വർഷം 1998.
കോളേജ് വിദ്യാർത്ഥികൾക്കായി ഒരു ആഴ്ചപ്പതിപ്പ് കഥാമത്സരം നടത്തുന്നു. കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ റഫറൻസ് മുറിയിലിരുന്ന് ഒരു ചെറുപ്പക്കാരൻ, കഥയെഴുതി മത്സരത്തിനയയ്ക്കുന്നു. ആഴ്ചപ്പതിപ്പിൽ അത് പ്രസിദ്ധീകരിക്കപ്പെടുന്നു.
കഥ, ‘ശാസ്ത്രസാഹിത്യ കരയോഗചിന്തകൾ'.’
എഴുതിയത്, എസ്. ഹരീഷ്.
ഹരീഷ് വീണ്ടും കഥകളെഴുതി... നോവലിസ്റ്റായി... പിന്നെ, തിരക്കഥാകൃത്തായി. ‘മീശ’ എന്ന ആദ്യ നോവലിലൂടെ ജെ.സി.ബി പുരസ്‌കാരവും വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടി.
മീശ, ആഗസ്റ്റ് 17 എന്നീ രണ്ട് നോവലുകളെ അപേക്ഷിച്ച് വേറിട്ടൊരു അനുഭവമാണ് ‘പട്ടുനൂൽപ്പുഴു.’ ചുരുക്കം കഥാപാത്രങ്ങൾ. കുറച്ചുമാത്രം സംഭവങ്ങൾ.
‘പട്ടുനൂൽപ്പുഴു’വിന്റെ ആമുഖത്തിൽ ഹരീഷ് എഴുതിയത്, സിനിമയിലെ വൈഡ് ഷോട്ടിന് സമാനമാണ് ആദ്യ രണ്ട് നോവലുകൾ എന്നാണ്. ദൂരെനിന്നുള്ള കാഴ്ചകളാണ് കൂടുതലും. ‘പട്ടുനൂൽപ്പുഴു’ ക്ലോസ്സ് ഷോട്ടാണ്. സാംസ എന്ന കുട്ടിയുടെ ജീവിതത്തിന്റെ ക്ലോസ്സ് ഷോട്ട്. വായനക്കാരൻ, അടുത്തുനിന്ന് കാണുകയല്ല. കഥയ്ക്ക് ഉള്ളിലാണെന്ന് തോന്നും നോവൽ വായിക്കുമ്പോൾ. കഥാപാത്രങ്ങളുടെ വേദനയിൽ അവൻ/അവൾ സ്വയം ദുഃഖിക്കും.
സാഹിത്യത്തിന്റെ എല്ലാ ഊടുവഴികളിലൂടെയും കടന്നുപോകുന്ന ഈ അഭിമുഖവും ആരംഭിക്കുന്നത് ‘പട്ടുനൂൽപ്പുഴു’വിൽ തന്നെയാണ്. എഴുത്തിന്റെ ക്ലോസ്സ് ഷോട്ടിൽനിന്ന്.
‘പട്ടുനൂൽപ്പുഴു’ പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു. എസ്. ഹരീഷിന്റെ മറ്റ് രണ്ട് നോവലുകളുമായി താരതമ്യം ചെയ്യുമ്പോൾ, കഥാപാത്രങ്ങളും ഉപകഥകളും ‘പട്ടുനൂൽപ്പുഴു’വിൽ വളരെ കുറവാണ്. ആദ്യവസാനം ഒരേ പ്രദേശത്ത് മാത്രം നിന്ന് കഥ പറയുന്ന രീതി. എഴുത്തിൽ ബുദ്ധിമുട്ടേണ്ടി വന്നോ?
‘പട്ടുനൂൽപ്പുഴു’ ആ രീതിയിൽ എഴുതേണ്ട നോവലായിരുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ ‘സാംസ’ എന്ന കുട്ടിയുടെ ഒറ്റപ്പെട്ട ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്. സാംസയുടെ ജീവിതത്തിന്റെ ഉള്ളിലൂടെയാണ് എഴുത്തുകാരന്റെ യാത്ര. അതുകൊണ്ട് ഒരുപാട് കഥാപാത്രങ്ങളെ ഉപയോഗിക്കേണ്ടതില്ല. കാരണം, വായനയാണല്ലോ എഴുത്തിൽ മാറ്റം കൊണ്ടുവരുന്നത്. പുതിയ ലോക സാഹിത്യങ്ങൾ വായിക്കുമ്പോൾ, വലിയ ആൾക്കൂട്ട ബഹളങ്ങളില്ലാത്ത നോവലുകളാണ് കാണാറുള്ളത്. കുറച്ചുകൂടി ശക്തമായി കഥ പറയാൻ കഴിയുന്നത് അങ്ങനെ എഴുതുമ്പോഴാണ്. ഉപകഥകളും കഥാപാത്രങ്ങളും വർദ്ധിക്കുമ്പോൾ നോവൽ വലിയ ബഹളങ്ങളിലേക്ക് പോകുന്നു. അത് മോശമാണെന്നല്ല. ആവശ്യമുള്ള കഥകളിൽ അങ്ങനെ ഉപയോഗിക്കാം. ഇന്ത്യൻ ജീവിതം വളരെ ബഹളങ്ങൾ നിറഞ്ഞതിനാലാണ് ഇവിടെയുള്ള നോവലുകളിൽ ധാരാളം കഥാപാത്രങ്ങൾ വരുന്നത്.മുൻപ് ഞാൻ എഴുതിയതിൽ കഥാപാത്രങ്ങൾ കൂടിയത് അതുകൊണ്ടാണ്.
യൂറോപ്യൻ സാഹിത്യത്തിൽ കഥാപാത്രങ്ങൾ കുറവായിരിക്കും. അവരുടെ ജീവിതം അങ്ങനെയാണ്. ‘പട്ടുനൂൽപ്പുഴു’വിൽ ഇതാണ് ആവശ്യമെന്ന് തോന്നി. മാത്രമല്ല, കുറച്ചു കഥാപാത്രങ്ങളിലൂടെ കഥ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. മറ്റ് സന്ദർഭങ്ങളിൽ ഒരുപാട് സ്ഥലങ്ങളിലേക്ക് കഥ പടർന്നുപോകാം. ഇവിടെ അങ്ങനെയൊരു സാധ്യത കിട്ടില്ല. ഒരേ സ്ഥലത്ത് നിർത്തിക്കൊണ്ട് കഥ പറയണം. അത് വെല്ലുവിളി തന്നെയാണ്. എഴുത്തുകാരൻ എന്ന നിലയിൽ വെല്ലുവിളികൾ സ്വീകരിക്കണമല്ലോ.
‘പട്ടുനൂൽപ്പുഴു’വിലെ കേന്ദ്ര കഥാപാത്രം ‘സാംസ’ എന്ന കുട്ടിയാണ്. എം.ടിയുടെ നാലുകെട്ട്, പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’, സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ തുടങ്ങിയ നോവലുകളും കുട്ടിയിലൂടെ കഥ പറയുന്ന രീതിയാണ്. ‘പട്ടുനൂൽപ്പുഴു’ എഴുതുമ്പോൾ ഈ പറഞ്ഞ നോവലുകൾ സ്വാധീനിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നോ?
അങ്ങനെയൊരു പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടില്ല. ‘പട്ടുനൂൽപ്പുഴു’വിൽ എനിക്ക് പരിചിതമായ ലോകത്തെക്കുറിച്ച് എഴുതിയതുകൊണ്ട്, മറ്റ് സ്വാധീനത്തെ നമ്മൾ പരിഗണിക്കേണ്ടതില്ല. എഴുത്തിൽ പൂർണമായി ഒന്നും സ്വാധീനിക്കാതിരിക്കുന്ന അവസ്ഥയില്ല. വായിച്ചതെല്ലാം തീർച്ചയായും സ്വാധീനിക്കും. പക്ഷേ, ഞാൻ അങ്ങനെയൊരു മുൻകരുതൽ എടുത്തിട്ടില്ല. സ്വതന്ത്രമായിട്ട് കഥ പറയുന്നതിന് അതിന്റേതായ ഭംഗിയുണ്ടാകുമെന്നാണ് എന്റെ വിചാരം. അതുകൊണ്ട്, മറ്റ് നോവലുകളുമായുള്ള താരതമ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. കുട്ടികളുടെ കാഴ്ചപ്പാടിൽ നിന്നുള്ള ഒരുപാട് കഥകൾ കുട്ടിക്കാലത്ത് വായിച്ചിട്ടുണ്ട്. റഷ്യൻ കുട്ടിക്കഥകൾ ഉൾപ്പെടെ. ഗൗരവമുള്ള സാഹിത്യമായല്ല, ബാലസാഹിത്യം എന്ന നിലയിൽ എനിക്ക് അത്തരം കഥകൾ ഇഷ്ടമാണ്. പ്രത്യേകിച്ചും ഞാൻ കഥകളിൽ മൃഗങ്ങളെ കഥാപാത്രങ്ങളാക്കാറുണ്ട്. ആ ലോകം എനിക്ക് താല്പര്യമുണ്ട്. ‘മീശ’യിലും കുട്ടിയോടാണ് കഥ പറയുന്നത്. വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.
ഏകാന്തത നിറഞ്ഞ മനുഷ്യരുടെ ലോകമാണ് ‘പട്ടുനൂൽപ്പുഴു’വിന്റെ പശ്ചാത്തലം. സാംസയുടെ ഏകാന്തതയാണ് നോവലിന്റെ വിഷയമെങ്കിലും, ആനിയും വിജയനുമടക്കം ഏകാന്തത അനുഭവിക്കുന്നുണ്ട്. നോവലിന്റെ ആമുഖത്തിന് ഹരീഷ് കൊടുത്ത തലക്കെട്ടും ‘ഏകാന്തത മാത്രമേ ഉള്ളൂ’ എന്നാണ്. മീശയിലും ഓഗസ്റ്റ് 17-ലും വിഷയം ഏകാന്തതയല്ല. പക്ഷേ, അതിലെ പ്രധാന കഥാപാത്രങ്ങൾ, ചില സന്ദർഭങ്ങളിലെങ്കിലും ഈയൊരു അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഹരീഷിന് ഏകാന്തത എത്രത്തോളം ഇഷ്ടമാണ്?
ലോക സാഹിത്യത്തിൽപോലും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ‘ഏകാന്തത.’ ഏത് നോവൽ നിരീക്ഷിച്ചാലും ‘ഏകാന്തത’ എന്ന വിഷയത്തെ അതിനകത്ത് കൈകാര്യം ചെയ്തിട്ടുള്ളതായി കാണാം. പ്രധാന കഥാപാത്രം ഏതെങ്കിലും സമയത്ത് ഒറ്റയ്ക്കാകുന്ന അവസ്ഥയുണ്ട്. ചില സമയങ്ങളിലെങ്കിലും ജീവിതത്തിൽ എല്ലാ മനുഷ്യരും കടന്നുപോകുന്ന അവസ്ഥ. ബഹുർമുഖരായ മനുഷ്യർ പോലും ചില നേരങ്ങളിൽ അന്തർമുഖരാകാറുണ്ട്. അന്തർമുഖത്വം ഒരു കുറവായി പലരും വിചാരിക്കുന്നു. ഞാൻ അങ്ങനെ കരുതുന്നില്ല. മനുഷ്യർ രണ്ടു തരത്തിലാണ്. ആൾക്കൂട്ടത്തിൽനിന്ന് ഊർജം ലഭിക്കുന്നവരും. ആൾക്കൂട്ടത്തിൽ നിന്നാൽ ഊർജം നഷ്ടപ്പെടുന്നവരും. ഞാൻ തീർച്ചയായിട്ടും ആൾക്കൂട്ടത്തെ ഇഷ്ടപ്പെടുന്ന ഒരാളല്ല. എങ്കിലും പൂർണമായി അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. നമ്മളുടെ ഉള്ളിൽതന്നെ അന്തർമുഖരും ബഹിർമുഖരുമുണ്ട്. എഴുത്തിൽ അന്തർമുഖരുടെ ലോകമാണ് നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നല്ല എഴുത്തുകളിൽ കൂടുതലും. ഞാനും ഏകാന്തത ഇഷ്ടപ്പെടുന്ന ഒരാളായതിനാൽ എന്റെ രചനകളിലും അങ്ങനെ സംഭവിച്ചു.
മീശ, ആഗസ്റ്റ് 17, പട്ടുനൂൽപ്പുഴു - മൂന്ന് നോവലുകളും പഴയ കാലഘട്ടത്തിൽ നിന്നാണ് കഥപറയുന്നത്. ചില ചെറുകഥകളിലും അങ്ങനെ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് കഥയെ അവതരിപ്പിക്കുന്നതിന് പഴയകാലത്തെ തിരഞ്ഞെടുക്കുന്നത്?
ഇന്ന് വായിക്കുന്ന നോവലുകൾ കൂടുതലും അല്പം പിന്നിൽ നിന്നാണ് കഥ പറയുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ, ഏതെങ്കിലും ഘട്ടത്തിൽ പിന്നിലേക്ക് പോകേണ്ടിവരും. എനിക്ക് ചരിത്രം ഇഷ്ടമായതുകൊണ്ട് എന്റെ നോവലുകളിൽ അങ്ങനെ ഉപയോഗിച്ചു എന്നേയുള്ളൂ. വർത്തമാനകാലത്തിൽ ജീവിക്കുന്ന നമ്മൾ ചരിത്രം പഠിക്കുന്നതിന്റെ ആവശ്യമുണ്ടോ എന്ന് പലപ്പോഴും ചോദിക്കാറുണ്ട്. ഒരിക്കൽ ഇതേ ചോദ്യത്തിന് ഒരു സ്‌കൂൾ കുട്ടിയിൽനിന്ന് ലഭിച്ച മറുപടി ഒരാൾ പറഞ്ഞിട്ടുണ്ട്: “നമ്മൾ വാഹനം ഓടിക്കുമ്പോൾ, സൈഡ് മിററിൽ നോക്കിയ ശേഷമേ മുന്നോട്ട് പോകാറുള്ളൂ” ഭാവിയെ നേരിടാൻ കഴിയണമെങ്കിൽ ചരിത്രം അറിയണം. എഴുത്തിൽ കാലം വലിയൊരു ഘടകമാണ്. കഥ പറയുമ്പോൾ അത് മുന്നിലേക്കും പിന്നിലേക്കുമൊക്കെ പോയെന്നു വരാം.
‘ഭ്രാന്ത്’ ഹരീഷിന്റെ കഥാപാത്രങ്ങളുടെ പ്രധാന സവിശേഷതയാണ്. ‘പട്ടുനൂൽപ്പുഴു’വിൽ സാംസയ്ക്ക് ഏറ്റവും അടുപ്പമുള്ള സ്റ്റീഫനിലൂടെ ഭ്രാന്തിന്റെ തീവ്രമായ അവസ്ഥയെ കാണിക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ ഭ്രാന്തിളകി അക്രമാസക്തനാകുന്ന സ്റ്റീഫനെ സഹോദരന്മാരും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തി, ഈന്ത് മരത്തിൽ ചങ്ങലയ്ക്കിടുന്നു. ദൂരെയുള്ള നഗരത്തിലേക്ക് ദിവസവും ട്രെയിനിൽ ജോലിക്ക് പോകുന്ന സാവുളും സ്വന്തം മകളെ ചവിട്ടിക്കൊന്ന ശേഷം പിടിക്കപ്പെടുമെന്ന ഭയത്തിൽ സമനില തെറ്റിയ പൊന്നൻ മാനേജരും ഭ്രാന്തിന്റെ രണ്ട് രൂപങ്ങളാണ്. കൂടാതെ, സാംസയ്ക്കും അസാധാരണമായ സ്വഭാവമുള്ളതായി കാണാം. മീശയിലേയും ആഗസ്റ്റ് 17-ലേയും നായകന്മാർ ഒരു ഘട്ടത്തിൽ ഭ്രാന്തമായ അവസ്ഥയിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ?
ഭ്രാന്തിനെ നിർവചിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ‘No one is normal’ എന്നാണ് പറയാറുള്ളത്. ആരും നോർമലല്ല. ഭ്രാന്തിന്റെ അവസ്ഥാവിശേഷങ്ങൾ മനുഷ്യരിൽ പലർക്കും പല രീതിയിൽ ആണെന്നേയുള്ളൂ. ചിലർ അത് അടക്കിപ്പിടിച്ച് ജീവിക്കുന്നു. മറ്റ് ചിലർ പിടിവിട്ടുപോയ മനസ്സുമായി മറ്റൊരു ജീവിതം നയിക്കുന്നു. മനസ്സ് കൈവിട്ടുപോകുന്ന അവസ്ഥ മനുഷ്യർക്കെല്ലാം ചില സന്ദർഭങ്ങളിലെങ്കിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ആർക്കാണ് ഭ്രാന്തുള്ളത്, ഇല്ലാത്തത് എന്നൊന്നും നമുക്ക് പറയാനാകില്ല. ശരീരത്തിനുണ്ടാകുന്ന രോഗം പോലെ തന്നെയാണ് മനസ്സിന്റെ രോഗവും. പക്ഷേ, സമൂഹം അങ്ങനെയല്ല കാണുന്നത്. ശരീരത്തിനുണ്ടാകുന്ന രോഗത്തെ സ്വാഭാവികമായി കാണുന്നവർ, ഭ്രാന്ത് വന്നുകഴിഞ്ഞാൽ അത് അയാളുടെ കുഴപ്പമായാണ് കരുതുന്നത്. അവൻ അഭിനയിക്കുകയാണെന്നുവരെ പറയും. അതുകൊണ്ട് ഭ്രാന്തിനെ മറ്റൊരു തരത്തിൽ എടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് നോവലുകളിൽ അങ്ങനെ വന്നത്.
‘പട്ടുനൂൽപ്പുഴു’വിൽ വളരെ അപ്രതീക്ഷിതമായിട്ടാണ് മരണങ്ങൾ കടന്നുവരുന്നത്. വായനക്കാരന് ഒട്ടും ഉദ്വേഗം കൊടുക്കാതെ, പെട്ടെന്ന് മരണത്തെക്കുറിച്ച് പറയുന്നു. ശേഷം പിന്നിലേക്ക് പോയി മരണത്തെ വിശദമാക്കുന്നു. മാർക്ക് സാറിന്റെ മരണം പറയുന്നത് “ലേഹ്യമാക്കാനായി ആടിനെ കൊല്ലാൻ പാണ്ടിക്കാരന്മാർ തീരുമാനിച്ചിരുന്ന ദിവസം തന്നെയാണ് ലൈബ്രേറിയൻ മാർക്ക് സാർ മരിച്ചത്” എന്നാണ്. ശേഷമാണ് മരണം എങ്ങനെയാണെന്ന് വ്യക്തമാക്കുന്നത്. മരിക്കുന്നതിന് “രണ്ടാഴ്ച മുൻപും സ്റ്റീഫൻ ഭ്രാന്തിളകാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിരുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റീഫന്റെ മരണം അറിയിക്കുന്നത്. പിന്നീട് മരണമെങ്ങനെയെന്ന് വിവരിച്ചിരിക്കുന്നു. ഇലു എന്ന നായ്ക്കുട്ടിയുടെ മരണവും ഇതുപോലെയാണ് പറഞ്ഞിട്ടുള്ളത്. ബോധപൂർവം തന്നെ ചെയ്തതാണോ?
ബോധപൂർവം ചെയ്തതല്ല. ‘മരണം’ സസ്‌പെൻസിട്ട് അവതരിപ്പിക്കേണ്ട വിഷയമല്ല. എഴുത്ത് സസ്‌പെൻസ് അവതരിപ്പിക്കാൻ വേണ്ടിയിട്ടുള്ളതല്ല. ഒരു സംഭവം നടന്നു എന്ന് പറഞ്ഞുകഴിഞ്ഞാൽ, ശേഷം അതിന്റെ വിശദീകരണത്തിലേക്കാണ് കടക്കേണ്ടത്. ആകാംക്ഷയുണർത്തുന്ന എഴുത്തുരീതി, അത് ആവശ്യപ്പെടുന്ന നോവലുകളിലാണ് ഉപയോഗിക്കേണ്ടത്. ഇവിടെ അതിന്റെ ആവശ്യമില്ല. കഥ രണ്ട് രീതിയിൽ പറയാം. ഒന്ന് കഥാപാത്രത്തിലൂടെ പറയാം, അല്ലെങ്കിൽ എല്ലാമറിയുന്ന ആഖ്യാതാവിലൂടെയും പറയാം. ‘പട്ടുനൂൽപ്പുഴു’വിൽ രണ്ടും ഉപയോഗിക്കുന്നുണ്ട്. സാംസയും എഴുത്തുകാരനും കഥ പറയുന്നു. മരണത്തിന്റെ ഭാഗത്ത് കഥ പറഞ്ഞത് എഴുത്തുകാരനാണ്. അപ്പോൾ അങ്ങനെ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി.
മരണം പെട്ടെന്ന് വായിക്കുമ്പോൾ, വായനക്കാരനും വേദനിക്കുന്നുണ്ട്... സാംസയെപ്പോലെ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. വേണ്ടപ്പെട്ട ആരുടേയോ മരണം അപ്രതീക്ഷിതമായി കേട്ടപോലെ. എഴുതുമ്പോൾ അങ്ങനെ തോന്നിയിരുന്നോ?
ഒരിക്കൽ ആരോ പറഞ്ഞിട്ടുണ്ട്, “നമ്മൾ മരിക്കുകയാണെങ്കിൽ സുഹൃത്തുക്കൾ ജീവിച്ചിരിക്കുമ്പോൾ മരിക്കണം” ഇല്ലെങ്കിൽ സുഹൃത്തുക്കൾ എല്ലാം പോയി അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന അവസ്ഥ വരില്ലേ. ചില വൃദ്ധരുടെ ജീവിതത്തിൽ ഞാനിത് ശ്രദ്ധിച്ചിട്ടുണ്ട്. സാംസയ്ക്ക് ഈ ഒറ്റപ്പെടൽ ചെറുപ്പത്തിലേ സംഭവിക്കുന്നു. ‘പട്ടുനൽപ്പുഴു’ ഒരു പരിധിവരെ ഞാനുമായി ബന്ധമുള്ള *നോവലായതുകൊണ്ട് എഴുതുന്ന സമയത്ത് തീർച്ചയായും വിഷമമുണ്ടാകും.
‘ശാസ്ത്ര സാഹിത്യ കരയോഗ ചിന്തകൾ’ എന്ന കഥ പഠിക്കുന്ന സമയത്ത് എഴുതുന്നതാണ്. അന്ന് ഉപയോഗിച്ചിരുന്ന ഭാഷയല്ല ശേഷം എഴുതിയ കഥകളിൽ. ഓരോ കഥ എഴുതുമ്പോഴും ഭാഷ കൂടുതൽ ലളിതമാക്കുന്നതായി തോന്നിയിട്ടുണ്ട്. ശരിയാണോ?
ശരിയാണ്.
എഴുതിത്തുടങ്ങുന്ന കാലത്ത്, വായിക്കുന്ന കൃതികളെല്ലാം സങ്കീർണമായ ഭാഷയും അലങ്കാരങ്ങളും ഉപമകളും കൂടിച്ചേർന്നതാണ്. 1980-1990 കാലഘട്ടങ്ങളിൽ, ഒരുപാട് തർജമകൾ മലയാളത്തിൽ വന്നു. ഇതിൽ ലാറ്റിനമേരിക്കൻ, സ്‌പാനിഷ് കൃതികളിലൊക്കെ വളരെ നീണ്ട വാചകങ്ങളാണ്. മാർക്കസിന്റേയും പാമുക്കിന്റേയും പുസ്തകങ്ങൾ നോക്കിയാൽ മനസ്സിലാകും. ഇതൊക്കെ അന്നത്തെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. എഴുത്തിന്റെ ആരംഭകാലത്ത് ഇതാണ് ശരിയായ ഭാഷയെന്ന് ധരിച്ചിരുന്നു. വലിയ അലങ്കാരങ്ങളോ നീണ്ട വാചകങ്ങളോ കഥകൾക്ക് ആവശ്യമില്ലെന്ന് ക്രമേണയാണ് മനസ്സിലാകുന്നത്. മലയാള ഭാഷ സുന്ദരമാകുന്നത് ചെറിയ വാചകങ്ങളിൽ ലളിതമായി എഴുതുമ്പോഴാണ്. ഇന്ന് ലോക സാഹിത്യത്തിൽ പോലും വളരെ കട്ടിയുള്ള ഭാഷ ഉപേക്ഷിച്ചുകഴിഞ്ഞു. എഴുത്തുകാരിൽ നല്ല മലയാളം എഴുതുന്നവരായി ഞാൻ കാണുന്നത് സക്കറിയ, പുനത്തിൽ കുഞ്ഞബ്ദുള്ള, അശോകൻ ചരുവിൽ തുടങ്ങിയവരാണ്. ഇവരെയൊക്കെയാണ് എഴുത്തിൽ മാതൃകയാക്കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. അതായിരിക്കണം ലളിതമായ ഭാഷയിലേക്ക് ഞാനും പതുക്കെ വന്നത്.
കഥകളിൽ പലതിലും ഫാന്റസി ഉപയോഗിക്കുന്നുണ്ട്. അല്ലെങ്കിൽ, സമൂഹത്തിന് അധികം പരിചിതമല്ലാത്ത, വ്യത്യസ്തരായ ചില മനുഷ്യരെ കഥാപാത്രങ്ങളായി കൊണ്ടുവരുന്നുണ്ട്. ‘അധോതല കുറിപ്പുകൾ’, ‘ലാറ്റിനമേരിക്കൻ ലാബ്‌റിത്ത്’ തുടങ്ങിയ കഥകൾ ഉദാഹരണങ്ങളാണ്. ഇത്തരം കഥകളും കഥാപാത്രങ്ങളും എങ്ങനെയാണ് രൂപപ്പെടുന്നത്?
എന്റെ നാട് നോർത്ത് കുട്ടനാട്ടിൽപ്പെട്ട സ്ഥലമാണ്. ആ സമയത്തെ കഥകൾ കൂടുതലും അവിടെനിന്നുണ്ടായതാണ്. അവിടെയുള്ള കഥാപാത്രങ്ങളാണ് കൂടുതലും കഥയിൽ വന്നിട്ടുള്ളത്. സാധാരണ മനുഷ്യർ കഥ പറയുമ്പോൾ കൂടുതൽ ഫാന്റസി എലമെന്റുകൾ കടന്നുവരും. ചിലർ കലിങ്കിലിരുന്നൊക്കെ പറയുന്ന കഥകൾ കേട്ടാൽ അതിശയിച്ചുപോകും. അവർ പറയുന്ന കഥകളിലുള്ളത്ര ഫാന്റസി ഒരെഴുത്തിലും വരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. അത്ര ഗംഭീരമായി നുണപറയുന്ന... ഫാന്റസി പറയുന്ന ആൾക്കാരാണ് ഇവിടെയുള്ളത്. അങ്ങനെയൊരു സ്വാധീനം എനിക്കുണ്ട്. മാത്രമല്ല, ചെറുപ്പം മുതൽ ഫാന്റസി കഥകൾ എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് കുട്ടിക്കഥകൾ. ചെറുപ്പത്തിൽ ഞാൻ ധാരാളം കുട്ടിക്കഥകൾ വായിച്ചിട്ടുണ്ട്. മനുഷ്യൻ പ്രാഥമികമായും കഥകൾ കേൾക്കാൻ വേണ്ടിയാണ് വായിക്കുന്നത്. ഗൗരവകരമായ കൃതികളിലേക്ക് വായന വളർന്ന ശേഷമാണ് സാഹിത്യത്തിന്റെ ഉന്നതമായ തലങ്ങളൊക്കെ മനസ്സിലാക്കുന്നത്. കഥകളിൽ മനുഷ്യനിഷ്ടം ഫാന്റസി കഥകളോടാണ്. എനിക്കും അത് തന്നെയാണ് താല്പര്യം. അതുകൊണ്ടാകാം എഴുത്തിലും ഫാന്റസി വന്നത്.
പല കഥകളുടേയും മുന്നിൽ, ഏതെങ്കിലുമൊരു ക്ലാസ്സിക്ക് കൃതിയിലെ വാചകങ്ങൾ ചേർക്കുന്നതായി കാണാം. ‘കാവ്യമേള’ എന്ന കഥ ആരംഭിക്കുന്നതിനു മുൻപ് പി. കുഞ്ഞിരാമൻ നായരുടെ വരികൾ ചേർത്തിട്ടുണ്ട്. ‘സോർബ ദ് ഗ്രീക്കി’ലെ വാചകങ്ങൾ ‘മധ്യവേനൽ’ എന്ന കഥയിൽ ഉപയോഗിച്ചിട്ടുണ്ട്. എഴുതുന്ന സമയത്ത് കഥയിൽ സ്വാധീനം ചെലുത്തുന്ന വാചകങ്ങളാണോ അങ്ങനെ ഉപയോഗിക്കുന്നത്?
കഥ എഴുതി പൂർത്തിയായ ശേഷം അതുമായി യോജിക്കുന്നു എന്ന് തോന്നിയിട്ട് ചേർത്തതാണ്. കഥയുടെ മുന്നിൽ ഒരു വാചകം ചേർക്കുന്നത്, ആ വാചകത്തോടുള്ള ഇഷ്ടംകൊണ്ട്, അത് കഥയുമായി ചേർത്തുവായിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുകയാണ്.
ഒരുപാട് എഴുത്തുകാർ അങ്ങനെ ചെയ്യാറുണ്ട്. അതുപോലെ ഞാനും ചെയ്തു. വായനയോടുള്ള എന്റെ കൗതുകംകൊണ്ട്; ഇഷ്ടംകൊണ്ട് ചെയ്തതാണ്.
എഴുതുന്ന സമയത്ത് ഈ കൃതികൾ വായിക്കാറുണ്ടോ?
വായിക്കാറുണ്ട്. എഴുതുന്ന സമയത്താണ് കൂടുതൽ വായിക്കാറ്. അത്തരം വായന എഴുത്തിനെ സ്വാധീനിക്കാറുണ്ട്. പ്രത്യക്ഷമായിട്ടല്ല. എഴുതുന്ന കഥയ്ക്ക് വായിച്ച പുസ്തകവുമായി യാതൊരു ബന്ധവും കാണില്ല. പക്ഷേ, മനോഹരമായ ഒരു വാചകം വായിക്കുമ്പോൾ, അതിന്റെ സൗന്ദര്യത്തിൽ നമ്മൾ മുഴുകിയിരുന്നുപോകും. അത് എഴുത്തിനെ സ്വാധീനിക്കും. അങ്ങനെയൊക്കെ ചിലപ്പോൾ ഉണ്ടാകാറുണ്ട്.
‘മീശ’ ഞാനൊരു കെ.എസ്.ആർ.ടി.സി ബസിലിരുന്നാണ് വായിച്ചുതുടങ്ങുന്നത്. എന്റെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരിയായ സ്ത്രീ, അടുത്തുനിന്ന അവരുടെ ഭർത്താവിനോട് പതിഞ്ഞ ശബ്ദത്തിൽ പറയുന്നത് ഞാൻ കേട്ടു: “മീശയാണ് വായിക്കുന്നത്” ശേഷം, അയാൾ എന്നെ നോക്കിയ രൂക്ഷമായ നോട്ടം, പുസ്തകത്തിൽനിന്ന് കണ്ണെടുക്കാതെ തന്നെ ഞാൻ കണ്ടു. എഴുത്തുകാരനെപ്പോലെ തന്നെ വായനക്കാരനും ഭയപ്പെടേണ്ട സാഹചര്യം നിലവിലുണ്ടോ?
ഒരിക്കൽ ഞാൻ ട്രെയിനിൽവെച്ച് ഒരു പുസ്തകക്കച്ചവടക്കാരനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞു ഞാൻ കാരണം ആഴ്ചയിൽ ഒരു ദിവസമെങ്കിലും അയാൾ ആൾക്കാരുടെ തെറി കേൾക്കാറുണ്ടെന്ന്. ഇന്ത്യൻ റെയിൽവേയുടെ വണ്ടിയിൽ നിരോധിച്ച പുസ്തകം വിൽക്കുന്നോ എന്നൊക്കെയാണ് തെറി വിളിക്കുന്നവരുടെ ചോദ്യം. ചിലരുടെ വിചാരം ‘മീശ’ നിരോധിച്ച പുസ്തകമാണെന്നാണ്. ബുക്കിന്റെ ഉള്ളടക്കം എന്താണെന്ന് അവർക്കറിയില്ല. എന്തിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത് എന്നും അറിയില്ല. എന്തോ വിവാദമുണ്ടായി അതുകൊണ്ട് പുസ്തകത്തെ തള്ളിപ്പറയുന്നു. വായിക്കാൻ അർഹതപ്പെടാത്തവരുടെ കയ്യിൽ പുസ്തകമെത്തിയാൽ അത് വലിയ അപകടമാണെന്ന് പാഠം പഠിപ്പിച്ച പുസ്തകമാണ് ‘മീശ.’ കാരണം, അവർ അതിനെ നല്ല രീതിയിൽ മനസ്സിലാക്കില്ല. കലയുടെ പ്രശ്‌നം അതാണ്. നല്ല മനോഹരമായ ഒരു പെയിന്റിംഗ്, അതിനെ വിലയിരുത്താനറിയാത്തവരുടെ മുന്നിലെത്തിയാൽ അവരതിനെ പുച്ഛിക്കും. നല്ല ശാസ്ത്രീയ സംഗീതം, ആസ്വദിക്കാനറിയാത്തവർ തള്ളിപ്പറയും. വിവാദം പുസ്തകത്തിനും എഴുത്തുകാരനും ദോഷം ചെയ്യും. ജനങ്ങൾ ആ രീതിയിൽ നമ്മളെ വിലയിരുത്തും. ബ്രാൻഡ് ചെയ്യും.
ജെ.സി.ബി പ്രൈസ്, വയലാർ അവാർഡ്, സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ ‘മീശ’ വിവാദത്തിന്റെ പേരിൽ ഓർമിക്കപ്പെടുന്നത് വിഷമിപ്പിക്കുന്നുണ്ടോ?
തീർച്ചയായിട്ടും ദുഃഖമുണ്ട്. പുസ്തകം വിവാദമുണ്ടാകാൻ എഴുതുന്നതല്ല. വിവാദമായാലുള്ള കുഴപ്പം ‘മീശ’യിലൂടെയാണ് മനസ്സിലായത്. ‘മീശ’ എന്തോ കുഴപ്പം പിടിച്ച നോവലാണ്, വിവാദം കാരണം അത് ശ്രദ്ധിക്കപ്പെട്ടു എന്നൊക്കെ പൊതുജനങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. യഥാർത്ഥ പ്രശ്‌നം അവിടെയായിരുന്നു. ‘മീശ’യുടെ വിൽപ്പന പോലും നന്നായി നടന്നത് വയലാർ അവാർഡും ജെ.സി.ബി പ്രൈസും കിട്ടിക്കഴിഞ്ഞാണ്. അതിനു മുന്‍പ് വിവാദം, പിന്നാലെ കേരളത്തിൽ പ്രളയം വന്നു, അങ്ങനെ വിൽപ്പന വളരെ കുറഞ്ഞു. പുസ്തകം കയ്യിൽ കരുതുന്നത് പോലും അപമാനമാണെന്ന് ആൾക്കാർ കരുതിയിരുന്നു. പുസ്തകം വാങ്ങുന്നതിൽ നല്ല വായനക്കാരല്ലാത്ത ഒരു വിഭാഗമുണ്ട്. അവർ പുസ്തകശാലകളിൽനിന്ന് പുസ്തകം തിരഞ്ഞെടുക്കുമ്പോൾ ആദ്യമേ ഒഴിവാക്കുന്ന പുസ്തകമായി ‘മീശ’ മാറി. വിവാദം എക്കാലത്തും എഴുത്തുകാരനെ പിന്തുടരും.
മീശ’യുമായി താരതമ്യം ചെയ്യുമ്പോൾ ‘ആഗസ്റ്റ് 17’-നാണ് കൂടുതൽ വിവാദസാധ്യതയുള്ളത്. ചരിത്രവും രാഷ്ട്രീയവുമൊക്കെയാണ് ആഗസ്റ്റ് 17-ന്റെ പ്രമേയം. എന്നിട്ടും അത് വിവാദത്തിലേക്ക് പോകാത്തതിന് കാരണമെന്തായിരിക്കും?
ആഗസ്റ്റ് 17, ആ രീതിയിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു. വിവാദ സാധ്യതയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരത്തിൽ പോലും ഞാൻ പ്രാധാന്യം നൽകിയില്ല. അങ്ങനെ പോലും ഒരു വിവാദത്തിലേക്ക് പോകരുതെന്ന് ഞാൻ ആഗ്രഹിച്ചു. അർഹിക്കുന്ന പബ്ലിസിറ്റി പോലും ഞാൻ കൊടുത്തില്ല. മനപ്പൂർവം തന്നെയാണ്. പുസ്തകം ഇറങ്ങി, ആവശ്യക്കാര് വാങ്ങി. അത്രയേ ഉള്ളൂ. ചിലർ പുസ്തകത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് ന്യായമായ കാരണം കൊണ്ടൊന്നുമല്ല. ആർക്കോ എന്തോ തോന്നുന്നു, അത് പൊതുമധ്യത്തിലേക്കിടുന്നു, വിവാദമാകുന്നു. തകഴിയുടെ പഴയ പുസ്തകങ്ങൾ നിരീക്ഷിച്ചാൽ, വിവാദമുണ്ടാകാൻ സാധ്യതയുള്ള ഒരുപാട് പ്രയോഗങ്ങൾ അതിനകത്തുണ്ട്. പത്മരാജൻ സാറിന്റെ ഏതോ സിനിമയിൽ, വേശ്യാലയത്തിന്റെ പടികയറുന്ന കഥാപാത്രങ്ങൾ ശബരിമല കയറുന്നു എന്ന അർത്ഥത്തിൽ ശരണം വിളിക്കുന്ന രംഗമുണ്ട്. വേണമെങ്കിൽ അതൊക്കെ അക്കാലത്ത് വലിയ വിവാദമാക്കാമായിരുന്നു. ആരും അങ്ങനെ ചെയ്തിട്ടില്ല. ഇതൊക്കെ ചില പ്രത്യേക കാരണങ്ങളാൽ പ്രത്യേക സമയത്ത് മാത്രം സംഭവിക്കുന്നതാണ്.
‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ എന്ന എം. മുകുന്ദന്റെ നോവൽ ഇപ്പോൾ കൂടുതലായി ചർച്ച ചെയ്യപ്പെടുന്നു. ആരോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീൽ കാരണമാണ് അതിന്റെ വിൽപ്പന വർദ്ധിച്ചതെന്ന് മുകുന്ദൻ പറയുന്നു. സമൂഹമാധ്യമങ്ങൾ പുസ്തകവിൽപ്പനയെ സഹായിക്കുന്നുണ്ടോ?
പുസ്തകങ്ങളെ സാമൂഹിക മാധ്യമങ്ങളിൽ അവതരിപ്പിച്ചില്ലെങ്കിൽ, ആരും വാങ്ങാത്ത അവസ്ഥയുണ്ട്. പത്രത്തിൽ വരുന്ന വാർത്തപോലും ജനങ്ങൾ ശ്രദ്ധിക്കണമെങ്കിൽ, അത് സോഷ്യൽ മീഡിയയിൽ ഇടണം. ആഴ്ചപ്പതിപ്പുകളിൽ പ്രസിദ്ധീകരിക്കുന്ന കഥയുടെ പി.ഡി.എഫ് ഫേസ്ബുക്കിൽ ഇടുമ്പോഴാണ് കൂടുതൽ ജനങ്ങൾ വായിക്കുന്നത്. അത്ര വലിയ സ്വാധീനമാണ് സമൂഹമാധ്യമങ്ങൾക്ക്. അത് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. പണ്ട് എഴുത്തുകാർ, പുസ്തകങ്ങൾ തലച്ചുമടായി കൊണ്ടുനടന്നു വിൽക്കുമായിരുന്നു. അതുപോലൊരു പരിപാടിയാണ് ഇതും. സോഷ്യൽ മീഡിയയിൽ ഇട്ടില്ലെങ്കിൽ പുസ്തകങ്ങൾ പിന്നിലേക്ക് തള്ളിപ്പോകും.
സോഷ്യൽ മീഡിയയുടെ ഒരു ദോഷവശം എന്താണെന്നുവെച്ചാൽ, എഴുത്തുകാർക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ താരമായി നിൽക്കാൻ പറ്റില്ല. അവർ എഴുത്തിന്റെ ലോകത്തായിരിക്കും. അതുകൊണ്ട്, പ്രശസ്തിയിൽ മാത്രം ശ്രദ്ധിക്കുന്ന വിഭാഗത്തിന്റെ പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടുകയും അല്ലാത്തവർ പിന്നിലാകുകയും ചെയ്യും. ഞാൻ വളരെ ഇഷ്ടപ്പെടുന്ന പുതിയ തലമുറയിലെ എഴുത്തുകാരുടെ നല്ല പുസ്തകങ്ങൾ, ചെലവാകാതെ ബുക്ക്സ്റ്റാളിൽ ഇരിക്കുന്നുണ്ട്. പബ്ലിസിറ്റികൊണ്ട് മാത്രം നിലവാരം കുറഞ്ഞ പുസ്തകങ്ങൾ വിറ്റുപോകുകയും ചെയ്യുന്നു. അതൊരു വലിയ പ്രശ്‌നമായിട്ട് തോന്നുന്നുണ്ട്. ജനപ്രിയ സാഹിത്യത്തിന്റെ കാര്യമല്ല ഉദ്ദേശിച്ചത്. ജനപ്രിയ സാഹിത്യം നല്ലതാണ്. അത് വിൽക്കപ്പെടട്ടെ. വായനയിലോട്ട് ജനങ്ങൾ വരട്ടെ. അതേസമയം, നല്ല സാഹിത്യം എന്ന പേരിൽ മോശം സാഹിത്യം നന്നായിട്ട് വിറ്റുപോകുന്നു. യഥാർത്ഥ സാഹിത്യം അങ്ങനെതന്നെ ഇരിക്കുകയും ചെയ്യുന്നു. അത് കേരളത്തിന്റെ പൊതുവായ ഒരു പ്രവണതയാണ്. അതെങ്ങനെയെങ്കിലും മറികടക്കണം.
യഥാർത്ഥ സാഹിത്യ രചനകളെക്കാൾ കൂടുതൽ ജനപ്രിയ സാഹിത്യങ്ങൾ വിൽക്കപ്പെടുന്നുണ്ട്. ‘റാം കെയർ ഓഫ് ആനന്ദി’, ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ജനപ്രിയ സാഹിത്യത്തെ യഥാർത്ഥ സാഹിത്യരൂപമായി സമൂഹം തെറ്റിദ്ധരിക്കുന്ന അവസ്ഥയുണ്ടോ?
അങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിൽ അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. സ്വന്തം പുസ്തകങ്ങൾ നല്ല സാഹിത്യമാണെന്ന് അഖിൽ പി. ധർമജൻ ഒരിക്കലും പറഞ്ഞിട്ടില്ല. ജനപ്രിയ സാഹിത്യമെന്നേ പറഞ്ഞിട്ടുള്ളൂ. ജനപ്രിയ സാഹിത്യം മോശമല്ല. അത് വായിച്ച് മലയാളം അറിയാത്ത കുട്ടികൾ പോലും മലയാളം പഠിച്ചു എന്നാണ് പറയുന്നത്. അത്ര വില്‍പ്പനയാണ്. അവർ പിൽക്കാലത്ത് യഥാർത്ഥ സാഹിത്യത്തിലേക്ക് വരും. ജനപ്രിയ സാഹിത്യമല്ല പ്രശ്‌നം. വളരെ മോശമായ സാഹിത്യം നല്ല സാഹിത്യത്തിന്റെ ലേബലിൽ ഗംഭീരമായി വിൽക്കപ്പെടുന്നു എന്നതാണ്.
പുസ്തകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കാണാറുള്ള റീലുകളും സ്റ്റോറികളും ശരിക്കും വായനയുടെ ആഘോഷങ്ങളാണോ?
വായനക്കാരനെന്ന പ്രതീകം സൃഷ്ടിച്ച്, ശ്രദ്ധ നേടാനുള്ള ശ്രമം സാധാരണയായി കാണാറുണ്ട്.
അങ്ങനെ ചെയ്യുന്നവരുണ്ടായിരിക്കാം. ഏത് കാര്യത്തിലും അങ്ങനെയുണ്ടാകുമല്ലോ. വീട് പണിത് ബുക്ക് ഷെൽഫ് ഉണ്ടാക്കിവയ്ക്കുന്നവരുണ്ട്. അതൊരിക്കലും തുറക്കാൻ പറ്റില്ല. അടച്ച ബുക്ക് ഷെൽഫുകളാണ്. അതൊരു അഭിമാനമായിട്ട് ചെയ്യുന്നവരുണ്ട്. അതിൽ കുറ്റം പറയേണ്ട. അവരുടെ രീതി അങ്ങനെയാണ്. റീലുകളിലും അങ്ങനെയുള്ളവരുണ്ട്. നന്നായിട്ട് വായിക്കുന്നവരുമുണ്ട്. ഞാൻ കണ്ടിട്ടുള്ള, എനിക്ക് പരിചയമുള്ളവരൊക്കെ അത്യാവശ്യം വായിക്കുന്നവരാണ്. ഇതൊരു മാർക്കറ്റിന്റെ ഭാഗമാകുമ്പോൾ ഇങ്ങനെയുള്ള തരികിട പരിപാടികളുമായി ചിലർ വരും. സ്വാഭാവികമാണ്. മീൻ മാർക്കറ്റിൽ ചെന്നാൽ നല്ല മത്തി വിൽക്കുന്നവരും മോശം മത്തി വിൽക്കുന്നവരും കാണുമല്ലോ.
എഴുത്തുകാരൻ പുസ്തകങ്ങളെക്കാൾ വലുതാകുന്ന ഒരു സാഹചര്യം സോഷ്യൽ മീഡിയ കാരണം സംഭവിക്കുന്നു. എം. മുകുന്ദൻ ഉൾപ്പെടെ അത് പറഞ്ഞിട്ടുണ്ട്. ആ രീതി ശരിയാണോ?
എഴുത്തുകാരനെക്കാൾ കൂടുതൽ കൃതികൾ അറിയപ്പെടണം. അതാണ് നല്ലത്. ഇപ്പോൾ അങ്ങനെയല്ല. എഴുത്തുകാരൻ താരമാകാൻ ശ്രമിക്കുന്നുണ്ട്. ചില സ്ഥലങ്ങളിലേക്ക് കടന്നുവരുമ്പോൾ, സിനിമാതാരത്തെപ്പോലെ വരിക. പ്രത്യേക വേഷം ധരിക്കുക, സാമൂഹിക മാധ്യമങ്ങളിൽ ബഹളംവെച്ച് ഹീറോയാകുക, സാഹിത്യോത്സവങ്ങൾക്ക് പോയി തഗ്ഗ് ഡയലോഗടിക്കുക തുടങ്ങിയ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇതൊന്നും നല്ല സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയല്ല. സാഹിത്യകാരൻ സംസാരിക്കുന്നത് കേൾക്കാൻ ഞാൻ പോകുന്നത് തഗ്ഗ് കേൾക്കാനല്ല. അയാളുടെ ചിന്തയിൽനിന്ന് വരുന്ന നല്ല അഭിപ്രായങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ്. തഗ്ഗടിക്കുന്നവനല്ല സാഹിത്യകാരൻ.
പക്ഷേ, ഇതൊക്കെ ചെയ്യുന്നതിലൂടെ അവർ പ്രശസ്തരാകുന്നു. അതിലൂടെ അവരുടെ രചനകൾ വിൽക്കപ്പെടുന്നു. സ്വയം ബ്രാന്റാകുന്ന പരിപാടിയാണത്.
ഡിജിറ്റൽ ലോകത്താണ് ഇന്ന് മനുഷ്യൻ ജീവിക്കുന്നത്. ജീവിതം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. മാറുന്ന കാലത്തിനനുസരിച്ച്, എഴുത്തിൽ എങ്ങനെയാണ് മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നത്?
കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് ജീവിതം നന്നായി മാറിയിട്ടുണ്ട്. നമ്മൾ ജീവിതത്തിൽ ഭൂരിഭാഗവും മൊബൈലിൽ ചെലവഴിക്കുകയാണ്. ഒരു 10-15 വർഷം മുന്‍പ് വരെ തൊട്ടടുത്തുള്ള ആൾക്കാരോടാണ് സൗഹൃദമെങ്കിൽ, ഇപ്പോൾ അകലെയുള്ളവരോടാണ്. അടുത്തുള്ളവരെ അറിഞ്ഞില്ലെങ്കിലും നമുക്ക് ജീവിക്കാം. സൗഹൃദങ്ങൾ വേറെ തരത്തിലായി. എന്റെ കൂടെ പഠിച്ചവർ പലരും വിവിധ വിദേശരാജ്യങ്ങളിലാണ്. എങ്കിലും അവർ അകലെയാണെന്ന് തോന്നലില്ല. തൊട്ടടുത്തുള്ള പോലെയാണ്. അത്രയും മാറ്റം ജീവിതത്തിലുണ്ടായി. ഇത് എഴുത്തിൽ കൊണ്ടുവരിക എന്നത് വലിയ പ്രശ്‌നമാണ്. വായനക്കാരും ഗ്ലോബലായി. പുതിയ എഴുത്തുകാർക്കും വായനക്കാർക്കും പുസ്തകങ്ങളുടെ ലഭ്യത കൂടുതലാണ്. ലോകത്തുള്ള ഏതു പുസ്തകവും എളുപ്പം ലഭിക്കും. കിന്റിൽ വഴിയും പി.ഡി.എഫ് വഴിയും വായിക്കാനാകും. ലോക സാഹിത്യവുമായി കൂടുതൽ അടുക്കുകയാണ്. മാറ്റങ്ങളെല്ലാം എഴുത്തിലേക്ക് സാവധാനം കടന്നുവരും. ലോകസാഹിത്യത്തിൽ നോക്കിയാലും സമകാലിക ജീവിതം അപൂർവമാണ്. പുറകിലേക്ക് പോയിത്തന്നെയാണ് അവരും എഴുതുന്നത്.
തിരക്കഥാകൃത്ത് കൂടിയാണല്ലോ ഹരീഷ്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം അങ്ങനെ എഴുതിയ ചിത്രങ്ങളെല്ലാം വിജയം നേടിയതാണ്. സാഹിത്യത്തിൽനിന്ന് ഏറെ വിഭിന്നമാണ് ചലച്ചിത്രകല. എങ്ങനെയാണ് അത് കീഴടക്കിയത്?
തിരക്കഥയിൽ സാഹിത്യം ആവശ്യമില്ല. ഭാഷയല്ല, ദൃശ്യമാണ് പ്രധാനം. സിനിമ വളരെ വ്യത്യസ്തമായ മാധ്യമമാണ്. നല്ല തിരക്കഥയാണെന്ന് കരുതുന്ന പലതും യഥാർത്ഥത്തിൽ സിനിമയ്ക്ക് ആവശ്യമില്ലാത്തതായിരിക്കും. ഉദാഹരണത്തിന്, നല്ല ആട്ടക്കഥ ഏതെന്ന് കഥകളിക്കാരോട് ചോദിച്ചാൽ ഒരിക്കലും ‘നളചരിതം’ പറയില്ല. സാഹിത്യം ഇഷ്ടപ്പെടുന്നവർക്കാണ് ‘നളചരിതം’ താല്പര്യം.
കഥകളി ഇഷ്ടപ്പെടുന്നവർക്ക് കോട്ടയത്ത് തമ്പുരാൻ എഴുതിയ കഥകളോടാണ് പ്രിയം. ഇതുപോലൊരു വ്യത്യാസമാണ് തിരക്കഥയിലും. സാഹിത്യം പ്രയോഗിച്ചതുകൊണ്ട് ഗുണമില്ല. സിനിമയിൽ എഴുത്തുകാരൻ വലിയൊരു ഘടകമല്ല. സംവിധായകൻ, ക്യാമറമാൻ, എഡിറ്റർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ്. അതും കൂടി ചേർന്നുനിന്നാലേ തിരക്കഥയ്ക്ക് പ്രാധാന്യമുള്ളു. എം.ടി എഴുതിയതുപോലെ ഒരിടത്തിരുന്ന് തിരക്കഥ എഴുതുക, അത് സിനിമയാക്കുക എന്ന രീതി ഇന്നില്ല. എല്ലാവരും കൂട്ടുച്ചേർന്നുള്ള ഒരു പ്രവർത്തനമാണ് ഇന്നത്തെ സിനിമ.
നോവൽ, ചെറുകഥ, സിനിമ - ഫിക്ഷൻ എഴുത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ചുകഴിഞ്ഞു. നോൺ ഫിക്ഷൻ എഴുതാൻ ആഗ്രഹിക്കുന്നുണ്ടോ?
അന്യരാജ്യങ്ങളിൽ നോവലിനെക്കാളും കഥകളെക്കാളും നന്നായി വിൽക്കപ്പെടുന്നത് നോൺ ഫിക്ഷനാണ്. മലയാളത്തിൽ നല്ല നോൺ ഫിക്ഷൻ കുറവാണ്. മനു എസ്. പിള്ള എഴുതുന്നതൊക്കെ സ്വീകരിക്കപ്പെടുന്നുണ്ട്. പക്ഷേ, അത് മലയാളമല്ല.
നോൺ ഫിക്ഷൻ വായനകൾ വർദ്ധിക്കണം. എനിക്കും എഴുതണമെന്ന് ആഗ്രഹമുണ്ട്. എഴുതിയാൽ കേരളത്തിൽ എങ്ങനെ സ്വീകരിക്കപ്പെടുമെന്നാണ് സംശയം. ഭയങ്കരമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ്. വിവാദമുണ്ടാക്കുക, ബഹളമുണ്ടാക്കുക, അങ്ങനെയൊക്കെയുള്ള സ്വഭാവമുള്ള സ്ഥലമാണ്. അതാകാം കൂടുതൽ നോൺ ഫിക്ഷൻ വരാത്തതും.
ഫിക്ഷൻ എഴുതുന്നവർ നോൺ ഫിക്ഷൻ എഴുതിയാൽ സ്വീകരിക്കാത്ത അവസ്ഥ കേരളത്തിലുണ്ടോ?
അങ്ങനെ തോന്നുന്നില്ല. നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ വന്നിട്ടുള്ളത് കൂടുതലും യാത്രാവിവരണങ്ങളാണ്. പിന്നെ ലേഖനങ്ങളും. ലേഖനങ്ങൾക്ക് അക്കാദമിക് സ്വഭാവമുള്ളതുകൊണ്ട് വായനക്കാർക്ക് അതിനോട് വിമുഖതയുണ്ട്. യു.പിയിൽ പ്രവർത്തിച്ചിരുന്ന ഗീതാപ്രസ്സിനെക്കുറിച്ച് ഇംഗ്ലീഷിലൊരു ബുക്കുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ച ഒരു സ്ഥാപനമാണത്. ഹിന്ദുമതത്തെ വ്യാപിപ്പിക്കാൻ സഹായിച്ച ഹനുമാൻ ദാസ് പോഡർ എന്ന വ്യക്തിയാണ് പ്രസ്സിന്റെ പ്രവർത്തകനായിരുന്നത്. അയാൾക്ക് ആർ.എസ്. എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഗീതാപ്രസ്സിന്റെ ചരിത്രം വളരെ രസകരമായിട്ട് പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെയുള്ള പുസ്തകങ്ങൾ കേരളത്തിൽ അധികം വന്നിട്ടില്ല. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ എഴുതാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates