ഓര്‍മകള്‍ക്ക് തിരശീല വീഴുമ്പോള്‍: ബോംബെയിലെ പൂട്ടിപ്പോയ തിയേറ്ററുകള്‍

ബോംബെയിലെ സിംഗിൾ സ്‌ക്രീൻ സിനിമ തിയേറ്ററുകൾ ഇടിച്ചുനിരത്തുന്ന തിരക്കിലാണ് ഇപ്പോൾ ബിൽഡർ ലോബി. സാധാരണക്കാരായ സിനിമാസ്വാദകരെ വലയ്ക്കുന്ന ഈ ഉദ്യമത്തിന്റെ കാണാപ്പുറങ്ങൾ എന്താണ്? - ഒരന്വേഷണം
Liberty cinema
Liberty cinemaGoogle
Updated on

ഡിഗ്രി കഴിഞ്ഞ് 1975-ലാണു ജീവസന്ധാരണത്തിനായി ബോംബെയിലെത്തിയത്. അക്കാലങ്ങളിൽ ഇത്തരം ചെറിയ ‘ഡയസ്‌പോറ’ അല്ലെങ്കിൽ നാടുവിടൽ പരിപാടി യുവാക്കൾക്കിടയിൽ ഒരു പാഷനും പതിവ് ഫാഷനുമായിരുന്നു. ജൂലൈ 5-ന് ഉച്ചയ്ക്ക് കൊച്ചിൻ-ദാദർ എക്‌സ്പ്രസ് അതിന്റെ ലക്ഷ്യസ്ഥാനത്തെത്തിനിന്ന് കിതച്ചു. പ്ലാറ്റ്‌ഫോമിൽ പകച്ചുനിൽക്കവെ അതാ, അല്പമകലെ ഉയരം കുറഞ്ഞ ഒരാൾ തന്റെ കൈ ഉയർത്തിക്കാണിക്കുന്നു. അത് എന്റെ അളിയൻ വി.വി. ഫ്രാൻസിസിന്റേതാണ്. “ഞാനിവിടെ ഉണ്ടേ” എന്നാണ് ഈ അടയാളത്തിന്റെ അർത്ഥം. മഞ്ഞയും കറുപ്പും നിറമുള്ള ‘കാലീ പീലീ’ ടാക്‌സിയിൽ ഞങ്ങളെത്തിയത് ചെമ്പൂർ ഘാഠ്‌ളാ ഗാവിലാണ്. റോഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ബിൽബോർഡുകളിൽ പതിച്ചിരുന്ന സിനിമാപോസ്റ്ററുകളിലായിരുന്നു യാത്രാവേളയിൽ എന്റെ ശ്രദ്ധ അധികവും. അവയിൽ എടുത്തുപറയത്തക്ക ആകർഷണീയതയുള്ള പോസ്റ്റർ ‘ഷോലെ’യുടേതായിരുന്നു. ധർമേന്ദ്ര, സഞ്ജീവ് കുമാർ, അമിതാബ് ബച്ചൻ, ജയാബാധുരി എന്നിവരെക്കൂടാതെ അന്ന് പേരറിയാത്ത ഒരു നടന്റെ ചിത്രമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. വമ്പിച്ച മീശയും താടിയും കേശവുമൊന്നുമില്ലെങ്കിലും പൗരുഷം തുളുമ്പുന്ന, പട്ടാളവേഷത്തിലുള്ള ആ നടന്റെ കയ്യിൽ റൈഫിളുമായുള്ള ഷോലെയിലെ ഈ പുതുമുഖത്തിന്റെ ചിത്രം എന്തോ മനസ്സിലിടം പിടിച്ചു.

സഹോദരി ബേബിയും കുടുംബവും താമസിക്കുന്ന ഘാഠ്‌ളാ ഗാവിന് അന്ന് ഒരു ചെറിയ ഗ്രാമ്യഭംഗിയൊക്കെയുണ്ടായിരുന്നു. മുല്ലപ്പൂന്തോട്ടങ്ങളും ഇടയ്ക്കിടെ തലയുയർത്തിനിൽക്കുന്ന കരിമ്പനകളും അവയ്ക്കിടയിൽ പനമ്പട്ടമേഞ്ഞ ‘മാഡി’ (പനങ്കള്ള്) ഷാപ്പും കൂടിയുള്ള അസലൊരു മറാഠി ഗാവ് തന്നെയായിരുന്നു അത്. മാഡി - ലിറ്റർ ഫക്ത് ദോൺ റുപയേ (ലിറ്ററിന് രണ്ടുരൂപ മാത്രം) എന്ന ബോർഡ് അവിടെയുണ്ട്. ചേച്ചി താമസിക്കുന്ന കൊച്ചുവില്ലയിൽ ഞങ്ങളെത്തിയപ്പോൾ സമയം ഉച്ചകഴിഞ്ഞിരുന്നു. കുളികഴിഞ്ഞ് അലക്കിത്തേച്ച മുണ്ടും ഷർട്ടുമണിഞ്ഞ് പുറത്തിറങ്ങാൻ തയ്യാറായ എന്നോട് “നീയിപ്പോ എവിടേക്കാ...?” എന്ന ചോദ്യമുയർത്തിയത് ബേബിച്ചേച്ചിയാണ്. ഉത്തരമൊന്നും പറയാതെ ഫ്ലാറ്റിൽനിന്ന് പുറത്തുകടന്ന് നേരെവെച്ചടിച്ചു. ബസന്ത് തിയേറ്ററാണ് എന്റെ ലക്ഷ്യം. അവിടെയാണ് ‘ഷോലെ’ കളിക്കുന്നത്.

ബസന്ത് തിയേറ്ററിലെ ബാൽക്കണിക്കുള്ള വരിയിൽ അവസാനയാളായി കക്ഷിചേർന്ന് ടിക്കറ്റെടുത്ത് ഷോലെ കണ്ടു. മൂന്നുമണിക്കൂറോളം നീണ്ട സിനിമ അവാച്യമായ ആനന്ദം സമ്മാനിച്ചത് ഇന്നലെയെന്നപോലെ തോന്നുന്നു. “ഓ സാംബാ, കിത്‌നെ ആദ്മി ഥേ?” എന്ന അംജത്ഖാന്റെ ഡയലോഗും ഹെലന്റെ ഐറ്റം ഡാൻസും അനുബന്ധമായുള്ള ആർ.ഡി. ബർമന്റെ ഹമ്മിങ്ങുമെല്ലാം തലയിൽ കയറിപ്പറ്റി.

കാലത്തിന് വളമിട്ട് പുഷ്ടിപ്പെടുത്തുന്നത് സംഭവങ്ങളാണെന്ന് കേട്ടിട്ടുണ്ട്. ഇന്ന് ചെമ്പൂരിലെ ബസന്ത് തിയേറ്ററില്ല. സമീപസ്ഥമായിരുന്ന രാജ്കപൂറിന്റെ ആർ.കെ. സ്റ്റുഡിയോവും അപ്രത്യക്ഷമായിരിക്കുന്നു. അവിടെ അതിസമ്പന്നവർഗത്തിന്റെ പാർപ്പിട സമുച്ചയങ്ങളാണ് കാണുക. ട്രോംബെ - സയൺ റോഡിന് വീതികൂട്ടുന്ന തിരക്കിൽ ആർ.കെ. സ്റ്റുഡിയോ പരിസരത്തുണ്ടായിരുന്ന ബി.ഇ.എസ്.റ്റി. ബസ് സ്റ്റോപ്പ് അല്പം പിറകോട്ടുമാറ്റി സ്ഥാപിച്ചിട്ടുണ്ട്. ബോബിയും ആവാരയും മേരാനാം ജോക്കറും ജാഗ്‌തേ രഹോ തുടങ്ങിയ മഹത്തരങ്ങളായ സിനിമകൾ നിർമിച്ചും സംവിധാനം ചെയ്യുകയും അവയിൽ അഭിനയിക്കുകയും ചെയ്ത മഹാനടൻ രാജ്കപൂർ കഥാവശേഷനായി കൊല്ലങ്ങൾ അനവധി കഴിഞ്ഞു. ആർ.കെ. സ്റ്റുഡിയോവിന്റെ മുമ്പിൽ അതിന്റെ പടി തുറക്കുന്നതും കാത്ത് വരിനിൽക്കുന്ന നൂറുകണക്കിന് എക്‌സ്ട്രാ നടീനടന്മാരുടെ രൂപം മനസ്സിൽ തെളിഞ്ഞു.

അപേക്ഷകളയച്ചും ഇന്റർവ്യൂവിന് പങ്കെടുത്തും പരാജയങ്ങൾ ഏറ്റുവാങ്ങി ആഴ്ചകൾ കടന്നുപോയതോടെ ബോംബെ മഹാനഗരത്തിന്റെ ഹൃദയത്തുടിപ്പായ സബർബൻ ട്രെയിന്‍ സഞ്ചാരത്തിന്റെ കടകടാരവം എന്റേതായി മാറി. ഇടവേളകളിൽ സമയം കൊല്ലാൻ വിന്റോഷോപ്പിങ്ങ്, കട്ടിംഗ് ചായ്, ചിലപ്പോൾ വടാപാവ് തീറ്റയും കൊണ്ടാടുമ്പോൾ സിനിമ നിഴൽപോലെ എന്നെ പിന്തുടർന്നു. വി.റ്റി. സ്റ്റേഷനും (ക്ഷമിക്കണം! ഇപ്പോൾ ഛത്രപതി ശിവജി ടെർമിനൽസ്) ടൈംസ് ഓഫ് ഇന്ത്യ ബിൽഡിംഗിനും സാക്ഷിയായി എതിർഭാഗത്ത് സ്ഥിതി ചെയ്തിരുന്ന കാപിറ്റൽ സിനിമയിലുണ്ടായ രസകരമായ ഒരു സംഭവം ഇവിടെ പറയാം. 1879-ൽ കൂവർജി പഗിടിവാലയെന്ന ധനാഢ്യനായ ഇറാനിയൻ, വിക്‌ടോറിയൻ മാതൃകയിൽ പണിതീർത്ത ഈ പഴയ കെട്ടിടത്തിൽ ‘ടിവോളി’യെന്ന പ്രത്യേക കലാരൂപമാണ് പ്രദർശിപ്പിച്ചിരുന്നത്. ബ്രിട്ടീഷുകാരും പാർസികളും ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽപ്പെട്ടവരും മാത്രമായിരുന്നു അവിടെ ആസ്വാദകരായി എത്തിയിരുന്നത്. ടിവോളിയുടെ പിന്നാമ്പുറക്കഥകൾക്കിവിടെ പ്രസക്തിയില്ല. ഞാൻ ബോംബെയിലെത്തുന്നതിന് എത്രയോ മുന്‍പുതന്നെ കച്ചവടക്കണ്ണുള്ള ആ ഇറാനി സംരംഭകന്റെ പിൻഗാമികൾ ഈ തിയേറ്ററിന് കാപിറ്റൽ സിനിമയെന്ന് പേരിട്ട് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാനാരംഭിച്ചു.

തെരുവുപെണ്ണുങ്ങളും അവരുടെ പിമ്പുകളും ഗിരാക്കുകളും (ആവശ്യക്കാർ) സമ്മേളിക്കുന്ന ഇടമായി കാലക്രമേണ കാപിറ്റൽ സിനിമ മാറി. മറാഠി, ഹിന്ദി സിനിമകളും കൂടാതെ ഇവിടെ ബോജ്പുരിയും ചിലപ്പോഴൊക്കെ മലയാളം ‘അ’ പടങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ പാരലൽ സിനിമകളും തകർപ്പൻ ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളും മാറി മാറി കളിച്ചിരുന്ന ന്യൂ എക്‌സൽസിയർ, ന്യൂ എംപയർ, എം.ജി. റോഡിലെ റീഗൽ തിയേറ്ററുകൾ അധികം ദൂരത്തല്ലാത്തതിനാൽ കാപിറ്റലിൽ ‘അ’ പടങ്ങളും അടിപിടി സിനിമകളും മാത്രം തെരഞ്ഞെടുത്തവണ്ണമാണ് പ്രദർശിപ്പിച്ചിരുന്നതെന്ന് തോന്നുന്നു. സാധാരണ പ്രേക്ഷകരും പോവർട്ടി ലൈനിന് താഴെയുള്ളവർക്കുമായി കാപിറ്റൽ സിനിമ നിലകൊണ്ടു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഐ.വി. ശശിയുടെ ‘അവളുടെ രാവുകൾ’ ഇംഗ്ലീഷിൽ മൊഴിമാറ്റം ചെയ്ത് ‘HER NIGHTS’ എന്നാണ് പരസ്യപ്പെടുത്തിയിരുന്നത്. അർദ്ധനഗ്നയായ നായികയുടെ കൂറ്റൻ ‘കട്ടൗട്ട്’ കണ്ട് തിയേറ്ററിൽ ഇരച്ചുകയറിയവർ അധികവും മറാഠികളും യു.പി. ബയ്യകളുമായിരുന്നു എന്നത് രസകരമായി തോന്നി. കമലഹാസന്റെ ‘ഈറ്റ’യും പത്മരാജന്റെ ‘രതിനിർവ്വേദ’വും സമാനരീതിയിലുള്ള തമിഴ്, തെലുങ്ക് ‘അ’ പടങ്ങളും കാപിറ്റലിൽ പ്രദർശനത്തിനെത്തിയപ്പോൾ ടിക്കറ്റുവിൽപ്പന കുത്തനെ ഉയർന്നിട്ടുണ്ടാകണം!

അല്പകാലം കഴിഞ്ഞ് എനിക്ക് ചെറിയ ഒരു അഡ്വർടൈസിങ്ങ് ഏജൻസിയിൽ ജോലി ഒപ്പിച്ചെടുക്കാൻ കഴിഞ്ഞു. ആദ്യ ശമ്പളം ലഭിച്ചതിന്റെ സൽക്കാരമെന്നോണം സുഹൃത്തുക്കളുമായി കാപിറ്റൽ തിയേറ്ററിൽ പീറ്റർ വിഡലിന്റെ തമാശപ്പടം ‘ദി പാർട്ടി’ കാണാൻ കയറി. പിഞ്ഞിത്തുടങ്ങിയ സ്‌ക്രീനും കറകറാ ശബ്ദമുണ്ടാക്കുന്ന പഴയ ഫാനുകളും കീറിയ കുഷ്യനുകളുള്ള ഇരിപ്പിടങ്ങളും സീറ്റുകളുടെ താഴെ നമ്മുടെ കാലിന്നിടയിലൂടെ കൂസലെന്യേ നെട്ടോട്ടമോടുന്ന നൊച്ചനെലികളുമൊക്കെക്കൂടി ‘ദി പാർട്ടി’ കാണാതെ കണ്ടുവെന്നു പറയാം. ഇതിനിടെ ഞങ്ങളുടെ സംഘത്തിലെ മധ്യവയസ്‌ക ശ്രീമതി പഠ്‌വർദ്ധന് ഇരിക്കപ്പൊറുതിയില്ലാതായി. വെളുത്തു തുടുത്ത ആ സ്ത്രീയുടെ കയ്യും മുഖവുമെല്ലാം ചുവന്ന് വീർത്തിട്ടുണ്ട്. സെന്റ് ജോർജ് ഹോസ്‌പിറ്റലിലെ കാഷ്വാലിറ്റി വിഭാഗത്തിലേക്ക് ഞങ്ങൾ പാഞ്ഞെത്തി. പരിശോധിച്ച ഡോക്ടർ പറഞ്ഞു: “പേടിക്കണ്ട, മൂട്ടകടിയാണ്!”

1990-കളുടെ അവസാനത്തിൽ മഹാനഗരത്തിലെ ഏറ്റവും പഴക്കം ചെന്ന കാപിറ്റൽ സിനിമ എന്നെന്നേക്കുമായി അടച്ചുപൂട്ടി. കൂറ്റൻ ടിൻഷീറ്റുകൾകൊണ്ട് മറച്ച ഈ തിയേറ്ററിനെ കാത്തുസൂക്ഷിക്കാൻ ഇപ്പോൾ രണ്ട് സെക്യൂരിറ്റി ഗാർഡുകൾ മാത്രമാണുള്ളത്. ഗ്രേറ്റർ ബോംബെ കോർപറേഷന്റെ സബ്ബ് വേ നിർമാണം ഫുൾ സ്വിംങ്ങിലായപ്പോൾ കാപിറ്റലിന്റെ ഭിത്തികൾക്ക് സാരമായ വിള്ളലുകളേറ്റു. ബോംബെയിൽ കൂടുതൽ കൂടുതൽ സൗകര്യങ്ങളോടെയുള്ള അത്യാധുനിക മൾട്ടിപ്ലക്‌സ് സിനിമാതിയേറ്ററുകൾ പിറന്നുവീണതോടെ ഉടമകൾക്ക് ഒട്ടും ലാഭകരമല്ലാതായ കാപിറ്റലിന് ഷട്ടറിടാൻ അവർ നിർബന്ധിതരായെന്ന് പറയപ്പെടുന്നു. ഏതായാലും മിസ്സിസ് പഠ്‌വർദ്ധന് ഈ സിനിമാഹാൾ സമ്മാനിച്ച ‘മൂട്ടകടി’ ഇപ്പോഴും മറക്കാനാകുന്നില്ല. പഴയ കാര്യങ്ങളുടെ ഓർമപുതുക്കാൻ ചുരുങ്ങിയ പക്ഷം മൂട്ടകടിയെങ്കിലും ആവശ്യമെന്ന് അന്ന് ഞങ്ങൾക്കൊപ്പം കാപിറ്റലിൽ വന്ന സുഹൃത്ത് ദിൻകർ ഭോസ്‌ലെ പറയുന്നത് നൂറുശതമാനം സത്യമാണ്!

കുപ്രസിദ്ധമായ ചുവന്നതെരുവുള്ള കാമാഠിപുര ബോംബെ സെൻട്രലിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാന്റ്‌റോഡിലെ ഖേത്ത്‌വാഡിയിലുള്ള ശുക്ലാജി സ്ട്രീറ്റ് സമാനമായ മറ്റൊരു റെഡ്‌ലൈറ്റ് ഏരിയയാണ്. കൂടാതെ അലങ്കാർ സിനിമയ്ക്കും മോത്തി സിനിമയ്ക്കും സമീപസ്ഥമായുള്ള വേറൊരു വേശ്യാകേന്ദ്രമാണ് പീലാ ഹൗസ്. ഹിന്ദിയിൽ ‘പീല’ എന്ന വാക്കിനർത്ഥം ‘മഞ്ഞ’ എന്നിരിക്കെ ഈ വേശ്യാഗൃഹത്തിന് ‘പീലാഹൗസ്’ എന്ന പേര് വീണതെങ്ങനെയെന്നറിയില്ല!.എന്തായാലും ബോംബെയിൽ സിനിമാഹാളുകൾ ഇടിച്ചുനിരത്തപ്പെടുമ്പോൾ അവയുടെ കൂട്ടത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള അലങ്കാർ തിയേറ്ററും മോത്തി സിനിമപോലുള്ളവയും നിലനിൽക്കില്ലല്ലോ.

Strand Cinema
Strand CinemaGoogle

മൈൽകുറ്റി നോക്കുന്ന സർപ്പം!

സിനിമകൾ കണ്ടും ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഗുമസ്തപ്പണി ചെയ്തും മടുത്തു. അഡ്വർടൈസിങ്ങ് രംഗത്തിന്റെ സുവർണകാലം കൂടിയായിരുന്നു അന്ന്. അഭ്യസ്തവിദ്യരായ മലയാളികൾക്ക് ഈ രംഗം സുസ്വാഗതമേകിയ കാലം. ഭാഗ്യവശാൽ കൊളാബയിലെ ഫരിയാസ് ഹോട്ടലിന് എതിർവശമുണ്ടായിരുന്ന ആഡ് ഏജൻസിയിൽ കയറിക്കൂടി യൗവ്വനകാലം ആഘോഷമാക്കി. അന്നുമിന്നും ഓർമിക്കുന്ന, ഓർത്തോർത്തു രസിക്കുന്ന ഒരു സിനിമയെക്കുറിച്ച് ഇവിടെ പറയാതെ വയ്യ. 1980 കാലങ്ങളിൽ താന (ഇന്ന് താനെ) ഒക്‌ട്രോയ് - ചുങ്കം പിരിക്കുന്ന നാൽക്കവലയ്ക്കടുത്തുള്ള ചോളുകളിലൊന്നായിരുന്നു താമസം. 12 x 14 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റമുറിയിൽ സഹമുറിയന്മാരായി അഞ്ചുപേരുണ്ട്. അവരിൽ മൂന്നുപേർ ടെക്‌സ്റ്റൈൽമിൽ തൊഴിലാളികളാണ്. മറ്റൊരാൾ ലെയ്‌ത് മെഷീൻ ഓപ്പറേറ്റർ. ഗൾഫ് സ്വപ്നവുമായി ചാവക്കാടുനിന്നെത്തിയ ബഷീർ താൽക്കാലികമായി ഞങ്ങളോടൊത്താണ് താമസം. ആ ഭാഗത്തുള്ള ചോളുകളിൽ ചിലരുടെ മുറികളിൽ മാത്രമാണ് അന്ന് ടെലിവിഷൻ ഉണ്ടായിരുന്നത്. ഇത്തരം ആർഭാടമുള്ളവർ കുടുംബസമേതം താമസിക്കുന്നവരുമായിരുന്നു. അതുകൊണ്ട് ബാച്ചിലേഴ്‌സിന് അവിടെ ‘നോ എൻട്രി!’ ബോംബെ ദൂർദർശൻ അക്കാലത്ത് കളർ പരിപാടികളൊന്നും സംപ്രേഷണം ചെയ്തിരുന്നില്ല. രംഗം കളറാക്കാൻ താമസക്കാരിലെ ചില സുന്ദരീമണികൾ മാത്രമാണുള്ളത്. പൊതുവെ ബോംബെ ടി.വി പ്രോഗ്രാമുകൾ ഞങ്ങൾക്ക് പരമബോറായി അനുഭവപ്പെട്ടു. ഹിന്ദി സിനിമാഗാനങ്ങൾ കോർത്തിണക്കിയ ‘ചിത്രഹാർ’ ബോംബെ ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്ന നല്ലൊരു കാര്യക്രം (പരിപാടി) ആയിരുന്നുവെന്നത് നിഷേധിക്കുന്നില്ല. യൗവ്വനം കുതിച്ചുപായുന്ന ഞരമ്പുകളിൽ സിനിമ ഒരു എസെൻഷ്യൽ ഫാക്ടറായതിനെ ആരും ദയവുചെയ്ത് കുറ്റം പറയരുത്. വല്ലപ്പോഴും വീണുകിട്ടുന്ന അവസരങ്ങൾ ആഘോഷമാക്കാൻ മുളുണ്ട് ഈസ്റ്റിലെ ദീപക് മന്ദിർ തിയേറ്ററിനെയാണ് ഞങ്ങൾ ശരണം പ്രാപിക്കുക.

ആ വർഷത്തെ ‘സ്വതന്ത്രതാ ദിവസ്’ (സ്വാതന്ത്ര്യദിനം) പൊടിപൊടിക്കാൻ ഞങ്ങൾ ദീപക് മന്ദിർ സിനിമാതിയേറ്ററിലെത്തി. മൂന്നുമണിയുടെ മാറ്റിനി ഷോ കാണാൻ അവിടെ വമ്പിച്ച ജനാവലി തന്നെയുണ്ട്. തമിഴ് മക്കളാണ് അധികവും. അന്നത്തെ സിനിമയാണ് ‘വെള്ളിക്കഴമൈ വ്രതം’ അതായത് വെള്ളിയാഴ്ച വ്രതമെന്ന് മലയാളം. തമിഴ്, മലയാളം ചലച്ചിത്രങ്ങളിൽ പശു, കാള, പോത്ത്, ആട്, പട്ടി, പൂച്ച എന്തിനേറെ കരടിയെവരെ നായികാനായകവേഷം അണിയിച്ച് സിനിമകൾ ചെയ്യാറുള്ളത് സാന്റോ എം.എം.എ. ചിന്നപ്പതേവർ തന്നെയാണ് ഈ ചിത്രത്തിന്റേയും നിർമാതാവ്. എന്നാൽ, വെള്ളിക്കഴമൈ വ്രതത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത് അസ്സലൊരു മൂർഖൻ പാമ്പാണ്.

വെള്ളിക്കഴമൈ വ്രതം നോൽക്കുന്നവരെ സർപ്പങ്ങൾ പൊതുവെ സംരക്ഷിക്കുന്നുവെന്ന സന്ദേശം നൽകാൻ ശ്രമിച്ച സംവിധായകന്റെ ഈ സിനിമ ഏതായാലും ബ്ലോക്ക്ബസ്റ്ററായി എന്നതിൽ അഭിമാനിക്കാം. അപ്പോൾ ‘പാമ്പിന് പാൽകൊടുത്ത പോലെ’യെന്ന നമ്മുടെ നാടൻ പ്രയോഗത്തിന് വിലയില്ലാതായോ എന്നൊരു സംശയം. സിനിമയുടെ തിരശ്ശീല വീഴുന്നതോടെ പതിവ് അശരീരിയും ഗ്രൂപ്പ് ഫോട്ടോപിടുത്തവും മറ്റു തമാശരംഗങ്ങളും മുറപോലെയുണ്ട്. കന്നഡ, തെലുങ്ക് ഭാഷകളിലേക്കും ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

ദീപക് മന്ദിർ തിയേറ്ററിൽത്തന്നെയാണ് അവ്താർ കൗളിന്റെ 27 ഡൗൺ, സത്യജിത് റേയുടെ അപരാജിതയും കണ്ടാസ്വദിച്ചത്. തന്റെ സിനിമ 27 ഡൗൺ, നിർമിക്കുകയും സംവിധാനം ചെയ്യുകയും അതിലഭിനയിക്കുകയും ചെയ്ത അവ്താർ കൗൾ ഈ പടം റിലീസ് ചെയ്തതിന്റെ തലേന്നാൾ ജൂഹൂ ബീച്ചിൽ മരിച്ചുകിടന്നതായ വാർത്ത പത്രത്തിൽ വായിക്കാനിടയായി. ഇതിന്റെ ദുരൂഹത ബോംബെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ബോംബെ മഹാനഗരത്തിൽ സിനിമാതിയേറ്ററുകൾ പാർപ്പിട സമുച്ചയങ്ങളും ഷോപ്പിംഗ് മാളുകളുമായി രൂപാന്തരം പ്രാപിക്കുമ്പോൾ വെള്ളിക്കഴമൈ വ്രതം പോലുള്ള ചില രസികൻ സിനിമകളുടെ ഓർമകളും ഉയർന്നുവരുന്നത് സന്തോഷകരമാണ്.

1980-കളിൽ ജീവിതം കെട്ടിത്തിരിഞ്ഞ കാലം. മഹാനഗരത്തിന്റെ തല്ലും തലോടലും ഏറ്റുവാങ്ങിയെങ്കിലും അത്രയൊന്നും സംഭവബഹുലമല്ലാത്ത നീണ്ട അഞ്ചുവർഷങ്ങൾ കടന്നുപോയി. കൊളാബ ഫിഷ് മാർക്കറ്റിന് സമീപം സ്ഥിതിചെയ്യുന്ന ‘ഫരിയാസ്’ ത്രീസ്റ്റാർ ഹോട്ടലിൽ അന്ന് കാബറെ അരങ്ങേറിയിരുന്നു. ഹോട്ടലിനു മുന്‍പിലുള്ള ബോർഡുകളിൽ അർദ്ധനഗ്നയായ ഡാൻസറുടെ പേരു വിവരങ്ങളും ഫോട്ടോഗ്രാഫുകളും കാണാമായിരുന്നു. ഹോട്ടലിനു നേരെ എതിർവശമുള്ള അഞ്ചുനിലക്കെട്ടിടത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന അഡ്വർടൈസിങ്ങ് ഏജൻസിയിൽ ജോലി സമ്പാദിച്ചു. ഓവർടൈമും വൈകീട്ട് ഓഫീസിൽവെച്ചുതന്നെയുള്ള ബീയറടിയും സമന്വയിപ്പിക്കുന്ന ശനിയാഴ്ചകൾ എല്ലാ മാസങ്ങളിലും ഉണ്ടാകാറുണ്ട്. ഡെഡ്‌ലൈൻ, ഫ്രീ മേക്ക് ഗുഡ്, ബ്ലോക്ക്, വൗച്ചർ കോപ്പി, സ്റ്റീരിയോ, മാറ്റ്, റദ്ദി, പോസിറ്റീവ്, നെഗറ്റീവ് തുടങ്ങിയ ആഡ് ഏജൻസിയിലെ മീഡിയ വിഭാഗം പതിവായി ഉപയോഗിക്കാറുള്ള സാങ്കേതിക പദങ്ങൾ നിരന്തരം ഉപയോഗിച്ചും കണ്ടും കേട്ടും വാലിൽ തീപിടിച്ചപോലെ പണിയെടുത്തിരുന്ന ആ കാലം കടന്നുപോയി പത്ത് നാല്‍പ്പത് വർഷങ്ങളായി! വല്ലാതെ ബോറടിക്കുമ്പോൾ തൊട്ടുമാറിയുള്ള സ്ട്രാന്റ് 70 എം.എം. തിയേറ്ററിൽ സിനിമയ്ക്ക് കയറാറുണ്ട്. ആ കെട്ടിടത്തിൽതന്നെ ചെറിയൊരു ബുക്ക്സ്റ്റാളുമുണ്ടായിരുന്നത്രെ - സ്ട്രാന്റ് ബുക്‌സ്റ്റാൾ. പി.എൻ. ഷാൻബാഗ് എന്ന കർണാടകക്കാരന്റെ മാടക്കട പോലുള്ള സ്ട്രാന്റ് ബുക്ഹൗസിൽ പുസ്തകം വാങ്ങാൻ പ്രസിദ്ധ കാർട്ടൂണിസ്റ്റ് മാറിയോ മിറാന്റ, ഇന്ത്യൻ - ഇംഗ്ലീഷ് കവി നിസിം എസ്‌ക്കിയേൽ ഉൾപ്പെടെ ധാരാളം സെലിബ്രിറ്റികൾ സന്ദർശിക്കാറുണ്ടായിരുന്നെന്ന് എന്റെ സഹപ്രവർത്തകൻ ഹേമന്ദ് പണ്ഡിറ്റ് പറയാറുണ്ട്. ഈ കവി കൊളാബ എസ്.ബി. റോഡിലെ ‘പാസ്റ്റ’ ബൈലൈനിൽ ഒന്നിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലത്തെ ഫിഷ് മാർക്കറ്റിൽ അദ്ദേഹത്തെ പലപ്പോഴും കാണാറുണ്ട്. അവിവാഹിതനായിരുന്ന അദ്ദേഹം ഒറ്റയ്ക്കാണ് ആ ഫ്ലാറ്റിൽ താമസിച്ചിരുന്നതത്രെ. സ്ട്രാന്റിൽ ഇംഗ്ലീഷ് പടങ്ങളാണ് അധികം പ്രദർശിപ്പിച്ചിരുന്നത്. ചുറ്റുവട്ടത്തുള്ള സമ്പന്നരായ താമസക്കാരിൽ പാഴ്‌സികളും ഇറാനികളും സിന്ധികളുമാണ് പ്രേക്ഷകരിൽ അധികവും. ടോറ! ടോറ! ടോറ!, മെക്ക്‌നാസ് ഗോൾഡ്, ഡോ. ഷിവാഗോ, ഗൺസ് ഓഫ് നവറോൺ മുതലായ തകർപ്പൻ സിനിമകൾ പ്രദർശിപ്പിച്ചിരുന്ന സ്ട്രാന്റിന് ഷട്ടറിട്ട് വർഷങ്ങള്‍ ഇപ്പോൾ പലതു കഴിഞ്ഞിരിക്കുന്നു. പുസ്തകങ്ങളുടെ പൈറസി പതിപ്പുകളും ഇ-ബുക്കും ബോംബെയിൽ സുലഭമായതോടെ പി.എം. റോഡിലേക്ക് പറിച്ചുനട്ട സ്ട്രാന്റ് ബുക്‌സ്റ്റാളിലെ വില്‍പ്പന മന്ദീഭവിച്ചു. അതിന് എന്നെന്നേക്കുമായി ഷട്ടറിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. ഇപ്പോൾ അവിടെ ഒരു ടെക്‌സ്റ്റൈൽ ഷോറൂം നിലകൊള്ളുന്നു. പോഷ് ലൊക്കാലിറ്റിയായ കൊളാബയുടെ മാറ്റ് ഒന്നുകൂടി ഉയർത്തിപ്പിടിക്കാൻ പഴയകാല ഐക്കോണിക് തിയേറ്റർ സ്ട്രാന്റ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ കൂറ്റനൊരു കെട്ടിടം ഉയർന്നുവന്നിട്ടുണ്ട്.

alaxandrea cinema
alaxandrea cinemaGoogle

അലക്‌സാൻഡ്രിയ സാക്ഷി!

ബോംബെ സെൻട്രൽ ഭാഗത്തുള്ള അലക്‌സാൻഡ്രിയ സിനിമയിൽ സംവിധായകന്റെ ഇംഗ്ലീഷ് സിനിമ കളിക്കുന്നുണ്ടെന്നറിഞ്ഞാണ് ഇറങ്ങിപ്പുറപ്പെട്ടത്. ബോബെയിൽ ആദ്യമായെത്തുന്ന സുഹൃത്തിന് വഴി പരിചയമില്ല. മഹാരാഷ്ട്ര സ്റ്റേറ്റ് ബസ് ഡിപ്പോ കഴിഞ്ഞ് മുന്നോട്ടുനടന്ന് കാമാഠിപുര ഭാഗത്തെത്തി പകച്ചുനിന്നെങ്കിലും അലക്‌സാൻഡ്രിയ സിനിമ കക്ഷിക്ക് കണ്ടെത്താനായില്ല. ഗതികെട്ട് എതിരെ വന്ന ഒരു വൃദ്ധനോട് ഈ തിയേറ്റർ എവിടെയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പച്ചമലയാളത്തിൽ പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു:

“മോനേ, ഈ ചെറിയപ്രായത്തിൽ അലക്‌സാൻഡ്രിയയിലേക്ക് തന്നെ പോകണോ?” സെൽഫോണും ഗൂഗിൾ മാപ്പുമൊന്നും രംഗത്ത് അന്ന് അവതരിച്ചിട്ടില്ലായെന്ന് ടിപ്പണി. ഞങ്ങളിരുവരും നടന്ന് ഈ സിനിമ തിയേറ്ററിനെതിർവശമുള്ള ‘റഹ്‌മാനിയ’ റെസ്റ്റോറന്റിൽ കയറി. ഹോട്ടലിനോട് ചേർന്ന ഭാഗത്തുള്ള തന്തൂരി അടുപ്പിനരികെ വിയർത്തുകുളിച്ച് കറുത്ത സാന്റോബനിയൻ ധരിച്ച ഒരാൾ കമ്പിയിൽ കോർത്ത കോഴികളെ ചുട്ടെടുക്കുന്നത് കണ്ടപ്പോൾ ‘അയ്യോ പാവം’ തോന്നി; പാവം കോഴികളോടും ആ മനുഷ്യനോടും. ഒരുകാലത്ത് ബോംബെയിൽ ഏറ്റവും പ്രശസ്തമായിരുന്ന, ജൂക്‌ബോക്‌സ് സംഗീതയന്ത്രം റഹ്‌മാനിയയിൽ ഉണ്ടായിരുന്നു. ഇന്നിപ്പോൾ അന്യംനിന്നുപോയ അതിന്റെ ഒരോർമ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. ഈ യന്ത്രത്തിന്റെ സ്‌ലോട്ടിൽ ഒരു രൂപ നാണയമിട്ട് ആവശ്യമുള്ള പാട്ടിന്റെ പേരെഴുതിയ കീ ബട്ടൺ അമർത്തിയാൽ നമുക്ക് കേൾക്കാൻ ആഗ്രഹമുള്ള ഹിന്ദി പാട്ടുകളുടെ വിനിൽ റെക്കോർഡിൽനിന്ന് ഇഷ്ടഗായകരുടെ ഗാനങ്ങൾ ആവശ്യാനുസരണം കേൾക്കാമായിരുന്നു. ഓരോ പാട്ടിനും ഒരു രൂപ നാണയം മെഷീനിൽ നിക്ഷേപിക്കണമെന്നു മാത്രം. കുറെനാൾ മുന്‍പുരെ ‘ബൈക്കുള ഇറാനി’ റെസ്റ്റോറന്റിലും താർദേവിലെ ‘ഖയാനീസ്’ റെസ്റ്റോറന്റിലും ജൂക് ബോക്‌സ് സംഗീതം ആസ്വദിക്കാമായിരുന്നു. വെയ്റ്റർ ‘പറ്റ്’ വിളിച്ചുപറയുന്നത് കാഷ്‌കൗണ്ടറിൽ ചില്ലറയെണ്ണുന്ന വൃദ്ധരായ ഇറാനി ഉടമകൾക്ക് നേരാംവണ്ണം കേൾക്കാനാകുന്നില്ല എന്ന പരാതിയാണ് ഖയാനീസ് റെസ്റ്റോറന്റിന്റെ പുതിയ ഉടമ അമീൻ ഇറാനി പറഞ്ഞത്. അതുകൊണ്ടാണത്രെ അവർ ജൂക്‌ ബോക്‌സ് പരിപാടിക്ക് ഫുൾസ്റ്റോപ്പിട്ടത്. അലക്‌സാൻഡ്രിയ സിനിമ ബ്രിട്ടീഷ് ഭരണകാലത്താണ് നിർമിക്കപ്പെട്ടത്. അവിടെ ദലാൾമാരും ലൈംഗിക തൊഴിലാളികളും ആവശ്യക്കാരും തമ്പടിച്ചത് ഞാൻ സുഹൃത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ബോംബെയിൽ കൊവിഡ്-19 വ്യാപനം ഏറിയതോടെയും ലൈംഗിക തൊഴിലാളികൾക്കിടയിൽ എച്ച്.ഐ.വി പോസിറ്റീവ് വർദ്ധമാനമായത് കണ്ടെത്തിയതോടെയും കാമാഠിപുരയിലെ ദന്ത (ബിസിനസ്സ്) ഉപേക്ഷിച്ച് ഭൂരിഭാഗം യുവതികളും സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയെന്ന് മുംബൈ ഡിക്‌ട്രിക്‌ട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ വക്താവ് വിനോദ് നിഗൂഢ്കർ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു. അലക്‌സാന്‍ഡ്രിയ സിനിമ തിയേറ്ററിൽ പ്രദർശനം നിർത്തിവെച്ച് നാളേറെയായെങ്കിലും അവിടെ മുസ്‌ലിം സമുദായത്തിന്റെ മേൽനോട്ടത്തിൽ ഒരു എൻ.ജി.ഒ പ്രവർത്തിക്കുന്നുണ്ട്.

മാധുരി ദീക്ഷിതും

എം.എഫ്. ഹുസൈനും

മറൈൻലൈൻസ് സ്റ്റേഷനു സമീപസ്ഥമായി പ്രസിദ്ധ ‘ബോംബെ ഹോസ്‌പിറ്റൽ’ തലയുയർത്തി നിൽക്കുന്നു. നൂതന ചികിത്സാസമ്പ്രദായങ്ങൾ അണുവിട തെറ്റാതെ പ്രാവർത്തികമാക്കുന്ന ഈ ഹോസ്‌പിറ്റലിൽ മലയാളികളായ നേഴ്‌സുമാർ ധാരാളമായി ജോലി ചെയ്യുന്നുണ്ട്. ഇതിന് സമീപസ്ഥമായി മഹാനഗരത്തിൽ നിലനിൽക്കുന്ന സിംഗ്ൾ സ്‌ക്രീൻ തിയേറ്ററുകളിൽ എടുത്തുപറയത്തക്ക പ്രാധാന്യമേറിയവയിൽ ഒന്നാണ് ലിബർട്ടി. 1947-ൽ ഇന്ത്യ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ ധനാഢ്യനും കോട്ടൺവ്യാപാരിയും സിനിമാപ്രേമിയുമായ ഹബീബ് ഹുസൈനി തന്റെ രാജ്യത്തിന്റെ ‘സ്വതന്ത്രതാദിവസ്’ എന്നുമെന്നും ജനഹൃദയങ്ങളിൽ സൂക്ഷിക്കാൻ ലിബർട്ടി സിനിമയ്ക്ക് തറക്കല്ലിട്ടു. 1950-ലാണ് പണി പൂർത്തിയായ ലിബർട്ടി സിനിമകൾ പ്രദർശിപ്പിക്കുന്നതിന് സജ്ജമായത്. അവരുടെ ആദ്യഷോ മെഹബൂബ് ഖാൻ നിർമിച്ച് രാജ്കപൂറും നർഗീസും ദിലീപ് കുമാറും പ്രധാന റോളുകളിൽ അഭിനയിച്ച ‘അന്താസ്’ ആയിരുന്നു. ലോകോത്തര ക്ലാസ്സ് സിനിമകളിൽ പെടുത്താവുന്ന മെഹബൂബ് ഖാന്റെ മറ്റൊരു ഉന്നത കലാസൃഷ്ടി ‘മദർ ഇന്ത്യ’ (നർഗീസ്, സുനിൽദത്ത്, രാജ്കുമാർ) 1955-ൽ ലിബർട്ടിയിൽ റിലീസ് ചെയ്തു. ഈ ചലച്ചിത്രം അവിടെത്തന്നെ ഒന്നരവർഷത്തോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതായി ചില രേഖകളിൽ പറയുന്നു. നർഗീസ് അമ്മയുടെ വേഷത്തിലും സുനിൽദത്ത് മകനായും അഭിനയിച്ച മദർ ഇന്ത്യ, ഇന്ത്യൻ സിനിമാലോകത്ത് ഒരു വമ്പൻ ഹിറ്റായി. ഓസ്‌കാർ അവാർഡിന് ആദ്യമായി ഇന്ത്യയിൽനിന്ന് നാമനിർദേശം ചെയ്യപ്പെട്ട ചിത്രമാണ് മദർ ഇന്ത്യ. കൂടാതെ ഈ സിനിമ ഷൂട്ട് ചെയ്യുന്ന കാലങ്ങളിൽ നർഗീസും സുനിൽ ദത്തും പ്രണയബദ്ധിതരാകുകയും വഴിയെ വിവാഹം കഴിക്കുകയും ചെയ്ത കർട്ടനു പിറകെയുള്ള ഒരു ലൗസ്റ്റോറിയും ഉൾപ്പെടുന്നു. സ്ത്രീകൾ വല്ലാതെ സെന്റിമെന്റ്‌സ് വിഷയം അടിച്ചുവിടുമ്പോൾ “തൂ മദർ ഇന്ത്യ വാലി ഭാഷൺ മത് ദേ” (നീ മദർ ഇന്ത്യയിലെ നായികയെപ്പോലെ ഓരോന്ന് കാച്ചിവിടല്ലേ മോളെ) എന്ന ഭർത്താവിന്റെ പ്രയോഗം ചില വീടുകളിൽനിന്നു കേൾക്കാം. തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് ബ്ലോക്ബസ്റ്റർ സിനിമകളാണ് ലിബർട്ടിയിൽ അധികവും പ്രദർശിപ്പിച്ചിരുന്നത്. 1979-ൽ റിലീസ് ചെയ്ത വി. ശാന്താറാമിന്റെ മറാഠി സിനിമ ‘ചാണി’യാണ് ലിബർട്ടിയിൽ ഞാനാദ്യമായി കണ്ടാസ്വദിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് കൊങ്കൺ തീരദേശ ഗ്രാമത്തിലുള്ള ഒരു യുവതിക്ക് വെള്ളപ്പട്ടാളക്കാരന് ജനിച്ച മകളാണ് ചാണി. ശാന്താറാമിന്റെ മകൾ രഞ്ജനയാണ് ചാണിയുടെ വേഷമിട്ടത്.

മാധുരി ദീക്ഷിത് ഹിന്ദിസിനിമകളിൽ അവിഭാജ്യഘടകമായിരുന്ന ഒരുകാലം അല്പം വിദൂരമാണെങ്കിലും അവരുടെ പല സിനിമകളും ഇന്നും ജനഹൃദയങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. അവയിൽ തേസാബ്, സാജൻ, ഖൽനായക്, ദിൽ തോ പാഗൽ ഹെ, ദേവദാസ് തുടങ്ങിയ സിനിമകളെക്കുറിച്ച് പറയുമ്പോൾ എനിക്കോർമവരുന്നത്, മാധുരിയുടെ ‘ഹം ആപ്‌കെ കോൻ’ എന്ന അടിപൊളി സിനിമയാണ്; അതേക്കുറിച്ചുവന്ന വിവിധതരത്തിൽ പുറത്തുവന്ന പത്രവാർത്തകളുമാണ്.

ചിത്രകാരൻ എം.എഫ്. ഹുസൈൻ സാഹേബ് നഗ്നപാദനായാണ് ആദ്യകാലങ്ങളിൽ സഞ്ചരിച്ചിരുന്നതെന്ന് നേരിട്ടറിയാം. ഫ്ലോറ ഫൗണ്ടന് സമീപസ്ഥമായ ‘പുണ്ഡലെ ആർട് ഗാലറി’യിലും എം.ജി. റോഡിലെ പ്രശസ്ത ജഹാംഗീർ ആർട്ട് ഗാലറിയുടെ അലങ്കാരമെന്നോണം അതിനുള്ളിൽത്തന്നെ സ്ഥിതിചെയ്തിരുന്ന ‘കഫേ സമോവറി’ലും സുന്ദരീമണികളോട് ഗപ്പയടിച്ച് (സൊറ പറഞ്ഞ്) സമയം കൊല്ലാറുള്ള അദ്ദേഹം സ്ത്രീ സൗന്ദര്യാരാധകനായത് സ്വാഭാവികം മാത്രം. ചിത്രകാരന്മാരും കവികളും എഴുത്തുകാരും ഈ ലിസ്റ്റിൽ ആദ്യമേ ഉൾപ്പെട്ടിട്ടുണ്ടല്ലോ. 1994-ൽ റിലീസ് ചെയ്ത ‘ഹം ആപ്കെ കോൻ’ (HAK എന്ന് ചുരുക്കപ്പേര്) ഉദ്ദേശം രണ്ടുവർഷത്തോളം ഇതേ തിയേറ്ററിൽ ഹുസൈൻസാബ് കണ്ടാസ്വദിച്ചിട്ടുണ്ടെന്ന വാർത്ത പത്രങ്ങൾ കൊണ്ടാടിയിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന നടിയും നർത്തകിയും കൂടിയായ മാധുരി ദീക്ഷിത് ഈ സിനിമയിൽ നൃത്തച്ചുവടുകൾ വെയ്ക്കുമ്പോൾ എം.എഫ്. ഹുസൈൻ സന്തോഷത്താൽ മതിമറന്ന് ഹരംകയറി തന്റെ ഇരിപ്പിടത്തിൽ കയറി സ്വയം നടനമാടുന്ന വാർത്തയാണ് അന്ന് മാധ്യമലോകം സ്‌പെഷലായി റിപ്പോർട്ടു ചെയ്തത്. കാണികളുടെ വിമർശനമേറിയപ്പോൾ ഹുസൈൻ സാഹേബിന് സ്‌പെഷൽ ബോക്‌സ് നിർമിച്ചുനൽകാൻ ലിബർട്ടി ഉടമ നാസർ ഹുസൈൻ തയ്യാറായി. എന്നാൽ, ചിത്രകാരൻ അത് നിഷേധിക്കുകയാണ് ഉണ്ടായത്.

തന്റെ കാമുകിക്കുവേണ്ടി അവൾ തമാശയായി ആവശ്യപ്പെട്ടപ്പോൾ സ്വന്തം മൂക്ക് മുറിച്ചു നൽകിയ ‘ഹൃദയവിശാലതയുള്ള’ ചിത്രകാരൻ വിൻസന്റ് വാൻഗോഗിനെപ്പറ്റി നാം വായിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ത്രീയുടെ പ്രതീകമായി മാധുരി ദീക്ഷിത്തിനെ ഹൃദയത്തിൽ അവരോധിച്ച എം.എഫ്. ഹുസൈനാകട്ടെ, സ്വന്തം കീശയിൽനിന്ന് പണം ചെലവിട്ട് അവർക്കുവേണ്ടി ഒരു സിനിമതന്നെ (ഗജ ഗാമിനി) നിർമിച്ചു. ബെർളിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമ എന്നാൽ തിയേറ്ററുകളിൽ വൻ പരാജയമായിരുന്നു. ‘മേ മാധുരി ദീക്ഷിത് ബൻനാ ചാഹ്തീ ഹൂം’ എന്ന ഹിന്ദി സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ മാധുരിയുടെ സ്ഥാനം എത്ര ഉയർന്നതെന്ന് സ്ഥിതീകരിക്കുന്നതാണ്. രാംഗോപാൽ വർമയുടെ ഈ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല എന്നതും സത്യമാണ്.

എം.എഫ്. ഹുസൈൻ മോഡേൺ ആർട്ടിൽ വരച്ച ഒരു ഇന്ത്യൻ ദേവതയുടെ വർണ ഛായാചിത്രം പ്രമുഖ ബംഗാളി വാരിക ‘ദേശ്’ മുഖച്ചിത്രമായി പ്രസിദ്ധീകരിച്ചത് വലിയ കോലാഹലമായാണ് ബോംബെയിൽ സൃഷ്ടിച്ചത്. തങ്ങളുടെ ദേവതയെ ആഭാസമായി ചിത്രീകരിച്ചുവെന്ന അപവാദമുയർത്തി പ്രകോപിതരായ ശിവസൈനികർ ദേശ് വാരിക കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് ‘അഗ്നിശുദ്ധി’ വരുത്തിയത് ഇവിടെ പറയാതെവയ്യ. തന്റെ ജീവൻ അപകടത്തിലാകാനുള്ള സാധ്യത കണ്ടറിഞ്ഞ എം.എഫ്. ഹുസൈൻ എന്ന ഇന്ത്യയുടെ പ്രശസ്ത ചിത്രകാരൻ സ്വന്തം നാടുവിട്ട് ഖത്തറിൽ അഭയം പ്രാപിക്കേണ്ടിവന്നത് ലജ്ജാകരമായി തോന്നുന്നു. 87 വയസ്സോളം പ്രായമുണ്ടായിരുന്ന ഹുസൈൻ വാർദ്ധക്യസഹജമായ രോഗങ്ങളാൽ അവിടെവെച്ച് മരണമടഞ്ഞ വാർത്തയും പത്രങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിനിടെ മാധുരി വിവാഹിതയായി കുടുംബസമേതം അങ്ങ് യു.എസ്സിലാണത്രെ. മഹാരാഷ്ട്രിയൻ ബ്രാഹ്മണരുടെ തട്ടകമായ വിലേപാർലെ ഈസ്റ്റിൽ സ്ഥിതിചെയ്തിരുന്ന അവരുടെ പഴയകാല വാസഗൃഹത്തിന്റെ സ്ഥാനത്ത് ഇപ്പോൾ പടുകൂറ്റൻ പാർപ്പിട സമുച്ചയം ഉയർന്നുവെന്നാണ് നൂതന വൃത്താന്തം.

1200 കാണികൾക്ക് സുഖമായി സിനിമ കാണാൻ സൗകര്യമുള്ള ലിബർട്ടി സിനിമ പഴയകാല വാസ്തുശില്പകലയുടെ മകുടോദാഹരണമായി ഇപ്പോഴും നിലനിൽക്കുന്നുവെന്നത് കൗതുകകരമായും അതിലേറെ അത്ഭുതാവഹമായും തോന്നുന്നു. മാത്രമല്ല, അമ്പതോളം ഇരിപ്പിടങ്ങളുള്ള മിനി ലിബർട്ടി തിയേറ്റർ ഈ കെട്ടിടത്തിന്റെ മുകളിൽ ഇപ്പോഴും പ്രവർത്തനനിരതമാണ്. ഇവിടെ സിനിമകളുടേയും ആഡ് ഫിലിമുകളുടേയും പ്രിവ്യു പ്രദർശിപ്പിക്കുന്നു. ധനാർത്തി മൂത്ത ബിൽഡർ ലോബിയും സ്ഥാപിത താല്പര്യക്കാരും എന്നാണ് ലിബർട്ടിയെ ഉന്നംവെക്കുക എന്നറിഞ്ഞുകൂട...

അൺടോൾഡ് കവർ സ്റ്റോറീസ്

ഈയിടെ വീണ്ടുമൊരു ഹ്രസ്വസന്ദർശനത്തിന് ബോംബെയിലെത്തിയ ഞാൻ ഗ്രാന്റ് റോഡ് ഭാഗങ്ങളിൽ ചുറ്റിക്കറങ്ങി; ‘ഓർമ പുതുക്കാനും അറിവുകൂട്ടാനുമായി’ എന്ന പരസ്യവാചകം പോലെ. മിനർവ-’ദി പ്രൈഡ് ഓഫ് മഹാരാഷ്ട്ര’ തിയേറ്ററിന്റെ സ്ഥാനത്ത് പ്രശസ്ത കെട്ടിട നിർമാണ കമ്പനിയായ ലോക്കണ്ഡ് വാല കൺസ്ട്രക്ഷൻ കമ്പനിയുടെ ഭീമാകാരൻ കെട്ടിടമാണ് നമ്മെ സുസ്വാഗതം ചെയ്യുന്നത്. തിയേറ്റർ പരിസരത്തുണ്ടായിരുന്ന പേരിക്കച്ചവടക്കാരുടെ ‘പൂഹോയ്’ വിളികളില്ല. മിനർവയെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന ബ്ലാക്ക് ടിക്കറ്റ് വില്‍പ്പനക്കാരും എങ്ങോ പോയ്‌മറഞ്ഞു. അവിടെ തമ്പടിക്കാറുള്ള ടാക്‌സികളുടെ നീണ്ട നിരയ്ക്കു പകരം ആഡംഭരക്കാറുകളാണ് പാർക്ക് ചെയ്തിട്ടുള്ളത്. റോഡിലെ തിക്കും തിരക്കും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. നീണ്ട അഞ്ചുവർഷക്കാലത്തിലധികം മിനർവയുടെ നിറഞ്ഞ ഹാളിൽ ദിവസവും നാലു ഷോ വീതം പ്രദർശിപ്പിച്ച ഷോലെയുടെ ആരാധകരായ ഞാനും നിങ്ങളുമുൾപ്പെട്ട അനേകരെ ഞെട്ടിച്ച ഒരു കഡുവാ സച്ച് (കയ്‌പേറിയ സത്യം) കുറെനാൾ മുന്‍പ് യൂട്യൂബിൽ ഞാൻ കാണാനിടയായി. ഒരുപക്ഷേ, നിങ്ങളും അത് കണ്ടിരിക്കാം. സലിം - ജാവേദ് ജോടി കഥയും തിരക്കഥയുമെഴുതി, രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെയുടെ നട്ടെല്ലായ കഥയും തിരക്കഥയുമുൾപ്പെടെ ഭൂരിഭാഗം രംഗങ്ങളും ഇന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയതല്ലാതെ അതിന് ഒരു പുതുമയും തിരക്കഥാകൃത്തുക്കൾക്കോ സംവിധായകനോ നിർമാതാക്കൾക്കോ അവകാശപ്പെടാനില്ല. 1960-ൽ ജോൺ സ്റ്റുജെസ്സ് സംവിധാനം ചെയ്ത ‘മാഗ്നിഫിഷന്റ് സെവൻ’ കണ്ടവർ ബോളിവുഡിൽ ചരിത്രം സൃഷ്ടിച്ച്, ഇന്ത്യൻ പ്രേക്ഷകനെ പ്രകമ്പനം കൊള്ളിച്ച ഷോലെ എന്ന നമ്മുടെ മഹത്തായ സിനിമ ഒന്നുമല്ല എന്നാണ് വിലയിരുത്തുക. എന്നാൽ, ഈ സിനിമയും 1954-ൽ ജാപ്പനീസ് സംവിധായകൻ ആകിറ കുറസോവയുടെ ‘സെവൻ സമുറോയ്’ എന്ന സിനിമയെ ആധാരമാക്കി ചിത്രീകരിച്ചതാണ്. അപ്പോൾ വ്യാജന്മാരാണ് ഈ രംഗം ഭരിക്കുന്നതെന്ന് ചുരുക്കിപ്പറയാം.

അനുകരണം അപലപനീയമല്ല, അത് അനുമോദനത്തിന്റെ വകഭേദമാണെന്ന് പ്രൊ. ജോസഫ് മുണ്ടശ്ശേരിയോ എൻ.വി. കൃഷ്‌ണവാരിയരോ എഴുതിയത് ഓർമവരുന്നു. അപ്പോൾ സാഹിത്യത്തിലായാലും ചലച്ചിത്രത്തിലായാലും അനുകരണവും അല്പം മോഷണവും കൊലക്കുറ്റം പോലെ അത്ര കൊടിയ അപരാധമല്ല എന്ന് തൽക്കാലം സമാധാനിക്കാൻ നാം നിർബന്ധിതരാകുന്നു. സൗണ്ട് ഓഫ് മ്യൂസിക്കി(ജൂലിയ ആൻഡ്രൂസിനെ ഓർക്കുക)ൽനിന്ന് പ്രചോദനംകൊണ്ട് നിർമിച്ച ഗുൽസാറിന്റെ ‘പരിചയ്’, ‘സ്‌കൂൾ ഓഫ് സ്‌കൗണ്ട്രൽസിൽസ്’ എന്ന ചിത്രത്തെ അനുകരിച്ച ബാസുചാറ്റർജിയുടെ ഛോട്ടീ സീ ബാത്തും അങ്ങനെ പലതും വ്യാജലിസ്റ്റിൽ പെടുത്തേണ്ടതാണോയെന്ന് സിനിമാശാസ്ത്രഗവേഷകരാണ് മറുപടി പറയേണ്ടത്. “വെറുമൊരു മോഷ്ടാവായോരെന്നെ നിങ്ങൾ കള്ളനെന്നു വിളിച്ചില്ലേ” എന്ന അയ്യപ്പപ്പണിക്കരുടെ പ്രസിദ്ധ വരികൾ ചെറിയൊരു പാഠഭേദത്തോടെ ഇവിടെ കുറിക്കുന്നു.

ഫിൽമീ ദുനിയാ!

ബോംബെ മഹാനഗരമാണ് അവിടെയുള്ള തിയേറ്ററുകളുടേയും ഫിലിം സ്റ്റുഡിയോകളുടേയും മൊത്തത്തിൽ ബോളിവുഡിന്റെ ജീവനാഡി. പ്രതിവർഷം 2200-ൽ അധികം സിനിമകൾ ഇവിടെ നിർമിക്കപ്പെടുന്നു. ഇവയിൽ 60-70 ശതമാനത്തോളം ഹിന്ദി സിനിമകളാണെങ്കിൽ ബാക്കിയുള്ളവ മറാഠിയും ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള സിനിമകളുടെ റീമേക്കുകളുമാണ്. ബോംബെയിലെ എല്ലാ സ്റ്റുഡിയോകളിലും ഡബ്ബിങ്ങും റെക്കോർഡിങ്ങും സിനിമയുടെ മറ്റ് സാങ്കേതിക വശങ്ങളും കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. സിനിമകളേയും സിനിമ തിയേറ്ററുകളേയും ചുറ്റിപ്പറ്റി ആയിരങ്ങളാണ് മഹാനഗരത്തിൽ ജീവിതം കണ്ടെത്തുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, ഓർക്കെസ്ട്ര കൈകാര്യം ചെയ്യുന്ന മ്യൂസിക് കണ്ടക്‌ടേഴ്‌സ്, സംഗീത സംവിധായകർ, ജൂനിയർ ആർട്ടിസ്റ്റുകൾ, മേക്കപ്പ്മാനും സഹായികളും, ഛോട്ടുബായ് ഡ്രസ്‌വാലയെപ്പോലെ സിനിമാതാരങ്ങളുടെ മാത്രം വസ്ത്രങ്ങൾ തുന്നുന്ന അദ്ദേഹത്തിന്റെ നൂറുകണക്കിന് സഹായ തയ്യൽത്തൊഴിലാളികൾ, ഫാഷൻ ഡിസൈനർമാർ, എന്റെ സുഹൃത്തുക്കൾ മൈക്കിൾ ഡിസൂസയെപ്പോലെയും കിരൺ രണദിവെയെപ്പോലെയും സിനി സ്റ്റിൽഫോട്ടോഗ്രാഫർമാർ... ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനികളും അവയിലെ ജോലിക്കാരും, സിനിമ പരസ്യങ്ങൾ മാത്രം റിലീസ് ചെയ്യുന്ന ഗ്രാന്റ് റോഡിലെ പാരസ് പബ്ലിസിറ്റിയും ദാദറിലെ ബി.വൈ. പാദ്ധ്യേ പബ്ലിസിറ്റിയും എ.ആർ. പെരുമാളെപ്പോലെയും ലളിത് സാഠം പോലുള്ള പോസ്റ്റർ ഡിസൈനർമാരും അങ്ങനെ ആയിരങ്ങൾ സിനിമാനിർമാണത്തോട് പ്രത്യക്ഷമായോ പരോക്ഷമായോ ചേർന്ന് ജീവിക്കുന്നവരാണ്.

ഷാരൂഖ് ഖാൻ ബോളിവുഡിൽ ഏറ്റവുമധികം പണം പ്രതിഫലമായി നേടുന്നവരിൽ നമ്പർ വൺ സ്ഥാനത്താണെങ്കിൽ നേഹ കുൽക്കർണിയെപ്പോലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് സഹായിക്ക് രണ്ടുനേരം ഭക്ഷണത്തിനുള്ള ‘വക’ മാത്രമാണ് കയ്യിലെത്തുന്നത് എന്ന വേർതിരിവുമുണ്ട്. അന്നംമുട്ടാതിരിക്കാൻ അവർ വീരാറിലെ ബോളിഞ്ച്ഗാവിൽ തന്റെ ഒറ്റമുറിയിൽ ഒരു പാലൻഘർ (ചൈൽഡ് ഡേ കെയർ) തട്ടിക്കൂട്ടിയിരിക്കുന്നു. പേരും പ്രശസ്തിയുമുള്ള നടീനടന്മാർ ഷാംപെയ്‌നും വൈനും ബീയറും വിസ്‌കിയും അടിച്ച്, മുന്തിയ ഹോട്ടലുകളിൽ ഫൈവ് കോഴ്‌സ് ഡിന്നർ വീശിയും സുഖവും സുന്ദരവുമായ ജീവിതം ആസ്വദിക്കുന്നവരാണ്. ബോളിവുഡിലെ നമ്പർ വൺ ദേശസ്‌നേഹിയായി വേഷമിടുന്ന അക്ഷയ്‌കുമാർ കാനഡ പൗരത്വം സ്വീകരിച്ച വ്യക്തിയാണെങ്കിലും സിനിമയിൽ അഭിനയിക്കാൻ മാത്രം ബോംബെയിലെത്തി അഭിനയിച്ച് പണം വാങ്ങി തിരിച്ച് പറക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജൂനിയർ ആർട്ടിസ്റ്റുകളും സമാനരീതിയിൽ സിനിമാലോകത്തോട് ചേർന്നുനിൽക്കുന്ന സിനിലേബർ വർക്കേഴ്‌സ് അംബർനാഥിൽനിന്നോ വീരാറിൽനിന്നോ സബർബൻ ട്രെയിനിലെ തിക്കും തിരക്കും ഇടിയും സഹിച്ചാണ് സ്റ്റുഡിയോ ഫ്ലോറിലെത്തുക. മൊട്ടത്തലയൻ വില്ലൻ കഥാപാത്രം ‘ഷെട്ടി’ എന്ന ചുരുക്കപ്പേരുള്ള സ്റ്റണ്ട് മാസ്റ്ററും അദ്ദേഹത്തിനൊപ്പം നായകന്റെ മുട്ടനിടികൾ വാങ്ങിക്കൂട്ടുന്ന സ്റ്റണ്ട് സഹായികളും... അങ്ങനെ ആയിരക്കണക്കിന് വ്യക്തികളുടെ കൂട്ടായപ്രവർത്തനമാണ് സിനിമയെ തിയേറ്ററിലെത്തിക്കുന്നത് എന്നോർക്കുക.

ബോംബെ മഹാനഗരത്തിന്റെ പ്രൈം ലൊക്കേഷനുകളിലുള്ള സിനിമാതിയേറ്ററുകൾ ഇപ്പോൾ ഇടിച്ചുനിരത്തി അവിടെ ഷോപ്പിംഗ് മാളുകളും കോർപറേറ്റ് കമ്പനികളുടെ മനോഹരങ്ങളായ കെട്ടിടങ്ങളും പണിതുയർത്തിയിട്ടുണ്ട്. വി.റ്റി മുതൽ കർജത്ത് വരെയും ചർച്ച് ഗേയ്റ്റ് മുതൽ വീരാർ അല്ലെങ്കിൽ അതിനപ്പുറമുള്ള പാൽഘർ പ്രദേശം വരെ നീണ്ടുപരന്ന് കിടക്കുന്ന മഹാനഗരവും അതിന്റെ പര്യമ്പുറങ്ങളിലുമായി ലക്ഷക്കണക്കിനുപേർ തിങ്ങിത്താമസിക്കുന്നു. ബോംബെയിലെ ജനസാന്ദ്രത ദിനമെന്നോണം ഏറിവരുന്നതായുള്ള റിപ്പോർട്ടുകൾ ധാരാളമായി പുറത്തുവരുന്നുണ്ട്. ഈ അവസരം മുതലെടുത്ത് ബിൽഡർലോബിയും സിനിമാതിയേറ്റർ മുതലാളിമാരും ഒത്തുചേർന്ന് കൂടുതൽ ലാഭകരമായ പാർപ്പിടസമുച്ചയങ്ങൾ കെട്ടിപ്പടുക്കുകയാണ്. നാടൻ മറാഠി പ്രയോഗം പോലെ അവരുടെ വരുമാനം ‘ഡബിൾ ഡബിൾ’ അല്ല അതുക്കും മേലെ പറന്ന് ആകാശത്തുനിന്നും മന്നാ വർഷിക്കുംപോലെ പണം സ്വന്തം പണപ്പെട്ടിയിലേക്ക് തന്നെ വീഴുമെന്നവർ വിശ്വസിക്കുന്നുണ്ടാകാം. അധികം ലാഭകരമല്ലാത്ത സിനിമാശാലകൾ ഇടിച്ച് നിരത്തുകയെന്ന കൃത്യം ഭരണകൂടവും സ്വാഗതം ചെയ്തിരിക്കുന്നു.

പഴയകാല ഇഷ്ടസിനിമകളും മ്യൂസിക് ആൽബങ്ങളും യൂട്യൂബിൽ ലഭ്യമെന്നത് തിയേറ്ററുകളുടെ നിലനിൽപ്പിനെ മറ്റൊരു തരത്തിൽ ബാധിച്ചിട്ടുണ്ട്. ചെമ്പൂർ നാക്കയിൽ സ്ഥിതി ചെയ്തിരുന്ന വിജയ് സിനിമയിൽ പഴയ മറാഠി, ഹിന്ദി സിനിമകളാണ് പ്രധാനമായും പ്രദർശിപ്പിച്ചിരുന്നത്. ഇപ്പോഴാകട്ടെ, അതേസ്ഥലത്ത് വിജയ് മൾട്ടി സ്‌പെഷാലിസ്റ്റി രുഗ്ണാലയ് (ആശുപത്രി) ആണ് നിലകൊള്ളുന്നത്. ബോംബെ മഹാനഗരത്തിൽ ആകെയുള്ള 140 സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളിൽ ലഭ്യമായ കണക്കുകളനുസരിച്ച് നൂറോളം സിനിമാശാലകൾ ഇപ്പോൾ ഇടിച്ചുനിരത്തപ്പെട്ടിരിക്കുന്നു. ഈ ലിസ്റ്റിൽ ഗ്രാന്റ് റോഡിലെ പ്രശസ്ത നോവൽറ്റി സിനിമ, ജുഹൂവിലെ ഐക്കോണിക് തിയേറ്റർ എന്ന് വിശേഷിപ്പിക്കപ്പെട്ട ചന്ദൻ സിനിമ, ഫോർട്ടിലെ ന്യൂ എംപയർ, വർളി പാസ്‌പോർട്ട് ഓഫീസിനു സമീപമുള്ള സത്യം ശിവം സച്ചിനം എന്നീ പ്രമുഖ തിയേറ്ററുകളും ഉൾപ്പെടുന്നു. ‘മൾട്ടിപ്ലക്‌സ് വേവ്’ എന്നാണ് ഈ തച്ചുടക്കലിനെ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. ഈ തരംഗം സർവവ്യാപിയായപ്പോൾ സിംഗിൾ സ്‌ക്രീൻ സിനിമാതിയേറ്ററുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. ബോംബെയിൽ റിയൽ എസ്റ്റേറ്റ് വില പിടിച്ചാൽ കിട്ടാത്തവണ്ണം കുതിച്ചുയരുമ്പോൾ സിനിമ തിയേറ്റർ മുതലാളിമാർക്ക് അതിനെ അങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കൂടുതൽ പണം വീഴുന്ന ഹൗസിംഗ് കോംപ്ലക്‌സ് നിർമാണത്തിലേക്ക് അവർ ആകൃഷ്ടരാകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com