

1994 ഫെബ്രുവരിയിലെ ഒരു വൈകുന്നേരം. ചരിത്രമുറങ്ങുന്ന പട്‌നയിലെ ഗാന്ധിമൈതാനത്ത് ലക്ഷക്കണക്കിന് ജനങ്ങൾ ഒത്തുകൂടി.
ബിഹാറിൽനിന്നു മാത്രമല്ല, അങ്ങ് ഉത്തർപ്രദേശിൽനിന്നും മധ്യപ്രദേശിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമെത്തിയ ധാരാളം പേർ ആ ജനക്കൂട്ടത്തിലുണ്ടായിരുന്നു. കുർമി ജനചേതനാ റാലി എന്നായിരുന്നു ആ പരിപാടിയുടെ പേര്.
കുർമികൾ പാരമ്പര്യമായി കൃഷിക്കുവേണ്ടി മണ്ണൊരുക്കുന്നവരാണ്. ബിഹാറിലെ മറ്റു പിന്നാക്ക സമുദായങ്ങളിൽ ജനസംഖ്യയുടെ കാര്യത്തിൽ മൂന്നാംസ്ഥാനമുള്ള വിഭാഗമാണിവർ. വിദ്യാഭ്യാസത്തിലൂടെ ആർജിച്ച കരുത്തിൽ പല കുർമികളും വിവിധ മേഖലകളിൽ മുന്നേറിയെങ്കിലും ആ സമുദായത്തിനു രാഷ്ട്രീയമായ പിൻബലമുണ്ടായിരുന്നില്ല.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുകയെന്ന വി.പി. സിങ്ങിന്റെ ചരിത്രപ്രസിദ്ധമായ തീരുമാനത്തിനു വെള്ളവും വളവും കൊടുത്ത ജനതാദളിന്റെ ലാലുപ്രസാദ് യാദവാണ് അന്ന് ബിഹാറിലെ മുഖ്യമന്ത്രി. മണ്ഡൽ കമ്മിഷൻ തീരുമാനങ്ങളുടെ ഗുണഫലം മുഴുവൻ ലാലുവിന്റെ സമുദായമായ യാദവർ കയ്യെടുക്കുന്നുവെന്ന വികാരം കുർമികൾക്കിടയിൽ ശക്തമായിരുന്നു. അതിനെതിരെയുള്ള പരസ്യപ്രതികരണമായിരുന്നു കുർമി ചേതനാറാലി.
വാസ്തവത്തിൽ ലാലുവിനെതിരേയോ ഭരണത്തിനെതിരേയോ സംഘടിപ്പിച്ചതായിരുന്നില്ല ആ റാലി. ആ റാലിയിലെ ഭൂരിഭാഗവും ജനതാദൾ പ്രവർത്തകരായിരുന്നു. യാദവരും കുർമികളും കൊയിരികളുമടങ്ങുന്ന മറ്റു പിന്നാക്ക വിഭാഗക്കാരായിരുന്നു സോഷ്യലിസ്റ്റ് പാർട്ടി മുതൽ ജനതാദൾ വരെയുള്ള കോൺഗ്രസ്സേതര രാഷ്ട്രീയത്തിന് ബിഹാറിൽ ശക്തിപകർന്നിരുന്നത്. ഭരണത്തിൽ സമ്മർദം ശക്തമാക്കുകയെന്ന ലക്ഷ്യത്തിലാണ് റാലിയുടെ സംഘാടനം തുടങ്ങിയതെങ്കിലും അവസാനമാകുമ്പോഴേക്കും അത് ലാലുപ്രസാദ് യാദവിനെതിരായ വികാരമായി മാറി. ലാലുവും ഇതു മനസ്സിലാക്കാതെയിരുന്നില്ല.
അന്ന് മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് ലാലുപ്രസാദ് യാദവ് ഈ റാലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഇന്റലിജൻസ് വഴി ഓരോ മിനിട്ടിലും വിവരങ്ങൾ ശേഖരിച്ചതും പക്ഷേ, ഇക്കാരണം കൊണ്ടായിരുന്നില്ല. നിതീഷ് കുമാർ വന്നിട്ടുണ്ടോയെന്നായിരുന്നു ലാലുവിന് അറിയേണ്ടിയിരുന്നത്.
അന്ന് നിതീഷ് കുമാർ ജനതാദളിന്റെ ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭയിലെ ഡെപ്യൂട്ടി ലീഡറുമാണ്. ബിഹാറിലെ കുർമികൾക്കിടയിൽ ഏറ്റവും തലപ്പൊക്കമുള്ള നേതാവ്. അത്തരമൊരു വേദിയിലേക്കെത്തുന്നതിനെക്കുറിച്ച് നിതീഷ് കുമാർ അവസാന നിമിഷം വരെയും തീരുമാനമെടുത്തിരുന്നില്ല. ഏതെങ്കിലുമൊരു സമുദായത്തിന്റെ നേതാവായി അറിയപ്പെടാൻ ആഗ്രഹിക്കാത്തയാളായിരുന്നു അദ്ദേഹം. എന്നാൽ, മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ ആനുകൂല്യം യാദവർക്കു മാത്രമായി ലാലുപ്രസാദ് യാദവ് നൽകുന്നുവെന്ന വിമർശം ശക്തമായി ഉയർത്തിയതോടെ കുർമികൾ നിതീഷിൽ തങ്ങളുടെ നേതാവിനെ കണ്ടു. ലാലുവിനേയും അദ്ദേഹത്തിന്റെ ഭരണരീതികളേയും എതിർക്കുന്ന നേതാവായി അപ്പോഴേക്കും നിതീഷ് മാറിക്കഴിഞ്ഞിരുന്നു.
പൊതുയോഗം ആരംഭിച്ചിട്ടും നിതീഷ് വേദിയിൽ പ്രത്യക്ഷപ്പെട്ടില്ല. സമുദായത്തിന്റെ യോഗത്തിൽ പങ്കെടുക്കണോ ലാലുവിനെ പ്രത്യക്ഷത്തിൽ എതിർക്കണോ തുടങ്ങിയ ആശയക്കുഴപ്പത്തിൽ ഉഴറുകയായിരുന്നു നിതീഷ്. യോഗത്തിൽ പങ്കെടുത്താൽ പിന്നീട് ലാലുവിനൊപ്പം തുടരാനാകില്ലെന്ന് ഉറപ്പാണ്. അവസാനം സുഹൃത്തുക്കളുടെ സമ്മർദത്തിനു വഴങ്ങി നിതീഷ് കുമാർ വേദിയിലേക്ക് കടന്നുചെന്നു. നിതീഷ് കുമാറിന് അനുകൂലമായും ലാലുവിന് എതിരായുമുള്ള സിന്ദാബാദ് വിളികൾ മുഴങ്ങി. തന്റെ തട്ടകം ഏതാണെന്ന് നിതീഷ് അതോടെ തിരിച്ചറിഞ്ഞു. കുർമികളുടെ ന്യായമായ അവകാശങ്ങൾ നൽകാത്ത ലാലുവിന്റെ സർക്കാരിന് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്ന് നിതീഷ് ആഞ്ഞടിച്ചു.
നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണവുമായ ദിവസമായിരുന്നു അത്. ലാലുവുമായി വേർപിരിയാനും അദ്ദേഹത്തെ പൂർണമായും എതിരാളിയായി പ്രഖ്യാപിക്കാനും ഇടയായത് ആ ദിവസമാണ്. നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം ഒറ്റയ്ക്ക് നേടിയ ആദ്യ വിജയമായിരുന്നു അത്.
നിതീഷിന്റെ കാലം കഴിഞ്ഞുവെന്ന് രഹസ്യമായും പരസ്യമായും പറഞ്ഞിരുന്നവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിഹാറിൽ തന്റെ സ്ഥാനമെന്തെന്ന് ഈ രാഷ്ട്രീയ ചാണക്യൻ വെളിവാക്കി. തന്റേയും തന്റെ പാർട്ടിയായ ജനതാദൾ (യു)വിന്റേയും രാഷ്ട്രീയ ഭാവിയാണ് നിതീഷ് സുരക്ഷിതമാക്കിയത്. ബിഹാറിലെ മുഖ്യമന്ത്രിപദം ബി.ജെ.പിക്ക് ആവശ്യപ്പെടാനുള്ള അവസരംപോലും നിതീഷ് കുമാറിന്റെ ഈ പ്രകടനത്തോടെ നഷ്ടപ്പെട്ടു.
പരാജയം മുതൽ വിജയം വരെ
19 വർഷത്തിലേറെക്കാലം നിതീഷ് കുമാർ ബിഹാർ ഭരിച്ചു. റെയിൽവേ അടക്കമുള്ള പ്രധാന വകുപ്പുകളുടെ കേന്ദ്രമന്ത്രിയായി. ഒറ്റനോട്ടത്തിൽ നിതീഷ് നിതാന്ത വിജയിയാണെന്നു തോന്നാം. എന്നാൽ, പരാജയങ്ങളാണ് നിതീഷ് കുമാറിന്റെ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ എല്ലാമുണ്ടായിരുന്നത്. അടിയന്തരാവസ്ഥാവിരുദ്ധ തരംഗത്തിന്റെ കേന്ദ്രമായിരുന്ന ബിഹാറിൽ 1977-ലെ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി വിജയത്തിന്റെ തേരോട്ടം നടത്തിയപ്പോൾ ഹാർനോട്ട് മണ്ഡലത്തിൽ നിതീഷ് തോൽക്കുകയാണുണ്ടായത്. 324 സീറ്റിൽ 214 എണ്ണവും ജനത തൂത്തുവാരിയപ്പോഴാണിതെന്ന് ഓർക്കണം. ബെൽചിയിൽ ജന്മികളായ കുർമികളും തൊഴിലാളികളായ ദളിതരും തമ്മിൽ നിരന്തരമുണ്ടായ ഉരസലുകൾ ദളിതരുടെ കൂട്ടക്കൊലയിലാണ് കലാശിച്ചത്. സോഷ്യലിസ്റ്റായ നിതീഷിന് ഒരിക്കലും തന്റെ സമുദായത്തെ അനുകൂലിക്കാൻ കഴിഞ്ഞില്ല. അതിനു ലഭിച്ച ശിക്ഷയായിരുന്നു കുർമികൾക്ക് ഭൂരിപക്ഷമുള്ള ഹാർനോട്ടിലെ തോൽവി. 1980-ൽ രണ്ടാമത്തെ തവണയും ഇതേ ശിക്ഷ നിതീഷിനു ലഭിച്ചു. അന്ന് ബെൽചി കൂട്ടക്കൊലയിലെ പ്രതികളിലൊരാളായ അരുൺകുമാർ സിങ്ങാണ് തോൽപ്പിച്ചത്.
പിന്നീട് എം.എൽ.എ ആയും എം.പി ആയുമൊക്കെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ബിഹാറിലെ എണ്ണമറ്റ രാഷ്ട്രീയക്കാരിലൊരാളായി ഒതുങ്ങാൻ നിതീഷ് ഇഷ്ടപ്പെട്ടില്ല. ലാലുവുമായി വേർപിരിയാനുള്ള നിർണായക തീരുമാനത്തിനുശേഷം ഇനി തന്റെ ദിനങ്ങളാണെന്നാണ് നിതീഷ് കരുതിയിരുന്നത്. എന്നാൽ, വീണ്ടും രണ്ട് തെരഞ്ഞെടുപ്പുകളിൽ കൂടി ലാലുവിന്റെ സ്വാധീനം കുറയ്ക്കുന്നതിൽ നിതീഷ് പരാജയപ്പെട്ടു.
ബിഹാറിലെ ഒന്നാംനമ്പർ നേതാവാകണമെന്ന ആഗ്രഹം 2005-ൽ സാധിച്ചെടുത്ത നിതീഷിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ദിനംപ്രതിയെന്നോണം മാറുന്ന ബിഹാർ രാഷ്ട്രീയത്തിൽ നിതീഷിനെ ഒഴിവാക്കി ഭരണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞ 20 വർഷമായി മറ്റൊരു കക്ഷിക്കും സാധിച്ചിട്ടുമില്ല. ബിഹാറിൽ വികസനം രാഷ്ട്രീയ അജണ്ടയാക്കി മാറ്റുകയും ഭരണത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുകയും ചെയ്ത നിതീഷിന് ‘അനുശാസൻ ബാബു’വെന്ന പേര് മാധ്യമങ്ങൾ നൽകി. അതേസമയം തന്റെ നിതാന്തശത്രുവായ ലാലുപ്രസാദ് യാദവിനെപ്പോലും കൂടെക്കൂട്ടി ഭരണം നടത്താനുള്ള രാഷ്ട്രീയ മലക്കംമറിച്ചിലുകളും മുന്നണിമാറ്റങ്ങളും ‘പാൽതു ചാച്ചാ’ (യൂടേൺ അമ്മാവൻ) എന്ന പേരും നേടിക്കൊടുത്തു. ഇന്ന് നരേന്ദ്ര മോദി സർക്കാരിനെ നിലനിർത്തുന്നതിൽപോലും നിർണായക സ്വാധീനമുള്ള ഐക്യജനതാദളിന്റെ അനിഷേധ്യ നേതാവ് ഒറ്റയ്ക്ക് വഴിവെട്ടിവന്നതാണ്. സങ്കീർണമായൊരു രാഷ്ട്രീയ ജീവിതം നിതീഷിനുണ്ട്.
ലോഹ്യയുടെ ആരാധകൻ
അത്ര ദരിദ്രമായ പശ്ചാത്തലമൊന്നുമായിരുന്നില്ല നിതീഷിന്റേത്. 1951 മാർച്ച് ഒന്നിനാണ് നിതീഷ് ജനിച്ചത്. അച്ഛൻ രാം ലഖൻ സിങ്. അമ്മ പരമേശ്വരി ദേവി. ഒരു നാടൻ വൈദ്യനായിരുന്നു രാം ലഖൻ സിങ്. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ആവേശപൂർവം എടുത്തുചാടിയ കോൺഗ്രസ് പ്രവർത്തകനായിരുന്നു അദ്ദേഹം. പലതവണ ജയിൽവാസം അനുഭവിച്ചു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് തവണ അദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നതാണ്. ഹൈക്കമാൻഡ് കെട്ടിയിറക്കിയ സ്ഥാനാർത്ഥികളിൽ തട്ടി ആ അവസരങ്ങൾ ഇല്ലാതായി. ബിഹാറിൽ അപ്പോഴേക്കും ഉയർന്നുവന്ന സോഷ്യലിസ്റ്റ് തരംഗത്തിൽ അദ്ദേഹം ആകൃഷ്ടനായിരുന്നു. രാഷ്ട്രീയ വർത്തമാനങ്ങളുടെ സ്ഥിരം വേദിയായ അദ്ദേഹത്തിന്റെ വൈദ്യശാലയിൽനിന്ന് കോൺഗ്രസ് വിരുദ്ധത ഉയർന്നുകേട്ടു. അതുകേട്ടാണ് മുന്ന എന്നു വിളിപ്പേരുള്ള നിതീഷ് കുമാർ വളർന്നത്. തന്റെ അച്ഛനോടുള്ള കോൺഗ്രസ്സിന്റെ കടുത്ത അവഗണന നിതീഷിന്റെ ഉള്ളിൽ കോൺഗ്രസ് വിരുദ്ധതയായി ആഴത്തിൽ വേരോടിയിരുന്നുവെന്ന് സുഹൃത്ത് കൂടിയായ അരുൺ സിൻഹ ‘നിതീഷ് കുമാർ ആൻഡ് ദ റൈസ് ഓഫ് ബിഹാർ’ എന്ന പുസ്തകത്തിൽ നിരീക്ഷിച്ചിട്ടുണ്ട്.
നിതീഷ് കുമാറിന്റെ കുടുംബത്തിന് അത്യാവശ്യം ഭൂമിയൊക്കെ സ്വന്തമായുണ്ടായിരുന്നു. പക്ഷേ, അതിൽനിന്ന് കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. ബിഹാർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പാസ്സായ നിതീഷിലായിരുന്നു ആ കുടുംബത്തിന്റെ പ്രതീക്ഷയത്രയും. എന്നാൽ, നിതീഷ് രാഷ്ട്രീയത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തത്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ നിതീഷ്, ഡോ. രാം മനോഹർ ലോഹ്യയുടെ കടുത്ത ആരാധകനായിരുന്നു. ലോഹ്യയുടെ പുസ്തങ്ങൾ അദ്ദേഹം പാഠപുസ്തകം പോലെ നിരന്തരം പാരായണം ചെയ്തു. ബിഹാർ അഭിയന്ത്രൻ മഹാവിദ്യാലയ് സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായി അദ്ദേഹം. പട്‌ന യൂണിവേഴ്‌സിറ്റി യൂണിയന്റെ അധ്യക്ഷനായി ലാലു പ്രസാദ് യാദവ് തെരഞ്ഞെടുക്കപ്പെടുമ്പോൾ നിതീഷും വോട്ടുപിടിച്ചു നൽകിയിരുന്നു.
ബിഹാർ തിളച്ചുമറിയുന്ന കാലമായിരുന്നു അത്. ഗുജറാത്തിനു പിന്നാലെ ബിഹാറിലും വിദ്യാർത്ഥി പ്രക്ഷോഭം അലയടിച്ചു. അബ്ദുൾ ഗഫൂർ സർക്കാരിനെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഛാത്ര് സംഘർഷ് സമിതിയുടെ അധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ തെരഞ്ഞെടുക്കുമ്പോൾ നിതീഷും സംഘടനാപ്രവർത്തനത്തിലുണ്ട്. പിന്നീട് ജയപ്രകാശ് നാരായണൻ ആ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിക്കുകയും അത് സമ്പൂർണ വിപ്ലവമായി പരിണമിക്കുകയും ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത് ചരിത്രം. വിദ്യാർത്ഥി നേതാവായ നിതീഷും ജയിലിലായി.
അപ്പോഴേക്കും നിതീഷ് കല്ല്യാണം കഴിച്ചിരുന്നു. സിയോദാ ഗ്രാമത്തിലെ ഒരു സ്കൂളിൽ ഹെഡ്‌മാസ്റ്ററായ കൃഷ്ണ നന്ദൻ സിൻഹയുടെ മകൾ മഞ്ജുവായിരുന്നു വധു. മഞ്ജു സോഷ്യോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. എൻജിനീയറായ പയ്യൻ എങ്ങനെയെങ്കിലും നല്ല ജോലി നേടി രക്ഷപ്പെടുമെന്ന ധാരണയിലായിരുന്നു കൃഷ്ണ നന്ദൻ സിൻഹ കല്ല്യാണം നടത്തിയത്. പക്ഷേ, ആഡംബരപൂർവമായ വിവാഹവും സ്ത്രീധനവും എതിർക്കുന്ന ആദർശശാലിയെ പാതിമനസ്സോടെയാണ് അദ്ദേഹത്തിനു സ്വീകരിക്കാനായത്. വരന്റെ ഗ്രാമത്തിലേക്ക് കാറിൽ പോയതായിരുന്നു ആ വിവാഹത്തിലെ ഏക ആഡംബരം. വിവാഹത്തിന് ആ വണ്ടി ഓടിച്ച ഭോലാപ്രസാദ് സിങാണ് നാലു വർഷത്തിനുശേഷം നിതീഷിനെ ആദ്യമായി തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നത്.
അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും തോറ്റതോടെ നിതീഷിന്റെ രാഷ്ട്രീയ ജീവിതം പരുങ്ങലിലായി. സാമ്പത്തികനിലയും കഷ്ടം. അച്ഛന്റെ വരുമാനവും കുറഞ്ഞതോടെ വീട്ടിലെ നിത്യവൃത്തിക്കു തന്നെ പണമില്ലാതായി. ജീവിക്കാൻ മറ്റു മാർഗങ്ങൾ തേടണമെന്ന അവസ്ഥ. അപ്പോഴേക്കും മകനും ജനിച്ചു. നിതീഷിനെ കാണാൻപോലും കിട്ടാതായതോടെ ഭാര്യ മഞ്ജു സ്വന്തം വീട്ടിലേക്കു പോയി. മകൻ നിഷാന്ത് കുട്ടിക്കാലം മുഴുവൻ ചെലവിട്ടത് അമ്മയുടെ വീട്ടിലാണ്. ജീവിക്കാൻ വേണ്ടി അവസാനം ഒരു കോൺട്രാക്ടറാകാമെന്ന തീരുമാനത്തിലെത്തി. അതിനുള്ള ലൈസൻസുമെടുത്തു.
ജനതാപാർട്ടി അപ്പോഴേക്കും പിളർന്നിരുന്നു. ഇന്ദിര ഭരണത്തിൽ തിരിച്ചെത്തി. നിതീഷിന്റെ രാഷ്ട്രീയം ചരൺസിങ്ങിനും ദേവിലാലിനുമൊപ്പം നീങ്ങി. 1983-ൽ ചന്ദ്രശേഖറിന്റെ ഭാരത പദയാത്രയിലും നിതീഷ് സാന്നിധ്യമറിയിച്ചു. നിതീഷ് ഒരു ജനകീയനായ നേതാവായി അപ്പോഴും വളർന്നിരുന്നില്ല. വിഷയങ്ങൾ നന്നായി പഠിക്കുന്ന, സോഷ്യലിസ്റ്റ് ആദർശങ്ങൾ കൃത്യമായി പാലിക്കുന്ന, ഓഫീസ് പ്രവർത്തനങ്ങളിൽ വ്യാപൃതനായ നിതീഷ് ആൾക്കൂട്ടത്തിൽ പലപ്പോഴും തിരിച്ചറിയപ്പെട്ടില്ല. ലോഹ്യാ വിചാർ മഞ്ചിന്റെ പ്രവർത്തകനെന്ന നിലയിൽ ദേശീയ നേതാക്കളുമായി നിതീഷിന് പരിചയമുണ്ടായിരുന്നെങ്കിലും അതിനെ ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് അറിയുമായിരുന്നില്ല.
ലാലുവിനു പിന്തുണ
വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾ മാത്രമേ നിതീഷിന് ഉണ്ടായിരുന്നുള്ളൂ. അവർക്ക് നിതീഷിന്റെ രാഷ്ട്രീയത്തിൽ വിശ്വാസമുണ്ടായിരുന്നു. അവസാനമായി ഒരിക്കൽക്കൂടി തെരഞ്ഞെടുപ്പിനെ നേരിടാൻ അവർ ഉപദേശിച്ചു. 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാർനോട്ടിൽ വീണ്ടും മത്സരത്തിനിറങ്ങുമ്പോൾ നിതീഷ് ഭാര്യ മഞ്ജുവിന് ഒരു വാക്കു നൽകി. ഇത്തവണ തോറ്റാൽ രാഷ്ട്രീയം ഉപേക്ഷിക്കും! മഞ്ജു ഭർത്താവിന് തെരഞ്ഞെടുപ്പിനായി 20,000 രൂപ നൽകി. ചന്ദ്രശേഖറും സഹായിച്ചു. ദേവിലാൽ ഹരിയാണയിൽനിന്നു പ്രചാരണത്തിനു വണ്ടി കൊടുത്തയച്ചു. കൂട്ടുകാരും പാർട്ടി പ്രവർത്തകരും ഉത്സാഹിച്ചതോടെ നിതീഷ് ആദ്യമായി നിയമസഭയിലെത്തി. പ്രതിപക്ഷത്തെ ചുറുചുറുക്കുള്ള അംഗമായി അദ്ദേഹം പേരെടുത്തു. യുവ ലോക്ദളിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വൈകാതെയെത്തി.
ദേശീയ രാഷ്ട്രീയം അപ്പോഴേക്കും മറ്റൊരു ദശാസന്ധിയിലെത്തിയിരുന്നു. വി.പി. സിങ് ബോഫോഴ്‌സ് കേസ് ഉയർത്തി കോൺഗ്രസ് വിട്ട് പ്രതിപക്ഷ നേതാവായി മാറി. ജനതാ പാർട്ടിയും ജനമോർച്ചയും ലോക്ദളും ചേർന്ന് ജനതാദളായി. ജനതാദളും ദ്രാവിഡ മുന്നേറ്റ കഴകവും തെലുങ്കുദേശം പാർട്ടിയും അസം ഗണപരിഷത്തും ചേർന്ന മുന്നണി ബി.ജെ.പിയുടേയും ഇടതുകക്ഷികളുടേയും പുറത്തുനിന്നുള്ള പിന്തുണയോടെ അധികാരത്തിലേറുകയും ചെയ്തു.
1989-ൽ ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോഴേക്കും നിതീഷ് ബിഹാറിലെ പ്രധാന നേതാവായി മാറിക്കഴിഞ്ഞിരുന്നു. ജനതാദളിന്റെ സംസ്ഥാന സെക്രട്ടറി ജനറൽ പദവി വഹിച്ച അദ്ദേഹം ബാര മണ്ഡലത്തിൽനിന്ന് പാർലമെന്റിലെത്തി. ദേവിലാലിന്റെ കൃഷിവകുപ്പിൽ സഹമന്ത്രി സ്ഥാനവും നേടി.
ബിഹാറിൽ കർപ്പൂരി താക്കൂറിന്റെ മരണത്തോടെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കം ഉടലെടുത്തു. അനൂപ് ലാൽ യാദവ് എന്ന മുതിർന്ന നേതാവിനായിരുന്നു ദേശീയ നേതാക്കളുടെ പിന്തുണ. എന്നാൽ, ലാലുപ്രസാദ് യാദവ് ഇതിനെ അനുകൂലിച്ചില്ല. 1970-കളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉയർന്നുവന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു ലാലു. ലാലുവിനെ പിന്തുണച്ചുകൊണ്ട് അതേ തലമുറയുടെ ഭാഗമായ നിതീഷും ചരടുവലികൾ നടത്തിയതോടെ പ്രതിപക്ഷ നേതൃസ്ഥാനം ലാലുവിനായി.
1990-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 324 അംഗ നിയമസഭയിൽ 122 സീറ്റ് നേടി ജനതാദൾ അധികാരത്തിലെത്തി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വീണ്ടും തർക്കങ്ങളുണ്ടായി. വി.പി. സിങിന് താല്പര്യം മുൻ മുഖ്യമന്ത്രി രാംസുന്ദർ ദാസിനെയായിരുന്നു. രഘുനാഥ് ഝായെ ചന്ദ്രശേഖർ നിർദേശിച്ചു. ദേവിലാലാകട്ടെ, ലാലുപ്രസാദ് യാദവിനെ പിന്തുണച്ചു. എം.എൽ.എമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ലാലുവിനെ ജയിപ്പിക്കാൻ നിതീഷും തന്റേതായ സംഭാവന നൽകി. പട്‌നയിലെ ഗാന്ധിമൈതാനത്ത് ലാലു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയിൽ തൊട്ടുപിന്നിലായി കേന്ദ്രസഹമന്ത്രിയായ നിതീഷുമുണ്ടായിരുന്നു.
ഇടച്ചിലും പിരിയലും
1991-ലും പാർലമെന്റിലെത്തിയ നിതീഷ് പിന്നീട് സഭയിലെ പാർട്ടി ഉപനേതാവായും ജനതാദളിന്റെ ജനറൽ സെക്രട്ടറിയായും ഉയർന്നു. അപ്പോഴേക്കും പതിയെ ലാലുവുമായുള്ള അഭിപ്രായ വ്യത്യാസം നിതീഷ് പാർട്ടിവേദികളിൽ ഉന്നയിക്കാൻ തുടങ്ങി.
രാമക്ഷേത്രം പണിയാനുള്ള ഹിന്ദു മതമൗലികവാദികളുടെ ശ്രമം ഉച്ചസ്ഥായിയിലായ കാലമായിരുന്നു അത്. രഥയാത്രയുമായി അയോധ്യയിലേക്ക് പുറപ്പെട്ട ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ തടയാൻ പ്രധാനമന്ത്രി വി.പി. സിങ് നിർദേശം നൽകി. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവിനേക്കാൾ വി.പി. സിങിന് അടുപ്പം ബിഹാർ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിനോടായിരുന്നു. അദ്വാനിയുടെ രഥയാത്ര തടയാനുള്ള ചുമതല ലാലുവിനാണ് ലഭിച്ചത്. ലാലുവത് ഭംഗിയായി നിർവഹിക്കുകയും അദ്വാനിയെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ലാലുവിന്റെ ഗ്രാഫ് വലിയ തോതിൽ ഉയർത്തി. ജനതാദളിന്റെ തീരുമാനം ലാലു സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ ഉപയോഗിക്കുന്നതായി നിതീഷ് ആരോപിച്ചു. ഒപ്പം ഭരണത്തിൽ യാദവ സമുദായംഗങ്ങളോട് കാണിക്കുന്ന അതിരുവിട്ട സ്നേഹം മറ്റു വിഭാഗക്കാരുടെ അവകാശങ്ങൾ കവരുന്നതായും നിതീഷിനു തോന്നി. ഭരണത്തിലെ പാളിച്ചകളെക്കുറിച്ച് നിതീഷ് തുറന്നടിച്ചു. അണിയറ തർക്കങ്ങൾ അങ്ങാടിപ്പാട്ടായി.
ലാലുവിനൊപ്പം തുടരാനാകില്ലെന്ന മനസ്ഥിതിയിലേക്കെത്തിയെങ്കിലും തന്റെ പിന്തുണയെക്കുറിച്ച് നിതീഷിന് സംശയമുണ്ടായിരുന്നു. കുർമി ജനചേതനാ റാലി ആ സംശയമകറ്റി. തന്റെ ഭാവിയിലെ അടിത്തറയെന്തെന്ന് നിതീഷ് തിരിച്ചറിഞ്ഞു. നിതീഷ് ഒറ്റയ്ക്കായിരുന്നില്ല. ലാലുവിനു കീഴിൽ നിൽക്കാൻ താല്പര്യമില്ലാതിരുന്ന ജോർജ് ഫെർണാണ്ടസ് എന്ന സോഷ്യലിസ്റ്റ് അതികായനേയും നിതീഷിന് ഒപ്പം കൂട്ടാനായി. അങ്ങനെ 1994 ഏപ്രിലിൽ ജനതാദൾ പിളർന്നു. നിതീഷിനും ജോർജിനുമൊപ്പം 14 എം.പിമാർ നിന്നു. ഒക്ടോബർ 19-ന് സമതാ പാർട്ടിയെന്ന പുതിയ കക്ഷി ബിഹാറിലെ ആ പ്രശസ്തമായ ഗാന്ധിമൈതാനത്ത് പിറവികൊണ്ടു.
ബിഹാറിലെ ഭരണം ഇനി തങ്ങൾക്കു തന്നെയെന്നാണ് ഈ ലാലു വിരുദ്ധർ കരുതിയത്. എന്നാൽ, അതീവ രാഷ്ട്രീയപാടവവും സംഘടനാശേഷിയുമുള്ള ഒരു നേതാവിനെയാണ് തങ്ങൾക്ക് നേരിടേണ്ടതെന്ന ബോധം നിതീഷിനും കൂട്ടർക്കും അപ്പോഴുണ്ടായിരുന്നില്ല. താഴെത്തട്ടിൽ സമതാ പാർട്ടിക്ക് മികച്ച പ്രവർത്തകരും തുലോം കുറവായിരുന്നു. സി.പി.ഐ. എം.എൽ ആയിരുന്നു സഖ്യകക്ഷി. ലാലുവിനെ മലർത്തിയടിച്ച് ഭരണം നേടാമെന്ന് സ്വപ്നം കണ്ടിരുന്ന നിതീഷിന് വീണ്ടും തോൽവി തന്നെയായിരുന്നു. അതും ഒന്നൊന്നര തോൽവി. 324 അംഗ നിയമസഭയിൽ സമതയ്ക്കു ലഭിച്ചത് വെറും ഏഴ് സീറ്റ്. മത്സരിച്ച 310 സ്ഥാനാർത്ഥികളിൽ 271 പേർക്കും കെട്ടിവെച്ച കാശ് പോലും നഷ്ടമായി. ജനതാദളിനാകട്ടെ, 45 സീറ്റ് കൂടി എണ്ണം 167-ലേക്കെത്തി. അതോടെ ലാലുപ്രസാദ് യാദവ് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി.
ലാലുവിനെ എതിർത്തു തോൽപ്പിക്കാനാകില്ലെന്ന ധാരണ സമതാപാർട്ടിക്കുള്ളിലും പരന്നു. തിരിച്ച് ജനതാദളിലേക്കുതന്നെ മടങ്ങണമെന്ന മുറുമുറുപ്പും തുടങ്ങി. നിതീഷും സംസ്ഥാന രാഷ്ട്രീയത്തിൽ പഴയതുപോലെ ഇടപെടാതെ ഉൾവലിഞ്ഞു. അപ്പോഴാണ് നിർണായകമായ ഒരു കൂടിക്കാഴ്ച നടക്കുന്നത്. പത്രപ്രവർത്തകനും ബി.ജെ.പിയുടെ തന്ത്രജ്ഞനുമായ ദിനനാഥ് മിശ്ര നിതീഷിനെ കാണാനെത്തി. നിതീഷും ബി.ജെ.പിയുമായുള്ള ഒരു സഖ്യത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിനു സംസാരിക്കാനുണ്ടായിരുന്നത്. കണക്കുകൾ നിരത്തി അദ്ദേഹം നിതീഷിനോട് ഈ ആശയം അവതരിപ്പിച്ചു. നിതീഷിന് ഇക്കാര്യം ആദ്യമൊന്നും അംഗീകരിക്കാനായില്ല. ബാബറി മസ്ജിദ് തകർത്തപ്പോൾ ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടെടുത്ത ജനതാദളിന്റെ നേതാക്കളിലൊരാളാണ് നിതീഷ്. എന്നാൽ, ദിനനാഥ് മിശ്ര കരുക്കൾ വേഗത്തിൽ നീക്കി. നിതീഷിനെ കാണണമെന്ന ആവശ്യവുമായി എൽ.കെ. അദ്വാനിയുടെ സന്ദേശമെത്തി. ജോർജ് ഫെർണാണ്ടസിന്റെ പ്രോത്സാഹനം കൂടിയായതോടെ ബി.ജെ.പിയും സമതാ പാർട്ടിയും സഖ്യത്തിലാകാൻ തീരുമാനിച്ചു.
പുതിയ സഖ്യത്തിന്റെ ആദ്യ അരങ്ങ് 1996-ലെ ലോകസഭാ തെരഞ്ഞെടുപ്പായിരുന്നു. ബിഹാറിലെ ആറ് സീറ്റുകളിൽ സമത വിജയിച്ചു. 18 സീറ്റുകളിൽ ബി.ജെ.പിയും. ലാലുവിന്റെ തകർച്ചയുടെ ആരംഭമായിരുന്നു അത്. ഈ അവസരത്തിലാണ് നിനച്ചിരിക്കാതെ കാലിത്തീറ്റ അഴിമതിക്കേസ് പുകയാൻ തുടങ്ങിയത്. പ്രതിപക്ഷ നേതാക്കൾ കേസ് കോടതിയിലെത്തിച്ചു. അഴിമതിക്കേസിൽ അറസ്റ്റിലാകാൻ പോകുന്ന ലാലു മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ജനതാദളിൽനിന്ന് ആവശ്യമുയർന്നു. ലാലുവിന്റെ കാലം കഴിഞ്ഞെന്ന് കരുതിയിരിക്കുകയായിരുന്നു നിതീഷും കൂട്ടരും. എന്നാൽ, ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി ലാലു തന്റെ പതിനെട്ടാമത്തെ അടവ് പുറത്തെടുത്തു. കേന്ദ്രത്തിൽ അപ്പോൾ അധികാരത്തിലിരുന്ന വാജ്‌പേയ് സർക്കാർ വഴി റാബ്രി സർക്കാറിനെ വീഴ്ത്താനുള്ള ശ്രമവും ഫലം കണ്ടില്ല. ലാലുവാകട്ടെ, അപ്പോഴേക്കും ജനതാദൾ പിളർത്തി രാഷ്ട്രീയ ജനതാദൾ എന്ന പുതിയ രാഷ്ട്രീയകക്ഷിക്ക് രൂപം നൽകുകയും ചെയ്തു.
1998-ലെ ദേശീയ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 29 സീറ്റ് സമത - ബി.ജെ.പി സഖ്യം നേടിയതോടെ നിതീഷിന് ആത്മവിശ്വാസമേറി. ഡൽഹിയിൽ സുബ്രഹ്മണ്യം സ്വാമി നടത്തിയ ഒരു ചായസൽക്കാരത്തോടെ വാജ്‌പേയ് സർക്കാർ താഴെപ്പോയത് ബിഹാറിൽ നിതീഷിന് ഗുണകരമായി. 1999-ൽ വീണ്ടും നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം സീറ്റുകളുടെ എണ്ണം 42-ലേക്ക് ഉയർത്തി. കാലിത്തീറ്റ അഴിമതിക്കേസിൽപ്പെട്ട് നാണംകെട്ടു കിടക്കുന്ന ലാലുവിന്റെ പാർട്ടിയെ അധികാരത്തിൽനിന്ന് അകറ്റാനുള്ള ഏറ്റവും നല്ല അവസരമായിരുന്നു അത്. 2000-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആവേശപൂർവമാണ് പ്രതിപക്ഷം മത്സരിച്ചത്. മുഖ്യമന്ത്രിപദം അടുത്തെത്തിയെന്ന് നിതീഷ് ന്യായമായും വിശ്വസിച്ചു. എന്നാൽ, പ്രതിപക്ഷ സഖ്യത്തിൽ അപ്പോഴേക്കും വിലപേശലുകളും ഉയർന്നു. ജനതാദൾ പിളർന്ന് ശരത് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ബി.ജെ.പി സഖ്യത്തിലെത്തിയിരുന്നു. എല്ലാ പാർട്ടികളും മുഖ്യമന്ത്രിപദം സ്വപ്നം കാണാൻ തുടങ്ങി. ബിഹാർ തൂത്തുവാരുമെന്ന് കരുതിയിരുന്നവർ ഫലം വന്നപ്പോൾ ഞെട്ടി. 324 അംഗ നിയമസഭയിൽ ആർ.ജെ.ഡി 124 സീറ്റോടെ വലിയ ഒറ്റക്കക്ഷി. എൻ.ഡി.എ മുന്നണിക്കാകെ 122 സീറ്റ്.
കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന എൻ.ഡി.എ സർക്കാർ രാഷ്ട്രീയക്കളിക്കിറങ്ങി. കേന്ദ്ര സർക്കാർ ഗവർണർ വി.സി. പാണ്ഡേക്ക് തീട്ടൂരം നൽകി. ഭൂരിപക്ഷമില്ലെന്ന് ഉറപ്പായിട്ടും 34 സീറ്റ് മാത്രമുള്ള സമതാപാർട്ടിയുടെ നേതാവ് നിതീഷ് കുമാറിനെ ഗവർണർ മുഖ്യമന്ത്രിയായി വാഴിച്ചു. വർഷങ്ങളോളം നിതീഷ് താലോലിച്ചിരുന്ന സ്വപ്നം അങ്ങനെ സഫലമായി. എന്നാൽ, ഭൂരിപക്ഷം ഉറപ്പാക്കുകയെന്ന വലിയ ഉത്തരവാദിത്വം നിതീഷിനും സഖ്യകക്ഷികൾക്കുമുണ്ടായിരുന്നു.
ഒരുപാട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്. പക്ഷേ, അവരിൽ ഭൂരിഭാഗവും ജയിലിലാണ്. നിതീഷുമായി നേരിട്ട് സംസാരിക്കണമെന്നാണ് അവരുടെ ആവശ്യം. നിതീഷിന് മന്ത്രിസഭ നിലനിർത്തണം, പക്ഷേ, സ്വന്തം പ്രതിച്ഛായ നശിപ്പിക്കാൻ താല്പര്യവുമില്ല. സൂരജ് ഭാനിനേയും രാംകിഷോർ സിങ്ങിനേയും പോലുള്ള കുറ്റവാളികളെ കണ്ടാൽ താൻ അതുവരെ പറഞ്ഞത് സ്വയം വിഴുങ്ങലാകുമെന്ന് നിതീഷിന് അറിയാം. എന്നാൽ, ദൂതൻ വഴി പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അവരുണ്ടോ വിടുന്നു. സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയ സൂരജ് ഭാനും രാംകിഷോർ സിങ്ങും നിതീഷിന്റെ മുറിയിൽ ഫോട്ടോഗ്രാഫർമാരുമായെത്തി. ഇവർ ഒരുമിച്ചുള്ള ഫോട്ടോ പിറ്റേദിവസത്തെ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്തു. നിതീഷിനെ ഏറെ അസ്വസ്ഥമാക്കിയ സംഭവമായിരുന്നു അത്. എന്നാൽ, ഇതുകൊണ്ടൊന്നും ഭരണം നിലനിർത്താൻ നിതീഷിനായില്ല. അപ്പോഴേക്കും കോൺഗ്രസ്സിന്റേയും ഇടതുകക്ഷികളുടേയും പിന്തുണ ലാലു ഉറപ്പിച്ചു. ബി.ജെ.പിയെ അകറ്റിനിർത്താൻ അവരെല്ലാം ഒന്നിച്ചതോടെ നിതീഷ് വിശ്വാസവോട്ട് തേടാതെ രാജിവെച്ചു. റാബ്രി ദേവി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. ബിഹാറിൽ തനിക്കു ജോലി ഇല്ലെന്ന് അറിഞ്ഞതോടെ നിതീഷ് വാജ്‌പേയ് മന്ത്രിസഭയിലെ റെയിൽവേ മന്ത്രിയായി ഡൽഹിയിലേക്ക് മടങ്ങി.
സുശാസൻ ബാബുവാകുന്നു
ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദൾ (യു)വിൽ സമത ലയിച്ചതോടെ നിതീഷ് കൂടുതൽ ശക്തനായി മാറി. ഒപ്പം വ്യത്യസ്തനായ നേതാവെന്ന പ്രശസ്തിയും. 1999 ഓഗസ്റ്റ് രണ്ടിന് പശ്ചിമ ബംഗാളിലെ ഗൈസലിൽ രണ്ട് തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 285 ഓളം പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. അതിനുശേഷം വീണ്ടും അദ്ദേഹം കൃഷിവകുപ്പ് മന്ത്രിയായും പിന്നീട് റെയിൽവേ മന്ത്രിയായും കേന്ദ്ര മന്ത്രിസഭയിൽ തിരിച്ചെത്തി. റെയിൽവേ വകുപ്പ് സോഷ്യലിസ്റ്റുകളുടെ ഒരു ദൗർബല്യമാണല്ലോ! മധു ദന്താവതേയും ജോർജ് ഫെർണാണ്ടസും രാംവിലാസ് പസ്വാനുമൊക്കെ റെയിൽവേ മന്ത്രിമാരെന്ന നിലയിൽ പ്രശസ്തരായവരാണ്. നിതീഷും തന്റെ കാലത്ത് ധാരാളം മാറ്റങ്ങൾ കൊണ്ടുവന്നു. ഇ-ബുക്കിങ് സൗകര്യവും തത്കാൽ സംവിധാനവും നിതീഷിന്റെ കാലത്താണ് തുടങ്ങിയത്.
കോൺഗ്രസ്സിന്റെ പിന്തുണയോടെയുള്ള ഭരണത്തിന് ബിഹാറിൽ ആർ.ജെ.ഡിക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ജാർഖണ്ഡ് എന്ന പുതിയ സംസ്ഥാനം രൂപവല്‍ക്കരിക്കാനുള്ള നീക്കത്തോടുള്ള എതിർപ്പ് ആർ.ജെ.ഡി പിൻവലിച്ചു. വാസ്തവത്തിൽ ഇതിന്റെ നേട്ടം നിതീഷിനാണ് ലഭിച്ചത്. ബി.ജെ.പിയുടെ ശക്തമായ പ്രദേശങ്ങൾ ജാർഖണ്ഡിലായിപ്പോയി. ബിഹാറിൽ ജനതാദൾ (യു) കൂടുതൽ കരുത്തരായി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബി.ജെ.പിയും സമ്മതംമൂളി.
2005-ൽ അരയും തലയും മുറുക്കി ജനതാദളും ബി.ജെ.പിയും രംഗത്തിറങ്ങി. കോൺഗ്രസ്സും ആർ.ജെ.ഡിയും തമ്മിലുള്ള സഖ്യം നടപ്പാവാതെ വന്നതോടെ നിതീഷ് ജയംതന്നെയെന്നുറപ്പിച്ചു. എന്നാൽ, ആർ.ജെ.ഡി 75 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജനതാദൾ (യു) - 55, ബി.ജെ.പി - 37, ലോക്ജനശക്തി പാർട്ടി - 29, കോൺഗ്രസ് - 10 എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന കക്ഷികളുടെ നില. തൂക്കുസഭ. വിലപേശലുമായി രാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാർട്ടി കളത്തിലിറങ്ങി. ബി.ജെ.പിയുടെ അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ എൻ.ഡി.എ മറ്റു പാർട്ടികളിൽനിന്ന് എം.എൽ.എമാരെ അടർത്തിയെടുക്കാൻ തുടങ്ങി. ലോക്ജനശക്തി പാർട്ടി പിളർന്നു. പക്ഷേ, എത്ര ശ്രമിച്ചിട്ടും കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ആർക്കും കഴിഞ്ഞില്ല. നിതീഷ് ഈ ഫലത്തിൽ തൃപ്തനായിരുന്നില്ല. പുതിയ തെരഞ്ഞെടുപ്പായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്. ഒക്ടോബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ നിതീഷ് ആഗ്രഹിച്ച നിമിഷമെത്തി. 88 സീറ്റോടെ ജനതാദൾ (യു) വലിയ കക്ഷിയായി. 55 സീറ്റ് ബി.ജെ.പിയും നേടി. വ്യക്തമായ ഭൂരിപക്ഷത്തോടെ ആദ്യമായി നിതീഷ് കുമാർ മുഖ്യമന്ത്രിയായി.
ലാലുവിൽനിന്ന് താൻ എത്രമാത്രം വ്യത്യസ്തനാണെന്ന് തെളിയിക്കാനാണ് ഭരണത്തിലിരിക്കുമ്പോൾ നിതീഷ് എപ്പോഴും ശ്രമിച്ചത്. നിയമം നടപ്പിലാക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. പാർട്ടിനേതാക്കൾ ക്രമസമാധാന കാര്യങ്ങളിൽ ഇടപെടുന്നത് അദ്ദേഹം വിലക്കി. ഗുണ്ടകളും ബാഹുബലികളുമെല്ലാം ജനതാദൾ (യു)വിലുണ്ടായിരുന്നു. എന്നാൽ, അവരെയൊന്നും നിതീഷ് നേരിട്ട് കൈകാര്യം ചെയ്തില്ല. ഏറ്റവും കുറച്ചുപേരോട് മാത്രം നേരിട്ട് ബന്ധപ്പെടുന്ന ശീലമാണെങ്കിലും സംസ്ഥാനത്തെ ഓരോ രാഷ്ട്രീയ ചലനങ്ങളും പിടിച്ചെടുക്കാനുള്ള അതീവ സാമർത്ഥ്യവും ബന്ധങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. നിതീഷിന്റെ ചാരവലയം അത്രയും കരുത്തുറ്റതാണ്.
2010-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ധാരാളം ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പെൺകുട്ടികൾക്ക് സൈക്കിളും സ്കൂളിൽ ഉച്ചഭക്ഷണവും നൽകാൻ തുടങ്ങിയത് വിദ്യാഭ്യാസ നിലവാരത്തിലും ആരോഗ്യമേഖലയിലും വലിയ മാറ്റങ്ങളുണ്ടാക്കി. എല്ലായിടത്തും വൈദ്യുതി എത്തിത്തുടങ്ങി. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷമാണ് ബിഹാറിൽ സമ്പൂർണ മദ്യനിരോധനമെന്ന തീരുമാനത്തിലേക്ക് നിതീഷ് എത്തിയത്. സ്ത്രീകളുടെ വലിയ പിന്തുണ ഉറപ്പാക്കിയ നടപടികളായിരുന്നു ഇവയെല്ലാം. പുതിയ ബിഹാർ എന്ന പ്രചാരണത്തിനു വലിയ സ്വീകാര്യതയുണ്ടായി. വിവിധ മാധ്യമസ്ഥാപനങ്ങൾ അദ്ദേഹത്തിനു മികച്ച ഭരണകർത്താവിനുള്ള പുരസ്കാരങ്ങൾ നൽകി. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായി നിതീഷ് വളർന്നു.
പത്രപ്രവർത്തകനും പട്‌ന സ്വദേശിയുമായ സംഘർഷൻ താക്കൂർ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോട് ചേർന്നുനടന്ന ആളാണ്. ലാലുവിനേയും നിതീഷിനേയും കുറിച്ച് ധാരാളം എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ ‘ദ ബ്രദേഴ്‌സ് ബിഹാരി’ എന്ന പുസ്തകം ബിഹാർ രാഷ്ട്രീയത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു. ലാലുവിന്റേയും നിതീഷിന്റേയും ഭരണത്തെക്കുറിച്ച് പലരുടേയും അഭിപ്രായം അദ്ദേഹം എടുത്തെഴുതിയിട്ടുണ്ട്. അതിലൊന്ന് ശ്രദ്ധേയമാണ്: “ലാലു ജനങ്ങളെ ശക്തരാക്കുന്ന നേതാവാണ്. അദ്ദേഹത്തിനു ഭരിക്കണം, അദ്ദേഹം ഭരിക്കുകയും ചെയ്യും. നിതീഷ് കാര്യകർത്താവാണ്. ഭരണകാര്യത്തിൽ അദ്ദേഹത്തെ ഒരു സാങ്കേതിക വിദഗ്ദ്ധനോടാണ് (ടെക്‌നോക്രാറ്റ്) ഉപമിക്കാനാകുക.”
മലക്കംമറിച്ചിലുകൾ
നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ മറ്റൊരു സംഭവം അദ്ദേഹത്തിന്റെ ഒരു മണ്ടൻ തീരുമാനമായിരുന്നു. 2014-ലായിരുന്നു അത്. ഗുജറാത്ത് കലാപത്തിന്റെ പാപക്കറ പേറിയിരുന്ന നരേന്ദ്രമോദിയെ അംഗീകരിക്കാൻ നിതീഷിനു കടുത്ത വൈമനസ്യമാണുണ്ടായിരുന്നത്. തന്റെ മതേതര പ്രതിച്ഛായയ്ക്ക് ഭംഗമേൽക്കുന്ന ഒന്നിനും അക്കാലത്ത് നിതീഷ് തയ്യാറല്ലായിരുന്നു. നരേന്ദ്ര മോദി ബിഹാറിൽ പ്രചാരണത്തിനു വരുന്നതിൽ നിതീഷ് എതിർപ്പ് പ്രകടിപ്പിച്ചു. ബി.ജെ.പിയുടെ ദേശീയ നിർവാഹകസമിതി യോഗം പട്‌നയിൽ നടത്തിയതും മോദി അതിൽ പങ്കെടുത്തതും നിതീഷിനെ ചൊടിപ്പിച്ചു. 2014-ലെ ദേശീയ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ജനതാദൾ (യു) തീരുമാനിച്ചു. ഫലം നിരാശാജനകമായിരുന്നു. മോദി തരംഗം കത്തിനിന്ന തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രമാണ് ജനതാദൾ (യു) നേടിയത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെയ്ക്കുകയും ചെയ്തു. ദളിത് സമുദായക്കാരനായ ജിതൻ റാം മാഞ്ചിയെ പകരം മുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഏവരേയും അമ്പരപ്പിച്ച നടപടിയായിരുന്നു ഇത്. നിതീഷിന്റെ രാഷ്ട്രീയ ജീവിതത്തിലെ തകിടംമറിച്ചിലുകൾ ആരംഭിക്കുന്നത് ഈ കാലം മുതലാണ്.
ജിതൻ റാം മാഞ്ചിയെ പ്രതിപുരുഷനാക്കി നിർത്തി ഭരിക്കാമെന്നായിരുന്നു നിതീഷ് കരുതിയത്. തന്റെ പ്രതിച്ഛായ വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എൻ.ഡി.എയുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോൾ സഭയിലെ ഭൂരിപക്ഷം നിലനിർത്താൻ ആർ.ജെ.ഡിയുടെ സഹായം നിതീഷിന് ലഭിച്ചു.
10 മാസത്തിനുശേഷം തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ജിതൻ റാം മാഞ്ചിയോട് രാജിവെയ്ക്കാൻ നിതീഷ് ആവശ്യപ്പെട്ടു. എന്നാൽ, മാഞ്ചി അതിനു തയ്യാറായില്ല. അതോടെ വലിയ പ്രതിസന്ധി ഉടലെടുത്തു. മാഞ്ചിക്ക് പിന്തുണയുമായി ബി.ജെ.പി എത്തിയെങ്കിലും ഭൂരിപക്ഷത്തിന് അടുത്തെത്താനുള്ള സംഖ്യയെത്തിയില്ല. അതോടെ മാഞ്ചി രാജിവെച്ചു. ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്യുലർ) എന്ന പാർട്ടി രൂപവല്‍ക്കരിക്കുകയും ചെയ്തു.
തന്റെ നിതാന്തശത്രുവായ ലാലുപ്രസാദ് യാദവുമായി കൂട്ടുകൂടേണ്ടത് നിതീഷിന്റെ ആവശ്യമായി മാറി. നിതീഷ് ഇതുവരെ ഒറ്റയ്ക്ക് ഒരു തെരഞ്ഞെടുപ്പിലും വിജയമുണ്ടാക്കിയിട്ടില്ല. മറ്റാരേക്കാളും നന്നായി നിതീഷിനതറിയാം. തേജസ്വി യാദവിനെ തോളോടുതോൾ ചേർത്തുനിർത്തി നിതീഷ് ബി.ജെ.പിക്കെതിരെ അങ്കം പ്രഖ്യാപിച്ചു. കോൺഗ്രസ്സും ഇടതുകക്ഷികളും ഒപ്പം ചേർന്നപ്പോൾ അത് മഹാസഖ്യമായി രൂപാന്തരപ്പെട്ടു. തെരഞ്ഞെടുപ്പിന് പ്രശാന്ത് കിഷോർ തന്ത്രങ്ങൾ മെനഞ്ഞു. ജനതാദൾ (യു) 71 സീറ്റ് നേടിയപ്പോൾ ആർ.ജെ.ഡി 80 സീറ്റുമായി സഭയിലെ വലിയ പാർട്ടിയായി. ബി.ജെ.പിക്കെതിരെ രാജ്യമൊട്ടാകെ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് തുടക്കമിട്ട വിജയമായിരുന്നു അത്.
2017-ൽ അപ്രതീക്ഷിതമായി നിതീഷ് വീണ്ടും കളംമാറി. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന് എതിരെയുണ്ടായ അഴിമതി ആരോപണമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. നിതീഷ് വീണ്ടും ബി.ജെ.പി പാളയത്തിലേക്കു പോകുകയും വീണ്ടും അധികാരത്തിലെത്തുകയും 2022-ൽ വീണ്ടും മഹാസഖ്യത്തിനൊപ്പം ചേരുകയും വീണ്ടും തിരിച്ചെത്തുകയും ചെയ്തതെല്ലാം ഏവർക്കും ഓർമയുള്ള സമകാലീന ചരിത്രം. നിതീഷ് എങ്ങോട്ടു പോകുമ്പോഴും ബിഹാർ ഭരണം അതിനൊപ്പം സഞ്ചരിച്ചു. അക്ഷരാർത്ഥത്തിൽ നിതീഷ് ബിഹാർ ഭരണത്തെ കൈവെള്ളയിലിട്ട് അമ്മാനമാടി. സഖ്യകക്ഷികളെ അദ്ദേഹം യഥേഷ്ടം തെരഞ്ഞെടുത്തു.
തുടർഭരണത്തിനു പിന്നിലെന്ത്?
2025-ൽ നിതീഷ് വീണ്ടും മുഖ്യമന്ത്രിപദം ഉറപ്പാക്കുമ്പോൾ ഏവരും ചികയുക തുടർഭരണത്തിന്റെ കാരണങ്ങളാണ്. സ്ത്രീകൾക്ക് 10000 രൂപ ധനസഹായം ലഭിക്കുന്ന മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജനയും മറ്റു വികസന പ്രഖ്യാപനങ്ങളുമെല്ലാം തീർച്ചയായും ഇതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് വാസ്തവമാണ്. കൂടാതെ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളുടെ മുന വേഗത്തിലൊടിക്കുകയെന്നതും നിതീഷിന്റെ ശീലമാണ്. ജാതി സെൻസസും യുവാക്കൾക്കുള്ള ജോലിയുമെല്ലാം വലിയ ആവശ്യങ്ങളായി ഉയർന്നുവന്ന ഉടനെ അത് നടപ്പാക്കുകയും അതിന്റെ പ്രശംസ സ്വയമേറ്റുവാങ്ങുകയും ചെയ്യാനുള്ള കഴിവ് ശ്രദ്ധേയമാണ്. പ്രതിപക്ഷ കക്ഷികൾ അതോടെ വിഷയങ്ങളില്ലാതെ വിഷമിക്കും. ഇതൊക്കെയുണ്ടെങ്കിലും ബിഹാർ വോട്ടർമാരെ ആകർഷിക്കാനായി നിതീഷ് ദീർഘകാലാടിസ്ഥാനത്തിൽ വളർത്തിയെടുത്ത ചില ഘടകങ്ങളുണ്ട്
ലാലുപ്രസാദ് യാദവിനെ എതിർക്കാൻ തക്ക ശേഷിയുള്ള നേതാവാണ് താനെന്ന് തെളിയിക്കാൻ നിതീഷിനായി. ലാലുവിന്റേയും റാബ്രിയുടേയും ഭരണകാലത്ത് ബിഹാറിലെ ക്രമസമാധാനം യാദവ നേതാക്കളായിരുന്നു നോക്കിനടത്തിയിരുന്നത്. ഇതിനെതിരെയുള്ള ശക്തമായ വികാരം മറ്റു സമുദായക്കാരിലുണ്ടായിരുന്നു. ഇത് വോട്ടാക്കി മാറ്റാൻ ബി.ജെ.പിക്കൊപ്പമുള്ള സഖ്യത്തിലൂടെ നിതീഷിനായി. കൊള്ളയും തട്ടിക്കൊണ്ടുപോകലുമൊക്കെ പതിവായിരുന്ന ഒരുകാലത്തെക്കുറിച്ച് ഓർമയുള്ള ജനത, പ്രത്യേകിച്ചും മധ്യവർഗം നിതീഷിനെ പതിവായി പിന്തുണച്ചുകൊണ്ടിരിക്കുന്നു. മികച്ച പ്രതിച്ഛായ ഇക്കാര്യത്തിൽ ഗുണം ചെയ്തു.
യാദവരും മുസ്‌ലിങ്ങളുമാണ് ലാലുവിനെ എപ്പോഴും പിന്തുണയ്ക്കാറുള്ളത്. അതിനെ മറികടക്കുന്ന സോഷ്യൽ എൻജിനീയറിങ്ങാണ് നിതീഷ് കുമാർ നടത്തിയത്. മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒ.ബി.സി)പ്പെട്ട യാദവരൊഴിച്ചുള്ള 110 സമുദായങ്ങളെ നിതീഷ് സർക്കാർ ഇക്കണോമിക്കലി ബാക്ക്‌വേഡ് കാസ്റ്റ് (ഇ.ബി.സി.) എന്ന പ്രത്യേക വിഭാഗമാക്കി മാറ്റി. അവർക്ക് പ്രത്യേക പരിലാളനയും നൽകി. ലാലുവിന്റെ വോട്ട് ബാങ്കിൽ വലിയ ചോർച്ചയാണിത് ഉണ്ടാക്കിയത്.
ബിഹാറിലെ ദളിതരിൽ വലിയൊരു ഭാഗം രാംവിലാസ് പസ്വാനൊപ്പമായിരുന്നു. പ്രത്യേകിച്ചും പസ്വാൻ വിഭാഗം. ഈ വോട്ട് ബാങ്ക് നിസ്സാരമായിരുന്നില്ല. ഭരണത്തിലേറിയപ്പോൾ ഈ ദളിതർക്കുള്ളിൽ മറ്റൊരു വിഭാഗത്തെ നിതീഷ് സൃഷ്ടിച്ചു. ദളിത് വിഭാഗത്തിനുള്ളിൽ സാമൂഹികമായി കൂടുതൽ പിന്നാക്കം നിൽക്കുന്ന 21 ജാതികളെ മഹാദളിത് എന്ന വിഭാഗമാക്കി മാറ്റി. ഇവർക്ക് കൂടുതൽ ആനുകൂല്യങ്ങളും അവസരങ്ങളും സർക്കാരിൽനിന്ന് ലഭിച്ചു. ഒപ്പം മുസ്‌ലിങ്ങളിൽത്തന്നെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പസമാന്താ വിഭാഗത്തിനു കൂടുതൽ പരിഗണന നൽകി.
ജാതികൾക്കതീതമായി നിതീഷിനു ലഭിക്കുന്ന പിന്തുണ വനിതകളിൽനിന്നാണ്. സ്കൂളിൽ പോകാൻ നിതീഷ് സർക്കാർ സൈക്കിൾ നൽകിയ പെൺകുട്ടികളെല്ലാം ഇന്ന് വോട്ടർമാരായി വളർന്നുകഴിഞ്ഞു. 2016-ൽ ബിഹാറിൽ കൊണ്ടുവന്ന സമ്പൂർണ മദ്യനിരോധനം പൂർണമായി ഫലപ്രദമാണെന്ന് പറയാനാകില്ലെങ്കിലും ഗാർഹികപീഡനത്തിൽ വലിയ കുറവുണ്ടാക്കി. പുരുഷന്മാർ വീട്ടിലേക്കു നൽകുന്ന പണംകൂടി. ഇതെല്ലാം ബിഹാറിലെ വനിതകൾ നിത്യജീവിതത്തിൽ അനുഭവിക്കുന്നതാണ്. ഒരു പ്രചാരണത്തിന്റേയും ആവശ്യമില്ലാതെ നിതീഷിന് അനുകൂലമായ വോട്ടായി ഇവ മാറുന്നു. ഇത്തവണ വോട്ടിങ്ങിലുണ്ടായ വർധനവ് പ്രധാനമായും സ്ത്രീകളുടേതാണ്. ആ വോട്ടുകളാണ് നിതീഷിനെ രക്ഷിച്ചതും.
മക്കൾ രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരായുള്ള നിതീഷിന്റെ നിലപാടുകളും വോട്ടർമാരെ ആകർഷിക്കുന്നു. തുടർഭരണത്തിൽ റെക്കോഡിട്ട നവീൻ പട്‌നായിക്കിനെ ഒഡിഷയിൽ തോല്‍പ്പിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള എതിർപ്രചരണമാണ്. ബിഹാറിലും ഇത്തരം പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ അടിത്തട്ടിലേക്കെത്തിക്കാൻ ആർ.ജെ.ഡിക്കായില്ല.
വെല്ലുവിളികൾ
എൻ.ഡി.എ. ഭരണത്തിലെത്തിയാൽപോലും ജനതാദൾ (യു) വിന് സീറ്റ് നന്നായി കുറഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ബി.ജെ.പി. ഉയർത്തിയേനെ. 85 സീറ്റ് ജനതാദൾ (യു) നേടിയതോടെ ഇക്കാര്യം ചർച്ചയാകില്ല. തല്‍ക്കാലം നിതീഷിന് ഒരു വെല്ലുവിളി ഒഴിവായി. എന്നാൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് ആവശ്യമുള്ള നിയമസഭയിൽ ജനതാദൾ (യു) ഒഴിച്ചുള്ള മറ്റ് എൻ.ഡി.എ. ഘടകകക്ഷികൾ ചേർന്നാൽ തന്നെ 117 സീറ്റാകും. 'ബിഹാർ മേം സബ് ചൽതാ ഹേ' (ബിഹാറിൽ എന്തും നടക്കും) എന്നൊരു പറച്ചിലുണ്ട്. ബി.ജെ.പി. വിചാരിച്ചാൽ അഞ്ച് എം.എൽ.എമാരെ ലഭിക്കാൻ അത്ര പ്രയാസമൊന്നുമില്ലെന്ന് നിതീഷിന് നല്ല ബോധ്യമുണ്ടാകും.
വികസനപദ്ധതികൾ താഴെത്തട്ടിലേക്ക് എത്തിക്കുകയെന്നതാണ് നിതീഷ് ഉടനെ നടപ്പിലാക്കേണ്ട കാര്യം. അതിദരിദ്രരുടെ എണ്ണം ഇപ്പോഴും ബിഹാറിൽ വളരെ കൂടുതലാണ്. ബിജ്‌ലി, സഡക്, പാനി (വൈദ്യുതി, റോഡ്, വെള്ളം) എന്ന ബിഹാറിലെ പ്രാഥമിക ആവശ്യത്തിൽനിന്ന് അടുത്ത വികസനഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നതിന് നിതീഷ് ബിഹാറിലെ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് പത്രപ്രവർത്തകൻ കൂടിയായ സന്തോഷ് സിങ് 'ജെ.പി. റ്റു ബി.ജെ.പി.: ബിഹാർ ആഫ്റ്റർ ലാലു ആൻഡ് നിതീഷ്' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിതീഷ് കഴിഞ്ഞാൽ മറ്റൊരു ജനകീയമുഖമില്ലെന്നതാണ് ജനതാദൾ (യു)വിന്റെ ഏറ്റവും വലിയ പ്രശ്‌നം. രണ്ടാം നിര പോയിട്ട് ഒന്നാം നിര നേതാക്കളെപ്പോലും വളർത്തിയെടുക്കാൻ നിതീഷ് ശ്രമിക്കുന്നില്ല. കൂടെനിൽക്കുന്നവരെപ്പോലും അദ്ദേഹം പൂർണമായും വിശ്വാസത്തിലെടുക്കാറില്ല. ജോർജ് ഫെർണാണ്ടസ്, ശരദ് യാദവ്, ആർ.സി.പി. സിങ്, ലല്ലൻ സിങ് തുടങ്ങിയവരെല്ലാം നിതീഷിന്റെ അവിശ്വാസത്തിൽ ദേശീയ പ്രസിഡന്റ് സ്ഥാനം നഷ്ടമായവരാണ്. ഒരുകാലത്ത് ലവകുശൻമാരായിരുന്ന നിതീഷും ഉപേന്ദ്ര കുശ്‌വാഹയും തെറ്റാനിടയായത് അർഹമായ അവസരങ്ങൾ നൽകാത്തതിനാലാണ്.
നിതീഷിന് ശേഷം ജനതാദൾ (യു)വിനെ നയിക്കാൻ ആരെന്ന ചോദ്യം ഈ സന്ദർഭത്തിൽ പ്രസക്തമല്ലെങ്കിലും ഒരുപാട് പേരുടെ മനസ്സിൽ ഉയരുന്നതാണിത്. മകൻ നിഷാന്തിന്റെ പേര് പിൻഗാമിയായി പാർട്ടിക്കുള്ളിൽ ഉയർന്നപ്പോഴും നിതീഷ് അതിനു വലിയ പ്രോത്സാഹനം നൽകിയില്ല. മുൻപ് ജനതാദൾ (യു) ദേശീയ വൈസ് പ്രസിഡന്റായി പ്രശാന്ത് കിഷോറിനെ നാമനിർദേശം ചെയ്തപ്പോൾ നിതീഷിന്റെ മനസ്സിൽ തന്റെ പിൻഗാമിയാണുണ്ടായിരുന്നതെന്ന് സുഹൃത്ത് ഉദയ്‌കാന്ത് മിശ്ര എഴുതിയ ജീവചരിത്രത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates