Image of Ismat
ഇസ്മത് ഛുഗ്തായിസമകാലി മലയാളം വാരിക

അശ്ലീലം എഴുതുന്ന സ്ത്രീ

ഇസ്മാന്‍ ഛുഗ്തായിയുടെ എ ലൈഫ് ഇന്‍ വേര്‍ഡ്സ് എന്ന ഓര്‍മ്മപ്പുസ്തകത്തെക്കുറിച്ച്
Published on

“നിന്റെ പെണ്ണും നിന്റെ ആണും ഞാനായിത്തീർന്നു” -വായനക്കാരിൽ കുറേപ്പേരുടെയെങ്കിലും നെറ്റി ചുളിപ്പിച്ച് കല്ല്യാണിക്കുട്ടി ഷീലയോട് ഇങ്ങനെ പറഞ്ഞത് 37 വർഷം മുന്‍പാണ്; മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളിൽ. കല്ല്യാണിക്കുട്ടി ഷീലയെ തുറന്നു പ്രണയിക്കുകയും തിരിച്ച് ഷീല മടിച്ചു പ്രണയിക്കുകയും ചെയ്ത ചന്ദനമരങ്ങൾക്കും ഒരു പതിറ്റാണ്ടു മുന്‍പുതന്നെ ‘രണ്ടു പെൺകുട്ടി’കളെ കണ്ടുകഴിഞ്ഞിരുന്നു മലയാളി, വി.ടി. നന്ദകുമാറിന്റെ നോവലായും മോഹന്റെ സിനിമയായും. ഇതിനിടയ്ക്ക് എപ്പോഴോ ആണ് പദ്മരാജന്റെ ‘ദേശാടനക്കിളികൾ’ വന്നത്. നിമ്മിയുടേയും സാലിയുടേയും അസാധാരണ സൗഹൃദത്തിന്റെ കഥ. അതിനുമുണ്ടായി, പെൺ പ്രണയ വ്യാഖ്യാനങ്ങൾ. പെണ്ണിനു പെണ്ണിനേയും പ്രേമിക്കാമെന്നും കാമിക്കാമെന്നുമുള്ള ബോധ്യങ്ങൾ ഇത്രയ്ക്കൊന്നും ഇല്ലാതിരുന്ന കാലത്തെ എഴുത്തുകളാണ്. അപ്പോൾപ്പിന്നെ അതിനും മൂന്നോ മൂന്നരയോ പതിറ്റാണ്ടു മുന്‍പത്തെ കഥയാണെങ്കിലോ? ലിഹാഫ് അങ്ങനെയൊരു കഥയാണ്, ലിഹാഫിന്റെ കഥയും അങ്ങനെയൊരു കഥയാണ്; എ ലൈഫ് ഇൻ വേർഡ്സിൽ അതു വിവരിക്കുന്നുണ്ട്, ഇസ്മത് ഛുഗ്തായി.

ഭർത്താവിൽനിന്ന് ഒരു പരിഗണനയും കിട്ടാതിരുന്ന ബീഗം ജാൻ തോഴിയുമായി ശരീരംകൊണ്ടും മനസ്സുകൊണ്ടും പ്രണയത്തിലാവുന്ന കഥയാണ് ലിഹാഫ്. ഓർക്കണം, 1942-ലാണ് ഇസ്മത് ഛുഗ്തായി ലിഹാഫ് എഴുതുന്നത്. ഭർത്താവിൽനിന്നു പരിഗണന കിട്ടാതിരുന്നതു കൊണ്ടു മാത്രമാണോ ബീഗം ജാൻ തോഴി റബ്ബുവുമായി അടുത്തത്? അങ്ങനെ ഒരാൾക്കു പുതിയ ലൈംഗിക വ്യക്തിത്വം രൂപപ്പെടുമോ? ഇങ്ങനെയൊക്കെ പുതിയകാലത്തെ ചോദ്യങ്ങളുമായി അതു വായിക്കുന്നത് അത്രകണ്ട് യുക്തിസഹമാവില്ല. എന്തായാലും അതിലൊരു വിപ്ലവമുണ്ട്, അകമുറികളിൽ ഒതുങ്ങിപ്പോവുന്ന സ്ത്രീലോകത്തിന്റെ പ്രകാശനമുണ്ട്, പുരുഷന്മാരുടെ ലോകത്തിനു നേരെയുള്ള കലാപക്കൊടി അതുയർത്തുന്നുണ്ട്. അതുതന്നെയാവണം ലിഹാഫിനെ നിയമക്കുരുക്കിൽ എത്തിച്ചത്. ആത്മകഥയിൽ ഇസ്മത് പറയുന്നത് ആ കഥയാണ്. ലിഹാഫിന്റെ കഥയും ലിഹാഫ് ഇസ്മതിന്റെ ജീവിതത്തിലുണ്ടാക്കിയ കഥയും ചേർത്താണ് ‘റാഹത് കാസ്മി ലിഹാഫ്’ എന്ന സിനിമ ഒരുക്കിയത്.

ബോംബെയിലെ വീട്ടിൽ രണ്ടു മാസം പ്രായമുള്ള മകൾക്ക് പാൽ തിളപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സമൻസുമായി പൊലീസ് വന്നതെന്ന് ഓർത്തെടുക്കുന്നുണ്ട്, ഇസ്മത്. ലാഹോർ കോടതിയിലാണ് ഹാജരാകേണ്ടത്. എന്താണ് കേസ്? അശ്ലീല സാഹിത്യം. സമൂഹത്തെ വഴിപിഴപ്പിക്കുന്ന വിധത്തിൽ കഥയെഴുതി! ബ്രിട്ടീഷ് ഭരണകാലമാണ്. അവർ ഇതൊക്കെ വായിച്ചുകൊണ്ടിരിക്കുകയാണോ? ഇങ്ങനെയൊരു ചിരിയാണ് ആദ്യം വന്നതെന്ന് ഇസ്മത്. ജയിൽ ഒന്നു കാണണമെന്ന് വിചാരിച്ചിട്ട് ഇതുവരെ പറ്റിയിട്ടില്ല, ഇക്കുറി അതു നടക്കുമോ? പൊലീസുകാരനോട് ചോദിച്ചു, അയാൾ അമ്പരപ്പോടെ കണ്ണു മിഴിച്ചു.

തമാശയായിരുന്നെങ്കിലും പക്ഷേ, തമാശ മാത്രമായിരുന്നില്ല കാര്യങ്ങൾ. പത്രങ്ങളിൽ വാർത്ത വന്നു, അശ്ലീലം എഴുതിയതിന് ഉറുദു എഴുത്തുകാരി ഇസ്മത് ഛുഗ്തായിക്കെതിരെ നിയമനടപടി. വീട്ടുകാരൊക്കെ അറിഞ്ഞു, പ്രത്യേകിച്ചും ഭർത്തൃവീട്ടുകാർ. അവർ ഭർത്താവ് ഷാഹിദിനെ വിളിച്ച് ശ്രദ്ധിക്കാൻ ഉപദേശിച്ചു. എഴുത്തിൽ പ്രശ്നമില്ല, പക്ഷേ, പെൺകുട്ടികൾ ഇങ്ങനെയൊക്കെ എഴുതാമോ? അതായിരുന്നു ചോദ്യം. കഥയ്ക്കെതിരെ രംഗത്തുവന്ന പലരും ഉന്നയിച്ച പ്രധാന വാദം ഇതായിരുന്നു. കിട്ടിയ കത്തുകളിൽ പലതിലും അതിങ്ങനെ തെളിഞ്ഞുനിന്നു. തന്നെ മാത്രമല്ല, ഭർത്താവിനേയും വീട്ടുകാരേയും രണ്ടുമാസം പ്രായമായ കുഞ്ഞിനെ വരെ പുലഭ്യം പറഞ്ഞു കൊണ്ടുള്ള കത്തുകൾ. ആദ്യ വരികൾ വായിച്ച് അടുപ്പിലേക്ക് എറിഞ്ഞുകളഞ്ഞവ. സത്യത്തിൽ അന്നൊക്കെ കത്തുകൾ തുറക്കാൻ തന്നെ പേടിയായിരുന്നു. ഒരു സ്ത്രീ ഇങ്ങനെയൊക്കെ എഴുതാമോ? വായനക്കാർ മാത്രമല്ല, മുതിർന്ന ചില എഴുത്തുകാരും പങ്കുവച്ചു ആ ചോദ്യം. ലിഹാഫിൽ അശ്ലീലമുണ്ടെന്ന് പറഞ്ഞ എഴുത്തുകാരനോട് അയാളുടെ കഥയിൽ ലൈംഗിക രംഗങ്ങൾ കുത്തിനിറച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ “ഞാനൊരു പുരുഷനല്ലേ” എന്നു മറുപടി കിട്ടിയതിനെക്കുറിച്ച് പറയുന്നുണ്ട്, ഇസ്മത്.

image of book A-Life-in-Words-Memoirs
A-Life-in-Words-Memoirsസമകാലിക മലയാളം വാരിക

മാന്റോയാണ് കട്ടയ്ക്ക് കൂടെ നിന്നത്. ലിഹാഫ് ഗംഭീര കഥയാണെന്ന് ഓർമിപ്പിച്ച്, അതിനെച്ചൊല്ലിയുള്ള കോലാഹലമെല്ലാം തമാശയായി കാണാൻ പ്രേരിപ്പിച്ച് ഒപ്പം നിന്നു, സാദത്ത് ഹസൻ മാന്റോ. കഥകളിൽ അശ്ലീലം ആരോപിക്കപ്പെട്ട് പലവട്ടം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട് മാന്റോ. ലിഹാഫ് കേസ് എടുക്കുന്ന ദിവസവും ഹാജരാവണമായിരുന്നു കക്ഷി, ലാഹോർ കോടതിയിൽത്തന്നെ. ലാഹോറിലേക്കുള്ള യാത്ര ആഘോഷമാക്കി മാറ്റാൻ പ്രേരണയായത് മാന്റോയാണ്. അവിടുത്തെ മരംകോച്ചുന്ന തണുപ്പിൽ വിസ്‌കി നുണഞ്ഞിരിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് ഷാഹിദിനേയും പ്രലോഭിപ്പിച്ചു, എഴുത്തുകാരൻ. കേസെടുത്തതിന് ബ്രിട്ടീഷ് സർക്കാരിനോട് നന്ദി പറയാവുന്നവിധം ആഹ്ലാദഭരിതമായിരുന്നു, ആ യാത്ര.

മാന്റോയുടെ കേസാണ് ആദ്യം എടുത്തത്. വക്കീൽ സാക്ഷിയെ വിസ്തരിക്കുകയാണ്, “ഈ കഥയിൽ അശ്ലീലമുണ്ടോ?”

“ഉണ്ട്.”

“ഏതാണ് അശ്ലീലം?”

‘അതിൽ നെഞ്ച് എന്നു പറയുന്നുണ്ട്.”

“യുവർ ഓണർ, നെഞ്ച് അശ്ലീലമല്ല.”

“അല്ല, ഇവിടെയൊരു സ്ത്രീയുടെ മാറിടത്തെപ്പറ്റിയാണ് പറയുന്നത്.”

പെട്ടെന്നാണ് മാന്റോ എഴുന്നേറ്റത്: “സ്ത്രീകളുടെ മാറിടത്തെ മാറിടം എന്നല്ലാതെ കപ്പലണ്ടി എന്നാണോ പറയേണ്ടത്?”

കോടതിമുറിയിൽ ചിരി പരന്നു, ജഡ്ജി പക്ഷേ, ഗൗരവം പൂണ്ടു. “ഇനിയും ഇങ്ങനെ കമന്റുമായി വന്നാൽ നടപടിയുണ്ടാവും” “നെഞ്ച് അശ്ലീലമെങ്കിൽ കാൽമുട്ടും കൈമുട്ടുമൊക്കെ എന്താവുമോ ആവോ”, കോടതി മുറിയിൽ ഒച്ചതാഴ്ത്തി പറഞ്ഞു ചിരിച്ചതിനെക്കുറിച്ച് ഓർക്കുന്നു, ഇസ്മത്. എന്തായാലും പ്രോസിക്യൂഷൻ കൊണ്ടുവന്ന സാക്ഷിക്ക് മാന്റോയുടെ കഥയിൽ നെഞ്ച് അല്ലാതെ മറ്റ് അശ്ലീലമൊന്നും കണ്ടെത്താനായില്ല.

ലിഹാഫിന്റെ കാര്യത്തിലും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു കാര്യങ്ങൾ. കഥയിൽ എന്ത് അശ്ലീലമാണ് കണ്ടതെന്ന് വക്കീൽ ചോദിച്ചപ്പോൾ പ്രത്യേകിച്ച് വാക്കുകളൊന്നും ചൂണ്ടിക്കാട്ടാൻ സാക്ഷിക്കായില്ല. ഈ പ്രയോഗം നോക്കൂ, അത് അശ്ലീലമാണ്; അയാൾ പറഞ്ഞു. കാമുകന്മാരെ തേടിപ്പിടിക്കൽ എന്ന പ്രയോഗമാണ് അയാളുടെ വികാരത്തെ വ്രണപ്പെടുത്തിയത്. ഇതിൽ ഏതാണ്, തേടിപ്പിടിക്കലോ അതോ കാമുകനോ അശ്ലീലം? വക്കീലിന്റെ ചോദ്യത്തിൽ അയാളൊന്ന് പരുങ്ങിയപോലെ തോന്നി. ‘കാമുകൻ’ അയാൾ പറഞ്ഞു.

“യുവറോണർ, കാമുകൻ എന്ന വാക്ക് അശ്ലീലമല്ല” വക്കീൽ കോടതിയെ ബോധിപ്പിച്ചു. “വലിയ വലിയ കവികളൊക്കെ അതുപയോഗിച്ചിട്ടുണ്ട്. പ്രവാചകനെ പ്രശംസിക്കാൻ എഴുതിയ വരികളിലും അതുണ്ട്. ദൈവഭയമുള്ള ആളുകൾ വലിയ ആദരവോടെ പ്രയോഗിക്കുന്ന വാക്കാണത്.”

“പക്ഷേ, പെൺകുട്ടികൾ കാമുകന്മാരെ തേടിപ്പിടിക്കുക എന്നു പറയുന്നത്.” സാക്ഷി കാര്യത്തിലേക്കു വന്നു. “നല്ല പെൺകുട്ടികളൊന്നും അങ്ങനെ ചെയ്യില്ല” -അയാൾ പറഞ്ഞു.

“നല്ല പെൺകുട്ടികൾ അല്ലെങ്കിൽ കുഴപ്പമില്ല അല്ലേ?” -വക്കീൽ ചോദിച്ചു.

“ഇല്ല.”

“അങ്ങനെയെങ്കിൽ നല്ല പെൺകുട്ടികളെക്കുറിച്ചേയല്ല എന്റെ കക്ഷി എഴുതിയത്.”

കേസ് അവിടെ തീർന്നതാണ്. എങ്കിലും കറങ്ങിത്തിരിഞ്ഞ് അത് പഴയ വാദത്തിലേക്ക് തന്നെ എത്തി.

“എങ്കിലും അന്തസ്സുള്ള കുടുംബത്തിലെ സ്ത്രീകൾ ഇങ്ങനെയൊക്കെ എഴുതുക എന്നുവെച്ചാൽ.”

കഥകളും നോവലുമൊക്കെ വായിക്കുന്നയാളായിരുന്നു ജഡ്ജി. ലിഹാഫ് വായിച്ചിട്ടുണ്ട്, മാന്റോയുടെ കഥകളും. ഇടയ്ക്ക് ചേംബറിലേക്ക് വിളിപ്പിച്ച് പറഞ്ഞു: “നിങ്ങളുടെ കഥകളിൽ അശ്ലീലമൊന്നുമില്ല. മിക്കതും ഞാൻ വായിച്ചിട്ടുണ്ട്. മാന്റോയുടേത് പക്ഷേ, അങ്ങനെയല്ല, പലതും മാലിന്യമയമാണ്.”

“ലോകം തന്നെ നിറയെ മാലിന്യമല്ലേ?”

“അതിങ്ങനെയിട്ട് ഇളക്കിക്കൊണ്ടിരിക്കണോ?” സൗഹൃദത്തിലായിരുന്നു ജഡ്ജിയുടെ ചോദ്യം.

“ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരുന്നാൽ അതു പുറത്തേക്കുവരും, അപ്പോൾ ആളുകൾ അതു കാണും, ഇത് വൃത്തിയാക്കേണ്ടതാണല്ലോയെന്ന് അവർക്കു തോന്നും.”

ജഡ്ജി ചിരിച്ചു.

എന്താണ് എഴുത്തിലെ അശ്ലീലം? ലോകത്ത് പലയിടത്തും കോടതികൾ ചികഞ്ഞു നോക്കിയിട്ടുണ്ട്, ഈ ചോദ്യം. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കോടതി മുന്നോട്ടുവെച്ച ഹിക്ക്‌ലിൻ ടെസ്റ്റായിരുന്നു, സാഹിത്യത്തിലെ അശ്ലീലം കണ്ടെത്താൻ അടുത്തകാലം വരെ ഇന്ത്യൻ നീതിപീഠങ്ങളുടെ മാനദണ്ഡം. സമൂഹത്തിലെ ശരാശരിയിലും താഴ്ന്ന ‘ചിന്താശേഷി’യുള്ള ഒരാളെപ്പോലും ‘വഴിപിഴപ്പിക്കാവുന്ന’ ഒരു വരിയെങ്കിലുമുണ്ടെങ്കിൽ അത് അശ്ലീലമാണ്! ലേഡി ചാറ്റർലിയുടെ കാമുകൻ നിരോധനം ശരിവച്ചുകൊണ്ടുള്ള വിധിയിൽ സുപ്രീംകോടതി അതു വ്യക്തമായി പറഞ്ഞു. 1965-ലായിരുന്നു അത്. പിന്നീട് നീതിന്യായപീഠത്തിന്റെ നിലപാട് മാറി. അവീക് സർക്കാർ കേസിൽ സുപ്രീംകോടതി ഹിക്ക്‌ലിൻ ടെസ്റ്റിനെ തള്ളിപ്പറഞ്ഞു. ഒരു വരിയോ ഖണ്ഡികയോ നോക്കിയല്ല, കൃതിയെ മൊത്തമായി എടുത്തു വേണം വിലയിരുത്തൽ നടത്താൻ. കാലത്തിന്റെ സാമൂഹിക മൂല്യങ്ങളാവണം അതിന് അടിസ്ഥാനം. ലേഡി ചാറ്റർലിയുടെ നിരോധനം ഔദ്യോഗികമായി ഇന്ത്യ എടുത്തുമാറ്റിയതായി അറിവില്ല, പക്ഷേ, നമ്മളത് ഒളിവിലല്ലാതെ തന്നെ വായിക്കുന്നു. കൃതിയെ മൊത്തമായി വായിക്കണം, അതു മുന്നോട്ടു വയ്ക്കുന്ന ആശയമറിയണം എന്ന പുതിയ വിധിയിൽ വിലക്ക് മാഞ്ഞു മാഞ്ഞു പോയതാവണം. സമൂഹത്തിൽ മാലിന്യമുണ്ട്, ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരുന്നാലേ ആളുകൾ അതു വൃത്തിയാക്കുന്നതിനെക്കുറിച്ചോർക്കൂ എന്ന് ഇസ്മത് ഛുഗ്തായി പറഞ്ഞതിനോട് ചേർന്നു നിൽക്കുന്നുണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com