ഇരുളില്ലാത്ത രാത്രികൾ: രാത്രിയിലെ പ്രകാശത്തിന്റെ ആധിക്യം വരുത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച്

ഇരുളില്ലാത്ത രാത്രികൾ
Image of honkong city
ഹോങ്കോങ് നഗരം വൈകുന്നേരംസമകാലിക മലയാളം വാരിക
Updated on

രു ദശകത്തിനുശേഷം കൊച്ചിയിൽ താമസിക്കാനെത്തിയപ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു.

ഇവിടുത്തെ രാത്രികളിലെ ഇരുട്ട് വളരെ കുറഞ്ഞിരിക്കുന്നു. ആകാശത്ത് രാത്രി മുഴുവൻ ധവളപ്രഭ നിറഞ്ഞ മട്ടാണ്. മേഘങ്ങൾ വളരെ കുറവുള്ള തെളിഞ്ഞ രാത്രികളിൽ പോലും വളരെ കുറച്ചു നക്ഷത്രങ്ങൾ മാത്രമേ കാണാനാകുന്നുള്ളു. പണ്ടത്തെപ്പോലെ അനേകം നക്ഷത്രങ്ങളേയും ഇടയ്ക്കിടെ സന്ദർശനത്തിനെത്തുന്ന വാൽനക്ഷത്രങ്ങളേയും നിരീക്ഷിക്കണമെങ്കിൽ ജനവാസം കുറഞ്ഞ കാടുകളുടെ ഉള്ളിലോ അകലെയുള്ള മലമ്പ്രദേശങ്ങളിലോ പോകണം. ശക്തിയേറിയ ടെലിസ്‌കോപ്പ് ഉപയോഗിച്ചാലും നഗരത്തിൽനിന്ന് ഗാലക്‌സികളേയും നെബുലകളേയും കാണാനാവില്ല. ക്ഷീരപഥത്തിന്റെ ഒരു ചെറിയ ശകലം പോലും ദൃശ്യമാകുന്നില്ല.

കൊവിഡ് ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട് വച്ച് ഉപകരണങ്ങളുടെ സഹായമില്ലാതെ ആൻഡ്രോമെഡ ഗാലക്‌സി നിരീക്ഷിക്കാൻ സാധിച്ചു. അക്കാലത്ത് ധൂളിയടങ്ങി മാനം തെളിഞ്ഞപ്പോൾ കോവൂർനിന്ന് പശ്ചിമഘട്ട മലനിരകൾ കാണാമായിരുന്നു. കോഴിക്കോട് പ്രധാന ബീച്ചിനപ്പുറത്തുള്ള വിളക്കുകൾ കുറവുള്ള കടപ്പുറങ്ങളിൽ ആകാശവിസ്മയങ്ങൾ കാണാം. നീലയും പച്ചയും നിറമുള്ള ഉൽക്കകള്‍ ഞൊടിയിടകൊണ്ട് കടന്നുപോയി മറയുന്നതും അവിടെവച്ച് പലതവണ കണ്ടു. അല്പം ഉയർന്ന പ്രദേശമായ മലാപ്പറമ്പിൽ പാതിരാത്രി കഴിഞ്ഞാൽ ജ്യോതിർഗോളങ്ങൾ തെളിഞ്ഞുകാണമായിരുന്നു. അത്തരം കാഴ്ച്ചകൾ കൊച്ചിയിൽ പ്രതീക്ഷിക്കേണ്ടതില്ല. നഗരവും പ്രാന്തപ്രദേശങ്ങളും കൃത്രിമവിളക്കുകളുടെ ആധിക്യത്താൽ രാത്രിയിൽ പ്രഭയേറിനിൽക്കുന്ന നിലയിലാണ്. ഒപ്പം വ്യവസായശാലകളുടെ ശക്തമായ പ്രകാശവുമുണ്ട്.

ഒരു നിശ്ചിത ഇടത്തെ രാത്രികാലപ്രകാശത്തിന്റെ തോതറിയാൻ ജ്യോതിശാസ്ത്ര നിരീക്ഷണം നടത്തുന്നവർ ആശ്രയിക്കുന്നത് ബോർട്ട്ൽ സ്‌കേൽ ആണ്. ഇരുപതുവർഷം മുൻപ് എറണാകുളത്തെ പ്രകാശ മലിനീകരണത്തിന്റെ തോത് ബോർട്ട്ൽ സ്‌കേലിൽ 5.7 ആയിരുന്നു. 2020-ൽ അത് 6.5, 2025-ൽ അത് 7.2 എന്നിങ്ങനെ വർദ്ധിച്ചു. കേരളത്തിലെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രകാശ മലിനീകരണം നല്ലതുപോലെ വർദ്ധിച്ചിരിക്കുന്നു. തിരുവനന്തപുരം 7, കൊല്ലം 5.7, ആലപ്പുഴ 5.4, കോട്ടയം 5.5, പത്തനംതിട്ട 4.3, തൃശൂർ 5.7, മലപ്പുറം 5.1, പാലക്കാട് 5.5, കോഴിക്കോട് 5.5, കണ്ണൂർ 5.3, കാസര്‍കോട് 4.9, വയനാട് 4.1 എന്നിങ്ങനെയാണ് പ്രകാശമലിനീകരണത്തിന്റെ ബോർട്ട്ൽ സ്‌കേൽ തോത്. പെരിയാർ കടുവാസങ്കേതത്തിന്റെ ഒത്ത മധ്യത്തിൽ 3.8 ആണ് ബോർട്ട്ൽ സ്‌കേലിൽ. അവിടെ എത്തിപ്പെടാനാവില്ല. പിന്നെ മുത്തങ്ങയിലും (4.1) കണ്ണൂരിന്റേയും കാസര്‍കോടിന്റേയും മലമ്പ്രദേശങ്ങളിൽ (4) ആകാശഗംഗയുടെ കുറച്ചുഭാഗം ഉപകരണങ്ങളുടെ സഹായമില്ലാതെ നിരീക്ഷിക്കാനാകും. കഴിഞ്ഞ പതിനഞ്ചു വർഷം കൊണ്ടാണ് ഇത്രയും വർദ്ധനവ് ദൃശ്യമാകുന്നത്. ഓരോ വർഷവും പ്രകാശ മലിനീകരണം വർദ്ധിച്ചുവരികയും ചെയ്യുന്നു. സൈലന്റ്‌വാലിയിലും പശ്ചിമഘട്ടത്തിന്റെ താഴ്‌വരകളിലെ വനങ്ങളുടെ ആഴങ്ങളിലും വരെ നഗരങ്ങളിൽനിന്നുള്ള പ്രകാശം മൂലമുള്ള ധവളപ്രഭ ആകാശത്ത് കാണപ്പെടുന്നു. കാളരാത്രിയും കൂരിരുട്ടും കഥകളിൽ മാത്രമാണുള്ളത്.

നക്ഷത്രങ്ങളില്ലാത്ത ആകാശം മനസ്സിൽ ഒരുതരം ശൂന്യത സൃഷ്ടിക്കുന്നു. തെളിമയുള്ള ചന്ദ്രനും ഗ്രഹങ്ങളും നിറയെ നക്ഷത്രങ്ങളും മനുഷ്യന് കൗതുകമേകുന്നതും ആശ്വാസം നൽകുന്നതുമായിരുന്നു. പ്രാചീന മനുഷ്യരുടെ പലതരം വിശ്വാസങ്ങൾക്ക് പശ്ചാത്തലമൊരുക്കിയത് ജ്യോതിർഗോളങ്ങളുടെ ദൈനംദിന ചലനങ്ങളാണ്. വിസ്മയത്തോടെ ഇതെല്ലാം കണ്ട ഗുഹാമനുഷ്യനും പിന്നീട് വികസിച്ച സംസ്‌കൃതികളും അവയെ ഉൾപ്പെടുത്തി പലതരം കഥകൾ രൂപപ്പെടുത്തി. അവ തലമുറകളായി കൈമാറിവരുന്നു. ജ്യോതിർഗോളങ്ങളുടെ നിരീക്ഷണങ്ങളിൽനിന്ന് പ്രകൃതിക്കൊരു ക്രമമുണ്ടെന്ന് മനുഷ്യൻ മനസ്സിലാക്കി. സൂര്യന്റേയും ചന്ദ്രന്റേയും നക്ഷത്രങ്ങളുടേയും ചലനത്തിലെ ക്രമം കാലഗണനയ്ക്കും പലതരം പ്രവചനങ്ങൾക്കും വഴിയൊരുക്കി. ചില നക്ഷത്രങ്ങൾ നിശ്ചിതയിടത്ത് ഉദിക്കുമ്പോൾ നൈൽനദി കരകവിഞ്ഞൊഴുകും എന്ന് ഈജിപ്തുകാർ തിരിച്ചറിഞ്ഞു. ജ്യോതിർഗോളങ്ങളും ഭൂമിയിലെ അവസ്ഥകളും തമ്മിലെന്തോ ബന്ധമുണ്ടെന്ന് ഗ്രഹിക്കാനിടയായത് അങ്ങനെയാണ്.

ലോകത്തിലെ ആദ്യത്തെ ഇതിഹാസമായ ‘ഗിൽഗമെഷിൽ’ മെസപ്പോട്ടേമിയക്കാരുടെ പലതരം വിശ്വാസങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഉൽക്കകൾ എന്തോ വിപത്തിന്റെ സൂചനയാണെന്നും അവയെ കണ്ടാൽ യുദ്ധമുണ്ടാകും എന്നൊക്കെ ആ ജനത കരുതിയിരുന്നു. ഉറുക്ക് ഭരിച്ചിരുന്ന ഗിൽഗമെഷ് രാജാവിന്റെ, മൃത്യുവിനെ മറികടക്കാനുള്ള ഉപാധി തേടിയുള്ള യാത്രയിൽ ആകാശത്തെ തേൾജീവികളെക്കുറിച്ചു പറയുന്നുണ്ട്. സ്‌കോർപ്പിയോ എന്ന നക്ഷത്രഗണത്തെയാണ് തേൾജീവികളായി സങ്കല്പിച്ചിരിക്കുന്നത്. ഏറ്റവും തെളിച്ചമുള്ള നക്ഷത്രഗണമായ ഓറിയൺ (വേട്ടക്കാരൻ), തൊട്ടടുത്തു കാണപ്പെടുന്ന ടോറസ് (സ്വർഗ ഋഷഭം) എന്നിവ ഗിൽഗമെഷിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായി വരുന്നു. സ്വർഗ ഋഷഭത്തെ അയയ്ക്കുന്നതാകട്ടെ, ഇഷ്താർ എന്ന ദേവതയും. ഏറ്റവും ഭംഗിയുള്ള വീനസ് (ശുക്രൻ) ഗ്രഹമാണ് ഇഷ്താർ. ഇന്ത്യയിലെ പ്രാചീന കൃതികളിലും ആകാശക്കാഴ്ച്ചകളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളുടെ സ്വാധീനം മനുഷ്യന്റെ ജീവിതത്തിലുമുണ്ടാകും എന്ന വിശ്വാസം ജ്യോതിഷത്തിന്റെ വികാസത്തിലേയ്ക്കു നയിച്ചു. സൂര്യന്റേയും ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും വരവുപോക്കുകൾ പ്രവചിക്കാനാകുന്നതുപോലെ മനുഷ്യരുടെ ഭാവിയും പ്രവചിക്കാനാകും എന്ന വിശ്വാസവും വേരുറച്ചു.

Image of Europe from space
രാത്രിയില്‍ യൂറോപ്പ്, ബഹിരാകാശത്ത് നിന്നുള്ള കാഴ്ച സമകാലിക മലയാളം വാരിക

എന്നാൽ, പ്രാചീന ഗ്രീസിലെ ചിന്തകർ പ്രകൃതിയിൽ കാണപ്പെടുന്ന ക്രമത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച് അനുമാനങ്ങൾ രൂപീകരിച്ചു. സയൻസിന്റെ തുടക്കം അവിടെനിന്നാണ്. ജ്യോതിർഗോളങ്ങളുടെ ചലനത്തിലെ ക്രമം രേഖപ്പെടുത്തുക എന്നതായിരുന്നു ആദ്യത്തെ പടി. അതു പിന്നീട് പ്രകൃതിപ്രതിഭാസങ്ങളിൽ കാണപ്പെടുന്ന ക്രമത്തെക്കുറിച്ച് ആഴത്തിൽ നിരീക്ഷണ പഠനം നടത്താന്‍ വഴിയൊരുക്കി. പ്രകൃതി ചില നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുന്നു എന്ന് അനുമാനിക്കാൻ കഴിഞ്ഞു. ജ്യോതിശാസ്ത്രമാണ് ആദ്യമായി വിപുലീകരിക്കപ്പെട്ട ശാസ്ത്രശാഖ.

***

പണ്ടത്തെ ആകാശക്കാഴ്ച്ചകൾ കാണാനാഗ്രഹിച്ച് തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് ഒരു രാത്രിയിൽ തങ്ങി. പ്രദേശവാസിയായ അജയനും കൂട്ടിനുണ്ടായിരുന്നു.

“എപ്പോ നോക്കിയാലും ഒരുതരം മൂടലാണ്. മാവൊക്കെ ഇപ്പോ തോന്നിയപോലെയാണ് പൂക്കുന്നതും കുലയ്ക്കുന്നതും” വീടിന്റെ വരാന്തയിലിരുന്ന് അജയന്റെ പിതാവ് ആരോടെന്നില്ലാതെ പറഞ്ഞു.

ശരിയാണ്, ജീവജാലങ്ങളെല്ലാം ആശയക്കുഴപ്പത്തിലാകാൻ കാരണം കഴിഞ്ഞ കുറച്ചു കാലമായി വന്ന മാറ്റങ്ങളാണ്. ഗ്രാമങ്ങൾ പട്ടണങ്ങളും നഗരങ്ങളുമായി മാറുമ്പോൾ അവിടുത്തെ ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാകുന്നു. കൃത്രിമവിളക്കുകൾ സസ്യങ്ങളേയും ജന്തുക്കളേയും ഒരുപോലെ ബാധിക്കുന്നു. നഗരങ്ങളിലേയും പട്ടണങ്ങളിലേയും സസ്യങ്ങൾ വാടിയ മട്ടാണ്. ജന്തുക്കളും അപ്രകാരം തന്നെ. ഒരു ഉത്സാഹം എങ്ങും കാണാത്തതിനു കാരണം പലതരം മാലിന്യങ്ങളാണ്. വായു മലിനീകരണം മൂലം ജീവജാലങ്ങൾ രോഗാതുരരാകുന്നു. അന്തരീക്ഷം മലിനമാകുന്നത് ആകാശത്ത് ധവളപ്രഭയ്ക്ക് കാരണമാകും. അന്തരീക്ഷത്തിലെ മാറ്റങ്ങളും തുടർപ്രതിഭാസങ്ങളും പരാഗണം നടത്തുന്ന ചെറുപ്രാണികളുടെ എണ്ണത്തിൽ കുറവുവരുത്തിയിട്ടുണ്ട്. ചിലത് പൂർണമായും അപ്രത്യക്ഷമാകുകയും ചെയ്തു. നാട്ടിൻപുറങ്ങളിലെ പല അപൂർവസസ്യങ്ങളും ഇപ്പോൾ കാണാനില്ല.

വർദ്ധിച്ചതോതിലുള്ള വൈദ്യുതവിളക്കുകൾ ഒരു നിശ്ചിതയിടത്തെ അന്തരീക്ഷസ്ഥിതിയെ ബാധിക്കുന്നു. കൂടാതെ വൈദ്യുതയന്ത്രങ്ങൾ പ്രവർത്തിക്കുന്നതു മൂലമുള്ള താപം ചുറ്റുപാടുകളിലേക്ക് പരന്ന് പ്രദേശത്തിന്റെ താപനിലയിൽ വർദ്ധനവുണ്ടാക്കും. നഗരങ്ങളിലെ താപദ്വീപുകൾ ചുറ്റുപാടുകളിൽനിന്നും വ്യത്യസ്തമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്നു. അവധിദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന വേളകളിൽ നഗരത്തിലെ താപം ഒന്നു രണ്ട് ഡിഗ്രി കുറയും. താപവ്യതിയാനവും അന്തരീക്ഷധൂളിയും ഉയർന്നപ്രദേശങ്ങളിൽ മേഘങ്ങൾ കൂടുതലായി രൂപംകൊള്ളാനും പെട്ടെന്നുള്ള വലിയ മഴയുണ്ടാകാനും കാരണമാകും. കേരളത്തിലെ നഗരങ്ങളിൽ സമുദ്രനിരപ്പിൽ നിന്നേറ്റവും ഉയരമുള്ള പ്രദേശങ്ങളിൽ വലിയ മഴ പെട്ടെന്ന് പെയ്‌തൊഴിയുന്നതായി കാണപ്പെടുന്നു.

വാഹനങ്ങളിലെ എച്ച്.ഐ.ഡി (ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ്) ലാമ്പുകൾ അതിതീവ്ര പ്രകാശം ചുറ്റുപാടും പരത്തുന്നവയാണ്. ഇവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും വ്യാപകമായി കാണപ്പെടുന്നു. അതുപോലെ പുതിയ വാഹനങ്ങളിലുള്ള എൽ.ഡി. ലാമ്പുകളും തീവ്രപ്രകാശം പുറപ്പെടുവിക്കുന്നു. ഇവയെല്ലാം മനുഷ്യരെയെന്നപോലെ ജന്തുക്കളേയും സസ്യങ്ങളേയും ബാധിക്കുന്നു. വനമേഖലയിലൂടെ രാത്രികാലത്ത് ഇത്തരം വിളക്കുകൾ ഘടിപ്പിച്ച വാഹനങ്ങൾ കടന്നുപോകുമ്പോൾ വന്യജീവികൾ വളരെയധികം അസ്വസ്ഥരാകുന്നു. കഴിഞ്ഞ കുറച്ചു വർഷമായി വന്യജീവികളുടെ സ്വഭാവത്തിലുണ്ടായ മാറ്റം ഇവിടെ പ്രത്യേകം പരാമർശിക്കണം.

രാത്രികാലത്തെ പ്രകാശത്തിന്റെ വർദ്ധനവ് മൂലം മനുഷ്യരിലെ പ്രകൃത്യായുള്ള ശാരീരികക്രമത്തിൽ (സിർക്കേഡിയൻ റിഥം) കാതലായ മാറ്റം വന്നിട്ടുണ്ട്. ഇതുമൂലം മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉല്പാദനം കുറയുകയും ശാരീരികവും മാനസികവുമായ വ്യാധികൾ അനുഭവിക്കാനിടയാകുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയാണ് മെലറ്റോണിന്റെ കുറവു മൂലമുണ്ടാകുന്ന ആദ്യത്തെ പ്രശ്നം. തുടർന്ന് ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ വർദ്ധിക്കുകയും രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, വിഷാദരോഗം, ആകാംക്ഷ, അമിതവണ്ണം തുടങ്ങിയവയ്ക്കും ഹേതുവാകുന്നു. നിദ്രയുടെ ഗുണത്തിലും അളവിലും ഉണ്ടാകുന്ന കുറവ് രോഗപ്രതിരോധശേഷി കുറയാനിടയാക്കുന്നു. നിദ്രാവേളയിലാണ് ശരീരം സ്വയം റിപ്പയർ ചെയ്യുന്നത്. രാത്രി വൈകിയും പലതരം സ്‌ക്രീനുകൾ നോക്കി സമയം കളയുന്നവരുടെ ശരീരത്തിന്റെ ഉപാപചയം താറുമാറാകുന്നു. പോഷകങ്ങൾ എത്ര കഴിച്ചാലും അതൊന്നും ഫലവത്താകാത്തതിനു കാരണമിതാണ്. ഉറക്കക്കുറവും ഹോർമോൺ വ്യതിയാനവും അമിതാഹാരത്തിനും ലഹരി ഉപയോഗത്തിനും വഴിവെട്ടുന്നവയാണ്.

കഴിഞ്ഞ മെയ്‌ മാസത്തിൽ, ഓപ്പറേഷൻ സിന്ദൂർ വേളയിൽ വെളുപ്പിന് ഒരു ഫോൺ. “കിഴക്ക് ഒരു തീഗോളം കാണുന്നല്ലോ” എന്ന് വിളിച്ചയാൾ ആശങ്കയോടെ പറഞ്ഞു. ജനാലയിലൂടെ നോക്കിയപ്പോൾ കിഴക്ക് അതീവപ്രഭയോടെ വീനസ് ഗ്രഹം. മേഘങ്ങളും അന്തരീക്ഷധൂളിയും ഒഴിയുന്ന അപൂർവം ചില പുലർകാലങ്ങളിൽ കാണുന്ന ദൃശ്യം. ആളുകൾക്കിപ്പോൾ ഇവയൊന്നും തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു. കുറച്ചു വർഷം മുൻപ് ജൂപ്പിറ്റർ (വ്യാഴം) ഭൂമിയുടെ ഏറ്റവും അടുത്തുവന്ന വേളയിലും ഇത്തരം അന്വേഷണങ്ങളുണ്ടായിരുന്നു.

ഇപ്പോൾ കാലവർഷം മാറാൻ തുടങ്ങുന്ന വേളയിൽ, ചെറിയ മഴ പെയ്‌തൊഴിഞ്ഞ് ധൂളിയടങ്ങി ആകാശം കുറച്ചു തെളിയുമ്പോൾ രാത്രിയേറെ വൈകിയോ വെളുപ്പിനോ മാത്രം കുറച്ചു നക്ഷത്രങ്ങൾ ദൃശ്യമാകും. എന്നാലും ധ്രുവനക്ഷത്രവും മെർക്കുറി ഗ്രഹവും (ബുധൻ) കാണാനാകുന്നില്ല. സായാഹ്നത്തിലും സൂര്യോദയവേളയിലും ചക്രവാളം നിറയെ മേഘങ്ങളാണ്. തെളിമയുള്ള ആകാശക്കാഴ്ച്ചകൾ പതിയെ ഇല്ലാതാകുന്നു. ഇനിയൊരു മാറ്റം അടുത്തകാലത്തൊന്നും ഉണ്ടാകാനിടയില്ല. ഇത്രയധികം ജനങ്ങൾ പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളും വിളക്കുകളും കുറയാൻ പോകുന്നില്ല. ഇനി കൂരിരുട്ടുള്ള ഇടങ്ങൾ തേടി രാജസ്ഥാനിലെ ഥാർ മരുഭൂമിയിലോ ലഡാക്കിലെ ഉൾനാടൻ പ്രദേശങ്ങളിലോ പോകണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com