Image of Madav Gadgil
മാധവ് ഗാഡ്ഗില്‍ A.Sanesh-NewIndianExpress-9961131088

മാധവ് ഗാഡ്ഗിൽ എന്ന ‘അ’സഹ്യൻ

Published on

പ്രപഞ്ചത്തിലെ സകലതും മനുഷ്യനായി നിർമിതമാണെന്ന പ്രാകൃതബോധം ഒരു മതനിർമിതിയാണ്. പ്രകൃതിയുടെ ഭാഗമായ ഒരു ജീവിമാത്രമാണ് മനുഷ്യൻ എന്ന സത്യത്തെയാണ് മതങ്ങൾ പ്രപഞ്ചത്തിലെ സകലത്തിന്റേയും ഉടമയാണ് മനുഷ്യൻ എന്ന വിശ്വാസമാക്കിയത്. കാലാന്തരത്തിൽ വിശ്വാസങ്ങൾ പലവക പ്രത്യയശാസ്ത്ര കൈവഴികളായി ഒഴുകിയപ്പോഴും മനുഷ്യൻ ഒന്നാമനായി. പ്രകൃതിയും പ്രകൃതിയിലെ സകല ചരാചരങ്ങളും മനുഷ്യനു ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങളാണെന്നും മനുഷ്യനു കീഴ്‌പ്പെട്ടവരാണെന്നുമുള്ള ബോധത്തെയാണ് ഗാഡ്ഗിൽ കുടഞ്ഞെറിഞ്ഞത്. ഗാഡ്ഗിൽ അടിമുടി ഒരു പ്രായോഗികവാദിയായിരുന്നു, ഒരിക്കലും ഒരു റൊമാന്റിക് പ്രകൃതിവാദി ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഡോക്ടറേറ്റ് തന്നെ മാത്തമാറ്റിക്കൽ ഇക്കോളജി ആന്റ് ഫിഷ് ബിഹേവിയറിലാണ്. ശാസ്ത്രവും പ്രകൃതിയോടുള്ള മമതയും തുല്യ അളവിൽ പഠനകാലം മുതൽ പുലർത്തിയ അസാധാരണ വ്യക്തിത്വമാണ് ഗാഡ്ഗിൽ. സാധാരണക്കാർക്ക് പ്രവേശനം ഇല്ലാത്ത ലാബുകളിലും റിസർച്ച് ജേണലുകളിലും മറ്റു പ്രമുഖ മാഗസിനിലുകളിലും മാത്രം നിറഞ്ഞാടിയ ഒരു ശാസ്ത്രശാഖയെ ജനകീയമാക്കിയതും , ജനാധിപത്യവൽക്കരിച്ചതുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

ഗാഡ്ഗിലും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കേരളത്തിൽ അങ്ങോളമിങ്ങോളം, വീട്ടകങ്ങളിൽ കൂടി ചർച്ചയാവുന്ന ഒരുകാലം. മനുഷ്യൻ പ്രകൃതിയുടെ ഉടമയല്ല, ചുരുങ്ങിയത് പടച്ചവൻ ഭൂമിയുടെ പട്ടയം മനുഷ്യനു നൽകിയിട്ടില്ല എന്ന ബോധം സമൂഹത്തിലേക്ക് പടർത്തുന്നതിൽ മാധവ് ഗാഡ്ഗിൽ വിജയിക്കുന്നു എന്നതിലെ അപകടം മണത്ത ചർച്ച് ഗാഡ്ഗിലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ച കാലം. 2014 സെപ്റ്റംബർ 16-നാണ് അദ്ദേഹം ഐ.ഐ.എം കോഴിക്കോട് സന്ദർശിക്കുന്നത്, സംവദിക്കുന്നത്. വിഷയം ‘മൂവിങ്ങ് ഫ്രം എ പ്രിഡേറ്ററി റ്റു എ മൂച്വലിസ്റ്റിക് ഇക്കണോമി’ തികച്ചും അക്കാദമികവും ഗവേഷണപരവുമായ വീക്ഷണകോണിൽനിന്നുമുള്ള ഒരു ഗംഭീര പ്രഭാഷണം. സമാനമായ സെമിനാർ, സിമ്പോസിയം വേളകൾ മാധ്യമങ്ങളുടെപോലും ശ്രദ്ധ പതിയാറില്ല എങ്കിലും അന്ന് പാരിസ്ഥിതിക വിഷയത്തിൽ താല്പര്യമുള്ള കേരളത്തിലെ പലകോണിൽനിന്നുമുള്ള പലരും മാധ്യമങ്ങൾ ഒന്നടങ്കവും സന്നിഹിതരായിരുന്നു, ഗാഡ്ഗിലിനെ കേൾക്കാൻ.

അദ്ദേഹത്തെ സ്വീകരിക്കാൻ ഞാനായിരുന്നു അന്നു പോയത്. സുരക്ഷയിലെ ആശങ്കകൾ കണക്കിലെടുത്ത് എയർപോർട്ടിൽനിന്നും നേരെ ക്യാമ്പസിലേക്ക് എത്തുക, വഴിയിൽ അദ്ദേഹത്തിന് ചായയോ മറ്റോ കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ സുരക്ഷിതമായ ഏതെങ്കിലും ഒരിടത്താവണം എന്നൊക്കെയായിരുന്നു തീരുമാനം. കാറിലിരുന്ന് ഒരു സൗഹൃദ സംഭാഷണത്തിനുശേഷം അദ്ദേഹം പറയുന്നു: “നമുക്കു വഴിയിലെ പെട്ടിക്കടയിൽനിന്നുമൊരു ചായ ആയിക്കൂടെ, ഒരു ചുടുചായ കുടിച്ചിട്ട് കുറെ നേരമായി.” സർ, ചില്ലറ സുരക്ഷാപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് നമുക്കൊരു സുരക്ഷിതമായ ഇടത്ത് ആയിക്കൂടെ എന്ന എന്റെ ചോദ്യത്തിന് മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു. “അങ്ങനെ ആർക്കെങ്കിലും രണ്ടു തരണമെന്നു വെച്ചാൽ നമുക്കു രണ്ടുപേർക്കുംകൂടി അതങ്ങ് വാങ്ങിക്കൂടെ” എന്നൊരു പ്രതികരണവും. ചുരുങ്ങിയത് ഡസന്‍ അകമ്പടി ശകടങ്ങളും സുരക്ഷാസംവിധാനങ്ങളുമായി നടുറോഡിൽ പലരും ജനാധിപത്യം വിളയിക്കുന്ന രംഗങ്ങൾ കാണുമ്പോൾ എനിക്ക് ആ നിമിഷം ഓർമവരും. റോഡരികിൽ കാർ നിർത്തി, സമീപത്തെ ഒരു ചെറിയ ചായക്കടയിൽ ഞങ്ങൾ കയറി. ചായ കുടിക്കവെ, ചായ കൊണ്ടുവന്നയാൾ വന്നു പതിയെ ചോദിച്ചു, പരിസ്ഥിതിയുടെ ഗാഡ്ഗിൽ സാറല്ലേ അത്. ഇറങ്ങവെ ചായക്കാശ് കൊടുക്കാൻ പോയപ്പോൾ കാഷ്യർ പറഞ്ഞു: ചായ ഞങ്ങളുടെ വക. മലയാളി അല്ലാത്ത, മലയാളിക്ക് സുപരിചിതനായ രാഷ്ട്രീയക്കാരൻ അല്ലാത്ത, മലയാളിക്ക് സുപരിചിതനായ സാംസ്കാരിക നായകൻ അല്ലാത്ത ഒരാളോടുള്ള കേരളത്തിന്റെ, മലയാളിയുടെ ആദരവ് എന്നെ ഞെട്ടിച്ച ഒരു നിമിഷമായിരുന്നു അത്. എന്റെ പല ധാരണകളേയും തിരുത്തിയ ഒരു നിമിഷവും.

Gadgil
ഗാഡ്ഗില്‍ ഒരു പഴയ ചിത്രം Google

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഗാഡ്ഗിൽ

പരിസ്ഥിതി ചർച്ചകൾ ശാസ്ത്രീയ പദാവലികളിലും പിടികിട്ടാത്ത കണക്കുകളിലും വിരസമായ കാലത്ത്, സരസമായി ഗാഡ്ഗിൽ സംവദിച്ചു. പ്രഭാഷണങ്ങളിലും എഴുത്തുകളിലും കാണുന്ന മൃദുവെങ്കിലും മൂർച്ചയേറിയ ഹാസ്യം പലപ്പോഴും അധികാരത്തേയും കപടവികസനത്തേയും കടന്നാക്രമിച്ചു. ഗാഡ്ഗിലിന്റെ ഹാസ്യം പരിഹാസാത്മകമാണ് “നിയമങ്ങൾ ഉണ്ടാക്കുന്നത് നടപ്പാക്കാൻ വേണ്ടിയല്ല, അവയെ മറികടക്കാൻ വേണ്ടിയാണ്” എന്ന തരത്തിലുള്ള വാചകങ്ങൾ ചിരിപ്പിമ്പോൾത്തന്നെ ഭരണസംവിധാനങ്ങളുടെ പൊള്ളത്തരത്തെ വെളിപ്പെടുത്തുന്നു. വികസനവേഗവാദത്തിന്റെ കാപട്യത്തെ അതിമനോഹരമായി അദ്ദേഹം അടിച്ചിരുത്തിയതിങ്ങനെ: “ഓടേണ്ടതിന്റെ എതിർദിശയിലാണ് നിങ്ങളോടുന്നതെങ്കിൽ, വേഗതകൊണ്ട് കാര്യമൊന്നുമില്ല.”

അദ്ദേഹത്തിനു ശാസ്ത്രം ജനങ്ങളിലേക്കുള്ള ഭാഷകൂടി ആയിരുന്നു. നർമബോധം ശാസ്ത്രത്തെ ജനസൗഹൃദമാക്കുകയായിരുന്നു. ചിന്തിപ്പിക്കുന്ന ഭാഷയിലൂടെ, ചിരിപടർത്തുന്ന പ്രയോഗങ്ങളിലൂടെ അദ്ദേഹത്തിന്റെ വാക്കുകൾ അക്കാദമിക് വേദികളിൽനിന്ന് ഗ്രാമസഭകളിലേക്കും ആദിവാസി സമൂഹങ്ങളിലേക്കും എത്തി. ശാസ്ത്രത്തിനെ അദ്ദേഹം ജനാധിപത്യവല്‍ക്കരിച്ചത് ലളിതഭാഷയിലൂടെയും നർമബോധത്തിലൂടെയുമാണ്.

മെൻഡാ-ലെഖ പോലുള്ള ഗ്രാമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഗാഡ്ഗിലിന്റെ ഹാസ്യം ജനാധിപത്യ തത്വത്തെ അതിന്റെ സകല കരുത്തോടേയും പ്രസരിപ്പിക്കുന്നതാണ്. “ദില്ലി-മുംബൈ ഹമാരി, ഹമാരേ ഗാവ് മേ ഹമാരി സർക്കാർ” എന്നു ചിരിയായി പറയുമ്പോൾ വികേന്ദ്രീകൃത ജനാധിപത്യം എങ്ങനെ പ്രവർത്തിക്കണമെന്നു വിളിച്ചുപറയുകയാണ്. ഗാഡ്ഗിലിന്റെ ഹാസ്യം ഗാന്ധിയൻ രാഷ്ട്രീയബോധത്തോട് ചേർന്നുനിൽക്കുന്നു. ചിരിയിലൂടെ അധികാരത്തെ കൊച്ചാക്കിക്കളയുന്നു, സത്യത്തെ ലളിതമാക്കുന്നു. മൂർച്ചയുള്ള ചോദ്യങ്ങൾ ഒരു ചിരിയോടെ ചോദിക്കുമ്പോഴാണ് അവ ഏറ്റവും ശക്തമാകുന്നത്.

ഹാർവാർഡ് മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജിയിലെ മത്സ്യങ്ങളുടെ ക്യൂറേറ്ററായിരുന്ന ഗൈൽസ് മീഡാണ് ഗാഡ്ഗിലിനെ ഹാർവാർഡ് സർവകലാശാലയിൽ ചേരാൻ പ്രേരിപ്പിച്ചത്. മീഡിനു കീഴിൽ ഗവേഷണം നടത്താൻ ആദ്യം ഉദ്ദേശിച്ച ഗാഡ്ഗിൽ, പിന്നീട് ഹാർവാർഡിൽ വില്യം ബോസെർട്ടിനെ ഗൈഡായി സ്വീകരിച്ച് ഗണിതശാസ്ത്ര പരിസ്ഥിതി ശാസ്ത്രത്തിലും മത്സ്യ സ്വഭാവത്തിലും ഡോക്ടറേറ്റ് നേടുകയായിരുന്നു. ആ ഹാർവാർഡ് പഠനവും പരിശീലനവും ആവാം അദ്ദേഹത്തെ ഡാറ്റയിലും ജനകീയ പങ്കാളിത്തത്തിലും കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ ജനാധിപത്യ പരിസ്ഥിതിയുടെ വക്താവാക്കിയത്. മാധവ് ഗാഡ്ഗിൽ വിശേഷിപ്പിക്കപ്പെടുന്നത് ‘പശ്ചിമഘട്ടത്തിന്റെ മനസ്സാക്ഷി’ ആയാണ്. ഇന്ത്യയുടെ പരിസ്ഥിതിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കേവലം അക്കാദമിക് മാത്രമല്ല, അവ നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക വ്യവഹാരങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ട്.

Image of Gadgil And sulochan
വിവാഹിതരായ ഗാഡ്ഗിലും സുലോചനയും അച്ഛനൊപ്പം Samakalika Malayalam Weekly

നരവംശകേന്ദ്രിത വീക്ഷണവും മതചൂഷണങ്ങളും

ആന്ത്രോപോസെൻട്രിസം അഥവാ നരവംശകേന്ദ്രിതം എന്നത് മനുഷ്യനെ കേന്ദ്രബിന്ദുവാക്കിയ പുരാതന ഗ്രീക്ക് വീക്ഷണമാണ്. നരവംശകേന്ദ്രിതമായ പ്രപഞ്ചവീക്ഷണത്തിന് മനുഷ്യമേധാവിത്വമായി മാറുക എളുപ്പവും സ്വാഭാവികവുമായിരുന്നു. ഒരു നരവംശ കേന്ദ്രിത വീക്ഷണകോണിലൂടെ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യരാശിയെ മറ്റുള്ളവയെക്കാൾ ശ്രേഷ്ഠമായ സൃഷ്ടിയായി കാണുന്നു, മറ്റു ജീവജാലങ്ങളേയും പ്രകൃതി വിഭവങ്ങളേയും മനുഷ്യർക്ക് ഉപയോഗിക്കാനുള്ളവയായി മാത്രം കാണുന്നു. സ്വാഭാവികമായി മനുഷ്യൻ അടിമുടി പ്രകൃതിവിരുദ്ധനായി പരിണമിക്കുന്നു.

പൗരാണിക ഇന്ത്യൻ ബോധ്യങ്ങൾ പക്ഷേ, ഇതിനു വിരുദ്ധമാണ്. പ്രകൃതി മനുഷ്യകേന്ദ്രിതമല്ലെന്നു മാത്രമല്ല, പ്രപഞ്ചത്തിലെ സർവതും ആരാധനയ്ക്ക് അർഹവുമാണ്, ഇഴയുന്ന വിഷപ്പാമ്പുമുതൽ ചൂടും വെളിച്ചവും പകരുന്ന സൂര്യചന്ദ്രാദികൾ വരെയും. ഈ പ്രപഞ്ചത്തിലെ സർവചരാചരങ്ങളിലും ഒരേ ചൈതന്യം, ബ്രഹ്മം തന്നെയാണ് കുടികൊള്ളുന്നത് എന്ന് അദ്വൈതം പഠിപ്പിക്കുന്നു. മനുഷ്യനും മൃഗങ്ങളും മരങ്ങളും പുഴകളുമെല്ലാം തുല്യരാണെന്ന ‘ഈശാവാസ്യം ഇദം സർവ്വം’ (ഈ പ്രപഞ്ചമെല്ലാം ഈശ്വരനാൽ നിറഞ്ഞിരിക്കുന്നു) എന്ന ബോധം പരിസ്ഥിതി കേന്ദ്രീകൃതമായ ഒന്നാണ്. വസുധൈവ കുടുംബകം, ലോകം മുഴുവൻ ഒരു കുടുംബമാണെന്ന സങ്കല്പം മനുഷ്യരെ മാത്രമല്ല, പ്രകൃതിയിലെ എല്ലാ ഘടകങ്ങളേയും ഉൾക്കൊള്ളുന്നതാണ്. എന്നാൽ, ഇതൊക്കെയും കടലാസുകളിൽ അല്ലാതെ തെരുവിൽ കാണുക പതിവില്ലെന്നതാണ് ദുരന്തം. സൂക്തങ്ങളിൽ ഇതൊക്കെ കാണുമെങ്കിലും ജാതിതിരിച്ച് അടുത്ത വീട്ടിലെ, ഊരിലെ മനുഷ്യനെത്തന്നെ കാണുന്നിടത്ത് ദർശനങ്ങളൊക്കെയും കേവലം ഹിന്ദുമതമായി ചുരുങ്ങുകയായിരുന്നു, ആ ദുരവസ്ഥ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.

കാവുകളെക്കുറിച്ചുള്ള ഗാഡ്ഗിലിന്റെ നിരീക്ഷണങ്ങൾ, പഠനങ്ങൾ ഇതോടൊപ്പം ചേർത്തു വായിക്കണം. പുരാതന കാലത്ത് മനുഷ്യൻ പ്രകൃതിയെ ഭയത്തോടും ഭക്തിയോടുംകൂടി കണ്ടിരുന്നു. കാവുകളിൽ മരം മുറിക്കാനോ മൃഗങ്ങളെ വേട്ടയാടാനോ പാടില്ല എന്ന നിയമം ഒരു കേവല പ്രാകൃതബോധമായിരുന്നില്ല, ജൈവവൈവിധ്യം നിലനിർത്താനുള്ള ഒരു പാരമ്പര്യരീതിയായിരുന്നു. മറ്റു മതങ്ങളെ അനുകരിച്ചും മത്സരിച്ചും ഹിന്ദുമതവും പ്രായോഗികതലത്തിൽ വൻതോതിൽ ‘നരവംശകേന്ദ്രിത’മായി മാറി. അതായത്, കാവുകൾ വെട്ടിത്തെളിച്ച് വൻക്ഷേത്രങ്ങൾ നിർമിക്കുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴകളിൽ നിക്ഷേപിക്കുന്നതും ഭക്തിയുടെ ഭാഗമായി മാറി. മതം പ്രകൃതിയെക്കാൾ മനുഷ്യന്റെ സൗകര്യങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഒരൊറ്റ പൊങ്കാല സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതത്തെ ഇല്ലാതാക്കാൻകൂടി നമുക്കു കഴിയുന്നില്ല. അയ്യപ്പന്റെ പൂങ്കാവനം മലീമസമാക്കുന്നത് ആരാണ്? തത്ത്വത്തിൽ പ്രകൃതികേന്ദ്രിതമാണെങ്കിലും പ്രവൃത്തിയിൽ ഹിന്ദു നരവംശകേന്ദ്രിതമായി മാറിയിരിക്കുന്നു. പരിസ്ഥിതി തകരുമ്പോൾ ആത്യന്തികമായി മനുഷ്യനും നശിക്കുമെന്ന ഗാഡ്ഗിലിന്റെ മുന്നറിയിപ്പ് പൗരാണിക പ്രകൃതിസംരക്ഷണ സന്ദേശങ്ങളുമായി ചേർന്നുനിൽക്കുന്നതാണ്. കാവുകളെ അതീവപ്രാധാന്യത്തോടെ, അത് അങ്ങനെത്തന്നെ തുടരേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം നിരന്തരം ഓർമിപ്പിച്ചത്, അങ്ങനെയൊന്ന് പുനർസൃഷ്ടിക്കുക സാധ്യമല്ലെന്ന തിരിച്ചറിവിൽനിന്നുമാണ്. നമ്മുടെ കാവുകളിലേയും അമ്പലങ്ങളിലേയും ഇക്കോസിസ്റ്റത്തെ, തകർത്തുകൊണ്ടാണ് നരവംശകേന്ദ്രിതമായ ഭക്തിക്കച്ചവടം മുന്നേറിയത്. പ്രകൃതിയെ തകർത്തുകൊണ്ടുള്ള വികസന സങ്കല്പങ്ങളുടെ ഭക്തിപ്പതിപ്പാണത്. പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിനെ എതിർക്കാൻ ചില മതസംഘടനകൾ മുന്നോട്ട് വന്നത് ഗാഡ്ഗിൽ ചൂണ്ടിക്കാണിച്ചിരുന്നു. മനുഷ്യന്റെ സാമ്പത്തിക ലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുന്നത് ശരിയാണെന്ന തോന്നൽ ഇത്തരം ഇടങ്ങളിൽ പ്രകടമാകുന്നു.

Image of Gadgil And Sulochan
പേരക്കുട്ടികളോടൊപ്പം ഗാഡ്ഗിലും സുലോചനയും സമകാലിക മലയാളം വാരിക

ഹിംസാത്മകത നിന്നും പാരസ്പര്യ സമ്പദ്‌വ്യവസ്ഥയിലേക്ക്

നമ്മുടെ വലിയ പ്രതിസന്ധിക്ക് അദ്ദേഹത്തിനു നിർദേശിക്കാനുള്ള പരിഹാരം ഏതാനും പേർക്ക് ഗുണകരമാവുന്ന, മറ്റുള്ളവർക്ക് ദോഷകരമാവുന്ന ഹിംസാത്മക സമ്പദ്‌വ്യവസ്ഥയിൽനിന്ന് എല്ലാവർക്കും ഗുണകരമാവുന്ന, പരസ്പര സഹകരണത്തിലധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുകയാണ്. പ്രകൃതിവിഭവങ്ങളെ നശിപ്പിച്ചുകൊണ്ടുള്ള വികസനം ദീർഘകാലം നിലനിൽക്കില്ലെന്നു സാരം. നിലവിലെ സാമ്പത്തിക മാതൃകയെ ‘ഹിംസാത്മകം’ എന്നു വിളിക്കാൻ മതിയായ കാരണങ്ങൾ അദ്ദേഹത്തിനുണ്ട്. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, വൻകിട കരാറുകാർ എന്നിവരടങ്ങുന്ന അപ്രതിരോധ്യമായ ഒരു ത്രികോണാധികാരത്തിന്റെ ചുഴിയിലേക്ക് വെള്ളവും മണ്ണും വനവും വഴുതിപ്പോവുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വൻകിട കരാറുകാരും ചേർന്നുണ്ടാവുന്ന ഭീകരസത്വത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഓമ്‌നിവോറസ്, സർവഭുക്കുകൾ എന്നാണ്, എന്തുമെത്രയും ഭക്ഷിക്കുന്നവർ. ഒരു ചെറിയ വിഭാഗം ആളുകൾ രാജ്യത്തിന്റെ വിഭവങ്ങളെല്ലാം സ്വന്തമാക്കുമ്പോൾ ആ മണ്ണിൽ ജീവിക്കുന്ന സാധാരണക്കാർ ‘പരിസ്ഥിതി അഭയാർത്ഥികളായി’ മാറുന്നു. വൻകിട ഡാമുകൾക്കും മൈനിംഗിനും വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഇതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിഥികളായി വാക്കുകളിൽ നമ്മൾ വിശേഷിപ്പിക്കുമെങ്കിലും നമുക്ക് ബംഗാളികളും ബീഹാറികളും ആസാമികളും ഉണ്ടായത് അങ്ങനെയാണ്. അദ്ദേഹം പ്രഭാഷണം തുടങ്ങിയതുതന്നെ വികസനത്തിന്റെ സ്‌കെയിൽ പൊതുജനത്തിന്റെ സന്തോഷമായിരിക്കണം എന്നു പറഞ്ഞുകൊണ്ടാണ്. ഏതൊരാൾക്കും കാലാവസ്ഥപോലെ മാറിമാറിവരുന്നതാണ് സന്തോഷവും ദു:ഖവുമെല്ലാം. പരമാനന്ദം പക്ഷേ, ഏതാനും ചിലർക്കും പരമദുഃഖം സ്ഥായിയായി ബഹുഭൂരിപക്ഷത്തിനും എന്നത് വികസനത്തിന്റെ ലക്ഷണമല്ല, രോഗം തന്നെയാണ്. അതൊരു വികസന മാതൃകയുമല്ല.

കേരളത്തിന്റെ ഭൂപ്രകൃതിയെ അത്രയേറെ പഠിച്ച ഗാഡ്ഗിൽ ലോകത്തിന്റെ നന്മ മാത്രം ആഗ്രഹിച്ച്, ആദരവുകളുടെ ആരവങ്ങളില്ലാതെ വിടവാങ്ങിയ വേളയിൽ നമ്മൾ ചിന്തിക്കേണ്ടതുണ്ട്. 1970-ൽ ഉരുക്കുവനിതയെന്നു പേരെടുത്ത ഇന്ദിരാഗാന്ധി വരെ സൈലന്റ് വാലി പദ്ധതി ഉപേക്ഷിച്ചത് നമുക്കറിയാം. അതായിരുന്നു ശരി എന്ന് പിന്നീട് തെളിഞ്ഞതുമാണ്. ജനാധിപത്യ സർക്കാരുകൾ പൊതുജനാഭിപ്രായമറിഞ്ഞ് പദ്ധതികൾ നടപ്പാക്കുകയാണ് വേണ്ടത്, പൊതുജനാഭിപ്രായം ഉല്പാദിപ്പിക്കുക ഫാസിസത്തിന്റെ രീതിയാണ്. നാടിന്റെ ഭൂപ്രകൃതി മാറ്റിമറിച്ചു നടത്തുന്ന പദ്ധതികൾ കേവലം ചിലർക്ക് സാമ്പത്തിക വിജയമായി മാറുമ്പോൾ സാമൂഹികമായി അതൊരു ദുരന്തമാവുന്നത് നിരവധി ഖനികളുടേയും അണക്കെട്ടുകളുടേയും ഉദാഹരണങ്ങളിലൂടെ ഗാഡ്ഗിൽ നിരന്തരം ഓർമിപ്പിച്ചു. പരിസ്ഥിതി നാശത്തിന്റെ കൃത്യമായ സാമ്പത്തിക നഷ്ടം മനസ്സിലാക്കാനുള്ള ലോകസ്വീകാര്യമായ ഒരു മാർഗമില്ല. ഉള്ള പദ്ധതികളുടെ കൃത്യമായ വിനിയോഗം ഉണ്ടാവുന്നില്ലെന്നതിന് ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഫ്ലാറ്റുകളുംപോലെ ഉദാഹരണമായി കിടക്കുന്നുണ്ട് പഴയ കനാലുകൾ തന്നെയും. നമ്മുടെ പ്രാഥമിക പരിഗണന പാരിസ്ഥിതികാഘാതം കുറഞ്ഞ, ഉയർന്ന സോഷ്യൽ റിട്ടേൺസ് സാധ്യമാവുന്ന പദ്ധതികൾക്കാവണം. ഭൂമിശാസ്ത്രപരമായ ദൂരം ചരിത്രമായ ഐടി യുഗത്തിലാണ് നമ്മൾ, ലോകത്തിന്റെ ഏതു കോണിലിരുന്നും ഓൺലൈനായി കാര്യങ്ങൾ മിക്കതും, ചികിത്സ വരെയും നടത്താവുന്ന കാലം. ലോകം അങ്ങനെ മാറുമ്പോൾ വികസനവും അതിനുതകുന്നതായിരിക്കണം. ആ ബോധം ഏതാനും വിദഗ്ദ്ധരുടെ തലയിൽനിന്നു ഖനനം ചെയ്യേണ്ടതല്ല, അത് പൊതുജീവിതം കടഞ്ഞെടുക്കേണ്ടതാണ്. ഗാഡ്ഗിൽ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത് അതാണ്.

ലോകം പ്രൊഡക്റ്റ്, ഉല്പാദനത്തിന്റെ തോതിൽ വികസനത്തെ അടയാളപ്പെടുത്തുമ്പോൾ ഭൂട്ടാനിൽ അത് ഹാപ്പിനസ്, ജനതയുടെ സന്തോഷമാണ് എന്ന് അദ്ദേഹം ഓർമിപ്പിക്കാറുണ്ട്. ഭൂട്ടാന്റെ ഗ്രോസ് നാഷണൽ ഹാപ്പിനസ് അഥവാ മൊത്തം ദേശീയ സന്തോഷം എന്ന സൂചിക കേവലം സാമ്പത്തിക വളർച്ചയിലല്ല, മറിച്ച് മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിയിലാണ് ഊന്നുന്നത്. നാലു തൂണുകളിലാണ് ഭൂട്ടാന്റെ ഹാപ്പിനെസ് ഇൻഡക്സ് - ജനകേന്ദ്രീകൃതമായ നയങ്ങളുടെ നല്ല ഭരണം, പരിസ്ഥിതി സംരക്ഷണം, പരമ്പരാഗത ബുദ്ധമത മൂല്യങ്ങൾ, സാമൂഹിക ഐക്യം നിലനിർത്തൽ. ഏതു വികസന പദ്ധതി നടപ്പിലാക്കുമ്പോഴും അത് ജനങ്ങളുടെ സന്തോഷത്തേയും പരിസ്ഥിതിയേയും എങ്ങനെ ബാധിക്കുമെന്ന് സർക്കാർ കൃത്യമായി പരിശോധിക്കുന്നു. കൃത്യമായ നിയമവാഴ്ചയും അഴിമതിയില്ലാത്ത ഭരണവും ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും മാനസിക സമാധാനം നൽകുകയും ചെയ്യുന്നു. ലോകത്തിലെ ഏക ‘കാർബൺ നെഗറ്റീവ്’ രാജ്യമാണ് ഭൂട്ടാൻ. അതായത്, പുറത്തുവിടുന്നതിനെക്കാൾ കൂടുതൽ കാർബൺ ഡയോക്‌സൈഡ് ഭൂട്ടാനിലെ വനങ്ങൾ വലിച്ചെടുക്കുന്നു. രാജ്യത്തിന്റെ മൊത്തം ഭൂഭാഗത്തിന്റെ 60 ശതമാനമെങ്കിലും വനമായിരിക്കണമെന്ന് ഭൂട്ടാന്റെ ഭരണഘടന അനുശാസിക്കുന്നു. പ്രകൃതി നശിച്ചാൽ മനുഷ്യന്റെ സന്തോഷം തകരുമെന്ന ബോധം ഭൂട്ടാൻ ജനതയ്ക്കുണ്ട്. ശുദ്ധമായ വായുവും വെള്ളവും പ്രകൃതിരമണീയമായ അന്തരീക്ഷവും അവരുടെ ജീവിതനിലവാരം ഉയർത്തുന്നു. ബുദ്ധമത ദർശനങ്ങൾ ഭൂട്ടാനിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. മിതത്വം അഥവാ മിഡിൽപാത്ത് ആർത്തി ഉപേക്ഷിക്കാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും അവരെ പഠിപ്പിക്കുന്നു. ഭൗതികമായ മത്സരങ്ങൾ കുറയ്ക്കാനും സമാധാനം വർദ്ധിപ്പിക്കാനുമിത് സഹായിക്കുന്നു. എല്ലാ ജീവജാലങ്ങളോടും കരുണയെന്ന ബുദ്ധോപദേശം പരിസ്ഥിതിയോടും പക്ഷിമൃഗാദികളോടുള്ള അവരുടെ കരുതലായി മാറുന്നു. തനിമയാർന്ന സംസ്കാരത്തിന്റെ തുടർച്ച ജനതയില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നു. ഭൂട്ടാനിൽ കുടുംബബന്ധങ്ങൾക്കും സമൂഹത്തിനും വലിയ പ്രാധാന്യമുണ്ട്. ആപല്‍ഘട്ടങ്ങളിൽ പരസ്പരം സഹായിക്കുന്ന ഈ ‘സോഷ്യൽ സപ്പോർട്ട് സിസ്റ്റം’ മാനസിക സമ്മർദം കുറയ്ക്കുന്നു. ചുരുക്കത്തിൽ, പണംകൊണ്ട് മാത്രം അളക്കുക സാദ്ധ്യമല്ലാത്ത ‘സമാധാനം, സംതൃപ്തി, സുസ്ഥിരത’ എന്നിവ ഭൂട്ടാനെ, അവരുടെ ഹാപ്പിനസ് ഇൻഡക്സിനെ ലോകത്തെ വ്യത്യസ്തമാക്കുന്നു.

കേവലം എട്ട് ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള ഒരു പർവതസാമ്രാജ്യമായ ചെറിയ ഭൂട്ടാനെ അപേക്ഷിച്ച് 145 കോടി ജനതയുടെ വലിയ ഇന്ത്യയ്ക്ക് പരിമിതികളുണ്ടാവാം. വൈവിദ്ധ്യങ്ങളുടെ ഇന്ത്യയിൽ ഭൂട്ടാൻ മാതൃക സാധ്യമല്ലെങ്കിലും സുസ്ഥിരവികസന വിഷയത്തിൽ പ്രകൃതിയേയും മനുഷ്യനേയും ഒരുപോലെ കാണുന്ന ഭൂട്ടാൻ വീക്ഷണം ശ്രദ്ധേയമാണ്. സാമൂഹികമായി, അധികാര വികേന്ദ്രീകരണ വിഷയത്തിൽ, പാരിസ്ഥിതികാവബോധത്തിൽ, ആരോഗ്യകാര്യങ്ങളിൽ ഒക്കെ ഏറെ മുന്നേറിയ കേരളത്തിനു ചിലതൊക്കെ എളുപ്പം ചെയ്യാവുന്നതാണ്. എല്ലാ മനോഹരമായ ഭൂപ്രകൃതികൾക്കു പിന്നിലും അനിശ്ചിതത്വത്തിന്റേയും അപകടത്തിന്റേയും ഒരു നിഴൽ ഉണ്ട്. അത് ഭൂമികുലുക്കമായും മലയിടിച്ചലായും ഉരുൾപൊട്ടലായും നമ്മൾ അനുഭവിക്കുന്നുമുണ്ട്. ഉരുൾപൊട്ടൽ ഭീതിയോ പ്രളയഭീതിയോ ഇല്ലാതെ ഉറങ്ങാൻ കഴിയുകയെന്നത് ആ മേഖലയിലുള്ളവർക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. ഗാഡ്ഗിൽ നിർദേശിച്ചതുപോലെ, പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വലിയ പ്രാധാന്യമുണ്ട്. ഗ്രാമസഭകളിൽ ജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് സർക്കാർ തലത്തിൽ കൃത്യമായ അംഗീകാരം ലഭിക്കുന്നു എന്നുറപ്പാവണം. നാടിന്റെ വികസനത്തിൽ തനിക്ക് പങ്കുണ്ടെന്ന ബോധം നാട്ടുകാർക്ക് സംതൃപ്തി പകരും, ആത്മവിശ്വാസവും. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്നിലാണെന്നതുപോലെ തന്നെ മാനസിക സമ്മർദത്തിലും ആത്മഹത്യയിലും നമ്മൾ പിന്നിലുമല്ല. സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം ജനങ്ങൾ എത്രത്തോളം മാനസിക സമാധാനം അനുഭവിക്കുന്നു എന്നത് പ്രധാനമാണ്. ശുദ്ധവായുവും വെള്ളവും വിഷരഹിത ഭക്ഷണവും ഏവർക്കും ലഭിക്കുന്ന വിഭവനീതി ഉറപ്പാവേണ്ടതാണ്. സ്വന്തം നാട്ടിൽ ഉല്പാദിപ്പിക്കുന്ന വിഭവങ്ങൾ സമൂഹത്തിനു ലഭ്യമാകുന്നത് ഭൗതികമായ സന്തോഷത്തിനപ്പുറം ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കും. നിലവിൽ ‘ഏറ്റവും കൂടുതൽ നികുതി പിരിക്കുന്ന പഞ്ചായത്ത്’ അല്ലെങ്കിൽ ‘ഏറ്റവും കൂടുതൽ റോഡുകൾ നിർമിച്ച ജില്ല’ എന്നൊക്കെ നേട്ടങ്ങളെ എണ്ണുന്നതുമാറി ഏറ്റവും കുറഞ്ഞ മാനസിക സമ്മർദമുള്ള ഗ്രാമം അല്ലെങ്കിൽ മാനസികോന്മേഷമുള്ള നഗരം എന്നതിലേക്ക് നമ്മുടെ വികസന കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്.

ഭൂട്ടാന്റെ ഹാപ്പിനെസ്സ് ഇൻഡക്സിനേയും സംസ്കാരത്തേയും ഒക്കെ വാഴ്ത്തുമ്പോഴും ഭൂട്ടാന്റെ ആളോഹരി ആനന്ദം ഇന്ത്യൻ വ്യവസായങ്ങളേയും തൊഴിലാളികളേയും ആശ്രയിച്ചിരിക്കുന്നു എന്നതൊരു സത്യമാണ്. പരമാനന്ദത്തിന്റെ പർവതങ്ങളും താഴ്വരകളും വിട്ട് ഉന്നത വിദ്യാഭ്യാസം നേടി, മറ്റിടങ്ങളിലേക്ക് കുടിയേറി പരമ്പരാഗതമായ ആനന്ദവീക്ഷണത്തിന് അപ്പുറം ചില ലക്ഷ്യങ്ങളിൽ പരമാനന്ദം തിരയുകയാണ് ഭൂട്ടാനിലെ പുതിയ തലമുറ എന്നതും ഒരു യാഥാർത്ഥ്യമാണ്. തിക്കുംതിരക്കുമില്ലാത്ത ശാന്തമായ ഭൂട്ടാനിസ് ജീവിതം സാധ്യമാക്കുന്നത് സദാചലനാത്മകമായ, ശബ്ദായമാനമായ ഇന്ത്യയാണ്. രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ എന്ന ഗാന്ധിവചനത്തിന് നേർസാക്ഷ്യമാണ് ഭൂട്ടാൻ. ലോകത്തെ ഏറ്റവും വലിയ ഭാഗ്യം സമാധാനപരമായി സന്തോഷപൂർവം ജീവിക്കാൻ ആവുകയാണ്. വിശ്വാസത്തിന്റെ വേരുകളുടെ ആഴമാണ് എങ്ങും മാറ്റത്തിന്റെ വേഗപ്പൂട്ട്. ബുദ്ധന്റെ സ്വാധീനം ആധുനിക വികസന പ്രവണതയ്ക്ക് ഒരു വേഗപ്പൂട്ടായി ഭൂട്ടാനിൽ വർത്തിക്കുന്നുണ്ട്.

Image of gadgil
കൂട്ടുകാര്‍ക്കൊപ്പം. വലത്തു നിന്ന് രണ്ടാമത് ഗാഡ്ഗില്‍ Google

അറിവിന്റെ വികേന്ദ്രീകരണം, ശാസ്ത്രചിന്ത, സാമാന്യബുദ്ധിയും

ജനാധിപത്യം അർത്ഥവത്താകണമെങ്കിൽ വിവരങ്ങൾ സുതാര്യമാകണം. പശ്ചിമഘട്ട റിപ്പോർട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹം ഏറെ ശ്രമിച്ചു. വിവരം വിരൽത്തുമ്പിലുള്ളവർക്കേ വിരൽ ചൂണ്ടുക സാധ്യമാവൂ. ആർ.ടി.ഐ ആക്ട് പ്രകാരം നല്‍കിയ വിവരാവകാശാപേക്ഷയിൽ ഒടുവിൽ ഒരു സി.ഐ.സി വിധിയിലൂടെ മാത്രം ഗാഡ്ഗിൽ റിപ്പോർട്ട് ലഭ്യമായിടത്താണ് നമ്മുടെ സിസ്റ്റം പരാജയപ്പെടുന്നത്, ജനാധിപത്യവും. ശാസ്ത്രീയമായ അറിവുകൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാകണം. എങ്കിൽ മാത്രമേ ഒരു ഗ്രാമീണന് തന്റെ കൃഷിയിടത്തിൽ എന്തു സംഭവിക്കുന്നു എന്നു തിരിച്ചറിയാൻ കഴിയൂ. അതിലൊക്കെ നമ്മളേറെ മുന്നേറിയ സംസ്ഥാനമാണ്. മഹാരാഷ്ട്രയിലെ മെൻഡ-ലേഖ ഗ്രാമത്തിലെ ജനങ്ങൾ സംഘടിക്കുകയും തങ്ങളുടെ വനവിഭവങ്ങളുടെമേൽ അധികാരം നേടിയെടുക്കുകയും ചെയ്തു. ഇത്തരത്തിൽ അധികാരം വികേന്ദ്രീകരിക്കുമ്പോഴാണ് ചൂഷണം അവസാനിക്കുന്നത്.

ശാസ്ത്രവും സാമാന്യബുദ്ധിയും പരസ്പരപൂരകങ്ങളാണ്. അറിവ് ശാസ്ത്രജ്ഞർക്കു മാത്രമാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. വനത്തിനുള്ളിൽ ജീവിക്കുന്ന ഒരാൾക്ക് അവിടുത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് ഒരു പ്രൊഫസറെക്കാൾ കൂടുതൽ അറിവുണ്ടാകാം. ആ രണ്ടറിവുകളേയും യോജിപ്പിക്കുമ്പോഴാണ് ‘ജനകീയ ശാസ്ത്രം’ സാധ്യമാവുന്നതെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. പശ്ചിമഘട്ട റിപ്പോർട്ടിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെട്ടു. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനവും വൻകിടനിർമാണങ്ങളും നിയന്ത്രിക്കണം എന്നത് പ്രദേശത്തെ കർഷകരുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു എന്നതു മറച്ചുപിടിച്ച് കർഷകരെ റിപ്പോർട്ടിനെതിരായി തിരിച്ച സംഘടിത പ്രവര്‍ത്തനമാണ് ദൗർഭാഗ്യവശാൽ നമ്മൾ കണ്ടത്. പിന്നീടുണ്ടായ പ്രകൃതിദുരന്തങ്ങൾ ആ മുന്നറിയിപ്പുകളുടെ ബാക്കിപത്രമായതും. ഗാഡ്ഗിൽ ശരിയാണെന്നു പറഞ്ഞ, റിപ്പോർട്ടിനെ അനുകൂലിച്ച പി.ടി. തോമസ് എന്ന അതികായന്റെ രാഷ്ട്രീയഭാവിയെ അതെങ്ങനെ ബാധിച്ചു എന്നുകൂടി നമ്മൾ ആലോചിക്കണം. നമുക്കു വേണ്ടത് വികസനത്തിന് എതിരല്ലാത്ത, പരിസ്ഥിതിയെ നശിപ്പിക്കാത്ത ഒരു മാതൃകയാണ്.

നമുക്ക് ചെയ്യാവുന്നത്,

ഗാഡ്ഗിൽ നിരന്തരം ഓർമിപ്പിച്ചത്

വികസനം മുകളിൽനിന്നു താഴേയ്ക്ക് പതിച്ചുവരുന്ന ഒന്നാവരുത്. താഴെനിന്ന് മുകളിലോട്ട് ഒഴുകി ജനകീയപ്രസ്ഥാനം തന്നെയാവേണ്ട ബോധമാണ് സുസ്ഥിരവികസനമെന്ന് ഗാഡ്ഗിൽ ഓർമിപ്പിക്കുന്നു. പാടങ്ങൾ നികത്തുമ്പോൾ കേവലം താല്‍ക്കാലികമായ സാമ്പത്തിക നേട്ടത്തെ നമ്മൾ കാണുന്നു, സുസ്ഥിരമായ ജൈവ-പാരിസ്ഥിതിക-ആരോഗ്യത്തെ, ജനതയുടെ സ്വാസ്ഥ്യത്തേയും സൗഖ്യത്തേയും നമ്മൾ കാണാതേയും പോവുന്നു. പോയതിനെ പോസ്റ്റ്‌മോർട്ടം ചെയ്യുകയല്ല, നിലവിലുള്ളത് സംരക്ഷിക്കുകയാണ് നമ്മുടെ ദൗത്യം. നിലവിലുള്ള പാടങ്ങൾ, തണ്ണീർത്തടങ്ങൾ, തോടുകൾ, മരങ്ങൾ, കാവുകൾ, കുളങ്ങൾ ഒക്കെയും. പരിസ്ഥിതിയുടെ മുന്നണിപ്പോരാളികൾ കർഷകരാവട്ടെ, പരിസ്ഥിതിയും കൃഷിയും ഒരേ കൈകളിലാവുമ്പോൾ അവശേഷിക്കുന്ന പാടശേഖരങ്ങളും ഭൂമിയും സംരക്ഷിക്കുക അവരുടെത്തന്നെ ഉത്തരവാദിത്വമാവും. വളരെ അത്യാവശ്യത്തിനല്ലാതെ, പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുകയില്ലെന്ന് നമുക്കു തീരുമാനിക്കാവുന്നതേയുള്ളൂ.

കുട്ടികളിൽ പരിസ്ഥിതി അവബോധം ചെറുതിലേ നമുക്കു സൃഷ്ടിക്കാം. ഹ്രസ്വമായ ആയുസ്സുമായി ജനിക്കുന്ന ഒരു ചിത്രശലഭത്തിന്റെ ഹൃദ്യമനോഹാരിതയെ, കടുവയെന്ന മഹാത്ഭുതത്തെ, അതിന്റെ രൗദ്രഭംഗിയെ കടഞ്ഞെടുത്ത പ്രകൃതിയെന്ന മഹാകലാകാരനെ, മാധുര്യത്തിന്റെ അവസാന വാക്കായ തേനിനെ, പ്രകൃതിയുടെ എന്‍ജിനീയറിങ്ങ് വിസ്മയമായ തേനീച്ചക്കൂടുകളെപ്പറ്റിയൊക്കെ കുട്ടികളെ പഠിപ്പിക്കാം. അവയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ നിസ്സാരരാണെന്നും. അച്ചടക്കത്തിന്റെ, കൂട്ടായ പ്രവർത്തനത്തിന്റെ, ഭാവിയാസൂത്രണങ്ങളുടെ മഹാമാതൃകയായ ഉറുമ്പുകൾ കൂടിയുമില്ലാത്ത ഒരു ഭൂമിയിൽ മനുഷ്യന് അതിജീവനം സാധ്യമല്ലെന്നു കുഞ്ഞിലേ പഠിപ്പിക്കുക. ഈ വലിയ ലോകത്തെ ചെറിയ മനുഷ്യരാണ് നാമെന്നു പഠിപ്പിക്കുക. ഈ ലോകവും അതിലുള്ള സകല ജീവികളും നമുക്കു കീഴ്‌പ്പെട്ടതാണെന്ന്, നമുക്കുവേണ്ടിയാണെന്ന് പഠിപ്പിക്കാതിരിക്കുക. ചെറുതിലേ മതം തലയിൽ കയറിയ മതമനുഷ്യർ പൊതുസമൂഹത്തിന് ഭാവി ഭീഷണിയാവാതിരിക്കാൻ, പകരം ചെറുതിലേ പ്രകൃതിയറിവുകൾ പകരാം. അവർ മനുഷ്യസ്നേഹത്തിന്റെ, പ്രകൃതിസ്നേഹത്തിന്റെ പുതിയ പതാകവാഹകരാവട്ടെ. മുഴുവൻ ലോകത്തിനും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, അത്യാഗ്രഹത്തിന് ഉള്ളത് ഇല്ലതാനും എന്ന ഗാന്ധിവചനം ഗാഡ്ഗിൽ വിടവാങ്ങുന്ന വേളയിലും നമുക്ക് ഓർക്കാം, ആവർത്തിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com