Image of Gadgil
മാധവ് ഗാഡ്ഗില്‍ സമകാലിക മലയാളം വാരിക

മാധവ് ഗാഡ്ഗിൽ: പശ്ചിമഘട്ടത്തിന്റെ ജനകീയ ശാസ്ത്രജ്ഞൻ

Human beings are not external to nature. We are part of ecosystems, and our survival depends on how wisely we choose to live within them: Prof. Madhav Gadgil
Published on

ന്ത്യ പരിസ്ഥിതിയെക്കുറിച്ച് ഗൗരവമായി സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും മാധവ് ഗാഡ്ഗിൽ വനങ്ങൾക്കും ജനങ്ങൾക്കും വസ്തുതകൾക്കും ഒപ്പം പതിറ്റാണ്ടുകളായി പ്രവർത്തിച്ചു കഴിഞ്ഞിരുന്നു. പരിസ്ഥിതി സംവാദങ്ങൾ പലപ്പോഴും മുദ്രാവാക്യങ്ങളിലോ സ്ഥിതിവിവരക്കണക്കുകളിലോ മാത്രമായി ചുരുങ്ങുന്ന ഒരു കാലഘട്ടത്തിൽ, പരിസ്ഥിതിപ്രശ്നങ്ങളിൽ സമഗ്രമായ സമീപനം ആവശ്യമാണെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. പ്രകൃതിയെ മനുഷ്യജീവിതത്തിൽനിന്ന് വേലികെട്ടി മാറ്റി ‘പുറത്ത്’ നിർത്തേണ്ട ഒന്നായല്ല ഗാഡ്ഗിൽ കണ്ടത്. മനുഷ്യരെ, പ്രത്യേകിച്ച് ആദിവാസികളേയും തദ്ദേശവാസികളേയും ഒന്നും വനഭൂമിയിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരായി അദ്ദേഹം കരുതിയില്ല. ഗാഡ്ഗിലിനെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിശാസ്ത്രം ജീവിവർഗങ്ങൾ, ഭൂപ്രകൃതികൾ, ചരിത്രങ്ങൾ, സമൂഹങ്ങൾ എന്നിവ തമ്മിലുള്ള ബന്ധങ്ങളുടെ തുടർച്ചയായിരുന്നു.

ഇന്ത്യയിലെ മുൻനിര പരിസ്ഥിതി ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു പ്രൊഫ. മാധവ് ഡി. ഗാഡ്ഗിൽ (1942-2026). അദ്ദേഹത്തിന്റെ മൗലിക ഗവേഷണങ്ങൾ, നയപരമായ ഉൾക്കാഴ്ചകൾ, സമൂഹങ്ങളുമായുള്ള ആഴത്തിലുള്ള ഇടപെടൽ ഇവയൊക്കെ, നമ്മൾ ആവാസവ്യവസ്ഥയെ മനസ്സിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയെ ഉടച്ചുവാർത്തു. ഹാർവാഡിലെ അദ്ദേഹത്തിന്റെ പരിസ്ഥിതി ഗവേഷണ വർഷങ്ങൾ മുതൽ ഐ.ഐ.എസ്സിയിൽ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിക്കുമ്പോഴും മരണം വരെയും പരിസ്ഥിതി ശാസ്ത്രത്തിന്റെ ലക്ഷ്യം ശരിയായ അർത്ഥത്തിൽ സുസ്ഥിരവും ജനകേന്ദ്രീകൃതവുമായ പരിസ്ഥിതി സംരക്ഷണമാണെന്നു നമ്മെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. പശ്ചിമഘട്ടത്തേയും ദേശീയ ജൈവവൈവിധ്യ ചട്ടക്കൂടുകളേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിലുടനീളം പാരിസ്ഥിതിക ചിന്തയേയും പരിസ്ഥിതി നയത്തേയും സ്വാധീനിക്കുന്നത് തുടരുന്നു.

പ്രൊഫ. മാധവ് ഗാഡ്ഗിലിന് കേരളത്തോട് അഗാധമായ സ്നേഹബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ സമൃദ്ധ ജൈവവൈവിധ്യത്തോടും പ്രാദേശിക, ആദിവാസി സമൂഹങ്ങളുടെ പരിസ്ഥിതി സംബന്ധമായ അറിവിനോടും. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരുതന്നെ എ വാക് അപ്പ് ദി ഹിൽ/പശ്ചിമഘട്ടം ഒരു പ്രണയ കഥ എന്നാണല്ലോ. കേരളത്തിന്റെ ഭൂപ്രകൃതിയുടെ രമണീയതയും വൈവിധ്യവും സംസ്കാരം, തദ്ദേശവാസികളുടെ ജനപങ്കാളിത്തമുള്ള പരിസ്ഥിതി സംരക്ഷണ സമീപനം എന്നിവ അദ്ദേഹത്തിന്റെ പാരിസ്ഥിതിക ചിന്തകളിലും നയനിർദേശങ്ങളിലും ശക്തമായ സ്വാധീനം ചെലുത്തി.

1942-ൽ പൂനെയിൽ ജനിച്ച ഗാഡ്ഗിൽ ബൗദ്ധികമായി ഊർജസ്വലമായ ഒരു കുടുംബത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് ഡി.ആർ. ഗാഡ്ഗിൽ പ്രശസ്തനായ ഒരു സാമ്പത്തികശാസ്ത്രജ്ഞനും സ്ഥാപന നിർമാതാവുമായിരുന്നു, പൊതുജീവിതം വീട്ടിൽ പലപ്പോഴും ചർച്ചാവിഷയമായിരുന്നു. ഈ ആദ്യകാല അനുഭവങ്ങൾ ഗാഡ്ഗിലിന്റെ ജീവിത തത്ത്വശാസ്ത്രത്തെ തന്നെ സവിശേഷമായ രീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ടാകണം. ‘അറിവ്’ ഉത്തരവാദിത്വം വഹിക്കുന്നുവെന്നും ശാസ്ത്രം ആത്യന്തികമായി പൊതുജനനന്മയ്ക്കായാണ് എന്നുമുള്ള വിശ്വാസം അദ്ദേഹത്തിന്റെ പാരിസ്ഥിതിക ശാസ്ത്ര സാമൂഹ്യ പ്രവർത്തനങ്ങളെ നയിച്ചു.

കുട്ടിക്കാലത്തെ പ്രകൃതി കൗതുകങ്ങളിൽ മാധവ് ഗാഡ്ഗിൽ ഒരിക്കൽ നീലനിറത്തിലുള്ള നാട്ടുവേലിത്തത്തയെ കാണാൻ ഇടയായി. അസാധാരണമായ ഒരു പിങ്ക് തൂവലോടുകൂടിയ ഈ പക്ഷിയെക്കുറിച്ച് അദ്ദേഹം പ്രസിദ്ധ പക്ഷിശാസ്ത്രജ്ഞനായ സാലിം അലിക്ക് എഴുതുകയുണ്ടായി. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു പഠിക്കുന്നത് അദ്ദേഹത്തിന്റെ പ്രകൃതം തന്നെയായിരുന്നു., കുടുംബസുഹൃത്തതായിരുന്ന സാലിം അലിയുടേയും തൊട്ടയല്‍പ്പക്കത്തു താമസിച്ചിരുന്ന ആന്ത്രോപ്പോളോജിസ്റ്റായ പ്രൊഫ. ഇരാവതി കാർവെയുടേയും പഠനങ്ങൾ അദ്ദേഹത്തെ പരിസ്ഥിതി പഠനത്തിലേക്ക് ആകർഷിച്ചിരുന്നു. പൂനെ ഫർഗ്യൂസൺ കോളേജ്, മുംബൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനശേഷം ഹാർവാർഡ് സർവകലാശാലയിൽനിന്ന് ഇക്കോളജി അഥവാ പരിസ്ഥിതിശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി. അവിടെ അദ്ദേഹം പോപ്പുലേഷൻ അഥവാ ജനസംഖ്യ എങ്ങനെ പെരുമാറുന്നുവെന്നും ആവാസവ്യവസ്ഥകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിശദീകരിക്കുന്ന സൈദ്ധാന്തികവും ഗണിതപരവുമായ ആനുമാനിക ജനസംഖ്യാ ജീവശാസ്ത്രത്തിൽ പ്രാവീണ്യം നേടി. സിദ്ധാന്തം യാഥാർത്ഥ്യത്തിൽനിന്ന് അന്യമാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഹാർവാർഡിലെ രണ്ടു വർഷത്തെ അദ്ധ്യാപന ജീവിതത്തിനും ശേഷം 1970-കളുടെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഇന്ത്യൻ ഭൂപ്രകൃതിയും ജീവിതാനുഭവവും തന്നെയാണ് തങ്ങളുടെ ശാസ്ത്രത്തിന്റെ തട്ടകം എന്ന് ഗാഡ്ഗിലും പത്നിയായ സുലോചനയും ബോധപൂർവം തീരുമാനിച്ചു. പൂനെ ഫെർഗ്യുസൺ കോളേജിലെ പഠനകാലത്താണ് മാധവ് ഗാഡ്ഗിലും സുലോചന ഫാടക്കും പരിചയപ്പെടുന്നത്. രണ്ടു പേരും ഹാർവാർഡിൽ ഗവേഷണ പഠനം നടത്തി. ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സുലോചന പിൽക്കാലത്ത് ഇന്ത്യയിലെ മുൻനിര കാലാവസ്ഥാ ശാസ്ത്രജ്ഞയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷണ ഉപദേഷ്ടാവുമായി. അവിടെ അന്തരീക്ഷ ശാസ്ത്രകേന്ദ്രം സ്ഥാപിക്കുന്നതിൽ ഭാഗഭാക്കാവുകയും മൺസൂണിനെക്കുറിച്ചുള്ള പഠനങ്ങളിൽ നാഴികക്കല്ലായി മാറിയ ഗവേഷണം നടത്തുകയും ചെയ്ത പ്രൊഫ. സുലോചന ഗാഡ്ഗിൽ 2025 ജൂലൈ 24-ന് അന്തരിച്ചു

Image of Gadgil
സാലിം അലിയോടൊപ്പം ഗാഡ്ഗില്‍. 1971ല്‍ ബന്ദിപ്പൂര് നിന്നും പകര്‍ത്തിയ ചിത്രം Samakalika Malayalam Weekly

മാധവ് ഗാഡ്ഗിലും ഇന്ത്യൻ പരിസ്ഥിതിശാസ്ത്രരംഗവും

ഇന്ത്യയിലെ പരിസ്ഥിതി ശാസ്ത്രരംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ ശാസ്ത്രജ്ഞരിലൊരാളായിരുന്നു ഗാഡ്ഗിൽ. പരിസ്ഥിതി ഗവേഷണത്തേയും സംരക്ഷണ ചിന്തകളിലും പരിസ്ഥിതി ഭരണരീതികളിലും അദ്ദേഹം അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഇടയാക്കി. ഗണിതപരവും സിദ്ധാന്തപരവുമായ സമീപനങ്ങൾ ഇന്ത്യൻ പരിസ്ഥിതി പഠനത്തിലേക്ക് കൊണ്ടുവന്ന CES, ജൈവവൈവിധ്യ പഠനം, വന്യജീവിശാസ്ത്രം, മനുഷ്യ-പരിസ്ഥിതി ബന്ധങ്ങൾ, പരിസ്ഥിതി ചരിത്രം എന്നിവയെ ഏകോപിപ്പിക്കുന്ന ഒരു പ്രമുഖ ഗവേഷണ കേന്ദ്രമായി വളർന്നു, കർശനമായ ഫീൽഡ് വർക്ക് ഇന്റർ ഡിസിപ്ലിനറി ചിന്തകളുമായി സംയോജിക്കുന്ന ഒരു ഇടം സൃഷ്ടിക്കാൻ അദ്ദേഹം മുൻകയ്യെടുത്തു. സ്പീഷിസുകളെ എണ്ണുന്നതിനോ ജനസംഖ്യയെ മാതൃകയാക്കുന്നതിനോ മാത്രമല്ല, “ആരാണ് ഈ വിഭവങ്ങൾ ഉപയോഗിക്കുന്നത്? ആർക്കാണ് പ്രയോജനം? പരിസ്ഥിതി നാശത്തിന്റെ നഷ്ടം ആർക്കാണ്?” തുടങ്ങി ആവാസവ്യവസ്ഥയുടെ സുസ്ഥിരതയ്ക്കുവേണ്ടി ആഴത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

അഞ്ചു ദശാബ്ദങ്ങളോളം നീണ്ട തന്റെ അക്കാദമിക് ജീവിതത്തിൽ ഗാഡ്ഗിൽ 225-ലധികം ഗവേഷണ പ്രബന്ധങ്ങളും നിരവധി ശാസ്ത്ര കേന്ദ്രീകൃത പുസ്തകങ്ങളും രചിച്ചു. ഇന്ത്യയുടെ ആദ്യ ബയോസ്ഫിയർ റിസർവായ നീലഗിരി ബയോസ്ഫിയർ റിസർവ് സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചരിത്രപ്രധാനമാണ്. സംരക്ഷണം എന്നത് ‘ശുദ്ധമായ പ്രകൃതി’ മാത്രം സംരക്ഷിക്കുന്നതല്ല, മറിച്ച് സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ‘ലാൻഡ്‌സ്‌കേപ്പ് അഥവാ ഭൂപ്രകൃതി തലത്തിലുള്ള സമീപനം’ ആവശ്യമാണെന്ന ബോധ്യം അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങളിൽ ലീനമായിരുന്നു.

അക്കാദമിക് രംഗത്തിനപ്പുറം വ്യാപിച്ചിരുന്ന ഗാഡ്ഗിലിന്റെ സംഭാവനകൾ പരിസ്ഥിതി നയരൂപീകരണത്തിലും ഭരണരീതികളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തി. ഇന്ത്യയുടെ ജൈവവൈവിധ്യ നിയമം (2002) രൂപപ്പെടുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളെ കേന്ദ്രമാക്കി, പ്രാദേശിക ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് പീപ്പിൾസ് ബയോഡൈവേഴ്‌സിറ്റി രജിസ്റ്ററുകൾ എന്ന ആശയം അദ്ദേഹം മുന്നോട്ട് വെച്ചു. ലോകത്തുതന്നെ ആദ്യമായി ഇത്തരമൊരു നീക്കം ഇന്ത്യയിലാണുണ്ടായത്. വനാവകാശ നിയമം ഉൾപ്പെടെയുള്ള പരിസ്ഥിതി ഭരണപരിഷ്കാരങ്ങളിലും ദേശീയ ഉപദേശക സമിതികളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. ഈ സമഗ്രവൈദഗ്ദ്ധ്യമാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതിയുടെ (WGEEP) അദ്ധ്യക്ഷനായി അദ്ദേഹം നിയമിക്കപ്പെടാൻ വഴിവെച്ചത്. 2011-ലെ ഗാഡ്ഗിൽ റിപ്പോർട്ട്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലകളിലൊന്നായ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും വികസന ആവശ്യങ്ങളുമായി സുതാര്യമായി പൊരുത്തപ്പെടുത്താനും ശാസ്ത്രീയ അടിത്തറയുള്ള ഒരു ദർശനം മുന്നോട്ട് വെച്ചു. പദ്മശ്രീ (1981), പദ്മഭൂഷൺ (2006), യുണൈറ്റഡ് നേഷൻസിന്റെ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്’ ആയുഷ്‌കാല പുരസ്കാരം (2024) എന്നിവ ഉൾപ്പെടെയുള്ള ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ അദ്ദേഹത്തിന്റെ ശാസ്ത്രീയവും നൈതികവുമായ പ്രസക്തിയെ കുറിക്കുന്നു. പരിസ്ഥിതി, സാമൂഹ്യനീതി, സുസ്ഥിരത എന്നിവ വേർതിരിക്കാനാവാത്ത ഘടകങ്ങളാണെന്ന അദ്ദേഹത്തിന്റെ നിലപാട് ഇന്ത്യയിലെ പരിസ്ഥിതി ചർച്ചകളെ ഇന്നും രൂപപ്പെടുത്തുന്നു.

മനുഷ്യസമൂഹവും പരിസ്ഥിതിശാസ്ത്രവുമായുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത ഇടപെടലാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്. ‘സമൂഹാടിസ്ഥാനത്തിലുള്ള സംരക്ഷണം’ എന്നത് ഒരു നയരൂപീകരണ പദമായി മാറുന്നതിനു വളരെ മുന്‍പുതന്നെ, ഇന്ത്യയിലുടനീളമുള്ള പ്രാദേശിക സമൂഹങ്ങൾ വനങ്ങൾ, മത്സ്യബന്ധനം, മേച്ചിൽപ്പുറങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി പുരോഗമനോന്മുഖ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തതെങ്ങനെയെന്ന് ഗാഡ്ഗിൽ രേഖപ്പെടുത്തി. ഈ സംവിധാനങ്ങൾ ആകസ്മികമോ പ്രാകൃതമോ ആയിരുന്നില്ല; തലമുറകളായി പരിഷ്കരിച്ച പൊരുത്തപ്പെടുത്തലുകൾ ആയിരുന്നു അവയെന്ന് അദ്ദേഹം വാദിച്ചു. ഈ കാഴ്ചപ്പാട് ഗാഡ്ഗിലിനെ ദേശീയ പരിസ്ഥിതി സംവാദങ്ങളുടെ കേന്ദ്രബിന്ദുവാക്കി പ്രതിഷ്ഠിച്ചു.

ഹാർവാർഡ് സർവകലാശാലയിലെ ഡോക്ടറൽ ഗവേഷണം ഉൾപ്പെടെയുള്ള ഗാഡ്ഗിലിന്റെ ആദ്യകാല ശാസ്ത്രീയ പ്രവർത്തനങ്ങൾ ജനസംഖ്യാ ജീവശാസ്ത്രത്തിലും സൈദ്ധാന്തിക പരിസ്ഥിതിശാസ്ത്രത്തിലും കേന്ദ്രീകൃതമായിരുന്നു, (ജീവിവർഗങ്ങൾ ആവാസവ്യവസ്ഥയിൽ എങ്ങനെ ഇടപഴകുന്നു, നിലനിൽക്കുന്നു, പരിണമിക്കുന്നു എന്നതിനെക്കുറിച്ച്). ഈ അടിത്തറ അദ്ദേഹത്തിന് സിസ്റ്റം ചിന്ത, സാധ്യതാമോഡലിംഗ്, പാരിസ്ഥിതിക ചലനാത്മകത എന്നിവയിൽ ശക്തമായ പ്രാവീണ്യം നൽകി-പശ്ചിമഘട്ടംപോലുള്ള സങ്കീർണമായ ഭൂപ്രകൃതികളെ മനസ്സിലാക്കുന്നതിന് തികച്ചും അനുയോജ്യമായ പശ്ചാത്തലം തന്നെയായിരുന്നു ഇതെല്ലാം.

ഇടുങ്ങിയ ജൈവനിർണയവാദത്തിനപ്പുറം ഇന്ത്യൻ പരിസ്ഥിതിയെ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഈ സമീപനം ഇന്ത്യയിൽ ഇപ്പോൾ ‘മനുഷ്യ-പരിസ്ഥിതി ശാസ്ത്രം’, ‘സംരക്ഷണ സാമൂഹിക ശാസ്ത്രം’ എന്ന് വിളിക്കപ്പെടുന്ന പ്രവർത്തന സരണികൾക്ക് വഴിവച്ചിട്ടുണ്ട് (ഇവയെല്ലാം തന്നെ, പശ്ചിമഘട്ടം പോലുള്ള ജനസാന്ദ്രതയുള്ളതും തീവ്രമായി ഉപയോഗിക്കപ്പെടുന്നതുമായ ഒരു പ്രദേശത്തെക്കുറിച്ച് പഠിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത മേഖലകളാണ് എന്നുകൂടി ശ്രദ്ധിക്കുക).

മനുഷ്യ-പ്രകൃതി ചട്ടക്കൂടുകളെക്കുറിച്ചുള്ള ആശയങ്ങൾ മുഖ്യധാരയിലേക്ക് വരുന്നതിന് വളരെ മുന്‍പുതന്നെ, പ്രാദേശിക സമൂഹങ്ങൾക്ക് പലപ്പോഴും സങ്കീർണമായ പാരിസ്ഥിതിക അറിവുണ്ടെന്നും പല പരമ്പരാഗത വിഭവ-ഉപയോഗ സംവിധാനങ്ങളും വിനാശകരമല്ല, മറിച്ച് അനുരൂപമാണെന്നും അനുഭവ ഗവേഷണത്തിലൂടെ ഗാഡ്ഗിൽ രേഖപ്പെടുത്തി. ജൈവവൈവിധ്യ സംരക്ഷണത്തെ ഭൂവുടമസ്ഥത, ഉപജീവനമാർഗങ്ങൾ, ഭരണം എന്നിവയിൽനിന്ന് വേർതിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ തെളിയിച്ചു. ഇത് ആഗോള സംരക്ഷണ ശാസ്ത്രത്തിൽ ഇപ്പോൾ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു നിഗമനമാണ്.

ഈ വീക്ഷണം ഒരു പ്രത്യയശാസ്ത്രപരമായ നിലപാടല്ല, മറിച്ച് ഇന്ത്യൻ ഭൂപ്രകൃതിയിലുടനീളമുള്ള പതിറ്റാണ്ടുകളുടെ ഫീൽഡ്‌വർക്ക്, ചരിത്ര വിശകലനം, താരതമ്യ പഠനങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ കണ്ടെത്തലാണ്. രാമചന്ദ്ര ഗുഹയോടൊപ്പം രചിച്ചിട്ടുള്ള ‘ദിസ് ഫിഷർഡ് ലാൻഡ്’ എന്ന കൃതി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന പാരിസ്ഥിതിക ചരിത്രങ്ങളിലൊന്നായി തുടരുന്നു, പാരിസ്ഥിതിക തകർച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുമായും സ്ഥാപനപരമായ മാറ്റവുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ കൃതി ചർച്ചചെയ്യുന്നുണ്ട്.

Image of VS Vijayan and Gadgil
വി.എസ്. വിജയനും ഗാഡ്ഗിലുംPhotographer:Rajeev Prasad

പശ്ചിമഘട്ടത്തെ തൊട്ടറിഞ്ഞ ഗാഡ്ഗിൽ

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് കേരളം, കർണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം ലോകത്തിലെ എട്ട് ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, അസാധാരണ പരിസ്ഥിതി പ്രാധാന്യം മൂലം യുനെസ്‌കോ ലോക പൈതൃകസ്ഥലമായി പട്ടികപ്പെടുത്തിയിട്ടുമുണ്ട്.

ഏകദേശം 5,000 തരം നാളീവൃക്ഷ സസ്യങ്ങൾ (വാസ്‌ക്കുലാർ പ്ലാന്റ്‌സ്), അവയിൽത്തന്നെ ഏകദേശം മൂന്നിലൊന്ന് സ്വദേശീയമായവ, കൂടാതെ ഉഭയജീവികളിൽ 65 ശതമാനവും ഉരഗങ്ങളിൽ 62 ശതമാനവും സ്വദേശീയമായ അപൂർവ ജീവജാലങ്ങളും ഒക്കെ ഉൾപ്പെടുന്ന അതുല്യമായ ജീവസമ്പത്താണ് ഈ പുരാതന പർവതനിരകളിൽ ഉൾക്കൊള്ളുന്നത്. ചോല വനങ്ങളും മൈറിസ്റ്റിക്കാ ചതുപ്പുകളും കാർബൺ സംഭരണം, ജലനിയന്ത്രണം തുടങ്ങിയ നിർണായക പരിസ്ഥിതി സേവനങ്ങൾ നൽകുന്നു. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട 325-ലധികം ആഗോളഭീഷണിയിലായ ജീവിവർഗങ്ങൾ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ആന, കടുവ, നീലഗിരി താർ, സിംഹവാലൻ കുരങ്ങ് പോലുള്ള സസ്തനികൾക്കും ക്രിട്ടിക്കലി എൻഡേഞ്ചേഡ് ഹമ്പ്-ബാക്ക്ഡ് മഹ്‌സീർപോലുള്ള അപൂർവ മത്സ്യവിഭാഗങ്ങൾക്കും പശ്ചിമഘട്ടം ആവാസകേന്ദ്രമാണ്. എന്നാൽ, ഈ അസാധാരണമായ ജൈവസമ്പത്ത് ഇന്ന് കടുത്ത സമ്മർദത്തിലാണ്; പ്ലാന്റേഷനുകൾ, കൃഷി വ്യാപനം, നഗരവൽക്കരണം, അടിസ്ഥാനസൗകര്യ പദ്ധതികൾ, അണക്കെട്ടുകൾ, റോഡുകൾ എന്നിവ മൂലം വനഭൂമി വൻതോതിൽ ചുരുങ്ങുകയും വന്യജീവി ഇടനാഴികൾ തകർന്നുപോകുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാമാറ്റം മഴയുടെ അനിശ്ചിതത്വവും അതിശക്ത സംഭവങ്ങളും വർധിപ്പിക്കുന്നതിലൂടെ ഈ ഭീഷണികളെ കൂടുതൽ ഗുരുതരമാക്കുന്നു, ഇതോടെ മണ്ണിടിച്ചിലും ജലചക്രത്തിലെ അസ്ഥിരതയും വർധിക്കുന്നു. പ്രത്യേകിച്ച് മലിനീകരണം, നദികളുടെ പ്രവാഹമാറ്റം, അധിനിവേശ ജീവികൾ, ജലവലിപ്പ് എന്നിവ മൂലം ശുദ്ധജല ജീവവൈവിധ്യം വംശനാശ ഭീഷണി നേരിടുന്നു. അതേസമയം, ഉഭയചരങ്ങളുടേയും നദീജീവികളുടേയും പ്രാദേശിക ജനസംഖ്യ കുറയുന്ന സാഹചര്യത്തിൽ പുതിയ ജീവിവർഗ കണ്ടെത്തലുകൾ തുടരുന്നുമുണ്ട്.

പശ്ചിമഘട്ടത്തിലെ ജൈവസമ്പത്ത് എത്രത്തോളം സമ്പന്നമാണെന്നും അതേസമയം എത്രത്തോളം നിസ്സഹായമാണെന്നും വ്യക്തമാണല്ലോ.

ഗാഡ്ഗിൽ റിപ്പോർട്ട്

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതിയുടെ അധ്യക്ഷനെന്ന നിലയിൽ, ഇന്ത്യയിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകളിൽ ഒന്നിന് അദ്ദേഹം നേതൃത്വം നൽകി. ഇടുങ്ങിയ ഭൂമിശാസ്ത്രപരമോ ജലശാസ്ത്രപരമോ ആയ റിപ്പോർട്ട് തയ്യാറാക്കുക എന്നതല്ല, മറിച്ച് സങ്കീർണമായ, ജനവാസമുള്ള ഒരു പർവതവ്യവസ്ഥയുടെ സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തൽ നടത്തുക എന്നതായിരുന്നു WGEEP (Western Ghats Ecology Experts Panel)യുടെ കർത്തവ്യം.

ഖനനം, അണക്കെട്ടുകൾ, വനനശീകരണം, ആസൂത്രിതമല്ലാത്ത നഗരവൽക്കരണം എന്നിവ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തെ മാറ്റാനാവാത്ത നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് പാനലിന്റെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. എന്നാൽ, റിപ്പോർട്ട് ഭീഷണികൾ പട്ടികപ്പെടുത്തുകയല്ല, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഒരു സമൂലമായ ജനാധിപത്യ ദർശനമാണ് നിർദേശിച്ചത്.

ശാസ്ത്രീയ വിശകലനത്തിലും സംസ്ഥാന സർക്കാരുകളുമായും പ്രാദേശിക സമൂഹങ്ങളുമായും നടത്തിയ വിപുലമായ കൂടിയാലോചനകളിലും അധിഷ്ഠിതമായ, പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള സമഗ്രവും ബഹുമുഖവുമായ ഒരു ചട്ടക്കൂട് ഗാഡ്ഗിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രദേശത്തിന്റെ അസാധാരണമായ ജൈവവൈവിധ്യം, കുത്തനെയുള്ള മഴയുടെ വ്യതിയാനങ്ങൾ, മണ്ണിടിച്ചിലിനും പാരിസ്ഥിതിക തടസ്സത്തിനുമുള്ള സാധ്യത എന്നിവ അംഗീകരിച്ചുകൊണ്ട് മുഴുവൻ പശ്ചിമഘട്ടത്തേയും പരിസ്ഥിതിലോല പ്രദേശം അഥവാ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ (ESA) ആയി പ്രഖ്യാപിക്കാൻ അത് ശുപാർശ ചെയ്തു. വ്യത്യസ്ത തലത്തിലുള്ള ദുർബലതകൾ ഉൾക്കൊള്ളുന്നതിനായി, വികസന നിയന്ത്രണങ്ങൾ പാരിസ്ഥിതിക സംവേദനക്ഷമതയ്ക്ക് അനുസൃതമായി വ്യവസ്ഥപ്പെടുത്തുകയും ഏറ്റവും ദുർബലമായ പ്രദേശങ്ങൾക്ക് ഉയർന്ന സംരക്ഷണം നൽകുകയും ചെയ്യുന്ന ഒരു ത്രിതല മേഖലാ സംവിധാനം (ESZ-1 മുതൽ ESZ-3 വരെ) റിപ്പോർട്ട് നിർദേശിച്ചു. പരിസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കണമെന്നും പുതിയ ഖനന ലൈസൻസുകൾ നിരോധിക്കണമെന്നും ഉയർന്ന സെൻസിറ്റീവ് മേഖലകളിലെ നിലവിലുള്ള ഖനനം ഘട്ടം ഘട്ടമായി പിൻവലിക്കണമെന്നും ഹൈവേകൾ, റെയിൽവേകൾ, അണക്കെട്ടുകൾ തുടങ്ങിയ വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലുടനീളം പാരിസ്ഥിതിക ഭരണം ഏകോപിപ്പിക്കുന്നതിന് ഒരു നിയമാനുസൃത പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി (WGEA) സ്ഥാപിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു. പങ്കാളിത്ത സംരക്ഷണത്തിനായുള്ള പ്രതിബദ്ധത, പരിസ്ഥിതി സംബന്ധമായ തീരുമാനമെടുക്കലിൽ നിർണായക പങ്ക് വഹിക്കാൻ ഗ്രാമസഭകളേയും പ്രാദേശിക സമൂഹങ്ങളേയും ശാക്തീകരിക്കുക, അതുവഴി സുസ്ഥിരമായ ഉപജീവനമാർഗങ്ങളും സാമൂഹിക തുല്യതയും ഉപയോഗിച്ച് പാരിസ്ഥിതിക സംരക്ഷണം സന്തുലിതമാക്കുക എന്നിവയായിരുന്നു റിപ്പോർട്ടിന്റെ കാതൽ.

ശാസ്ത്രീയമായ ആധികാരികതയും കെട്ടുറപ്പും ഉണ്ടായിരുന്നിട്ടും ഗാഡ്ഗിൽ റിപ്പോർട്ടിന് കേരളത്തിൽ ശക്തമായ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിരോധം നേരിടേണ്ടിവന്നു, ഇത് ഒടുവിൽ അതിന്റെ ഔപചാരികമായ അംഗീകാരം തടഞ്ഞു. തോട്ടം കൃഷി, ടൂറിസം, ചെറുകിട വ്യവസായങ്ങൾ എന്നിവ സാമ്പത്തിക നട്ടെല്ലായ ഇടുക്കി, വയനാട് പോലുള്ള ഉയർന്ന പ്രദേശങ്ങളിലെ ഉപജീവനമാർഗത്തെ നിർദിഷ്ട ഭൂവിനിയോഗ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകളിൽനിന്നാണ് മിക്ക എതിർപ്പുകളും ഉടലെടുത്തത്. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി സ്ഥാപിക്കാനുള്ള ശുപാർശയിൽ സംസ്ഥാന സർക്കാരുകളും സ്ഥാപനപരമായ അസ്വസ്ഥത പ്രകടിപ്പിച്ചു, ഇത് സംസ്ഥാന സ്വയംഭരണത്തിനു മേലുള്ള കടന്നുകയറ്റമായി അവർ കരുതി. കർഷകരും ആദിവാസി സമൂഹങ്ങളും കുടിയിറക്കപ്പെടുമെന്ന അടിസ്ഥാനരഹിതമായ ഭയം ഉൾപ്പെടെയുള്ള വ്യാപകമായ തെറ്റായ ആശയവിനിമയവും തെറ്റായ വിവരങ്ങളും ഈ ആശങ്കകളെ കൂടുതൽ വഷളാക്കി, എന്നാൽ, റിപ്പോർട്ട് അത്തരം നടപടികൾ വ്യക്തമായി നിരാകരിച്ചിട്ടും സ്വാധീനമുള്ള സാമൂഹിക, മതസംഘടനകളിൽനിന്നുള്ള എതിർപ്പ് പൊതുജനങ്ങളുടെ ഉല്‍ക്കണ്ഠ കൂടുതൽ വർദ്ധിപ്പിക്കുകയും റിപ്പോർട്ടിനെതിരായ രാഷ്ട്രീയ സമവായത്തിലേക്ക് നയിക്കുകയും ചെയ്തു. തുടർച്ചയായ പ്രതിരോധം നേരിട്ടപ്പോൾ, കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ രണ്ടാമത്തെ വിദഗ്ദ്ധസമിതി രൂപീകരിച്ചു. കസ്തൂരിരംഗൻ പാനൽ നിർദേശിച്ച കൂടുതൽ വികസനോന്മുഖമായ ശുപാർശകൾ ഗാഡ്ഗിൽ പാനൽ നിർദേശിച്ച പാരിസ്ഥിതിക സംരക്ഷണത്തിന്റെ വ്യാപ്തിയെ ഗണ്യമായി ദുർബലപ്പെടുത്തി, ജനസാന്ദ്രതയുള്ള ഭൂപ്രകൃതികളിൽ മുൻകരുതൽ ആധാരമാക്കി പരിസ്ഥിതി സംബന്ധിച്ച ഭരണം നടപ്പിലാക്കുന്നതിലെ സാമാന്യമായ രാഷ്ട്രീയ ബുദ്ധിമുട്ട് മറ്റൊരു കാരണമായി കരുതപ്പെട്ടു.

പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ്, തഴഞ്ഞുകൊണ്ടല്ല പരിസ്ഥിതിയെ സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് എന്ന് ഗാഡ്ഗിൽ റിപ്പോർട്ട് വാദിച്ചു. വികസനം വേണ്ട എന്നല്ല, പരിസ്ഥിതിലോല പ്രദേശങ്ങളിൽ വികസന പ്രവർത്തനത്തിനു നിയന്ത്രണം വേണം എന്നാണ് നിർദേശിച്ചിരുന്നത്. തെറ്റായ രീതിയിൽ മനസ്സിലാക്കപ്പെട്ടതുകൊണ്ടും അത്തരം വ്യാഖ്യാനങ്ങൾ പ്രചരിക്കപ്പെടുകയാലും ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ വിവാദങ്ങൾക്കിടയാക്കി. എന്നാൽ, പാരിസ്ഥിതിക സുസ്ഥിരതയും സാമൂഹിക നീതിയും വേർതിരിക്കാനാവാത്തതാണെന്ന വാദത്തിൽ ഗാഡ്ഗിൽ ന്യായമായും ഉറച്ചുനിന്നു.

Image of Gadgil And MK Prasad
ഗാഡ്ഗിലും എം.കെ. പ്രസാദുംസമകാലിക മലയാളം വാരിക

വിമർശനങ്ങളും അവയെ അതിജീവിക്കുന്ന ശാസ്ത്രവീക്ഷണങ്ങളും

ഗാഡ്ഗിൽ വികസന വിരുദ്ധനാണ് എന്ന തരത്തിലുള്ള വാദം ഉയർന്നുവരുന്നത് ശാസ്ത്രീയമായ അപര്യാപ്തതയിൽ നിന്നല്ല, മറിച്ച് നയപരമായ അസ്വസ്ഥതയിൽ നിന്നാണ്. റിപ്പോർട്ടിന്റെ ശുപാർശകൾ പാരിസ്ഥിതിക മുൻകരുതലുള്ളതും വിപുലവുമായിരുന്നു, ജനസാന്ദ്രതയുള്ളതും സാമ്പത്തികമായി സജീവവുമായ ഒരു പ്രദേശത്ത് ഇത്തരം ശാസ്ത്രീയവും കർശനവുമായ സംരക്ഷണക്രമങ്ങൾ പ്രാവർത്തികമാക്കാൻ രാഷ്ട്രീയ വെല്ലുവിളികൾ മറികടക്കേണ്ടിയിരുന്നു

ശാസ്ത്രീയ വീക്ഷണകോണിൽനിന്നു നോക്കിയാൽ, പശ്ചിമഘട്ടം പാരിസ്ഥിതികമായി ദുർബലമാണ്, ഭൂവിനിയോഗ മാറ്റത്തിന്റെ സഞ്ചിത ആഘാതങ്ങൾ ദുരന്തസാധ്യത വർദ്ധിപ്പിക്കുന്നു, ഭരണപരാജയങ്ങൾ പാരിസ്ഥിതിക ദുർബലത വർദ്ധിപ്പിക്കുന്നു എന്നീ കാര്യങ്ങളിൽ തർക്കമില്ല. ദേശീയ, അന്തർദേശീയ ശാസ്ത്ര സ്ഥാപനങ്ങളുടെ സ്വതന്ത്ര വിലയിരുത്തലുകളുമായി ഈ നിഗമനങ്ങൾ പൊരുത്തപ്പെടുന്നു.

കേരളത്തിൽ, പ്രത്യേകിച്ച് പശ്ചിമഘട്ട ജില്ലകളിൽ ഉണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും ഗാഡ്ഗിൽ റിപ്പോർട്ടിൽ എടുത്തുകാണിച്ച അപകട സാധ്യതകൾ, പ്രത്യേകിച്ച് ഭൂവിനിയോഗ മാറ്റം, പാരിസ്ഥിതിക ദുർബലത, സഞ്ചിത ആഘാതങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവ, നയത്തിലും ആസൂത്രണത്തിലും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലേ എന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടേയും പണ്ഡിതരുടേയും ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടു.

വർദ്ധിച്ച ജൈവവൈവിധ്യ നഷ്ടം, ആദിവാസികളുൾപ്പെടെയുള്ള തദ്ദേശീയ സമൂഹങ്ങളുടെ സുഗമജീവിതത്തിനും സുസ്ഥിരതയ്ക്കും ഭീഷണി, നിയന്ത്രണമില്ലാത്ത ഭൂ ഉപഭോഗത്തിൽനിന്ന് താൽക്കാലിക ലാഭവും ദീർഘകാല നഷ്ടവും ഇവയൊക്കെയാണ് ഗാഡ്ഗിൽ റിപ്പോർട്ട് നിർദേശങ്ങൾ അവഗണിക്കുന്നതുകൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നയത്തിനും പ്രതിഷേധത്തിനും അപ്പുറം ഗാഡ്ഗിൽ ഒരു പ്രതിഭാധനനായ എഴുത്തുകാരൻ കൂടിയായിരുന്നു. ദിസ് ഫിഷർഡ് ലാൻഡ് ആൻ ഏകലോജിക്കൽ ഹിസ്റ്ററി ഓഫ് ഇന്ത്യ, ഇക്കോളജി ആൻഡ് ഇക്വിറ്റി പോലുള്ള പുസ്തകങ്ങളിലൂടെ, ഇന്ത്യയുടെ പാരിസ്ഥിതിക പ്രതിസന്ധികൾ, കൊളോണിയൽ ചൂഷണം, അസമമായ വികസനം, ഭരണപരാജയങ്ങൾ ഇവയുൾപ്പെട്ട ചരിത്രവുമായി എങ്ങനെ ആഴത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹത്തിന്റെ എഴുത്ത് ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടല്ല, മറിച്ച് അനിഷേധ്യമായ ധാർമിക വ്യക്തതയാണ് മുന്നോട്ടു വയ്ക്കുന്നത്.

പശ്ചിമഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം അവഗണിക്കുന്നത് ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ഗാഡ്ഗിലിന്റെ സുസ്ഥിര വികസന നിർദേശങ്ങൾ നിരാകരിക്കുന്നതോടെ, ecological-economic vulnerability എന്ന ഒരു ചക്രം രൂപപ്പെടാൻ സാധ്യതയുണ്ട്. “ഈ തലമുറ അല്ലെങ്കിൽ അടുത്ത തലമുറ ഗാഡ്ഗിലിന്റെ നിർദേശങ്ങൾ നടപ്പിലാക്കും കാരണം സുസ്ഥിരതയ്ക്ക് അതേയുള്ളൂ മാർഗം” എന്ന് കേരളം ഫോറസ്‌റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. ടി.വി. സജീവ് പറയുന്നുണ്ട്.

ഒടുവിൽ, മാധവ് ഗാഡ്ഗിലിന്റെ ശാസ്ത്രീയ സംഭാവനയുടെ ശാശ്വതമായ പ്രാധാന്യം അദ്ദേഹത്തിന്റെ ശുപാർശകൾ പൂർണമായി അംഗീകരിക്കപ്പെട്ടോ എന്നതിലല്ല, മറിച്ച് പാരിസ്ഥിതിക ഉത്തരവാദിത്വം യഥാർത്ഥത്തിൽ എന്താണ് ആവശ്യപ്പെടുന്നത് എന്ന കണ്ടെത്തലുകളുടെ വ്യക്തതയിലാണ്. ദുർബലമായ ഭൂപ്രകൃതികളിലെ വികസനത്തിന്റെ പരിധികളെക്കുറിച്ചും അവ അവഗണിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള അപ്രിയ സത്യങ്ങളെ നേരിടാൻ ഗാഡ്ഗിൽ റിപ്പോർട്ട് നയരൂപീകരണക്കാരേയും ശാസ്ത്രജ്ഞരേയും പൊതുജനങ്ങളേയും നിർബന്ധിതരാക്കി. ഔദ്യോഗിക നയത്തിൽനിന്ന് റിപ്പോർട്ട് മാഞ്ഞുപോയതിനുശേഷവും ഇന്ത്യയുടെ പരിസ്ഥിതി ഭരണത്തെ നയിക്കുന്നതും നിശ്ശബ്ദമായി വെല്ലുവിളിക്കുന്നതുമായ ശാസ്ത്രീയ സത്യസന്ധതയുടേയും പങ്കാളിത്തത്തിന്റേയും സമഗ്രതയുടേതുമായ അനിഷേധ്യമായ മാനദണ്ഡം സ്ഥാപിച്ചു. പരിസ്ഥിതിയെക്കുറിച്ച് അക്കാദമിക പഠനത്തിനപ്പുറം പതിറ്റാണ്ടുകളുടെ പ്രാവർത്തിക ജ്ഞാനവും സാമൂഹ്യബോധവും ആത്മസമർപ്പണവുമുള്ള ഒരു ശാസ്ത്രജ്ഞൻ നമുക്കു തന്ന തുറവിയാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com