Card
ലൈബ്രററിSamakalika Malayalam

ദൃശ്യഭംഗിയുടെ രാഷ്ട്രീയം

Published on

ഴുത്തിനും രാഷ്ട്രീയത്തിനും കൃത്യമായ അതിർത്തികളില്ല. കയറിയിറങ്ങി കിടക്കുകയാണ് ഈ ഭൂവിഭാഗങ്ങൾ. എഴുത്തുകാരായ രാഷ്ട്രീയക്കാരും രാഷ്ട്രീയക്കാരായ എഴുത്തുകാരും ഉണ്ടായിരുന്നു. എഴുത്ത് രാഷ്ട്രീയത്തേയും രാഷ്ട്രീയം എഴുത്തിനേയും പ്രകമ്പനം കൊള്ളിച്ചു. പക്ഷേ, ആ കാലം പിൻവാങ്ങുന്നു.

സ്‌ഫോടനാത്മകമായ ചിന്താപദ്ധതികൾ ഇളക്കിമറിച്ച 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ എഴുത്തും അതിനൊപ്പം നീങ്ങി. അടിമത്തത്തിനെതിരെ അമേരിക്കയിൽ നടന്ന യുദ്ധം ഹാരിയറ്റ് ബീച്ചർ സ്റ്റോവിനാണ് എബ്രഹാം ലിങ്കൺ സമർപ്പിച്ചത്. “നിങ്ങൾ എഴുതിയ പുസ്തകമില്ലായിരുന്നെങ്കിൽ ഈ മഹത്തായ യുദ്ധം നടക്കുമായിരുന്നില്ല.” ‘അങ്കിൾ ടോംസ് കാബിന്‍’ എഴുതിയ സ്റ്റോവിനെ ലിങ്കൺ പ്രശംസിച്ചു. സ്റ്റോവിന്റെ പുസ്തകം അക്കാലത്ത് വിൽപ്പനയിൽ രണ്ടാമതെത്തി. ഒന്നാമതെത്തിയ പുസ്തകം ഈ രണ്ടാംസ്ഥാനത്തിന് മാറ്റ് കൂട്ടി. ഒന്നാം സ്ഥാനത്ത് ബൈബിളാണ്. റഷ്യൻ വിപ്ലവത്തിന് നിലമൊരുക്കിയതിൽ മാക്സിം ഗോർക്കിയുടെ ‘അമ്മ’യുണ്ടായിരുന്നു. അമേരിക്കയിലെ ഇറച്ചി വ്യാപാരത്തിൽ പുതിയ നിയമം കൊണ്ടുവരാൻ അപ്ടൺ സിംഗ്ലറിന്റെ നോവലിനു കഴിഞ്ഞു. വിക്ടോറിയൻ കാലത്തെ സമ്പന്ന ബ്രിട്ടീഷ് സമൂഹം പാവപ്പെട്ടവരെ അവഗണിക്കുന്നതിന്റെ നേർചിത്രമാണ് ചാൾസ് ഡിക്കൻസിന്റെ നോവലുകൾ. “എല്ലാവരും തുല്യരാണ്. ചിലർ കൂടുതൽ തുല്യരാണ്” എന്ന ഒറ്റവാചകത്തിലൂടെ സോവിയറ്റ് ഭരണകാപട്യം ജോർജ് ഓർവെൽ വലിച്ചുകീറി. ഹെൻറി തോറോ മഹാത്മാഗാന്ധിയേയും ടോൾസ്റ്റോയിയേയും സ്വാധീനിച്ചു. സാർത്രും ഹ്യൂഗോയും യോസയും എഴുത്തിന്റെ രാഷ്ട്രീയബലം തിരിച്ചറിഞ്ഞവരാണ്.

എഴുത്ത് കൈവിടാതിരുന്ന ഭരണകർത്താക്കളുമുണ്ടായിട്ടുണ്ട്. റോമാസാമ്രാജ്യത്തിന്റെ അധിപരായിരുന്ന ജൂലിയസ് സീസറും മാർക്കസ് ഒറേലിയസും എഴുത്തുകാരായിരുന്നു. ലെനിൻ 54 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ ഭരണകർത്താക്കളാകുമ്പോൾ പൊതുവെ ധാരാളം എഴുതാറുണ്ട്. ചെയർമാൻ മാവോ കവിതയുമെഴുതി. മാവോ തനിച്ചായിരുന്നില്ല, ഹോചിമിനിലും ഉണ്ടായിരുന്നു കവി. ഇന്ത്യയിൽ അടൽ ബിഹാരി വാജ്‌പേയിയും കവിയായിരുന്നു. വിൻസ്റ്റൺ ചർച്ചിൽ 40 പുസ്തകങ്ങൾ എഴുതി. മറ്റൊരു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ ഡിസ്രയേലി 11 നോവലുകൾ എഴുതി. നെഹ്രു എഴുത്തുകാരനായിരുന്നു. തത്ത്വചിന്തകരും കവികളുമാണ് ഭരണകർത്താക്കളാകേണ്ടത് എന്ന പ്ലേറ്റോയുടെ പ്രതീക്ഷ നിറവേറ്റിയ രണ്ടു പേരുണ്ട് ലോകത്ത്. ഒന്ന് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ. രാധാകൃഷ്ണനും ചെക് പ്രസിഡന്റായിരുന്ന വാക്ലവ് ഹാവേലും. ഇരുവരും തത്ത്വചിന്തകരായിരുന്നു.

നീണ്ടുനിൽക്കുന്ന എല്ലാ വിശ്വാസങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും അടിത്തട്ടിൽ ഒരു ഗ്രന്ഥമുണ്ട്. എല്ലാ പ്രധാന മതങ്ങൾക്കും ബലം നൽകുന്നത് വിശുദ്ധഗ്രന്ഥങ്ങൾ. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇല്ലെങ്കിൽ കമ്യൂണിസമില്ല. റേച്ചൽ കാഴ്സൺ എഴുതിയ ‘സൈലന്റ്‌ സ്പ്രിംഗ്’ ഇല്ലെങ്കിൽ പരിസ്ഥിതിവാദമില്ല. തോമസ് പെയ്‌നിന്റെ ‘കോമൺസെൻസ്’ ഇല്ലെങ്കിൽ അമേരിക്കൻ സ്വാതന്ത്ര്യസമരമില്ല.

ഇത് എഴുത്തിന്റെ ഒരു വശത്തെ കാഴ്ചകൾ മാത്രമാണ്. മറുവശത്ത് അധികാരത്തിന്റെ സേവപിടിച്ച് ശരീരം വളഞ്ഞുപോയവരുമുണ്ട്. ട്രോട്‌സ്‌കി പ്രയോഗിച്ച ‘കാലത്തിന്റെ ചവറ്റുകുട്ടയിൽ’ ഭൂമിയിലേക്ക് ഇനി പ്രവേശനമില്ലാത്ത പ്രേതങ്ങളായി മാറിയതിനാൽ അവരുടെ പേരുകൾ അപ്രസക്തമാണ്.

എഴുത്തിന്റെ ഊർജവും രാഷ്ട്രീയത്തിന്റെ ആത്മാവും സന്നിവേശിക്കുമ്പോൾ പ്രവാചകന്റെ ദീർഘദർശിത്വം കൈവരിക്കുന്നു. ഭരണത്തിന്റെ പ്രലോഭനങ്ങൾ അവർ പുറംകാൽകൊണ്ട് ബഹിഷ്‌കരിക്കുന്നു. അധികാരത്തിന്റെ വിശ്വരൂപം പ്രകടിപ്പിച്ച് അലക്സാണ്ടർ ചക്രവർത്തി മുന്നിൽ വന്ന് നിന്നിട്ടും “മാറിനിൽക്ക്” എന്ന് അട്ടഹസിച്ചു ഡയോജനിസ്. ചക്രവർത്തിയുടെ നിവർത്തിപ്പിടിച്ച വാളിനു നേരെ നോക്കി: “എന്നെ കുഴിച്ചിടാൻ ആറടി മണ്ണ് മാത്രം മതി” എന്ന് വിറക്കാത്ത ശബ്ദത്തിൽ പറഞ്ഞു ഡെന്റാമിസ്. കാവൽക്കാർക്ക് കൈക്കൂലി കൊടുത്ത് തന്നെ തടവിൽനിന്ന് രക്ഷിക്കാനുള്ള ശ്രമം സോക്രട്ടീസ് തടഞ്ഞു. ഇസ്രയേലിലെ പ്രസിഡന്റാകാനുള്ള ക്ഷണം ആൽബർട്ട് ഐൻസ്റ്റീൻ നിരസിച്ചു. തിരുവിതാംകൂർ രാജാക്കന്മാരെ മഹാരാജാധിരാജ തിരുമനസ്സുകൾ എന്നു വിശേഷിപ്പിക്കുമ്പോൾ ശ്രീചിത്തിര തിരുനാളിനെ മിസ്റ്റർ ബാലരാമവർമ എന്നു വിളിച്ചു കേസരി ബാലകൃഷ്ണപിള്ള. സ്വന്തം കാൽ സ്വയം എഴുന്നേറ്റ്‌ നിൽക്കാനായി അവർ പ്രയോജനപ്പെടുത്തി. സ്വതന്ത്രരായ മനുഷ്യർക്കുവേണ്ടി അവർ ക്ഷോഭത്തിന്റെ ഭാഷയിൽ സംസാരിച്ചു. അവർ ആരുടേയും ‘ബ്രാൻഡ് അംബാസിഡറായി’ കരാർ ഒപ്പിട്ടില്ല. മനുഷ്യനെ കബളിപ്പിക്കുന്ന ഒന്നിനോടും അവർ ഒത്തുതീർപ്പുണ്ടാക്കിയില്ല. “മനുഷ്യന്റേതാണ് രാഷ്ട്രീയം, യന്ത്രത്തിന്റേതല്ല. അത് ഹൃദയത്തിൽനിന്നാണ്, പ്രബന്ധത്തിൽനിന്നല്ല ഉൽഭവിക്കുന്നത്” എന്ന വാക്ലവ് ഹാവേലിന്റെ വാക്കുകൾ മുന്‍പേ തന്നെ യാഥാർത്ഥ്യമാക്കിയവർ.

കാലം മാറി. രാഷ്ട്രീയത്തിന്റേയും എഴുത്തിന്റേയും പാഠ്യക്രമം പരിഷ്‌കരിച്ചു. എഴുത്ത് എഴുത്തുകാരനിൽനിന്നും രാഷ്ട്രീയം അതിന്റെ പ്രവർത്തനരീതിയിൽനിന്നും വേർപിരിയുന്നു. എഴുതാൻ ഇനി എഴുത്തുകാർ വേണ്ട, നിർമിതബുദ്ധി മതി. രാഷ്ട്രീയത്തിന് ഇനി പ്രവർത്തകർ വേണ്ട, ഇൻഫ്ലുവൻസർമാർ മതി. അതുകൊണ്ട് എഴുത്തുകാരൻ ഇനി ‘രാഷ്ട്രീയ മഹദ്‌വചനങ്ങൾ’ പറയാതെ വിശ്രമിക്കുന്നതാണ് ഉചിതം. വിപണിയിൽ എഴുത്തുകാരന്റെ വിശ്വാസ്യതയുടെ വില വല്ലാതെ തകർന്നുപോയി. ഉദരനിമിത്തം കാട്ടുന്ന ബഹുകൃതവേഷങ്ങൾ നന്നായി അനാവരണം ചെയ്യപ്പെടുന്നുമുണ്ട്. വായന വാനപ്രസ്ഥത്തിലേക്ക് നീങ്ങുകയുമാണ്.

17-ാം നൂറ്റാണ്ടിലെ അച്ചടിയാണ് വായനയുടെ വിപ്ലവത്തിന് തുടക്കം കുറിച്ചത്. സമ്പന്നരായ ചുരുക്കം പേരിൽ വായന ആദ്യം ഒതുങ്ങിനിന്നു. വിദ്യാഭ്യാസം വ്യാപകമാവുകയും പുസ്തകത്തിന്റെ വില കുറയുകയും ചെയ്തതോടെ വായന താഴേത്തട്ടിലേക്കിറങ്ങി. 1700-കളുടെ തുടക്കത്തിൽ ബ്രിട്ടനിൽ 6000 പുസ്തകങ്ങളാണ് അച്ചടിച്ചത്. എന്നാൽ, 1790-കളായപ്പോൾ അത് 56000 ആയി. വായന കത്തിപ്പടർന്നു. വായന ‘പനി’ ആണെന്നും ‘പകർച്ചവ്യാധി’ ആണെന്നും ‘കിറുക്ക്’ ആണെന്നും യാഥാസ്ഥിതികർ പ്രചരിപ്പിച്ചു. അതിരുകളില്ലാതെ വായന അനുദിനം വികസിച്ചു. വിജ്ഞാനത്തിന്റെ ഏദൻതോട്ടത്തിൽ വിവിധതരം പൂക്കൾ വിടർന്നു. ‘സർവ വിജ്ഞാനകോശം’ ആദ്യം എത്തി. സാമുവൽ ജോൺസന്റെ ‘ഇംഗ്ലീഷ് ഭാഷാ നിഘണ്ടു’, ഗിബ്ബണിന്റെ ‘റോമാ സാമ്രാജ്യത്തിന്റെ പതനവും തകർച്ചയും’ ഇമ്മാനുവേൽ കാന്റിന്റെ ‘ക്രിട്ടിക് ഓഫ് പ്യുവർ റീസൺ’ എന്നിവ പിന്നാലെ വന്നു. ചിന്തയെ ഇളക്കിമറിച്ച് മൗലികമായ ആശയങ്ങൾ എത്തി. ദൈവത്തെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചെല്ലാം പുതിയ കണ്ടെത്തലുകൾ യൂറോപ്പിനെ പ്രക്ഷുബ്ധമാക്കി. ശാസ്ത്രം അന്ധവിശ്വാസത്തിന്റെ അടിവേരിളക്കി. വിപ്ലവങ്ങളിലേക്ക്, മനുഷ്യാവകാശങ്ങളിലേക്ക്, ജനാധിപത്യത്തിലേക്ക് ലോകം കണ്ണു തുറന്നു. വായന ഹരമാക്കിയ രാഷ്ട്രത്തലവന്മാർ ഉണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് ദിവസത്തിൽ ഒരു പുസ്തകം വായിക്കുമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമെന്റ് ആറ്റ്‌ലി ആഴ്ചയിൽ നാല് പുസ്തകം വായിക്കുമായിരുന്നു. സംഘർഷങ്ങളിൽ മനസ്സ് ശാന്തമാകാൻ ഇന്ദിരാഗാന്ധി പുസ്തകങ്ങളെ അഭയം പ്രാപിച്ചു. തോമസ് എഡിസൺ, ചാൾസ് ഡാർവിൻ, ഐൻസ്റ്റീൻ മുതൽ ഇലോൺ മസ്‌ക് വരെ ഞങ്ങളെ രൂപപ്പെടുത്തിയത് പുസ്തകങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകം വായിച്ചതുകൊണ്ട് സമൂഹം നന്നാവില്ല. അത് ദൈവത്തിൽ വിശ്വസിച്ചാൽ ലോകം നന്നാവുമെന്ന് പറയുന്നപോലെയുള്ള ഒരു ‘സൂത്ര’ വാക്യമാണ്. ഏത് ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാലും ഒരു പല്ലും മുത്തുപോലെ തിളങ്ങില്ല. വായന തീർത്തും വ്യക്തിപരമായ കാര്യം മാത്രമാണ്. വായനയല്ല ചിന്തയാണ് പ്രധാനമെന്ന് മഹാത്മാഗാന്ധി മഹാദേവ് ദേശായിയോട് പറയുന്നുണ്ട്. അയിത്തോച്ചാടന സമരം നടക്കുമ്പോൾ ദേശായി അയിത്തമാചരിക്കുന്ന പുരി ക്ഷേത്രം സന്ദർശിച്ചു എന്നറിഞ്ഞപ്പോഴാണ് ഗാന്ധിയുടെ ഈ പ്രതികരണം. ചിന്തിക്കാൻ പാണ്ഡിത്യം വേണ്ട, സാമാന്യബുദ്ധി മതി. മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ രാഷ്ട്രീയം പറഞ്ഞൊരാൾ ഗാന്ധിയാണ്. അതുകൊണ്ട് കോടാനുകോടി മനുഷ്യർ അദ്ദേഹത്തോടൊപ്പം കൂടി.

വായന അവസാനിക്കുകയാണ്. പുസ്തകങ്ങൾ ഇല്ലാത്ത കാലം വരും എന്ന് രണ്ട് എഴുത്തുകാർ ഭയപ്പെട്ടിരുന്നു. ജോർജ് ഓർവെല്ലും ആൽഡസ് ഹക്‌സലിയും. ഓർവെൽ കരുതിയത് പുസ്തകങ്ങൾ സമ്പൂർണമായി നിരോധിക്കപ്പെടും എന്നാണ്. സോവിയറ്റ് ഭരണത്തിന്റെ പശ്ചാത്തലത്തിലാണ് ഓർവെൽ ആ നിഗമനത്തിലെത്തിയത്. ഹക്‌സലി മറ്റൊരു വഴിക്ക് ചിന്തിച്ചു, വായന നിലച്ചുപോകുമെന്ന്. ഹക്‌സലിയുടെ ആശങ്കയാണ് യാഥാർത്ഥ്യമാകുന്നത്. കഴിഞ്ഞ 20 വർഷമായി അമേരിക്കയിലെ വായന 40 ശതമാനം ഇടിഞ്ഞു. യു.കെയിൽ ഇത് മൂന്നിലൊന്നായി ചുരുങ്ങി. 2024-ൽ ഒ.ഇ.സി.ഡി(ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡെവലപമെന്റ്)ന്റെ കണക്ക് പ്രകാരം കുട്ടികളുടെ വായന ഭയങ്കരവും അപകടകരവുമായ രീതിയിൽ താഴുകയാണ്. അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന കുട്ടികളിൽ പലർക്കും ചാൾസ് ഡിക്കൻസ് എഴുതിയ ‘ബ്ലീക്ക് ഹൗസ്’ നോവലിന്റെ ആദ്യ ഖണ്ഡിക വായിച്ചിട്ട് മനസ്സിലാകുന്നില്ല. ഡിക്കൻസ് കുട്ടികൾക്കുവേണ്ടി എഴുതിയ നോവലാണ് ഇത്. ഷേക്സ്പിയറും മിൽട്ടണും ടോൾസ്റ്റോയിയും ഇനി അടുത്ത തലമുറയിലേക്ക് എത്തിയെന്ന് വരില്ല. റീൽസിലും കംപ്യൂട്ടർ ഗെയിമുകളിലും രൂപപ്പെട്ട കുട്ടികൾ യൗവ്വനത്തിലേക്ക് എത്തുന്നു. അതാണ് ടൈംസിന്റെ കോളമിസ്റ്റായ ജെയിംസ് മാരിയോട്ട് “സാക്ഷരാനന്തര ലോകമേ... സ്വാഗതം” എന്ന് പറഞ്ഞത്.

വായന നശിക്കുകയാണ് എന്നു പറയാനാവില്ല. വായനയുടെ രീതിയാണ് മാറുന്നത്. ഒരുപക്ഷേ, ഇത്രയേറെപ്പേർ വായിക്കുന്ന കാലം ഉണ്ടായിട്ടില്ല. ജനലക്ഷങ്ങൾ സോഷ്യൽ മീഡിയയിൽ വായിക്കുകയും എഴുതുകയുമാണ്. അവിടെ എല്ലാവരും എല്ലാം പറയുകയാണ്, കാണിക്കുകയാണ്. എല്ലാവരും എഴുതുമ്പോൾ എങ്ങനെ വായനക്കാരെ ആകർഷിക്കാം എന്നതാണ് പ്രശ്നം. വെറുപ്പ്, പക, ആക്ഷേപം എന്നിവയാണ് വിറ്റുപോകുന്ന ചരക്കുകൾ. എന്തുമെഴുതാം. പരിശോധനയില്ല, തെറ്റ് തിരുത്തലില്ല. വസ്തുത വേണ്ട, തെളിവ് വേണ്ട, വെളിവുപോലും വേണ്ട. ‘ലൈക്കും’ ‘ഷെയറു’മാണ് അതിന്റെ മാനദണ്ഡം. സ്വന്തം ഇംഗിതങ്ങളുടെ കുഞ്ചിരോമങ്ങളിൽ പിടിച്ച് ആർക്കും അശ്വമേധത്തിന് ഇറങ്ങാം. 21-ാം നൂറ്റാണ്ട് അൽഗോരിതങ്ങളുടെ മുന്നിൽ എഴുത്തിനിരുന്നു. ലോകം സ്മാർട്ടായി, വ്യക്തികളും. ഇവിടെയാണ് ഇനി രാഷ്ട്രീയത്തിന്റെ ബാക്കിഭാഗം.

അതിരുകളില്ലാത്ത ആശയവിനിമയത്തിന്റെ സ്വതന്ത്രവേദി വരികയാണെന്നും ജനാധിപത്യം ശക്തമാകുമെന്നും സക്കർബർഗ് പ്രവചിച്ചു. 21-ാം നൂറ്റാണ്ടിന്റെ തുടക്കം സക്കർബർഗ് പറഞ്ഞതു പോലെയായിരുന്നു. 2001 ജനുവരി 17-ന് പത്ത് ലക്ഷം പേരാണ് ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിൽ തടിച്ചുകൂടിയത്. പ്രസിഡന്റ് ജോസഫ് എസ്ട്രാഡയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. എസ്ട്രാഡയുടെ അഴിമതിയും കുറ്റങ്ങളും മൂടിവെക്കാനുള്ള ഭരണകക്ഷിയുടെ ഗൂഢനീക്കങ്ങൾക്കെതിരെയായിരുന്നു ഈ ജനസാഗരം. ഇത്രയും ജനങ്ങളെ മനിലയിൽ എത്തിച്ചത് ‘ഓൺലൈൻ’ പ്രചാരണത്തിലൂടെയാണ്. 2011-ൽ നടന്ന ‘അറബ് വസന്തം’ ഒരു ‘സ്മാർട്ട് ഫോൺ’ വിപ്ലവമായിരുന്നു. ഏകാധിപതികളായ ടുണീസിയയിലെ അബിദിൻ ബെൻ അലിയും ഈജിപ്തിലെ ഹോസ്‌നി മുബാറക്കും പുറത്തായി. ഈജിപ്തിലെ പ്രതിഷേധം നയിച്ച വയെൽ ഘോനിം ഗൂഗിളിലെ കംപ്യൂട്ടർ എന്‍ജിനീയറായിരുന്നു. ഘോനിം സക്കർബർഗിന് പരസ്യമായി നന്ദി പറഞ്ഞു. “ഈ വിപ്ലവത്തിന്റെ തുടക്കം ഫെയ്‌സ്ബുക്കിലാണ്. ഒരു സമൂഹത്തെ മോചിപ്പിക്കണമെങ്കിൽ, ഒരു സ്വതന്ത്ര സമൂഹം ഉണ്ടാകണമെങ്കിൽ അവർക്ക് ഇന്റർനെറ്റ് നൽകിയാൽ മതി” -ഘോനിം പറഞ്ഞു. പക്ഷേ, ഈ നൂറ്റാണ്ട് ആദ്യഘട്ടം പിന്നിടും മുമ്പെ ഏകാധിപതികളുടെ പിറവിയായി. സോഷ്യൽ മീഡിയ അവരുടെ വൃഷ്ടിപ്രദേശമായി. ‘ജനപ്രിയ നേതാക്കളുടെ’ സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി. രാഷ്ട്രീയത്തിൽ ‘നായകസങ്കല്പം’ പ്രവേശിച്ചു. സെല്ലുലോയിഡിലെ ജെയിംസ്‌ബോണ്ടുകളായി രാഷ്ട്രനേതാക്കന്മാരെ അവതരിപ്പിച്ചു. അവർ എല്ലാം ശരിയാക്കാൻ വന്നവരാണ്. തിന്മയ്ക്കെതിരെ സന്ധിയില്ലാത്ത സമരത്തിന് അങ്കം കുറിച്ചവരാണ്. അവരുടെ വഴിയിലെ തടസ്സങ്ങൾ നീക്കുക. വിഘ്‌നങ്ങളുണ്ടാക്കുന്ന നീതിന്യായ വ്യവസ്ഥ, ജനാധിപത്യ രീതി, പാർലമെന്ററി മര്യാദ ഇവയെല്ലാം മാറ്റിയെഴുതുക. എതിർശബ്ദം അവസാനിപ്പിക്കുക. അതെല്ലാം ജനവിരുദ്ധമാണ്. ‘ജനനന്മയ്ക്ക് ഞാനുണ്ട്’ എന്ന് നായകർ ഘോഷിക്കുന്നു. ജനാധിപത്യം എന്നത് ഒരു വാക്കു മാത്രമാക്കി അതിൽനിന്ന് ശബ്ദം എടുത്തുകളയുന്നു. സ്വാതന്ത്ര്യത്തിന്റെ ശത്രുക്കൾ ജനിക്കുന്നത് സ്വതന്ത്രരാജ്യത്താണ്. നായകവേഷം കയ്യടി വാങ്ങുന്നത് വില്ലനുണ്ടാകുമ്പോഴാണ്. അതുകൊണ്ട് എല്ലാ രാഷ്ട്രീയനായകർക്കും കടും നിറത്തിലുള്ള വില്ലൻ വേണം. ഉണ്ടായില്ലെങ്കിൽ ഉണ്ടാക്കും. അത് ആരുമാകാം. ജൂതരാകാം, മുസ‌്‌ലിമാകാം, റോഹിൻഗ്യകളാകാം, വീഗൂറുകളാകാം, തമിഴരാകാം, അഭയാർത്ഥികളാകാം, കുടിയേറ്റക്കാരാകാം, കറുത്തവരാകാം എന്തിന് ബീഫോ ചിലപ്പോൾ മുട്ടോളമെത്താത്ത വസ്ത്രം വരെയോ ആകാം. നായകന്മാർ വംശീയതയും വർഗീയതയും തീവ്ര ദേശീയതയും ‘ടൂളാ’യി ഉപയോഗിക്കുന്നു. തനിക്ക് ചുറ്റും അനുചരന്മാരെ നിർത്തി, ചാവേറുകളെ സൈബറിടങ്ങളിലേക്ക് വിന്യസിപ്പിക്കുന്നു. ഈ യുദ്ധം വാളും ബോംബും കൊണ്ടല്ല, റീൽസും ഹ്രസ്വവീഡിയോയും കൊണ്ടാണ്. വാട്‌സാപ്പ് ഗ്രൂപ്പുകൾ അക്ഷൗഹിണികളായി കുരുക്ഷേത്രത്തിൽ മുഖാമുഖം നിൽക്കുന്നു. വെട്ടിപ്പിടിക്കാനുള്ളത് ഭൂവിഭാഗങ്ങളല്ല, മനുഷ്യന്റെ ചിന്താമണ്ഡലത്തെയാണ്. എഴുത്തിനെ തള്ളി ഓർമയെ വിശ്വസിക്കാൻ സോക്രട്ടീസ് പറഞ്ഞു. ഓർമയെത്തള്ളി കാഴ്ചയെ വിശ്വസിക്കാൻ നായകർ ആവശ്യപ്പെടുന്നു. കാഴ്ചകൾ ഉണ്ടാക്കിയെടുക്കുന്നു.

വ്യാജക്കാഴ്ചകളുടെ ഫ്രെയിമിൽ മാത്രം ഒതുങ്ങുന്നതല്ല ലോകം. സത്യസന്ധമായ ചിത്രങ്ങളൂം ഉണ്ടായിട്ടുണ്ട്. ഉള്ളുലച്ച ഈ ചിത്രങ്ങൾ ചരിത്രത്തിലെ വഴിത്തിരിവുകളും ഉണ്ടാക്കി. ജർമനിയുടെ ഒരു നയം മാറ്റിയത് തുർക്കി ഫോട്ടോഗ്രാഫർ നിലൂഫെർ ദെമിറിന്റെ ഒരു ചിത്രമാണ്. തുർക്കിയുടെ കടൽത്തീരത്തടിഞ്ഞ അലൻ കുർദി എന്ന രണ്ടു വയസ്സുകാരനെയാണ് ദെമിർ പകർത്തിയത്. നീല നിക്കറും ചുവന്ന കുപ്പായവുമിട്ട് കമിഴ്ന്ന് കിടക്കുകയാണ് ഈ കുഞ്ഞ്. സിറിയയിൽനിന്നും പലായനം ചെയ്ത ഒരു കുടുംബത്തിൽപ്പെട്ടതാണ് അലൻ. ജർമൻ ചാൻസലർ ഏയ്‌ഞ്ചെലൊ മെർകെൽ കുടിയേറ്റ നിയമം മാറ്റിയതിന് ഈ ചിത്രവും സഹായകമായി. ടിയാനെൻമെൻ സ്‌ക്വയറിലെ വിദ്യാർഥികൾക്കുനേരെ കുതിച്ച കവചിത വാഹനങ്ങളെ ഒറ്റയ്ക്ക് തടുത്ത യുവാവിനെ ജെഫ് വൈഡനർ പകർത്തിയപ്പോൾ അത് ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുകൊണ്ടുവന്നു. നപാം ബോംബിന്റെ ഉഷ്ണപ്പുകയിൽനിന്ന് പ്രാണരക്ഷാർത്ഥം ഓടുന്ന പെൺകുട്ടിയെ പകർത്തിയ നിക് ഉട്ടും വിയറ്റ്‌നാം പോരാളിയെ ക്ലോസ്‌റേഞ്ചിൽ വെടിവെയ്ക്കുന്ന പട്ടാളക്കാരനെ പകർത്തിയ എഡ്ഡി ആഡംസും വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി മാറ്റി. അബു ഗ്രെയ്ബിലെ കൊടുംപീഡനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ അമേരിക്കൻ പ്രസിഡന്റ് പരസ്യമായി മാപ്പ് പറഞ്ഞു. ഗുജറാത്ത് കലാപത്തിൽ അർക്കോ ദത്ത പകർത്തിയ കുത്തബ്ദീൻ അൻസാരിയുടെ ചിത്രം മനുഷ്യത്വമുള്ളവർക്ക് മറക്കാനാവില്ല.

സത്യങ്ങളുടേത് മാത്രമായ ഒരുകാലം ഉണ്ടായിട്ടില്ല; അസത്യങ്ങളുടേത് മാത്രമായ കാലവും. സത്യം അസത്യമായും അസത്യം സത്യമായും മാറ്റുന്ന കൺകെട്ട് വിദ്യകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. കാപട്യവും യാഥാർത്ഥ്യവും മനുഷ്യനൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ ആവിഷ്‌കാര രീതികൾ മാത്രമാണ് കാലത്തിനനുസരിച്ച് മാറുന്നത്.

Alan Kurdi
ഐലാന്‍ കുര്‍ദിസമകാലിക മലയാളം

1941-ൽ ഒരു ഡസൻ രാജ്യങ്ങളിൽപ്പോലും ജനാധിപത്യം ഉണ്ടായിരുന്നില്ല. എന്നാൽ, ആ നൂറ്റാണ്ട് അവസാനിക്കാറായപ്പോൾ 115 രാജ്യങ്ങൾ ജനാധിപത്യത്തിലേക്കെത്തി (ഈ എണ്ണത്തെക്കുറിച്ച് തർക്കമുണ്ട്). ഈ നൂറ്റാണ്ട് ജനാധിപത്യ ഭരണക്രമത്തിന് ചരമഗീതം പാടാനൊരുങ്ങുന്നു. ചൈനീസ്‌ കമ്യൂണിസവും റഷ്യൻ നാഷണലിസവും ജനാധിപത്യമല്ല, വെനസ്വേല പരീക്ഷിച്ച ‘ബൊളിവാറിയൻ സോഷ്യലിസ’വും ജനാധിപത്യമല്ല. തുർക്കിയും സിംഗപ്പൂരും ഇന്ത്യയും ഫിലിപ്പൈൻസും ഹംഗറിയും ജനാധിപത്യത്തിന്റെ രൂപം നിലനിർത്തി ഉള്ളടക്കം ഇല്ലാതാക്കുകയാണ്. “വ്യക്തികൾക്ക് തെറ്റുപറ്റാം. അത് തിരുത്താനാണ് ഗവണ്‍മെന്റ്. ഗവണ്‍മെന്റിനും തെറ്റുപറ്റാം. അത് തിരുത്താനാണ് ജനാധിപത്യം.” അമേരിക്കയുടെ നാലാമത്തെ പ്രസിഡന്റ് ജെയിംസ് മാഡിസൻ ജനാധിപത്യത്തിന്റെ പ്രസക്തി നിർവചിച്ചത് അങ്ങനെയാണ്.

1994 മുതൽ ബെലാറുസിന് ഒറ്റ പ്രസിഡന്റേയുള്ളൂ അലക്സാണ്ടർ ലുകഷെങ്കോ. ‘യൂറോപ്പിലെ അവസാന ഏകാധിപതി’ എന്ന വിശേഷണവും ലുകഷെങ്കോവിനാണ്. എല്ലാ തെരഞ്ഞെടുപ്പുകളും ലുകഷെങ്കോ അട്ടിമറിച്ചു. പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി. വിമർശകരെ ജയിലിലടച്ചു. പക്ഷേ, ലുകഷെങ്കോവിനും പിന്തുണ കിട്ടുന്നു. രണ്ട് ഡസനിലേറെ ചൈനീസ്‌ കമ്പനികൾ ബെലാറുസിൽ മൂലധനമിറക്കി. ചൈന, ബെലാറുസിൽ വ്യവസായ പാർക്ക് തുടങ്ങി. ഇറാനും ബെലാറുസും ഉന്നതതല നയതന്ത്രബന്ധം സ്ഥാപിച്ചു. റഷ്യ സൈനികവും സാമ്പത്തികവുമായ സഹായം നൽകുന്നു. ഏകാധിപതികളെ ഉപയോഗിച്ച് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ആദ്യം പഠിപ്പിച്ചത് അമേരിക്കയാണ്. ലാറ്റിനമേരിക്കയിലായിരുന്നു ഇതിന്റെ പരീക്ഷണം. ഗ്വാട്ടിമലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജക്കോബോ അർബൻസിനെ 1954-ൽ അമേരിക്ക അട്ടിമറിച്ചു. അർബൻസ്‌ നടപ്പാക്കിയ ഭൂപരിഷ്‌കരണ പദ്ധതികൾ അമേരിക്കയുടെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയെ ബാധിക്കും എന്നതാണ് കാരണം.

20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ ജനാധിപത്യത്തിന് ശോഭനമായിരുന്നില്ല. ശുദ്ധജനാധിപത്യം തൊഴിലാളിവർഗത്തെ പറ്റിക്കാനുള്ള കാപട്യമായിരുന്നു ലെനിന്. “ബൂർഷ്വാ നുകത്തിൻ കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തൊഴിലാളിവർഗത്തിന് ഭൂരിപക്ഷം കിട്ടും എന്ന് വിഡ്ഢികളും നീചന്മാരും മാത്രമെ വിശ്വസിക്കൂ. വിവരക്കേടിന്റെ പാരമ്യമാണ് ആ വിശ്വാസം” എന്ന് ലെനിൻ പ്രഖ്യാപിച്ചു. “ജനാധിപത്യ രാജ്യങ്ങൾ നശിക്കാൻ വിധിക്കപ്പെട്ട”വയാണ് മുസ്സോളിനിക്ക്. ലോകത്തിലെ ഏറ്റവും മാതൃകാപരമായ ജനാധിപത്യം മുസ്സോളിനി കണ്ടത് ഇറ്റലിയിലേയും ജർമനിയിലേയും ഏകാധിപത്യ ഭരണത്തിലാണ്. ഹിറ്റ്‌ലർ ഒന്നുകൂടി കടന്നു. ജനാധിപത്യം മനുഷ്യവംശത്തിന്റെ നാശത്തിനാണെന്ന് അയാൾ പ്രഖ്യാപിച്ചു. മാവോ സെ തുങ്ങിന് ജനാധിപത്യം പൊരുതുന്ന തൊഴിലാളി വർഗത്തിന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. പക്ഷേ, ഫാസിസവും നാസിസവും 20-ാം നൂറ്റാണ്ടിന്റെ മധ്യദശകം പിന്നിട്ടില്ല. സോവിയറ്റ് മാരിവില്ല് 1990-ൽ എന്നന്നേയ്ക്കുമായി മാഞ്ഞു. പക്ഷേ, ചരിത്രം അവസാനിച്ചില്ല.

വായിച്ചും ചിന്തിച്ചും പ്രവർത്തിച്ചും രൂപപ്പെട്ട രാഷ്ട്രീയത്തിനു പരിണാമം സംഭവിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ‘സോഫ്‌റ്റ്‌വെയർ’ മാറ്റി. രാഷ്ട്രീയ ജീവിതം കയ്യിലെ സ്മാർട്‌ഫോണിൽ പുനർജനിച്ചു. രാഷ്ട്രീയത്തിന്റെ തട്ടകം മണ്ണിൽനിന്ന് ‘സ്‌മോൾ സ്‌ക്രീ’നിലേക്ക് മാറി. ഇൻസ്റ്റഗ്രാമും ടിക്‌ടോക്കും ആശയരൂപീകരണത്തിനും അഭിപ്രായരൂപീകരണത്തിനും വേണ്ടി മനുഷ്യനു ചുറ്റും കറങ്ങിക്കൊണ്ടേയിരുന്നു. ലോകം വലുതായി. ആ വലിയ ലോകം ഒരു കയ്യിൽ ഒതുങ്ങി. ആശയവിനിമയം ഒരു കാഴ്ചവസ്തുവായി. മനുഷ്യന്റെ തലച്ചോറ് ടെക്കികളുടെ പണിശാലയായി. ടെക്കികൾക്കാണ് ഇപ്പോൾ മേൽക്കൈ. പ്രസിഡന്റുമാരുടെ വിരുന്നുകളിൽ അവരാണ് പ്രധാന അതിഥികൾ. പൊതു വർത്തമാനങ്ങളിൽ അവർക്കാണ് പ്രാമുഖ്യം. അവർ വാർത്തയാകുന്നു എന്ന് മാത്രമല്ല, വാർത്തകൾ വിതരണം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾ ടെക്കികളുടെ കയ്യിലാണ്. ടോൾസ്റ്റോയ്, ദസ്തയവ്‌സ്‌കി, ഷേക്സ്പിയർ, വിക്ടർ ഹ്യൂഗോ, എലിയറ്റ്, ബൈറൺ, ഷെല്ലി എന്നൊക്കെ ആവർത്തിക്കുന്ന തലമുറയുടെ കാലം കഴിഞ്ഞു. ഇന്ന് ആവർത്തിക്കപ്പെടുന്നത് മാർക്ക് സക്കർബർഗ്, ജെഫ് ബെസോസ്, ഇലോൺ മസ്‌ക്ക്, സാം ആൾട്മാൻ എന്നീ പേരുകളാണ്. ശതകോടീശ്വരന്മാരാണ് മാതൃകകൾ. രാഷ്ട്രീയവും സംസ്കാരവും അവരുടെ സംരംഭങ്ങളായി. ടെക്‌നോളജി വ്യക്തിയെ മാറ്റി, സമൂഹത്തെ മാറ്റി, സമ്പത്തിന്റെ ഉല്പാദനം മാറ്റി, സംവേദനം മാറ്റി. ആശയവിനിമയ രീതികളും മാറി.

ബി.സി 354-ൽ ഡൊമസ്തനീസ് ഏതൻസിൽ അദ്ദേഹത്തിന്റെ ആദ്യ രാഷ്ട്രീയ പ്രസംഗം നടത്തുന്നത് കൈവിരലിലെണ്ണാവുന്നവരോടാണ്. 1863-ൽ എബ്രഹാം ലിങ്കൺ ഗെറ്റിസ്ബർഗ് പ്രസംഗത്തിൽ ജനാധിപത്യത്തെ നിർവചിച്ചപ്പോൾ അത് കമ്പിയില്ലാക്കമ്പി വിദൂരങ്ങളിലേക്കെത്തിച്ചു. 1930-കളിൽ മുസ്സോളിനിയുടെ പ്രസംഗങ്ങൾ ഇറ്റലിയുടെ മുക്കിലും മൂലയിലും റേഡിയോ എത്തിച്ചു. 1960-ൽ ജോൺ കെന്നഡിയും ലിൻഡൻ ജോൺസണും തമ്മിൽ നടന്ന പ്രസിഡൻഷ്യൽ സംവാദം ‘ലൈവ്’ ആയി. അച്ചടി വായനാവിപ്ലവം ഉണ്ടാക്കി. ‘സ്‌മോൾ സ്‌ക്രീൻ’ കാഴ്ചയുടെ വിപ്ലവം തീർക്കുന്നു. വൈറലാവലാണ് രാഷ്ട്രീയപ്രവർത്തനം. രാഷ്ട്രീയം ‘ദൃശ്യഭംഗി’യുള്ളതായി മാറുന്നു. ത്യാഗമല്ല, ഗ്ലാമറാണ് മാർക്കറ്റ്. ഗ്ലാമറുള്ളവർ രാഷ്ട്രീയവേദികളുടെ വി.ഐ.പികളാണ്. ലോക്കപ്പുകളിൽ ഇടികൊണ്ട്‌ ചോര തുപ്പിയവർ വേദികളുടെ പിൻനിരയിൽ അവർക്കുവേണ്ടി കയ്യടിക്കാൻ ഇരിക്കുന്നുണ്ടാകും. ഒന്നും മനപ്പൂർവമല്ല, കാലത്തിന്റെ കളിയാണ്. സമരങ്ങൾക്ക് ദൃശ്യഭംഗി അനിവാര്യമാണ്.

ഗ്ലാമർ മുന്‍പും രാഷ്ട്രീയത്തിൽ പരീക്ഷിച്ചിട്ടുണ്ട്. 1957-ൽ കേരളത്തിൽ പൊതുതെരഞ്ഞെടുപ്പ്. ഇരവിപുരം മണ്ഡലത്തിൽനിന്ന് കെ. ബാലകൃഷ്ണൻ മത്സരിച്ചു. ‘നീലക്കുയിൽ’ എന്ന സിനിമ കേരളത്തിൽ റാകിപ്പറക്കുന്ന കാലം. ബാലകൃഷ്ണനുവേണ്ടി വോട്ടുപിടിക്കാൻ നടൻ സത്യനെത്തി. സത്യൻ പ്രസംഗം തുടങ്ങിയത് “കുയിലിനെത്തേടി... കുയിലിനെത്തേടി” എന്ന പാട്ടോടെയാണ്. ശാന്താ പി. നായരും ബാബുരാജും പാടാനെത്തി. ബാലകൃഷ്ണന് കെട്ടിവെച്ച കാശ് കിട്ടിയില്ല.

അരനൂറ്റാണ്ടിനു മുന്‍പ് തമിഴ്‌നാട്ടിൽ എം.ജി.ആറിന്റേയും ശിവാജി ഗണേശന്റേയും പേരിൽ ഫാൻസ് അസോസിയേഷനുകൾ ഉണ്ടായപ്പോൾ പരിഹാസമായിരുന്നു മലയാളികൾക്ക്. അന്ധമായ ആരാധന വിദ്യാഭ്യാസത്തിന്റെ കുറവാണെന്നും കണ്ടെത്തി. ഇവിടെ ഇപ്പോൾ ഫാൻസ് അസോസിയേഷനുകളുടെ തിരക്കാണ്, അത് ആഭിജാത്യമായി. തലച്ചോറ് അനാവശ്യമായ ഉപകരണമാണെന്നും തനിച്ച് ചിന്തിക്കുന്നത് സ്വൈര്യക്കേടാണെന്നും തിരിച്ചറിഞ്ഞു. നാട്ടിടവഴിയിലെ ഓലമേഞ്ഞ വായനശാലയ്ക്കകത്ത് ഉഗ്രശബ്ദത്തോടെ രാഷ്ട്രീയം പറഞ്ഞ തലമുറ മരിച്ചുതീരുകയോ വാർധക്യത്തിലെത്തുകയോ ചെയ്തു. കയ്യെഴുത്ത് മാസിക നടത്തിയും ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിച്ചും ലോകം നന്നാക്കാമെന്നവർ ആത്മാർത്ഥമായും വിശ്വസിച്ചു. ത്യാഗത്തിന്റെ രാഷ്ട്രീയം കാഴ്ചയുടേതായപ്പോൾ രാഷ്ട്രീയ പ്രവർത്തനം ‘സ്‌ക്രിപ്റ്റ് വർക്കാ’യി. സംഘാടക മികവിനല്ല അഭിനയത്തികവിനാണ് മാർക്ക്. സൈബർ ടീമില്ലാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനാവില്ല. രാഷ്ട്രീയം ഒരു തിയേറ്റർ വർക്കായി. അത് ഫലപ്രദമാകണമെങ്കിൽ സംവിധായകർ വേണം. കരുണയുടെ, കരുതലിന്റെ, ത്യാഗത്തിന്റെ, സ്നേഹത്തിന്റെ എല്ലാം സ്‌ക്രിപ്റ്റുകൾ ഷൂട്ട് ചെയ്യും. മനുഷ്യസ്നേഹം കലർപ്പില്ലാത്ത നാടകം മാത്രമാകും. കൂടുതൽ കാഴ്ചക്കാരുള്ളത് സഹാനുഭൂതി ‘ഷോ’കൾക്കാണ്. വ്യക്തിയുടെ തലച്ചോറിലേക്ക് ദൃശ്യങ്ങളുടെ പെരുവെള്ളച്ചാട്ടം. ചിന്തയ്ക്ക് മീതെ കാഴ്ചയുടെ പ്രഹരം. ദൃശ്യങ്ങൾ ചിന്തയുടെ മയക്കുമരുന്നും വികാരങ്ങളുടെ ഉത്തേജകവുമാണ്.

ആസൂത്രിതമായ പ്രചാരണംകൊണ്ട് ജനങ്ങളെ കീഴ്‌പ്പെടുത്താം എന്നത് പുതിയ കണ്ടെത്തലല്ല. ഏതു കാലത്തും സത്യം ചെരിപ്പിടും മുന്‍പെ നുണ ലോകം ചുറ്റാനിറങ്ങിയിട്ടുണ്ട്. ആദ്യം കാളവണ്ടിയിലായിരുന്നു, പിന്നെ കരിവണ്ടിയിൽ, അച്ചടിയിൽ, ടി.വി സ്‌ക്രീനിൽ ഇപ്പോൾ ഇന്റർനെറ്റിൽ. ‘സത്യമായ നുണ’ സത്യാനന്തരകാലത്തിന്റെ സംഭാവനയല്ല. എല്ലാ കാലവും സത്യമായ നുണകളുടെ കാലമാണ്. മതങ്ങൾ ‘സത്യാനന്തര’മാണ്. ഏതാണ്ട് എല്ലാ മതവും പ്രചരിപ്പിക്കുന്ന സ്വർഗവും നരകവും എവിടെയാണ്? സ്വർഗനരകങ്ങളെക്കുറിച്ച് ഇപ്പോഴും തെളിവില്ല. എന്നിട്ടും കോടാനുകോടി മനുഷ്യർ സ്വർഗം പൂകാൻ കൊതിക്കുന്നു. ഇത് സത്യംപോലെ സത്യമായ നുണയല്ലേ?

സോവിയറ്റ് യൂണിയൻ മഹത്തായ രാജ്യമായിരുന്നു എന്നത് ആസൂത്രിതമായ നുണയായിരുന്നു. “സോവിയറ്റ് എന്നൊരു നാടുണ്ടത്രെ, പോകാൻ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം!” എന്ന് കേരളത്തിലിരുന്ന് ‘നാണി’യെക്കൊണ്ട് പാടിക്കാൻ ആ പ്രചാരണത്തിനു കഴിഞ്ഞു. സ്റ്റാലിന്റെ കൂട്ടുകൃഷി മഹത്തായ വിജയമായി കൊണ്ടാടി. 10 ലക്ഷം പേരെ കൊന്നു എന്നു മാത്രമല്ല, ഒന്നാന്തരം കൃഷിഭൂമികളുണ്ടായിരുന്ന സോവിയറ്റ് യൂണിയന് 1970-ൽ ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യേണ്ടിവന്ന ദുരന്തമായിരുന്നു ഈ കൂട്ടുകൃഷി. വലിയ നുണ നിരന്തരം ആവർത്തിക്കൂ, അത് സത്യമാകും എന്ന് ഗീബൽസ് പറയുന്നതിനു മുന്‍പേ അത് തെളിയിക്കപ്പെട്ടു.

മറ്റൊരു ഉദാഹരണം ബ്രിട്ടനിൽനിന്നാണ്. 1924-ലെ തെരഞ്ഞെടുപ്പ്. റാംസെ മക്‌ഡൊണാൾഡിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ജയിച്ചേക്കുമെന്ന ധാരണ പരന്നു. തെരഞ്ഞെടുപ്പിന്റെ ഏതാനും ആഴ്ചകൾക്കു മുന്‍പ് ‘ഡെയ്‌ലി മെയിൽ’ എന്ന പത്രത്തിൽ സ്‌ഫോടനാത്മകമായ വാർത്ത വന്നു. “സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ബ്രിട്ടനിൽ വിപ്ലവത്തിന് കളമൊരുക്കുന്നു” എന്നാണ് വാർത്ത. തെളിവായി സോവിയറ്റ് പാർട്ടി നേതാവ് സിനോവീവിന്റെ കത്ത് പത്രം പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടിക്കാണ് കത്ത്. ലേബർ പാർട്ടിയെ ജയിപ്പിക്കാൻ സഹായിക്കണമെന്നും അങ്ങനെയാണെങ്കിൽ ബ്രിട്ടനിലും കോളനി രാജ്യങ്ങളിലും വിപ്ലവം നടത്താനുള്ള സഹകരണം ഗവണ്‍മെന്റിൽനിന്ന് ഉണ്ടാകുമെന്നുമാണ് കത്ത്. കത്ത് ബ്രിട്ടനിൽ വൻ കോളിളക്കമുണ്ടാക്കി. ലേബർ പാർട്ടി തോറ്റു. കാലം പിന്നീട് തെളിയിച്ചു, ഇങ്ങനെ ഒരു കത്ത് സിനോവീവ് എഴുതിയിട്ടില്ല. അത് ബ്രീട്ടീഷ് ഇന്റലിജൻസ് ഉണ്ടാക്കിയതാണ്.

അധികാരവും അതിന്റെ ഘടനകളും രൂപപ്പെട്ട അന്നു മുതൽ തുടങ്ങി നുണകളുടെ ഉല്പാദനം. ചരടുവലികൾ, ഗൂഢാലോചനകൾ, പ്രതിച്ഛായാ നിർമാണം എല്ലാം സജീവമായി. രാഷ്ട്രീയ പ്രവർത്തനം അണിയറക്കകത്തെ ഗൂഢബുദ്ധിയായി. അതിന് പി.ആർ ഏജൻസികളുമുണ്ടായി.

1991-ൽ കുവൈറ്റിലെ ഇറാഖ് അധിനിവേശത്തിനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുണ്ടായ ഗൾഫ് യുദ്ധവും ഒരു പി.ആർ സൃഷ്ടിയാണ്. അമേരിക്കൻ പൊതുജനാഭിപ്രായം യുദ്ധത്തിന് അനുകൂലമായിരുന്നില്ല. വൈറ്റ്ഹൗസിന്, പെന്റഗണിന്, യു.എസ് കോൺഗ്രസ്സിന് ഇത് മനസ്സിലായി. ആദ്യം അമേരിക്കയിൽ അഭിപ്രായരൂപീകരണം നടക്കണം. കുവൈറ്റ്, കുവൈറ്റികൾ എന്നതൊക്കെ അമേരിക്കക്കാരന്റെ ആകുലതകൾ അല്ല. ഹിൽ ആൻഡ് നോൾട്ടൺ എന്ന പി.ആർ കമ്പനിയുമായി കരാറിലായി. ഒന്നേകാൽ കോടി ഡോളറിനാണ് കരാർ. നോൾട്ടൺ കമ്പനി പണിതുടങ്ങി. യുദ്ധത്തിനെതിരെയുള്ള വികാരം ദീനാനുകമ്പയിൽനിന്നാണ് രൂപപ്പെടുന്നത് എന്നു കണ്ടെത്താൻ അതിബുദ്ധി വേണ്ട. പ്രത്യേകിച്ച് പിഞ്ചുകുട്ടികളെ കേന്ദ്രീകരിച്ച് കഥ മെനയുന്നതാണ് കൂടുതൽ ഫലപ്രദം.

നോൾട്ടൺ കഥ തയ്യാറാക്കി. ആദ്യം ഒരു സംഘടന രൂപീകരിച്ചു. ‘സിറ്റിസൺസ് ഫോർ എ ഫ്രീ കുവൈറ്റ്.’ ഈ സംഘടനയിൽപ്പെട്ട ഒരു യുവതി കുവൈറ്റിലെ ഭീകരതയെക്കുറിച്ച് പറയാൻ യു.എസ് കോൺഗ്രസ്സിന്റെ സമിതിക്കു മുന്നിൽ എത്തി. യുവതിയുടെ പേര് നയിറ എന്നാണ്. നാല് മിനിറ്റിൽ തെളിവെടുപ്പ് തീർന്നു. നയിറ പറഞ്ഞ വിവരങ്ങൾ 11 ഖണ്ഡികകളായി പുറത്തു വന്നു.

നയിറ കുവൈറ്റിലായിരുന്നപ്പോൾ ഇറാഖിസേന ഒരു ആശുപത്രിയിലെത്തി. തൊട്ടിലിൽ കിടന്ന മുഴുവൻ കുട്ടികളേയുമെടുത്ത് താഴെയിട്ടു. തൊട്ടിലുകളുമായി പട്ടാളക്കാർ പോയി. ആശുപത്രിയിലെ തറയിൽ കുട്ടികൾ കരഞ്ഞ് കരഞ്ഞ് പിടഞ്ഞുമരിച്ചു. തന്റെ ഒരു ബന്ധു ആ സമയത്ത് ഒരു ആശുപത്രിയിൽ പ്രസവത്തിനായി അഡ്‌മിറ്റ് ചെയ്തിരുന്നത് നയിറ ഓർത്തു. ആ കുഞ്ഞിന്റെ വിധിയോർത്ത് നയിറ വിറച്ചു. നയിറയും കൂട്ടുകാരും ഈ സംഭവം ചെറിയ ലഘുലേഖയാക്കി വിതരണം ചെയ്തു. ഇറാഖിസേന കണ്ടാൽ കൊന്നുകളയും എന്ന് മുന്നറിയിപ്പ് കിട്ടിയപ്പോള്‍ അത് നിർത്തി. നോൾട്ടൺ കമ്പനി നയിറയുടെ തെളിവെടുപ്പ് ഷൂട്ട് ചെയ്തു. 700 ടി.വി സ്റ്റേഷനുകൾ ഇത് സംപ്രേഷണം ചെയ്തു.

അമേരിക്കൻ പൊതുജനാഭിപ്രായം യുദ്ധത്തിന് അനുകൂലമായി. പ്രസിഡന്റ് ബുഷ് യുദ്ധത്തിന് അനുമതി നൽകി. പെന്റഗണിൽനിന്ന് പോർവിമാനങ്ങൾ ബാഗ്ദാദിലേക്ക് പറന്നു.

ആരാണ് നയിറ എന്ന വിവരം പിന്നീട് പുറത്തുവന്നു. അമേരിക്കയിലെ കുവൈറ്റ് അംബാസിഡറുടെ മകളാണ്. നയിറ കുവൈറ്റിലുണ്ടായിരുന്നില്ല. അവിടത്തെ ആശുപത്രിയിൽ പട്ടാളക്കാർ കയറിയത് അവൾ കണ്ടിട്ടില്ല. കുട്ടികളെ തറയിലിട്ടതിനും സാക്ഷിയായിട്ടില്ല. എല്ലാം നോൾട്ടൺ കമ്പനി മാനേജർ പറഞ്ഞുകൊടുത്ത കഥയാണ്. ഭരണത്തിന്റെ സിരാകേന്ദ്രത്തിൽ നുണഫാക്ടറികൾ ഉണ്ട്.

എല്ലാക്കാലത്തുമുണ്ട്. ആദ്യം മനുഷ്യനിൽ ഒരു വിശ്വാസം ഉറപ്പിക്കുക. ആസൂത്രിതവും പ്രചണ്ഡവുമായ പ്രചാരണത്തിന്റെ ലക്ഷ്യം വ്യക്തിയിൽ വിശ്വാസം വേരുറപ്പിക്കുക എന്നതാണ്. അത് വിജയിച്ചാൽ പിന്നെ എന്തും അതിന്റെ അടിസ്ഥാനത്തിലേ പരിശോധിക്കൂ. തന്റെ വിശ്വാസത്തിന് നേർവിപരീതമായ തെളിവുകൾ കിട്ടിയാൽപോലും അനായാസം അത് തള്ളിക്കളയും. രസകരമായ കഥയുണ്ട്. ഒരു ഈശ്വരവിശ്വാസിയും നിരീശ്വരവാദിയും അയൽക്കാരായി താമസിക്കുന്നു. എല്ലാ ദിവസവും സന്ധ്യയ്ക്ക് ഈശ്വരവിശ്വാസി മുറ്റത്തിറങ്ങി ദൈവത്തിനു നന്ദി പറയും. അപ്പോൾ അയൽപ്പക്കത്തെ നിരീശ്വരവാദി മുറ്റത്തിറങ്ങി ‘ദൈവമില്ല’ എന്ന് ഉറക്കെ പറയും. ഇത് പതിവ് രീതിയാണ്.

ഒരിക്കൽ മുറ്റത്തിറങ്ങിയ ഈശ്വരവിശ്വാസി ദൈവത്തോട് പ്രാർത്ഥിച്ചത് ഇങ്ങനെയാണ് “ദൈവമേ... എനിക്ക് അസുഖമാണ്. രാത്രിയിൽ കഴിക്കാനൊന്നുമില്ല. എനിക്ക് ഭക്ഷണം തരേണമേ...”

ഇതുതന്നെ അവസരം എന്ന് നിരീശ്വരവാദി കരുതി. അയാൾ ഭക്ഷണം കൊണ്ടുവന്ന് ഈശ്വരവിശ്വാസിയുടെ തിണ്ണയിൽ വെച്ചു. കുറച്ചുകഴിഞ്ഞ് പുറത്തുവന്ന ഈശ്വരവിശ്വാസി ഭക്ഷണം കണ്ട് ദൈവത്തിന് ഉറക്കെ നന്ദി പറഞ്ഞു: “ദൈവമേ... നീയെന്റെ പ്രാർത്ഥന കേട്ടുവല്ലോ...” അപ്പോൾ അപ്പുറത്തെ വീട്ടിൽനിന്നും നിരീശ്വരവാദി വിളിച്ചുപറഞ്ഞു: “അത് ഞാൻ കൊണ്ടുവന്നതാണ്.” അതോടെ കൈകൾ ഉയർത്തി ദൈവവിശ്വാസി കൂടുതൽ ഉച്ചത്തിൽ പറഞ്ഞു: “ദൈവമേ നീ എനിക്ക് ഭക്ഷണം തന്നു എന്നുമാത്രമല്ല, അത് ഒരു ദൈവനിഷേധിയുടെ കയ്യിൽ കൊടുത്തയക്കുകകൂടി ചെയ്തല്ലോ... സ്തോത്രം... സ്തോത്രം.” എല്ലാ വിശ്വാസവും കടുത്തതാണ്. അതിൽ ശാസ്ത്രത്തിനും സത്യത്തിനും തെളിവിനും പ്രവേശനമില്ല. വിശ്വാസം വിശ്വാസിക്ക് ഒരു സംരക്ഷണകവചമാണ്. അത് പൊളിച്ച് അസ്വസ്ഥമാകാനോ അരക്ഷിതമാകാനോ പൊതുവെ തയ്യാറാകില്ല. സ്വന്തം വിശ്വാസം എല്ലാത്തിനും ഉത്തരം തരുന്ന അമൂല്യ ഔഷധമാണ്. വിശ്വാസത്തിൽ ‘ഉറച്ച് വിശ്വസിക്കുക’ എന്നതാണ് ജീവിതവ്രതം.

ചിന്തകനായ ഫ്രാൻസിസ് ബേക്കൺ പറഞ്ഞ ഉദാഹരണമുണ്ട്. ഒരിക്കൽ ഒരു വൈദിക സെമിനാരിയിൽ വലിയ പ്രശ്നം. കുതിരയ്ക്ക് എത്ര പല്ലുണ്ട് എന്നതാണ് സംഗതി. ആർക്കും അറിയില്ല. അച്ചന്മാരെല്ലാവരും കൂടി വിശുദ്ധഗ്രന്ഥങ്ങൾ പരതി. ഒന്നിലും ഇതിനെക്കുറിച്ച് പറയുന്നില്ല. എല്ലാവരും തിരക്കിട്ട അന്വേഷണത്തിലാണ്. ഒന്നുരണ്ടാഴ്ചയായി ഈ പണി തുടരുന്നു. അപ്പോൾ ഒരു യുവവൈദികൻ അവിടെ എത്തി. വിവരമറിഞ്ഞപ്പോൾ ആ പാവം അവരോട് പറഞ്ഞു: “ഇതിനെന്താ ഇത്ര ബുദ്ധിമുട്ട്. കുതിരയുടെ വായ തുറന്ന് എണ്ണിയാൽ പോരെ?” “ദൈവദോഷം പറയുന്നോ? ദ്രോഹി” അച്ചന്മാരെല്ലാവരും കൂടി അയാളെ തല്ലി നാശമാക്കി. എന്നിട്ട് പരതൽ തുടർന്നു. ഉത്തരം കിട്ടാതെ വിഷമിച്ച അവർ അവസാനം ഇങ്ങനെ എഴുതിവെച്ചു: “കുതിരയുടെ വായിൽ എത്ര പല്ലുണ്ടെന്ന് വേദഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഇത് മഹത്തായ ഒരു പ്രപഞ്ചരഹസ്യമായി തുടരുന്നു.” വിശ്വാസം തരുന്ന ആദ്യത്തെ സംഭാവന അസഹിഷ്ണുതയാണ്. വിശ്വാസം വ്യക്തികളെയല്ല, അങ്കച്ചേകവന്മാരെയാണ് സൃഷ്ടിക്കുന്നത്. ചേകവന്റെ നീതിശാസ്ത്രം തന്നെ ഇതിനും. കൊല്ലുക അല്ലെങ്കിൽ മരിക്കുക. കൊന്നാൽ പദവിയും പണക്കിഴിയും. മരിച്ചാൽ വീരസ്വർഗം.

നൊബേൽ സമ്മാനം നേടിയ ബയോകെമിസ്റ്റായിരുന്നു ഫ്രെഞ്ചുകാരനായ ജാക്വസ് മൊണോദ്. രോഗം ബാധിച്ച് മരണത്തിലേക്കെത്തിയ മൊണോദിനെ ഒരു പതിമൂന്നുകാരനായ വിദ്യാർത്ഥി സന്ദർശിച്ചു. ജീവിതത്തിൽ നിങ്ങൾ പ്രധാനമായി കരുതിയത് എന്തായിരുന്നു എന്ന് കുട്ടി ചോദിച്ചു: “ധൈര്യം ശാരീരികവും മാനസികവുമായ ധൈര്യം. സത്യത്തോടുള്ള സ്നേഹം. അതിനേക്കാൾ നുണയോടുള്ള വെറുപ്പ്. സത്യം കണ്ടെത്താൻ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, നുണ കണ്ടെത്താനും തിരിച്ചറിയാനും എളുപ്പമാണ്. അതുകൊണ്ട് നുണയെ വെറുക്കുക” ഇതായിരുന്നു ഉത്തരം. സോവിയറ്റ് അനുഭവമാണ് മൊണോദിനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. സോവിയറ്റ് ശാസ്ത്രജ്ഞനായിരുന്ന ട്രോഫിം ലൈസെങ്കോ ജനിതകശാസ്ത്രത്തെ തള്ളിക്കളഞ്ഞു. അങ്ങനെയൊന്ന് ഇല്ലെന്ന് ശഠിച്ചു. സാഹചര്യങ്ങളാണ് എന്തും സൃഷ്ടിക്കുന്നതെന്ന് ഉറപ്പിച്ചു. ഗോതമ്പിനെ ചോളമാക്കി മാറ്റാൻ കഴിയും എന്നുവരെ പറഞ്ഞു. ലൈസെങ്കോയെ സ്റ്റാലിന് ഇഷ്ടമായി. ലൈസെങ്കോവിന്റെ തിയറിയെ എതിർത്ത ശാസ്ത്രജ്ഞരെ ജയിലിലടയ്ക്കുകയോ കൊല്ലുകയോ ചെയ്തു. ലൈസെങ്കോയെ സ്റ്റാലിൻ ലെനിൻ അക്കാഡമി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ പ്രസിഡന്റാക്കി. ഞെട്ടിപ്പോയി മൊണോദ്. ഫാസിസ്റ്റ്‌വിരുദ്ധ പോരാളിയും കമ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്നു മൊണോദ്. മൊണോദ് പാർട്ടി അംഗത്വം ഉപേക്ഷിച്ചു.

ഒരു നുണയിൽ വിശ്വസിക്കുമ്പോൾ ഒരു യജമാനനെ സേവിക്കുകയാണ്. സ്വതന്ത്രമായി സംസാരിക്കുന്നവർ എന്നും ഒരു ഭീഷണിയുടെ മുന്നിലായിരിക്കും. “എല്ലാ മനുഷ്യരും സമന്മാരായാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്” 1776-ൽ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പറഞ്ഞു. 11 വർഷത്തിനു ശേഷം ഫ്രാൻസിലെ മനുഷ്യരുടേയും പൗരന്മാരുടേയും അവകാശ പ്രഖ്യാപനം “മനുഷ്യർ സ്വതന്ത്രരായും തുല്യാവകാശങ്ങളോടേയും ജനിക്കുന്നു” എന്ന് രേഖപ്പെടുത്തി. സ്വാതന്ത്ര്യം ഒരു സന്ധ്യാനാമംപോലെ മനുഷ്യർ ഹൃദയത്തിൽ ഉറപ്പിച്ചു. അത് ആരുടേയും സൗജന്യവും സൗമനസ്യവുമായിരുന്നില്ല. ടാഗോർ പാടിയതുപോലെ “നിർഭയമായ മനസ്സും ഉയർന്ന ശിരസ്സും” വാഗ്ദാനം ചെയ്യുന്ന പറുദീസയാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെ കൈപിടിച്ച് മനുഷ്യനും മനുഷ്യന്റെ കൈപിടിച്ച് സ്വാതന്ത്ര്യവും ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്നു. സ്വാതന്ത്ര്യം ഒരു മനോഭാവമാണ്. ഒരു വിപ്ലവം ജനിക്കുന്നതും ജയിക്കുന്നതും മനോഭാവത്തിൽ മാറ്റമുണ്ടാകുമ്പോഴാണ്. സ്വതന്ത്ര ചിന്തയുടെ ആവിഷ്‌കാരം ജനാധിപത്യ വ്യവസ്ഥയിലാണ്. വ്യാജക്കാഴചയിലൂടേയും വ്യാജനിർമിതിയിലൂടേയും സൈബർ ലോകത്തെ കടന്നൽക്കൂട്ടങ്ങൾ മനുഷ്യന്റെ ബോധമണ്ഡലത്തെ നിരന്തരം ആക്രമിക്കുന്നു. അവരവരോട് വിട്ടുവീഴ്ചയില്ലാതെ പൊരുതി മാത്രമെ ജനാധിപത്യം നിലനിർത്താനാകൂ. തീയും പുകയും ആഘോഷമാക്കിയ മന്ത്രവാദപ്പുരകളിൽ സ്വന്തം ദൈവത്തെ തിരയേണ്ടതുണ്ടോ? ദൈവം അവനവനിൽ തന്നെയുണ്ടെന്ന ഗുരുവചനം നമുക്കു കാവലുണ്ടല്ലോ! ഓർക്കുക, ഗർജിക്കുന്നവരുടെ കാലമല്ല, ഇത് ഛർദിക്കുന്നവരുടെ കാലമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com