ശ്രീനിവാസന്‍: ജീവിതത്തിന്റെ കഥാഭൂമിക
തട്ടാൻ ഭാസ്‌കരൻ ശ്രമിച്ചത് മലയാളികളുടെ മനസ്സെടുത്ത് ഉരുക്കി പൊന്നാക്കി തിരിച്ചുതരാനാണ്. ചിലത് പൊന്നായിട്ടുണ്ടാകാം, എല്ലാമാകുകയില്ലതാനും. പക്ഷേ, ആ മനസ്സുകളത്രയും ഒരേ മനസ്സായി ഉരുകിക്കൊണ്ട് ശ്രീനിവാസന് സ്‌നേഹയാത്ര നൽകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. നമ്മൾ ആരൊക്കെ, എന്തൊക്കെയായി മാറിപ്പോയിട്ടും ശ്രീനിവാസനോടുള്ള ഇഷ്ടത്തിൽ ഒട്ടും മാറിപ്പോയില്ല. ഭാഗ്യവാനാണ് ശ്രീനിവാസൻ.
അക്ഷരങ്ങൾകൊണ്ട് ചിന്തിപ്പിക്കുകയും അഭിനയംകൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്‌തൊരാൾ. സമ്മാനിച്ചത് വെറും സിനിമകളല്ല, ജീവിതപാഠങ്ങളാണല്ലോ. ചിരിപ്പിച്ചും ചിന്തകളിൽ തീ കോരിയിട്ടും ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് നയിച്ചു. മലയാളിയുടെ ഉള്ളിലെ ഓരോ വേദനകളും പ്രതിഫലിപ്പിച്ചു. അശോക് രാജിനെ കാണാൻ സ്‌കൂളിലേക്കു പോകാൻ ഇറങ്ങുമ്പോൾ അച്ഛനോടു പറഞ്ഞിട്ടു പോകാൻ മടിക്കുന്ന മക്കളോടു ദേഷ്യപ്പെടാതെ, ചുണ്ടിന്റെ കോണുകൊണ്ടു മാത്രം ഒരു നിമിഷമൊന്നു ചിരിക്കുന്ന ബാർബർ ബാലന്റെ ചിരി ചിരിക്കാൻ പഠിപ്പിച്ചു. സമൂഹത്തിന്റെ നേർക്കാഴ്ചകളെ പരിഹാസത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചത്. ഓരോ കഥയും കഥാപാത്രങ്ങളും നമ്മുടെ സാമൂഹിക പരിസരങ്ങളിൽനിന്ന്. അതുകൊണ്ടുതന്നെ അവ ജീവിതത്തിന്റെ ആഴമുള്ള നിരീക്ഷണങ്ങൾകൊണ്ടും സത്യസന്ധമായ അവതരണംകൊണ്ടും വേറിട്ടുനിന്നു, എല്ലാക്കാലത്തേക്കും. 1970 മുതൽ 1990 വരെയുള്ള കാലഘട്ടത്തിലെ ശ്രീനിവാസൻ സിനിമകൾ, ആ കാലത്തു ജീവിച്ചവർക്കു വിരസമാകുമായിരുന്ന ഒരു കാലത്തെ രസകരമാക്കി മാറ്റി. അതുകഴിഞ്ഞും ആ സിനിമകൾ എന്നും കണ്ടുകൊണ്ടേയിരിക്കുന്നു.
തിരക്കഥാകൃത്തെന്ന നിലയിൽ 1980-കളിലും 1990-കളിലും മലയാള സിനിമയിൽ റിയലിസ്റ്റിക് കഥാപാത്രങ്ങൾ, നർമം നിറഞ്ഞ സംഭാഷണങ്ങൾ, സമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശ്രീനിവാസൻ ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. മദ്ധ്യവർഗ ജീവിതം, കാപട്യം, രാഷ്ട്രീയം, മനുഷ്യബന്ധങ്ങൾ നർമവും ആക്ഷേപഹാസ്യവും വച്ച് അദ്ദേഹം തിരക്കഥകൾ എഴുതി. മൂർച്ചയുള്ള എഴുത്ത്, സ്വാഭാവിക അഭിനയശൈലി, ജീവിക്കുന്ന കാലത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ എന്നിവ ചേർന്നുവരുന്നത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതകളായി. അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയുടെ കലാപരവും ബൗദ്ധികവുമായ സമ്പന്നതയുടെ മുഖമായാണ് അതുവഴി ശ്രീനിവാസൻ മാറിയത്. നടനെന്ന നിലയിൽ കഥാപാത്രങ്ങളെ അസാധാരണ മികവോടെ സുപരിചിത മനുഷ്യരാക്കി മാറ്റി. അത് ചിലപ്പോൾ ഹാസ്യാത്മകമായി, മറ്റു ചിലപ്പോൾ ആഴത്തിലുള്ള വൈകാരിക അതിശയോക്തി കലർന്ന നാടകീയതയ്ക്ക് പകരം സൂക്ഷ്മമായ മനുഷ്യാവസ്ഥയായി. സിനിമയ്ക്കപ്പുറം സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിൽ ചിലപ്പോൾ പ്രശംസകളും മറ്റു ചിലപ്പോൾ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. യഥാർത്ഥ ശ്രീനിവാസനിൽനിന്ന് ഉയർന്നുവരുന്ന പുതിയൊരു ശ്രീനിവാസൻ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് നേരെ പിടിച്ച ഒരു കണ്ണാടിയായി മാറി.
പൊളിറ്റിക്കൽ അല്ലാത്ത കറക്‌റ്റ്നെസ്സ്
സിനിമയേയും രാഷ്ട്രീയത്തേയും തുല്യപ്രധാന്യത്തോടെ കാണുന്ന ആരാധകരുള്ള ഒരു സംസ്ഥാനത്ത് ശ്രീനിവാസൻ വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാടിലൂടെ ഒരു തലമുറയെ ആകർഷിച്ചു. മൂർച്ചയുള്ള രാഷ്ട്രീയ വ്യാഖ്യാനങ്ങളും അവിസ്മരണീയ കഥാപാത്രങ്ങളും സൃഷ്ടിച്ചുകൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ സവിശേഷ സ്ഥാനം നേടി. അദ്ദേഹം എഴുതിയതും അവതരിപ്പിച്ചതുമായ കഥാപാത്രങ്ങളും കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചവയാണ്. വർഷങ്ങൾക്കു ശേഷവും ചിരിപ്പിക്കാനും തുടർചിന്തകൾക്കുമുള്ള ആ കഥാപാത്രങ്ങളുടെ കഴിവ് കാലത്തിന് മായ്ക്കാൻ കഴിയാതെ ഇന്നും നിലനിൽക്കുന്നു. ഗ്ലാമർ അല്ലാത്ത യഥാർത്ഥ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നതിലാണ് അദ്ദേഹത്തിന്റെ പ്രതിഭ. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽനിന്ന് നർമം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവ് ശ്രീനിവാസനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നു.
ലളിതമായ നിലയിൽ കഥകൾ പറഞ്ഞുകൊണ്ട് മലയാള സിനിമയ്ക്ക് പുതിയൊരു മാനം ശ്രീനിവാസൻ സൃഷ്ടിക്കപ്പെട്ടു. 1980-1990 കാലങ്ങളിലെ ശ്രീനിവാസൻ തിരക്കഥകളിൽ സമൂഹത്തിന്റെ സ്വാധീനം വിശദമാക്കുന്നതിൽ അദ്ദേഹം നടത്തിയ ധീരമായ പരിശ്രമങ്ങളാണ്. എഴുത്തുകാരനായ ശ്രീനിവാസന്റെ പ്രധാന ആകർഷണം എപ്പോഴും നർമമാണ് സാമൂഹിക വിഷയങ്ങൾ അദ്ദേഹത്തിന്റ സിനിമകളിലെ ആവർത്തിക്കപ്പെട്ട പ്രമേയങ്ങളാണെങ്കിലും അവ പ്രധാനമായും നേരായ കോമഡികളായിരുന്നു. ശ്രീനിവാസന്റെ പാരമ്പര്യത്തെ രൂപപ്പെടുത്തിയ സിനിമകളിലേക്കും രാഷ്ട്രീയ ആക്ഷേപഹാസ്യം, സാമൂഹിക വിമർശനം മുതൽ കാലാതീതമായ കോമിക് പങ്കാളിത്തങ്ങൾ വരെയുള്ള സിനിമകളെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുന്ന ഒരാൾക്ക് അദ്ദേഹത്തിന്റെ എഴുത്തും കഥാപാത്രപ്രകടനങ്ങളും മലയാള സിനിമയെ എങ്ങനെ മാറ്റിമറിച്ചു എന്ന് കണ്ടെത്താനാകും. കൃത്യനിഷ്ഠയുള്ള നടൻ, ആക്ഷേപഹാസ്യത്തിന്റെ സമാനതകളില്ലാത്ത തിരക്കഥാകൃത്ത്, കാഴ്‌ചകളെക്കാൾ ആത്മാർത്ഥത പിന്തുടരുന്ന ചലച്ചിത്രകാരൻ എന്നീ നിലകളിൽ ശ്രീനിവാസൻ കാപട്യം, അരക്ഷിതാവസ്ഥ, രാഷ്ട്രീയ അസംബന്ധം എന്നിവ തുറന്നുകാട്ടുന്ന കഥാപാത്രങ്ങളെ നിരന്തരം സൃഷ്ടിച്ചു. മലയാള സിനിമകളിൽ തിരക്കഥാകൃത്തുകളുടെ പേരുകൾ പറയുമ്പോൾ അതിൽ പലപ്പോഴും ശ്രീനിവാസനെ ഉൾപ്പെടുത്തി കാണാറില്ല. നർമത്തിനപ്പുറം ചിത്രങ്ങളുടെ ഘടന സംഭാഷണം ഇവയിലൊക്കെ ഗവേഷണം നടത്താനുള്ള വസ്തുതകൾ അദ്ദേഹത്തിന്റെ തിരക്കഥയിലുണ്ട്. ആക്ഷേപഹാസ്യത്തിലൂന്നിയ സാമൂഹിക വ്യാഖ്യാനം അദ്ദേഹത്തിന്റെ രചനകളുടെ മാത്രം സവിശേഷതയായി കാണാൻ കഴിയും. ‘സന്ദേശം’, ‘നാടോടിക്കാറ്റ്’ തുടങ്ങിയ തിരക്കഥകൾ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. ഗൗരവമേറിയ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ആക്ഷേപഹാസ്യത്തിന്റെ രീതിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ഏറെ വിജയിച്ചു. സാധാരണ മലയാളിയെ ഇത്ര ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു തിരക്കഥാകൃത്ത് ഒരുപക്ഷേ, മലയാളത്തിൽ ഉണ്ടാവില്ല.
നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ തന്റെ കരിയറിൽ സ്വാഭാവികമായും നിസ്സാരവുമായ പ്രകടനങ്ങൾക്കും യഥാർത്ഥ്യ ബോധമുള്ളതും പലപ്പോഴും ദൈനംദിന കാപട്യങ്ങളും ദുഷിച്ച വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങളും എടുത്തുകാണിക്കുന്ന തരത്തിലുള്ള ഒരു എഴുത്തിന്റെ ശൈലി ശ്രീനിവാസൻ എക്കാലവും പിന്തുടർന്നു. നർമവും വൈകാരിക ആഴങ്ങളും സുഗമമായി സംയോജിപ്പിച്ച് വൈവിദ്ധ്യമുള്ള കഥാപാത്ര പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തു. പ്രധാന വേഷങ്ങളിലായാലും സഹനടനായാലും അദ്ദേഹം ആധികാരികതയും ബുദ്ധിശക്തിയും തിരശ്ശീലയില്‍ പ്രകടമാക്കിക്കൊണ്ട് അത് തികച്ചും യാഥാർത്ഥ്യബോധമുള്ള പ്രകടനങ്ങളായിരുന്നു. ഒരു നടൻ എന്ന നിലയിൽ സാധാരണ മനുഷ്യരെ അസാധാരണമായ വിധത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ചു. അവ മിക്കപ്പോഴും വികലവും നമുക്ക് ഏറെ പരിചയമുള്ള കഥാപാത്രങ്ങളാകും. അതിശയോക്തികലർന്ന നാടകീയതയ്ക്ക് പകരം സൂക്ഷ്മമായ ആവിഷ്‌കാരങ്ങളും യാഥാർത്ഥ്യബോധമുള്ള സംഭാഷണങ്ങളുമാണ് ശ്രീനിവാസന്റെ പ്രകടനങ്ങളെ അത്രകണ്ട് അടയാളപ്പെടുത്തുന്നത്. ‘വടക്കുനോക്കിയന്ത്രം’, ‘നെറ്റിപ്പട്ടം’, ‘അക്കരെയക്കരെയക്കരെ’, ‘കഥ പറയുമ്പോൾ’, ‘ഔട്ട് സൈഡർ’, ‘ആത്മകഥ’ എന്നീ സിനിമകൾ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ വ്യാപ്തിയും വൈകാരിക ആഴവും എടുത്തുകാണിക്കുന്ന സിനിമകളാണ്. ഇതിൽ ‘ഔട്ട് സൈഡർ’, ‘ആത്മകഥ’ എന്നീ സിനിമകളിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
1970-കളുടെ അവസാനത്തിൽ അഭിനയം തുടങ്ങിയ ശ്രീനിവാസന്റെ അഭിനയകഴിവുകൾ ഒരു നടനെന്ന നിലയിൽ മറികടക്കാൻ കഴിയാത്തതാണ്. 1980-കളുടെ മധ്യം മുതൽ 1990-ന്റെ ആരംഭം വരെ എഴുതിയ മിക്ക സിനിമകളിലും ശ്രീനിവാസൻ സ്വയം വേഷങ്ങൾ എഴുതി അവയില്‍ എളുപ്പത്തിൽ അഭിനയിച്ചു. 1990-കളുടെ അവസാനത്തിൽ അഭിനയശേഷി മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചതായി കാണാം. അക്കാലത്ത് അദ്ദേഹം അഭിനയിച്ച ഏറ്റവും പ്രധാനപ്പെട്ട വേഷമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ‘മേഘം’ (1999). അതിൽ ഒരു ഗ്രാമീണ പെൺകുട്ടിയെ പ്രണയിക്കുന്ന ഒരു പ്രാദേശിക തിയേറ്റർ ഉടമയായ ഷണ്‍മുഖം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇടയ്‌ക്കൊക്കെ സഹതാപം ഉണർത്തുകയും ചെയ്തു. 1990-ലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രമായി അഭിനയിച്ച ‘ചിന്താവിഷ്ടയായ ശ്യാമള’ (1998). ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടുന്ന വിവാഹിതനും രണ്ട് പെൺകുട്ടികളുടെ പിതാവുമായ വിജയനെ കേരളം എങ്ങനെ മറക്കാൻ.
2000-ത്തിൽ വീണ്ടും തിരക്കഥ എഴുതാനും അഭിനയിക്കാനും തുടങ്ങി. ഈ കാലത്ത് അവതരിപ്പിച്ച പ്രധാന വേഷങ്ങളിലൊന്നാണ് ‘ഉദയനാണ് താരം’ (2005). തന്റെ സുഹൃത്തിന്റെ തിരക്കഥ മോഷ്ടിക്കുകയും പിന്നീട് മോഷ്ടിക്കപ്പെട്ട തിരക്കഥയുടെ സിനിമയിൽ അഭിനയിച്ച് സൂപ്പർസ്റ്റാറായി മാറുന്നു ഇതിലെ ശ്രീനിവാസൻ കഥാപാത്രം. സംവിധായകനായ സുഹൃത്തും സൂപ്പർസ്റ്റാറായ നടനും തമ്മിലുള്ള മത്സരം ഉടലെടുത്ത് അതിന്റെ പാരമ്യത്തിലെത്തുന്നു. ഒരു മലയാളസിനിമയ്ക്കുവേണ്ടി എഴുതിയ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണിത്. സ്വയം പരിഹസിക്കുകയും അപമാനിക്കുന്ന തരത്തിൽ നർമം കലർത്തി മലയാള സിനിമാമേഖലയിലെ സംഭവങ്ങളെക്കുറിച്ച് ഒരു കഥ മധുരം ചേർക്കാതെ അഭിനയിച്ചു തകർക്കുകയും ചെയ്തു. ‘അഴകിയ രാവണൻ’, ‘അയാൾ കഥയെഴുതുകയാണ്’, ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’, ‘ഞാൻ പ്രകാശൻ’ എന്നിവയാണ് 1990-കളുടെ മധ്യത്തിലും അതിനുശേഷം ബഹുമതിക്കർഹമായ മറ്റു സിനിമകൾ.
പ്രതിഭയാണ് സത്യം
ശ്രീനിവാസനെ എപ്പോഴും ഒരു ഹാസ്യനടൻ എന്ന ലേബലിൽ ഒതുക്കിനിർത്തുക എന്നതാണ് പതിവ്. പക്ഷേ, അദ്ദേഹത്തിന്റെ സിനിമകളിൽ നായകന്റെ സൈഡ് കിക്ക് മുതൽ പ്രേക്ഷകരെ കണ്ണീരിലാഴ്‌ത്തുന്ന വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നവർ പലരും ബോധപൂർവം മറന്നുകളയുന്നു. ഇത്തരം സിനിമകളിൽ അദ്ദേഹം ചിരിപ്പിച്ചുകൊണ്ട് അവസാനം പ്രേക്ഷകരുടെ കണ്ണ് നനയിക്കും. ‘വടക്കുനോക്കി യന്ത്ര’ത്തിൽ ദിനേശനെ ആദ്യം കണ്ടുമുട്ടുമ്പോൾ മുഖത്ത് പൗഡർ തേച്ച് വെളുത്തനിറം വരുത്തുന്ന ഒരാളായിട്ടാണ് പ്രേക്ഷകർ കണ്ടുതുടങ്ങുക. ഭാര്യയെ ആകർഷിക്കാൻ തമാശകൾ പറയാൻ ശ്രമിക്കുന്ന അമ്മയുടെ കൺവെട്ടത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ കാട്ടിക്കൂട്ടലുകൾ, ഭാര്യയുടെ ഹൃദയത്തിൽ ഇടംനേടാൻ അദ്ദേഹത്തിന്റെ നിരവധി തന്ത്രങ്ങൾ ഇതൊക്കെയാണ് സിനിമയുടെ നല്ലൊരു ഭാഗവും. എന്നാൽ, ദിനേശന്റെ പ്രവൃത്തികൾ നിയന്ത്രണാതീതമാകുമ്പോൾ ചിത്രം കൂടുതൽ ഇരുണ്ടതാകും. ശ്രീനിവാസന്റെ സ്വന്തം രൂപഭാവത്തെ അടിസ്ഥാനമാക്കിയാണ് ദിനേശനെ സൃഷ്ടിച്ചിരിക്കുന്നത്. അവിടെ ഒരാളുടെ ശാരീരികാവസ്ഥകളെക്കുറിച്ചുള്ള തമാശകൾ വന്നുകൊണ്ടേയിരിക്കും. ആ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ച ശ്രീനിവാസൻ തന്റെ ദുർബലതകൾ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തുകൊണ്ട് ആ കഥാപാത്രത്തിന്റെ അന്തസ്സ് നിലനിർത്തുന്നു. മലയാള സിനിമ കണ്ട ഏറ്റവും നല്ല തിരക്കഥകളിൽ ഒന്നാണ് ‘വടക്കുനോക്കിയന്ത്രം’. ഈ ചിത്രം ആദ്യകാഴ്ചയിൽ ഒരു കോമഡി സിനിമയാണെന്ന് തോന്നുമെങ്കിലും വീണ്ടും വീണ്ടുമുള്ള കാഴ്ചകളിൽ ഒരു പാവം മനുഷ്യന്റെ അധ:പതനത്തിന്റെ ഫലവത്തായ ചിത്രീകരണം എന്ന രീതിയിൽ ഒരു ട്രാജഡി സിനിമയായി മാറും. മലയാളത്തിലെ മികച്ച ക്ലാസ്സിക്കുകളിൽ ഒന്ന്. ശ്രീനിവാസനെക്കാൾ നന്നായി തളത്തിൽ ദിനേശനെ മറ്റാർക്കും അവതരിപ്പിക്കാനാവില്ല. അമിതചിന്ത, അത് സൃഷ്ടിക്കുന്ന ഉൽക്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നമ്മൾ മുഖ്യധാരയിൽനിന്ന് അംഗീകരിച്ചുതുടങ്ങുന്നതിനു മുൻപ് ശ്രീനിവാസനത് സിനിമയ്ക്ക് വിഷയമാക്കി. നായകനും നായികയും ഒന്നിക്കുന്ന ക്ലീഷേ ക്ലൈമാക്‌സിൽനിന്ന് വ്യത്യസ്തമായി കാണികൾ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സിൽ പടം അവസാനിപ്പിക്കുമ്പോൾ കയ്യടി ശ്രീനിവാസന്റെ ബ്രില്ലിയൻസിനാണ്.
‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിൽ ശ്രീനിവാസൻ അഭിനയിച്ച തട്ടാൻ ഭാസ്‌കരൻ എന്ന കഥാപാത്രത്തെ കാമുകി ചതിച്ച് ഉപേക്ഷിക്കുമ്പോൾ സ്വാഭാവികമായും ചതിക്കപ്പെട്ട ഒരാളോട് നമുക്ക് സഹതാപം തോന്നും. പ്രേക്ഷകരുടെ സഹതാപം അർഹിക്കുന്ന തരത്തിൽ അയാളത്ര നിഷ്‌കളങ്കനല്ല എന്നറിയുന്നത് കഥാന്ത്യത്തിലാണ്. ശ്രീനിവാസൻ ഇത്തരം കഥാപാത്രങ്ങൾക്ക് യാഥാർത്ഥ്യം പകർന്നു നൽകി അവരെ ചെറിയ ചെറിയ പിഴവുള്ളവരും വിശ്വസനീയരും ആകർഷകരുമാക്കി. മധുരപ്രതികാരം ഇത്ര ഹാസ്യരൂപേണ പറഞ്ഞ മറ്റൊരു സിനിമ കാണില്ല. എപ്പോൾ കണ്ടാലും മടുപ്പ് തോന്നാത്ത ഒന്ന്. എല്ലാ കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ളവർ. വെളുത്തു തുടുത്ത നായകന്മാർ അരങ്ങുവാഴുന്ന മലയാള സിനിമയിൽ അതൊക്കെ പൊളിച്ചെഴുതിയാണ് തട്ടാൻ ഭാസ്‌കരൻ ഏറ്റവും മനോഹരമായി പ്രണയിച്ചത്.
നായകന്റെ സഹായിയായി അഭിനയിക്കുമ്പോൾ ഒരിക്കലും ശ്രീനിവാസന് പ്രവചനാതീതമായ ഒരു കഥാപാത്രമാകാൻ കഴിയില്ല. ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെപ്പോലെ ആഡംബരവും ഇരട്ട സ്വഭാവവുമുള്ള ഒരു സുഹൃത്തോ അല്ലെങ്കിൽ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലെപ്പോലെ അസൂയയും സംഘർഷവും നിറഞ്ഞ ഒരു സുഹൃത്തോ അതുമല്ലെങ്കിൽ ‘മിഥുന’ത്തിലെ ബോസിന്റെ സഹോദരിയുമായി ഒളിച്ചോടുന്ന ഏറ്റവും വിശ്വസ്തനായ ജീവനക്കാരനുമായോ. ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ സൂപ്പർസ്റ്റാറിന്റെ ബാല്യകാല സുഹൃത്താണ് താനെന്ന് ആളുകൾ അറിയുമ്പോൾ പ്രശസ്തിയിലേക്കുയരുന്ന ബാർബർ ബാലനുമായോ ശ്രീനിവാസൻ പല രൂപഭാവങ്ങളോടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സ്റ്റീരിയോടൈപ്പ് വേഷങ്ങളിൽ സ്വയം ഒതുങ്ങാൻ വിസമ്മതിച്ചുകൊണ്ട് കാലത്തിനനുസൃതമായി വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മുന്നിലെത്തി. പൊതുവായ ഉദാരമനസ്‌കത ഉണ്ടായിട്ടുപോലും പലപ്പോഴും ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിലെപ്പോലെ നെഗറ്റീവ് ഷേഡുള്ള വേഷങ്ങളും അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ വില്ലൻമാർപോലും മികച്ചവരായിരുന്നു. മരുത്, അപ്പക്കാള, കാരക്കൂട്ടിൽ ദാസൻ - വെറുപ്പിന് പകരം പ്രേക്ഷകരിൽ സഹതാപം ഉണർത്തുന്ന വില്ലൻമാർ. ബുദ്ധിയും സർഗാത്മകതയും കഴിവുകളും ശാരീരിക ഗുണങ്ങൾക്ക് മുകളിലാണെന്ന് കഥാപാത്ര സൃഷ്ടികളിലൂടെ ഓർമിപ്പിക്കുന്നു.
പാവം പാവമൊരു മനുഷ്യൻ
മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ ധാരണകളും ആളുകളുടെ ദൈനംദിന പെരുമാറ്റങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. ‘സന്ദേശം’ എന്ന സിനിമ ഇറങ്ങിയിട്ട് ഏകദേശം 35 വർഷമാകുന്നു. ഈ സിനിമ കേരളീയ രാഷ്ട്രീയ ജീവിതസാഹചര്യങ്ങൾക്കു മുൻപിൽ പകരംവെയ്ക്കാനില്ലാതെ ഇന്നും നിലനിൽക്കുന്നു. ചില സിനിമകൾ അങ്ങനെയാണ്. മനുഷ്യർ ഉള്ളിടത്തോളം കാലം അതിന്റെ ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടില്ല. കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാർട്ടികളുടെ കാപട്യത്തെ ഈ ചിത്രം കീറിമുറിക്കുന്നു. പ്രത്യയശാസ്ത്രപരമായ ബോധമില്ലാത്തവർ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ഉണ്ടാകാവുന്ന അപകടമാണ് ‘സന്ദേശം’ എന്ന സിനിമയിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ശ്രീനിവാസൻ എഴുതിയതിൽനിന്നും ഒരടിപോലും കേരള രാഷ്ട്രീയം മുന്നോട്ടുപോയിട്ടില്ലെന്ന് ഓരോ തെരഞ്ഞെടുപ്പും അതുകഴിഞ്ഞുള്ള അവലോകനങ്ങളും നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ശ്രീനിവാസന്റെ രണ്ടാമത് സംവിധാനം ചെയ്ത ചിത്രമാണ് ‘ചിന്താവിഷ്ടയായ ശ്യാമള’. എല്ലാ ഒഴിവുകഴിവുകളും ഉപയോഗിച്ച് ജോലിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന മടിയനായ ഭർത്താവ് നമുക്ക് നിത്യജീവിതത്തിൽ അത്രയൊന്നും അപരിചിതനായൊരാളല്ല. യഥാർത്ഥ ലോകത്തിലെ പ്രശ്‌നങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാതിരിക്കാൻ ആത്മീയതയിലേക്ക് തിരിയുന്നവരെ പരിഹസിക്കുന്നു. ഇതിൽ അതിശക്തയായ സ്ത്രീയാണ് ഇതിലെ നായിക ശ്യാമള. തന്റെ ജീവിതസാഹചര്യങ്ങളിലെ പ്രതിസന്ധികളെ അന്തസ്സോടെ ആത്മാഭിമാനത്തോടെ കൈകാര്യം ചെയ്യുന്നു. വിജയനും ശ്യാമളയ്ക്കും തുല്യപ്രാധാന്യമാണ് ഈ സിനിമയിൽ.
ശ്രീനിവാസന്റെ തിരക്കഥയിൽ അധികമാരും ചർച്ച ചെയ്യാത്ത ഒരു സിനിമയാണ് ‘ഭാർഗവ ചരിതം മൂന്നാം ഖണ്ഡം’. ഒരു കുറ്റവാളിയുടെ മനസ്സ് നർമത്തിലൂടെ ഇത്രയും മനോഹരമായി അവതരിപ്പിക്കപ്പെട്ട വേറൊരു സിനിമ ഉണ്ടാകില്ല. എനിക്കേറെ അത്ഭുതം തോന്നിയ പ്രകടനം മഹാപ്രതിഭയായ അരവിന്ദന്റെ ചിദംബരത്തിൽ മുനിയാണ്ടിയുടെ വേഷമാണ്. നിഷ്‌കളങ്കനായ ഒരു കഥാപാത്രം. അക്ഷരാർത്ഥത്തിൽ ശ്രീനിവാസൻ മുനിയാണ്ടിയായി ജീവിക്കുകയായിരുന്നു. ഒരുവേള കാണുന്ന കാഴ്ചക്കാരനെ ഭയപ്പെടുത്തുന്ന തരത്തിലുള്ള നിഷ്‌കളങ്കതയോടെ. ഒരു ജോലിക്കാരൻ എന്നതിനെക്കാൾ അടിയാളൻ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പാത്രസൃഷ്ടി.
മലയാള സിനിമയിലെ സൗന്ദര്യസങ്കല്പങ്ങളേയും അഹങ്കാരങ്ങളേയും തന്റെ ലളിതമായ സാന്നിധ്യത്താൽ തിരുത്തിക്കുറിച്ചു. വെറുമൊരു നടൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യസ്‌നേഹിയായി പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചു. ആഡംബരങ്ങളുടെ പൊങ്ങച്ചങ്ങൾ കാണിക്കാതെ സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങളും വേദനയും തന്റെ എഴുത്തിലൂടെ പങ്കുവെച്ചു ബാഹ്യസൗന്ദര്യത്തെക്കാൾ മനസ്സിന്റേയും നിലപാടിന്റേയും സൗന്ദര്യമാണ് ഒരു കലാകാരന് വേണ്ടതെന്ന് തന്റെ പാത്രസൃഷ്ടികളിലൂടെ തെളിയിച്ചുകൊണ്ടേയിരുന്നു. രാഷ്ട്രീയ സിനിമകൾക്ക് ആളും അർത്ഥവും നൽകി, താനെഴുതിയ സിനിമകളിൽ നായകനും വില്ലനും വിദൂഷകനുമൊക്കെ ഒരാൾ തന്നെയായിരുന്നു സാഹിത്യത്തിൽ വി.കെ.എന്നും കുഞ്ചൻനമ്പ്യാരും ബഷീറും പിന്തുടർന്നു പോന്നത് സിനിമയിൽ ശ്രീനിവാസനും തുടർന്നു. എം.ടി. വാസുദേവൻ നായർ, തോപ്പിൽ ഭാസി, കെ.ജി. ജോർജ്, പി. പത്മരാജൻ, അടൂർ ഗോപാലകൃഷ്‌ണൻ, ലോഹിതദാസ്, ജോൺപോൾ, രഘുനാഥ് പലേരി, സിദ്ദിഖ് ലാൽ, ശ്യാം പുഷ്‌കരൻ തുടങ്ങി നിരവധി അസാധാരണ പ്രതിഭാധനരായ എഴുത്തുകാരെ മലയാള സിനിമ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും എക്കാലവും ഏറ്റവും ആലോഷിക്കപ്പെട്ടത് ശ്രീനിവാസനാണ്. നിരവധി ബ്ലോക്ക്ബസ്റ്ററുകൾ - അവയിൽ പലതും മോഹൻലാൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
തുടരും
നമ്മുടെ കാഴ്ചകളേയും ഭാഷയേയും സംസ്‌കാരത്തേയും അരനൂറ്റാണ്ടോളം വിരുന്നൂട്ടിയ ഒരു ജീവിതമാണ് മാഞ്ഞുപോകുന്നത്. ‘വടക്കുനോക്കിയന്ത്രം’ എന്ന ഒറ്റ സിനിമകൊണ്ട് എഴുത്തിലെ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം മനസ്സിലാക്കാൻ കഴിയുമെങ്കിലും ‘സന്ദേശ’വും ‘വരവേൽപ്പു’മാണ് അദ്ദേഹം കാലത്തിനപ്പുറം സഞ്ചരിച്ച് എഴുതിയതായി തോന്നിയത്. ഗൾഫിൽനിന്ന് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിൽ വന്ന് ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ച ഒരു സാധാരണക്കാരന് രാഷ്ട്രീയക്കാരാൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളാണ് ‘വരവേൽപ്പ്’ എന്ന സിനിമയിലുള്ളത്. നിരീശ്വരവാദിയായ വിജയനിൽനിന്നും അന്ധവിശ്വാസിയായ വിജയനായി പകർന്നാട്ടം നടത്തിയ ചിന്താവിഷ്ടയായ ശ്യാമള, വിപ്ലവം തലയ്ക്കുപിടിച്ച് ജീവിക്കാൻ വേണ്ട ബൂർഷ്വാ രാജ്യത്തേക്ക് പോകേണ്ടിവന്ന ‘അറബിക്കഥ’യിലെ മുകുന്ദൻ, ഭാര്യയെ സംശയിക്കുന്ന തളത്തിൽ ദിനേശൻ, ‘തലയണമന്ത്ര’ത്തിലെ സുകുമാരൻ, ‘കഥ പറയുമ്പോളി’ലെ ബാർബർ ബാലൻ, ‘അഴകിയ രാവണ’നിലെ മലയാളം നോവലിസ്റ്റ് അംബുജാക്ഷൻ, ‘ഉദയനാണ് താര’ത്തിലെ സരോജ് കുമാർ അങ്ങനെയങ്ങനെ എത്രയെത്ര വേഷപകർച്ചകൾ. തൊഴിലില്ലാതെ കഷ്ടപ്പെടുന്ന ബാലഗോപാലനെ വരച്ച് കാട്ടിയ ടി.പി. ബാലഗോപാലൻ എം.എ, ‘വെള്ളാനകളുടെ നാട്’, ‘അഴകിയ രാവണൻ’, ‘നാടോടിക്കാറ്റ്’, ‘കിളിച്ചുണ്ടൻ മാമ്പഴം’, ‘ചിന്താവിഷ്ടയായ ശ്യാമള’, ‘പാവം പാവം രാജകുമാരൻ’, ‘ഗോളാന്തര വാർത്ത’, ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘സന്ദേശം’ അങ്ങനെ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ മലയാളികളുടെ ഹൃദയത്തോട് ചേർന്നുനിന്നു ശ്രീനിവാസനിലെ എഴുത്തുകാരൻ. പഴയ തലമുറയുടെ ആത്മാർത്ഥതയും പുതിയ തലമുറയുടെ വ്യാജപ്രബുദ്ധതയും വലിച്ചു വെളിയിലിട്ടാണ് ശ്രീനിവാസൻ യാത്ര പറയുന്നത്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം തന്റെ ആശയങ്ങളെ സ്വതന്ത്രമായി അവതരിപ്പിക്കാൻ കഴിയണം. ശ്രീനിവാസൻ പകർന്നുതന്നത് അത്ര ചെറിയ അനുഭവങ്ങളല്ല. ആ അനുഭവങ്ങളത്രയും കഥകളാക്കി നമുക്ക് ജീവിച്ചുപോകാൻ പാകത്തിൽ വാരിക്കോരി തന്നു. എത്ര കണ്ടാലും മടുക്കാത്ത സിനിമകൾ ഓരോ സിനിമയിലും നമ്മളല്ലേ ഈ കഥാപാത്രങ്ങൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സാധാരണക്കാരന്റെ ജീവിതം, അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ എല്ലാം സൂക്ഷ്മമായി ചിത്രീകരിച്ചു. മലയാള സിനിമയല്ല, മലയാളവുമല്ല, മനുഷ്യൻ ഉള്ളിടത്തോളം കാലം മരണമില്ലാതെ ശ്രീനിവാസൻ ഒരു ഇതിഹാസമായി നമ്മിൽ തുടരാതിരിക്കില്ല.
Kala pallath writes about Sreenivasan, known for provoking thought through his screenplays and captivating audiences with his acting.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

