

തീരെ ചെറിയ ഭക്തിയിലൂടെ ചിന്തിക്കാൻ തുടങ്ങുകയും ചിന്തകൾ കുന്നുകൂടുമ്പോൾ ചെറിയ കുറിപ്പുകളായി എഴുതുകയും പിന്നീട് അവ ഭക്തിയും ജ്ഞാനവും നിറയുന്ന ഗ്രന്ഥങ്ങളായി പുറത്തിറങ്ങുകയും ചെയ്യുക എന്നത് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചൈതന്യപ്രഭയിൽ ജീവിക്കുന്ന മനുഷ്യർക്കിടയിൽ സാധാരണയായി സംഭവിക്കുന്ന ചരിത്രവും വർത്തമാനവുമാണ്. പഴയ ചരിത്രത്തിലെ വില്വമംഗലം സ്വാമിയാർ, പൂന്താനം നമ്പൂതിരി, മേല്പത്തൂർ നാരായണ ഭട്ടതിരി തുടങ്ങിയവരുടെ പരമ്പര ഇവിടെ പുതിയ കാലത്തും തുടരുകയാണ്. അവരുടെയൊക്കെ തലത്തിലേയ്ക്ക് ഉയർന്നു എന്നു പറയാനാകില്ലെങ്കിലും എഴുത്തുകാരുടെ ആ പരമ്പരയിലെ പുതിയ തപസ്വിനിയാണ് ഉമാദേവീ അന്തർജനം. ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രിയായിരുന്ന പുഴക്കര ചേന്നാസ് മനയ്ക്കൽ ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ പത്നിയാണ് ഉമാദേവീ അന്തർജനം. ഇപ്പോഴത്തെ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ അമ്മയുമാണ്. കവിതാസമാഹാരമായ ‘ഭഗവത്പാദങ്ങളിൽ’, ശ്രീമദ് ഭാഗവതം 10,11,12 സ്‌കന്ധങ്ങൾ, ശ്രീമദ് ഭഗവദ്ഗീത എന്നിവയ്ക്ക് സ്വന്തം വിവർത്തനം എഴുതിയ അവർ ഇപ്പോൾ തന്റെ 90 വയസ്സിൽ ദേവീമാഹാത്മ്യം ഗ്രന്ഥത്തിന്റെ പുനരാഖ്യാനം എഴുതുകയാണ്. തമിഴും മലയാളവും ചേർന്ന മണിപ്രവാള രീതിയല്ല, മറിച്ച് തികച്ചും മലയാള ഭാഷയാണ് ഇതിനെല്ലാം ഉപയോഗിച്ചിട്ടുള്ളത്. തുഞ്ചത്തെഴുത്തച്ചന്റെ എഴുത്തുഭാഷയേക്കാൾ ലളിതമാണ് ഉമാദേവി അന്തർജനത്തിന്റെ പദവിന്യാസങ്ങൾ. സരളഭാഷാ കവിയായ പുന്താനത്തിന്റെ ശൈലീ എന്നു പയാനും കഴിയില്ല. തന്റെ ഉള്ളിൽനിന്നുവരുന്ന വാക്കുകളാണ് ഈ കാവ്യങ്ങളുടെ ആത്മാവ്. ആദ്യ പുസ്തകമായ ‘ഭഗവത്പാദങ്ങളിൽ’ എന്ന കവിതാസമാഹാരത്തിൽ ചെറുതും വലുതുമായ 41 കവിതകൾ ഉണ്ട്. എല്ലാം ഭക്തിമയം തന്നെയാണ്. കൂടുതൽ കൃഷ്ണമഹിമ തന്നെയാണ്. നിളാ നദിക്കരയിലെ ക്ഷേത്രത്തിലെ ദേവതയായ വാഴാലിക്കാവിൽ ഭഗവതിയേയും തന്റെ കുലദേവതയായ പുന്നയൂർക്കാവിൽ ഭഗവതിയേയും സ്തുതിക്കുമ്പോൾ, ദേവിയെ ശിവപുത്രിയായും കാളിയായും ചണ്ഡികയായും വാഴ്ത്തുമ്പോൾ എല്ലാ ദേവിയും ഒന്നിന്റെ വ്യത്യസ്ത ഭാവങ്ങളാണെന്ന ദർശനം വ്യക്തമാകുന്നുണ്ട്. എല്ലാവർക്കും ചൊല്ലാൻ സൗകര്യമുള്ള അനുഷ്ടുപ്പ് വൃത്തത്തിലാണ് രചനകൾ. ഭക്തികാവ്യങ്ങളിൽ പ്രധാനപ്പെട്ട ഭാഗവതത്തിന്റെ 10, 11, 12 സ്‌കന്ധങ്ങൾക്കാണ് വ്യാഖ്യനമെഴുതിയിട്ടുള്ളത്. ഇത് രണ്ടു പുസ്തകങ്ങളിലായാണ് ഉള്ളത്. പത്താം സ്‌കന്ധത്തിൽ കൃഷ്ണാവതാരം മുതൽ ഭഗവാന്റെ ഗൃഹസ്ഥജീവിതം വരെയുള്ളഭാഗം 90 ചെറിയ അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. അഞ്ഞൂറിലധികം പേജുകളുള്ള ഇത് ഒരു മഹത് ഗ്രന്ഥമാണ് എന്നുതന്നെ പറയാം. വ്യാസഭാഗവതത്തിൽനിന്ന് പ്രസക്തഭാഗങ്ങൾ കണ്ടെടുത്ത് പച്ചമലയാളത്തിൽ 6500-ൽ അധികം ഈരടി പദ്യങ്ങൾ എഴുതിയ ഉമാദേവീ അന്തർജനം ഗുരുവായൂരിലെ ഭഗവാന്റെ ആധുനിക കാലഘട്ടത്തലെ ആസ്ഥാന കവയിത്രിയാണെന്നു പറയാൻ ഈ ഒരേ പുസ്തകം മതിയാകും. അതിനേക്കാൾ ശ്രമകരമായതാണ് പതിനൊന്നും പന്ത്രണ്ടും സ്‌കന്ധങ്ങൾ. ഭാഗവതധർമ നിരൂപണം, ബ്രഹ്മം, മായ, സനകോപദേശം, ഭക്തിജ്ഞാന കർമയോഗങ്ങൾ, സാംഖ്യദർ-ശനത്തിലെ പ്രകൃതി പുരുഷ തത്ത്വങ്ങൾ, ത്രിഗുണങ്ങളിൽനിന്ന് മുക്തി തുടങ്ങിയ ഗഹമായ വിഷയങ്ങൾ ലളിതമായ കവിതകളായി എഴുതിയരിക്കുന്നു. ഇതും ഏകദേശം ആയിരത്തിലധികം ശ്ലോകങ്ങളുണ്ട്. രാമായണമാണ് ഉമാദേവി അന്തർജനത്തിന്റെ മറ്റൊരു രചന. ബാലകാണ്ഡം മുതൽ ശ്രീരാമ പട്ടാഭിഷേകശേഷമുളള രാമാരാജ്യവർണം വരെ ഏകദേശം 5500 ശ്ലോകങ്ങൾകൊണ്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഉത്തരരാമായണം പിൽക്കാലത്ത് കൂട്ടിച്ചേർത്താണെന്ന ഒരു വാദം ഉള്ളതിനാലാകാം കവയിത്രി ഉരത്തകാണ്ഡം ഉൾപ്പെടുത്തിയിട്ടില്ല. തുഞ്ചത്താചാര്യന്റെ കിളിപ്പാട്ട് രാമയണത്തേക്കാൾ പുതിയകാലത്തെ മലയാളികളുടെ സാധാരണ ഭാഷാശൈലികളോട് ഈ ഗ്രന്ഥം കൂടുതൽ അടുത്തുനിൽക്കുന്നുണ്ട്. പുരാണങ്ങളിൽ ചരിത്രവും കഥകളുമുണ്ടെങ്കിലും അതിലെ സ്തുതികൾ വളരെ പ്രാധാനപ്പെട്ടവയാണ്. കാരണം ബാഹ്യമായി അത് ഭക്തിപ്രധാനമാണെങ്കിലും അതിലെ പല വാക്കുകളും പ്രപഞ്ചരഹസ്യങ്ങളുടെ പൗരാണിക ശാസ്ത്രശാഖകളുടെ സൂചകങ്ങളാണ്. അതുകൊണ്ടായിരിക്കാം ഉമാദേവി അന്തർജനം അതിലും കൈവെച്ചത്. ശ്രീമദ് ഭാഗവതത്തിലെ സ്തുതികൾക്കാണ് വിവർത്തനം എഴുതിയിട്ടുള്ളത്. സ്തോത്രങ്ങളെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് അവയുടെ അർത്ഥങ്ങൾക്ക് അബദ്ധം പറ്റാതിരിക്കാനായി ഓരോ സംസ്‌കൃത ശ്ലോകങ്ങളും രേഖപ്പെടുത്തിയ ശേഷം ഓരോന്നിന്റേയും താഴെ അതിന്റെ വിവർത്തിത മലയാള പദ്യം എഴുതുന്ന രീതിയാണ് ഈ ഗ്രന്ഥത്തിൽ അവലംബിച്ചിട്ടുള്ളത്. ഇതിനാൽ വായനക്കാർക്ക് ഓരോ ശ്ലോകത്തിന്റേയും സംസ്‌കൃത മൂലരൂപവും അതിന്റെ മലയാളവും താരതമ്യം ചെയ്തു നോക്കാം എന്ന സൗകര്യമുണ്ട്. ഭീഷ്മർ, കുന്തി, ശ്രീശുകൻ, ദേവന്മാർ, ബ്രഹ്മാവ്, ധ്രുവൻ തുടങ്ങി നിരവധി പേർ ഭഗവാനെ സ്തുതിച്ചതായി പുരാണങ്ങളിൽ പറയുന്നുണ്ട്. മഹാവിഷ്ണുവിനേയും ഭഗവാന്റെ അവതാരങ്ങളേയും കുറിച്ചുള്ളതടക്കം 32 സ്തോത്രങ്ങൾ 275 പേജുകളിലായി ഇതിൽ വിവർത്തനം ചെയ്തിരിക്കുന്നു. കവയിത്രിയുടെ ലളിതമായ ഭക്തിയിൽനിന്ന് ദാർശനിക തലത്തിലേയ്ക്ക് പോകുന്ന ചിന്താസരണിയുടെ ബഹിർസ്‌ഫുരണമാണ് ശ്രീമദ് ഭഗവത്ഗീതയുടെ പരിഭാഷ. ഗീതാധ്യാനം മുതൽ ഗീതാമാഹാത്മ്യവരെയുള്ള മുഴുവൻ ഉള്ളടക്കങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിലും ഓരോ മൂലശ്ലോകങ്ങളും അവയെത്തുടർന്ന് പരിഭാഷയും എന്ന രീതിയിൽ തന്നെയാണ് ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. എന്നാൽ, ചില കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാനായി മൂലഗ്രന്ഥത്തിൽ ചില ആശയങ്ങളെ വ്യത്യസ്ത രീതിയിൽ പ്രതിപാദിക്കുന്നതിലൂടെ ആവർത്തനം വന്നിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ ഓരോ ശ്ലോകങ്ങൾക്കു പകരം അദ്ധ്യായത്തിന്റെ മൊത്തം ആശയത്തെ സംഗ്രഹിച്ച് പരിഭാഷ ചെയ്യുന്ന രീതിയും അവലംബിച്ചിട്ടുണ്ട്. സ്തോത്രങ്ങളും പുരാണേതിഹാസങ്ങളും ഭഗവത്ഗീതയും പിന്നിട്ടശേഷം ഉമാദേവി അന്തർജനം കൈവെച്ചത് ഉപനിഷത്തുകളിലാണ്. ലളിതാർഷ പ്രദീപം എന്ന ഉപനിഷത് പരിഭാഷ. ആർഷജ്ഞാനത്തെ ലളിതമായ ഭാഷയിൽ പ്രകാശിപ്പിക്കുന്നത് എന്ന അർത്ഥത്തിലാണ് ഈ ഗ്രന്ഥത്തിന്റെ പേര്. ഭാരതീയ വൈദിക സാഹിത്യചരിത്രത്തിൽ 1180 ഉപനിഷത്തുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതിൽ പ്രധാനമായത് 120 എണ്ണമായും അതിൽത്തന്നെ പരമപ്രധാനമായത് ദശോപനിഷത്തുകൾ എന്നറിയപ്പെടുന്ന ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, ഐതരേയോപനിഷത്ത്, തൈത്തിരീയോപനിഷത്ത് എന്നിവയും ഗൗഡപാദകാരികയുമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. കവയിത്രിയുടെ മാതൃസഹോദരിയും പണ്ഡിതയുമായ കടലാറ്റുപുറത്തു മനയ്ക്കൽ ശ്രീദേവീ അന്തർജനം,(കെ.ബി. ശ്രീദേവി) അവരുടെ സഹോദരന്മാരായ ടി.എസ്. ഭട്ടതിരിപ്പാട്, ഡോ. ടി.എൻ.എൻ. ഭട്ടതിരിപ്പാട് എന്നിവരുടെ പ്രോത്സാഹനം ഈ ഗ്രന്ഥരചനകളെ സഹായിച്ചിട്ടുണ്ട്. കൂടാതെ അന്തർജനത്തിന്റെ കുടുംബത്തിന്റെ തന്നെ ആത്മീയഗുരുവും മാർഗദർശിയുമായ ഡോ. പി. രാമനാണ് ഇത്തരം എഴുത്തിനെ പ്രോത്സാഹിപ്പിച്ചത്. എഴുതിയ വരികളലെല്ലാം സശ്രദ്ധം വായിക്കുകയും വേണ്ട ഉപദേശങ്ങൾ തന്ന് പ്രോത്സാഹിപ്പിച്ചതും കവയിത്രി ഓർക്കുന്നുണ്ട്. സംസ്‌കൃതത്തിൽ വേണ്ടത്ര പരിജ്ഞാനമില്ലായ്മ പരിഹരിക്കാൻ ഭഗവാൻ തന്നെ അങ്ങനെ ഒരു ഗുരുവിനെ നൽകി. 2001-ലാണ് തന്റെ പ്രിയതമനായ ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിപ്പാട് ദിവംഗതനായത്. പിന്നീടുണ്ടായ ഏകാന്തതയെ ഈശ്വരോന്മുഖമായ അക്ഷരാർച്ചനയ്ക്കായി അവർ വിനിയോഗിക്കുകയായിരുന്നു. ഇപ്പോൾ അവർ അതിഗഹനമായ ദേവീ മാഹാത്മ്യത്തിന്റെ പരിഭാഷയിലാണ്. ഇതെങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാൽ ലളിതമായ മറുപടിയാണ്: “ഇതെല്ലാം ഞാൻ അങ്ങനെ ബുദ്ധികൊണ്ട് ആലോചിച്ച് കഷ്ടപ്പെട്ട് എഴുതുന്നതായി തോന്നിയിട്ടില്ല, എഴുതാനിരുന്നാൽ അതിങ്ങനെ ഒഴുകിവരികയാണ്, മനസ്സിൽ പിന്നെ മറ്റൊരു ചിന്തയും ഉണ്ടാവില്ല.” കവയിത്രിയുടെ ഈ തിരിച്ചറിവിൽ ജ്ഞാനാംശത്തിന്റെ തിളക്കമുണ്ട്. അന്തർജനം അക്ഷരങ്ങളിലൂടെ വീണ്ടും പിച്ചവെച്ചുനടക്കുകയാണ്, സാന്ദ്രാനന്ദത്തിലേയ്ക്ക്, ജ്ഞാനസാഗരത്തിലേയ്ക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates