ബാബുരാജിന്റെ ജാനകി: രണ്ടു നക്ഷത്രങ്ങളുടെ പാരസ്പര്യമാണ് ഈ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ

 Image of baburaj
ജാനകിയും ബാബുരാജുംസമകാലിക മലയാളം വാരിക
Updated on

പ്രതിഭ വ്യക്തിപരമാണ് എന്നു പറയാമെങ്കിലും ചില കൂട്ടുകെട്ടുകളിൽ ഇതിനു തിളക്കമേറുന്നതു കാണാം. നടി ശോഭയെ ബാലു മഹേന്ദ്ര ചിത്രീകരിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുമ്പോൾ, ജെഫ് മാർഷിനൊപ്പം ഡേവിഡ് ബൂൺ ഓസ്ട്രേലിയൻ ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്നത്... അങ്ങനെ പരസ്പരം ജ്വലിപ്പിക്കുന്ന എത്രയോ കൂട്ടുകെട്ടുകൾ നമുക്കറിയാം.

ബാബുരാജിന്റെ പാട്ടുകൾ ഒട്ടേറെ ഗായകർ പാടിയിട്ടുണ്ടെങ്കിലും ജാനകിയുടെ കണ്ഠത്തിലൂടെയാണ് അത് അഭൗമതലത്തിലേക്ക് ഉയർന്നത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘മൂടുപട’ത്തിലാണ് ഈ കൂട്ടുകെട്ട് ആരംഭിച്ചത്. പി. ഭാസ്‌കരന്റെ രചനയിൽ ബാബുരാജ് ഓരോ അക്ഷരത്തിനും സംഗീതം നല്‍കിയ ‘തളിരിട്ട കിനാക്കൾതൻ താമര മാലവാങ്ങാൻ...’ എന്ന ഗാനം പാടാൻ ജാനകിയെ ക്ഷണിക്കുമ്പോൾ ബാബുരാജിന് അവരെ പരിചയം ഉണ്ടായിരുന്നില്ല. പി. ഭാസ്‌കരന്റെ ശിപാർശയിലാണ് വ്യത്യസ്തവും ക്ലേശകരവുമായ ഈ ഈണം പാടാൻ അന്യഭാഷക്കാരിയായ ജാനകി എത്തുന്നത്. ഈ മുഹൂർത്തത്തെപ്പറ്റി ബാബുരാജിന്റെ പത്നി ബിച്ച ബാബുരാജ് എഴുതിയ ഓർമക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: “ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ ആയിരുന്നു റിക്കോർഡിങ്ങ്. ഓരോ അക്ഷരത്തിനും തന്റെ കൈവിരലുകളുടെ ചലനത്തിലൂടെ ബാബുരാജ് നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. പാടിത്തീർന്നപ്പോൾ അദ്ദേഹത്തിനു നിറഞ്ഞ സംതൃപ്തി. വല്ലാതെ വികാരാധീനനായി അദ്ദേഹം ചോദിച്ചു. “എങ്ങനെയാണ് ഇത്ര കൃത്യമായി പാടാൻ കഴിഞ്ഞത്?” “ഇത്ര നല്ല ഈണം തന്നാൽ എങ്ങനെയാ പാടാതിരിക്കുക?” എന്നായിരുന്നു മറുപടി.”

‘മൂടുപട’ത്തിനുശേഷം ബാബുരാജിന്റെ പ്രിയ ഗായികയായി ജാനകി. സംഗീതത്തെ മാത്രമല്ല, ആ കഥാസന്ദർഭത്തേയും പരമാവധി പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു ജാനകിയുടെ ആലാപനം.

‘ഭാർഗവീനിലയ’ത്തിൽ ബാബുരാജിന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ‘താമസമെന്തേ വരുവാൻ...’ മലയാളത്തിലെ ഉത്തമമായ ഗസൽ ആയി കരുതുന്നവർ ഉണ്ട്. എന്നാൽ, സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അതിനൊരു പടി മേലെയാണ് ജാനകി പാടിയ ‘വാസന്ത പഞ്ചമി നാളിൽ...’ എന്നു മനസ്സിലാക്കാം. ‘സൂര്യകാന്തി...’ (കാട്ടുതുളസി), ‘സ്വർണവളകളിട്ട കൈകളാൽ...’ (ലക്ഷപ്രഭു), ‘ഒരു കൊച്ചു സ്വപ്നത്തിൻ...’ (തറവാട്ടമ്മ), ‘താനേ തിരിഞ്ഞുമറിഞ്ഞും...’ (അമ്പലപ്രാവ്), ‘ഈറനുടുത്തും...’ (ഇരുട്ടിന്റെ ആത്മാവ്), ‘അഞ്ജനക്കണ്ണെഴുതി...’ (തച്ചോളി ഒതേനൻ), ‘താമരക്കുമ്പിളല്ലോ മമഹൃദയം...’ (അന്വേഷിച്ചു കണ്ടെത്തിയില്ല)... തുടങ്ങി ബാബുരാജ് സംഗീതത്തെ അതിന്റെ സൂക്ഷ്മാണുവിൽപ്പോലും പ്രകാശിപ്പിച്ച എത്രയോ ഗാനങ്ങളാണ് ജാനകി സമ്മാനിച്ചത്! അതുപോലെ, ജാനകിയുടെ ആലാപനത്തിന്റെ ശക്തിസൗന്ദര്യങ്ങൾ ഇത്രമേൽ വെളിവാക്കിയ മറ്റൊരു സംഗീതസംവിധായകനും മലയാളത്തിലില്ല.

അക്കാലത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ ചെയ്തിരുന്ന ദേവരാജൻ മാസ്റ്റർ ജാനകിയെ ഏറെക്കുറെ മാറ്റിനിർത്തിയിരുന്നപ്പോഴാണ് ബാബുരാജ് - ജാനകി ടീം ഉജ്വല പ്രകടനത്തിലൂടെ നിത്യസുന്ദരനിർവൃതികൾ മലയാളികൾക്കു സമ്മാനിച്ചത്.

ബാബുരാജിന്റെ മികച്ച യുഗ്‌മഗാനങ്ങളിലും ജാനകിയുണ്ടായിരുന്നു. യേശുദാസും ജാനകിയും മത്സരിച്ചു പാടിയ നാളുകൾ. ‘അകലെയകലെ നീലാകാശം...’ ( മിടുമിടുക്കി), ‘എഴുതിയതാരാണു സുജാത...’ (ഉദ്യോഗസ്ഥ), ‘മണിമലയാറിൻ തീരത്ത്...’ (സുബൈദ), ‘പാതിരാവായില്ല...’ (മനസ്വിനി), ‘അസ്തമനക്കടലിന്നകലെ...’ (സന്ധ്യ) അങ്ങനെ നീളുന്ന നിര.

‘താമസമെന്തേ വരുവാൻ...’, ‘ഒരുപുഷ്പം മാത്രമെൻ...’ ‘ഇന്നലെ മയങ്ങുമ്പോൾ...’ തുടങ്ങി യേശുദാസും നന്നായി പാടിയിട്ടില്ലേ എന്ന ചോദ്യം സ്വാഭാവികം. ശരിയാണ്. എന്നാൽ അതെല്ലാം ബാബുരാജിന്റെ ഈണത്തിന്റെ സാധ്യതയെക്കാൾ യേശുദാസ് എന്ന ഗായകന്റെ കഴിവുകൾക്കാണ് ഗുണമായത്.

ബാബുരാജിലൂടെ യേശുദാസ് കൂടുതൽ പ്രകാശിതമാവുകയായിരുന്നു. ആ പാട്ടുകൾ പലതും ബാബുരാജ് നേരിട്ടു പാടിയതു കേൾക്കുമ്പോൾ നമുക്കതു ബോധ്യമാവും. എന്നാൽ, ജാനകിയിലെത്തുമ്പോൾ രണ്ട് നക്ഷത്രങ്ങളുടെ സംഗമമായി അത്, മനസ്സഞ്ചിപ്പോവുന്നു ആ ഗാനനിർഝരിയിൽ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com