പുതുതലമുറയുടെ ദുഃഖരാഗം
മയക്കുമരുന്നിന് അടിമപ്പെട്ട കൗമാരക്കാർ ചെയ്യുന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും ആഭാസങ്ങളായ രതിവൈകൃതങ്ങളുടേയും വാർത്തകൾ വീടുകളിലും സ്‌കൂളുകളിലും തെരുവുകളിലും നിന്ന് അനുദിനം വന്നുകൊണ്ടിരിക്കുമ്പോൾ ഉന്നതമായ സാംസ്‌കാരിക പൈതൃകവും നവോത്ഥാന പാരമ്പര്യവുമുള്ള ഈ മണ്ണിന് മൗനസാക്ഷ്യം വഹിക്കാനാവില്ല.
ഇത് വഴിതെറ്റിപ്പോയ ഒറ്റപ്പെട്ട ചില ചെറുപ്പക്കാരുടേയോ വിദ്യാഭ്യാസം ഇല്ലാത്തവരുടേയോ ദരിദ്രവിഭാഗങ്ങളിൽ പെട്ടവരുടേയോ പ്രശ്‌നമല്ലെന്നും മറിച്ച് അതിസമ്പന്നരുടെയും ഉന്നത വിദ്യാഭ്യാസം നേടിയവരുടേയും വൻ പ്രൊഫഷണലുകളുടേയും ഇടയിലേക്കുകൂടി ഇതിനകം വ്യാപിച്ചുകഴിഞ്ഞ മഹാദുരന്തമാണെന്ന് പല ഉദ്യോഗസ്ഥരുടേയും അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മഹാമയക്കത്തിൽ ചുവടുറക്കാത്തതും കൈകൾ വിറക്കുന്നതും കണ്ണുകൾ ശൂന്യമാകുന്നതും ആത്മാവ് നഷ്ടപ്പെടുന്നതും ഒരു സമൂഹത്തിനുതന്നെയാണ്.
കേരളത്തിലെ ഒരു സ്‌കൂളിൽ പ്രസംഗിക്കാൻ പോയതിനെത്തുടർന്നുണ്ടായ അനുഭവങ്ങൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിവരിക്കുന്നത് ഇങ്ങനെ: സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ഒരു കാര്യത്തിന് നിർബന്ധം പറയുന്നു. യൂണിഫോമിൽ തന്നെ പോകണം. എന്താണ് യൂണിഫോമിൽ പോകേണ്ട കാര്യം എന്ന് ചോദിച്ചപ്പോൾ അവർ നേരിട്ട് മറുപടി പറഞ്ഞില്ല. എന്നാൽ, പൊലീസിൽ കൂടെ പരിഹരിക്കേണ്ട ചില വിഷയങ്ങൾ സ്‌കൂളിൽ ഉണ്ട് എന്ന് അവർ പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് തുറന്നു സംസാരിക്കാൻ അവർ ഭയപ്പെടുന്നതുപോലെ.
“ഞാൻ ചില രക്ഷിതാക്കളെ സാറിന്റെ ഓഫീസിലേക്ക് പറഞ്ഞുവിടാം എന്നായിരുന്നു അവരുടെ മറുപടി.”
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹെഡ്‌മിസ്ട്രസ്സ് പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞ് രക്ഷിതാക്കളായ ദമ്പതികൾ ഓഫീസിലേക്കു വന്നു. അവർ രണ്ടുപേരും നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർമാരാണ്. അവരുടെ ഏക മകളാണ് ആ സ്‌കൂളിൽ പഠിക്കുന്നത്. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി പാസായ കുട്ടിയാണ്. പാഠ്യേതര വിഷയങ്ങളിൽ വലിയ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. എന്താണ് അവളുടെ പ്രശ്‌നം എന്ന് നേരിട്ടു പറയാൻ രക്ഷിതാക്കളും ഭയക്കുന്നപോലെ. സാർ അവളോട് ഒന്ന് സംസാരിച്ചു നോക്കൂ. അപ്പോൾ കാര്യങ്ങൾ മനസ്സിലാകും. സംസാരിക്കണമെങ്കിൽ അവളുടെ എന്തെങ്കിലും പശ്ചാത്തലം അറിയണ്ടേ. നിർബന്ധിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങി.
“അവൾ എപ്പോഴും കോപത്തിലാണ്,” അമ്മയുടെ സ്വരം വിറച്ചുപോയി. “ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു, നിയന്ത്രണമില്ലാത്ത ദേഷ്യത്തിൽ വീട്ടുപകരണങ്ങൾ അടിച്ചുപൊളിക്കും. അച്ഛന്റെ പോക്കറ്റിൽനിന്ന് പണം കവർന്നെടുക്കുന്നു. അവളെക്കുറിച്ച് പറയാൻ പോലും ഭയമാകുന്നു... അവൾ എന്റെ ആഭരണങ്ങൾ വരെ വിറ്റിരിക്കുന്നു!”
ഒരുകാലത്ത് ജീവൻ രക്ഷിക്കുന്ന അതീവ വൈദഗ്ധ്യം ആവശ്യമുള്ള ശസ്ത്രക്രിയകൾ വരെ ചെയ്യുന്ന ഒരു ഡോക്ടർ ആയിരുന്ന പിതാവ്, ഇന്നീ പ്രശ്‌നത്തിനു മുൻപിൽ തികച്ചും വഴിമുട്ടിയ നിലയിലായിരുന്നു. അവൾ അവരറിയാത്ത ഒരാളായി മാറിയിരുന്നു.
ഇതിൽ പൊലീസിനേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നുള്ള തോന്നലിൽ നിന്നാണ് ഞങ്ങൾ ഇങ്ങോട്ടു വന്നത്. എന്തു പറഞ്ഞാണ് അവൾ ദേഷ്യപ്പെടുന്നത്? നഗരത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണശാല ഉണ്ട്. വൈകുന്നേരങ്ങളിൽ അവിടെ പോയി ഭക്ഷണം കഴിക്കണം. അതിനെ എതിർത്താൽ ഭീകരമായ കൊലവിളി നടത്തുന്നു.
“ഒരു മകൾ അല്ലെ ഉള്ളൂ. അവൾ ഹോട്ടലിൽ ചെന്ന് ഭക്ഷണം കഴിക്കട്ടെ. അതിനെന്താ ഇത്ര കുഴപ്പം. മകളുടെ പേരിൽ കളവ് കേസ് എടുക്കാൻ കഴിയുമോ?”
“ഇല്ല സാർ. ഹോട്ടലിൽ പോകുന്നതല്ല പ്രശ്‌നം. ഭക്ഷണം കഴിച്ചു വന്നാൽ വാതിലുകൾ അടച്ച് അകത്തു കഴിയും. വീട്ടുകാരുമായി യാതൊരു ബന്ധവുമില്ല. വാതിൽ തുറന്നുകഴിഞ്ഞാൽ കടുത്ത ദേഷ്യം പ്രകടിപ്പിക്കുന്നു. ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ് കുടുംബമൊന്നാകെ.”
അവൾ പുറത്തുപോകുമ്പോൾ ഞങ്ങളെ അറിയിക്കൂ എന്ന് ഞാൻ നിർദേശിച്ചു. അടുത്ത ദിവസം വൈകുന്നേരം അവർ വിളിച്ചു. “അവൾ പുറത്തേക്ക് പോകുകയാണ്.”
സിവിൽ വേഷത്തിൽ ബൈക്കിൽ അവളെ പിന്തുടരാൻ പൊലീസുകാരോട് പറഞ്ഞു. അവളറിയാതെ നിശ്ചിത അകലത്തിൽനിന്ന് അവളെ പിന്തുടർന്ന പൊലീസുകാർ കണ്ടത് ഓട്ടോറിക്ഷയിൽ കയറി അവൾ ഒരു ഹോട്ടലിലേക്ക് പോകുന്നതാണ്. പൊലീസുകാരും ഹോട്ടലിലെത്തി. അവിടെ നല്ല തിരക്കാണ്. എല്ലാവരും കഴിക്കുന്നത് ഒരു പ്രത്യേക ഇനം ഭക്ഷണമാണ്. ഒരു ബുൾസൈയും അതിന്റെമേലെ കുറച്ച് കുമിൾ കറിയും. പെൺകുട്ടിയും അതുതന്നെ ഓർഡർ ചെയ്തു. വലിയ വിലയുണ്ട് അതിന്. പൊലീസുകാരുടെ വിളിവന്നു.
“'സാർ എന്ത് ചെയ്യണം.”
മറിച്ചൊന്നും ആലോചിച്ചില്ല.
“നിങ്ങളും ബുൾസൈയും കുമിള് കറിയും കഴിക്കൂ” എന്നു പറഞ്ഞു. പൊലീസുകാരും ഓർഡർ ചെയ്തു. കഴിച്ചു കുറച്ച് കഴിഞ്ഞപ്പോൾ അവർക്കു ചുറ്റുമുള്ള ലോകം അലിഞ്ഞുപോകുന്നതുപോലെ തോന്നി. അവരുടെ ശരീരം ഭാരമേറിയതുപോലെ, ചിന്തകൾ ഒരു ഭ്രമലോകത്തേക്ക് മങ്ങിയെത്തി. സമ്പൂർണ ലഹരി.
“സാർ ഒരു വാഹനം അയച്ച് ഞങ്ങളെ വീട്ടിൽ കൊണ്ടാക്കണം.”
കാര്യം മനസ്സിലാക്കി കഴിഞ്ഞപ്പോൾ കുട്ടിയേയും കൂട്ടി വരാമോ എന്ന് രക്ഷിതാക്കളോട് ചോദിച്ചു. അവൾ ഒരുതരത്തിലും സഹകരിക്കില്ല എന്ന മറുപടി.
അടുത്തദിവസം അവളെ വീട്ടിൽ ചെന്ന് കാണാൻ തന്നെ തീരുമാനിച്ചു. അവളുടെ ദൃഷ്ടി അകലെയായിരുന്നു. ദുഃഖകരമായ ഒരനുഭവമായിരുന്നു അവളുടെ കാഴ്ച. ആദ്യം അതിരൂക്ഷമായാണ് അവൾ പ്രതികരിച്ചതെങ്കിലും ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന്, സഹോദരന്റെ സ്ഥാനത്തുനിന്ന് വളരെ സ്‌നേഹത്തിൽ സമയമെടുത്ത് സംസാരിച്ചപ്പോൾ വളരെ സാവകാശം അവൾ സംസാരിക്കാൻ തുടങ്ങി.
തലേദിവസത്തെ സംഭവങ്ങൾ അവളെ പറഞ്ഞുകേൾപ്പിച്ചു. അത് മാജിക് മഷ്‌റൂം എന്നു പറയുന്ന മയക്കുമരുന്ന് കറിയാണ്.
“അതൊക്കെ ഈ അടുത്തകാലത്ത് കഴിക്കാൻ തുടങ്ങിയതാണ്. ഞാൻ എല്ലാ മയക്കുമരുന്നുകളും കഴിച്ചിട്ടുണ്ട്.” അവൾ തുറന്നുപറയുകയാണ്. “എവിടെനിന്നു സാധനങ്ങൾ കിട്ടുന്നു?”
“എല്ലാം സ്‌കൂളിൽതന്നെ കിട്ടും സാർ.” പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളാണ്. ഉന്നത നിലവാരത്തിൽ എസ്.എസ്.എല്‍.സി പാസാകുന്നവർക്ക് മാത്രമേ അവിടെ അഡ്‌മിഷൻ ലഭിക്കൂ. അതിസമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്‌കൂളാണ്. അതിനകത്ത് വിദ്യാർത്ഥിനികൾ മയക്കുമരുന്ന് കച്ചവടം നടത്താനോ? എങ്ങനെ സാധിക്കും? വിശ്വസിക്കാൻ പ്രയാസം.
എന്നാൽ, അവൾ പറഞ്ഞ വിശദവിവരങ്ങൾ ഒരു ഞെട്ടലോടെ കേട്ടിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
“സീനിയർ വിദ്യാർത്ഥിനികളുടെ ഒരു ഗ്രൂപ്പ് എത്തും. ഞങ്ങൾ അവരെ ഫൂലൻദേവി ഗ്രൂപ്പ് എന്നാണ് വിളിക്കാറ്. ഓരോ പെൺകുട്ടിയുടേയും ചുറ്റും വളഞ്ഞിരുന്ന് സുന്ദരി ആകുന്നതിനുള്ള അവയവ വളർച്ചയ്ക്ക് ആവശ്യമുള്ള ഹോർമോണുകൾ അടങ്ങിയ ഗുളിക ആണെന്നു പറഞ്ഞ് ചില ഗുളികകൾ കഴിക്കാൻ നൽകുന്നു. ആദ്യമൊക്കെ ഫ്രീയാണ്. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കഴിക്കാതിരിക്കാൻ പറ്റാത്ത മാനസികാവസ്ഥയിൽ എത്തുമ്പോഴേക്കും ഇതിനു വലിയ വില ഉണ്ടെന്നും ഡോക്ടർമാരുടെ മകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കാശ് ധാരാളം ഉണ്ടാകും എന്നു കരുതിയാണ് ഇത് തന്നത് എന്നും പറഞ്ഞു. വലിയ പണം വാങ്ങാൻ തുടങ്ങി.”
ചുരുക്കിപ്പറഞ്ഞാൽ രണ്ട് വർഷംകൊണ്ട് അമ്മയുടെ 73 പവൻ ആഭരണങ്ങൾ മയക്കുമരുന്ന് കഴിക്കുന്നതിനായി മോഷ്ടിച്ച് വിൽപ്പന നടത്തിയിരിക്കുന്നു. അവിശ്വസനീയം എന്ന് തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിൽ എല്ലാം ശരി എന്ന് ബോധ്യപ്പെട്ടു.
ഇന്നവൾ മയക്കുമരുന്നിന് ഫിസിക്കൽ അഡിക്ഷൻ ഘട്ടത്തിലെത്തി നിൽക്കുകയാണ്. മയക്കുമരുന്ന് കഴിക്കണമെന്ന തോന്നൽ മാത്രമല്ല, ശരീരം തന്നെ മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞിരിക്കുന്നു. കഴിച്ചില്ലെങ്കിൽ അതിശക്തമായ വിത്ഡ്രോവൽ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ശരീരം വിറച്ച് വീഴാം. വായിൽനിന്ന് നുരയും പതയും വരും. ആശുപത്രിയിലെത്തിച്ചാൽ ചികിത്സയ്ക്കായും മയക്കുമരുന്നുതന്നെ നൽകേണ്ടിവരും. അല്ലെങ്കില്‍ മരിച്ചുപോയേക്കാം. കടുത്ത ദേഷ്യവും സ്വയം നിയന്ത്രണമില്ലാത്ത അവസ്ഥയും ഇത്തരം വിത്ഡ്രോവൽ ലക്ഷണങ്ങളാണ്.
സംസാരത്തിനിടയിൽ ഒരു ഘട്ടത്തിൽ ചുരിദാറിന്റെ ഷാൾ മാറ്റി സ്വന്തം കൈത്തണ്ട അവൾ കാണിച്ചു തന്നു. ബ്ലേഡ് കൊണ്ട് കീറി സ്വയം എഴുതിവെച്ചിരിക്കുകയാണ് ‘I hate myself’ എന്ന്.
ഒരുകാലത്ത് മികവിന്റെ മുഖച്ഛായയായിരുന്നു മകൾ. എന്നാൽ, ആ വ്യക്തിത്വത്തിന്റെ വിചിത്രമായ രൂപാന്തരമാണ് പിന്നീടു കണ്ടത്. ഇപ്പോൾ രക്ഷിതാക്കൾക്കുപോലും തിരിച്ചറിയാൻ കഴിയാത്ത ഭാവമാറ്റം അവളിൽ ഉണ്ടായിരിക്കുന്നു. രണ്ടുവർഷംകൊണ്ട് ഉണ്ടായ അവളുടെ പതനം ഭീകരമാണ്. ഒരിക്കലും തിരികെ വരാനാവാത്ത ഒരു ഭ്രാന്തിലേക്കുള്ള വീഴ്ച. അവളുടെ ശരീരത്തിന്റെ യാതനകളിൽ, അവളുടെ ഹൃദയം പൂർണമായും ദുർബലമായിരിക്കുന്നു.
അതേ സ്‌കൂളിൽ മാരകമായ മയക്കുമരുന്നിന്റെ ഫിസിക്കൽ അഡിക്ഷൻ ഘട്ടത്തിൽ എത്തിയ 18 പെൺകുട്ടികളെ പൊലീസ് നടത്തിയ വിശദമായ പഠനത്തിൽ കണ്ടെത്തി.
വിഷയം ചർച്ചചെയ്യുന്നതിനായി പൊലീസ് ഓഫീസർമാരുടെ മീറ്റിങ്ങ് വിളിച്ചപ്പോൾ ഒരു സബ് ഇൻസ്‌പെക്ടർ കുറേ കടലാസുകൾ ഉയർത്തിക്കാണിച്ചു “ഈ നഗരത്തിലെ നാനാഭാഗത്തും കഴിഞ്ഞ കുറേ വർഷങ്ങളായി നടന്ന ചില മരണങ്ങളുടെ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റുകളാണ് ഇവ. മുപ്പതിലധികം വരും. 25 വയസ്സിൽ താഴെ വരുന്ന ചെറുപ്പക്കാർ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്ന കേസുകൾ. ഒന്നിലും മരണകാരണം പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല. സവിശേഷമായ ചില മരണങ്ങൾ നഗരത്തിന്റെ നാനാഭാഗത്തും നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ചർച്ച ചെയ്യുന്ന വിഷയവുമായി ഇതിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് ഈ സർട്ടിഫിക്കറ്റുകൾ കൊണ്ടുവന്നത്.”
വിശദമായ പഠനങ്ങൾതന്നെ ആ വിഷയത്തിൽ നടത്തി. ഒരാൾ മയക്കുമരുന്നിന് അടിമയായി കഴിഞ്ഞാൽ എവിടെയും പതിയിരിക്കുന്ന മരണം ഏതാനും വർഷങ്ങൾക്കുള്ളിൽ അയാളെ കീഴടക്കും. കാരണങ്ങൾ പലതായിരിക്കാം.
മരുന്ന് ഇൻജക്ഷൻ ചെയ്യുമ്പോൾ സിറിഞ്ചിൽനിന്നും ഞരമ്പിൽ എയർ കടന്നാൽ ഉണ്ടാകാവുന്ന എയർ എംബോളിസം ആകസ്മികമരണത്തിന് കാരണമാകാം. മയക്കുമരുന്ന് അധികഡോസ് ആകുമ്പോൾ ശരീരത്തിലുണ്ടാകുന്ന രക്തചംക്രമണവേഗം നിയന്ത്രിക്കാൻ കഴിയാതെ ശ്വാസകോശവും ഹൃദയവും നിൽക്കുന്നു. കടുത്ത വിത്ഡ്രോവൽ ലക്ഷണങ്ങൾ കാരണം നടത്തുന്ന പരാക്രമങ്ങളും മരണത്തിലേക്ക് നയിക്കാം. മയക്കുമരുന്നിന് അടിമകളായവർ വ്യാപകമായി ആത്മഹത്യ ചെയ്തതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
മയക്കുമരുന്നും ബ്ലേഡും തമ്മിൽ എന്താണ് ബന്ധം എന്ന് അറിയില്ല. എന്നാൽ, ഇത്തരം മരണങ്ങളുടെ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റുകളിൽ എല്ലാം കൈത്തണ്ടയിലും തുടകളിലും കാലുകളിലും ഒക്കെ ബ്ലേഡ്കൊണ്ട് സ്വയം കീറിമുറിച്ചതിന്റെ പാടുകൾ കാണാം. അടുത്തകാലത്ത് ഒരു പെൺകുട്ടി അതിന്റെ കാരണവും വിശദീകരിക്കുന്നു. കാൽപ്പാദത്തിന് പുറകിൽ ബ്ലേഡ്കൊണ്ട് മുറിച്ചനിലയിൽ കാണപ്പെട്ട പെൺകുട്ടി വിശദീകരിക്കുന്നത് മയക്കുമരുന്ന് ലഹരി പെട്ടെന്ന് ലഭിക്കുന്നതിനായി ശരീരം മുറിച്ച് അതിൽ മയക്കുമരുന്ന് തേച്ചുപിടിപ്പിക്കുന്നു എന്നാണ്. രക്തം വാർന്നൊഴുകി സ്വയം മറവിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത് ഒരു തലമുറ തന്നെയാണ്.
ലഹരി ഉപയോഗം മരണത്തിലേക്കും ഭ്രാന്തിലേക്കും നയിക്കുന്ന ‘ബാഡ് ട്രിപ്പ്’ എന്ന പ്രതിഭാസം ചില സിന്തറ്റിക് മയക്കുമരുന്നുകൾക്കുണ്ട്. അപൂർവം അവസരങ്ങളിൽ മയക്കുമരുന്ന് ലഹരിക്കു പകരം പെട്ടെന്ന് വിപരീതഫലം നൽകുന്ന പ്രതിഭാസമാണിത്. കാഴ്ചയുടെ മാനങ്ങൾ (Vision Dimension) നശിക്കുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാകാം അത്. ബാഡ് ട്രിപ്പിന്റെ ഭയാനക അനുഭവങ്ങളിൽപെട്ടാൽ അതിൽനിന്നും രക്ഷപ്പെടാൻ കഴിയില്ല. ഭയാനക ഭാവനകളിൽ കെട്ടിടത്തിന്റെ മുകളിൽനിന്നും താഴേക്ക് ചാടിയവരും കടലിലേക്ക് നടന്നുപോയവരും ഉണ്ട്. അക്രമാസക്തമായി മുന്നിൽകണ്ട് ആരെയും കൊലപ്പെടുത്താൻ കഴിയുന്ന വിഭ്രാന്തിയിലേക്കും.
ഇവിടെ പരാമർശിച്ച സംഭവങ്ങൾ ഇരുപത് വർഷങ്ങൾക്കു മുന്നേ നടന്നതാണെങ്കിലും അതിനുശേഷം മരണത്തിന്റെ എണ്ണം വർദ്ധിച്ചതേയുള്ളൂ. ഇത്തരം മരണങ്ങൾ കേരളത്തിലെമ്പാടും നടക്കുകയാണ്.
വിരമിക്കുന്നതിന് അല്പകാലം മുന്‍പ് ഓഫീസിലെത്തി ഒരു ഉമ്മ പറഞ്ഞ സംഭവം കൂടി ഓർമ വരികയാണ്.
“എന്റെ മകൻ എം.ടെക് ബിരുദധാരിയാണ്. പഠിച്ച എല്ലാ കോളേജുകളിലും ഉന്നതമായ റാങ്കുകൾ വാങ്ങി പാസായ കുട്ടി. ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞ് പ്രതിമാസം മൂന്നു ലക്ഷത്തിൽ കൂടുതൽ തുക ശമ്പളം ലഭിക്കുന്ന തൊഴിൽ ലഭിച്ചു. അവധിക്ക് നാട്ടിൽ വന്ന അവനെ തേടി സുഹൃത്തുക്കൾ വന്നു. ഗോവയിലേക്കാണെന്നു പറഞ്ഞ് സുഹൃത്തുക്കളുടെ കൂടെ അവൻ പോയി. ഒരാഴ്ച കഴിഞ്ഞ് അവന്റെ മൃതദേഹമാണ് പൊതിഞ്ഞുകെട്ടി കൊണ്ടുവന്നത്. എന്റെ മകന് എന്താണ് സംഭവിച്ചത് എന്ന് സാർ അന്വേഷിക്കണം” - തേങ്ങലുകൾക്കിടയിൽ അവർ ഒരുതരത്തിൽ പറഞ്ഞവസാനിപ്പിച്ചു.
സംഭവം നടന്ന സ്ഥലത്തെ ഇൻസ്‌പെക്ടറെ ഫോണിൽ വിളിച്ചു പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് അയച്ചുതരാൻ ആവശ്യപ്പെട്ടു. എം.ഡി.എം.എ എന്ന മയക്കുമരുന്നിന്റെ അളവ് കൂട്ടി ഉപയോഗിച്ചതാണ് മരണകാരണം. നേരത്തെ ശേഖരിച്ചിരുന്ന നിരവധി പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റുകളിൽ കാണപ്പെട്ട ചില സമാനലക്ഷണങ്ങൾ ഇവിടെയും കാണാം.
അവനെ ഗോവയിലേക്ക് കൊണ്ടുപോയ സുഹൃത്തുക്കളെ വിളിപ്പിച്ചു. എന്തിനാണ് ഗോവയിൽ പോയത് എന്ന ചോദ്യത്തിന് Rave പാർട്ടിയിൽ പങ്കെടുക്കാനാണ് പോയത് എന്ന് ഉത്തരം. അതെന്താണെന്ന് മനസ്സിലാക്കി നോക്കി. ഭക്ഷണത്തിന്റേയും ലഹരിയുടേയും ലൈംഗികതയുടേയും ഉത്സവമാണ്. ഒരു ദിവസത്തേക്ക് ലക്ഷങ്ങൾ ഫീസ് അടക്കാൻ കഴിയുന്നവർക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന ഉത്സവം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മയക്കുമരുന്നിന്റെ ലഹരിയിൽ ലൈംഗികത കൂടി ആസ്വദിക്കുന്നതിനായാണ് ചെറുപ്പക്കാർ അവിടെയെത്തുന്നത്. അത്തരമൊരു പരിപാടിയിൽ നൽകിയ എം.ഡി.എം.എ ഓവർഡോസ് ആയതാണ് മരണകാരണം.
അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ വ്യാപകമായി മയക്കുമരുന്നായി ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പെട്ടിക്കടകൾ പോലുള്ള ചെറിയ മെഡിക്കൽ ഷോപ്പുകളിൽ ഇത്തരം മരുന്നുകൾ വലിയ തോതിൽ കാണപ്പെടുന്നത് അതിന്റെ ദുരുപയോഗത്തെയാണ് സൂചിപ്പിക്കുന്നത്.
മയക്കുമരുന്ന് ലഹരിയിൽ മാതാവിനേയും പിതാവിനേയും വെട്ടിക്കൊല്ലുന്ന മക്കളുടെ കഥകൾ വന്നുകൊണ്ടിരിക്കുമ്പോൾ സമൂഹം ഒന്നാകെ ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. തലമുറ ആകെ കൊലയാളി മയക്കുമരുന്നുകളുടെ ശാരീരിക അടിമത്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ നീതിന്യായവ്യവസ്ഥയ്ക്കും ചില സാമൂഹ്യബാധ്യതകൾ കൂടി ഉണ്ട്. ലഹരി മാഫിയാസംഘങ്ങൾ സൃഷ്ടിക്കുന്ന കലാപാന്തരീക്ഷത്തിൽ സമൂഹത്തിനു തന്നെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ക്രിമിനൽ വിചാരണകളും ഉത്തരവാദിത്വപൂർണം ആകേണ്ടതുണ്ട്. ലഹരിയുടെ ഉന്മാദത്തിൽ പരസ്പരം അടിച്ചുമരിച്ച യാദവകുലത്തിന്റെ ഭീകരമായ വിധി ആധുനിക മനുഷ്യരേയും കാത്തിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

