

Think again, buster. Look around you. There is an eerie sense of panic in the air, a silent fear and uncertainty that comes with once reliable faiths and truths and solid institutions that are no longer safe to believe in.
-Hunter Thomposn
പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഹണ്ടർ തോംപ്സൺന്റെ ആത്മകഥയിലെ (Kingdom of Fear: Loathesome Secrets of a Star Crossed Child in the Final Days of the American Century) വരികളാണ് മുകളിൽ ഉദ്ധരിച്ചത്. 2003-ൽ പ്രസിദ്ധീകരിച്ച പുസ്തകം 9/11-നു ശേഷം അമേരിക്കൻ ജനാധിപത്യത്തിനു സംഭവിച്ച ഭാവപ്പകർച്ചയുടെ മുഖചിത്രമാണ്. രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നത് ഇതിന്റെ ആന്റിക്ലൈമാക്സ്. ഏതാണ്ട് ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനകാല അവസ്ഥ. ഭയവും അരക്ഷിതാവസ്ഥയും അന്തരീക്ഷത്തിൽ ഘനീഭവിച്ചുനിൽക്കുന്നു, സ്ഥാപനങ്ങൾ, ചരിത്രത്തിൽവെച്ച് ഏറ്റവും വലിയ വിശ്വാസത്തകർച്ചയെ നേരിടുന്നു. തങ്ങൾക്കെതിരെയുള്ള എല്ലാ വിമർശനങ്ങളേയും ഭരണകൂടം ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്നു. ഇതല്ലാതെ കാതലായ പ്രശ്നങ്ങളോടൊന്നും അത് പ്രതികരിക്കുന്നില്ല. ചെകിടടപ്പിക്കുന്ന മൗനമാണ് അതിന്റെ പ്രതികരണം.
ഭരണകൂടം നിശ്ശബ്ദമാവുന്നത്, അതിന് ഉത്തരം മുട്ടുമ്പോഴാണ്. ഉത്തരം മുട്ടുമ്പോൾ, അധികാരം ഉത്തരമായി മാറുന്നു. അത് ജനങ്ങളെ കായികമായി നേരിടുന്നു, പൗരാവകാശ നിഷേധത്തിന്റേയും ലംഘനത്തിന്റേയും അടയാളമായി നിൽക്കുന്ന തടവറകൾ പണിയുന്നു. ഒരുകാലത്ത്, ഫ്രെഞ്ച് ജനതയുടെ അവകാശങ്ങളുടെ തടവറയായിനിന്ന ബാസ്റ്റെൽസ് ജയിലാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഇതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് അരങ്ങേറുന്നത്. ഭരണഘടനാദത്തമായ അവകാശങ്ങളെ ഇന്ത്യൻ ഭരണകൂടം ലോക്കപ്പിൽ അടയ്ക്കുന്നു, സമരക്കാരിൽനിന്ന് യാതൊരുവിധ പ്രകോപനവുമില്ലെങ്കിലും പൊലീസ് പ്രകോപിതരാവുന്നു. കാരണം അവരെ സംബന്ധിച്ചിടത്തോളം ഭരണകൂടം ശരിയും അതിനോടുള്ള വിധേയത്വം രാജ്യസ്നേഹവുമാണ്, അതിനെ എതിർക്കുന്നത് തെറ്റും രാജ്യദ്രോഹവും. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ, ഡൽഹിയിൽ അണിനിരന്ന ജനസഞ്ചയത്തിൽ (യുവാക്കൾ എന്നു വായിക്കുക) നിന്ന് രണ്ടു ശബ്ദം നമുക്കു കേൾക്കാനാവും.
ഒന്ന് അമേരിക്കയിലെ മിനിയാപോളിസിലെ തെരുവിൽ പൊലീസ് മർദനമേറ്റ് കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റേത്, രണ്ടാമത്തേത് വർണവെറിയന്മാരുടെ വേടിയേറ്റ് മരിച്ച മാർട്ടിൻ ലൂഥർ കിംഗിന്റേത്. “എനിക്ക് ശ്വാസം മുട്ടുന്നു” എന്ന് ഫ്ലോയ്ഡും “എനിക്കൊരു സ്വപ്നമുണ്ട്” എന്ന് കിംഗും അവസാനമായി പറഞ്ഞു. ഡൽഹിയിലെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന ചെറുപ്പക്കാർ ഒരുവശത്ത് പൊലീസിന്റെ ക്രൂരകൃത്യങ്ങൾ വർണിക്കുന്നു, മറുവശത്ത് അവരുടെ ലക്ഷ്യത്തിൽ അചഞ്ചലരായി നിൽക്കുന്നു. ഫ്ലോയ്ഡിനെപ്പോലെതന്നെ അവരും ശ്വാസംമുട്ട് അനുഭവിക്കുന്നുണ്ട്, എന്നാൽ, കിംഗിനെപ്പോലെ അവർക്കൊരു കിനാവുമുണ്ട്, ജനാധിപത്യഭാരതം. അവർ ഇന്ത്യൻ തെരുവുകളിൽ ജനാധിപത്യ ചൈതന്യത്തിന്റെ സാക്ഷാല്ക്കാരമായി നിൽക്കുന്നു, നീതിയുടേയും രാഷ്ട്രീയത്തിന്റേയും പുതിയ ഭാഷ്യം രചിച്ചുകൊണ്ട്, ചരിത്രം സൃഷ്ടിച്ചുകൊണ്ട് സ്ഥാപനങ്ങളുടെ തകർച്ച ഭരണകൂട ഭീകരതയെക്കാൾ ഗൗരവമേറിയതാണ് സ്ഥാപനങ്ങളുടെ വിശ്വാസത്തകർച്ച. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളി. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നു; സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നും ഗവർണർ പദവി ദുരുപയോഗപ്പെടുത്തിയും പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, അവയെ നോക്കുകുത്തികളാക്കുന്നു. ക്ഷേമപ്രവർത്തനങ്ങളുടെ വലിയഭാരം അവയ്ക്കും വരുമാനത്തിൽ ഗണ്യമായ പങ്ക് കേന്ദ്രത്തിനുമെന്നതാണ് നടപ്പുരീതി. ധനകാര്യകമ്മിഷൻ വഴി വിഭവങ്ങൾ പങ്കുവയ്ക്കുന്നതിലും രാഷ്ട്രീയമാണ് മുന്നിൽ. മറുവശത്ത്, കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം മോദി സർക്കാരിന്റെ വരുതിയിൽ നിൽക്കുന്നു. കോടതികളെ സ്വാധീനിക്കാനുള്ള ശ്രമവും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. കപിൽ സിബിലിനെപ്പോലെ വളരെ സീനിയറായ അഭിഭാഷകൻ തന്നെ സുപ്രീംകോടതിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നു എന്നത് ചിന്തോദ്ദീപകം തന്നെ.
ഇവിടെ ഒരുകാര്യം വ്യക്തമാണ്, ഭരണകൂടസ്ഥാപനങ്ങൾ പലതും രാഷ്ട്രീയവല്ക്കരിക്കപ്പെടുകയും സ്വന്തം ഭരണഘടനാദത്തമായ ചുമതലകളിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര സർക്കാരിന്റെ ഇച്ഛയ്ക്കൊത്ത് പെരുമാറുകയും ചെയ്യുന്നു. ഇത് അവസാനം എത്തിനിൽക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനിലാണ്. അതിന്റെ നിയമനം മുതൽ പ്രവർത്തനങ്ങളിൽ വരെ മുൻപെങ്ങുമില്ലാത്തവിധം രാഷ്ട്രീയത്തിന്റെ കരിനിഴൽ വീണിരിക്കുന്നു. മാത്രവുമല്ല, മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറുടെ പ്രവർത്തനത്തിൽ സുതാര്യതയോ ജനാധിപത്യമോ തൊട്ടുതീണ്ടിയിട്ടുമില്ല. എസ്.ഐ.ആറിന്റെ കാര്യത്തിൽ ഇതാണ് നാം കണ്ടത്. അദ്ദേഹം തന്നിഷ്ടപ്രകാരം ഫോമുകളിൽ മാറ്റം വരുത്തുന്നു, വോട്ടർമാരെ വെട്ടിമാറ്റാൻ നേതൃത്വം നൽകുന്നു. വിയന്നയുടെ മുൻ മേയർ, കാൾ ലൂഗർ (1844-1910), പറഞ്ഞൊരു വാചകം ഓർമയിൽ തങ്ങിനിൽക്കുന്നു: “ജൂതൻ ആരാണെന്ന് ഞാൻ തീരുമാനിക്കും.” ഇതു തന്നെയാണ് വോട്ടർമാരുടെ കാര്യത്തിൽ ഗ്യാനേഷ് കുമാർ ചെയ്യുന്നതും, വോട്ടർ ആരാണെന്ന് അദ്ദേഹം തീരുമാനിക്കുന്നു. ഫലമോ 13 കോടി ജനങ്ങൾ വോട്ടർപട്ടികയിൽനിന്നു പുറത്തായിരിക്കുന്നു. ‘നോ വോട്ടർ ലെഫ്റ്റ് ബിഹൈൻഡ് ക്യാംപെയ്ന്റെ’ (No Voter Left Behind Campaign) കണക്കനുസരിച്ച് 2019-ൽ തന്നെ 12 കോടി ഇന്ത്യക്കാർ വോട്ടർപട്ടികയിൽ ഇടംപിടിച്ചിരുന്നില്ല! ശേഷിക്കുന്നവരിൽനിന്നാണ് 13 കോടി പേരെ ഇപ്പോൾ വെട്ടിമാറ്റിയിരിക്കുന്നത്! മുൻനാളുകളിൽ പരമാവധിയാൾക്കാരെ വോട്ടർപട്ടികയിൽ ചേർക്കാനായിരുന്നു നാം ജാഗ്രത കാണിച്ചിരുന്നത്. 1947-ൽ ഭരണഘടനാനിർമാണസമിതി പ്രായപൂർത്തി വോട്ടവകാശം ഒറ്റയടിക്ക് നടപ്പാക്കിയതു തന്നെ ഇതിനുവേണ്ടിയാണ്. എല്ലാ ഇന്ത്യക്കാരേയും സമന്മാരായി കരുതി അവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി ‘വീ ദ പീപ്പിൾ ഓഫ് ഇന്ത്യ’യുടെ ഭാഗമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനെയാണ് കമ്മിഷൻ അട്ടിമറിച്ചിരിക്കുന്നത്. അത് ‘വി ദ പീപ്പിളിനെ’ രണ്ടായി കീറിമുറിച്ച് ഒരു കൂട്ടരെ ‘ദേ ദ പീപ്പിൾ’ ആക്കി, അവരുടെ പൗരത്വത്തെ തന്നെ സംശയനിഴലിലാക്കിയിരിക്കുന്നു.
ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്ര മോദി വരെ ഇന്ത്യൻ രാഷ്ട്രീയം വെറും തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി ചുരുങ്ങിയിട്ട് ഏറെനാളായെന്ന കാര്യം ഇത്തരുണത്തിൽ ഓർക്കുന്നത് നന്നായിരിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളപോലെ അഞ്ചു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന രാഷ്ട്രീയമേള. ജനങ്ങളുടെ വോട്ടും നാട്ടുപ്രമാണിമാരുടെ നോട്ടും നോട്ടമിട്ട് രാഷ്ട്രീയ പാർട്ടികൾ, ഉത്സവങ്ങളിൽ ആരാധനാമൂർത്തികളെ എഴുന്നള്ളിക്കുന്നതുപോലെ, തെരഞ്ഞെടുപ്പുകളിൽ അവരവരുടെ രാഷ്ട്രീയമൂർത്തികളെ എഴുന്നള്ളിച്ചു കൊണ്ടുവരുന്നു. വ്യക്തികളുടെ ഒരുതരം മോണോ ആക്ട്. സ്ക്രിപ്റ്റും പഞ്ച് ഡയലോഗുമൊക്കെ പരസ്യകമ്പനികളുടെ വക, തെരഞ്ഞെടുപ്പ് നാടകത്തിന്റെ മുൻസ്റ്റേജും പിൻസ്റ്റേജും. പഴയതുപോലെ ഇപ്പോൾ അതൊരു വിദ്യാഭ്യാസ പ്രക്രിയയോ പ്രത്യയശാസ്ത്രങ്ങളും നയസമീപനങ്ങളും തമ്മിലുള്ള സംവാദത്തിന്റെ വേദിയോ ആയി രൂപപ്പെടാറില്ല. ഈ വിധം ജനാധിപത്യം വെറും തിരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് വെറും വോട്ടും നോട്ടും നേടി ഭരണാധികാരം കയ്യടക്കാനുള്ള കേവല പ്രക്രിയയുമായി ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വോട്ടർപട്ടികയിലെ വെട്ടിനിരത്തൽ നടക്കുന്നത്
ഇതെല്ലാം സംഭവിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരുടെ മൗനാനുവാദത്തോടെയാണെന്നതിന്റെ തെളിവാണ് അവർ ഇതിനെ ന്യായീകരിക്കുന്നതും ഇതിനെതിരെ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികൾ എന്നു ചാപ്പകുത്തി കായബലംകൊണ്ട് നേരിടാൻ ശ്രമിക്കുന്നതും. ഇതേകാര്യം തന്നെയാണ് റഷ്യയിലും അമേരിക്കയിലും സംഭവിക്കുന്നത് എന്നത് കേവലം യാദൃച്ഛികമല്ല. ഉദാഹരണമായി, പുട്ടിന് പ്രതിപക്ഷം മാലിന്യമാണ്, ട്രംപിന് അവർ തിന്മയും. സമാനതകൾ ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. പുട്ടിന്റെ ലക്ഷ്യം ‘മുട്ടുകാലിൽ ഇഴയുന്ന’ റഷ്യയുടെ ഉയിർത്തെഴുന്നേല്പാണ്, ട്രംപിന് അത് അമേരിക്കയെ ‘പഴയ മഹത്വത്തിലേക്ക്’ തിരികെ കൊണ്ടുപോവുക എന്നതും. ‘മേരാ ഭാരത് മഹാൻ’ എന്നതാണ് മോദിയുടെ മുദ്രാവാക്യം. ഇതിന് മുദ്രാവാക്യങ്ങളുടെ പ്രസക്തിയേ ഉള്ളു എന്നു മാത്രമല്ല, കാര്യങ്ങൾ നീങ്ങുന്നത് നേരെ വിപരീത ദിശയിലേക്കാണ് താനും. ജനാധിപത്യഭാവനയോ അരികുവല്ക്കരിക്കപ്പെട്ടവരോട്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളോട്, താല്പര്യമോ ഇവർക്കാർക്കും ഇല്ല തന്നെ. ലിബറൽ ജനാധിപത്യം ആഗോളതലത്തിൽ നേരിടുന്ന അസ്തിത്വപ്രതിസന്ധിയുടെ ആഴം ഇതു വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വി-ഡെം (University of Gothenburg Varieties of Democracy, V-Dem) റിപ്പോർട്ടനുസരിച്ച്, ഫലത്തിൽ, ലോകത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറും 29 ജനാധിപത്യരാജ്യങ്ങൾ മാത്രമാണ്. ഇതിൽ ഇന്ത്യയോ റഷ്യയോ അമേരിക്കയോ ഉൾപ്പെടുന്നുമില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 45 രാഷ്ട്രങ്ങളാണ് സമഗ്രാധിപത്യമെന്നു വിശേഷിപ്പിക്കാവുന്ന ഭരണരീതിയിലേക്ക് തെന്നിമാറിയത്! ലോകത്തെ 70 ശതമാനം ജനങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കു കീഴിൽ ജീവിക്കുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ തന്നെ ജനാധിപത്യസൂചിക, അടിയന്തരാവസ്ഥ കാലത്തെക്കാൾ കുറവാണ് ഇപ്പോൾ. 1975-ൽ 0.39 ആയിരുന്നത് 2025-ൽ 0.38-ൽ എത്തിയിരിക്കുന്നു.
നാം വളരെ വേഗം ഒരു ജനാധിപത്യ റിപ്പബ്ലിക് അല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത് നൽകുന്ന സൂചന. കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന പാർട്ടിക്കും ഭരണനേതൃത്വത്തിനും സംസാരിക്കാൻ നാവുണ്ട്, പക്ഷേ, കേൾക്കാൻ ചെവിയില്ല; തങ്ങളെപ്പോലെതന്നെ പ്രതിപക്ഷവും മറ്റൊരു ചോയ്സ് ആണന്നോ അവരേയും ജനങ്ങൾ തെരഞ്ഞെടുത്തതാണെന്നോ അവർ കരുതുന്നില്ല; രാഷ്ട്രീയം സമൂഹത്തിന്റെ സംഘശക്തിയെ പൊതുനന്മയ്ക്കായി ഉപയോഗിക്കാനുള്ള സംവിധാനമാണന്നോ, എതിർപ്പും വിമർശനവും പൗരത്വത്തിന്റെ ഏറ്റവും മഹത്വപൂർണവുമായ പ്രവൃത്തിയാണെന്നോ അവർ വിശ്വസിക്കുന്നില്ല. അവരെ നയിക്കുന്നത് ആത്മനിയന്ത്രണമല്ല, മറ്റുളവരെ നിയന്ത്രിക്കാനുള്ള വ്യഗ്രതയാണ്; ആശയങ്ങളുടെ രാഷ്ട്രീയമല്ല, രാഷ്ട്രീയത്തെ മാനേജ്മെന്റായി കാണുന്ന കലയാണ് അവരുടേത്. ജനാധിപത്യത്തിൽ അധികാരം ഒരു കൂട്ടരിൽനിന്നു മറ്റൊരു കൂട്ടരിലേക്ക് പകർന്നുനൽകാനാവുമെങ്കിലും ജനാധിപത്യബോധവും ധാർമികചിന്തയും ഈ വിധം കൈമാറ്റം ചെയ്യാനാവില്ലെന്ന് അവർ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ എട്ടു പതിറ്റാണ്ടിനുള്ളിൽ, നാം പല യുദ്ധങ്ങളും ജയിച്ചു, രാജ്യത്തിന്റെ ജി.ഡി.പി വളർന്നു, അടഞ്ഞ സമ്പദ്ഘടനയെ വിദേശമൂലധനത്തിനായി തുറന്നുകൊടുത്തു, അനേകം ആണവ പരീക്ഷണങ്ങൾ വിജയകരമായി നടത്തി, അധികാര കൈമാറ്റം പലവുരു നടത്തി, സമാധാനപരമായിത്തന്നെ. എന്നാൽ, ജവഹർലാൽ നെഹ്റു ചിന്തയിലൂടേയും പ്രവൃത്തിയിലൂടേയും ചിന്തേരിട്ട് മിനുസപ്പെടുത്തിയ ജനാധിപത്യവും ബഹുസ്വര സംസ്കാരവും നാം മാർഗമദ്ധ്യേ ഉപക്ഷിച്ചു. നെഹ്റുവിൽനിന്ന് മോദിയിൽ എത്തിനിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യപ്പെടുത്തുന്നത് ഇതാണ്.
നഷ്ടപ്പെടുന്ന റിപ്പബ്ലിക്കൻ മൂല്യങ്ങളും ജന്തർ മന്തറിലെ തിരുത്തലുകളും
റിപ്പബ്ലിക് എന്നാൽ, ഭരണകൂടത്തിന്റെ പരമാധികാരത്തെയല്ല, പിന്നെയോ ജനങ്ങളുടെ പരമാധികാരത്തെയാണ് അർത്ഥമാക്കുന്നത്. അത്, പൊതുനന്മയെക്കുറിച്ച് സംവാദത്തിൽ ഏർപ്പെടാനുള്ള സമൂഹത്തിന്റെ രാഷ്ട്രീയ തുറസ്സാണ് (Open political space). ചിന്തയുടേയും ആശയവിനിമയത്തിന്റേയും ആഴക്കടലിലാണ് അത് നങ്കൂരമിട്ടു നിൽക്കുന്നത് എന്നർത്ഥം. സത്യം ആരുടേയും കുത്തകയല്ലെന്നും അത് സംവാദങ്ങളിലൂടെ നിരന്തരം പരിശോധിക്കപ്പെടേണ്ടതാണെന്നുമുള്ള സോക്രട്ടിക് നിലപാടിന്റെ രാഷ്ട്രീയാവിഷ്കാരം. അതുകൊണ്ടാണ് ഗാന്ധിയൻ സ്വരാജ് ഒരു റിപ്പബ്ലിക്കൻ ആശയമാകുന്നതും, റിപ്പബ്ലിക്കുകൾ പൗരത്വത്തിനു വലിയ പ്രാധാന്യം കല്പിക്കുന്നതും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതും. ഇതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്ത്വവും ലക്ഷ്യവും. ജനാധിപത്യത്തെക്കുറിച്ച് വലിയ പാരമ്പര്യമോ മുൻധാരണയോ ഇല്ലാത്തൊരു സമൂഹത്തിൽ ജനാധിപത്യസംവിധാനത്തെ ഉറപ്പിച്ചുനിർത്താനും ദീർഘനാൾ കൊളോണിയൽ പ്രജകളായി കഴിഞ്ഞിരുന്ന ജനതയെ ചിന്തിക്കുകയും പരസ്പരധാരണയോടും ആത്മാഭിമാനത്തോടും ജീവിക്കുന്ന പൗരസമൂഹമായി വാർത്തെടുക്കാനും കഴിയുമെന്ന പ്രതീക്ഷയാണ് അത് ആദ്യന്തം വെച്ചുപുലർത്തുന്നത്. പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരിയും രാഷ്ട്രീയ നിരീക്ഷകയുമായ നയൻതാര സെഹ്ഗാൾ ഏറെ ഗൃഹാതുരത്വത്തോടെ പറഞ്ഞൊരു കാര്യം ഓർമവരുന്നു: “ഒരാശയവും അഭിലാഷവുമായിരുന്ന ഒരു ഇന്ത്യ ഒരുനാൾ ഉണ്ടായിരുന്നു. ബഹുസ്വരതയിൽ ഊന്നിനിന്നുകൊണ്ട് രാഷ്ട്രനിർമാണം നടത്താനാകുമെന്ന് ഉറച്ചു വിശ്വസിച്ച ഇന്ത്യ. ഇതിനായി ജനാധിപത്യത്തിന്റെ തുറസ്സിൽ നങ്കൂരമിട്ടു നിൽക്കണമെന്ന് വിശ്വസിച്ച ഇന്ത്യ (Nayantara Sahgal, ‘We All Belong to the Country of Imagination’).”
ഈ പ്രതീക്ഷയും റിപ്പബ്ലിക്കൻ ആശയവും ഭരണഘടനാമൂല്യങ്ങളുമാണ് നമുക്ക് ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. മറുവശത്ത്, ഒരു ധാർമിക സമൂഹം(moral society) എന്ന നിലയിലും നാം വലിയ പ്രതിസന്ധി നേരിടുന്നു. അത്തരമൊരു സമൂഹത്തിന്റെ ലിറ്റ്മസ് ടെസ്റ്റ്, സൈനികബലമോ ജി.ഡി.പിയുടെ വളർച്ചയോ (മാത്രം) അല്ല, മറിച്ച് എന്തുതരം ജീവിതസാഹചര്യവും ലോകവുമാണ് അത് അതിന്റെ യുവതയ്ക്കായി കരുതിവെയ്ക്കുന്നത് എന്നതാണ്. ഇക്കാര്യത്തിൽ നമ്മുടെ യുവാക്കൾ ആശങ്കാകുലരാണ് എന്നതാണ് വാസ്തവം. പരിസ്ഥിതി മുതൽ ആരോഗ്യരംഗംവരെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇവയെക്കാൾ അവരെ അലട്ടുന്നത് തൊഴിൽ-വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങളാണ്. തൊഴിലില്ലാത്തവരാണ് മഹാഭൂരിപക്ഷവും. തൊഴിലുള്ള ന്യൂനപക്ഷത്തിനാകട്ടെ, മതിയായ വേതനമോ തൊഴിൽ സുരക്ഷയോ ലഭിക്കുന്നില്ല. ഇക്കൂട്ടരിൽ ഉന്നത പ്രൊഫഷണൽ ബിരുദമുള്ളവരും ഉണ്ടെന്നത് ഒരു സമൂഹമെന്ന നിലയ്ക്ക് നാം നേരിടുന്ന പ്രശ്നത്തിന്റെ ആഴം വെളിപ്പെടുത്തുന്നു.
ഒരു കാര്യം മാത്രം മതി ഇത് മനസ്സിലാക്കാൻ. തൊണ്ണൂറുകൾക്കു മുൻപ് സ്ഥിരം തൊഴിലിന്റെ 69 ശതമാനം പൊതുമേഖലയിൽ ആയിരുന്നത് 2020-ഓടെ 32 ശതമാനമായി ചുരുങ്ങി. സർക്കാർ സർവീസിലും സ്ഥിരം തൊഴിൽ ഗണ്യമായി കുറയുകയും കരാർ നിയമനം 40 ശതമാനമായി കുതിച്ചുയരുകയും ചെയ്തു. എന്തു വിദ്യാഭ്യാസം ചെയ്യണം, എന്തു വിദ്യാഭ്യാസം ചെയ്താൽ എന്തു തൊഴിൽ ലഭിക്കും എന്ന കാര്യത്തിലൊക്കെ സാധാരണക്കാരായ ചെറുപ്പക്കാർ ആശയക്കുഴപ്പത്തിലാണ്. ഇന്ത്യൻ ജനസംഖ്യയുടെ 60 ശതമാനം 26 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരാണെന്ന വസ്തുതകൂടി ഇതിനോട് ചേർത്തുവായിക്കുക. ഇന്ത്യയിൽ എല്ലാം കെങ്കേമമാണെങ്കിൽ എന്തുകൊണ്ട് നമ്മുടെ ചെറുപ്പക്കാർ ജീവിതായോജനത്തിനു ബുദ്ധിമുട്ടുന്നു? എന്തുകൊണ്ട് അവർ രാജ്യം വിട്ട് പുറത്തുപോകാൻ ആഗ്രഹിക്കുന്നു? 2011-2023 കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്ക് നമ്മെ അന്ധാളിപ്പിക്കുന്നതാണ്- 18,78,621! ഇത് കേന്ദ്ര സർക്കാർ തന്നെ പാർലമെന്റിൽ വെളിപ്പെടുത്തിയ കാര്യമാണ്. എന്തുകൊണ്ടാണ് നമ്മുടെ പൗരർ സ്വന്തം രാജ്യം ഉപേക്ഷിച്ച് അന്യദേശങ്ങളിൽ പൗരത്വം സ്വീകരിക്കാൻ തയ്യാറാകുന്നത്? രാജ്യത്തിന്റെ ജി.ഡി.പി വർഷാവർഷം വർദ്ധിക്കുന്നു, എന്നാൽ, പൗരന്മാർ നാടുവിടുന്നു, ചെറുപ്പക്കാർ തൊഴിൽതേടി അലയുന്നു. ഇതൊരു വലിയ വൈരുദ്ധ്യമാണ്.
ഇതിനെല്ലാം എതിരെയുള്ള പ്രതിഷേധ സമരമാണ് ജന്തർ മന്തറിൽ നടക്കുന്നത്. ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ വേണ്ടി മാത്രമല്ല, ഒരു ധാർമിക സമൂഹമായി ഇന്ത്യയെ നിലനിർത്താൻ കൂടിയുള്ള സമരം. അതിൽ പങ്കെടുക്കുന്ന യുവാക്കൾ പറയാതെ പറയുന്നൊരു കാര്യമുണ്ട്, ഓരോ പൗരനും അയാളുടെ വോട്ടിനെക്കാൾ മൂല്യമുണ്ടെന്നും രാഷ്ട്രീയക്കാരുടെ ആകെത്തുകയല്ല പൗരസമൂഹമെന്നും. ഇത് എത്രത്തോളം നമ്മുടെ രാഷ്ട്രീയക്കാർക്ക്, വിശേഷിച്ച് നമ്മെ ഭരിക്കുന്നവർക്ക് മനസ്സിലാകുമെന്നറിയില്ല. എന്നാൽ, അവർ ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും, മനുഷ്യൻ ആരാധിക്കുന്ന ദൈവങ്ങളെ സൃഷ്ടിച്ചത് മനുഷ്യനാണെന്നു പറയും പോലെയാണ് രാഷ്ട്രീയക്കാരുടെ കാര്യവും. അവർ സ്വയംഭൂജാതരാവുകയല്ല, അവരെ ജനങ്ങൾ സൃഷ്ടിക്കുകയാണ്. സൃഷ്ടിച്ചവർക്ക് അവരെ ശിക്ഷിക്കാനും അവകാശമുണ്ട്. ഇത് സംഭവിക്കാതിരക്കണമെങ്കിൽ, അവർ, തെരഞ്ഞെടുപ്പിനും അധികാരത്തിനുമപ്പുറം, ജനാധിപത്യത്തിനു ധാർമികമായ ചില അർത്ഥതലങ്ങൾ ഉണ്ടെന്നും അത് ഒരു ജീവിതരീതിയും യുവതലമുറയുടെ പ്രതീക്ഷയും പ്രത്യാശയുമാണെന്നും തിരിച്ചറിയണം. ഇതിന് അവർ തങ്ങളുടെ ജനാധിപത്യഭാവനയെ സ്വയം നവീകരിക്കേണ്ടി ഇരിക്കുന്നു. അല്ലാത്തപക്ഷം, ജനങ്ങളുടെ മുന്നിൽ അവശേഷിക്കുന്ന ഏക പോംവഴി ജോൺ സ്റ്റെയ്ൻബെക്ക് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളിൽ’ പറഞ്ഞതാണ്, ‘Well, you can vote them out just as quick as you vote them in.’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates