മമ്മൂട്ടി ഇനി എന്ത് വേഷം ചെയ്യും?
ചില സമയങ്ങളില്‍ ഞാന്‍ ഏകാന്തതയില്‍ ഇരിക്കുമ്പോള്‍ ഒത്തിരി ചിന്താശകലങ്ങള്‍ എന്റെ മനസ്സിലേയ്ക്ക് അറിയാതെ കടന്നുവരാറുണ്ട്. എന്നാല്‍, അവസാനം ഓര്‍മകള്‍ ചെന്നവസാനിക്കുന്നത് ആദ്യകാല മലയാളസിനിമയും അതിലെ നായകന്മാരായി വിലസിയിരുന്ന സത്യന്‍, നസീര്‍, മധു എന്നീ ത്രിമൂര്‍ത്തികളിലുമാണ്. എന്റെ ‘യൗവ്വനാരംഭ’കാലം മുതലുള്ള ഒരു ശീലമാണത്. അതിപ്പോഴും വിട്ടുമാറാതെ അങ്ങനെത്തന്നെ എന്റെ ഉള്ളില്‍ കിടക്കുന്നുണ്ട്. അന്ന് എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയിരുന്നത് സത്യന്റെ അഭിനയത്തോടായിരുന്നു. അക്കാലത്ത് അദ്ദേഹത്തെ ഒന്നു കാണാനായി ഒത്തിരി മോഹിച്ച് ഞാന്‍ നടന്നിട്ടുണ്ട്. എവിടെപ്പോയി കാണാനാണ്?
അങ്ങനെ അദ്ദേഹത്തിന്റെ സിനിമകള്‍ മുടങ്ങാതെകണ്ട് നടക്കുമ്പോഴാണ് 1970-ലെ ഏതോരു ദിവസംരാത്രി. ഞാനും എന്റെ സുഹൃത്ത് ആര്‍ട്ടിസ്റ്റ് കിത്തോയുംകൂടി എറണാകുളം കവിതയില്‍ സത്യനും ശാരദയും അഭിനയിച്ച ‘സ്ത്രീ’ എന്ന സിനിമയുംകണ്ട് വീട്ടിലേയ്ക്കുള്ള നടത്തത്തിനിടയില്‍ പെട്ടെന്നാണ് ഒരു നിമിത്തംപോലെ പത്മാതിയേറ്ററിനു മുന്‍പിലുള്ള സിനിക്ലബ്ബിന്റെ പടവുകളിറങ്ങി സത്യന്‍ താഴേയ്ക്ക് വരുന്നത് ഒരു നിഴല്‍വെട്ടംപോലെ എന്റെ കണ്ണില്‍ പതിഞ്ഞത്.
അദ്ദേഹത്തെ കണ്ടപാടേ, “എടാ, കിത്തോ ദേടാ സിനിമാനടന്‍ സത്യന്‍” എന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഒരു മിന്നലുപോലെ സത്യന്റെ കാറിനടുത്തേയ്ക്ക് ഓടുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ എന്റെ കാലുകള്‍ക്ക് വേഗതപോരാ എന്ന് തോന്നിയ നിമിഷമായിരുന്നത്. പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സത്യന്റെ കരുത്തുറ്റ കാലുകള്‍ക്ക് എന്നെക്കാള്‍ ചടുലത ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്നുതന്നെ അദ്ദേഹം കാറില്‍ കയറിപ്പോവുകയായിരുന്നു.
സത്യന്റെ കൃഷ്ണനിറവും, രാത്രിയുടെ കറുപ്പുംകൂടിയായപ്പോള്‍ അദ്ദേഹത്തിന്റെ മുഖം ഒരു മിന്നായംപോലെയേ എനിക്കു കാണാനായുള്ളൂ. കിത്തോ എന്റെ പുറകെ ഓടിയെത്തിയപ്പോഴേയ്ക്കും സത്യന്റെ കറുത്ത അംബാസിഡര്‍ കാറിന്റെ പുറകുവശംമാത്രംകണ്ട് അവന് തൃപ്തിയടയേണ്ടി വന്നു.
പിന്നെയും സത്യനെന്ന നടനസ്വരൂപത്തെ ഒരു നോക്ക് കാണാനായി ആലുവ ഗസ്റ്റ് ഹൗസിലും ബോള്‍ഗാട്ടി പാലസിലുമൊക്കെയായി പലവട്ടം ഞാന്‍ കയറിയിറങ്ങി നടന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇനിയും സത്യനെ കാണാനുള്ള അവസരം വന്നു വീഴാതിരിക്കില്ലെന്നുള്ള ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ നടക്കുമ്പോഴാണ് ഒരു വര്‍ഷം പോലുമാവും മുന്‍പേ തന്റെ സ്വഭാവംപോലെത്തന്നെ യാതൊരു കൂസലുമില്ലാതെ അസാമാന്യമായ ചങ്കൂറ്റത്തോടെ രണ്ടു കയ്യുംവീശി 1971 ജൂണ്‍ 15-ന് സത്യന്‍ മരണമെന്ന സത്യത്തിന്റെകൂടെ അനന്തതയിലേയ്ക്ക് നടന്നുനീങ്ങിയത്.
സത്യന്‍ വിടപറഞ്ഞ് നീണ്ട പത്താണ്ടുകള്‍ക്കുശേഷം മലയാള സിനിമാ പാരമ്പര്യത്തിന്റെ വഴികള്‍വിട്ട് പുതിയ പ്രവണതകള്‍ അന്വേഷിക്കാന്‍ തുടങ്ങിയ 1980-ന്റെ തുടക്കത്തിലാണ് മമ്മൂട്ടി, മോഹന്‍ലാന്‍ എന്ന രണ്ടു യുവനക്ഷത്രങ്ങള്‍ വെള്ളിത്തിരയുടെ വെള്ളവെളിച്ചത്തിലേയ്ക്ക് കടന്നുവന്നത്.
ഈ ലക്കത്തെ എന്റെ നായകസ്വരൂപങ്ങള്‍ എന്ന പംക്തിയില്‍ സത്യനെന്ന മഹാനടന്‍ ചെയ്തതിനെക്കാള്‍ ഒത്തിരി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്തു നമ്മളെയെല്ലാം വിസ്മയിപ്പിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചാണ് ഞാനിവിടെ കുറിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം വെറൈറ്റി റോളുകള്‍ ചെയ്തിട്ടുള്ള മറ്റൊരു നടന്‍ വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇനി മമ്മൂട്ടി ചെയ്യാത്ത എന്തു വേഷമാണുള്ളത്? ഞാന്‍ ഒത്തിരി ഇരുന്ന് ആലോചിച്ചപ്പോള്‍ എന്റെ മനസ്സിലേയ്ക്കു കടന്നുവന്നത് മഹാഭാരതത്തിലെ കര്‍ണനെയാണ്.
കുരുക്ഷേത്ര യുദ്ധഭൂമിയില്‍നടന്ന ചതിയും പകപോക്കലും ക്രൂരതയും അപമാനവും അനുഭവിച്ച കുന്തിപുത്രനായ രാധേയന്റെ വീരോജ്വലമായ എന്നീ കഥാപാത്രത്തെ മമ്മൂട്ടിയെന്ന നടനവൈഭവത്തിനല്ലാതെ മറ്റാര്‍ക്കും അഭിനയിച്ച് ഫലിപ്പിക്കാനാവുമെന്ന് എനിക്കു തോന്നുന്നില്ല.
മധുസാറിനെപ്പോലെ തന്നെ നീണ്ട 45 വര്‍ഷക്കാലത്തെ ഇഴയടുപ്പമാണ് ഞാനും മമ്മൂട്ടിയും തമ്മിലുള്ളത്. അതിന്റെ നാള്‍വഴിയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
1980 ഡിസംബര്‍ ആദ്യ ഞായറാഴ്ച. ഉച്ചയ്ക്ക് ഒരു മണിയോടടുത്ത സമയം. സ്ഥലം എറണാകുളം എം.ജി. റോഡിലുള്ള ന്യൂ വുഡ്‌ലാന്‍സ് ഹോട്ടല്‍.
സംവിധായകന്‍ പി. ചന്ദ്രകുമാറും അസോസിയേറ്റായ സത്യന്‍ അന്തിക്കാടും ഞാനും ജോണ്‍പോളുംകൂടി ‘സംഭവം’ എന്ന ചിത്രത്തിന്റെ ഡിസ്‌കഷനുവേണ്ടി ഒത്തുകൂടിയിരിക്കുകയാണ്. ചര്‍ച്ച ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നുള്ള കോളിംഗ് ബെല്‍ ശബ്ദംകേട്ടു റൂം ബോയി ആയിരിക്കുമെന്നു കരുതി ഞാന്‍ ചെന്നു ഡോര്‍ തുറന്നു.
മുന്‍പില്‍ ബെല്‍ബോട്ടം പാന്റും ഷര്‍ട്ടും ധരിച്ച് പാതി വിടര്‍ന്ന പുഞ്ചിരിയുമായി സുമുഖനായ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു.
“എന്റെ പേര് മുഹമ്മദുകുട്ടി. ഞാന്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ സാര്‍ പറഞ്ഞിട്ട് വന്നതാണ്. ചന്ദ്രകുമാര്‍ സാറുണ്ടോ?”
യേശുദാസന്‍ എന്നു കേട്ടപ്പോള്‍ ഞാനയാളോട് അകത്തേയ്ക്ക് വരാന്‍ പറഞ്ഞു.
കക്ഷി പതുക്കെ അകത്തേയ്ക്കു കയറി പോക്കറ്റില്‍നിന്ന് ഒരു കവര്‍ എടുത്ത് എന്റെ നേരെ നീട്ടി.
“ഇത് ചന്ദ്രകുമാര്‍ സാറിനു തരാന്‍വേണ്ടി യേശുദാസന്‍ സാര്‍ തന്നയച്ചതാണ്.”
ഞാന്‍ കത്തു വാങ്ങി അകത്തെ മുറിയിലേയ്ക്ക് നടന്നു.
ആരാണ് അവിടെ വന്നിരിക്കുന്നത് എന്ന ഭാവത്തില്‍ എല്ലാവരും എന്നെ നോക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ കവര്‍ ചന്ദ്രന്റെ നേരെ നീട്ടി.
ചന്ദ്രന്‍ കത്ത് പൊട്ടിച്ചു വായിച്ചു.
“ഈ കത്തുമായി വരുന്ന ചെറുപ്പക്കാരന്‍ ഒരു പുതുമുഖനടനാണ്. നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ‘സംഭവ’ത്തില്‍ എന്തെങ്കിലും നല്ലൊരു സംഭവമുണ്ടെങ്കില്‍ ഇയാളെ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.”
യേശുദാസന്‍ പറഞ്ഞയച്ച ആളായതുകൊണ്ട് കക്ഷിക്ക് എന്തെങ്കിലും ഒരു വേഷം കൊടുത്താല്‍ കൊള്ളാമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രധാനപ്പെട്ട ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകളേയും നേരത്തെത്തന്നെ ഫിക്സ് ചെയ്തിരുന്നതുകൊണ്ട് ഇനി എന്തു കൊടുക്കാനാ? അടുത്ത പടത്തില്‍ ചാന്‍സ് കൊടുക്കാമെന്ന് യേശുദാസനെ വിളിച്ചു പറയാം.
“ഡെന്നീസ് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അയാളെ വേഗം പറഞ്ഞുവിടാന്‍ നോക്ക്.”
ചന്ദ്രന്‍ പറഞ്ഞു.
“ചന്ദ്രന്‍ നേരിട്ട് ചെന്നു പറയുന്നതാണ് അതിന്റെ ഒരു ശരി. ആളേയും കാണാമല്ലോ?” ഞാന്‍ പറഞ്ഞു.
അതൊന്നും ചന്ദ്രന്‍ ചെവിക്കൊണ്ടില്ല. പിന്നെ ഞാന്‍ തന്നെ അയാളുടെ അടുത്തേയ്ക്ക് ചെന്നു. അപ്പോള്‍ അയാള്‍ ഏതോ ചിന്തയില്‍ ഉലാത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ അയാളുടെ മുഖം വികസിച്ചു.
“ഈ പടത്തിന്റെ കാസ്റ്റിങ്ങൊക്കെ നേരത്തെ കഴിഞ്ഞതാണ്. അടുത്തപടത്തില്‍ നോക്കാമെന്നാണ് ചന്ദ്രകുമാര്‍ പറയുന്നത്.”
എന്റെ വാക്കുകളില്‍ അയാള്‍ക്ക് നിരാശയുള്ളതായി എനിക്കു തോന്നിയില്ല. വളരെ സൗമ്യതയോടെനിന്ന് എന്നോട് സിനിമാവിശേഷങ്ങള്‍ ചോദിച്ചറിയുകയായിരുന്നു അയാള്‍.
തുടര്‍ന്ന് അയാള്‍ തന്റെ ബയോഡാറ്റയുടെ ചുരുളുകള്‍ അഴിച്ചുകൊണ്ടു സിനിമയും അഭിനയവുമാണ് തന്റെ പാഷനെന്നും, മധുസാറാണ് ഫേവറേറ്റ് ഹീറോയെന്നും താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നുമൊക്കെ പറഞ്ഞ് വാചാലനാകാന്‍ തുടങ്ങിയപ്പോള്‍ ഞാനാകെ ടെന്‍ഷനിലായി.
ഡിസ്‌കഷനുവേണ്ടി എല്ലാവരും എന്നെ കാത്തിരിക്കുകയാണ്. കക്ഷിയാണെങ്കില്‍ സംസാരമൊട്ടു നിര്‍ത്തുന്നുമില്ല. ഞാന്‍ പെട്ടെന്ന് ഇടയില്‍ കയറി പറഞ്ഞു:
“സോറി, അകത്ത് എല്ലാവരും എന്നെ വെയ്റ്റ് ചെയ്യുകയാണ്. ഇപ്പോള്‍ ചാന്‍സ് കിട്ടിയില്ലെന്ന് കരുതി വിഷമിക്കുകയൊന്നും വേണ്ട. അവസരങ്ങള്‍ ഇനിയും വരുമല്ലോ? ഭാഗ്യമുണ്ടെങ്കില്‍ അടുത്ത പടത്തില്‍ നമുക്കു ഒന്നിച്ചുകൂടാം.”
എന്റെ സംസാരംകേട്ട് പിന്നെ കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ചിരിച്ച മുഖത്തോടെ “ഓള്‍ ദ ബെസ്റ്റ്” പറഞ്ഞുകൊണ്ട് അയാള്‍ മുറിയില്‍നിന്നു പതുക്കെ പുറത്തേയ്ക്കിറങ്ങി.
ആളല്പം വാചകമാണെങ്കിലും അയാളുടെ സംസാരം കേട്ടിരിക്കാന്‍ നല്ല രസമാണ്. ‘സംഭവ’ത്തില്‍ എന്തെങ്കിലുമൊരു വേഷം കൊടുത്താല്‍ കൊള്ളാമെന്ന് എനിക്ക് താല്പര്യമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ?
ഞാന്‍ തിരിച്ച് റൂമിലേയ്ക്ക് ചെന്നപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു:
“അയാളെ പെട്ടെന്ന് ഒഴിവാക്കിവിടാന്‍ പറഞ്ഞിട്ട് താനയാളുടെ വാചകവും കേട്ടിരിക്കുകയായിരുന്നോ?”
ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല. ചന്ദ്രന് അയാളുടെ വാചകമടിയാണ് ഇഷ്ടപ്പെടാതിരുന്നതെന്ന് എനിക്കു തോന്നി.
ചന്ദ്രന്‍ ഉടനെ കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ വിളിച്ചു പറഞ്ഞതിങ്ങനെയാണ്:
“ദയവു ചെയ്ത് ഇങ്ങനെയുള്ള ലാത്തികളെ ഒന്നും ഇങ്ങോട്ട് പറഞ്ഞുവിടരുത്.”
അതിനു യേശുദാസന്‍ എന്തു മറുപടിയാണ് പറഞ്ഞതെന്നു ഞാന്‍ കേട്ടില്ല.
എന്തായാലും ആ അഭിനയമോഹി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായി മാറുകയായിരുന്നു.
അന്ന് ചാന്‍സ് കിട്ടാതെ നിരാശനായി ന്യൂവുഡ്‌ലാന്‍സ് ഹോട്ടലില്‍നിന്നും ഇറങ്ങിപ്പോയ ആ പുതുമുഖ നടനാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടി.
കെ.ജി. ജോര്‍ജിന്റെ ‘മേള’യും പി.ജി. വിശ്വംഭരന്റെ ‘സ്ഫോടന’വും ഐ.വി. ശശിയുടെ ‘തൃഷ്ണ’യും വന്നതോടെ മമ്മൂട്ടിയെന്ന നടനെ ജനം ശ്രദ്ധിക്കാന്‍ തുടങ്ങി. 1982-ല്‍ പുറത്തിറങ്ങിയ ‘യവനിക’യാണ് മമ്മൂട്ടിയെ താരമൂല്യമുള്ള നായകനടനാക്കി ഉയര്‍ത്തിയത്.
ആ സമയത്താണ് ജൂബിലിക്കുവേണ്ടി ഒരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹവുമായി കോട്ടയത്തുള്ള ജോയ് തോമസ് വരുന്നത്. ‘രക്ത’വും ‘കര്‍ത്തവ്യ’വും കഴിഞ്ഞ് ഞാനും ജോഷിയും കൂടി മധുസാറിനെവെച്ചുതന്നെ അടുത്തപടം ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് പുതുമയുള്ള വ്യത്യസ്തമായ ഒരു കുടുംബകഥയുമയായി ജോയിയുടെ പെട്ടെന്നുള്ള വരവ്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഇത് മധു സാറിനു പറ്റിയ റോളല്ലെന്ന് എനിക്കും ജോഷിക്കും തോന്നി. അപ്പോഴാണ് യവനികയിലെ മമ്മൂട്ടിയെക്കുറിച്ച് ഞാനോര്‍ത്തത്.
“ഈ റോള്‍ നമുക്ക് മമ്മൂട്ടിയെക്കൊണ്ട് ചെയ്യിച്ചാലോ?” യവനികയില്‍ അയാള്‍ക്ക് നല്ല പേരാണ്.”
ഞാന്‍ പറഞ്ഞു.
“കൊള്ളാം. ഞാനും അത് ആലോചിക്കാതിരുന്നില്ല. മമ്മൂട്ടിയായിരിക്കും ആപ്റ്റ്”
ജോഷിയും എന്നോട് ചേര്‍ന്നുനിന്നു.
അങ്ങനെയാണ് ‘ആ രാത്രി’ ജനിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി വന്നത് പൂര്‍ണിമ ജയറാമായിരുന്നു. കൂടാതെ സോമന്‍, രതീഷ്, ലാലു അലക്സ്, കൊച്ചിന്‍ ഹനീഫ, രോഹിണി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ഇളയരാജയുടേതായിരുന്നു സംഗീതം.
1983 വിഷുവിനാണ് ‘ആ രാത്രി’ റിലീസ് ചെയ്തത്. ചിത്രം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഈ ചിത്രത്തോടുകൂടിയാണ് മമ്മൂട്ടി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായക നടനായി മാറുന്നത്. തങ്ങളുടെ സങ്കല്പത്തിലെ ഭര്‍ത്താവിന്റെ നേര്‍സ്വരൂപമായിട്ടാണ് മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ അന്നത്തെ സ്ത്രീസമൂഹം കണ്ടിരുന്നത്.
‘ആ രാത്രി’യുടെ വരവോടെയാണ് ഭാര്യയും ഭര്‍ത്താവുംകൂടി ടൂവീലറില്‍ സെക്കന്റ് ഷോ കാണാന്‍ പോകുന്ന ശീലം പെട്ടെന്നൊരു പേടിസ്വപ്നമായി മാറുന്നത്. അന്ന് ഇന്നത്തെപ്പോലെ രാത്രികാലങ്ങളില്‍ വാഹനസൗകര്യമോ ആള്‍സഞ്ചാരമോ ഒട്ടുമില്ലാത്ത വിജനമായ പല റോഡുകളും ഉണ്ടായിരുന്നു. ഭര്‍ത്താവും ഭാര്യയുമായി സെക്കന്റ് ഷോ കഴിഞ്ഞ് ടൂവീലറില്‍ വരുമ്പോള്‍ ഒരു സംഘം ചെറുപ്പക്കാര്‍ ഭര്‍ത്താവിനെ മര്‍ദിച്ച് ഭാര്യയെ കൊണ്ടുപോയി റേപ്പ് ചെയ്യുന്ന ഒരു സീന്‍ ‘ആ രാത്രി’യില്‍ ഉണ്ടായിരുന്നു. അതുപോലെ തങ്ങള്‍ക്കും സംഭവിക്കുമോ എന്നുള്ള ഭയംകൊണ്ട് അന്ന് പല ഫാമിലിയും കുറേക്കാലത്തേയ്ക്ക് സെക്കന്റ്ഷോയ്ക്ക്പോക്ക് ഉപേക്ഷിച്ചിരുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.
‘ആ രാത്രി’യുടെ വന്‍വിജയത്തിനുശേഷം ജൂബിലിക്കുവേണ്ടിത്തന്നെയാണ് ഞങ്ങള്‍ അടുത്ത പടവും ചെയ്തത്. ‘സന്ദര്‍ഭ’മായിരുന്നു ആ ചിത്രം. മമ്മൂട്ടി, സരിത, ബേബി ശാലിനി, സീമ, സുകുമാരന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ഇത്രയധികം സ്ത്രീപ്രേക്ഷകര്‍ തിയേറ്ററിലേയ്ക്ക് ഒഴുകിയെത്തിയ മറ്റൊരു സിനിമ വേറെ ഉണ്ടായിട്ടില്ലെന്നാണ് അന്നത്തെ നിരൂപകരും തിയേറ്ററുടമകളും വിതരണക്കാരുമൊക്കെ ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നത്.
‘സന്ദര്‍ഭം’ എറണാകുളം സരിതയില്‍ ഓടിക്കാനിരിക്കുമ്പോള്‍ നൂണ്‍ഷോ കാണാന്‍വേണ്ടി രാവിലെ 10 മുതല്‍ സ്ത്രീകളുടെ നീണ്ട ക്യൂ തിയേറ്ററിന്റെ ഗേറ്റും കഴിഞ്ഞ് മാര്‍ക്കറ്റ് റോഡുവരെ നീണ്ടുനില്‍ക്കുന്ന കാഴ്ചകണ്ട് ഞാന്‍ അദ്ഭുതംകൂറി നിന്നിട്ടുണ്ട്.
എറണാകുളം സരിത, തിരുവനന്തപുരം അഞ്ജലി തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളില്‍ 150-ലധികം ദിവസമാണ് ‘സന്ദര്‍ഭം’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത്. ഇതോടെയാണ് ജോഷി-മമ്മൂട്ടി-കലൂര്‍ ഡെന്നീസ് ടീം എന്നൊരു പുതിയ കൂട്ടുകെട്ടുതന്നെ ഉണ്ടാകുന്നത്. ‘എറണാകുളം ബെല്‍റ്റ്’ എന്ന പേരിലായിരുന്നു ഞങ്ങളുടെ ഈ കൂട്ടുകെട്ടിനെ സിനിമക്കാര്‍ക്കിടയില്‍ പരക്കെ അറിയപ്പെട്ടിരുന്നത്.
ആ രാത്രി, സന്ദര്‍ഭം, കോടതി, കഥ ഇതുവരെ, ക്ഷമിച്ചു എന്നൊരു വാക്ക്, ഇനിയും കഥ തുടരും, മുഹൂര്‍ത്തം 11.30-ന്, ഒന്നിങ്ങു വന്നെങ്കില്‍ തുടങ്ങിയ പത്തോളം സിനിമകളാണ് ഞങ്ങളുടെ ഈ കൂട്ടുകെട്ടില്‍ പുറത്തുവന്നത്.
ജോഷിയെകൂടാതെ പി.ജി. വിശ്വംഭരന്‍, ചക്കരയുമ്മ സാജന്‍, കെ. മധു, പ്രശാന്ത് തുടങ്ങിയവര്‍ക്കുവേണ്ടിയും ഞാന്‍ മമ്മൂട്ടിക്കുവേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്. 1982 മുതല്‍ 1987 ജനുവരി വരെയുള്ള അഞ്ചുവര്‍ഷക്കാലയളവില്‍ ഇരുപത്തിമൂന്നോളം ചിത്രങ്ങളാണ് ഞാന്‍ മമ്മൂട്ടിക്കുവേണ്ടി എഴുതിയിട്ടുള്ളത്.
1986 വിഷുവിന് എന്റെ മൂന്നു സിനിമകളാണ് ഒരേ ദിവസം റിലീസായത്. മൂന്നിലും നായകന്‍ മമ്മൂട്ടിയായിരുന്നു. ജോഷിയുടെ ‘ക്ഷമിച്ചു എന്നൊരു വാക്ക്’ പി.ജി. വിശ്വംഭരന്റെ ‘പ്രത്യേകം ശ്രദ്ധിക്കുക’, കെ. മധുവിന്റെ ‘മലരും കിളിയു’മാണ് ആ മൂന്നു ചിത്രങ്ങള്‍. മൂന്നും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചവയായിരുന്നു. ഏറ്റവും വാണിജ്യമൂല്യമുള്ള ഒരു നായകനടന്റെ മൂന്നു ചിത്രങ്ങള്‍ക്ക് ഒരേ സമയം തിരക്കഥയെഴുതാന്‍ കഴിയുക എന്നത് ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍പോലും സാധിക്കുമോ?
‘സന്ദര്‍ഭ’ത്തിലൂടെ സൂപ്പര്‍താരപദവി നേടാന്‍ കഴിഞ്ഞെങ്കിലും വ്യത്യസ്തമായ റോളുകള്‍ ചെയ്യാന്‍ കഴിയാത്തതില്‍ മമ്മൂട്ടി വല്ലാതെ ഖിന്നനായിരുന്നു. പിന്നീട് അതിനുള്ള തയ്യാറെടുപ്പിലായിരുന്നു കക്ഷി. തന്റെ സ്വതസിദ്ധമായ അഭിനയശൈലിയില്‍നിന്നു തികച്ചും വ്യത്യസ്തമായ ഭാവപ്രകടനത്തിലൂടെ ശരീരഭാഷയിലും ഉച്ചാരണത്തിലും ചമയങ്ങളിലുമെല്ലാം സൂക്ഷ്മപരമായ ഒരു കരുതല്‍ കാത്തുസൂക്ഷിച്ചുകൊണ്ട് നാട്യങ്ങളില്ലാത്ത ഒരു നടനവൈഭവമാണ് പിന്നീട് നാം മമ്മൂട്ടിയിലൂടെ കണ്ടത്.
ഇതിനിടയിലാണ് ഞാനും മമ്മൂട്ടിയും തമ്മില്‍ ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയിരുന്ന ഒരു ചെറിയ-വലിയ പിണക്കത്തിന്റെ തീപ്പൊരി ഞങ്ങള്‍ക്കിടയില്‍ വന്നുവീണത്. ഒരു നിര്‍മാതാവിന്റെ കോള്‍ഷീറ്റ് സംബന്ധിച്ചുള്ള സംസാരത്തിനിടയില്‍ ഞങ്ങള്‍ തമ്മില്‍ നന്നായിട്ടൊരു വാഗ്വാദം തന്നെ നടന്നു. ഒന്നോര്‍ത്താല്‍ കോള്‍ഷീറ്റ് സംബന്ധമായ വിഷയങ്ങളിലൊന്നും റൈറ്റര്‍ ഇടപെടേണ്ട കാര്യമില്ല. പ്രൊഡ്യൂസറുടേയും സംവിധായകന്റേയും അവസ്ഥ മനസ്സിലാക്കിയപ്പോഴാണ് പെട്ടെന്ന് എനിക്ക് കയറി ഇടപെടേണ്ടിവന്നത്. ഇന്നായിരുന്നെങ്കില്‍ നായകനടന്റെ കൂടെനിന്ന് ഒന്നു രണ്ട് കോള്‍ഷീറ്റും ഒപ്പിച്ചെടുത്ത് റൈറ്റര്‍മാര്‍ സ്വന്തമായി പടം ചെയ്യുമായിരുന്നു.
ഞങ്ങളുടെ ഈ പിണക്കം എങ്ങനെയോ അറിഞ്ഞ്, ഇവിടുത്തെ ഒരു വലിയ പത്രത്തിന്റെ ലേഖകന്‍ എന്നെ കാണാന്‍ വന്നു. അയാള്‍ വളരെ സ്നേഹപൂര്‍വം ഓരോ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ഞാന്‍ പറയാത്ത കാര്യങ്ങള്‍വരെ സ്വയം ചമച്ചുണ്ടാക്കി അവരുടെ അടുത്താഴ്ചത്തെ സണ്‍ഡേ സപ്ലിമെന്റില്‍ എന്റെ ഒരു ഫുള്‍പേജ് ഇന്റര്‍വ്യൂ കൊടുത്തു. സംഭവം വിവാദമായി. ആ ഇന്റര്‍വ്യൂകണ്ട് എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നെ വിളിച്ച് സംഗതിയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ തുടങ്ങി.
ഇന്റര്‍വ്യൂവന്ന ദിവസം സംവിധായകന്‍ കെ. മധുവിന്റെ വിവാഹമായിരുന്നു. ഞാനും ജോഷിയുംകൂടിയാണ് മാവേലിക്കരയില്‍ കല്ല്യാണത്തിനു പോയത്. സദ്യ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എന്റെ തോളത്ത് ഒരു കൈവന്നു തട്ടി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ പുറകില്‍ മമ്മൂട്ടി നില്‍ക്കുന്നു.
യാതൊരു ഭാവവ്യത്യാസവുമില്ലാതെ മമ്മൂട്ടി പറഞ്ഞു:
“കൊള്ളാം. തന്റെ ഇന്റര്‍വ്യൂ നന്നായിരിക്കുന്നു. ക്യാരിയോണ്‍.”
ഞാനതുകേട്ട് വല്ലാതെ ഒന്നു ചമ്മി. അവിടെയുണ്ടായിരുന്ന സിനിമാക്കാരെല്ലാവരും മമ്മൂട്ടി എന്റെ അടുത്തുനിന്നു സംസാരിക്കുന്നതുകണ്ട് അദ്ഭുതംകൂറി ഞങ്ങളെ നോക്കുകയായിരുന്നു. മമ്മൂട്ടി വേഗം തന്നെ വധൂവരന്മാരുടെ അടുത്തേയ്ക്കു പോയി.
വേറെ ഏതെങ്കിലും ഒരു ചെറിയ നടനായിരുന്നെങ്കില്‍പോലും ഇങ്ങനെ പെരുമാറാനുള്ള സന്മനസ്സുണ്ടാവുമോ എന്നാണ് ഞാനാദ്യം ചിന്തിച്ചത്. പക്ഷേ, മമ്മൂട്ടി അങ്ങനെയൊന്നും പെരുമാറിയില്ല.
എന്റെ അഭിമുഖംവന്നതിന്റെ പിറ്റേ ദിവസം അതേ പത്രലേഖകന്‍ മമ്മൂട്ടിയുടെ പ്രതികരണം അറിയാന്‍വേണ്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്നു.
“കലൂര്‍ ഡെന്നീസിന്റെ ഇന്റര്‍വ്യൂ കണ്ടില്ലേ? മമ്മൂക്കയ്ക്ക് ഇതേക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?”
“ഏയ് നമ്മുടെ കലൂരാനല്ലേ? എനിക്കൊന്നും പറയാനില്ല.”
മമ്മൂട്ടിക്ക് എന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറയാമായിരുന്നു. പക്ഷേ, എന്നെ കുറ്റപ്പെടുത്തുന്ന ഒരു വാക്കുപോലും ആ നാവിന്‍തുമ്പില്‍നിന്നും വീണില്ല.
വര്‍ഷങ്ങള്‍ പലതു കടന്നുപോവുകയായിരുന്നു. ഒരു ദിവസം ഞാന്‍ തിരുവനന്തപുരത്ത് ടി.എസ്. സുരേഷ്ബാബുവിന്റെ ഏതോ ഒരു സിനിമയുടെ പൂജാചടങ്ങില്‍ പങ്കുകൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്നാണ് മമ്മൂട്ടി അവിടെ കാറില്‍ വന്നിറങ്ങുന്നത് ഞാന്‍ കണ്ടത്. എല്ലാവരുടേയും ശ്രദ്ധ പിന്നെ മമ്മൂട്ടിയിലേയ്ക്കായി.
ഞാന്‍ ഒരു സുഹൃത്തിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് മമ്മൂട്ടി എന്നെ കണ്ടത്. കക്ഷി ഞങ്ങള്‍ തമ്മിലുള്ള പിണക്കത്തിന്റെ യാതൊരു ലാഞ്ഛനയും കാണിക്കാതെ എന്റെയടുത്തേയ്ക്ക് വന്നുകൊണ്ട് ചോദിച്ചു:
“താനെപ്പോള്‍ വന്നു?”
“കുറച്ചുനേരമായി.”
ഞങ്ങള്‍ തമ്മില്‍ കുശലം പറയുന്നതു കേട്ട് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം ഇവര്‍ തമ്മിലുള്ള പിണക്കം മാറിയോ എന്ന അതിശയഭാവമായിരുന്നു.
പടത്തിന്റെ പൂജയും കഴിഞ്ഞ് മമ്മൂട്ടി പോകാനിറങ്ങിയപ്പോള്‍ എന്നോട് ചോദിച്ചു:
“താന്‍ എറണാകുളത്തേയ്ക്കാണെങ്കില്‍ എന്റെ കാറില്‍ നമുക്ക് ഒന്നിച്ച് പോവാം.”
അതു കേട്ടപ്പോള്‍ എന്റെ മുഖത്ത് വിസ്മയം വിടര്‍ന്നു.
“വൈകിട്ടത്തെ ട്രെയിനില്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തുപോയല്ലോ?”
“ങാ... അതു വിളിച്ച് ക്യാന്‍സല്‍ ചെയ്തേക്ക്. എന്റെ കാറില്‍ പോകാം.”
ഡ്രൈവറെ ബാക്കില്‍ ഇരുത്തിയിട്ട് കാറോടിച്ചിരുന്നത് മമ്മൂട്ടിയാണ്. ഞങ്ങളുടെ സംസാരത്തിനിടയില്‍ യാതൊരു സങ്കോചവുമില്ലാതെ ഒരു തുറന്നുപറച്ചില്‍പോലെ മമ്മൂട്ടി പറഞ്ഞു:
“ഞാന്‍ കാരണം തനിക്ക് ചില സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം.”
“അതുകൊണ്ട് എനിക്ക് പുതിയൊരു താരനിരയുണ്ടാക്കാന്‍ കഴിഞ്ഞു.”
അതുകേട്ട് മമ്മൂട്ടി വിസ്തരിച്ചു ചിരിച്ചു.
മമ്മൂട്ടി അങ്ങനെയാണ്. മനസ്സില്‍ ഒന്നുവെച്ചുകൊണ്ട് മറ്റൊന്ന് പറയുന്ന ആളല്ല. പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും തുറന്നുപറയാന്‍ മമ്മൂട്ടിക്ക് യാതൊരു മടിയുമില്ല. ചില നായക നടന്മാരെപ്പോലെ ഒരാളോട് ശത്രുത തോന്നിയാല്‍ അത് ജീവിതകാലം മുഴുവന്‍ പകപോലെ കൊണ്ടുനടക്കുന്ന സ്വഭാവം മമ്മൂട്ടിക്കില്ല. നായകത്വവും ആദര്‍ശവും സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന സാധാരണക്കാരന്റെ ശീലപ്രകൃതമുള്ള മെഗാ മനസ്സിന്റെ ഉടമയാണ് ഈ മഹാനടന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

