരിയുടെ ഈ പുസ്തകത്തിനുള്ളത്.
ജീവിതം വിഷാദത്തിന്റെ ഇരുൾകയങ്ങളിൽ മുങ്ങിപ്പോകാതെ സൂക്ഷിച്ച ഫാദർ ബോബി ജോസ് കട്ടിക്കാടിന്റെ ചിന്തകളും മാർക്വേസിന്റേയും റോബർട്ട് ഫ്രോസ്റ്റിന്റേയുമൊക്കെ വാക്കുകളും ചേർത്തുപിടിച്ചാണ് കൃഷ്ണകുമാറിന്റെ സഞ്ചാരം.
സ്വന്തം ഇഷ്ടത്തിന് ശരീരം ചലിപ്പിക്കാൻ കഴിയാത്ത ഒരാളുടെ യാത്രയുടെ ഏറ്റവും വലിയ ഇന്ധനം അയാളുടെ ഇച്ഛാശക്തി തന്നെയാണ് എന്ന് യാത്രയ്ക്കുവേണ്ട ഒരുക്കങ്ങൾ വായിക്കുമ്പോൾത്തന്നെ മനസ്സിലാവും. യാത്രയ്ക്കുതകുന്ന രീതിയിൽ ഒരു ടോയ്‌ലറ്റ് കസേര ഡിസൈൻ ചെയ്തെടുക്കാൻ തന്നെ നാലു മാസം! വീൽചെയർ കയറ്റാവുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ മഹീന്ദ്ര xuv. ഓരോ ദിവസവും യാത്ര ചെയ്യുന്ന ദൂരം, താമസസ്ഥലം, വസ്ത്രസാമഗ്രികൾ, മരുന്നുകൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും ചേർത്ത് യാത്രാ പ്ലാൻ - ഇങ്ങനെ ഏറെ നാളത്തെ മുന്നൊരുക്കം.
യാത്ര തുടങ്ങാറാകുമ്പോൾ വന്ന ചെറിയ ജലദോഷം ശ്വാസകോശത്തിൽ അണുബാധയായി മാറി. ഇത് സാധാരണ ആരോഗ്യമുള്ള ഒരാളെപ്പോലും യാത്ര മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുകതന്നെ ചെയ്യും. ഇത്തരം വിഷമഘട്ടങ്ങളെ മറികടന്ന്, ഈ അതിശയ യാത്ര നടത്താൻ കൃഷ്ണകുമാറിന് കൈകാലുകളും ചിറകുകളും സമ്മാനിക്കുന്നത് അമ്മയും ‘എന്റെ കുട്ടികൾ’ എന്ന് പുസ്തകത്തിൽ സ്നേഹപൂർവം വിശേഷിപ്പിക്കപ്പെടുന്ന റാഫി, അമീൻ, സുഹൈൽ എന്നീ സുഹൃത്തുക്കളും സാങ്കേതിക സഹായവുമാണ്. അവരുടെ ആത്മാർത്ഥതയുടേയും സ്നേഹത്തിന്റേയും കരുതലിന്റേയും ചിത്രരൂപം കൂടിയാണ് ഈ പുസ്തകം.
ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ
ചരിത്രവിവരണം
വിനോദയാത്രകളിൽ മുന്നിട്ടുനിൽക്കുന്നത് കാഴ്ച എന്ന ഒരൊറ്റ ഇന്ദ്രിയാനുഭവമാണ്. ക്ഷേത്രങ്ങൾക്ക് പൊതുവെയുള്ള ഭാവം ഭക്തിയുടേതും. എന്നാൽ, ഒരു ചരിത്രാന്വേഷകന്റെ യാത്രാവിവരണം എന്ന നിലയിൽ വേറിട്ട വീക്ഷണമാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.
ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളായ മധുര മീനാക്ഷി ക്ഷേത്രം, തഞ്ചാവൂർ ബ്രിഹദീശ്വരക്ഷേത്രം, രാജരാജേശ്വര ക്ഷേത്രം, രാമേശ്വരം, ധനുഷ് കോടി എന്നിങ്ങനെ ചേര ചോള-പാണ്ഡ്യ-പല്ലവ ചരിത്രസ്മാരകങ്ങളിലൂടെ യാത്രാവിവരണം പുരോഗമിക്കുമ്പോൾ സവിശേഷ സിദ്ധികളുള്ള ചരിത്രകുതുകി എന്ന നിലയിൽ കൃഷ്ണകുമാറിനെ നാം അടുത്തറിയുന്നു. ഓരോ നഗരങ്ങളേയും കുറിച്ച് ലഭ്യമായ എല്ലാ സൂക്ഷ്മവിവരങ്ങളും ഐതിഹ്യങ്ങളും വായിച്ച ശേഷമാണ് അദ്ദേഹം തന്റെ യാത്രാപദ്ധതി തയ്യാറാക്കിയത്. ഈ സാമ്രാജ്യങ്ങളെക്കുറിച്ചു മാത്രമല്ല, താൻ യാത്രചെയ്ത ഓരോ ദേശീയ പാതയെക്കുറിച്ചുള്ള വിവരങ്ങളും കൃഷ്ണകുമാർ പങ്കു വെച്ചിട്ടുണ്ട്. തന്റെ വാക്കുകൾക്കൊണ്ട് പരാക്രമ പാണ്ഡ്യനെ, രാജരാജ ചോളനെ, ത്യാഗരാജ സ്വാമികളെ, എ.പി.ജെ. അബ്ദുൽ കലാമിനെ എല്ലാം വരച്ചിട്ടിരിക്കുന്നു.
ചരിത്രസ്മാരകങ്ങളിലൂടെയുള്ള യാത്രകൾക്കു തയ്യാറെടുക്കുന്ന ഏതൊരാൾക്കും അനുകരിക്കാവുന്ന നല്ല മാതൃകയാണിത്. നേരത്തെ തീരുമാനിച്ച സ്ഥലങ്ങൾ കൂടാതെ ചില പുതിയ കാഴ്ചകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
മൂന്നു രാജവംശങ്ങളുടെ ചരിത്രം, ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങളും അവയുടെ നിർമാണം സംബന്ധിച്ച വിവരങ്ങളും ഓർമകൾ, അനുഭവങ്ങളുടെ വിശദവിവരങ്ങൾ എന്നിങ്ങനെ വ്യത്യസ്തത പുലർത്തുന്ന അനേകം അംശങ്ങൾ ഈ ഒരൊറ്റ പുസ്തകത്തിൽ ഒട്ടും കല്ലുകടി തോന്നാതെ സമന്വയിക്കപ്പെട്ടിട്ടുണ്ട്. മികവുള്ള, എന്നാൽ, ലളിതമായ ആഖ്യാനരീതി തന്നെയാണ് ഇതിനു സഹായിച്ചത്.
മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ചരിത്രം സുഹൃത്തായ റാഫിക്ക് വിശദീകരിക്കുന്ന എട്ടാം അധ്യായത്തിൽ നിന്ന്:
“ഇവിടെ മൊത്തത്തിൽ 14 ഗോപുരങ്ങളുണ്ട്. അതിൽ ഏറ്റവും വലുത് 15-ാം നൂറ്റാണ്ടിൽ തിരുമല നായ്ക്കർ പണിത തെക്കേ ഗോപുരമാണ്. ഏറ്റവും പഴക്കമേറിയതാകട്ടെ, കിഴക്കേ ഗോപുരവും. അതുണ്ടാക്കിയതാകട്ടെ ,മാരവർമൻ സുന്ദര പാണ്ഡ്യനും.”
അതു കേട്ടപ്പോൾ റാഫിയ്ക്ക് വേറെ സംശയം.
“ഈ ക്ഷേത്രം പണിതത് പാണ്ഡ്യന്മാരെന്നല്ലേ പറയുന്നത്. പക്ഷേ, ഇവിടുത്തെ പല കാഴ്ചകളേയും കുറിച്ച് ചേട്ടൻ പറഞ്ഞത് ഭൂരിഭാഗവും നിർമിച്ചത് നായ്ക്കൻമാരാണ് എന്നാണല്ലോ.”
റാഫീ, ചരിത്രം എപ്പോളും അങ്ങനെയാണ്; തുടക്കക്കാരെ പുകഴ്ത്തുന്ന മികവ് പിന്നീടുള്ള ആളുകളിലേക്കെത്തുമ്പോൾ കാണില്ല. അല്ലെങ്കിൽ അവർ കൂടുതൽ മികച്ചവരായിരിക്കണം. പാണ്ഡ്യരുടെ പാരമ്പര്യംപോലെ ലോകത്ത് താരതമ്യം ചെയ്യാൻ കഴിയുന്ന രാജവംശങ്ങൾ കുറവാണ്. ആ പാരമ്പര്യമാണ് നായ്ക്കർ രാജവംശത്തെ പിന്തള്ളുന്നതും. അറിവിന്റെ പ്രഭയാണ് ഇത്തരം നിരീക്ഷണങ്ങൾക്ക് മനോഹാരിത പകരുന്നത്.
നാലു കൊല്ലം നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ നാലു ദിവസംകൊണ്ട് യാത്ര പൂർത്തീകരിച്ചു മടങ്ങിയെത്തുമ്പോൾ കൃഷ്ണകുമാർ എഴുതുന്നു: “ഞാൻ ചെയ്യണമെന്ന് വിചാരിക്കുന്നത് ഒന്നും എനിക്ക് എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയാറില്ല; നിസ്സാരമായവപോലും. എന്റെ കുട്ടികളും അമ്മയും ഒരേ മനസ്സോടെ അവരുടെ ശരീരത്തെ മറന്ന് എന്നെ ചേർത്തുവെച്ചതുകൊണ്ടാണ് ഇതു പൂർത്തിയായത്.”
ഈ പുസ്തകം ആത്മസ്പർശിയായ ഒരു യാത്രാനുഭവം ഹൃദ്യവും ലളിതവുമായ ഭാഷയിൽ വായനക്കാരിലേക്ക് പങ്കുവയ്ക്കുന്നു. വ്യക്തിബന്ധങ്ങളുടെ, ഒരുമയുടെ കരുത്തിലാണ് മനുഷ്യന്റെ മഹായാനങ്ങൾ എന്നുകൂടി പരിമിതികളെ മറികടന്നു യാത്രചെയ്തുകൊണ്ട് ഓർമിപ്പിക്കുകയാണ് കൃഷ്ണകുമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates