കുട്ടികളുടെ കണ്ണീരിൽ എഴുതപ്പെട്ട ഒരു ജനതയുടെ മൗനചരിത്രം!

Canadian Residential School
കാംലൂപ്പ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ Google
Updated on

പുരോഗമിച്ചതെന്ന് നമ്മൾ കരുതുന്ന ഓരോ നാടിന്റേയും പിന്നാമ്പുറത്ത് രക്തത്തിന്റേയും കണ്ണീരിന്റേയും നിശ്ശബ്ദമായ ചരിത്രങ്ങൾ മറഞ്ഞുകിടക്കുന്നു. കാനഡയും അതിൽനിന്ന് വ്യത്യസ്തമല്ല.

ഈ ഭൂമികയിലെ സ്വദേശീയ ജനത (First Nations, Metis, Inuit സമൂഹങ്ങൾ) നേരിട്ട ഏറ്റവും വേദനാജനകമായ അധ്യായങ്ങളിൽ ഒന്നാണ് കാനഡയിലെ റസിഡൻഷ്യൽ സ്കൂൾസ് സംവിധാനം.

esidential School survivor Lorna Standingready, left, is comforted during the Truth and Reconciliation Commission of Canada closing ceremony in Ottawa earlier this week
സ്കൂളിലെ ദുരനുഭവങ്ങളെ ഓര്‍ത്ത് വിതുമ്പുന്നവര്‍ Google

സ്വദേശീയ ജനത എന്നത് വടക്കേ അമേരിക്കയിലെ ആദിമവംശജരാണ്. ഈ ഭൂമി അവരുടേതായിരുന്നു. പിന്നീട് യൂറോപ്യൻ കുടിയേറ്റം ശക്തിപ്രാപിക്കുകയും കാനഡയുടെ നിയന്ത്രണം അവരിലേക്കു മാറുകയും ചെയ്തു. രാജ്യം ഏകീകരിക്കാനും ‘പുതിയ കാനഡ’ രൂപപ്പെടുത്താനുമെന്ന പേരിൽ, അന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ സ്വദേശീയ സമൂഹങ്ങളെ മുഖ്യധാരാ സംസ്കാരത്തിലേയ്ക്ക് ലയിപ്പിക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി ജോൺ എ. മക്ഡൊണാൾഡിന്റെ കാലഘട്ടത്തിൽ, സ്വദേശീയ ജനതയുടെ കുട്ടികളെ കുടുംബങ്ങളിൽനിന്നു വേർതിരിച്ച്, അവരുടെ സംസ്കാരവും ഭാഷയും ഇല്ലാതാക്കി പൊതു സമൂഹത്തിലേക്ക് ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റെസിഡൻഷ്യൽ സ്കൂൾ സംവിധാനം വ്യാപകമായി നടപ്പിലാക്കി.

അങ്ങനെയാണ് ആദിമവംശജരുടെ കുട്ടികളെ അവരുടെ അച്ഛനമ്മമാരിൽനിന്നും സംസ്കാരത്തിൽനിന്നും വേർതിരിക്കാനും പൊതുസമൂഹത്തിലേക്കു ലയിപ്പിക്കാനുമായി റസിഡൻസ് സ്കൂളുകൾ തുറക്കാൻ വിവിധ ക്രിസ്ത്യൻ സമൂഹത്തെ ചുമതലപ്പെടുത്തിയത്.

ഇത് വെറുമൊരു വിദ്യാഭ്യാസ സംവിധാനം ആയിരുന്നില്ല. മറിച്ച്, ഒരു സാംസ്കാരിക സ്വാംശീകരണ സംവിധാനമായിരുന്നു. ഒരു ജനതയെ അവരുടെ സ്വന്തം സംസ്കാരത്തിൽനിന്ന് വേർതിരിക്കാൻ രൂപകല്പന ചെയ്ത സംവിധാനം!

1883 മുതൽ, കാനഡ സർക്കാർ ഈ സ്കൂളുകൾക്ക് ധനസഹായം നൽകാൻ തുടങ്ങി. പ്രധാനമായും റോമൻ കാത്തലിക് ചർച്ചും ആംഗ്ലിക്കൻ ചർച്ചും കൂടാതെ യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ, മെത്തഡിസ്റ്റ് ചർച്ച്, പ്രസ്ബിറ്റേറിയൻ ചർച്ച് എന്നിവയും ഈ സ്ഥാപനങ്ങൾ നടത്തിപ്പോന്നു.

കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്നു വേർപ്പെടുത്തുന്നത് എതിർത്തപ്പോൾ, 1894-ൽ സ്കൂൾ ഹാജർ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ പ്രതികരിച്ചു. കുട്ടികളെ റിസർവുകളിൽനിന്നു പിടിച്ചെടുക്കാനും റസിഡൻഷ്യൽ സ്കൂളുകളിൽ എത്തിക്കാനും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന് (RCMP) അധികാരം നൽകുകയും ചെയ്തു. ‘പാസ് സംവിധാനം’ വഴി, സ്വദേശീയർക്ക് അവരുടെ റിസർവുകളിൽനിന്നുപോലും സ്വതന്ത്രമായി പുറത്തുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കി.

ഏകദേശം ഒന്നരലക്ഷത്തോളം ആദിമവംശജരായ കുട്ടികളെയാണ് ഇങ്ങനെ കാനഡയുടെ വിവിധ ഭാഗങ്ങളിലുള്ള റസിഡൻഷ്യൽ സ്കൂളുകളിലേക്കു മാറ്റിയത്.

അവിടെയുള്ള അവസ്ഥകൾ അതീവ ദാരുണമായിരുന്നു. സർക്കാർ നൽകിവന്ന ധനസഹായം വളരെ കുറവായിരുന്നതിനാലും ക്ഷയരോഗം പോലുള്ള പകർച്ചവ്യാധികൾ വ്യാപകമായതിനാലും സ്കൂളുകളിലെ അവസ്ഥ മോശമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾപോലും തകർന്ന നിലയിലായിരുന്നു.

ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മിഷന്റെ കണക്കുകൾ പ്രകാരം ഏതാണ്ട് അയ്യായിരത്തിനു മേലെ കുട്ടികളാണ് റസിഡൻഷ്യൽ സ്കൂളുകളിൽ മരണപ്പെട്ടത്. എന്നാൽ, യഥാർത്ഥ കണക്കുകൾ ഇതിലുമധികമായിരിക്കുമെന്ന് അവർ പറയുന്നുണ്ട്.

പല സ്കൂളുകളും കുട്ടികളുടെ മരണവാർത്ത അവരുടെ കുടുംബങ്ങളെ അറിയിച്ചില്ല. കുട്ടികളെ പേരൊന്നും അടയാളപ്പെടുത്താതെ കുഴിമാടങ്ങളിൽ അടക്കം ചെയ്തു. രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങളിൽ മൂന്നിലൊന്നിലും മരിച്ച കുട്ടികളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടില്ല.

അടുത്തിടെ തന്നെ ആയിരത്തിലധികം തിരിച്ചറിയാത്ത ശവക്കുഴികൾ കണ്ടെത്തപ്പെട്ടത് ഈ ചരിത്രത്തിന്റെ മൗനസാക്ഷ്യമാണ്. ചില സ്കൂളുകളിൽ, ലൈംഗികാതിക്രമവും സാധാരണമായിരുന്നു, സ്കൂളിനായി പണം സ്വരൂപിക്കാൻ വിദ്യാർത്ഥികളെ ജോലി ചെയ്യാൻ നിർബന്ധിച്ചിരുന്നു. തങ്ങളുടെ ഭാഷകൾ സംസാരിച്ചതിനു കുട്ടികളെ അതിക്രൂരമായി മർദിക്കുകയും ചെയ്തിരുന്നുവത്രേ.

ഇവയൊക്കെ അതിജീവിച്ച കുട്ടികളാകട്ടെ, വഴി തെറ്റാതെ വീട്ടിലെത്തിയാൽ എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചുനിന്നു. അച്ഛനോടോ അമ്മയോടോ എങ്ങനെയാണ് മിണ്ടേണ്ടതെന്നറിയാതെ... എന്താണ് മിണ്ടേണ്ടതെന്നറിയാതെ... കണ്ണു നിറഞ്ഞു തെരുവിലേക്കിറങ്ങി. മയക്കമരുന്നുകളിലും മറ്റും അഭയം തേടി...

1950-കളോടെ, കാനഡയിലെ ആദിമവംശജരുടെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവു വരുത്താൻ തുടങ്ങി. സ്കൂളുകൾ അടച്ചുപൂട്ടാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു: 1969-ൽ റസിഡൻഷ്യൽ സ്കൂളുകളുടെ നിയന്ത്രണം പള്ളികളിൽനിന്നു സർക്കാർ തിരിച്ചെടുത്തു, 1980-കളിൽ കുറച്ച് സ്കൂളുകൾ മാത്രം തുറന്നിരുന്നു, 1996-ൽ അവസാനത്തെ സ്കൂളും പൂട്ടിയതോടെ ചവിട്ടിയരയ്ക്കപ്പെട്ട ഒരു ജനതയുടെ വിലാപം മാത്രം ബാക്കിയായി:

Phyllis Webstad
ഫില്ലിസ് ജാക്ക് വെബ്സ്റ്റാഡ്Google

ഓറഞ്ച് ഷർട്ട് ഡേ

ഫില്ലിസ് ജാക്ക് വെബ്സ്റ്റാഡ് എന്ന ആറു വയസുകാരിയെ വീട്ടിൽനിന്നു പിടിച്ചുകൊണ്ടു പോകുമ്പോൾ അമ്മൂമ്മ അവൾക്കായി സ്നേഹപൂർവം സമ്മാനിച്ച ഓറഞ്ച് ഷർട്ട് അവളുടെ ബാഗിൽ ഉണ്ടായിരുന്നു. ഫില്ലിസിന്റെ ഓറഞ്ച് ഷർട്ട് ഉൾപ്പെടെയുള്ള എല്ലാ വസ്ത്രങ്ങളും റസിഡൻഷ്യൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ആദ്യ ദിനത്തിൽ പിടിച്ചുവാങ്ങിയിരുന്നു. പിന്നീടൊരിക്കലും അവർക്കതു കാണാൻപോലും കിട്ടിയിട്ടില്ല. അമ്മൂമ്മ സ്നേഹപൂർവം സമ്മാനിച്ച ആ ഷർട്ട് ഒരിക്കൽപ്പോലും അണിയാൻ കഴിയാതിരുന്ന സങ്കടം ഇന്നും ഫില്ലിസിൽ നിറയുന്നു. 2013-ലെ സെന്റ് ജോസഫ് മിഷൻ റസിഡൻഷ്യൽ സ്കൂൾ റീയൂണിയനിലാണ് ഫില്ലിസ് ജാക്ക് തന്റെ കഥ പങ്കുവെക്കുന്നത്. ആ റീയൂണിയൻ നടന്ന ദിവസമാണ് സെപ്റ്റംബർ 30. അതിനാൽ ഈ ദിവസത്തെ ‘ഓറഞ്ച് ഷർട്ട് ഡേ’ എന്നും വിളിക്കുന്നു. ഓറഞ്ച് ഷർട്ട് ഒരു ചിഹ്നമായി ഉപയോഗിക്കുന്നത് ഫില്ലിസ് ജാക്ക് വെബ്സ്റ്റാഡിന്റെ വിവരണങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ്.

ഒരു ആറു വയസ്സുകാരിയുടെ ആ നൊമ്പരമാണ് കാനഡ ഏറ്റെടുത്തത്. ഒരു ആദിമവംശജനെ സംബന്ധിച്ച് ഓറഞ്ചു നിറം എന്നത് സൂര്യപ്രകാശം, സത്യം പറയൽ, ആരോഗ്യം, ശക്തി എന്നിവയെയൊക്കെ പ്രതിനിധീകരിക്കുന്നു. എന്നാൽ, ഇപ്പോൾ ഓറഞ്ച് ഷർട്ട് റസിഡൻഷ്യൽ സ്കൂൾ സമ്പ്രദായം അതിന്റെ വിദ്യാർത്ഥികളുടെ തദ്ദേശീയ വ്യക്തിത്വങ്ങൾ എങ്ങനെ എടുത്തുകളഞ്ഞു എന്നതിന്റെ പ്രതീകമാകുന്നു.

2015-ൽ Truth and Reconciliation Commission ഈ ചരിത്രത്തെ ഔദ്യോഗികമായി രേഖപ്പെടുത്തി. കാനഡ സർക്കാർ പിന്നീട് മാപ്പ് പറഞ്ഞു. ചില പുനഃസ്ഥാപന നടപടികളും തുടങ്ങി. ഇന്ത്യൻ റസിഡൻഷ്യൽ സ്കൂൾ സമ്പ്രദായം കാനഡയിലെ ആദിമവംശർക്കെതിരെയുള്ള ‘സാംസ്കാരിക വംശഹത്യ’ ആണെന്ന സത്യം തിരിച്ചറിഞ്ഞു, 2021-ലാണ് കാനഡ ആദ്യമായി ‘Truth and Reconciliation Day’ ആചരിക്കാൻ തുടങ്ങിയത്. അതിൽ ഒരു ജനതയുടെ, ഒരുപാടു മാതാപിതാക്കളുടെ കണ്ണീരു നിറഞ്ഞിരിക്കുന്നുവെന്നത് വേദനിപ്പിക്കുന്ന സത്യമാണ്.

തദ്ദേശീയരായ കുട്ടികളെ വീടുകളിൽനിന്നു പിടിച്ചുകൊണ്ടുപോയതിന്റേയും ഓർമ ദിവസമാണത്രേ അത്. ഈ ദിവസത്തിന്റെ ഔദ്യോഗിക മുദ്രാവാക്യമായ ‘എവരി ചൈൽഡ് മാറ്റേഴ്‌സ്’ എന്നത് എല്ലാ കുട്ടികളും പ്രധാനമാണെന്നു മാത്രമല്ല, എല്ലാ ജനങ്ങളുടേയും സംസ്കാരവും പ്രധാനമാണെന്ന് ലോകത്തേയും കാനഡക്കാരെ പ്രത്യേകിച്ചും ഓർമിപ്പിക്കുന്നു.

MohawkInstitute
മൊഹാക്ക് ഇൻസ്റ്റിറ്റ്യൂട്ട്Google

ദി മഷ് ഹോൾ

Mohawk Institute (The Mush Hole)

ഈ ചരിത്രം അരങ്ങേറിയ സ്ഥലങ്ങളിൽ ഒന്നാണ് ഒന്റാരിയോയിലെ ബ്രാന്റ്ഫോർഡിലുള്ള മൊഹാക്ക് ഇൻസ്റ്റിറ്റ്യൂട്ട് (Mohawk Itnsitute). കാനഡയിലെ ഏറ്റവും പഴക്കംചെന്നതും ഏറ്റവും ദീർഘകാലം പ്രവർത്തിച്ചതുമായ റെസിഡൻഷ്യൽ സ്കൂളുകളിലൊന്നാണിത്. Doors Open എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ഞങ്ങൾ അവിടെ എത്തിയത്.

‘Doors open’ എന്നത് ഒരു നഗരത്തിലോ പ്രദേശത്തിലോ സാധാരണ ജനങ്ങൾക്ക് പ്രവേശനം ലഭിക്കാത്തതോ അപൂർവമായി മാത്രം കാണാൻ കഴിയുന്നതോ ആയ കെട്ടിടങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവ ഒരു നിശ്ചിത ദിവസത്തിൽ സൗജന്യമായി സന്ദർശിക്കാനും അവയുടെ ചരിത്രവും പ്രത്യേകതകളും അറിയാനുമുള്ള ഒരു പൊതുപരിപാടിയാണ്.

പുറമെനിന്നു നോക്കുമ്പോൾ അത് വളരെ മനോഹരമായ കെട്ടിടമാണ്. ചുറ്റും വിശാലമായ കളിസ്ഥലവുമുണ്ട്. എന്നാൽ, അകത്തളം ക്രൂരമായ ചരിത്രത്തിന്റെ ഭാരം പേറി തളർന്നുനിന്നു.

പടിക്കെട്ടുകൾ കേറിച്ചെന്നപ്പോൾ വരാന്തയിൽ ഇട്ടിരിക്കുന്ന മേശക്കപ്പുറം നിന്നു സന്നദ്ധ പ്രവർത്തക പുഞ്ചിരിച്ചു, സ്വാഗതം ചെയ്തു പറഞ്ഞ വാചകങ്ങൾ ഹൃദയത്തെ തൊടുന്നതായിരുന്നു.

“ഞങ്ങളുടെ ദൗർഭാഗ്യത്തിന്റെ അവശേഷിപ്പുകൾ കാണാൻ എത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ, ചില ഭാഗങ്ങളിലേക്കു കുട്ടികൾക്ക് പ്രവേശനമില്ല.” ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ നോക്കി, അവർ മെല്ലെ പറഞ്ഞു: എന്തു കൊണ്ടാണെന്ന ചോദ്യത്തിനു ഉത്തരം നിങ്ങൾക്ക് അകത്തു കാണാം എന്നു പറയുമ്പോൾ അവരുടെ ശബ്ദത്തിലെ നനവ് അറിഞ്ഞതിനാൽ കൂടുതൽ ചോദ്യങ്ങളില്ലാതെ തലയാട്ടി...

മൂന്നു നിലകളും ഒരു ബേസ്‌മെന്റും ഉള്ള ആ കെട്ടിടത്തിന്റെ ഒന്നാംനില തന്നെ നടുക്കുന്ന കാഴ്ചകളാൽ നിറഞ്ഞിരുന്നു. മരണപ്പെട്ട കുട്ടികളുടെ വിവരങ്ങളും ചിലരുടെ ചിത്രങ്ങളും അവിടെ പ്രദർശിപ്പിച്ചിരുന്നു. ആദ്യമുറിയിലെ മേശപ്പുറത്തു പ്രദർശിപ്പിച്ചിരുന്നത് സ്കൂൾ അഡ്‌മിഷൻ ബുക്കിൽ മാറ്റിയ പേരുകൾ ആയിരുന്നതിനാൽ മാതാപിതാക്കൾക്കു തിരിച്ചറിയാൻ കഴിയാതെ പോയ കുട്ടികളുടെ ലിസ്റ്റ് ആയിരുന്നു.

ഭാരപ്പെട്ട മനസ്സോടെ ഞങ്ങൾ രണ്ടാംനിലയിലേക്ക് പടികൾ കയറി. രണ്ടറ്റങ്ങളിലായി ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഡോർമിറ്ററികൾ. അവിടെ നിരത്തിയിട്ട ഏതാനും കട്ടിലുകൾ മാത്രം. അവിടെയുള്ള കുറിപ്പുകൾ വായിച്ച് നിൽക്കുമ്പോഴാണ് പിന്നിൽനിന്ന് ഒരു കരച്ചിൽ കേട്ടത്.

ഒരു പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. ഒരാശ്രയമില്ലാതെ ഉഴറുന്ന അവളെ കണ്ടപ്പോൾ പെട്ടെന്നുതന്നെ കെട്ടിപ്പിടിക്കാനാണ് തോന്നിയത്. മെല്ലെ അവളുടെ കരച്ചിൽ ഒതുങ്ങി.

അവളുടെ അമ്മ അവിടെ പഠിച്ചിരുന്നുവത്രേ. ഇപ്പോൾ ഈ ഭൂമിയിൽ ഇല്ലാത്ത ആ അമ്മ പറഞ്ഞ കഥകൾ എല്ലാം അവളുടെ മനസ്സിലേക്കോടിയെത്തി.

അമ്മ അനുഭവിച്ച ദുരിതങ്ങൾ... പട്ടിണി... വേദനകൾ... രോഗങ്ങൾ... ലൈംഗിക പീഡനങ്ങൾ... ജീവിതം മുഴുവൻ വേട്ടയാടിയ ദുഃസ്വപ്നങ്ങൾ... എല്ലാം ഒരുമിച്ച് ഓർമവന്നപ്പോൾ, പിടിച്ചു നിൽക്കാൻ കഴിയാതെ അവൾ പൊട്ടിപ്പോയി...

പേരറിയാത്ത ആ പെൺകുട്ടിയുടെ കരച്ചിലിലും കഥയിലും മനസ്സിടറിപ്പോയ നിമിഷങ്ങൾക്ക് ഒടുവിൽ, യാത്ര പറഞ്ഞു ആ കുട്ടി പോയി. ഞങ്ങൾ കുറച്ചുനേരം കൂടി ആ കട്ടിലിനു അടുത്ത് കലങ്ങിയ കണ്ണുകളുമായി നിന്നു. കട്ടിലുകളുടെ നിരയെ ചുറ്റിവരുമ്പോഴാണ്, ഏറ്റവും അറ്റത്തുള്ള കട്ടിലിനടുത്ത് കുറച്ചു പ്രായമുള്ള ഒരു സ്ത്രീ, മുട്ടുകാലിൽനിന്ന് കട്ടിലിൽ തലവെച്ചിരിക്കുന്നതു കണ്ടത്. മനസ്സിൽ ഭാരം നിറഞ്ഞിരുന്നതിനാൽ അവരെ കടന്നു മുന്നോട്ടു പോയി. പിന്നെയൊരു ഉൾപ്രേരണയാൽ തിരിഞ്ഞുനോക്കുമ്പോൾ, കലങ്ങിയ കണ്ണുകൾ ഉയർത്തി അവർ ഞങ്ങളേയും നോക്കി...

വേഗം അടുത്തേക്കു ചെന്നു, എന്തെങ്കിലും സഹായം വേണമോ എന്നു ചോദിച്ചു. ഒന്നും വേണ്ടെന്നു പറഞ്ഞു അവർ തലയാട്ടി. പിന്നെയും അവരെ ഒറ്റയ്ക്കു വിട്ടുപോരാൻ തോന്നിയില്ല. അതിനാൽ അടുത്തു മുട്ടുകുത്തിയിരുന്നു...

അപ്പോൾ അവർ മിണ്ടി...

ഐറിൻ എന്നാണ് അവരുടെ പേര്. ആ പേര് സ്കൂളിൽനിന്നും കിട്ടിയതാണ്. ഐറിനു നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ് വീട്ടിൽനിന്നു പിടിച്ചുകൊണ്ടു പോയത്. അതിനു മുന്‍പുണ്ടായിരുന്ന പേര് എന്തായിരുന്നുവെന്ന് ഐറിന് ഓർമയില്ല.

ആ കട്ടിലിലായിരുന്നു ഐറിൻ കിടന്നിരുന്നത്. പലപ്പോഴും ആ തറയിലും... വെളുപ്പിനു നാലു മണിക്ക് എണീൽക്കണം. അദ്ധ്യാപകരുടെ വസ്ത്രങ്ങൾ കഴുകണം, മുറി തൂത്തു വൃത്തിയാക്കണം, പാത്രങ്ങൾ കഴുകി തുടച്ചുവെക്കണം... ഐറിൻ ഒറ്റയ്ക്കായിരുന്നില്ല, മറ്റു കുട്ടികളും ഉണ്ടാകും. എത്ര നന്നായി ചെയ്താലും എന്തെങ്കിലും ഒക്കെ പറഞ്ഞു ശിക്ഷ ഉറപ്പാണ്...

മണലിൽ മുട്ടുകുത്തി നിർത്തുക... പട്ടിണിക്കിടുക... തല്ലുക... തുടങ്ങി കഠിനമായ ശിക്ഷകൾ...

സ്കൂളിൽ വന്ന ആദ്യകാലത്ത് അവരുടെ ഭാഷ മാത്രമേ അറിയുമായിരുന്നുള്ളൂ. അതു പറയുന്നതിനും ഭീകരമായ ശിക്ഷകളായിരുന്നു. അങ്ങനെ മാതൃഭാഷ മനപ്പൂർവം പറയാതെയായി. ക്രമേണ ആ ഭാഷയെ മറന്നു.

ഏതാണ്ട്, പത്തുകൊല്ലത്തോളം ആ ജയിലിൽ കഴിയേണ്ടിവന്നു... ആ റസിഡൻഷ്യൽ സ്കൂളിൽ മരിച്ചുപോയ തന്റെ ബാല്യത്തെ ഓർത്താണ് ഐറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത്.

വീട്ടുകാരെ കാണാതെ, അവരോടു മിണ്ടാനുള്ള ഭാഷപോലും മറന്ന്... ഒരു ജീവച്ഛവമായിപ്പോയ ഈ ജന്മം!

ഐറിന്റെ കഥകൾ കേട്ട് എന്തു പറഞ്ഞാണ് ആ കുഞ്ഞിനെ (ഇപ്പോഴത്തെ ഐറിൻ അല്ല) ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാതെ ഹൃദയം വിങ്ങി... ചുറ്റും കനമുള്ള നിശ്ശബ്ദത മാത്രം! ആർക്കും ഒന്നും പറയാനാവാത്ത നിമിഷങ്ങളുടെ ഭാരം... അപ്പോൾ ഐറിൻ പറഞ്ഞു, നിങ്ങൾക്കു വേറൊരു സ്ഥലം ഞാൻ കാണിച്ചുതരാം. ഞങ്ങൾ മെല്ലെ അവിടെനിന്നും എണീറ്റു.

ഡോർമിറ്ററിയിൽനിന്നും പടികൾ ഇറങ്ങി, ഇടനാഴിയിൽ എത്തി. അവിടെ ഒരു ഭാഗത്തു കുളിമുറിയാണ്. വാതിൽ ഇല്ലാത്ത നീണ്ട ഇടുങ്ങിയ മുറി... മൂന്നു ചെറിയ ടബ്ബുകൾ.. ആയിരത്തിനു മേൽ കുട്ടികൾക്ക് കുളിക്കാനുള്ളയിടം! ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേയിടം...

കുളിക്കാൻ അഞ്ചു മിനിറ്റു സമയം... 12-15 കുട്ടികൾക്ക് ഒരു ടവ്വൽ... ഒരു സോപ്പ്... വ്യാഴാഴ്ചയും ശനിയാഴ്ചയുമായിരുന്നു പെൺകുട്ടികളുടെ ദിവസം. വെള്ളിയാഴ്ച ആൺകുട്ടികൾക്കും... ആദ്യം മുതിർന്ന കുട്ടികൾ കുളിക്കും. അതേ വെള്ളത്തിൽ തന്നെ ചെറിയ കുട്ടികളും.

അതിനിടയിലൂടെ കുളി നോക്കാൻ വരുന്ന അദ്ധ്യാപകർ... പാതിരിമാർ... ജോലിക്കാർ... വാതിലില്ലാത്ത ആ കുളിമുറിയിൽ നഗ്നരായിനിന്നു വിഷമിച്ച കാലങ്ങൾ...

നടുവിലെ ടബ്ബ് ചൂണ്ടിക്കാട്ടി ഭൂതകാലത്തിൽനിന്ന്, ഓർമകളിൽ പൊള്ളിപ്പിടഞ്ഞു നേർത്ത ശബ്ദത്തിൽ ഐറിൻ പറഞ്ഞു, ഇതിലായിരുന്നു ഞാൻ കുളിച്ചിരുന്നത്!

അവിടെ നിൽക്കുന്ന ഓരോ നിമിഷവും ഐറിൻ ഓർമകളുടെ വേലിയേറ്റത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

അടിത്തട്ടിൽ മുങ്ങിക്കിടന്ന ട്രോമകൾ വീണ്ടും കുത്തിയൊഴുകിവരുന്നുവെന്ന് തോന്നിയപ്പോൾ, ഐറിൻ മെല്ലെ അവിടെനിന്ന് തിരിഞ്ഞു. കൂടെ ഞങ്ങളും.

മറുഭാഗത്തേക്കു ചൂണ്ടി ഐറിൻ പറഞ്ഞു:

“മനസ്സിനു ധൈര്യമുണ്ടെങ്കിൽ നിങ്ങൾ അവിടം സന്ദർശിക്കൂ... ഞാൻ അങ്ങോട്ടേക്കില്ല. ഇനിയൊരിക്കൽ കൂടി ആ ഓർമകളിലേക്കു പോകാൻ വയ്യ. ഓർമകൾപോലും എന്നെ കൊല്ലും. പക്ഷേ, നിങ്ങൾ അതു കാണണം... ഞങ്ങളെ അറിയണം... എന്നെനിക്കാഗ്രഹമുണ്ട്.”

ഐറിനെ ഒന്നു ചേർത്തുപിടിച്ച്, ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. ഐറിൻ ചൂണ്ടിക്കാട്ടിയ മുറിയിലേക്കു കയറാൻ ചെന്നപ്പോൾ, അവിടെയും ഒരു സന്നദ്ധസേവിക ഉണ്ടായിരുന്നു. ആ മുറിയിലേക്കു കുട്ടികളെ പ്രവേശിപ്പിക്കില്ല എന്നു അവർ പറഞ്ഞു. അങ്ങനെ കുട്ടിയുമായി ഒരാൾ പുറത്തു നിന്നു.

അകത്തെ കാഴ്ചകൾ അതിഭീകരമായിരുന്നു എന്നു പറഞ്ഞാൽപോലും കുറഞ്ഞുപോകുമോ എന്നു തോന്നി. ചങ്കുലയ്ക്കുന്ന കാഴ്ചകൾ. അന്നത്തെ കുട്ടികൾ വരച്ച ചിത്രങ്ങൾ... ചുമരുകളിൽ കോറിയിട്ട എഴുത്തുകൾ... ഗ്രാഫിറ്റികൾ... എല്ലാത്തിലും മുഴച്ചുനിന്നത് അവർ അനുഭവിച്ച ക്രൂരമായ പീഡനങ്ങൾ. നിസ്സഹായതയുടെ നിലവിളികൾ... മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ... ഓരോന്നിലും കുഞ്ഞുങ്ങളുടെ കരച്ചിൽ മുഴങ്ങുന്നുണ്ടായിരുന്നു.

ഞങ്ങൾക്കു മുന്‍പ് ആ മുറിയിൽ കയറിയിരുന്ന ഒരു സ്ത്രീ, വായ് പൊത്തിപ്പിടിച്ചുകൊണ്ട് പുറത്തേയ്ക്കോടി. മുറിയിലെ എ.സിയുടെ തണുപ്പിലും ശരീരം ചുട്ടുപൊള്ളുന്നതുപോലെ തോന്നി.

‘ദൈവത്തിന്റെ ആളുകൾ’ എന്നു വിളിക്കപ്പെട്ട പാതിരിമാരുടെ ക്രൂരതകൾ... കുഞ്ഞുങ്ങൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ...

അവിടെ, കുട്ടികളെ ഭർത്സിക്കാത്ത ഒരു അദ്ധ്യാപകനെപ്പോലും കാണാൻ കഴിഞ്ഞില്ല. കുട്ടികളോടു കരുണയുള്ള ഒരു മനുഷ്യൻപോലും ഇല്ലായിരുന്നോ എന്ന ചിന്തയിൽ ഞാൻ ചുറ്റും നോക്കി.

ഇല്ല... ആരെയും കണ്ടില്ല...

റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക്, ‘Mush’ എന്നത് വെറുമൊരു ഭക്ഷണമായിരുന്നില്ല. ചോളപ്പൊടിയും ഓട്‌സും ചേർത്ത് ഉണ്ടാക്കിയ കഞ്ഞിപോലുള്ള ഭക്ഷണമായിരുന്നു മിക്കപ്പോഴും കുട്ടികൾക്കു നൽകിയിരുന്നത്. രുചിയോ പോഷകമോ ഇല്ലാത്ത, വെള്ളംപോലുള്ള ഭക്ഷണം. അതിനെ കുട്ടികൾ ‘mush’ എന്നു വിളിച്ചു.

റസിഡൻഷ്യൽ സ്കൂളിലെ ക്രൂരതകളെ അതിജീവിച്ചവർ പിന്നീട് പറഞ്ഞത്, എന്നും എപ്പോഴും ഒരേ ഭക്ഷണമായിരുന്നുവെന്നും പലപ്പോഴും പഴകിയതായിരുന്നുവെന്നും ആണ്. ചിലപ്പോൾ ശിക്ഷയുടെ ഭാഗമായിത്തന്നെ വളിച്ചതും പുളിച്ചതുമായ ഭക്ഷണം കുട്ടികളെക്കൊണ്ട് തീറ്റിക്കാറുണ്ടായിരുന്നുവത്രേ. അതിനാൽ മിക്കപ്പോഴും അവർ വിശന്നിരുന്നു.

അതിനെക്കുറിച്ച് പറയുമ്പോൾ ഇന്നും പല അതിജീവിതരുടേയും തൊണ്ട ഇടറുന്നുണ്ട്. ആ ഓർമകളിൽ അവർ ഇന്നും പൊള്ളിപ്പിടയുകയാണ്.

അങ്ങനെ ആ സ്കൂളിനെത്തന്നെ കുട്ടികൾ പതുക്കെ ‘The Mush Hole’ എന്നു വിളിക്കാൻ തുടങ്ങി.

പക്ഷേ, ‘The Mush Hole’ എന്നത് ഭക്ഷണത്തിന്റെ പേര് മാത്രമല്ല. കാലക്രമേണ ആ പേര് വിശപ്പിന്റെ... അപമാനത്തിന്റെ... അവഗണനയുടെ... ഒറ്റപ്പെടലിന്റെ... അതിക്രമങ്ങളുടെ... ഒരു ജനതയുടെ സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ പേരായി മാറി. ഒരു ജനതയുടെ ദുഃസ്വപ്നമായി മാറി.

അതിജീവിച്ചവർ പറയുമ്പോൾ, ‘The Mush Hole’ എന്നു പറയുന്നത് ഒരു കെട്ടിടത്തെക്കുറിച്ച് മാത്രമല്ല, അവരുടെ ബാല്യത്തെ വിഴുങ്ങിയ ഒരു സംവിധാനത്തെക്കുറിച്ചാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com