Image of Aravally Hills
ആരവല്ലി കുന്നുകള്‍ സമകാലിക മലയാളം വാരിക

ആരവല്ലി പർവതനിരകൾ: അറിവും ആശങ്കകളും

Published on

ക്ഷക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്ന ആരവല്ലി പർവതനിരകൾ ഇന്ന് വികസന-സംരക്ഷണ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. ആരവല്ലി പർവതങ്ങളും അവയിലെ കുന്നുകളുടെ പുതിയ നിർവചനവും ഇപ്പോൾ വലിയ ചർച്ചാവിഷയമാണ്.

എന്താണ് ആരവല്ലി പർവത നിരകൾ

പർവതങ്ങൾ രൂപംകൊള്ളൂന്നത് ഭൗമശാസ്ത്ര പ്രക്രിയകളിലൂടെയാണ്. പ്രധാനമായും ഉണ്ടാകുന്നത് ഭൂഫലക ചലനവും അവയുടെ കൂട്ടിയിടിയും (orogeny) മൂലമാണ്. ഇങ്ങനെ ഉണ്ടാകുന്ന പർവതങ്ങളെ മടക്കുപർവതങ്ങൾ (fold mountains) എന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ വടക്കെ അതിർത്തിയിൽ കാണുന്ന ഹിമാലയമാണ് ഇന്ത്യയിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവതം. ഹിമാലയം രൂപപ്പെട്ടത് ഏകദേശം 50-60 ദശലക്ഷം വർഷങ്ങൾക്കു മുൻപ് (ഇയോസിൻ കാലഘട്ടത്തിൽ) ആണ്. ഇന്ത്യൻ ടെക്‌റ്റോണിക് പ്ലേറ്റ് വടക്കോട്ടു നീങ്ങി യൂറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ഈ മടക്കുപർവതനിര രൂപംകൊണ്ടത്. ഈ കൂട്ടിയിടി ഇന്നും തുടരുന്നതിനാൽ ഹിമാലയം ഇപ്പോഴും ഉയരുന്ന ഒരു സജീവ പർവതനിരയാണ്. എന്നാൽ, ആരവല്ലി പർവതനിരകൾ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കു പർവതനിരയാണ്. ഹിമാലയംപോലെ അവ സജീവം അല്ല. ‘ആരവല്ലി’ എന്നത് ‘അര’ എന്നും ‘വലി’ എന്നും രണ്ട് സംസ്‌കൃത മൂലപദങ്ങളിൽനിന്നുണ്ടായ ഒരു സംയുക്തപദമാണ്; അതിന്റെ ശബ്ദാർത്ഥം ‘ശിഖരങ്ങളുടെ നിര’ (line of peaks) എന്നാണ്. Top of Form

പ്രോട്ടറോസോയിക് കാലഘട്ടത്തിൽ (ഏകദേശം 2500-570 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്) രൂപംകൊണ്ട പർവതനിരകളാണ് ഇവ, ആരവല്ലി-ഡൽഹി ഓറോജൻ എന്ന പുരാതന പർവതനിർമാണ പ്രക്രിയയിലൂടെ ഉണ്ടായതാണ് ഈ നിരകൾ. ഇവ പിന്നീട് കോടിക്കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന അപക്ഷയവും (Weathering) മണ്ണൊലിപ്പ് (erosion) മൂലവും ആദ്യം ഉണ്ടായിരുന്ന വൻപർവതങ്ങൾ ഇപ്പോൾ താഴ്ന്ന കുന്നുകളായും പാറക്കൂട്ടങ്ങളായും മാത്രം നിലനിൽക്കുന്നു.

ഈ പർവതനിരകൾ ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്; ഏകദേശം 670 കിലോമീറ്റർ നീളത്തിൽ തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെ വ്യാപിച്ചുകിടക്കുന്ന ഈ നിര ഗുജറാത്തിലെ പാളൻപൂർ പ്രദേശത്ത് നിന്ന് ആരംഭിച്ച് രാജസ്ഥാൻ വഴി ഹരിയാന കടന്ന് ഡൽഹിവരെ നീളുന്നു. ഈ നിരകൾ നാല് സംസ്ഥാനങ്ങളിലായി ആകെ 37 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതും ഏകദേശം 1.43 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ളതാണ്. കൂടാതെ പടിഞ്ഞാറ് താർ മരുഭൂമിയും കിഴക്കുവശത്ത് ഇൻഡോ-ഗംഗാ അലൂവിയവും തമ്മിലുള്ള സ്വാഭാവിക അതിരായി പ്രവർത്തിക്കുന്ന ഒരു പ്രധാന ഭൂവിജ്ഞാന ഘടകവുമാണ്.

ആരവല്ലി പർവതനിരകളിൽ ക്വാർട്‌സൈറ്റ്, ഫില്ലൈറ്റ്, ഷിസ്റ്റു, ഗ്‌നൈസ്, മാർബിൾ തുടങ്ങിയ കായാന്തര (metamorphic) ശിലകളാണ് പ്രധാനമായി കാണപ്പെടുന്നത്. ഇവ പ്രോട്ടറോസോയിക് കാലഘട്ടത്തിലെ പുരാതന അവശിഷ്ട-ആഗ്‌നേയ ശിലകൾ ഉയർന്ന മർദവും താപനിലയും അനുഭവിച്ച് രൂപാന്തരപ്പെട്ടതാണ്. ധാതുസമ്പത്തുകളുടെ കാര്യത്തിൽ ആരവല്ലികൾ ഇന്ത്യയിലെ പ്രധാനപ്പെട്ട മേഖലകളിലൊന്നാണ്; പ്രത്യേകിച്ച് ലെഡ്‌സിങ്ക് (Pb-Zn) നിക്ഷേപങ്ങൾ പ്രശസ്തമാണ്, ഉദാഹരണമായി Zawar പ്രദേശം പുരാതനകാലം മുതൽത്തന്നെ ഖനനം നടന്ന ഒരു മേഖലയാണ്. ഇതിനു പുറമെ ചെമ്പ്, വെള്ളി, ടംഗ്സ്റ്റൺ, ഫോസ്‌ഫറൈറ്റ്, കൂടാതെ ഇന്നത്തെ സാഹചര്യത്തിൽ നിർണായകമായി കണക്കാക്കുന്ന ചില critical minerals-ഉം ഇവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആരവല്ലി ശിലകളിൽ കാണുന്ന സ്‌റ്റ്രോമാറ്റോളൈറ്റുകൾ (stromatolites) ഭൂമിയിലെ ആദിമ ഏകകോശജീവികളുടെ പ്രവർത്തനഫലമായ അവശിഷ്ടങ്ങളാണ്; ഇവ ഭൂമിയിലെ ആദ്യകാല ജീവന്റെ തെളിവുകൾ സംരക്ഷിക്കുന്ന അപൂർവ രേഖകളായി കണക്കാക്കപ്പെടുന്നു. അതിനാൽത്തന്നെ, ആരവല്ലി ശിലകൾ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലകളായി ആദ്യകാല ഭൂചരിത്രവും ജീവന്റെ ഉദ്ഭവവുമെല്ലാം സംരക്ഷിച്ചിരിക്കുന്ന ഒരു ‘ഭൗമ ആർക്കൈവ്’ എന്ന നിലയിൽ ഭൂവിജ്ഞാനപരമായി അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്നത്തെ ആരവല്ലികൾ സ്ഥിരതയുള്ള, ഭൂകമ്പപ്രവർത്തനം വളരെ കുറഞ്ഞ ഒരു ക്രാറ്റോണിക് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

എന്തുകൊണ്ട് ആരവല്ലി നിലനിൽക്കണം

ഇന്ത്യയുടെ പരിസ്ഥിതി-ഭൗമവ്യവസ്ഥയിൽ ബഹുമുഖമായ പ്രാധാന്യമുള്ള ഒരു പുരാതന പർവതനിരയാണ് ഇവ. പടിഞ്ഞാറ് താർ മരുഭൂമിയുടെ വ്യാപനം തടയുന്ന സ്വാഭാവിക ഭിത്തിയായി പ്രവർത്തിക്കുന്നതിനാൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ മരുഭൂമീകരണം (desertification) നിയന്ത്രിക്കുന്നതിൽ ആരവല്ലികൾ നിർണായക പങ്ക് വഹിക്കുന്നു. അതേസമയം, വരണ്ട-അർദ്ധവരണ്ട കാലാവസ്ഥയിലുമുള്ള വനങ്ങൾ, പുല്ലുമേഖലകൾ, പാറപ്രദേശങ്ങൾ എന്നിവ ചേർന്ന വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ സസ്യ-മൃഗജാലങ്ങളുടെ സമ്പന്നമായ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നു. വിവിധതരത്തിലുള്ള ജലസ്തരങ്ങളാലും (aquifer) പൊട്ടലുള്ള പാറകളാലും മണ്ണുകളാലും നിറഞ്ഞ ആരവല്ലി കുന്നുകൾ മഴവെള്ളം മണ്ണിനുള്ളിലേക്ക് ഊഴ്ന്നിറങ്ങുന്ന പ്രധാന ഭൂജല റീചാർജ് (groundwater recharge) മേഖലയായി പ്രവർത്തിക്കുന്നു; രാജസ്ഥാൻ, ഹരിയാന, ഡൽഹി മേഖലകളിലെ കുടിവെള്ള-കൃഷി ജലസുരക്ഷയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. ചമ്പൽ, ലൂണി, സബർമതി എന്നീ പ്രധാന നദികൾക്ക് ഉത്ഭവം നൽകുന്നതിലൂടെ പ്രദേശത്തെ നദീവ്യവസ്ഥയും ജലചക്രവും നിയന്ത്രിക്കുന്നു. കാലാവസ്ഥയുടെ നിയന്ത്രണ ശക്തിയായും പ്രാദേശിക മഴവിതരണത്തേയും കാറ്റുപ്രവാഹങ്ങളേയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ക്ലൈമറ്റ് റെഗുലേറ്ററായി ആരവല്ലികൾ പ്രവർത്തിക്കുന്നു. കൂടാതെ ലെഡ്‌സിങ്ക്, ചെമ്പ്, ഫോസ്‌ഫ്റൈറ്റ്, മാർബിൾ തുടങ്ങിയ ധാതുസമ്പത്തുകളുടെ കേന്ദ്രമായ ഒരു ‘മിനറൽ ഹബ്’ എന്ന നിലയിൽ സാമ്പത്തിക പ്രാധാന്യവും ഇവയ്ക്കുണ്ട്. ഇതെല്ലാം ചേർന്ന്, ആരവല്ലി പർവതനിരകൾ പരിസ്ഥിതി സുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സ്ഥിരത, ജൈവസംരക്ഷണം, സാമ്പത്തിക വികസനം എന്നിവ ഒരുമിച്ച് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ ഏറ്റവും നിർണായകമായ ഭൂവിജ്ഞാന-പരിസ്ഥിതി സംവിധാനങ്ങളിലൊന്നാണെന്ന് വ്യക്തമാക്കുന്നു.


പുതിയ നിർവചനം

എന്നാൽ, ഈ മേഖലയിലെ നിയമവിരുദ്ധ ഖനനം (illegal mining) ഗുരുതരമായ ഭൗമ-പരിസ്ഥിതി നാശങ്ങൾ വിതക്കാൻ തുടങ്ങി. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ പല സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നുവെങ്കിലും ആരവല്ലി മലനിരകൾക്ക് ഏകീകൃതമായ ഒരു നിർവചനമോ mining policy-യോ ഉണ്ടായിരുന്നില്ല. ഇതിനെതിരെ പൊതുതാല്പര്യ ഹർജികൾ (Public Interest Litigations - PILs) ഉയർന്നുവരാൻ തുടങ്ങി. ഇതേ തുടർന്ന്, Ministry of Environment, Forest and Climate Change (MoEFCC) ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ, ആരവല്ലി പ്രദേശങ്ങളിലെ ഖനനം, ഭൂവിഭാഗ വർഗീകരണം, പരിസ്ഥിതിനാശം എന്നിവ വിശദമായി പഠിക്കാൻ നടപടികൾ ആരംഭിച്ചു. കൂടാതെ, സുപ്രീംകോടതിയോട് അനുബന്ധമായി പ്രവർത്തിക്കുന്ന Central Empowered Committee(CEC)യെ ഈ വിഷയത്തിൽ സമഗ്രപഠനം നടത്തി ശുപാർശകൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തി. CEC, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നിയമങ്ങളും ഖനനാനുമതികളും പരിശോധിച്ച്, ‘ആരവല്ലി’ എന്നത് വെറും ഉയരമോ റവന്യൂ വർഗീകരണമോ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഭൂവിജ്ഞാന ഘടന, പരിസ്ഥിതി പ്രവർത്തനം, ജല റീചാർജ് മേഖലകൾ, വനഭൂമി, താഴ്ന്ന കുന്നുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര ഭൂദൃശ്യ ഘടകമായി നിർവചിക്കണമെന്ന് ശുപാർശ ചെയ്തു.

ബഹുമാനപ്പെട്ട പരമോന്നത കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടി, പരിസ്ഥിതി, വന, കാലാവസ്ഥാ മാറ്റ മന്ത്രാലയം (MoEFCC) രൂപീകരിച്ച പുതിയ കമ്മിറ്റി (ഡൽഹി കേന്ദ്രഭരണ പ്രദേശം, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വനവകുപ്പ് സെക്രട്ടറിമാരും കൂടാതെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, സെൻട്രൽ എംപവർഡ് കമ്മിറ്റി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളും അംഗങ്ങളായി ഉൾപ്പെട്ട കമ്മിറ്റി) ആരവല്ലി കുന്നുകൾക്കു പുതിയ നിർവചനം നൽകി. അത് ബഹുമാനപ്പെട്ട കോടതി അംഗീകരിച്ചു.

ആരവല്ലി കുന്നുകൾ (Hills)

ആരവല്ലി ജില്ലകളിൽ സ്ഥിതിചെയ്യുന്ന, പ്രാദേശിക റിലീഫിൽനിന്ന് 100 മീറ്റർ അല്ലെങ്കിൽ അതിലധികം ഉയരമുള്ള ഏതൊരു ഭൂഭാഗ രൂപവും ‘ആരവല്ലി കുന്നുകൾ (Aravalli Hills)’ എന്നായി പരിഗണിക്കപ്പെടും. ഈ ഉദ്ദേശ്യത്തിന്, പ്രാദേശിക റിലീഫ് നിർണയിക്കുന്നത് ആ ഭൂഭാഗ രൂപത്തെ ചുറ്റിപ്പറ്റുന്ന ഏറ്റവും താഴ്ന്ന കോൺടൂർ (contour) രേഖയെ അടിസ്ഥാനമാക്കിയാകും.

ഇത്തരത്തിലുള്ള ഏറ്റവും താഴ്ന്ന കോൺടൂർ രേഖയാൽ ചുറ്റപ്പെട്ട പ്രദേശത്തിനുള്ളിൽ ഉൾപ്പെടുന്ന മുഴുവൻ ഭൂഭാഗവും അതിൽ ഉൾപ്പെട്ട കുന്ന്, ബന്ധപ്പെട്ട മറ്റു ഭൂഭാഗ രൂപങ്ങൾ എല്ലാം ആരവല്ലി കുന്നുകളുടെ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുക.

Image of Aravalli Hills
ഖനനം നടക്കുന്ന ആരവല്ലി കുന്നുകളുടെ ഭാഗം. ജയ്പൂരില്‍ നിന്ന്സമകാലിക മലയാളം വാരിക

ആരവല്ലി മലനിര (Aravalli Range)

മുകളിലെ നിർവചനപ്രകാരം തരം തിരിച്ച രണ്ടോ അതിലധികമോ കുന്നുകൾ, പരസ്പരം 500 മീറ്റർ പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്നുവെങ്കിൽ, അവ മൊത്തത്തിൽ ആരവല്ലി മലനിരയായി കണക്കാക്കപ്പെടും. ഇങ്ങനെ നിർവചിച്ച പ്രകാരം, ഈ കുന്നുകളുടെ ഏറ്റവും താഴ്ന്ന കോൺടൂർ രേഖകൾക്കിടയിൽ ഉൾപ്പെടുന്ന മുഴുവൻ ഭൂഭാഗവും അതിനോടനുബന്ധിച്ചുള്ള കുന്നുകൾ, ചെറുകുന്നുകൾ (hillocks), പിന്തുണയ്ക്കുന്ന ചരിവുകൾ (supporting slopes) തുടങ്ങിയ അനുബന്ധ ഭൗമരൂപങ്ങളോടുകൂടി, ആരവല്ലി മലനിരയുടെ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

അതോടൊപ്പം കോടതി താഴെപറയുന്ന നിർദേശങ്ങളും മുന്നോട്ടുവെച്ചു 1. ഔദ്യോഗിക ടോപ്പോഷീറ്റുകളിലെ മാപ്പിംഗ്: Survey of India തയ്യാറാക്കിയ ഔദ്യോഗിക ടോപ്പോഷീറ്റുകൾ ഉപയോഗിച്ച് കുന്നുകളും മലനിരകളും വ്യക്തമായി അടയാളപ്പെടുത്തണം. ഇത് നിയമവിരുദ്ധ ഖനനം അല്ലെങ്കിൽ നിർമാണം ഒഴിവാക്കാൻ സഹായിക്കും.

2. ഗുജറാത്ത് മുതൽ ഡൽഹി വരെ നീളുന്ന ഈ പർവതനിരകളുടെ (continuous geological ridge) മേഖലയ്ക്കായി, Indian Council of Forestry Research and Education (ICFRE)-ന്റെ നേതൃത്വത്തിൽ സുസ്ഥിര ഖനനത്തിനായുള്ള മാനേജ്‌മെന്റ് പ്ലാൻ (Management Plan for Sustainable Mining - MPSM) തയ്യാറാക്കാൻ MoEF&CC-യെ ചുമതലപ്പെടുത്തി. ആ പ്ലാനിൽ താഴെപ്പറയുന്ന ഘടകങ്ങൾ നിർബന്ധമായും ഉള്‍ക്കൊള്ളിക്കണം: ആരവല്ലിയിൽ ഖനനം അനുവദിക്കാവുന്ന പ്രദേശങ്ങൾ, പരിസ്ഥിതി അതിസൂക്ഷ്മ മേഖലകൾ, സംരക്ഷണത്തിന് നിർണായകമായ പ്രദേശങ്ങൾ, പുനരുദ്ധാരണത്തിന് മുൻഗണന നൽകേണ്ട മേഖലകൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം; ഇതിൽ, ഖനനം കർശനമായി നിരോധിക്കേണ്ട മേഖലകളും അത്യപൂർവവും ശാസ്ത്രീയമായി ന്യായീകരിക്കപ്പെട്ട സാഹചര്യങ്ങളിൽ മാത്രം ഖനനം അനുവദിക്കാവുന്ന പ്രദേശങ്ങളും വ്യക്തമാക്കണം.

പ്രദേശത്തിന്റെ പരിസ്ഥിതി ആഘാതനിർണയം (cumulative environmental impacts), കൂടാതെ പരിസ്ഥിതി ഉൾകൊള്ളൽ ശേഷി (ecological carrying capacity) എന്നിവയും സമഗ്രമായി വിലയിരുത്തണം.

ഖനനാനന്തര പുനഃസ്ഥാപനവും പുനരധിവാസവും (post-mining restoration and rehabilitation) സംബന്ധിച്ച വിശദമായ നടപടിക്രമങ്ങളും നിർദേശങ്ങളും വേണം.

  1. ഖനനത്തിനായുള്ള മാനേജ്‌മെന്റ് പ്ലാൻ (MPSM) അന്തിമമായി അംഗീകരിക്കുന്നത് വരെ, പുതിയ ഖനന ലൈസൻസുകളൊന്നും അനുവദിക്കരുതെന്ന് കൂടി നിർദേശിക്കുന്നു.

ആശങ്കകൾ

പ്രധാന പൊതു ആശങ്കളായി ഉയരുന്നത് 100 മീറ്ററിനു താഴെയുള്ള കുന്നുകൾക്ക് സംരക്ഷണം നഷ്ടപ്പെടുമോ എന്നതാണ്. അതിനെക്കുറിച്ച് ഒരു വ്യക്തത ഇല്ല. ഇത്തരം കുന്നുകൾ ‘ആരവല്ലി’ നിർവചനത്തിനു പുറത്താകുന്നുവെങ്കിൽ, അവ നിയമവിരുദ്ധ ഖനനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും എളുപ്പത്തിൽ ഇരയാകാൻ സാധ്യതയുണ്ട്, കാരണം താഴ്ന്ന കുന്നുകളാണ് പല പ്രദേശങ്ങളിലും ഖനനത്തിനായി ആദ്യം ലക്ഷ്യമിടപ്പെടുന്നത്. ഈ കുന്നുകൾ നീക്കം ചെയ്യപ്പെടുന്നത് മഴവെള്ളം മണ്ണിലേക്ക് ചോർന്നു ഭൂഗർഭജലം പുനഃപൂരിപ്പിക്കുന്ന (groundwater recharge) സ്വാഭാവിക മേഖലകളെ നേരിട്ട് ബാധിക്കുകയും ഡൽഹി-എൻ.സി.ആർ മേഖലയിലെ വായു മലിനീകരണം, പൊടിക്കാറ്റുകൾ, ഹീറ്റ്‌ഐലൻഡ് രൂപീകരണം എന്നിവ രൂക്ഷമാക്കുകയും ചെയ്യുമെന്ന് ആശങ്കപ്പെടുന്നു. അതോടൊപ്പം ആരവല്ലികൾ താർ മരുഭൂമിയേയും കിഴക്കിലുള്ള ഇൻഡോ-ഗംഗാ അലൂവിയം പ്രദേശത്തേയും വേർതിരിക്കുന്ന ഒരു സ്വാഭാവിക ഭിത്തിയായതിനാൽ, താഴ്ന്ന കുന്നുകളുടെ നാശം മരുഭൂമീകരണം കിഴക്കോട്ട് നീങ്ങുന്നതിനും അലൂവിയൽ (alluvial) പ്രദേശങ്ങളിലെ മണ്ണിന്റെ സ്ഥിരത, ജലലഭ്യത, കൃഷി ഉല്പാദനക്ഷമത എന്നിവയെ പൊതുവായി ബാധിക്കുന്നതിനും ഇടയാക്കുമെന്നതാണ് പൊതുജനങ്ങളുടെ ഗൗരവമായ ആശങ്ക.

എന്നാൽ, സെൻട്രൽ എംപവർ കമ്മിറ്റിയുടെ ശാസ്ത്രീയ കണ്ടെത്തലുകൾ സുപ്രീംകോടതി അംഗീകരിച്ചതോടെ, 100 മീറ്ററിലധികം പ്രാദേശിക ഉയർച്ചയുള്ള കുന്നുകളും 500 മീറ്റർ സമീപമുള്ള കുന്നുനിരകളുടേയും സമഗ്ര സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും എന്ന് റിപ്പോർട്ടിൽ ഉറപ്പുനൽകുന്നു. സംരക്ഷിത പ്രദേശങ്ങൾ, ഇക്കോ-സെൻസിറ്റീവ് സോണുകൾ, ടൈഗർ റിസർവുകൾ, വെറ്റ്ലാൻഡുകൾ, CAMPA തോട്ടങ്ങൾ എന്നിവയിൽ ഖനനം പൂർണമായി നിരോധിച്ചിരിക്കുമ്പോൾ, MPSM തയ്യാറാകുന്നതുവരെ പുതിയ ഖനന ലൈസൻസുകൾക്ക് പൂർണ വിലക്കും നിലവിലെ ഖനനങ്ങൾക്ക് കർശന പരിസ്ഥിതി-വന അനുമതിയും നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രോൺ-CCTV നിരീക്ഷണം, ജില്ലാ ടാസ്‌ക് ഫോഴ്‌സുകൾ, കൂടാതെ ICFRE തയ്യാറാക്കുന്ന ലാൻഡ്സ്‌കേപ്പ്-തല സുസ്ഥിര ഖനന പദ്ധതി എന്നിവ ചേർന്ന്, പരിസ്ഥിതി ആഘാത പഠനം നടത്തി ഖനനം, പുനരുദ്ധാരണം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ എന്നിവ ഉറപ്പാക്കുകയും ചെയ്യും എന്നു പറയുന്നു.

പുതിയ റിപ്പോർട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്. “ഇന്ത്യയുടെ നിലപാട് വ്യക്തമാണ്-ആരവല്ലി പർവതനിരകൾ നിലവിലെ തലമുറക്കും ഭാവി തലമുറകൾക്കും വേണ്ടി സംരക്ഷിക്കപ്പെടണം, അതേസമയം സംരക്ഷണവും ഉത്തരവാദിതവമുള്ള വികസനവും തമ്മിൽ സമതുലിതമായ സമീപനം ഉറപ്പാക്കുകയും വേണം.”

എന്നാൽ, ഇതെല്ലാം രേഖകളിലും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങാതെ, സുസ്ഥിരവും ശാസ്ത്രീയവുമായ രീതിയിൽ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് ഇപ്പോൾ വേണ്ടത്. അതാണ് പൊതുജനം ആഗ്രഹിക്കുന്നതും ആരവല്ലികളുടെ ഭാവി നിർണയിക്കുന്നതുമായ യഥാർത്ഥ പരീക്ഷണവും. പൊതുജനങ്ങളിൽ ഉയരുന്ന മറ്റൊരു ഗൗരവമായ ആശങ്ക, കുന്നുകളുടെ ഉയരവും ജിയോമോർഫോളജിയും മാത്രം അടിസ്ഥാനമാക്കിയുള്ള ഇത്തരമൊരു നിർവചനം ഭാവിയിൽ മറ്റ് പരിസ്ഥിതി-സൂക്ഷ്മ പർവതനിരകൾക്കും പ്രയോഗിക്കപ്പെടുമോ എന്നതാണ്. പ്രത്യേകിച്ച് പശ്ചിമഘട്ടങ്ങൾ പോലുള്ള അത്യന്തം പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിൽ, ഉയരം കുറഞ്ഞ ചരിവുകളും പീഠഭൂമികളും ചെറുകുന്നുകളും വലിയ പരിസ്ഥിതി-ജലശാസ്ത്ര പങ്ക് വഹിക്കുന്നവയാണ്. കുന്നുകളും പർവതനിരകളും സംരക്ഷിച്ചുകൊണ്ട് സുസ്ഥിര വികസനം ഉറപ്പാക്കാൻ, പരിസ്ഥിതിക്ക് ഏറ്റവും കുറഞ്ഞ നാശം ഉണ്ടാക്കുന്ന ഉയർന്ന സാങ്കേതികവിദ്യയിലുള്ള ഖനന രീതികൾ മാത്രം അനുവദിക്കുന്ന വ്യക്തമായ ഒരു നയം അനിവാര്യമാണ്. ഭൂദൃശ്യ-തലത്തിലുള്ള ശാസ്ത്രീയ വിലയിരുത്തൽ, കർശനമായ നിരീക്ഷണം, നിർബന്ധിത പുനഃസ്ഥാപനം, പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം എന്നിവയിലൂടെ മാത്രമേ വിഭവ ഉപയോഗവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സമതുലനം സാധ്യമാകൂ.

-----

(കേരള സർവകലാശാല ജിയോളജി വിഭാഗം പ്രൊഫസർ ആണ് ലേഖകൻ, അഭിപ്രായം വ്യക്തിപരം)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com