ഓർമകളായിരുന്നു ആ ജീവിതത്തിന്റെ ഇന്ധനം. എന്നും ജ്വലിച്ചു നിൽക്കും എന്ന് കരുതിയ ആ ഇന്ധനം മങ്ങിത്തുടങ്ങി... എന്‍.ആര്‍.എസ്. ബാബുവിനെക്കുറിച്ച്

Image of NRS Babu
എന്‍.ആര്‍.എസ് ബാബുSamakalika Malayalam
Updated on

അന്നത്തെ യാത്ര അവസാനിച്ചത്, വെയിൽ മങ്ങിക്കൊണ്ടിരുന്ന കന്യാകുമാരി കടൽത്തീരത്താണ്. ഞങ്ങൾ മണൽപരപ്പിലൂടെ നടന്നു. അപ്പോൾ ബാബു സാർ ചോദിച്ചു: “എന്തിനാണ് നമ്മൾ ഇവിടെ വന്നത്?” ഞാനും ചിരിച്ചുകൊണ്ട് ചോദിച്ചു: “നമ്മൾ എന്തിനാണ് ഇവിടെ വന്നത്?‌” ഇത്തരം നിരവധി യാത്രകൾകൊണ്ട് ഊഷ്മളമായിരുന്നു ഞങ്ങളുടെ സൗഹൃദം.

മൂന്നാറിലെ ഒരു അതിശൈത്യരാത്രിയിൽ ഞങ്ങൾ നടക്കാനിറങ്ങി. തണുപ്പിന്റെ സാന്നിധ്യം മറന്നുകൊണ്ട് ബാബു സാർ ഒരുപാട് കഥകൾ പറഞ്ഞു. അത് കഥകളായിരുന്നില്ല. ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളായിരുന്നു. സ്വയം ഓർമിപ്പിക്കാൻ കൂടിയായിരുന്നു ആ കഥ പറച്ചിൽ. ഓർമകളായിരുന്നു ആ ജീവിതത്തിന്റെ ഇന്ധനം. എന്നും ജ്വലിച്ചു നിൽക്കും എന്ന് കരുതിയ ആ ഇന്ധനം മങ്ങിത്തുടങ്ങി. ഓർമകൾ അസ്തമിച്ച ലോകത്തേക്ക് പെട്ടെന്നാണ് മടങ്ങിയത്. കണ്ടുമുട്ടിയ വ്യക്തികൾ, അടുത്തറിഞ്ഞ സംഭവങ്ങൾ, വായിച്ച പുസ്തകങ്ങൾ, കഴിഞ്ഞുപോയ യാത്രകൾ എല്ലാം ഓർത്തുവെച്ചിരുന്നു. അനിവാര്യ സന്ദർഭങ്ങളിൽ അത് പ്രകാശിക്കും. അത് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

Image of NRS Babu
എന്‍.ആര്‍.എസ് ബാബുSamakalika Malayalam

എൻ.ആർ. സുഭാഷ് ബാബു, എൻ.ആർ.എസ് ബാബുവായാണ് ജീവിച്ചത്. അത് ഒരു ബ്രാന്റ് നെയിമായിരുന്നു. അതിൽ അന്വേഷണതല്പരനായ പത്രപ്രവർത്തകൻ, സ്‌നേഹമയിയായ അദ്ധ്യാപകൻ, കരുതലുള്ള സുഹൃത്ത് തുടങ്ങിയവ അടങ്ങിയിരുന്നു. എൻ.ആർ.എസ് എപ്പോഴും സജീവമായിരുന്നു. പക്ഷേ, അദൃശ്യനായി നിൽക്കാനായിരുന്നു ആഗ്രഹിച്ചത്. മാധ്യമങ്ങളുടെ മുഖാമുഖത്തിന് നിന്നുകൊടുത്തില്ല, സമ്മേളനങ്ങളിൽ പ്രഭാഷകനായില്ല, പുരസ്‌കാരങ്ങളെ അകറ്റിനിർത്തി. ചില സുഹൃത്തുക്കളുടെ പൊതുചടങ്ങുകളിൽ അപൂർവമായി മാത്രം പങ്കെടുത്തു, പിൻനിരയിൽ മാത്രം ഇരുന്നു. ഒന്നിനോടും പരിഭവിച്ചില്ല. വ്യക്തിപരമായ വ്യഥകൾ പങ്കിട്ടില്ല. ഒരിക്കലും നിരാശാഭരിതനായി കണ്ടിട്ടില്ല. ഊഷ്മളമായ ഊർജപ്രവാഹം സഹയാത്രികരിലേക്ക് പകർന്നിരുന്നു.

അറുപതുകളുടെ അന്ത്യത്തിലാണ് ബാബു സാർ പത്രപ്രവർത്തനത്തിലേക്ക് എത്തുന്നത്. ധിഷണാശാലിയും ഊർജസ്വലനുമായ ഒരു ചെറുപ്പക്കാരനായാണ് കേരളകൗമുദിയിൽ എത്തുന്നത്. പത്രാധിപർ കെ. സുകുമാരന്റെ സവിധത്തിൽ പി.കെ. ബാലകൃഷ്‌ണനെ പോലുള്ളവരുടെ സമീപത്തിരുന്ന് വാർത്ത എഴുതി. രാഷ്ട്രീയം, സംസ്‌കാരം, ഭാഷ, ശാസ്ത്രം തുടങ്ങി ഓരോ വിഷയത്തിലും സൂക്ഷ്മമായ അറിവുണ്ടായിരുന്നു. പത്രാധിപർക്ക് ഈ യുവപത്രപ്രവർത്തകനിൽ വിശ്വാസമുണ്ടായിരുന്നു. പകൽ പാരൽ കോളേജ് അദ്ധ്യാപനവും വൈകിട്ട് പത്രപ്രവർത്തനവുമാണ് അന്ന് നടത്തിയിരുന്നത്. അദ്ധ്യാപനം കഴിഞ്ഞ് മോട്ടോർബൈക്ക് ഓടിച്ച് പേട്ടയിലെത്തി ജോലികഴിഞ്ഞ് പാതിരാത്രിയോടെ ആറ്റിങ്ങലിലേക്ക് പോകും, രണ്ടിടത്തും വിജയിച്ചു.

എം.എസ്. മണിയുടെ പിന്തുണയോടെ എസ്. ജയചന്ദ്രൻ നായരുമൊത്ത് നടത്തിയ സാഹസിക അന്വേഷണ യാത്രകളാണ് എൻ.ആർ.എസ്സിനെ ശ്രദ്ധേയനാക്കിയത്. വനം കൊള്ളയെക്കുറിച്ച് നടത്തിയ അനേഷണ റിപ്പോർട്ട് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു, കേരള രാഷ്ട്രീയത്തിലും കേരളകൗമുദിയിലും. കലാകൗമുദി എന്ന സാംസ്‌കാരിക സാഹിത്യ മാസികയുടെ പിറവിക്ക് പ്രേരണയായത് ആ സങ്കീർണ സന്ദർഭമാണ്.

1975 ജൂണിലാണ് കലാകൗമുദി ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുന്‍പ്. അടിയന്തരാവസ്ഥ ഇന്ത്യൻ പത്രമാധ്യമത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും വിശാല ഇടതു ഭാവുകത്വം പേറുന്ന കലാകൗമുദിയെ അതൊന്നും ബാധിച്ചില്ല. എം.എസ്. മണി പത്രാധിപരും എൻ.ആർ.എസ് ബാബു, എസ്. ജയചന്ദ്രൻ നായർ എന്നിവർ സഹപത്രാധിപന്മാരുമായിരുന്നു. അന്ന് വിശാലമായി പടർന്നുകിടന്നിരുന്ന മാതൃഭൂമി ആഴ്ചപതിപ്പിന്റേയും മലയാള നാടിന്റേയും ഇടയിലൂടെയാണ് കലാകൗമുദി വളർന്നത്. കാലത്തിന്റെ സ്‌പന്ദനങ്ങൾ മനസ്സിലാക്കിയ പത്രാധിപന്മാർ അതിന്റെ സാധ്യതകൾക്ക് അനുസരിച്ച് കലാകൗമുദിയുടെ ഉള്ളടക്കം ഡിസൈൻ ചെയ്തു. അത് ചരിത്രമാവുകയും ചെയ്തു.

കെ. ബാലകൃഷ്‌ണന്റേയും എൻ.വി. കൃഷ്‌ണവാര്യരുടേയും വഴികളോടായിരുന്നു എൻ.ആർ.എസ്സിന് ആഭിമുഖ്യം. രാഷ്ട്രീയവും ശാസ്ത്രവും സാഹിത്യവുമായിരുന്നു താല്പര്യമേഖല. അന്തർദേശീയ രാഷ്ട്രീയ പരിണതികൾ മുതൽ കേരള രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ വരെ സൂക്ഷ്‌മമായി മനസ്സിലാക്കിയിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായൻമാരുമായെല്ലാം വ്യക്തിബന്ധം പുലർത്തിയിരുന്നു. ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെ. എ.കെ. ആന്റണിയും വയലാർ രവിയും വി.എം. സുധീരനുമെല്ലാം ആത്മമിത്രങ്ങളായിരുന്നു. പല രാഷ്ടിയ പ്രതിസന്ധികൾക്കും പരിഹാരം തേടിയെത്തുന്ന ഫോൺകോളുകൾക്ക് ഞാൻ സാക്ഷിയാണ്. പക്ഷേ, ആ സൗഹൃദങ്ങൾ വ്യക്തിപരമായ ലാഭങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തിയില്ല.

കലാകൗമുദിയിലെ രാഷ്ട്രീയ നിരീക്ഷണങ്ങളും എഡിറ്റോറിയലുകളും രാഷ്ട്രീയരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ ലേഖനങ്ങളുടെ പതിവ് ശൈലികൾ നിരാകരിച്ചാണ് എൻ.ആർ.എസ് എഴുതിയിരുന്നത്. പത്രത്തിന്റെ രാഷ്ട്രീയ സമീപനമല്ല, മാഗസിൻ രാഷ്ട്രീയ ലേഖനത്തിൽ സ്വീകരിച്ചത്. ഒരാഴ്ചത്തെ രാഷ്ട്രീയ അനുഭവങ്ങൾ അതിന്റെ സൂക്ഷ്‌മതയോടെ ആവിഷ്‌കരിച്ചു. അതിൽ നർമവും ഉപഹാസവുമുണ്ടായിരുന്നു. എന്നാൽ, രാഷ്ട്രീയ സമചിത്തത പുലർത്തിയിരുന്നു. ആന്റണി ഗ്രൂപ്പിൽനിന്ന് വയലാർ രവി വീർപ്പുമുട്ടിയപ്പോൾ വയലാർ രവിയെ കെട്ടിക്കണം എന്ന ശീർഷകത്തിൽ എഴുതിയ എഡിറ്റോറിയൽ ഇന്നും ഓർക്കുന്നവരുണ്ട്. വിക്ഷുബ്‌ധമായ നിയമസഭാസന്ദർഭങ്ങൾ അതിന്റെ തീക്ഷ്‌ണതയോടെ അവതരിപ്പിച്ചിരുന്നു. സി.പി.എമ്മിലെ വിഭാഗീയതയുടെ കാലത്ത് വി.എസ്സിന്റെ നീക്കങ്ങൾ നേരത്തെ അറിഞ്ഞിരുന്നു. വി.എസ്, എൻ.ആർ.എസ്സിന്റെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടിരുന്നു.

ശാസ്ത്രത്തിന്റെ പുരോഗതിയും അതിന്റെ സമകാലാവസ്ഥയും എൻ.ആർ.എസ്സിന്റെ പ്രധാന വിഷയമായിരുന്നു. ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും കലാകൗമുദിയിൽ പ്രാധാന്യം നൽകിയിരുന്നു. പ്രസിദ്ധമായ ലേഖനങ്ങൾ മനോഹരമായ ഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു.

എൻ.വി. കൃഷ്‌ണവാര്യരെപ്പോലുള്ളവർ തുടർന്ന ശാസ്ത്രാവബോധ സമീപനം എൻ.ആർ.എസ്സും പിന്തുടർന്നിരുന്നു. ഹമീദ് ഖാന്റെ ലേഖനങ്ങൾ സ്വയം പരിഭാഷപ്പെടുത്തിയിരുന്നു. തെളിഞ്ഞ ഭാഷയിൽ ലളിതമായി വിവർത്തനം ചെയ്തിരുന്നു. പുതിയ ആശയങ്ങളോട് എന്നും ആഭിമുഖ്യം പുലർത്തി.

പത്രാധിപർ എന്ന നിലയിൽ എല്ലാ ഭാവുകത്വത്തേയും ഉൾക്കൊണ്ടിരുന്നു. എം.ടിക്കും ഒ.എൻ.വിക്കും അയ്യപ്പപ്പണിക്കർക്കും നൽകുന്ന പ്രാധാന്യം പുതിയ എഴുത്തുകാർക്കും നൽകി. പുതിയ എഴുത്തിന്റെ സാധ്യതകളെക്കുറിച്ച് എന്നും ചിന്തിച്ചു. എന്നും എഴുത്തുകാരുടെ പത്രാധിപരായിരുന്നു.

കലാകൗമുദി അരനൂറ്റാണ്ട് പിന്നിടുമ്പോൾ അതിന്റെ ശില്പികളിൽ അവസാനത്തെ ആളും യാത്ര പറയുന്നു. എം.എസ്. മണി, എസ്. ജയചന്ദ്രൻ നായർ എന്നിവരുടെ വഴിയിലേക്ക് എൻ.ആർഎസ്സും യാത്രയാവുന്നു. ഒരു ചരിത്രം അവസാനിക്കുന്നു.

പ്രിയപ്പെട്ട ബാബു സാർ,

വിട.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com