എഴുത്തിന്റെ ‘ശ്രീ’ നിവേഴ്‌സ്
നമുക്കൊരു ശ്രീനിവാസൻ ഉണ്ടായിരുന്നു. എനിക്കും നിനക്കും, എന്നെയും നിന്നെയും അറിയുന്നതിനേക്കാൾ കൂടുതലായി നമ്മെ അറിഞ്ഞിരുന്ന ഒരു ശ്രീനിവാസൻ!
സിനിമാ സംവിധായകന്റെ കലയാണെന്ന കർതൃസിദ്ധാന്തത്തിനു (ഓഥേഴ്‌സ് തിയറി) പതിറ്റാണ്ടുകളോളം പഴക്കവും അതിലേറെ സ്വീകാര്യതയുമുണ്ട്. മലയാള സിനിമയുടെ ഇന്നോളമുള്ള ചരിത്രം പരിശോധിച്ചാൽ സംവിധായകനെക്കാളേറെ എഴുത്തുകാരന് പ്രാധാന്യം ലഭിച്ചത്, ആ സിനിമകൾ അയാളുടെ ബ്രാൻഡ് നെയിമിനു പുറകിൽ അറിയപ്പെട്ടിട്ടുള്ളത് രണ്ടു പേരുടെ മാത്രം കാര്യത്തിലാണ്.
അതിൽ ഒന്നാമൻ, മലയാള സാഹിത്യരംഗത്തെ കുലപതി സാക്ഷാൽ എം.ടി. വാസുദേവൻ നായരാണ്. പിന്നെയുള്ളത് ശ്രീനിവാസനും!
കഥകളിലൂടേയും നോവലുകളിലൂടേയും തന്റേതായ ഒരു തട്ടകം സൃഷ്ടിച്ചതിനു ശേഷമാണ് എം.ടി, മുറപ്പെണ്ണിന് (1965) തിരക്കഥ ഒരുക്കുന്നത്. നാലുകെട്ടും അസുരവിത്തും മഞ്ഞുമൊക്കെ അപ്പോഴേയ്ക്കും എം.ടിയെ മലയാളികൾക്കിടയിൽ അടയാളപ്പെടുത്തി കഴിഞ്ഞിരുന്നു..
എന്നാൽ, ഇപ്പുറത്ത് ശ്രീനിവാസനെ നോക്കുക:
അയാളുടെ തന്നെ വാക്കുകൾ കടമെടുത്താൽ “വയറ്റിപ്പിഴപ്പിനുവേണ്ടി, സിനിമയിൽ നിലനിൽക്കാൻ വേണ്ടി പേനയെടുത്ത”യാളാണ് അയാൾ! തന്റെ സിനിമയ്ക്കുവേണ്ടിയല്ലാതെ കാര്യമായ സാഹിത്യരചന അയാൾ നടത്തിയിട്ടുമില്ല
1980-കളുടെ രണ്ടാം പകുതിയിലാണ് ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിനെ മലയാള സിനിമയ്ക്ക് ലഭിച്ചത്. ഏറെക്കുറെ അതെ കാലത്ത് തന്നെയാണ് എസ്.എൻ. സ്വാമി, ഡെന്നിസ് ജോസഫ്, ലോഹിതദാസ് തുടങ്ങിയ എഴുത്തുകാരുടെ കടന്നുവരവും! ഇതിൽ ഡെന്നിസ് ജോസഫ്, മോഹൻലാലിനും മമ്മൂട്ടിക്കും സ്റ്റാർഡം ചമയ്ക്കാൻ കുപ്പായം തുന്നിയപ്പോൾ, എസ്.എൻ. സ്വാമി ചടുലതയാർന്ന കുറ്റാന്വേഷണ കഥകളുടെ പിന്നാലെയായിരുന്നു. ലോഹിതദാസ് ആകട്ടെ, സാധാരണക്കാരന്റെ കഥകൾ പറഞ്ഞെങ്കിലും അതിൽ വിഷാദം തണൽ വിരിച്ചുകിടന്നു. അവിടേക്കാണ് നർമത്തിൽ പൊതിഞ്ഞ ബ്രഹ്മാസ്ത്രങ്ങളുമായി ശ്രീനിവാസന്റെ വരവ്!
ശ്രീനിവാസന്റെ നർമം ഒരിക്കലും പൊട്ടിച്ചിരിപ്പിക്കുന്നത് ആയിരുന്നില്ല. എന്തിനു, ആദ്യം കേൾക്കുമ്പോഴോ വായിക്കുമ്പോഴോ അതിലെ നർമം തന്നെയും മറനീക്കി പുറത്തുവരണം എന്നുമില്ല.
പക്ഷേ, ഒരു സെക്കന്റ് നേരം ആലോചിച്ചാൽ അതിലെ ചിരിയും പൊരുളും നമുക്ക് തെളിഞ്ഞു തുടങ്ങും!
തൊട്ടുപിന്നാലെ നമ്മുടെ ചുണ്ടിൽ നിലാവ് പോലൊരു നേർത്ത പുഞ്ചിരി വിടരും!
മലയാളി പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഭൂമികകളിലോ ജനസഞ്ചയങ്ങളിലോ നിന്നായിരുന്നില്ല ശ്രീനിവാസൻ കഥകൾ ചമച്ചിരുന്നത്. ഒരു എഴുത്തുകാരന് വേണ്ടതെന്ന് അയാൾ പലകുറി ആവർത്തിച്ച “ചുറ്റുപാടിനെപ്പറ്റിയുള്ള ആഴത്തിലുള്ള ബോധവും നിരീക്ഷണപാടവവും” മാത്രമായിരുന്നു അയാളുടെ കൈമുതൽ.
1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലാണ് ‘തിരക്കഥ, സംഭാഷണം ശ്രീനിവാസൻ’ എന്ന കാർഡ് ആദ്യമായി മലയാളി കണ്ടുതുടങ്ങുന്നത്. പ്രധാന കഥാപാത്രമായ നെടുമുടിയുടെ മേജർ നായരെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സ്ത്രീ വിഷയത്തിൽ തല്പരനാണ് മേജർ എന്ന് ആ ഓപ്പണിങ് ഷോട്ടിലൂടെ തന്നെ ശ്രീനിവാസൻ പ്രേക്ഷകരുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ‘മേജർ നായർ’ എന്ന പേരിലെ ‘ർ’ മായ്‌ച്ചു കളഞ്ഞാൽ ചിരിക്കാനുള്ള ഒരു വക തടയുമെന്ന ബുദ്ധിയും മറ്റാരുടേയുമാകാൻ വഴിയില്ല!
തൊട്ടടുത്ത കൊല്ലവും ആൺകൂട്ട ലഹളകളുടെ അഞ്ചോളം സിനിമകളാണ് ശ്രീനിവാസൻ രചിച്ചത്. ഇഷ്ടപ്പെട്ട പെണ്ണിനെ തരപ്പെടുത്താൻ ഏതു വിധേനയും ശ്രമിക്കുന്ന കുറേ ആണുങ്ങൾ ചെന്ന് ചാടുന്ന അക്കിടികൾ എന്ന വൺലൈനിൽ ഇവയെ ഒതുക്കാം എങ്കിലും ഈ അഞ്ചു സിനിമകൾക്കും അഞ്ചു വ്യത്യസ്ത കഥപറച്ചിൽ രീതിയാണ് ശ്രീനിവാസൻ സ്വീകരിച്ചത്.
സത്യൻ അന്തിക്കാടുമായി യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങിയ 1985 മുതലാണ് ശ്രീനിവാസൻ എന്ന എഴുത്തുകാരനും വലിയ പൊളിച്ചെഴുത്തുകൾ ഉണ്ടായത്. പിന്നീടുള്ള പത്തിരുപത് കൊല്ലത്തെ കേരളചരിത്രം അയാളുടെ തിരക്കഥകളിൽ സമർത്ഥമായി, സമൃദ്ധമായി അടയാളപ്പെട്ടു.
ദാരിദ്ര്യവും തൊഴിലില്ലായ്മയും ആൺ സൗഹൃദങ്ങളുടെ മനോഹാരിതയും അതിരൂക്ഷമായ വിമര്‍ശനങ്ങളും എല്ലാം നിറഞ്ഞ എഴുത്തുകളാണ് ശ്രീനിവാസനിൽനിന്നും പിന്നീട് മലയാളിക്ക് ലഭിച്ചത്.
20-ാം നൂറ്റാണ്ടിന്റെ അവസാന ശതകങ്ങളിൽ കേരളത്തിൽ വേരുറച്ചിരുന്ന തൊഴിലില്ലായ്മയേയും അഭ്യസ്തവിദ്യർ നേരിടുന്ന സംഘര്‍ഷങ്ങളേയും എത്ര നന്നായാണ് അയാൾ അക്ഷരങ്ങളാക്കി മാറ്റിയത്!
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലൻ എം.എ, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന 1986-ൽ പുറത്തുവന്ന മൂന്നു ശ്രീനിവാസൻ കഥകളിലേയും നായകന്മാർ മാന്യമായ ശമ്പളം കിട്ടുന്ന ഒരു ജോലിയും അതിലൂടെ കരഗതമാകുന്ന സാമ്പത്തിക സ്വാതന്ത്ര്യവും സ്വപ്നം കാണുന്നവരാണ്. ബോംബെയിലെ ഒറ്റമുറി വീട്ടിൽ പട്ടിണിയും പരിവട്ടവും സഹിക്കാൻ കഴിയാതെ നാട്ടിലെത്തുന്ന അധികാരിയുടെ മകന്, റാം സിങ് എന്ന ഗൂർഖ ആകേണ്ടിവരുന്നതും മൈസൂരിൽനിന്നും പണംകൊടുത്ത് സംഘടിപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് കൊണ്ട് അദ്ധ്യാപകവേഷം തയ്ക്കാൻ ദിവാകരൻ നിര്‍ബന്ധിതൻ ആകുന്നതും സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിയിലൊരു വീടെന്ന സ്വപ്നം പേറി പ്ലാനുകളുമായി ഓഫീസുകൾ കയറിയിറങ്ങാൻ ബാലഗോപാലൻ നിര്‍ബന്ധിതനാകുന്നതും കണ്ണിൽചോരയില്ലാത്ത വീട്ടുടമയായി ഗോപാലകൃഷ്ണപ്പണിക്കർക്ക് മാറേണ്ടിവരുന്നതും ദാരിദ്ര്യം ഇവർക്കു മുൻപിൽ പല്ലിളിച്ചുകാട്ടുന്ന യാഥാർത്ഥ്യമായി നിലകൊള്ളുന്നത് കൊണ്ടാണ്!
ഈ ദാരിദ്ര്യത്തിന്റെ ഉപോല്പന്നമായി രൂപപ്പെട്ട മലയാളി പുരുഷന്മാരുടെ ഗൾഫ് കിനാവുകളും ശ്രീനിവാസന്റെ കഥകളിൽ ഇടംപിടിച്ചിട്ടുണ്ട്. ബാങ്ക് വായ്പയെടുത്തു വാങ്ങിയ പശുക്കളെ വിറ്റുകിട്ടിയ പണവുമായി കാലിഫോര്‍ണിയയ്ക്കുള്ള ഉരുവിൽ തെല്ലിടം സ്വന്തമാക്കാൻ ദാസനും വിജയനും പണിപ്പെടുന്നതും (നാടോടിക്കാറ്റ് 1987), ചൈനീസ് ലെതറിന്റെ കരാർ അടക്കമുള്ള കളവുകളിലൂടെ തരപ്പെടുത്തിയ പണവുമായി മുകുന്ദന്റെ ‘പ്രിയ കൂട്ടുകാരൻ’ വിശ്വനാഥ് മുങ്ങാൻ നോക്കുന്നതുമെല്ലാം കടലിനക്കരെ മണലാരണ്യങ്ങളിൽ തങ്ങളെക്കാത്ത് തേനും പാലും ഒഴുകുന്ന ഒരു വാഗ്ദത്തഭൂമി കാത്തിരിപ്പുണ്ട് എന്ന കനവിന്റെ പുറത്താണ്! തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ വരവേൽപ്പ് ആകട്ടെ, അടിമുടി ഗൾഫ് മണം പേറുന്ന ഒരു സിനിമയാണ്!
ആൺസൗഹൃദങ്ങളെ ശ്രീനിവാസനോളം മികച്ചരീതിയിൽ സിനിമയിൽ കൊണ്ടുവന്നിട്ടുള്ളവർ വേറെയുണ്ടോ?
സുഹൃത്തിന്റെ ജോലി ഉറപ്പിക്കാൻ സ്വന്തം നിലനിൽപ്പ് പോലും പണയപ്പെടുത്തി കള്ളനാവുക എന്ന സാഹസത്തിനാണ് ഗാന്ധിനഗറിലെ മാധവൻ ഒരുമ്പെട്ടത്!
ദാക്ഷായണി ബിസ്‌കറ്റ് കമ്പനിയിലെ വെറുമൊരു തൊഴിലാളിയല്ല പ്രേമൻ. സേതു എന്ന മുതലാളിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും “ലോകത്ത് ഇന്നുവരെ ആരും കാണിച്ചിട്ടില്ലാത്ത തറവേലകളിലൂടെ” വരെ സേതുമാധവനെ രക്ഷപ്പെടുത്തുന്ന ആപല്‍ഘട്ടങ്ങളിലെ അയാളുടെ പിടിവള്ളിയുമാണ്.
നാടോടിക്കാറ്റിലെ അതിമനോഹര മുഹൂർത്തങ്ങളിൽ ഒന്നിൽ, തള്ള് വണ്ടിയിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന തന്റെ സുഹൃത്തിനെ കാണാൻ ശ്രീനിവാസന്റെ വിജയൻ എത്തുന്നുണ്ട്. സംസാരത്തിനൊടുവിൽ പിരിയാനൊരുങ്ങുന്ന വിജയന്റെ നേർക്ക് ‘അരക്കിലോ വെങ്കായം’ എടുത്തുകൊടുക്കുന്നതിനിടെ ദാസൻ കുറച്ചു മുഷിഞ്ഞ നോട്ടുകൾ പിടിച്ചേല്പിക്കുന്നുണ്ട്. ആദ്യ കാഴ്ചകളിൽ നമ്മുടെ കണ്ണുകളിൽപോലും അങ്ങനൊരു കാഴ്ച അടയാളപ്പെട്ടിരുന്നോ?
വെള്ളാനകളുടെ നാടിൽ സുലൈമാനോട് അടക്കം സി.പിയുടെ നിയന്ത്രണം നഷ്ടപ്പെടാതെ നോക്കുന്നത് ഗോപിയാണ്!
റോഡ് റോളർ വലിച്ചു പുറത്തേയ്ക്ക് എത്തിക്കാൻ ആനയെ സംഘടിപ്പിക്കുന്നത് അടക്കം!
ഇന്നലെയും ഇന്നും നഷ്ടമായി കാലിടറിനിൽക്കുന്ന കുട്ടിശങ്കരന് താങ്ങാകുന്നത് അയാളുടെ ബാല്യകാലസുഹൃത്ത് അംബുജാക്ഷനാണ്! ആദ്യരാത്രിക്കായി പോകുന്ന ശങ്കർ ദാസിനു വായിച്ചു രസിക്കാൻ തന്റെ ചിറകൊടിഞ്ഞ കിനാവുകൾ സമ്മാനമായി നൽകുന്നുണ്ട് ശ്രീനിയുടെ അംബുജാക്ഷൻ!
വടക്കുനോക്കി യന്ത്രത്തിലാകട്ടെ, ആദ്യരാത്രിക്കു മുന്‍പ് പരവശനാകുന്ന ശ്രീനിവാസന്റെ ദിനേശനു ധൈര്യം നൽകുന്നത് ഇന്നസെന്റിന്റെ തലക്കുളം സർ ആണ്!
സന്ദേശത്തിൽ മക്കളാൽ തോൽപ്പിക്കപ്പെടുന്ന രാഘവേട്ടന് താങ്ങാകുന്നത് ഒടുവിലിന്റെ അച്യുതൻനായരാണ്.
എന്നാൽ, ടോക്‌സിക് ബ്രദർഹൂഡിന്റെ ദൂഷ്യവശങ്ങളും ശ്രീനിവാസൻ എഴുതിവച്ചിട്ടുണ്ട്, വിജയൻ മാഷിലൂടെ!
ഉള്ളുകൊത്തിപ്പറിക്കുന്ന വേദന സമ്മാനിക്കുന്ന മരണത്തെ, വാക്കുകളുടെ മിതത്വംകൊണ്ട് അവതരിപ്പിക്കാൻ ശ്രീനിവാസനുള്ള കഴിവ് അപാരമാണ്!
നാടോടിക്കാറ്റിൽ തന്റെ അമ്മയുടെ മരണവാർത്ത രാധയോട് പറയാൻ ദാസനുവേണ്ടിവന്നത് “ഒരു ചെറിയ വിശേഷം, എന്റെ അമ്മ മരിച്ചുപോയി!” എന്ന ഒരൊറ്റ വാചകമാണ്!
വെള്ളാനകളുടെ നാട്ടിൽ അനിയത്തിയുടെ പെടുമരണം സംബന്ധിച്ച് സി.പിക്ക് വിവരം ലഭിക്കുന്നത് മരണത്തോട് മല്ലിടുന്ന ശിവനിൽ നിന്നാണ്.
‘യാത്രക്കാരുടെ ശ്രദ്ധയ്ക്കി’ൽ ആകട്ടെ, ജയറാമിന്റെ രാമാനുജന്റെ അമ്മയുടെ മരണവാർത്ത ജ്യോതി അറിയുന്നത് “രാമു നാട്ടിൽ നല്ല സുഖായി ഇരിക്കണു. അവന്റെ അമ്മ മരിച്ചു” എന്ന പോളേട്ടന്റെ ഒറ്റവരിയിലൂടെയും!
‘ഞാൻ പ്രകാശ’നിൽ ടീനയെ മരണം തട്ടിയെടുക്കുന്നത് ഫഹദിന്റെ പ്രകാശനോ എന്തിനു പ്രേക്ഷകരായ നമ്മൾ പോലുമോ വിചാരിക്കാത്ത ഒരു മൊമെന്റിലാണ്!
കാറ്റത്ത് ഊർന്നുവീണ ഒരു ഇലത്തുണ്ട് പോലൊരു മരണം!
ഒരുകാലത്ത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ശോചനീയാവസ്ഥയെ പ്രതിനിധാനം ചെയ്യാൻ ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’, ‘ഇംഗ്ലീഷ് മീഡിയം’ എന്നീ രണ്ടു സിനിമകൾ പോരാ എന്നുണ്ടോ?
കണ്ടത്തിലെ പണികഴിഞ്ഞു സ്കൂളിലെത്തുന്ന നെടുമുടിയുടെ ഹെഡ്‌മാഷും ക്ലാസിലിരുന്നു തുന്നുന്ന ടീച്ചർമാരും ഗ്രാന്റുകളും ഡൊണേഷനുകളും തിന്നു മേദസ്സുറ്റുന്ന സ്കൂൾ മാനേജർമാരും ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ ഗംഭീര അടയാളപ്പെടുത്തലാണ് ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എങ്കിൽ, ഡി.പി.ഇ.പി കാരണം മാവിൽ മാങ്ങാ പറിക്കുന്നത് ഡെമോ കാണിക്കേണ്ടി വരുന്ന വത്സൻ മാഷുമാരുടെയാണ് ‘ഇംഗ്ലീഷ് മീഡിയം’ എന്ന സിനിമ!
ശ്രീനിവാസൻ സ്ത്രീ ശാക്തീകരണത്തെ എതിർത്തിരുന്ന, പുരോഗമനം പറയുന്ന പെണ്ണുങ്ങളെ കണക്കിന് കളിയാക്കിയിരുന്ന ഒരു സ്ത്രീ വിരോധി ആയിരുന്നോ?
‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ലെ സുകുമാരി, ‘തലയണമന്ത്ര’ത്തിലെ മീന എന്നിവരെ ചൂണ്ടിക്കാട്ടിയാണ് ചോദ്യം.
എന്നാൽ, ഇതേ സിനിമകളിലെ തന്നെ നായികമാരെ ആലോചിച്ചുനോക്കൂ.
കോളനിയിൽ ഉള്ളവരെല്ലാം അടക്കം പറയുമ്പോഴും സേതുവുമായുള്ള സൗഹൃദം തുടരുന്നവളാണ് നിർമല, സ്വന്തമായ ഒരു സ്‌പേസിലെ പ്രൈവസി അടക്കമുള്ള ‘തലയണമന്ത്ര’ത്തിലെ കാഞ്ചനയുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ ഇന്നങ്ങനെ തെറ്റ് പറയപ്പെടുമെന്നു തോന്നുന്നില്ല. ‘നാടോടിക്കാറ്റി’ലേയും ‘ടി.പി. ബാലഗോപാലനി’ലേയും ‘വെള്ളാനകളുടെ നാട്ടിലേ’യും ശോഭനയുടെ കഥാപാത്രങ്ങൾ ഓർത്തുനോക്കൂ. സ്വന്തമായി അധ്വാനിച്ചു കുടുംബം പോറ്റുന്ന പെണ്ണുങ്ങളാണവ.
‘വരവേൽപ്പി’ലെ രേവതിയുടെ, തന്റെ ജീവിതപരിസരങ്ങൾകൊണ്ടാണ് കഥയിൽ ഉടനീളം ഒരു സാമർത്ഥ്യക്കാരിയായി മാറുന്നത്.
മലയാളി കോ ലിവിങ് എന്നതിനെപ്പറ്റി കേട്ടുതുടങ്ങുന്നത് തന്നെ ചിലപ്പോൾ ‘യാത്രക്കാരുടെ ശ്രദ്ധ’യ്ക്കിലെ ജ്യോതിയിലൂടേയും രാമുവിലൂടേയും ആയിരിക്കും. തെറ്റിദ്ധാരണയുടേയും നിർബന്ധങ്ങളുടേയും പുറത്ത് ഒരാളെ വിവാഹം കഴിക്കേണ്ടിവന്നു എന്നത് തന്റെ ‘ദുർവിധി’യായി കണ്ട് അതിനോട് സമരസപ്പെട്ടുപോവുന്ന ആളല്ല ജ്യോതി. രാമാനുജനെ പങ്കാളിയായി സ്വീകരിക്കാം എന്ന് പൂർണബോധ്യം വന്നതിനുശേഷം മാത്രമാണ് അവൾ അയാളെ ജീവിതത്തിലേയ്ക്ക് വിളിച്ചുകയറ്റുന്നത്. ‘നരേന്ദ്രൻ മകൻ ജയകാന്തനി’ലെ സംയുക്തയുടെ പഞ്ചായത്ത് പ്രസിഡന്റ് വിനോദിനി കൃത്യമായ നിലപാടുകൾ ഉള്ളവളും ശരിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നവളുമാണ്. ഭാർഗവന്റേയും വെള്ളിക്കാലയുടേയും ഭീഷണികളെ പാടെ അവഗണിക്കുന്നവൾ!
ഇഷ്ടപ്പെട്ട പുരുഷന് തണലേകാൻ പരമാവധി ശ്രമിച്ചിട്ടും അതു കഴിയുന്നില്ല എന്ന പൂർണ ബോധ്യം ഉണ്ടായപ്പോൾ ആ ബന്ധത്തിൽനിന്നും വളരെ സ്വതന്ത്രമായി ഇറങ്ങിവന്നവളാണ് ‘ഉദയനാണ് താര’ത്തിലെ മധുമതി. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുന്നതിൽ അഗ്രഗണ്യയാണ് ‘ഞാൻ പ്രകാശ’നിലെ സലോമി.
എസ്.എസ്.എൽ.സി പാസാകുന്നതിനായി ഗുരുവായൂരപ്പന് നേര്‍ച്ചനേർന്ന ഒരു ശ്രീനിവാസനെ അയാൾ, ‘പടച്ചോന്റെ തിരക്കഥക’ളിൽ ഓർത്തെടുക്കുന്നുണ്ട്. നേര്‍ച്ച ഒടുക്കാൻ പണം ഇല്ലാതെ വന്നതോടെ ഒടുക്കം താൻ ഒരു നിരീശ്വരവാദിയായി മാറിയെന്നാണ് ശ്രീനിയുടെ ഭാഷ്യം! ദൈവം ഏതെങ്കിലും സംഘടിത മതങ്ങളുടെ സ്വത്തല്ലെന്നും എല്ലാ മതങ്ങൾക്കും അവരുടേതായ ദൈവമുണ്ടെന്നു വിചാരിക്കുന്നതാണ് ഇന്ന് ലോകത്തുള്ള എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്നും ശ്രീനിവാസനുണ്ടായിരുന്ന ആ ധാരണകൊണ്ടാവണം മതത്തെ കച്ചവട ചരക്കാക്കുന്നവർക്ക് അയാളുടെ പല സിനിമകളിലും നല്ലവണ്ണം പൊള്ളിയത്. ഉത്തരവാദിത്തങ്ങളിൽനിന്നും ഒളിച്ചോടുന്നവർ മതത്തെ കൂട്ടുപിടിക്കുന്നതാണ് ചിന്താവിഷ്ടയായ ശ്യാമളയിൽ നാം കാണുന്നത്. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്കി’ൽ, “ഈശ്വരോ രക്ഷ” പറഞ്ഞു കയറി വരുന്ന നിരീശ്വരവാദി എന്ന പൂർവാശ്രമത്തെ “ശപിക്കപ്പെട്ട ഇരുണ്ടകാല”മെന്നു വിൽക്കുന്ന ഗോപിയേട്ടനും ‘കിളിച്ചുണ്ടൻ മാമ്പഴത്തി’ലെ വെള്ളാട്ട് പോക്കറുടെ മായവേഷം കെട്ടുന്ന ഇരുന്തലക്കാടനും മതത്തെ സ്വന്തം ആവശ്യങ്ങൾക്ക് എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്നറിയാവുന്നവരാണ്! മുസ്‌ലിം മതവിശ്വാസികൾക്കിടയിലെ ബഹുഭാര്യാത്വം, തലാക്ക് തുടങ്ങിയവയെ ശ്രീനിവാസനോളം ഹാസ്യാത്മകമായി വിമർശിച്ച മറ്റൊരാളുണ്ടോ മലയാള സിനിമയിൽ?
കലയിൽ രാഷ്ട്രീയം വേണ്ടതുണ്ടോ, എന്ന ചർച്ചകൾ ചൂട് പിടിച്ചിരുന്ന ഒരുകാലത്ത്, പ്രാദേശിക ദേശീയ പ്രശ്നങ്ങൾക്ക് പുറമെ അന്തർദേശീയ പ്രശ്നങ്ങളിൽ വരെ തന്റെ കഥാപാത്രങ്ങളെക്കൊണ്ട് അഭിപ്രായം പറയിച്ചിട്ടുണ്ട് ശ്രീനിവാസൻ. അതും മലയാളംപോലെ ലോകഭൂപടത്തിലെ ഒരു ചെറിയ കഷ്ണം ഭൂമിയിൽ മാത്രം പ്രചാരത്തിലുള്ള ചെറുഭാഷയിൽ പുറത്തിറങ്ങുന്ന തന്റെ സിനിമകളിൽ!
ജോലി നഷ്ടപ്പെട്ടതിന്റെ ആവലാതി പങ്കുവയ്ക്കുന്ന നേരത്ത്, മറ്റെന്തെങ്കിലും നിനക്ക് പറഞ്ഞുകൂടേ എന്ന ദാസന്റെ ചോദ്യത്തിന് വിജയൻ നൽകുന്ന മറുപടി, “എന്നാൽ നമുക്ക് ശ്രീലങ്ക കരാറിനെപ്പറ്റിയും സൗദി അറേബ്യയിലെ കൂട്ടക്കൊലയെപ്പറ്റിയും സംസാരിക്കാം” എന്നാണ്! ‘യാത്രക്കാരുടെ ശ്രദ്ധയ്ക്കി’ൽ “ലിഫ്റ്റ് എന്ന് ശരിയാകും?” എന്ന രാമുവിന്റെ ചോദ്യത്തിന് ഒടുവിലിന്റെ സെക്യൂരിറ്റി നൽകുന്ന മറുപടി “ഇസ്രയേൽ പലസ്തീൻ യുദ്ധം അവസാനിക്കുമ്പോൾ ലിഫ്റ്റ് വർക്ക് ചെയ്യും” എന്നാണ്! ക്യാപ്പിറ്റലിസവും സോഷ്യലിസവും തമ്മിലുള്ള സ്ട്രഗിൾ എനിക്ക് ആദ്യം പറഞ്ഞുതരുന്നത് ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’വിലെ എം.എ. ധവാൻ ആണ്!നിക്കരാഗ്വോയിലെ ഒട്ടേഗയെ സർക്കാരിനെ പുറത്താക്കി അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചതും വിയറ്റ്‌നാമിലേയും കംബോഡിയയിലേയും ജനങ്ങൾ സമാന ശ്രമങ്ങളെ ധീരമായി ചെറുത്തതും ഹങ്കറിയിലേയും പോളണ്ടിലേയും രാഷ്ട്രീയ സമസ്യകളും ഞാൻ ഉൾപ്പെടുന്ന തലമുറ ആദ്യമായി കേൾക്കുന്നത് ഏതെങ്കിലും ചരിത്രക്ലാസുകളിൽ നിന്നല്ല, സഖാവ് കോട്ടപ്പള്ളിയിൽനിന്നും പ്രകാശനിൽനിന്നുമാണ്! അപാരമായ ചരിത്രബോധവും പരന്ന വായനയും ഉള്ള ഒരാൾക്കു മാത്രമേ ഇത്ര ലളിതമായി ഗ്ലോബൽ പൊളിറ്റിക്സ് തന്റെ സംഭാഷണങ്ങളിൽ തുന്നിച്ചേർക്കാൻ സാധിക്കൂ. ഒന്നാലോചിച്ചു നോക്കൂ, ഈ സംഭാഷണങ്ങൾ ആ സിനിമയിൽ വന്നതോടുകൂടി സിനിമ സംസാരിക്കുന്ന കാലത്തെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾകൂടിയാണ് കലാതിവർത്തികളായി അടയാളപ്പെട്ടത്!
പ്രേംനസീർ-അടൂർഭാസി ദ്വന്ദംപോലൊന്ന് മലയാളി പിന്നീട് കാണുന്നത് മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പം ശ്രീനിവാസൻ ചേർന്നതോടെയാണ്. നായകനെ പുകഴ്ത്താൻ, അയാൾക്ക് ശോഭയേറ്റാൻ കൂടെയുള്ളവനെ അപഹസിക്കുന്ന ആ കീഴ്‌വഴക്കം പക്ഷേ, ശ്രീനിവാസൻ തിരുത്തിയെഴുതി. “പ്രീ ഡിഗ്രി എന്താ ഡിഗ്രിയല്ലേ? എന്ന് വിജയനെക്കൊണ്ട് ചോദിപ്പിച്ചും ശങ്കർ ദാസിലൂടെയും സരോജ് കുമാറിലൂടെയും സൂപ്പർതാര വേഷംകെട്ടലുകളുടെ ചിറകരിഞ്ഞും അയാൾ ധീരമായി സഞ്ചരിച്ചു. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ജീവിതത്തിലെ ചില ഘടകങ്ങൾ ചേർത്തുകൊണ്ടുള്ള ഇത്തരമൊരു കഥാപാത്ര നിർമിതി സാധ്യമായത് ആ പേന ശ്രീനിവാസന്റെ വിരലുകൾക്കിടയിലാണ് എന്നതിനാൽ മാത്രമാണ്.
1980-കളുടെ അവസാനം ന്യൂ ഡൽഹിയിലൂടെ മമ്മൂട്ടിക്കും രാജാവിന്റെ മകനിലൂടെയും 20-ാം നൂറ്റാണ്ടിലൂടേയും മോഹൻലാലിനും സിദ്ധിച്ച സ്റ്റാർഡം അവർക്കും നമുക്കും ഒരു ബാധ്യത ആകാതെ മാറിയത്, ഇരുവരേയും മലയാള മണ്ണിൽ ഉറപ്പിച്ചുനിർത്താൻ ശ്രീനിവാസൻ എന്ന എഴുത്തുകാരൻ ഉണ്ടായിരുന്നു എന്നതിനാലാണ്. വിന്റേജ് മോഹൻലാൽ എന്ന് നാം പെരുമ കൊള്ളുന്ന ഭൂരിഭാഗം കഥാപാത്രങ്ങളേയും കടലാസ്സിൽ മഷി ചീറ്റി പ്രസവിച്ചിട്ടത് ഈ പാട്യംകാരനാണ്. നമ്മുടെ സൂപ്പർതാരങ്ങൾ മലയാള സിനിമയുടെ ഉമ്മറത്ത് ചാരുകസേരയിൽ വിശ്രമിക്കുന്നുണ്ട് എങ്കിൽ, വെള്ളയിൽ നീല ക്രോസ് തുണിവിരിച്ച നീളൻ കൈകളുള്ള ആ കസേരകൾക്ക് ചിന്തേരിട്ട പ്രധാന ആശാരി ശ്രീനിവാസൻ എന്ന ചെറിയ (വലിയ) മനുഷ്യനാണ്!
മരണം കൊണ്ടുപോയവരെപ്പറ്റിയുള്ള ഓർമകളാണ്, അവരുടെ പ്രിയപ്പെട്ടവർ നേരിടുന്ന ഏറ്റവും വലിയ സങ്കടം. മലയാളി ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുര്യോഗവും അത് തന്നെയാണ്! ശ്രീനിവാസൻ എഴുതിവച്ച ഒരു ഡയലോഗ് എങ്കിലും പറയാതെ ഒരു ദിവസം മുഴുമിപ്പിക്കാൻ നമുക്കാവില്ല. നമ്മുടെ സാമാന്യ വ്യവഹാരഭാഷയിൽ അത്രയേറെ സംഭാവനകളാണ്, ശ്രീനിച്ചൊല്ലുകളാണ് അയാൾ തന്നിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ പുരുഷാരത്തിൽ പരസ്പരം തിരിച്ചറിയാൻ ഇനിയും “സാധനം കയ്യിലുണ്ടോ?” എന്ന കോഡ് നാം മുഴക്കും. ഉത്തരം മുട്ടുമ്പോളൊക്കെ നാമറിയാതെ “പോളണ്ടിനെപ്പറ്റി ഒരക്ഷരം നീ മിണ്ടരുത്” എന്ന് പ്രതിരോധിക്കും, പശുവിന്റെ കരച്ചിലുകൾ “ഐശ്വര്യത്തിന്റെ സൈറണുകളായി നമുക്കു തോന്നും കൂറ്റൻ കട്ടൗട്ടുകൾ കാണുമ്പോൾ” “എന്റെ തല എന്റെ ഫുൾ ഫിഗർ” എന്നും പ്രതീക്ഷയറ്റ നിമിഷങ്ങളിൽ “ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്നും നാം പരസ്പരം പറയും. ഹിന്ദി അറിയാത്ത നാടുകളിൽ “ഹം ഗൂർഖ ഹും... ഹേ... ഹൈ” എന്ന് പരതും, കൂളിംഗ് ഗ്ലാസ് വച്ചവരെ കാണുമ്പോൾ “അവരുടെ കണ്ണും പഴുത്ത് ചീഞ്ഞു ഇരിക്കുകയാണോ” എന്ന് സംശയിക്കും. ഭക്തിയിൽ വെള്ളം ചേർക്കുന്നവരെ ശ്രീനിവാസനൊപ്പം ചേർന്ന് ‘സീസണൽ ഭക്തി’ക്കാർ എന്ന് നാം അപഹസിക്കും.
ഒരു കഷണം കടലാസും ഒരു പേനയും ചേർത്ത് വെച്ചാണ് അയാളുടെ മക്കൾ ശ്രീനിവാസനെ അവസാന യാത്രയ്ക്ക് പറഞ്ഞുവിട്ടത്.
ശ്രീനിവാസൻ പോയി മറയുമ്പോൾ നമുക്ക് നഷ്ടമാകുന്നത് മലയാള സിനിമയെ സമ്പന്നമാക്കി നിർത്തിയ അയാളുടെ എഴുത്തുകളാണ്. കഴിഞ്ഞ പത്തുമുപ്പതു കൊല്ലത്തെ മലയാളിയുടെ ജീവിതം തന്നെയായിരുന്നു ഓരോ ശ്രീനിവാസൻ സിനിമയും.
അടിമുടി എഴുത്തായിരുന്നു ആ ജീവിതം.
തീയിലൊരുക്കി തൃത്തകിടാക്കി ചേലൊത്തൊരു പടമെഴുതാൻ ആരുണ്ടെന്റെ തട്ടാരേ...
ഇനി ആരുണ്ടെന്റെ തട്ടാരേ..?
Carol Thresyamma Abraham writes about Sreenivasan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

