

തലയിൽ ചോരയൊഴുകുന്ന മുറിവുകളുമായി, അതേ ചോരയുറവയിൽനിന്ന് ഇരട്ടി വീര്യത്തോടെ ഉയർന്നുവന്ന ഒരു പെൺകുട്ടിയുടെ മുഖം രാജ്യം അത്ര പെട്ടെന്നൊന്നും മറക്കില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജെ.എൻ.യുവിന്റെ ഇടനാഴികളിൽ ഭയത്തിന്റെ ഇരുമ്പുദണ്ഡുകൾ കാതടപ്പിച്ചു പെയ്തിറങ്ങിയ ആ കറുത്ത രാത്രിയിലും തലകുനിക്കാതെ, രാജ്യത്തെ സമരം ചെയ്യുന്ന യൗവ്വനങ്ങളുടെ നെഞ്ചുറപ്പായി മാറിയ ഐഷി ഘോഷ്. മുറിവേറ്റ പുഞ്ചിരിയോടെ ഭരണകൂടത്തിന്റെ കണ്ണുകളിലേക്ക് വിരൽചൂണ്ടി പ്രതിരോധത്തിന്റെ പുതിയ വ്യാകരണമെഴുതിയ ആ ധീരത ജന്തര്‍ മന്ദറില്‍ നടന്ന ആദ്യസമരത്തിലും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇപ്പോഴത്തെ പോരാട്ടത്തിലും സജീവമാണ്. സമരത്തിനിടെ കേരളത്തില്‍ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അവര്‍ സമകാലിക മലയാളത്തോട് ഡല്‍ഹിയിലെ സമരത്തെക്കുറിച്ചും സംഘടനാരാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ വിശദമായി സംസാരിച്ചു. പ്രസക്ത ഭാഗങ്ങള്‍
വോട്ടർപട്ടികയിലെ ക്രമക്കേടുകളെത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇപ്പോൾ വൻ പ്രതിഷേധങ്ങൾ നടക്കുകയാണല്ലോ. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഈ പ്രത്യേക പോരാട്ടത്തിൽ പങ്കുചേരേണ്ടത് അത്രയേറെ പ്രാധാന്യമുള്ള സംഗതിയാണെന്ന് വിദ്യാർത്ഥി സംഘടനകള്‍ക്കു തോന്നിയത് എന്തുകൊണ്ടാണ്?
വോട്ടവകാശം എന്നത് ഇരുപത്തിയഞ്ചോ മുപ്പതോ വയസ്സിനു മുകളിലുള്ളവരെ മാത്രം ബാധിക്കുന്ന ഒന്നല്ലല്ലോ. നമ്മുടെ ജനാധിപത്യം ആരോഗ്യത്തോടെ നിലനിൽക്കുമോ എന്നത് സംബന്ധിച്ച ഏറ്റവും അടിസ്ഥാനപരമായ ചോദ്യമാണത്. അതുകൊണ്ടാണ് കാമ്പസ് വിഷയങ്ങൾക്കപ്പുറം കടന്ന് ഈ വിശാലമായ ജനാധിപത്യ പോരാട്ടത്തിൽ പങ്കുചേരേണ്ടത് അനിവാര്യമാണെന്ന് വിദ്യാർത്ഥിസമൂഹം തിരിച്ചറിഞ്ഞത്.
ഇത്തരം പ്രക്ഷോഭങ്ങളെ ആളുകൾ പലപ്പോഴും നോക്കിക്കാണുന്നത് താൽക്കാലികമായോ ഉടനടിയുള്ളതോ ആയ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്—ഉദാഹരണത്തിന്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ഉടൻ നേടിയെടുക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ച്. എന്നാൽ, ഒരു വിദ്യാർത്ഥി പ്രവർത്തക എന്ന നിലയിൽ ഞാൻ നോക്കുന്നത് സമരത്തിന്റെ ഭാഗമായി എന്താണ് സംഭവിക്കുന്നത് എന്നാണ്. ഈ സമരം വിദ്യാർത്ഥികളെ കൂടുതൽ ഭയരഹിതരും സമൂഹത്തെ വിമർശനാത്മകമായി കാണുന്നവരും അങ്ങേയറ്റം സർഗാത്മകതയുള്ളവരുമാക്കി മാറ്റുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയപ്പോൾ സ്വാതന്ത്ര്യം ലഭിച്ചത് ഒറ്റ വർഷം കൊണ്ടല്ല—അതിന് ഒരിരുനൂറ് വർഷത്തെ നിരന്തര പോരാട്ടം വേണ്ടിവന്നില്ലേ? ആ ഇരുനൂറ് വർഷത്തെ പ്രതിരോധത്തിലൂടെയാണ് ഇന്ത്യ ഒരു ജനാധിപത്യ സംസ്കാരവും ഭരണഘടനാ മൂല്യങ്ങളും ഉണ്ടാക്കിയെടുത്തത്. അങ്ങനെയൊരു ദീർഘകാല ജനാധിപത്യ ബോധ്യമാണ് നാം ഇന്ന് ഇവിടെ നിർമിച്ചെടുക്കുന്ന യഥാർത്ഥ വിജയം.
ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച വലിയൊരു പോരാട്ടത്തിൽ വിദ്യാർത്ഥികള്‍ അടുത്തിടെ വിജയം കണ്ടല്ലോ. ഈ വിജയം രാജ്യത്തുടനീളമുള്ള വിദ്യാർത്ഥി പ്രവർത്തകരുടെ മനോവീര്യത്തിലും ആത്മവിശ്വാസത്തിലും എന്തു മാറ്റമാണ് ഉണ്ടാക്കിയത്?
ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥി പോരാട്ടങ്ങളുടെ അന്തരീക്ഷത്തേയും രീതിയേയുമൊക്കെ അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. ബഹുജന പ്രക്ഷോഭങ്ങൾക്ക് ഭരണകൂടത്തെ മുട്ടുകുത്തിക്കാൻ കഴിയുമെന്ന് അത് എല്ലാവർക്കും കാണിച്ചുകൊടുത്തിരിക്കുന്നു. മാത്രമല്ല, മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സമഗ്രാധികാരസ്വഭാവം പുലര്‍ത്തുന്ന ഒരു ഭരണകൂടത്തെ നേരിടുന്നതിനു വിദ്യാർത്ഥികളേയും സാധാരണക്കാരേയും ഒരു പരിധിവരെ ധൈര്യമുള്ളവരാക്കി മാറ്റാനും ആ സമരത്തിനു കഴിഞ്ഞിട്ടുണ്ട്. പഴയപോലെ അല്ല; ആളുകൾക്കിനി ഭരണകൂടത്തെ പേടിയില്ല.
എന്തായാലും ഇവിടേയും വിദ്യാർത്ഥികൾ ഒട്ടും പിറകോട്ട് പോകുന്നില്ല; തങ്ങൾക്കെതിരെ ഭരണകൂടം എന്തൊക്കെ പ്രചാരണങ്ങൾ അഴിച്ചുവിട്ടേക്കാമെന്നതിനെക്കുറിച്ചൊന്നും അവർക്ക് ആശങ്കയില്ല. മുൻപ് ‘രാജ്യവിരുദ്ധർ’ എന്നു മുദ്രകുത്തപ്പെടുമോ എന്ന പേടി ഉണ്ടായിരുന്നെങ്കിൽ, ഇന്ന് വിദ്യാർത്ഥികൾ ആ ആഖ്യാനത്തെത്തന്നെ തിരിച്ചുപിടിച്ചുകൊണ്ട് ധീരമായി പറയുന്നു, “രാഷ്ട്രത്തിനും ജനാധിപത്യ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്നത് രാജ്യവിരുദ്ധതയാണെങ്കിൽ, ഞങ്ങളിതാ രാജ്യവിരുദ്ധരാകാൻ തയ്യാറാണ്” എന്ന്. പേടിയിൽനിന്നും വെല്ലുവിളിക്കാനുള്ള പ്രാപ്തിയിലേക്കുള്ള ഈ മാനസികമായ മാറ്റം വിദ്യാർത്ഥി രാഷ്ട്രീയത്തെ സംബന്ധിച്ച് വലിയൊരു ഗുണപരമായ മുന്നേറ്റമാണ്.
മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും വിദ്യാർത്ഥി പ്രവർത്തകരെ ‘രാജ്യവിരുദ്ധർ’ എന്നും ‘തുക്ഡെ-തുക്ഡെ ഗ്യാങ്’ എന്നും മുദ്രകുത്തിയിരുന്നു. ഈ ആഖ്യാനത്തെ പൊളിച്ചെഴുതാനും സാധാരണ ഇടത്തരക്കാരായ ജനങ്ങളിലേക്ക് എത്തിച്ചേരാനും വിദ്യാർത്ഥി പ്രസ്ഥാനത്തിന് എന്തുകൊണ്ടാണ് ബുദ്ധിമുട്ടേണ്ടിവന്നത്?
മോദി ഗവണ്മെന്റ് ഈ അടവ് അമിതമായി പ്രയോഗിച്ചതുകൊണ്ടുതന്നെ ആ ആഖ്യാനം വലിയൊരളവോളം തകർന്നടിഞ്ഞിരിക്കുകയാണ്. എന്തു വിഷയത്തിനു സമരം ചെയ്യാൻ ഇറങ്ങിയാലും പ്രതിഷേധിക്കുന്ന ഓരോരുത്തരേയും ഭരണകൂടം ഇന്ന് ‘രാജ്യവിരുദ്ധര്‍’ എന്നു വിളിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ആരോപണങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാൻ സാധാരണ ജനത്തിന് ഇപ്പോൾ കഴിയുന്നുണ്ട്.
ഇതിനു വ്യക്തമായൊരു ഉദാഹരണമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ നടത്തിയ പത്രസമ്മേളനം. എസ്.ഐ.ആർ വിരുദ്ധ പ്രതിഷേധങ്ങൾക്കു പിന്നിൽ നുഴഞ്ഞു കയറ്റക്കാരാണെന്നും അവരെ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധിയും ഇടതുപക്ഷവും ശ്രമിക്കുന്നതെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇന്ദിരാഗാന്ധിയും ഇതേ തന്ത്രമാണ് ഉപയോഗിച്ചിരുന്നത്; തന്റെ രാഷ്ട്രീയ എതിരാളികളെ പലപ്പോഴും ‘വിദേശ ശക്തികളുടെ’ സ്വാധീനത്തിലുള്ള രാജ്യവിരുദ്ധരാണെന്ന് അവർ നിരന്തരം പറയുമായിരുന്നു, അക്കാലത്തും ജനങ്ങൾ അതിനെ ചെറുത്തുതോല്‍പ്പിച്ചിട്ടുണ്ട്. എനിക്ക് ആഭ്യന്തരമന്ത്രിയോട് പറയാനുള്ളത് വളരെ ലളിതമാണ്. രാജ്യത്ത് ഇപ്പോഴും നുഴഞ്ഞുകയറ്റക്കാരുണ്ടെന്നാണ് താങ്കൾ പറയുന്നതെങ്കിൽ, ആ ചോദ്യം സമരം ചെയ്യുന്ന ഞങ്ങൾക്കു നേരെയല്ല, ആഭ്യന്തരമന്ത്രിയായ താങ്കൾക്കു നേരെയാണ് ഉയരുന്നത്. രാജ്യത്തിനു സുരക്ഷ ഉറപ്പാക്കുക എന്നത് താങ്കളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. നുഴഞ്ഞുകയറ്റക്കാർ ഇപ്പോഴും ഉണ്ടെങ്കിൽ, അത് ആഭ്യന്തരമന്ത്രി എന്ന നിലയിൽ താങ്കളുടെ പരാജയമാണ് കാണിക്കുന്നത്. അതുകൊണ്ട് വിയോജിക്കാനുള്ള അവകാശം വിനിയോഗിക്കുന്ന പൗരന്മാരെ കുറ്റപ്പെടുത്തുന്നതിനു പകരം അദ്ദേഹം രാജിവെയ്ക്കുകയാണ് വേണ്ടത്.
ജെ.എന്‍.യു വിലും മറ്റ് സര്‍വകലാശാലകളിലും ഇന്നു നിലനില്‍ക്കുന്ന ഭരണപരമായ പുതിയ ചട്ടങ്ങളുടേയും കടുത്ത നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ജനാധിപത്യപരമായ യഥാര്‍ത്ഥ കാമ്പസ് സംസ്കാരത്തെ സംരക്ഷിക്കാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നു കരുതുന്നുണ്ടോ, അതോ ആ പോരാട്ടം പതുക്കെ പരാജയപ്പെടുകയാണോ?
ബി.ജെ.പിയും ആർ.എസ്.എസും അധികാരത്തിലിരിക്കുമ്പോൾ കാമ്പസുകളിലെ ജനാധിപത്യ സംസ്കാരത്തിനു കനത്ത നഷ്ടം സംഭവിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് അതിരുകടന്ന കാവിവൽക്കരണവും വാണിജ്യവൽക്കരണവും ഭരണപരമായ സ്വേച്ഛാധിപത്യവുമാണ് നമ്മള് കാണുന്നത്. ജെ.എൻ.യുവിൽ വിദ്യാർത്ഥി യൂണിയൻ നടത്തുന്ന നിരാഹാര സമരം ഇപ്പോൾ 13-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഈ കാമ്പസ് പ്രതിസന്ധികൾ ഒറ്റപ്പെട്ട ഒരു സംഭവമല്ല. വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് നടപ്പിലാക്കാൻ ശ്രമിക്കുന്ന നയങ്ങളുമായി, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ വെട്ടിച്ചുരുക്കൽ, സർവകലാശാലാ ഭരണത്തിലെ പ്രശ്നങ്ങൾ, കോർപ്പറേറ്റ് താല്പര്യങ്ങൾക്കായി ക്ഷേമപദ്ധതികളുടെ ഫണ്ടുകൾ വെട്ടിക്കുറയ്ക്കൽ എന്നിവയുമായിട്ടാണ് ഇവ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള തീവ്ര വലതുപക്ഷ ഭരണകൂടങ്ങളുടെ സ്വാഭാവിക ശൈലിയാണിത്. ജെ.എൻ.യുവിലെ സ്ഥിതിഗതികൾ വളരെ നിർണായകമാണെങ്കിലും വിദ്യാർത്ഥികളുടെ നിരന്തരമായ ചെറുത്തുനിൽപ്പിലൂടെ അവിടുത്തെ ജനാധിപത്യ സ്വഭാവം ഇന്നും സജീവമായി നിലനിൽക്കുന്നുണ്ട്. എസ്.എഫ്.ഐ, ഐസ, ഡി.എസ്.എഫ് എന്നിവരുള്‍പ്പെടുന്ന ഇടതുപക്ഷ ഐക്യം വരാനിരിക്കുന്ന കാമ്പസ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുമെന്നതില്‍ സംശയമില്ല.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് കാമ്പസ് രാഷ്ട്രീയത്തിൽനിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളാണല്ലോ ഐഷി. ഒരു സ്വതന്ത്ര വിദ്യാർത്ഥി നേതാവായിരിക്കുന്നതിനെ അപേക്ഷിച്ച്, ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് അഭിപ്രായമുണ്ടോ?
ഇല്ല, സി.പി.ഐ.എം. എന്ന പാർട്ടിയുടെ ഭാഗമായത് എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരു തരത്തിലും പരിമിതപ്പെടുത്തുകയുണ്ടായിട്ടില്ല. യാതൊരുവിധ കൂട്ടായ ഉത്തരവാദിത്വവുമില്ലാത്ത അരാജകത്വ ശൈലിയിൽ എനിക്ക് വിശ്വാസവുമില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ കൃത്യമായ ജനാധിപത്യമുണ്ട്. പാർട്ടി കമ്മിറ്റികളിലെ ആഭ്യന്തര ചർച്ചകളിൽ തുറന്നു സംസാരിക്കാനും ശക്തമായി വാദിക്കാനും ആശയങ്ങളുടെ മാറ്റുരയ്ക്കലിനും പാര്‍ട്ടി അംഗങ്ങള്‍ക്ക് പൂർണ സ്വാതന്ത്ര്യവുമുണ്ട്.
എന്നാൽ, ഒരു സംഘടന എന്ന നിലയിൽ എപ്പോഴും ഒടുവിൽ കൂട്ടായ ഒരു തീരുമാനത്തിലേക്ക് നമ്മള് എത്തിച്ചേരും. ഒരു യുദ്ധമുന്നണിയില്‍ നിൽക്കുന്ന പട്ടാളക്കാര്ക്കിടയിലുണ്ടാകേണ്ട ലക്ഷ്യത്തേയും പ്രവര്ത്തനമാര്ഗത്തേയും കുറിച്ചുള്ള അഭിപ്രായ ഐക്യംപോലെയാണത്. ഒരു വെടി ഉതിർക്കേണ്ട ഘട്ടത്തിൽ പത്തുപേർ പത്തു വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? അതുപോലെതന്നെയാണ് ഏതൊരു തൊഴിലിടത്തിലും നാം പാലിക്കുന്ന എത്തിക്സ്. ഒരു മീറ്റിംഗിൽ നിങ്ങൾക്ക് സഹപ്രവർത്തകരോടോ ബോസിനോടോ തർക്കിക്കാം, സ്വന്തം ആശയം പാസ്സാക്കാൻ ശ്രമിക്കാം. എന്നാൽ, കൂട്ടായ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ സംഘടനയുടെ അച്ചടക്കത്തോടെ അതിനൊപ്പം നിൽക്കാൻ നമുക്കു സാധിക്കണം. ഈ അച്ചടക്കത്തെയാണ് പുറത്തുനിന്നുള്ള വിമർശകർ കർക്കശമായ സ്വേച്ഛാധിപത്യമെന്ന് തെറ്റിദ്ധരിക്കുന്നത്. എന്നാൽ, അത് വെറുമൊരു അച്ചടക്കമല്ല, ഡെമോക്രാറ്റിക് സെൻട്രലിസമാണ്. ഉള്ളിൽ ആഭ്യന്തര ജനാധിപത്യം അനുവദിക്കുന്ന ചർച്ചകളും പുറത്ത് ഐക്യത്തോടെയുള്ള അച്ചടക്കമുള്ള പ്രവർത്തനവും.
ദുർഗാപൂർ എന്ന വ്യാവസായിക നഗരത്തിൽ വളർന്ന താങ്കൾ ഒരു തൊഴിലാളിവർഗ കുടുംബ പശ്ചാത്തലത്തിൽനിന്നാണ് വരുന്നത്. സാധാരണ തൊഴിലാളി കുടുംബങ്ങളുടെ ദൈനംദിന ജീവിത പോരാട്ടങ്ങൾ കണ്ടുവളർന്നത് താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസത്തിനായുള്ള പോരാട്ടങ്ങളേയും എങ്ങനെയാണ് രൂപപ്പെടുത്തിയത്?
ഞാൻ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽനിന്നാണ് വരുന്നത്. എന്റെ അച്ഛൻ ദുർഗാപൂരിലെ ദാമോദർവാലി കോർപ്പറേഷന്റെ തെർമൽ പവർ പ്ലാന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. 2020-ൽ അച്ഛന് റിട്ടയര്‍ ചെയ്തു. എന്റെ മാതാപിതാക്കൾ സജീവ പാർട്ടി പ്രവർത്തകരായിരുന്നില്ലെങ്കിലും ദുർഗാപൂർ എന്ന വ്യവസായ നഗരത്തിൽ വളർന്നതിനാലും ഇടതു മുന്നണി ഭരണകാലത്ത് അവിടെ പ്രവർത്തിച്ചിരുന്ന ഒരേയൊരു ട്രേഡ് യൂണിയൻ സി.ഐ.ടി.യു ആയിരുന്നതിനാലും തെർമൽ പ്ലാന്റിലെ തൊഴിലാളിയെന്ന നിലയിൽ അച്ഛന് സി.ഐ.ടി.യുവിൽ സാധാരണ അംഗത്വം ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഒരിക്കലും യൂണിയന്റെ ഭാരവാഹിയോ നേതാവോ ആയിരുന്നില്ല.
എന്നിരുന്നാലും ഒരു വ്യാവസായിക നഗരത്തിന്റെ പശ്ചാത്തലത്തിൽ വളർന്നുവന്നതുകൊണ്ട് കുട്ടിക്കാലം മുതൽക്കേ സാമൂഹ്യക്ഷേമം എന്ന ആശയത്തോടുള്ള ഒരു വലിയ പ്രതിബദ്ധത എനിക്കുണ്ടായി. സി.പി.ഐ.എമ്മിൽ ചേരുന്നതിനു വളരെ മുന്‍പുതന്നെ തൊഴിലാളികളുടെ ക്ഷേമത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഞാൻ. വളർന്നുവന്നപ്പോൾ എന്റെ ചിന്തകളുമായി ചേർന്നുനിൽക്കുന്ന ഇടം ഇടതുപക്ഷമാണെന്ന്, വിശേഷിച്ചും സി.പി.ഐ.എമ്മാണെന്ന് ഞാൻ തിരിച്ചറിയുകയും തൊഴിലാളികളുടെ അവകാശങ്ങൾക്കും സാധാരണക്കാർക്ക് പ്രാപ്യമായ വിദ്യാഭ്യാസത്തിനും വേണ്ടി പോരാടാനുള്ള വേദി അവിടെ കണ്ടെത്തുകയുമായിരുന്നു.
2021-ൽ പശ്ചിമ ബംഗാളിലെ ജാമുരിയയിൽനിന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് ഐഷി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഇന്നത്തെ ബംഗാളിലെ സങ്കീർണവും പലപ്പോഴും അക്രമം നിറഞ്ഞതുമായ രാഷ്ട്രീയ സാഹചര്യത്തിൽ, അവിടുത്തെ യുവാക്കളുടേയും തൊഴിലാളിവർഗത്തിന്റേയും വിശ്വാസം വീണ്ടെടുക്കുക എന്നത് ഇടതുപക്ഷത്തിന് എത്രത്തോളം പ്രയാസകരമാണ്?
ഞാനിപ്പോള്‍ പശ്ചിമബംഗാളിലെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ജാമുരിയയിൽനിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് എനിക്ക് വലിയൊരു രാഷ്ട്രീയ അനുഭവമായിരുന്നു. ഇന്ന് മീനാക്ഷി മുഖർജിയും ഞാനുമടങ്ങുന്ന യുവനേതൃനിര ബംഗാളിൽ താഴെത്തട്ടിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ പറയുന്ന കാര്യങ്ങളോട് അവിടുത്തെ ജനങ്ങൾ യോജിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാൽ, ജനങ്ങളുടെ വിശ്വാസം പൂർണമായി വീണ്ടെടുക്കാനും ബഹുജന സ്വാധീനം തിരിച്ചുപിടിക്കാനും സമയമെടുത്തേക്കാം.
പെട്ടെന്ന് കോടികൾ ഒഴുക്കി, പോസ്റ്ററുകൾകൊണ്ട് നാട് നിറച്ച് ഒറ്റ രാത്രികൊണ്ട് തെരഞ്ഞെടുപ്പുകൾ ജയിക്കുന്ന ഒരു ബൂർഷ്വാ പാർട്ടിയല്ല സി.പി.ഐ.എം. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സിനെപ്പോലുള്ള ബൂർഷ്വാ പാർട്ടികൾ തെരഞ്ഞെടുപ്പുകള്‍ എളുപ്പത്തിൽ ജയിക്കാൻ സിനിമാതാരങ്ങളെയൊക്കെയാണ് രംഗത്തിറക്കുന്നത്. കഴിഞ്ഞ രണ്ട് ടേമിലും ബംഗാളി സിനിമയിലെ എത്ര താരങ്ങള്ക്കാണെന്നോ ആ പാര്‍ട്ടി സീറ്റുകള്‍ നല്‍കിയത്. അവർ ഭൂരിഭാഗം സീറ്റുകളും നൽകിയത് സിനിമാതാരങ്ങള്ക്കായിരുന്നു. ദുൽഖർ സൽമാനോ ഷാരൂഖ് ഖാനോ നാളെ എവിടെയെങ്കിലും മത്സരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് അവരെ നേരത്തെ അറിയാവുന്നതുകൊണ്ട് അവർക്ക് സ്വാഭാവികമായും ഒരു മുൻതൂക്കം ലഭിക്കുമല്ലോ. ഇടതുപക്ഷത്തിന് അങ്ങനെയൊരു പ്രവർത്തനം സാദ്ധ്യമല്ല. അങ്ങനെ പ്രവര്‍ത്തിക്കാന്‍ പാടില്ല താനും. സി.പി.ഐ.എമ്മിനെ സംബന്ധിച്ച് പ്രത്യയശാസ്ത്ര വ്യക്തതയും അച്ചടക്കമുള്ള കേഡർമാരുമാണ് പ്രധാനം. തീര്‍ച്ചയായും പാർട്ടിയുടെ രാഷ്ട്രീയ വീക്ഷണം മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തിയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ക്ഷമയോടെയുള്ള നിരന്തര പ്രവർത്തനം ആവശ്യമാണ്. കൂടാതെ, നിയന്ത്രണമില്ലാത്ത കള്ളപ്പണവും പേശീബലവും ബൂത്തുപിടുത്തവും വോട്ട് തട്ടിയെടുക്കലുമെല്ലാം ഇന്നത്തെ പാർലമെന്ററി രാഷ്ട്രീയത്തെ വല്ലാതെ മലിനമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെവിടെയായാലും തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോൾ കഠിനപരിശ്രമം നടത്തേണ്ട അവസ്ഥയാണ്, മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി. ഒരു യുവനേതാവ് എന്ന നിലയിൽ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന യുവാക്കളെ ആകർഷിക്കാൻ ഇടതുപക്ഷം ഇനിയും മാറേണ്ടതില്ലേ?
വ്യക്തിപ്രഭാവത്തിനോ വാചാലതയ്ക്കോ മീഡിയ സെലിബ്രിറ്റി പദവിക്കോ താഴെത്തട്ടിലെ സംഘടനാശക്തിക്കു പകരമാവാൻ കഴിയില്ലെന്ന് ഇടതുപക്ഷം തിരിച്ചറിയണം. രാജ്യം മുഴുവൻ മാദ്ധ്യമശ്രദ്ധ കൊടുത്ത് പിന്തുണച്ചിരുന്ന സമയത്ത് കനയ്യ കുമാർ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ വാഗ്മിയായ വിദ്യാർത്ഥി നേതാവായിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹത്തിനു സംഭവിച്ച മാറ്റം നമ്മള് കണ്ടതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് താഴെത്തട്ടിൽ ശക്തമായ സംഘടനാ അടിത്തറയില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് ബഗുസരായിയിലോ 2024-ൽ ഡൽഹിയിലോ തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിഞ്ഞില്ല. വ്യക്തികളുടെ കരിസ്മ ഒന്നുകൊണ്ടുമാത്രം തെരഞ്ഞെടുപ്പുകൾ ജയിക്കാൻ കഴിയുമായിരുന്നെങ്കിൽ ബി.ജെ.പിക്ക് ഇത്ര വലിയ കേഡർ സംവിധാനമോ ആർ.എസ്.എസിന് ഇത്ര ശക്തമായ സംഘടനാശൃംഖലയോ രാജ്യത്ത് ഉണ്ടാക്കേണ്ട കാര്യമുണ്ടാകുമായിരുന്നില്ല.
നിലവിൽ ഇന്ത്യയിലെ വിദ്യാർത്ഥികളും യുവാക്കളും ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുന്നവരും രാഷ്ട്രീയ ജാഗ്രതയുള്ളവരുമായി മാറിയിട്ടുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ച്—പ്രത്യേകിച്ച് വിപുലമായ സംഘടനാസംവിധാനമുള്ള എസ്.എഫ്.ഐയെപ്പോലുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക്-ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ രാഷ്ട്രീയ ഉണർവിനെ എത്രയും വേഗം അച്ചടക്കമുള്ള സംഘടനാചട്ടക്കൂടിലേക്ക് കൊണ്ടുവരിക എന്നതാണ്. “വെയിലുള്ളപ്പോൾ തന്നെ വൈക്കോൽ ഉണക്കണം”; കാരണം ഈ അനുകൂല സാഹചര്യം എന്നേക്കുമായി നിലനിൽക്കുകയില്ല. ഭരണകൂടം വീണ്ടുമൊരു അടിച്ചമർത്തൽ നടത്തിയാൽ അസംഘടിതരായ വിദ്യാർത്ഥികൾ അഞ്ചടി പിന്നോട്ട് പോകും. യുവാക്കൾ രാഷ്ട്രീയത്തിൽ താല്പര്യമില്ലാത്തവരാണെന്നും സോഷ്യൽ മീഡിയയിൽ മാത്രമാണ് അവരുടെ ലോകമെന്നും കഴിഞ്ഞ മൂന്നോ നാലോ വർഷമായി സഖാക്കൾ പരാതിപ്പെടാറുണ്ടായിരുന്നു. എന്നാൽ, ഇന്നു വിദ്യാർത്ഥികൾ രാഷ്ട്രീയ ബദലുകൾ തേടാൻ തയ്യാറാകുന്നുണ്ട്. ആ ഊർജത്തെ സുദൃഢമായ സംഘടനാ സംവിധാനങ്ങളാക്കി മാറ്റിയെടുക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ, സി.പി.ഐ.എമ്മിന്റെ, എസ്.എഫ്.ഐയുടെയൊക്കെ ചുമതല.
ഡൽഹി വീണ്ടും തുടർച്ചയായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്കു മുന്‍പ് നാം കണ്ട പ്രക്ഷോഭങ്ങളിൽനിന്ന് നിലവിലെ സമരപരമ്പരയെ വ്യത്യസ്തമാക്കുന്നത് എന്താണ്?
ഏതാനും വർഷങ്ങൾക്കു മുന്‍പുള്ള പ്രക്ഷോഭങ്ങളിൽനിന്ന് ഇന്നത്തെ പോരാട്ടം തികച്ചും വ്യത്യസ്തവും ലക്ഷ്യത്തിലെത്തിക്കാന്‍ ഏറെ ശ്രമം ചെയ്യേണ്ടുന്ന ഒന്നുമാണ്. ബി.ജെ.പി ഭരണത്തിനു കീഴിൽ ജീവിക്കുകയും സമരം ചെയ്യുകയും ചെയ്യുക എന്നത് വളരെ പ്രയാസകരമാണ്. ഓരോ ദിവസവും കഠിനമായ പോരാട്ടമാണ്. ബി.ജെ.പിയല്ല അധികാരത്തിലുള്ളതെങ്കിൽ നമ്മുടെ ജീവിതം തികച്ചും വ്യത്യസ്തമായേനെ.
ഈ അടുത്തകാലത്തും വിദ്യാർത്ഥി സമരങ്ങൾ കത്തിനില്ക്കുമ്പോഴൊക്കെ മാധ്യമങ്ങൾ രാജ്യത്തെ ‘ദേശസ്നേഹികളും രാജ്യവിരുദ്ധരും’ എന്ന നിലയിൽ കടുത്ത ധ്രുവീകരണത്തിലേക്ക് തള്ളിവിട്ടിരുന്നു. ഭരണകൂടത്തിന്റെ പ്രതികാര നടപടികളിൽ വലിയ പേടിയും വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സമരതരംഗത്തിൽ ആ പേടി പൂർണമായും ഇല്ലാതായിരിക്കുന്നു. വിദ്യാർത്ഥികളും പൊതുജനങ്ങളും ഭയമില്ലാതെ തുറന്ന മനസ്സോടെയാണ് തെരുവിലിറങ്ങുന്നത്. കൂടാതെ, കാമ്പസ്സുകളുടെ അസംതൃപ്തി എന്ന നിലയില്‍ മാത്രം ഒതുങ്ങാതെ, സംയുക്ത കിസാൻ മോർച്ചപോലുള്ള കർഷകസംഘടനകളുമായും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളുമായും കൈകോർത്ത്, ജനാധിപത്യ സ്ഥാപനങ്ങളുടേയും ഭരണഘടനാ അവകാശങ്ങളുടേയും നിലനിൽപ്പ് ഉറപ്പാക്കാനുള്ള വിശാലമായ ഐക്യനിര സൃഷ്ടിച്ചെടുക്കുന്നു എന്നതാണ് ഈ പുതിയ പോരാട്ടത്തിന്റെ പ്രത്യേകത.
തൊഴിലാളിവർഗത്തിന്റെ യഥാർത്ഥവും ദൈനംദിനവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം സോഷ്യൽ മീഡിയ രോഷത്തിലും സ്വത്വരാഷ്ട്രീയത്തിലും അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് ആധുനിക ‘വോക്ക് ആക്ടിവിസം’ നിഷ്ഫലമാണെന്ന് പല വിമർശകരും വാദിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനം താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങളിൽനിന്നു വേർപെട്ടുനിൽക്കുന്നതാണെന്ന് പറയുന്നവരോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോ താഴെത്തട്ടിലെ സംഘടനാ അടിത്തറയോ ഇല്ലാതെ സോഷ്യൽ മീഡിയയിലെ വൈകാരിക പ്രതികരണങ്ങളിൽ മാത്രമായി ഒതുങ്ങുന്ന ആക്ടിവിസം കൊണ്ട് ഈ ഭരണകൂടത്തെ താഴെയിറക്കാൻ കഴിയില്ല എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, സംഘടനാപരമായ പരിശീലനമില്ലാത്തതുകൊണ്ട് മാത്രം സമരരംഗത്തേക്ക് ഇറങ്ങുന്ന സാധാരണക്കാരെ തള്ളിക്കളയാനോ മാറ്റിനിർത്താനോ ഇടതുപക്ഷ പ്രവർത്തകർ തയ്യാറാകരുത്. എല്ലാവരും തുടക്കത്തിലേ കേഡർമാരായി മാറാറില്ല.
ജന്തർ മന്ദർ 1.0 സമരത്തിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ ഒരിക്കലും എസ്.എഫ്.ഐയുടേയോ മറ്റ് ഇടതുപക്ഷ സംഘടനകളുടേയോ ഭാഗമായിരുന്നില്ല. നടക്കുന്ന അനീതിയുടെ കാതൽ അവർക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് അവർ തെരുവിലിറങ്ങിയത്. അവരെ ‘വോക്ക്’ എന്നോ അസംഘടിതരെന്നോ വിളിച്ച് മാറിനിന്നു കുറ്റപ്പെടുത്തുകയല്ല രാഷ്ട്രീയ പ്രവർത്തകർ ചെയ്യേണ്ടത്. മറിച്ച് അവരുടെ ഉള്ളിലെ ആ സ്വാഭാവിക രോഷത്തിനു രാഷ്ട്രീയ ദിശാബോധം നൽകുകയും അവരെ വിശാലമായ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റുകയുമാണ് വേണ്ടത്.
ഇടതുപക്ഷ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വെറും ശബ്ദകോലാഹലങ്ങൾ മാത്രമാണെന്നും അവ കാമ്പുള്ള രാഷ്ട്രീയ മാറ്റങ്ങളിലേക്ക് അപൂർവമായേ നയിക്കാറുള്ളൂ എന്നും പല രാഷ്ട്രീയ നിരീക്ഷകരും ദീർഘകാലമായി പറയാറുണ്ട്. സമീപകാല വിദ്യാർത്ഥി പ്രക്ഷോഭം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നയിച്ചുവെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും തങ്ങളുടെ പ്രസ്ഥാനത്തിനു യഥാർത്ഥ മാറ്റങ്ങൾ തുടർച്ചയായി കൊണ്ടുവരാൻ കഴിയുമെന്നും വിമർശകർക്കു മുന്നിൽ എങ്ങനെ തെളിയിക്കും?
ഇടതുപക്ഷം നിഷ്ഫലമാണെന്നും അവർക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നും അവർ ജെ.എൻ.യുവിൽ മാത്രമായി ഒതുങ്ങിയെന്നുമുള്ള വാദങ്ങൾ ലിബറൽ, കോർപറേറ്റ്, സെൻട്രിസ്റ്റ് ശക്തികൾ ബോധപൂർവം പടച്ചുവിടുന്ന പ്രചാരണങ്ങളാണ്. ഇടതുപക്ഷം ഒന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ബൂർഷ്വാ ശക്തികൾക്ക് സമൂഹത്തിനുമേൽ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യം നിലനിർത്താൻ കഴിയൂ. എസ്.എഫ്.ഐ മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യങ്ങൾ കോർപ്പറേറ്റ് വരേണ്യവർഗത്തിന് ദഹിക്കാത്തതുകൊണ്ടാണ്, വിശേഷിച്ചും ശതകോടീശ്വരന്മാർക്കുമേൽ കൂടുതൽ നികുതി ചുമത്തണമെന്ന ഞങ്ങളുടെ ആവശ്യം കാരണമാണ് എന്നെയോ ആദർശ് എം. സജിയേയോപോലുള്ള എസ്.എഫ്.ഐ നേതാക്കൾക്ക് മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇടം നൽകാത്തത്. കോർപ്പറേറ്റുകൾക്കുമേൽ യഥാർത്ഥത്തിൽ നികുതി ചുമത്താൻ ബി.ജെ.പിയോ കോൺഗ്രസ്സോ ഒരിക്കലും തയ്യാറാവില്ല. 2014-നു മുന്‍പ് ബി.ജെ.പി ടാറ്റയെ വിമർശിച്ചതുപോലെയോ ഇന്ന് രാഹുൽ ഗാന്ധി അദാനിയെ വിമർശിക്കുന്നതുപോലെയോ ഉള്ള വാചകക്കസർത്തുകൾ മാത്രമേ അവർ നടത്താറുള്ളൂ.
ബൂർഷ്വാ സർക്കാരുകൾക്കുമേൽ തന്ത്രപരമായ സമ്മർദം ചെലുത്തി ജനക്ഷേമ നയങ്ങൾ നടപ്പിലാക്കിക്കാൻ നിർബന്ധിതരാക്കുന്നതിലൂടെയാണ് ഇടതുപക്ഷം പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. തീവ്രമായ വർഗീയ-നവലിബറൽ നയങ്ങൾ പിന്തുടരുന്ന ബി.ജെ.പി-ആർ.എസ്.എസ്സുമായി അത് സാധ്യമല്ലെങ്കിലും മറ്റൊരു ഉള്ളടക്കമുള്ള വിശാലമായ മുന്നണികൾക്കുള്ളിൽ അത് സാധ്യമാണ്. ഒന്നാം യു.പി.എ ഭരണകാലത്ത് ഇടതുപക്ഷം പുറത്തുനിന്നു നൽകിയ നിർണായക പിന്തുണ കാരണമാണ് തൊഴിലുറപ്പ് പദ്ധതിപോലുള്ള ചരിത്രപരമായ ജനക്ഷേമ നിയമങ്ങൾ കൊണ്ടുവരാൻ യൂണിയന് ഗവണ്മെന്റിനു കഴിഞ്ഞത്. കാമ്പസ് തലത്തിൽ നോക്കുകയാണെങ്കിൽ, ഡൽഹി യൂണിവേഴ്സിറ്റിയിൽ മറ്റു ചില വിദ്യാർത്ഥി സംഘടനകൾക്കു ചുറ്റും വലിയ മാദ്ധ്യമ പുകഴ്ത്തലുകൾ ഉണ്ടായിരുന്നിട്ടും യഥാര്‍ത്ഥ ഇടതുപരിവേഷം അണിയിച്ചു നല്‍കിയിട്ടും താഴെത്തട്ടിലെ ചിട്ടയായ സംഘടനാ പ്രവർത്തനംകൊണ്ട് എസ്.എഫ്.ഐയ്ക്കാണ് കൂടുതൽ വോട്ടുകൾ നേടാൻ കഴിഞ്ഞത്. മാദ്ധ്യമങ്ങളുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങളിലല്ല, താഴെത്തട്ടിലെ സംഘടനാ പ്രവർത്തനത്തിലാണ് എസ്.എഫ്.ഐ ഉള്‍പ്പെടുന്ന പ്രസ്ഥാനങ്ങളുടെ പ്രസക്തി നിലനിൽക്കുന്നത് എന്നതിനു തെളിവാണിത്.
കഴിഞ്ഞ കുറച്ചുകാലമായി, മുൻകാല സമരങ്ങളിൽ മുഖ്യധാരയിലുണ്ടായിരുന്ന പ്രമുഖ ഐസ നേതാവായിരുന്ന ഷെഹ്ല റഷീദ് ഉൾപ്പെടെയുള്ള ചില വിദ്യാർത്ഥി നേതാക്കൾ ഒന്നുകിൽ രാഷ്ട്രീയം പൂർണമായി ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പ്രതിപക്ഷം ആര്‍ക്കെതിരെയാണോ പോരാടുന്നത്, അതേ ശക്തികൾക്കൊപ്പം ചേരുകയോ ചെയ്തതായി നമ്മള് കാണുന്നുണ്ട്, ഈ മാറ്റത്തെ താങ്കൾ എങ്ങനെ കാണുന്നു, വ്യക്തിപരമായ പ്രശസ്തിക്കായി വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഉപയോഗിക്കുന്നതായി കാണപ്പെടുമ്പോൾ സ്വന്തം അടിസ്ഥാന പ്രത്യയശാസ്ത്രത്തോട് വിശ്വസ്തത പുലർത്തുക എന്നത് എത്രത്തോളം പ്രയാസകരമാണ്?
കൂട്ടായ സമരങ്ങളിൽനിന്നു വ്യതിചലിച്ച് വ്യക്തിപരമായ താല്പര്യങ്ങൾക്കും കരിയറിനും പിന്നാലെ പോകുമ്പോൾ മാത്രമാണ് ഒരാൾക്ക് ഇടതുപക്ഷത്തോടുള്ള കൂറ് നഷ്ടപ്പെടുന്നത്. പാർട്ടിയിലെ ഉയർന്ന കമ്മിറ്റികളിൽ ഇരിക്കുന്നതിനെയാണ് പലരും ഐഡിയോളജിയോടുള്ള കൂറായി തെറ്റിദ്ധരിക്കുന്നത്. പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകരല്ലാത്തപക്ഷം അത്തരം അമിതബാദ്ധ്യതകളൊന്നും സാധാരണഗതിയില്‍ സംഘടന ഒരാളുടെമേൽ അടിച്ചേല്പിക്കാറില്ല. ഉദാഹരണത്തിന്, ഷെഹ്ല റഷീദ് അത്തരം കഠിനമായ സംഘടനാ ചുമതലകളുള്ള ഒരു കമ്മിറ്റിയിലും ഉണ്ടായിരുന്നില്ല. തൊഴിലാളികളുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും പ്രശ്നങ്ങൾക്കൊപ്പം നിലകൊള്ളുക എന്നത് മാത്രമാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. അതിനു പാർട്ടി അംഗത്വം പോലുമില്ലെങ്കിലും കുഴപ്പമില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളല്ലാതെ തന്നെ ലോകമെമ്പാടുമുള്ള എണ്ണമറ്റ കലാകാരന്മാരും എഴുത്തുകാരും കായികതാരങ്ങളും ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുന്നില്ലേ?
കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ തങ്ങളുടെ കച്ചവട താല്പര്യങ്ങൾക്കായി പെട്ടെന്ന് ഓരോ ഐക്കണുകളെ സൃഷ്ടിച്ചെടുക്കുന്നതാണ് യഥാർത്ഥ പ്രശ്നം. ദീപിക പദുക്കോണിനെ പത്തു ദിവസത്തേക്ക് ഐക്കണാക്കുന്നു, പിന്നീട് ഷെഹ്ല റഷീദിനെയാക്കുന്നു, ഇപ്പോൾ നേഹയെ ആക്കുന്നു. 2020-ൽ ജെ.എൻ.യുവിൽ വെച്ച് എനിക്കു നേരെ ആക്രമണമുണ്ടായപ്പോൾ വോഗ് മാഗസിനും ന്യൂയോർക്ക് ടൈംസുമൊക്കെ എന്നെക്കുറിച്ച് ഫീച്ചറുകൾ ചെയ്തിരുന്നു. എന്നാൽ, ബൂർഷ്വാ സമൂഹത്തിൽ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങൾ കച്ചവട താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് എനിക്കു വ്യക്തമായി അറിയാമായിരുന്നു. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നൂറിൽ തൊണ്ണൂറ്റൊമ്പത് വാർത്തകളും മുതലാളിത്തത്തെ പിന്തുണയ്ക്കുന്നതായിരിക്കും. ചെറുപ്പക്കാരായ ആക്ടിവിസ്റ്റുകളെ ഇത്തരത്തിൽ പെട്ടെന്ന് മാധ്യമതാരങ്ങളാക്കി മാറ്റുമ്പോൾ, അവർ നാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വലിയ പക്വത കാണിക്കുമെന്നുമൊക്കെ ആളുകൾ അനാവശ്യമായിട്ടങ്ങ് പ്രതീക്ഷിക്കുകയാണ്. സ്വാർത്ഥമതികളായ ചിലർ ഇത്തരം വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ വ്യക്തിപരമായ പ്രശസ്തിക്കുള്ള ഏണിയായോ കോൺഗ്രസ് പോലുള്ള ബൂർഷ്വാ പാർട്ടികളിലേക്ക് കയറിപ്പറ്റാനുള്ള ചവിട്ടുപടിയായോ ഉപയോഗിക്കുന്നുമുണ്ട്.
എന്റെ മുൻഗണനകൾ തുടക്കം മുതലേ ഏറെ വ്യക്തമാണ്. ഡൽഹിയിൽ ഇന്ത്യാ മുന്നണിയുമായി ബന്ധപ്പെട്ട യോഗങ്ങളിലോ പ്രക്ഷോഭങ്ങളിലോ പങ്കെടുക്കുമ്പോൾപോലും രാഹുൽ ഗാന്ധിക്കൊപ്പം ഫോട്ടോയെടുക്കാനോ സെൽഫിയെടുക്കാനോ ഞാൻ പോകാറില്ല. അടുത്ത ദിവസം അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആളാവാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ഒരു കമ്യൂണിസ്റ്റ് പ്രവർത്തകയെ സംബന്ധിച്ച് ഒരു ബൂർഷ്വാ നേതാവിനൊപ്പം ഫോട്ടോയെടുക്കുന്നത് യാതൊരു രാഷ്ട്രീയ ക്രെഡിറ്റോ അഭിമാനമോ അല്ല. നാളെ ഒരുപക്ഷേ, രാഹുല്‍ ഗാന്ധിയാണ് മോദിക്കു പകരം പ്രധാനമന്ത്രിയാകുന്നതെങ്കില്‍ ചിലപ്പോള്‍ ഇതേ നയങ്ങള്‍ തന്നെ നടപ്പാക്കിയേക്കാം. അന്ന് അവയെ എതിര്‍ക്കാന്‍ ഇന്ന് ഇത്തരത്തില്‍ രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ മറച്ചുപിടിക്കുന്ന ‘സ്നാപ്പു’കള്‍ തടസ്സമായേക്കാം. ബംഗാളിലും കേരളത്തിലുമൊക്കെ എന്റെ സഖാക്കൾ കോൺഗ്രസ്സിനെതിരെ താഴെത്തട്ടിൽ തെരുവിൽ പൊരുതുകയാണ്. അവരുടെ പ്രതിനിധി എന്ന നിലയിൽ ആ രാഷ്ട്രീയ പക്വതയും പ്രത്യയശാസ്ത്ര അതിരുകളും ഞാൻ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സഖാവ് സീതാറാം യെച്ചൂരിയെപ്പോലെയോ സഖാവ് എം.എ. ബേബിയെപ്പോലെയോ ഉള്ള കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നതിലാണ് ഞാൻ ആത്മാർത്ഥമായി അഭിമാനിക്കുന്നത്. അല്ലാതെ ഒരു ബൂർഷ്വാ നേതാവിനൊപ്പം നിന്ന് വ്യക്തിഗത നേട്ടമുണ്ടാക്കുന്നതിലല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates