

പരമ്പരാഗതമായി കൈമാറിക്കിട്ടിയ സാംസ്കാരിക വിനിമയരീതികളും കാലികമായ സാംസ്കാരികാനുഭവങ്ങളുടെ കൂട്ടിച്ചേർക്കലുകളും ചേർന്നുള്ള സാംസ്കാരിക സ്വത്വമാണ് ഓരോ ജനതയുടേയും സാംസ്കാരിക മൂലധനം. വനാന്തരങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും അലഞ്ഞുതിരിഞ്ഞ് നടന്ന കാലത്തുനിന്നും കൃഷി ജീവിതായോധന മാർഗമായി കണക്കാക്കി ഒരു പ്രദേശത്ത് കൂട്ടമായി നിവസിച്ചുതുടങ്ങിയതോടെയാണ് സംസ്കാരങ്ങൾ ഉദ്ഭവിച്ചത്. നദീതടങ്ങളിൽനിന്ന് ആരംഭിച്ച് വിവിധതരം ഭൂപ്രദേശങ്ങളിലേക്ക് വ്യാപിച്ച ഈ ആവാസവ്യവസ്ഥകൾ ഓരോന്നും തനത് സംസ്കാരങ്ങൾ സൃഷ്ടിച്ചു. അറിവിന്റെ ഉല്പാദനവും പ്രയോഗവും കൈമാറ്റവുമാണ് സാംസ്കാരിക വിനിമയത്തിന്റെ ആണിക്കല്ല്.
അറിവുകളുടെ കൈമാറ്റത്തിനൊപ്പം സുരക്ഷിത ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും കൈമാറ്റം ചെയ്യപ്പെട്ടു. ആശങ്കകൾ ദൂരീകരിക്കാനുള്ള മാർഗങ്ങൾ ആരാഞ്ഞ മനുഷ്യർക്കിടയിൽ പലതരം വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉടലെടുത്തു. പരമ്പരാഗതമായി കൈമാറിക്കിട്ടിയ സാംസ്കാരികോപാധികളിൽ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭാഷാപ്രയോഗങ്ങളും പെരുമാറ്റ-വസ്ത്രധാരണ-ആഹാര രീതികളുമെല്ലാം ഉൾപ്പെടുന്നു. ചുരുക്കത്തിൽ ഇവയെല്ലാം ഉൾച്ചേരുന്നതാണ് ഓരോ ജനതയുടേയും സാംസ്കാരിക ജീവിതം. ആവാസവ്യവസ്ഥകളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ വ്യത്യസ്തമാകുന്നിടത്ത് സാംസ്കാരിക വിനിമയോപാധികളും വ്യത്യസ്തമാകുന്നു.
ഏതാണ്ട് സമാനതകൾ പുലർത്തിയ ഭൂമിശാസ്ത്ര സവിശേഷതകളും ഭാഷാപ്രയോഗങ്ങളും സാംസ്കാരിക വിനിമയോപാധികളും ചേർത്തുവെച്ചാണ് ഐക്യകേരളം ഉൾപ്പെടെ വിവിധ സംസ്ഥാന രൂപീകരണം നടത്തിയത്. ഓരോ സംസ്ഥാനത്തിനും സവിശേഷവും ഏകമുഖവുമായ സംസ്കാരമില്ല; മറിച്ച് സമാനതയുള്ള ബഹുമുഖ സംസ്കാരങ്ങളുടെ സംഗമഭൂവാണ് ഇന്ത്യൻ സംസ്ഥാനങ്ങൾ. ഐക്യകേരളമാകട്ടെ, വിവിധ സംസ്കാരങ്ങളെ മലയാളം എന്ന ഒരു മാലയിൽ കോർത്തെടുത്താണ് വിഭാവനം ചെയ്തിട്ടുള്ളത്. അപ്പോഴും മലയാളം മാതൃഭാഷയല്ലാത്ത വിവിധ വിഭാഗം മനുഷ്യരെ കൂടി ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണ് കേരളം എന്ന യാഥാർത്ഥ്യം മിക്കപ്പോഴും വിസ്മരിക്കപ്പെടുന്ന പതിവുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങൾ അവകാശങ്ങൾക്കായി മുറവിളി കൂട്ടുന്നതിനാൽ പരിഗണന ലഭിക്കുമ്പോഴും അവഗണിക്കപ്പെടുന്നവരാണ് ആദിവാസികൾ. തങ്ങളുടെ ഭാഷകളെ ഭാഷയായി അംഗീകരിക്കുന്നതിനുപോലും മിക്കപ്പോഴും തയ്യാറാകാറില്ല. “കേരളത്തിലെ ആദിവാസി സമുദായങ്ങളിൽ ഓരോന്നിനും തനതായ സംസാരഭാഷയുണ്ട്. എന്നാൽ, സ്വയം വ്യക്തിത്വമുള്ള പ്രത്യേക ആദിവാസി ഭാഷകളില്ല. മിക്ക ആദിവാസി സംസാര ഭാഷകളും മലയാളത്തിന്റേയും തമിഴിന്റേയും കന്നടയുടേയും മിശ്രണങ്ങളാണ്” എന്നാണ് ആദിവാസികളും ഭാഷകളും എന്ന പുസ്തകതിൽ കെ. വേലപ്പൻ നിരീക്ഷിച്ചിട്ടുള്ളത്.
ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക വിനിമയോപാധിയായ ഭാഷയേയും സാഹിത്യത്തേയും അവയിൽ അധിഷ്ഠിതമായ ഇതര സാംസ്കാരിക വിനിമയോപാധികളേയും തമസ്കരിച്ചുള്ള ഇടപെടലുകൾ ജനാധിപത്യത്തിന് ഭൂഷണമല്ല. സാംസ്കാരിക പുനരുല്പാദനവും സാമൂഹിക പുനരുല്പാദനവും എന്ന ഉപന്യാസത്തിലൂടെ പിയറി ബോർഡിയോ, ജീൻ ക്ലോഡ് പാസറോണ എന്നിവർ ‘സാംസ്കാരിക മൂലധനം’ എന്ന് വിശേഷിപ്പിച്ച സാംസ്കാരിക വിനിമയോപാധികളുടേയും സാംസ്കാരിക സ്വത്വ പ്രകാശനത്തിന്റേയും തമസ്കരണത്തിന്റെ ആത്യന്തിക ഫലം അന്യവൽക്കരണമാണ്.
കാലാകാലങ്ങളിൽ അന്യവൽക്കരണത്തിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനതയുടെ സാംസ്കാരിക മൂലധനത്തിനുള്ള അംഗീകാരമായാണ് 2016-ൽ ഗോത്രബന്ധു പദ്ധതി ആവിഷ്‌കരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും പട്ടികവർഗ വികസന വകുപ്പിന്റേയും സംയുക്ത പദ്ധതിയായ ഗോത്രബന്ധുവിലൂടെ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുക, പഠന പ്രവർത്തനങ്ങളിൽ സഹായിക്കുക, മറ്റു സമുദായങ്ങളിലും സംസ്കാരങ്ങളിലും പെട്ട കുട്ടികളുമായി ഇടപഴകി സാമൂഹ്യവൽക്കരണം നടത്തലിനു പിന്തുണ നൽകുക, സഹാദ്ധ്യാപകർക്ക് ഗോത്ര രീതികളും ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടു. ഇതിനായി മെന്റർ ടീച്ചർമാരെ നിയമിച്ചു.
ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന വയനാട് ജില്ലയിലാണ് ഗോത്രബന്ധു പദ്ധതി ആരംഭിച്ചത്. 2016-ൽ വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിലായി 214 മെന്റർ ടീച്ചർമാരെ നിയമിച്ചു. എല്ലാവരും അദ്ധ്യാപക യോഗ്യതയുള്ളവർ. ഇവരുടെ സേവനം ഫലപ്രദമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഗോത്രബന്ധു പദ്ധതി തുടർ വർഷങ്ങളിൽ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയുണ്ടായി. അട്ടപ്പാടിയിൽ 26-ഉം പാലക്കാട് ജില്ലയിലെ മറ്റ് ഇടങ്ങളിൽ 30-ഉം (ആകെ 56) മെന്റർ ടീച്ചർമാരെ നിയമിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 29 മെന്റർ ടീച്ചർമാരെയാണ് നിയമിച്ചത്. 2016 മുതലിങ്ങോട്ട് 326 മെന്റർ ടീച്ചർമാരുടെ സേവനം പ്രയോജനപ്പെടുത്തി.
ക്ലാസ്‌മുറികൾ അന്യവൽക്കരിക്കപ്പെട്ട ഇടമായി അനുഭവപ്പെട്ട് ഇറങ്ങിപ്പോയ കുട്ടികൾക്ക് സ്വത്വാധിഷ്ഠിത ആത്മവിശ്വാസം പകരാനും ക്ലാസ്‌മുറിയും വിദ്യാഭ്യാസ പദ്ധതിയും തങ്ങളുടേത് കൂടിയാണെന്ന് ബോധ്യപ്പെടുത്താനും മെന്റർ ടീച്ചർമാരെ നിയമിച്ചതിലൂടെ സാധിച്ചു. തനത് സാംസ്കാരിക സ്വത്വത്തെ ഉൾക്കൊണ്ടും ഉൾച്ചേർത്തുമുള്ള വിദ്യാഭ്യാസരീതി ആവിഷ്‌കരിക്കുന്നതിലൂടെ അവഗണിക്കപ്പെട്ട ജനതയുടെ ആത്മാഭിമാന സംരക്ഷണം കൂടിയാണ് സാധ്യമായത്.
സാധാരണ നിലയ്ക്ക് മാർച്ച് 31-ന് മെന്റർ ടീച്ചർമാരുടെ കരാർ അവസാനിക്കും. ഏപ്രിൽ ആദ്യം കരാർ പുതുക്കി നൽകി തുടർച്ച ഉറപ്പാക്കുകയാണ് മുൻവർഷങ്ങളിൽ കൈക്കൊണ്ട നടപടി. ഇക്കുറി അതുണ്ടായില്ലെന്ന് മാത്രമല്ല, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ നിർദേശത്തെ തുടർന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർമാർ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതുവഴി ഗോത്രബന്ധു പദ്ധതി നിലച്ചു. പ്രവേശനോത്സവ ദിവസം മുതലിങ്ങോട്ട് ആദിവാസി ഉന്നതികളിലെ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ നിയമിതരായ മെന്റർ ടീച്ചർമാർ പിരിച്ചുവിടപ്പെട്ടതിനെ തുടർന്ന് ജോലിക്ക് എത്തിയില്ല. ആയതിനാൽ മിക്ക ഉന്നതികളിൽനിന്നും കുട്ടികൾ, പ്രത്യേകിച്ച് പ്രൈമറി ക്ലാസുകളിലെ കുട്ടികൾ, വിദ്യാലയത്തിൽ എത്താത്ത സ്ഥിതി സംജാതമായി. മെന്റർ ടീച്ചർമാരെ പിരിച്ചുവിട്ടതിലൂടെ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നത് ഗൗരവപൂർവം കാണേണ്ടതുണ്ട്. വിവേചനരഹിതമായി വിദ്യാഭ്യാസാവസരം ഒരുക്കേണ്ട ഭരണകൂടം തന്നെയാണ് വിദ്യാഭ്യാസ നിഷേധം നടത്തിയിരിക്കുന്നതെന്നത് ഈ സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സാംസ്കാരിക അനുകൂല പ്രതികരണ പാഠ്യപദ്ധതിയും (കൾച്ചറലി റെസ്‌പോൺസിവ് കരിക്കുലം) വിനിമയ രീതിയും വികസിപ്പിക്കൽ വിമർശനാത്മക ബോധനരീതിയുടെ സവിശേഷതകളിൽ ഒന്നാണ്. അത്തരം ഒരു അക്കാദമിക ദൗത്യത്തിന് തുടക്കമിടുക കൂടിയാണ് മെന്റർ ടീച്ചർമാരുടെ നിയമനത്തിലൂടെ ഒന്നാം പിണറായി വിജയൻ സർക്കാർ ശ്രമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാക്തീകരണ പരിപാടികളിലൂടെ ആശയദൃഢത ഉറപ്പാക്കി. ഒരേസമയം ഗോത്രവർഗ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മതിയായ പിന്തുണയും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവർക്ക് തൊഴിലുറപ്പാക്കി കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണയും എന്ന ദ്വിമുഖനേട്ടമാണ് ഇടതുപക്ഷ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ ഗോത്രബന്ധു പദ്ധതി ലക്ഷ്യമിട്ടതും പ്രാവർത്തികമാക്കിയതും. എന്നാൽ, മെന്റർ ടീച്ചർമാരുടെ കരാർ സമയത്തിന് പുതുക്കാത്തതിലൂടെ ആ അക്കാദമിക ദൗത്യം താൽക്കാലികമായെങ്കിലും ഇല്ലാതായിരിക്കുന്നു. അതിലൂടെ ആത്മാഭിമാനക്ഷതമേറ്റ ജനതയായി മാറുകവഴി കടുത്ത അന്യവൽക്കരണ നടപടിയായി പിരിച്ചുവിടൽ മാറുകയാണ്. ഒപ്പം ആദിവാസി കുട്ടികൾക്ക് വിദ്യ നിഷേധക്കുന്ന സാഹചര്യവും രൂപപ്പെട്ടു. ദി ഫോംസ് ഓഫ് ക്യാപിറ്റൽ എന്ന കൃതിയിൽ പിയറി ബോർഡ്യു വിശദമാക്കുന്ന ‘സ്ഥാപനവൽകൃത സാംസ്കാരിക മൂലധന’ത്തിലേക്കുള്ള (ഇൻസ്റ്റിറ്റ്യൂഷണലൈസ്ഡ് കൾച്ചറൽ ക്യാപിറ്റൽ) സഞ്ചാരം സാധ്യമാകുന്നത് വിദ്യാലയങ്ങളിലൂടെയാണ്. പ്രൈമറി ക്ലാസുകളിൽ സാമൂഹ്യ-സാമ്പത്തിക-ഭാഷാപരമായ കാരണങ്ങളാൽ ഗോത്ര വിദ്യാർത്ഥികൾ അന്യവൽക്കരിക്കപ്പെടുന്നുവെന്നത് പഠനതാല്പര്യം കുറയുന്നതിനും സ്കൂളിൽ ഹാജരാകാതിരിക്കുന്നതിനും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗോത്രബന്ധു പദ്ധതി ആവിഷ്‌കരിച്ചതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അതിവേഗം നഗരവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കേരളീയ പശ്ചാത്തലത്തിൽ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടും ഉൾച്ചേർത്തുമാണ് സാംസ്കാരിക നൈരന്തര്യം ഉറപ്പാക്കപ്പെടുന്നത്. വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉൾപ്പെടെ എല്ലാത്തരം സാംസ്കാരിക വിനിമയോപാധികളിലും ഈ മാറ്റങ്ങൾ പ്രകടവുമാണ്. മാറിയ കാലാനുസൃതമായി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും വിനിമയോപാധികളിലും മാറ്റമുണ്ടാകേണ്ടതുണ്ട്. അത്തരം മാറ്റങ്ങളുടെ പ്രായോഗികരൂപം അന്യവൽക്കരണത്തിന്റേയും തമസ്കരണത്തിന്റേതും ആകാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. നയരൂപീകരണം നടത്തുന്നവരെല്ലാം സൂക്ഷ്മമായി പരിഗണിക്കേണ്ടതും ജാഗ്രതയോടെ കരുതിയിരിക്കേണ്ടതുമായ തലമാണിത്. ഉൾച്ചേരലിന്റേയും ഉൾച്ചേർക്കലിന്റേയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സാംസ്കാരികാവസ്ഥകളെ ബന്ധിപ്പിച്ചുള്ള വിദ്യാഭ്യാസ വികസന നയം രൂപീകരിച്ചാലേ വികസനത്തിന്റെ സ്വാദ് എല്ലാ വിഭാഗം ജനതയ്ക്കും ആസ്വാദ്യകരമാകൂ.
---
(പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലെ വിദ്യാഭ്യാസ വിദഗ്ദ്ധനും സ്‌കോൾ കേരള മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ഡോ. രതീഷ് കാളിയാടൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates