ചീനഭരണിയിൽ ഉപ്പിലിട്ടുവെച്ചവ! ചൈനയിലേക്കുള്ള യാത്ര

Image
പ്രതീകാത്മക ചിത്രം സമകാലിക മലയാളം വാരിക
Updated on: 

‘കിഴക്കന്‍ കാറ്റ് ഉയരുന്നു പടിഞ്ഞാറന്‍ കാറ്റ് താഴുന്നു’

ഷി ജിന്‍ പിങ്ങ്

“...ചൈനയിൽ എല്ലാവരും ഒരേ മാതിരി വസ്ത്രം ധരിക്കുന്നു. സ്ത്രീയുടേയും പുരുഷന്റേയും വസ്ത്രം ഒരേപോലെയായിരിക്കുക, ആ വസ്ത്രങ്ങൾ ഒറ്റനിറത്തിലുള്ളതാവുക, മറ്റൊരുവിധത്തിൽ ഇരുവരും ഒരേപോലെ ഇരിക്കുക - കുറച്ച് മുഷിപ്പനാണ് സംഗതി.

ചൈനക്കാരികൾ മുലക്കച്ച ഉപയോഗിക്കുന്നില്ല. ടോപ്പ്‌ലെസ് പ്രസ്ഥാനത്തിന്റെ ഭാഗമല്ല അത്. ഇത് ഞങ്ങളുടെ ആചാരമല്ല എന്നാണ് ഒരു കോളേജ് വിദ്യാർത്ഥിനി എന്നോടു പറഞ്ഞത്.

ഇവർ ആർഭാടരഹിതരും ആഭരണമുപേക്ഷിച്ചവരുമാണ്. അവരെ സംബന്ധിച്ചിടത്തോളം, സ്വർണംകൊണ്ടുണ്ടാക്കിയതും രത്നം പതിപ്പിച്ചതുമായ എല്ലാം ആദിമവാസികൾക്ക് യോജിച്ചതും അപരിഷ്‌കൃതരായ ആധുനിക മനുഷ്യർക്ക് പ്രിയങ്കരമായിട്ടുള്ളതുമാണ്.

കറുത്ത തലമുടി, കറുത്ത കണ്ണുകൾ, അല്പം പരന്ന മൂക്ക് - എന്നിവയുള്ള ഇവരിൽ ധാരാളം സുന്ദരിമാരും സുന്ദരന്മാരുമുണ്ട്. നീലയിലും ചാരനിറത്തിലുമുള്ള പാൻസും ഷർട്ടുമാണ് എല്ലാവരുടേയും വേഷം. ഏത് ടെയ്‌ലർ തുന്നി എന്നത് കാര്യമല്ല.

ജോലിക്കു പോകുമ്പോഴും സൽക്കാരങ്ങളിൽ പങ്കെടുക്കുമ്പോഴും വേറെ വേറെ വസ്ത്രങ്ങളില്ല.

ഇടയ്ക്ക് മറ്റൊരു നിറവും കാണാം. പട്ടാളപ്പച്ചയാണത്.

പെൺകുട്ടികൾ ഈയ്യിടെയായി തലമുടി പിന്നിയിടുന്നു. സാംസ്‌കാരിക വിപ്ലവകാലത്ത് സ്ത്രീകളെ തലമുടി വളർത്താൻ അനുവദിച്ചിരുന്നില്ല. ഇപ്പോൾ ചിലരുടെ തലമുടി കണ്ടാലറിയാം സാംസ്‌കാരിക വിപ്ലവം കഴിഞ്ഞിട്ട് എത്ര കാലമായെന്ന്...”

സ്വർഗത്തിലേക്കുള്ള കവാടം

വി.കെ. മാധവൻകുട്ടി

മാധ്യമ പ്രവർത്തകൻ

“...നഗ്നപാദരായി പാടത്ത് പണിയുന്നവർ. വഴിവക്കത്തിരുന്ന് പീച്ചും തണ്ണിമത്തനും വിൽക്കുന്നവർ. നല്ല വേഷമിട്ടവരെ തുറിച്ചുനോക്കുന്നവർ. ഭരണകൂടത്തിന്റെ പാട്ടക്കുടിയാനായ ഒരു വൃദ്ധനോട് ഞങ്ങൾ സംസാരിച്ചു. നഗരസമൃദ്ധിയുടെ വാതിലുകൾ അവർക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. വലിയാരു വിഭാഗം നിരക്ഷരരാണ്. ഇന്ത്യയിലെ ഭൂരഹിത കർഷകരുടേതിനെക്കാൾ എത്രയോ മെച്ചമാണവരുടെ നിലയെങ്കിലും ഗ്രാമവും നഗരവും തമ്മിൽ വർദ്ധിച്ചുവരുന്ന അകലം ഒരു സഞ്ചാരിക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല.

വിപ്ലവം നാടുവാഴിത്തത്തിന്റെ പ്രത്യക്ഷമായ ക്രൗര്യങ്ങളിൽനിന്ന് ജനതയെ മോചിപ്പിച്ചു. അധ്വാനത്തിന് അത് മഹത്വം നൽകി. പരിമിതമായ തോതിലെങ്കിലും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാമാന്യജനതയെ അത് സഹായിച്ചു.

ഇന്നും മാവോയുടെ സംഭാവനകളിൽ ചിലത് അവശേഷിക്കുന്നുണ്ട്. പരിസ്ഥിതി ജാഗ്രത ചൈനക്കാർ കൈവിട്ടിട്ടില്ല. മുഴുപട്ടിണി അപൂർവമാണ്.

പൊതുനിരത്തിൽ സ്ത്രീകളുടെ ശക്തമായ സാന്നിധ്യമുണ്ട്. ബസ് ഡ്രൈവർ മുതൽ ഡെപ്യൂട്ടി മന്ത്രി വരെ, നിരവധി മേഖലകളിൽ!

എന്നാൽ, സാമ്പത്തിക വികസനരംഗത്തെ മാവോയുടെ പരാജയം, വിശേഷിച്ച് ‘മുന്നോട്ടുള്ള കുതിച്ചുചാട്ട’(ദ ഗ്രേറ്റ് ലീപ് ഫോർവേർഡ്)ത്തിൽ പറ്റിയ മാരകമായ വീഴ്ച, മുതലാളിത്ത സഹകരണത്തിന്റെ വക്താക്കൾക്ക് ഒരവസരം നൽകി. തുടർന്ന് ലോകമെമ്പാടും ‘നിലനിൽക്കുന്ന’ സോഷ്യലിസത്തിന് നേരിട്ട പ്രതിസന്ധിയും ഏകധ്രുവലോകത്തിന്റെ വികാസവും ബഹുരാഷ്ട്ര കുത്തകകളുടെ സഹകരണത്തിന് വഴിതെളിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ചൈന ഇന്ത്യയുമായി മത്സരിക്കുകയാണ്.”

river
യാങ്സീ നദിഗൂഗിള്‍

പല ലോകം പല കാലം

സച്ചിദാനന്ദൻ

വി.കെ. മാധവൻകുട്ടിയും സച്ചിദാനന്ദനും രണ്ടു കാലങ്ങളിൽ നടത്തിയ ചൈനാ യാത്ര. അത് രണ്ടുതരം കാഴ്ചകൾ വായനക്കാർക്ക് നൽകുന്നു. ഒരു കവിയിൽനിന്നും മാധ്യമപ്രവർത്തകനിലേക്കെത്തുമ്പോൾ കാഴ്ചയുടേയും അനുഭവത്തിന്റേയും സരണികൾ മാറുന്നതെങ്ങനെയെന്നും ഈ രണ്ട് യാത്രാപുസ്തകങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നാം തിരിച്ചറിയുന്നു.

- നാലര പതിറ്റാണ്ടിനു മുന്‍പാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ വി.കെ. മാധവൻകുട്ടി ചൈന സന്ദർശിച്ചത്.

അന്നവിടെ കണ്ടതും കേട്ടതുമൊക്കെ ‘സ്വർഗത്തിലേക്കുള്ള കവാട’മെന്ന ചെറിയ യാത്രാവിവരണ ഗ്രന്ഥത്തിൽ മാധവൻകുട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നവയൊക്കെ സമ്പൂർണ മാറ്റത്തിന് വിധേയമായിരിക്കുന്നു. അതിൽ അത്ഭുതപ്പെടാനില്ല. മാറ്റങ്ങൾ എവിടേയും സ്വഭാവികം. രാഷ്ട്രത്തിലും രാഷ്ട്രീയത്തിലും ഭരണസംവിധാനങ്ങളിലും വികസനത്തിലും കൃഷിയിലും വിദ്യാഭ്യാസ രീതിയിലും സാങ്കേതികതയിലുമെല്ലാം ചൈനയിൽ കണ്ണഞ്ചിപ്പിക്കുന്ന പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതൊന്നും മാധ്യമസൃഷ്ടിയല്ല ചൈനീസ് നിർമിതിയാണ്.

മറ്റൊരു രാജ്യത്തിന്റെ ചരിത്രവും ചീനയുടെ പൂർവകാലത്തെ അനുസ്മരിപ്പിക്കുന്നില്ല. പ്രതിരോധത്തിന്റേയും പോരാട്ടത്തിന്റേയും സന്ധിയില്ലാസമരങ്ങളുടേയും കനൽപ്പാത അതിജീവിച്ചു വന്നവരാണ് ചൈനക്കാർ. ആധുനികമായ സാങ്കേതിക പാഠങ്ങളിലൂടെ ആ പ്രയത്നങ്ങൾ അവർ ഇന്നും തുടരുന്നു. എന്തിനേയും ഏതിനേയും മത്സരബുദ്ധിയിലൂടെ അതിജീവിക്കാനുള്ള കരുത്ത് എന്നും ചൈനക്കാർ കാണിച്ചിട്ടുണ്ട്. അതിൽ പ്രകടനപരതയില്ല. പകരം ആത്മസമർപ്പണമാണുള്ളത്!

മഞ്ഞനദിയോടും യാങ്‌സി നദിയോടും ചേർന്നു വികസിച്ച സംസ്‌കാരത്തിന്റെ ഗതിവിഗതികൾ പല ഘട്ടങ്ങളിലൂടെ കടന്നുവന്നവയാണ്. പ്രകൃതിയുടെ സംഹാര ശ്രമങ്ങളും വന്യതയുടെ എതിർ ഗർജനങ്ങളും അതിജീവിച്ചുള്ള യാത്രയാണ് ചൈനീസ് ജനതയുടെ ചരിത്രപുസ്തകം. അത് സാഹസികതയുടെ പാത കൂടിയാണ്. അതിനെല്ലാം അതിന്റേതായൊരു യാത്രാപഥം സൃഷ്ടിക്കാനുള്ള ശ്രമം എന്നും ചൈനക്കാർ കാണിച്ചിട്ടുണ്ട്. ഏറ്റവും സമകാലികമായ സാങ്കേതികതയ്ക്കും ശാസ്ത്രാഭിമുഖ്യത്തിനുമൊപ്പം നടക്കാനാണ് ഓരോ കാലത്തും അവർ ശ്രമിച്ചിട്ടുള്ളത്. എതിർശബ്ദങ്ങളെ എതിരിട്ടു മുന്നേറുന്നതാണ് അവരുടെ രാഷ്ട്രീയവും നൈതികതയും. അതിലവർ മാറ്റം വരുത്താറില്ല.

നാലര പതിറ്റാണ്ടിനു മുന്‍പ് വി.കെ. മാധവൻകുട്ടിയുടെ മുന്നിൽ വന്ന ചൈനീസ് ജീവിതവും കാഴ്ചകളുമല്ല ഇന്ന് നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നത്. നോക്കിനിൽക്കുമ്പോൾ തെളിയുകയും മറയുകയും ചെയ്യുന്ന മഴവില്ലുപോലെ ചൈനയിലെ ആകാശവും ഭൂമിയും ജീവിതവും മാറുന്നു. അത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. രാജ്യത്തോടുള്ള കൂറ് ഓരോ ചൈനക്കാരന്റേയും ഹൃദയസ്പന്ദനത്തിലുണ്ട്. അതവർ ജീവശ്വാസംപോലെ സൂക്ഷിക്കുന്നു. ഭരണകൂടത്തിന്റെ ശാസനകൾ രാജ്യപുരോഗതിക്കും സുരക്ഷിതത്വത്തിനും തങ്ങൾക്കു തന്നെയും വേണ്ടിയാണെന്ന് ജനങ്ങൾ കരുതുന്നു. സർക്കാർ കൊണ്ടുവരുന്ന പുതിയ പുതിയ പരിഷ്‌കാരങ്ങളെ ശിരസ്സാവഹിക്കുന്നതാണ് യഥാർത്ഥ പൗരധർമമെന്ന് ചൈനീസ് ജനത കരുതുന്നുണ്ട്. വിയോജിക്കുന്നവര്‍ക്കുള്ള ഇടം ചൈനയ്ക്ക് പുറത്തായിരിക്കും എന്നത് മറ്റൊരു കാര്യം!

മാറി മാറി വന്ന അധികാരകേന്ദ്രങ്ങൾ രാജ്യത്തോടുള്ള സ്‌നേഹവും സമർപ്പണവും ആലയിലെന്നപോലെ ഊതി മിന്നിച്ചുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസവും ക്യാപിറ്റലിസവും അതിന്റെ വഴിക്ക് വരുകയും പോകുകയും ചെയ്യും. അപ്പോഴാക്കെ സ്വന്തം നാടിന്റെ വളർച്ചയിലും കുതിപ്പിലും ബദ്ധശ്രദ്ധരാണ് ഭൂരിപക്ഷം ചൈനക്കാരും!

അതാണ് ഈ രാജ്യത്തിന്റെ വിജയരഹസ്യം. അതാണ് ഈ ജനതയുടെ ഊർജസ്രോതസ്സ്.

ഒരു പത്രപ്രവർത്തകന്റെ കാഴ്ചയും കാഴ്ചപ്പാടുമാണ് വി.കെ. മാധവൻകുട്ടിയുടെ ‘സ്വർഗത്തിലേക്കുള്ള കവാട’ത്തിൽ നാം വായിക്കുന്നത്. ഓട്ടപ്രദക്ഷിണം മാധ്യമപ്രവർത്തകരുടെ പതിവുശീലമാണ്. അത് ഈ പുസ്തകത്തിലും കാണാം.

അർത്ഥമില്ലാത്ത ഓട്ടപ്പാച്ചിൽ എന്ന് ഒ.വി. വിജയൻ പത്രപ്രവർത്തനത്തെ വിശേഷിപ്പിച്ചിട്ടുള്ളത് ഓർക്കുക. ദീർഘകാല ദില്ലിജീവിതത്തിന്റെ നേർസാക്ഷ്യമാവാം വിജയനെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. ഓട്ടം അവസാനിക്കുമ്പോൾ മുന്നിൽ തെളിയുന്നത് വലിയൊരു ശൂന്യത മാത്രം. ആളും ആരവവും അടങ്ങിയ കളിപ്പറമ്പിലേക്ക് നോക്കി ചിരിച്ച സി.പി. രാമചന്ദ്രൻ എന്ന പത്രപ്രവർത്തകന്റെ ചിത്രം മനസ്സിൽ തെളിയുന്നു. ദില്ലിയിലെ ഒരു കാലം, ആത്മസംഘർഷങ്ങൾ, സ്‌നേഹത്തിന്റേയും ആരാധനയുടേയും വലയങ്ങൾ, അവയുടെ പകർന്നാട്ടങ്ങളും പിൻവലിയലും - അങ്ങനെ എത്രയെത്ര പൂരിപ്പിക്കാനാവാത്ത മുഹൂർത്തങ്ങളാവും സി.പിയെക്കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത്:

‘Afterall what is Life My Friend!’

കമ്യൂണിസത്തിന്റെ വിശാല മാനുഷികതയിൽ ആകൃഷ്ടനായ കാലത്താണ് സി.പി പത്രപ്രവർത്തനം തുടങ്ങിയത്. പില്‍ക്കാലത്ത് യോജിപ്പും വിയോജിപ്പും അതിനെ കൂടുതൽ ഉന്മേഷകരമാക്കുകയും ചെയ്തു.

ചരിത്രസന്ധികളെക്കുറിച്ചുള്ള ഓർമയിൽനിന്നും പതുക്കെ തിരികെ നടക്കാതെ വയ്യ. അകലെ നിന്ന് ചൈന മാടിവിളിക്കുന്നു. അയൽക്കാരാ വരൂ വരൂ എന്ന ക്ഷണത്തിനുള്ളിൽ ആഴമുള്ള സ്‌നേഹത്തിന്റെ അലയും ചിരിയുമുണ്ട്. അത് പലപ്പോഴും ഇല്ലാതാക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിശാഠ്യങ്ങളും പകയുമാണ്. അതിരുകളും ആയുധവുമില്ലാതെ പരസ്പര സഹവർത്തിത്ത്വത്തിന്റെ വിശാലതയിൽ കഴിയേണ്ടവരാണ് അയൽജീവിതങ്ങൾ. പലപ്പോഴും അത് സാധ്യമാകാതെ പോകുന്നത് ചരിത്രത്തിന്റെ വൈപരീത്യമാണ്. മനുഷ്യ ജീവിതത്തെ കരയ്ക്കടുപ്പിക്കാതെ ഉഴലാൻ വിടുന്ന വൈരത്തിന്റെ കനൽച്ചൂട് നാം ചരിത്രത്തിലെവിടേയും കാണുന്നു. അത് പല കാലങ്ങളിലൂടെ, പല സ്ഥലങ്ങളിലൂടെ ഇന്നും തുടരുകയുമാണ്.

Image of travellers
സഞ്ചാരികള്‍ Google

പ്കവാഹങ്ങളും തിളക്കങ്ങളും

പേൾ എസ്. ബക്കിന്റെ ‘ദ ഗുഡ് എർത്ത്’ വായിച്ച നാളുകൾ ഓർമയിലെത്തി. അമേരിക്കൻ എഴുത്തുകാരി1931-ൽ എഴുതിയ ഈ നോവൽ ചൈനീസ് ജീവിതത്തിൽനിന്നും പിച്ചിച്ചീന്തിയ ഏട് എന്ന വിശേഷണത്തിനർഹം. കുട്ടിക്കാലത്ത് ചൈനയിൽ ജീവിച്ച നാളുകളും (പേൾ എസ്. ബക്കിന്റെ അച്ഛനും അമ്മയും ചൈനയിൽ മിഷനറിമാരായിരുന്നു) അവിടെ കണ്ട കർഷക ജീവിതവും പേൾ എസ്. ബക്ക് മനോഹരമായാണ് വാക്കിൻ കൂട്ടിൽ നിർമിച്ചെടുത്തത്. അങ്ങനെ പല കാലങ്ങളിൽ വായിച്ച ചൈനീസ് പുസ്തകങ്ങളിലൂടെ ആ രാജ്യത്തിന്റെ ഭൂമിശാസ്ത്രവും മനുഷ്യപ്രകൃതിയും ഭക്ഷണരീതിയും വിശ്വാസങ്ങളുമൊക്കെ ബക്കിന്റെ മനസ്സിൽ നങ്കൂരമിട്ടുകൊണ്ടിരുന്നു.

Lisa see എഴുതിയ Snow flower and the secret fan, The Joy Luck club (Amy Tan) midnight in peking (paul French), murder in China (Roy Lewis) തുടങ്ങിയ നിരവധി ചൈനീസ്‌ നോവലുകളാണ് നമ്മുടെ വായനാമുറിയിലെത്തിയിട്ടുള്ളത്. വിവർത്തനം ചെയ്ത കവിതകളും മറ്റ് ഗ്രന്ഥങ്ങളും പലതുണ്ട്. വായിച്ചവ പലതും ആ രാജ്യത്തിന്റെ ജീവിതത്തെ രേഖപ്പെടുത്തുന്നവയാണ്. അക്ഷരങ്ങളിലൂടെയുള്ള ആ ഉറുമ്പൻ യാത്രയിൽ മനസ്സിൽ കുടിപാർത്തു തുടങ്ങിയ പല ചിത്രങ്ങളും തിരിച്ചുവരാൻ തുടങ്ങിയ ദിവസങ്ങൾ. വായനയിൽനിന്നും ദൃശ്യങ്ങളിൽനിന്നും ലഭിച്ച അനുഭവത്തിന്റെ നേരിട്ടുള്ള സംപ്രേഷണം.

ചൈനീസ് സിനിമകൾ വ്യാവസായികമായും കലാപരമായും എന്നും ഔന്നത്യം പുലർത്തിയിരുന്നു. സാങ്കേതികമായ മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന അവരുടെ ഭൂരിപക്ഷം സിനിമകളും മുൾമുനയിൽ നിൽക്കുന്ന അനുഭവമാണ് പ്രേക്ഷകർക്കു നൽകുന്നത്. കലാപരമായ മികവും സൗന്ദര്യദർശനവും ആവിഷ്‌കരിക്കുന്ന സിനിമകളും ചൈനയിൽ കുറവല്ല. പുതിയ കാല സിനിമകൾ ഒരേസമയം നവീന പ്രവണതകളേയും പഴയ ഗൃഹാതുരത്വത്തേയും തിരികെ വിളിക്കുന്നവയാണ്. സാങ്കേതികമായ കുതിച്ചുചാട്ടം എല്ലാ രംഗത്തും കൊണ്ടുവരാൻ ചൈനീസ് സിനിമയിൽ നിരന്തരമായ ശ്രമം നടക്കുന്നു.

ഇന്ത്യയുടെ ഇരുണ്ടകാലം! അടിയന്തരാവസ്ഥ കഴിഞ്ഞ് അധികകാലമാകും മുന്‍പാണ് വി.കെ. മാധവൻകുട്ടി ചൈനയിലേക്ക് പോയത്. 1979-ൽ. ഭയം നിറഞ്ഞ നാളുകളിലൂടെ അന്ന് കടന്നുപോയിരുന്ന ഇന്ത്യക്കാർക്ക് അടിയന്തരാവസ്ഥ മറക്കാനാവുന്ന അനുഭവമായിരുന്നില്ല. ഏകാധിപത്യവും വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രഘടനയും ഒരു ദേശത്തിനു നൽകാവുന്ന എല്ലാ മുറിവും അടിയന്തരാവസ്ഥയുടെ നാളുകളിൽ ഇന്ത്യ ഏറ്റുവാങ്ങി. ആ കാലത്തെ ‘ഇരുണ്ടയുഗ’മെന്ന് ചരിത്രം രേഖപ്പെടുത്തിവെച്ചു.

ജനാധിപത്യത്തിന്റെ ശുദ്ധവായുസഞ്ചാരത്തെ ഇന്ത്യയിൽ റദ്ദ് ചെയ്യുകയായിരുന്നു അന്ന്. അത് ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അദ്ധ്യായമായി മാറുകയും ചെയ്തു. ഇരുണ്ട നിറം കൊണ്ടാണ് കാലചിത്രം ആ താളുകൾ പൂരിപ്പിച്ചത്. മായ്‌ച്ചുകളയാൻ കഴിയാത്ത വടുക്കള്‍ ഇന്ത്യ എന്ന രാജ്യശരീരത്തിൽ അക്കാലം സൃഷ്ടിച്ചു.

വി.കെ. മാധവൻകുട്ടി സമഗ്രമായൊരു യാത്രയല്ല ചൈനയിലൂടെ നടത്തിയത്. കുറച്ചു ദിവസങ്ങൾ, അതിനിടയിൽ പങ്കെടുക്കേണ്ട മാധ്യമ സമ്മേളനങ്ങൾ, ഔദ്യോഗികമായ കൂടിക്കാഴ്ചകൾ - ഇതിനിടയിൽ വീണുകിട്ടിയ നേരങ്ങളിലെ വേഗപ്പാച്ചിലായിരുന്നു മാധവൻകുട്ടിക്ക് ചൈനാസഞ്ചാരം. കണ്ടുമുട്ടിയ മനുഷ്യരും കേട്ടതും കേട്ടുകേൾവിയുള്ളതുമായ സംഭവങ്ങളുമൊക്കെ ഒരു പത്രപ്രവർത്തകന്റെ ഊർജസ്രോതസ്സുകളാണ്. അത് ആവോളം മാധവൻകുട്ടിയുടെ പേനത്തുമ്പിലെത്തുന്നുണ്ട്.

വർഷങ്ങൾകൊണ്ട് ചൈന പിന്നിട്ട പാതകളും പ്രവാഹങ്ങളും തിളക്കങ്ങളുമൊക്കെ താരതമ്യപ്പെടുത്തുമ്പോൾ അത്ഭുതത്തിന്റെ തിരകളാണ് ഒരു യാത്രികന്റെ മുന്നിലെത്തുന്നത്.

ഈ രാജ്യം എങ്ങനെയാണ് പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറുന്നത്? പുറം രാജ്യങ്ങളിൽ എന്തൊക്കെ വാർത്തകൾ പടർന്നുപിടിച്ചാലും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെയുള്ള മാറ്റമാണ് ചൈനയിൽ ഓരോ നിമിഷവും സംഭവിക്കുന്നത്. സ്വന്തം രാജ്യം; അതിന്റെ വളർച്ചയും ഉയർച്ചയും - അതു മാത്രമാണ് എന്നും ചൈനീസ് ഭരണാധികാരികളുടെ സ്വപ്നം; ജനങ്ങളിൽ ഭൂരിപക്ഷവും അതിനൊപ്പം നിൽക്കുന്നു.

മുപ്പത് വർഷങ്ങൾക്കു മുന്‍പാണ് സച്ചിദാനന്ദൻ ചൈനായാത്ര നടത്തിയത്. ഒരു കാവ്യമനസ്സിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ഉല്‍ക്കണ്ഠ, കാലം നൽകുന്ന പാഠങ്ങൾ - ഇവയൊക്കെ ‘പല ലോകം പല കാലം’ എന്ന യാത്രാപുസ്തകത്തിൽ സച്ചിദാനന്ദൻ രേഖപ്പെടുത്തിയിട്ടുണ്ട്.

വിപ്ലവാനന്തരം ചൈനയിൽ സംഭവിച്ച മാറ്റങ്ങളുടെ ദ്രുതവേഗം അത്ഭുതപ്പെടുത്തുന്നതാണ്. ജനതയുടെ അഭിലാഷങ്ങൾക്കുമേൽ വന്നുവീഴുന്ന നിഴലുകൾ ഗ്രാമീണരുടെ ജീവിതം എങ്ങനെയുള്ളതാണ്? നഗരങ്ങളുടെ നിറം എങ്ങനെയൊക്കെ മാറിക്കൊണ്ടിരിക്കുന്നു? ബഹുരാഷ്ട്ര കുത്തകകളും സ്വകാര്യ നിക്ഷേപവുമൊക്ക സാംസ്‌കാരിക വിപ്ലവാനന്തരം ചൈനയുടെ താളം ക്രമപ്പെടുത്തിയത് എങ്ങനെയാണ്?

-ഇങ്ങനെ ഉയർന്നു പറക്കാനുള്ള വ്യാമോഹവുമായി ഓരോ ദിവസവും ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ കാൽനൂറ്റാണ്ടിനു മുന്‍പുള്ള ചിത്രം ‘പല ലോകം പല കാല’ത്തിൽ നാം കാണുന്നു.

രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്കു മുന്‍പുള്ള ചൈനയിൽനിന്നും ഇന്നത്തെ ചൈനയിലേക്കുള്ള ദൂരം വിസ്മയിപ്പിക്കുന്നതാണ്. ഒരു താരതമ്യത്തിനുള്ള സാധ്യത എപ്പോഴും തുറന്നിടുന്നുണ്ട് ചൈനയിലെ മാറ്റങ്ങൾ! ഒരു രാജ്യത്തിന്റെ സപ്തനാഡികളിലൂടെയും സഞ്ചരിക്കുക -മിഴിവേകുന്നതും അല്ലാത്തതുമായ എല്ലാ കാഴ്ചകളിലൂടെയും കടന്നുപോകുക - ഇത് പലപ്പോഴും അസാധ്യമാണ്. നിശ്ചിത ദിവസങ്ങളിൽ, നിശ്ചയിച്ചുറപ്പിച്ച വഴികളിലൂടെ സഞ്ചരിക്കാൻ മാത്രമേ പലപ്പോഴും സാധിക്കൂ. സമയം, സാമ്പത്തികം - ഇതൊക്കെ നമ്മെ ജീവിതത്തിന്റെ അഴിമുഖത്തുനിന്ന് അലട്ടുന്നുണ്ടാവും. അപ്പോഴൊക്കെ നമ്മൾ മലയാളികളായ സഞ്ചാരികൾ ഓർക്കുന്നത് ആ മഹായാത്രികനെയാണ്. ഇന്നത്തെപ്പോലെ ആധുനിക സാങ്കേതികവിദ്യയും മാർഗങ്ങളും സാമ്പത്തിക സുരക്ഷിതത്വവുമില്ലാതെ തയ്യാറാക്കിയ കുറിപ്പുകളും യാത്രാമോഹം ഹൃദയത്തിൽ നിറച്ച ആത്മവിശ്വാസവുമായി ഇറങ്ങിപ്പുറപ്പെട്ട ഒരാൾ.

-എസ്.കെ. പൊറ്റക്കാട്!

ആത്മാവിൽ ഒരു മഹാസഞ്ചാരിയുടെ മുദ്രയുള്ള മറ്റൊരാൾ മലയാളത്തിൽ അതിനു മുന്‍പ് പിറവികൊണ്ടിട്ടില്ല; ശേഷവും.

മലയാള സഞ്ചാരസാഹിത്യചരിത്രത്തിന് സമ്പന്നമായൊരു പൂർവകാലമുണ്ട്. പാറേമ്മാക്കൽ തോമാ കത്തനാരുടെ വർത്തമാന പുസ്തകം അഥവാ ഒരു റോമായാത്ര, കെ.പി. കേശവമേനോന്റെ ബിലാത്തി വിശേഷം, തരവത്ത് അമ്മാളു അമ്മയുടെ ഒരു തീർത്ഥയാത്ര, ഇ.എം. കോവൂരിന്റെ ബംഗാളിലൂടെ, സി.എച്ച്. മുഹമ്മദ് കോയയുടെ ഞാൻ കണ്ട മലേഷ്യ, പവനന്റെ ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ, നിത്യചൈതന്യയതിയുടെ യാത്ര, കെ. ബാലകൃഷ്‌ണന്റെ ഗുണ്ടർട്ടിന്റെ നാട്ടിൽ മുതൽ പുതിയകാല രചനകൾ വരെ വായനക്കാർക്ക് നൽകുന്നത് ഓരോ ദേശ സംസ്‌കൃതിയുടേയും കാഴ്ചയും കാലവുമാണ്.

ജപ്പാൻ സന്ദർശിച്ച ശേഷം അംബികാസുതൻ മാങ്ങാടെഴുതിയ ‘യോക്കോസോ’ മികച്ച വായനാനുഭവമായിരുന്നു. പതിവു യാത്രാവിവരണ ഗ്രന്ഥങ്ങളിൽനിന്നും ഭാഷയിലും കാഴ്ചയിലും മാറി നടക്കുന്ന സഞ്ചാരകൃതിയാണ് ഇത്. ഒരെഴുത്തുകാരന്റെ, കഥാകൃത്തിന്റെ രചനാമിഴിവ് ഈ പുസ്തകത്തിന്റെ വായനാസുഖത്തെ സമൃദ്ധമാക്കുന്നുണ്ട്.

സമീപകാലത്ത് വായിച്ച പല യാത്രാവിവരണ ഗ്രന്ഥങ്ങളിലും സാങ്കേതികമായും ഭൗതികമായും നാം നേടിയ മികവിന്റെ നല്ല മുദ്രകൾ കണ്ടെടുക്കാൻ കഴിയുന്നു. തോമ കത്തനാരിൽനിന്നും നമ്മൾ നടന്നുതീർത്ത കാലം, ആ കാലത്തു സംഭവിച്ച പല മാറ്റങ്ങൾ - അവയെല്ലാം കൃത്യമായി കണ്ടെത്താൻ കഴിയുന്ന ആധികാരിക രേഖയാണ് പല സഞ്ചാര സാഹിത്യരചനകളും.

നേരിൽ കാണാത്ത, സ്വപ്നദർശനമുണ്ടായിട്ടുള്ള ഭൂപ്രകൃതിയിലേക്ക് മനുഷ്യൻ നടത്തിയിട്ടുള്ള യാത്രകൾ. വ്യാപാര ലക്ഷ്യത്തോടെ സഞ്ചാരത്തിന് പുറപ്പെട്ടവർ നേരിട്ട കഠിനയാതനകൾ. അതിനെ അതിജീവിച്ച വിധം- ഇതൊന്നും ആദ്യകാലങ്ങളിൽ അധികം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. പിന്നീട് മതപ്രചാരണത്തിനും തീർത്ഥാടനത്തിനുമൊക്കെ ഇറങ്ങിയവർക്ക് യാത്ര കുറച്ചുകൂടി അനായാസമായി. അവർ ചിലതൊക്കെ ചിലയിടങ്ങളിൽ രേഖപ്പെടുത്തി. അതിന്റെയൊക്കെ കാലാന്തര രൂപമാണ് ഇന്നത്തെ സഞ്ചാരസാഹിത്യ ശാഖ.

ഒരു ദേശത്തിന്റെ ജീവിതത്തിലൂടെയും ഭൂപ്രകൃതിയിലൂടെയും മനുഷ്യാവസ്ഥകളിലൂടെയും കൗതുകക്കണ്ണുകളോടെ ഒരാൾ നടത്തുന്ന ഹ്രസ്വമായ യാത്രകൾ. അതു പോലും പല തുറസ്സിലേക്കുള്ള വാതിലുകൾ തുറന്നിടും. ഒരു കവിയാണ് വ്യത്യസ്തമായൊരു കാഴ്ചയിലൂടെ സഞ്ചരിക്കുന്നതെങ്കിൽ അതിന് അതിന്റേതായൊരു മിഴിവുണ്ടാകും. സച്ചിദാനന്ദന്റെ ചൈനാ യാത്രാക്കുറിപ്പിൽ ആന്തരികമായ കാഴ്ചയുടെ അകമ്പടിഭംഗി വായനക്കാർക്ക് അനുഭവിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.

2019-ൽ ഞങ്ങൾ 12 പേർ ചൈനയിലേക്ക് പുറപ്പെട്ടു. എന്തുകൊണ്ട് കുടുംബസമേതമുള്ള ഒരു യാത്രയ്ക്ക് ചൈന തെരഞ്ഞെടുത്തു എന്ന ചോദ്യം ആ ദിവസങ്ങളിൽ പലരിൽനിന്നുമുണ്ടായി. ഭൂരിപക്ഷം പേരും അങ്ങനെയൊരു യാത്രയ്ക്ക് യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂപടത്തിലേക്കാണ് നോക്കുക. ബാച്ച്‌ലേഴ്‌സ് യാത്രയാണെങ്കിൽ മക്കാവൂവും മലേഷ്യയും സിംഗപ്പൂരും പട്ടായയും മോഹിപ്പിക്കും!

ഞങ്ങൾ ചൈനയിലേക്ക് പോകാൻ കാരണങ്ങൾ പലതുണ്ട്. നമ്മുടെ അയൽരാജ്യം, ചെങ്കൊടി ചെങ്കൊടി കട്ടായം എന്ന മുദ്രാവാക്യം മുഴക്കിയ നാട്, മതത്തെ മതിലിനു പുറത്ത് നിർത്തുന്ന ദേശം - അങ്ങനെ പല പ്രേരണകളും അതിനു പിന്നിലുണ്ട്.

ഇടതുപക്ഷം ചെരിഞ്ഞ് നടക്കുന്ന ഒരു മനസ്സ് ഞങ്ങളിൽ പലരുടേയും ദൗർബല്യമാണ്. ചൈന കാണണം എന്ന ആഗ്രഹം മറ്റുള്ളവരിൽ സൃഷ്ടിക്കാൻ ഇടതുപക്ഷച്ചെരിവുകാർക്ക് സാധിച്ചു എന്നതാണ് സത്യം! മനസ്സിന്റെ ചില ആയലുകൾ അങ്ങനെയങ്ങ് സംഭവിക്കുന്നതാണ്.

ഒരു വിദേശയാത്രയെക്കുറിച്ച് ആലോചിച്ചു. അതെവിടേക്കെന്ന ചിന്തയുടെ തുടക്കത്തിൽതന്നെ ചൈനയുടെ ഭൂപടം ഞങ്ങളുടെ മുന്നിൽ തെളിഞ്ഞുവരുകയായിരുന്നു. ഗ്ലോബ് കറങ്ങി ചെങ്കനൽ നിറത്തിലുള്ള ചൈനയിൽ നിശ്ചലമായി. യാത്രയുടെ ഓരോ ഘട്ടത്തിൽ ആ ചൈനീസ് പ്രണയത്തിന്റെ കാര്യകാരണങ്ങൾ പ്രത്യക്ഷമാകും!

(തുടരും)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER