ഇടുക്കി ജില്ലയിലെ വഞ്ചിവയലില്‍ 1984-ലെ വിഷു എത്തിയത് കണ്ണീരില്‍ കുതിര്‍ന്നായിരുന്നു. ഊരാളി ഗോത്രസമൂഹത്തിലെ കടുത്തയുടെ ശരീരം വെള്ളപൊതിഞ്ഞ് ഇല്ലിമാടത്തിന്റെ മണ്‍ത്തിട്ടയില്‍ ഇറക്കിവെച്ചു. അഞ്ചു വയസ്സുള്ള മകള്‍ പുഷ്പമ്മ മുതിര്‍ന്നവരുടെ കാലുകള്‍ക്കിടയിലൂടെ തിരക്കിക്കടന്ന് നോക്കി. മുഖം മാത്രം തുറന്നുവെച്ച അച്ഛന്റെ രൂപം കണ്ടു. കണ്ണുകള്‍ അടഞ്ഞിരുന്നു. ചുറ്റിലും നിന്നുയരുന്ന കൂട്ടക്കരച്ചില്‍. ആരോ ഒരു ചെറിയ മെഴുകുതിരി തലയ്ക്കല്‍ കത്തിച്ചുവെച്ചു (ഒരു വിളക്കുപോലും അന്ന് കത്തിച്ചുവെയ്ക്കാനില്ലായിരുന്നു എന്നറിയുന്നത് പിന്നെയും ഏറെ കഴിഞ്ഞാണ്). അന്ന് പുഷ്പമ്മയ്ക്ക് മരണം എന്താണെന്നറിയില്ലായിരുന്നു. അതുവരെ കരഞ്ഞു കാണാത്തവര്‍ കരയുന്നതെന്തിനെന്നും. അമ്മ വെളുപ്പി(സരസമ്മ)യോട് ചോദിക്കാം എന്നു കരുതി. അവിടമൊക്കെ തിരഞ്ഞിട്ടും അമ്മയെ കണ്ടെത്താനായില്ല. ചോദിച്ചവരൊക്കെ പറഞ്ഞു. അമ്മ പള്ളപ്പുറത്താണ്. ഇവിടെ വരാന്‍ കഴിയില്ല. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ എന്തുവന്നാലും ഒറ്റയ്ക്കൊരു കുടിയില്‍ അകന്നേ നില്‍ക്കാവൂ എന്നത് ഗോത്രാചാരമാണ്. അതും പുഷ്പമ്മയ്ക്ക് അറിയുമായിരുന്നില്ല. മണ്‍തിട്ടയിലൊരിടത്ത് ഓര്‍ത്തെടുക്കാനാവാത്ത ആരുടേയോ അരികിലിരുന്ന് പുഷ്പമ്മയും കരഞ്ഞു തളര്‍ന്നു മയങ്ങി.
കാലം മറ്റാരേയുംപോലെ പുഷ്പമ്മയേയും വളര്‍ത്തി. 36 വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തമായി ഒരു കൊച്ചുവീടെന്ന സ്വപ്നവുമായി അനുബന്ധരേഖകള്‍ക്കുവേണ്ടി അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തി. വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത് അച്ഛന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ്. ഇതിലും വിചിത്രം, പുഷ്പമ്മയപ്പോള്‍ ഗോത്ര പരിഗണനയിലും മികവിലും ഗവണ്‍മെന്റ് ഉദ്യോഗസ്ഥയായിരുന്നു എന്നതാണ്. ഇതെല്ലാം ബോദ്ധ്യപ്പെടുത്തിയിട്ടും വില്ലേജ് ഓഫീസര്‍ അച്ഛന്റെ ജാതി സര്‍ട്ടിഫിക്കറ്റില്‍ ഉറച്ചുനിന്നു. നടന്നുമടുത്ത പുഷ്പമ്മ ഒടുവില്‍ രേഖ കിട്ടുക എന്നത് എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു. അധാര്‍മികതയ്ക്ക് കൂട്ടുനില്‍ക്കാന്‍ ഇഷ്ടമില്ലാതിരുന്നതുകൊണ്ട് മറ്റു കുറുക്കുവഴികളൊന്നും തേടിയില്ല.
ഈ രണ്ടനുഭവങ്ങളെ ഏത് നിര്‍വചന പട്ടികയ്ക്കകത്തു നിര്‍ത്തിയാണ് പുനര്‍നിര്‍ണയം ചെയ്യാനാവുക?
ഗോത്ര ജീവിതാനുബന്ധിയായ നോവലുകളില്‍ ഗവേഷണം നടത്തുന്ന ഒരു സുഹൃത്തില്‍നിന്നാണ് പുഷ്പമ്മ എഴുതിയ ‘കൊളുക്കന്‍’ എന്ന തനതു ഗോത്രവര്‍ഗ ജീവിതത്തെ കുറിച്ചെഴുതിയ നോവലിനെക്കുറിച്ച് ആദ്യം അറിയുന്നത്. പുസ്തകം കണ്ടെത്തി അതിലൂടെ കടന്നുപോയപ്പോഴാണ് ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ഗോത്രചിത്രണത്തിന്റെ അപൂര്‍വതയറിയുന്നത്. അതും മലയാളഭാഷയില്‍.
പിന്നീട് പുഷ്പമ്മയെ കണ്ടെത്താനായി ശ്രമം. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍, ഫോണിന്റെ മറുതലയില്‍ പുഷ്പമ്മ എത്തി. നേരിലൊന്നു കാണാമോ എന്ന് അന്വേഷിച്ചറിഞ്ഞു. തികച്ചും വ്യക്തവും ദൃഢവുമായ ശബ്ദത്തില്‍ പുഷ്പമ്മ പറഞ്ഞ: “പുസ്തകം വായിച്ച ലഹരിയിലാണ് നിങ്ങള്‍ വരുന്നതെങ്കില്‍ എനിക്ക് ആദ്യം തന്നെ ചിലത് പറയാനുണ്ട്. ദളിത്പക്ഷ മമത, പാര്‍ശ്വവല്‍ക്കൃത വിഭാഗത്തോടുള്ള സഹാനുഭൂതി, ആധുനിക ജീവിതശൈലികളെ താരതമ്യപ്പെടുത്തിയുള്ള അര്‍ത്ഥരഹിതമായ ചോദ്യങ്ങള്‍, ഇതെല്ലാമായിട്ടാണ് നിങ്ങള്‍ വരുന്നതെങ്കില്‍ ക്ഷമിക്കണം. അത്തരം കാംക്ഷകളോട് എനിക്കൊത്തുപോകാനാവില്ല. മറിച്ച് വസ്തുതാപരമായ യാഥാര്‍ത്ഥ്യങ്ങളുടെ നേരറിവുകള്‍ക്കാണെങ്കില്‍ വരൂ, നമുക്കു സംസാരിക്കാം. വെളിപ്പെടുത്തുന്ന അപ്രിയസത്യങ്ങള്‍ രേഖപ്പെടുത്താനും പ്രസിദ്ധീകരിക്കാനും നിങ്ങള്‍ക്ക് കഴിയുമോ?
ഞാനൊന്ന് അമ്പരന്നു പറഞ്ഞു: എഡിറ്ററുടെ മൗലികാവകാശം എന്റെ എഴുത്തിനും മുകളിലാണ്. എങ്കിലും ശ്രമിക്കാം.
അപ്പോള്‍ പുഷ്പമ്മ തുടര്‍ന്നു പറഞ്ഞു: “എങ്കില്‍ എന്റെ മുന്‍തലമുറകള്‍ കടന്നുവന്ന ഇടങ്ങളിലൂടെ, പിന്നിട്ട ജീവിതഘട്ടങ്ങളിലൂടെ, തെളിവുകളിലൂടെ നമുക്കൊരുമിച്ച് സഞ്ചരിക്കാം. ഇത്തിരി സമയമെടുക്കും. മടുപ്പ് തോന്നരുത്. അനാവശ്യ ഔത്സുക്യങ്ങളും മാറ്റിവെയ്ക്കണം.”
ഊരാളി ഗോത്രത്തിന്റെ സാമൂഹിക ജീവിതം, അധിവാസം, തൊഴില്‍, ഭക്ഷണം, കാര്‍ഷികവൃത്തി തുടങ്ങിയവയെ കുറിച്ചൊന്ന് വിശദമാക്കാമോ?
ബാഹ്യലോകവുമായോ ഇതര ഗോത്രവര്‍ഗ സമൂഹങ്ങളുമായോ ഒരു സമ്പര്‍ക്കത്തിലുമേര്‍പ്പെടാതെ നിബിഡവനാന്തരത്തില്‍ താമസിച്ച ഗോത്രവര്‍ഗ സമൂഹമായിരുന്നു ഞങ്ങള്‍. ജീവിതം എല്ലാ അര്‍ത്ഥത്തിലും നിത്യഹരിത വനങ്ങളെ മാത്രം ആശ്രയിച്ചുള്ളതും. എല്ലാ കാര്യങ്ങളിലും അവസാന വാക്കും തീര്‍പ്പും ഊരു മൂപ്പന്‍ എന്നു പറയാവുന്ന കാണിക്കാരന്റേതാണ്. അയാളുടെ അധികാരചിഹ്നമാണ് ഈറ്റച്ചീളുകള്‍കൊണ്ട് പ്രത്യേകം മെടഞ്ഞുണ്ടാക്കിയ എലുക്കുപെട്ടി. ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിന്റെ ഉടമയുമായിരുന്നു കാണിക്കാരന്‍. സമൂഹത്തില്‍ പൊതുവെ ഏകഭാര്യ ഭര്‍ത്തൃത്വമാണ് പുലര്‍ന്നിരുന്നതെങ്കിലും കാണിക്കാരനിത് ബാധകമായിരുന്നില്ല. ലൈംഗികകാര്യത്തില്‍ കാണിക്കാരന്റെ സ്വാതന്ത്ര്യം അപരിമിതവുമായിരുന്നു.
സമൂഹാധിവാസമായതുകൊണ്ട് എല്ലാ പ്രവൃത്തികളും കൂട്ടായി നിര്‍വഹിക്കപ്പെട്ടു. കൃഷിയും ഭക്ഷണം തേടലും വനവിഭവങ്ങള്‍ ശേഖരിക്കലും തുടങ്ങി സംഭരിച്ചവ വീതിച്ചെടുക്കുന്നതിലും ഇത് പ്രതിഫലിച്ചു. സ്വന്തം, സ്വകാര്യസ്വത്ത് എന്നതെല്ലാം അതുകൊണ്ടുതന്നെ അപ്രസക്തവുമായിരുന്നു. അന്നന്നത്തെ ജീവിതം ലളിതമായി തുടര്‍ന്നു. അടുത്ത ദിവസത്തിന്റെ ആകുലതകളോ ഉല്‍ക്കണ്ഠകളോ ഞങ്ങളെ അലട്ടിയിരുന്നില്ല. ജന്യശേഷിയും നിരീക്ഷണബോധവുംകൊണ്ട് തേനിന്റേയും പ്രകൃതിവിഭവങ്ങളുടേയും സ്ഥാനങ്ങള്‍ കണ്ടെത്തി. കാട്ടിലെ മൃഗങ്ങളും അവരോട് ചേര്‍ന്നു ഞങ്ങളും സഹവസിച്ചു. ഭക്ഷണത്തിനുവേണ്ടി ചിലപ്പോഴവയെ വേട്ടയാടി. നീര്‍ത്തടങ്ങളിലും നദിയൊഴുക്കിലും സുലഭമായിരുന്ന കുയില്‍, തിലോപ്പി, വരാല്‍, സുവര്‍ണ തുടങ്ങിയ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കും. അധികം ലഭിക്കുന്നവയെ പര്‍ണംകെട്ടി തീയില്‍ ചുട്ടെടുത്ത് സൂക്ഷിക്കും. ചിലപ്പോള്‍ ഈ ചൂണ്ടയ്ക്ക് പോക്ക് ദിവസങ്ങള്‍ നീളും. കുട്ടികളും അപൂര്‍വം പ്രായമായവരും മാത്രമാണപ്പോള്‍ മാടങ്ങളിലുണ്ടാവുക. അവര്‍ കൂട്ടംചേര്‍ന്ന് കളികളില്‍ മുഴുകും. ഇതാണ് സംഘജീവിതത്തിന്റെ ആദ്യപാഠം.
പുറംലോകത്തുനിന്ന് ഞങ്ങള്‍ക്കാവശ്യം ഉപ്പു മാത്രമായിരുന്നു. നീണ്ടകാലത്തെ ഇടവേളകളില്‍ കമ്പത്തെ വിപണിശാലകളില്‍നിന്നാണത് സംഭരിക്കുക. ധനവിനിമയമില്ല. വനവിഭവങ്ങള്‍ കൊടുത്ത് ഉപ്പു വാങ്ങും. ഇല്ലികുംഭങ്ങളില്‍ നിറച്ചവ കേടുകൂടാതെ സൂക്ഷിക്കും. പുരുഷന്മാര്‍ സംഘമായി കാണിക്കാരന്റെ നേതൃത്വത്തില്‍ കാടിറങ്ങും.
വര്‍ഷത്തിലൊരിക്കല്‍ കാടിനകത്തെ വാസകേന്ദ്രത്തിലെത്തുന്ന തുലുക്കന്മാര്‍ തുണിയും ചൂണ്ടക്കൊക്കികളും ചെറിയ വെട്ടുകത്തികളും തന്ന് വനവിഭവങ്ങള്‍ പകരം വാങ്ങും. പിന്നീട് കാണിക്കാരനാണ് ഞങ്ങള്‍ക്കത് വീതിച്ചു നല്‍കുക. പലപ്പോഴും എല്ലാവര്‍ക്കുമായി തികയാറുമില്ല. കിട്ടാത്തവര്‍ പിഞ്ഞിയതായാലും പഴയതുകൊണ്ട് തൃപ്തിപ്പെടുമായിരുന്നു.
ഉണ്ടവില്ലാണ് വേട്ടയ്ക്കുള്ള ഏകായുധം. ഈറ ചെത്തിക്കൂര്‍പ്പിച്ച വടികളും. പ്രത്യേക മരത്തിന്റെ നീളന്‍ കമ്പുകള്‍, രണ്ടുവരി കാട്ടുവള്ളികള്‍കൊണ്ട് വലിച്ചുകെട്ടി, മധ്യത്തില്‍ കല്ലുവെയ്ക്കാനുള്ള ഇരുത്തുണ്ടാക്കുന്നു. അമ്പുകളില്ല. പകരം ഇത്തില്‍വെച്ചു തൊടുക്കുന്നത് കല്ലുകളാണ്. ഇതാണ് ഉണ്ടവില്ല്.
ഊരാളി സമൂഹം യുദ്ധത്തില്‍ ഏര്‍പ്പെട്ടതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതര ഗോത്രങ്ങളോടായാലും സ്വസമൂഹത്തോടായാലും. ഊരുകളില്‍ അപ്രമാദിയായ കാണിക്കാരന്‍ പോലും ശാന്തനായാണ് അപൂര്‍വം പുറത്തുനിന്നെത്തുന്നവരോടിടപെടുക. ബാഹ്യലോകത്തില്‍ നിന്നെത്തുന്നവര്‍ മാടങ്ങളുടെ സമുച്ചയങ്ങള്‍ക്കകത്ത് പ്രവേശിക്കാറില്ല. സ്ത്രീകള്‍ അവരുമായി ഇടപെടാറുമില്ല. സ്ത്രീകള്‍ നീളന്‍ തുണി ശരീരത്തിന്റെ മുകള്‍ഭാഗം മറയ്ക്കുംവിധം കെട്ടിയുടുക്കുന്നതാണ് മാറാടി. പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിക്കാറില്ല. മുട്ടിനുതാഴെ ഏതാണ്ട് കാല്‍വണ്ണവരെയെത്തുന്ന വസ്ത്രം അരയില്‍ മുറുക്കിയുടുക്കുന്നു.
ഊരാളി സമൂഹത്തിന്റെ തനതു ഭാഷയ്ക്ക് ലിഖിതരൂപമില്ലെങ്കിലും തലമുറകള്‍ കൈമാറിയ ഉച്ചാരണ സ്വരൂപമുണ്ട്. നവസംസ്കൃതിയില്‍ ഇതും അന്യം വന്നു മൃതഭാഷയായി മാറാനാണിട. നരവംശശാസ്ത്രപഠനത്തില്‍ നീഗ്രോയിറ്റ എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു. അപ്പോഴും വെഡ്ഡ എന്ന വിഭാഗവുമായുള്ള സാത്മ്യം നിരീക്ഷിക്കപ്പെട്ടിട്ടില്ല. നെല്ലിന്റെ വിളവെടുപ്പുമായി ബന്ധപ്പെട്ട് പുത്തിരിയും കര്‍ക്കിടകത്തിലെ ചങ്കരാന്തിയുമാണ് രണ്ടു ആഘോഷങ്ങള്‍ എന്നു പറയാവുന്നവയുള്ളത്. ചങ്കരാന്തിക്ക് ഈന്തങ്ങ വെട്ടിമുറിച്ച്, ഉണക്കി, വെള്ളത്തിലിട്ട് കട്ടുകളഞ്ഞ്, ചേമ്പില ചേര്‍ത്ത് വേവിച്ച് ഒരു പ്രത്യേകം ഭക്ഷണമുണ്ടാക്കുന്നു. അദ്ധ്വാനഭാരം കുറയ്ക്കാന്‍ സംഘമായി ഉയര്‍ത്തുന്ന ശബ്ദങ്ങളാണ് പാട്ടുകള്‍. സംഗീതോപകരണങ്ങളില്ല. വിനോദങ്ങളോ നൃത്തരൂപങ്ങളോ ഇല്ല. ഇന്നുണ്ടെന്ന് പറയുന്നവ മിശ്രസംസ്കൃതികൊണ്ട് രൂപപ്പെടുത്തിയവയാണ്. അതുപോലെത്തന്നെയാണ് വളര്‍ത്തുമൃഗങ്ങളുടേയും അരുമമൃഗങ്ങളുടേയും കാര്യവും. വിശപ്പിനും മാറിവരുന്ന താമസ സങ്കേതങ്ങള്‍ കണ്ടെത്തലിനുമിടയില്‍ വിശ്രാന്തി എന്തെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു പൊതു സമൂഹത്തെ ഭയപ്പാടോടെയാണ് കണ്ടത്. അവരില്‍നിന്ന് അതുകൊണ്ടുതന്നെ കാടകങ്ങളില്‍ താമസിച്ച് അകന്നുനിന്നു.
പുഷ്പമ്മയുടെ പൂര്‍വപരമ്പരകള്‍ വഞ്ചിവയലില്‍ എത്തിയതിന്റെ പലായന പശ്ചാത്തലമെന്താണ്?
ഇതിനു പിന്നില്‍ വേദനാനിര്‍ഭരമായൊരു ചരിത്രം മറഞ്ഞുകിടക്കുന്നു. ഇന്നത്തെ പെരിയാര്‍ ടൈഗര്‍ റിസേര്‍വിനകത്തെ പൂവരശ്ശില്‍ കാലങ്ങളായി കഴിഞ്ഞവരായിരുന്നു ഞങ്ങള്‍. അന്ന് ഇവിടം ഇതിലുമധികം നിബിഡവനമായിരുന്നു. അവിടത്തെ വിശാലമായ വയല്‍ത്തടങ്ങളില്‍ നെല്ലും തുമരയും തിനയും ചോളവും (ഇറുങ്ങ്) കൃഷി ചെയ്തും മീന്‍പിടിച്ചും വനവിഭവങ്ങള്‍ ശേഖരിച്ചും ആരുമറിയാതെ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ കാടിനകത്ത് ഞങ്ങള്‍ ജീവിച്ചു. പുതിയ ഭാഷയില്‍ കോര്‍പ്പറേറ്റുകള്‍ ആഴ്ചകളുടെ ദൈര്‍ഘ്യത്തില്‍ വിപണനം ചെയ്യുന്ന കൃത്രിമമല്ലാത്ത സസ്റ്റെയിന്റ് ഇക്കോലിവിങ്. കരുക്കിലയും ഈറ്റയും കാട്ടുപുല്ലും കൊണ്ടുണ്ടാക്കി, നിലം മണ്ണ് മെഴുകിയുണ്ടാക്കിയ ഒറ്റമുറി മാടങ്ങളായിരുന്നു വീടുകള്‍. ഒരു മരക്കൊമ്പുപോലും മുറിക്കാതെ ഉയര്‍ന്ന വൃക്ഷപ്പടര്‍പ്പിനിടയില്‍ ഏറുമാടങ്ങളും കെട്ടി. വന്യമൃഗങ്ങളില്‍നിന്നും പെട്ടെന്നുണ്ടാവുന്ന പ്രകൃതിയിലെ മാറ്റങ്ങളില്‍നിന്നും രക്ഷനേടാന്‍. ഇന്നത്തെ സല്‍ക്കാര വസതിയിലേയ്ക്ക് അന്നു പ്രദേശത്തിന്റെ ഉടമയായ തിരുവിതാംകൂര്‍ മഹാരാജ്ഞി വേനല്‍ക്കാല വാസത്തിന് വരുംവഴി ബോട്ടിലിരുന്ന് ചൂണ്ടയ്ക്കുപോയവരേയും ചങ്ങാടവും കണ്ടു. സായിപ്പ് രാജാധികാരത്തോട് പിണങ്ങിയും ഇണങ്ങിയും അധികാരം കൈവശപ്പെടുത്തിയ കാലം. അവരുടെ വീക്ഷണത്തില്‍ കാടിനകത്ത് അനുമതിയില്ലാതെ അധിവസിക്കുന്ന പ്രാകൃതരായിരുന്നു ഞങ്ങള്‍. വിളവും മാടവും വിട്ടുപോകാനായിരുന്നു കല്പന. ഞങ്ങള്‍ എവിടെ പോകാന്‍? മറ്റൊരു ജീവിതത്തെക്കുറിച്ചു ഞങ്ങള്‍ക്കറിയുമായിരുന്നില്ല. അമൂല്യമെന്നു പറയാന്‍ ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ല. സ്വന്തം ശരീരവും അതു നിലനിര്‍ത്താനുണ്ടാക്കിയ ഇത്തിരി കൃഷിവിളവും മാത്രം. പൂവരശ്ശില്‍നിന്ന് കുടിയിറക്കപ്പെട്ട ഞങ്ങള്‍ അഞ്ചുരുളിയിലെത്തി ജീവിതം വീണ്ടും ഒന്നിമില്ലായ്മയില്‍നിന്നു തുടങ്ങി. വീണ്ടും അവിടെനിന്നും കുടിയിറക്കപ്പെട്ടു. മേതകാനത്തെത്തി ജീവിതം തുടങ്ങി. കുടിയിറക്കു ഭീഷണിക്കൊപ്പം ഒരു മഹാമാരിയും (പ്ലേഗായിരിക്കണം) ഞങ്ങളെ കവര്‍ന്നു. ആളുകള്‍ ഈയ്യാം പാറ്റകളെപ്പോലെ മരിച്ചുവീണു. ആദ്യമാദ്യം ഒറ്റയ്ക്ക് മൂടിയ ശവക്കുഴികള്‍ പകരം ഏറെ ശവശരീരങ്ങള്‍ കൂട്ടി മറവു ചെയ്തു. എന്നിട്ടും മരിച്ചുവീഴുന്നവരുടെ എണ്ണം കൂടിയപ്പോള്‍ കുഴിച്ചുമൂടുക എന്നത് വിഷമകരമായി. അംഗസംഖ്യ കുത്തനെ കുറഞ്ഞു. ശേഷിച്ചവര്‍ ജീവനുംകൊണ്ട് മറ്റിടങ്ങളിലേക്ക് മാറി. താന്നിക്കുടിയിലും വഞ്ചിവയലിലും മറ്റു പ്രാന്തപ്രദേശങ്ങളിലും ഞങ്ങളെത്തുന്നത് ഇങ്ങനെയാണ്.
കൊക്കര, കരടിക്കവല, പളിയംപാറ, മോട്ടുകപ്പാറ എന്നീ സ്ഥലങ്ങള്‍ പൂവരശ്ശിനടുത്തും കല്ല്യാണപ്പാറ, ഇല്ലിച്ചുവട് എന്നീ സ്ഥലങ്ങള്‍ മേതകാനത്തിനടുത്തും മന്നാക്കുടി, ആനക്കല്ല് എന്നീ സ്ഥലങ്ങള്‍ അഞ്ചുരുളിക്കടുത്തും വള്ളക്കടവ്, എട്ടടിക്കല്ല് കെട്ട്, കോട്ടര്‍പാലം എന്നീ സ്ഥലങ്ങള്‍ വഞ്ചിവയലിനടുത്തുമായി ഇന്ന് സംരക്ഷിത വനമേഖലയായി നിലനിര്‍ത്തിയിരിക്കുന്നു. താന്നിക്കുടിയില്‍നിന്ന് ഒട്ടകലെയുള്ള മാവടിയിലായിരുന്നു പഴയ പെരിയാര്‍ വില്ലേജ് ഓഫീസ്.
വഞ്ചിവയലില്‍ അന്നെത്തി എന്നു പറയപ്പെടുന്ന എട്ടു കുടുംബങ്ങള്‍ ഇന്ന് 87 കുടുംബങ്ങളായി അധിവസിക്കുന്നു. അതിലൊരു കുടുംബാംഗമാണ് ഞാന്‍. മരണകാരണമായ രോഗം എന്തായിരുന്നു എന്ന് ഞങ്ങള്‍ക്കറിയുമായിരുന്നില്ല. കാണിക്കാരന്റെ മന്ത്രത്തിനോ രക്ഷയായി കെട്ടിക്കൊടുക്കുന്ന നെല്‍മണികള്‍ക്കോ കല്ലുകള്‍ക്കോ മരണത്തെ തടുത്തുനിര്‍ത്താനായില്ല. അപ്പോള്‍ പറഞ്ഞത് “ഇത് തേരോട്ടം പോകുന്ന വഴിയാണ്. മാറിപ്പോകാം” എന്നാണ്.
നിങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാം കണ്ടിട്ടുണ്ടോ? 140 വര്‍ഷം കഴിഞ്ഞിട്ടും വെള്ളം തടഞ്ഞു നിര്‍ത്തിയിടത്ത് ഉയര്‍ന്നുനില്‍ക്കുന്ന വൃക്ഷാസ്ഥികള്‍. എത്രയധികം സസ്യസമൂഹമാണ് നശിപ്പിക്കപ്പെട്ടത്? എത്രയധികം പേരാണ് കുടിയിറക്കപ്പെട്ടത്? ഡാമിന്റെ നിര്‍മാണവുമായി വന്ന ബാഹ്യലോക സമ്പര്‍ക്കത്തില്‍ പടര്‍ന്ന മഹാമാരിയില്‍ മരണമടഞ്ഞത്? ഇഷ്ടികപ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതംകൊണ്ടു നിര്‍മിച്ച ലോകത്തിലെ ഏക ഗ്രാവിറ്റി ഡാമായി അറിയപ്പെടുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ പിന്നിലെ ഈ ചരിത്രം ആരാണ് അന്വേഷിക്കുക?
അതുകൊണ്ടായിരിക്കണം ബ്രിട്ടീഷ് അധികാരത്തിന്റെ സമ്മര്‍ദതന്ത്രത്തിനു വഴങ്ങി അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് 999 വര്‍ഷത്തെ നദീജല കരാര്‍ ഒപ്പിടുമ്പോള്‍ “എന്റെ ഹൃദയരക്തംകൊണ്ട് ഞാനിതില്‍ ഒപ്പുവെയ്ക്കുന്നു” എന്നു പ്രതികരിച്ചത്. ആ അഭിശപ്തമായ വിധിയുടെ പിന്‍തുടര്‍ച്ച തന്നെയാവണം ഡാം എന്‍ജിനീയറായിരുന്ന കേണല്‍ ജോണ്‍ പെന്നിക്വിന് രണ്ടു തവണയായി, നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഡാമിന്റെ പണിപൂര്‍ത്തീകരിക്കാന്‍ ഇടവരുത്തിയത്. ഇന്നും വിവാദങ്ങളില്‍ ഇടംകൊടുക്കുന്നത്.
ഗോത്ര ജീവനരീതികളില്‍ നിന്നകന്ന് ഇന്നുള്ള തലമുറയുടെ മാറ്റത്തെ പുഷ്പമ്മ എങ്ങനെയാണ് വിലയിരുത്തുന്നത്?
അങ്ങേയറ്റം നിരാശാഭരിതമാണ്. നോക്കൂ, മാറിയ കാലത്തിന്റെ ഒരിടക്കണ്ണിയാണ് ഞാന്‍. പുതുതലമുറക്കാര്‍ ഏറെയും തനത് രീതികളില്‍നിന്ന് വ്യതിചലിച്ചുപോയിരിക്കുന്നു. ഞങ്ങളുടെ ഭാഷ സംസാരിക്കാനറിയാവുന്ന പുതുതലമുറക്കാര്‍ ഏറെ വിരളം. അതു പകരാനുള്ള താല്പര്യം മുതിര്‍ന്നവര്‍ക്കോ പഠിച്ചെടുക്കാനുള്ള താല്പര്യം യുവതയ്ക്കോ ഇല്ലെന്നതാണ് സത്യം. എല്ലാവരും ഒരുതരം ഭ്രമത്തിന്റെ അടിമകളായതുപോലെ. മുന്‍പ് ഒരു കാണിക്കാരനെ ഭയന്നാല്‍ മതിയായിരുന്നു. ഇന്ന് അനേകം കാണിക്കാരന്മാര്‍ പലഭാവത്തില്‍ രൂപത്തില്‍ ചുറ്റിയും നില്‍ക്കുന്നു.
ഊരാളി ഗോത്രം ആധുനിക നഗരവല്‍ക്കരണത്തില്‍ ബൗദ്ധികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന് തോന്നുന്നുണ്ടോ?
പലതരത്തിലും. ഒരു ഉദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്കത് എളുപ്പം മനസ്സിലാവും. അണക്കെട്ടിന്റെ കാര്യമാണ്. ഇടുക്കി അണക്കെട്ടിനെക്കുറിച്ചു പ്രതിപാദിക്കുന്നിടത്തൊക്കെ ഞങ്ങളുടെ ഗോത്രത്തില്‍പ്പെട്ട ചെമ്പന്‍ കൊലുമ്പന്റെ കാര്യമെടുക്കാം. 1970 ജൂണ്‍ 21-ന്, തന്റെ 112-ാം വയസ്സില്‍ അന്തരിച്ച കൊലുമ്പന്റെ ഇടുക്കി വെള്ളാപ്പാറയിലെ സ്മാരകവും കണ്ടിരിക്കും. 1932-ല്‍ മലങ്കര റബ്ബര്‍ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ലിയു.ജെ. ജോണിനു നായാട്ടിനായി അനുഗമിച്ച കൊലുമ്പന്‍, കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ ഒഴുകുന്ന പെരിയാര്‍ കാണിച്ചുകൊടുക്കുകയായിരുന്നു. ജോണിന്റെ ബുദ്ധിയിലെ വിപണനചക്രം അവിടെ നിന്ന് കറങ്ങിത്തുടങ്ങി. 1976 ഫെബ്രുവരി 12-ന് ഇടുക്കി വൈദ്യുതനിലയത്തിലെ ആദ്യ ടര്‍ബെയിന്‍ കറങ്ങി. ഇന്ദിരാഗാന്ധിയായിരുന്നു ഉദ്ഘാടനം. ഡാം നിര്‍മിക്കപ്പെട്ടപ്പോള്‍ തടയപ്പെട്ട നദി ചാടിക്കടക്കാവുന്നത്രയും നേര്‍ത്തുപോയി എന്ന് മുത്തശ്ശി പറയുമായിരുന്നു. ഒപ്പം വെള്ളത്തിലാഴ്ന്നുപോയ കാടിനെക്കുറിച്ചും.
കട്ടപ്പനയിലും മൂന്നാറിലുമൊക്കെ ഇന്നു കാണുന്ന ഏലക്കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള സമൃദ്ധി ശാശ്വതമാണോ?
വിളവെടുപ്പിലും സംസ്കരണത്തിലുമെന്നപോലെ ഏലത്തിന്റെ പരിസംരക്ഷണത്തിലും ഉല്പാദകര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ഇനി കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാല്‍ ഇവിടവും പാഴ്ഭൂമിയായി മാറാം.
നിങ്ങളുടെ ഗോത്ര സമൂഹത്തില്‍നിന്ന് മികച്ച ചിന്തകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ?
തീര്‍ച്ചയായും. തൊടുപുഴ വെളിയാമറ്റം കുന്നത്ത് മാണിക്കന്റേയും കോതയുടേയും മകനായി 1949 മാര്‍ച്ച് 10-ന് ജനിച്ച കെ.എം. സലിംകുമാര്‍. എഴുത്തുകാരന്‍, പത്രാധിപര്‍, ഒളിത്പക്ഷ പോരാളി, ചിന്തകന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയന്‍. 1989-ല്‍ വൈക്കത്തുവെച്ച് മനുസ്മൃതി കത്തിച്ചു. ‘നെഗ്രിറ്റ്യൂഡ്’ എന്ന ഒറ്റ പുസ്തകം മതി ആ ചിന്തയുടെ ആഴമറിയാന്‍. ഡോക്ടറാവാന്‍ കാടിറങ്ങി അധഃസ്ഥിത വിമോചനത്തിന് ബൗദ്ധികശേഷികൊണ്ട് കരുത്ത് പകര്‍ന്നു. എറണാകുളം മഹാരാജാസ് കോളേജ് പഠനകാലത്ത് നക്സല്‍ പ്രസ്ഥാനത്തോട് അടുത്തെങ്കിലും അവിടെയും വിവേചനത്തിന്റെ ചുവ ശ്വസിച്ചപ്പോള്‍ പ്രസ്ഥാനം ഉപേക്ഷിച്ചു. ദളിത് വിമോചന പ്രസ്ഥാനങ്ങളെല്ലാം അപ്രസക്തമാവുന്നത് പ്രവര്‍ത്തനതലത്തിലെ ദീര്‍ഘവീക്ഷണത്തില്‍ സംഭവിക്കുന്ന അപക്വതകൊണ്ടാണ്. നേതൃനിരയിലേയ്ക്കുയരുന്നവരുടെ ചിന്താപരമായ അപചയംകൊണ്ടാണ്. സലിംകുമാര്‍ ഇതില്‍നിന്നൊക്കെയും വിഭിന്നനായിരുന്നു. അദ്ദേഹത്തെ വേണ്ടത്ര മനസ്സിലാക്കാന്‍ ജീവിച്ചിരിക്കുമ്പോള്‍ കഴിയാതെപോയി എന്നതിലിപ്പോള്‍ ദുഃഖം തോന്നുന്നു. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂവിന് പല പ്രഗല്‍ഭരും കാത്തുനില്‍ക്കുന്നത് കണ്ടതിന്നും ഓര്‍ക്കുന്നു.
‘കൊളുക്കന്‍’ എന്ന ആദ്യ നോവല്‍ കൊണ്ടുതന്നെ ശ്രദ്ധേയയായി പുഷ്പമ്മ. ഊരാളി ഗോത്രവര്‍ഗ വിഭാഗത്തിന്റെ തനതു ജീവിതം അവരുടെ ഭാഷയില്‍ത്തന്നെ പകര്‍ത്തിയ രചനയാണിത്. ഇതിന്റെ കയ്യെഴുത്തുപ്രതി ആദ്യം കാണുന്നത് പ്രിയ സുഹൃത്തുക്കളായ ബിനു എം. പള്ളിപ്പാടും ഷീനയുമാണ്. ആ സംഭവം ഷീന ഓര്‍ക്കുന്നു. ഒരു ദിവസം പുഷ്പമ്മ പറഞ്ഞു: ഞാനൊരു പുസ്തകം എഴുതുന്നു. ഞങ്ങളുടെ ജീവിതത്തെക്കുറിച്ചുതന്നെ ഷീന തിരിച്ചും പറഞ്ഞു. എഴുതൂ തീര്‍ച്ചയായും നന്നാവും. നല്ലൊരു വായനക്കാരിയായ പുഷ്പമ്മയുടെ പുസ്തകം മികച്ചതാവുമെന്ന് അന്നേ ഷീന കരുതിയിരുന്നു.
ഇനി നമുക്ക് നിങ്ങളുടെ ‘കൊളുക്കന്‍’ എന്ന നോവലിലേക്ക് വരാം. ഇതില്‍ ഭാവന വല്ലാതെ കലര്‍ന്നിട്ടുണ്ടോ? ഇത്രയധികം സൂക്ഷ്മമായ ഡീറ്റെയിലിങ് എങ്ങനെയാണ് സാധ്യമായത്? രചനയില്‍ ആരാണ് പ്രോത്സാഹനം പകര്‍ന്നത് എഴുതിത്തീരാന്‍ ഏറെ സമയമെടുത്തുവോ?
പഠനകാലത്തുതന്നെ വായന എനിക്കിഷ്ടമായിരുന്നു. ഇത്തിരി മുതിര്‍ന്നപ്പോള്‍ ലൈബ്രറികളെ ആശ്രയിച്ചു തുടങ്ങി. പുസ്തകങ്ങള്‍ തിരഞ്ഞ് കണ്ടെത്താമെന്നായി. ഷീനയുടെ വീട്ടില്‍ വലിയൊരു പുസ്തകശേഖരം തന്നെയുണ്ട്. അന്നൊക്കെ സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങുക എന്നത് അസാധ്യവുമായിരുന്നു. ഇപ്പോള്‍ വീട്ടില്‍ സ്വന്തമായി ചെറിയൊരു പുസ്തകശേഖരമുണ്ട്. ’കൊളുക്കനി’ലേയ്ക്ക് വരാം. വാക്കിന്റെ അര്‍ത്ഥം നനവാര്‍ന്ന നിലമെന്നാണ്. തുറന്നു പറയാം. ഇതില്‍ ഭാവന രണ്ട് ശതമാനം മാത്രമാണുള്ളത്. കേട്ടറിഞ്ഞും അനുഭവിച്ചും ജന്യശേഷികൊണ്ടും ആര്‍ജിച്ചെടുത്തതുമായ അനുഭവങ്ങളുടെ രേഖപ്പെടുത്തലാണ് ഈ പുസ്തകം. നമ്മള്‍ ഇപ്പോഴിരുന്നു സംസാരിക്കുന്ന കട്ടപ്പന വലിയപാറയിലെ വീട്ടിലെ എസ്സക്കി രാജും ഭാര്യ പ്രേമയും എനിക്ക് ഷീനയെപ്പോലെ പ്രോത്സാഹനം തന്ന സുഹൃത്തുക്കളാണ്. നിങ്ങള്‍ തണുപ്പുകൊണ്ട് വിഷമിക്കുന്നതു കണ്ട മക്കള്‍ ആശിഷും ആഷികയും ചൂടുപകരുന്ന വസ്ത്രം കൊണ്ടുതന്നത് ശ്രദ്ധിച്ചുവോ. ഗോത്രവര്‍ഗക്കാര്‍ സമൂഹജീവനംകൊണ്ട് ജീനില്‍ കലര്‍ന്നുപോയൊരു ബോധമുണ്ട്. സഹജരെ എപ്പോഴും പരിസംരക്ഷിക്കണം. ‘കൊളുക്കന്‍’ എഴുതിത്തീരാന്‍ നാലുവര്‍ഷമെടുത്തു.
ഊരാളി ഗോത്രസമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ഇതര ഗോത്രവിഭാഗങ്ങളെപ്പോലെത്തന്നെ ഞങ്ങളും ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഏറെ സമാനതകളുണ്ട്. ഏറെ വൈജാത്യങ്ങളും.
ഏറ്റവും പ്രധാനമായത് ജനസംഖ്യാനുപാതത്തിലെ അനുപാന്തരമാണ്. മറ്റൊന്ന്, നാഗരിക സംസ്കൃതിയിലേയ്ക്ക് കലര്‍ന്നപ്പോള്‍ സംഭവിച്ച ജനിതക മാറ്റങ്ങള്‍. നവസമ്പര്‍ക്കങ്ങളും അത് സന്നിവേശിപ്പിക്കുന്ന താല്പര്യങ്ങളും ഊരാളി ഗോത്രത്തെ വല്ലാതെ ഗ്രസിച്ചിട്ടുണ്ട്. ഭൂമയിന്‍മേലുള്ള അവകാശാവരോധ്യമാണ് മറ്റൊരു പ്രശ്നം. സ്വാഭാവിക വനങ്ങള്‍ നശിപ്പിക്കപ്പെടുകയും പകരം നാണ്യവിളകള്‍ കൃത്രിമോപാധികളോടെ കൃഷിയിറക്കപ്പെടുകയും ചെയ്യുന്നു. ഫലത്തില്‍ ഞങ്ങള്‍ ബഹിഷ്കൃതരാണ്. ഊരാളി ഗോത്രവര്‍ഗ റിസേര്‍വ് എന്നതൊരു മായികസ്വപ്നം മാത്രം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലേയും കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ഗോത്രവര്‍ഗ വിഭാഗ വികസനപദ്ധതികളെ പുഷ്പമ്മ എങ്ങനെ വിലയിരുത്തുന്നു?
വളരെ പ്രസക്തമായ ചോദ്യം.
ഒരു കാലംവരെ വിദേശികളെ ഭയന്നാണ് ജീവിച്ചതെങ്കില്‍ അനന്തരകാലത്ത് അതിലും ദുഷ്കരമായാണ് ജീവിതം തുടരുന്നത്. എന്റെ ഓര്‍മയില്‍ 28 രൂപയ്ക്ക് ഒരു കിലോ ഉണക്ക ഏലം വിറ്റിരുന്നിടത്ത് ഇന്ന് 3000 രൂപയ്ക്ക് അത് വില്‍ക്കുന്നു. ഏലം വളരുന്ന തോട്ടങ്ങളും അതിന്റെ ഗുണഭോക്തൃ വിഭാഗവും എങ്ങനെ രൂപപ്പെട്ടു. ഇടുക്കിയില്‍ ആധിപത്യം നേടി എന്നതാണ് പ്രശ്നം. തലമുറകളായി ഇവിടെ ജനിച്ചുവളര്‍ന്നവര്‍ ചെറിയൊരു വീടിനായി രണ്ട് സെന്റ് സ്ഥലത്തിനു രേഖയാവശ്യപ്പെടുമ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റ് എന്നു കേള്‍ക്കുകപോലും ചെയ്യാതെ മണ്‍മറഞ്ഞ അച്ഛന്റെ ജാതി സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നത്. മറുവശത്ത് സംഘടിത നവാഗത വൃന്ദം, കാടറിഞ്ഞ് ജീവിച്ച ഞങ്ങള്‍ പാരിസ്ഥിതികാഘാതം വരുത്തിവെയ്ക്കുമെന്ന വാദവുമായെത്തുന്നു. ഇന്ത്യയുടെ നഗര-വ്യവസായ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന പരിഗണനകളൊന്നും ലഭിക്കാതെ നാടോടികളായി അലയുന്നവരുടെ കണക്ക് ആരെങ്കിലും ശേഖരിച്ചിട്ടുണ്ടോ? ഒരു തുണ്ട് കിടപ്പാടത്തിന് രേഖയ്ക്കുവേണ്ടി ഞങ്ങള്‍ നടന്നു തളരുമ്പോള്‍, അന്യസംസ്ഥാന ധനാഢ്യര്‍പോലും പ്രകൃതിലോല പ്രദേശങ്ങളില്‍, ബഫര്‍സോണുകളില്‍ ആഡംബര റിസോര്‍ട്ടുകള്‍ക്കുള്ള അനുമതി എങ്ങനെയാണ് നേടിയെടുക്കുന്നത്? റവന്യു ഭൂമികള്‍ കൈവശപ്പെടുത്തുന്നത്? ശീതീകരിച്ച മുറകളിലിരുന്ന് ഞങ്ങള്‍ക്ക് ആവശ്യമോ അറിവോ ഇല്ലാത്ത പദ്ധതികളിന്മേല്‍ വന്‍തുകകള്‍ ഞങ്ങളുടെ വികസന വിഹിതമായി മറ്റു മാഫിയകളുടെ കയ്യിലെത്തിച്ച് കണക്ക് ക്ലിപ്തപ്പെടുത്തുന്ന ഉദ്യോഗസ്ഥ സമൂഹം ഇവിടെ ഒരു പരിവര്‍ത്തനവും സൃഷ്ടിക്കുന്നില്ല. അവര്‍ക്ക് തീര്‍ക്കേണ്ടത് ഔദ്യോഗിക കാലം മാത്രമാവുമ്പോള്‍ ഞങ്ങള്‍ക്ക് തുടരേണ്ടത് തലമുറകളുടെ ജീവിതമാണെന്നറിയണം.
നിത്യഹരിത വനമേഖല തനതുരീതികളുമായി ജീവിച്ച ഞങ്ങളെ ആദ്യം രാജാധികാരം വേട്ടയാടി. പിന്നെ കടന്നുവന്ന വെള്ളക്കാരും. അവര്‍ക്കൊപ്പം വന്ന തോട്ടം തൊഴിലാളികള്‍ അവര്‍ക്ക് കഴിയുംവിധം ഞെരുക്കി. തുടര്‍ന്നാണ് കുടിയേറ്റക്കാരുടെ മൃഗീയമായ അധിനിവേശം. സമ്പത്തിന്റേയോ സ്ഥലത്തിന്റേയോ മൂല്യത്തെക്കുറിച്ച് അജ്ഞരായ ഞങ്ങള്‍ താമസഭൂ കിട്ടി ചില്ലിക്കാശുകള്‍ക്ക് കൈമാറി വിരല്‍ മഷിയുടെ തുല്യം ചാര്‍ത്തി ഉള്ളിലേക്ക് വലിഞ്ഞു. അവിടവും സ്വസ്തത തന്നില്ല. വനനിയമം നിലവില്‍ വന്നതോടെ ഞങ്ങള്‍ അവിടെനിന്നും ബഹിഷ്കൃതരായി. ഇതാണ് യഥാര്‍ത്ഥ പാര്‍ശ്വവല്‍ക്കരണം.
എനിക്കൊരു പ്രതീക്ഷയുമില്ല. ഞങ്ങളിങ്ങനെ കുറച്ചുപേര്‍ പറഞ്ഞുകൊണ്ടേ തീരും. രാഷ്ട്രീയം ഇന്ന് മതങ്ങളുടെ നിലയിലെത്തിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് റിട്ടയര്‍മെന്റ് ഇല്ലെന്നും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും സാധാരണക്കാര്‍ക്ക് വലിയ ചിന്താശേഷിയൊന്നുമില്ല. സ്വയം സൃഷ്ടിച്ചെടുത്ത പരിവേഷ നായകന്മാര്‍ പറഞ്ഞതെല്ലാം ഭാഗം ചേര്‍ന്നു ശരി എന്ന് വിശ്വസിക്കും. ധനാര്‍ജന തൃഷ്ണ തലയ്ക്കുകയറിയും സമൂഹത്തില്‍നിന്ന് മൂല്യവത്തായ മുന്നേറ്റങ്ങളുണ്ടാവില്ലെന്ന് പ്രവചിച്ച കേസരിയെ ബൂര്‍ഷ്വാ പണ്ഡിതന്‍ എന്നു വിളിച്ചാദരിച്ച നാടാണിത്. വോട്ടു ബാങ്കിന്റെ ബലത്തില്‍ അധികാരയന്ത്രം ചലിക്കുമ്പോള്‍ ഊരാളി എന്ന തനത് ഗോത്രസമൂഹവും കാലാന്തരത്തില്‍ കഥയായി മാറും. എങ്കിലും മേതില്‍ കുറിച്ചപോലെ “അവസാനത്തെ ഇലയിലെ, അവസാനത്തെ പുഴുവിന്റെ ജീവനുവേണ്ടി ഞങ്ങളില്‍ ചിലരെങ്കിലും അവസാനം വരെ പിടഞ്ഞുനില്‍ക്കും.”
പുഷ്പമ്മയുടെ രചനയിലിരിക്കുന്ന പുതിയ നോവലിന്റെ പശ്ചാത്തലത്തെക്കുറിച്ചും പ്രമേയകേന്ദ്രത്തെക്കുറിച്ചും പറയാമോ? ഈ രചനയും തനത് ഗോത്രവര്‍ഗ ജീവിതവുമായിത്തന്നെ ബന്ധപ്പെട്ടുള്ളതാണോ?
വേറിട്ടൊരു പശ്ചാത്തലവും പ്രമേയവുമാണ് ഈ നോവലില്‍ വരുന്നത്. തഞ്ചാവൂരാണ് പശ്ചാത്തലം. ഒരു നര്‍ത്തകിയാണ് കേന്ദ്രകഥാപാത്രം. രാജരാജചോളന്റെ കാലത്ത് നിര്‍മിച്ച ബൃഹതീശ്വര ക്ഷേത്രവും രാജേന്ദ്രചോളന്റെ കാലത്ത് പുകള്‍കേട്ട ഗംഗൈകൊണ്ട ചോളപുരവും വല്ലാതെ ആകര്‍ഷിച്ചു. ചോളപുരം 250 വര്‍ഷം ചോളവംശത്തിന്റെ തലസ്ഥാനമായിരുന്നു എന്നതും. ഇവ ഇന്നും ചരിത്രവിസ്മയങ്ങളായി കാലത്തിന്റെ പ്രഹരങ്ങളെ അതിജീവിച്ച് നിലനില്‍ക്കുന്നു. എന്നാല്‍, ഈ നിര്‍മിതികള്‍ക്കും പെരുമയ്ക്കും പിന്നില്‍ അനാവൃതമാകാതെ അറ്റുപോയ ജീവിതങ്ങളെക്കുറിച്ച് എവിടേയും പ്രതിപാദ്യമില്ല. അവര്‍ക്കുള്ള എളിയ സമര്‍പ്പണമാണ് ഈ നോവല്‍. ക്ഷമിക്കണം. എനിക്കെപ്പോഴും ബഹിഷ്കൃത പക്ഷത്തുനിന്നേ ചിന്തിക്കാനാവൂ. ഞങ്ങളുടെ സമൂഹം ഇന്നും അഭിമുഖീകരിക്കുന്ന തിരസ്കാരങ്ങളും വശപ്പെടലുകളും ഉള്ളുലയ്ക്കുന്നു. ഈ ഭാഗഭാഗിത്വം എന്റെ പരിമിതിയോ മികവോ ആയി നിങ്ങള്‍ക്കു കാണാം. വസ്തുതകള്‍ മാത്രം കലര്‍പ്പറ്റ് അടയാളപ്പെടുത്തിപ്പോവുന്ന ചരിത്രത്തില്‍ നാളിതുവരെ ഒരു കൂട്ടിച്ചേര്‍ക്കലും നടന്നിട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയുമെത്രയോ തുറന്നു കാണിക്കപ്പെടാന്‍ ബാക്കിനില്‍ക്കുന്നു.
നമുക്കിവിടെ നിര്‍ത്താം. പുഷ്പമ്മ എഴുന്നേറ്റു.
വലിയപാറയിലും ഇരുട്ടിന് കനംവെച്ചു തുടങ്ങി. തണുപ്പിന് കാഠിന്യവും.
തണുത്ത് വിറയ്ക്കുന്ന എന്റെ നേര്‍ക്കവര്‍ ധരിച്ചിരുന്ന കമ്പിളി കുപ്പായം അഴിച്ചുനീട്ടി.
അതു വാങ്ങാന്‍ മടിച്ചുനിന്ന എന്റെ കൈകളിലവര്‍ തോള്‍ സഞ്ചിയില്‍നിന്നൊരു കമ്പിളിപുതപ്പു തന്ന് പറഞ്ഞു: “നിങ്ങള്‍ക്കിത് താങ്ങാനാവില്ല. ഞങ്ങളിതൊക്കെ ബാല്യം മുതല്‍ പരിചയമുള്ളവരാണ്.” ഇരമ്പിയെത്തിയ മഴയ്ക്കൊപ്പം കോടയും കയറിത്തുടങ്ങി.
“നമുക്കിനി പിരിയാം. വേഗം മുറിയിലെത്തുക.”
പുഷ്പമ്മ തീര്‍പ്പു പറഞ്ഞു.
കനത്തു വരുന്ന ഇരുട്ടിലേയ്ക്കവര്‍ ഉറച്ച ചുവടുകള്‍ വെച്ചു വലിയപാറയില്‍നിന്ന് ഒരു വെള്ളിനാളംപോലെ ഇറങ്ങിയകന്നു.
ഇതാണ്, ക്ഷമിക്കണം, ഇതുകൂടിയാണ് ഊരാളി എന്ന തനതു വംശീയ ഗോത്രപ്പെരുമയുടെ കറയറ്റ സഹജസ്നേഹം.
ശ്രീധരനും വിജയനുമാണ് പുഷ്പമ്മയുടെ സഹോദരന്മാര്‍. ജീവിതപങ്കാളി കര്‍ഷകനായ ഓമനക്കുട്ടന്‍.
വിദ്യാര്‍ത്ഥികളായ മക്കള്‍ ആദിത്യനും ആമിയും. പുഷ്പമ്മ ഗവണ്‍മെന്റ് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയാണ്.
പുഷ്പമ്മ എഴുതുന്ന ഏറ്റവും പുതിയ നോവലിലെ ഒരപ്രകാശിത ഭാഗം:
തെരുവിന്റെ ഇരുവശത്തും നില്‍ക്കുന്ന ആളുകളെ ശ്രദ്ധയോടെ മറികടക്കുന്ന ഓട്ടോക്ക് ഉള്ളില്‍ സുബമ്മ പുറത്തേക്ക് നോക്കിയിരുന്നു. ഇടയ്ക്കിടെ തെരുവില്‍ നില്‍ക്കുന്ന പരിചയക്കാരോട് ഉറക്കെ വിളിച്ച് ആകെ ചിരിച്ച് കുശലം ചോദിക്കയും ചെയ്തുകൊണ്ടിരുന്നു. ഡ്രൈവറും സുബമ്മയും സംസാരിച്ചത് മുഴുവന്‍ അച്ചംപട്ടിയിലെ ജനങ്ങളുടെ ദുരിതങ്ങളും ജീവിച്ചുപോകാനുള്ള അവരുടെ പ്രയാസങ്ങളെക്കുറിച്ചുമാണ്. ഇടയ്ക്ക് ശബ്ദം താഴ്ത്തി ചിലരെക്കുറിച്ച് ഇരുവരും ഗൗരവമായി ചര്‍ച്ച ചെയ്തു.
മെല്ലെ നീങ്ങിയ ആ ഓട്ടോ തെരുവിന്റെ അങ്ങേയറ്റം എത്തിനിന്നു. “ഈ കുട്ടി വിളക്കുപോലും കത്തിച്ചിട്ടില്ല. ഈ സന്ധ്യയ്ക്ക് വീടിനുള്ളില്‍ കയറി എന്തെടുക്കാവാ?” സുബമ്മ ഓട്ടോയില്‍നിന്നിറങ്ങി ഡ്രൈവര്‍ക്ക് പണം നല്‍കുന്നതിനിടയില്‍ പിറുപിറുത്തു.
“ഇറങ്ങി വാ...” അവര്‍ വാഹനത്തിന്റെ പിന്‍സീറ്റിലേക്ക് നോക്കിപ്പറഞ്ഞു. ഒപ്പം വണ്ടിക്കുള്ളില്‍നിന്ന് വലിയൊരു വാനിറ്റി ബാഗെടുത്ത് തോളിലേക്ക് വെച്ചു. തൊട്ടടുത്ത വീടുകളില്‍നിന്നുള്ളവര്‍ ഓട്ടോയിലേയ്ക്ക് നോക്കി നില്‍പ്പാണ്. അതൊരു പതിവുകാഴ്ച അല്ലാത്തതിനാലാവണം അവര്‍ക്കറിയാവുന്ന സുബമ്മ എന്ന സ്ത്രീ അപൂര്‍വമായേ ഓട്ടോയില്‍ വരാറുള്ളൂ. ഇല്ലെങ്കില്‍ വൈകുന്നേരം അഞ്ചുമണിയോടെ അച്ചംപെട്ടി തെരുവിന്റെ കവാടത്തിലെത്തി അവിടെനിന്ന് പതിയെ നടത്തം തുടങ്ങും. വഴിയില്‍ കാണുന്ന സകലരോടും കുശലം ചോദിച്ച് പട്ടിയോടും പൂച്ചയോടും വരെ സംസാരിച്ച് വളരെ മെല്ലെ നടക്കുന്ന ആ സ്ത്രീ തെരുവിന്റെ നിത്യകാഴ്ചയാണ്. ഓട്ടോയ്ക്കുള്ളില്‍നിന്ന് ആരെയാണവര്‍ പുറത്തേയ്ക്ക് ക്ഷണിക്കുന്നതെന്നറിയാന്‍ എല്ലാവരുടേയും നോട്ടം ഓട്ടോയ്ക്ക് നേരെയായി. തലമുഴുവന്‍ മറച്ച് ഓട്ടോയില്‍ നിന്നിറങ്ങുന്ന പെണ്‍കുട്ടിക്ക് നേരെയായി ഏവരുടേയും നോട്ടം.
മുന്‍പെങ്ങുമവര്‍ ആ പെണ്‍കുട്ടിയെ കണ്ടിട്ടുണ്ടായിരുന്നില്ല.
“സുബമ്മ ആരായിത്?” അവരുടെ തൊട്ടടുത്ത വീട്ടിലെ താമസക്കാരിയായ പളനിയമ്മ തിരക്കി. സുബമ്മയതിന് മറുപടിയൊന്നും പറഞ്ഞില്ല.
“മല്ലീ... വാതില്‍ തുറക്ക്. അവര്‍ തന്റെ ആ ചെറിയ വീടിന്റെ വാതിലില്‍ തട്ടി ഉറക്കെ വിളിച്ചു.
“ദാ വരുന്നു.” അകത്തുനിന്നൊരു പെണ്‍കുട്ടിയുടെ ദുര്‍ബലമായ ശബ്ദം പുറത്തേയ്ക്കെത്തി.
“മാറിനില്‍ക്ക്.” വാതിലില്‍ തട്ടിയതിനുശേഷം സുബമ്മ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ വരാന്തയിലെ മങ്ങിയ ഇരുട്ടിലേയ്ക്ക് മാറ്റിനിര്‍ത്തി. മറ്റാരും അവളെ നന്നായി ശ്രദ്ധിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധം ഉള്ളതുപോലെ തോന്നിച്ചു. അല്പനേരം കാത്തുനില്‍ക്കേണ്ടിവന്നു. ആ വാതിലൊന്നു തുറന്നുകിട്ടാന്‍.
“വാ” സുബമ്മ അടുത്തുനിന്ന യുവതിയുടെ കയ്യില്‍ പിടിച്ച് വീടിനകത്തേയ്ക്ക് വേഗത്തില്‍ കയറി.
“ആരാത്?” അമ്മയെ മാത്രം പ്രതീക്ഷിച്ച് നിന്ന മല്ലി പുതിയ അതിഥിയെ കണ്ട് കണ്ണുമിഴിച്ചു.
മല്ലി വാതില്‍ അടച്ചുകൊണ്ട് അമ്മയ്ക്ക് പിന്നാലെ ചെന്നു.
“വേഗം രണ്ടു കോഫിയെട് മല്ലി. അവര്‍ ക്ഷീണിച്ച ശബ്ദത്തില്‍ മകളോട് ആവശ്യപ്പെട്ടു. കയ്യിലിരുന്ന ചെറിയ ബാസ്കറ്റും തോളില്‍ തൂക്കിയ വലിയ ബാഗും മുറിയുടെ മൂലയിലേയ്ക്ക് വെച്ചു. ആ ചെറിയ മുറിയിലെ മങ്ങിയ വെട്ടത്തില്‍ അകത്തേയ്ക്കു വന്ന പെണ്‍കുട്ടിയുടെ മുഖം ശരിക്കു കാണാന്‍ മല്ലിക്ക് കഴിഞ്ഞില്ല. അമ്മ ബാസ്കറ്റില്‍ നിന്നെടുത്തു നീട്ടിയ മുല്ലപ്പൂവ് ചുരുള്‍ നിവര്‍ത്തി മുടിയില്‍ തിരുകി.
കാപ്പിക്കുള്ള വെള്ളം സ്റ്റൗവില്‍ വെച്ചതിനു ശേഷം ഒന്നു രണ്ടു വട്ടം ഹാളിലേയ്ക്കെത്തി വിരുന്നുകാരിയെ നോക്കി. നഖം കടിച്ചവള്‍ മിണ്ടണോ എന്നറിയാതെ നിന്നു.
“വാ... ഇരിക്ക്.” ആ മുറിയൊന്നാകെ ചുറ്റിനോക്കുന്നതിനിടയില്‍ സുബമ്മ അവളെ വിളിച്ചു. അവളെന്തോ പറയാനാഞ്ഞതും അവര്‍ കൈനീട്ടി അവളെ വിലക്കി.
“കണ്‍മണി” അനങ്ങാതെ നില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ച സുബമ്മ അവളെ തറയിലെ പായയിലേക്ക് നിര്‍ബന്ധിച്ച് ഇരുത്തി.
‘കണ്‍മണി’, അടുക്കളയില്‍ കാപ്പിയെടുക്കുന്നതിനിടയില്‍ മല്ലി ആ പേര് പലവട്ടം ഉച്ചരിച്ചു.
“ദാ കാപ്പി.” ഇരു കയ്യിലും ഓരോ കപ്പുമായി വന്ന മല്ലി ആദ്യത്തെ കപ്പ് അമ്മയ്ക്ക് നല്‍കി. അടുത്തത് കണ്‍മണിക്കും. കുടിക്ക്. സുബമ്മ കണ്‍മണിയോട് പറഞ്ഞു.
ആരുമൊന്നും മിണ്ടാതെ സമയം കടന്നുപോയ്‌ക്കൊണ്ടിരുന്നു.
“മല്ലി ഇത് നിന്റെ ചേച്ചിയായി കരുതി കൂട്ടിക്കോ.” കണ്‍മണിയെത്തന്നെ നോക്കിയിരുന്ന മകളോടായി സുബമ്മ പറഞ്ഞു.
“വലിയ യാത്ര കഴിഞ്ഞെത്തിയതല്ലേ വസ്ത്രം മാറിക്കോ. ശരീരം തണുത്തിട്ട് കുളിക്കാം കേട്ടോ.” അവര്‍ ഇരുന്നയിടത്ത് എഴുന്നേറ്റ് മറ്റൊരു വാതില്‍ തുറന്ന് അകത്തേയ്ക്ക് കയറി.
തലമൂടിയിരുന്ന തുണിമാറ്റി പായയില്‍നിന്നും എഴുന്നേറ്റ് നിന്ന യുവതിയെ കണ്ട് മല്ലിയുടെ കണ്ണുകള്‍ വിടര്‍ന്നു. ആ മങ്ങിയ വെട്ടത്തിലും എടുത്തുനിന്ന കണ്‍മണിയുടെ സൗന്ദര്യത്തെ നോക്കി മല്ലി നിന്നു. കോളേജിലേയ്ക്കുള്ള യാത്രയില്‍ പലപ്പോഴും കണ്ടിട്ടുള്ള സിനിമ പരസ്യങ്ങളിലെ മാത്രം ചിത്രങ്ങളില്‍ കണ്ടു പരിചയിച്ചിട്ടുള്ള മുഖത്തോട് തനിക്ക് മുന്നിലുള്ള രൂപത്തെ ചേര്‍ത്തു പിടിച്ചു. തെളിവാര്‍ന്ന് നനവ് തോന്നിക്കുന്ന കണ്ണുകളും ഒതുങ്ങിയ നെറ്റിത്തിടവും നീണ്ട നാസികയും ആ സൗന്ദര്യത്തെ എടുത്തറിയിച്ചു. നാസികയിലെ തിളങ്ങുന്ന മൂക്കുത്തിയിലേക്ക് നോക്കി മല്ലി ശ്വാസം വലിച്ചുവിട്ടു. കണ്‍മണി തന്റെ തലമുടി അഴിച്ചിട്ടതും മല്ലി വീണ്ടും അത്ഭുതത്തോടെ കണ്‍മണിയെ നോക്കി. അതു കണ്ടുകൊണ്ടാണ് അകത്തുനിന്ന് സുബമ്മ എത്തിയത്.
“എന്താടിയിങ്ങനെ കണ്ണു മിഴിക്കുന്നത്.” കണ്‍മണിയുടെ ചേഷ്ടകള്‍ നോക്കിനിന്ന മകളെ അവര്‍ ശാസിച്ചു.
“എല്ലാം മാറും കണ്‍മണി. ദൈവത്തോട് നന്നായി പ്രാര്‍ത്ഥിക്ക്.” അവര്‍ കണ്‍മണിയെ ചേര്‍ത്തുപിടിച്ചു. അവള്‍ മെല്ലെ തലയാട്ടി.
“കുട്ടി അല്പനേരം കിടന്നോളൂ. ഞാനൊന്ന് പുറത്തേയ്ക്കിറങ്ങിയിട്ട് വരാം. മല്ലീ കണ്‍മണിയെ നോക്കണം.” അവര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി.
“മല്ലി” അമ്മയുടെ വിളിയില്‍ അവള്‍ ചാടി വരാന്തയിലേയ്ക്കിറങ്ങി. അമ്മയോട് അവള്‍ക്ക് എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ടായിരുന്നു.
“കണ്‍മണി വിശ്രമിക്കട്ടെ. ശല്യം ചെയ്യരുത്. ആര് വിളിച്ചാലും ഒന്നും പറയണ്ട.”
അവര്‍ മകള്‍ക്ക് താക്കീത് നല്‍കിക്കൊണ്ട് മങ്ങിയ വെട്ടം നിഴലിച്ച തെരുവിലേയ്ക്കിറങ്ങി.
അകത്തെ ചെറിയ മുറിയിലെ ഇത്തിരി സ്ഥലത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന കണ്‍മണിയെ കണ്ടപ്പോള്‍ മല്ലിക്ക് അവളോട് ആരാധന തോന്നി. എങ്കിലും പെട്ടെന്നൊരു നിമിഷം തനിക്കു മുന്നിലെത്തിയ ആ സുന്ദരിയായ പെണ്‍കുട്ടി തിരികെ നല്‍കുന്നത് അച്ചംപട്ടിയുടെ ഇനിയാരും കണ്ടെത്താത്ത ഭൂതകാലവും ശാപമോക്ഷവും ആകുമെന്ന് ആ നിമിഷമോ പിന്നീടുള്ള ഒരു രാത്രിയിലുമോ മല്ലി സ്വപ്നം കണ്ടതേയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates