എഴുത്ത് ജീവിതത്തിന്റെ സത്യസന്ധത നിലനിര്‍ത്താന്‍: അരുന്ധതി റോയ്
ഒരു റോക്ക്സ്റ്റാര്‍ പുസ്തകം, അരുന്ധതി റോയ് തന്റെ ഏറ്റവും പുതിയ പുസ്തകമായ 'മദര്‍ മേരി കംസ് ടു മി'യെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. ഈ ഓര്‍മക്കുറിപ്പിന്റെ ഹൃദയസ്ഥാനത്തുള്ളത് ഒരു യഥാര്‍ത്ഥ വ്യക്തിത്വമാണ്. അത്, അവര്‍ 'മിസിസ് റോയ്' എന്നു വിളിക്കുന്ന അവരുടെ അമ്മയാണ്.
ബീറ്റില്‍സിന്റെ പ്രശസ്തമായ 'ലെറ്റ് ഇറ്റ് ബി' എന്ന റോക്ക് ഗാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുസ്തകത്തിന് പേര് നല്‍കിയതെന്നും ഒരു സ്‌ക്രീനില്‍ തെളിഞ്ഞുവരുന്നതുപോലെയാണ് തനിക്ക് ആ പേര് ലഭിച്ചതെന്നും അരുന്ധതി റോയ് പറയുന്നു.
പോള്‍ മക്കാര്‍ട്ട്നിയുടെ ഒരു കഥ അവര്‍ ഓര്‍ത്തെടുക്കുന്നു. ബാന്‍ഡിലെ സഹപ്രവര്‍ത്തകനായ ജോണ്‍ ലെനനോടൊപ്പം ഈ ഗാനം എഴുതിയത് മെക്കാര്‍ട്ട്‌നിയാണ്. ''അത് അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചായിരുന്നു, അവരുടെ പേരും മേരി എന്നായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടിരുന്നു.''
ഒരുതരത്തില്‍, 'മദര്‍ മേരി കംസ് ടു മി' എന്നത് 'മിസിസ് റോയ്' എന്ന റോക്ക്സ്റ്റാറിനേയും 'ഗ്യാങ്സ്റ്ററേ'യും കുറിച്ചുള്ള പുസ്തകമാണ്. ''എന്നാല്‍, മക്കാര്‍ട്ട്നിയുടെ അമ്മയെപ്പോലെ, അവര്‍ ഒരിക്കലും അത് അങ്ങനെത്തന്നെയിരിക്കട്ടെ (Let it be)\' എന്ന് പറഞ്ഞിരുന്നില്ല.
''എന്റെ മനസ്സില്‍ ഏതൊരു പരസ്യബോര്‍ഡിനെക്കാളും ഉയരമുള്ള, നിറഞ്ഞൊഴുകുന്ന ഏതു നദിയെക്കാളും അപകടകാരിയായ, മഴയെക്കാള്‍ ഇടതടവില്ലാത്ത, കടലിനെക്കാള്‍ സജീവമായ ഒരാള്‍'' 'ഗ്യാങ്സ്റ്റര്‍' എന്ന ആദ്യ അധ്യായത്തില്‍ അരുന്ധതി തന്റെ അമ്മയെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ. തങ്ങളുടെ സങ്കീര്‍ണവും പ്രക്ഷുബ്ധവുമായ ബന്ധം ഓര്‍മക്കുറിപ്പില്‍ അവര്‍ ധൈര്യപൂര്‍വം തുറന്നെഴുതുന്നു. കേരളത്തിന്, വിശേഷിച്ചും സുറിയാനി നസ്രാണി സമുദായത്തിലെ സ്ത്രീകള്‍ക്ക്, മേരി റോയ് ഒരു വീരവനിതയായിരുന്നു. നിലവിലുണ്ടായിരുന്ന ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ പോരാടി വിജയിച്ച ഒരു ധീരവനിത. എന്നാല്‍, അവരുടെ മക്കള്‍ക്ക്, അവരൊരു ഭീതിദമായ സാന്നിദ്ധ്യമായിരുന്നു. കുപ്രസിദ്ധമായ ക്ഷുബ്ധപ്രകൃതമുള്ള ഒരാള്‍.
.
ഫോര്‍ട്ട്കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ ബ്രണ്‍ടണ്‍ ബോട്ട്യാര്‍ഡ് ഹെറിറ്റേജ് ഹോട്ടലില്‍ വെച്ച്, അവരെപ്പോലെത്തന്നെ പോരാട്ടങ്ങളിലൂടെ കരുത്താര്‍ജിച്ച അവരുടെ മകള്‍, അരുന്ധതി റോയ്, തന്നെ വാര്‍ത്തെടുക്കുകയും തകര്‍ക്കുകയും പിന്നീട് വീണ്ടും വീണ്ടും കൂട്ടിത്തുന്നിച്ചേര്‍ക്കുകയും ചെയ്ത അമ്മയെക്കുറിച്ച് മനസ്സ് തുറക്കുന്നു. എന്നാല്‍, അവര്‍ പുസ്തകത്തിനപ്പുറത്തേക്കും പോകുന്നു, ''നമ്മള്‍ ഈ പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അത് പ്രകാശനം ചെയ്യുമ്പോഴും പലസ്തീനില്‍ ഒരു വംശഹത്യ നടക്കുന്നുവെന്ന വസ്തുത എന്റെയുള്ളിലുണ്ട്'' -അവര്‍ പറയുന്നു. ട്രംപിന്റെ താരിഫ് ഇന്ത്യയില്‍ ഒരു ദുരന്തം വിതയ്ക്കുമെന്നും ലോകം അപകടകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജാതി വിവേചനം ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നും ഒക്കെ അവരുടെ മനസ്സിലുണ്ട്.
അഭിമുഖത്തിനിടയില്‍ പ്രസാധകനായ ഡേവിഡ് ഗോഡ്വിന്‍ അവരെ അഭിവാദ്യം ചെയ്യുകയും അവര്‍ അദ്ദേഹവുമായി തമാശകള്‍ പറയുകയും ചെയ്യുമ്പോള്‍ത്തന്നെ, യു.എ.പി.എ ചുമത്തി ജയിലില്‍ കഴിയുന്ന തന്റെ സഖാക്കളെ ഓര്‍ത്ത് അരുന്ധതിയുടെ കണ്ണുകള്‍ നനയുന്നു. പുസ്തകത്തിലെ ഏടുകളില്‍നിന്നും പുറത്തുവന്ന് അവര്‍ വീണ്ടും മനസ്സ് തുറക്കുന്നു: ''ഞാന്‍ പറയുന്ന ഓരോ കാര്യത്തിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു'' -അവര്‍ ഊന്നിപ്പറയുന്നു
'മദര്‍ മേരി കംസ് ടു മി'യില്‍ നിങ്ങള്‍ വളരെ വ്യക്തിപരമായ കാര്യങ്ങളാണ് പറയുന്നത്. ഇതില്‍ മേരി റോയ് എന്ന അമ്മയെക്കുറിച്ചും താങ്കളുമായും സഹോദരനുമായുള്ള ബന്ധത്തെക്കുറിച്ചും അവരുടെ വ്യക്തിത്വത്തെക്കുറിച്ചുമൊക്കെയാണ് താങ്കള്‍ ലോകത്തിനുവേണ്ടി എഴുതിയിട്ടുള്ളത്. ഈ എഴുത്ത് അമ്മയുടെ വേര്‍പാടിലുണ്ടായ ദുഃഖത്തെ ഉള്‍ക്കൊള്ളുന്നതിനുള്ള ഒരു വഴിയായിരുന്നോ?
ശരിക്കും അങ്ങനെയല്ല. ആ ദുഃഖം മനസ്സിലാക്കാന്‍ സമയം എടുക്കും. അതിനെക്കുറിച്ച് എഴുതുന്നുണ്ടോ ഇല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. സത്യത്തില്‍, സാഹിത്യത്തില്‍ മേരി റോയ് ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാന്‍ ഈ പുസ്തകം എഴുതിയത്. ഒരു നല്ല വ്യക്തി എന്നോ ഒരു മഹദ്‌വ്യക്തി എന്നോ മാത്രമല്ല, അവരുടെ എല്ലാ സ്വത്വങ്ങളോടും കൂടിത്തന്നെ. ചിലപ്പോഴൊക്കെ, അവര്‍ക്ക് മഹത്വം നല്‍കുന്നത് അത്ര നല്ലതല്ലാത്ത കാര്യങ്ങള്‍ കൂടിയാണ്.
ആദ്യ പുസ്തകമായ 'ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സും' വളരെ വ്യക്തിപരമായിരുന്നു. താങ്കളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്രയധികം എഴുതി പ്രസിദ്ധീകരിക്കുമ്പോള്‍, താങ്കള്‍ ഏറെ തുറന്നുകാട്ടപ്പെട്ടതായി തോന്നാറുണ്ടോ? ആളുകള്‍ ആ ഒരു എഴുത്തിനെ എങ്ങനെ സ്വീകരിക്കുമെന്നുള്ള പേടിയുണ്ടോ?
ഞാന്‍ അത് കാര്യമാക്കുന്നില്ല. കാരണം അവര്‍ (അമ്മ) അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. തീര്‍ച്ചയായും ഞാനും എന്റെ സഹോദരനും അവരുടെ ഇരുണ്ടവശങ്ങളില്‍ പലതും സ്വാംശീകരിച്ചിട്ടുണ്ട്. എന്നാല്‍ പൊതുജനം എന്തുപറയുമെന്ന ചിന്തയോടെയാണ് ജീവിച്ചിരുന്നതെങ്കില്‍ അവര്‍ക്ക് അവര്‍ ചെയ്ത കാര്യങ്ങള്‍ ചെയ്യാനോ എനിക്ക് എഴുതാനോ സാധിക്കുമായിരുന്നില്ല.
ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന് ഒരു പ്രത്യേകതയുണ്ട്. അതില്‍ സ്‌നേഹവും അകല്‍ച്ചയും എല്ലാം ഉണ്ടാകും. ഒരുപാട് പെണ്‍മക്കള്‍ അത് നേരിടുന്നുണ്ടല്ലോ...?
ഒരുപാട് അമ്മമാരും, അക്കാര്യം നമ്മള്‍ മറക്കരുത്. ഈ പുസ്തകം യഥാര്‍ത്ഥത്തില്‍ ഏതെങ്കിലുമൊരു അമ്മയേയും മകളേയും കുറിച്ചുള്ളതല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ 'അമ്മ'യായിത്തന്നെ മാറിയ ഒരു മകളെക്കുറിച്ചാണ്, ഒരു മുതിര്‍ന്ന വ്യക്തിയായി അവരെ കൈകാര്യം ചെയ്ത മകളെക്കുറിച്ചാണ്. സ്വയം ശൈശവപ്രായത്തിലേക്കു പോയി പരാതികള്‍ മാത്രം പറയുകയല്ല ഇത്. തീര്‍ച്ചയായും അത് എനിക്ക് പ്രയാസകരമായിരുന്നു. എന്നാല്‍ അവര്‍ക്കും അത് പ്രയാസമായിരുന്നു.
ഞാന്‍ വിചാരിക്കുന്നത് ഒരു പ്രക്രിയയുണ്ടെന്നാണ്. അതിങ്ങനെ ലളിതമായി പറയാം. ഫെമിനിസ്റ്റ് പ്രസ്ഥാനം പടിഞ്ഞാറ് ഉയര്‍ന്നുവന്നപ്പോള്‍ അതിനെ തകര്‍ക്കാനുള്ള ഒരു വഴി 'അമ്മ'യെ ഒരു ഭീകരജീവിയായി ചിത്രീകരിക്കലാണ്. ഇവിടെയാകട്ടെ, സ്ത്രീകള്‍ക്കുമേല്‍ ഏറെ സമ്മര്‍ദം ചെലുത്തുന്നതിനുള്ള ഒരു ഉപാധിയായിട്ട് അമ്മയെ ഒരു ദൈവമായി സങ്കല്പിക്കുകയാണ്. സമൂഹം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പെരുമാറിയാല്‍ മാത്രം മതിയാകും അമ്മ ഒരു ദേവതയായി മാറാന്‍. രണ്ടു സാഹചര്യങ്ങളിലും ഇത് മനുഷ്യരെ ശ്വാസോച്ഛ്വാസം ചെയ്യുന്നതില്‍ നിന്ന്, തെറ്റുകള്‍ക്ക് വശംവദരാകുന്നതില്‍നിന്നും കോപിഷ്ഠരാകുന്നതില്‍നിന്നുപോലും തടയുന്നു. അതുകൊണ്ട് അമ്മമാരേയും മക്കളേയും കുറിച്ചുള്ള ക്ലീഷേകളില്‍നിന്ന് നമ്മള്‍ മോചിതരാകേണ്ടതുണ്ട്.
പുസ്തകത്തില്‍ ഒരു രംഗം വിവരിക്കുന്നുണ്ട്. താങ്കള്‍ ചെന്നൈയിലുള്ള അമ്മായിയുടെ വീട്ടില്‍നിന്ന് വിമാനത്തില്‍ മടങ്ങിവരും വഴി അമ്മയോട് ഒരു നിസ്സാര ചോദ്യം ഉന്നയിക്കുന്നു. അത് അവരെ ദേഷ്യം പിടിപ്പിക്കുകയും അത് താങ്കളുടെ വാക്കുകളെ അനുകരിക്കുന്ന പതിവ് അവര്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. ഉടന്‍ തന്നെ, അവര്‍ ''നിന്റെ അച്ഛനും എനിക്കും നിങ്ങളെ ഇരട്ടി സ്‌നേഹമാണ്'' എന്നും പറയുന്നു. ഇത് രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്...?
എന്നെ തകര്‍ക്കുകയും പിന്നീട് തുന്നിച്ചേര്‍ക്കുകയും കീറിക്കളയുകയും വീണ്ടും തുന്നിച്ചേര്‍ക്കുകയും ചെയ്യുന്ന ഒരു നിരന്തരമായ പ്രക്രിയയായിരുന്നു അത്. അത് ഞങ്ങളുടെ ബന്ധത്തിലെ പോരാട്ടത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. പക്ഷേ, സത്യം പറഞ്ഞാല്‍, എന്നെ തുന്നിച്ചേര്‍ക്കുന്ന ആ ഭാഗത്തിലാണ് ഞാന്‍ മുറുകെപ്പിടിച്ചത്. ഞാന്‍ ആ സമയത്ത് അവിടെനിന്ന് ഇറങ്ങിപ്പോയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, ഞാന്‍ തകര്‍ന്നുപോകുമായിരുന്നു. പക്ഷേ, ഞാന്‍ അവിടെനിന്ന് പോരുകതന്നെ ചെയ്തു.
അമ്മയുടെ ജീവിതത്തിലെ അവസാന വര്‍ഷങ്ങളില്‍ നിങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നിരുന്നോ?
വലിയ മാറ്റമൊന്നും വന്നിട്ടില്ല. അവസാന വര്‍ഷങ്ങളില്‍പോലും രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, അവരുടെ ആരോഗ്യം മോശമായപ്പോള്‍ ഞാന്‍ അടുത്ത് ഉണ്ടാവണമെന്ന് അവര്‍ക്ക് വളരെ പ്രധാനമായിരുന്നു. എന്നാല്‍, ഞാന്‍ അവിടെയെത്തുന്ന നിമിഷം തന്നെ അവര്‍ ദേഷ്യപ്പെടാന്‍ തുടങ്ങും: ''ഈ ഡോക്ടര്‍മാര്‍ക്ക് നിന്നെ മാത്രമേ കാണേണ്ടതുള്ളൂ. ഈ ആളുകള്‍ക്ക് നിന്നെ മാത്രമേ വേണ്ടൂ...'' കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസമായിരുന്നു ആ അവസ്ഥ. ശാരീരികമായി വളരെ ദുര്‍ബലയായിരുന്നു അവര്‍. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ദുര്‍ബലയായി വന്നപ്പോഴും ആളുകളെ നിയന്ത്രിക്കാന്‍ അവര്‍ ആ അവസ്ഥ ഉപയോഗിക്കുന്ന സ്വഭാവം കാണിച്ചിരുന്നു.
വളരെക്കാലം മുന്‍പേ കേരളം വിട്ട് ഡല്‍ഹിയിലേക്ക് പോയതാണല്ലോ അരുന്ധതി റോയ്. കേരളവുമായുള്ള ബന്ധം എങ്ങനെയാണ് വിവരിക്കുന്നത്? ദൂരെനിന്ന് നോക്കിക്കാണുന്ന ഒരാളെപ്പോലെയാണോ അതോ...?
അത് വളരെ രസകരമാണ്. അമ്മ ജീവിച്ചിരുന്ന സമയത്ത് എനിക്ക് ഇവിടെ കൂടുതല്‍ കാലം ചെലവിടാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് കേരളവുമായുള്ള എന്റെ ബന്ധം ഏകദേശം അവരുമായുള്ള എന്റെ ബന്ധംപോലെയായിരുന്നു. എന്നിരുന്നാലും, അവര്‍ മരിച്ചതിനുശേഷം ആ സ്ഥിതി മാറിയിട്ടുണ്ട്. എനിക്ക് ഇവിടെ വന്ന് തങ്ങാനും മറ്റ് ആളുകളെ കാണാനും സാധിക്കുന്നു. പല നിലയ്ക്കും അത് ഏറെ എളുപ്പമായിട്ടുണ്ട്. 16 വയസ്സ് കഴിഞ്ഞതിനുശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് ഞാന്‍ ഇവിടെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്. ഈ സ്ഥലത്തോട് എനിക്ക് വലിയ സ്‌നേഹമുണ്ട്. ഞാന്‍ ഇവിടെ താമസിക്കുന്നില്ലെങ്കില്‍പോലും ഇതിനെ എന്റെ വീടായി കണക്കാക്കാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.
അപ്പോള്‍ ഇതാണ് താങ്കളുടെ വീട്?
അതെ.
താങ്കളുടെ എഴുത്തില്‍ ഇതൊക്കെ അനുഭവവേദ്യമാണ്, മീനച്ചിലിനേയും അയ്മനത്തേയും മത്സ്യങ്ങളേയും ഒക്കെ വിവരിക്കുക വഴി... എന്നാല്‍ താങ്കള്‍ പതിനാറാം വയസ്സില്‍ ഡല്‍ഹിയിലേക്ക് സ്വയം പറിച്ചുനട്ടു. തീര്‍ത്തും വ്യത്യസ്തമായ ഒരു സ്ഥലമായിരുന്നല്ലോ ഡല്‍ഹി. എന്തുമാത്രം വ്യത്യസ്തമായിരുന്നു ഡല്‍ഹി?
അവിശ്വസനീയമാംവിധം വ്യത്യസ്തം. വലിയ നഗരം, ഭക്ഷണം, ഭാഷ ഈ മാറ്റങ്ങളൊക്കെ സാധാരണ മാറ്റങ്ങള്‍ തന്നെ. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വ്യത്യാസം ആളുകള്‍ പരസ്പരം പെരുമാറുന്ന രീതിയായിരുന്നു, ആ ജാതിവ്യവസ്ഥ. അവിടെ അത് വളരെ പ്രകടമാണ്. ഞാന്‍ ആദ്യമായി അവിടെ എത്തിയപ്പോള്‍, ആളുകള്‍ കച്ചവടക്കാരോടും പച്ചക്കറി വില്‍ക്കുന്നവരോടും സംസാരിക്കുന്ന രീതി കണ്ടിട്ട് കേരളത്തിലാണെങ്കില്‍ ഇതിന് നക്‌സലൈറ്റുകള്‍ തല വെട്ടിക്കളയുമെന്ന് ഞാന്‍ പറയുമായിരുന്നു. ആളുകളോട് അങ്ങനെ ഒരാള്‍ക്കും സംസാരിക്കാന്‍ പറ്റില്ല. ആളുകള്‍ക്ക് പരസ്പരം ഉണ്ടായിരുന്ന ബഹുമാനമില്ലായ്മ എന്നെ ഞെട്ടിച്ചു.
നിങ്ങളുടെ രീതി എന്താണ്? വളരെ വ്യക്തിപരമായ കാര്യങ്ങള്‍ എങ്ങനെയാണ് എഴുതുന്നത്? നോണ്‍ ഫിക്ഷന്‍ എഴുതുന്നതില്‍നിന്ന് അത് വ്യത്യസ്തമാണോ?
സാഹിത്യരൂപം സംബന്ധിച്ചിടത്തോളം അത് ഏറെ വ്യത്യസ്തമാണ്. എന്നാല്‍, ഏതൊരു എഴുത്തിനും ആവശ്യമായ വൈദഗ്ധ്യത്തിലും അച്ചടക്കത്തിലും വ്യത്യസ്തതയൊന്നുമില്ല. ഒരാള്‍ എന്ത് എഴുതുകയാണെങ്കിലും- അത് ഒരു ഉപന്യാസമോ നോവലോ ആകട്ടെ- അതിനൊക്കെ അതിന്റേതായ ഭാഷയും രൂപവും ശൈലിയും ആവശ്യമാണ്. എഴുതുക എന്നാല്‍, രാവും പകലും അതില്‍ മുഴുകിയിരിക്കുക എന്നതാണ്. അതിനെക്കുറിച്ച് ചിന്തിക്കുക, അതിനൊപ്പം ഉറങ്ങുക, അതിനൊപ്പം ഉണരുക, അതിനോടൊപ്പം കളിക്കുക...
ഇതുവരെ അരുന്ധതി റോയ് രണ്ട് ഫിക്ഷനുകള്‍ മാത്രമാണ് എഴുതിയിട്ടുള്ളത്. ന്നാല്‍ അതിനിടയില്‍ നിരവധി നോണ്‍ ഫിക്ഷന്‍ രചനകള്‍ നടത്തിയിട്ടുണ്ടല്ലോ...?
ഞാന്‍ എഴുതുന്ന ഫിക്ഷന്റെ സ്വഭാവം അങ്ങനെയാണ്. ഞാന്‍ വെറുതെ ഒരു കഥ എഴുതുകയല്ല. എന്റെ ഒരു സൃഷ്ടി ഒരു പ്രപഞ്ചത്തെക്കുറിച്ചാണ് പറയുന്നത്. അത് ചെയ്യാന്‍ ധാരാളം സമയം എടുക്കും. ഒരുപാട് പുസ്തകങ്ങള്‍ രചിക്കുന്നതില്‍ എനിക്ക് താല്പര്യമില്ല. ജീവിക്കുന്ന ഒരു എഴുത്തുകാരിയുടെ ജീവിതം നയിക്കാനാണ് എനിക്ക് താല്പര്യം. വെറുതെ ഇരുന്നു എഴുതുകയല്ല ചെയ്യുന്നത്. ചിലപ്പോള്‍ ഞാന്‍ ആളുകള്‍ക്കിടയില്‍ ഇരുന്ന് എഴുതും. ചിലപ്പോള്‍ കാടുകളില്‍ എന്റെ സഖാക്കളോടൊപ്പം ചിലപ്പോള്‍ കശ്മീരിലായിരിക്കും. വെറുതെ ഇരുന്ന് വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരാളല്ല ഞാന്‍. എനിക്ക് ജീവിക്കണം.
അരുന്ധതി, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും. ഈ വിശേഷണം നിങ്ങളുടെ ഓര്‍മക്കുറിപ്പില്‍ എങ്ങനെയാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നത്?
അതെ. ഈ പുസ്തകത്തില്‍ അതിനെക്കുറിച്ച് ഞാന്‍ ഒരുപാട് തമാശകള്‍ പറയുന്നുണ്ട്. ''ഞാന്‍ ഒരു സോഫാ-ബെഡ് ആണ്'' എന്നു പറയുന്നതുപോലെയാണിത്. ഞാന്‍ എന്തുകൊണ്ടാണ് ഒരു ആക്ടിവിസ്റ്റ് എന്ന് ആളുകള്‍ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാരണം ഒരു എഴുത്തുകാരന്റെ ജോലി ആളുകളെ രസിപ്പിക്കുക മാത്രമാണെന്നും നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചിരിക്കുന്നു. പക്ഷേ, ചരിത്രപരമായി എഴുത്തുകാര്‍ അങ്ങനെയാണ് ചെയ്തത്. ഇപ്പോള്‍, നമ്മള്‍ ഒരു ഉല്പന്നം ഉണ്ടാക്കി വിപണിയില്‍ വെക്കണം; രാഷ്ട്രീയപരമായ കാര്യങ്ങള്‍ മറ്റാരെങ്കിലും ചെയ്യാനായി മാറ്റി വെക്കണം. ഇത് എഴുത്തുകാരേയും സാമൂഹ്യപ്രവര്‍ത്തകരേയും താഴ്ത്തിക്കെട്ടാനുള്ള ഒരു വഴിയാണ്.
'ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്' എപ്പോഴാണ് ഉള്ളില്‍ ഉരുവം കൊള്ളുന്നത്?
'ഇലക്ട്രിക് മൂണ്‍' എന്ന സിനിമ പൂര്‍ത്തിയാക്കിയതിനുശേഷം ഒറ്റയ്ക്ക് ജോലി ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു. അതുവരെ എനിക്ക് പണമോ താമസിക്കാന്‍ സ്ഥലമോ ഉണ്ടായിരുന്നില്ല. പണത്തെക്കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചിരുന്നത് - എങ്ങനെ അതിജീവിക്കണം, എങ്ങനെ വാടക കൊടുക്കണം, ഒരാഴ്ചയില്‍നിന്ന് അടുത്തതിലേക്ക് എങ്ങനെ മുന്നോട്ട് പോകണം എന്നൊക്കെ. എന്നാല്‍ 'ഇലക്ട്രിക് മൂണ്‍' എഴുതിയതിനുശേഷം, എനിക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും എന്ത് എഴുതണമെന്ന് ചിന്തിക്കാന്‍ ആവശ്യമായ പണം കൈവശമുണ്ടായിരുന്നു. സിനിമകള്‍ എന്റെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പരിശീലനമായിരുന്നു, അതുകൊണ്ട് വലിയ വിഷയങ്ങളൊന്നും ഞാന്‍ അതില്‍ കൈകാര്യം ചെയ്തില്ല.
തലക്കെട്ടുകള്‍ നല്‍കുന്നതില്‍ അരുന്ധതി റോയ്ക്ക് പ്രത്യേക കഴിവുണ്ട്. 'ദ ആള്‍ജിബ്ര ഓഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്', 'ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്'... നിങ്ങളുടെ എഴുത്തിന്റെ പ്രക്രിയയില്‍ എപ്പോഴാണ് അവ കണ്ടുപിടിക്കുന്നത്?
എഴുതുന്നതിനിടയില്‍, അവ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും - ''ഹലോ, ഞാനിവിടെയുണ്ട്, ഇതാണ് ഞാന്‍'' എന്ന് പ്രഖ്യാപിച്ചുകൊണ്ട്.
'മദര്‍ മേരി കംസ് ടു മി'യും അങ്ങനെയായിരുന്നോ? നിങ്ങള്‍ ബീറ്റില്‍സിനെ കേള്‍ക്കുകയായിരുന്നോ?
തീര്‍ച്ചയായും. ഇതൊരു റോക്ക് ആന്‍ഡ് റോള്‍ പുസ്തകമാണെന്ന് അധികമാരും എന്നോട് പറയാറില്ല. അത് 'ലെറ്റ് ഇറ്റ് ബി' എന്ന ഗാനത്തില്‍നിന്നുള്ളതാണ്, സമര്‍പ്പണത്തില്‍ ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്: ''മേരി റോയിക്കുവേണ്ടി, അവര്‍ ഒരിക്കലും ലെറ്റ് ഇറ്റ് ബി എന്ന് പറഞ്ഞിട്ടില്ല.'' കാരണം പോള്‍ മക്കാര്‍ട്ട്‌നിയുടെ അമ്മയുടെ പേരും മേരി എന്നായിരുന്നു. അവര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ മരിച്ചു. എന്റെ അമ്മ അദ്ദേഹത്തിന്റെ അമ്മയായിരുന്നില്ല (ചിരിക്കുന്നു). പുസ്തകം എഴുതിത്തുടങ്ങി വളരെ വേഗം തന്നെ ആ ഗാനം ഒരു പൂമ്പാറ്റയെപ്പോലെ എന്റെ കൈത്തണ്ടയില്‍ വന്നിരുന്നു. 'മദര്‍ മേരി കംസ് ടു മി' അല്ലാതെ മറ്റൊരു തലക്കെട്ട് ഉണ്ടാകാന്‍ സാധ്യതയില്ലായിരുന്നു.
അമ്മയുടെ മരണശേഷം എന്തുകൊണ്ടാണ് ഈ പുസ്തകം?
അവരുടെ മരണത്തോടുള്ള എന്റെ പ്രതികരണം എന്നെത്തന്നെ ഞെട്ടിച്ചു എന്നതാണ് കാരണം. ഞാന്‍ എന്തിനാണ് ഇത്രയധികം തകര്‍ന്നതെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിയാത്തതില്‍ എനിക്ക് നടുക്കമുണ്ടാകുകയും അപമാനം അനുഭവപ്പെടുകയും ചെയ്തു. ഞാന്‍ ചെറുപ്പമായിരുന്നില്ല, അവരും ചെറുപ്പമായിരുന്നില്ല. കൂടാതെ, എനിക്ക് മൂന്ന് വയസ്സുള്ളതു തൊട്ട് ഇന്നുവരെ, എനിക്ക് അവരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല, കാരണം അവര്‍ക്ക് ആസ്ത്മയുണ്ടായിരുന്നു. എല്ലാം ഉള്ളില്‍ ഒതുക്കേണ്ടിവന്നു. ഞാന്‍ ഒരിക്കലും ഒരു കാര്യവും പറഞ്ഞിട്ടില്ല, ഒരു കാര്യത്തോടും പ്രതികരിച്ചിട്ടില്ല. ആ വൈകാരികമായ ബ്ലാക്ക്‌മെയിലില്‍നിന്ന് ഞാന്‍ പുറത്തുവന്നപ്പോഴേക്കും എനിക്ക് അവരെ തോല്‍പ്പിക്കേണ്ടിയിരുന്നില്ല, ഒരു രാജ്ഞിയെപ്പോലെ അവര്‍ പോകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചു. അങ്ങനെയാണ് അവര്‍ പോയതും. ഈ അസാധാരണയായ വ്യക്തിയെക്കുറിച്ച് ഏറ്റവും സത്യസന്ധമായ രീതിയില്‍ എഴുതാന്‍ ഞാന്‍ ആഗ്രഹിച്ചു.
മതത്തോടുള്ള നിങ്ങളുടെ ബന്ധം എന്താണ്? നിങ്ങള്‍ ജാതിവ്യവസ്ഥയിലേക്ക് പോകാതിരിക്കാന്‍ കാരണം നിങ്ങള്‍ എപ്പോഴും ഒറ്റപ്പെട്ടതുകൊണ്ടാണ് എന്ന് നിങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ. മതത്തിന്റെ കാര്യത്തിലോ? നിങ്ങള്‍ ഒരു നിരീശ്വരവാദിയാണോ?
ഒരു വൃത്തം ഒരിക്കലും അടയാന്‍ അനുവദിക്കാത്ത ഒരു വ്യക്തിയാണ്. പ്രൂസ്റ്റ് പറഞ്ഞതുപോലെ, എല്ലാത്തിന്റേയും സാദ്ധ്യതയിലാണ് എന്റെ വിശ്വാസം. എനിക്ക് എല്ലാം അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, പുസ്തകങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, അത്ഭുതങ്ങളിലും മാന്ത്രികതയിലും അത്ഭുതകരമായ കാര്യങ്ങളിലും മനോഹരമായ കാര്യങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. നമ്മളെയെല്ലാം സൃഷ്ടിച്ച ആള്‍ ഒരുപാട് സൗന്ദര്യവും സൃഷ്ടിച്ചിട്ടുണ്ട്. അതിന് ഒരു ശാസ്ത്രീയ വിശദീകരണത്തില്‍ എനിക്ക് താല്പര്യമില്ല.
ഒരു എഴുത്തുകാരിയെന്ന നിലയില്‍ നിങ്ങളുടെ ജീവിതകാലത്ത് ഒരുപാട് രാഷ്ട്രീയ ആക്രമണങ്ങള്‍ നിങ്ങള്‍ക്കെതിരെ ഉണ്ടായിട്ടുണ്ടല്ലോ. അതെല്ലാം ഉണ്ടായിട്ടും മുന്നോട്ട് പോകാനുള്ള ധൈര്യം എങ്ങനെയാണ് നേടിയെടുത്തത്?
നോക്കൂ, ഈ സാഹചര്യത്തില്‍ ആക്രമണങ്ങളുണ്ടായിട്ടില്ലെങ്കില്‍ അതിലാണ് അത്ഭുതം. സായിബാബയേയും ഉമര്‍ ഖാലിദിനേയും പോലുള്ള എന്റെ ഒരുപാട് സുഹൃത്തുക്കള്‍ ജയിലിലാക്കപ്പെട്ടു. ഞാന്‍ ഒരു എഴുത്തുകാരിയായി അറിയപ്പെടുന്നില്ലായിരുന്നെങ്കില്‍, ലോകമെമ്പാടുമുള്ള എന്റെ വായനക്കാര്‍ എന്നെ സംരക്ഷിക്കുന്നില്ലായിരുന്നെങ്കില്‍, ഞാന്‍ അതിജീവിക്കില്ലായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. മിണ്ടാതിരിക്കുക എന്നതല്ല എന്റെ തിരഞ്ഞെടുപ്പ്. ഞാന്‍ ധീരയായതുകൊണ്ടോ ലോകത്തെ മാറ്റാന്‍ കഴിവുള്ളതുകൊണ്ടോ അല്ല. ഞാന്‍ ചിന്തിക്കുന്നത് എഴുതുന്നില്ലെങ്കില്‍, ഞാന്‍ എഴുത്ത് നിര്‍ത്തണം, പോയി യോഗ പഠിപ്പിക്കണം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യണം. എന്റെ എഴുത്ത് ജീവിതത്തിന്റെ സത്യസന്ധത നിലനിര്‍ത്താന്‍ വേണ്ടിയാണ്.
കൊച്ചിയില്‍ നിങ്ങള്‍ ആദ്യമായിട്ടാണോ പുസ്തകം പ്രകാശനം ചെയ്യുന്നത്?
അതെ. ഡല്‍ഹിയില്‍ കുറച്ചാളുകള്‍ക്ക് അതൃപ്തിയുണ്ട്. ഞങ്ങള്‍ അവിടെ ചെറിയൊരു ചടങ്ങ് മാത്രമാണ് നടത്തിയത്. അത് പൊതുജനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രകാശനം കൊച്ചിയിലാണ്.
നിങ്ങളുടെ പുസ്തകങ്ങള്‍ വായിക്കുന്ന ബന്ധുക്കളുടെ പ്രതികരണങ്ങളെ എങ്ങനെയാണ് നേരിടുന്നത്?
ഞാന്‍ ഒരു കുടുംബജീവിയല്ല. 16-ാം വയസ്സില്‍ വീട്ടില്‍നിന്നും പോയതാണ്. ബന്ധുക്കളുമായി എനിക്ക് വലിയ ബന്ധമില്ല. മറ്റുള്ളവരെ കൈകാര്യം ചെയ്യുന്നതുപോലെയാണ് ബന്ധുക്കളെ ഞാന്‍ കൈകാര്യം ചെയ്യുന്നത്. എന്റെ സഹോദരനെ ഒഴികെ. എനിക്ക് അവിടെ മറ്റൊന്നും ഇല്ല. അവനെ എനിക്ക് വളരെ ഇഷ്ടമാണ്.
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നു. അതുകൊണ്ടുതന്നെ നിങ്ങള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടിരിക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എന്ത് പ്രതീക്ഷയാണ് പുലര്‍ത്താന്‍ കഴിയുക?
21-ാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യ നടക്കുന്ന സമയത്താണ് ഈ പുസ്തകം എഴുതുന്നതും പുറത്തിറങ്ങുന്നതും എന്ന് എനിക്കു നന്നായി അറിയാം. ഞാന്‍ ഗാസയെക്കുറിച്ചാണ് പറയുന്നത്. ഇത് മറ്റു വംശഹത്യകളില്‍നിന്നു വളരെ വ്യത്യസ്തമാണ്. എന്തുകൊണ്ടെന്നാല്‍, ഇതു തത്സമയം സംപ്രേഷണം ചെയ്യപ്പെടുകയാണ്. ഒരു ഗ്ലാസ് വെള്ളത്തിനായി ക്യൂ നില്‍ക്കുന്ന പലസ്തീനിയന്‍ കുട്ടികളുടെ ദൃശ്യങ്ങള്‍ നമ്മുടെ അടുത്തേക്ക് എത്തുന്നത് എളുപ്പമാണ്. എല്ലാവരും ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ആളുകള്‍ തെരുവിലിറങ്ങുമെന്ന് ഞാന്‍ കരുതി. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. ഇന്ന് മോദിയും ഈ സര്‍ക്കാരും നമ്മളെ എത്തിച്ച ഈ അവസ്ഥയില്‍, ട്രംപിന്റെ താരിഫ് പ്രാബല്യത്തില്‍ വന്നാല്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഒരു ദുരന്തത്തിലേക്ക് നീങ്ങുകയാണ്. ഒരുപാട് ജോലികള്‍ നഷ്ടപ്പെടും. അതിനാല്‍, ഈ സാഹചര്യത്തെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. ലോകമെമ്പാടും ഗുരുതരമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെല്ലാം.
ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കുവേണ്ടി നിങ്ങള്‍ സംസാരിക്കുന്നു. കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളപ്പോഴും നമ്മള്‍ ആ അവബോധം പ്രചരിപ്പിക്കാന്‍ മാത്രമായി ചുരുങ്ങുന്നു. അതിനെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?
ശബ്ദമില്ലാത്തവര്‍ ആരും ഇല്ല. മനഃപൂര്‍വ്വം നിശ്ശബ്ദരായിരിക്കുന്നവരും കേള്‍ക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരും മാത്രമേയുള്ളൂ. ലോകമെമ്പാടും ജനാധിപത്യത്തില്‍ ഒരു പ്രതിസന്ധി വര്‍ധിച്ചുവരികയാണ്. ലോകമെമ്പാടുമുള്ള സര്‍വേകളും വോട്ടെടുപ്പുകളും നോക്കിയാല്‍, പലസ്തീന്‍ വിഷയത്തില്‍ പൊതുജനങ്ങള്‍ എല്ലായ്‌പോഴും സര്‍ക്കാരുകള്‍ക്ക് എതിരായാണ്. നിരവധി നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും പൊതു പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്, അത് അവിശ്വസനീയമാണ്. ഇത് മുഖ്യധാരാ മാധ്യമങ്ങളില്‍പോലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. ജനാധിപത്യ രാജ്യങ്ങളിലെ ഭരണാധികാരികള്‍ വംശഹത്യയും അടിച്ചമര്‍ത്തലും വര്‍ണവിവേചനവും നടത്തുന്ന ഇസ്രയേലിന്റെ പക്ഷത്താണെന്നതാണ് വിചിത്രമായ കാര്യം. ഒരിക്കല്‍ പലസ്തീന്റെ സുഹൃത്തായിരുന്ന ഇന്ത്യ, ഇപ്പോള്‍ ലജ്ജയൊന്നുമില്ലാതെ ഇസ്രയേലിന്റെ സുഹൃത്തായിരിക്കുന്നു.
അത് അപ്രതീക്ഷിതമാ യിരുന്നോ?
അല്ല. മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും പെഗസസ് വാങ്ങി ആയുധങ്ങള്‍ കൈമാറി ഒരുമിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ, അമേരിക്ക അതിന്റെ സമ്പത്തുകൊണ്ട് ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോള്‍, ഇന്ത്യ അതിന്റെ ദാരിദ്ര്യംകൊണ്ട് പിന്തുണയ്ക്കുന്നു; പലസ്തീനികളെ പുറത്താക്കിയപ്പോള്‍ അവിടെ ജോലി ചെയ്യാന്‍ ആയിരക്കണക്കിനു പാവപ്പെട്ട ആളുകളെ അയച്ചുകൊണ്ട്. ഇന്ത്യയില്‍, പ്രത്യേകിച്ച് വടക്ക് ഭാഗത്ത്, ഹിന്ദു വലതുപക്ഷം ഇസ്രയേലിന് വളരെ അനുകൂലമാണ്. പുറത്ത് വരുന്ന ആരെയും ഉടന്‍ തന്നെ മര്‍ദിക്കുന്നു. പിന്നെ, കേരളത്തില്‍ ഒരുപാട് ക്രിസ്ത്യാനികള്‍ക്ക് അവരുടേതായ കാരണങ്ങള്‍കൊണ്ട് ഇസ്രയേലിനോട് താല്പര്യമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അങ്ങനെയാണ്. ഇത് ലജ്ജാകരമാണ്. വഴിതെറ്റിയതും ലോകത്തിലെ അന്തസ്സും ധാര്‍മിക നിലപാടുകളും നഷ്ടപ്പെട്ടതുമായ ഒരു രാജ്യമാണ് നമ്മുടേത്.
പുസ്തകങ്ങളിലേക്ക് മടങ്ങിവരുമ്പോള്‍, 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്' എന്ന പുസ്തകത്തിലെ ഡല്‍ഹി നിങ്ങളുടെ ഡല്‍ഹിയാണോ? നഗരത്തോടുള്ള നിങ്ങളുടെ സ്‌നേഹമാണോ അത്?
എന്റെ ഡല്‍ഹി. പക്ഷേ, അത് ഡല്‍ഹി മാത്രമല്ല, കശ്മീരും അതിലധികവും കൂടിയാണ്. ഞാന്‍ എഴുതിയ മറ്റു പുസ്തകങ്ങളെക്കാള്‍ വളരെ പ്രയാസമുള്ള പുസ്തകമാണ് 'മിനിസ്ട്രി' എന്ന് എനിക്കറിയാം. കാരണം, ഞാന്‍ എപ്പോഴും കുഞ്ഞുങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കേണ്ടതില്ല. 'മിനിസ്ട്രി' എന്ന ആശയവും അഞ്ജുമിന്റെ ശ്മശാനവും ഗസ്റ്റ്ഹൗസും... അതൊരു വിപ്ലവമാണ്. 'മിനിസ്ട്രി'യില്‍ ഞാന്‍ പറയുന്നത് മറ്റൊരു വഴിയും നിലവിലുണ്ട്, നിങ്ങള്‍ അത് അന്വേഷിച്ചാല്‍ മാത്രം മതി എന്നാണ്. 'മദര്‍ മേരി'യില്‍, ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള മറ്റൊരു വഴിയാണുള്ളത്. പാരമ്പര്യമായി നമ്മള്‍ അഭ്യസിച്ചതുപോലെയോ അല്ലെങ്കില്‍ ആധുനിക കാലത്ത് ചികിത്സയിലൂടെ അഭ്യസിച്ചതുപോലെയോ എല്ലാവരും ഒരേ രീതിയില്‍ പ്രതികരിക്കേണ്ടതില്ല. ആളുകള്‍ അവരുടേതല്ലാത്ത ഒരു ഭാഷയില്‍ തങ്ങളെ പൊതിയാന്‍ പരിശീലിച്ചിരിക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം മേരി റോയ് ഒരു മഹദ്‌വ്യക്തിത്വമാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചു. ഇവിടെയാണ് നിങ്ങള്‍ പുസ്തകം പ്രകാശനം ചെയ്യുന്നത്. ഇതൊരു പൂര്‍ണമായ നിമിഷമാണോ?
ഇത് സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും ഒരു അടയാളമാണ്. ആളുകളുടെ ബുദ്ധിശക്തിയിലുള്ള വിശ്വാസത്തിന്റേയും അടയാളമാണ്. കാരണം അവര്‍ക്ക് ഏതെങ്കിലും പുണ്യപുരാണ കഥകള്‍ വേണ്ട. നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടാവാം, പക്ഷേ, അവര്‍ സങ്കീര്‍ണതയുള്ള വ്യക്തികളാണ്. പുസ്തകത്തില്‍ ഒരു ഭാഗമുണ്ട്, ഏഴ് വര്‍ഷത്തെ അകല്‍ച്ചയ്ക്ക് ശേഷം ഞാന്‍ അവരെ കാണുന്നു. ഞാനും അവരും ഒരു മുതിര്‍ന്ന സുറിയാനി ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ പോയി. അവര്‍ അവരുമായി കേസിനെക്കുറിച്ച് സംസാരിച്ചു. ആ സ്ത്രീ അവരോട് ചോദിച്ചത് ഇതാണ്: ''മിസിസ് റോയ്, നിങ്ങള്‍ ഞങ്ങള്‍ക്ക് നേടിത്തരാന്‍ ആഗ്രഹിക്കുന്ന ഈ അവകാശങ്ങള്‍കൊണ്ട് നമ്മള്‍ എന്ത് ചെയ്യും? നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ സമൂഹം തകര്‍ക്കാന്‍ ശ്രമിക്കുന്നത്?''
അവരോട് ''ഒരു നിമിഷം നില്‍ക്കൂ, അവര്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള തുല്യ പിന്തുടര്‍ച്ചാവകാശത്തിനുവേണ്ടി മാത്രമല്ല പോരാടുന്നത്. ഒരു തികഞ്ഞ അമ്മയാകാതിരിക്കാനും അനുസരണയുള്ള ഒരു സ്ത്രീയാകാതിരിക്കാനും ഏറ്റവും പ്രധാനമായി നിങ്ങളെപ്പോലെ ഒരു മടുപ്പുള്ള ആളാകാതിരിക്കാനുമുള്ള അവകാശത്തിനുവേണ്ടിയും കൂടിയാണ് അവര്‍ പോരാടുന്നത്'' എന്ന് എനിക്കു പറയാന്‍ തോന്നി. അതുകൊണ്ട് നമുക്കു മോശം ആളുകളാകാനുള്ള ഇടം കൂടി നല്‍കണം. അത് കുഴപ്പമില്ല. അവര്‍ക്ക് ഇവിടെ ആ ഇടം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു.
അടുത്തതായി താങ്കള്‍ എന്താണ് ചെയ്യുന്നത്?
Arundhati Roy
ഞാന്‍ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാറില്ല. ഒരാള്‍ എന്നോട് ഒരിക്കല്‍ പറഞ്ഞു: ''നിങ്ങള്‍ എന്നെ കൊന്നുകഴിഞ്ഞിട്ട് എഴുതുന്നതുപോലെയാണ് ഞാന്‍ എഴുതുന്നത്'' എന്ന്. നിങ്ങള്‍ അത് ചെയ്തു കഴിഞ്ഞു, ഇനി ഒന്നുമില്ല. നിങ്ങള്‍ക്ക് സ്വയം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. എനിക്ക് എന്നെത്തന്നെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്തതിനുശേഷം, കുറച്ച് കാലത്തേക്ക് പൂര്‍ണമായി ശൂന്യമായിരിക്കുന്നത് പ്രധാനമാണ്.
നിങ്ങള്‍ ഇപ്പോഴും ഹൃദയത്തില്‍ ഒരു വിപ്ലവകാരിയാണോ?
അതേ, എന്നും അങ്ങനെയായിരിക്കും.?
Arundhati Roy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

