

അമ്പത്തൊന്നു വർഷത്തെ മുഴുവൻസമയ മാധ്യമപ്രവർത്തനം ഒരു വ്യക്തിയുടെ ജീവിതരേഖ മാത്രമല്ല, മലയാള പത്രപ്രവർത്തനം കടന്നുപോയ സാങ്കേതികവും ഉള്ളടക്കപരവും സാംസ്കാരികവുമായ പരിവർത്തനങ്ങളുടെ ചരിത്രം കൂടിയാണ്. 1975-ൽ ലോഹ അച്ചുകളുടെ കാലത്ത് മലയാള മനോരമയിൽ ട്രെയിനിയായി എത്തിയ ജോസ് പനച്ചിപ്പുറം, ബ്രോമൈഡ് പേസ്റ്റിങ്ങും ഫാക്സിമിലി പേജ് പ്രസിദ്ധീകരണവും കംപ്യൂട്ടറൈസ്ഡ് പേജിനേഷനും പിന്നിട്ട്, എ.ഐ. ചർച്ചയാകുന്ന ഇന്നത്തെ ന്യൂസ്റൂം വരെയുള്ള യാത്രയ്ക്ക് സാക്ഷിയും പങ്കാളിയുമായി. എഡിറ്റോറിയൽ ജാക്കറ്റുകൾപോലുള്ള അവതരണപരീക്ഷണങ്ങളിലൂടെയും ‘തരംഗങ്ങളിൽ പനച്ചി’, ‘കുഞ്ചുക്കുറുപ്പ്’ തുടങ്ങിയ ദീർഘകാല പംക്തികളിലൂടെയും ഭാഷാപോഷിണിയുടെ ചുമതലയിലൂടെയും വാർത്തയ്ക്കും സാഹിത്യത്തിനുമിടയിലെ അതിർത്തി അദ്ദേഹം നിരന്തരം താണ്ടി.
വിരമിക്കലിനോടനുബന്ധിച്ചു നടത്തിയ ഈ സംഭാഷണം ഓർമകളിൽ ഒതുങ്ങുന്നില്ല. ഡിജിറ്റൽ കാലത്ത് അച്ചടിയുടെ വിശ്വാസ്യതയും സാമ്പത്തിക അതിജീവനവും ലിറ്റററി ജേർണലിസത്തിന്റെ വായനാസമൂഹം, മാധ്യമപ്രവർത്തകന്റെ പൊതുപ്രതിച്ഛായ, വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതി, നിർമിതബുദ്ധിയുടെ കാലത്തെ മനുഷ്യന്റെ പങ്ക് എന്നിങ്ങനെ ഗൗരവമുള്ള ചോദ്യങ്ങളിലേക്കും അതു കടക്കുന്നു. ഒരു പത്രപ്രവർത്തകന്റെ അനുഭവസാക്ഷ്യമായും മലയാള മാധ്യമചരിത്രത്തിന്റെ വിലപ്പെട്ട പ്രാഥമികരേഖയായും ഇതു വായിക്കാം.
അമ്പത്തൊന്നു വർഷത്തിനുശേഷം ന്യൂസ്റൂമിൽനിന്ന് ഇറങ്ങുകയാണ്. ഇപ്പോൾ ശരിക്കും മിസ് ചെയ്യുന്നുണ്ടോ?
പിന്നെ, മിസ് ചെയ്യാതിരിക്കുമോ! ന്യൂസ്റൂം എനിക്ക് വെറുമൊരു ഓഫീസായിരുന്നില്ല. അമ്പത്തൊന്നു വർഷം എന്റെ ദിവസത്തിന്റെ വലിയൊരു ഭാഗം അവിടെത്തന്നെയായിരുന്നില്ലേ. തിരിഞ്ഞുനോക്കുമ്പോൾ ഞാനൊരു കൺവെൻഷണൽ ന്യൂസ്റൂം മാനേജരായിരുന്നില്ല എന്നാണു തോന്നുന്നത്. ഡെഡ്ലൈൻ, സ്റ്റോറി, പേജ്, മീറ്റിങ്ങ്; ഇതിലൊക്കെ മാത്രം ഒതുങ്ങിയാൽ ആ ജോലി മോണോട്ടണസായിപ്പോകും. അതുകൊണ്ട് അറിയാതെ തന്നെ ആളുകളോട് കുറച്ചുകൂടി അടുപ്പത്തിൽ പെരുമാറുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്.
ജൂനിയറാണോ സീനിയറാണോ എന്നൊന്നും നോക്കില്ല. എല്ലാവരോടും മിണ്ടും തമാശ പറയും, അവരുടെ വിശേഷങ്ങൾ ചോദിക്കും, ചിലപ്പോൾ ഒന്നു കെട്ടിപ്പിടിക്കുകയും ചെയ്യും. അങ്ങനെയൊരു അന്തരീക്ഷമായിരുന്നു. ഞാൻ ഇറങ്ങുമ്പോൾ ചില കുട്ടികൾ പറഞ്ഞു: “സാർ പോയാൽ ഇവിടെ ഒരനക്കവുമുണ്ടാകില്ല” എന്ന്. ഞാൻ മിസ് ചെയ്യുന്നത് ആ മനുഷ്യബന്ധങ്ങളെയാണ്.
ഞങ്ങളുടെ ന്യൂസ്റൂമിൽ ചില കൊച്ചുകൊച്ചു പതിവുകളുണ്ടായിരുന്നു. ഉദാഹരണത്തിന് ആരെങ്കിലും സ്കൂട്ടറിൽനിന്ന് വീണെന്നൊരു വിവരം ഓഫീസിൽ വന്നു പറഞ്ഞാൽ “എന്നാ ഒരു കാര്യം ചെയ്യ്, താനൊരു അഞ്ഞൂറു രൂപ ഇങ്ങോട്ടുവെക്ക്, നമുക്കു എല്ലാവർക്കും ചെലവ് ചെയ്യാം” എന്നു പറയുന്ന തരം സൗഹൃദം. അന്നതൊന്നും വലിയ കാര്യമായി തോന്നിയിരുന്നില്ല. ഇപ്പോൾ തോന്നുന്നു, അതായിരുന്നു ന്യൂസ്റൂമിന്റെ ചൂടെന്ന്.
വലിയ സംഭവങ്ങൾ വരുമ്പോഴും ടെൻഷനടിച്ചിരിക്കണമെന്നു ഞങ്ങൾക്ക് നിയമമൊന്നുമില്ലായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലുണ്ടാകും, എന്നാലും പറ്റുന്നത്ര ലൈറ്റായി നിൽക്കാൻ നോക്കും. ചിലപ്പോൾ തമാശ പറയും, ചിലപ്പോൾ ലോഹ്യം പറയും. പക്ഷേ, അതിനടിയിൽ ഡെഡ്ലൈൻ കൃത്യമായി ഉണ്ടാകും. ആ ബാലൻസായിരുന്നു പ്രധാനം. ഒരു ദിവസം മുഴുവൻ വാർത്തയുടെ പിന്നാലെ ഓടിയിട്ട് വൈകുന്നേരം പേജിനു മുന്നിലിരിക്കുമ്പോൾ അടുത്തിരിക്കുന്നയാൾ ഒരു തമാശ പറഞ്ഞാൽ കിട്ടുന്ന ആശ്വാസമില്ലേ, അതു ചെറുതല്ല. എനിക്ക് ന്യൂസ്റൂം മാനേജ്മെന്റ് എന്നാൽ ഉത്തരവു കൊടുക്കലല്ല; ആളുകളെ ഒപ്പം കൊണ്ടുപോകലാണ്.
ഇത്രയും കാലം മാധ്യമപ്രവർത്തനത്തിൽ താങ്കളെ പിടിച്ചുനിർത്തിയത് എന്താണ്?
അക്ഷരങ്ങളോടുള്ള ഒരിഷ്ടമാണ് എന്നെ ഇത്രയും കാലം പിടിച്ചുനിർത്തിയത് എന്നാണ് എനിക്കു തോന്നുന്നത്. പത്രം, വാർത്ത, ഡെഡ്ലൈൻ എന്നൊക്കെ പറഞ്ഞാലും അതിന്റെയെല്ലാം അടിസ്ഥാനം അക്ഷരങ്ങളല്ലേ? ഒരാശയം വേറൊരാളിലേക്ക് എത്തുന്നത് അക്ഷരത്തിലൂടെയാണ്. അതിനോടുള്ള കൗതുകം എനിക്കു വളരെ ചെറുപ്പം മുതലേ ഉണ്ടായിരുന്നു.
ന്യൂസ്റൂമിലെ സമ്മർദങ്ങളിൽനിന്ന് എന്നെ രക്ഷിച്ച വേറൊരു കാര്യം വായനയാണ്. എത്ര വൈകി വീട്ടിലെത്തിയാലും പത്രവുമായി ബന്ധമില്ലാത്ത എന്തെങ്കിലും വായിക്കും. ഒരു ചെറുകഥ, അല്ലെങ്കിൽ തുടങ്ങിവച്ച നോവലിന്റെ അടുത്ത അദ്ധ്യായം. യാത്രയ്ക്കിടയിലും പുസ്തകം വാങ്ങും. എപ്പോഴും വാർത്ത മാത്രം വായിച്ചുകൊണ്ടിരുന്നാൽ മനസ്സ് അതിനകത്തുതന്നെ കുടുങ്ങിപ്പോകും. സാഹിത്യവായന എനിക്ക് അതിൽനിന്നു പുറത്തേക്കുള്ള ഒരു ജനാലയായിരുന്നു.
അതിനൊരു നഷ്ടവുമുണ്ട്. നല്ലൊരു ഫിക്ഷനോ നോൺഫിക്ഷനോ വായിച്ചിരുന്നാൽ രാത്രി വൈകും, പിറ്റേന്ന് അടുത്ത ഡെഡ്ലൈൻ വരും. അങ്ങനെ എത്രയോ വായന പാതിവഴിക്കു നിന്നുപോയിട്ടുണ്ട്. എന്നാലും ആ വായനയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ ഹൈസ്പീഡ് ജീവിതത്തിനിടയിൽ മനസ്സിനെ പിടിച്ചുനിർത്തിയത്.
ഏറ്റവുമൊടുവിൽ ഡൽഹിയിൽ പോയപ്പോഴും അതിന്റെ ഒരു ചെറിയ ഉദാഹരണമുണ്ടായി. ഞങ്ങളുടെ ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന് അവിടെ പരിചയമുള്ള ഒരു ബുക്ക്സ്റ്റാളുണ്ട്. ഇത്തവണ ഞാൻ അങ്ങോട്ടുപോകാമെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, “പോകണ്ട, ഇത്തവണത്തേയ്ക്കുള്ള പുസ്തകം ഞാൻ വാങ്ങിവച്ചിട്ടുണ്ട്” എന്ന്. രണ്ടു പുസ്തകമാണ് എനിക്കായി വാങ്ങിവച്ചത്; ഒരു ഫ്രെഞ്ച് ചെറുകഥകളുടെ പരിഭാഷയും ഒരു നോവലും. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് നമ്മളെ പിടിച്ചുനിർത്തുന്നത്. അമ്പതിലേറെ വർഷം വാർത്തയുടെ വേഗത്തിൽ ജീവിച്ചിട്ടും അക്ഷരങ്ങളോടുള്ള ആ ബന്ധം മുറിഞ്ഞില്ല എന്നതാണ് എന്റെ സന്തോഷം.
എഴുത്തും വായനയും ചെറുപ്പംതൊട്ടേ ജീവിതത്തിന്റെ ഭാഗമായിരുന്നോ? ബാല്യത്തിലെ വായനാലോകം എങ്ങനെയായിരുന്നു?
അതെ. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്റെ ‘ഫോർമേഷൻ’ തന്നെയാണ് അതിനു പ്രധാന കാരണം എന്നു തോന്നുന്നു. പത്രപ്രവർത്തകനാകണം എന്നൊരു വലിയ തീരുമാനമൊന്നും ചെറുപ്പത്തിൽ എടുത്തിരുന്നില്ല. വായനയും എഴുത്തും പതുക്കെപ്പതുക്കെ ജീവിതത്തിന്റെ ഭാഗമായി. അപ്പോൾ അതിലേക്കുള്ള വഴി തനിയേ തുറന്നുവന്നു, അത്രയേയുള്ളൂ.
ഞങ്ങളുടെ നാട് കോട്ടയം ജില്ലയിലെ വാഴൂരാണ്. വീട്ടിൽനിന്ന് നാലഞ്ചു വീടിനപ്പുറം ഒരു ലൈബ്രറിയുണ്ടായിരുന്നു, കർഷക ഗ്രന്ഥശാല. കർഷകർക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ആ ലൈബ്രറിയിലെ സജീവപ്രവർത്തകനായിരുന്നു എന്റെ അച്ഛൻ. പുസ്തകം എടുത്തുകൊടുക്കുക, രജിസ്റ്റർ നോക്കുക, പുസ്തകങ്ങൾ സൂക്ഷിക്കുക; ഇതൊക്കെ അദ്ദേഹത്തിന് ഒരു സേവനമായിരുന്നു.
അച്ഛൻ കൊണ്ടുവരുന്ന പുസ്തകങ്ങളാണ് ഞാൻ ആദ്യം വായിച്ചത്. “ഇതു കുട്ടികൾ വായിക്കാൻ പാടില്ല” എന്നൊരു വിലക്കും അദ്ദേഹം വച്ചില്ല. നോവലും കുറ്റാന്വേഷണകഥയും ബാലസാഹിത്യവും, എന്തു കിട്ടിയാലും വായിക്കും. ദുർഗാപ്രസാദ് ഖത്രിയുടെ കുറ്റാന്വേഷണ നോവലുകളുടെ പരിഭാഷകൾ വരെ അക്കാലത്ത് വായിച്ചതായി ഓർമയുണ്ട്. ഒരു കുട്ടിയുടെ വായനയ്ക്ക് അങ്ങനെ വേലികെട്ടാതിരുന്നത് എന്റെ ഭാഗ്യമാണ്.
കുറച്ചു മുതിർന്നപ്പോൾ ഞാൻതന്നെ ലൈബ്രറിയിൽ അംഗമായി. പിന്നെ പുസ്തകം എടുക്കുന്നതും തിരിച്ചുകൊടുക്കുന്നതുമൊക്കെ സ്വന്തം ഉത്തരവാദിത്വമായി. മധ്യവേനൽ അവധിക്ക് സ്കൂൾ അടച്ചാൽ ലൈബ്രറിയുടെ വാർഷികമാണ്; അതു നാട്ടിലെ വലിയൊരു ആഘോഷമായിരുന്നു. അന്ന് ലൈബ്രറി പുസ്തകം വയ്ക്കാനുള്ള ഒരു മുറി മാത്രമായിരുന്നില്ല, നാട്ടുകാർ തമ്മിൽ കാണുന്ന ഒരു സാംസ്കാരിക ഇടം കൂടിയായിരുന്നു.
പ്രീഡിഗ്രി ആകുമ്പോഴേക്കും അവിടെയുള്ള മിക്ക പുസ്തകങ്ങളും വായിച്ചുതീർന്നിരുന്നു എന്നാണ് ഓർമ. കൂടാതെ പത്രങ്ങളും മാസികകളും വായിക്കും. പിന്നെ ചെറുകഥകൾ എഴുതിത്തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ആദ്യ കഥ ‘കുട്ടികളുടെ ദീപിക’യിൽ അച്ചടിച്ചുവന്നു. വായിച്ച ആവേശത്തിൽ എഴുതിയതാണ്. എഴുത്തുകാരനാകണം എന്നൊരു പദ്ധതിയൊന്നും അന്നില്ല. വായനയിൽനിന്നാണ് എഴുത്തുവന്നത്.
കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച് മനോരമയിലെ ആദ്യ ട്രെയിനി ബാച്ചിൽ എത്തിയത് എങ്ങനെയായിരുന്നു?
ഇപ്പോൾ ഓർക്കുമ്പോൾ അതൊരു തമാശയാണ്. പി.ജി. കഴിഞ്ഞ ഉടനെ, ഒരു ദിവസംപോലും ജോലിയില്ലാതെ ഇരിക്കേണ്ടിവന്നില്ല; ഞാൻ അക്കൗണ്ടന്റ് ജനറൽസ് ഓഫീസിൽ ജോലിക്കു കയറി. ഗ്രാജ്വേഷൻ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞായിരുന്നു നിയമനം. നല്ല ജോലിയായിരുന്നു, ആ സ്ഥാപനം മോശമാണെന്നും പറയില്ല. പക്ഷേ, അവിടെയിരിക്കുമ്പോൾത്തന്നെ ഈ കണക്കുകളുടേയും ഫയലുകളുടേയും ലോകം എനിക്കു പറ്റിയതല്ലെന്നു മനസ്സിലായി. “ഇതൊക്കെ എന്റെ സമയം പാഴാക്കുകയാണല്ലോ” എന്നൊരു തോന്നൽ ഉണ്ടായിരുന്നു.
മനോരമയിലേക്ക് അപേക്ഷ അയച്ചത് ജോലി കിട്ടുമെന്ന വലിയ പ്രതീക്ഷയിലൊന്നുമല്ല; വെറുതെ ഒന്നു നോക്കാം എന്നു കരുതി. കയ്യിൽ ഒരു സർക്കാർ ജോലിയുണ്ടല്ലോ. അന്നു ഞാൻ തിരുവനന്തപുരത്ത് പാളയത്തെ ഒരു വലിയ ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റൽ ഡേയ്ക്ക് എൻ.എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകം കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. പ്രധാന വേഷം ചെയ്യുന്നതും നാടകം സംവിധാനം ചെയ്യുന്നതും ഞാൻ തന്നെയായിരുന്നു. റിഹേഴ്സൽ നടക്കുന്നതിനിടയിലാണ് മനോരമയിൽനിന്ന് ഇന്റർവ്യൂവിനു വിളി വന്നത്, പിന്നാലെ സെലക്ഷൻ ലെറ്ററും. 1975 മാർച്ച് ഒന്നിന് ജോയിൻ ചെയ്യണം.
“ഇനി നീ ഞങ്ങളെ വിട്ടിട്ട് മനോരമയിൽ പോകുമോ?” എന്നു കൂട്ടുകാർ ചോദിച്ചപ്പോൾ “ഇല്ലെടാ” എന്നു ഞാൻ തമാശയായി പറഞ്ഞിരുന്നു. പക്ഷേ, ലെറ്റർ കയ്യിൽ കിട്ടിയപ്പോൾ കാര്യമായിത്തന്നെ ആലോചിക്കേണ്ടിവന്നു: നാടകമാണോ ജോലിയാണോ വലുത്?
അന്ന് എനിക്ക് ഇരുപത്തിമൂന്നര വയസ്സാണ്. കേന്ദ്രസർക്കാർ ജോലി വിട്ട് അതിന്റെ അഞ്ചിലൊന്ന് ശമ്പളത്തിന് ഒരു സ്വകാര്യസ്ഥാപനത്തിൽ ട്രെയിനിയായി ചേരുക എന്നത് പുറത്തുനിന്നു നോക്കുന്നവർക്കു വിചിത്രമായ തീരുമാനമാണ്. പക്ഷേ, എനിക്ക് ഇഷ്ടം എഴുത്തും വായനയും അക്ഷരങ്ങളുമായിരുന്നു. അച്ഛനോടു പറഞ്ഞപ്പോൾ “നിനക്ക് ഇഷ്ടമുള്ളതു ചെയ്യ്” എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെ പണത്തിന്റെ കണക്കൊക്കെ ഞാൻ വിട്ടു. ഇഷ്ടമുള്ള ജോലി ചെയ്യുക, അതാണു പ്രധാനം.
ഹോസ്റ്റലിലെ വാർഡനായിരുന്ന ഒരു വൈദികനോട് ഞാൻ അഭിപ്രായം ചോദിച്ചു. “നിനക്കു ശരിക്കും പത്രപ്രവർത്തനത്തിലേക്കാണോ പോകാൻ ഇഷ്ടം?” എന്ന് അദ്ദേഹം ചോദിച്ചു. “അതെ” എന്നു ഞാൻ പറഞ്ഞു. “എങ്കിൽ നീ പോകണം, നാടകത്തെക്കുറിച്ചു വിഷമിക്കേണ്ട” എന്നായിരുന്നു മറുപടി. ഒടുവിൽ നാടകത്തിൽ പ്രോംപ്റ്റ് ചെയ്തിരുന്ന ഒരാളെ പ്രധാന വേഷത്തിൽ നിർത്തിയിട്ട് ഞാൻ കോട്ടയത്തേക്കു പോന്നു.
അവിടെനിന്നാണ് ശരിക്കുമുള്ള പരിശീലനം തുടങ്ങുന്നത്. ഭാഷ എങ്ങനെ നന്നാക്കാം, വാർത്ത എങ്ങനെ ചുരുക്കിയെഴുതാം, സാഹിത്യഭാഷയും പത്രഭാഷയും തമ്മിൽ എന്താണു വ്യത്യാസം, ഇതൊക്കെ പഠിച്ചു. പത്രപ്രവർത്തനം എനിക്കൊരു ജോലി മാത്രമായിരുന്നില്ല; പഠിച്ചുകൊണ്ടേയിരിക്കുന്ന ഒരു തൊഴിലായി മാറുകയായിരുന്നു.
അഞ്ചു പതിറ്റാണ്ടിനിടെ മാധ്യമരംഗത്തുണ്ടായ സാങ്കേതികവും ഉള്ളടക്കപരവുമായ മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
സാങ്കേതികമായി പറഞ്ഞാൽ ഞാൻ വന്നത് മെറ്റൽ ടൈപ്പിന്റെ കാലത്താണ്. 1975-ൽ അക്ഷരങ്ങൾ ഉരുകിയ ലോഹത്തിൽ വാർത്തെടുക്കുകയായിരുന്നു; മോണോടൈപ്പും ലൈനോടൈപ്പും. ഇന്ന് അതു സങ്കല്പിക്കാൻപോലും പ്രയാസമാണ്. പിന്നെ ബ്രോമൈഡ് വെട്ടിയൊട്ടിച്ചു പേജുണ്ടാക്കുന്ന കാലം വന്നു. ഡമ്മി ഷീറ്റിൽ പേജ് വരച്ചുകൊടുക്കുന്ന രീതിയും പിന്നീടു മാറി.
ഈ മാറ്റങ്ങളൊന്നും ഒരു സ്ഥാപനത്തിനകത്തു മാത്രം നടന്നതല്ല. ലോകത്ത് പത്രപ്രവർത്തനത്തിൽ എന്തു മാറ്റം വന്നാലും അതു നമുക്ക് മനോരമയിൽ എങ്ങനെ പ്രായോഗികമാക്കാം എന്നായിരുന്നു മനോരമ മനേജ്മെന്റിന്റെ ചിന്ത. വിദേശത്തുനിന്നു ഡിസൈൻ വിദഗ്ദ്ധരും എഡിറ്റർമാരും വന്ന് ഞങ്ങൾക്കു പരിശീലനം തന്നു; ഞങ്ങളേയും പല രാജ്യങ്ങളിലേക്കും അയച്ചു. ഹാരോൾഡ് എവൻസിനെപ്പോലുള്ള വലിയ പത്രപ്രവർത്തകരും ഡിസൈൻ എഡിറ്റിങ്ങ് രംഗത്തെ വിദഗ്ദ്ധരും മനോരമയിൽ പരിശീലനത്തിനു വന്നിട്ടുണ്ട്. ഞാൻ വരുന്നതിനു മുമ്പുള്ള ചില സന്ദർശനങ്ങളുമുണ്ട്. പിന്നീട് WANIFRA പോലുള്ള അന്താരാഷ്ട്ര മാധ്യമസംഘടനകളുടെ പരിപാടികളിലേക്കും ഞങ്ങളെ അയച്ചു. അങ്ങനെ സാങ്കേതികമാറ്റം വരുമ്പോൾ അതിനെ പേടിക്കാതെ പഠിക്കുക എന്നൊരു സംസ്കാരം മനോരമയിൽ ഞങ്ങൾക്കുണ്ടായി.
വിദേശത്ത് പോയി ലോകത്തെ മാറ്റങ്ങൾ കാണുന്നത് വെറും പരിശീലനമായിരുന്നില്ല ഞങ്ങൾക്ക്. നമ്മൾ ഇവിടെ ചെയ്യുന്നത് എവിടെ നിൽക്കുന്നു എന്നു മനസ്സിലാക്കാനുള്ള അവസരം കൂടിയായിരുന്നു. പുതിയ സാങ്കേതികവിദ്യ കണ്ടാൽ അതേപടി പകർത്തുകയല്ല, നമ്മുടെ വായനക്കാരനും പത്രത്തിനും ഇതു ചേരുമോ എന്നു ചിന്തിക്കുകയാണു ചെയ്തത്. ഡിസൈൻ മുതൽ എഡിറ്റിങ്ങ് വരെ, ന്യൂസ്പ്രിന്റിന്റെ ജി.എസ്.എം മാറ്റുന്നതുവരെ, ഓരോന്നിനും പിന്നിൽ സാങ്കേതികവും സാമ്പത്തികവുമായ കണക്കുണ്ടായിരുന്നു. ഒരു പുതിയ സംവിധാനം നല്ലതാണെന്നു പറഞ്ഞാൽ പോരാ; അതിന്റെ ചെലവെത്രയാണ്, ഇവിടെ പ്രായോഗികമാണോ, വായനക്കാരനു കിട്ടുന്നത് എന്താണ്; ഇതെല്ലാം നോക്കണം.
1987-ൽ കേരളത്തിലെ ആദ്യത്തെ ഫാക്സിമിലി പത്രം തുടങ്ങാൻ അവസരം കിട്ടിയതും ഇതിന്റെ ഭാഗമായിട്ടാണ്. കോട്ടയത്തിരുന്ന് പേജ് തയ്യാറാക്കി ലേസർ ബീം വഴി മറ്റൊരിടത്തേക്ക് അയച്ച് അവിടെ അച്ചടിക്കുക. ഇന്നു കേൾക്കുമ്പോൾ സാധാരണ കാര്യമായി തോന്നും; അന്ന് അതു വലിയ സാങ്കേതികമാറ്റമായിരുന്നു. തിരുവനന്തപുരം എഡിഷന്റെ ഓരോ പേജും കോട്ടയത്തിരുന്നാണ് തയ്യാറാക്കുന്നതെങ്കിലും അവിടത്തെ വായനക്കാരുടെ സ്വഭാവം മനസ്സിലാക്കി വ്യത്യസ്തമായ ലേഔട്ട് കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചു. പുതിയ സാങ്കേതികവിദ്യ വന്നാൽ അതിനു മുന്നിൽ നിൽക്കുക, വേണമെങ്കിൽ ആളുകളെ പരിശീലിപ്പിക്കുക; അതായിരുന്നു മനോരമയുടെ രീതി.
മനോരമയിലൂടെ മലയാള മാധ്യമരംഗത്തെ പല തലമുറകളിലെ പ്രമുഖർക്കൊപ്പം പ്രവർത്തിച്ച അനുഭവം താങ്കളെ എങ്ങനെ രൂപപ്പെടുത്തി?
വളരെ വലിയ സ്വാധീനമാണ് അവരിൽനിന്നെല്ലാം കിട്ടിയത്. ടി.വി.ആർ. ഷേണായി, കെ.ആർ. ചുമ്മാർ, തോമസ് ജേക്കബ് സാർ; ഓരോരുത്തരിൽനിന്നും വ്യത്യസ്തമായ കാര്യങ്ങൾ പഠിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ ഇവരോടൊപ്പം ദിവസവും ഇടപഴകാൻ പറ്റിയത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. അന്നും ഇന്നും മനോരമയിലെ എല്ലാവരും മാതൃകയായി കാണുന്ന തോമസ് ജേക്കബ് സാറ് തന്നെയായിരുന്നു അതിൽ പ്രധാനി. സാറ് ഒരിക്കലും ആരെയും ഒന്നും പഠിപ്പിച്ചുകൊടുക്കാറില്ല. പകരം എങ്ങനെയാണ് മികച്ച ഒരു മാധ്യമപ്രവർത്തകൻ ആയിരിക്കേണ്ടത് എന്ന കൃത്യമായ മാതൃക കാണിച്ചുതരികയാണ് ചെയ്യുക.
ഫാക്സിമിലി തുടങ്ങിയപ്പോൾ കെ.ആർ. ചുമ്മാർ സാറുമായി എപ്പോഴും ഇടപെടേണ്ടിവന്നു. അന്നു മൊബൈൽ ഫോണൊന്നുമില്ലല്ലോ. കേരളത്തിൽ അപൂർവമായുണ്ടായിരുന്ന ഹോട്ട്ലൈൻ കണക്ഷനുകളിൽ ഒന്ന് ഞങ്ങൾക്കുണ്ടായിരുന്നു. എന്റെ മുന്നിലെ ഫോണെടുത്താൽ നേരെ അദ്ദേഹത്തിന്റെ മുറിയിലേക്കാണു പോകുക. തിരുവനന്തപുരം എഡിഷൻ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിനു കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതു സാങ്കേതികമായി എങ്ങനെ നടപ്പാക്കാം എന്നു ഞങ്ങൾ നോക്കും. ആ ആശയവും ഞങ്ങളുടെ ചിന്തയും ചേർന്നാണ് ആ പത്രം രൂപപ്പെട്ടത്. ഇങ്ങനെയുള്ള നിരന്തരമായ ഇടപെടലാണ് ഒരു മാധ്യമപ്രവർത്തകനെ രൂപപ്പെടുത്തുന്നത്.
ഡൽഹിയിലും അങ്ങനെതന്നെ. ടി.വി.ആർ. ഷേണായിക്കുശേഷം സച്ചിദാനന്ദമൂർത്തി തുടങ്ങിയവരുമായി ഇടപഴകി. സച്ചിദാനന്ദമൂർത്തി മലയാളിയായിരുന്നില്ല, കർണാടകക്കാരനായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഒരു പാൻ ഇന്ത്യൻ കാഴ്ചപ്പാടുണ്ടായിരുന്നു. ‘വീക്കി’ന്റേയും പത്രത്തിന്റേയും ചുമതലകളുമായി അദ്ദേഹം പ്രവർത്തിച്ചപ്പോൾ മലയാളത്തിന്റെ പരിധിക്കു പുറത്തേക്കു നോക്കാൻ ഞങ്ങൾ പഠിച്ചു. ഇതൊന്നും ക്ലാസ്സ്മുറിയിലിരുന്നു പഠിച്ചതല്ല. ആളുകളെ നോക്കി, അവരുടെ ജോലി കണ്ട്, തീരുമാനങ്ങൾ കേട്ട്, കൂടെ പണിയെടുത്തു പഠിച്ച ഒരു ‘ഇൻവിസിബിൾ സ്കൂൾ’ ആയിരുന്നു അത്. എന്റെ തലമുറയ്ക്ക് അതൊരു വലിയ നേട്ടമായിരുന്നു.
1975-ൽ രണ്ട് എഡിഷനുകളുള്ള പത്രമായിരുന്ന മനോരമ അഞ്ചു പതിറ്റാണ്ടിനിടെ വലിയ മാധ്യമസ്ഥാപനമായി വളർന്നു. ഈ വളർച്ചയെ അടുത്തുനിന്നു കണ്ടയാൾ എന്ന നിലയിൽ എങ്ങനെ കാണുന്നു?
മനോരമയുടെ സ്വഭാവത്തിൽത്തന്നെ പരീക്ഷണത്തിനുള്ള ഒരു മനസ്സുണ്ടെന്നാണ് എനിക്കു തോന്നുന്നത്. കെ.സി. മാമ്മൻ മാപ്പിളയുടെ കാലം മുതൽ അതു കാണാം. പത്രം നടത്തുന്നതിനൊപ്പം ബാങ്ക് നടത്തുക, കപ്പൽ വാങ്ങുക തുടങ്ങിയ തീരുമാനങ്ങളൊക്കെ എടുത്തിരുന്ന ആളുകളാണ് മനോരമയെ എക്കാലത്തും നയിച്ചിട്ടുള്ളത്. കോട്ടയം പോലൊരു സ്ഥലത്തുനിന്ന് പുതിയ മേഖലകളിലേക്കു പോകാനുള്ള ആ ധൈര്യം സ്ഥാപനത്തിന്റെ രക്തത്തിൽത്തന്നെയുണ്ടെന്നു തോന്നുന്നു. പിന്നീടും പുതിയ പരിശീലനങ്ങളിലേക്കും സാങ്കേതികവിദ്യകളിലേക്കും മാധ്യമരീതികളിലേക്കും സ്ഥാപനം മാറിക്കൊണ്ടിരുന്നു. ഞങ്ങളെ ലോകത്തിന്റെ പല ഭാഗത്തേക്കും അയച്ച് പുതിയ കാര്യങ്ങൾ പഠിപ്പിച്ചതും അതിന്റെ ഭാഗമാണ്. ഒരു പുതിയ എഡിഷൻ തുടങ്ങുക എന്നാൽ ഒരു പുതിയ സ്ഥലം തുറക്കുക എന്നതുമാത്രമല്ല, ആ നാട്ടിലെ വായനക്കാരെ അടുത്തറിയുന്ന ഒരു പുതിയ മാധ്യമസംസ്കാരം ഉണ്ടാക്കിയെടുക്കുക കൂടിയാണ്.
ഡിസൈനിൽപ്പോലും ഇതിന് ഉദാഹരണം കാണാം. ഏഴോ എട്ടോ വർഷം കൂടുമ്പോൾ പത്രത്തിന്റെ ഡിസൈൻ പുതുക്കാൻ ശ്രമിച്ചിട്ടുള്ള സ്ഥാപനമാണ് മനോരമ. വിദേശത്തുനിന്നു ഡിസൈനർമാരെ കൊണ്ടുവരും. കേരളത്തിലെ വായനക്കാരുടെ സ്വഭാവവും നിറങ്ങളോടുള്ള സമീപനവുംവരെ പഠിച്ചശേഷമാണ് അവർ പണി തുടങ്ങുക. പീറ്റർ ഓങ്ങിനെപ്പോലുള്ള ഡിസൈനർമാർ കേരളം മുഴുവൻ സഞ്ചരിച്ച് നമ്മുടെ സമൂഹത്തിന്റെ നിറബോധവും വായനക്കാരുടെ മനോഭാവവും മനസ്സിലാക്കി. പക്ഷേ, അവസാന തീരുമാനം പുറത്തുനിന്നുള്ള ഒരാളുടേതു മാത്രമായിരുന്നില്ല. നമ്മുടെ സ്വന്തം ആളുകളുമായി സംസാരിച്ചാണ് അതുണ്ടായത്. പുറത്തെ ലോകത്തെ പഠിക്കുക, അതു സ്വന്തം സാഹചര്യത്തിലേക്കു മാറ്റിയെടുക്കുക; മനോരമയുടെ വളർച്ചയിലെ പ്രധാന കാര്യം അതാണ്.
മനോരമ ഉള്ളടക്കത്തിനൊപ്പം അവതരണത്തിലും ഡിസൈനിലും പരീക്ഷണങ്ങൾ നടത്തിയത് എങ്ങനെയായിരുന്നു?
പത്രത്തിന്റെ ഉള്ളടക്കം മാത്രമല്ല, അതു വായനക്കാരന്റെ മുന്നിൽ എങ്ങനെ വന്നുനിൽക്കുന്നു എന്നതും പ്രധാനമാണെന്ന് മനോരമ വളരെ നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു. ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന മാറ്റങ്ങൾ പഠിക്കാൻ ഞങ്ങളെ അയച്ചിരുന്നല്ലോ. ഡിസൈൻ ആയാലും എഡിറ്റിങ്ങ് ആയാലും പ്രിന്റിങ്ങ് ആയാലും, എന്തു പുതിയ കാര്യം വന്നാലും അതു നമ്മുടെ സാഹചര്യത്തിൽ എത്രത്തോളം പ്രായോഗികമാണെന്നു മനോരമ നോക്കും.
അന്നത്തെ മലയാള പത്രപ്രവർത്തനത്തിൽ ഒരു പുതിയ രാഷ്ട്രപതി വന്നാൽ ഒന്നാം പേജിൽ ഒരു ലീഡ് സ്റ്റോറി, കൂടിപ്പോയാൽ ഒരു ഡബിൾ കോളം ചിത്രം; അതായിരുന്നു പതിവ്. കെ.ആർ. നാരായണൻ രാഷ്ട്രപതിയായ ദിവസം ഞങ്ങൾ ആ പതിവൊന്നു മാറ്റിനോക്കാൻ തീരുമാനിച്ചു. ഒരു മലയാളി രാഷ്ട്രപതിയാകുന്നത് കേരളത്തിനു വലിയ സംഭവമായിരുന്നല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രം മാത്രം ഉപയോഗിച്ച് ഒരു കവർ പ്ലാൻ ചെയ്തു. അതു വെറുമൊരു ഡിസൈൻ പരീക്ഷണമായിരുന്നില്ല. ഒരു വാർത്ത വായനക്കാരൻ എങ്ങനെ അനുഭവിക്കണം എന്നതിനെക്കുറിച്ചുള്ള എഡിറ്റോറിയൽ ചിന്തയായിരുന്നു.
അന്നു ഞങ്ങൾ ജൂനിയേഴ്സാണ്. സീനിയേഴ്സിനോട് അഭിപ്രായം ചോദിച്ചപ്പോൾ ചിലർ “ഇതു വേണോ?” എന്നു ചോദിച്ചു. അതുവരെ ഇന്ത്യയിൽത്തന്നെ അങ്ങനെയൊരു എഡിറ്റോറിയൽ കവർ പതിവില്ലായിരുന്നു. എന്നാലും “ഒന്നു ശ്രമിച്ചുനോക്കാം” എന്നു തീരുമാനിച്ചു. കളർ പ്രിന്റിങ്ങ് അന്ന് ഇന്നത്തെപ്പോലെ എളുപ്പമല്ല. കോട്ടയത്തെ എഡിറ്റോറിയൽ ഓഫീസിൽ പേജ് തയ്യാറാക്കി കോടിമതയിലെ പ്രസ്സിലേക്കാണ് കൊണ്ടുപോവുക. പേജ് തയ്യാറായാൽ അത് എങ്ങനെ അച്ചടിച്ചുവരുന്നു എന്നു ഞാൻ നേരിട്ടുപോയി നോക്കിയിട്ടുണ്ട്. അങ്ങനെയാണ് മലയാള പത്രപ്രവർത്തനത്തിൽ ‘എഡിറ്റോറിയൽ ജാക്കറ്റ്’ എന്ന ആശയം കൂടുതൽ വ്യക്തമായി രൂപപ്പെട്ടത്.
2000-ൽ മറ്റൊരു വലിയ പരീക്ഷണം നടത്തി. പുതിയ മില്ലേനിയത്തിന്റെ തുടക്കം എങ്ങനെ കാണിക്കണം എന്നതായിരുന്നു ചോദ്യം. സൂര്യോദയമോ പുതിയ തുടക്കത്തെ സൂചിപ്പിക്കുന്ന മറ്റൊരു ചിത്രമോ ഉപയോഗിക്കാം. പക്ഷേ, അതിനപ്പുറം പോകണം എന്നു തോന്നി. മനോരമയുടെ തന്നെ അഭിമാനമായിരുന്ന വിക്ടർ ജോർജ് അയച്ച ഒരു ചിത്രത്തിൽ വളരെ പ്രായമായ ഒരു മുത്തശ്ശിയുടെ ചുളിവുകൾ വീണ മുഖവും അതിനടുത്ത് ഒരു നവജാതശിശുവിന്റെ പൂവുപോലുള്ള കാലുമുണ്ടായിരുന്നു. പഴയകാലവും പുതിയകാലവും തമ്മിൽ തൊടുന്നതുപോലെ തോന്നി ആ ചിത്രം കണ്ടപ്പോൾ. അതിനെ എട്ടു കോളത്തിൽ എഡിറ്റോറിയൽ ജാക്കറ്റാക്കി. ആ ചിത്രം ഒരു വാർത്തയല്ല പറഞ്ഞത്; കാലത്തിന്റെ ഒരു മാറ്റമാണ്.
അതു വലിയൊരു ചലഞ്ചായിരുന്നു. അതേ ദിവസം കാണ്ടഹാർ വിമാനറാഞ്ചലിന്റെ വാർത്തയുമുണ്ടായിരുന്നു. ഒരു വലിയ ന്യൂസ് ബ്രേക്ക് വന്നാൽ ഒന്നാം പേജിന്റെ മുഴുവൻ പ്രാധാന്യവും അതിനു കൊടുക്കേണ്ടതല്ലേ എന്ന സ്വാഭാവികമായ സംശയം ഞങ്ങൾക്കുണ്ടായി. അതിനിടയിൽ എട്ടുകോളം പ്രതീകാത്മകചിത്രം കൊടുക്കുന്നതു ശരിയാണോ എന്നും ചർച്ച വന്നു. എന്നാലും പരീക്ഷണം വേണ്ടെന്നു വച്ചില്ല. എഡിറ്റോറിയൽ തീരുമാനം വാർത്തയുടെ വലുപ്പം നോക്കിമാത്രം എടുക്കുന്നതല്ല; ആ ദിവസം വായനക്കാരനോട് എങ്ങനെ സംസാരിക്കണം എന്നതുകൂടി അതിന്റെ ഭാഗമാണ്. ആ ജാക്കറ്റ് ഇന്നും ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്.
കാലം മാറുന്നതിനനുസരിച്ച് ഇടയ്ക്കിടെ ചെറിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇന്ന് എഡിറ്റോറിയൽ ജാക്കറ്റ് ഒരു സാധാരണ കാര്യമായി തോന്നും. ലോകകപ്പിനും തെരഞ്ഞെടുപ്പിനും വലിയ സംഭവങ്ങൾക്കുമൊക്കെ വ്യത്യസ്ത ജാക്കറ്റുകൾ വരുന്നുണ്ടല്ലോ. പക്ഷേ, ഒരുകാലത്ത് അതൊക്കെ പുതിയ ആശയങ്ങളായിരുന്നു. ഇപ്പോഴത്തെ ‘ഫ്രെഞ്ച് വിൻഡോ’ പോലുള്ള പ്രിന്റിങ്ങ് പരീക്ഷണങ്ങളും അതിന്റെ തുടർച്ചയാണ്. സാങ്കേതികമായി ചെലവേറിയതാണെങ്കിലും ഒരാശയം വായനക്കാരന്റെ കയ്യിലെത്തുമ്പോൾ അതിനു വേറൊരനുഭവം കൊടുക്കാൻ പറ്റുമെങ്കിൽ പരീക്ഷിക്കണം; അതാണ് എന്റെ നിലപാട്.
ദീർഘകാലം തുടർന്ന ‘തരംഗങ്ങളിൽ പനച്ചി’ എന്ന കോളം തുടങ്ങിയത് എങ്ങനെയാണ്?
‘
പനച്ചി’യുടെ തുടക്കത്തിന് യഥാർത്ഥ കാരണക്കാരൻ മനോരമയുടെ വളർച്ചയുടെ നെടുംതൂണായിരുന്ന അന്നത്തെ ചീഫ് എഡിറ്റർ കെ.എം. മാത്യു എന്ന ഞങ്ങളുടെ മാത്തുക്കുട്ടിച്ചായൻ ആയിരുന്നു. കൊച്ചി യൂണിറ്റ് തുടങ്ങാൻ ഞങ്ങൾ 1978 നവംബറിൽ അവിടെ പോയി; 1979-ൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി. അന്നു മലയാളത്തിൽ ‘മിഡിൽ പീസ്’ പോലൊരു സ്ഥിരം കോളം എന്ന ആശയം വലിയ തോതിൽ ഉണ്ടായിരുന്നില്ല. വിദേശ പത്രങ്ങളിലും മാസികകളിലും അങ്ങനത്തെ എഴുത്തുണ്ടായിരുന്നു. ഞാൻ അക്കാലത്ത് ആനുകാലികങ്ങളിൽ ഇടയ്ക്കിടെ എഴുതുമായിരുന്നു. അതു കണ്ടിട്ട് മാത്തുക്കുട്ടിച്ചായൻ എന്നോടു പറഞ്ഞു, “ജോസ്, ഒന്ന് ഒരു മിഡിൽ പീസ് എഴുതിനോക്ക്” എന്ന്. അങ്ങനെയാണു തുടക്കം.
ആദ്യം അതിനു ‘പനച്ചി’ എന്ന പേരുപോലും ഉണ്ടായിരുന്നില്ല. കുറച്ചു ലക്കം കഴിഞ്ഞപ്പോൾ ഒരു പേരു വേണമെന്നു തോന്നി. പനച്ചിപ്പുറം എന്ന പേരു ചുരുക്കി ‘പനച്ചി’യാക്കി. അതിനു പിന്നിൽ വലിയ ആലോചനയൊന്നുമില്ല. ഡെസ്കിൽ നടന്ന ഒരു സാധാരണ ചർച്ചയിൽനിന്നാണ് ആ പേരു വന്നത്. ഒരർത്ഥത്തിൽ ‘ഇറ്റ് ജസ്റ്റ് ഹാപ്പൻഡ്’ എന്നുതന്നെ പറയാം. കോളം വളർന്നപ്പോൾ അതിന്റെ സ്വഭാവവും മാറി. ആദ്യകാലത്ത് എഴുതുന്നയാളുടെ നേരിട്ടുള്ള നിരീക്ഷണങ്ങളായിരുന്നു കൂടുതൽ. പിന്നെ എല്ലാം കൂട്ടിയിണക്കാൻ ഒരു കഥാപാത്രം വേണമെന്നു തോന്നി. അങ്ങനെ അപ്പുക്കുട്ടൻ വന്നു. അപ്പുക്കുട്ടനെ ഇരുന്നു ഡിസൈൻ ചെയ്തതൊന്നുമല്ല. നമ്മുടെ നാട്ടിൽ സാധാരണക്കാരനെ വിളിക്കുന്ന പേരാണല്ലോ ‘അപ്പു’, ‘അപ്പുക്കുട്ടൻ’ എന്നൊക്കെ. അതിൽ ഒരു കോമൺമാൻ ഉണ്ടെന്നു തോന്നി. വലിയ രാഷ്ട്രീയ സംഭവമോ സാമൂഹിക മാറ്റമോ നടക്കുമ്പോൾ ഒരു സാധാരണക്കാരൻ അതിനെ എങ്ങനെ കാണും, എങ്ങനെ പ്രതികരിക്കും എന്ന് അപ്പുക്കുട്ടന്റെ കണ്ണിലൂടെ പറഞ്ഞുതുടങ്ങി.
ഒരു സംഭവത്തെക്കുറിച്ച് ഞാൻ പറയുന്നതിനു പകരം അപ്പുക്കുട്ടൻ അതിനെ എങ്ങനെ കാണുന്നു എന്നു പറയുമ്പോൾ എഴുത്തിനു കൂടുതൽ സ്വാതന്ത്ര്യം കിട്ടി. സർക്കാസവും പരിഹാസവും ഉണ്ടാകും. പക്ഷേ, അതിനടിയിൽ ഒരു സാധാരണ മലയാളിയുടെ പ്രതികരണമാണുള്ളത്. കാലം മാറുമ്പോൾ നമ്മൾ ലോകത്തെ കാണുന്ന രീതിയും മാറും. അതുപോലെ കോളത്തിന്റെ ഭാഷയും കാഴ്ചപ്പാടും പതുക്കെ മാറിക്കൊണ്ടിരുന്നു.
അമ്പതു വർഷത്തെ മാധ്യമജീവിതത്തിൽ ഏറ്റവും സ്പർശിച്ച വാർത്താമുഹൂർത്തങ്ങൾ ഏതൊക്കെയാണ്?
ഒരുപാടുണ്ട്. വാർത്ത ദിവസവും പുതുതായി സംഭവിക്കുന്നതാണെങ്കിലും ചില സംഭവങ്ങൾ നമ്മളിൽനിന്ന് ഒരിക്കലും പോകില്ല. ചില ദുരന്തങ്ങൾ പ്രത്യേകിച്ച് ഓർമയിൽ നിൽക്കും. അവിടെ വാർത്തയെക്കാൾ വലുതായി മനുഷ്യരുടെ വേദനയാണ് കാണേണ്ടിവരിക. അത്തരം സമയത്ത് ഒരു മാധ്യമപ്രവർത്തകൻ ചെയ്യേണ്ടത് വികാരത്തിനു വഴങ്ങാതെ സംഭവം കൃത്യമായി റിപ്പോർട്ട് ചെയ്യുകയാണ്. പക്ഷേ, അതിനർത്ഥം മനസ്സിൽ ഒന്നും സംഭവിക്കുന്നില്ല എന്നല്ല. വാർത്ത എഴുതിക്കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് ചിലപ്പോൾ അതിന്റെ ഭാരം ശരിക്കും അറിയുന്നത്.
അക്കൂട്ടത്തിൽ ഏറ്റവും വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണ് വിക്ടർ ജോർജിന്റെ മരണം. ഒരേസമയം അതു വലിയൊരു ന്യൂസ് ഡെവലപ്മെന്റും ഞങ്ങളുടെ സ്വന്തം ഒരാളുടെ നഷ്ടവുമായിരുന്നു. അതുകൊണ്ട് ആ വാർത്ത കൈകാര്യം ചെയ്യുന്നത് മറ്റൊരു വാർത്ത റിപ്പോർട്ട് ചെയ്യുന്നതുപോലെ ആയിരുന്നില്ല. വിക്ടർ ഞങ്ങൾക്ക് വെറുമൊരു ഫോട്ടോഗ്രാഫർ ആയിരുന്നില്ല. വാർത്തയെ കാണാൻ അദ്ദേഹത്തിനു പ്രത്യേകമൊരു കണ്ണുണ്ടായിരുന്നു. ഒരു സംഭവസ്ഥലത്ത് എത്തിയാൽ മറ്റുള്ളവർ കാണാതെപോകുന്ന ഒരു വാർത്താനിമിഷം വിക്ടർ കണ്ടെത്തും. അതുകൊണ്ടാണ് ആ മരണം മാധ്യമലോകത്തിന് ഒരു പ്രൊഫഷണൽ നഷ്ടം മാത്രമല്ല, വ്യക്തിപരമായ നഷ്ടവുമായത്.
വെണ്ണിയാനിമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്കു പോകുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ പരസ്പരം സംസാരിച്ചതൊക്കെ എനിക്ക് ഇന്നും ഓർമയുണ്ട്. പിറ്റേന്ന് അദ്ദേഹം പോയി. പിന്നെ സംഭവിച്ചത് നമുക്കെല്ലാം അറിയാം. ഒരു ഫോട്ടോഗ്രാഫർ വാർത്തയുടെ അടുത്തേക്കു പോകുമ്പോൾ എത്ര വലിയ അപകടസാധ്യതയാണ് ഏറ്റെടുക്കുന്നതെന്ന് ഇത്തരം സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കും. മറ്റുള്ളവരുടെ ദുരന്തങ്ങൾ പകർത്താൻ പോയ ഒരാൾക്ക് അതുപോലൊരു ദുരന്തത്തിൽ സ്വന്തം ജീവൻ നഷ്ടമായി. അതാണ് ഏറ്റവും വേദനിപ്പിക്കുന്നത്.
വിക്ടർ എടുത്ത ഓരോ ചിത്രത്തിനു പിന്നിലും ഓരോ കഥയുണ്ട്. കോട്ടയം ജനറൽ ആശുപത്രിയിൽ പോയി അദ്ദേഹം എടുത്ത ചില ചിത്രങ്ങൾ ഓർക്കുമ്പോൾപ്പോലും ഫോട്ടോയെക്കാൾ അതിനു പിന്നിലെ മനുഷ്യനെയാണ് എനിക്ക് ഓർമവരിക. അതായിരുന്നു വിക്ടറിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ ചിത്രങ്ങൾ സംസാരിക്കും എന്നു നമ്മൾ പറയാറുണ്ട്. പക്ഷേ, ആ ചിത്രങ്ങൾക്കു പിന്നിൽ മണിക്കൂറുകളോളം കാത്തുനിന്ന, അപകടത്തിലേക്കു ചെന്ന, ശരിയായ നിമിഷം കണ്ടെത്തിയ ഒരു മനുഷ്യനുണ്ട്. ആ അധ്വാനം എഴുതിവയ്ക്കേണ്ടതുണ്ട്.
മുഴുവൻസമയ മാധ്യമപ്രവർത്തകനായിരിക്കുമ്പോഴും എഴുത്തുകാരനായി തുടരാൻ പ്രേരിപ്പിച്ചത് എന്താണ്?
അതൊരു നിർബന്ധബുദ്ധിയാണെന്നാണ് എനിക്കു തോന്നുന്നത്. വാർത്തകളുടെ വെള്ളപ്പൊക്കത്തിൽ ദിവസം മുഴുവൻ ഓടിക്കൊണ്ടിരിക്കുമ്പോൾ, കണ്ടതും അനുഭവിച്ചതും അതേപടി മനസ്സിൽ കിടക്കരുതെന്നൊരു തോന്നലുണ്ടാകും. മാധ്യമപ്രവർത്തനം ഒരു സംഭവത്തെ അപ്പോൾത്തന്നെ രേഖപ്പെടുത്തുന്നു. സർഗാത്മക എഴുത്ത് അതേ സംഭവത്തിൽ കുറച്ചുകൂടി താമസിക്കുന്നു. അതിന്റെ മനുഷ്യവശം എന്താണ്, ഓർമ എന്താണ്, പിന്നിലെ മൗനം എന്താണ് എന്നൊക്കെ ചോദിക്കുന്നു. ആ വ്യത്യാസമാണ് എന്നെ എഴുത്തിലേക്കു തിരികെ കൊണ്ടുപോയത്.
പക്ഷേ, അതിന്റെ മറുവശത്ത് വലിയൊരു നഷ്ടവുമുണ്ട്. എഴുതണമെന്നു തോന്നിയ പല കാര്യങ്ങളും സമയമില്ലാത്തതുകൊണ്ട് എഴുതാതെപോയി. ചില കുറിപ്പുകൾ തുടങ്ങിവച്ചിട്ടുണ്ട്. പിന്നെ ന്യൂസ്റൂമിലെ അടുത്ത ഡെഡ്ലൈന് വന്നു, അവ അവിടെത്തന്നെ നിന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അവയിൽ പലതും ഇനി എഴുതാൻ പറ്റില്ലെന്നു തോന്നും. എഴുത്തിനും മാധ്യമപ്രവർത്തനത്തിനുമിടയിൽ ജീവിച്ച എന്റെ ഏറ്റവും വലിയ ഖേദങ്ങളിലൊന്ന് അതാണ്; എഴുതേണ്ടിയിരുന്ന ചിലത് എഴുതാതെപോയി.
2024-ൽ ഞാൻ ഒരു നോവൽ എഴുതി. വിരമിക്കൽ അടുത്ത സമയമായതുകൊണ്ടാണ് അതിനു കൂടുതൽ സമയം കിട്ടിയത്. ഒരു ഓൾഡ് ഏജ് ഹോമിന്റെ സ്വഭാവമുള്ള ഒരു ഫൽറ്റിൽ ഒരുമിച്ചു താമസിക്കുന്ന കുറെ ആളുകളുടെ ജീവിതമാണ് ആ നോവലിന്റെ പശ്ചാത്തലം. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നമ്മൾ ഓരോരുത്തരും എന്തൊക്കെയാണ് കൂടെ കൊണ്ടുനടക്കുന്നത്, ഓർമകൾ എങ്ങനെ നമ്മളെ പിന്തുടരുന്നു എന്നൊക്കെയാണ് അതിലെ വിഷയം. അതെഴുതിയപ്പോഴാണ്, ഇത്രയും കാലം വാർത്തകളിൽ കണ്ട മനുഷ്യർ നമ്മുടെ ഉള്ളിൽ എത്രമാത്രം കിടക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്. മാധ്യമപ്രവർത്തനം എഴുത്തിൽനിന്നു വേറിട്ട ഒന്നല്ല; അതിന്റെ മറ്റൊരു രൂപമാണ്.
എഴുത്തുകാരനായ ജോസ് പനച്ചിപ്പുറത്തിനാണോ മാധ്യമപ്രവർത്തകനായ ജോസ് പനച്ചിപ്പുറത്തിനാണോ കൂടുതൽ പ്രാധാന്യം?
എഴുത്തുകാരൻ എന്ന നിലയിൽ എന്റെ മനസ്സിലെ ബെഞ്ച്മാർക്കിൽ ഞാൻ ഇനിയും എത്തിയിട്ടില്ലെന്നാണു തോന്നുന്നത്. പത്രപ്രവർത്തകൻ എന്ന നിലയിൽ അമ്പത്തൊന്നു വർഷത്തെ ഒരു യാത്രയുണ്ട്. പക്ഷേ, സാഹിത്യരചനയിൽ ചെയ്യാനുള്ളത് ഇനിയും കൂടുതലാണ്. അതുകൊണ്ട് രണ്ടിനേയും താരതമ്യം ചെയ്ത് ഇതാണു വലുത് എന്നു പറയാൻ എനിക്കു തോന്നുന്നില്ല. മാധ്യമപ്രവർത്തനം എന്നെ ജീവിക്കാൻ പഠിപ്പിച്ചു; എഴുത്ത് എന്നെ എന്റെ ഉള്ളിലേക്കു നോക്കാൻ പഠിപ്പിച്ചു.
സാഹിത്യത്തിൽ നമ്മുടെ മാനദണ്ഡം കുറച്ചുകൂടി ഉയർന്നതാണ്. ഒരു രചന ‘ഭാഷാപോഷിണി’യിൽ വരുമ്പോൾ അതിനൊരു നിലവാരം വേണമെന്നു നമ്മൾ സ്വയം പ്രതീക്ഷിക്കും. അതുകൊണ്ടുതന്നെ ഞാൻ എഴുതിയതിനെക്കുറിച്ച് പലപ്പോഴും എനിക്കുതന്നെ തൃപ്തിയില്ല. പത്രത്തിൽ എഴുതുമ്പോൾ ഒരു വാർത്തയുടെ ആവശ്യം നിറവേറ്റിയാൽ മതി. സാഹിത്യത്തിൽ അങ്ങനെയൊരു ഡെഡ്ലൈൻ പോരാ. ഒരു വാചകം എങ്ങനെ നിൽക്കുന്നു, ഒരു കഥാപാത്രം എങ്ങനെ ശ്വസിക്കുന്നു, ഒരനുഭവം വായനക്കാരനിലേക്ക് എങ്ങനെ എത്തുന്നു; ഇതെല്ലാം പിന്നെയും പിന്നെയും നോക്കണം.
എഴുത്തിൽ കുറച്ചുകൂടി കാര്യമായ ഇടപെടലുകൾ നടത്തണം എന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. പക്ഷേ, ഒരു ടൈംടേബിൾ വച്ച്, ദിവസവും ഇത്ര മണിക്കൂർ എഴുതുക എന്ന രീതിയിൽ എനിക്കതു സാധിച്ചിട്ടില്ല. പത്രപ്രവർത്തനത്തിന്റെ ജീവിതം അങ്ങനെയൊരു സ്വാതന്ത്ര്യം തന്നിരുന്നില്ല. ഇനി ആ തിരക്കു കുറയുമ്പോൾ കൂടുതൽ എഴുതാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു. പൂർത്തിയാകാതെ കിടക്കുന്ന ചില കാര്യങ്ങളുണ്ട്; അവയിലേക്കു തിരിച്ചുപോകണം.
മുഴുവൻസമയ മാധ്യമപ്രവർത്തനത്തിനും എഴുത്തിനുമിടയിൽ കുടുംബജീവിതം എങ്ങനെ ബാലൻസ് ചെയ്തു?
എന്റെ ഭാര്യ ഇപ്പോൾ കൂടെയില്ല; കുറച്ചു വർഷങ്ങള്ക്കു മുൻപ് അവൾ മരണപ്പെട്ടു. അവൾ കൂടെയുണ്ടായിരുന്ന കാലത്തെക്കുറിച്ചു പറഞ്ഞാൽ, കുടുംബജീവിതവും എഴുത്തും തമ്മിൽ ഞങ്ങൾ വലിയൊരു സമവാക്യമൊന്നും ഉണ്ടാക്കിയിരുന്നില്ല. ജീവിതം നടന്നുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ എഴുത്തിന് സമയം കണ്ടെത്തുകയായിരുന്നു.
മിക്കപ്പോഴും രാത്രിയാണ് എഴുതാൻ സമയം കിട്ടിയിരുന്നത്. ഓഫീസിൽനിന്നുള്ള ക്ഷീണമുണ്ടാകും. എന്നാലും ഒരു ദിവസം കുറച്ചു വരികളെങ്കിലും എഴുതണമെന്നു തോന്നും. രാത്രി ഓഫീസിൽനിന്നു വീട്ടിലെത്തി കുളിച്ചിട്ട് ഞാൻ എഴുതാനിരിക്കുമ്പോൾ ഭാര്യ പലപ്പോഴും ഒരു കട്ടൻകാപ്പി ഉണ്ടാക്കിത്തരുമായിരുന്നു. അതൊരു ചെറിയ കാര്യമാണ്. പക്ഷേ, എഴുത്തിന് ആ അന്തരീക്ഷം ഉണ്ടാക്കുന്നതിൽ അതിനു വലിയ അർത്ഥമുണ്ട്. വീട്ടിൽ എഴുത്തിന് ഒരിടം കിട്ടുന്നതുതന്നെ വലിയ കാര്യമല്ലേ.
ചിലപ്പോൾ രാത്രിതന്നെ എഴുതിവയ്ക്കും. പിന്നീട് അതിന്റെ ഫെയർ കോപ്പിയോ തിരുത്തലുകളോ ചെയ്യും. വാർത്തയുടെ ഡെഡ്ലൈനുള്ള ദിവസങ്ങളിൽ എഴുത്ത് മാറ്റിവയ്ക്കേണ്ടിവരും; സമയം കിട്ടിയാൽ അതിലേക്കു തിരിച്ചുപോകും. എഴുത്ത് കുടുംബത്തിന്റെ സമയം മുഴുവൻ എടുത്തുകളയാതിരിക്കാനും കുടുംബം എഴുത്തിനു തടസ്സമായി തോന്നാതിരിക്കാനും ഇരുവശത്തും ഒരു പരസ്പരധാരണ വേണം. ഞങ്ങളുടെ ജീവിതത്തിൽ അതു സ്വാഭാവികമായി ഉണ്ടായിരുന്നു. കുടുംബത്തിനും ജോലിക്കും എഴുത്തിനുമിടയിൽ കൃത്യമായി വരച്ച ഒരു രേഖ ഉണ്ടായിരുന്നില്ല. അവ പരസ്പരം കയറിയിറങ്ങിയാണ് എന്റെ ജീവിതം മുന്നോട്ടുപോയത്.
അച്ചടിമാധ്യമങ്ങൾ അവസാനിക്കുകയാണെന്ന പ്രവചനങ്ങൾക്കിടയിൽ പ്രിന്റിന്റെ ഭാവി എങ്ങനെയാണു കാണുന്നത്?
ഇരുപതു വർഷം മുമ്പും നമ്മൾ ഇതേ പ്രവചനം കേട്ടതല്ലേ; പുസ്തകം മരിക്കും, പത്രം മരിക്കും, വായന മരിക്കും എന്നൊക്കെ. പക്ഷേ, പുസ്തകം മരിച്ചില്ലല്ലോ, വായനയുടെ രൂപം മാറിയതേയുള്ളൂ. പ്രിന്റിന്റെ കാര്യവും അങ്ങനെതന്നെയാകും എന്നാണ് ഞാൻ കരുതുന്നത്. ഓരോരുത്തർക്കും തനിക്കാവശ്യമുള്ള വാർത്ത കൂടുതൽ വ്യക്തിപരമായി കിട്ടുന്ന ഒരു കാലത്തേക്കാണ് ടെക്നോളജി പോകുന്നത്. അച്ചടിച്ച പത്രം വീടുകളിലെത്തുന്ന രീതി പതുക്കെ കുറഞ്ഞേക്കാം. പത്രത്തിന്റെ സർക്കുലേഷൻ കുറയുമെന്ന് സങ്കടപ്പെടേണ്ട കാര്യവുമില്ല.
പക്ഷേ, അതോടൊപ്പം പത്രത്തിന്റെ ഉള്ളടക്കത്തിന്റെ മൂല്യം കൂടാനും സാധ്യതയുണ്ട്. ഓൺലൈനിൽ വിവരം പെട്ടെന്നു കിട്ടും. പക്ഷേ, ഏതു വിവരം വിശ്വസിക്കണം, എന്താണു പശ്ചാത്തലം, എന്താണു പ്രധാനം എന്നൊക്കെ തീരുമാനിക്കാൻ ഒരു എഡിറ്റർ എന്ന സാന്നിധ്യത്തിന്റെ വിശ്വാസ്യത വേണം. മനുഷ്യനു വിശ്വസിക്കാവുന്ന ഒരു എഡിറ്റോറിയൽ ശബ്ദം ആവശ്യമുണ്ട്. ആ ആവശ്യം ഇല്ലാതാകില്ല.
ഒരു പത്രത്തിന്റെ ശക്തി അതിന്റെ പേപ്പറിൽ മാത്രമല്ലല്ലോ. വിശ്വാസ്യത, എഡിറ്റോറിയൽ നിലപാട്, വാർത്ത പരിശോധിക്കുന്ന രീതി; ഇവയാണ് അടിസ്ഥാനം. പ്രിന്റ് വെറും പേപ്പറായി ചുരുങ്ങിയാൽ അതിനു ബുദ്ധിമുട്ടുണ്ടാകും. പക്ഷേ, അതിന്റെ എഡിറ്റോറിയൽ മൂല്യത്തിനു പുതിയ പ്ലാറ്റ്ഫോമുകളിലേക്കു മാറാൻ പറ്റും. അതായത്, മാധ്യമത്തിന്റെ സ്വാധീനം പേപ്പറിന്റെ രൂപത്തോടു മാത്രം ബന്ധപ്പെട്ടതല്ല. ഭാവിയിൽ പത്രം ഒരു പ്ലാറ്റ്ഫോം എന്നതിനെക്കാൾ വിശ്വാസ്യതയുടെ പേരായി മാറും എന്നാണ് എനിക്കു തോന്നുന്നത്.
പുതുതലമുറയെ, പ്രത്യേകിച്ച് ജെൻസിയെ അച്ചടിമാധ്യമങ്ങളിലേക്ക് ആകർഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
‘
ജെൻസി പത്രം വായിക്കുന്നില്ല’ എന്ന് ഒരു തലമുറയെ മൊത്തത്തിൽ ജനറലൈസ് ചെയ്യുന്നത് ശരിയാണോ എന്ന് എനിക്കു സംശയമുണ്ട്. അവർ പത്രം പേപ്പറിൽ വായിക്കുന്നില്ലായിരിക്കാം. പക്ഷേ, വാർത്തയോടും വിവരത്തോടുമുള്ള അവരുടെ കൗതുകം കുറഞ്ഞിട്ടില്ല. അവർ അതു മൊബൈലിൽ വായിക്കുന്നു, വീഡിയോയിൽ കാണുന്നു, സോഷ്യൽ മീഡിയയിൽനിന്ന് അറിയുന്നു. അതുകൊണ്ട് പ്രശ്നം വായനയില്ലാത്തതല്ല, പത്രം അവരിലേക്ക് എത്തുന്ന രൂപമാണ്. ഒരു ചെറുപ്പക്കാരനു വേണ്ട വിവരം വേഗത്തിൽ, ലളിതമായി, വിശ്വസിക്കാവുന്ന രീതിയിൽ കിട്ടണം. അതിനനുസരിച്ചു മാധ്യമം മാറണം.
അടുത്തിടെ കൊല്ലത്ത് സ്കൂൾ കുട്ടികളുമായി ഒരു സെഷനിൽ പങ്കെടുത്തപ്പോൾ ഞാൻ അതു നേരിട്ടു കണ്ടു. വാർത്തകളെക്കുറിച്ചും ലോകത്തെക്കുറിച്ചും അവർക്കു വലിയ കൗതുകമാണ്. നമ്മൾ വിചാരിക്കുന്നതുപോലെ അവർ ഒന്നും അറിയാത്തവരല്ല. അവർ ചോദിക്കുന്ന ചോദ്യങ്ങൾ പലപ്പോഴും വളരെ നേരിട്ടുള്ളതാണ്. അതുകൊണ്ട് പുതുതലമുറയെ പത്രത്തിലേക്കു കൊണ്ടുവരണമെങ്കിൽ ‘പത്രം വായിക്കണം’ എന്ന് ഉപദേശിച്ചിട്ടു കാര്യമില്ല. അവരുടെ ചോദ്യങ്ങൾക്കു പത്രം എത്ര നല്ല ഉത്തരം കൊടുക്കുന്നു എന്നു കാണിച്ചുകൊടുക്കുകയാണു വേണ്ടത്.
മാധ്യമപ്രവർത്തകന്റെ സാമൂഹികവില ഒരുകാലത്ത് വലിയ സാമൂഹികവിലയുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ പ്രതിച്ഛായയ്ക്ക് ഇപ്പോൾ ഇടിവു സംഭവിച്ചത് എന്തുകൊണ്ടാണ്? മാധ്യമപ്രവർത്തകരം വെറും മാപ്രകളായി കാണുന്ന പൊതുജന സമീപനത്തോടുള്ള പ്രതികരണം എന്താണ്.
മാധ്യമപ്രവർത്തനം ഗൗരവത്തോടെ ചെയ്യുകയും വിഷയങ്ങൾ പഠിക്കുകയും ചെയ്യുന്നവർക്ക് ഇപ്പോഴും വലിയ സാമൂഹികവിലയുണ്ട്. ഒരു വിഷയം സ്റ്റോറി ചെയ്യാൻ പോകുമ്പോൾ അതിന്റെ ചരിത്രം അറിയണം, പശ്ചാത്തലം അറിയണം, ആളുകളോടു സംസാരിക്കണം. ആ അധ്വാനം വായനക്കാരന് നേരിട്ടു കാണാൻ പറ്റില്ലെങ്കിലും അതാണ് നല്ല മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനം. പക്ഷേ, മാധ്യമത്തിന്റെ വേഗം കൂടിയപ്പോൾ ചിലപ്പോൾ പഠിക്കാനുള്ള സമയം കുറഞ്ഞു. ഉടനെ എന്തെങ്കിലും പറയണം എന്ന സമ്മർദം വന്നു. അതാണ് വിശ്വാസ്യതയെ ബാധിക്കുന്ന ഒരു കാരണം എന്നു തോന്നുന്നു.
അതുകൊണ്ട് എല്ലാ മാധ്യമപ്രവർത്തകരേയും ഒരേ തട്ടിൽ കാണരുത്. എല്ലാ മാധ്യമ സ്ഥാപനങ്ങളിലും വളരെ നല്ല മാധ്യമപ്രവർത്തകരുണ്ട്. കഠിനമായി ജോലി ചെയ്യുന്നവരും വിഷയങ്ങളെ ആഴത്തിൽ പഠിക്കുന്നവരുമുണ്ട്. അവരുടെ പണി പലപ്പോഴും വലിയ ശബ്ദമൊന്നുമില്ലാതെയാണ് നടക്കുന്നത്. മാധ്യമരംഗത്തെ പ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോൾ ആ നല്ല ആളുകളുടെ അധ്വാനവും കാണണം. വിമർശനം വേണ്ട എന്നല്ല. പക്ഷേ. മാധ്യമപ്രവർത്തനത്തെ മൊത്തത്തിൽ ഒരേ നിറത്തിൽ കാണുന്നതു ശരിയല്ല.
മലയാളത്തിൽ ലിറ്റററി ജേർണലിസം അവസാനിച്ചുവെന്ന വിലയിരുത്തലിനോടു യോജിക്കുന്നുണ്ടോ?
ലിറ്റററി ജേർണലിസം എപ്പോഴും ഒരു ചെറിയ വായനക്കാരുടെ ലോകത്തിനുവേണ്ടിയുള്ളതായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. അതൊരിക്കലും മാസ് ഓഡിയൻസിനുള്ള സാധനമായിരുന്നില്ല. അതുകൊണ്ട് വായനക്കാരുടെ എണ്ണം കുറഞ്ഞു എന്നു നോക്കി മാത്രം അതു തീർന്നു എന്നു പറയാനാവില്ല. നമ്മുടെ ഭാഷയിൽ ലിറ്റററി ജേർണലിസത്തിന് ഒരു പാരമ്പര്യമുണ്ട്. നല്ല റിപ്പോർട്ടും നല്ല ഭാഷയും തമ്മിൽ വിരോധമൊന്നുമില്ല. ഒരു സംഭവത്തെ മനുഷ്യാനുഭവമായി എഴുതാൻ പറ്റിയാൽ അതു കൂടുതൽ കാലം നിലനിൽക്കും.
ഞാൻ തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്ത് ‘Places and Playwrigsth’ പോലുള്ള മാഗസിനുകൾ ബ്രിട്ടീഷ് ലൈബ്രറിയിൽ കണ്ടിട്ടുണ്ട്. നാടകത്തേയും നാടകകൃത്തുക്കളേയും കേന്ദ്രീകരിച്ച് അത്രയും ഭംഗിയായി തയ്യാറാക്കിയ ഒരു പ്രസിദ്ധീകരണം അന്ന് എനിക്കു വലിയ അനുഭവമായിരുന്നു. ഇപ്പോൾ അങ്ങനത്തെ പ്രസിദ്ധീകരണങ്ങൾ കുറവായിരിക്കും. പക്ഷേ, അതിന്റെ ആവശ്യം തീർന്നിട്ടില്ല. ഒരു വിഷയത്തെ ആഴത്തിൽ സമീപിക്കുന്ന പ്രസിദ്ധീകരണങ്ങൾക്ക് വലിയൊരു സ്ഥിരം വായനക്കാരില്ലെങ്കിലും ഒരു സാംസ്കാരിക വിലയുണ്ട്.
പി.ജി. ചെയ്യുന്ന കാലത്ത് ഇംഗ്ലീഷ് ലിറ്റററി ജേർണലിസം എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. അവിടെ റിപ്പോർട്ടും ലേഖനവും സാഹിത്യഭാഷയും തമ്മിലുള്ള അതിരുകൾ ചിലപ്പോൾ വളരെ മനോഹരമായി മാഞ്ഞുപോകും. ഒരാളുടെ ജീവിതം എഴുതുമ്പോൾ അതിനെ വെറും വിവരങ്ങളുടെ കൂട്ടമായി കാണാതെ ഒരു കഥയായി അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. മലയാളത്തിലും അങ്ങനെയൊരു സാധ്യത ഇപ്പോഴുമുണ്ട്. അതിനുവേണ്ടി നമ്മൾ പുതിയ വായനക്കാരെ കണ്ടെത്തണം.
മലയാള മാധ്യമപ്രവർത്തനത്തിന്റെ ഭാവി എങ്ങനെയായിരിക്കും?
മലയാള മാധ്യമപ്രവർത്തനത്തിൽ പത്രത്തിന്റെ പ്രചാരം കുറയാൻ സാധ്യതയുണ്ട്. അതു സത്യസന്ധമായി അംഗീകരിക്കണം. പക്ഷേ, അതുകൊണ്ട് മലയാള മാധ്യമപ്രവർത്തനം അവസാനിക്കുമെന്ന് ഞാൻ കരുതുന്നില്ല. മാധ്യമത്തിന്റെ പ്ലാറ്റ്ഫോം മാറും, അത്രയേയുള്ളൂ. മലയാളത്തിൽ വിശ്വസിക്കാവുന്ന വാർത്തയും വിശകലനവും ആവശ്യമുള്ള ഒരു സമൂഹമുണ്ട്. അതുകൊണ്ട് പ്രിന്റ് കുറയുമ്പോൾ ഡിജിറ്റലും വീഡിയോയും ഓഡിയോയും കൂടുതൽ പ്രധാനമാകും. എന്നാൽ, മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ, അതായത് വസ്തുത പരിശോധിക്കുക, പല വശങ്ങളും കേൾക്കുക, തെറ്റു വന്നാൽ തിരുത്തുക, ഇവ ഒരിക്കലും മാറാൻ പാടില്ല.
കേരളം പോലൊരു സ്ഥലത്ത് പരസ്യവരുമാനം ഉൾപ്പെടെയുള്ള മാർക്കറ്റിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് മാധ്യമസ്ഥാപനങ്ങൾക്ക് സാമ്പത്തികസമ്മർദം തുടരും. ആ സമ്മർദത്തിനിടയിലും എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തുക എന്നതാണ് വലിയ വെല്ലുവിളി. ഭാവിയിലെ മാധ്യമപ്രവർത്തനത്തിന് വേഗത കൂടും പക്ഷേ, വിശ്വാസ്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. വായനക്കാരന്റെ വിശ്വാസം പോയാൽ എത്ര വലിയ സാങ്കേതികസംവിധാനംകൊണ്ടും ഒരു മാധ്യമത്തെ രക്ഷിക്കാനാവില്ല.
എ.ഐ. കേന്ദ്രീകൃതമായി മാധ്യമപ്രവർത്തനം മാറുന്ന സാഹചര്യത്തിൽ അതിന്റെ സാധ്യതകളും പരിമിതികളും എന്തൊക്കെയാണ്?
എന്റെ വ്യക്തിപരമായ അനുഭവത്തിൽ എ.ഐ. ന്യൂസ്റൂമിൽ പരീക്ഷിച്ചുനോക്കിയപ്പോൾ ചില കാര്യങ്ങളിൽ വളരെ സഹായകരമാണെന്ന് മനസ്സിലായി. വിവരങ്ങൾ ക്രമപ്പെടുത്തുക, വലിയ ഡേറ്റയിൽനിന്നു ചില പാറ്റേണുകൾ കണ്ടെത്തുക, ആവർത്തിച്ചുള്ള ജോലികൾ വേഗത്തിലാക്കുക; ഇതിലൊക്കെ അതിനു വലിയ സാധ്യതയുണ്ട്. പക്ഷേ, ഹ്യൂമൻ ഇന്റർവെൻഷൻ ഇല്ലാതെ ഒരു വാർത്താസംവിധാനം പൂർണമാകുമെന്നു ഞാൻ കരുതുന്നില്ല. വാർത്ത വെറും ഡേറ്റയല്ലല്ലോ. ഒരു വിവരം ശരിയാണോ, അതിന്റെ പശ്ചാത്തലം എന്താണ്, ആരുടെ ശബ്ദമാണ് ഇതിൽ ഇല്ലാത്തത്, ഈ വാർത്ത പ്രസിദ്ധീകരിച്ചാൽ സമൂഹത്തിൽ എന്തു പ്രത്യാഘാതമുണ്ടാകും; ഇതൊക്കെ തീരുമാനിക്കുന്നത് മനുഷ്യരാണ്.
ഓട്ടോമേഷൻ വന്നപ്പോൾ യന്ത്രങ്ങൾ പല കാര്യങ്ങളും ഏറ്റെടുത്തു, ജോലി വേഗത്തിലായി. പക്ഷേ, മനുഷ്യന്റെ ഇടപെടൽ കുറയുമ്പോൾ ഉത്തരവാദിത്വത്തിന്റെ ചോദ്യവും വരും. എ.ഐയെ പേടിക്കേണ്ടതില്ല, പക്ഷേ, അന്ധമായി വിശ്വസിക്കുകയുമരുത്. മാധ്യമപ്രവർത്തനത്തിൽ അവസാനത്തെ ഉത്തരവാദിത്വം മനുഷ്യന്റേതായിരിക്കണം. ഒരു യന്ത്രം തെറ്റായ വിവരം തന്നാൽ അതിന്റെ പേരിൽ വായനക്കാരനോട് ക്ഷമ ചോദിക്കാൻ ആ യന്ത്രത്തിനു പറ്റില്ലല്ലോ. സാങ്കേതികവിദ്യ ഉപയോഗിക്കാം. പക്ഷേ, എഡിറ്റോറിയൽ വിധി മനുഷ്യന്റേതുതന്നെയായിരിക്കണം.
വിരമിച്ച ശേഷമുള്ള ഭാവിപദ്ധതികൾ എന്തൊക്കെയാണ്?
ഭാവിപദ്ധതി എന്നാൽ എനിക്ക് അത് പൂർത്തിയാകാതെ കിടക്കുന്ന കാര്യങ്ങളാണ്. എഴുത്തിൽ തീർക്കാനുള്ള ചിലതുണ്ട്. യാത്രകളുടെ കാര്യത്തിലും ചില ആഗ്രഹങ്ങളുണ്ട്. ഇത്രയും കാലം സമയമില്ലെന്നു പറഞ്ഞു മാറ്റിവച്ച കാര്യങ്ങളിലേക്ക് ഇനി തിരിഞ്ഞുനോക്കണം. അമ്പത്തൊന്നു വർഷം മുഴുവൻസമയ മാധ്യമപ്രവർത്തനം ചെയ്തിട്ട് പെട്ടെന്നൊന്നും ചെയ്യാതെയിരിക്കുക എനിക്ക് എളുപ്പമാകില്ല. പക്ഷേ, ഇനി സമയം എന്റേതായിരിക്കും എന്നൊരു സന്തോഷമുണ്ട്. വായിക്കണം, എഴുതണം, യാത്ര ചെയ്യണം. പൂർത്തിയാകാതെ കിടക്കുന്ന എഴുത്തുകളിലേക്കു തിരിച്ചുപോകണം. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പദ്ധതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates