സ്ക്രീനില്‍വാസന്‍
കൊച്ചുന്നാളിൽ മുതൽ സ്‌ക്രീനിൽ കണ്ടുപരിചയിക്കുകയും സ്‌ക്രീനുമായി ബന്ധപ്പെട്ടുമാത്രം ഓർക്കാൻ കഴിയുകയും സ്‌ക്രീനിൽ മാത്രം ഇനി കാണാൻ കഴിയുകയും ചെയ്യുന്ന ഒരാളെക്കുറിച്ചെഴുതുമ്പോൾ അതിലും ഉചിതമായ ഒരു തലക്കെട്ട് മനസ്സിലേക്ക് വരുന്നില്ല.
ചെറിയ ചെറിയ വേഷങ്ങളിൽ മുൻപേ കണ്ടിരുന്നെങ്കിലും നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട ‘സന്മനസ്സുള്ളവർക്ക് സമാധാന’ത്തിലെ ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്ന കഥാപാത്രമാണ് ശ്രീനിവാസൻ എന്ന പേര് മറക്കാനാകാത്തവിധത്തിൽ മനസ്സിൽ പതിപ്പിച്ചുതന്നതെന്ന് പറയാം.
തിരക്കഥാകൃത്ത് എന്ന നിലയിൽ അദ്ദേഹത്തെ ശ്രദ്ധിച്ചുതുടങ്ങിയത് ഹൈസ്‌കൂൾ കാലത്താണ്. പണ്ട് കണ്ട പല സിനിമകളുടേയും എഴുത്തുകാരൻ ശ്രീനിവാസനായിരുന്നെന്ന് തിരിച്ചറിഞ്ഞത് കുറച്ചുകൂടി മുതിർന്നതിനുശേഷവും.
ആ മനുഷ്യൻ അഭിനയിക്കുകയും എഴുതുകയും ചെയ്ത സിനിമകളെക്കുറിച്ച് ഇനിയൊന്നും പുതിയതായി പറയാനില്ലാത്തവിധത്തിൽ പലരും ചർച്ചചെയ്തുകഴിഞ്ഞതാണ്. അതിനെക്കുറിച്ച് ‘താത്ത്വികമായ ഒരു അവലോകനം’ നടത്താനുള്ള സമയമിതാണെന്ന് കരുതുന്നുമില്ല. സ്‌ക്രീനിലും സ്‌ക്രീനിനു പുറത്തും അദ്ദേഹം പറഞ്ഞ പലതിനോടും വിയോജിപ്പുകളുണ്ടെങ്കിലും ഒരു സിനിമാപ്രേക്ഷകനെന്നനിലയിലും സിനിമാപ്രവർത്തകനെന്നനിലയിലും എനിക്കദ്ദേഹത്തെ ഒരിക്കലും മറക്കാനാകില്ല.
ആവർത്തിച്ചുകണ്ട ഒരുപാട് സിനിമകളുടെ എഴുത്തുകാരനെന്നനിലയിൽ ആരാധിച്ചിരുന്ന ശ്രീനിവാസനെ ആദ്യമായി കാണാൻപോയ സന്ദർഭം കൃത്യമായിട്ടോർക്കുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത ‘ഡാഡി കൂൾ’ സിനിമയുടെ എഴുത്തുജോലികൾ നടക്കുന്ന സമയം. ആഷിഖിന്റെ മാത്രമല്ല, എന്റെയും ആദ്യ സിനിമയായിരുന്നത്. ഏതെങ്കിലും ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഒരു ദിവസംപോലും ചെലവഴിച്ചിട്ടില്ലാത്ത എനിക്കാണെങ്കിൽ സിനിമ കണ്ടുള്ള അനുഭവപരിചയമല്ലാതെ മറ്റൊന്നും കൈമുതലായില്ലായിരുന്നു. കാര്യമായ ധാരണയൊന്നുമില്ലാതെ എഴുതിക്കൂട്ടുന്നതൊക്കെ ആൾക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന് വലിയ ആശങ്കയുണ്ടായിരുന്നു. സംവിധായകൻ കമലിന്റെ ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചിരുന്നു ആഷിഖ്. അനുഭവസമ്പത്തുള്ള ഏതെങ്കിലും എഴുത്തുകാരന്റെ അഭിപ്രായം ആരായുന്നത് നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ ആഷിഖ് അക്കാര്യം കമൽ സാറിനെ അറിയിച്ചു. ഏതോ സിനിമയുടെ തിരക്കുകളിലായിരുന്ന അദ്ദേഹം, ശ്രീനിവാസനുമായി കഥ ചർച്ചചെയ്യാൻ നിർദേശിച്ചു. അങ്ങനെ കമൽ സാർ വിളിച്ചുപറഞ്ഞതിനെത്തുടർന്നാണ് ആഷിഖും ഞാനുംകൂടി ‘ഡാഡി കൂളി’ന്റെ കഥപറയാൻ ശ്രീനിയേട്ടനെ ചെന്നുകണ്ടത്.
അദ്ദേഹം കഥ മുഴുവൻ ശ്രദ്ധയോടെ കേട്ടു. എന്നിട്ട് പറഞ്ഞു: “ഇത് വലിയ അപകടമാകും. ഈ കഥയുമായി ഒരടിപോലും മുന്നോട്ടുപോകരുത്” ഞാൻ തകർന്നുപോയി.
ഒരു ഓട്ടോറിക്ഷയിലിരുന്ന് കുടുങ്ങിക്കുടുങ്ങി തിരിച്ചുപോകുമ്പോൾ ഞാൻ ആഷിഖിനോട് ചോദിച്ചു: “എന്താ ചെയ്യേണ്ടത്?”
സംശയലേശമെന്യേ അവൻ പറഞ്ഞു: “നമ്മൾ ഇതുമായിത്തന്നെ മുന്നോട്ടുപോകും.”
ആ നിശ്ചയദാർഢ്യത്തിലാണ് ഞാൻ ഒരു സിനിമയെഴുത്തുകാരനായി മാറിയത്.
‘ഡാഡി കൂൾ’ വമ്പൻ വിജയമൊന്നുമായില്ല. പക്ഷേ, അതിൽ പ്രവർത്തിച്ച പലർക്കും ശ്രദ്ധനേടാൻ കഴിഞ്ഞു. സംവിധാനത്തിൽ ആഷിഖിന് മികച്ച ഭാവിയുണ്ടെന്ന് പലരും പറഞ്ഞു.
ക്യാമറ കൈകാര്യം ചെയ്ത സമീർ താഹിർ, ക്യാമറ അസിസ്റ്റന്റുകളായ ഷൈജു ഖാലിദ്, ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ, വസ്ത്രാലങ്കാരം ചെയ്ത സമീറ സനീഷ് തുടങ്ങിയവരൊക്കെ പിന്നീട് ദക്ഷിണേന്ത്യൻ സിനിമയിലെത്തന്നെ പ്രമുഖ വ്യക്തിത്വങ്ങളായിത്തീർന്നു.
എനിക്കും അടുത്തയൊരു സിനിമചെയ്യാനുള്ള വഴിതെളിഞ്ഞത് ‘ഡാഡി കൂളി’ലൂടെയായിരുന്നു.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ബെസ്റ്റ് ആക്ടർ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ശ്രീനിയേട്ടനുമായി രണ്ടാമത് കൂട്ടിമുട്ടേണ്ടിവന്നത്.
‘ബെസ്റ്റ് ആക്ടറി’ലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ ശ്രീനിവാസൻതന്നെ അവതരിപ്പിക്കണമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. കഥ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ആ കഥാപാത്രത്തോടത്ര താല്പര്യം തോന്നിയില്ല. എന്നുതന്നെയുമല്ല സിനിമയുടെ നിർമാതാവായ നൗഷാദിനോട് അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു.
“നൗഷാദേ, ഈ കഥ സിനിമയാകുന്നതുകൊണ്ട് ഇതിന്റെ എഴുത്തുകാരനോ സംവിധായകനോ നടന്മാർക്കോ യാതൊരു ഗുണവുമുണ്ടാകുമെന്ന് തോന്നുന്നില്ല. അപ്പോൾപ്പിന്നെ ഒരു നിർമാതാവിനുണ്ടാകാൻ പോകുന്ന ഗുണമെന്തായിരിക്കുമെന്ന് ഞാൻ പ്രത്യേകിച്ച് പറയാനില്ലല്ലോ.”
ആ പ്രോജക്ട് തന്നെ മുടങ്ങുമെന്ന നിലയായി. നൗഷാദിക്കയും മറ്റു സാങ്കേതികപ്രവർത്തകരുമൊക്കെ ശ്രീനിവാസനല്ലാതെ മറ്റാരു ചെയ്താൽ ആ വേഷം നന്നാകുമെന്ന ചർച്ചയാരംഭിച്ചു. എല്ലാ ചർച്ചകൾക്കുമൊടുവിൽ മാർട്ടിൻ പ്രക്കാട്ടും ഞാനും ഒരേയൊരു പേരിൽ വന്ന് ഇടിച്ചുനിന്നു.
ശ്രീനിവാസൻ.
ശ്രീനിവാസന് തുല്യം ശ്രീനിവാസൻ മാത്രം. അതിനൊരു പകരക്കാരനില്ല.
ഞങ്ങൾ വീണ്ടും ശ്രീനിയേട്ടനെ കാണാൻ കുട്ടിക്കാനത്തിനടുത്തുള്ള ഒരു ലൊക്കേഷനിൽ പോയി. കഥയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ പഠിച്ചപണി പതിനെട്ടുംപയറ്റി. പുള്ളിക്കാരൻ വീണില്ല. ഇപ്പോൾ പൊട്ടിക്കരയുമെന്നമട്ടിൽ വിങ്ങിപ്പൊട്ടിനിൽക്കുന്ന ഞങ്ങളെ കണ്ട് മനസ്സലിഞ്ഞിട്ടാണെന്നു തോന്നുന്നു ശ്രീനിയേട്ടൻ ചില നിർദേശങ്ങൾ തന്നു.
ആ നിർദേശങ്ങൾക്കനുസൃതമായി തിരക്കഥ തിരുത്തി രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ വായിച്ചുകേൾപ്പിച്ചാൽ അഭിനയിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞു. മൂന്നുദിവസം ഞാൻ ഉറങ്ങിയില്ല. മനഃസമാധാനമില്ലാതെ എഴുതിയെഴുതി എന്റെ നാലഞ്ച് കിലോ തൂക്കം കുറഞ്ഞു. അരയിൽ ഇറുകിക്കിടന്നിരുന്ന ഷോർട്‌സ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ഊരി നിലത്തുവീഴുമെന്ന പരുവത്തിലായി. പക്ഷേ, തിരുത്തിയെഴുതിയ തിരക്കഥയിലും ശ്രീനിയേട്ടന് തൃപ്തിവന്നില്ല. അവസാനം പലവിധത്തിലുള്ള സമ്മർദങ്ങളുടെ ഫലമായി അദ്ദേഹം അഭിനയിക്കാനെത്തി. ആദ്യ ദിവസങ്ങളിലൊക്കെ അദ്ദേഹം താൻ അഭിനയിക്കുന്ന ഭാഗങ്ങളിൽ തന്റേതായ രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിരുന്നു. പിന്നെ, “ഇവന്മാർ എന്തെങ്കിലും കാണിക്കട്ടെ” എന്ന മട്ടിൽ ഞങ്ങളുടെ പിടിവാശികൾക്ക് വഴങ്ങിത്തന്നു. തീരെ സന്തോഷമില്ലാതെയായിരുന്നു അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചത്.
ഒരു സീനിൽ ശ്രീനിയേട്ടന്റെ നിർദേശം അനുസരിച്ചത് ഞങ്ങളെ വെട്ടിലാക്കുകയും ചെയ്തു. മമ്മൂട്ടി അവതരിപ്പിച്ച മോഹൻ എന്ന കഥാപാത്രം ശ്രീനിവാസൻ അവതരിപ്പിച്ച ശ്രീകുമാർ എന്ന സംവിധായകനോടും അയാളുടെ സഹസംവിധായകരോടും ഒറ്റശ്വാസത്തിൽ ധാരാളം കാര്യങ്ങൾ പറഞ്ഞ് പൊട്ടിത്തെറിക്കുന്ന ഒരു രംഗമുണ്ടായിരുന്നു.
“ഇനിയൊരക്ഷരം മിണ്ടിയാൽ ചവിട്ടി പണ്ടം ഞാൻ പൊട്ടിക്കും. അവനൊരടിക്കാരൻ. സിനിമയിലല്ലാതെ നീ ജീവിതത്തിലൊരടി കണ്ടിട്ടുണ്ടോടാ, നത്തോലീ ? നാടകം കളിക്കുന്നവന് എന്താടാ കുഴപ്പം? രണ്ടര മണിക്കൂറ് തട്ടേൽനിന്ന് വള്ളിപുള്ളിതെറ്റാതെ ഡയലോഗ് പറയുമോ നീ? കണ്ടിയിടും. കണ്ടി. നിന്നെയൊക്കെ ഒടേതമ്പുരാൻ ഭൂമിയിലേക്ക് പടച്ചുവിട്ടതേ സിനിമാക്കാരനായിട്ടാണോ? സിനിമാക്കാർക്കെന്താടാ രണ്ടെണ്ണം കൂടുതലുണ്ടോ? അതോ നിന്റെയൊക്കെ മറ്റേടത്തുനിന്നാണോ മൂലമറ്റത്തേക്കു കറണ്ട് കൊടുക്കുന്നത്? ആനേടത്രയും ബുദ്ധിയുണ്ടെങ്കിലേ അവനൊക്കെ അഭിനയിപ്പിക്കൂ. എന്നാൽ, അബ്‌ദുൾ കലാമിനെപ്പിടിച്ച് നടനാക്കടാ. ചാൻസ് തെണ്ടിയും തെറികേട്ടും ദണ്ണിച്ചു തന്നെയാടാ എല്ലാ സിനിമാക്കാരും ഉണ്ടായിട്ടുള്ളത്. അല്ലാതെ നീയൊക്കെ വീട്ടിൽച്ചെന്ന് കണ്ടുപിടിച്ച ഏത് നടനാടാ ഇവിടുള്ളത്? തിന്ന് എല്ലിന്റെടേൽ കയറിയപ്പോ നിനക്കൊക്കെ ചാൻസ് ചോദിച്ച് നടക്കുന്നവനോട് പുച്ഛം. ഈ ഊത്തവയറിനകത്തോട്ട് പൂഞ്ഞാണി വിരലിടിച്ചു കയറ്റിയാലുണ്ടല്ലോ.”
ഇങ്ങനെ തെറിച്ചുനിന്നശേഷംവേണം ദയനീയഭാവത്തിലേക്ക് മാറി ഇങ്ങനെ പറയാൻ.
“ഇനി പറയൂ സാർ, എനിക്ക് അഭിനയിക്കാൻ അറിയില്ലേ? ഞാൻ നന്നായിട്ടഭിനയിച്ചില്ലേ? നിങ്ങളിപ്പോൾ പേടിച്ചില്ലേ? ഇല്ലേ? വീട്ടുകാരോടും നാട്ടുകാരോടുമൊക്കെ ഒരുപാട് നുണ പറഞ്ഞിട്ടാണ് സാർ, ഞാൻ ഇറങ്ങിത്തിരിച്ചത്. ചെയ്തതൊക്കെ ശരിയാണോ എന്നൊന്നും എനിക്കറിയില്ല. അറിയാവുന്നതുപോലല്ലേ നമുക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റൂ. പറ്റുന്നതിന്റെ പരമാവധി ഞാൻ ചെയ്തു. എന്റെ കഴിവു തെളിയിക്കാൻ ഇതിൽക്കൂടുതൽ എന്താണ് സാർ ഞാൻ ചെയ്യേണ്ടത്? എന്തെങ്കിലും ആയിത്തീരാതെ എനിക്കിനി തിരിച്ചുപോകാൻ പറ്റില്ല സാർ. അടുത്ത സിനിമയിലെങ്കിലും എനിക്കൊരു ചാൻസ് തരാൻ പറ്റില്ലേ, സാർ?”
നീളമുള്ള സംഭാഷണം അവതരിപ്പിക്കാൻ മമ്മൂക്ക ഉച്ചമുതലേ മാനസികമായി തയ്യാറെടുക്കുന്നുണ്ടായിരുന്നു. ഷോട്ട് മുറിക്കാതെ ക്ഷോഭിച്ചവതരിപ്പിക്കേണ്ട സംഭാഷണം മുഴുവൻ ഒന്നിച്ച് ചിത്രീകരിക്കണമെന്നായിരുന്നു മാർട്ടിന്റെ തീരുമാനം. സന്ധ്യകഴിഞ്ഞപ്പോൾ ക്യാമറാമാൻ അജയൻ വിൻസെന്റ് ലൈറ്റിങ് ഒക്കെ പൂർത്തീകരിച്ചു. മമ്മൂട്ടി സെറ്റിലെത്തി. എന്റെ കയ്യിൽനിന്ന് സ്‌ക്രിപ്റ്റ് വാങ്ങി ഓടിച്ച് ഒന്നുകൂടിനോക്കിയിട്ട് പറഞ്ഞു: “ഞാൻ റെഡി.” സംവിധായകൻ ആക്ഷൻ പറഞ്ഞു. മമ്മൂക്ക മോഹനായി മാറി. ആ ശബ്ദം ചുമരുകളിൽത്തട്ടി മുഴങ്ങി. ഗംഭീരമായ പ്രകടനം കണ്ട് സെറ്റിലുള്ള എല്ലാവരും കയ്യടിച്ചു.
മാർട്ടിൻ ഓകെ പറയുന്നതിനു മുൻപ് ശ്രീനിയേട്ടനെ ഒന്നു നോക്കി. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഒരു വാക്കിൽ ഉച്ചാരണം പിശകിയോ എന്നൊരു സംശയം. ഒന്നുകൂടി എടുക്കണോ?”
സത്യത്തിൽ അത് വലിയൊരു പ്രശ്‌നമായിരുന്നില്ല. ഡബ്ബിങ് സമയത്ത് പരിഹരിക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ശ്രീനിയേട്ടന്റെ അഭിപ്രായം തട്ടിക്കളഞ്ഞു എന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ മാർട്ടിൻ റീ ടേക്കിലേക്ക് പോയി.
പക്ഷേ, ആദ്യത്തേതിന്റെ ഭംഗിയിൽ അത് എത്തിയില്ല. പിന്നെയും എടുത്തു. എന്തോ തെറ്റ് പറ്റി. വീണ്ടും എടുത്തു. ശരിയായില്ല.
റീ ടേക്ക്... റീ ടേക്ക്... റീ ടേക്ക്...
സെറ്റിലാകെ നിശ്ശബ്ദതയായി.
അവസാനം പത്തു പന്ത്രണ്ട് ടേക്കിനു ശേഷം വല്ലവിധേനയും പായ്ക്ക് അപ് വിളിച്ചപ്പോൾ അസോസിയേറ്റ് ഡയറക്ടർ മാർത്താണ്ഡനോട് മമ്മൂട്ടി പറഞ്ഞു: “ഒന്നാമത്തെ ടേക്കും എടുത്തുകൊണ്ട് ഡബ്ബിങ്ങിന് വരും നീ. അപ്പോൾ പറയാം ബാക്കി.”
ഏറ്റവും വലിയ തമാശയെന്താണെന്നുവച്ചാൽ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് ഒന്നാമത്തെ ടേക്കാണ്!
ഇങ്ങനെ ഓരോ ദിവസവും ഓരോ തരത്തിലുള്ള പ്രശ്‌നങ്ങളുമായി ‘ബെസ്റ്റ് ആക്ടറി’ന്റെ ഷൂട്ടിങ്ങ് അവസാനിച്ചു. ഡബ്ബിങ്ങ് സമയമായി. ശ്രീനിയേട്ടൻ വന്നു. പശ്ചാത്തലസംഗീതമൊന്നും ചേർക്കാതെ ഫൈനൽ എഡിറ്റിനു മുൻപ് ഡബ്ബിങ്ങ് ആവശ്യത്തിനായി സംയോജിപ്പിച്ച ദൃശ്യങ്ങൾ മുഴുവൻ കണ്ടു. അദ്ദേഹത്തിനത് ഇഷ്ടമാകില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഉഗ്രനായിട്ടുണ്ട്. ഞാൻ എന്റെ പഴയ പ്രസ്താവന പിൻവലിക്കുന്നു” അതായിരുന്നു ശ്രീനിവാസൻ.
എപ്പോഴും ആ മനുഷ്യൻ അയാളുടെ ബോധ്യങ്ങൾ തുറന്നുപറഞ്ഞു. അഭിപ്രായങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ അത് തുറന്നുസമ്മതിക്കാൻ മടിച്ചുനിന്നതുമില്ല.
യാതൊരുവിധത്തിലുള്ള വിരോധമോ വിദ്വേഷമോകൊണ്ടല്ല ഞങ്ങളുടെ കഥയിൽ തൃപ്തനല്ല എന്ന് അദ്ദേഹം പറഞ്ഞതെന്ന് ഏറ്റവും നന്നായിട്ടറിയാവുന്നത് ഞങ്ങൾക്കുതന്നെയാണ്. അത് അദ്ദേഹത്തിന്റെ ആത്മാർത്ഥമായ അഭിപ്രായമായിരുന്നു.
മറ്റൊരു നടനാണെങ്കിൽ തനിക്ക് പണം കിട്ടാനുള്ള ഒരവസരം നഷ്ടപ്പെടാൻ സാധ്യതയുണ്ടാക്കുന്ന തരത്തിൽ അങ്ങനെ ഒരഭിപ്രായം ചിലപ്പോൾ പറയില്ലായിരുന്നു.
തന്റെ സർഗാത്മകമായ തീരുമാനങ്ങളിൽ ഏറ്റവും സുതാര്യത പുലർത്തിയിരുന്ന വ്യക്തിയാണ് ശ്രീനിവാസൻ. അതുകൊണ്ടാണ് താൻ മലയാളസിനിമയ്ക്ക് ചെയ്ത ഏറ്റവും മികച്ച സംഭാവന എഴുതാമായിരുന്നിട്ടും എഴുതേണ്ട എന്ന് തീരുമാനിച്ച തിരക്കഥകളാണെന്ന് അദ്ദേഹത്തിന് തന്റേടത്തോടെ പറയാൻ കഴിഞ്ഞത്. അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നതിനുവേണ്ടി പേര് വയ്ക്കാതെ തിരക്കഥകൾ തിരുത്തിക്കൊടുത്തിരുന്ന ഒരുകാലമുണ്ടായിരുന്നു ശ്രീനിവാസന്. അപ്പോൾപ്പോലും ഒരു സൃഷ്ടിയെ പരമാവധി മെച്ചപ്പെടുത്തിയെടുക്കുക എന്ന അർപ്പണബുദ്ധിയാണ് ആ കലാകാരനെ നയിച്ചത്.
സ്‌ക്രീനിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രങ്ങളും സ്‌ക്രീനിൽ അവതരിപ്പിക്കുന്നതിനായി ശ്രീനിവാസൻ എഴുതിയ കഥകളും സംഭാഷണങ്ങളും ആഘോഷിക്കപ്പെട്ടത് എന്തുകൊണ്ട്?
ഒരുവശത്ത് ആഘോഷിക്കപ്പെടുമ്പോൾത്തന്നെ മറുവശത്ത് നിശിതമായ വിമർശനങ്ങൾക്ക് അവ വിധേയമാക്കപ്പെട്ടത് എന്തുകൊണ്ട് ?
വളരെ ഗൗരവത്തിൽ ചർച്ചചെയ്യേണ്ടുന്ന വിഷയംതന്നെയാണത്. സമയപരിമിതിയുടേയും സ്ഥലപരിമിതിയുടേയും പ്രശ്‌നങ്ങൾകൊണ്ട് മാത്രമല്ല, ഈ കുറിപ്പിന്റെ സ്വഭാവം അതിന് യോജിച്ചതല്ല എന്നുള്ളതുകൊണ്ടുകൂടിയാണ് അക്കാര്യം മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കുന്നത്.
പഴഞ്ചൊല്ലുകളുടെ സ്ഥാനം പഞ്ച് ഡയലോഗുകൾ ഏറ്റെടുത്തിരിക്കുന്ന ഒരുകാലമാണിത്. ജീവിതമുഹൂർത്തങ്ങളെല്ലാം സിനിമാമുഹൂർത്തങ്ങളും സിനിമാമുഹൂർത്തങ്ങളെല്ലാം ജീവിതമുഹൂർത്തങ്ങളുമായി പരസ്പരം പകർന്നാടുന്ന കാലം. മലയാളിയുടെ നിത്യജീവിതസന്ദർഭങ്ങളിലെ സംഭാഷണങ്ങളൊക്കെ സിനിമാഡയലോഗുകളുടെ ചീനച്ചട്ടിയിൽ വറുക്കപ്പെടുകയും വഴറ്റപ്പെടുകയും മൊരിയിക്കപ്പെടുകയും മെഴുക്കുപുരട്ടിയെടുക്കപ്പെടുകയും ചെയ്യുന്നുണ്ട്. നമ്മുടെയൊക്കെ നാവുകളിൽ ചിത്രസംഭാഷണങ്ങളുടെ രുചി തട്ടുകടയിലെ പൊറോട്ട പോലെ പരിചിതമാക്കിത്തീർത്ത പെരുംപാചകക്കാരിൽ പ്രമുഖനായിരുന്നു ശ്രീനിവാസൻ. സവിശേഷവ്യവഹാരമായിരുന്ന ചലച്ചിത്രഭാഷണത്തെ സാമാന്യജനങ്ങൾക്ക് നിരന്തരം കയറിയിറങ്ങി പെരുമാറാൻ പറ്റുന്നതാക്കി മാറ്റിയതിൽ ശ്രീനിവാസൻ എന്ന എഴുത്തുകാരൻ വഹിച്ച പങ്കിനെക്കുറിച്ച് സാംസ്‌കാരികമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്.
ശ്രീനിവാസന്റെ സിനിമകളെപ്പോലെ സംഭാഷണങ്ങളും മധ്യവർഗ മലയാളിയുടെ അഭിലാഷങ്ങളേയും ആത്മസംഘർഷങ്ങളേയും അഭിമാനബോധത്തേയും അപകർഷതകളേയും അംഗീകാരം നേടാനുള്ള അനഭിലഷണീയ ശ്രമങ്ങളേയും ആഭിജാത്യചിന്തകളേയും ആശങ്കകളേയും അഹങ്കാരങ്ങളേയും അവസരവാദങ്ങളേയുമൊക്കെത്തന്നെയാണ് അഭിസംബോധന ചെയ്തത്. ഒരു ജനതയെന്ന നിലയിൽ മലയാളികളുടെ മനോഭാവത്തെ അഴിച്ചുപരിശോധിക്കാനുള്ള ഉപകരണങ്ങളായി ശ്രീനിഭാഷണങ്ങളെ ഉപയോഗിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. അതിലെ പ്രതിലോമതകളെ പരിശോധിക്കുമ്പോൾത്തന്നെ അവ പ്രഹരശേഷിയും പ്രചാരശേഷിയും നേടുന്നതെങ്ങനെയെന്നും പഠിക്കപ്പെടേണ്ടതുണ്ട്.
സ്ലാപ്‌സ്റ്റിക് കോമഡികളെന്നു വിശേഷിപ്പിക്കാവുന്ന ചില പ്രിയദർശൻസിനിമകളായിരുന്നു ശ്രീനിവാസന്റെ ആദ്യകാലത്തെ എഴുത്തുതട്ടകം. ‘ഓടരുതമ്മാവാ ആളറിയാം’, ‘അരം + അരം = കിന്നരം’, ‘ബോയിങ്ങ് ബോയിങ്ങ്’, ‘പുന്നാരം ചൊല്ലിച്ചൊല്ലി’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘ഹലോ മൈ ഡിയർ റോങ് നമ്പർ’ തുടങ്ങിയ സിനിമകളുടെയൊക്കെ സ്വഭാവം ഒന്നുതന്നെയായിരുന്നു. ഗിരീഷിന്റെ ‘അക്കരെ നിന്നൊരു മാരൻ’ സിബി മലയിലിന്റെ ‘മുത്താരംകുന്ന് പി.ഒ.’ തുടങ്ങിയവയും ഏതാണ്ട് അതേ ജനുസ്സിൽപ്പെടുന്നവതന്നെയായിരുന്നു. പി.ജി. വിശ്വംഭരന്റെ ‘നന്ദി വീണ്ടും വരിക’, മോഹന്റെ ‘ഒരു കഥ ഒരു നുണക്കഥ’ തുടങ്ങിയ സിനിമകളിൽ സഹകരിച്ചെങ്കിലും സത്യൻ അന്തിക്കാടുമായി ചേർന്നപ്പോഴാണ് ശ്രീനിവാസന്റെ എഴുത്ത് പുതിയൊരു പന്ഥാവിലേക്ക് തിരിഞ്ഞതെന്നു പറയാം.
‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി’ൽ തുടങ്ങി ‘ടി.പി. ബാലഗോപാലൻ എം.എ’, ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’, ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘വരവേൽപ്പ്’, ‘തലയണമന്ത്രം’, ‘സന്ദേശം’, ‘മൈ ഡിയർ മുത്തച്ഛൻ’, ‘ഗോളാന്തരവാർത്ത’, ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’, ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’, ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്നിവയിലൂടെ ‘ഞാൻ പ്രകാശൻ വരെ’ എത്തിയ ആ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിൽ മുക്കാലേൽ മുണ്ടാണിയും വിജയചിത്രങ്ങളായിരുന്നു.
‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലൂടെ സിബി മലയിലിനൊപ്പവും ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’, ‘ഒരു മുത്തശ്ശിക്കഥ’, ‘വെള്ളാനകളുടെ നാട്’, ‘അക്കരെയക്കരെയക്കരെ’, ‘മിഥുനം’, ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്നീ സിനിമകളിലൂടെ പ്രിയദർശനൊപ്പവും ശ്രീനിവാസൻ വീണ്ടും പ്രവർത്തിക്കുകയുണ്ടായി. ‘പാവം പാവം രാജകുമാരൻ’, ‘ചമ്പക്കുളം തച്ചൻ’, ‘മഴയെത്തും മുൻപേ,’ ‘അഴകിയ രാവണൻ’, ‘അയാൾ കഥയെഴുതുകയാണ്’ തുടങ്ങിയ ചിത്രങ്ങളാണ് കമലിനുവേണ്ടി എഴുതിയത്. ‘പൊന്നുംകുടത്തിനു പൊട്ട്’ (ടി.എസ്. സുരേഷ് ബാബു), ‘വിദ്യാരംഭം’ (ജയരാജ്), ‘കൺകെട്ട്’ (രാജൻ ബാലകൃഷ്‌ണൻ), ‘ശിപായി ലഹള’ (വിനയൻ), ‘ഒരു മറവത്തൂർ കനവ്’ (ലാൽ ജോസ്), ‘ഇംഗ്ലീഷ് മീഡിയം’ (പ്രദീപ് ചൊക്ലി), ‘പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു’ (വേണു), ‘സ്വയംവരപ്പന്തൽ’ (ഹരികുമാർ), ‘ഉദയനാണ് താരം’ (റോഷൻ ആൻഡ്രൂസ്), ‘ഭാർഗവചരിതം മൂന്നാം ഖണ്ഡം’ (ജോമോൻ), ‘കഥ പറയുമ്പോൾ’ (എം. മോഹനൻ), ‘ഒരു നാൾ വരും’ (ടി.കെ. രാജീവ് കുമാർ), ‘പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ’ (സജിൻ രാഘവൻ), ‘നഗരവാരിധി നടുവിൽ ഞാൻ’ (ഷിബു ബാലൻ), ‘പവിയേട്ടന്റെ മധുരച്ചൂരൽ’ (ശ്രീകൃഷ്‌ണൻ) തുടങ്ങിയ സിനിമകളാണ് മറ്റ് സംവിധായകർക്കായി അദ്ദേഹം എഴുതിക്കൊടുത്തത്. ‘വടക്കുനോക്കിയന്ത്രത്തി’ന്റേയും ‘ചിന്താവിഷ്ടയായ ശ്യാമള’യുടേയും രചനയും സംവിധാനവും ശ്രീനിവാസൻതന്നെ നിർവഹിച്ചു.
മലയാളികൾ മറക്കാത്ത എത്രയെത്ര സീനുകളും സംഭാഷണങ്ങളുമാണ് ഇവയിലൊക്കെ നിറഞ്ഞുകിടക്കുന്നത്. ചെഗുവേരമുഖം പോലെയോ സ്‌പൈഡർമാൻതല പോലെയോ ടീഷർട്ട് വ്യവസായം ‘ഒരക്ഷരം മിണ്ടാതെ പോളണ്ടിനെ’ എടുത്ത് നെഞ്ചത്തുപതിപ്പിക്കാൻ കാരണം ഒരു ജനതയ്ക്ക് അതിനോടുള്ള പരിചിതത്വമാണ്.
“ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൺ ഡി സി ടു മിയാമി ബീച്ച്?” എന്ന ചോദ്യവും “ഉപ്പുമാവിന്റെ ഇംഗ്ലീഷ് സോൾട്ട് മാങ്ങോ ട്രീ” എന്ന കണ്ടെത്തലും ഇന്ന് മലയാളിജനതയുടെ സ്വന്തമാണ്.
ആൾക്കാരെ അഭിനന്ദിക്കാനും വിപരീതാർത്ഥത്തിൽ അപഹസിക്കാനും ഗാന്ധിനഗറിലെ നോവലിസ്റ്റ് കുറ്റിച്ചിറയുടെ ഡയലോഗുതന്നെ നമുക്ക് ശരണം.
“നല്ല അസ്സല് ഗൂർഖയാ.”
“തേങ്ങ ഉടയ്ക്ക് സ്വാമീ” എന്ന് നമ്മൾ അക്ഷമരാകുന്നു. “തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കി” നാം നമ്മുടെ അബദ്ധങ്ങളെ ചമ്മിയ ചിരികളിൽ ഒതുക്കുന്നു. “ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ” എന്ന് കൂട്ടുകാരുടെ വീരസാഹസങ്ങളെ കളിയാക്കുന്നു.
“ഹോർലിക്‌സിന്റെ നിറം പച്ച” എന്ന് നമ്മുടെ ഇരട്ടത്താപ്പുകളെ അവ കൊഞ്ഞനംകുത്തുന്നു. “കാമറയും ഒപ്പം ചാടട്ടെ” എന്ന് അജ്ഞതകളെ ആക്ഷേപിക്കുന്നു. “ഗോ എവേ സ്റ്റുപ്പിഡ്. യൂ ഓൾ സേയിങ് നോൺസെൻസ് ഇൻ ദിസ് ഹൗസ് ഓഫ് മൈ വൈഫ് ആൻഡ് ഡോട്ടർ. യു വിൽ നോട്ട് സീ എനി മിനിറ്റ് ഓഫ് ദ ടുഡേ. ഇറങ്ങിപ്പോടാ” എന്ന് അറിവില്ലായ്മകളോട് അലറുന്നു.
‘മറവത്തൂർ കനവി’ലെ മരുതിന്റെ ‘കുണ്ടിക്കുള്ളെ പോട്ട ഗുണ്ട് ‘ പോലെ നമ്മുടെ പൊങ്ങച്ചങ്ങളെ പരിഹസിക്കുന്നു. ‘മേക്കപ്പിന് പരിധി’ ഉണ്ടെങ്കിലും വജ്രസൂചിയുള്ള വാക്കിന് പരിമിതികളില്ലെന്ന് പഠിപ്പിക്കുന്നു. പേനയാണ് താരമെന്ന് പ്രഖ്യാപിക്കുന്നു.
‘നാടോടിക്കാറ്റി’ലെ വിജയൻ ‘അവളുടെ രാവുകൾ’ പതിനേഴ് തവണ കണ്ട കഥ പറഞ്ഞ് സീമയെ മടുപ്പിക്കുന്നെങ്കിലും പതിനേഴായിരം തവണ പറഞ്ഞുകഴിഞ്ഞിട്ടും ശ്രീനിവാസന്റെ സംഭാഷണങ്ങൾ നാട്ടുകാരെ മുഷിപ്പിക്കുന്നില്ല. സീമാതീതമായ പൊട്ടിച്ചിരികളിലേക്ക് അവ പടർന്നുകയറുന്നു. പുറത്തുവന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളഭാഷയെ പുതുക്കുന്ന പ്രയോഗങ്ങളായി അതൊക്കെ ഇന്നും അവശേഷിക്കുന്നു. അരാഷ്ട്രീയതയേയും രാഷ്ട്രീയ ശരികളേയും സംബന്ധിച്ച വലിയ സംവാദങ്ങളുയർത്താനുള്ള സാധ്യതകൾ നീട്ടിക്കൊണ്ട് നാളെയും അവ തുടരുകതന്നെ ചെയ്യും. സ്വയംവിമർശനത്തിന്റെ സൈറണായി മുഴങ്ങിക്കൊണ്ടേയിരിക്കും.
അമിതാത്മവിശ്വാസത്തിന്റേയും അഹങ്കാരത്തിന്റേയും റോഡ് റോളറുകളുടെ പൊക്കത്ത് കയറിയിരുന്ന് ചിലർ പറയും “ഇപ്പ ശരിയാക്കിത്തരാം.”
വീമ്പിളക്കി വന്നവരൊക്കെ വീണടിഞ്ഞുപോകുമ്പോൾ നാം പറയും “പവനായി ശവമായി.”
കോംപ്ലക്‌സുകളെ കോമഡികൊണ്ട് പരിഹരിക്കാൻ ഇറങ്ങിത്തിരിക്കുന്ന തളത്തിൽ ദിനേശന്മാർ “കട്ടിങ്ങും ഷേവിങ്ങും ഓരോ പ്ലേറ്റ് പോരട്ടെ” എന്ന് ഫലിതബിന്ദുത്തമാശ വിളമ്പി ചളംകുളമാകുന്നത് മലയാളിയുടെ ഹ്യൂമർസെൻസിന്റെ മീറ്റർ ഒരുപാട് മുകളിലായതുകൊണ്ടാണ്. ഒരു ജനതയുടെ കാർട്ടൂൺ ചിരികളെ കരുത്തുറ്റതാക്കുന്നതിൽ ശ്രീനിവാസൻ എന്ന എഴുത്തുകാരൻ തിരശ്ശീലയിൽ വിടർത്തിവച്ച വരികൾ വഹിച്ച പങ്ക് എത്ര വലുതായിരുന്നു.
“സാധനം കയ്യിലുണ്ടോ?” എന്ന് പരമരഹസ്യക്കോഡായും “നിന്റെ അച്ഛനാടാ പോൾ ബാർബർ” എന്ന് പുലഭ്യമായും “നമുക്ക് ചോയ്‌ച്ച് ചോയ്‌ച്ച് പോകാം” എന്ന് വഴിതെറ്റുമ്പോൾ പ്രശ്‌നപരിഹാരമായും “ഗായത്രിയിൽ അഭിനയിക്കുമ്പോൾ സോമേട്ടനും പുതുമുഖമായിരുന്നല്ലോ” എന്ന് പടുന്യായമായും “പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയല്ല” എന്നു പിടിച്ചുനിൽക്കൽവാദമായും “നമ്മളീ പോളിടെക്‌നിക്കിൽ ഒന്നും പഠിച്ചിട്ടില്ലല്ലോ” എന്ന് പരിഹാസമായും ശ്രീനിവാക്യങ്ങളെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ കൂട്ടുപിടിക്കാത്ത എത്ര മലയാളികളുണ്ടാകും.
പ്രത്യയശാസ്ത്രപരമായ ദാർഢ്യത്തോടെയും വ്യത്യസ്തങ്ങളായ പരിപ്രേക്ഷങ്ങളിലൂടെയും പരിശോധിക്കുമ്പോൾ വമ്പിച്ച പ്രചാരം നേടിയ പല ശ്രീനിവാസൻ സിനിമകളിലേയും പ്രശ്‌നപരിസരങ്ങൾ വ്യക്തമായി തെളിഞ്ഞുവന്നേക്കാം. സിനിമ എന്ന കമ്പോളകലയുടെ പ്രവർത്തനരീതിശാസ്ത്രങ്ങളെ ക്കുറിച്ചും അത് ഏറ്റെടുക്കുന്ന ജനതയുടെ ഭാവുകത്വപരിണാമങ്ങളെക്കുറിച്ചും മാറിമറിയുന്ന രാഷ്ട്രീയധാരണകളെക്കുറിച്ചും ജീവിതശൈലീ പരിണാമങ്ങളെക്കുറിച്ചും പഠിച്ചുകൊണ്ടും അത്തരം കാര്യങ്ങളോട് ബന്ധപ്പെടുത്തിക്കൊണ്ടുമല്ലാതെ അങ്ങനെയൊരു അഴിച്ചെടുക്കൽ അർത്ഥപൂർണമായി സാധ്യമാകില്ല. കമ്പോളത്തിൽ ലഭ്യമായ ഭക്ഷണവും വസ്ത്രങ്ങളും നിത്യോപയോഗവസ്തുക്കളും വാഹനസൗകര്യങ്ങളും ചികിത്സാമാർഗങ്ങളുമൊക്കെ ഉപഭോഗംചെയ്തുകൊണ്ടുതന്നെ കമ്പോളവൽക്കരണത്തിന്റെ പ്രശ്‌നങ്ങളെ വിമർശിക്കുമ്പോഴുണ്ടാകുന്നതുപോലെയുള്ള വിരോധാഭാസങ്ങൾ അത്തരം പരിശോധനകളിലും തലനീട്ടുകതന്നെ ചെയ്യും.
“എന്തുകൊണ്ട് നമ്മൾ തോറ്റെന്ന് ലളിതമായി പറഞ്ഞാലെന്താ?” എന്ന ഉത്തമന്റെ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നൽകൽ എപ്പോഴും എളുപ്പമാകില്ല. സങ്കീർണമായ പ്രശ്‌നങ്ങളെ ലളിതയുക്തികൾകൊണ്ട് വ്യാഖ്യാനിക്കാനും വിശദീകരിക്കാനും സാധിക്കില്ലെന്ന സത്യം രാഷ്ട്രീയപ്രവർത്തകർക്കും ആത്മീയവാദികൾക്കും ബുദ്ധിജീവികൾക്കും മുൻപിൽ കീറാമുട്ടിയായി നിൽക്കും. ഉത്തരംമുട്ടുമ്പോൾ അവർ “ഒരക്ഷരം മിണ്ടരുതെന്ന്” ചിലപ്പോൾ ക്ഷോഭിക്കും. തങ്ങളുടെ ചോദ്യങ്ങൾക്ക് രാഷ്ട്രീയനേതാക്കളിൽനിന്നോ മതമേധാവികളിൽനിന്നോ സാമൂഹ്യശാസ്ത്രജ്ഞന്മാരിൽനിന്നോ തൃപ്തികരങ്ങളായ മറുപടികൾ കിട്ടാതാകുമ്പോൾ സാധാരണക്കാർ അവരുടെ ധർമസങ്കടങ്ങളെ കാർട്ടൂൺ മൂർച്ചയുള്ള ഫലിതപരിഹാസങ്ങളിൽ ഇറക്കിവയ്ക്കാൻ ശ്രമിക്കും.
‘ചിന്താവിഷ്ടയായ ശ്യാമള’യുടെ അന്ത്യത്തിൽ വിജയൻ മാഷ് പറയുന്നതുപോലെയുള്ള കാര്യങ്ങളിൽ അവർ താൽക്കാലികാശ്വാസം തേടും.
“എല്ലാ കല്ലിലും ശില്പമുണ്ട്. നാമതറിയുന്നത് ഒരു ശില്പി അയാളുടെ പണിയായുധങ്ങളുപയോഗിച്ച് ആ കല്ലിൽനിന്ന് ശില്പത്തെ വേർതിരിച്ചെടുക്കുമ്പോഴാണ്. നമ്മുടെ അറിവില്ലായ്മകളിൽനിന്ന്, നമ്മുടെ തെറ്റുകളിൽനിന്ന്, നമ്മളിലെ നന്മയെ ചികഞ്ഞെടുക്കുന്ന ശില്പി നമ്മുടെതന്നെ അനുഭവങ്ങളാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും. ഒരു പ്രായത്തിൽ നമ്മൾ വിപ്ലവകാരികളാകും. രക്ഷിതാക്കളെ എതിർക്കും. ദൈവത്തെ നിഷേധിക്കും. യുക്തിവാദിയാകും. പിന്നീടെപ്പോഴെങ്കിലും നമ്മൾ ദൈവവിശ്വാസിയായേക്കാം. പിന്നീടൊരു ഘട്ടത്തിൽ തത്ത്വജ്ഞാനിയാകും. ഏറ്റവും ഒടുവിൽ അതും വേണ്ടെന്ന് വയ്ക്കും. അങ്ങനെ മാറിയും തിരിഞ്ഞുമൊക്കെയാണ് നമ്മൾ യഥാർത്ഥ നമ്മളാകുന്നത്.”
“നാം ഒരു തോറ്റ ജനതയാണെന്ന്” കുറിപ്പെഴുതി പോക്കറ്റിലിട്ട് ആൾകൂട്ടം മൊത്തം തീവണ്ടിക്കുനേരെ നടന്നുനീങ്ങാത്തതിന് കാരണമെന്താണ് ?
താത്ത്വികമായ അടിസ്ഥാനങ്ങളിൽ മാത്രമല്ല, ഒരു ജനതയും മുന്നോട്ടുപോയിട്ടുള്ളത് എന്നതുതന്നെ. ഒരു ജനക്കൂട്ടത്തിനും മുന്നോട്ടുസഞ്ചരിക്കാൻ പ്രത്യയശാസ്ത്രങ്ങളോ ആത്മീയതത്ത്വങ്ങളോ രാഷ്ട്രീയ ധാരണകളോ മാത്രം തികയാതെവരും. ഗാന്ധിയെപ്പോലെയോ ഹോചിമിനെപ്പോലെയോ ലളിതജീവിതം നയിച്ചോ കാവിയോ കാപ്പിപ്പൊടിവേഷമോ മാത്രം ധരിച്ചോ വിപ്ലവസൂക്തങ്ങളും വിമോചന മന്ത്രങ്ങളും മാത്രം ഉരുവിട്ടോ അല്ല ലോകത്തെ ഒരു ജനപദവും പുലരുന്നത്. പ്രതിരോധപ്രവർത്തനങ്ങളുടെ പ്രസക്തിയെ ചില സമയങ്ങളിൽ തിരിച്ചറിയുമ്പോൾത്തന്നെ പലതരം ആസക്തികളിൽ ആണ്ടുമുങ്ങുകയും മാർക്കറ്റ് നീട്ടുന്ന മാരിവിൽവർണങ്ങളിൽ മയങ്ങിവീഴുകയും ചെയ്യും നാം. അങ്ങനെ ഇരട്ടജീവിതം നയിക്കുന്ന ഏതു സമൂഹത്തിലും മതവും രാഷ്ട്രീയവും മാത്രമല്ല, മാളുകളും മക്‌ഡൊണാൾഡ്‌സും മസാലസിനിമകളും സ്വാധീനം ചെലുത്തുകതന്നെചെയ്യും. ഇതൊന്നുമില്ലാത്ത ഉട്ടോപ്പിയകൾ നിലവിൽവരുമെന്ന് ആർക്ക് ഉറപ്പുകൊടുക്കാനാകും ?
ജീവിതയാഥാർത്ഥ്യങ്ങളുടെ പിളർപ്പുകളിൽ എപ്പോഴെങ്കിലുമൊക്കെ തളർന്നുപോകാത്ത മനുഷ്യരുണ്ടോ ?
തങ്ങൾക്ക് ആശ്വസിക്കാനും ഉല്ലസിക്കാനും ഇളവേൽക്കാനും മുറുക്കങ്ങളെ അയച്ചുകളയാനും എല്ലാംമറന്ന് പൊട്ടിച്ചിരിക്കാനുമുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നിടത്തോളം കാലം സൂപ്പർമാൻമാരും സൂപ്പർവുമണുകളുമല്ലാത്ത ശരാശരി മലയാളിസമൂഹം ശ്രീനിവാസൻ സ്‌ക്രീനിൽ വിരിച്ചിട്ട സിനിമാസന്ദർഭങ്ങളെ സ്വീകരിക്കുകതന്നെ ചെയ്യും. അങ്ങനെ കൈക്കൊള്ളുമ്പോൾത്തന്നെ, രാഷ്ട്രീയ ശരികളെക്കുറിച്ചും പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ഏറിയ ബോധ്യമുള്ള പുതിയ തലമുറ എല്ലാത്തിനേയും തൊണ്ടതൊടാതെ വിഴുങ്ങാതെ തള്ളിക്കളയേണ്ടവയെ തള്ളിക്കളയുകതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
പറഞ്ഞ പലതിനോടും കലഹിക്കുമ്പോൾപ്പോലും ഈ കോമാളിയുഗത്തിൽ ശ്രീനിവാസൻ സ്‌ക്രീനിൽ പടുത്തുയർത്തിയ പരുഷഹാസ്യഗോപുരങ്ങൾ തിരയെഴുത്തുപണിക്ക് ഇറങ്ങിത്തിരിച്ചവരെ ഇപ്പോഴും പ്രലോഭിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പറയാതെവയ്യ.
“എല്ലാത്തിനും അതിന്റേതായ സമയമുണ്ട്” എല്ലാവർക്കും.
കാലത്തിന് വെറുതെയങ്ങ് മായ്‌ച്ചുകളയാൻ പറ്റാത്തവിധത്തിൽ കൂസലില്ലാതെ പലതും പണിതുയർത്തിയ ശില്പിക്ക് വിടചൊല്ലുന്ന വേളയിൽ ചിതറിവീണ വാക്കുകളുടെ കല്ലുകൾക്ക് മുന്നിൽ ഉളിയും ചുറ്റികയുമായി പകച്ചുനിൽക്കുന്ന ഒരു പിൻതലമുറക്കാരന്റെ പ്രണാമം.
Bipin Chandran Remembers Actor Sreenivasan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

