2024 ജൂലൈ 30-ന് പുലർച്ചെ വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ മലഞ്ചെരിവുകളിൽ നിന്നുയർന്ന മണ്ണിന്റേയും പാറയുടേയും ജലത്തിന്റേയും മഹാപ്രവാഹം കേരളത്തിന്റെ മനസ്സിൽ മായാത്ത മുറിവായി പതിഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗ്രാമങ്ങൾ ഇല്ലാതായി, കുടുംബങ്ങൾ പിരിഞ്ഞുപോയി, ഒരു നാട് തന്നെ ദുഃഖത്തിന്റെ പ്രതീകമായി മാറി. കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തങ്ങളിലൊന്നായി അത് ചരിത്രത്തിൽ രേഖപ്പെട്ടു.
രണ്ട് വർഷം പിന്നിടും മുന്‍പേ, 2026 ജൂലൈ ഏഴിന് മേപ്പാടി പഞ്ചായത്തിലെ കള്ളാടി മേഖലയിൽ വീണ്ടും മല ഇളകി. ചൂരൽമല ഒരു ഒറ്റപ്പെട്ട അപകടമല്ലെന്നും പശ്ചിമഘട്ടത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്ര-കാലാവസ്ഥാ യാഥാർത്ഥ്യത്തിന്റെ ഭാഗമാണെന്നും കള്ളാടി നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.
ഈ രണ്ട് ദുരന്തങ്ങളേയും വെറും ദുരന്തവാർത്തകളായി കാണാനാവില്ല. അവ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു വലിയ ചോദ്യത്തിന്റെ രണ്ട് അധ്യായങ്ങളാണ്. മഴയുടെ സ്വഭാവം മാറുമ്പോൾ, മലകൾക്കുള്ളിലെ ജലസമ്മർദം ഉയരുമ്പോൾ, ചരിവുകൾ വെട്ടിമാറ്റി റോഡുകളും റിസോർട്ടുകളും ഉയരുമ്പോൾ, പശ്ചിമഘട്ടം നമ്മോട് പറയുന്നത് എന്താണ്? ചൂരൽമലയും കള്ളാടിയും ചേർന്ന് ആ ചോദ്യത്തിന് ഒരു ഗൗരവമേറിയ മറുപടി നൽകുന്നു.
വയനാട് മലനിരകൾ: സൗന്ദര്യവും ഭീഷണിയും
വയനാട് പശ്ചിമഘട്ടത്തിന്റെ ഉയർന്ന പീഠഭൂമികളിലൊന്നാണ്. സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 മീറ്റർ വരെ ഉയരമുള്ള ഈ പ്രദേശം ഇന്ത്യയിലെ പ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നാണ്. എന്നാൽ, അതിന്റെ പ്രകൃതിസൗന്ദര്യത്തിനൊപ്പം ഒരു വലിയ ഭൂവൈജ്ഞാനിക ദുർബലതയും നിലനിൽക്കുന്നു.
ഇവിടത്തെ ഭൂരിഭാഗം മലകളും പുരാതന ഗ്രാനൈറ്റിക്-ഗ്‌നൈസ് (Granite Gneiss) പാറകളാൽ നിർമിതമാണ്. കോടിക്കണക്കിനു വർഷങ്ങളായി മഴയും ചൂടും രാസപ്രവർത്തനങ്ങളും ഈ പാറകളെ അപക്ഷയപ്പെടുത്തി (Weathering). അതിന്റെ ഫലമായി പല ചരിവുകളിലും 10 മുതൽ 30 മീറ്റർ വരെ കട്ടിയുള്ള സാപ്രോലൈറ്റ് (Saprolite) മണ്ണ് രൂപപ്പെട്ടു. പുറത്തുനിന്ന് ഉറച്ചതായി തോന്നുന്ന മലയുടെ മുകളിലെ ഭാഗം പലപ്പോഴും വെള്ളം നിറഞ്ഞ സ്‌പോഞ്ചിനെപ്പോലെ പെരുമാറുന്ന അപക്ഷയമണ്ണാണ്.
കനത്ത മഴ പെയ്യുമ്പോൾ ഈ മണ്ണിന്റെ സുഷിരങ്ങളിലേക്ക് വെള്ളം അതിവേഗം കയറുന്നു. ജലം നിറയുമ്പോൾ മണ്ണിന്റെ ഭാരം കൂടുകയും തന്മൂലം ഉണ്ടാകുന്ന സമ്മർദം, അതിനെ ഒരുമിച്ച് പിടിച്ചുനിർത്തുന്ന ഷിയർ ശക്തി (Shear Strength) കുറയുകയും ചെയ്യുന്നു. ഒരു നിർണായക ഘട്ടത്തിൽ ചരിവ് പെട്ടെന്ന് തകരുന്നു. അതാണ് ഉരുൾപ്പൊട്ടൽ. ചൂരൽമലയിലും കള്ളാടിയിലും സംഭവിച്ചത് ഇതേ അടിസ്ഥാന പ്രക്രിയയുടെ വ്യത്യസ്ത രൂപങ്ങളാണ്.
മഴയുടെ മാറുന്ന ഭൂപടം
കേരളത്തിലെ മഴയുടെ പ്രശ്നം ഇന്ന് വാർഷിക അളവിന്റെ പ്രശ്നമല്ല; മഴയുടെ വിതരണരീതിയുടെ പ്രശ്നമാണ്. മുന്‍പ് ഒരു ആഴ്ചയിൽ ലഭിച്ച മഴ ഇപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലഭിക്കുന്നു. ഈ മാറ്റം പശ്ചിമഘട്ടത്തിലെ മലഞ്ചെരിവുകൾക്ക് അത്യന്തം അപകടകരമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഉപരിതല താപനില ഉയരുന്നതോടെ അന്തരീക്ഷത്തിൽ കൂടുതൽ ജലബാഷ്പം അടിഞ്ഞുകൂടുന്നു. ചൂടുള്ള വായു കൂടുതൽ ഈർപ്പം വഹിക്കുന്നു. മലനിരകളിൽ എത്തുമ്പോൾ ഈ ഈർപ്പം അതിവേഗം മഴയായി പതിക്കുന്നു. ഇതാണ് മേഘ വിസ്‌ഫോടന (Cloud Burst) സ്വഭാവമുള്ള അതിതീവ്ര മഴകൾ (Extremely Heavy Rainfall) വർദ്ധിക്കാൻ കാരണമാകുന്നത്.
ചൂരൽമല ദുരന്തത്തിനു മുൻപുള്ള മണിക്കൂറുകളിലും കള്ളാടിയിലെ സംഭവത്തിനു മുന്‍പും അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഒരു കാര്യം വ്യക്തമാക്കണം: മഴ ദുരന്തത്തിന്റെ പ്രേരകശക്തി (Triggering Factor) മാത്രമാണ്; അടിസ്ഥാന കാരണം അല്ല. മലയുടെ ആന്തരിക ഘടന, മണ്ണിന്റെ കനം, ജലനിക്ഷേപം, മനുഷ്യ ഇടപെടൽ എന്നിവയൊക്കെയാണ് മഴയെ ദുരന്തമാക്കുന്നത്.
ചൂരൽമല: ഒരു ഗ്രാമം എങ്ങനെ ഇല്ലാതായി?
2024-ലെ ചൂരൽമല ദുരന്തം സാധാരണ ഉരുൾപ്പൊട്ടലല്ലായിരുന്നു. അത് ഒന്നിലധികം ഉരുള്‌പൊട്ടലുകളുടെ (Mult-Stage Debris Flow) ഒരു വലിയ മണ്ണിടിച്ചിലായിരുന്നു. മലമുകളിലെ മണ്ണും പാറയും തകരുകയും അതിവേഗം താഴേക്ക് ഒഴുകുന്ന ജലവുമായി കലരുകയും ചെയ്തു. ഈ മിശ്രിതം ഒരു സിമന്റ് നദിയെപ്പോലെ താഴ്വരയിലേക്ക് പാഞ്ഞിറങ്ങി.
അത്തരം പ്രവാഹങ്ങളുടെ വേഗം മണിക്കൂറിൽ പതിനായിരക്കണക്കിന് മീറ്റർ വരെ എത്താം. വഴിയിലുണ്ടായിരുന്ന വീടുകളും മരങ്ങളും വാഹനങ്ങളും പാലങ്ങളും അതിനൊപ്പം ഒഴുകിപ്പോകുന്നു. ചൂരൽമലയിൽ സംഭവിച്ചതും അതുതന്നെയായിരുന്നു.
ശാസ്ത്രീയമായി നോക്കുമ്പോൾ മൂന്ന് ഘടകങ്ങൾ ഇവിടെ ഒന്നിച്ചു പ്രവർത്തിച്ചു: (1) അസാധാരണ മഴ - ചരിവുകൾ ജലസാന്ദ്രമാക്കി; (2) കട്ടിയുള്ള അപക്ഷയമണ്ണ് - വലിയ അളവിൽ മണ്ണ് താഴേക്ക് വേഗത്തിൽ തെന്നി നീങ്ങാൻ അനുകൂല സാഹചര്യം; (3) താഴ്വരയുടെ ഭൂപ്രകൃതി - ഇടിഞ്ഞ മണ്ണ് ഒരു ചാനലിലൂടെ അതിവേഗം കേന്ദ്രീകൃതമായി ഒഴുകി. ഇതുകൊണ്ടാണ് നാശനഷ്ടം അസാധാരണമായി വർധിച്ചത്.
കള്ളാടി: മാറാത്ത പാഠങ്ങളുടെ തുടർച്ച
2026-ലെ കള്ളാടി ദുരന്തം ചൂരൽമലയിലുണ്ടായ മഹാദുരന്തത്തേക്കാൾ വ്യാപ്തിയിൽ ചെറുതായിരുന്നേക്കാം. എന്നാൽ അത് കേരളത്തിനു നൽകിയ മുന്നറിയിപ്പ് ഒരുപക്ഷേ, അതിലും ശക്തമായിരുന്നു. രണ്ട് വർഷം മുന്‍പ് ചൂരൽമല-മുണ്ടക്കൈ ദുരന്തം വയനാട്ടിലെ മലഞ്ചെരിവുകൾ അതീവ ദുർബലമായ ഭൗമശാസ്ത്ര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ചിരുന്നു. അതിനുശേഷം അപകടസാധ്യതാ ഭൂപടങ്ങൾ (Hazard Zonation Maps), ഉരുൾപ്പൊട്ടൽ സാധ്യതാ പഠനങ്ങൾ, പുനരധിവാസ പദ്ധതികൾ, മഴയെ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, ദുരന്തനിവാരണ മാർഗരേഖകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ദേശീയവും സംസ്ഥാനതലത്തിലുമുള്ള നിരവധി വിദഗ്ദ്ധസമിതികൾ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ദീർഘകാല ശുപാർശകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. എന്നിട്ടും, രണ്ട് വർഷത്തിനുള്ളിൽ വീണ്ടും ഒരു മല ഇളകി; വീണ്ടും ജീവനുകളും സ്വത്തുക്കളും നഷ്ടമായി. ഇത് കേരളം ഇനിയും പഠിക്കാത്ത പാഠങ്ങളെ ഓർമ്മപ്പെടുത്തുകയാണ്.
കള്ളാടി ദുരന്തം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യം ഇതാണ്: ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ എത്ര മികച്ചതായാലും, ദുരന്തത്തിനു മുന്‍പുള്ള ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾക്ക് പകരമാകാൻ കഴിയില്ല. രക്ഷാപ്രവർത്തനം അനിവാര്യമാണ്; പക്ഷേ അതിലും പ്രധാനപ്പെട്ടത് ദുരന്തം സംഭവിക്കുന്നതിനു മുന്‍പ് അപകടസാധ്യത തിരിച്ചറിയുകയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്ന ശാസ്ത്രീയ മുൻകരുതലുകളാണ്.
കേരളത്തിലെ മിക്ക മലപ്രദേശങ്ങളിലും ഇപ്പോഴും പ്രധാനമായും മഴയുടെ അളവും തീവ്രതയും അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ, ലോകമെമ്പാടുമുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്, മഴ മാത്രം ഉരുൾപ്പൊട്ടലിന്റെ ഏക സൂചകമല്ല എന്നതാണ്. ഉരുൾപ്പൊട്ടലിന് മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ മുന്‍പ് ചരിവുകൾ മില്ലിമീറ്റർ മുതൽ സെന്റിമീറ്റർ വരെ നീങ്ങുകയും മണ്ണിലെ ജലസമ്മർദം ഉയരുകയും ചെറിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്യാറുണ്ട്. ഈ പ്രാരംഭ ഭൗമശാസ്ത്ര സൂചനകൾ തിരിച്ചറിയാൻ കഴിഞ്ഞാൽ അപകടസാധ്യത കൂടുതൽ കൃത്യമായി വിലയിരുത്താൻ കഴിയും. ചെറിയ വിള്ളലുകൾ രൂപപ്പെടാറുണ്ട്. ഈ സൂചനകൾ കണ്ടെത്താൻ കഴിയുന്ന സമഗ്ര നിരീക്ഷണ സംവിധാനം കേരളത്തിൽ ഇപ്പോഴും വ്യാപകമായി സ്ഥാപിച്ചിട്ടില്ല.
മനുഷ്യ ഇടപെടലുകളുടെ ആഘാതം
ഉരുൾപ്പൊട്ടൽ സംബന്ധിച്ച പൊതുചർച്ചയിൽ പലപ്പോഴും രണ്ട് അതിരുകളുണ്ട്. ഒരു വിഭാഗം എല്ലാ ദുരന്തങ്ങൾക്കും കാലാവസ്ഥാവ്യതിയാനത്തെ മാത്രം കുറ്റപ്പെടുത്തുന്നു. മറ്റൊരു വിഭാഗം എല്ലാ ദുരന്തങ്ങൾക്കും ക്വാറികളെ മാത്രം കാരണം പറയുന്നു. ശാസ്ത്രീയ സത്യം ഇതിന്റെ ഇടയിലാണ്.
വയനാട്ടിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വലിയ മാറ്റങ്ങളുണ്ടായി: (1) വനപ്രദേശങ്ങളുടെ ചുരുക്കം; (2) കാപ്പി, കുരുമുളക്, തേയില തുടങ്ങിയ കൃഷികളുടെ വ്യാപനം; (3) ചരിവുകൾ മുറിച്ചുള്ള റോഡ് വികസനം; (4) ടൂറിസം അടിസ്ഥാന സൗകര്യങ്ങളുടെ വർധന; (5) റിസോർട്ട് നിർമ്മാണം; (5) സ്വാഭാവിക നീരൊഴുക്ക് മാറ്റങ്ങൾ.
ഇവയിൽ ഓരോന്നും ചെറിയ സ്വാധീനങ്ങളായി തോന്നാം. എന്നാൽ, ഒരു മലയുടെ ജലസന്തുലിതാവസ്ഥയിൽ ഇവയുടെ സംയുക്തഫലം വലുതാണ്. ഒരു റോഡ് നിർമിക്കുമ്പോൾ ചരിവിന്റെ അടിഭാഗം മുറിക്കപ്പെടാം. ഒരു കെട്ടിടം നിർമിക്കുമ്പോൾ മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് മാറാം. ഒരു റിസോർട്ട് നിർമിക്കുമ്പോൾ മണ്ണിന്റെ ജല ആഗിരണശേഷി കുറയാം. ഇവയെല്ലാം ചേർന്ന് ഒരു ചരിവിന്റെ സ്ഥിരത ക്രമേണ കുറയ്ക്കുന്നു. അതുകൊണ്ട് മനുഷ്യ ഇടപെടൽ ഉരുൾപ്പൊട്ടലിന്റെ ഏക കാരണം അല്ലെങ്കിലും, അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്.
ഗാഡ്ഗിൽ മുതൽ കസ്തൂരിരംഗൻ വരെ
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള ദേശീയ ചർച്ചയിൽ രണ്ട് റിപ്പോർട്ടുകൾ നിർണായകമാണ്. ഒന്ന് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും രണ്ട് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടും. ഈ റിപ്പോർട്ടുകൾ തമ്മിൽ സമീപന വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു അടിസ്ഥാന സന്ദേശം രണ്ടിലും ഉണ്ടായിരുന്നു: പശ്ചിമഘട്ടം പരിസ്ഥിതിപരമായി അതീവ സങ്കീർണവും സംരക്ഷണം ആവശ്യമായ പ്രദേശവുമാണ്.
കേരളത്തിൽ ഈ റിപ്പോർട്ടുകൾ പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളായി ചുരുങ്ങി. എന്നാൽ ശാസ്ത്രീയമായ കേന്ദ്രീയ ചോദ്യമായ “ഒരു മലപ്രദേശത്തിന് എത്രത്തോളം മനുഷ്യപ്രവർത്തനങ്ങളേയും വികസനത്തേയും സുരക്ഷിതമായി താങ്ങിനിർത്താനാകും എന്നത് മതിയായ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെട്ടില്ല. ചൂരൽമലയും കള്ളാടിയും ആ പഴയ ചോദ്യത്തെ വീണ്ടും നമ്മുടെ മുന്നിൽ കൊണ്ടുവന്നിരിക്കുകയാണ്.”
ദുരന്തങ്ങളെ പ്രവചിക്കാനാകുമോ?
ഉരുൾപ്പൊട്ടൽ സംബന്ധിച്ച് പൊതുസമൂഹത്തിൽ വ്യാപകമായ ഒരു തെറ്റിദ്ധാരണയുണ്ട്. ഭൂകമ്പം പോലെ ഉരുൾപ്പൊട്ടലും ഒരു നിമിഷം പോലും മുൻകൂട്ടി അറിയിക്കാൻ കഴിയാത്ത പ്രകൃതിപ്രതിഭാസമാണെന്നാണ് പലരുടേയും വിശ്വാസം. യാഥാർത്ഥ്യം അതല്ല. കൃത്യമായ തീയതിയും സമയവും പറയാൻ ഇന്നും സാധ്യമല്ലെങ്കിലും, ഏത് ചരിവുകളാണ് അപകടസാധ്യതയിലേക്ക് നീങ്ങുന്നതെന്നും ഏതൊക്കെ പ്രദേശങ്ങൾ അതീവ ജാഗ്രത ആവശ്യപ്പെടുന്നുവെന്നും ശാസ്ത്രീയമായി തിരിച്ചറിയാൻ ഇന്ന് ലോകത്തിനു കഴിയുന്നുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭൂനിരീക്ഷണ സാങ്കേതികവിദ്യയിൽ ഉണ്ടായ പുരോഗതി അത്ഭുതകരമാണ്. ഉപഗ്രഹങ്ങൾ ഭൂമിയുടെ ഉപരിതലത്തിലെ മില്ലിമീറ്റർ തോതിലുള്ള മാറ്റങ്ങൾ പോലും രേഖപ്പെടുത്തുന്നു. സ്ഥിരമായി പ്രവർത്തിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) സ്റ്റേഷനുകൾ ഭൂമിയുടെ സൂക്ഷ്മചലനങ്ങൾ നിരീക്ഷിക്കുന്നു. ഇന്റർഫെറോമെട്രിക് സിന്തെറ്റിക് അപ്പേർച്ചർ റഡാർ (InSAR) സാങ്കേതികവിദ്യ ഒരേ പ്രദേശത്തെ പല സമയങ്ങളിൽ പകർത്തിയ റഡാർ ചിത്രങ്ങൾ താരതമ്യം ചെയ്ത് ചരിവുകളുടെ ക്രമേണയുള്ള നീക്കങ്ങൾ കണ്ടെത്തുന്നു. ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (LiDAR) സർവേകൾ ഭൂമിയുടെ ഉപരിതലത്തിന്റെ അതിസൂക്ഷ്മമായ ത്രിമാന മാതൃക സൃഷ്ടിക്കുന്നു. ഡ്രോണുകൾ മണിക്കൂറുകൾക്കുള്ളിൽ അപകടമേഖലകളുടെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ലഭ്യമാക്കുന്നു.
ഇവയെല്ലാം സംയോജിപ്പിച്ചാൽ മലഞ്ചെരിവുകളുടെ ആരോഗ്യനില പരിശോധിക്കാൻ കഴിയും. ഒരു രോഗിക്ക് രക്തസമ്മർദം, ഹൃദയമിടിപ്പ്, ഓക്സിജൻ നില എന്നിവ അളക്കുന്നതുപോലെ, മലകൾക്കും ഒരു ‘ആരോഗ്യപരിശോധന’ നടത്താൻ ഇന്ന് ശാസ്ത്രത്തിനു കഴിവുണ്ട്.
കേരളത്തിൽ ഈ സംവിധാനങ്ങൾ പരിമിതമായ അളവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും സംസ്ഥാനവ്യാപകമായ ഒരു ഏകീകൃത ഉരുൾപൊട്ടലുകൾ നിരീക്ഷിക്കുന്നതും മുൻകൂർ മുന്നറിയിപ്പ് നൽകുന്നതുമായ ശൃംഖല (Landslide Monitoring and Early Warning Network) ഇതുവരെ നിലവിൽ വന്നിട്ടില്ല. ചൂരൽമലയും കള്ളാടിയും കഴിഞ്ഞ സാഹചര്യത്തിൽ ഇത് ഇനി ഒരു ഗവേഷണ ആശയമല്ല; പൊതുസുരക്ഷയുടെ അനിവാര്യതയാണ്.
മഴയെ മാത്രം അളന്നാൽ മതിയോ?
കേരളത്തിൽ ദുരന്തമുന്നറിയിപ്പുകൾ പ്രധാനമായും മഴയുടെ അളവിനെ അടിസ്ഥാനമാക്കിയാണ് നൽകുന്നത്. അതൊരു പ്രധാന സൂചകമാണെങ്കിലും അതുമാത്രം മതിയാകില്ല.
ഒരേ അളവിൽ മഴ ലഭിച്ചാലും രണ്ട് ചരിവുകൾ ഒരുപോലെ പ്രതികരിക്കില്ല. കാരണം, ഓരോ മലയും വ്യത്യസ്തമാണ്. മണ്ണിന്റെ കനം, പാറയുടെ സ്വഭാവം, വിള്ളലുകൾ, ഭൂഗർഭജലത്തിന്റെ നില, സസ്യാവരണം, ചരിവിന്റെ കോണം, പഴയ ഉരുൾപ്പൊട്ടലുകളുടെ ചരിത്രം-ഇവയെല്ലാം അപകടസാധ്യത നിർണയിക്കുന്നു.
അതുകൊണ്ടുതന്നെ ഭാവിയിലെ മുന്നറിയിപ്പ് സംവിധാനം ഒന്നിലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനം (Multi-Parameter Early Warning System) ആയിരിക്കണം. മഴയോടൊപ്പം ഇനിപ്പറയുന്ന ഘടകങ്ങളും നിരീക്ഷിക്കണം. (1) മണ്ണിലെ ഈർപ്പത്തിന്റെ അളവ്; (2) ഭൂഗർഭജല മർദം; (3) ചരിവിന്റെ സൂക്ഷ്മചലനങ്ങൾ; (4) ഉപഗ്രഹ നിരീക്ഷണ വിവരങ്ങൾ; (5) തത്സമയ കാലാവസ്ഥാ പ്രവചനങ്ങൾ; (6) പഴയ ഉരുൾപ്പൊട്ടലുകളുടെ ഡാറ്റ. ഈ വിവരങ്ങൾ കൃത്രിമബുദ്ധി (Artificial Intelligence) ഉപയോഗിച്ച് വിശകലനം ചെയ്താൽ അപകടസാധ്യതയുടെ തോത് പ്രദേശവല്‍ക്കരിച്ച് അറിയിക്കാൻ കഴിയും.
മാറുന്ന കാലാവസ്ഥ, മാറുന്ന കേരളം
കേരളത്തിന്റെ കാലാവസ്ഥ ഇന്ന് ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വാർഷിക മഴയിൽ വലിയ മാറ്റമില്ലെങ്കിലും മഴയുടെ തീവ്രതയിലും വിതരണരീതിയിലും വ്യക്തമായ മാറ്റങ്ങൾ കാണുന്നു. മുന്‍പ് ദിവസങ്ങളിലായി ലഭിച്ചിരുന്ന മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കേന്ദ്രീകരിക്കുന്നു. അതിനൊപ്പം ദീർഘമായ വരണ്ട കാലയളവുകളും ഉണ്ടാകുന്നു.
ഇത് മലപ്രദേശങ്ങൾക്ക് ഇരട്ടപ്രഹരമാണ്. വരണ്ട കാലത്ത് മണ്ണിൽ സൂക്ഷ്മവിള്ളലുകൾ രൂപപ്പെടുന്നു. പിന്നീട് പെട്ടെന്ന് ലഭിക്കുന്ന അതിതീവ്ര മഴ ആ വിള്ളലുകളിലൂടെ ആഴത്തിൽ കയറുകയും മണ്ണിന്റെ ആന്തരികശക്തി കുറയ്ക്കുകയും ചെയ്യുന്നു. ഫലമായി ചരിവുകൾ കൂടുതൽ അസ്ഥിരമാകുന്നു.
ഭാവിയിൽ ഇത്തരം മഴകൾ കൂടുതൽ പതിവാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ കഴിഞ്ഞ നൂറ്റാണ്ടിലെ മഴയുടെ ശരാശരിയെ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതികൾ ഇനി മതിയാകില്ല. പുതിയ കാലാവസ്ഥാ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്ന വികസന നയങ്ങളാണ് കേരളത്തിനു വേണ്ടത്.
പ്രകൃതിയോട് ചേർന്ന വികസനം
പശ്ചിമഘട്ടത്തിൽ വികസനം പാടില്ലെന്ന വാദം യാഥാർത്ഥ്യബോധമുള്ളതല്ല. അവിടെ ജനങ്ങൾ താമസിക്കുന്നു, കൃഷി ചെയ്യുന്നു, വിദ്യാലയങ്ങളും ആശുപത്രികളും റോഡുകളും ആവശ്യമാണ്. എന്നാൽ ചോദ്യം വികസനം വേണമോ എന്നതല്ല; എങ്ങനെയുള്ള വികസനമാണ് വേണ്ടത് എന്നതാണ്.
ചരിവുകളുടെ സ്ഥിരതാ പഠനം നടത്താതെ റോഡുകൾ, തുരങ്കങ്ങൾ നിർമ്മിക്കരുത്. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുന്ന നിർമാണങ്ങൾ ഒഴിവാക്കണം. ഓരോ വലിയ പദ്ധതിക്കും ഭൂവൈജ്ഞാനികവും ഹൈഡ്രോളജിക്കൽ വിലയിരുത്തലും നിർബന്ധമാക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ കെട്ടിടനിർമാണ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കണം.
ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, നോർവേ, ഇറ്റലി തുടങ്ങിയ മലനിരകളുള്ള രാജ്യങ്ങൾ വികസനവും സുരക്ഷയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് ശാസ്ത്രീയ ഭൂവിനിയോഗ പദ്ധതികളിലൂടെയാണ്. കേരളത്തിനും അതിൽനിന്ന് പഠിക്കാനുണ്ട്.
ജനപങ്കാളിത്തവും ശാസ്ത്രവും
ഉരുൾപ്പൊട്ടലിനു മുന്‍പ് പല ഗ്രാമങ്ങളിലും ചില അസാധാരണ ലക്ഷണങ്ങൾ നാട്ടുകാർ ശ്രദ്ധിച്ചിട്ടുണ്ടെന്ന അനുഭവങ്ങൾ നിരവധിയാണ്. പുതിയ ഉറവകൾ പൊട്ടിപ്പുറപ്പെടുക, പഴയ ഉറവകൾ പെട്ടെന്ന് വറ്റുക, വീടുകളുടെ ചുമരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുക, മരങ്ങൾ അസാധാരണമായി ചെരിയുക, ഭൂമിയിൽ പുതിയ പിളർപ്പുകൾ രൂപപ്പെടുക-ഇവയെല്ലാം അപകടസൂചനകളായിരിക്കാം.
ഇത്തരം തദ്ദേശീയ അറിവിനെ ശാസ്ത്രീയ നിരീക്ഷണവുമായി ബന്ധിപ്പിക്കണം. ഓരോ ഗ്രാമത്തിലും പരിശീലനം ലഭിച്ച ദുരന്തസന്നദ്ധസംഘങ്ങൾ വേണം. സ്കൂളുകളിൽ ദുരന്തസുരക്ഷാ വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകണം. ഗ്രാമപഞ്ചായത്തുകൾക്ക് അപകടസാധ്യതാ ഭൂപടങ്ങൾ ലഭ്യമാകണം. മുന്നറിയിപ്പ് ലഭിച്ചാൽ ആളുകളെ എവിടേക്ക് മാറ്റണം, എങ്ങനെ മാറ്റണം എന്നതിനെക്കുറിച്ച് മുൻകൂട്ടി തയ്യാറാക്കിയ പ്രവർത്തനപദ്ധതി ഉണ്ടായിരിക്കണം.
ദുരന്തം സംഭവിച്ചശേഷമുള്ള രക്ഷാപ്രവർത്തനത്തെക്കാൾ ഫലപ്രദമാണ് ദുരന്തം സംഭവിക്കുന്നതിനു മുന്‍പുള്ള തയ്യാറെടുപ്പ്.
പുതിയ കേരളം, പുതിയ നയം
ചൂരൽമലയും കള്ളാടിയും കഴിഞ്ഞ സാഹചര്യത്തിൽ കേരളം ഇനി സ്വീകരിക്കേണ്ട ചില അടിയന്തര നടപടികൾ വ്യക്തമാണ്. ഒന്നാമതായി, സംസ്ഥാനത്തിന്റെ മുഴുവൻ മലനിരകൾക്കും ഉയർന്ന റെസല്യൂഷനിലുള്ള ഉരുൾപ്പൊട്ടൽ അപകടസാധ്യതാ ഭൂപടം തയ്യാറാക്കണം. രണ്ടാമതായി, GNSS, InSAR, LiDAR, ഡ്രോണുകൾ, ഭൂഗർഭജല സെൻസറുകൾ എന്നിവ സംയോജിപ്പിച്ച സ്ഥിരം നിരീക്ഷണ ശൃംഖല സ്ഥാപിക്കണം. മൂന്നാമതായി, ഓരോ വലിയ റോഡ്, റിസോർട്ട്, കെട്ടിട പദ്ധതി എന്നിവയ്ക്കും നിർബന്ധമായ ഭൂസ്ഥിരതാ പഠനം വേണം. നാലാമതായി, സർവകലാശാലകൾ, ഗവേഷണസ്ഥാപനങ്ങൾ, കാലാവസ്ഥാ കേന്ദ്രങ്ങൾ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു കേരളം ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്രം (Kerala Landslide Early Warning Centre) സ്ഥാപിക്കണം. അഞ്ചാമതായി, അപകടസാധ്യതാ മേഖലകളിൽ ജനങ്ങളുടെ പുനരധിവാസം ഒരു ദുരന്താനന്തര നടപടിയായി മാത്രമല്ല, മുൻകരുതൽ നയമായി കാണണം.
രണ്ട് ദുരന്തങ്ങൾ, ഒരു സന്ദേശം
ഓരോ വലിയ ദുരന്തത്തിനും ശേഷം നാം അത്യപൂർവമായ രക്ഷാപ്രവർത്തനം നടത്തുന്നു. സൈന്യവും രക്ഷാസേനയും സന്നദ്ധപ്രവർത്തകരും സാധാരണ ജനങ്ങളും ചേർന്ന് മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃകകൾ സൃഷ്ടിക്കുന്നു. അത് കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്.
എന്നാൽ, അതിനൊപ്പം മറ്റൊരു ചോദ്യവും ഉയരുന്നു. നാം രക്ഷാപ്രവർത്തനത്തിൽ ലോകത്തിനു മാതൃകയാകുമ്പോൾ, ദുരന്തപ്രതിരോധത്തിലും മാതൃകയാകാൻ കഴിയില്ലേ?
ചൂരൽമലയ്ക്കുശേഷം കേരളം ദുഃഖിച്ചു. കള്ളാടിക്കുശേഷം കേരളം ചിന്തിക്കണം. കാരണം, ഈ രണ്ട് ഉരുൾപ്പൊട്ടലുകളും പ്രകൃതി മനുഷ്യനോട് നടത്തുന്ന പ്രതികാരമല്ല. പ്രകൃതിയുടെ നിയമങ്ങളെ അവഗണിച്ചുള്ള വികസനത്തിനു പ്രകൃതി നൽകുന്ന മുന്നറിയിപ്പുകളാണ് അവ. മലകൾക്ക് അവയുടെ സഹനശേഷിയുണ്ട്. നദികൾക്ക് അവയുടെ വഴിയുണ്ട്. കാടുകൾക്ക് അവയുടെ പരിസ്ഥിതി സന്തുലനമുണ്ട്. അവയെ മനസ്സിലാക്കാതെ നടത്തുന്ന വികസനം ഒടുവിൽ മനുഷ്യസമൂഹത്തിനുതന്നെ തിരിച്ചടിയാകുന്നു.
ഇനിയെങ്കിലും പഠിക്കണം
ചൂരൽമലയും കള്ളാടിയും രണ്ട് സ്ഥലങ്ങളിൽ നടന്ന രണ്ട് ദുരന്തങ്ങൾ മാത്രമല്ല, കേരളത്തിന്റെ വികസനചരിത്രത്തിലെ രണ്ട് വഴിത്തിരിവുകളാണ് അവ. ഇന്ന് കേരളം ഒരു നിർണായക തീരുമാനത്തിന്റെ മുന്നിലാണ്. പഴയതുപോലെ ഓരോ ദുരന്തത്തിനുശേഷവും നഷ്ടങ്ങൾ എണ്ണി മുന്നോട്ടുപോകുന്ന സമീപനം തുടരണമോ? അതോ ശാസ്ത്രത്തേയും ഭരണത്തേയും സമൂഹത്തേയും ഒരുമിപ്പിച്ച് ദുരന്തപ്രതിരോധത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കണമോ?
ഉത്തരം രണ്ടാമത്തേതാണെങ്കിൽ, സമയം വളരെ കുറവാണ്. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. മഴ മാറിക്കൊണ്ടിരിക്കുന്നു. മലകൾ മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് നമ്മുടെ വികസനചിന്തയും മാറിയേ തീരൂ.
ചൂരൽമലയും കള്ളാടിയും കേരളത്തോട് പറയുന്നത് ഒരേയൊരു സന്ദേശമാണ്: പ്രകൃതിയെ കീഴടക്കാനുള്ള വികസനം താൽക്കാലിക വിജയങ്ങൾ സമ്മാനിച്ചേക്കാം; എന്നാൽ, പ്രകൃതിയുമായി സഹവർത്തിത്വം പുലർത്തുന്ന വികസനം മാത്രമാണ് ഒരു സമൂഹത്തിന്റെ ദീർഘകാല സുരക്ഷയും നിലനിൽപ്പും ഉറപ്പാക്കുക.”
ഈ രണ്ട് ഉരുൾപ്പൊട്ടലുകളും ചരിത്രത്തിന്റെ ദുരന്തപ്പട്ടികയിൽ ഒതുങ്ങിപ്പോകരുത്. അവ കേരളത്തിന്റെ ഭാവിയെ കൂടുതൽ സുരക്ഷിതവും ശാസ്ത്രീയവും പ്രകൃതിസൗഹൃദവുമാക്കുന്ന ഒരു പുതിയ വികസനദർശനത്തിന്റെ തുടക്കമാകണം. അതാണ് ചൂരൽമലയിൽ നഷ്ടമായ ജീവനുകൾക്കും കള്ളാടിയിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്കും നമുക്കു നൽകാനാകുന്ന ഏറ്റവും വലിയ ആദരാഞ്ജലി.
----
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, മറൈൻ ജിയോളജി ജിയോഫിസിക്സ് വകുപ്പ് പ്രൊഫസറും മേധാവിയുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates