

പിണറായി എന്ന പേര് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മിന്നലൊളി ചിതറുന്ന ഒരു പേരാണ്. 1939 ഡിസംബര്‍ മാസം ഒടുവില്‍ പി. കൃഷ്ണപിള്ള, കെ. ദാമോദരൻ, ഇ.എം.എസ്, എൻ.ഇ. ബാലറാം, എ.കെ. ഗോപാലൻ, വിഷ്ണു ഭാരതീയൻ, ഇ.പി. ഗോപാലൻ, കെ.പി.ആർ. ഗോപാലൻ, മൊയ്യാരത്ത് ശങ്കരൻ, ജോർജ് ചടയംമുറി തുടങ്ങിയവര്‍ പിണറായി പാറപ്രത്ത് ഒത്തുകൂടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകത്തിനു രൂപം നല്‍കിയത്.
അതിനും രണ്ടുവര്‍ഷം മുന്‍പ് കോഴിക്കോട്ട് പാളയത്ത് പി. കൃഷ്ണപിള്ള, കെ. ദാമോദരൻ, ഇ.എം.എസ്, എൻ.സി. ശേഖർ എന്നീ നാലുപേര്‍ രഹസ്യമായി പാര്‍ട്ടിയുടെ കേരളഘടകം രൂപീകരിക്കുന്നതിനു മുന്നോടിയായി ഒത്തുകൂടിയിരുന്നു. കേന്ദ്ര കമ്മിറ്റിയില്‍നിന്നുമെത്തിയ എസ്.വി. ഘാട്ടെയുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്ന് യോഗം നടന്നത്. ആ യോഗമാണ് കേരളഘടകം രൂപീകരിക്കാന്‍ തീരുമാനമെടുക്കുന്നത്.
ഒട്ടും എളുപ്പമായിരുന്നില്ല പാര്‍ട്ടി സംഘാടനം. യൂറോപ്പിനെ പിടികൂടിയ ഭൂതം തങ്ങളുടെ ആധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യങ്ങളെക്കൂടി കണ്ണുവെയ്ക്കാതിരിക്കാന്‍ അതീവ ജാഗ്രതയിലായിരുന്നു കൊളോണിയല്‍ ഭരണാധികാരികള്‍. പാര്‍ട്ടി രൂപീകരണത്തിനുള്ള ആലോചനകള്‍ നടന്ന മലബാറാകട്ടെ, ബ്രിട്ടീഷ് സാമ്രാജ്യത്വം നേരിട്ടു ഭരിച്ചിരുന്ന പ്രദേശവും. കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല.
പാറപ്പുറം കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് യോഗം നടന്നത്. പാറപ്രത്തെ വിവേകാനന്ദ വായനശാലയ്ക് സമീപം താമസിച്ചിരുന്ന വടവതി അപ്പുക്കുട്ടി കാരണവർ എന്നയാളിന്റെ സംരക്ഷണയില്‍ അതീവ രഹസ്യമായി. പാര്‍ട്ടി രൂപീകരിച്ച വിവരം നാട്ടുകാര്‍ അറിയുന്നതാകട്ടെ, പിന്നേയും ആഴ്ചകള്‍ പിന്നിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍നിന്ന്. പിന്നീടിങ്ങോട്ടുള്ള ചരിത്രം നിരവധി പ്രക്ഷോഭങ്ങളുടേയും ജനകീയ ഇടപെടലുകളുടേയും. ചോരയും കണ്ണീരും വീണ് കുതിര്‍ന്ന ഒരു ഇതിഹാസം രചിച്ച രാഷ്ട്രീയത്തിനു തുടക്കമിട്ട നാടിന്റെ പേരാണ് പിണറായി.
അന്നാരംഭിച്ച രാഷ്ട്രീയ ഇടപെടലുകളുടെ തുടര്‍ച്ചയിലായിരുന്നു കേരളത്തില്‍ കമ്യൂണിസ്റ്റ് കക്ഷിയുടെ നേതൃത്വത്തില്‍ ആദ്യത്തെ ഗവണ്‍മെന്റ് ഉണ്ടാകുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തിലെ പങ്കാളിത്തം ഒരു സമരമുഖം കൂടി തുറക്കല്‍ മാത്രമായിരുന്നു. പിന്നീടിങ്ങോട്ട് കേരളം ഇടതുപക്ഷ നേതൃത്വത്തിലുള്ള നിരവധി ഗവണ്‍മെന്റുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ദരിദ്രപക്ഷത്തുനിന്നുകൊണ്ട് അവര്‍ക്കനുകൂലമായ നിയമനിര്‍മാണങ്ങള്‍ നടത്തി. സമൂഹത്തിലെ അധീശവര്‍ഗങ്ങളെ പ്രകോപിപ്പിച്ചു. ചിലപ്പോഴൊക്കെ അവരെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വ്യത്യസ്ത കോണ്‍ഗ്രസ് വിഭാഗങ്ങളുടെ പിന്തുണയോടെ ഭരിച്ച കാലം മാറ്റിനിര്‍ത്തിയാല്‍ 28 വര്‍ഷമാണ് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ കേരളം വാണത്. അതില്‍ പത്തുവര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേരളം ഭരിച്ചത്. ഏത് നേതാവ് നയിക്കുന്ന മന്ത്രിസഭയായാലും ശരി, കേരളം നീങ്ങേണ്ട രാഷ്ട്രീയദിശ എന്തെന്നത് സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകളോടെയായിരുന്നു ഏതുകാലത്തും ഇടതുപക്ഷം ഭരണം കയ്യാളിയിരുന്നത്.
പാര്‍ട്ടിഘടകം രൂപീകരിക്കപ്പെട്ട അതേ ഗ്രാമത്തില്‍ത്തന്നെ ഒരു സാധാരണ കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് വിജയന്‍ ജനിക്കുന്നത്. മുണ്ടയില്‍ കോരനെന്ന തൊഴിലാളിയുടെ മകനായി ജനിച്ച അദ്ദേഹം പിൽക്കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന അതികായനായി മാറിയത് ചരിത്രപ്രാധാന്യമുള്ള കാര്യം. ഒട്ടും എളുപ്പമല്ലാത്ത വഴിയായിരുന്നു വിജയന്‍ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിലൂടെ, അതിന്റെ രാഷ്ട്രീയത്തിലൂടെ അദ്ദേഹം പൊതുപ്രവർത്തകനായി. അറുപതുകളിൽ കേരളം കണ്ട രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ സജീവമായ വിജയന്‍ എന്ന കമ്യൂണിസ്റ്റിന് വസന്തത്തിന്റെ ഇടിമുഴക്കത്തിനു രാജ്യം കാതോര്‍ത്ത നാളുകളില്‍ പാര്‍ട്ടിക്കുള്ളിലെ തീവ്രനിലപാടുകാരോട് അനുഭാവമുണ്ടായിരുന്നുവെന്നും ചരിത്രത്തിലുണ്ട്. എങ്കിലും 1968-ല്‍ ബര്‍ദ്വാന്‍ പ്ലീനത്തോടെ അദ്ദേഹം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകള്‍ക്കൊപ്പമാകുകയായിരുന്നു. ചുരുക്കത്തില്‍ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് അക്കാലത്തെ തീക്ഷ്ണമായ വർഗസമരങ്ങളുടെ ഉല്പന്നമാണ്. എന്നാൽ, പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളാണ്.
1970-ൽ കേരള നിയമസഭയിൽ പിണറായി വിജയൻ അംഗമായി എത്തുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 26. മാത്യു ടി. തോമസ് 1986-ലും ആര്‍. ബാലകൃഷ്ണപിള്ള 1960-ലും നിയമസഭാംഗങ്ങളാകുമ്പോള്‍ 25 വയസ്സാണ് പിന്നിട്ടിരുന്നതെന്ന് രേഖകള്‍. ഇന്ദിരാഗാന്ധിയും അവര്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയും ജനാധിപത്യത്തെ അറുകൊല ചെയ്ത നാളുകളില്‍ പിണറായി ക്രൂരമായ പൊലീസ് മർദനത്തിന് അദ്ദേഹം ഇരയായി. അന്നത്തെ പീഡനമുറകൾക്കും ജയിൽവാസത്തിനും ശേഷം നിയമസഭയിലെത്തിയ പിണറായി വിജയൻ ചോരപുരണ്ട ബനിയൻ സഭയിൽ ഉയർത്തിക്കാട്ടിയാണ് ഭരണകൂടസ്വേച്ഛാധിപത്യത്തെ വെല്ലുവിളിച്ചത്.
കൊടിക്കു മുകളില്‍ പറക്കാന്‍ മുതിരുന്ന ഒരു കേഡറായിരുന്നില്ല പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ്. സമുദ്രത്തിന്റെ മാര്‍ത്തട്ടിനോടു ചേര്‍ന്നുനിന്ന ഒരു കൈക്കുടന്ന വെള്ളത്തിന്റെ കഥയോര്‍മിപ്പിച്ച് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമാഹൃതസത്തയില്‍ അലിഞ്ഞു നില്‍ക്കേണ്ട വ്യക്തിസത്തയെക്കുറിച്ച് എല്ലാക്കാലവും ഓര്‍മിപ്പിച്ചു. ബര്‍ദ്വാന്‍ പ്ലീനത്തില്‍ എം.വി. രാഘവനോടൊപ്പം പാര്‍ട്ടിവിപ്പ് ലംഘിച്ച് തീവ്രനിലപാടുകാരനായ നാഗിറെഡ്ഢിയെ പിന്തുണച്ച അതേ പിണറായി തന്നെ (വി.കെ. രവീന്ദ്രന്‍: കാലം, രാഷ്ട്രീയം, ജീവിതം). ഒരുകാലത്തും വാഗ്ധോരണികൊണ്ടോ കയ്യടി നേടുന്ന നിലപാടുകള്‍കൊണ്ടോ ആളുകളെ ആകര്‍ഷിച്ചിരുന്നയാളായിരുന്നില്ല അദ്ദേഹം. മികച്ച സംഘാടകൻ, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി എന്നീ നിലകളിലായിരുന്നു അദ്ദേഹത്തിന്റെ ഖ്യാതി. യാതൊരുവിധ അപകീര്‍ത്തിയും തീണ്ടാത്ത ചടയന്‍ ഗോവിന്ദന്റെ വിയോഗത്തെ തുടര്‍ന്ന് 1998-ല്‍ പാര്‍ട്ടി സെക്രട്ടറി ആകുകയും കാൽ നൂറ്റാണ്ടിനടുത്ത് ആ നിലയില്‍ പ്രവർത്തിക്കുകയും ചെയ്തയാള്‍. ഉൾപ്പാർട്ടി തർക്കങ്ങൾ പരിഹരിക്കുന്നതിലും അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം കാണിച്ച കർക്കശമായ നിലപാടുകൾ അദ്ദേഹത്തിനു പാര്‍ട്ടിക്കുള്ളിലും ശത്രുക്കളെ നേടിക്കൊടുത്തു. എങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ വാളിന്റെ മൂര്‍ച്ചയും തിളക്കവും ഉള്ളതായിരുന്നു. വിഭാഗീയത ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് പാര്‍ട്ടി സെക്രട്ടറിയായ വേളയില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വെണ്ടക്ക നിരത്തിയത് ‘മിന്നല്‍പ്പിണറായി’ എന്നായിരുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയസംഘടനയുടെ രാഷ്ട്രീയനേതാവെന്ന നിലയില്‍ പിണറായിയോടു തുടക്കംമുതലുള്ള സമീപനം മറ്റേതു നേതാവിനോടുമുള്ളതിനേക്കാള്‍ നിശിതവും വിമര്‍ശനപരവുമായിരുന്നു. എന്നാല്‍, പോകെപ്പോകെ അത് ഒരു ‘ഗ്രജ്ജിംഗ് അഡ്‍മിറേഷന്‍’ ആയി പരിണമിക്കുന്നതിനുള്ള ഒരു സൂചനയായിരുന്നു ആ തലക്കെട്ട്.
1996-ല്‍ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താണ് പിണറായി വിജയനിലെ കാര്യക്ഷമതയുള്ള ഭരണാധികാരിയെ കേരളം ആദ്യമായി തിരിച്ചറിയുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിരുന്ന അക്കാലത്ത് ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കിയും വൈദ്യുതി ഉല്പാദന പദ്ധതികള്‍ വേഗത്തിൽ പൂർത്തിയാക്കിയും ഭരണരംഗത്ത് പുതിയൊരു മാതൃക സൃഷ്ടിച്ചു. 2016-ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ പിണറായി വിജയൻ എന്ന ഭരണാധികാരി പുതിയൊരു അദ്ധ്യായം കുറിച്ചു. മികച്ച ഒരു ക്രൈസിസ് മാനേജര്‍, നിശ്ചദാര്‍ഢ്യത്തോടെ വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള ആര്‍ജവം പ്രകടിപ്പിച്ച ഭരണാധികാരി, ഭരണഘടനാപരമായ പരിമിതികള്‍ക്കുള്ളില്‍നിന്നാണെങ്കില്‍ പോലും ക്ഷേമപദ്ധതികള്‍ നടപ്പാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ബോദ്ധ്യമുള്ള ഭരണാധികാരി എന്നിങ്ങനെയുള്ള സവിശേഷതകള്‍ മുഖ്യമന്ത്രിയായ ഘട്ടങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും വലിയ വെല്ലുവിളി തുടർച്ചയായുണ്ടായ പ്രകൃതിക്ഷോഭങ്ങളും മഹാമാരികളുമായിരുന്നു. ഓഖി ദുരന്തം, 2018-ലെ മഹാപ്രളയം, നിപ വൈറസ് ബാധ, ഒടുവിൽ കോവിഡ്-19 എന്നിങ്ങനെ കേരളത്തെ തളർത്തിയ ഓരോ ഘട്ടത്തിലും അദ്ദേഹം ഒരു രക്ഷാധികാരിയുടെ റോളിലേക്ക് ഉയർന്നു. അക്കാലത്ത്, വൈകുന്നേരങ്ങളില്‍ അദ്ദേഹം നടത്തിയ വാർത്താസമ്മേളനങ്ങൾ ജനങ്ങൾക്ക് കേവലം വിവരങ്ങൾ നൽകുന്ന ഒന്നായിരുന്നില്ല, മറിച്ച് ഒരു വലിയ സമൂഹത്തിന് അതിജീവനത്തിനുള്ള കരുത്ത് പകരുന്നതായിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ വഴി പട്ടിണിയില്ലാത്ത ഒരു കാലം ഉറപ്പാക്കി. ‘നമ്മൾ അതിജീവിക്കും’ എന്ന മുദ്രാവാക്യം കേരളീയരുടെ മനസ്സിനെ ഒന്നിപ്പിച്ചു. ഈ കരുതലാണ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും എൽ.ഡി.എഫിനെ അധികാരത്തിലേറ്റാൻ സഹായിച്ച പ്രധാന ഘടകം. യഥാര്‍ത്ഥത്തില്‍ ഈ വെല്ലുവിളികളെല്ലാം പിണറായി വിജയന്‍ എന്ന ഭരണാധികാരിക്കും ഗവണ്‍മെന്റിനും ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ അവസരം നല്‍കുകയായിരുന്നു. അത് ശരിയാംവണ്ണം പ്രയോജനപ്പെടുത്താന്‍ കഴിയുകയും ചെയ്തു. 2021-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വീണ്ടും അധികാരം നല്‍കുന്നതിന് ജനത്തെ അന്നത്തെ ഇടപെടലുകള്‍ പ്രേരിപ്പിക്കുകയും ചെയ്തു. പ്രതിസന്ധിക്കാലത്തു നാടിനെ ചേർത്തുപിടിച്ച മുഖ്യമന്ത്രിയെന്ന പ്രതിച്ഛായയിലാണ് 2021-ൽ പിണറായി വിജയൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
രണ്ടാം ഭരണത്തില്‍ ആ പ്രതിച്ഛായ നിലനിര്‍ത്താന്‍ നന്നായി ശ്രമിച്ചെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ അതുകൊണ്ടു ഗുണമുണ്ടായില്ല. തീര്‍ച്ചയായും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ പത്ത് വർഷത്തെ ഭരണം വലിയ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും സാമൂഹിക ക്ഷേമ പദ്ധതികൾക്കുമാണ് സാക്ഷ്യം വഹിച്ചത്. ലൈഫ് മിഷൻ ഭവന പദ്ധതി, വിഴിഞ്ഞം തുറമുഖം, കെ-ഫോൺ പദ്ധതി, ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം എന്നിവ അദ്ദേഹത്തിന്റെ ഭരണകാലത്താണ് യാഥാര്‍ത്ഥ്യമായത്. മോദി ഗവണ്‍മെന്റിന്റെ ശത്രുതാപരമായ സമീപനങ്ങള്‍ക്കും സാമ്പത്തിക ഉപരോധങ്ങള്‍ക്കും ഇടയില്‍ വികസന, ക്ഷേമപദ്ധതികളുടെ പ്രയാസകരമായ നടത്തിപ്പിനെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് പിണറായി ഗവണ്‍മെന്റ് സാദ്ധ്യമാക്കിയത്. ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും പിണറായി വിജയന്‍ ഗവണ്‍മെന്റിനായി. അടിസ്ഥാനസൗകര്യ മേഖലയിലടക്കം ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ നടപ്പായി. പരമ്പരാഗതമായ വികസന സങ്കല്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് പിണറായി വിജയൻ തന്റെ ഭരണശൈലി വികസിപ്പിച്ചത്. കിഫ്ബിപോലുള്ള സമാന്തര സാമ്പത്തിക സ്രോതസ്സുകൾ വഴി പശ്ചാത്തല സൗകര്യ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ശ്രമമുണ്ടായി. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാത വികസനം തുടങ്ങിയ പദ്ധതികൾ യാഥാർത്ഥ്യമാക്കിയത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പൊതു സംവിധാനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ ശ്രദ്ധേയമാണ്. പൊതുവിദ്യാലയങ്ങളിലെ ഹൈടെക് ക്ലാസ്‌മുറികളും ആധുനിക സജ്ജീകരണങ്ങളുള്ള സർക്കാർ ആശുപത്രികളും ‘രണ്ടാം കേരള മാതൃക’യുടെ ഭാഗമായി ഉയർത്തിക്കാട്ടപ്പെടുന്നു.
എന്നാല്‍, ഇതൊന്നും തെരഞ്ഞെടുപ്പില്‍ വോട്ടായില്ലെന്നതാണ് വാസ്തവം. വലിയ തകര്‍ച്ചയെയാണ് സി.പി.ഐ.എം നേതൃത്വം നല്‍കുന്ന മുന്നണി നേരിട്ടത്. അണുവിട മാറാത്ത പ്രകൃതം അദ്ദേഹത്തെ ഒരു ‘അപ്രമാദിത്വമുള്ള നേതാവ്’ എന്നു വിളിക്കാൻ വിമർശകരെ പ്രേരിപ്പിച്ചു. സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾ ഗവണ്‍മെന്റിനെ പ്രതിരോധത്തിലാക്കി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമർശനങ്ങളും അദ്ദേഹത്തിന്റെ ഭരണത്തിനു നേരെ ഉയരുന്ന പ്രധാന ചോദ്യങ്ങളായി. ഉദ്യോഗസ്ഥതലത്തിലെ ആര്‍.എസ്.എസ് സ്വാധീനം ന്യൂനപക്ഷ സമുദായങ്ങളില്‍ ആശങ്ക ഉളവാക്കി. 215 കേഡര്‍മാരെയാണ് കഴിഞ്ഞകാലങ്ങളില്‍ ആര്‍.എസ്.എസ്സുമായുള്ള സംഘര്‍ഷങ്ങളില്‍ സി.പി.ഐ.എമ്മിനു നഷ്ടമായത്. കേന്ദ്രഗവണ്‍മെന്റിനെതിരെ ഏഴു തവണയാണ് ഈ ഭരണകാലയളവില്‍ നിയമസഭയില്‍ പ്രമേയങ്ങള്‍ കൊണ്ടുവന്നത്. എന്നിട്ടും പിണറായി വിജയന്‍ ഹിന്ദുത്വരാഷ്ട്രീയത്തോട് സന്ധിചെയ്യുന്നു എന്ന ആക്ഷേപമുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഈ ആക്ഷേപം ഒരുപരിധി വരെ വിലപ്പോകുകയും ചെയ്തു. അതേസമയം, പ്രതിസന്ധിഘട്ടങ്ങളില്‍ വിജയകരമായി നയിച്ച പിണറായി എന്ന മുഖം മാത്രം മതിയാകും എന്ന ധാരണ പാര്‍ട്ടിയിലും ഇടതുപക്ഷക്കാര്‍ക്കിടയിലും സംജാതമായി. മറ്റൊരു ശബ്ദവും അനിവാര്യമല്ലെന്നുള്ള ധാരണ മനപ്പൂര്‍വം സൃഷ്ടിക്കപ്പെട്ടു. ഒരു ഏകാധിപതിയെപ്പോലെ മുഖ്യമന്ത്രി പെരുമാറുന്നു എന്ന പ്രചാരണവും ഉണ്ടായി.
പ്രതിസന്ധിക്കാലത്ത് നാടിനെ ചേര്‍ത്തുപിടിച്ച മുഖ്യമന്ത്രി എന്നോ വികസന-ക്ഷേമപദ്ധതികള്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കിയ ഭരണാധികാരി എന്നോ ഉള്ള വിശേഷണങ്ങള്‍ മതിയാകില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് തോല്‍വി തെളിയിക്കുന്നത്. വിമര്‍ശനങ്ങളെ നേരിടാനും എതിരിടാനും ‘എല്ലാം ജനം കാണുന്നുണ്ടല്ലോ’ എന്ന ഉത്തരവും മതിയാകില്ല. സമൂഹത്തിലും സംഘടനയിലും അദ്ദേഹം വേണ്ടത്ര സമ്മതനല്ലെന്ന സൂചനയാണ് മുഖ്യമന്ത്രി മത്സരിച്ച ധര്‍മടത്തുപോലും വോട്ടെണ്ണല്‍ വേളയില്‍ അദ്ദേഹം നേരിട്ട വെല്ലുവിളി എടുത്തുകാണിക്കുന്നത്. വരാനിരിക്കുന്ന നാളുകളില്‍ നഷ്ടമായ ജനസമ്മതി തിരിച്ചുപിടിക്കുന്നത് എങ്ങനെയെന്നത് പിണറായി സ്ഥായീകരിച്ച സംഘടനാ രാഷ്ട്രീയ ശൈലികളോട് എന്തു സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും.
എന്നിരുന്നാലും, അദ്ദേഹം കൊണ്ടുവന്ന വികസന പദ്ധതികളുടെ ദീർഘകാല ഫലങ്ങളേയും കേരളത്തെ ഒരു ആധുനിക സമൂഹമാക്കി മാറ്റാൻ നടത്തിയ ശ്രമങ്ങളേയും മുൻനിർത്തിയായിരിക്കും വരുംകാലം പിണറായി വിജയനെ വിലയിരുത്തുക. അധികാരത്തിന്റെ കനൽവഴികളിലൂടെ നടക്കുമ്പോഴും തന്റെ രാഷ്ട്രീയ ബോധ്യങ്ങളിൽ ഉറച്ചുനിന്ന ഒരു നേതാവെന്ന് വിശേഷിപ്പിക്കപ്പെട്ടുകൊണ്ട്, അദ്ദേഹം വരുംതലമുറയ്ക്കും ഒരു പാഠപുസ്തകമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates