Image of padmanbha swamy temple
പത്മനാഭസ്വാമി ക്ഷേത്രം- Thiruvananthapuramസമകാലിക മലയാളം വാരിക

ചന്തം പോയൊരു തിരോന്തരം

Published on

തിരുവനന്തപുരം കോര്‍പറേഷന്റെ വടക്കേ അതിര്‍ത്തിയിലാണ് എന്റെ ഗ്രാമം. പള്ളിപ്പുറം എന്ന എന്റെ ഗ്രാമത്തെക്കുറിച്ച് നന്തനാരുടെ ഒരു നോവലുണ്ട്, 'ആയിരവല്ലിക്കുന്നിന്റെ താഴ്വരയില്‍'. 1926-ല്‍ മഴ പെയ്യുന്ന മിഥുനമാസരാത്രിയില്‍ ജനിച്ച ഉണ്ണിക്കുട്ടനെന്ന പൂരപ്പറമ്പില്‍ ചെങ്ങര ഗോപാലനെന്ന നന്തനാര്‍ മലപ്പുറത്തെ അങ്ങാടിപ്പുറത്തുകാരനാണ്. ആത്മാവിന്റെ നോവുകളും ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, അനുഭൂതികളുടെ ലോകവും തുടങ്ങി ഏഴെട്ടു നോവലുകളും കുറെയേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. എന്റെ തലമുറയെ പിടിച്ചുലച്ച കഥകളായിരുന്നു

ഈ അടുത്തകാലത്ത് റോമി മാത്യു നന്തനാരെക്കുറിച്ച് എഴുതിയ മനോഹരമായൊരു കുറിപ്പ് വായിച്ചു, മഴയ്ക്ക് എന്തായിരുന്നു നന്തനാര്‍ എന്ന് ചോദിച്ച് റോമി പറയുകയാണ്, മഴയായിരുന്നു നന്തനാര്‍, മഴയുടെ ഉയിരായിരുന്നു നന്തനാര്‍. 1974 മേടമാസത്തിലായിരുന്നു നന്തനാരുടെ മരണം, കേവലം നാല്‍പത്തിയെട്ട് വയസ്സ്. പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്‍ഡിന് സമീപത്തുള്ള കോമന്‍സ് ലോഡ്ജിലെ ഇരുപത്തിരണ്ടാം മുറിയില്‍. എന്തിനാലായിരുന്നു നന്തനാര്‍ വിഷത്തിന്റെ നനവറിഞ്ഞത്? മഴയുടെ നനവുമായി രണ്ടാഴ്ച കഴിഞ്ഞാല്‍ ഇടവവും പിന്നാലെ മിഥുനവും വരുമെന്ന് നന്തനാര്‍ എന്തുകൊണ്ട് ഓര്‍ത്തില്ലെന്ന് ചോദിച്ച് റോമി നന്തനാരുടെ അനുഭൂതികളുടെ ലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോവുകയാണ്.

Image of kanakakkunnu palace
കനകക്കുന്ന് കൊട്ടാരംസമകാലിക മലയാളം വാരിക

അങ്ങാടിപ്പുറത്തുകാരനായ നന്തനാര്‍ ഇങ്ങ് തെക്ക് തിരുവനന്തപുരത്തുള്ള എന്റെ ഗ്രാമത്തിലെത്തിയത് ഫാക്റ്റിന്റെ കൃഷിഓഫീസറായാണ്. ഞങ്ങളുടെ ഗ്രാമത്തില്‍ അന്ന് കൃഷി ഉത്സവമായിരുന്നു. തൈനാന്‍ 3യും ഐ.ആര്‍.8-ഉം കൃഷിചെയ്ത് വലിയ വിളവെടുപ്പ് ഉത്സവം, ആദ്യമായി ഗ്രാമത്തില്‍ ട്രാക്ടര്‍ വന്നു, മെതിയന്ത്രവും. ഞാനന്ന് പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്നു. നന്തനാര്‍ ആരായിരുന്നുവെന്ന് പില്‍കാലത്ത്, വായനയുടെ പൂരക്കാലത്താണ് ഞാന്‍ അറിയുന്നത്. എന്റെ ഗ്രാമത്തില്‍ വന്ന് താമസിച്ച് ഗ്രാമത്തിന്റെ കഥ നന്തനാര്‍ എഴുതിയെന്നത് എന്നെ അത്ഭുതപ്പെടുത്തി. നന്തനാര്‍ മരണമടഞ്ഞപ്പോള്‍ ഞാനൊരു കോളേജ് വിദ്യാര്‍ത്ഥി.

വിഷാദത്തോടെ പള്ളിപ്പുറത്തെ വാണീവിലാസം ലൈബ്രറിയില്‍ കുത്തിയിരുന്നത് ഓര്‍മയിലുണ്ട്. ''മഴക്കാലത്ത് നടുമുറ്റത്ത് വെള്ളം വീഴുന്ന ശബ്ദം കേട്ടുകൊണ്ട് കിടക്കാന്‍ വളരെ ഇഷ്ടമുണ്ട് ഗോപിക്ക്. നല്ലൊരു സംഗീതകച്ചേരി കേള്‍ക്കുന്നതുപോലുള്ള സുഖം. വെള്ളം കാണാനുള്ള ആര്‍ത്തികൊണ്ട് തുരുത്തില്‍ പോയി നില്‍ക്കാന്‍ കൊതിച്ച നന്തനാറിലെ പട്ടാളക്കാരന്റെ അനുഭൂതികളുടെ ലോകം എന്നെ വല്ലാതെ വിവശനാക്കിയിരുന്നു.

പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് വയലേലകളും കൈത്തോടുകളും കൈതക്കാടുകളും പിന്നിട്ട് ഏഴെട്ട് മൈലുകള്‍ താണ്ടി ആയിരവല്ലിക്കുന്നിന്റെ താഴ്വരയിലൊരു അപ്പര്‍ മിഡില്‍ സ്‌കൂളില്‍ മൂന്നു വര്‍ഷങ്ങള്‍ പഠിച്ച ഒരു ബാല്യം എനിക്കുണ്ട്. അഞ്ചാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ. ഈശ്വരവിലാസം എന്ന ആ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു എന്റെ അമ്മ. അമ്മയുടെ മുന്നാലെയോ പിന്നാലെയോ വയല്‍ വരമ്പുകളിലൂടെ തോട്ടുവരമ്പുകളിലൂടെയുള്ള സ്‌കൂള്‍യാത്ര, അന്ന് അതേ കഴിയുമായിരുന്നുള്ളൂ. രാത്രിയില്‍ ചിലപ്പോള്‍ കാലുകള്‍ വേദനിക്കും, കടുക് എണ്ണയിട്ട് അമ്മ കാല്‍ തിരുമ്മിത്തരും. തോട്ടുവരമ്പിന്റെ തലയ്ക്കല്‍ ആനതാഴിച്ചിറ, പണ്ടൊരു ആന താഴ്ന്നുപോയതുകൊണ്ടായിരുന്നു ആറേഴ് ഏക്കറുകളുണ്ടായിരുന്ന ആഴത്തിലുള്ള ചിറയ്ക്ക് ആനതാഴിച്ചിറ എന്ന പേരുണ്ടായതത്രേ.

ഹരം പിടിപ്പിക്കുന്ന മണമായിരുന്നു കൈതപ്പൂക്കള്‍ക്ക്, കാടുകള്‍ക്കുള്ളില്‍ പാമ്പുകളുണ്ടായിരുന്നു. വൈകുന്നേരം തിരികെ വരുമ്പോള്‍ ഞാന്‍ മുന്നിലായിരിക്കും, തോട്ടിലെ വെള്ളം വറ്റിയ ഭാഗത്ത് കാലുകള്‍ താഴ്ത്തി ഒഴിഞ്ഞ ചോറ്റുപാത്രം തുറന്നുവയ്ക്കും, വളരെ ചെറിയ പരല്‍മീനുകള്‍ ചാടിയാലായി. കേരളത്തിലെ ഏത് ഗ്രാമത്തേയും പോലെ മനോഹരമായിരുന്നു പള്ളിപ്പുറം. ഇന്നിപ്പോള്‍ വയലേലകള്‍ കാടുകയറിയിരിക്കുന്നു. കൃഷി എന്നോ നിലച്ചുപോയി. കുട്ടനാട് കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും നീണ്ട ഏലയാണ് പള്ളിപ്പുറം ഏലയെന്ന് ഊറ്റംകെണ്ടിരുന്നു ഞങ്ങളുടെ ഗ്രാമവാസികള്‍. ആയിരവല്ലിക്കുന്നിന്റെ അടിത്തട്ടില്‍നിന്ന് തുടങ്ങുന്ന ഏല കഴക്കൂട്ടത്തെ ഇപ്പോഴത്തെ ടെക്നോപാര്‍ക്ക് കഴിഞ്ഞ് നീണ്ടുകിടന്നതാണ്.

നാഷണല്‍ പവര്‍ഗ്രിഡുകാര്‍ പള്ളിപ്പുറം ഏലായുടെ പകുതി സ്ഥലം കയ്യടക്കി. കഴക്കൂട്ടത്ത് എത്തും മുന്‍പ് തന്നെ ഏലകള്‍ നികന്ന് വീടുകളായി. കഴക്കൂട്ടം എന്‍.എച്ചിന് തെക്കുംഭാഗം അപ്പടി ടെക്നോപാര്‍ക്കായി. പള്ളിപ്പുറം ഏലയുടെ കഥ കഴിഞ്ഞു. പവര്‍ഗ്രിഡും ടെക്നോപാര്‍ക്കും വരും മുന്‍പ് തന്നെ കൃഷി നിലച്ചിരുന്നു. കൃഷിത്തൊഴിലാളികള്‍ നിര്‍മാണമേഖലകളിലേക്ക് തിരിഞ്ഞ് നഗരത്തിലേക്കു പോയി. ഗള്‍ഫിലെ കുടിയേറ്റത്തിന്റെ വരവോടെ ഗള്‍ഫിലേക്കും ചേക്കേറി. പണിയെടുക്കാന്‍ ആളില്ലാതായതോടെ കൃഷിഭൂമി തരിശായി. ഇത് കേരളത്തിന്റെയാകെ ചിത്രമാണ്.

കൃഷി മുടങ്ങിയതില്‍ മാറിമാറി വന്ന ജനകീയ സര്‍ക്കാരുകള്‍ക്ക് പ്രയാസം തോന്നിയില്ല, ആന്ധ്രയില്‍നിന്ന് അരിയും പഞ്ചാബില്‍നിന്ന് ഗോതമ്പും യഥേഷ്ടം വന്നുകൊണ്ടിരുന്നു. നിര്‍ബന്ധിത റേഷനിങ് വന്നതോടെ മലയാളി നെല്‍കൃഷി തന്നെ വേണ്ടെന്നുവച്ചു. ആന്ധ്രക്കാരും തെലുങ്കുകാരും തമിഴരും വെയിലുകൊണ്ട് പണിയെടുക്കട്ടേ നമുക്ക് സര്‍ക്കാരുദ്യോഗവും ഗള്‍ഫുമുണ്ടല്ലോയെന്ന ചിന്താഗതിയാണ് സര്‍വ പാര്‍ട്ടികളും നമ്മിലുണ്ടാക്കിയത്. അന്നത്തിനായി നമ്മള്‍ കേന്ദ്രത്തിനു മുന്നില്‍ കൈനീട്ടി, ഇപ്പോള്‍ പള്ളിപ്പുറത്ത് ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ടം വരുന്നു. എന്റെ വീടിനു മുന്നിലായി മനോഹരമായൊരു കുന്നുണ്ടായിരുന്നു. ആദ്യം ഒരു ഭാഗം ഇടിച്ചുനിരത്തി സി.ആര്‍.പി ക്യാമ്പ് തുറന്നു, ഇപ്പോള്‍ മറുഭാഗത്ത് ഐ.ടി കാമ്പസിന്റെ പണി അതിവേഗത്തില്‍ നടക്കുകയാണ്.

റ്റാറ്റാ കണ്‍സള്‍ട്ടന്‍സി ഏഷ്യയിലെ ഏറ്റവും വലിയ കാമ്പസ് അവിടെ തുറക്കുകയാണ്. ആ കുന്നിന് താഴെയുള്ള കുറക്കോട് ഏല മുഴുവന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കാമ്പസായി. ഗ്രാമം അപ്പാടെ തലകുത്തിവീണൊരു നഗരമായി. എന്റെ പഴയ ഗ്രാമത്തിന്റെ മാറുകീറി അതിവിശാലമായി എന്‍.എച്ച്. 66. അതിവേഗതയില്‍ ഇനി പായാം. റോഡ് മുറിച്ചുകടന്ന് വീട്ടിലെത്തുക അതീവ ദുഷ്‌കരമായി. ആ കുന്നിന്‍പ്രദേശങ്ങള്‍ കുട്ടിക്കാലത്തെ ഓര്‍മകളാണ്. ഓണത്തിന് പൂവ് തേടി പോയിരുന്നു അവിടെ. ഒരുപാട് പുന്നമരങ്ങളുണ്ടായിരുന്നു. മുളക്കൂട്ടങ്ങളുണ്ടായിരുന്നു. കശുമാവുകളും തെച്ചിക്കാടുകളുമുണ്ടായിരുന്നു. തൊട്ടാവാടികള്‍ കുന്നിന്‍തലയില്‍ പൂത്തുകിടന്നിരുന്നു. കാലികള്‍ ആ കുന്നിന് താഴ്വാരത്ത് മേഞ്ഞുനടന്നിരുന്നു. എന്തു ചന്തമുള്ള കുന്നുകളും കുളങ്ങളും. താമരക്കുളമെന്നാണ് എന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ പേരു തന്നെ.

സി.ആര്‍.പി സെന്ററിരിക്കുന്ന സ്ഥലത്തെ പണ്ട് ഞങ്ങള്‍ വിളിച്ചിരുന്നത് വട്ടപ്പറങ്കിമാവ് എന്നായിരുന്നു. എമ്പാടും പറങ്കിമാവുകളെന്ന കശുമാവുകളായിരുന്നു. ആ മാവിന്‍ചുവട്ടിലാകെ കാളവണ്ടികളുണ്ടായിരുന്നു. തൊട്ടുതന്നെ കാളകള്‍ അയവിറക്കി കിടക്കുന്നുണ്ടാകും. ഈ അടുത്തകാലത്ത് ഞാന്‍ കുളം തേടിപ്പോയി. കുളമുണ്ടായിരുന്ന സ്ഥലം നികന്ന് കാട് കയറി. എം.ടിയുടെ 'കുമരനെല്ലൂരിലെ കുളങ്ങള്‍' വായനക്കാര്‍ ഓര്‍മിക്കുന്നില്ലേ. ഗ്രാമത്തിലേക്ക് വന്‍കിട വികസനങ്ങള്‍ വന്ന് വയലേലകളെ വിഴുങ്ങി. താമരക്കുളങ്ങള്‍ എവിടെയോ മറഞ്ഞു. കുന്നുകള്‍ നിരത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയര്‍ന്നു. വികസനം ഇങ്ങനെയാണ്!

Image of Shankumukham beach
ശംഖുമുഖം കടല്‍ത്തീരം സമകാലിക മലയാളം വാരിക

ശംഖുമുഖം കാറ്റും മണവും

പ്രിയപ്പെട്ട വായനക്കാര്‍ ഹൃദയകുമാരി ടീച്ചറുടെ ഓര്‍മകളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകും. 'നന്ദിപൂര്‍വം' എന്ന ആ ഓര്‍മകളുടെ കൂടാരത്തിനകത്തേക്ക് നോക്കുക. ടീച്ചര്‍ വരച്ചിടുന്നതൊക്കെ പഴയ അനന്തപുരിയെക്കുറിച്ചാണ്. അനന്തപുരിയിലെ പഴയ ശബ്ദങ്ങളും ഗന്ധങ്ങളും അതിലുണ്ട്. 1930-ല്‍ തിരുവനന്തപുരത്ത് ഒരുപക്ഷേ, അന്നത്തെ നഗരത്തിന്റെ ഹൃദയത്തില്‍ ജനിച്ച് രണ്ടാം ലോകയുദ്ധവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഐതിഹാസിക ദിനങ്ങളും കണ്ടും കേട്ടും വളര്‍ന്നതാണ് ടീച്ചറുടെ കുട്ടിക്കാലം. ''എന്റെ ലോകം, നേരിട്ടുള്ള അനുഭവമണ്ഡലം തിരുവനന്തപുരമായിരുന്നു. അന്നത്തെ തിരുവനന്തപുരം ഇന്നത്തെ തിരുവനന്തപുരത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. നല്ല തണുപ്പുണ്ടായിരുന്നു.

പഴയ തിരുവനന്തപുരത്തില്‍ എപ്പോഴും കടല്‍കാറ്റ് വീശിക്കൊണ്ടിരിക്കും. ശംഖുമുഖം കാറ്റെന്നായിരുന്നു ഞങ്ങളതിനു പേരിട്ടത്. ധാരാളം മരങ്ങളുണ്ടായിരുന്നതുകൊണ്ട് നഗരത്തിന്റെ പല ഭാഗങ്ങളും കാറ്റത്തിളകുന്ന ഒരു പച്ചക്കടല്‍പോലെ തോന്നിച്ചിരുന്നു. 'ചൂട്', 'ചൂട്' എന്ന് ആരും പരാതിപ്പെടുന്നത് ഓര്‍മയിലില്ല.'' തിരുവനന്തപുരത്തിന്റെ പ്രത്യേകമായ ശബ്ദവൈവിദ്ധ്യങ്ങളെപ്പറ്റി നഗരത്തിലെ രുചികളെപ്പറ്റിയൊക്കെ ടീച്ചര്‍ ഓര്‍മിക്കുന്നുണ്ട്. ...ടീച്ചര്‍ നഗരത്തിന്റെ മണത്തെപ്പറ്റി എഴുതുകയാണ്. വൃക്ഷനിബിഡമായിരുന്ന ഈ പട്ടണത്തിന് ഒരുപാട് നല്ല മണങ്ങളുണ്ടായിരുന്നു. ചില മാസങ്ങളില്‍ വെയിലില്‍ മാമ്പൂവിന്റേയും പിന്നെ പച്ചമാങ്ങയുടേയും മണം.

വൃശ്ചികം ധനുമാസങ്ങളില്‍ സന്ധ്യ മുതല്‍ പാലപ്പൂമണം. ചെമ്പകമരങ്ങള്‍ പൂക്കുമ്പോഴുള്ള ദിവ്യസുഗന്ധം. പവിഴമല്ലി, അശോകം, ഇലഞ്ഞി, പുന്ന തുടങ്ങി പലജാതി മരങ്ങളിലെ പൂക്കുലകളില്‍ നിന്നൊഴുകിവരുന്ന പരിമളങ്ങള്‍. വീട്ടുമുറ്റങ്ങളില്‍ പനിനീര്‍ റോസും മുല്ലയും തുളസിച്ചെടികളുമുണ്ടായിരുന്നു. വൈകുന്നേരം കിഴക്കേ കോട്ടയിലെത്തിയാല്‍ കൊഴുന്ന്, പിച്ചി, മുല്ല എന്നിവയുടെ നറുമണം. ചാലയിലാകെ പൂക്കടകള്‍... തിരുവനന്തപുരത്തിന്റെ അതിമനോഹരമായൊരു ചിത്രം വായനക്കാര്‍ക്ക് ടീച്ചറുടെ ആത്മകഥയില്‍ വായിക്കാം. സത്യത്തില്‍ ഈ പുസ്തകത്തില്‍ ടീച്ചര്‍ നിശ്ശബ്ദയായൊരു നിരീക്ഷക മാത്രമാണ്, ഉള്ളാകെ തിരുവനന്തപുരമാണ്.

ഇടവപ്പാതിയിലെ അലറിത്തിമിര്‍ക്കുന്ന മഴയും കോളറ കാലാവസ്ഥയും വസൂരി കാലാവസ്ഥയുമൊക്കെ ടീച്ചര്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍ ഒരു ബിരുദവിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഞാന്‍ ആദ്യം ടീച്ചറെ കാണുന്നത്. യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഇഷ്യു കൗണ്ടറിനു മുന്നില്‍ ടീച്ചര്‍ നില്‍ക്കുകയാണ്, തൂവെള്ള ഖദര്‍ സാരിയില്‍. ഒരു കെട്ട് പുസ്തകങ്ങള്‍ ഡേറ്റ് സീലടിച്ച് വാങ്ങി അടുക്കി കയ്യില്‍വച്ച് നേര്‍ത്ത പുഞ്ചിരിയോടെ ടീച്ചര്‍ നടന്നുനീങ്ങി. അതൊരു വൈകുന്നേരമായിരുന്നു. എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ആഹ്ലാദത്തോടെ, ചിലപ്പോള്‍ ഒരു ചടങ്ങുപോലെ ഞങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ കയറിയിറങ്ങുന്ന കാലം.

കോളേജ് കുട്ടികളും അദ്ധ്യാപകരും അന്ന് ലൈബ്രറികളില്‍ തിക്കിത്തിരക്കി കയറിയിറങ്ങും. എന്ത് മനോഹരമായൊരു കാലം. ലൈബ്രറിയിലെ ഇടനാഴികളില്‍ പുസ്തകറാക്കുകള്‍ക്കിടയില്‍ എത്രയെത്ര പ്രേമരംഗങ്ങള്‍, എത്രയെത്ര നിശ്വാസങ്ങള്‍. പ്രൊഫ. ഗുപ്തന്‍ നായരും പ്രൊഫ. എം. കൃഷ്ണന്‍ നായരും പ്രൊഫ. എന്‍. കൃഷ്ണപിള്ളയും കെ.എം. ജോര്‍ജും അയ്യപ്പപ്പണിക്കരും ജി.എന്‍. പണിക്കരും പുതുശ്ശേരിയുമൊക്കെ ആ ഇടനാഴികളിലൂടെ കടന്നുവരുമ്പോള്‍ ആദരവോടെ ഞങ്ങള്‍ നോക്കിനിന്നു. ലൈബ്രറിയിലെ മുകള്‍നിലയിലെ കേരളാസ്റ്റഡീസില്‍ ഒരു പുസ്തകം തുറന്നുവച്ച്, നാല് ദിക്കിലേക്കും കണ്ണുകള്‍ പായിച്ച് വേലപ്പന്‍ നായര്‍.

കോളേജ് അവധി ദിവസമായ ശനിയാഴ്ചകളില്‍, വേലപ്പന്‍ നായരുടെ മുന്നിലിരുന്ന് പൊട്ടിച്ചിരിക്കുന്ന എസ്.വി. വേണുഗോപന്‍ നായര്‍ എന്ന കഥാകൃത്ത്. വേണുഗോപന്‍ സാര്‍ അന്ന് എം.ജി. കോളേജിലോ ധനുവച്ചപുരത്തോ ആയിരുന്നിരിക്കണം. ഒരുപാട് ഓര്‍മകള്‍ എനിക്ക് ഈ ലൈബ്രറിയിലുണ്ട്. അക്കമ്മാ ഡാനിയേല്‍ എന്ന അക്കമ്മ സാര്‍, ലൈബ്രേറിയനായിരുന്നു. കാര്യവട്ടത്തും യൂണിവേഴ്സിറ്റി ലൈബ്രറിയിലും. മധ്യതിരുവിതാംകൂറില്‍നിന്ന് ജീവിതം തേടി തിരുവനന്തപുരത്ത് ചേക്കേറിയതാണ് അക്കമ്മ സാര്‍, സ്നേഹം എന്ന വാക്കിന്റെ പര്യായം.

ദുരിതക്കയത്തില്‍ കിടന്ന് ഉഴറിയപ്പോഴും ലൈബ്രറിയില്‍ പൊട്ടിച്ചിരിച്ച് നടന്നു. അക്കമ്മ സാര്‍ വരികയാണ്, പുഞ്ചിരിച്ചുകൊണ്ട്. കയ്യിലൊരു ബാഗ്, കസേരയില്‍ ബാഗ് വയ്ക്കും മുന്‍പ് മേശപ്പുറം വൃത്തിയാക്കുന്നു. ലൈബ്രറിയും അതിനുള്ളിലെ സഹപ്രവര്‍ത്തകരും പുസ്തകം തേടി എത്തുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായിരുന്നു അവരുടെ കുടുംബം. ഏക മകന്‍ പോലും തിരിഞ്ഞുനോക്കാതെ വാര്‍ദ്ധക്യകാലത്ത് ഒറ്റപ്പെട്ട്, ഏതാണ്ട് അനാഥയായി അക്കമ്മ സാര്‍ മരണമടഞ്ഞ വാര്‍ത്തവായിച്ചു ഞാന്‍ കരഞ്ഞുപോയി.

ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ പുസ്തകങ്ങള്‍ക്കിടയില്‍, അവസാനം ആരുമില്ലാതെ അബോധാവസ്ഥയില്‍ കിടന്നപ്പോഴും പഴയൊരു ബൈബിള്‍ അവര്‍ അമര്‍ത്തിപ്പിടിച്ചിരുന്നു. കഴക്കൂട്ടത്തുനിന്ന് സ്‌കൂട്ടറിലെത്തുന്ന സുകുമാരന്‍ നായര്‍. കഴിഞ്ഞയാഴ്ച യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ഐസക് സാറിന്റെ ജന്മശതാബ്ദി ആഘോഷിച്ചു. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ആദ്യം വരുമ്പോള്‍ കണ്ട ചിത്രമാണ്. കൗണ്ടറിനു പിന്നില്‍ ലൈബ്രേറിയന്‍ എന്ന ബോര്‍ഡിനു താഴെ തലനരച്ച് വെളുത്തു മെലിഞ്ഞ ഒരാള്‍, നല്ല വെടിപ്പുള്ള വേഷം, കേരളാ യൂണിവേഴ്സിറ്റിയിലെ ആദ്യ ലൈബ്രേറിയനാണ്, ലൈബ്രറി സയന്‍സ് പ്രൊഫസറാണ്. ഈ ലൈബ്രറി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണെന്ന് അതിനുള്ളിലേക്ക് കയറുമ്പോള്‍ ഞങ്ങള്‍ ഊറ്റംകൊണ്ടിരുന്നു. പഴയ ലൈബ്രറി ഒരുപാട് മാറി മോഡേണ്‍ ആയി. റീഡിങ് സെക്ഷനും റഫറന്‍സ് സെക്ഷനുമൊക്കെ ഡിജിറ്റലായി. സിവില്‍ സര്‍വീസിനു പഠിക്കുന്നവരും ഗവേഷണ വിദ്യാര്‍ത്ഥികളുമൊക്കെ റഫറന്‍സ് സെക്ഷനില്‍ ലാപ്ടോപ്പുകള്‍ തുറന്നിരുന്ന് പഠിക്കുന്നുണ്ട്. ചുറ്റുമുള്ള അലമാരകളിലെ പുസ്തകങ്ങളെ ആരെങ്കിലും തിരയുന്നത് കാണുന്നേയില്ല. എല്ലാവരും ഗൂഗിളിലാണ്. ഗൂഗിള്‍ വന്നതോടെ റഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കു വിശ്രമമായി. ബ്രിട്ടാനിക്കായും അമേരിക്കാനയും മുതല്‍ സര്‍വ റഫറന്‍സ് ഗ്രന്ഥങ്ങളും വിശ്രമത്തിലായി.

ഡിക്ഷണറികള്‍ ആരും തുറക്കാറു തന്നെയില്ല. ഗ്രൗണ്ട് ഫ്‌ലോര്‍ മാത്രമാണ് സജീവം. മുകള്‍നിലകളിലേക്ക് ആരെങ്കിലും അപൂര്‍വമായി കയറിയാലായി. പുസ്തകങ്ങള്‍ നമ്മളില്‍നിന്ന് എന്നേ അകന്നുപോയിരിക്കുന്നു. വായനയുടെ സന്തോഷം ഗൂഗിള്‍ തട്ടിക്കളഞ്ഞു. കയ്യിലൊരു മൊബൈലുണ്ടെങ്കില്‍, ഒരു ലാപ്ടോപ്പ് ഉണ്ടെങ്കില്‍ എന്തിന് ലൈബ്രറി കയറിയിറങ്ങണം. കസേരയ്ക്കരികില്‍, തലയിണയ്ക്കരികിലൊരു പുസ്തകമില്ലാതെ ഉറങ്ങാന്‍ കഴിയാതിരുന്ന ഒരു തലമുറയെ ആണ് ഗൂഗിള്‍ ഞെട്ടിച്ചുകളഞ്ഞത്. എങ്കിലും ആഴ്ചയിലൊരിക്കല്‍, ഒഴിവാക്കാനാവാത്തൊരു ചടങ്ങുപോലെ ലൈബ്രറിയില്‍ എത്തുകയാണ്. കുറെ പുസ്തകങ്ങളെ മാറത്ത് ചേര്‍ത്തുവച്ച് പടിയിറങ്ങുമ്പോള്‍ ലൈബ്രറിയുടെ മതിലില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്ന മഹാസാഹിത്യകാരന്മാരുടെ വാക്കുകളിലേക്ക് കണ്ണ് പായും. 'ടീാല യീീസ െമൃല ീേ യല മേേെലറ, ീവേലൃ െീേ യല ംെമഹഹീംലറ മിറ മ ളലം ീേ യല രവലംലറ മിറ റശഴലേെലറ, ഫ്രാന്‍സിസ് ബെക്കണിന്റെ വാക്കുകള്‍, തൊട്ടടുത്ത് നമ്മുടെ കുഞ്ഞുണ്ണി മാഷ് ''വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയും.'' എ.ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലത്ത് കുട്ടികള്‍ ഇതൊക്കെ വായിച്ച് ചിരിക്കുന്നുണ്ടാവും!''

സ്റ്റാച്ച്യൂവിലെ പഴയ എന്‍.ബി.എസ് കെട്ടിടം വായനക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. സെക്രട്ടറിയേറ്റ് ഗേറ്റിനും എ.ജി.എസ് ഓഫീസിനും മുന്നിലൊരു ട്രാഫിക് ഐലന്റ് ഉണ്ടായിരുന്നു, അതിനു പിന്നില്‍ സ്വാമിയുടെ റസ്റ്റോറന്റ്, തൊട്ടടുത്ത് എന്‍.ബി.എസ്, മുകളില്‍ കേരളകൗമുദിയുടെ സിറ്റി ഓഫീസ്. അതൊക്കെ മാറി, പുതിയ കെട്ടിടം വന്നു. പുതിയ ഹോട്ടലുകളും ബാങ്കും വന്നു. ഞാന്‍ പറഞ്ഞുവന്നത് ആ പഴയ എന്‍.ബി.എസ് പുസ്തകശാലയെക്കുറിച്ചായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സ്റ്റാച്ച്യൂവില്‍ ബസിറങ്ങിയാല്‍ ആദ്യം കയറുന്നത് എന്‍.ബി.എസ് പിന്നെ തമ്പാനൂരുവരെയുള്ള സര്‍വ പുസ്തകക്കടകളിലും കയറിയിറങ്ങും. എന്‍.ബി.എസ് പുസ്തകസ്റ്റാളിന്റെ വാതിലില്‍ കൗണ്ടറിനു പിന്നില്‍ കാരൂരിനെപ്പോലെ മുഖമുള്ള ഒരാള്‍ ഇരുന്നിരുന്നു, ശ്രീധരന്‍ നായര്‍, സദാപ്രസന്നമായ മുഖം. അദ്ദേഹത്തിനു മുന്നിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു കേശവദേവ്, നീണ്ട ഒരു കുട കസേരയില്‍ ചാരിവച്ചിരിക്കും. ശ്രീധരന്‍ നായരെ നോക്കിയും തെരുവില്‍ നോക്കിയും കേശവദേവ് പൊട്ടിച്ചിരിക്കും, ഉച്ചത്തില്‍ സംസാരിക്കും.

ഒരുപാട് എഴുത്തുകാര്‍ ശ്രീധരന്‍ നായരുടെ മുന്നിലിരിക്കുന്നത് കണ്ടിരുന്നു. എന്‍.ബി.എസ്സിന് അരികിലൊരു കോണി, ആ കോണിയിലൂടെ മുകളില്‍ചെല്ലുന്നത് കേരളകൗമുദിയുടെ സിറ്റി ഓഫീസ്. ഇടുങ്ങിയ ആ ഓഫീസില്‍ കെ.ജി. പരമേശ്വരന്‍ നായര്‍ സാറും വര്‍ഗീസ് സാറും ഉണ്ടായിരുന്നു. ചിലപ്പോള്‍ വിജയരാഘവന്‍ സാറും. പത്രപ്രവര്‍ത്തനം തുടങ്ങിയത്, അതിനുള്ളില്‍നിന്നാണ്. ആദ്യദിവസം പ്രസ്‌ക്ലബ്ബ് കാണാന്‍ പോയി, വൈകുന്നേരം മീറ്റിങ്ങ് കവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ 'തിരുവനന്തപുരം ഇന്ന്' എഴുതാന്‍ പറഞ്ഞു, അതായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടിങ്ങ്. പിന്നെ സെക്രട്ടറിയേറ്റില്‍ കയറിയിറക്കമായി, പി.ആര്‍.ഡിയില്‍ ചെന്ന് സര്‍ക്കാര്‍ വാര്‍ത്തകള്‍ ശേഖരിക്കലായി.

സ്റ്റാച്യുവും സെക്രട്ടറിയേറ്റും

'അക്ഷരസമക്ഷം' എന്ന പുസ്തകത്തില്‍ ജി.എന്‍. പണിക്കര്‍ സെക്രട്ടറിയേറ്റിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മലയാറ്റൂരും സി.പി. നായരും തോട്ടം രാജശേഖരനുമൊക്കെ ഈ ഭരണസിരാകേന്ദ്രത്തെപ്പറ്റി എഴുതിയവരാണ്. ഈ ഭീമാകാരമായ സൗധമാണ് കേരളത്തെ നിയന്ത്രിക്കുന്നത്. എത്രയെത്ര മനുഷ്യജീവിതങ്ങള്‍ ഇതിനകത്തെ ഫയലുകളിലുറങ്ങുന്നു. ഈ ചുവരുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ എന്തൊക്കെ നമുക്ക് കേള്‍ക്കാന്‍ കഴിയുമായിരുന്നു. 'ഒരൊഴിവു ദിവസം സന്ധ്യയ്ക്ക്' എന്ന ജി.എന്‍. പണിക്കര്‍ സാറിന്റെ ചെറുകഥയില്‍ സെക്രട്ടറിയേറ്റുണ്ട്, അദ്ദേഹത്തിന്റെ പല കഥകളിലുമുണ്ട്. പബ്ലിക് റിലേഷന്‍സ് ഡയറക്ടറും സാംസ്‌കാരികവകുപ്പ് മേധാവിയും ഔദ്യോഗിക ഭാഷാ സ്പെഷ്യല്‍ ഓഫീസറുമായിരുന്നു ജി.എന്‍. പണിക്കര്‍, സാറിന്റെ ആത്മകഥയായ 'ഓര്‍മകളുടെ തുരുത്തില്‍', അതിലുമുണ്ട് സെക്രട്ടറിയേറ്റ്. 1958-ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് സെക്രട്ടറിയേറ്റില്‍ ഔദ്യോഗിക ജീവിതം തുടങ്ങിയ പണിക്കര്‍ സാര്‍ ഇടയ്ക്ക് 1967 മുതല്‍ 1987 വരെ ഇരുപതു വര്‍ഷങ്ങള്‍ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് പ്രൊഫസറുമായിരുന്നു. അദ്ദേഹം എഴുതുകയാണ്. ''ഏതു നിലയ്ക്കായാലും നാമെല്ലാം മനുഷ്യരാണെന്ന സത്യമാണ് സെക്രട്ടറിയേറ്റിനുള്ളിലിരിക്കുമ്പോള്‍ എന്റെ വികാരങ്ങളേയും വിചാരങ്ങളേയും ഭരിച്ചിരുന്നത്. തൂപ്പുകാരി മുതല്‍ മുഖ്യമന്ത്രി വരെ വെറും മനുഷ്യര്‍ മാത്രം. സ്വപ്നങ്ങളും ചിന്തകളും സ്വാര്‍ത്ഥതാല്പര്യങ്ങളും സ്നേഹവും കരുണയും പകയും അസൂയയുമെല്ലാം ഏതു മനുഷ്യഹൃദയങ്ങളിലും നിഴലും വെളിച്ചവുമായി മാറിമാറി വരും. അധികാര ധാര്‍ഷ്ട്യത്തിന്റെ അപസ്വരങ്ങള്‍ എത്ര കേള്‍ക്കേണ്ടിവന്നു. അപ്പോഴൊക്കെ മനസ്സില്‍ സഹതാപത്തിന്റെ മിന്നാമിനുങ്ങുകളാവും തെളിയുക, പാവം മനുഷ്യര്‍, ഇത്ര അഹങ്കാരം വേണോ? ഇന്നും അവധി ദിവസങ്ങളില്‍ സെക്രട്ടറിയേറ്റില്‍ മുന്നിലൂടെയോ പിന്നിലൂടെയോ നടന്ന് തെക്കേഗേറ്റ് വഴി (അരുള്‍ജ്യോതി ഹോട്ടലിന് എതിര്‍വശം) പുറത്തിറങ്ങുമ്പോള്‍ എന്റെ മനസ്സിലൂടെ എത്രയെത്ര ചിത്രങ്ങള്‍ കടന്നുപോകും. എനിക്ക് സെക്രട്ടറിയേറ്റ് അധികാര കേന്ദ്രമായിരുന്നില്ല, സ്പന്ദിക്കുന്ന മനുഷ്യജീവിതങ്ങളുടെ ആലയമായിരുന്നു...''

കയ്യിലൊരു നീളന്‍കുടയും കക്ഷത്ത് രണ്ട് പുസ്തകങ്ങളും തിരുകി തെക്കേഗേറ്റിലെ ട്രാഫിക് ലൈറ്റില്‍ പച്ചനിറം വരുന്നതും നോക്കിനില്‍ക്കുന്ന പണിക്കര്‍ സാറിനെ നമ്മള്‍ എത്രവട്ടം കണ്ടിരുന്നു. റോഡ് മുറിച്ചുകടന്ന് മുന്നിലുള്ള ചെറിയ പുസ്തകസ്റ്റാന്റില്‍ അല്പനേരം, പിന്നെ അരുള്‍ജ്യോതിയില്‍ നിന്നൊരു ചായ, മാധവരായര്‍ പ്രതിമയ്ക്ക് പിന്നിലെ രമേശന്റെ ന്യൂസ് സ്റ്റാന്റ്. സത്യത്തില്‍ രമേശന്‍ പടിയില്‍ ഇരിക്കുകയാണ്. പടിക്കെട്ടുകളിലാകെ പത്രങ്ങള്‍, വാരികകള്‍, പുസ്തകങ്ങള്‍, സ്റ്റാച്ച്യൂവിലെ പൊതു വായനശാലയാണ് രമേശന്റെ ന്യൂസ് സ്റ്റാന്റ്. രാജന്‍ കഴിഞ്ഞ വര്‍ഷം മരണമടഞ്ഞു. ഇപ്പോള്‍ രമേശനാണ് അവിടെയിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറിനരികിലുള്ള കറന്റ് ബുക്സിലും കയറി, പിന്നെ എന്‍.ബി.എസ്സില്‍ ശ്രീധരന്‍ നായര്‍ക്കു മുന്നില്‍ സന്ധ്യമയങ്ങും വരെ. സെക്രട്ടറിയേറ്റിനു മുന്നിലെ വൈകുന്നേരങ്ങളില്‍ കണ്ടിരുന്ന രണ്ടു ചിത്രങ്ങള്‍ കൂടി വായനക്കാരെ ഓര്‍മിപ്പിക്കട്ടെ.

എന്‍.ബി.എസ്സില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടന്ന് സെക്രട്ടറിയേറ്റ് വേലിക്കരികിലൂടെ തല ഉയര്‍ത്തിപ്പിടിച്ച് ആറടി പൊക്കമുള്ള ഒരാള്‍, തൂവെള്ള ഷര്‍ട്ടും നിവര്‍ത്തിയിട്ട മുണ്ടും, കയ്യിലൊരു കാലന്‍കുട, കക്ഷത്തില്‍ ഒരു കെട്ട് പുസ്തകം, വിരലുകളില്‍ എരിയുന്ന സിഗരറ്റ്. കണ്ണടയ്ക്കുള്ളിലൂടെ എല്ലാവരേയും ശ്രദ്ധിച്ച്, ആരെയും കൂസാതെ ഒരാള്‍, പ്രൊഫ. എം. കൃഷ്ണന്‍ നായര്‍. വാരഫലക്കാരന്‍ നടന്നുനീങ്ങുകയാണ്. സുധീറിന്റെ മോഡേണ്‍ ബുക്സില്‍, പുളിമൂട്ടിലെ ഭാസ്‌കരന്‍ നായരുടെ പുസ്തകസ്റ്റാളിനു മുന്നില്‍, ആയുര്‍വേദ കോളേജിനു മുന്നിലെ പൈ ആന്റ് കോയിലും ഹിഗ്ഗില്‍ ബോംതംസിലും വരെ നീളുന്ന നടത്ത, അപ്പോള്‍ സായാഹ്നം കഴിയാറായിരിക്കും. പിന്നെ, ശാസ്തമംഗലത്തേക്ക്, മടിയില്‍ ഒരു കെട്ട് പുസ്തകങ്ങളുണ്ടാവും.

മറ്റൊരാളെക്കൂടി ഓര്‍ക്കേണ്ടതുണ്ട്. ആശാന്‍ എന്ന കെ.വി. സുരേന്ദ്രനാഥ്, കക്ഷത്തിലൊരു പുസ്തകം. കയ്യിലൊരു പൊതി കപ്പലണ്ടി. കപ്പലണ്ടി കൊറിച്ചുകൊണ്ടാണ് നടപ്പ്. കൂടെ ചിലപ്പോള്‍ ആരെങ്കിലും ഉണ്ടാകും. ഒരിക്കല്‍ ഒരു അപരാഹ്നത്തില്‍ സ്റ്റാച്ച്യൂവിലെ ബസ് സ്റ്റാന്റില്‍ അന്തംവിട്ട് നില്‍ക്കുന്ന അയ്യപ്പപ്പണിക്കര്‍ സാര്‍, റോഡ് മുറിച്ച് പാഞ്ഞുപോകുന്ന മകളെ നോക്കി, 'കുരുക്ഷേത്ര'ക്കാരന്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. എത്രയെത്ര ഓര്‍മകളാണ്. വടക്കേ ഗേറ്റിലെ സമരപ്പന്തലില്‍ സുഗതകുമാരി ടീച്ചര്‍ പാടുകയാണ്. സമരപ്പന്തലില്‍ എന്‍.വി. കൃഷ്ണവാരിയരുണ്ട്, വിഷ്ണുനാരായണന്‍ നമ്പൂതിരിയുണ്ട്, പ്രസാദ് മാഷുണ്ട്. സൈലന്റ് വാലി പ്രക്ഷോഭകാലം. സുഗതടീച്ചര്‍ തിരുവനന്തപുരത്തിന്റെ ശബ്ദമായിരുന്നു, പ്രകൃതിക്കുവേണ്ടി, മനുഷ്യനുവേണ്ടി പാടിപ്പാടി നടന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും അടങ്ങിയ മാഫിയകള്‍ നടത്തിയ വികസനത്തട്ടിപ്പുകളെ അതിശക്തമായി എതിര്‍ത്തു, തെരുവിലും പാട്ടിലൂടെയും.

''ഇല്ലിനി നോവിക്കില്ല നിന്നെ ഞാന്‍, പൂവേ

വന്നെന്‍ ചില്ലയിലൊരുവട്ടം കൂടി നീ വിടര്‍ന്നാലും''

എന്നു പാടിയ മലയാളത്തിന്റെ വാനമ്പാടിയും മറഞ്ഞുപോയി.

എ.കെ.ജിയും കെ.പി.ആറും മുതല്‍ സര്‍വ പാര്‍ട്ടിനേതാക്കളും ഈ ഗേറ്റിനു മുന്നില്‍നിന്ന് ഭരണകൂടത്തെ നോക്കി പ്രസംഗിച്ചിട്ടുണ്ട്, ഉപവാസങ്ങളിരുന്നിട്ടുണ്ട്. ജനകീയ ഭരണത്തെ തിരുത്തിയ എത്രയെത്ര ഐതിഹാസിക സമരങ്ങള്‍. രാഷ്ട്രീയ സംസ്‌കാരം അധഃപതിച്ചപ്പോള്‍ സമരവൈകൃതങ്ങളുടെ വേലിയേറ്റങ്ങള്‍.

മലയാള വിജ്ഞാന സാഹിത്യ മേഖലയ്ക്ക് മറക്കാനാവാത്ത പേരാണ് ശൂരനാട് കുഞ്ഞന്‍പിള്ള. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ സെക്രട്ടറിയേറ്റിനെക്കുറിച്ച് എഴുതിയത് ഇങ്ങനെ: ''ശ്രീ. ചിത്തിരതിരുനാള്‍ മഹാരാജാവായി സ്ഥാനാരോഹണം ചെയ്തിട്ട് കഷ്ടിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞതേയുള്ളൂ സര്‍. സി.പി ആയിരുന്നു ദിവാന്‍ജി. അന്ന് സെക്രട്ടറിയേറ്റില്‍ ദിവാന്‍ജിയുടെ കീഴില്‍ ഒരു ചീഫ്സെക്രട്ടറിയും പല വിഭാഗങ്ങള്‍ക്കായി ഏതാനും സെക്രട്ടറിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറിന്റെ മാത്രം സെക്രട്ടറിയേറ്റായിരുന്നു അത്.''

പട്ടം രാമചന്ദ്രന്‍ നായരുടെ തിരുവിതാംകൂറിന്റെ ഇതിഹാസത്തില്‍ വിശദമായി പഴയ ഹജൂര്‍ കച്ചേരി വലിയ സെക്രട്ടറിയേറ്റായി വളര്‍ന്ന ചരിത്രമുണ്ട്. മലയാറ്റൂര്‍ എഴുതിയിരിക്കുകയാണ്, ''സി.പിക്ക് തലപ്പാവുണ്ടായിരുന്നതുകൊണ്ടാണോ എന്നറിയില്ല തിരുവിതാംകൂര്‍ സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം തലപ്പാവും ഷര്‍ട്ടിനു മുകളില്‍ കോട്ടും കഴുത്തിന് ചുറ്റി ഒരു കസവ് നേര്യതും ഉണ്ടായിരുന്നു. കീഴ്ഉദ്യോഗസ്ഥര്‍ വെറും ജൂബാക്കാര്‍. എല്ലാവരും ജൂബ ധരിക്കണമെന്ന് സി.പി പറഞ്ഞതായി ഒരു കഥ തന്നെയുണ്ട്.

അന്ന് കാറുകളുടെ എണ്ണം ഏറിയാല്‍ ഇരുപത്. കവടിയാര്‍ കൊട്ടാരത്തിലും ദിവാന്റെ ഭക്തിവിലാസത്തിലും കുറച്ച് നായര്‍ പ്രമാണിമാര്‍ക്കും മാത്രമായിരുന്നു അവ. ഇടത്തരക്കാരുടെ സ്റ്റാറ്റസ് സിംബല്‍ 'ജഡ്ക' ആയിരുന്നു. സ്വാഭാവികമായ മാറ്റങ്ങള്‍ക്കിടയില്‍ സെക്രട്ടറിയേറ്റങ്ങ് മാറി. സാധാരണക്കാര്‍ക്ക് അകത്തുകടക്കാനാവാത്ത വണ്ണം സെക്യൂരിറ്റിയായി. അകത്തുകടന്നാലോ കാറുകള്‍ക്കിടയിലൂടെ നടന്നുനീങ്ങാനാവില്ലെന്ന് വന്നു. ഇത്തരം കാഴ്ചകള്‍ എല്ലാ ഭരണസിരാകേന്ദ്രങ്ങളേയും വലയം ചെയ്യുന്നുണ്ടാകും. മുന്‍പ് സെക്രട്ടറിയേറ്റിനു മുന്നില്‍ വേലുത്തമ്പിയുടെ പ്രതിമയ്ക്ക് ചുറ്റുമായി മനോഹരമായൊരു പൂന്തോട്ടമുണ്ടായിരുന്നു. എം.എ. ബേബിയുടെ മാനവീയം കാലത്ത് പൂന്തോട്ടം വെട്ടിമുറിക്കപ്പെട്ടു. ഇപ്പോള്‍ പേരിനുവേണ്ടി മാത്രം എന്തൊക്കയോ കാട്ടിക്കൂട്ടിയിരിക്കുന്നു. വൃത്തിഹീനമായ തിരുവനന്തപുരം നഗരസഭാകാര്യാലയത്തിന്റെ വലിയ രൂപമാണ് സെക്രട്ടറിയേറ്റ്. നൂറുകണക്കിനുപേര്‍ ദിവസവും കയറിയിറങ്ങുന്ന ഈ സെക്രട്ടറിയേറ്റ് മന്ദിരത്തിനുള്ളിലും പുറത്തും അഴുക്കുകെട്ടുകള്‍ നിറഞ്ഞിരിക്കുന്നു. അധികാരത്തിന്റെ അഹങ്കാരങ്ങളൊക്കെ ഇതിനകത്തും പുറത്തും തളംകെട്ടി കിടക്കുന്നു. ഈ സെക്രട്ടറിയേറ്റിനു പിന്നിലെ തെക്കേഗേറ്റ് വഴി തന്റെ ഓഫീസിലേക്ക് പണ്ടൊരു മുഖ്യമന്ത്രി നടന്നുവന്നിരുന്നു. ഗാന്ധിനഗറില്‍നിന്ന് റോഡ് മുറിച്ച് നടന്നുവന്ന ആ മുഖ്യമന്ത്രിയുടെ പേരാണ് ഇ.എം.എസ്. ചുറ്റും അകമ്പടിക്കാരുണ്ടായിരുന്നില്ല. പട്ടാളമോ പൊലീസോ കാവലുണ്ടായിരുന്നില്ല. ഇ.എം.എസ് ഒരു സാധാരണ മനുഷ്യനായിരുന്നു. രാജഭരണത്തിന് സ്വപ്നം കാണാന്‍ കഴിയാത്ത ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും സെക്യൂരിറ്റി പടകളും ചേര്‍ന്ന് അലങ്കോലമാക്കിയ ജനാധിപത്യത്തിലെ ഭരണസിരാകേന്ദ്രത്തെ കാണാന്‍ ഈ സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് വരിക.

ഈ ലേഖകന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കത്തിലാണ് ശാന്തിനഗറിലുള്ള ഇ.എം.എസ്സിന്റെ വീട്ടില്‍ പോകുന്നത്. പ്രഭാതമായിരുന്നു, ആര്യാ അന്തര്‍ജനവും മകള്‍ രാധയും വീട്ടിലുണ്ടായിരുന്നു. വീടിന്റെ ചെറിയ ഉള്‍ത്തളത്തിലിരുന്ന് അവര്‍ പ്രാതല്‍ കഴിക്കുകയാണ്. എന്നെ വിളിച്ച് അരികിലിരുത്തി ഒരു പാത്രത്തില്‍ പുട്ടും പഴവും ഒരു ഗ്ലാസ് ചായയും തന്നു. ആദ്യമായി കാണുകയാണ്. മകനോടെന്ന പോലെ എന്നോട് അമ്മ സംസാരിച്ചു. സംസാരത്തിനിടയില്‍ ക്ലിഫ് ഹൗസിലെ താമസകാലത്തെപ്പറ്റി എന്നോട് പറയുകയാണ്: ''എനിക്ക് ആകെ വിമ്മിട്ടമായിരുന്നു. ഇ.എമ്മിന് ഇഷ്ടമായിരുന്നില്ല സെക്യൂരിറ്റിയും കാവലും പത്രാസുമൊന്നും, ശ്വാസംമുട്ടി എങ്ങനെ അതിനുള്ളില്‍ ജീവിക്കും.'' അതൊരു കാലമായിരുന്നു. മലയാളി മറന്നുപോയ കാലം. ഇന്ന് നാല്‍പത് കാറുകളുടെ അകമ്പടിയില്‍ മുഖ്യമന്ത്രി എഴുന്നള്ളുന്നത് കണ്ടില്ലെങ്കില്‍ നമുക്ക് നിരാശയാണ്. പില്‍കാലത്ത് വി.ടി. ഭട്ടതിരിപ്പാട് ജനാധിപത്യ രാജാക്കന്മാരെ നോക്കിയാണ് വിളിച്ചലറിയത്. ''ജനാധിപത്യം ജനങ്ങളുടെ നേരെ നട കൊട്ടിയടച്ച കാട്ടമ്പമല്ലാതെന്ത്?'' ജനാധിപത്യത്തിലെ രാജാക്കന്മാരെ നോക്കി അദ്ദേഹം പറഞ്ഞത് ഓര്‍മയില്ലേ. ''പണ്ടത്തെ നാടുവാഴി പ്രഭുക്കളെപ്പോലെ അലസജീവിതം നയിക്കുന്ന ചെറ്റകളാണ് നിങ്ങള്‍. പഴയ ജന്മിയെക്കാള്‍ ആപല്‍കാരിയാണ് ഇന്നത്തെ രാഷ്ട്രീയക്കാര്‍.'' വി.ടി പറഞ്ഞത് നാലഞ്ച് ദശകങ്ങള്‍ക്കു മുന്‍പായിരുന്നുവെന്ന് ഓര്‍ക്കുക. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിനു സമീപത്തുള്ള പഴയ ട്രിവാന്‍ഡ്രം ഹോട്ടലില്‍ (ഇപ്പോള്‍ അത് പത്മാ കഫേയാണ്). ഒരു ചായകുടിക്കാന്‍ പോയി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായി. ടീസ്റ്റാളിനു മുന്നില്‍ പെട്ടെന്ന് ഒരു കാര്‍ വന്നുനിന്നു. ഡ്രൈവര്‍ വാതില്‍ തുറക്കുമ്പോള്‍ പഴയൊരു ചീഫ് സെക്രട്ടറി. വടി കുത്തി പുറത്തിറങ്ങാന്‍ ഡ്രൈവര്‍ സഹായിച്ചു. ഒരു കാല്‍ മുടന്തി പോയിരിക്കുന്നു. വടിപിടിച്ച് കുനിഞ്ഞുനിന്ന അദ്ദേഹത്തെ ആശ്രിതര്‍ താങ്ങിപ്പിടിച്ച് അകത്തുകൊണ്ടുപോയി, പിന്നില്‍ ഭാര്യയുമുണ്ട്. ഒരിക്കല്‍ ആജാനുബാഹുവായിരുന്നു. പ്രതാപിയായിരുന്നു. തിരുവനന്തപുരത്തെ അടക്കിഭരിച്ചിരുന്നയാള്‍. അധികാരത്തിന്റെ അഹങ്കാരവും അല്പത്തരങ്ങളും ആവോളം കാട്ടിയ മനുഷ്യന്‍. ഹോട്ടലിനു മുന്നില്‍ നിന്നവര്‍ പരസ്പരം നോക്കി, കാലം ഇങ്ങനെയാണ്.

ഈ സെക്രട്ടറിയേറ്റിനും ഏതാനും ഫര്‍ലോങ്ങുകള്‍ക്കകലെ മറ്റൊരു പഴയ ചീഫ് സെക്രട്ടറി താമസിക്കുന്നുണ്ട്. ബേക്കര്‍ മോഡല്‍ കൊച്ചുവീട്ടില്‍, യൂണിവേഴ്സിറ്റി കോളേജിന്റെ മതിലിനോട് ചേര്‍ന്ന ട്യൂട്ടേഴ്സ് ലൈനില്‍. വിനയം എന്ന വാക്കിന്റെ പര്യായമായ എസ്.എം. വിജയാനന്ദ്. ആര്‍ഭാടങ്ങളില്ല, പൊങ്ങച്ചങ്ങളില്ല, ജീവിതാവസാനം വരെ സര്‍ക്കാര്‍ ചെലവില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ചിട്ടേയില്ല. പണ്ഡിതനോ കവിയോ പാട്ടെഴുത്തുകാരനോ അല്ല, വെറുമൊരു സാധാരണ മനുഷ്യന്‍ മാത്രം. പുതിയ ഐ.എ.എസ്സ്‌കാരെ നമ്മള്‍ കാണുന്നു, പലരും സോഷ്യല്‍മീഡിയയില്‍ വൈറലാണത്രേ. വൈറലാകാന്‍ ഏതു കോമാളിവേഷവും അവര്‍ കെട്ടും. എന്റെ തലമുറ സന്തോഷത്തോടെ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നത് വിജയാനന്ദിനെപ്പോലെയുള്ളവരെയാണ്. നിര്‍ഭാഗ്യത്തിന് അവരുടെ എണ്ണം വളരെ കുറവാണ്.

എഴുത്തുകാരനായ തോട്ടം രാജശേഖരന്‍ ദീര്‍ഘനാള്‍ സെക്രട്ടറിയേറ്റിനുള്ളിലുണ്ടായിരുന്നു. പബ്ലിക് റിലേഷന്‍സ് ഡയറക്ടറായി, സാംസ്‌കാരികവകുപ്പ് അദ്ധ്യക്ഷനായൊക്കെ. അദ്ദേഹത്തിന്റെ 'ഉദ്യോഗപര്‍വം' എന്ന സര്‍വീസ് സ്റ്റോറി വായനക്കാര്‍ വായിച്ചിരിക്കും. രണ്ടു ഭാഗങ്ങളുണ്ട് ഉദ്യോഗപര്‍വത്തിന്. രണ്ടാം ഭാഗത്തില്‍ സെക്രട്ടറിയേറ്റിനെക്കുറിച്ച് അദ്ദേഹം പറയുന്നത് കേള്‍ക്കൂ. ''സ്വാതന്ത്ര്യം കിട്ടിയശേഷം ഭരണാധികാരികള്‍ നാട്ടുകാരായെങ്കിലും ഭരണശൈലി മാറിയോ? മന്ത്രിമാരുടെ നോട്ടവും കരുതലുമെല്ലാം പദവി നല്‍കുന്ന പൊങ്ങച്ചങ്ങളിലാണ്. ആര്‍ഭാടവും സാമൂഹ്യജാഡയും പുറം വരവും വഴിവിട്ട ഗമനങ്ങളും നിര്‍ലജ്ജമായ അല്പത്തരങ്ങളും അവര്‍ ഭൂഷണമായി കൊണ്ടുനടക്കുന്നു. അതിനാല്‍ ബംഗ്ലാവ്, ഒരു കുപ്പിണി പി.എ, പി.എസ് പട, ആഡംബര കാറുകള്‍, ഇടയ്ക്കിടെയുള്ള വിദേശ സന്ദര്‍ശനങ്ങള്‍, നിരന്തരമായ ടി.വി കവറേജ് എന്നിവ ശ്രദ്ധയോടെ നിലനിറുത്തുന്നു. നഗരത്തിലെ മേയര്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്തെപ്പോലെ കട്ടിമാലയും കറുത്ത ഗൗണുമിട്ട് കോമാളിവേഷം കെട്ടാന്‍ ഇപ്പോഴും കമ്പമാണ്. പത്മനാഭസ്വാമിയും ഗുരുവായൂരപ്പനും കഴിഞ്ഞാല്‍ ആരാധ്യര്‍ നമ്മുടെ നഗര തന്തമാരും തള്ളമാരുമാണ്.....! 'ംീൃവെശുളൗഹ ാമ്യീൃ' നാടുവാഴിക്കാലത്തെ ആ ംീൃവെശുളൗഹ എന്ന ആലങ്കാരിക പൊങ്ങച്ചം ഇക്കാലത്ത് സഖാക്കളും ലേഡീസഖാക്കളും കൊണ്ടുനടക്കുന്നത് അല്പത്തരമെന്നല്ലാതെ മറ്റെന്തു പറയാനാണ്. ഗാന്ധിയുടെ നാട്ടില്‍ പവന്‍മാലയും കറുത്ത ളോഹയുമിട്ട് നഗരസഭാധ്യക്ഷ എഴുന്നള്ളുന്നത് ശുദ്ധഭോഷ്‌ക്കും പ്രാകൃതവുമാണ്.''

കവടിയാര്‍ മുതല്‍ പാളയം വരെ, റോഡിന് ഇരുവശവുമുള്ള പൂമരങ്ങളാണ് നഗരത്തിന്റെ അഴക്. പക്ഷേ, പൂമരങ്ങള്‍ക്ക് ചുവട്ടിലാകെ മാലിന്യക്കൂമ്പാരങ്ങളാണ്. 1975-ല്‍ കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ച 'ട്രിവാന്‍ഡ്രം സിറ്റി, ബ്യൂട്ടിഫുള്‍ സിറ്റി' എന്ന പരസ്യപുസ്തകത്തിന്റെ പുറംചട്ടയില്‍ കിഴക്കേകോട്ടയിലെ ചിത്തിരതിരുനാളിന്റെ പ്രതിമയുണ്ടായിരുന്നു, ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഇന്നും കോര്‍പറേഷന്റെ മുന്നില്‍ കറുത്ത ളോഹയും മാലയുമിട്ട മേയറുടെ വലിയ ഫ്‌ലക്സില്‍ ഏതോ ഒരു യു.എന്‍ അവാര്‍ഡ് കിട്ടി എന്നെഴുതിയിട്ടുണ്ട്. ഈ ഫ്‌ലക്സ് വയ്ക്കുന്നതിനും മുന്‍പായിരുന്നു ആമയിഴഞ്ചാന്‍ തോട്ടിലെ അഴുക്കുചാലില്‍ കുടുങ്ങി ഒരു പാവം മനുഷ്യന്‍ മരണമടഞ്ഞത്. ആ മനുഷ്യന്റെ മൃതദേഹത്തിനു മുന്നില്‍നിന്ന് വാവിട്ട് കരയുന്ന മേയര്‍കുട്ടിയെ നമ്മള്‍ ചാനലുകളില്‍ കണ്ടു. അയാള്‍ക്ക് കോര്‍പറേഷന്‍ ഒരു വീട് വച്ച് നല്‍കിയപ്പോഴും മേയര്‍ കുട്ടി കരയുന്നുണ്ടായിരുന്നു. ഇത്തരം വിലകുറഞ്ഞതും നാണംകെട്ടതുമായ രാഷ്ട്രീയ നാടകങ്ങളുടെ അരങ്ങായി മാറി കോര്‍പറേഷന്‍ ഭരണം. സംസ്ഥാന മന്ത്രിമാര്‍ കാട്ടുന്ന അതേ നാടകങ്ങള്‍ താഴെത്തട്ടുവരെ പടര്‍ന്നുകിടക്കുന്നു. കനകക്കുന്നിനെ പരിഷ്‌കരിച്ച് ഒരു പരുവമാക്കി, കനകക്കുന്നിനെ ഒരു ഹെറിറ്റേജ് സ്ഥാപനമായി നിലനിറുത്താനായി കാട്ടിക്കൂട്ടിയതൊക്കെ വെറും വൈകൃതങ്ങളായി. പരിഷ്‌കരിക്കാന്‍ ഏല്പിച്ച ഊരാളുങ്കല്‍ സൊസൈറ്റി തറയിലെ ഇറ്റാലിയന്‍ മാര്‍ബിളും ചുവരിലെ പരമ്പരാഗത പെയിന്റിങ്ങും ഇല്ലാതാക്കി കനകക്കുന്നിനെ വികൃതമാക്കി. ഈ നഗരത്തെ ബാഴ്സിലോണയാക്കുമെന്ന് ആദ്യ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ശശിതരൂര്‍ എന്ന എം.പി. പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ അദ്ദേഹം പറയുകയാണ് ഒരു പ്രതിപക്ഷ എം.പിക്ക് പരിമിതികളുണ്ടെന്ന്! എത്ര വിചിത്രമാണ് രാഷ്ട്രീയ നാടകങ്ങള്‍. യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ നഗരാസൂത്രണം പഠിക്കാനായി മേയര്‍മാരും മന്ത്രിമാരും എത്ര വട്ടം ചുറ്റിക്കറങ്ങി. 'റൂം ഫോര്‍ റിവര്‍' പഠിക്കാന്‍ പിണറായിയും പോയിരുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ ആര്‍ത്തുല്ലസിക്കുകയാണ് രാഷ്ട്രീയക്കാര്‍. ഹരിതകര്‍മസേനകള്‍ എന്ന കാപട്യം നോക്കൂ. തെരുവ് നിറയെ മാലിന്യക്കൂമ്പാരങ്ങളാണ്. ആ മാലിന്യങ്ങള്‍ക്കിടയിലൂടെ നമ്മുടെ വീടുകളിലെത്തി അവര്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നു, നൂറ് രൂപയും. പ്ലാസ്റ്റിക് ഇല്ലെങ്കിലും നൂറു രൂപ നിര്‍ബന്ധം. എല്ലാ ജംഗ്ഷനുകളിലും ഹരിതസേനയുടെ ചാക്കുകെട്ടുകളാണ്. ആമയിഴഞ്ചാന്‍ തോട്ടിലെ ജോയിയുടെ മരണത്തിനു തൊട്ടുമുന്‍പുവരെ കോര്‍പറേഷന്‍ വണ്ടികളില്‍ വരുന്ന മാലിന്യങ്ങള്‍ കളഞ്ഞിരുന്നതും ആമയിഴഞ്ചാനിലും പാര്‍വതീപുത്തനാറിലുമായിരുന്നു. അടുത്തിടെ നമ്മുടെ കോര്‍പറേഷന്റെ ചവര്‍വണ്ടികളെ തമിഴ്നാട് പൊലീസ് തടഞ്ഞുവച്ചു. അതിര്‍ത്തികടന്ന് തമിഴ്നാട്ടിലെ വിജനപ്രദേശങ്ങളിലേക്ക് ചവര്‍കൊണ്ട് മറിച്ചതിന്. ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തം സംഭവിച്ചപ്പോള്‍ ഒരു പഴയ ചീഫ് സെക്രട്ടറി പറയുകയായിരുന്നു: ''നഗരത്തിലെ അഴുക്ക് ചാലുകള്‍ വൃത്തിയാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും പരമാവധി താന്‍ ശ്രമിച്ചതാണ്. പക്ഷേ, തമ്പാനൂരിലെത്തിയപ്പോള്‍ പ്രശ്നങ്ങളായി, കേസായി. എല്ലാം മടക്കിവച്ചു.'' കാരണം, നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. നഗരത്തിലെ പ്രമുഖ അബ്കാരിയുടെ സ്ഥാപനങ്ങള്‍ക്ക് അരികിലെത്തിയപ്പോള്‍ പദ്ധതി തടയപ്പെട്ടു. സര്‍വ രാഷ്ട്രീയക്കാര്‍ക്കും വേണ്ടപ്പെട്ട അയാളെ വെറുപ്പിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ആമയിഴഞ്ചാന്‍ തല്‍കാലം വൃത്തിയാക്കി കൈകഴുകി, ഇപ്പോള്‍ പഴതുപോലെയായി.

സത്യത്തില്‍ ഈ നഗരത്തില്‍ തിരോന്തരത്തുകാര്‍ കുറവാണ്, അവര്‍ ഒരു ന്യൂനപക്ഷമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഈ നഗരത്തില്‍ പുറമെയുള്ളവരാണ് കൂടുതല്‍. രാജഭരണകാലത്ത് നഗരത്തിന്റെ മുക്കിലും മൂലയിലും മൂത്രപ്പുരകളുണ്ടായിരുന്നു. രാവിലേയും വൈകീട്ടും നഗരം ശുചീകരിക്കാന്‍ ആളുണ്ടായിരുന്നു. ചവറുകള്‍ നിക്ഷേപിക്കാന്‍ വലിയ തുറയില്‍ സംവിധാനം ഉണ്ടായിരുന്നു. പട്ടികളെ പിടിക്കാന്‍ സംവിധാനങ്ങളുണ്ടായിരുന്നു. ജനാധിപത്യം വന്നതോടെ ആര്‍ക്കും ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാതായി. കോണ്‍ട്രാക്ടര്‍മാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ജനങ്ങളുടെ പണം കക്കുകയെന്നതായി നഗരവികസനത്തിന്റെ അടിസ്ഥാന രീതി. യാതൊരു ആസൂത്രണവുമില്ലാതെ നഗരമാകെ വികൃതമാക്കിയ കോണ്‍ക്രീറ്റ് സൗധങ്ങളെ നോക്കൂ. നിയമസഭാമന്ദിരവും തൊട്ടടുത്ത വികാസ്ഭവനും സെക്രട്ടറിയേറ്റിലെ മുഖപ്പുകളും കവടിയാറില്‍നിന്ന് കിഴക്കേകോട്ടവരെ നടക്കുക, എത്ര വികൃതമാണ് നഗരത്തിലെ പുതിയ കോണ്‍ക്രീറ്റ് സൗധങ്ങള്‍. പഴയ ഹരിതാഭമായ, ശാലീനമായ തിരുവന്തോരം മറഞ്ഞുപോയി. ഈ അടുത്തകാലത്ത് ജര്‍മനിയിലെ ന്യൂറംബര്‍ഗ് നഗരത്തില്‍ കുറെ ദിവസങ്ങള്‍ താമസിക്കാനിടയായി. ന്യൂറംബര്‍ഗ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം ഹിറ്റ്ലറെ ഓര്‍ക്കും. ചരിത്രം നിശ്ചലമായി നിന്ന ആ കാലം അതുപോലെ മ്യൂസിയത്തിലുണ്ട്, വലിയ ഒരു തടാകക്കരയില്‍. ആ പഴയ നഗരത്തിലും പുതിയ നിര്‍മിതികള്‍ വന്നു.

ഓരോ പുതിയ നിര്‍മിതിയും പഴയ നിര്‍മിതികളോട് ഇഴുകിനില്‍ക്കുന്നു. ഒരേ പാറ്റേണിലുള്ള നിര്‍മിതികള്‍. എല്ലാം പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്നു. എവിടെയും പൂന്തോട്ടങ്ങള്‍, നഗരമൊക്കെ ഹരിതാഭമാണ്. നഗരമധ്യത്തിലെ പാര്‍ക്കുകള്‍ വെടിപ്പായി പരിപാലിക്കുന്നു. യൂറോപ്പിലെ എല്ലാ നഗരങ്ങളും ഇങ്ങനെയാണ്. മ്യൂണിക്കില്‍നിന്നും ന്യൂറംബര്‍ഗു വരെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചുറ്റുമുള്ള വയലേലകളിലേക്ക് നമ്മള്‍ നോക്കിപ്പോകും. എത്ര ചിട്ടയായി കൃഷി പരിപാലിക്കപ്പെടുന്നു. ലോകത്തിലെ ചില പ്രധാന കാര്‍ ഫാക്ടറികളുടെ നിര്‍മാണകേന്ദ്രങ്ങള്‍ കൂടിയാണ് ന്യൂറംബര്‍ഗ്. പക്ഷേ, എത്ര വെടിപ്പും ഭംഗിയും. ചുറ്റും മരങ്ങളും പൂന്തോട്ടങ്ങളുമാണ്. തെരുവുകളില്‍ ബഹളങ്ങളില്ല. അതൊക്കെ നമുക്കിവിടെ പകര്‍ത്താനാവില്ല. അത് നിയമം അനുസരിക്കുന്ന സമൂഹം, നമ്മുടേത് അരാജകത്വവും. നമുക്ക് ന്യൂറംബര്‍ഗും ബാസിലോണയുമൊന്നുമാകാന്‍ കഴിയില്ല. പഴയ തിരുവനന്തപുരത്തേക്ക് തിരിച്ചുപോകാനുമാവില്ല. കുറഞ്ഞത് വൃത്തിയും വെടിപ്പുമുള്ള നടപ്പാതകളും റോഡുകളുമെങ്കിലും വേണ്ടേ.

സ്മാര്‍ട്ട് സിറ്റി എന്ന പേരില്‍ നടക്കുന്ന കലാപരിപാടി നോക്കൂ, കേന്ദ്രഫണ്ട് എങ്ങനെ അടിച്ചുമാറ്റാം എന്നതിനപ്പുറം മറ്റൊന്നും നടക്കുന്നില്ല. സെക്രട്ടറിയേറ്റിന് രണ്ടുമൂന്ന് ഫര്‍ലോങ്ങുകള്‍ താഴെയാണ് ചെങ്കല്‍ചൂള. സെക്രട്ടറിയേറ്റ് നിര്‍മിക്കാനുള്ള മണ്ണെടുത്ത സ്ഥലമാണത്രെ ചെങ്കല്‍ചൂള. സെക്രട്ടറിയേറ്റ് പണിത അസംഖ്യം തൊഴിലാളികളില്‍ ഒരാളായിരുന്നു ചട്ടമ്പിസ്വാമികള്‍ എന്ന് പില്‍കാലത്ത് പ്രസിദ്ധനായ കുഞ്ഞന്‍പിള്ള. സെക്രട്ടറിയേറ്റിനു താഴെയുള്ള ചെങ്കല്‍ചൂളയിലേക്ക് നോക്കൂ. എത്രയെത്ര ഭരണകൂടങ്ങള്‍ വന്നു. ഇന്നും നഗരമാലിന്യങ്ങള്‍ വന്നടിയുന്ന ചേരിയായി തുടരുന്നു. എ.കെ. ആന്റണിയുടെ കാലത്ത് ചെങ്കല്‍ചൂളയില്‍ കുറെ പുതിയ കെട്ടിടങ്ങള്‍ കെട്ടി മിനുക്കിയതാണ്. ഇപ്പോള്‍ വീണ്ടും പഴയപോലെയായി. ഈ പാവങ്ങളുടെ ചേരിയെ നന്നാക്കാന്‍ ആര്‍ക്കാണ് താല്പര്യം?

സങ്കരനഗരവും തിരോന്തരം ഭാഷയും

തിരുവനന്തപുരം ഇന്നൊരു സങ്കരനഗരമാണ്. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായ എസ്. സുകുമാരന്‍ പോറ്റി എന്ന സുകുമാര്‍ സ്വതസിദ്ധമായ ശൈലിയില്‍ തിരുവനന്തപുരത്തിന്റെ മാറ്റം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിരി പുസ്തകം എന്ന പുസ്തകത്തില്‍ 'ആറ് മലയാളിക്ക് നൂറ് മലയാളം' എന്നൊരു അദ്ധ്യായമുണ്ട്. സര്‍ക്കാര്‍ ഓഫീസിലെ ഗുമസ്ഥനായ തേമ്പാമൂട്ടുകാരന്‍ കുമരുപിള്ള വടക്കാഞ്ചേരിക്കാരിയായ അംബാലികയെ കെട്ടുന്നു. തനി തിരോന്തരം ഭാഷയും വടക്കാഞ്ചേരി ഭാഷയും ഏറ്റുമുട്ടുന്നതാണ് രംഗം. കല്ല്യാണപിറ്റേന്ന് അതിരാവിലെ ഉറക്കച്ചടവില്‍ പുറത്തേക്കു വന്ന അംബാലിക അമ്മായി അമ്മയോട് ചോദിക്കുകയാണ് 'അമ്മായീ ചൂലെടുത്തടിക്കട്ടെ' എന്ന്. അമ്മായിയും അമ്മാവനും പുതിയ ഭാഷ കേട്ട് അന്തംവിട്ട് നില്‍ക്കെ കുമരുപിള്ള ഇടുപെടുന്നു. വടക്കാഞ്ചേരിയില് നമ്മുടെ തുറപ്പയ്ക്ക് ചൂലെന്നാണ് പറയുന്നത്. കിണറ്റിന്‍കരയില്‍നിന്ന് നാത്തൂന്മാര്‍ സംസാരിക്കുന്നത് കണ്ട് അമ്മായി ചോദിക്കുന്നു, ''എന്തെരെടീ അപ്പീ അവിടെ കാലത്തൊരു കിണ്ണാരം പറച്ചില്?'' എന്തുട്ടാ, അപ്പീന്നോ? ഹെയ് ഇതെന്തൊരു വൃത്തികെട്ട ഭാഷയെന്നായി മരുമകള്‍. നാത്തൂന്‍ ഇടപെട്ടു.

''നാത്തൂനേ, അപ്പീന്ന് വച്ചാല്‍ കുഞ്ഞേ, കൊച്ചേ എന്നൊക്കെയാണ് അര്‍ത്ഥം. അല്ലാതെ നിങ്ങടെ നാട്ടിലെ അപ്പിയിടലല്ല.''

ഇങ്ങനെയൊരു ഭാഷയോ എന്ന് മരുമകള്‍ അത്ഭുതം കൂറുമ്പോള്‍ അമ്മായി, ''ഇവിടത്തെ ബാഷയ്ക്ക് എന്തെരെടീ കുറ്റം. ഹോ, നിന്റെ ബാഷ വെഹുവിശേഷം തന്നെ! എന്തൂട്ടും കുറ്റച്ചൂട്ടും! ഭ! കിഴവി അവിടമാകെ സ്പ്രേയടിച്ച് ഒരു തുപ്പു തുപ്പി ഒറ്റപ്പോക്ക്!''

പ്രൊഫ. എസ്. ഗുപ്തന്‍ നായരുടെ 'മനസാസ്മരാമി' എന്ന ആത്മകഥ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.

ഓച്ചിറയില്‍ ജനിച്ചുവളര്‍ന്ന് തിരുവനന്തപുരത്തുകാരനായി ജീവിച്ച ഗുപ്തന്‍ നായര്‍ സാര്‍, തിരുവനന്തപുത്ത് കോളേജ് വിദ്യാര്‍ത്ഥിയായി എത്തിയ കാലം, 'ബന്ധുര തിരുവനന്തപുരം' എന്ന അദ്ധ്യായത്തിലുണ്ട്. ''എന്നെ ഹോസ്റ്റലിലാക്കി പതിവായി കത്തെഴുതണമെന്ന് പറഞ്ഞ് അച്ഛന്‍ മടങ്ങി. ഏകാന്തതയും അപരിചിതത്വവും സൃഷ്ടിച്ച ഭയവും അമ്പരപ്പുമായി ഞാന്‍ മുറിക്കുള്ളിലിരുന്നു. ''ജ്വാലികളെല്ലാം കഴിഞ്ഞെങ്കില്‍ വെള്ളങ്ങള് ക്വാരി ചെടികള്‍ക്ക് വീത്തണം,'' റൂം ബോയിയോട് പാചകക്കാരന്‍ നിര്‍ദേശിക്കുന്നത് കേട്ട് ഉണര്‍ന്നു. ഇതെന്തു മലയാളം എന്ന് വിചാരിച്ച് അത്ഭുതപ്പെടുമ്പോള്‍ പുറത്തുനിന്നൊരു ചോദ്യം, സുഖങ്ങള് തന്നിയോ? ''തന്നെ തന്നെ'' എന്ന് മറുപടിയും. ത്രിസന്ധ്യയ്ക്ക് ഹോസ്റ്റലിനു മുന്നിലുള്ള നിരത്തില്‍ ഉറക്കെ വിളി, 'പച്ചിരുമ്പേ,' 'പച്ചിരുമ്പേ' എന്താണ് ഈ പച്ചിരുമ്പെന്ന് പിന്നെയാണ് മനസ്സിലായത്. പിച്ചി അരുമ്പാണ് വില്‍ക്കുന്നത്. അരുമ്പെന്നാല്‍ പിച്ചിമൊട്ട്. പഴയ തമിഴ് മലയാളത്തിലോട്ട് വന്നാണ് പിച്ചിയരുമ്പായത്.

അറുപ്പോത്തിയും (അടുപ്പ് കത്തി) ചെതുമ്പൂരനും (പഴുതാര) തൊറപ്പയും (ചൂല്) കയ്യാലയും (മണ്‍മതില്‍) കൊട്ടിയമ്പലവും (പടിപ്പുര) ചതയും (മാംസവും) മുടുക്കുംപിടുക്കും (വൃഷണം) പുളിയന്‍ കുരുവും അണ്ണനും അക്കനും മച്ചമ്പിയും അപ്പിയുമെല്ലാം പിന്നെ പരിചയപദങ്ങളായി. വില്ലടിച്ചാന്‍പാട്ടിന്റെ വീരശൂര്യങ്ങളും പരിഹാസങ്ങളും ആരോഹണാവരോഹണങ്ങളും അനുകരിക്കാന്‍ എല്ലാവര്‍ക്കും ഉത്സാഹമായി. അന്നത്തെ തിരുവനന്തപുരം രാമപുരത്തു വാരിയര്‍ പാടിയപോലെ ബന്ധുര തിരുവനന്തപുരം തന്നെയായിരുന്നുവെന്ന് മനോഹരമായ ഓണാട്ടുകര മലയാളത്തില്‍ ഗുപ്തന്‍ നായര്‍ എഴുതിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.

തിരുവനന്തപുരത്തിന്റെ മാറ്റങ്ങള്‍ വളരെ വേഗത്തിലാണ് സംഭവിച്ചത്. തിരു-കൊച്ചി സംയോജനമുണ്ടായപ്പോള്‍ കൊച്ചിക്കാര്‍ വന്നു. മലബാറും കൂട്ടിച്ചേര്‍ത്ത് കേരളമായതോടെ മലബാറുകാരുമെത്തി. പ്രാന്തപ്രദേശങ്ങളിലുള്ളവരും ക്രമേണ നഗരത്തിലേക്ക് കുടിയേറി. ഏതൊരു അധികാരകേന്ദ്രവും വളരുന്നതുപോലെ നഗരമൊരു സങ്കരനഗരമായി. തിരുവനന്തപുരത്തിന്റെ തനത് (?) ഭാഷയും രുചിയും മണവും പോയി.

ഐ.റ്റി ഹബ്ബുകളിലൂടെ നഗരം വീണ്ടുമങ്ങ് മാറുകയാണ്. സര്‍വ ചതുപ്പുകളിലും ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ സര്‍വ വയലേലകളിലും കോണ്‍ക്രീറ്റ് സൗധങ്ങള്‍. സര്‍വ കുന്നുകളും ഇടിച്ചുനിരത്തിക്കഴിഞ്ഞു. ഓരോ വീട്ടിലും മൂന്നും നാലും കാറുകള്‍, സൈക്കിള്‍ നഗരത്തില്‍നിന്നും എന്നോ അപ്രത്യക്ഷമായി. റോഡ് മുറിച്ചുകടക്കുക എന്നത് അതിസാഹസികമായി, അല്പമൊന്ന് കണ്ണുതെറ്റിയാല്‍ ചത്തുവീഴുമെന്നറുപ്പാണ്. രാവിലെ കഴുക്കൂട്ടത്തോ ശ്രീകാര്യത്തോ ഏത് ജംഗ്ഷനുകളിലേക്കും വരിക, അന്യസംസ്ഥാനക്കാരുടെ തിക്കുംതിരക്കുമാണ്. നഗരത്തിലെ ഓരോ മുക്കും മൂലയും പെരുമ്പാവൂരായിരിക്കുന്നു. നേപ്പാളിയും ബംഗാളിയും നമ്മുടെ അടുക്കളകളില്‍ വരെ എത്തി. നേപ്പാളിയും ബംഗാളിയും ചേര്‍ന്ന് പുതിയൊരു മലയാളവും രൂപപ്പെട്ടു തുടങ്ങി. നാട്ടിലുള്ള ചെറുപ്പക്കാരൊക്കെ കേരളത്തിന് പുറത്തും വിദേശത്തും. നാടാകെ വൃദ്ധസദനങ്ങള്‍ നിറഞ്ഞു. വൃദ്ധസദനങ്ങള്‍ക്ക് കാവലായി അന്യസംസ്ഥനക്കാരും!

കടല്‍തീരത്തുനിന്ന് കുന്നിന്‍മുകളിലേക്ക്

സഹ്യപര്‍വതനിരകളില്‍നിന്ന് വളരെ അകലെയല്ലാതെ അറബിക്കടല്‍, അതിനിടയിലെ ചെറിയ ഇടനാടാണ് നമ്മുടെ കേരളം. ശംഖുമുഖത്തുനിന്ന് സൈക്കിള്‍ ചവിട്ടിയാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം സഹ്യന്റെ താഴ്വരയില്‍ എത്തും. മുന്‍പ് എഴുതിയപോലെ സൈക്കിള്‍ നഗരത്തില്‍നിന്ന് ഏതാണ്ട് അപ്രത്യക്ഷമായതുപോലെ. പള്ളിപ്പുറത്തുനിന്ന് തുമ്പ വഴി ശംഖുമുഖവും പിന്നീട് കോവളത്തും വിഴിഞ്ഞത്തും എത്തുക കോളേജ് കാലത്തെ സാഹസികതയായിരുന്നു. തുമ്പയിലെ സെന്റ് സേവിയേഴ്സ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നപ്പോഴാണ് ആദ്യത്തെ സൈക്കിള്‍ കിട്ടുന്നത്, 'കേരളാ സൈക്കിള്‍'. അന്ന് പാപ്പനംകോട്ട് സര്‍ക്കാരിന്റെ സൈക്കിള്‍ ഫാക്ടറി ഉണ്ടായിരുന്നു.

സോഷ്യലിസം വന്നപ്പോള്‍ നമ്മളത് അടച്ചുപൂട്ടി. തുമ്പ അന്ന് ഏതാണ്ട് ഒരു മണലാരണ്യമായിരുന്നു, മണലാരണ്യത്തിന് നടുവിലൊരു കോളേജ്. നാലഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് ഐ.എസ്.ആര്‍.ഒ. വേളിമല മുഴുവന്‍ ഐ.എസ്.ആര്‍.ഒക്കാരുടേതായപ്പോള്‍ ശംഖുമുഖത്തേയ്ക്ക് കറങ്ങിപ്പോകേണ്ടിവന്നു. ചെറുപ്രായത്തില്‍ മനസ്സില്‍ വീണതാണ് ആ കടലനുഭവം. ശംഖുമുഖത്തെ കാറ്റാടിക്കാടുകള്‍ക്കിടയിലൂടെ എത്രതവണ ചുറ്റിയാലും മതിവരാറില്ലായിരുന്നു. ആ കടപ്പുറത്ത് കിടന്ന് തലകുത്തിമറിയുക. രണ്ട് കല്‍മണ്ഡപങ്ങള്‍ക്കിടയിലൂടെ ഓടിക്കളിക്കുക. പത്മനാഭസ്വാമിക്ഷേത്രത്തിലെ അല്‍പശി പൈങ്കുനി ഉത്സവങ്ങളോടനുബന്ധിച്ചുള്ള ആറാട്ടുചടങ്ങുകള്‍ ഇവിടെ നടന്നുവരുന്നു. അക്കാലത്ത് ശംഖുമുഖത്ത് ഇന്നത്തെപ്പോലെ തിരക്കുകളുണ്ടായിരുന്നില്ല.

കാനായിയുടെ പ്രതിമയൊക്കെ പിന്നെയാണ് വന്നത്. ശംഖുമുഖം പരിഷ്‌കരിക്കാന്‍ ഇറങ്ങിയവര്‍ ആ പ്രതിമയ്ക്കു മുന്നില്‍ ഒരു ഹെലികോപ്റ്റര്‍ വച്ചു. മലമ്പുഴയിലെ യക്ഷിപോലെ ഓര്‍ക്കപ്പെടേണ്ട ഒരു കാനായിശില്പത്തെ ഉള്‍ക്കൊള്ളാനുള്ള സൗന്ദര്യബോധം പരിഷ്‌കര്‍ത്താക്കള്‍ക്ക് ഉണ്ടായില്ല. വലിയതുറ പാലത്തില്‍ കയറുകയെന്നത് എന്നും ഹരമായിരുന്നു. പാലത്തില്‍ കയറുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രദേശവാസികളായ പാവം കുട്ടികള്‍ തീരത്തുണ്ടാകും.

ഒരു നാണയത്തുട്ട് വെള്ളത്തിലിട്ടാല്‍ അവര്‍ ഉടന്‍ കടലിലേക്ക് കുതിച്ചുചാടി നാണയമെടുത്ത് പൊങ്ങിവരും. വലിയ തുറയിലെ സ്ഥിരം കാഴ്ചയാണ്. വലിയതുറ പാലത്തില്‍നിന്ന് കടലിലേക്ക് നോക്കിയാല്‍ നമ്മള്‍ കടലിനു നടുവില്‍ നില്‍ക്കുകയാണെന്ന് തോന്നും. ഒരുപാട് പ്രാവശ്യം ഈ പാലം കയറിയിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ആ പാലം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നും. എന്റെ ബന്ധുവും അയല്‍വാസിയും ഒക്കെ ആയിരുന്ന സുകുമാരപിള്ള സാര്‍ ആരുമില്ലാത്ത ഒരു നേരത്ത് പാലത്തില്‍നിന്ന് കടലിലേക്ക് ചാടി. സാറിന്റെ ജഡം നാട്ടുകാര്‍ മുങ്ങിയെടുത്തു. ഞങ്ങളുടെ നാട്ടിന്‍പുറമായ കണിയാപുരം മുസ്ലിം ഹൈസ്‌കൂളിലെ ഷേക്സ്പിയറായിരുന്നു സാര്‍. മക്കളൊക്കെ വിവാഹിതരായി അകലേയ്ക്ക് പോയി. ഭാര്യ മരിച്ചതോടെ ഒറ്റയാനായിപ്പോയ സാര്‍, ഏകാന്തത താങ്ങാനാകാതെ ഒരു ദിവസം സ്വന്തം സൈക്കിള്‍ ചവിട്ടി വലിയതുറയിലെത്തി. തിരകള്‍ മാടിവിളിച്ചപ്പോള്‍ സാറ് വിളികേട്ടു.

സെന്റ് സേവിയേഴ്സിലെ പ്രീഡിഗ്രി കഴിഞ്ഞ് പിന്നെ നഗരത്തിലെത്തിയത് മാര്‍ ഇവാനിയോസില്‍ പഠിക്കാനായിരുന്നു. കടല്‍തീരത്തുനിന്ന് കുന്നിന്‍മുകളിലേക്ക്. കൊച്ചു കൊച്ചു കുന്നുകളുടെ ഒരു നിരതന്നെ തിരുവനന്തപുരത്തുണ്ട്. സഹ്യന്റെ അനുബന്ധമായി നീണ്ട മലനിരകള്‍ കിഴക്ക് ഭാഗത്ത്. ഉളളിലാകട്ടെ, ചെറിയ ചെറിയ കുന്നുകളും. കവടിയാര്‍ കുന്ന് കൊട്ടാരം പണിയാന്‍ ഇടിച്ചുനിരത്തി. കൊട്ടാരത്തിനു പിന്നിലൊരു കാട്. നെട്ടയംകുന്ന്, രഥപ്പുരക്കുന്ന്, വെള്ളയമ്പലം കൊട്ടാരം, കെല്‍ട്രോണിരിക്കുന്ന ചെറിയകുന്ന്, കനകക്കുന്ന്, നക്ഷത്രബംഗ്ലാവ് കുന്ന്, കോട്ടണ്‍ഹില്‍ സ്‌കൂളിരിക്കുന്ന കോട്ടണ്‍കുന്ന്, തിരുമലക്കുന്ന്, എം.ജി കോളേജിരിക്കുന്ന വലിയകുന്ന്. വിമന്‍സ് കോളേജും പട്ടത്തെ എസ്.യു.റ്റിയുമൊക്കെ കുന്നിന്‍പുറത്താണ്.

നാലാഞ്ചിറയിലെ ഇവാനിയോസ് വിദ്യാനഗര്‍ എന്ന് ഇന്ന് വിളിക്കപ്പെടുന്ന കുന്നിന്‍പ്രദേശവും സുന്ദരമായിരുന്നു. കുന്നിന്റെ നെറുകയിലായിരുന്നു കോളേജ്, വൃക്ഷസമൃദ്ധമായിരുന്നു. റബ്ബര്‍ തോട്ടങ്ങളും. ഞാന്‍ ബിരുദപഠനത്തിനെത്തുന്ന എഴുപതുകളില്‍ ആ കുന്നില്‍ ഇവാനിയോസ് കോളേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റബ്ബര്‍ കാടുകള്‍ക്കിടയില്‍ പള്ളിയും സെമിനാരിയും ക്വാര്‍ട്ടേഴ്സുകളുമുണ്ടായിരുന്നു. സര്‍വോദയ സ്‌കൂളിന്റെ ഒരു നില പണിയുകയായിരുന്നു. റോഡിനോട് ചേര്‍ന്ന് സെന്റ് ജോണ്‍സ് സ്‌കൂളുമുണ്ടായിരുന്നു. ഗീവര്‍ഗീസ് പണിക്കരച്ചനായിരുന്നു പ്രിന്‍സിപ്പല്‍. അച്ചന്‍ ഒരു വലിയ കഥാപാത്രമായിരുന്നു. പ്രഗല്‍ഭരായ അദ്ധ്യാപകരുടെ വലിയ നിര. പൊളിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ മേജര്‍ മൊറേറ ആര്‍മിയില്‍നിന്ന് റിട്ടയര്‍ വാങ്ങി വന്നതായിരുന്നു. വലിയ രൂപവും വലിയ ശബ്ദവും. കോളേജിന്റെ ക്രമസമാധാനം ഗീവര്‍ഗീസച്ചന്‍ ഏല്പിച്ചിരുന്നത് മൊറേറ സാറിനെയായിരുന്നു. അദ്ദേഹത്തിന്റെ വരവുകണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ പേടിച്ചൊതുങ്ങും.

ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ ആജാനുബാഹുവായ മിസ്റ്റര്‍ ക്യാരിയും മെലിഞ്ഞുണങ്ങിയ മിസ്സിസ് ക്യാരിയും വെളുത്ത് സുമുഖനായ വയലാ വാസുദേവന്‍പിള്ള, ദൊരെസ്വാമി, ബാലകൃഷ്ണന്‍.

നൂലുപോലുള്ള ദൊരെസ്വാമി സൈക്കിള്‍ ചവിട്ടി കുന്നുകയറുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കും. സൈക്കിളിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ട സഞ്ചിക്കുള്ളില്‍ ചോറ്റുപാത്രം. ഈ ദൊരെസ്വാമിയെ ഞങ്ങള്‍ അന്ന് മനസ്സിലാക്കിയില്ല. തമിഴ് സാഹിത്യത്തില്‍ 'നകുലന്‍' എന്ന തൂലികാനാമത്തില്‍ നിറഞ്ഞുനിന്നയാളാണ് ദൊരെസ്വാമി എന്ന് പിന്നീടാണ് അറിഞ്ഞത്. ദൊരെസ്വാമിയെക്കുറിച്ച് നീലപത്മനാഭന്റെ 'രചന, രചയിതാവ്' എന്ന പുസ്തകത്തിലുണ്ട്. മലയാളം വകുപ്പില്‍ അക്കാലത്ത് ജോര്‍ജ് ഓണക്കൂര്‍ സാര്‍, ഖദര്‍ധരിച്ച് തെല്ലൊരു നാണത്തോടെ റബ്ബര്‍തോട്ടത്തിനരികിലെ ക്വാര്‍ട്ടേഴ്സില്‍നിന്ന് ഓണക്കൂര്‍ സാര്‍ നടന്നുവരും.

'അകലെ ആകാശം' എന്ന നോവല്‍ അന്ന് മനോരമയുടെ വാരാന്ത്യത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലം. ആ നോവലാണ് പില്‍കാലത്ത് 'ഉള്‍ക്കടല്‍' എന്ന സിനിമയായത്. അന്നത്തെ ചില സീനിയര്‍ വിദ്യാര്‍ത്ഥികളായിരുന്നു മോഹന്‍ഗോപാലും ജഗതി ശ്രീകുമാറും കെ. ജയകുമാറും. ജൂനിയര്‍ ക്ലാസ്സില്‍ ജിജി തോംസണ്‍. നെടുമങ്ങാട്ടുകാരനായ വിജയമോഹനനും ഞാനും ഒരേ ബഞ്ചില്‍ തൊട്ടടുത്തിരുന്നു. വിജയന്‍ അന്ന് കവിത എഴുതുമായിരുന്നു. നക്സലൈറ്റ് ആശയത്തോട് ഇഷ്ടമായിരുന്നു. ആ വിജയമോഹന്‍ പിന്നീട് മലയാള മനോരമയുടെ ഡല്‍ഹി ചീഫായി. മനോരമയില്‍ ചേര്‍ന്ന വിജയനെ ഞാന്‍ കളിയാക്കി, വിജയന്‍ എന്നോട് കെ.ആര്‍. ചുമ്മാറിന്റെ കഥ പറഞ്ഞ് ചിരിച്ചു.

കൊവിഡ് കാലത്ത് എനിക്ക് നഷ്ടപ്പെട്ട സുഹൃത്തായിരുന്നു വിജയന്‍. നാലാഞ്ചിറയില്‍ കുന്നിന്‍മുകളില്‍ നിന്നിറങ്ങി നേരെ പോയത് കാര്യവട്ടം കുന്നിലേക്കായിരുന്നു. കേരള സര്‍വകലാശാലയുടെ ആ കാമ്പസിന്റെ തലയിലും മറ്റൊരു കുന്നുണ്ടായിരുന്നു. വൈദ്യന്‍ കുന്ന്. വൈദ്യന്‍ കുന്നിനു താഴെ അരശുംമൂടും നെല്‍പാടങ്ങളും. മാര്‍ ഇവാനിയോസ് കോളേജ് വളപ്പ് പിന്നെ മാര്‍ ഇവാനിയോസ് വിദ്യാനഗറായി വികസിച്ചു.

സര്‍വോദയാസ്‌കൂളുകള്‍, എന്‍ജിനീയറിംഗ് കോളേജ്, ട്രെയിനിങ്ങ് കോളേജ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പോളിടെക്നിക് തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങള്‍ അതിനകത്തു നിറഞ്ഞു. ഒരു മെഡിക്കല്‍ കോളേജ് കൂടി വന്നാല്‍ പഴയ രീതിയിലുള്ള ഒരു സര്‍വകലാശാലയാകും. വിദ്യാനഗറിന്റെ ഏറ്റവും മുകള്‍തട്ടില്‍ സെമിനാരികള്‍ക്കു മുന്നിലായി, കുന്നിന്‍തലപ്പിലൊരു വലിയ ഹാളുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്തെ ഏറ്റവും ആകര്‍ഷകമായ കല്ല്യാണഹാളുകളിലൊന്നാണിത്. ആ കല്ല്യാണഹാളിനു മുന്നില്‍നിന്ന് അകലേക്കു നോക്കിയാല്‍ കേരളം കാണാം.

സഹ്യന്റെ ശിഖരങ്ങള്‍ കാണാം. ഈ കാമ്പസിന്റെ ഏറ്റവും മനോഹരമായ തലപ്പില്‍ ഇങ്ങനെയൊരു കല്ല്യാണഹാള്‍ (സെമിനാര്‍ ഹാളുമാകാം) എന്തിനായിരുന്നുവെന്ന് ചിലപ്പോള്‍ നമ്മള്‍ ഓര്‍ത്തുപോകും. വിദ്യാഭ്യാസവും കച്ചവടവും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകാമെന്നു തെളിയിച്ച സഭയുടെ മറ്റൊരു വികൃതി. കാലംമാറി, കച്ചവടമാണ് ഇപ്പോള്‍ പ്രധാനം. യൂണിവേഴ്സിറ്റി കാമ്പസിന്റെ കാര്യം പറയുകയും വേണ്ട. യൂണിവേഴ്സിറ്റി കോളേജിന്റെ വലിയൊരു പതിപ്പായി കാര്യവട്ടം കാമ്പസ്. വിദ്യാഭ്യാസത്തെ, യാതൊരു മൂല്യങ്ങളുമില്ലാത്ത രാഷ്ട്രീയ കൊള്ളക്കാര്‍ കയ്യടക്കി തുലയ്ക്കുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഒരു മുഖമാണ് ഈ കാമ്പസ്. അടിയന്തരാവസ്ഥയുടെ കാലത്താണ് ഞാന്‍ ഈ കാമ്പസില്‍ പഠിച്ചത്. അഞ്ഞൂറ് ഏക്കര്‍ വരുന്ന കാമ്പസില്‍ പലയിടങ്ങളിലായി സയന്‍സ്, സോഷ്യല്‍ സയന്‍സിനും ഭാഷകള്‍ക്കുമായുള്ള വകുപ്പുകള്‍, അവയ്ക്കിടയില്‍ ഒരു ഗാന്ധിഭവന്‍, വൈദ്യന്‍ കുന്നിനടുത്ത് ഹോസ്റ്റലുകള്‍.

മരക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു ഓരോ വകുപ്പും ഹോസ്റ്റലുകള്‍ക്കും ക്വാര്‍ട്ടേഴ്സുകള്‍ക്കും താഴെ കാടുകള്‍. ഇന്നിപ്പോള്‍ കെട്ടിടങ്ങള്‍കൊണ്ട് കാമ്പസിനകം നിറഞ്ഞു. യൂണിവേഴ്സിറ്റി ഭരണം കയ്യാളിയായ രാഷ്ട്രീയക്കാര്‍ ഭൂമി തരാതരം പോലെ പല സ്ഥാപനങ്ങള്‍ക്കും നല്‍കി. എല്‍.എന്‍.സി.പിയും സ്റ്റേഡിയവും വന്നു. സ്റ്റേഡിയവും പവലിയനും കല്ല്യാണഹാളും തിയേറ്ററുകളുമൊക്കെയായി കാമ്പസിന്റെ ഒരു ഭാഗം മാറി. പഴയ ഊളന്‍കുന്നിലാണ് സ്റ്റേഡിയവും കല്ല്യാണഹാളും പഴയ കാമ്പസിന്റെ രൂപം മാറി, ഭംഗി പോയി.

യൂണിവേഴ്‌സിറ്റി ക്യാംപസ്

കാര്യവട്ടം കാമ്പസ് ജീവിതത്തിനിടയിലാണ് പത്രപ്രവര്‍ത്തനവും പിന്നെ അദ്ധ്യാപനവും തുടങ്ങുന്നത്. അഞ്ചാറ് വര്‍ഷത്തെ കണ്ണൂര്‍ ജീവിതവും കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിലെത്തി. മലയാള ചരിത്രത്തിന്റെ ഭാഗമായൊരു മഹാവിദ്യാലയത്തില്‍ അദ്ധ്യാപകനാവുക. ആര്‍ക്കാണ് സന്തോഷം തോന്നാത്തത്?

28 വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തില്‍ പതിനെട്ടു വര്‍ഷങ്ങളും ഈ കലാലയത്തിലായിരുന്നു. ബഹളമയമായ ഒരു കാമ്പസ്. സമരങ്ങള്‍ ഒഴിഞ്ഞുള്ള ദിവസങ്ങള്‍ അപൂര്‍വം. എങ്കിലും ആ കുട്ടികളുടെ മുന്നില്‍ നില്‍ക്കുക എത്ര സന്തോഷകരമായിരുന്നുവെന്ന് ഓര്‍ത്തുപോകുന്നു. നെടുമങ്ങാട്ടുനിന്ന്, കണിയാപുരത്തുനിന്ന് പാറശാലയില്‍നിന്ന് വിഴിഞ്ഞത്തും പൂവാറിലുംനിന്നുമൊക്കെയും പാവപ്പെട്ട വിദ്യാര്‍ത്ഥികളായിരുന്നു അധികവും. എത്ര നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥികള്‍ അക്കാദമിക് സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിടുന്ന അദ്ധ്യാപകസംഘടനകളായിരുന്നു പ്രധാന വില്ലന്മാര്‍. അവര്‍ പുറത്തുനിന്നുള്ള രാഷ്ട്രീയത്തിന്റെ ചട്ടുകമായിരുന്നു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിപ്ലവം നടത്താനിറങ്ങിയ ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടന കുട്ടികളെ അടിമകളാക്കി കോളേജ് നിയന്ത്രിക്കുകയായിരുന്നു. ബംഗാളിലെ കമ്യൂണിസ്റ്റ് തകര്‍ച്ചയെപ്പറ്റിയുള്ള ഭൗമിക്കിന്റെ പുസ്തകം 'ഠവല ഏമിഴേെലൃ ടമേലേ' വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. അതേ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കുക, ഭീരുവായി ജീവിക്കുക 'ചാപ്പ കുത്തല്‍' മുതല്‍ എത്രയെത്ര സമരാഭാസങ്ങള്‍ ഇടതുപേരുള്ള വിദ്യാര്‍ത്ഥിസംഘടനയും അദ്ധ്യാപകസംഘടനയും ചേര്‍ന്ന് നടത്തി.

ഈ മഹാകലാലയത്തെ എ.കെ.ജി സെന്ററിന്റെ വെറുമൊരു കാലിത്തൊഴുത്തായി തകര്‍ത്തുകളയുന്നത് വേദനയോടെ കണ്ടുനില്‍ക്കുകയായിരുന്നു. കല്‍ക്കട്ടയിലെ പ്രസിഡന്‍സിക്ക് സംഭവിച്ചത് യൂണിവേഴ്സിറ്റി കോളേജിനു സംഭവിച്ചു. സി.പി.എം സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ അടിച്ചുതകര്‍ത്തുകളഞ്ഞ കലാലയങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജ് ഉണ്ടാകും. ആര്‍ട്സ് കോളേജിന്റെ സ്ഥിതിയും ഇതുതന്നെയാണ്. വിമന്‍സ് കോളേജിന്റെ അവസ്ഥയും ഭിന്നമാണെന്ന് എങ്ങനെ പറയാനാകും.

തിരുവനന്തപുരത്തെ സാംസ്‌കാരിക ജീവിതത്തേയും വിദ്യാഭ്യാസത്തേയും തകര്‍ക്കുക എന്നത് സി.പി.എമ്മിന്റെ രഹസ്യവും പരസ്യവുമായ അജന്‍ഡയാണ് അന്നും ഇന്നും. അവര്‍ അത് ചെയ്യുന്നു. പാവപ്പെട്ടവര്‍ പഠിക്കരുതെന്ന്, ചിന്തിക്കരുതെന്ന് പാര്‍ട്ടി ശഠിച്ചു. നിവൃത്തികെട്ടവനെ ഭീഷണിപ്പെടുത്തി അരാജകത്വം സൃഷ്ടിക്കുക, ആ അരാജകത്വത്തില്‍ പാര്‍ട്ടി യജമാനന്മാര്‍ പഞ്ചനക്ഷത്ര ജീവിതം ആസ്വദിക്കുക. പാര്‍ട്ടി നേതാക്കള്‍ അവരുടെ മക്കളെ കേരളത്തിനു പുറത്തു പഠിപ്പിച്ചു. ഇടത് അദ്ധ്യാപക സംഘടനാനേതാക്കളും മക്കളെ പുറത്തു പഠിപ്പിച്ചു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പാര്‍ട്ടി കേഡര്‍ എന്ന അടിമവര്‍ഗത്തെ വളര്‍ത്താനായി ഉപയോഗിച്ചു. എത്ര ദാരുണമാണ് കേരളത്തിന്റെ സ്ഥിതി. വിമന്‍സ് കോളേജുമായി ബന്ധപ്പെട്ട് ഒരു പുതിയ ആവശ്യം ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. സ്ത്രീകള്‍ക്ക് ഒരു കലാലയം എന്ന പഴയ രീതി ഇനി ആവശ്യമുണ്ടോ?

യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിലേക്കു കയറിനോക്കുക. ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞൊരു ദിവസം ചില അദ്ധ്യാപക സുഹൃത്തുക്കളെ കാണാനായി ചെന്നു! പൂര്‍വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ് ഇപ്പോഴത്തെ അദ്ധ്യാപകരില്‍ അധികവും. അവര്‍ സൊറ പറഞ്ഞിരിക്കുകയാണ്. ''എന്താ ക്ലാസ്സില്ലേ'' എന്ന ചോദ്യത്തിനു മുന്നില്‍ അവര്‍ ഒന്നിച്ചു പൊട്ടിച്ചിരിച്ചു. ''സാറെ പഴയതുപോലെത്തന്നെ ഇതൊരു ക്ലാസ്ലെസ്സ് സൊസൈറ്റിയാണ്. കുട്ടികളെ യൂണിവേഴ്സിറ്റി സമരത്തിന് വിളിച്ചുകൊണ്ടുപോയി. പിന്നിലുള്ള കേരള യൂണിവേഴ്സിറ്റി ഓഫീസില്‍ ഭീകരമായ സമരം നടക്കുകയാണ്. വിഷയം ആരാണ് വലിയവന്‍. വി.സിയോ രജിസ്ട്രാറോ സിന്‍ഡിക്കേറ്റോ? ആരാണ് സര്‍വകലാശാലയുടെ ഭരണാധികാരി? എത്ര അപഹാസ്യമാണ് നമ്മുടെ മഹാസ്ഥാപനത്തിന് അകത്തും പുറത്തും നടക്കുന്ന ആഭാസങ്ങള്‍. കോളേജിനകം ആകെ അലങ്കോലമാണ്. ഒരു ഉന്നത വിദ്യാഭ്യാസകേന്ദ്രമെന്ന് പറയാന്‍ കഴിയാത്തവണ്ണം അലങ്കോലമാണ്.

എ. അയ്യപ്പനും

എം.പി. അപ്പനും

സംസ്‌കൃത കോളേജ് മറ്റൊരു കോലമാണ്. അതിന്റെ മതില്‍ചേര്‍ന്ന് ഒരു സ്റ്റാര്‍ ഹോട്ടല്‍. എന്റെ ചെറുപ്പകാലത്ത് ഈ ഹോട്ടലിരിക്കുന്ന സ്ഥലത്ത് ഒരു അശോകാ ലോഡ്ജായിരുന്നു. ആ ലോഡ്ജിലെ ഒരു മുറിയിലിരുന്നാണ് ആദ്യമായി അയ്യപ്പന്റെ കവിത കേട്ടത്. അയ്യപ്പന്‍ ലഹരിയിലായിരുന്നു. അയ്യപ്പന്‍ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. എന്റെ പോക്കറ്റിലുണ്ടായിരുന്ന നൂറ് രൂപാ നോട്ട് എടുത്ത് പൊട്ടിച്ചിരിച്ചു. 2010-ലാണ് അയ്യപ്പന്‍ അന്തരിച്ചത്. ശ്രീകുമാര്‍ തിയേറ്ററിനു മുന്നില്‍ അയ്യപ്പന്‍ വാടിവീണു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എഴുപത്തിയാറ് വയസ്സ്. കലാകൗമുദിയില്‍ ജയന്‍ സാറിനു മുന്നില്‍ അയ്യപ്പന്‍ ആടിക്കുഴഞ്ഞ് വരികയാണ്. സാറ് പോക്കറ്റിലുള്ളത് പെട്ടെന്ന് നല്‍കി അയ്യപ്പനെ യാത്രയാക്കും. കളളിക്കാട് രാമചന്ദ്രന്റെ കൈപിടിച്ച് അയ്യപ്പന്‍ പേട്ടയിലേക്ക്. പേട്ടയിലെ കള്ളുഷാപ്പില്‍ പിന്നെ ഉത്സവമാണ്. അയ്യപ്പന്‍ മരിച്ചപ്പോള്‍ കരമനയ്ക്കടുത്ത വീട്ടില്‍പോയി. കരിന്തിരിപോലെ കുത്തിയിരിക്കുന്ന സഹോദരി. അയ്യപ്പന്‍ കടന്നുവന്ന ജീവിതം വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് അല്പമകലെയുള്ള സ്റ്റാച്ച്യൂവിലെ ഒരു രംഗവും ഓര്‍മയിലേക്ക് വരികയാണ്. തിരുവനന്തപുരത്ത് മുമ്പൊരു സൂര്യഗ്രഹണമുണ്ടായിരുന്നു. കഴിയുമെങ്കില്‍ ആരും പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങേണ്ടിവന്നാല്‍ കറുത്ത കൂളിങ്ങ് ഗ്ലാസ് കണ്ണില്‍വയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം വന്നു. അന്ന് പക്ഷേ, കലാകൗമുദിയ്ക്കുവേണ്ടി മന്ത്രി ടി.കെ. രാമകൃഷ്ണനെ കാണണമെന്ന് എഡിറ്റര്‍ പറഞ്ഞപ്പോള്‍ കറുത്ത കൂളിങ്ങ് ഗ്ലാസ് വച്ച് ഒരു വാനില്‍ കയറി സ്റ്റാച്ച്യൂവിലെത്തി. റോഡ് വിജനം, ട്രാഫിക് ഐലന്റിനടുത്ത് നടുറോഡില്‍ ഒരാള്‍ കിടക്കുകയാണ് സൂര്യനെ നോക്കി, ജോണ്‍ എബ്രഹാം. അയ്യപ്പനും ജോണും ഒരാളായിരുന്നോ രണ്ടു പേരായിരുന്നോ?

പ്രിയപ്പെട്ട വായനക്കാരെ, ഞാനിനി ഒരു സാത്വികനെക്കുറിച്ച് പറയാം. എം.പി. അപ്പനെ വായനക്കാര്‍ ഓര്‍മിക്കുന്നുണ്ടാകുമോ, ആവോ? എം.പി. അപ്പന്റെ ഓര്‍മയ്ക്കായാണ് വഴുതയ്ക്കാട് അദ്ദേഹത്തിന്റെ വീടിനു മുന്നിലെ റോഡ് എം.പി. അപ്പന്‍ റോഡായത്. അയ്യപ്പനും എം.പി. അപ്പനും രണ്ട് ധ്രുവങ്ങളാണ്. പഴയ തിരുവനന്തപുരത്തിന്റെ സ്വച്ഛശീതളമായൊരു സംസ്‌കാരമാണ്, എം.പി. അപ്പന്‍. തിരുവനന്തപുരത്തിന്റെ ലളിതവും സുന്ദരവുമായൊരു മുഖമായിരുന്നു അപ്പന്‍ സാര്‍. 2003 ഡിസംബര്‍ 10-ന് മഹാകവി എം.പി. അപ്പന്‍ അന്തരിച്ചു. 'ഉദ്യാനസൂനവും' 'വെള്ളിനക്ഷത്രവും' 'സുവര്‍ണോദയവും' ഉള്‍പ്പെടെ നാല്‍പതോളം കവിതാസമാഹാരങ്ങള്‍ മലയാളത്തിനു നല്‍കിയ മഹാകവി.

പഴയ തിരുവനന്തപുരത്തുകാരുടെ ഓര്‍മയില്‍ ഒരു ചിത്രം ഉണ്ടാകും. വഴുതയ്ക്കാട്ട് വിമന്‍സ് കോളേജിനു മുന്നിലെ ഇടുങ്ങിയ റോഡിലൂടെ ഒരാള്‍ നടന്നുവരികയാണ്. ജൂബയും മുണ്ടും നേര്യതും ധരിച്ച് കുറുകിയ ഒരു മനുഷ്യന്‍. നീണ്ട ഒരു കുട വട്ടം കറക്കിക്കൊണ്ടാണ് വരവ്. അന്തിമേഘങ്ങളിലും അരുണിമയിലും ഇളംകാറ്റിലുമൊക്കെ അലിഞ്ഞ് ഒഴുകിവരികയാണ്. എം.പി. അപ്പന്റെ മകന്‍ എം.പി. അയ്യപ്പന്‍ 'ഒരു കാവ്യ തപസ്സിന്റെ കഥയില്‍' അച്ഛന്റെ ആ ചിത്രം വരച്ചിട്ടുണ്ട്.

'ഞാനെന്ന നിനവുപോയ്

ഞാനപാരതയിലൊ -

രാനന്ദ തരംഗികാ -

മാലയായ് ലയിക്കുന്നു.''

ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളുമൊക്കെ സൃഷ്ടിച്ച മൂല്യബോധത്തിലടിയുറച്ച് കവിത എഴുതിയ മഹാകവിയാണ് എം.പി. അപ്പന്‍. അച്ഛനെക്കുറിച്ച് മകന്‍ 'കാവ്യസാക്ഷിയില്‍' എഴുതിയിരിക്കുന്നു. ''പുസ്തകങ്ങളും വസ്ത്രങ്ങളും മാത്രമാണ് അച്ഛന്റെ സമ്പാദ്യം. എന്റെ അനിയത്തി കല എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയപ്പോള്‍ മലയാളം ചോദ്യക്കടലാസ് തയ്യാറാക്കിയത് അച്ഛനായിരുന്നു. അച്ഛന്‍ ചോദ്യക്കടലാസ് തയ്യാറാക്കുന്നത് വീടിനുള്ളില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിക്കും. ആദ്യമായി അച്ഛന്‍ മുറിയടച്ച് കുറ്റിയിടും. പിന്നെ ഒന്നുരണ്ട് മണിക്കൂര്‍ നിശ്ശബ്ദത. മുറി തുറക്കുമ്പോള്‍ കയ്യില്‍ ചുവന്ന മെഴുക് സീല് വച്ച് ഒരു കവര്‍, ഒരു കയ്യില്‍ കൊച്ചു കൊച്ചു കഷണങ്ങളാക്കിയ ഡ്രാഫ്റ്റുമുണ്ടാകും. അടുക്കളയിലെ വിറക് അടുപ്പില്‍ ആ പേപ്പര്‍ കഷണങ്ങളിട്ട് കത്തിതീരുന്നതുവരെ നോക്കിനില്‍ക്കും. അച്ഛന്‍ അടുക്കളയില്‍ വരുന്ന അപൂര്‍വ സന്ദര്‍ഭമാണെന്ന് അമ്മ പറയാറുണ്ട്.

എം.പി. അയ്യപ്പന്‍ അച്ഛനെ അനുസ്മരിക്കാന്‍ എഴുതിയ 'കാവ്യസാക്ഷി' എന്ന പുസ്തകത്തില്‍ ഡോ. ബാബുപോളിന്റെ ഒരു അവതാരികയുണ്ട്: ''ഒമര്‍ഖയാമിന്റെ റൂബിയാത്ത് വിവര്‍ത്തനം ചെയ്തിട്ടുള്ളവരുടെ പട്ടിക വിശ്വസാഹിത്യത്തിലെ ഒരു 'ഹൂ ഈസ് ഹു' ആണല്ലോ. മലയാളത്തിലാകട്ടെ, ജി. ശങ്കരക്കുറുപ്പും (വിലാസലഹരി) സര്‍ദാര്‍ പണിക്കരും (രസികരസായനം) വരെ കൈവച്ചതാണ്. ജിയേയും പണിക്കരേയും അതിശയിപ്പിക്കുന്നതാണ് അപ്പന്‍ സാറിന്റെ വിവര്‍ത്തനത്തിലെ ശയ്യാസുഖം.

''ചിന്താ സുന്ദരകാവ്യവും

ലഘുതരം ഭോജ്യങ്ങളും ചെന്നിറം

ചീന്തി പൂമ്പതപൊങ്ങി

വീഞ്ഞു നിറയും സുസ്ഫടിക കിണ്ണവും

പൈന്തേന്‍ നേര്‍മൊഴി

മാമരത്തണലില്‍ നീ പാടാനുമുണ്ടെങ്കിലോ

കാന്താരസ്ഥലി പോലുമിന്നിവന്നു ഹാ! സ്വര്‍ലോകമാണോമനേ! എന്ന വരികള്‍ ഓര്‍മയില്‍ ഓടിയെത്തുന്നു.'' ഇങ്ങനെ എഴുതിയ എം.പി. അപ്പന്‍ ചായയും കാപ്പിയും ഉള്‍പ്പെടെ യാതൊരു ലഹരിയും ഉപയോഗിച്ചിട്ടില്ല. വാച്ച് കെട്ടാറില്ല. ചെരിപ്പ് ഉപയോഗിച്ചിരുന്നില്ല. അസാധാരണമായ ശുചിത്വമായിരുന്നു. ഒരിക്കല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ അലക്കാതെ വീണ്ടും ധരിക്കില്ല. ഒരു ദിവസം മൂന്നുനേരം വീട്ടില്‍നിന്ന് പുറത്തുപോകേണ്ടിവന്നാല്‍ മൂന്ന് സെറ്റ് അലക്കിയ വേഷം മാറിയിരിക്കും. ജൂബയുടെ പോക്കറ്റില്‍ ഒരു കഷണം സോപ്പ് കടലാസില്‍ പൊതിഞ്ഞ് എപ്പോഴും കരുതിയിരിക്കും.

അച്ഛനോടൊപ്പം പാര്‍ക്കിലോ സിനിമയ്ക്കോ നാടകത്തിനോ പോയ ഒരു അനുഭവവും മനസ്സിലില്ലെന്ന് മകന്‍ എഴുതുന്നു. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ അവരുടെ അദ്ധ്യാപകനെ സമീപിക്കുന്ന അതേ ഭയഭക്തിബഹുമാനങ്ങളോടെയായിരുന്നു ഞാനും കലയും അച്ഛനെ കണ്ടിരുന്നത്. തിരുവനന്തപുരത്തിന്റെ അഭിജാത മുഖമായിരുന്നു എം.പി. അപ്പന്‍ എന്ന കവി. അയ്യപ്പനാകട്ടെ, നഗരത്തെരുവുകളിലൂടെ അലഞ്ഞ അരാജകത്വവും.

കവടിയാറും നന്ദാവനവും വഴുതയ്ക്കാട്ടും തൈക്കാട്ടും ജഗതിയും പാളയവും എന്നൊക്കെയുള്ള സ്ഥലപ്പേരുകള്‍ക്കുള്ളിലാകെ നിറഞ്ഞുകിടക്കുന്നത് തിരുവനന്തപുരത്തിന്റെ വര്‍ണാഭമായ സംസ്‌കാരമാണ്. വഴുതയ്ക്കാട്ടെ ആകാശവാണിയിലൂടെ പരന്ന് ഒഴുകിയ ശബ്ദങ്ങളില്‍നിന്ന് ചിറകടിച്ചുയര്‍ന്ന മലയാളിയുടെ സാംസ്‌കാരിക സംഗീതവിജ്ഞാന ജീവിതങ്ങള്‍, തൈക്കാട്ടെ സ്വാതിതിരുനാള്‍ കോളേജും നന്ദാവനവും മ്യൂസിയവും ചിത്രാലയവും പാളയത്തെ ഫൈന്‍ ആര്‍ട്സ് കോളേജും പബ്ലിക് ലൈബ്രറിയും ചര്‍ച്ചും മുസ്ലിംപള്ളിയും ഗണപതിക്ഷേത്രവും എത്ര ചൈതന്യവത്തായ ജീവിതമുഖങ്ങള്‍. കവടിയാര്‍, വഴുതക്കാട്, തൈക്കാട് കറങ്ങി പാളയത്തിലും ശാസ്തമംഗലത്തും എത്തുക. ചരിത്രവും സംഗീതവും കലകളും കോര്‍ത്തിണക്കിയ ഒരു മാലപോലെ. ഇതിനുള്ളിലൂടെ എത്രയെത്ര മഹാരഥന്മാര്‍ ആകാശവാണിയിലും സംഗീതകോളേജിലും ഫൈന്‍ആര്‍ട്സ് കോളേജിലും.

പാല്‍കുളങ്ങര സരസ്വതി അമ്മ

പ്രിയപ്പെട്ട വായനക്കാരെ, യൂണിവേഴ്സിറ്റി കോളേജിന്റെ പിന്നിലൂടെ ജനറല്‍ ആശുപത്രിയും വഞ്ചിയൂരിലെ കോടതിയും കഴിഞ്ഞ് ഞാന്‍ പാല്‍കുളങ്ങരയില്‍ എത്തുന്നു. പാല്‍കുളങ്ങരയിലെ ക്ഷേത്രം നിങ്ങള്‍ ഓര്‍മിക്കും. മലയാള അമച്വര്‍ നാടകവേദിയില്‍ പൂത്തുലഞ്ഞുനിന്ന ടി.ആര്‍. സുകുമാരന്‍ നായരെ ഓര്‍മിക്കുന്നവരുണ്ടാകും. 'ആരോടും പരിഭവമില്ലാതെ' ജീവിച്ച എം.കെ.കെ. നായരെ ഓര്‍ക്കുന്നുണ്ടാകും. പാല്‍കുളങ്ങര അംബികാദേവിയേയും ഓര്‍ക്കുന്നുണ്ടാകും. ഞാന്‍ ഓര്‍മിപ്പിക്കുന്നത് പാല്‍കുളങ്ങര സരസ്വതി അമ്മയെയാണ്. 1930-കളില്‍ തുടങ്ങുന്ന രണ്ട് പതിറ്റാണ്ടുകള്‍ മലയാള സാഹിത്യലോകത്ത് നിറഞ്ഞുനിന്ന സരസ്വതി അമ്മ. പാല്‍കുളങ്ങരയിലെ 'സിതാര' എന്നൊരു വീട്ടില്‍ അവര്‍ താമസിച്ചിരുന്നു. ഒരു സ്ത്രീയായതുകൊണ്ട് അവരെ നിഷേധിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി. രാജലക്ഷ്മിയെപ്പോലെ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഒട്ടനവധി ഉണ്ടായിരുന്നു. അവര്‍ പക്ഷേ, എഴുത്തുനിറുത്തി നിശ്ശബ്ദയായി. 1938 മുതല്‍ 1960 വരെ അവര്‍ എഴുതി. 12 സമാഹാരങ്ങളിലായി എണ്‍പത്തിമൂന്ന് കഥകള്‍, ഒട്ടനവധി ലേഖനങ്ങളും. ചോലമരങ്ങളും പൊന്നുംകുടവും, സ്ത്രീജന്മവും കീഴ്ജീവനക്കാരിയും എല്ലാം തികഞ്ഞ ഭാര്യയും പുരുഷന്മാരില്ലാത്ത ലോകവുമൊക്കെ ചേര്‍ന്നൊരു കഥാപ്രപഞ്ചം. സ്ത്രീകള്‍ അന്നെഴുതാന്‍ മടിച്ചതൊക്കെ അവര്‍ തുറന്നെഴുതി, പുരുഷനിഷേധി എന്ന പേര് നേടി.

അക്കാലത്തുണ്ടായിരുന്ന മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും അവര്‍ എഴുതി. ജീവിതത്തിലും സാഹിത്യത്തിലും ഉണ്ടായിരുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അവരെ സമൂഹത്തിന് അനഭിമതയാക്കിയത്. സരസ്വതിയമ്മയുടെ സമ്പൂര്‍ണ കൃതികളുടെ മുഖവുരയില്‍ ടി. പത്മനാഭന്‍ എഴുതുകയാണ്: ''പൊറ്റക്കാടിന്റേയും പി.സി. കുട്ടികൃഷ്ണന്റേയും കഥകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്ന കാലത്താണ് ഞാന്‍ സരസ്വതി അമ്മയുടെ കഥകളും വായിച്ചത്. എന്റെ വായനയുടെ ആദ്യകാലമായിരുന്നു അത്. പിന്നീട് തകഴിയുടേയും വര്‍ക്കിയുടേയും കാരൂരിന്റേയും കഥകള്‍ വായിക്കാന്‍ തുടങ്ങിയപ്പോഴും ഞാന്‍ സരസ്വതി അമ്മയുടെ കഥകള്‍ വായിച്ചു.

സരസ്വതി അമ്മയുടെ കഥകള്‍ മറ്റുള്ളവരുടേതില്‍നിന്നും തീര്‍ത്തും ഭിന്നമായിരുന്നു. കാല്പനികതയുടെ പൊടിപോലും അതിലുണ്ടായിരുന്നില്ല. പലപ്പോഴും അവരുടെ ശബ്ദം പരുഷമായിരുന്നു. എങ്കിലും അതിന് സത്യത്തിന്റെ തിളക്കമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും നേരിട്ട അവഹേളനങ്ങളെയാണ് തന്റെ കഥകളിലൂടെ അവര്‍ എതിര്‍ത്തത്. ആ എതിര്‍പ്പ് അവരുടെ വിശ്വാസമായിരുന്നു. വിശ്വാസങ്ങള്‍ക്കുവേണ്ടിയുള്ള ബലിദാനമായിരുന്നു അവരുടെ എഴുത്തും ജീവിതവും. ഇവിടെയാണ് അവര്‍ക്കു പിന്നാലെ വന്ന പെണ്ണഴുത്തുകാരില്‍നിന്നും അവര്‍ വ്യത്യസ്തയാകുന്നത്. സ്ത്രീപക്ഷത്തുനിന്ന് പോരാടുന്നുവെന്ന് പറയുന്ന പെണ്ണഴുത്തുകാരില്‍ പലരും ഗവണ്‍മെന്റില്‍നിന്നും രാഷ്ട്രീയസംഘടനകളില്‍നിന്നും ലഭിക്കുന്ന അംഗീകാരവും അപ്പക്കഷണങ്ങളും കാംക്ഷിക്കുന്നവരല്ലേ? സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും പിന്നാലെ പോകുന്നവരല്ലേ?''

ഒരേ കാലത്ത് ആര്‍ട്സ് കോളേജില്‍ പഠിച്ചിരുന്ന സരസ്വതി അമ്മയെക്കുറിച്ച് 'ഒരു സതീര്‍ത്ഥ്യന്റെ ഓര്‍മകള്‍' എന്ന കുറിപ്പില്‍ പ്രൊഫ. എസ്. ഗുപ്തന്‍ നായരും എഴുതുകയാണ്: ''ഞാന്‍ മലയാളിയുടെ എഡിറ്ററായിരിക്കുമ്പോഴാണ് സകുടുംബം തിരുവനന്തപുരത്ത് പാല്‍കുളങ്ങരയില്‍ താമസമാകുന്നത്. സരസ്വതി അമ്മ എന്റെ അയല്‍ക്കാരിയായിരുന്നു. അവര്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. എന്റെ പ്രഥമസന്തതി അന്ന് നവജാതയാണ്. അവര്‍ കുഞ്ഞിനെ ലാളിക്കുന്നത് വലിയ രസമായിരുന്നു. ചെറുപ്പത്തില്‍ സരസ്വതി അമ്മ നല്ല ചിരിക്കുടുക്കയായിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവര്‍ ദുഃഖിതയായിരുന്നു. അവരുടെ വീടാകട്ടെ, സമൂഹത്തില്‍ ഒറ്റപ്പെട്ട വീടും. രണ്ടു ചേച്ചിമാരും മൂത്ത ചേച്ചിയുടെ മകന്‍ സുകുവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. (മദ്യപാനിയായിരുന്ന അച്ഛന്‍ നേരത്തേ മരണമടഞ്ഞിരുന്നു).

രണ്ടു ചേച്ചിമാരും സരസ്വതി അമ്മയോട് കലഹത്തിലായിരുന്നു. രണ്ടുപേര്‍ക്കും എന്തോ ത്വക്ക് രോഗമുണ്ടായിരുന്നു. അവര്‍ക്കും ത്വക്ക് രോഗമുണ്ടായിരുന്നുവെന്നും അവര്‍ ജോലി ചെയ്തിരുന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍നിന്ന് ഇടയ്ക്കിടെ ലീവെടുത്ത് മദ്രാസില്‍ പോയി ചികിത്സിച്ചിരുന്നതായും അവരുടെ അയല്‍വാസിയായ പട്ടം ജി. രാമചന്ദ്രന്‍ നായര്‍ പറഞ്ഞിരുന്നു. വീട്ടില്‍ സര്‍വസമയവും ലഹള. അവരെങ്ങനെ അസ്വസ്ഥയാകാതിരിക്കും.''

പട്ടം രാമചന്ദ്രന്‍ നായര്‍ പില്‍കാലത്ത് അവരുടെ ഡയറിക്കുറിപ്പുകള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്, 'ഇരമ്പുന്ന നൊമ്പരങ്ങള്‍'. ശാരീരികപീഡകളിലും മാനസിക സംഘര്‍ഷങ്ങളിലും വലഞ്ഞുപോയ ഒരു എഴുത്തുകാരിയുടെ മനസ്സ് അതില്‍ വായിക്കാം. ജീവിതം വല്ലാതെ വീര്‍പ്പുമുട്ടിയപ്പോള്‍ അവര്‍ ടാഗോറിന് ഒരു കത്ത് എഴുതി. ആ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്: 'ങീേെ ീളലേി വമ്‌ല ക ംശവെലറ ീേ യലരീാല മ മെി്യമശെി ീേ ലരെമുല ളൃീാ വേല േെൃൗ േമിറ േെൃൗഴഴഹല െീള വേശ െിീശ്യെ യൗായൗഴഴശിഴ ംീൃഹറ, യൗ േക രീൗഹറ ിീ.േ..'' ആറ് പേജുകള്‍ നീളുന്ന കത്തില്‍ അച്ഛന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും എഴുതി. ടാഗോറിന് അന്ന് എണ്‍പതു വയസ്സ്. അദ്ദേഹത്തിന്റെ മറുപടി ഒരു അച്ചടി കാര്‍ഡായി കിട്ടി. തന്റെ അനാരോഗ്യവും പ്രായവും ചൂണ്ടിക്കാണിച്ച് പൊതുജനങ്ങള്‍ കത്തെഴുതിയും ശാരീരികവും മാനസികവുമായ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നുമുള്ള പൊതു അപേക്ഷയായിരുന്നു ആ കാര്‍ഡ്.

''ഉരുളുന്ന രസബിന്ദുപോലുള്ള ഒരു സരള മനസ്സുകാരിയായിരുന്നു അവര്‍. തോന്നുന്നതൊക്കെ പറയുകയും എഴുതുകയും ചെയ്യുന്ന ഒരാള്‍. മറ്റുള്ളവര്‍ എന്തുപറയും എന്തു വിചാരിക്കും എന്നീ വക വ്യര്‍ത്ഥചിന്തകളൊന്നും അവരെ അലട്ടിയില്ല.'' പുരുഷന്മാരില്ലാത്ത ലോകം എന്ന് അവര്‍ എഴുതിയപ്പോള്‍ അതൊരു ശുദ്ധഭാവനയായിരുന്നെങ്കിലും അവരുടെ ഭാവനയുടെ പുറകിലുള്ള ചേതോവികാരം സ്പഷ്ടമായിരുന്നു. കൊല നിയമപരമായ ഒരു കുറ്റമല്ലെങ്കില്‍ ഞാന്‍ ഇവരെ വെടിവച്ചു കൊന്നേനേ എന്നവര്‍ എഴുതി. 'ഞാനൊരു ഭര്‍ത്താവായിരുന്നെങ്കില്‍' എന്ന് എഴുതിയ അവര്‍ പുരുഷന്‍ സ്ത്രീയുടെ സഹധര്‍മചാരിയെന്നല്ല, ശല്യക്കാരി എന്നാണ് കണ്ടത്. അതുകൊണ്ട് പുരുഷന്മാരില്ലാത്ത ലോകത്തെ വിഭാവനംചെയ്ത ജീവിതം ഹര്‍ഷഭരിതമായ ഒരുഗ്രന്‍ സമരമാണെന്നായിരുന്നു നിലപാട്. ഇത്രയൊക്കെ തന്റേടം എഴുത്തിലും പുറമേയും പ്രകടിപ്പിച്ച അവര്‍ തന്റെ കൂട്ടിന് ദൈവത്തെ കൂട്ടുപിടിച്ചു. സര്‍വക്ഷേത്രങ്ങളിലും അവര്‍ കയറിയിറങ്ങി വഴിപാടുകള്‍ നടത്തി. ക്ഷേത്രങ്ങള്‍ക്ക് ധാരാളം പണം നല്‍കി. എങ്കിലും രോഗവും വിഷാദവും അവരെ പിന്തുടര്‍ന്നു. തന്റെ ജീവിതം വിഫലമായെന്ന തോന്നല്‍, അത് അവര്‍ കഥകളില്‍ പകര്‍ത്തിവച്ചു. 1975 ഡിസംബര്‍ 26-ന് രാത്രി 7.45-ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍വെച്ച് അവര്‍ അന്തരിച്ചു.

പിറ്റേ ദിവസത്തെ പത്രത്തില്‍ ഒരിഞ്ച് ഒരു കോളം പരസ്യം. ''പാല്‍കുളങ്ങര കെ. സരസ്വതി അമ്മ, റിട്ട. ലോക്കല്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ 26-12-75 വൈകുന്നേരം 7.45-ന് ജനറല്‍ ആശുപത്രിയില്‍വച്ച് നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു എന്ന് ബന്ധുക്കള്‍.'' ജീവിച്ചിരിക്കുമ്പോഴും ആശുപത്രിയില്‍ കിടക്കുമ്പോഴും അവര്‍ ഏകയായിരുന്നു. സഹായത്തിന് ആരുമുണ്ടായിരുന്നില്ല. സാഹിത്യലോകവും അവരെ തിരിഞ്ഞുനോക്കിയില്ല. ഒരു അനുശോചനയോഗം പോലും ഒരിടത്തുമുണ്ടായില്ല. സ്വന്തം അദ്ധ്വാനത്തിലൂടെ പണിത സിതാര എന്ന വീടും എന്‍.ബി.എസ്സിലെ കുറെ ഷെയറുകളും അന്‍പതിനായിരം രൂപയുടെ ബാങ്ക് ബാലന്‍സും അവശേഷിപ്പിച്ച് അവര്‍ മരിച്ചുകിടന്നപ്പോള്‍ വിവരമറിഞ്ഞ് എവിടെനിന്നൊക്കയോ ബന്ധുക്കള്‍ ഓടിവന്നു, അവകാശ തര്‍ക്കങ്ങളുണ്ടായി. സിതാര എന്ന വീട് കൈവശപ്പെടുത്തിയ ബന്ധു അത് ആര്‍ക്കോ വിറ്റു, വാങ്ങിയവന്‍ അത് ഇടിച്ചുനിരത്തി. അതിനകത്ത് വിശ്വസാഹിത്യത്തിലെ അമൂല്യമായ രചനകളുടെ ശേഖരമുണ്ടായിരുന്നു. ഇന്ന് സിതാര എവിടെ ആയിരുന്നുവെന്ന് പാല്‍കുളങ്ങരക്കാര്‍ക്ക് അറിയില്ല!

തിരുവനന്തപുരത്തെ ഒരു പഴയ ജീവിതമാണ് ഞാന്‍ ഓര്‍മിപ്പിച്ചത്. നമുക്ക് ഇന്ന് ഒരുപാട് എഴുത്തുകാരികളുണ്ട്. മലയാള കഥാലോകം അവരുടെ കൈപ്പിടിയിലാണെന്ന് തോന്നുന്ന അവസ്ഥയും. സരസ്വതി അമ്മയെ വീണ്ടും വായിക്കുക, തിരുവനന്തപുരത്തെ (കേരളത്തിലേയും) താഴെത്തട്ടുജീവിതങ്ങളിലെ അസഹ്യമായ ദാരിദ്ര്യത്തിന്റേയും അസ്വസ്ഥതകളുടേയും കഥകളാണ്. സരസ്വതി അമ്മ എന്തുകൊണ്ട് പുരുഷവിദ്വേഷി എന്ന് മുദ്രയടിക്കപ്പെട്ടുവെന്ന് ആ കഥകള്‍ നമ്മോട് പറയും.

പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെക്കുറിച്ച് എഴുതുമ്പോള്‍ ആദ്യം കുറിക്കേണ്ടത് കിഴക്കേകോട്ടയെപ്പറ്റി, പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റിയാണ്. ഒരുപാട് പുസ്തകങ്ങള്‍, എണ്ണമറ്റ കുറിപ്പുകള്‍ ക്ഷേത്രത്തെക്കുറിച്ചുണ്ട്. പകലും രാത്രിയും ഇല്ലാത്ത അനന്തപുരിയുടെ ഹൃദയം. പണ്ട് ഗണപതി ക്ഷേത്രത്തിനു പിന്നില്‍ നീണ്ടുനിവര്‍ന്ന് അഗ്രഹാരങ്ങളുണ്ടായിരുന്നു. ഇപ്പോഴും തെന്നിത്തെറിച്ച് കോലങ്ങളിട്ട പഴയ ആഗ്രഹാരങ്ങള്‍ കാണാം. എങ്കിലും മിക്കതും ടെക്സ്‌റ്റൈയില്‍സ് ഷോപ്പുകളും ആഭരണക്കടകളും മെഡിക്കല്‍ ആയുര്‍വേദ കടകളുമായി രൂപാന്തരപ്പെട്ടു. ഗണപതിക്ഷേത്രത്തിന് പിന്നിലുള്ള ഇടുങ്ങിയ നിരത്തുവഴി പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിന് മുന്നിലെത്താം. സന്ധ്യമയങ്ങുമ്പോള്‍ ഈ ക്ഷേത്രക്കുളത്തിലേക്ക് നോക്കുക, കുളത്തില്‍ സുവര്‍ണക്ഷേത്രം നൃത്തം വയ്ക്കുന്നത് കാണാം. പടവുകളില്‍ എപ്പോഴും ആരെങ്കിലും കുളിച്ചുകയറാനുണ്ടാകും. കുളത്തിനു വടക്ക് ഇടുങ്ങിയ തെരുവാണ്.

സന്ധ്യ മയങ്ങിയാലും ജമന്തിപ്പൂക്കളും കൊഴുന്നു പൂക്കളും പിച്ചി മൊട്ടുകളും വില്‍ക്കുന്ന സ്ത്രീകളെ കാണാം. കൊഴുന്നു പൂവിന്റെ ഗന്ധം അന്തരീക്ഷത്തില്‍ എപ്പോഴുമുണ്ടാകും. അഭേദാനന്ദ ആശ്രമത്തിനു മുന്നില്‍ കലപിലകൂടുന്ന അസംഖ്യം നായ്ക്കള്‍. സഹകരണ ഹാളിനു മുന്നില്‍ ഭിക്ഷാടനം കഴിഞ്ഞ് തളര്‍ന്ന് അവശരായ മനുഷ്യര്‍. ഓടകളില്‍നിന്ന് ആര്‍ത്തിരമ്പുന്ന കൊതുക്പടകള്‍, മാലിന്യങ്ങളും മന്തും നിറഞ്ഞൊഴുകുന്ന ഈ തെരുവുകള്‍ ഉറങ്ങാറേയില്ല. വൈദ്യുതിവെളിച്ചത്തില്‍ രാത്രി കഴിയുന്നത് നാം അറിയുകയേയില്ല. എം.എസ്. സുബ്ബലക്ഷ്മിയുടെ കീര്‍ത്തനങ്ങള്‍ എവിടെനിന്നൊക്കെയോ ഒഴുകിവരികയും തട്ടുകടകള്‍ സജീവമാകുകയും ചെയ്യും. പാല്‍ക്കാരും പത്രക്കാരും ബെല്ലടിച്ച് കടന്നുവരും. പിന്നെ നെയ്ദോശയുടേയും സാമ്പാറിന്റേയും മണം അന്തരീക്ഷത്തില്‍ നിറയും. കൂറ്റന്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍, വന്‍കിട ആഭരണക്കടകള്‍, സില്‍ക്ക് കടകള്‍, ഹോട്ടലുകള്‍ പിന്നെ തട്ടുകടകളും. ഇവയ്ക്കിടയിലൂടെ നമ്മള്‍ ശയനത്തിലായ അനന്തപത്മനാഭനെ കാണാന്‍ ചെല്ലുന്നു. ക്ഷേത്രത്തില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ക്ഷേത്രനിലവറകളിലെ സ്വര്‍ണശേഖരത്തെപ്പറ്റി 2011-ല്‍ പുറംലോകം അറിഞ്ഞതോടെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ക്ഷേത്രത്തിലേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി. ലോകത്തെ ഏറ്റവും സമ്പന്നരായ ദൈവങ്ങളുടെ കൂട്ടത്തില്‍ നമ്മുടെ അനന്തപത്മനാഭനും ഉള്‍പ്പെട്ടു. തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ സ്വര്‍ണസമ്പാദ്യത്തിന്റെ എത്രയോ ഇരട്ടി നിലവറകള്‍ക്കുള്ളിലുണ്ടെന്ന് വിദേശമാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. കമാന്‍ഡോകള്‍ ക്ഷേത്രസുരക്ഷ ഏറ്റെടുത്തു. നിലവറകള്‍ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യം സുപ്രീംകോടതി വരെ എത്തി. ഇത് ആര്‍ക്ക് അവകാശപ്പെട്ട സ്വത്ത് എന്ന ചോദ്യം ഉയര്‍ന്നു. തിരുവനന്തപുരത്തിന്റെ സ്വത്താണ് നിലവറകളില്‍ എന്ന വാദമുയര്‍ന്നു. ചരിത്രവും കഥകളും ഇഴചേര്‍ന്ന ഒരു മഹാകാലത്തിന്റെ മുഖമാണ് ക്ഷേത്രം. നിലവറകള്‍ തുറന്നപ്പോള്‍ ചരിത്രത്തിന്റെ ചിലമ്പൊലികള്‍ പുറത്തേക്ക് ഒഴുകി. പ്രിയപ്പെട്ട വായനക്കാര്‍ സി.വി. രാമന്‍പിള്ളയുടെ നോവലുകളില്‍ വായിച്ച കോട്ടയും ക്ഷേത്രവും ഇന്നിവിടെയില്ല. സി.വി. മാര്‍ത്താണ്ഡവര്‍മയില്‍ കോട്ടയുടെ അകവും പുറവും വര്‍ണിക്കുന്നുണ്ട്. ആ കോട്ട ഇന്നില്ല. ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന കൊട്ടാരക്കെട്ടുകളും കോട്ടയ്ക്കകത്തെ ചിതറിക്കിടന്ന കൊട്ടാരങ്ങളുമൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളായി. അബ്കാരികള്‍ ക്ഷേത്രഭൂമി കയ്യടക്കി ബാര്‍ അറ്റാച്ചഡ് ഹോട്ടലുകള്‍ തുടങ്ങി. പെട്ടിക്കടകള്‍ മുതല്‍ സ്വര്‍ണക്കടകള്‍ വരെ കയ്യേറ്റ ഭൂമിയിലുണ്ടായി. ടൂറിസ്റ്റുകളുടേയും തീര്‍ത്ഥാടകരുടേയും പ്രവാഹമുണ്ടായപ്പോള്‍ കച്ചവടവും പല രീതികളില്‍ വര്‍ദ്ധിച്ചു. സ്വാതിതിരുനാളിന്റെ സംഗീതസദസ്സുകള്‍ നടന്നിരുന്ന കുതിരമാളിക ഒരു കാഴ്ചബംഗ്ലാവായി. ഈ മാളികയിലെ അംബാരി മുഖപ്പിലിരുന്നാണ് സ്വാതിതിരുനാള്‍ വിശിഷ്ട കാവ്യങ്ങള്‍ രചിച്ചത്. സ്വാതിതിരുനാള്‍ കാലത്തെ സംഗീത ഉപകരണങ്ങളും ദന്തസിംഹാസനങ്ങളും എണ്ണച്ചായാ ചിത്രങ്ങളുമൊക്കെ മ്യൂസിയത്തിലുണ്ട്. സ്വാതിയുടെ കീര്‍ത്തനങ്ങള്‍ ഓര്‍ത്ത് കുതിരമാളികയുടെ മുഖപ്പില്‍ കണ്ണടച്ചു നില്‍ക്കുക, ചിലങ്കകളുടെ കിലുക്കം കേള്‍ക്കാം, സ്വാതിതിരുനാളിന്റെ സുഗന്ധവല്ലി നൃത്തമാടുകയാണ്. തിരുവിതാംകൂര്‍ ചരിത്രത്തിലെ സംഗീതമയമായ ഒരുകാലത്തെ ഈ കുതിരമാളികയ്ക്കുള്ളില്‍ അടച്ചുവച്ചിരിക്കുന്നു. ഈ കോട്ടയ്ക്ക് ചുറ്റിലും വഞ്ചിയൂരിലും വരെയുള്ള അമ്മച്ചിവീടുകള്‍, അമ്മവീടുകളൊക്കെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കഥകളും ചരിത്രവുമാണ്. ഇപ്പോഴും പുതിയ പുതിയ പുസ്തകങ്ങള്‍ അവയെക്കുറിച്ച് ഇറങ്ങിക്കൊണ്ടിരിക്കുന്നു.

നീല പത്മനാഭന്‍

''നഗരത്തിന് ഒരു ആത്മാവുണ്ടോ? പ്രത്യേകിച്ച് നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരത്തിന്? 'ഉണ്ട്' എന്നു പറയുവാന്‍ എനിക്ക് ധൈര്യം തന്നത് നീല പത്മനാഭന്റെ 'പള്ളികൊണ്ടപുരം' എന്ന തമിഴ് നോവല്‍ വായിച്ചപ്പോഴാണ്. തന്റെ ചരിത്രനോവലുകളില്‍ സി.വി. രാമന്‍പിള്ള വര്‍ണിക്കുന്ന തിരുവനന്തപുരം അദ്ദേഹത്തിന്റെ ഭാവനയിലല്ലാതെ യഥാര്‍ത്ഥമായ ഏതെങ്കിലും കാലപരിധിയില്‍ നിലവിലിരുന്നതായി എനിക്ക് വിശ്വാസമില്ല. 'പ്രേമാമൃതം' എന്ന സാമൂഹ്യനോവലില്‍ സി.വി. വിവരിക്കുന്ന തിരുവനന്തപുരവും ഈ നഗരത്തില്‍ വര്‍ഷങ്ങളോളം താമസിച്ചതിനുശേഷവും എനിക്ക് ഒരു അപരിചിത പ്രദേശമായേ തോന്നിയിട്ടുള്ളൂ. എന്നാല്‍ 'പള്ളികൊണ്ട പുരത്തി'ലെ തിരുവനന്തപുരം ഞാന്‍ താമസിച്ചിരുന്ന അതേ തിരുവനന്തപുരമായിരുന്നു. ആ നോവല്‍ വായിച്ചതിനുശേഷം പഴവങ്ങാടിയിലെ ഗണപതികോവിലിനു മുന്നിലൂടെ കടന്നുപോകുമ്പോഴെല്ലാം കോവിലിന്റെ നടയില്‍, റോഡില്‍, മിഴികള്‍ അടച്ച് കൈകൂപ്പി നിഷ്ഠയോടെ നില്‍ക്കുന്ന അനന്തന്‍ നായരെ എന്റെ കണ്ണുകള്‍ അന്വേഷിക്കുമായിരുന്നു. ചാല കമ്പോളം മലയാളം നോവലില്‍ ഞാന്‍ കണ്ടിട്ടില്ല. നീല പത്മനാഭന്റേയും അ. മാധവന്റേയും കഥകളില്‍ തമിഴ് മൊഴിയിലാണ് ഈ അങ്ങാടി അമരത്വം നേടിയിട്ടുള്ളത്. സഞ്ജയന്റേയും എസ്.കെ. പൊറ്റക്കാടിന്റേയും രചനകളിലൂടെ അമരത്വം നേടിയ കോഴിക്കോട്ടെ മിഠായി തെരുവ്, ചാല കമ്പോളത്തിനെക്കാള്‍ എത്രയധികം ഭാഗ്യമുള്ളതാണ്!''

നീല പത്മനാഭന്റെ കഥകളുടെ ആമുഖമായി എന്‍.വി. കൃഷ്ണവാരിയര്‍ കുറിച്ചിട്ട വരികളാണ് മേലുദ്ധരിച്ചത്. മലയാളത്തിലെ എഴുത്തുകാര്‍, തിരുവനന്തപുരത്തെ പ്രമുഖ എഴുത്തുകാര്‍, സ്പര്‍ശിക്കാതെ പോയ ചാലയിലെ, ആര്യശാലയിലെ, കിഴക്കേക്കോട്ടയിലെ, മണക്കാട്ടെ മാത്രമല്ല, കേരളത്തിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന തമിഴ് മലയാള ജനസഞ്ചയത്തെ, അവരുടെ സവിശേഷമായ ആചാരമര്യാദകളേയും സംസ്‌കാരത്തേയും നീല പത്മനാഭന്‍ തന്റെ നോവലുകളിലും കഥകളിലും ആവിഷ്‌കരിച്ചു. തമിഴ് ഗൃഹഭാഷയായവരും എന്നാല്‍ എല്ലാവിധ കേരളീയ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് ജീവിച്ചവരുമായ ജനങ്ങളെപ്പറ്റിയാണ് അദ്ദേഹം എഴുതിയത്. 'പള്ളികൊണ്ട പൂരവും' 'തലൈമുറകളും' 'ഉറവ'കളുമടക്കം പതിനൊന്ന് നോവലുകളും ഒട്ടേറെ ചെറുകഥകളും ഉപന്യാസ സമാഹാരങ്ങളിലുമൊക്കെ അനന്തപുരിയെ, പത്മനാഭസ്വാമി ക്ഷേത്രത്തെ, ചാല കമ്പോളത്തെ, പഴവങ്ങാടിയെ, കിഴക്കേക്കോട്ടയെ ചുറ്റിപ്പറ്റിയായിരുന്നു. സ്‌കൂളില്‍ അദ്ദേഹം പഠിച്ചത് മലയാളഭാഷ, ജീവിച്ചത് മലയാളിയായി, പണിയെടുത്തത് വൈദ്യുതിബോര്‍ഡിലെ എന്‍ജിനീയറായി. 'രചന, രചയിതാവ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതുകയാണ്: ''കഴിഞ്ഞ അറുപതു കൊല്ലമായി തമിഴ്, മലയാള സാഹിത്യരംഗത്ത് ഞാന്‍ ഉണ്ട്. തമിഴകത്ത് മലയാളിയായും മലയാളത്തില്‍ തമിഴനായിട്ടും- ഒരു ത്രിശങ്കു സ്വര്‍ഗത്തിലാണ് ഇപ്പോഴും എന്റെ നില്‍പ്. ചാല കമ്പോളത്തിലെ ബഹളങ്ങള്‍ക്കിടയില്‍ ഒരു തിരുവനന്തപുരത്തുകാരന്‍. ഞാന്‍ ജനിച്ചതും (1938) വളര്‍ന്നതുമെല്ലാം ചെന്തിട്ട വാര്‍ഡിലെ പാട്ടുവിളാകം തെരുവിലാണ്. ചാലയിലെ സ്‌കൂളില്‍ പഠിച്ചു. ചെന്തിട്ട, മരക്കട, ആര്യശാല, പുത്തരിക്കണ്ടം, കിഴക്കേകോട്ടയ്ക്കും പത്മനാഭസ്വാമി ക്ഷേത്രത്തിനും മുന്നിലെ വളഞ്ഞുതിരിഞ്ഞ് കിടക്കുന്ന വഴികളിലൂടെ നടന്നു. ആ തെരുവുകളില്‍ കളിച്ചു. യൂണിവേഴ്സിറ്റി കോളേജിലും എന്‍ജിനീയറിങ്ങ് കോളേജിലും പഠിച്ച് എന്‍ജിനീയറായി. അതിനിടയിലാണ് തമിഴ് എഴുത്തുകാരനായത്, മലയാളം എഴുത്തുകാരനും.'' എഴുത്തിന്റെ ആരംഭം നീല എഴുതിയത് ഇങ്ങനെയാണ്: മുത്തശ്ശി പറഞ്ഞ തമിഴ് കഥകള്‍ കേട്ടാണ് മനസ്സില്‍ കഥയെഴുതുന്ന ആഗ്രഹമുണ്ടായത്, പതിമൂന്ന് വയസ്സില്‍ ആദ്യത്തെ നോവല്‍ എഴുതി. കൂട്ടുകാരുമൊന്നിച്ച് ചാലയ്ക്കടുത്തുള്ള ഒരു പ്രസ്സില്‍ പോയി, പ്രസിദ്ധീകരിക്കണം എന്ന് അപേക്ഷിച്ചു. പ്രസ്സ് ഉടമ എന്നെ അടിമുടിയൊന്നു നോക്കി, ഒരു അത്ഭുതം കാണുന്നപോലെ നിന്റെ കയ്യില്‍ പണമുണ്ടോ?

കുറച്ചുണ്ട്, ബാക്കി പുസ്തകം വിറ്റു തരാം. അന്ന് പുളിമൂട്ടില്‍ താമസിച്ചിരുന്ന ഒരു തമിഴ് പണ്ഡിതന്‍ അവതാരിക എഴുതിത്തന്നു. ''ഇത് എഴുതിയവന്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്ന കൊച്ചുപയ്യനാണ്. ഇവനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം.'' എന്നിട്ട് കമ്പ രാമായണത്തിലെ രണ്ടു വരിയും:

''കൊച്ചുകുട്ടികള്‍ തറയില്‍ വീടിന്റെ ചിത്രങ്ങള്‍ വരയ്ക്കുന്നത് കാണുമ്പോള്‍ മൂത്താശാരി കളിയാക്കാറില്ലല്ലോ.''

കൂട്ടുകാരോടൊപ്പം വീട് വീടാന്തരം കയറി പുസ്തകം വിറ്റു. ഒരു കൊച്ചുപയ്യന്റെ പുസ്തകമായതുകൊണ്ട് കനിവ് തോന്നി പലരും പുസ്തകം വാങ്ങി. കിട്ടിയ പണം പ്രസ്സുടമയെ ഏല്പിച്ചു. വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛന്‍ പൊതിരെ തല്ലി. പുസ്തകം വില്‍ക്കുന്നത് ആരോ അച്ഛന്റെ ചെവിയില്‍ മന്ത്രിച്ചിരുന്നു. ഇവന്‍ ക്ലാസ്സില്‍ പോകാതെ കറങ്ങിനടക്കുകയാണെന്നും പറഞ്ഞുകൊടുത്തു. മനസ്സ് ആകെ തകര്‍ന്നു. അന്ന് രാത്രി ബഹളങ്ങള്‍ ഒതുങ്ങിയപ്പോള്‍ അച്ഛന്‍ എന്റെ അടുത്തുവന്നു. എന്റെ തലമുടിയില്‍ വിരലോടിച്ചു. മോന്റെ നോവല്‍ ഞാന്‍ വായിച്ചു, അസ്സലായിട്ടുണ്ട്. ഇനിയും മോന്‍ എഴുതണം. പക്ഷേ, പഠിത്തവും വേണ്ടേ? മോന്‍ പഠിച്ച് ഉദ്യോഗം കിട്ടിയാലെ നമുക്ക് ജീവിക്കാനാകൂ... അച്ഛന്റെ വാക്കുകള്‍ മനസ്സില്‍ പനിനീരായി ഒഴുകി, അന്നുതന്നെ തീരുമാനിച്ചു, പഠിച്ച് ഉദ്യോഗസ്ഥനാകണം. അച്ഛന്‍ മരക്കടയില്‍ ഒരു പണിക്കാരനായിരുന്നു, കഷ്ടപ്പെട്ടാണ് കുടുംബം നടത്തിയിരുന്നത്... വായനക്കാര്‍ നീല പത്മനാഭന്റെ 'രചന രചയിതാവ്' എന്ന പുസ്തകം വായിക്കുക, പള്ളികൊണ്ടപുരവും, തലൈമുറകളും ഉറവയുമൊക്കെ മലയാളത്തിലായിട്ടുണ്ട്, എല്ലാ നോവലുകളും കഥകളും മലയാളത്തിലാക്കി. ചാലയിലും ആര്യശാലയിലും മരക്കടയിലും ചെന്തിട്ടയിലുമൊക്കെ ഉണ്ടായിരുന്ന ജീവിതങ്ങള്‍ വായിക്കുക, അതും തിരുവനന്തപുരമാണ്. കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും മറുമരുന്നില്ലെന്നു നമ്മെ ഓര്‍മിപ്പിക്കുന്നതാണ് നീലയുടെ എഴുത്തും ജീവിതവും. മതവും ജാതിയും ഭാഷയും എന്നൊക്കെയുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന സാധാരണ മനുഷ്യരുടെ ജീവിത വ്യഥകളും സന്തോഷങ്ങളും നീല വരച്ചുവച്ചു. കേരളത്തില്‍ സ്ഥിരതാമസമാക്കിയ തമിഴ് ചെട്ടിയാര്‍ സമുദായത്തിന്റെ മൂന്ന് തലമുറകളുടെ കഥ പറയാനാണ് നീല പത്മനാഭന്‍ 'തലമുറകളി'ല്‍ ശ്രമിച്ചത്. കമലഹാസനാണ് ആ നോവല്‍ സിനിമയാക്കിയത്. കമലഹാസന്‍ വീട്ടില്‍ വന്നതിനെക്കുറിച്ച് 'നീലക്കല്ല് തേടിവന്ന കമല്‍' എന്നൊരു ലേഖനം 'രചന, രചയിതാവ്' എന്ന പുസ്തകത്തിലുണ്ട്. അച്ഛന്റെ പേരിലെ ആദ്യത്തെ രണ്ടക്ഷരം ചേര്‍ത്ത് പേരുണ്ടാക്കുന്ന പതിവ് തമിഴിലുണ്ട്. അച്ഛന്റെ പേര് നീലകണ്ഠപ്പിള്ള, ആ രീതിയനുസരിച്ച് നീല പത്മനാഭനായി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായി വൈദ്യുതി ബോര്‍ഡില്‍നിന്ന് വിരമിച്ചു. നീല പത്മനാഭനെ മലയാളം വേണ്ടത്ര ആദരിച്ചോ എന്ന് എനിക്കറിയില്ല. വായനക്കാര്‍ നീലയുടെ പുസ്തകങ്ങള്‍ വായിക്കുക, തമിഴ്- മലയാള ജീവിതം അറിയിനായി, അനന്തപുരി എന്ന തിരുവനന്തപുരത്തെ അറിയാനായി.

നീല ജനിച്ച ചെന്തിട്ടയെ, വളര്‍ന്ന ചാലയെപ്പറ്റി പറയുമ്പോള്‍ നമ്മള്‍ വലിയശാലയില്‍ ഉണ്ടായിരുന്ന കാന്തള്ളൂര്‍ ശാലയെക്കുറിച്ച് ഓര്‍ക്കുക. നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ ഇന്ത്യയുടെ പ്രാചീന സര്‍വകലാശാലകളുടെ ഗണത്തില്‍പെട്ട ഒന്നായിരുന്നു കാന്തള്ളൂര്‍. വിഴിഞ്ഞത്തായിരുന്നു കാന്തള്ളൂര്‍ ശാല. ചോള ആക്രമണത്തെതുടര്‍ന്ന് പിന്നെ വലിയ ശാലയിലേക്ക് മാറ്റിയെന്ന് ചരിത്രം. തിരുവിതാംകൂറിനെപ്പറ്റിയുള്ള ചരിത്രപുസ്തകങ്ങളില്‍ വലിയശാലയിലുണ്ടായിരുന്ന മഹാസര്‍വകലാശാലയുടെ വിവരണങ്ങള്‍ ഉണ്ട്.

ആറ്റുകാലും വെങ്ങാനൂരും

ഒരു മാസം മുന്‍പാണ് മണക്കാട് വഴി വെങ്ങാനൂരിലേക്ക് വന്നത്. മണക്കാട് എത്തിയാല്‍ നമ്മള്‍ ആദ്യം ആറ്റുകാലമ്മയെ കാണാന്‍പോകും, അതു ഒഴിവാക്കാനാവില്ലല്ലോ. ഒരു കല്ല്യാണത്തിന് കൂടുകയും വേണം. പതിവുപോലെ വലിയ തിരക്കാണ്. ക്ഷേത്രവാതിലിനു മുന്നിലെ ക്യൂവില്‍ വധൂവരന്മാര്‍ അക്ഷമരായി നില്‍ക്കുന്നു. തിരക്കിനിടയില്‍ വരനെ ഒന്ന് തലോടി തിരികെപ്പോന്നു. ആറ്റുകാലിലെ അമ്മ പാവങ്ങളുടെ രക്ഷകയാണ്, എല്ലാ ജീവിതവ്യഥകളും സങ്കടങ്ങളും അമ്മയ്ക്കു മുന്നില്‍ കെട്ടഴിച്ചുവച്ച് ശാന്തരായി നിറകണ്ണുകളോടെ സ്ത്രീകള്‍ മടങ്ങിപ്പോകുന്നു. എല്ലാ പ്രയാസങ്ങളും അമ്മ പരിഹരിക്കുമെന്നത് അവരുടെ വിശ്വാസമാണ്. എന്റെ കുട്ടിക്കാലത്ത് അമ്മയുടെ കൈപിടിച്ച് ഇവിടെ ആദ്യം വന്നത് ഓര്‍മയുണ്ട്. വയല്‍തീരത്ത് തെങ്ങുംതോപ്പുകളില്‍ ഒരു കൊച്ചമ്പലം. ശരിക്കും എല്ലാ ഗ്രാമങ്ങളിലുമുള്ളതുപോലെ ഒരു അമ്പലമായിരുന്നു. പിന്നീടത് വളര്‍ന്നു, സോഷ്യല്‍മീഡിയയിലൂടെ അത് ഇപ്പോള്‍ ലോകങ്ങള്‍ കീഴടക്കുന്നു, അതോടെ തിരക്കേറി. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ എത്തുന്ന അമ്പലമെന്ന ഖ്യാതി ഗിന്നസ്ബുക്കിലും കയറി. തീര്‍ത്ഥാടക മാപ്പില്‍ മാത്രമല്ല, ടൂറിസ്റ്റ് മാപ്പിലും ഇടംപിടിച്ചതോടെ സര്‍വത്ര ബഹളമയമായി. പഴയ നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും ഇടിച്ചുനിരത്തി പാര്‍ക്കിങ് ഏരിയകളായി, ആറ്റുകാല്‍ ഇന്നൊരു ടൗണ്‍ഷിപ്പാണ്. ഈ ബഹളങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍ സ്വസ്ഥമായി അമ്മയ്ക്ക് അമ്പലത്തിനുള്ളില്‍ ഇരിക്കാനാവുമോ എന്ന് നമ്മള്‍ ഓര്‍ത്തുപോകും, അമ്മ ഈ പ്രപഞ്ചം തന്നെയല്ലേ.

ആറ്റുകാലില്‍നിന്ന് തിരികെ മണക്കാട് എത്തി വെങ്ങാനൂരിലേക്ക്, പഴയ ഇടവഴികളും ഊടുവഴികളും ടാറിട്ട റോഡുകളായി. വെങ്ങാനൂരിലേക്ക് തിരിയും മുന്‍പ് കോവളം - കന്യാകുമാരി ബൈപ്പാസ് നീണ്ടുപോകുന്നത് കാണാം. ബൈപ്പാസിലേക്ക് തിരിയാതെ വെങ്ങാനൂരിലേക്ക് വിട്ടു. പഴയ ഇരുണ്ട വഴികളില്‍ പ്രകാശം വീണ് വലുതായിരിക്കുന്നു. അയ്യന്‍കാളിയെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളിലും പഴയ വെങ്ങാനൂരുണ്ട്. 1863 ആഗസ്റ്റ് 29-ന് വെങ്ങാന്നൂരിലെ പെരുങ്കടവിളയില്‍ ജനിച്ച അയ്യന്‍കാളി അധഃസ്ഥിതരുടെ ദൈവമായിരുന്നു, മേല്‍ജാതിക്കാര്‍ 'പുലയ രാജാവ്' എന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍ തന്റെ വില്ലുവണ്ടിയില്‍ അയിത്താചാരത്തെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുനീങ്ങി. ഹരിജന്‍ ചെരിപ്പിട്ടാല്‍, വെള്ളവസ്ത്രം ധരിച്ചാല്‍ പിടിച്ചുകെട്ടുന്ന ഒരുകാലത്ത് മഹാത്മജിയുടെ ഹരിജനോദ്ധാരണത്തിന്റെ ആവേശത്തില്‍പെട്ട് ദേശീയതയുടെ ഭാഗമായി. വേടര്‍, കുറവര്‍ തുടങ്ങി നൂറ്റാണ്ടുകളായി അവശത അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളെ കോര്‍ത്തിണക്കാന്‍ സദാനന്ദ സ്വാമികള്‍ ചിത്സഭ ഉണ്ടാക്കിയപ്പോള്‍ അയ്യന്‍കാളി അതിനൊപ്പം ചേര്‍ന്നു, സാധുജന പരിപാലന സംഘം രൂപീകരിച്ച തിരുവിതാംകൂറില്‍ നിലനിന്നിരുന്ന അയിത്തത്തിനെതിരെ പോരാടി. നമുക്ക് വെങ്ങാനൂരില്‍ അയ്യന്‍കാളിയുടെ സ്മാരകമന്ദിരത്തിനു മുന്നില്‍ പച്ചയും നീലയും നിറങ്ങളുള്ള കൊടികള്‍ കാണാം. ഒരു ജനതയുടെ വിമോചനത്തിന്റെ ചിഹ്നമാണത്. പക്ഷേ, വെങ്ങാനൂര്‍ ജംഗ്ഷനില്‍ എത്തിയാല്‍ നമുക്ക് ഇപ്പോഴും സംശയമാണ്. പഴയജീവിതത്തിനു വലിയ മാറ്റം വന്നെങ്കിലും മാറാത്തതായി എന്തൊക്കയോ തെരുവുകളിലുണ്ട്. ഈ തെരുവില്‍ ഇപ്പോഴും ഇരുട്ട് കെട്ടിക്കിടക്കുന്നു. ചെറുപ്പത്തില്‍ മരിച്ചുപോയ വെങ്ങാനൂര്‍ സുരേന്ദ്രന്‍ ഈ നാടിനെക്കുറിച്ച് കവിതകള്‍ എഴുതിയിട്ടുണ്ട്. ജി.എന്‍. പണിക്കര്‍ ഒരുപാട് എഴുതിയിട്ടുണ്ട്: ''എന്റെ ജന്മസ്ഥലത്തെപ്പറ്റി ചോദിക്കുന്നവരോട് ഞാന്‍ പറയുന്നത് ഇങ്ങനെയാണ്. വെങ്ങാനൂര്‍, തിരുവനന്തപുരത്ത് എട്ടു നാഴിക തെക്ക്, കോവളത്തിനടുത്ത് അയ്യന്‍കാളിയുടെ ജന്മനാടാണ് വെങ്ങാനൂര്‍... കിടാരക്കുഴി എന്ന എന്റെ ജന്മസ്ഥലത്തിന് തൊട്ടടുത്തായിരുന്നു അയ്യന്‍കാളി ജനിച്ച സ്ഥലം. മുഖ്യമായും നാടാര്‍, ഈഴവര്‍, പുലയ സമുദായക്കാരുമാണ് ഇവിടുള്ളത്. മേല്‍ജാതിക്കാരെ വകവയ്ക്കാതെ സ്വന്തം വില്ലുവണ്ടിയില്‍ (ഒറ്റക്കാളയാണെന്നു തോന്നുന്നു) നല്ല വൃത്തിയായി വസ്ത്രധാരണം ചെയ്ത് പൊതുനിരത്തുകളിലൂടെ സഞ്ചരിച്ചിരുന്ന അയ്യന്‍കാളിയുടെ രൂപം, ആ വില്ലുവണ്ടി വലിച്ചോടുന്ന കാളയുടെ കഴുത്തിലെ മണികള്‍ കിലുങ്ങുന്ന ശബ്ദം - ഇതൊക്കെയാണ് കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മനസ്സില്‍ പുളകമായത്.''

ഇപ്പോള്‍ പുതിയ റോഡുകളും കോണ്‍ക്രീറ്റ് സൗധങ്ങളും ഉയര്‍ന്നിട്ടുണ്ട്. പുലയ മഹാസഭയുടേയും സി.പി.എമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും പതാകകള്‍ ജംഗ്ഷനില്‍ നിറഞ്ഞിട്ടുണ്ട്. പക്ഷേ, ജംഗ്ഷനില്‍ മണ്‍കൂരകള്‍ അതുപോലെയുണ്ട്. മാടന്‍ തറകളും കോവിലുകളും എമ്പാടുമുണ്ട്. പഴയ മരച്ചീനി വിളകള്‍ റബ്ബര്‍തോട്ടങ്ങളായി. നെല്‍വയലുകള്‍ കാടുകയറി ഏതാണ്ട് അപ്രത്യക്ഷമായി. വെങ്ങാനൂരിലെ പഴയ ക്ഷേത്രം ഇരുണ്ടുകിടക്കുന്നു. പൗര്‍ണമിക്കാവിലാണ് ഇപ്പോള്‍ തിരക്ക്. സോഷ്യല്‍മീഡിയ പൗര്‍ണമിക്കാവിനെ ജനശ്രദ്ധയില്‍ എത്തിച്ചു. വി.ഐ.പികള്‍ കൂട്ടത്തോടെ എത്തുന്നു. ആ ക്ഷേത്രത്തിനു മുന്നിലൂടെ ജംഗ്ഷനിലേക്ക് നടക്കുക. മണ്‍കൂരകളുടെ നീണ്ടനിര, എന്താണ് മാറിയത്? ആരാണ് മാറിയത്?

Image of Kovalam beach
കോവളം ബീച്ച് സമകാലിക മലയാളം വാരിക

കോവളം

വെങ്ങാനൂരില്‍നിന്ന് കോവളത്ത് ചെല്ലാം. പ്രിയപ്പെട്ട വായനക്കാര്‍ കോവളമെന്ന അതിമനോഹരമായ സ്നാനതടാകത്തിലേക്ക് വന്നിട്ടുണ്ടാവും. കൂട്ടുകാരോടൊപ്പം സൈക്കിള്‍ ചവിട്ടിയാണ് ആദ്യം ഇവിടെ വരുന്നത്. ഇരുണ്ട തെങ്ങിന്‍തോപ്പിലൂടെയുള്ള യാത്ര. തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍ സൈക്കിള്‍ പൂട്ടിവച്ച് ഞങ്ങള്‍ കടല്‍തീരത്ത് കെട്ടിമറിഞ്ഞു. ആ തീരത്ത് കടലിന്റെ ഇരമ്പത്തെക്കാളും ഞങ്ങള്‍ കുട്ടികള്‍ ശ്രദ്ധിച്ചത് അല്പവസ്ത്രധാരികളായ മദാമ്മമാരേയും സായിപ്പന്മാരേയും ആയിരുന്നു. അന്ന് നാട്ടുകാര്‍ക്ക് യഥേഷ്ടം ചുറ്റിയടിക്കാമായിരുന്നു.

വലിയ ടൂറിസ്റ്റ് കേന്ദ്രമായപ്പോള്‍ വിലക്കുകളായി നാട്ടുകാര്‍ വേലിക്കു പുറത്തായി. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടേയും സ്ഥിതി ഇതാണ്. പരമദരിദ്രര്‍ തിങ്ങിപ്പാര്‍ത്തിരുന്ന കടല്‍തീരത്തുനിന്നും കുന്നിന്‍താഴ്വരകളില്‍നിന്നും അവരെ ആട്ടിപ്പായിച്ച് വന്‍കിട റിസോര്‍ട്ടുകള്‍ ഉണ്ടായി. ലോകമാകെ ഇതാണ് സ്ഥിതി. യൂറോപ്പില്‍ ഇപ്പോള്‍ നാട്ടുകാര്‍ ടൂറിസ്റ്റ് വിരുദ്ധ സമരങ്ങള്‍ തന്നെ ആരംഭിച്ചിരിക്കുന്നു. നാട്ടിലെ ജലവും വായുവും പ്രകൃതിയാകെയും ടൂറിസത്തിലൂടെ മലിനമാകുന്ന അവസ്ഥയ്‌ക്കെതിരെയാണ് സമരങ്ങള്‍. മരച്ചീനിവിളകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ ശാലീനസുന്ദരമായ പഴയ കോവളം ഇന്നില്ല. ആ കോവളത്തെ കാണാന്‍ ജി. വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ' വായിക്കണം. പഴയ തിരോന്തരത്തിന്റെ ഒരു ചിത്രമാണത്. 'കള്ളിച്ചെല്ലമ്മ' എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ പി. ഭാസ്‌കരന്റെ സിനിമ ഓര്‍ക്കും. ഷീലയും പ്രേംനസീറും മനസ്സിലേക്ക് വരും. ജി. വിവേകാനന്ദന്‍ സാറിനെ കേരളകൗമുദിയില്‍ വച്ചാണ് ആദ്യം കാണുന്നത്.

സദാ പ്രസന്നമായ മുഖം. 'കള്ളിച്ചെല്ലമ്മ'യുടെ ആദ്യ പതിപ്പില്‍ കെ. ബാലകൃഷ്ണന്റെ ഒരു അവതാരികയുണ്ട്. ആ അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്: ''തിരുവനന്തപുരം പട്ടണത്തിന് തൊട്ട് തെക്കായി ഭൂപ്രകൃതികൊണ്ടും ശീതോഷ്ണാവസ്ഥകൊണ്ടും മനോഹരമായ ഒരു കൊച്ചു കടലോര ഭൂമിയുണ്ട്. സ്വാഭാവികമായി രൂപപ്പെട്ട ഒരു സമുദ്ര സ്നാനത്തടാകമെന്ന് പ്രശസ്തിയാര്‍ജിച്ച കോവളം. ആ ഭൂമിയുടെ കീര്‍ത്തിധാവള്യം വിശ്വമാകെ പരന്നിട്ടുണ്ടെങ്കിലും ആ പാറക്കൂട്ടങ്ങള്‍ക്കും മരച്ചീനിച്ചെടികള്‍ക്കുമിടയില്‍ വളര്‍ന്നുവന്ന ജീവിതത്തിലേക്ക് അധികമാരും എത്തിനോക്കിയിട്ടില്ല. അവിടെ ജനിച്ചുവളര്‍ന്ന ഒരു യുവാവാണ് ജി. വിവേകാനന്ദന്‍. ആ ഗ്രാമം കുറുകെ ചീന്തിയെടുത്ത് നഖച്ചിത്രങ്ങളും തൂലികാചിത്രങ്ങളുമാക്കി കെട്ടിഉയര്‍ത്തിയ മനോഹരമായ ഒരു സാഹിത്യസൗധമാണ് 'കള്ളിച്ചെല്ലമ്മ' എന്ന ഈ നോവല്‍. ഈ കള്ളിച്ചെല്ലമ്മ ഒരു വ്യക്തിയല്ല, ഒരു പ്രദേശത്തെ അനേകം സാധാരണ സ്ത്രീകളില്‍ ഒരാള്‍. തെക്കന്‍ തിരുവിതാംകൂറിലെ ഒരു കടലോര പ്രദേശത്തെ അനേകായിരം പെണ്ണുങ്ങളുടെ പ്രതീകമാണ് ചെല്ലമ്മ. ഒരു കടലോര ഗ്രാമത്തിലെ പാവം സ്ത്രീകളുടെ കണ്ണീര് കാണാനുള്ള, അവിടെ ജനിച്ചു ജീവിച്ച ഒരു യുവാവിന്റെ കഴിവാണ് ഈ കടലാസുകളിലാകെ നിറഞ്ഞുതുളുമ്പുന്നത്.''

താങ്ങാന്‍ വയ്യാത്ത ജീവിതഭാരങ്ങള്‍ തലയിലേറ്റി പെരുവഴിയിലൂടെ ഉഴുന്നുനടക്കുന്ന പാവങ്ങളുടെ ഗ്രാമങ്ങളാണ് കടല്‍തീരമാകെ. വര്‍ക്കല മുതല്‍ കന്യാകുമാരി വരെ നീളുന്ന ഈ കടലോര ഗ്രാമങ്ങള്‍ നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഇതിനിടയിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായിരിക്കുന്നു. പക്ഷേ, ഇവിടങ്ങളിലെ പാവം മനുഷ്യരുടെ ജീവിതം ഇന്ന് കട്ടപ്പുറത്താണ്. അവരുടെ ഭാഷ, അവരുടെ പെരുമാറ്റങ്ങള്‍, ജീവിതരീതികള്‍ ഒക്കെയാണ് കള്ളിച്ചെല്ലമ്മയില്‍ അനാവൃതമാകുന്നത്. ''നമ്മുടെ നാട്ടിലെ മണ്ണും വെള്ളവും ചന്തയും കോവിലും വിയര്‍പ്പും ചെല്ലമ്മയുടെ ജീവിതത്തിലും എന്റെ ജീവിതത്തിലും ഇഴുകിച്ചേര്‍ന്നിരിക്കുന്നു. തെക്കന്‍ തിരുവിതാംകൂറിലെ പരിഷ്‌കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത ഗ്രാമപ്രദേശത്തുനിന്ന് ആദ്യമായി പട്ടണത്തിലേക്കു ചെന്ന ചെല്ലമ്മയെ മാളികപ്പുറത്തിരുന്ന് കാര്‍ക്കിച്ചുതുപ്പിയവരുണ്ട്. മതില്‍കെട്ടിനുള്ളില്‍ പതുങ്ങിയിരുന്ന് പട്ടിയെ വിട്ട് കടുപ്പിച്ച ധീരന്മാരുണ്ട്. അവളെ കെട്ടിപ്പിടിച്ച് ഉമ്മവച്ച ശുദ്ധഗതിക്കാരുമുണ്ട്'' എന്നാണ് മുഖവുരയിലെ വിവേകാനന്ദന്റെ കുറിപ്പ്. കള്ളിച്ചെല്ലമ്മ തുടങ്ങുന്നത് ഇങ്ങനെയാണ്: ''കല്ലിയൂര്‍ അന്തിച്ചന്തയുടെ കിഴക്കുവശത്തുള്ള ഇടവഴിയുടെ താഴോട്ടിറങ്ങി അമ്പലക്കുളവും കളിത്തട്ടും കഴിഞ്ഞ് പുതുതായി പണികഴിപ്പിച്ച റോമന്‍ കത്തോലിക്കപ്പള്ളിയുടെ വടക്കേതിലെ സെമിത്തേരിയുടെ മുന്നിലൂടെ ഒരു അരനാഴിക തെക്കോട്ട് ചെന്നാല്‍ വെറ്റിലക്കൊടിയും വാഴക്കൂട്ടവും നിറഞ്ഞ ഒരു ഇരുളടഞ്ഞ പറമ്പും പറമ്പിന്റെ ഇടത്തേ അറ്റംപറ്റി ചെളികോരി നികത്തിയ ഒരു തോട്ടുവരമ്പും കാണാം. ആ തോട്ടുപറമ്പിന്റെ മേലെ അറ്റത്താണ് ചെല്ലമ്മയുടെ വീട്. വീടൊന്ന് പറഞ്ഞുകൂടാ, ഉദ്ദേശം ഒരു മുഴം പൊക്കത്തില്‍ മണ്ണ് ഉരുട്ടിവച്ച് ചുവരുണ്ടാക്കി അതിന്മേല്‍ ഓലച്ചെറ്റകൊണ്ട് മറച്ച് രണ്ടു മുറികളായി വേര്‍തിരിച്ചിട്ടുള്ള ഒരു ആറുകാല്‍ പുര. ചെല്ലമ്മയാണ് ആ വീട്ടിലെ അന്തേവാസി. ഉദ്ദേശം ഒരു ആറടി പൊക്കംവരും അവള്‍ക്ക്. ശരീരമാകെ കറുത്തിരുണ്ട് രോമങ്ങളുണ്ട്. മുഖത്തും കുറവല്ല., ഏതാണ്ട് മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയ്ക്ക് പ്രായംവരും. ആരോടും എന്തും വിളിച്ചുപറയുന്ന സ്വഭാവമാണ്. ആ കൊച്ചുകുടിലിനു ചുറ്റും കുറെ മൊന്തന്‍ വാഴകള്‍, ചേന, ചേമ്പ്, വെണ്ട, വഴുതന എന്നിവയൊക്കെ അവള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മരച്ചീനി കമ്പുകള്‍കൊണ്ട് ചുറ്റും ഒരു വേലിയും കെട്ടിയിട്ടുണ്ട്. കഷ്ടിച്ച് ഒരു 25 ചതുരശ്ര അടി വിസ്തീര്‍ണത്തിനകത്താണ് ഈ കോലാഹലങ്ങള്‍ എല്ലാം. മരച്ചീനി കച്ചവടമാണ് ചെല്ലമ്മയുടെ പ്രധാന തൊഴില്‍. കോവളം മരച്ചീനി എന്നുപറഞ്ഞാല്‍ പട്ടണത്തില്‍ ഏറെ പ്രിയമാണ്. തീയില്‍ കാണിച്ചാല്‍ മതി വെണ്ണപോലെ ഉരുകിപ്പോകുമെന്നാണ് ചെല്ലമ്മയുടെ അഭിപ്രായം.

Image of university library
യൂണിവേഴ്സിറ്റി ലൈബ്രററിBP DEEPU-TVM

തോപ്പില്‍ മുഹമ്മദ് മീരാന്‍

ജി. വിവേകാനന്ദനൊപ്പം മറ്റൊരു എഴുത്തുകാരനെക്കൂടി ഓര്‍മിപ്പിക്കട്ടെ, തേങ്ങാപ്പട്ടണം എന്ന കുഗ്രാമത്തില്‍ ജനിച്ച് ചാലയില്‍ കച്ചവടം ചെയ്ത് ജീവിച്ച് മലയാളത്തിലും തമിഴിലും എഴുതി പ്രശസ്തനായ തോപ്പില്‍ മുഹമ്മദ് മീരാന്‍. സന്ധ്യ ഇടവൂര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത മീരാന്റെ 'കുടിയേറ്റം' എന്ന നോവലിന് നമ്മുടെ കഥാകൃത്ത് ബി. മുരളി എഴുതിയ അവതാരിക ഇങ്ങനെയാണ്: ''തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ കുനുകുന ഉള്ള അക്ഷരങ്ങളില്‍ എഴുതിയത് മലയാളത്തിലാണ്. ലിപി മലയാളവും ഭാഷ തമിഴുമാണ്. തമിഴ് വാചകങ്ങള്‍ മലയാള അക്ഷരങ്ങളിലൂടെ ഓടിയപ്പോള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരുന്ന ജീവിതം രണ്ട് സംസ്‌കാരങ്ങളിലൂടെയും അങ്ങോട്ടുമിങ്ങോട്ടും ചാടുകയായിരുന്നു. കടലും കരയും തൊട്ടുകിടക്കുന്നതുപോലെയാണ് മീരാന് തമിഴും മലയാളവും. തിരുവിതാംകൂറിലെ കടലോര ഗ്രാമമായ തേങ്ങാപ്പട്ടണത്ത് ജനിച്ചു. അവിടത്തെ പള്ളിക്കൂടത്തില്‍ പഠിച്ച് തിരുവനന്തപുരത്തെ ചാലച്ചന്തയില്‍ വലുതും ചെറുതുമായ മുളക് വ്യാപാരപുരകളില്‍ അദ്ദേഹം സഹവ്യാപാരിയായി ജീവിച്ചു. സിഗരറ്റ് വലിച്ച് ചാലയിലെ ഏതെങ്കിലും കടയുടെ മുന്നില്‍ കുത്തിയിരിക്കും, ചാലത്തെരുവിലൂടെ എം. 18 എന്ന എല്ലുകൂട് പോലുള്ള മോട്ടോര്‍ സൈക്കിളില്‍ സഞ്ചാരം നടത്തി. മലയാളത്തിന്റേയും തമിഴിന്റേയും ഒന്നായിട്ടുള്ള ഒറ്റവരമ്പിലൂടെയാണ് മുഹമ്മദ് മീരാന്‍ സഞ്ചരിച്ചത്.''

നീല പത്മനാഭനെപ്പോലെ, അ. മാധവനെപ്പോലെ തിരുവനന്തപുരത്തിന്റെ ജീവിതമാണ് തോപ്പില്‍ മീരാനും എഴുതിയത്. 'ഒരു കടലോര ഗ്രാമത്തിന്റെ കഥ' ഉള്‍പ്പെടെ മീരാന്റെ നോവലുകളിലെല്ലാം പാവപ്പെട്ട മുസ്ലിങ്ങളുടെ കണ്ണീരിന്റെ കഥകളാണ്. മീരാന്റെ നോവലുകള്‍ മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത ശൂരനാട് രവി 'തുറമുഖം' എന്ന നോവലിന്റെ മുഖവുരയില്‍ എഴുതുന്നു ''ഉപ്പളങ്ങളുടെ നാടായ കന്യാകുമാരി ജില്ലയിലെ ഉപ്പിരിക്കാം മാളികയിലിരുന്ന് നോവലെഴുതിയ കലാകാരനല്ല മീരാന്‍. ഉപ്പുറഞ്ഞ കടല്‍കരയില്‍നിന്ന് മീന്‍ വാങ്ങി തലച്ചുമടയായി ചുമ്മിക്കുടങ്ങളില്‍ കൊണ്ടുവന്ന് കഷ്ടവും നഷ്ടവും കൈമുതലാക്കിയ ഒരു വെറും കച്ചവടക്കാരന്‍ ജീവിതാവസാനംവരെ കഥയെഴുത്തും കച്ചവടവും ഒന്നിച്ചു കൊണ്ടുപോയി. സഹ്യപര്‍വതത്തിന്റെ തെക്കുഭാഗത്തുനിന്നും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന താമ്രപര്‍ണിയുടെ തീരങ്ങളില്‍ താമരപ്പൂക്കള്‍പോലെ വിടര്‍ന്ന് കാറ്റിലാടിനില്‍ക്കുന്ന കുറേ എഴുത്തുകാരെ ഓര്‍ക്കുന്നില്ലേ. സുന്ദര രാമസ്വാമി, നീല പത്മനാഭന്‍, അ. മാധവന്‍, പൊന്നീലന്‍ അവരിലൊരാളാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍'' ആലപ്പുഴ, കൊല്ലം തീരങ്ങളുടെ തുടര്‍ച്ച തന്നെയാണ് കന്യാകുമാരിവരെ. ജീവിതരീതികളിലും ഭാഷയിലും ചില മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ തനി പട്ടണി ജീവിതങ്ങള്‍. മീരാന്റെ 'തുറമുഖം' നോവലിന്റെ തുടക്കം. ''കടല്‍കരയോട് ചേര്‍ന്ന് തെങ്ങിന്‍തോപ്പുകളില്‍ മുക്കുവര്‍ ചിത്തിരമാസത്തില്‍ കടലില്‍ ഇറക്കേണ്ട മടിവലകള്‍ കേടുപാടുകള്‍ തീര്‍ത്തുകൊണ്ടിരുന്നു.

വെയിലിന്റെ ചൂടൊന്ന് കുറഞ്ഞപ്പോള്‍ അവര്‍ വലക്കെട്ടുകള്‍ തോളത്തെടുത്തു. മണല്‍പരപ്പില്‍ വലകള്‍ നിരത്തിയിട്ട് പിന്നിപ്പോയ കണ്ണികള്‍ ശരിയാക്കി. അകലെ വള്ളങ്ങള്‍ ഉളികൊണ്ട് പണിത് ശരിയാക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. മീരാന്‍പിള്ള പിന്നില്‍ കൈകെട്ടിക്കൊണ്ട് കടല്‍കരയ്ക്ക് വന്നു. അയാള്‍ കടലിനെ നോക്കി, കടല്‍ ശാന്തമായിരുന്നു.'' ഒരു കടലോര ഗ്രാമത്തിന്റെ കഥ, തുറമുഖം, കുടിയേറ്റം, കൂനന്‍തോപ്പ്, പഞ്ചവര്‍ണത്തെരുവ് തുടങ്ങിയ മീരാന്റെ നോവലുകളെല്ലാം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബീമാപള്ളി മുതല്‍ തേങ്ങാപ്പട്ടണവും കന്യാകുമാരിയുടെ ഉപ്പളങ്ങളിലുമൊക്കെയായി പരന്നൊഴുകിയ ജീവിതങ്ങളാണ് മീരാന്‍ പറഞ്ഞതും, അതും തിരുവനന്തപുരമായിരുന്നു. ഈ കടലോരങ്ങള്‍ ഇപ്പോള്‍ പട്ടിണിയുടെ നിഴലിലാണ്. കൃഷിയും വ്യവസായവും ഇല്ലാതായതുപോലെ മത്സ്യബന്ധനവും തകര്‍ന്നു. തകര്‍ന്ന കൃഷിയുടെ കഥയാണ് കേരളം. വെങ്ങാനൂരിനടുത്തെ വെള്ളായണി ഒരിക്കല്‍ ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നു. ഇന്നിപ്പോള്‍ ആ കായല്‍തീരമാകെ നശിച്ചിരിക്കുന്നു. കാര്‍ഷിക കോളേജിനു വെള്ളായണിയെപ്പോലും സംരക്ഷിക്കാനായില്ല. നമ്മുടെ കൃഷിയുടേയും കൃഷിപഠനത്തിന്റേയും തകര്‍ച്ചയുടെ മറ്റൊരു മുഖമാണ് വെള്ളായണി.

Flat, land tax, new land tax rules,
തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റ് സമുച്ചയം ഫോട്ടോ: ബി പി ദീപു ന്യൂ ഇന്ത്യൻ എക്സ് പ്രസ്Photo: BP Deepu, The New Indian Express

നെയ്യാറ്റിന്‍കര

കടല്‍തീരത്തുനിന്ന് നെയ്യാറിന്റെ തീരത്തേക്ക് വരിക. നെയ്യാര്‍ എന്ന പേര് എങ്ങനെയുണ്ടായി. നെയ്തലിന് നെയ്യാമ്പാല്‍, ഉപ്പുരസമാര്‍ന്ന നിലം എന്നൊക്കെ അര്‍ത്ഥം പറയുന്നു. അഗസ്ത്യകുടത്തില്‍നിന്നാണ് നെയ്യാര്‍ ഉത്ഭവിക്കുന്നത്. പൂവാറിനു സമീപമുള്ള പൊഴിയൂരില്‍വച്ച് നെയ്യാര്‍ അറബിക്കടലില്‍ ലയിക്കുന്നു. നെയ്യാറ്റിന്‍കരയുടെ കിഴക്ക് സഹ്യപര്‍വതങ്ങളും തെക്ക് തമിഴ്നാടായി മാറിയ കന്യാകുമാരിയും പടിഞ്ഞാറ് അറബിക്കടലും. വേണാട് രാജാക്കന്മാരുടെ തലസ്ഥാനം പത്മനാഭപുരമായിരുന്നപ്പോള്‍ ഭരണാധികാരികളുടെ ഇടത്താവളമായിരുന്നു നെയ്യാറ്റിന്‍കര. ഞങ്ങളുടെ കുട്ടിക്കാലത്തെ സ്‌കൂള്‍ എസ്‌കര്‍ഷനുകളിലെ സ്ഥിരം യാത്രാറൂട്ടായിരുന്നു നെയ്യാര്‍ ഡാമും അരുവിക്കരയും നെയ്യാറ്റിന്‍കരയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും അമ്മച്ചിപ്ലാവും. മാര്‍ത്തണ്ഡവര്‍മ രാജാവ് ശത്രുക്കളില്‍നിന്ന് രക്ഷനേടാനായി ഒളിച്ചിരുന്നതാണ് പ്ലാവിലെ പോട്.

ആ പ്ലാവ് നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ഗണപതി പ്രതിഷ്ഠ. മഹാരാജാവിനെ രക്ഷിച്ചതിനു പ്രത്യുപകാരമായാണ് പ്ലാവിന് അമ്മ എന്ന അമ്മച്ചി സ്ഥാനം നല്‍കിയത്. നെയ്യാറ്റിന്‍കര സ്വാതന്ത്ര്യസമരാവേശത്തിന്റെ ഒരേടാണ്. മരിക്കുവോളം സത്യം മാത്രമേ എഴുതൂ എന്ന് വിളിച്ചുപറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാട്. 'ജയ ജയ കോമള കേരള ധരണീ...' എന്ന കേരളഗാനം എഴുതിയ ബോധേശ്വരന്റെ നാട്. ഗാന്ധിയനായ ജി. രാമചന്ദ്രന്റെ നാട്. ബോധേശ്വരന്റെ കേരളഗാനത്തില്‍ വേണ്ടത്ര വിപ്ലവമില്ലെന്ന് ഇപ്പോള്‍ നമ്മള്‍ കണ്ടെത്തിയിരിക്കുന്നു.

നെയ്യാറ്റിന്‍കര മുതലുള്ള തെക്കന്‍ തിരുവിതാംകൂറിന്റെ കഥകള്‍ പറഞ്ഞ ഒരാളെക്കൂടി ഓര്‍മിപ്പിച്ചുകൊണ്ട് ഈ കുറിപ്പിന് അടിവരയിടുകയാണ്. ധനുവച്ചപുരം കോളേജിനടുത്തുള്ള 'ശ്രീ' എന്ന വീട്ടില്‍വച്ച് എസ്.വി. വേണുഗോപന്‍ നായരെ കാണുന്നത് 2010-ലാണ്, മലയാളം വാരികയ്ക്കുവേണ്ടി. തെക്കന്‍ തിരുവിതാംകൂറിലെ നാട്ടിന്‍പുറം ജീവിതങ്ങളുടെ മറ്റൊരു മുഖമാണ് വേണുഗോപന്‍ നായരുടെ കഥകളില്‍ അനാവൃതമാകുന്നത്. 'സാറൊരു കമ്യൂണിസ്റ്റല്ലെ' എന്നൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു. എന്റെ പരദൈവങ്ങളും കഥയും കഴിഞ്ഞേ എനിക്ക് കമ്യൂണിസമുള്ളൂ എന്ന് മറുപടി. നേര്‍ത്തപാടം, പാടത്തിന്റെ കരയില്‍ കൈച്ചൂണ്ടിപ്പാറ അതായത് മൂന്ന് പാറകള്‍, മാടനും യക്ഷിയും ഭൂതവും. ആ ഗ്രാമത്തില്‍ ആ ത്രിമൂര്‍ത്തികള്‍, ഞങ്ങളുടെ പരദേവതകള്‍. ഇങ്ങനെയാണ് എന്റെ പരദൈവങ്ങള്‍ എന്ന കഥ ആരംഭിക്കുന്നത്.

''എന്റെ കുട്ടിക്കാലം തെക്കന്‍ കേരളത്തിന്റെ തെക്കേ അറ്റത്തായിരുന്നു. കുന്നിയോട് ഗ്രാമത്തിലെ പരദൈവങ്ങള്‍ക്കിടയില്‍ ഞാന്‍ വളര്‍ന്നു. വിളവന്‍കോട് താലൂക്കും നെയ്യാറ്റിന്‍കര താലൂക്കും ഒന്നായി കിടന്ന കാലം. തമിഴ് സ്വാധീനമുള്ള ഒരു ഭാഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിര്‍ത്തിക്ക് അപ്പുറത്തുള്ള ചന്തകളും സ്‌കൂളുകളും ഞങ്ങള്‍ക്ക് അടുത്തായിരുന്നു. ഞാന്‍ ജനിച്ചുവളര്‍ന്ന കുളത്തൂര്‍ കേരളത്തിന്റെ തെക്കേ അറ്റമായി. വിളവന്‍കോട് താലൂക്ക് തമിഴ്നാടിന്റെ ഭാഗവും. ഇപ്പോള്‍ വിളവന്‍കോട് നെയ്യാറ്റിന്‍കര താലൂക്കുകളെ ഒന്നിപ്പിക്കുന്ന ഏക കണ്ണി കൊല്ലങ്കോട് മുടിപ്പുരയാണ്. കരിമ്പനയായിരുന്നു ഗ്രാമത്തിലെ പ്രധാന വൃക്ഷം. വെളുപ്പാന്‍ കാലത്ത് പനകയറാന്‍ ആളുകള്‍ വരുന്നതുകേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നിരുന്നത്. 'കൊപ്ലാന്‍' എന്ന കഥ എന്റെ ഗ്രാമത്തിന്റെ കഥയാണ്. മാടനും യക്ഷിയും പനയോലയില്‍ കാറ്റുപിടിക്കുന്നതും കരിമ്പനകളിലെ ഭൂതങ്ങളും മന്ത്രവാദി ബാധ ഒഴുപ്പിക്കുന്നതും എന്റെ ഗ്രാമത്തിലെ ചിത്രങ്ങളാണ്. 30 വയലും തലയ്ക്ക് ഒരു കുളവും ചുറ്റും കുറെ വീടുകളും അതായിരുന്നു കുന്നിയോട് ഗ്രാമം. പാടത്തിന്റെ അരികില്‍ 3 പാറകള്‍ ഉണ്ടായിരുന്നു. അതില്‍ രണ്ടെണ്ണം പൊട്ടിച്ചു. പൊട്ടിക്കാന്‍ കഴിയാത്ത പാറയുടെ ചുവട്ടില്‍ ക്ഷേത്രം. ആദിശേഷനും രേഖയില്ലാത്ത ഒരാളും ഭൂമി പുത്രന്റെ വഴിയും എരുമയും പ്രമീളയും മൃതിതാളവും എഫ്. അഷ്ടമൂര്‍ത്തിയും വീടിന്റെ നാനാര്‍ത്ഥങ്ങളും തുടങ്ങി മലയാള സാഹിത്യം എന്നും ഓര്‍ക്കുന്ന ഏതാണ്ട് 150-ഓളം വ്യത്യസ്ത രചനകള്‍ വേണുഗോപന്‍ നായരുടേതായുണ്ട്. അതിലേറേയും പറയുന്നത് തെക്കന്‍ തിരുവിതാംകൂറിലെ പരുക്കന്‍ ജീവിതങ്ങളാണ്. 'ശ്വേതന്‍ മകനോട് ചൊന്നത്' എന്ന കഥയില്‍ അദ്ദേഹം പറയുകയാണ്:

''കഥ പറയാന്‍ നാവുണ്ടാകുമ്പോള്‍ നീ പറയേണ്ടത് നിന്റെ കഥ. നിന്റെ തലമുറയോടും വരും തലമുറകളോടും നീ നേരിട്ടറിഞ്ഞതും അനുഭവിച്ചതും മാത്രം പറയുക. കാപ്പിരി അവന്റെ കഥ പറയട്ടെ. ലാറ്റിനമേരിക്കനും ഫ്രാന്‍സിലെ സായിപ്പും അവരുടെ കഥകള്‍ പറയട്ടെ. നീ അതും കേള്‍ക്കുക. അക്കഥകള്‍ ഒളിച്ചുകടത്താന്‍ പിറന്നവനല്ല നീയെന്നറിയുക. അവരുടെ കഥകള്‍കേട്ട് നീ വിരളേണ്ട. അവരുടെ രാജപാത അവര്‍ക്ക്, നിന്റെ വരമ്പ് നിനക്ക്. അവരൊക്കെ ചത്ത് മുടിഞ്ഞാലും നീ നിന്റെ കഥതന്നെ പറഞ്ഞുകൊണ്ടിരിക്കണം...''

തെക്കന്‍ തിരുവിതാംകൂറിനെ അറിയാന്‍ വേണുഗോപന്‍ നായരുടെ കഥകളും വായിക്കാന്‍ ഞാന്‍ പ്രിയപ്പെട്ട വായനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍നിന്ന് ഏതാണ്ട് ഒരു മണിക്കൂര്‍ യാത്രയില്‍ നമ്മള്‍ കന്യാകുമാരിയില്‍ എത്തും. അതിനിടയിലെ ചരിത്രം ഉറങ്ങുന്ന പല ദേശങ്ങളെ, പഴയ കൊട്ടാരങ്ങളെ, മരുത്വാമലയെ, വഴിയോരത്തെ താമരക്കുളങ്ങളൊക്കെ കടന്നാണ് നമ്മള്‍ കന്യാകുമാരിയില്‍ എത്തുന്നത്. പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം, തിക്കുറിശ്ശിക്കാരനായ സുകുമാരന്‍ നായര്‍, 'വിഗതകുമാര'നിലൂടെ മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിനെ, എത്ര പേരെ ഓര്‍ത്തുകൊണ്ടാണ് നമ്മള്‍ കന്യാകുമാരിയിലേക്ക് പോകുന്നത്. തിരുവട്ടാറില്‍ ജനിച്ചുവളര്‍ന്ന കമുകറ പുരുഷോത്തമന്‍, തേങ്ങാപ്പട്ടണത്തിനടുത്ത് അംശിയില്‍ ജനിച്ചുവളര്‍ന്ന അംശി നാരായണപിള്ള. 'ആത്മവിദ്യാലയമേ', 'മായയീ ലോകം, മായുമീ ലോകം', 'തുമ്പപ്പൂപെയ്യണ പൂനിലാവേ', 'ഈശ്വരചിന്തയിതൊന്നേ', 'ഏകാന്തതയുടെ അപാരതീരം' തുടങ്ങിയ എണ്ണമറ്റ പാട്ടുകളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച കമുകറ. പൊലീസിലെ ക്ലാര്‍ക്ക് ഉദ്യോഗം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യസമര പോരാളിയായി മാറിയ അംശി നാരായണപിള്ളയാണ് ഉപ്പു സത്യാഗ്രഹത്തിനുവേണ്ടി 'വരിക വരിക സഹജരെ, സഹനസമര സമയമായി, കരളുറച്ചു കൈകള്‍ കോര്‍ത്ത് കാല്‍ നടയ്ക്ക് പോയിടാം' എന്ന സമരഗാനം മലയാളത്തിനു നല്‍കിയത്. ഇവരെ ഓര്‍ക്കാതെ, കന്യാകുമാരിയെ ഓര്‍ക്കാതെ എന്ത് തിരുവോന്തരം.

Image of kanyakumari
കന്യാകുമാരി സമകാലിക മലയാളം വാരിക

കന്യാകുമാരി പ്രണയാര്‍ദ്രമായ തീരം

തിരുവോന്തരംകാര്‍ക്ക് ഇന്നും കന്യാകുമാരി അവരുടെ നാടിന്റെ ഭാഗമാണ്. പഴയ തിരുവിതാംകൂറിന്റെ മുനമ്പ് തമിഴ്നാടിന്റെ ഭാഗമായതിനാല്‍ ദുഃഖിക്കുന്നവരാണ് അധികവും. പകുതിയിലേറെ മലയാളികള്‍ ഉള്ള സ്ഥലം, തമിഴ്നാടായത് രാഷ്ട്രീയം. പക്ഷേ, തിരുവനന്തപുരത്തിന്റെ കാല്പനിക സ്വപ്നങ്ങളിലൊക്കെയും ഈ മുനമ്പുണ്ട്. കന്യാകുമാരി ദേവിയും വിവേകാനന്ദപ്പാറയുമുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ കരുതിയത് ഇത് ഭൂമിയുടെ മുനമ്പെന്നായിരുന്നു. മൂന്നു കടലുകള്‍ ആലിംഗനത്തില്‍ അമരുന്ന തുരുത്ത്, സ്വാമി വിവേകാനന്ദന്‍ ഈ കടല്‍ നീന്തിക്കടന്നാണ് പാറയില്‍ കയറി ധ്യാനനിരതനായത്. 'ശ്രീബലിപ്പാറ'യെന്ന് അറിയപ്പെട്ടിരുന്ന പാറ വിവേകാനന്ദ സ്വാമികള്‍ തപസ്സിരുന്നതോടെ വിവേകാനന്ദപ്പാറയായി. പാറപ്പുറത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവത്രേ. കടലാക്രമണത്തില്‍ അത് തകര്‍ന്നപ്പോള്‍ അന്ന് വേണാട് ഭരിച്ചിരുന്ന രാജാവ് കടല്‍തീരത്ത് ഒരു പുതിയ ക്ഷേത്രം പണിതുയര്‍ത്തി, അതാണ് ഇന്നത്തെ കന്യാകുമാരി ക്ഷേത്രം.

ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലും പ്രചുരപ്രചാരത്തിലുള്ളത് ഒരു പ്രണയത്തകര്‍ച്ചയുടെ കഥയാണ്. ശുചീന്ദ്രത്തിലെ ശിവന് ഒരിക്കല്‍ കന്യകയായ ദേവിയില്‍ അനുരാഗം ഉദിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി. ദേവിയുടെ കന്യകാത്വമാണ് തങ്ങളുടെ രക്ഷാകവചം എന്ന് ധരിച്ചിരുന്ന ദേവാദികള്‍ക്ക് അത് ഇഷ്ടമായില്ല. നാരദമഹര്‍ഷിയുടെ സഹായത്തോടെ വിവാഹം മുടക്കാന്‍ തീരുമാനിച്ചു. രാത്രിയില്‍ വിവാഹം നടത്തണമെന്ന തീരുമാനത്തോടെ ശിവന്‍ ആഡംബരപൂര്‍വം കന്യാകുമാരിയില്‍ എത്തി. ഉടനെ ദേവേന്ദ്രന്‍ ഒരു കോഴിയുടെ രൂപത്തില്‍ കൂവിത്തുടങ്ങി. നേരം പുലര്‍ന്നതിനാല്‍ വിവാഹമുഹൂര്‍ത്തം തെറ്റിയെന്ന് കരുതി ശിവനും പരിവാരങ്ങളും മടങ്ങി. കോപാകുലയായ ദേവി ആടയാഭരണങ്ങള്‍ പൊട്ടിച്ചെറിഞ്ഞു. ദേവിയുടെ ആടയാഭരണങ്ങള്‍ പൊട്ടിച്ചിതറി വീണ് മണലിന് പല നിറങ്ങളുണ്ടായത്രേ. പിന്നെ ദേവി നിത്യകന്യകയായി തുടരാന്‍ തീരുമാനിച്ചു. ഈ ഐതിഹ്യത്തില്‍നിന്ന് പൊടിച്ചുയര്‍ന്ന് പല പല കഥകളുണ്ടായി. സിനിമകള്‍ ഉണ്ടായി. വായനക്കാര്‍ എം.ടിയുടെ 'കന്യാകുമാരി' ഓര്‍ക്കുന്നുണ്ടാകും.

പ്രിയപ്പെട്ട വായനക്കാരെ, നിങ്ങള്‍ സന്ധ്യാനേരത്ത് ഈറനിട്ട ഈ തീരത്ത് നിന്നിരിക്കും, ഇതുപോലെ പ്രണയാര്‍ദ്രമായൊരു തീരം എവിടെയുണ്ട്. ഉദയവും അസ്തമനവും ഈ തീരത്തുനിന്ന് വീണ്ടും വീണ്ടും കാണുക. എപ്പോഴാണ് കന്യാകുമാരിയില്‍ അവസാനം പോയത്. വര്‍ഷങ്ങളായിരിക്കുന്നു. കോളേജില്‍നിന്ന് പിരിയുന്നതിനു മുന്‍പ്. അവസാന യാത്ര ഇപ്പോഴും മനസ്സിലുണ്ട്. സന്ധ്യാനേരം ക്ഷേത്രത്തിനു താഴെയുള്ള കല്‍മണ്ഡപത്തില്‍ കുറെപ്പേര്‍ ഇരിക്കുന്നുണ്ട്. അതുകൊണ്ട് അരികിലുള്ള പടിത്തിട്ടയില്‍ ഇരുന്നു. കടല്‍ ശാന്തമായിരുന്നു. ചെറിയ ഇരമ്പല്‍ മാത്രം. പെട്ടെന്ന് ഒരു പാട്ട്. കല്‍മണ്ഡപത്തില്‍നിന്ന് ഒരാള്‍ പാടുകയാണ്, ഉച്ചത്തില്‍. നീണ്ട കുപ്പായവും തലയില്‍ തൊപ്പിയും വച്ച് വിനയചന്ദ്രന്‍ മാഷ് പാടുകയാണ്, 'വീട്ടിലേക്കുള്ള വഴി'.

കന്യാകുമാരി മുതല്‍ ഹിമാലയസാനുക്കളില്‍ വരെ അലഞ്ഞുനടന്ന മലയാളത്തിന്റെ കവി. കല്ലടയാറിന്റെ തീരത്തുനിന്ന് കരമനയാറിന്റെ തീരത്ത് കുടിയേറിയ മാഷ്. തിരുവനന്തപുരം നഗരത്തിലൂടെ മാഷ് പാടി നടന്നിരുന്നു, കേരളമാകെയും. അയ്യപ്പനെപ്പോലെ അരാജകത്വത്തിലേക്ക് വീണുപോകാതെ മാഷ് ശ്രദ്ധിച്ചു നടന്നു. 2013 ഫെബ്രുവരിയിലാണ് മാഷ് മരണമടഞ്ഞത്. അതിനും രണ്ടുമൂന്ന് വര്‍ഷം മുന്‍പ് വരെ എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും ഉണ്ടായിരുന്നു. ഫിലിം ഫെസ്റ്റിവലുകള്‍ കുംഭമേളകളായതോടെ ഞാന്‍ പിന്‍വാങ്ങി. സ്റ്റാച്ച്യൂവിലെ രമേശന്റെ ന്യൂസ് സ്റ്റാന്റില്‍നിന്ന് വായിക്കുന്നതാണ് അവസാനം കണ്ടത്. മുഖം നീരുവന്ന് വീര്‍ത്തിരുന്നു. കറുമ്പനായ എന്നെ നോക്കി കറുമ്പനായ മാഷ് ചിരിച്ചു, ഭംഗിയുള്ള വെളുത്ത ചിരി. കഷ്ടിച്ച് ഒരു മാസം കഴിഞ്ഞ് മാഷ് 'വീട്ടിലേക്ക്' മടങ്ങിപ്പോയി.

പ്രിയപ്പെട്ട വായനക്കാരെ, പള്ളിപ്പുറത്തുനിന്ന് കന്യാകുമാരിയിലേക്ക് ഞാന്‍ ഓടുകയായിരുന്നു. ക്ഷമിക്കുക, തിരോന്തരത്തിന്റെ ഉള്ളിലേക്ക് നോക്കാന്‍ എനിക്കായില്ല. സഹ്യസാനുക്കളില്‍ കയറിയിറങ്ങാനും എനിക്കായില്ല. നിങ്ങള്‍ തിരോന്തരത്തേക്ക് വരിക, സഹ്യസാനുക്കളിലൂടെ, കടലോരങ്ങളിലൂടെ മെല്ലെ നടക്കുക, എന്ത് ചന്തമാണ് ഈനാട്.

Summary

Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com