

കേരളം സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ, പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ വർഷങ്ങളായി കേൾക്കുന്നു. എന്താണ് ഇതിനു കാരണം?
ലളിതമായി പറഞ്ഞാൽ, കേരളത്തിന്റെ സാമ്പത്തികസ്ഥിതിയും സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതിയും രണ്ടു ധ്രുവങ്ങളിലാണ്. കേരളത്തിന്റെ സമ്പദ്ഘടന വളരുമ്പോൾ സർക്കാരിന്റെ വരുമാനം കുറഞ്ഞുവരുന്നുവെന്നതാണ് യാഥാർത്ഥ്യം. 40 വർഷത്തോളമായി ആറു ശതമാനം വളർച്ച കേരള സമ്പദ്‌വ്യവസ്ഥ നേടുന്നുണ്ട്. എന്നാൽ, ആ വളർച്ചയ്ക്ക് അനുസരിച്ച് സർക്കാർ വരുമാനം കൂടുന്നില്ല എന്നര്‍ത്ഥം. നികുതിയും നികുതിയിതര വരുമാനവും ഫീസുകളും പൊതുമേഖലയുടെ ലാഭവുമാണ് സർക്കാർ വരുമാനം. ഇതൊന്നും സംസ്ഥാന വരുമാനത്തിന്റെ അനുപാതം എന്ന കണക്കില്‍ കൂടുന്നില്ല.
ചരിത്രപരമായി നോക്കിയാല്‍ 1975-1985 കാലങ്ങളിൽ സംസ്ഥാന വരുമാനത്തിന്റെ 12 ശതമാനം വരെ റവന്യൂ വരുമാനമുണ്ടായിരുന്നു. അടുത്ത പത്തു വർഷം അത് 11 ശതമാനമായി കുറഞ്ഞു. 1990-1996 കാലത്ത് അത് 10 ശതമാനമായി. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന കാലത്ത് എട്ടര ശതമാനമായിരുന്നു വരുമാനം. കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായപ്പോൾ അത് ഏഴേമുക്കാൽ ശതമാനമായി. 2024-2025 കാലയളവിലെ ബജറ്റ് രേഖകൾ പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 14 ശതമാനം കൂടിയപ്പോൾ സർക്കാരിന്റെ സ്വന്തം വരുമാനം കൂടിയത് 10.75 ശതമാനമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
സാങ്കേതികമായി പറഞ്ഞാല്‍ നികുതിയും നികുതിയിതര വരുമാനവും പിരിച്ചെടുക്കുന്നതിലുള്ള കാര്യക്ഷമതയുടെ കുറവാണ് കാരണം. നികുതിവെട്ടിപ്പ് നടത്തുന്നവരെ നേരിടാനുള്ള വിമുഖത. ടാക്‌സ് മുഴുവൻ നൽകുന്ന ഒരു സ്വകാര്യസ്ഥാപനമെങ്കിലുമുണ്ടോ. പൊതുമേഖലാ സ്ഥാപനങ്ങള്‍ നികുതി നല്‍കാറുണ്ട്, വെട്ടിക്കാന്‍ പറ്റില്ല. എന്നാൽ, അത് പലപ്പോഴും കുടിശികയാക്കിവയ്ക്കും. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം സംസ്ഥാന സർക്കാരിന്റെ വരുമാനവും തമ്മിലുള്ള പൊരുത്തക്കേടുകൾ മറച്ചുവയ്ക്കാനാണ് ധനമന്ത്രിമാർ മൊത്തം നികുതി വരുമാനം കൂടിയെന്ന് പറയുന്നത്. അക്കാര്യം പറയാം. പക്ഷേ, അത് നികുതിപിരിവിന്റെ മാനദണ്ഡമല്ല.
രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ നികുതി പിരിവ് ഊർജിതമാക്കാവുന്നതല്ലേയുള്ളൂ?
അതെ, പക്ഷേ, അത് ധനമന്ത്രി മാത്രം വിചാരിച്ചാൽ നടക്കില്ല. ഇക്കാര്യത്തിൽ മന്ത്രിസഭയ്ക്ക് കൂട്ടായ ഉത്തരവാദിത്വം വേണം. അതാണ് ജനാധിപത്യത്തിൽ വേണ്ടതും. ഏതു സർക്കാരിനും സുഗമമായി അവർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കണമെങ്കിൽ സുസ്ഥിരവും ശക്തവുമായ നികുതി ഭരണസംവിധാനം വേണം. ഞാന്‍ ഇവിടെ പറയുന്നത് നികുതി കൂട്ടുന്ന കാര്യമല്ല. കാര്യക്ഷമതയോടെ നികുതി പിരിക്കുന്നതിനെക്കുറിച്ചാണ്. ഉപഭോക്താക്കള്‍ കൊടുക്കുന്ന നികുതി കച്ചവട സ്ഥാപനങ്ങള്‍ സര്‍ക്കാരിന് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചാണ്. ഉപഭോഗത്തിന്റെ കാര്യത്തിലും പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണല്ലോ? അങ്ങനെയുള്ള ഒരു സംസ്ഥാനം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍ വരാത്തത്? കഴിഞ്ഞ 20 കൊല്ലമായി നികുതിപിരിവിൽ ജാഗ്രത കണ്ടിട്ടില്ല. എന്നാല്‍, ഈ കാലയളവിലാണ് ഇലക്ട്രോണിക്‌സ് , ഇലക്ട്രിക്കല്‍, മുന്തിയതരം വാഹനങ്ങള്‍ എന്നിവ വന്നിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിക്കുന്നില്ലെന്നത് ഭരണപരമായ വീഴ്ചയുടെ പ്രശ്‌നമാണോ? അതോ രാഷ്ട്രീയ നേതൃത്വത്തിന്റെ ബോധപൂർവമായ അനാസ്ഥ കാരണമാണോ?
രണ്ടും കാരണമാകാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇരുമുന്നണികള്‍ക്കും തമ്മില്‍ ഇക്കാര്യത്തില്‍ പ്രകടമായ വ്യത്യാസം കാണുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു മുഖ്യവ്യവസ്ഥാപിത പ്രശ്നമായി കാണേണ്ടതുണ്ട്. പരിഹാരമായി പലതും ചെയ്യാന്‍ പറ്റും.
നികുതി ഭരണസംവിധാനം ശക്തിപ്പെടുത്തുക.
ആധുനിക വിവരസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നികുതി / നികുതിയേതര പിരിവുകള്‍ നിരീക്ഷിക്കുക- വിശകലനം ചെയ്യുക
നികുതി കൊടുക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുക
വിശദമായ സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധപ്പെടുത്തുക. പ്രത്യേകിച്ചും ജി.എസ്.ടി പിരിവിന്റെ കാര്യത്തില്‍
കുറ്റക്കാര്‍ക്ക് എതിരേ ശിക്ഷാനടപടികള്‍ കര്‍ശനമായി നടപ്പിലാക്കുക.
നികുതിയിനത്തിലും നികുതിയേതര ഇനത്തിലും കുടിശിക ഇല്ലാതാക്കാനുള്ള സാങ്കേതികവും അല്ലാത്തതുമായ സംവിധാനം ഉറപ്പാക്കുക.
സമയാസമയം നികുതി കൊടുക്കുന്നവര്‍ക്ക് പ്രോത്സാഹാന സൗകര്യങ്ങളും സമ്മാനങ്ങളും കൊടുക്കുക.
ഈവക കാര്യങ്ങളില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തുക. സംസ്ഥാനത്തെ 2021-22ല്‍ ജി.എസ്.ടി വകുപ്പ് നടത്തിയ ഒരു പരിശോധനയില്‍ 45 ശതമാനം കച്ചവട സ്ഥാപനങ്ങളും ബില്‍ ഇല്ലാതെ കച്ചവടം നടത്തുന്നതായി തെളിഞ്ഞതാണ്. ഇതിനെതിരേ എന്ത് നടപടികളാണ് എടുത്തിട്ടുള്ളത്?
പുതിയ സർക്കാർ ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് എത്രമാത്രം സാധ്യമാണ്?
പലതും ചെയ്യാന്‍ സാധിക്കും, സാധിക്കണം. ഒന്ന്, വരവുപോലെതന്നെ പ്രധാനമാണ് ചെലവും. വികസന പദ്ധതികൾ സമയബന്ധിതമായി തീർക്കണം. സമയനഷ്ടവും ധനനഷ്ടത്തിനു സമാനമാണ്. അടുത്തകാലത്തെ ഒരു ഉദാഹരണം പറയാം. കെ-ഫോണ്‍ എന്ന പദ്ധതി 2019-ല്‍ തുടങ്ങിയതാണ്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കി 40 ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ കൊടുക്കുമെന്ന് പ്രഖ്യാപിച്ചതാണ്. 80-84 മാസം കഴിഞ്ഞിട്ടം ആകെ നേട്ടം 1.4ലക്ഷം കണക്ഷന്‍. അതായത് പ്രഖ്യാപിച്ചതിന്റെ മൂന്നര ശതമാനം. 20 ലക്ഷം കണക്ഷന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് കൊടുക്കും എന്നും പ്രഖ്യാപിച്ചിരുന്നു. ഇന്നേവരെ കൊടുത്തത് 13000 മാത്രം. അതായത് ഒരു ശതമാനത്തില്‍ താഴെ, എന്തിനാണിങ്ങനെ പറഞ്ഞുപറ്റിക്കുന്നത്. ഒന്നും പറയാതെ ഇരുന്നാല്‍ മതിയായിരുന്നു.
രണ്ട്, വിരമിക്കല്‍ പ്രായം കൂട്ടുക. സംസ്ഥാനത്ത് വിരമിക്കൽ പ്രായം ഇപ്പോഴും 56 ആണ്. പങ്കാളിത്ത പെന്‍ഷന്‍ ഉള്ളവര്‍ക്കും സര്‍വകലാശാലാ അധ്യാപകര്‍ക്കും 60 വയസും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് 62 വയസുമാണ് വിരമിക്കല്‍ പ്രായം. പെൻഷൻ പ്രായം കൂട്ടിയാൽ 6000 കോടിയിലധികം അടുത്ത നാലു വർഷം വാർഷികമിച്ചമായി കിട്ടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും അറുപതും തെലങ്കാനയിൽ അറുപത്തിയൊന്നുമാണ്. അവിടങ്ങളില്‍ മെഡിക്കല്‍ കോളേജിലെയും സര്‍വകലാശാലകളിലെയും അധ്യാപകര്‍ക്ക് 62 മുതല്‍ 65 വരെയുണ്ട്
മൂന്ന്, അഞ്ച് വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്‌കരണമാണ്. കേന്ദ്രത്തിൽ അത് പത്തു വർഷം കൂടുമ്പോഴാണ് പേ കമ്മിഷൻ പരിഷ്‌കരണം നടപ്പാക്കുന്നത്. ഇവിടെയാണെങ്കിൽ ഒരു പരിഷ്‌കരണത്തിന്റെ ബാധ്യത മാറുന്നതിന് മുൻപ് അടുത്ത പരിഷ്‌കരണം വരും.
നാല്, സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ അടക്കമുള്ള സംവിധാനം പരിമിതപ്പെടുത്തണം. 2024-2025 കാലയളവില്‍ 3300 കോടിയാണ് ഈ ഇനത്തിൽ വകയിരുത്തിയതെന്നോർക്കണം. അതായത് കിഫ്ബി ഒരു വർഷം ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ തുക. സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ വിലപേശലിന് വഴങ്ങാതിരുന്നാൽ ഇത് സാധ്യമാകും.
അഞ്ച്, ആശ്രിതനിയമനം മൊത്തം നിയമനത്തിന്റെ അഞ്ച് ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പേ കമ്മിഷന്റെ കണക്ക് അനുസരിച്ച് ഇവിടെ 11 ശതമാനമാണ്. ഈ വക നിര്‍ദേശങ്ങള്‍ പതിനൊന്നാം ശമ്പളകമ്മീഷനും ഭരണപരിഷ്കാര കമ്മിഷനുകളും സര്‍ക്കാര്‍ നിയമിച്ച പ്രത്യേക കമ്മിറ്റികളും (ഉദാ: സുനില്‍ മാണി കമ്മിറ്റി) കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ളതാണ്.
കടമെടുക്കുന്നതും വികസന പ്രവർത്തനങ്ങൾക്കും വേണ്ടി ചെലവഴിക്കുന്നതും ഒരു പുതിയ കാര്യമല്ലെന്നും അത് സാധാരണമാണെന്നും ധനമന്ത്രിമാർ വാദിക്കാറുണ്ട്. അത്തരമൊരു സിദ്ധാന്തം തന്നെ അവർ പറയാറുമുണ്ട്. അത് ശരിയാണോ?
കടമെടുക്കേണ്ട സാഹചര്യങ്ങൾ വരാറുണ്ടെന്നത് ശരിയാണ്. പക്ഷേ, വികസനപദ്ധതികൾക്കായി കടമെടുക്കുമ്പോൾ ആ തുക മൂലധനച്ചെലവിനായി ചെലവഴിക്കേണ്ടതാണ്. അതിൽനിന്ന് ശമ്പളവും പെൻഷനും ദൈനംദിന ചെലവുകളും നടത്തിയ ശേഷം ബാക്കിയുള്ളത് മൂലധന നിക്ഷേപത്തിനായി മാറ്റുമ്പോഴാണ് പ്രശ്‌നം ഉടലെടുക്കുന്നത്. കടമെടുക്കുന്നതിന്റെ മൂന്നിൽ രണ്ടുഭാഗവും ഭരണച്ചെലവുകൾക്കായി നീക്കിവയ്ക്കുന്നതായാണ് സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നത്. കടമെടുക്കുന്ന പണം മൂലധനത്തിനായി മാറ്റിവയ്ക്കുമ്പോൾ അതിൽനിന്നു കിട്ടുന്ന വർദ്ധിതമൂല്യം വായ്‌പാത്തുകയുടെ പലിശ നിരക്കിനെക്കാൾ കൂടുതലായിരിക്കണം അല്ലെങ്കിൽ ആ പലിശനിരക്കിനൊപ്പമെങ്കിലും എത്തണം. ഇതൊന്നും പാലിക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. മാത്രമല്ല, സമയനഷ്ടവും ധനനഷ്ടവും കാരണം മുന്‍പ് പറഞ്ഞതുപോലെ പല മൂലധന നിക്ഷേപങ്ങളും വലിയ നഷ്ടത്തില്‍ കലാശിക്കുന്നു.
സാമ്പത്തിക പരിമിതികൾക്കിടയിലും വികസനം, പ്രത്യേകിച്ച് പശ്ചാത്തലമേഖലയിലെ വളർച്ച മുന്നോട്ടുകൊണ്ടുപോകാനാണ് കിഫ്ബി ഉണ്ടാക്കിയത്. എന്താണ് അതിന്റെ ബാക്കി പത്രം?
കിഫ്ബി ഒരു നല്ല മാതൃകയല്ല. പരസ്യങ്ങളിൽ പറയുന്നതുപോലെ യാതൊരു ഇന്ദ്രജാലവും കിഫ്ബി ചെയ്തിട്ടില്ല. പത്തു വർഷംകൊണ്ട് ആകെ പൂർത്തീകരിച്ചത് 26000 കോടി രൂപയുടെ പദ്ധതികളാണ്. ശരാശരി ഒരു വർഷം 2600 കോടിയുടെ പദ്ധതി. ബാക്കി 68000 കോടി രൂപ (മാര്‍ച്ച് 2026 വരെ) ഇനി നടപ്പാക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകിയതാണ്. അതാകട്ടെ, തുടങ്ങിയിട്ടില്ല. ഇപ്പോഴത്തെ നിലയിൽ നോക്കിയാൽ അംഗീകാരം കൊടുത്ത പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ 26 വർഷമെടുക്കും. ബാക്കി 31000 കോടി ഭൂമി ഏറ്റെടുക്കാൻ വേണ്ടിയാണ്. അതിൽ 11000 കോടി ചെലവഴിച്ചു. പ്രതിവർഷം 2600 കോടി ചെലവഴിക്കാൻ ഇത്രയൊക്കെ ബഹളം കാണിക്കണോ. കിഫ്ബി ഒരു ഓഫ് ബജറ്റ് മാർഗമാണ്. നിയമസഭയ്ക്ക് ഇതിന്മേൽ യാതൊരു മേൽനോട്ടവുമില്ല. ബാക്കി എല്ലാ പദ്ധതികളും ബജറ്റിലല്ലേ. അതുകൊണ്ടുതന്നെ ഇതൊരു നല്ല മാതൃകയല്ല. കടലാസു രൂപത്തിൽ ഒരു ലക്ഷം രൂപയുടെ പദ്ധതികളുണ്ടെന്നൊക്കെ പ്രഖ്യാപനങ്ങൾ നടത്തുമെന്നു മാത്രം. ഏറ്റവും അവസാനം കിട്ടിയ വാര്‍ത്ത പ്രകാരം കിഫ്ബി ബോര്‍ഡിനെ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും പ്രവര്‍ത്തനങ്ങള്‍ പഠിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അറിയുന്നു. ഇതൊരു സുതാര്യമായ നല്ലൊരു തുടക്കമാവട്ടെ എന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമസഭയുടെ മേൽനോട്ടത്തിന് വിധേയമല്ല. അതേസമയം പശ്ചാത്തല വികസനത്തിൽ അതിന്റെ സാന്നിധ്യം ഇല്ലേ? കിഫ്ബിയില്ലായിരുന്നുവെങ്കിൽ ഇത്തരം സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള സാമ്പത്തികശേഷി ഉണ്ടാകുമായിരുന്നോ?
കിഫ്ബി എന്നത് ഒരു പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ആണ്. നിയമം മൂലം ഉണ്ടാക്കിയതാണ്. അങ്ങനെയാണേൽ പൂർത്തിയായ പദ്ധതികൾ എത്രയെന്നോ അവ ഓരോന്നിന്റെ ചെലവും പൂർത്തീകരിക്കാനെടുത്ത സമയവും അവര്‍ വ്യക്തമാക്കേണ്ടതല്ലേ? ബജറ്റ് മുഖാന്തരം ചെയ്യുന്ന പദ്ധതികളുടെ സകലവിവരങ്ങളും ബജറ്റിലുണ്ടാകുമല്ലോ? എന്തുകൊണ്ട് ഇതാരും ചോദിക്കുന്നില്ല? 68000 കോടി പദ്ധതികൾ അംഗീകരിച്ച് വച്ചിട്ടുണ്ടെന്നാണല്ലോ പറയുന്നത്. അതിന്റെ പട്ടിക എവിടെ? എങ്ങനെ പദ്ധതികൾ തെരഞ്ഞെടുത്തു? എന്ത് മാനദണ്ഡത്തിലാണ് ഈ പദ്ധതികൾക്ക് അംഗീകാരം നൽകിയത്? അക്കൗണ്ടബിലിറ്റിയും സുതാര്യതയും കിഫ്ബിക്കില്ല.
കിഫ്ബിയുടെ രീതികൾ മാറ്റിയത് പിണറായി വിജയൻ മന്ത്രിസഭ അധികാരത്തിൽ വന്നതിനു ശേഷമാണ്. നിലവിലുള്ള സാമ്പത്തിക പരാധീനതകൾക്കിടയിൽ വികസനം മുന്നോട്ടുകൊണ്ടുപോകാൻ ഉതകുന്ന ഒരു സംവിധാനം പ്രായോഗികമായി സാധ്യമാണോ, കാരണം കിഫ്ബിയുടെ കടവും വീട്ടേണ്ടത് സർക്കാർ വിഹിതത്തിൽനിന്നാണ്?
കിഫ്ബിയുടെ വരുമാനം സർക്കാർ നൽകുന്ന ഗ്രാന്റും ബാങ്കുകളിൽനിന്ന് എടുക്കുന്ന വായ്പയുമാണ്. ഒട്ടുമുക്കാൽ പദ്ധതികളും തിരിച്ചടവിനു സാധ്യത ഇല്ലാത്തതുമാണ്. കിഫ്ബിക്കു സ്വന്തമായി വരുമാനം ഇല്ലാത്തതിനാൽ വായ്പ സർക്കാരിന്റെ ബാധ്യതയായിത്തന്നെ കണക്കാക്കുമെന്നാണ് കേന്ദ്ര നിലപാട്. പുതിയ സർക്കാരിനും ഇതൊക്കെ അറിയാമല്ലോ. അവരെന്താണ് ചെയ്യുന്നതെന്ന് നോക്കാം.
പദ്ധതികളുടെ ആസൂത്രണവും പ്രശ്‌നമല്ലേ?
തിരിച്ചടവിനു സാധ്യതയുള്ള എത്രയോ പ്രൊജക്ടുകളുണ്ട്. വേണ്ടവിധം സോളാർ പ്രൊജക്ടുകൾ കെ.എസ്.ഇ.ബി ചെയ്യുന്നില്ല. കിഫ്ബിക്ക് ഈ പ്രൊജക്ടുകൾക്ക് അനര്‍ട്ട്, എയര്‍പോര്‍ട്ടുകള്‍ എന്നിവയ്ക്ക് ധനസഹായം നൽകാമല്ലോ. തിരിച്ചടവ് ഉറപ്പായുമുണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലസാധ്യത കണ്ടെത്തി വലിയ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാം. കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ വാങ്ങാം. വാട്ടര്‍മെട്രോയ്ക്ക് ബോട്ടുകളും. റോഡു മാത്രമല്ലല്ലോ ഇൻഫ്രാസ്ട്രക്ചർ. അതിനു പൈസ കൊടുത്തൂടെ. ആകെയുള്ള കിഫ്ബി പ്രൊജക്ടുകളിൽ മൂന്നിൽ രണ്ടു പദ്ധതികളും പാലങ്ങളും റോഡുകളുമാണ്. പി.ഡബ്ല്യ.ഡി ചെയ്യേണ്ട ജോലിയല്ലേ അത്. അവിടുത്തെ എന്‍ജിനീയർമാർ എന്തിനാണ് അവിടെയിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനം നടത്തേണ്ടത് സർക്കാരിന്റെ ചുമതലയല്ലേ? അതിനു വകുപ്പുകളുമില്ലേ?
വികസനം പ്രൊജക്റ്റ് ചെയ്ത് കാണിക്കാൻ പറ്റുന്ന പദ്ധതികൾ റോഡും സ്ഥലവും പാലങ്ങളുമായതുകൊണ്ടാണോ?
എനിക്കറിയില്ല. ഇവിടെ സർക്കാർ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്വം കിഫ്ബിക്ക് സബ്‌കോൺട്രാക്‌റ്റ് കൊടുക്കുന്നു. റോഡും പാലവും നിർമിക്കാൻ പൊതുജനം നികുതി നൽകുന്നുണ്ടല്ലോ. അതിനെന്തിനാണ് കിഫ്ബി?
ഒരു രാഷ്ട്രീയ ആരോപണരേഖയെന്നതിലുപരി കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തലായി, ഭാവി നയത്തിന് ഉതകുന്ന ഒരു രേഖയായി ധവളപത്രം മാറുമോ?
രാഷ്ട്രീയ ആരോപണരേഖയല്ല അത്. ധവളപത്രമെന്നത് പബ്ലിക്ക് ഫിനാൻസിലുള്ള ഒരാശയമാണ്. പ്രതിസന്ധിയുണ്ടേൽ മാത്രമാണ് ധവളപത്രം ഇറക്കുക. സർക്കാരിന്റെ ഏതെങ്കിലും പ്രവർത്തനത്തിൽ ഒരു പ്രതിസന്ധിയുണ്ടായി മുന്നോട്ടു നീങ്ങാനാവാതെ വരുമ്പോഴാണ് ധവളപത്രം ഇറക്കുക. സ്റ്റാറ്റസ് എന്താണെന്നറിയണം. എങ്ങനെ ഇത് വന്നുവെന്നറിയണം. അത് ജനങ്ങളുടെ മുന്നിൽ നിയമസഭ വഴി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ചിലർക്ക് അത് രാഷ്ട്രീയരേഖയായി വ്യാഖ്യാനിക്കാം. എന്നാൽ, അതല്ല ഉദ്ദേശ്യം. ഭരണക്രമത്തെ ഗൗരവമായെടുക്കുന്ന ജനതയാണെങ്കിൽ അത് അവർക്ക് അറിയേണ്ട വസ്തുതകളുടെ ഡോക്യുമെന്റാണ്.
പുതിയ സർക്കാരിനെ വിലയിരുത്താനോ നിർവചിക്കാനോ ഉള്ള സമയമായിട്ടില്ല. എങ്കിലും ഇന്ദിരാഗ്യാരന്റി അടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ പുതിയ സർക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ലേ?
ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമായി നിജപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. മൊത്തം കാർഡുടമകളുടെ 46 ശതമാനം വരും മഞ്ഞ/പിങ്ക് കാർഡുടമകൾ. അവർക്ക് മാത്രമായി ഈ സൗജന്യം നൽകിയാൽ 43 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം കിട്ടും. തുച്ഛമായ വരുമാനമുള്ള ഗാര്‍ഹിക തൊഴിലാളികള്‍, കശുവണ്ടി-കയര്‍ തൊഴിലാളികൾ, വഴിയോര മത്സ്യക്കച്ചവടക്കാർ, ഷോപ്പ് അസിസ്റ്റന്റ്, ആശുപത്രികളിലെ താല്‍ക്കാലിക ജീവനക്കാർ എന്നുവേണ്ട അസംഘടിത മേഖലയിലെ പലര്‍ക്കും ഇതുകൊണ്ട് വലിയ ആശ്വാസം കിട്ടും.
വികസനമെന്നത് ഒരു മധ്യവർഗസമൂഹത്തെ തൃപ്തിപ്പെടുത്തുന്ന ഒന്നായി നമ്മുടെ കാഴ്ചപ്പാട് മാറുകയാണോ? സ്വപ്നപദ്ധതികളെന്ന വിശേഷണം അത്തരമൊരു കാഴ്ചപ്പാടിനെ തൃപ്തിപ്പെടുത്തുന്ന ഒന്നല്ലേ?
വികസനം എല്ലാക്കാര്യത്തിലും മധ്യവർഗ കാഴ്ചപ്പാടാണെന്ന് പറയാനാകില്ല. അതൊരു ജനറലൈസ് ചെയ്യുന്നതുപോലെയാകും. നല്ല പശ്ചാത്തല സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഗുണകരമായ ഒന്നായിരിക്കണം. എന്നാല്‍, മധ്യവര്‍ഗത്തിനും ധനിക വര്‍ഗത്തിനും സൗകര്യമുള്ള അതിവേഗ റെയില്‍പ്പാതയെപ്പോലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല. കാരണം, അതിലെ ഒരു ടിക്കറ്റിന് സാധാരണ ട്രെയിന്‍ ടിക്കറ്റിന്റെ മൂന്നാലിരട്ടി തുക വരും. ഇപ്പോള്‍ തന്നെ വന്ദേഭാരതില്‍ തിരുവനന്തപുരം-കണ്ണൂര്‍ ടിക്കറ്റിന് കുറഞ്ഞത് 1280 രൂപ മുതല്‍ 1385 രൂപവരെയുണ്ട്. മംഗളൂരു എക്‌സ്‌പ്രസ് ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസിന് 325 രൂപയും.
കഴിഞ്ഞ സർക്കാരിന്റെ അതിദാരിദ്ര്യ നിർണയ പ്രക്രിയയുടെ രീതിശാസ്ത്രത്തെ താങ്കളുൾപ്പെടെയുള്ള സാമ്പത്തികവിദഗ്ദ്ധർ ചോദ്യം ചെയ്തിരുന്നു. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനം എന്ന പ്രഖ്യാപനം യുക്തിസഹമാണോ?
സാധാരണക്കാരുടെ ബുദ്ധിയെ വെല്ലുവിളിക്കുന്ന ഒന്നായിരുന്നു ആ പ്രഖ്യാപനം. ദാരിദ്ര്യം ഒരു പ്രതിഭാസമാണ്. ഒരു ദിവസംകൊണ്ട് തുടച്ചുനീക്കാനാവില്ല. സമ്പന്ന യൂറോപ്പില്‍ പോലും സാധിച്ചിട്ടില്ല. ഒരു ദിവസംകൊണ്ട് പൂജ്യത്തിലേക്ക് എത്തിക്കാനാകില്ല. ഉദാഹരണത്തിന് അച്ഛന് മാത്രം വരുമാനമുള്ള ഒരു കുടുംബം. ഒരു ദിവസം അയാൾ രോഗം മൂലം മരിക്കുന്നുവെന്നിരിക്കട്ടെ. പിറ്റേന്ന് മുതൽ ആ കുടുംബത്തിന്റെ വരുമാനം നിലച്ചു. അവർ ദരിദ്രരായി. അതുകൊണ്ടാണ് പറയുന്നത് പോവർട്ടി ഈസ് എ transient phenomena എന്ന്. സ്ട്രക്ചറൽ പോവർട്ടിയുടെ നിരക്ക് താഴെ നിർത്താൻ മാത്രമേ നമുക്ക് കഴിയൂ. അതിന് തൊഴിൽ, ചുറ്റുപാട് എന്നിവ മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടത്. മുൻപ് നമ്മൾ അങ്ങനെ കുറച്ച് കൊണ്ടുവന്നിട്ടുമുണ്ട്.
കേരളത്തിലെ തൊഴിൽ വിപണിയുടെ നിലവിലെ അവസ്ഥയെന്താണ്?
സത്യത്തിൽ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അത് ഇതുവരെയുള്ള ചോദ്യങ്ങളിൽ കണ്ടില്ല. ഇത്രയും കാലം മാറിമാറിവന്ന സർക്കാരുകൾ അക്കാര്യത്തിൽ കാര്യമായി ഇടപെടൽ നടത്തിയില്ല. അതുകൊണ്ടാണ് ഗൾഫിലേക്കുള്ള പലായനം നടന്നതും. ഗൾഫിൽ പോയവരിൽ 80 ശതമാനവും പുരുഷന്മാരാണ്. അപ്പോഴും സ്ത്രീകൾക്ക് ആ അവസരമില്ല. 20-നും 40-നും വയസ്സിനിടയിൽ വിദ്യാഭ്യാസം നേടിയ സ്ത്രീകളിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. അവരുടെ അറിവധ്വാനത്തെ ഉപയോഗിക്കാനുതകുന്ന പദ്ധതികൾ വേണം. അതേസമയം ശാരീരിക അധ്വാനം വേണ്ട തൊഴിലുകൾക്കൊന്നും ഇവിടെ ആളെ കിട്ടാനില്ല. തൊഴിലില്ലായ്മയും തൊഴിലാളികളുടെ ക്ഷാമവും ഒരേസമയം നേരിടുന്നു. അതു സ്വാഭാവികമാണ്. വിദ്യാഭ്യാസം കൂടുമ്പോൾ അഭിവാഞ്ഛയും കൂടും. മെച്ചപ്പെട്ടതെന്ന് കരുതപ്പെടുന്ന തൊഴിലുകൾ പ്രതീക്ഷിക്കും. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് ഒരു തൊഴില്‍സൃഷ്ടി നയം (എംപ്ലോയ്‌മെന്റ് പോളിസി) ആവശ്യമാണ്.
മൊത്തം റവന്യൂ വരുമാനത്തിൽ 77 ശതമാനം ചെലവാക്കുന്നത് നിർബന്ധിത ചെലവുകൾക്കാണ് (ശമ്പളത്തിനും മറ്റും ചെലവുകൾക്കും). ശരിക്കും കേരളത്തിലെ ഒരു വെൽഫെയർ മെക്കാനിസം നിലനിൽക്കുന്നതിൽ ഇത്തരം നീക്കിവക്കലുകൾക്കും പങ്കില്ലേ. സാമൂഹിക നീതിയോടുകൂടിയ വികസനത്തിന്റെ അടിത്തറ ഇങ്ങനെ പൈസ ചെലവഴിക്കുന്നതുകൊണ്ട് കൂടില്ലേ?
കേരളത്തിലെ ക്ഷേമതലം നിലനിർത്തുന്നത് നിർബന്ധിത ചെലവുകൾ കൊണ്ടാണ് എന്ന് പറയുന്നത് ശരിയല്ല. 22 ശതമാനം വരുന്ന പലിശച്ചെലവ് എല്ലാ സംസ്ഥാനങ്ങളുടേയും ശരാശരിയായ 12 ശതമാനത്തിനെക്കാൾ വളരെ കൂടുതലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇത് ക്ഷേമച്ചെലവ് അല്ല, മറിച്ച് പഴയ കടത്തിന്റെ ഭാരച്ചെലവാണ്. പഴയ തലമുറ പുതിയ തലമുറയുടെ തലയിൽ കെട്ടിവയ്ക്കുന്ന ഭാരം. ഇത്രയും ഭാരം പെൻഷൻ വകയിലും വരും. 5 മുതൽ 7 ശതമാനം വരെയുള്ള കുടുംബങ്ങൾക്കുള്ള ക്ഷേമമായി കാണാം. എന്നാൽ, ജീവിതകാലം മുഴുവൻ അസംഘടിത മേഖലയിൽ പണിയെടുത്തവർക്ക് കിട്ടുന്ന സാമൂഹ്യ പെൻഷൻ എന്ന പേരിൽ കിട്ടുന്ന നക്കാപ്പിച്ച ഈ പെൻഷൻ വകയിൽ ഉൾപ്പെടുന്നില്ല. ഇത്രയും വലിയ ഭാരം ഉള്ളതുകൊണ്ടാണ് ശമ്പളം ഒഴിച്ചുള്ള മറ്റു സൗകര്യങ്ങൾ വിദ്യാലയങ്ങളിലും ആശുപത്രികളിലും മറ്റു മേഖലകളിലും ലഭിക്കാതെ പോകുന്നത്. എല്ലാ സംസ്ഥാനങ്ങളുടേയും ശരാശരി എടുത്താൽ മൊത്തം രേവന്റ് വരുമാനത്തിന്റെ 53 ശതമാനം മാത്രമാണ് നിർബന്ധിത ചെലവുകൾ.
ഘടനാപരമായ സാമ്പത്തിക ബലഹീനതകളെക്കുറിച്ച് പറയുമ്പോൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സേവനമേഖലയാണ് മുന്നിൽ. നിർമാണ മേഖലയുടെ പങ്ക് കുറവാണെന്നും ധവളപത്രത്തിൽ പറയുന്നു. അത് എങ്ങനെ പരിഹരിക്കാനാകും? ചുരുക്കത്തിൽ, കേരളത്തിന്റെ ഭാവി വരുമാന വളർച്ചയ്ക്കായി ആഭ്യന്തര ഉല്പാദന അടിത്തറ വികസിപ്പിക്കേണ്ടിവരുമെന്നാണ് പറയുന്നത്. അത് എങ്ങനെ സാധ്യമാകും?
നിർമാണ മേഖലയുടെ പങ്കല്ല കുറവ്. കൃഷിയുടേയും വ്യവസായ ഉല്പന്ന മേഖലയുടേയും പങ്കാണ് കുറവ്. ഈ രണ്ടു മേഖലയുടേയും വികസനമാണ് മൊത്തത്തിലുള്ള വികസനത്തിലെ പ്രധാന വെല്ലുവിളി. അതിനെക്കുറിച്ച് ഞാനും മറ്റു പല വിദഗ്ദ്ധരും ഒരുപാട് എഴുതിയിട്ടുണ്ട്. ഹ്രസ്വമായി പറഞ്ഞാൽ, കാർഷികമേഖലയുടെ ഉല്പാദനക്ഷമത കൂട്ടൽ, അതിനുവേണ്ട ആധുനികവൽക്കരണം, നമുക്ക് പറ്റിയ വ്യവസായവൽക്കരണം, പ്രത്യേകിച്ചും ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ കൂട്ടിയിണക്കിയുള്ളവ (cluster-based industrialization). അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ പറ്റിയത് കൂടുതൽ knowledge-based സംരംഭങ്ങൾ വരണം. വ്യവസായത്തിലും വിവരസാങ്കേതിക മേഖലയിലും. കുറച്ചൊക്കെ വന്നിട്ടുണ്ട്. സ്റ്റാർട്ട്-അപ്പ് മിഷൻ നല്ലൊരു തുടക്കമാണ്. അത് ഇനിയും ശക്തിപ്പെടുത്തണം. ഒന്നോ രണ്ടോ മൂന്നോ വൻകിട പദ്ധതികൾ വന്നാൽ കേരളത്തിൽ വലിയൊരു വികസന മാറ്റം വരും എന്ന ഒരു മിഥ്യാധാരണ കാലാകാലങ്ങളിൽ വരുന്ന സർക്കാറുകൾക്കും മറ്റു സാമ്പത്തിക തല്പര സംഘങ്ങൾക്കും ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കൊച്ചിയിലെ കപ്പൽനിർമാണശാല വന്നപ്പോൾ അങ്ങനെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പിന്നെയൊരു HMT ഫാക്ടറി വന്നപ്പോൾ. പിന്നീട് Vallarpadam international container transhipment terminal വന്നപ്പോൾ. ഇപ്പോഴിതാ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ആണ് കേരളത്തിന്റെ വികസന മുഖച്ഛായ മാറ്റാൻ പോകുന്നത് എന്നാണ് പറയുന്നത്. ഞാൻ ആവശ്യം വേണ്ട വലിയ പദ്ധതികൾക്ക് എതിരല്ല. പ്രത്യേകിച്ചും പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ. പക്ഷേ, വ്യവസായശാലകളുടെ കാര്യത്തിൽ വലിയൊരു രാജ്യത്തിന്റെ ഭാഗമായ നമ്മൾ നമുക്ക് പറ്റുന്ന ഒരു മാടം (niche) അല്ലെങ്കിൽ മാടങ്ങൾ കണ്ടെത്തി അവയെ പരിപോഷിപ്പിച്ചു വികസിപ്പിക്കണം. അതിനു പറ്റിയ ഇക്കോസിസ്റ്റം സർക്കാരിന് ഉണ്ടാക്കിയെടുക്കാൻ പറ്റും.
പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതിച്ചെലവ് വിഹിതത്തിൽ വലിയൊരു അന്തരം കാണുന്നു. ഈ വിഭാഗങ്ങളെ വീണ്ടും അരികുവല്‍ക്കരിക്കുകയല്ലേ?
തീർച്ചയായും. 2017-2018-ലും 2018-2019-ലും മൊത്തം പദ്ധതിച്ചെലവിന്റെ 9-9.5 ശതമാനം പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ളതായിരുന്നു. ഇത് അവരുടെ ജനസംഖ്യാ അനുപാതത്തിനു തുല്യമാണ്. എന്നാൽ, 2024-2025 ആവുമ്പോഴേക്കും ഇത് കുറഞ്ഞു കുറഞ്ഞു 3.85 ശതമാനമായി. ഇതൊരു വലിയ വീഴ്ചയായി കാണണം. SC/ST വകുപ്പ് ഉൾപ്പെടെ പല വകുപ്പുകൾക്കും ചരിത്രപരമായി അടിച്ചമർത്തപ്പെട്ട ഭൂരിഭാഗവും ഹതാശരരായ ഈ വിഭാഗത്തോട് അനുകമ്പയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. മാത്രമല്ല, ബജറ്റ് തുകയുടെ നല്ലൊരു ഭാഗം ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിനും യാത്രയ്ക്കും വാഹനങ്ങൾക്കും മറ്റുമായിട്ടാണ് ചെലവാക്കുന്നത്.
മാർച്ചിൽ കൂടുതൽ വായ്പയെടുക്കുന്ന രീതി ക്യാഷ് ബാലൻസിനെ പെരുപ്പിച്ചുകാണിക്കുന്നതായി പറയുന്നു. എന്താണ് അത്തരമൊരു രീതിക്ക് കാരണം? സാമ്പത്തികവർഷം ക്യാഷ് ബാലൻസുണ്ടെന്ന് കാണിക്കാനാണോ അതോ മറ്റു ചെലവുകൾ കൂടുതലുള്ള മാസം (വിരമിക്കൽ പോലുള്ളവ) എന്ന് കണക്കാക്കിയാണോ?
ട്രഷറി ബാലൻസ് എന്നത് പൊതുധനകാര്യ മാനേജ്‌മെന്റിന്റെ കാര്യക്ഷമതയുടെ ഒരു പ്രധാന മാനദണ്ഡമല്ല. എല്ലാ ആഴ്ചയിലോ മാസങ്ങളിലോ ട്രഷറിയിൽ വരുന്ന പണമൊഴുക്ക് ഒരുപോലെ ആകണമെന്നില്ല. ഇപ്രാവശ്യം അവസാനമായി കടമെടുത്ത പണം മാർച്ച് മാസത്തോടെ വന്നതുകൊണ്ടാണ് 5-6000 കോടിയുടെ ബാലൻസ് വന്നത്. അതിന്റെ നല്ലൊരു ഭാഗം ഒരു മാസംകൊണ്ട് തീരുകയും ചെയ്തു. കുടിശ്ശികയായി പോയ സർക്കാർ വെച്ചിട്ടുപോയ സംഖ്യ 48,733 കോടി രൂപയാണ് എന്നോർക്കുക. കൂടാതെ കിഫ്ബിയുടെ വക തിരിച്ചടക്കാനുള്ള കടബാധ്യതയും.
ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നും ഓഹരി വിറ്റഴിക്കണമെന്നും പറയുന്നു. വൈദ്യുതി, ഗതാഗതം, സാമൂഹ്യ പെൻഷൻ എന്നീ മേഖലകളിലെ പരിഷ്‌കാരങ്ങൾ ജനങ്ങൾക്ക് തിരിച്ചടി ആകുമോ?
പൊതുമേഖലയെക്കുറിച്ച് ആറ് നിർദേശങ്ങൾ ഉണ്ട്. ഒന്ന്, അവയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണ്. പൊതുമേഖലാസ്ഥാപനങ്ങൾ ഓരോന്നായി പഠിച്ച് സർക്കാരിന് ബാധ്യതയാവാത്ത തരത്തിൽ പുനരുജ്ജീവിപ്പിക്കണം എന്നു പറയുന്നുണ്ട്. എന്നു പറഞ്ഞാൽ ജനങ്ങൾക്ക് ആകെ ബാധ്യത ആവാതെ നോക്കണം. കാരണം സർക്കാരിന്റെ ബാധ്യത എന്നാൽ ഖജനാവിൽനിന്ന് കൊടുക്കുന്ന പണമാണല്ലോ? രണ്ട്, പൊതുമേഖലാസ്ഥാപനങ്ങൾ ഏതെങ്കിലും സാമൂഹ്യധർമം നിറവേറ്റുന്നുണ്ടെങ്കിൽ അതിനു പ്രത്യേക സബ്സിഡി സർക്കാർ സ്ഥാപനത്തിന് നൽകണം എന്നും പറയുന്നുണ്ട്.
ഇത് തന്നെയാണ് ഞാൻ എന്റെ പുസ്തകത്തിലും (കേരളവികസന മാതൃക: ഒരു പുനർവിചിന്തനം, കേരളം ശാസ്ത്രസാഹിത്യ പരിഷത്ത്, 2023) പറഞ്ഞിട്ടുള്ളത്. മൂന്ന്, വിദ്യുച്ഛക്തി ഉല്പാദനം കൂട്ടാൻ പല സ്രോതസ്സുകളും വികസിപ്പിക്കണം - സൗരോർജം, ജലവൈദ്യുതി, അണുവൈദ്യുതി എന്നിവ. ഇതിൽ അണുവൈദ്യുതിയോട് എനിക്ക് യോജിപ്പില്ല. ഈവക കാര്യങ്ങൾ സ്വകാര്യമേഖലയിൽ അല്ലെങ്കിൽ പൊതുമേഖലയിൽ മാത്രമേ ആകാവൂ എന്ന് പറയുന്നില്ല.
ഇപ്പോൾത്തന്നെ സ്വകാര്യമേഖലയിലെ സൗരോർജം KSEBL വാങ്ങുന്നുണ്ട്. പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിക്കുള്ള വിലയുടെ പകുതിയോ അതിൽ താഴെയോ ആണ് കൊടുക്കുന്നത്. എന്റെ അഭിപ്രായത്തിൽ പുറത്തുനിന്നും വാങ്ങുന്ന വിലയുടെ 65 ശതമാനമെങ്കിലും കൊടുത്താൽ കൂടുതൽ സൗരോർജം ഉല്പാദിപ്പിക്കാൻ പലരും തയ്യാറായി വരും. നാല്, ബിവറേജ് കോര്‍പറേഷനും സപ്ലൈകോയും തമ്മിൽ ലയിപ്പിക്കണം എന്നതാണ്. വിശദമായി പഠിച്ച ശേഷമേ ഇത് ആലോചിക്കാവൂ എന്നാണ് എന്റെ അഭിപ്രായം. അഞ്ച്, തന്ത്രപരമായ മൂല്യമില്ലാത്ത, നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയോ സ്വകാര്യവൽക്കരിക്കുകയോ അല്ലെങ്കിൽ അടച്ചുപൂട്ടുകയോ ചെയ്യാം എന്ന ഒരു നിർദേശമുണ്ട്. പല വര്‍ഷങ്ങളിലായി ഒരുപാട് സ്ഥാപനങ്ങൾ പൂട്ടിയ ചരിത്രം നമ്മുടെ മുന്‍പിലുണ്ട്. എന്റെ അഭിപ്രായത്തിൽ ഇവ ഓരോന്ന് സൂക്ഷ്മമായി പഠിച്ചു തീരുമാനം എടുക്കണം.
കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരംകൊണ്ട് ജനങ്ങളുടെ നികുതിപ്പണം നഷ്ടക്കച്ചവടത്തിനായി തന്ത്രപ്രധാനമോ സാമൂഹ്യപ്രധാനമോ അല്ലാത്ത സ്ഥാപനങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നതിൽ ഒരു ന്യായവും ഇല്ല. ആറ്, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ചിട്ടയോടെ കണക്കുകൾ സൂക്ഷിക്കുകയും അവ വേണ്ട സമയത്ത് ആഡിറ്റ് ചെയ്യുകയും വേണം. ഇക്കാര്യം ഉദാഹരണത്തോടെ ഞാൻ എന്റെ പുസ്തകത്തിൽ എടുത്തുപറഞ്ഞിട്ടുള്ളതാണ്. ആര് പഠിച്ചാലും ഇങ്ങനെയുള്ള നിഗമനങ്ങളിലാവും എത്തിച്ചേരുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates