ജെയിംസ് വാട്‌സൺ: വംശവെറിയുടെ ജനിതകജാതകം പേറിയ ശാസ്ത്രജ്ഞൻ
വികാസം വന്ന ഒരു മനുഷ്യന്റെ ഔന്നത്യം എന്നത് സഹജീവികളായ മനുഷ്യരെ സമഭാവനയോടെ ഉൾകൊള്ളാനും അംഗീകരിക്കാനും കഴിയുക എന്നതാണ്. ശാസ്ത്രപഠനങ്ങളുടെ പരിജ്ഞാനമോ പരിണാമസിന്താന്ത ബോധ്യമോ ഉണ്ടായാലും സാമൂഹിക അളവുകോലിൽ മാത്രമായാണ് സഹജീവിദർശനമെങ്കിൽ വംശവെറിയും തരംതാഴ്‌ത്തലുകളും ഉൾകൊള്ളായ്‌മയും അംഗീകരിക്കാതിരിക്കലും സാധ്യമായിത്തന്നെ വ്യക്തിയിൽ നിലനിൽക്കും എന്നതിന് മികച്ച ഉദാഹരണമായിരുന്നു ആധുനിക ശാസ്ത്രലോകം കണ്ട ശാസ്ത്രപ്രതിഭയായ ജെയിംസ് വാട്‌സൺ. ജീവശാസ്ത്രലോകത്തിന് മൗലികസംഭാവനകൾ നൽകിയ അദ്ദേഹം നവംബർ ആറാം തീയതി ഈ ലോകത്തുനിന്നും ഓർമയായി.
വംശീയ പരാമർശങ്ങളുടെ പേരിൽ വിവാദങ്ങളുടെ തോഴനുമായ വാട്‌സണ് വിവാദ പ്രസ്താവനകളും പരാമർശങ്ങളും ഒഴിവാക്കാൻ അപ്രഖ്യാപിത വീട്ടുതടങ്കലിൽ അവസാന നാളുകളിൽ കഴിയേണ്ടിവന്നു. ശാസ്ത്രീയമോ സാമൂഹികമോ ആയ വിപ്ലവാത്മക കണ്ടുപിടിത്തം നടത്തിയതുകൊണ്ടോ രഹസ്യങ്ങളുടെ ചുരുൾനിവർത്തിയതുകൊണ്ടോ മനുഷ്യന് ഔന്നത്യം നേടാൻ കഴിയില്ല. വിശാലവും മാനവികവുമായ പൊരുൾ ചിന്തയിലും പ്രവൃത്തിയിലും മൗലികമായി ഉണ്ടായാൽ മാത്രമേ അർഹമായ ഔന്നത്യത്തിലേക്ക് ഏതൊരു മനുഷ്യനും എത്താൻ സാധിക്കുകയുള്ളൂ എന്നതാണ് ജെയിംസ് വാട്‌സൺ എന്ന ജനിതജാതകം കുരുക്കഴിച്ച പ്രതിഭാശാലി ഓർമയാകുമ്പോൾ നമ്മുടെ മുന്നിലെ പാഠം.
1928-ൽ അമേരിക്കയിലെ ഇല്ലിനോയിസിലെ ചിക്കാഗോയിലാണ് ജെയിംസ് ഡ്യൂവീ വാട്‌സൺ ജനിച്ചത്. പതിനഞ്ചാമത്തെ വയസ്സിൽ സ്‌കോളർഷിപ്പ് നേടി, പക്ഷിശാസ്ത്രജ്ഞനാവാൻ കൊതിച്ച് ചിക്കാഗോ സർവകലാശാലയിൽ ചേർന്നെങ്കിലും ജീവനെക്കുറിച്ചുള്ള അന്വേഷണം വാട്‌സണെ എത്തിച്ചത് മനുഷ്യകുലത്തിന്റെ എക്കാലത്തേയും സമസ്യയായ ജനിതക തന്മാത്രകളെക്കുറിച്ചുള്ള പഠനത്തിലേക്കായിരുന്നു. 1947-ൽ ജന്തുശാസ്ത്രത്തിൽ ബിരുദവും ഇന്ത്യാന സർവകലാശാലയിൽനിന്നും 1950-ൽ പിഎച്ച്.ഡിയും നേടി. അതേ വർഷം കോപ്പൻഹേഗിൽ വൈറസുകളെക്കുറിച്ച് പഠനവും നടത്തി. 1951-ൽ നേപ്പിൾസ് സൂവോളജിക്കൽ പാർക്കിലെ ഒരു കോൺഫറൻസിൽവച്ച് മൗറിസ് വിൽകിൻസനെ (Mouris Wilkins) കാണുകയും ഡി.എൻ.എ തന്മാത്രാഘടനയെക്കുറിച്ചുള്ള സംഭാഷണ മധ്യേ വിൽക്കിൻസൺ ഡി.എൻ.എയുടെ എക്‌സ്റേ ക്രിസ്റ്റലൈൻ ചിത്രങ്ങൾ വാട്‌സണ് കാട്ടിക്കൊടുക്കുകയും ചെയ്തു. വിൽകിൻസന്റെ പഠനത്തിൽ ആകൃഷ്ടനായ വാട്‌സൺ വിൽകിൻസനോടൊപ്പം കേംബ്രിഡ്ജ് സർവകലാശാലയിലെ കാവൻഡിഷ് ലബോറട്ടറിയിൽ പഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു. അവിടെവച്ചാണ് ഭൗതികശാസ്ത്രത്തിൽനിന്നും ജീവശാസ്ത്രത്തിന്റെ പഠനമേഖലയിലേക്ക് വന്ന ഫ്രാൻസിസ് ക്രിക്ക് എന്ന പ്രതിഭാശാലിയുമായുള്ള ഗവേഷണബന്ധം തുടങ്ങുന്നത്. അസാധാരണമായ രണ്ട് പ്രതിഭാധനന്മാരായ ശാസ്ത്രജ്ഞന്മാരുടെ ബന്ധത്തിന്റെ തുടക്കവും 1963-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിലേക്കുള്ള ജൈത്രയാത്രയുടെ തുടക്കവും അവിടെനിന്നായിരുന്നു.
ജെയിംസ് വാട്‌സണും ഫ്രാൻസിസ് ക്രിക്കും ഡി.എന്‍.എയുടെ ജനിതകഘടനയുടെ ചുരുൾ നിവർത്തി അവതരിപ്പിച്ചിട്ട് എഴുപത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞു. ആരോഗ്യമേഖലയുടെ വികാസത്തിന് അനന്തസാധ്യതകൾ തുറന്നുകൊടുക്കാൻ കഴിഞ്ഞ കണ്ടുപിടിത്തമായിരുന്നു അത്. കുറ്റവാളികളെ സമർത്ഥമായി കുരുക്കാനും ചരിത്രത്തിന്റേയും കുറ്റാന്വേഷണത്തിന്റേയും നരവംശപഠനത്തിന്റേയും ചരിത്രം തിരുത്തിക്കുറിക്കാൻ പോന്നതായിരുന്നു ഇരട്ട സർപ്പിളാകൃതിയിൽ നിർമിതമായ ഡി.എൻ.എ എന്ന ജീവതന്മാത്ര. 1953-ലാണ് വാട്‌സണും ക്രിക്കും ജനിതക തന്മാത്രയുടെ ഘടനാരൂപം വിശദീകരിക്കുന്നത്. അതുവരെയുണ്ടായിരുന്ന ജനിതകരഹസ്യങ്ങളെക്കുറിച്ചുള്ള ധാരണയെ പൊളിച്ചെഴുതിയ വിപ്ലവകരമായ കണ്ടുപിടിത്തമായിരുന്നു അവരുടെ വിശദീകരണത്തിൽ ഉണ്ടായിരുന്നത്.
അമേരിക്കയിലെ പഠനത്തിനുശേഷം ഇംഗ്ലണ്ടിലെ കാവൻഡിഷ് ലബോറട്ടറിയിലേക്ക് ചേക്കേറിയ വാട്‌സൺ ഫ്രാൻസിസ് ക്രിക്കുമായി ചേർന്നുകൊണ്ടാണ് വിപ്ലവകരമായ ഈ കണ്ടുപിടിത്തം നടത്തിയത്. കേവലം 25 വയസ്സിലാണ് വാട്‌സൺ തന്റെ ഡി.എൻ.എ ഘടന ഗവേഷണം പ്രസിദ്ധീകരിക്കുന്നത്. ആധുനിക ജീവശാസ്ത്രത്തിന് അടിത്തറ പാകിയ വാട്‌സന്റെ കണ്ടുപിടിത്തം ഡാർവിന്റേയും വാലസ്സിന്റേയും പരിണാമ പഠനങ്ങൾക്കും ഗ്രിഗർമെന്റലിന്റെ ജനിതക പഠനങ്ങൾക്കും അർത്ഥവ്യാപ്തി നൽകിയതാണ് വാർട്‌സന്റെ ഇരട്ടപ്പിരിയൻ ഗോവണി ഡി.എൻ.എ ഘടന. പഠനത്തിന്റെ മൗലികത എന്നത് ഡി.എൻ.എ തന്മാത്രയിലെ പ്രധാന നൈട്രജൻ ബേസുകളായ അഡിനൈൻ, തൈമിൻ അടങ്ങിയ പ്യൂരിൻ ഗ്രൂപ്പും ഗ്വാനിൻ, സൈറ്റോസിൻ അടങ്ങിയ പിരമിഡിൻ ഗ്രൂപ്പും തമ്മിലുള്ള ജോടി ബന്ധനം സാധ്യമാകൂ എന്നും അങ്ങനെ ഇണബന്ധനത്താൽ നൈട്രജൻ ബസുകൾ പഞ്ചസാര ഫോസ്‌ഫേറ്റ് നൂലിഴകളാൽ പരസ്പരം കോർത്ത് എണ്ണമറ്റ തന്മാത്രകൾ ചേർന്ന് രൂപപ്പെട്ട സർപ്പിളാകൃതിയിൽ തീർത്ത ജീവരഹസ്യം പേറുന്ന ഡി.എൻ.എ തന്മാത്രയുടെ ഘടന വിശദീകരണം 1962-ലെ നൊബേൽ സമ്മാനത്തിന് അർഹമായ വാട്‌സന്റേയും കൂട്ടരുടേയും മൗലിക കണ്ടുപിടിത്തം. പ്രപഞ്ചത്തിലെ സങ്കീർണവും അത്ഭുതകരവുമായ തന്മാത്രകളാണ് ജീവരഹസ്യം പേറുന്ന ഡീ ഓക്‌സി റൈബോ ന്യൂക്ലിയസ് എന്നറിയപ്പെടുന്ന ഡി.എൻ.എ. ജീവരഹസ്യം തേടിയുള്ള മനുഷ്യന്റെ നൂറ്റാണ്ടുകൾ തേടിയുള്ള യാത്രയെ ചുരുൾനിവർത്തി ലോകത്ത് അവതരിപ്പിച്ച പ്രതിഭകളിലൊരാളായിരുന്നു ജെയിംസ് വാട്സൺ. പതിറ്റാണ്ടുകളുടെ അന്വേഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും പഠനങ്ങൾക്കും ഒടുവിൽ എല്ലാം അവസാനിപ്പിച്ച് നവംബർ മാസത്തിൽ 97-ാം വയസ്സിൽ ഓർമയാകുമ്പോൾ തന്റെ 25 വയസ്സിൽ താനും കൂട്ടരും ചുരുൾനിവർത്തിയ ജീവരഹസ്യങ്ങളുടെ പൊരുളുകളിലൂടെ വികസിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രവും അനുബന്ധ മേഖലകളും.
പ്രതിനായകനായ വാട്‌സൺ
വാട്‌സന്റേയും കൂട്ടരുടേയും ഡി.എൻ.എ ഘടനയുടെ കണ്ടുപിടിത്തത്തിന് ആധാരമായത് ലണ്ടൺ കിങ്സ് കോളേജിലെ പ്രതിഭാശാലിയായ രസതന്ത്രജ്ഞയും എക്‌സ്റേ ക്രിസ്റ്റലോഗ്രാഫാറുമായിരുന്ന റോസ്ലിൻഡ് ഫ്രാങ്ക്ളിൻ എന്ന ഗവേഷകയുടെ കണ്ടെത്തലുകളായിരുന്നു. അവരുടെ സഹപ്രവർത്തകനും ഗവേഷകനുമായിരുന്ന മോറിസ് വിൽകിൻസ് ആണ് അവരുടെ അനുമതികൂടാതെ ഡി.എൻ.എയുടെ എക്‌സ്‌റേ ഡിഫ്രാക്ഷൻ ചിത്രങ്ങൾ വാട്‌സണും കൂട്ടർക്കും കാണിച്ചുകൊടുക്കുകയും അതിന്മേൽ പഠനം നടത്തി പ്രസിദ്ധീകരിച്ചതും. അതുകൊണ്ടുതന്നെ മൗറിസ് വില്‍കിൻസണും വാട്‌സനോടൊപ്പം നൊബേൽ സമ്മാനത്തിൽ പങ്കാളിയായി. എന്നാൽ, അടിസ്ഥാനപരമായി പഠനം നടത്തിയ റോസ്ലിൻഡിന്റെ പഠനങ്ങളെ പഠനവിധേയമാക്കുകയും കൃതാർത്ഥതയില്ലാതെ പ്രസിദ്ധീകരിക്കുകയും ചെയ്തെങ്കിലും നൊബേൽ സമ്മാനത്തിന് അർഹത ഉണ്ടായിട്ടുകൂടി പരിഗണിച്ചിരുന്നില്ല. മാത്രമല്ല, റോസ്ലിൻഡിനു നേരെ സ്ത്രീവിരുദ്ധവും മോശവുമായ പരാമർശവും നടത്തിയ ആളായിരുന്നു വാട്‌സൺ. വളരെ വലിയ വിമർശനങ്ങൾ അതിന്റെ പേരിൽ വാട്‌സണും കൂട്ടർക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രരംഗത്ത് വലിയ വഴിത്തിരിവുകൾ നൽകേണ്ടിയിരുന്ന നിർഭാഗ്യയായ ആ പ്രതിഭാധനയായ ശാസ്ത്രജ്ഞ അർബുദബാധിതയായി 1958-ൽ മരണത്തിന് കീഴടങ്ങി. ഇന്ന് ശാസ്ത്രലോകം ഡി.എൻ.എയുടെ ഘടനയുടെ കണ്ടുപിടിത്തത്തിന് അടിത്തറ പാകിയ വ്യക്തി എന്ന നിലയിൽ റോസ്ലിൻഡ് ഫ്രാങ്ക്ലിന് അർഹമായ സ്ഥാനം നൽകിവരുന്നു എന്നതാണ് കാലത്തിന്റെ കാവ്യനീതി.
2007-ലും 2009-ലും വാട്‌സൺ നടത്തിയ പരാമർശങ്ങൾ പരക്കെ എതിർപ്പുകൾ വാങ്ങിക്കൂട്ടി. ഡി.എൻ.എയുടെ ഘടന കണ്ടുപിടിത്തത്തിൽ നിർണായക സംഭാവന നൽകിയ റോസ്ലിൻഡ് ഫ്രാങ്ക്ളിനെക്കുറിച്ച് അദ്ദേഹത്തിന്റെ പുസ്തകമായ ‘ദി ഡബിൾ ഹെലിക്‌സ്’ൽ ലൈംഗിക പരാമർശങ്ങളോടെയാണ് വാട്‌സൺ ചിത്രീകരിച്ചത്. വാട്സന്റെ വ്യക്തിത്വത്തിൽ കൂടുതൽ അവമതിപ്പുണ്ടാക്കിയ സംഭവമായിരുന്നു അത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ഫ്രാൻസിസ് ക്രിക്കുപോലും റോസ്ലിനെക്കുറിച്ചുള്ള പരാമർശത്തിനെതിരെ വന്നു.
2007-ൽ ലണ്ടനിലെ സൺഡേ ടൈം പത്രത്തിനു നൽകിയ അഭിമുഖത്തിൽ വാട്‌സൺ പറഞ്ഞത്: “ആഫ്രിക്കയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്നിൽ വിഷാദം അന്തർലീനമായിരിക്കുന്നു; കാരണം അവരുടെ ബൗദ്ധികശേഷിയെ സമൂഹം നമ്മുടേതുപോലെ കാണുന്നു. യഥാർത്ഥത്തിൽ അവർക്ക് അതില്ല” എന്ന വംശവെറിയുടെ ഏറ്റവും വിഷലിപ്തമായ വാചകങ്ങളായിരുന്നു അവ. ജീവരഹസ്യത്തിന്റെ ചുരുൾനിവർത്തിയ ഒരു ജീവശാസ്ത്രകാരനിൽനിന്നും ഒരിക്കലും ഉയരാൻ പാടില്ലാത്ത അത്തരം ചിന്താഗതി ഒരാധുനിക മനുഷ്യന്റെ സാമാന്യ ചിന്തകൾക്കുപോലും നിരക്കുന്നതായിരുന്നില്ല.
മെലിഞ്ഞ ശരീരപ്രകൃതക്കാർ തടിച്ച ശരീരമുള്ളവരെക്കാൾ ആഗ്രഹങ്ങൾ ഉള്ളവരെന്നും തടിച്ച ശരീരമുള്ളവർ ജോലികൾക്ക് മികച്ചവരല്ലെന്നുമുള്ള പരിഹാസപരമായ പ്രസ്താവനകൾ പൊതുസമൂഹത്തിൽ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. തൊലിയുടെ നിറവും ലൈംഗികശേഷിയും തമ്മിലുള്ള ബന്ധം, LGBTQ സമൂഹങ്ങളെക്കുറിച്ചുള്ള പ്രസ്താവന എന്നിവ ഒരു പരിഷ്‌കൃത സമൂഹങ്ങൾക്കും ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു.
തുടര്‍ച്ചയായി നടത്തിയ മോശവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ സഹപ്രവർത്തകരടങ്ങിയ സ്ത്രീ സമൂഹങ്ങൾക്കിടയിൽ വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴിവച്ചത്. സയൻസിൽ മാത്രമല്ല, മറ്റൊരു മേഖലയിലും സ്ത്രീകൾ മികച്ചവരല്ലെന്നും “ഒരു ഫെമിനിസ്റ്റിന്റെ ഏറ്റവും അനുയോജ്യമായ താമസസ്ഥലം മറ്റൊരു വ്യക്തിയുടെ ലാബോറട്ടറിയിലാണെന്നും” ഉള്ള മോശമായ ലൈംഗികച്ചുവയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതായിരുന്നു. ഗർഭിണികളായ സ്ത്രീകൾ ജനിതക പരിശോധനകൾ നടത്തി ഭ്രൂണത്തിന്റെ സെക്ഷ്വാലിറ്റി നിർണയിക്കണമെന്നും ഹോമോസെക്ഷ്വൽ ആണെങ്കിൽ ഗർഭഛിദ്രം നടത്തണമെന്നുമുള്ള വാട്‌സന്റെ പ്രാകൃതവും മാനുഷികപരിഗണന അർഹിക്കാത്തതുമായ അഭിപ്രായത്തെ ഞെട്ടലോടെയാണ് ശാസ്ത്രസമൂഹങ്ങളും പൊതുജനങ്ങളും ശ്രവിച്ചത്. 2000-ൽ അദ്ദേഹം നടത്തിയ മറ്റൊരു വിവാദ പ്രസ്താവന തൊലിനിറവുമായി ബന്ധപ്പെട്ടതാണ്. ഇരുണ്ട തൊലിനിറത്തിനു കാരണമായ മെലാനിൻ എന്ന വർണവസ്തുവിന് ലൈംഗികശേഷിയുമായി അഭേദ്യമായ ബന്ധമുണ്ടെന്നും അതുകൊണ്ടാണ് വെളുത്ത വർഗക്കാരുടെ പ്രണയിനികളായി ലാറ്റിൻ അമേരിക്കയിൽ നിന്നുള്ളവർ ആയിരിക്കുന്നത് എന്നും വെളുത്ത തൊലിയുള്ളവരെ രോഗികളായി മാത്രമേ നിങ്ങൾക്ക് കിട്ടുകയുള്ളൂ എന്നുമായിരുന്നു. യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലാത്ത അദ്ദേഹത്തിന്റെ പ്രസ്താവനകളെ മുഴുവൻ സമൂഹങ്ങളും തള്ളിപ്പറയുകയും തൊഴിൽമേഖലയിലും ശാസ്ത്രസമൂഹത്തിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഇടയിലും അവമതിപ്പും ഒറ്റപ്പെടലിനും ഇടയാക്കി. ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ഫ്രാൻസിസ് കോളിൻസ് വാട്‌സന്റെ വാക്കുകളെ തെറ്റിദ്ധരിപ്പിക്കുന്നതും വളരെ വേദന ഉണ്ടാക്കുന്നതുമായ അശാസ്ത്രീയ പരാമര്‍ശങ്ങളെന്നാണ് അഭിപ്രായപ്പെട്ടത്.
ഇതേത്തുടർന്ന് നാലുപതിറ്റാണ്ട് ജോലിചെയ്ത കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറി അദ്ദേഹത്തിനു നൽകിയ എല്ലാ പദവികളും പിൻവലിക്കുകയും ചാൻസിലർ പദവിയിൽനിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
2014-ൽ നടന്ന ലേലത്തിൽ തന്റെ നൊബേൽ സമ്മാനം 4.8 മില്യൺ ഡോളർ വിലയ്ക്ക് വിറ്റ നൊബേൽ സമ്മാനജേതാവുകൂടിയാണ് വാട്‌സൺ. അലിഷർ ഉസ്‌മാനോവ് എന്ന റഷ്യൻ ശതകോടീശ്വരൻ വാങ്ങി വാട്‌സന്റെ കണ്ടുപിടിത്തങ്ങളോടുള്ള ആദരസൂചകമായി തിരികെ കൊടുക്കുകയും ചെയ്തു. അതിനാധാരമായത് അദ്ദേഹത്തിന്റെ വിവാദപരാമർശങ്ങളായിരുന്നു. ശാസ്ത്രസമൂഹം തിരസ്‌കരിച്ച തനിക്ക് അവാർഡുകളുടെ ആവശ്യം ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അതിനെ ന്യായീകരിച്ചത്.
ആധുനിക സമൂഹത്തിലെ ഒരു സാധാരണ മനുഷ്യനിൽനിന്നുപോലും ഉണ്ടാകാൻ പാടില്ലാത്തത്ര മനുഷ്യത്വവിരുദ്ധവും അശാസ്ത്രീയവും യുക്തിരഹിതവും അപകടകരവും വിവേചനപരവുമായ പ്രസ്താവനകൾ പ്രത്യകിച്ചും ജനിതകരഹസ്യം കണ്ടെത്തിയ ഒരു ശാസ്ത്രജ്ഞനിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്തതായിരുന്നു. ശാസ്ത്രഗതിയെ മാറ്റിമറിച്ച ശാസ്ത്രജ്ഞനെന്ന് വാഴ്‌ത്തുമ്പോഴും ഒരു പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത ചിന്തകൾ പേറുന്ന അവമതിപ്പുളവാക്കുന്ന വ്യക്തിത്വമായി ജീവിക്കുകയായിരുന്നു വാട്‌സൺ. ജനിതക ജീവരഹസ്യങ്ങളുടെ ചുരുൾനിവർത്തിയെങ്കിലും വംശീയതയുടേയും യാഥാസ്ഥിതികത്വത്തിന്റേയും ചുരുളിൽനിന്നും പുറത്തേക്കുവരാൻ വാട്‌സൺ എന്ന മഹാപ്രതിഭയ്ക്ക് കഴിഞ്ഞിരുന്നില്ല.
2018-ൽ പ്രശസ്ത അമേരിക്കൻ ചാനൽ PBS അവതരിപ്പിച്ച ‘അമേരിക്കൻ മാസ്റ്റേഴ്‌സ്: ഡികോഡിങ് വാട്‌സൺ’ ഡോക്യുമെന്ററി പരിപാടിയിൽ താങ്കളുടെ വിദ്വേഷപരാമർശങ്ങളിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു വാട്‌സന്റെ മറുപടി. ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്ത വിശ്വാസത്തെ മുറുകെപിടിച്ചുകൊണ്ട് വാട്‌സൺ ഉയർത്തിയ വംശീയവും ലിംഗപരവും ശാരീരിക പരിമിതികളെ പരിഹസിക്കുകയും ഒക്കെ ചെയ്ത പരാമർശങ്ങളിൽ തകർന്നുവീണത് ലോകം കണ്ട എക്കാലത്തേയും മഹാനായ ശാസ്ത്രജ്ഞന്റെ ഔന്നത്യവും. മാനവികതയോടുള്ള ശാസ്ത്രകാരന്റെ സാമൂഹിക ഉത്തരവാദിത്വവുമാണ്. ശാസ്ത്രവളർച്ച എന്നത് സാമൂഹിക അപനിർമിതികളേയും അസമത്വങ്ങളേയും ഇല്ലായ്മ ചെയ്യുന്നതിൽ ഗണ്യമായ പങ്കുവഹിക്കുന്നതാണ്. ശാസ്ത്രസത്യങ്ങൾ നിരാകരിക്കാൻ കഴിയാത്തതും സാമൂഹിക പരിവർത്തനങ്ങൾക്ക് സാധ്യമായതുമാകയാൽ ശാസ്ത്രമേഖലയിൽ നിന്നുള്ള അറിവുകൾക്ക് സാമൂഹിക വികസനമൂല്യങ്ങൾ കല്പിച്ചുകൊണ്ടാണ് സമൂഹം അതിനെ ഉൾക്കൊള്ളുന്നത്. അതിനാൽ സാമൂഹിക അസമത്വങ്ങളേയും അശാസ്ത്രീയതയാൽ രൂപപ്പെട്ട സാമൂഹിക ചിന്തകളേയും അപ്രസക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണ് ശാസ്ത്രസമൂഹം. എന്നാൽ, അവരിൽനിന്നും വംശീയവെറിയും ലിംഗപരവും സ്ത്രീവിരുദ്ധ ലൈംഗിക പരാമർശങ്ങളും ഉണ്ടായാൽ മറ്റെന്തിനെക്കാളും അപകടകരമാണ്.
ശാസ്ത്രസമൂഹങ്ങളും മറ്റു സമൂഹങ്ങളെന്നപോലെ കൂടുതൽ പുരോഗമന ചിന്തയിലൂടെ പോകേണ്ടതുണ്ട്. പുരുഷമേധാവിത്വവും സ്ത്രീവിരുദ്ധ ലൈംഗിക പരാമർശങ്ങളും വംശീയവെറിയും ശാസ്ത്രസമൂഹങ്ങൾക്കുള്ളിലും നിലകൊള്ളുന്നത് ആപല്‍ക്കരമാണ്. ജെയിംസ് വാട്‌സൺ എന്ന പ്രതിഭാശാലിയായ ശാസ്ത്രകാരന്റെ ഔന്നത്യം കളങ്കപ്പെട്ടത് ഒരു പരിഷ്‌കൃത സമൂഹത്തിനും നിരക്കാത്ത ഇത്തരത്തിലുള്ള വിമർശനങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും ആയിരുന്നു. കളങ്കിതനായ വാട്‌സനെതിരെ ഫ്രാൻസിസ് ക്രിക്കുൾപ്പെടെ ശാസ്ത്രസമൂഹങ്ങൾ മുന്നോട്ടുവന്നു. അതിൽ പ്രതിഷേധിച്ചുകൊണ്ട് തന്റെ സ്വർണമെഡൽ ലേലത്തിൽ വിറ്റു. തന്നെ നിഷേധിച്ച ശാസ്ത്രസമൂഹത്തോടുള്ള പ്രതിഷേധം എന്നാണ് അതിനെപ്പറ്റി വാട്‌സൺ പറഞ്ഞത്.
ശാസ്ത്രലോകം കണ്ട ഏറ്റവും വലിയ ഗവേഷണ പദ്ധതിയായ ഹ്യൂമൻ ജിനോം പ്രോജക്ടിന്റെ നേതൃത്വത്തിൽ സജീവമായിരുന്ന വാട്‌സന്റെ വിവാദ പരാമർശങ്ങൾ പ്രതിഭ എന്ന നിലയിൽ അദ്ദേഹം അർഹിക്കുന്ന എല്ലാ ബഹുമാനവും പരിഷ്‌കൃതസമൂഹം തിരസ്‌കരിച്ചു. മരണം വരെയും അതിൽ ഖേദിച്ചിരുന്നില്ല എന്നുമാത്രമല്ല, വിവാദ പരാമർശങ്ങളൊന്നും തന്നെ തിരുത്തിപ്പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല. ഒരുവശത്ത് മഹത്തരമായ ജീവരഹസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ എന്ന ഖ്യാതിയും മറുവശത്ത് സങ്കുചിതമായ ചിന്തകളുടെ വികൃതമായ മുഖവുമായിരുന്നു ലോകം കണ്ട എക്കാലത്തേയും മികച്ച ശാസ്ത്രജ്ഞനായ ജെയിംസ് വാട്‌സൺ എന്നത് ഇനിയും ചുരുളഴിക്കാൻ കഴിയാത്ത ജനിതക രഹസ്യം തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

