

ബോക്‌സിങ്ങ് കാണാൻപോകാമെന്ന് പറഞ്ഞപ്പോൾതന്നെ താല്പര്യക്കുറവ് പ്രകടിപ്പിച്ചു. മകളും മരുമകനുമാണ് പറയുന്നത്. ഗുസ്തിയും മുഷ്ടിയുദ്ധവുമൊന്നും കാണാനുള്ള കെല്പില്ലെന്ന് തറപ്പിച്ചു പറഞ്ഞു. തർക്കത്തിനൊടുവിൽ അവർ പറഞ്ഞു, ഏതായാലും ഇറങ്ങൂ, ഒന്ന് കറങ്ങിവരാം. ഡിസംബർ 26-ന് വൈകീട്ട് ലെമിങ്ങ്ടണിലെ വീട്ടിൽനിന്നും പുറപ്പെടുമ്പോൾ മനസ്സിൽ നിറയെ കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലിയായിരുന്നു. ബോക്‌സിങ്ങിനോട് നീരസമായിരുന്നെങ്കിലും ബോക്‌സിങ്ങിലെ എക്കാലത്തേയും വിസ്മയമായ മുഹമ്മദ് അലി മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ട താരമാണല്ലോ. മുഹമ്മദ് അലിയെക്കുറിച്ചും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള യത്നത്തിൽ പങ്കുവഹിച്ചതിന് അദ്ദേഹം നേരിട്ട വിവേചനത്തേയും നീരസത്തേയും കുറിച്ചെല്ലാം ആലോചിച്ച് കാർ യാത്ര. ഓക്‌സഫഡ് ഷൈറിലൂടെ ഒരു മണിക്കൂറോളം യാത്രചെയ്ത് എത്തിയത് ബൈസെസ്റ്റർ വില്ലേജിലാണ്. നിരനിരയായി കാറുകൾ. നാല്‍പ്പത് നാഴിക പിന്നിടാൻ ഒന്നേകാൽ മണിക്കൂറിലേറെയെടുത്തു. ബോക്‌സിങ്ങ് കാണാൻ ഇത്ര തിരക്കോ... ആത്മഗതംപോലെ ആ ശബ്ദമുയർന്നപ്പോൾ മകളും മരുമകനും പൊട്ടിച്ചിരിച്ചു. ആ ബോക്‌സിങ്ങല്ല, ഈ ബോക്‌സിങ്ങ്.
വാഹനങ്ങളുടെ പാരാവാരത്തിനിടയിൽ ലഭിച്ച സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ബൈസെസ്റ്റർ വില്ലേജിലേക്ക് നടക്കുമ്പോഴാണ് മനസ്സിലായത് ഇതൊരു ചന്തയാണ്. ഡിസ്‌കൗണ്ട് നൽകി സാധനങ്ങൾ വിറ്റഴിക്കുന്ന കൂറ്റൻ പ്രദർശന വില്‍പ്പനനഗരി. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ നടവഴിയിലൂടെ അങ്ങോട്ടൊഴുകുകയാണ്. കൂടുതലും ചൈനക്കാരാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം.
ലണ്ടൻ മേരിൽബോൺ റെയിൽവേ സ്റ്റേഷനിൽനിന്ന് അന്‍പത് മിനിട്ടോളം ട്രെയിനിൽ യാത്രചെയ്ത് ബൈസെസ്റ്ററിലെത്താം. ക്രിസ്മസ് പിറ്റേന്ന് ട്രെയിൻമാർഗം ബൈസെസ്റ്ററിലെത്തുന്നത് ആയിരക്കണക്കിന് കുടുംബങ്ങളാണ്. ഉപഭോഗമത്സരത്തിന്റെ സംഗമഭൂമിപോലെ ബൈസെസ്റ്റർ ഗ്രാമം. സ്ഥിരവും താൽക്കാലികവുമടക്കം ഡസൻകണക്കിനു കടകൾ. ലോകോത്തരമായ ബ്രാൻഡുകളടക്കം നൂറ്റമ്പത് ബ്രാൻഡ് സാധനങ്ങളാണ് നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വിപണിയിൽ കുറഞ്ഞ നിരക്കിൽ വിൽക്കുന്നത്. മൊബൈലിൽ ചിത്രമെടുക്കാനുള്ള ശ്രമം തുടക്കത്തിലേ ഉപേക്ഷിച്ചു. ആൾക്കൂട്ടത്തിനിടയിൽനിന്നും ആരും പടമെടുക്കുന്നില്ല. സ്വകാര്യതയ്ക്ക് പരമപ്രാധാന്യമുണ്ടിവിടെ. മറ്റുള്ളവരുടെ മുഖം ഉൾപ്പെടുന്ന ചിത്രങ്ങളെടുക്കുന്നത്- അതും വിദേശികൾ- കുറ്റകരമാകാം.
ലോകത്തെല്ലായിടത്തും ചില ഉത്സവകാലത്ത് കച്ചവടം പൊടിപൊടിക്കാൻ പ്രദർശന വിപണനമേളകൾ വലുതും ചെറുതുമായി നടക്കുന്നുണ്ട്. പക്ഷേ, ഇതെങ്ങനെ ഇവിടെ ബോക്‌സിങ്ങ് ഡേ ഫെസ്റ്റിവലാകുന്നു? ബോക്‌സിങ്ങിലെ ബോക്‌സ് റിങ്ങല്ല, ശരിക്കും ബോക്‌സ് തന്നെയാണ്- പെട്ടി. മുതലാളിത്തത്തിന്റെ ഔദാര്യത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്ന പെട്ടി. ക്രിസ്മസ്സിന്റെ പിറ്റേന്ന് ബോക്‌സിങ്ങ് ഡേ അവധിയായാണ് ഇംഗ്ലണ്ടിൽ കൊണ്ടാടപ്പെടുന്നത്. വീട്ടുവേലക്കാർ, കമ്പനിയിലെ തൊഴിലാളികൾ, മറ്റ് ആശ്രിതർ എന്നിവർക്ക് വർഷത്തിലൊരു ദിവസം ഉടമകൾ ഒരു സമ്മാനപ്പെട്ടി നൽകുന്നു. പണവും എന്തെങ്കിലും സാധനസാമഗ്രികളുമാവും സമ്മാനപ്പെട്ടിയിൽ. സമ്മാനമായി ഡിസ്‌കൗണ്ടിൽ കിട്ടുന്ന സാധനങ്ങളാണ് മിക്കവരും വാങ്ങുക. കുറഞ്ഞ വിലയ്ക്ക് നൽകാവുന്ന സാധനസാമഗ്രികളുമായി വ്യാപാരികൾ ഒരു വാണിജ്യമത്സരംതന്നെ ആ ദിവസം നടത്തുന്നു. പെട്ടിനിറക്കൽ ദിവസമെന്നറിയപ്പെടുന്ന ഈ ദിവസം ഭൂതകാലത്തെ ആ ആചാരത്തെ കുറെയൊക്കെ ഇപ്പോഴും നിലനിർത്തുന്നുണ്ട്. എന്നാൽ, വേലക്കാർക്കോ ആശ്രതിർക്കോ കൊടുക്കാനല്ല, സ്വന്തം ആവശ്യത്തിന് കിഴിവോടെ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള മത്സരമാണിന്ന് നടക്കുന്നത്. നമ്മുടെ നാട്ടിലേതിനെക്കാൾ ഒട്ടും കുറവില്ലാത്ത ഡിസ്‌കൗണ്ട് പ്രലോഭനമാണെങ്ങും ഡിസംബർ 26-ന് കാണുന്നത്.
വിക്ടോറിയൻ കാലത്താണ് ബോക്‌സിങ്ങ് ഡേയ്ക്ക് ഔദ്യോഗികമായ പരിവേഷം ലഭിക്കുന്നത്. അതിനു മുന്‍പ് ക്രിസ്മസ് പിറ്റേന്ന് ജോലിക്കാർക്ക് സമ്മാനപ്പെട്ടി നൽകുന്ന വഴക്കം നിലവിലുണ്ടായിരുന്നു. പ്രമാണിമാർ ക്രിസ്മസ് ദിവസവും വീട്ടുവേലക്കാരെ വീട്ടിൽ പണിയെടുപ്പിക്കും. പിറ്റേന്ന് അവർക്ക് അവധി നൽകും. വീണുകിട്ടുന്ന ആ അവധി ദിവസം സ്വന്തം കുടുംബത്തെ കാണാൻ പോകുന്ന അവർക്ക് വീട്ടുടമകൾ, തൊഴിലുടമകൾ ഒരു പൊതി നൽകും. ആ പൊതിയിൽ ഭക്ഷണമോ എന്തെങ്കിലും സാധനമോ അല്പം പണമോ ആയിരിക്കും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുതന്നെ ഈ ദിവസം അവധിയായി അംഗീകരിക്കപ്പെട്ടു. എന്നാൽ, വിക്ടോറിയാ രാജ്ഞി ഡിസംബർ 26 ഔദ്യോഗിക വിളംബരത്തിലൂടെ ബാങ്ക് അവധിയായി പ്രഖ്യാപിക്കുന്നത് 1870-ലാണ്.
യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും ബോക്‌സിങ്ങ് ഡേ അവധിയും ആചാരവും തുടരുന്നുണ്ട്. ജർമനിയിലും പോളണ്ടിലും ചെക്കോസ്ലാവാക്യയിലുമടക്കം മധ്യകാലഘട്ടത്തിലേതന്നെ സമ്മാനപ്പെട്ടി പരിപാടി ഒരു ആചാരംപോലെ ഉണ്ടായിരുന്നുവത്രെ. ഇംഗ്ലണ്ടിൽ ഡിസംബർ 26-ന് അവധിയോടെ ബോക്‌സിങ്ങ് ഡേ തുടങ്ങിയതിനെ പിന്തുടർന്ന് പല കോമൺവെൽത്ത് രാജ്യങ്ങളിലും ക്രിസ്മസിന് തൊട്ടുപിറകെ വരുന്ന അവധിദിവസം ബോക്‌സിങ്ങ് ഡേയായി നടത്തുന്നുണ്ട്.
സെന്റ് സ്റ്റീഫൻസ് ഡേ, സെന്റ് സ്റ്റീഫൻസ് ഫീസ്റ്റ് ഡേ എന്നിങ്ങനേയും ബോക്‌സിങ്ങ് ഡേ അറിയപ്പെടുന്നു. അയര്‍ലണ്ടിൽ ബോക്‌സിങ്ങ് ഡേ സെന്റ് സ്റ്റീഫൻസ് ഡേ എന്നാണ് വിളിക്കപ്പെടുന്നത്. മതപരമായ പരിവേഷത്തെ മാറ്റിയാണ് ഇംഗ്ലണ്ടിൽ ബോക്‌സിങ്ങ് ഡേ എന്നുമാത്രം പറയുന്നത്. യേശുക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിച്ച് പ്രഭാഷണം നടത്തുകയും പാവപ്പെട്ട തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതിന് ജെറുസലേമിൽ കല്ലെറിഞ്ഞു കൊല്ലപ്പെട്ടതാണ് സെയിന്റ് സ്റ്റീഫൻ- എ.ഡി. 31-ൽ തൊഴിലാളികളുടേയും ഭാരംചുമക്കുന്നവരുടേയും ഭാഗത്തുനിന്നതിനാൽ രക്തസാക്ഷിയായ സെയിന്റ് സ്റ്റീഫൻ. ബോക്‌സിങ്ങ് ഡേ ആഘോഷിക്കുന്ന ദിവസം ക്രൈസ്തവാരാധനാലയങ്ങളിൽ സെയിന്റ് സ്റ്റീഫനെ അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥനകളും സദ്യയും നടത്തുന്നു. ഈ ദിവസം പള്ളികളിൽനിന്ന് വിതരണം ചെയ്യാനായി സമ്മാനപ്പെട്ടികൾ സംഭാവനയായെത്തും. ജീവിതപ്രയാസം അനുഭവിക്കുന്നവർക്ക് പള്ളിവകയായി പണവും വസ്ത്രങ്ങളും ഭക്ഷണവും ഒന്നിച്ചോ അല്ലാതേയോ ഉള്ള പൊതികൾ- അഥവാ പെട്ടികൾ- ക്രിസ്മസ് പെട്ടികൾ- നൽകാൻ സമ്പന്നരായ വിശ്വാസികൾ പള്ളിയിൽ ഏല്പിക്കും.
കാലക്രമത്തിൽ ബോക്‌സിങ്ങ് ഡേ വാണിജ്യപ്രോത്സാഹനത്തിനുള്ള അവസരമായും മാറി. വലിയ വാണിജ്യകേന്ദ്രങ്ങളിൽ ഈ ദിനത്തിൽ മാത്രമല്ല, ബോക്‌സിങ്ങ് ഡേ വരുന്ന ആഴ്ചയിലാകെയും മറ്റുമായി വാണിജ്യമേളകൾ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായാണ് ബൈസെസ്റ്റർ വില്ലേജിലെ ഡിസ്‌കൗണ്ട് മേള. മണിക്കൂറുകളോളം നടന്നാലും തീരാത്തത്ര സ്ഥലം. തട്ടിയും മുട്ടിയുമല്ലാതെ നടക്കാനാവാത്ത സ്ഥിതി. നൂറ്റമ്പതോളം ബ്രാൻഡുകളുടെ വില്‍പ്പനമേളയാണ്. ചില പ്രധാന കടകൾക്കു മുമ്പിൽ വലിയ ക്യൂ കാണപ്പെട്ടു. അന്വേഷിച്ചപ്പോൾ മനസ്സിലായത് അവിടെ 70 ശതമാനംവരെ ഡിസ്‌കൗണ്ടുണ്ടെന്നാണ്. മുപ്പതു മുതൽ 70 ശതമാനംവരെ ഡിസ്‌കൗണ്ടുള്ള കടകൾ. ഒപ്പം ഇടയ്ക്കിടെ ഭക്ഷണശാലകളുണ്ട്. അവിടെ ഡിസ്‌കൗണ്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. ഒന്നും വാങ്ങാനല്ലാതെ കേവലകാണികളായി എത്തുന്നവരാണ് നമ്മെപ്പോലെ കൂടുതൽപ്പേരും. ബൈസെസ്റ്റർ വില്ലേജിൽ ബോക്‌സിങ്ങ് ഡേയുടെ ഭാഗമായി ഡിസ്‌കൗണ്ട് വില്‍പ്പന ഒരുമാസത്തോളമുണ്ടാകാറുണ്ട്. ഏഴ് ദശലക്ഷത്തോളം പേരാണ് കഴിഞ്ഞവർഷം ബൈസെസ്റ്റർ വില്ലേജിൽ ഈ കാലയളവിൽ വാങ്ങാനും കാണാനുമെത്തിയതത്രെ. 1995-ൽ അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഡവലപ്പറായ സ്‌കോട് ഡി മാൽകിൻ ആരംഭിച്ച വാല്യു റിടെയിൽ കമ്പനിയാണ് ബൈസെസ്റ്റർ വാണിജ്യവില്ലേജ് ആരംഭിച്ചത്. രണ്ട് വർഷം മുന്‍പ് അത് എൽ. കാറ്റേർടൻ കമ്പനിക്ക് 1.5 ബില്ല്യൻ പൗണ്ടിന് വിറ്റു. എങ്കിലും നടത്തിപ്പ് വാല്യു റിടെയിൽ കമ്പനി തന്നെയാണ്. യൂറോപ്പിലും അമേരിക്കയിലും ചൈനയിലുമായി ഒരു ഡസനിലേറെ വാണിജ്യകേന്ദ്രങ്ങൾ ഈ ഗ്രൂപ്പുകളുടേതായുണ്ട്.
ലണ്ടനിലെ മത്താപ്പും പൂവെടിയും
നവംബർ അഞ്ചിന് (2025) ഇംഗ്ലണ്ടിലെ ഒരു ചെറുനഗരത്തിൽ ഉണ്ടായ ഒരനുഭവം. അന്ന് രാത്രി ഏഴര-എട്ട് മണിക്ക് ഞങ്ങൾ- ഞാനും മകളുടെ ഭർത്താവായ ദീപുവും ലണ്ടൻ മിഡിൽ ലാൻഡ്‌സിന്റെ ഭാഗമായ കോവെൻട്രിയിലെ മലയാളി സൂപ്പർമാർക്കറ്റായ മം ആൻഡ് ഡാഡിൽ പോയി പച്ചക്കറി വാങ്ങി വരുകയാണ്. കെനിൽവർത്ത് റോഡിലെത്തിയപ്പോൾ അതാ വലിയ ശബ്ദഘോഷം. ആകാശത്ത് വർണവിസ്മയവും. റോഡിൽ അസാധാരണമായ തിരക്കുണ്ട്, ബ്ലോക്കും. എന്താണ് സംഭവിക്കുന്നത്. നമ്മുടെ നാട്ടിലേതുപോലെതന്നെ വെടിക്കെട്ട്. വർണവിസ്മയം തീർക്കുന്ന പൂവെടികൾ. അല്പംകൂടി മുമ്പോട്ടു നീങ്ങിയപ്പോൾ അതാ ലെമിങ്ടൺ സ്‌പായിലെ റഗ്ബി ഫുട്‌ബോൾ ക്ലബ്ബിന്റെ മൈതാനത്തേക്ക് വഴികൾ നീളുന്നു. ബോൺഫയർ നൈറ്റ് എന്ന ചെറിയ ബാനറുകൾ. റോട്ടിൽനിന്ന് അല്പം അകലെയായാണ് മൈതാനം. അവിടേക്ക് വാഹനങ്ങൾ കയറുന്നത് കാണാം. ഇംഗ്ലണ്ടിലും കരിമരുന്ന് പ്രയോഗമോ? വിഷുവിന് നമ്മുടെ നാട്ടിൽ വീടുകളിൽ പൊട്ടിക്കുന്നതുപോലെ പടക്കം പൊട്ടിക്കാൻ അനുമതിയില്ല, എന്നാൽ അനുഷ്ഠാനത്തിന്റെ ഭാഗമായി കർശന നിബന്ധനകളോടെ പൊതുസ്ഥലത്ത് കരിമരുന്ന് പ്രയോഗമാകാമെന്ന് മനസ്സിലായി.
ബോൺ ഫയർനൈറ്റ് അഥവാ ഗൈ ഫോക്‌സ് നൈറ്റ് ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒന്നാണ്. പ്രൊട്ടസ്റ്റന്റുകളായ ആംഗ്ലിക്കൻ സഭയും എതിരാളികളായ കത്തോലിക്കാസഭയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചരിത്രം എന്ന് ഇപ്പോൾ അതിനെ വിശേഷിപ്പിക്കാറില്ലെന്ന് തോന്നുന്നു. എന്നാൽ, പ്രൊട്ടസ്റ്റന്റ് കത്തോലിക്കാ വൈരത്തിന്റെ മൂർദ്ധന്യത്തിൽ നടന്ന കൊലപാതക ഗൂഢാലോചന പരാജയപ്പെട്ടതിന്റെ സന്തോഷപ്രകടനം. ബ്രിട്ടീഷ് ചക്രവർത്തിയായ പ്രൊട്ടസ്റ്റന്റുകാരൻ ജെയിംസ് ഒന്നാമനേയും പാർലമെന്റിനെയാകേയും ഭസ്‌മീകരിക്കുയെന്ന ലക്ഷ്യത്തോടെ കത്തോലിക്കാവിശ്വാസികളായ ഒരു സംഘമാളുകൾ പ്രഭുസഭാ ആസ്ഥാനമന്ദിരത്തിന്റെ കീഴിൽ വൻതോതിൽ സ്‌ഫോടകവസ്തുക്കൾ വെക്കുകയായിരുന്നു. സ്‌ഫോടകവസ്തുക്കൾ കൊണ്ടുവെച്ച സംഘത്തിലെ പ്രധാനിയായ ഗൈ ഫോക്‌സിനെ 1605 നവംബർ അഞ്ചിന് അറസ്റ്റ് ചെയ്തതോടെയാണ് ഗൂഢാലോചന പൊളിഞ്ഞത്. ഗൈ ഫോക്‌സിനേയും സഹകുറ്റവാളികളേയും രണ്ട് മാസക്കാലം തടവറയിൽ ക്രൂരമായി പീഡിപ്പിച്ചശേഷം ലണ്ടൻ നഗരഹൃദയത്തിലൂടെ കെട്ടിവലിച്ചുകൊണ്ടുപോയി കൊലചെയ്യുകയായിരുന്നു. ലണ്ടൻ ടവർ ജയിലിൽ പീഡിപ്പിച്ച ശേഷം വധശിക്ഷ.
ഇംഗ്ലണ്ടിന്റേയും സ്‌കോട്‌ലാന്റിന്റേയും രാജാവായ ജെയിംസിനേയും പ്രഭുക്കന്മാരേയും രക്ഷിച്ചതിന് രാഷ്ട്രത്തോട് നന്ദിസൂചകമായി നവംബർ അഞ്ച് വെടിക്കെട്ടോടെ ആഘോഷിക്കാൻ പാർലമെന്റ് തന്നെ നിർദേശിക്കുകയായിരുന്നു. 1607-ൽ ആംഗ്ലിക്കൻ ചർച്ചായ കാന്റർബറി ചർച്ച് നേരിട്ടുതന്നെ വൻതോതിൽ കരിമരുന്ന് ശേഖരിച്ച് വെടിക്കെട്ടിനു നേതൃത്വം നൽകി. പ്രൊട്ടസ്റ്റന്റ് പള്ളികളിൽ നവംബർ അഞ്ചിന് പ്രത്യേക പ്രാർത്ഥനാഗീതം ആലപിക്കാൻ നിർദേശമുണ്ടായി. ഇതെല്ലാം ഔദ്യോഗികമായിത്തന്നെ ദീർഘകാലം നിലനിന്നു. ഇത് ക്രൈസ്തവ വിശ്വാസികളിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വൈരം വളർത്തുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. പിൽക്കാലത്ത് ഔദ്യോഗികമായ ആഘോഷങ്ങൾ ഇല്ലാതായി. എന്നാൽ, ഒരു അനുഷ്ഠാനമായി വിവിധ കേന്ദ്രങ്ങളിൽ ബോൺഫയർ ഡേ ആഘോഷിക്കുന്നു. വലിയ മൈതാനത്ത് വെടിക്കെട്ടും ഭക്ഷ്യമേളയും മദ്യോത്സവവും ടിക്കറ്റ് വെച്ചാണ് നടത്തുന്നത്. ലെമിങ്ടൺ റഗ്ബി ഫുട്‌ബോൾ ക്ലബ്ബിന്റെ ബോൺഫയർ നൈറ്റിൽ ഈ വർഷം ഈടാക്കിയ ഫീസ് കാറിലാണ് എത്തുന്നതെങ്കിൽ 20 പൗണ്ടും തനിച്ച് കാൽനടയായാണെങ്കിൽ അഞ്ച് പൗണ്ടുമാണ്. കാറിന് പാർക്കിങ്ങ് ഫീസായാണ് പത്ത് പൗണ്ട്.
പ്രൊട്ടസ്റ്റന്റുകാരനായ രാജാവിനേയും അനുചരരേയും കൊല്ലാൻ ഗൂഢാലോചന നടത്തുകയും പാർലമെന്റ് കെട്ടിടത്തിൽ സ്‌ഫോടകവസ്തു വെക്കുകയും ചെയ്ത് വധശിക്ഷയ്ക്ക് വിധേയരായ ഗൈ ഫോക്‌സ് കത്തോലിക്കരെ സംബന്ധിച്ച് വില്ലരല്ല, സ്വാതന്ത്ര്യത്തിന്റെ നായകനാണ്. ബോൺ ഫയർ നൈറ്റായി ഗൈ ഫോക്‌സിനെ അവഹേളിച്ച് പടക്കം പൊട്ടിക്കുമ്പോൾ ഒരുവിഭാഗം ഗൈഫോക്‌സിനെ സ്വാതന്ത്ര്യനായകനാക്കി ആ ദിനം ആഘോഷിക്കുന്നു. ഗൈഫോക്‌സ് ചിത്രം മുഖംമൂടിയാക്കി കുട്ടികളും ആഘോഷത്തിൽ പങ്കെടുക്കുന്നു. ക്രിസ്മസ് കരോൾ പോലെയോ മാവേലി പര്യടനംപോലെയോ ഒക്കെ. ഈ വർഷത്തെ ബോൺ ഫയർ രാത്രിയിലും പടക്കം പൊട്ടിക്കൽ ഒരുപാട് അപകടങ്ങളുണ്ടാക്കിയതായി പിറ്റേന്നത്തെ ബ്രിട്ടീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സസെക്‌സിലെ ലെവിസിൽ നാല്‍പ്പതിനായിരം പേരാണ് ഫയർനൈറ്റ് സമ്മേളനത്തിൽ പങ്കെടുത്തത്. കർശന നിയന്ത്രണമുണ്ടായിട്ടും അപകടമുണ്ടായി. 82 പേർക്ക് പരിക്കേറ്റതായും ഏഴുപേരെ ആശുപത്രിയിൽ അഡ്‌മിറ്റാക്കിയതായും ബി.ബി.സി റിപ്പോർട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പതിനാറുകാരിയായ പെൺകുട്ടിയുമുണ്ടായിരുന്നു.
ബ്രിട്ടനിലും വിശേഷാവസരങ്ങളിൽ പടക്കംപൊട്ടിക്കാൻ കർശന ഉപാധികളോടെ അനുമതിയുണ്ട്. സ്വന്തം വീട്ടുവളപ്പിൽ നിയന്ത്രണങ്ങളോടെ പൊട്ടിക്കാം. പക്ഷേ, രാത്രി 11-ന് ശേഷം അരുത്. പുതുവത്സരത്തോടനുബന്ധിച്ച് മാത്രം രാത്രി ഒരുമണിവരെയാകാം. ഫയർ ആൻഡ് റസ്‌ക്യൂ സർവീസിന്റെ മുൻകൂർ അനുമതിയോടെയേ ആകാവൂ. കേരളത്തിലേയും ഇന്ത്യയിലേയും പോലെ അശാസ്ത്രീയമായോ നിയമവിരുദ്ധമായോ അല്ല, നിയന്ത്രണങ്ങളോടെ പരിമിതമായ തോതിൽ പടക്കമാകാമെന്നു മാത്രം. നവംബർ അഞ്ചിനാണ് പരക്കെ വെടിക്കെട്ടാഘോഷം. അതു പക്ഷേ, പൊതുമൈതാനത്ത് ടിക്കറ്റുമൂലം നിയന്ത്രിച്ചാണ് നടത്തുന്നത്- ഫയർഫോഴ്‌സിന്റെ സാന്നിധ്യത്തിലും നിയന്ത്രണത്തിലും എന്നാണ് മനസ്സിലാക്കാനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates