സലിംകുമാർ: ദി സെക്യുലർ പ്രിൻസ്

Image of Salim kumar
സലിംകുമാര്‍TP Sooraj@The New Indian Express.Kozhikode.
Updated on

ദിനവും ചെയ്യുന്ന നിഷ്‌ഫലകർമങ്ങളെ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ എന്നും അത്ഭുതപാരവശ്യങ്ങളെ ‘സത്യം പരമാർത്ഥം’ എന്നും നന്ദിപറച്ചിലുകളെ ‘മെൽകൗ’കൊണ്ടും, പണക്കിലുക്കം ഇല്ലാത്ത നന്ദിപ്രകടനങ്ങളെ ‘നന്ദി മാത്രേ ഉള്ളല്ലേ?’ എന്നും നാം അടയാളപ്പെടുത്താൻ തുടങ്ങിയിട്ട് കൊല്ലങ്ങൾ ഏറെയായി. സ്‌ക്രിപ്റ്റിലെ സംഭാഷണങ്ങൾക്ക് ഒരു അഭിനേതാവ് തന്റേതായ ശൈലിയും ടൈമിങ്ങുംകൊണ്ട് ചിറകുനൽകുമ്പോൾ മാത്രമാണ് തിയേറ്റർ വിട്ട് പുറത്തുപോകുന്ന പ്രേക്ഷകന് ഒപ്പം പിന്നീടങ്ങോട്ട് അവ കൂട്ടുകൂടുക.

മലയാളിയുടെ ദൈനംദിന ജീവിതവുമായി വല്ലാതെ ഇഴചേർന്നു കിടക്കുന്നവയാണ് സലിംകുമാറും ശ്രീനിവാസനും സംഭാവന ചെയ്ത ഡയലോഗുകളിൽ പലതും. ശ്രീനിവാസൻ മറ്റുള്ളവർക്കുവേണ്ടിക്കൂടി സ്വയം എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളിലൂടെയാണ് നമ്മോട് സംസാരിച്ചതെങ്കിൽ, സലിംകുമാർ തന്റെ തന്നെ വേഷങ്ങളിലൂടെ, നേരിട്ടാണ് ആ ‘കൃത്യം’ നിർവഹിച്ചത്.

സമൂഹത്തിന്റെ താഴെത്തട്ടിൽനിന്നും കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം ഉയർന്നുവന്ന, മലയാളി ഉള്ള കാലത്തോളം ഓർത്തിരിക്കാൻ പാകത്തിൽ സിനിമകൾ ചെയ്ത, അടിമുടി മതേതരനായ ഒരു കലാകാരനാണ് നമ്മെ വിട്ടുപിരിഞ്ഞത്.

ദി പ്രിൻസ് ഓഫ് മീംസ്

സലിം എന്ന പേര് ചരിത്രത്തിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞിരിക്കുന്നത് മുഗൾ ചരിത്ര കാലത്താണ്. അക്ബർ ചക്രവർത്തിയുടെ മകനായ, പിന്നീട് ജഹാംഗീർ എന്ന് പേര് കൈക്കൊണ്ട, അനാർക്കലിയുടെ സലിം രാജകുമാരൻ. ആഗ്രയിലെ ആ കോട്ടക്കൊത്തളങ്ങളിൽ നിന്നും, വിന്ധ്യസത്പുര മലനിരകൾ താണ്ടി, കാവേരിയും നിളയും പിന്നിട്ട് ഇങ്ങു കൈരളിയിൽ എത്തിയാൽ നമുക്കുമുണ്ടൊരു സലിം രാജകുമാരൻ.

സലിം കുമാർ ദി പ്രിൻസ് ഓഫ് മീംസ്...

ആശയവിനിമയരംഗത്ത് മൊബൈൽ ഫോൺ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് ആദിമുതൽ തന്നെ സാക്ഷ്യം വഹിച്ച തലമുറയാണ് ഞങ്ങളുടേത്. കീപ്പാഡ് ഫോണിൽനിന്നും തുടങ്ങിയ മാറ്റങ്ങൾ ഇപ്പോൾ നിർമിതബുദ്ധി വരെ എത്തിനിൽക്കുന്നു. സ്‌മാർട്ട്ഫോണുകളുടെ കടന്നുവരവും ഇന്റർനെറ്റ് മത്സരവിപണിയിൽ ജിയോ കൊണ്ടുവന്ന വിലക്കുറവിന്റെ വിപ്ലവങ്ങളും മലയാളിയുടെ സൈബർ ഇടങ്ങളിൽ വലിയ തോതിലുള്ള ഉടച്ചുവാർക്കലുകൾ നടത്തിയിട്ടുണ്ട്. 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ശതകത്തിന്റെ തുടക്കത്തിലാണ് ട്രോളുകളും മീമുകളും മലയാളിയുടെ മുഖപുസ്തകത്തിൽ വലിയ തോതിൽ കളംപിടിച്ചുതുടങ്ങുന്നത്. ഒരു ആശയത്തോടോ പരാമര്‍ശത്തോടോ നിങ്ങൾക്കുള്ള വിമർശനം ഖണ്ഡിക തിരിച്ചുള്ള ഘടാഘടിയൻ എഴുത്തിനെക്കാൾ, മണിക്കൂറുകൾ നീളുന്ന പത്രസമ്മേളനങ്ങളെക്കാൾ ഫലപ്രദമായി ഒന്നോ രണ്ടോ സിനിമാഡയലോഗിലൂടെയോ സംഭാഷണ ശകലങ്ങൾപോലും ഇല്ലാത്ത മീമുകളിലൂടെയോ പ്രകടിപ്പിക്കാം എന്ന സാധ്യത വളരെ വേഗമാണ് നമ്മുടെ സൈബർ സ്‌പേസ് തിരിച്ചറിഞ്ഞത്.

പാശ്ചാത്യ വിനോദവിപണിയിൽ മികച്ച പങ്ക് കയ്യാളിയിരുന്ന കാർട്ടൂണുകൾ അവിടങ്ങളിലെ മീമുകൾക്ക് തണൽവിരിച്ചപ്പോൾ സമ്പന്നമായ സിനിമാചരിത്രമുണ്ടായിരുന്ന കേരളത്തിൽ മീമുകളും സിനിമകളും തമ്മിൽ വളരെവേഗം തന്നെ ഒരു സഹജീവനത്തിൽ (Symbiosis) ഏർപ്പെട്ടു. സിനിമകളിൽനിന്നും മീമുകൾ തങ്ങൾക്കാവശ്യമായ പശ്ചാത്തലങ്ങൾ കടംകൊണ്ടപ്പോൾ, സിനിമകളുടെ വാണിജ്യസാധ്യതകൾക്ക് ചൂട്ടുകത്തിക്കുന്ന തരത്തിലേക്ക് നമ്മുടെ മീം കൾച്ചർ ഉയർത്തപ്പെട്ടു.

സംഭാഷണങ്ങൾക്ക് സ്ഥലപരിമിതിയുള്ള മീമുകളിൽ ചേഷ്ടകൾക്കും അംഗവിക്ഷേപങ്ങൾക്കുമാണ് പ്രാധാന്യം. പ്രത്യേകിച്ചും മുഖഭാവങ്ങൾക്ക്.

പതിവിൽ കൂടുതൽ പുറത്തേയ്ക്ക് ഉന്തിയ കണ്ണുകൾ അടങ്ങിയ തന്റെ മുഖത്തെ, കരിയറിൽ ഉടനീളം പരമാവധി പ്രയോജനപ്പെടുത്തിയ, മികച്ച ടൈമിങ്ങിലൂടെ കുറിക്കുകൊള്ളുന്ന ഡയലോഗ് ഡെലിവറി നടത്തിയ സലിംകുമാർ അതോടെ മീമുകൾക്കും ട്രോളുകൾക്കും വിലപിടിച്ച ഒരു സ്രോതസ്സായി മാറി. കാലക്രമേണ മീമുകളുടെ പ്രിൻസായി അയാൾ എണ്ണപ്പെട്ടുതുടങ്ങി.

ഫേസ്ബുക് വിട്ട് ഇൻസ്റ്റഗ്രാമിലേയ്ക്ക് ജെന്‍സി തലമുറ കൂടുമാറ്റം നടത്തിയപ്പോഴും സലിംകുമാർ അവർക്കൊപ്പം കൂടി. കമന്റ് സെക്ഷനുകളിലെ ജിഫ്‌കളായും വാട്ട്‌സപ് മെസെഞ്ചർ സ്റ്റിക്കറുകൾ ആയുമായിരുന്നു ഇക്കുറി അയാളുടെ രൂപാന്തരീകരണം എന്നുമാത്രം.

Image of Salimkumar
സലിംകുമാര്‍ TP Sooraj@The New Indian Express.Kozhikode.

മിമിക്രിക്കാരുടെ സ്‌നാപകയോഹന്നാൻ

കാഹളം മുഴങ്ങി. കാഹളധ്വനി കേട്ടപ്പോൾ ജനം ആർത്തട്ടഹസിക്കുകയും മതിൽ നിലംപതിക്കുകയും ചെയ്തു. അവർ ഇരച്ചുകയറി പട്ടണം പിടിച്ചെടുത്തു.

(ജോഷ്വ 6:20)

കാഹളധ്വനിയും ആർപ്പുവിളികളുംകൊണ്ട് ജറീക്കോ പട്ടണത്തിന്റെ മതിൽ തകർന്ന കഥ പഴയനിയമത്തിലുണ്ട് .

മിമിക്രി എന്ന കലയെ എന്തോ പാതകമായി കണ്ടിരുന്ന ഒരുസമയം മലയാള സിനിമയിൽ ഉണ്ടായിരുന്നു. അനുകരണകലയേയും അതിലൂടെ വയറ്റിപ്പിഴപ്പ് തേടിയിരുന്നവരേയും രണ്ടാം തരക്കാരായി മാറ്റിനിർത്തിയ ഒരുകാലം. തന്റെ പിന്നാലെ വന്ന അസംഖ്യം മിമിക്രി കലാകാരന്മാർക്ക് വഴിയൊരുക്കുകയായിരുന്നു സലിംകുമാർ ചെയ്തത്. അയാൾക്കു മുൻപേ ‘സുന്ദരന്മാരായ’ ജയറാമും ദിലീപും സിനിമയിൽ ഇടം നേടിയെങ്കിലും അവരെപ്പോലെ നായക ഉപനായക പദവിയുടെ തണൽ ലഭിക്കാത്ത അസംഖ്യം വരുന്ന അനുകരണ കലാകാരന്മാർക്ക് സ്‌നാപകനായി മാറാനുള്ള ദൗത്യം സലിംകുമാറിന്റെ ചുമലുകളിലാണ് ഏല്പിക്കപ്പെട്ടത്. അയാൾ അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

‘ആദാമിന്റെ മകൻ അബു’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കേരളത്തിൽ എത്തിച്ചതിനു ശേഷം സലിംകുമാർ അഭിപ്രായപ്പെട്ടത് ‘ഞാൻ ഒരു വലിയ മതിൽ പൊളിച്ചിട്ടുണ്ട്’ എന്നാണ്. മുൻനിര ചലച്ചിത്രങ്ങളിലും പുരസ്‌കാര നിർണായ വേദികളിലും അതുവരേയ്ക്കും മിമിക്രിക്കാർക്ക് ഉണ്ടായിരുന്ന അപ്രഖ്യാപിത വിലക്കിന്റെ കരിങ്കൽ ഭിത്തികൾ അയാളുടെ ഉറക്കെയുള്ള പൊട്ടിച്ചിരികളിലൂടെ തകർന്നടിയുകയായിരുന്നു. അതോടെ സിനിമയുടെ എല്ലാ വേദികളിലും അവർ നേരിട്ടിരുന്ന ഉച്ചനീചത്വങ്ങൾക്ക് തെല്ലൊരു ശമനം വന്നുതുടങ്ങി.

ശേഷം മറ്റൊരു മിമിക്രിക്കാരനായ സുരാജ് തന്നെ അഭിനയനിറവിന്റെ ആ സുവർണപീഠം കയറുന്നതും നമ്മൾ കണ്ടു.

നിർമാണം: സലിംകുമാർ

പത്തിന് വാങ്ങിയ മുതൽ ഇരുപതിന് വിൽക്കുക എന്നതാണ് നാട്ടുനിയമം.

നഷ്ടമാകും എന്നുറപ്പുള്ള കച്ചവടത്തിന് ഒരാളും കച്ചകെട്ടാറില്ല.

ലാഭമാണ് പ്രധാനം.

സിനിമ പോലൊരു വൻ മുതൽമുടക്ക് ആവശ്യമുള്ളയിടത്ത് പ്രത്യേകിച്ചും.

എന്നാൽ സലിംകുമാർ എന്ന നിർമാതാവ് പണമിറക്കിയ പടങ്ങൾ ശ്രദ്ധിക്കുക.

‘കംപാർട്ട്‌മെന്റ്’ (2015) എന്ന ചിത്രത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് വിഷയം ആയതെങ്കിൽ, സമൂഹത്തിൽ താഴെത്തട്ടിൽ ഉള്ളവർക്കിടയിലെ മതപരിവർത്തനവും അതിലൂടെ അവർ നേരിടേണ്ടിവരുന്ന നിലനിൽപ്പിലെ വെല്ലുവിളികളുമാണ് ‘മൂന്നാം നാൾ ഞായറാഴ്ച’ (2016). തൊട്ടടുത്ത വര്‍ഷം വന്ന ‘കറുത്ത ജൂത’നിൽ ആകട്ടെ, മലയാളി അതുവരേയ്ക്കും പാടെ അവഗണിച്ചിരുന്ന ജൂത സമുദായത്തിന്റെ തന്നെ ഒരു വിഭാഗത്തെയാണ് അയാൾ കഥയാക്കിയത്. ഏതു സമുദായത്തിലേയും തികച്ചും സാധാരണക്കാരാണ് വർഗീയതയുടെ കൊലക്കത്തികൾക്ക് എന്നും ഇരയാക്കപ്പെടുന്നത് എന്ന് ആരോൺ ഇല്യാഹൂ സാക്ഷ്യം പറയുന്നു.

ആത്യന്തികമായി സിനിമ ഒരു കച്ചവടമാണ്. അത് നന്നായി അറിഞ്ഞും മുടക്കുമുതൽ പോലും കിട്ടില്ല എന്നുറപ്പുണ്ടായിട്ടും സലിംകുമാർ എന്ന സാമൂഹ്യജീവി നടത്തിയ ധനവ്യയങ്ങൾ ആണിവ.

തനിക്ക് പറയാനുള്ളത് സിനിമയാക്കാൻ അയാളുടെ ഉള്ളിലുള്ള അടങ്ങാത്ത തീയുടെ ശമനം മാത്രമാണ് അയാളുടെ ലാഭവിഹിതം.

നിർമിച്ച സിനിമകളിൽ ഒന്നിലും മുടക്കുമുതൽ പോലും തനിക്ക് ലഭിച്ചിട്ടില്ല എന്ന് ചിരിച്ചുകൊണ്ട് പറയാൻ അയാൾക്കു മാത്രമേ സാധിക്കുകയുമുള്ളൂ.

Image of Salimkumar
സലിംകുമാര്‍ Facebook

‘മദ’ജീവികൾക്കും അശാസ്ത്രീയ ചികിത്സകൾക്കുമെതിരെ

‘നാളെ എന്തെന്ന് അറിയാത്ത മനുഷ്യരുടെ ഉല്‍ക്കണ്ഠയാണ് ഭക്തി’ എന്നൊരു വേദിയിൽ സലിംകുമാർ പറയുന്നത് കേട്ടിട്ടുണ്ട്. ഭക്തിക്ക് ഇതിലും നല്ലൊരു വിശേഷണം വേറെ നല്‍കാൻ ഉണ്ടാകുമെന്നു തോന്നുന്നില്ല. മതം പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കുന്ന, അവരുടെ കീശയ്ക്ക് ഓട്ടയിടുന്ന എല്ലാ പറ്റം ജീവികൾക്കുമെതിരെ തന്റെ ആയുസ്സിൽ ഉടനീളം കലഹിച്ചിട്ടുണ്ട് സലിംകുമാർ. ഇന്ന് നന്നായി ജീവിക്കാതെ നാളെ തേനും പാലും ഒഴുക്കുന്ന വാഗ്‌ദത്തഭൂമി കിട്ടുമെന്ന് പഠിപ്പിക്കുന്ന, ശീലിക്കുന്ന എല്ലാ കൂട്ടങ്ങളേയും ഹിന്ദു-ക്രിസ്ത്യൻ-മുസ്‌ലിം ഭേദമില്ലാതെ അയാൾ നിശിതമായി വിമർശിച്ചു.

“ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടനായി തന്റെ മകന് ‘സലിം’ എന്ന് പേരിട്ട അച്ഛനും ആ പേരിനൊപ്പം കുമാർ എന്നുകൂടി ചേർത്ത് തന്നെ വിശാലഹിന്ദുവായി മാമോദിസ മുക്കിയ അദ്ധ്യാപകരും തമ്മിലുള്ള ആശയപരമായ അന്തരം ചിരിയിൽ പൊതിഞ്ഞ് പലകുറി സലിംകുമാർ ഓർത്തെടുത്തിട്ടുണ്ട്.

പാരമ്പര്യ വൈദ്യം എന്ന പേരിൽ അബദ്ധജഡിലമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരും സലിംകുമാറിന്റെ നാവിന്റെ ചൂടറിഞ്ഞിട്ടുണ്ട്. മോഡേൺ മെഡിസിനിലുള്ള തന്റെ വിശ്വാസം സാധ്യമായ എല്ലാ വേദികളിലും അയാൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. സ്വന്തം അനുഭവങ്ങളിൽനിന്നും ഊതിക്കാച്ചിയെടുത്ത അറിവിന്റെ നിറവ്. തനിക്ക് പറ്റിയ പിഴവ് മറ്റൊരാൾ കൂടി ആവർത്തിക്കരുത് എന്ന കരുതൽ.

മതേതറൻ അല്ല അടിമുടി മതേതരൻ

വർത്തമാനകാല കേരള രാഷ്ട്രീയത്തിൽ ഏറ്റവും വികലമായി ഉച്ചരിക്കപ്പെടുന്ന ഒരു പദമാണ് സെക്യുലർ എന്നതിന്റെ പരിഭാഷയായ മതേതരം എന്നത്. ഒരുപറ്റം ജീവികൾക്ക് അത് എന്തോ വളരെ അശ്ലീലമായ ഒരു പ്രയോഗമാണ്. അതിനാൽതന്നെ അവർ അതിനെ ‘മതേതറർ’ എന്നാണ് ഉച്ചരിക്കാൻ ഇഷ്ടപ്പെടുന്നത് തന്നെ.

അക്കൂട്ടർക്കുപോലും ആരോപണത്തിന്റെ ഒരു ചെറുവാദം ഉന്നയിക്കാൻ കഴിയുന്നതിനു അപ്പുറമാണ് സലിംകുമാർ ജീവിച്ചുമറഞ്ഞത്. കൊച്ചിൻ ഹനീഫയുടെ ഉമ്മയുടെ മയ്യത്ത് വഹിച്ചുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ചൊല്ലി എറണാകുളം ജുമാ മസ്ജിദിലേയ്ക്ക് പോയൊരു യാത്ര ഒരിക്കൽ അയാൾ ഓർത്തെടുക്കുന്നുണ്ട്. ഒരു ഹിന്ദു, ഒരു മുസ്‌ലിമിന്റെ മയ്യത്ത് വഹിക്കുന്നു എന്ന മട്ടിൽ ഗർവ് ഏന്തിക്കൊണ്ടല്ല അയാളത് അന്ന് പറയുന്നത്, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ അന്ത്യയാത്രയിൽ കൂട്ടുപോകുന്നു എന്നുമാത്രം. കേരളം നടുങ്ങിയ വെള്ളപ്പൊക്കത്തിന്റെ കാലത്ത് ചുറ്റുമുള്ള അനേകം കുടുംബങ്ങൾക്കുവേണ്ടി ‘ലാഫിങ് വില്ല’യുടെ വാതിലുകൾ മലര്‍ക്കെ തുറന്നിട്ടപ്പോൾ വരുന്നവരുടെ ജാതിയോ മതമോ അയാൾ തിരക്കിയിരുന്നതായും എവിടെയും കണ്ടിട്ടില്ല.

തന്റെ അന്ത്യകർമങ്ങളിൽ മതപരമായ ചടങ്ങുകൾ വേണ്ട എന്ന അയാളുടെ ആഗ്രഹം അതേപടി പാലിക്കാൻ കുടുംബം കൂടി തയ്യാറായപ്പോൾ മരണത്തിലും തന്റെ മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സലിംകുമാർ കടന്നുപോകുന്നത്.

നമ്മുടെ ഏകാന്തതകൾ നിറഞ്ഞ രാത്രി പകലുകളെ, കണ്ണീരുപ്പ് പുരണ്ട ബാല്യകൗമാരങ്ങളെ ചിരിപ്പുതപ്പുകൊണ്ട് പൊതിഞ്ഞുകാത്ത ശ്രീനിവാസൻ, ഇന്നസെന്റ്, മാമുക്കോയ, കലാഭവൻ മണി, സുകുമാരി, കുതിരവട്ടംപപ്പു, ശങ്കരാടി തുടങ്ങിയ കലാകാരന്മാരുടെ നിരയിലേക്ക് സലിംകുമാറും ടിക്കറ്റ് എടുത്തിരിക്കുന്നു.

മലയാളിയുടെ ദുര്യോഗം ഇവർക്കൊന്നും കോപ്പിറൈറ്റ്‌സ് വയ്ക്കാതെ മിണ്ടിയും പറഞ്ഞും ഒരു ദിനം പിന്നിടാൻ നമുക്കാവില്ല എന്നതാണ്. എന്തിന്, നമ്മുടെ ചിന്തകളിൽപോലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com