Lsazlo Krsaznahorkai
ലാഷ്‌ലോ ക്രാസ്നഹോർക്കൈ,Lsazlo KrsaznahorkaiMatt Dunham

ലാഷ്‌ലോ ക്രാസ്നഹോർക്കൈ: പ്രത്യാശകൾപോലും ദുഃഖമയമാണ്

ലാഷ്‌ലോ ക്രാസ്നഹോർക്കൈയുടെ കൃതികൾ നമ്മുടെ ദാരുണമായ അവസ്ഥയെ നോക്കിക്കാണാനുള്ള വലിയൊരു ദർപ്പണമായി മാറുന്നു.
Published on

‘Heaven is sad’

-Lsazlo Krsaznahorkai in ‘War and War’

നാല് പതിറ്റാണ്ടു പിന്നിട്ട സർഗജീവിതത്തിൽ ഭീതിദവും അസംബന്ധപൂർണവുമായ മനുഷ്യാവസ്ഥയെ, ലാവാപ്രവാഹത്തിന്റെ കട്ടിയുള്ളതും സാന്ദ്രതയുള്ളതുമായ ആഖ്യാനത്തിലൂടെ, ആവിഷ്കരിച്ച ഹംഗേറിയൻ എഴുത്തുകാരനാണ് ലാഷ്‌ലോ ക്രാസ്നഹോർക്കൈ. “മഹാദുരന്തത്തിന്റെ ഭീതിദമായ കാലത്ത് കലയുടെ കരുത്തിനെ പുനഃസ്ഥിരീകരിക്കുന്ന” കൃതികളാണ് അവയെന്നാണ് നൊബേൽ കമ്മിറ്റി നിരീക്ഷിച്ചത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഹംഗറിയിലുണ്ടായ ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്റെ നോവലുകളിലുള്ളത്. ഒട്ടുമിക്ക കൃതികളിലും ക്രമത്തിനും ക്രമരാഹിത്യത്തിനുമിടയിൽപ്പെട്ട് ജീവിക്കുന്നവരുടെ ആന്തരസംഘർഷം കാണാം.

യാഥാർത്ഥ്യത്തിന്റെ ഭ്രാന്തവും അസംബന്ധപൂർണവുമായ തലത്തിലേക്ക് ആഖ്യാനത്തെ ക്രാസ്നഹോർക്കൈ വലിച്ചുനീട്ടുന്നു. ജീർണതയെക്കുറിച്ചുള്ള വിലാപമാണ് ആ കൃതികൾ. ചരിത്രത്തെ വെറും ചവറ്റുകൂമ്പാരമായി കാണുന്ന രചനകളാണവ. സാമുവൽ ബെക്കറ്റിനേയും സെബാൾഡിനേയും ഓർമിപ്പിക്കുന്ന ഈ ഹംഗേറിയൻ എഴുത്തുകാരന്റെ സാന്ദ്രമായ വാക്യങ്ങള്‍ ഒരു പേജോ അതിലധികമോ നീളും. കഥയെക്കാൾ പ്രാധാന്യം ദാർശനിക ചായ്‌വുള്ള വിഷയങ്ങൾക്കാണ്. “മെൽവിലിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ” എന്നും “സമകാലിക സാഹിത്യത്തിലെ മഹാദുരന്തത്തിന്റെ മാസ്റ്റർ” എന്നും ക്രാസ്നഹോർക്കൈയെക്കുറിച്ച് സൂസൻ സൊൻടാഗ് എഴുതിയിട്ടുണ്ട്. ക്രാസ്നഹോർക്കൈയുടേത് വായനക്കാർക്കു ശ്രമകരമാകുന്ന തരത്തിലുള്ള എഴുത്താണ്.

നോവലുകളും കഥകളും തിരക്കഥകളുമെഴുതിയ അദ്ദേഹം നമ്മുടെ പ്രത്യാശകൾപോലും ദുഃഖമയമാണ് (heaven is sad) എന്ന് എഴുതുന്നു. ഭൂമിയിൽനിന്നും വേറിട്ട് നിൽക്കുന്ന ഒരു സ്വർഗത്തെക്കുറിച്ചല്ല ക്രാസ്നഹോർക്കൈ സംസാരിക്കുന്നത്. ഈ ലോകത്തിൽത്തന്നെ സംജാതമായി വരേണ്ട സന്തോഷപൂർണവും ശാന്തിനിറഞ്ഞതുമായ അവസ്ഥയെക്കുറിച്ചാണ്. ഭാവനയിൽ മാത്രം കാണാൻ കഴിയുന്ന ഈ സ്വർഗം യാഥാർത്ഥ്യമല്ലാത്തതുകൊണ്ട് സ്വർഗം (അതിനെക്കുറിച്ചുള്ള സങ്കല്പം) ദുഃഖമയമാണ്. യുദ്ധവും രക്തച്ചൊരിച്ചിലും മനുഷ്യന്റെ നിലവിളിയും ഉയർന്നുനിൽക്കുന്ന ഈ കാലത്ത് സാഹിത്യത്തിനുള്ള നൊബേൽ തേടിയെത്തിയതിൽ സാഹിത്യലോകത്തിനു സന്തോഷിക്കാം.

രണ്ട് തരത്തിലുള്ള സാഹിത്യകാരന്മാരുണ്ട്. ഒന്ന്, കഥയ്ക്ക് പ്രാധാന്യം കൊടുക്കുകയും നന്നായി കഥ പറഞ്ഞു പോകുകയും ചെയ്യുന്നവർ. രണ്ട്, ജീവിതത്തെക്കുറിച്ച്, മനുഷ്യാവസ്ഥയെക്കുറിച്ച്, ഒരു വീക്ഷണം വെച്ച് പുലർത്തുകയും ആ കാഴ്ചപ്പാടിനെ ആവിഷ്കരിക്കാൻ കഥാസന്ദർഭങ്ങൾ ഒരുക്കി അതിനു ഉചിതമായ തരത്തിൽ ആഖ്യാനരീതികൾ കണ്ടെത്തുകയും ചെയ്യുന്നവർ. കമ്യൂ, സാർത്ര്, ബെക്കെറ്റ് എന്നിവരെപ്പോലെ ക്രാസ്നഹോർക്കൈയും രണ്ടാം വിഭാഗത്തിൽപ്പെടും.

ദാർശനിക തലവും സംഘര്‍ഷങ്ങളും

രണ്ടിടങ്ങളിൽ ഒരേസമയം ജീവിക്കുന്ന ഒരു ജീവിയാണ് മനുഷ്യൻ. അവൻ എന്തോ തിരയുന്നുണ്ട്. അത് ദൈവമാകാം, പൂർണതയാകാം, അർത്ഥമാകാം. തിരയുന്നത് കണ്ടെത്താൻ കഴിയാതെ അലയുന്നുമുണ്ട്. ക്രാസ്നഹോർക്കൈയുടെ രചനകളിൽ ഈ സംഘർഷം അതിശക്തമായി അനാവരണം ചെയ്യപ്പെടുന്നു. കസാന്‍ദ് സാക്കീസിലുള്ള ശരീരവും ആത്മാവും തമ്മിലുള്ള സംഘർഷമല്ല അത്. ഹെസ്സെയിലുള്ള ലൗകികതയും അലൗകികതയും തമ്മിലുള്ള സംഘർഷവുമല്ല അത്. പല പ്രപഞ്ചങ്ങളുണ്ട് എന്ന ശാസ്ത്രസിദ്ധാന്തം (multiverse) പോലെ പല യാഥാർത്ഥ്യങ്ങളും ഉണ്ടാകാം. അങ്ങനെയെങ്കിലും അവയ്ക്ക് ഒന്നിനും തന്നെ സാംഗത്യമില്ല എന്ന് ക്രാസ്നഹോർക്കൈ കരുതുന്നു (We have so many damned realities. But not one of them is worth anything).

“നിഗൂഢമായ യാഥാർത്ഥ്യത്തിലേക്ക് സമീപസ്ഥനാകാൻ എനിക്കുള്ള ഏകമാർഗം വാക്കിന്റെ കരുത്താണ്. ഒരേസമയം ഭാവനാലോകത്തും യാഥാർത്ഥ്യത്തിന്റെ ലോകത്തും ഞാൻ ജീവിക്കുന്നു. നിങ്ങളും അങ്ങനെ തന്നെ” എന്ന് ക്രാസ്നഹോർക്കൈ ഒരിടത്തു കുറിക്കുന്നുണ്ട്. Asymptote ജേണലിനുവേണ്ടി നടത്തിയ അഭിമുഖത്തിൽ യാനോഷ് ഷെഗോ യാഥാർത്ഥ്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. ഉള്ളതാണ് യാഥാർത്ഥ്യമെന്നും അതിനെ തിരയാൻ പോകുന്നത് കണ്ണുകൊണ്ട് സ്വന്തം കണ്ണിനെ നോക്കി കാണാൻ ശ്രമിക്കുന്നതുപോലെയാണെന്നുമായിരുന്നു മറുപടി. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അന്വേഷണമെല്ലാം കാപട്യമാണ്. അത്തരത്തിൽ കലയും സാഹിത്യവും കാപട്യമാണ്. അതറിഞ്ഞുകൊണ്ട് താൻ എഴുതാൻ തുടങ്ങി എന്ന് ക്രാസ്നഹോർക്കൈ അഭിപ്രായപ്പെടുന്നു. തുലഞ്ഞുപോകലാണ് (lostness) മനുഷ്യന്റെ വിധി. അതിനോടുള്ള അസാധാരണ പ്രതികരണമാണ് കല എന്നും അഭിമുഖത്തിൽ ക്രാസ്നഹോർക്കൈ കൂട്ടിച്ചേർക്കുന്നു.1

അപൊകാലിപ്‌സ് (apocalypse), പുതിയ നിയമത്തിൽ പ്രവചിക്കുന്നപോലെ, ഭാവിയിൽ വരാനിരിക്കുന്ന ഒരു സന്ദർഭമല്ലെന്നും അന്തിമവിധി ഏറെക്കാലമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്നും ക്രാസ്നഹോർക്കൈ നോവലിസ്റ്റും ‘ദ് ന്യൂയോർക്ക് റെവ്യൂ ഓഫ് ബുക്സ്’നു വേണ്ടി പുസ്തകനിരൂപണം എഴുതുന്നയാളുമായ ഹാരി കുൻസ്രുവിനോട് പറയുന്നുണ്ട്. നമ്മൾ ജീവിക്കുന്ന ഈ കാലം തന്നെയാണ് അപൊകാലിപ്‌സ്.2

സ്ഥായിയല്ലാത്ത, ഗ്രസിക്കാൻ ശ്രമിച്ചാൽ വഴുതിമാറുന്ന, കോടിക്കോടി കണക്കിന് സംഭവങ്ങൾ തീർക്കുന്ന ഭ്രാന്താണ് ഈ ലോകം. ക്രാസ്നഹോർക്കൈ ‘വാർ ആൻഡ് വാർ’ എന്ന രചനയിലേർപ്പെടും മുന്‍പ് ന്യൂയോർക്കിലെത്തി അലൻ ഗിൻസ്ബർഗിനെ പരിചയപ്പെടുന്നുണ്ട്. ഗിൻസ്ബർഗിൽനിന്നാണ് ബുദ്ധിസ്റ്റ് ഫിലോസഫിയെക്കുറിച്ച് അദ്ദേഹം അറിയുന്നത്. ക്രാസ്നഹോർക്കൈയിൽ ബുദ്ധിസ്റ്റ് ദർശനത്തിന്റെ സ്വാധീനം കാണുന്ന നിരൂപകരുണ്ട്. ചരിത്രവും മനുഷ്യസംസ്കാരവും ഒരുതരം ഭ്രാന്താണ് എന്നാണ് ക്രാസ്നഹോർക്കൈ കരുതുന്നത്.

തെക്കുകിഴക്കൻ ഹംഗറിയിലെ ജ്യൂല എന്ന ഗ്രാമത്തിൽ 1954-ൽ ജനിച്ച ലാഷ്‌ലോ കൂടുതൽ കാലവും ജീവിച്ചത് ജർമനിയിലാണ്. ഒറ്റ പുസ്തകം എഴുതി എഴുത്തു ജീവിതം അവസാനിപ്പിക്കണം എന്നു കരുതിയ ക്രാസ്നഹോർക്കൈ പല പുസ്തകങ്ങൾ എഴുതിയതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു: “ആദ്യമെഴുതിയ പുസ്തകം തൃപ്തി തന്നില്ല. അതുകൊണ്ടു രണ്ടാമതൊരു പുസ്തകം എഴുതി. അതിലും തൃപ്തിയുണ്ടായില്ല. അങ്ങനെ മൂന്നാമതൊരെണ്ണം എഴുതി. പിന്നെ പല പുസ്തകങ്ങളും.”3 നൊബേൽ സമ്മാനം ലഭിച്ചു എന്ന വാർത്ത അറിയിച്ച കമ്മിറ്റി അംഗത്തോട് ക്രാസ്നഹോർക്കൈ പറയുന്നു: “ലോകാവസ്ഥയിൽ വളരെ ദുഃഖിതനാണ് ഞാൻ. ഈ ദുഃഖമാണ് എന്നെ എഴുത്തിലേക്ക് നയിക്കുന്നത്. ഭാവനയിലൂടെ ദുഃഖത്തെ മറികടക്കാനാണ് ഈ വിഷമം നിറഞ്ഞ കാലത്തിൽ നമ്മൾ ശ്രമിക്കേണ്ടത്.”

ആദ്യ നോവലായ സേറ്റൻടാംഗോയുടെ (1985) പ്രമേയം ഒരു ഗ്രാമത്തിന്റെ സ്തംഭിക്കലും ജീർണതയുമാണ്. ഗ്രാമജീവിതം അഴുകിപ്പോകുമ്പോൾ ഇറിമിയാസ് എന്ന കഥാപാത്രം രക്ഷകനായി ചമഞ്ഞു നാട്ടുകാരുടെമേൽ ആധിപത്യം സ്ഥാപിക്കുന്നു. അയാൾ ഗ്രാമവാസികളെ നിയന്ത്രിക്കുകയും അവരിൽ അധികാരം ഉറപ്പിക്കുകയും ചെയ്യുന്നു. ഈ ആദ്യ നോവൽ ഹംഗറിയിൽ ജനശ്രദ്ധ നേടി. ക്രാസ്നഹോർക്കൈയുടെ കൂട്ടുകാരൻ ബെല താർ ഈ നോവലിന് തന്റേതായ ചലച്ചിത്രഭാഷ്യം നൽകി. ഏഴു മണിക്കൂർ നീളുന്ന ആ സിനിമ ഉദാത്തമായ ദൃശ്യാനുഭവമാണ്. ക്രാസ്നഹോർക്കൈയുടെ മറ്റു നാല് രചനകളും ബെല താർ ചലച്ചിത്രങ്ങളാക്കി. അവയിലെല്ലാം ബെല താറാടൊപ്പം സ്‌ക്രീൻപ്ലേ എഴുതിയത് ക്രാസ്നഹോർക്കൈ തന്നെയാണ്. യാഥാർത്ഥ്യത്തെക്കുറിച്ച് ഏകമാനമായ ഒരു വീക്ഷണം സാധ്യമല്ലെന്നും പല വ്യഖ്യാനങ്ങൾ നൽകാൻ മാത്രമേ കഴിയുകയുള്ളൂ എന്നും പോസ്റ്റ്‌മോഡേൺ ദർശനം പറയുന്നു. സേറ്റൻടാങ്കോ വ്യത്യസ്ത കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെ പല കാഴ്ചപ്പാടുകൾ ഒരുക്കുന്നു. അത്തരത്തിൽ സേറ്റൻടാങ്കോ ഉത്തരാധുനിക കൃതിയാണ് എന്ന് പറയാം.

അസംബന്ധജടിലമായ ജീവിതത്തിൽ മനസ്സിന്റെ അസ്ഥിരതയനുഭവിക്കുന്ന കഥാപാത്രങ്ങളെ എല്ലാ തീക്ഷ്ണതയോടും കൂടി ക്രാസ്നഹോർക്കൈ തന്റെ നോവലുകളിൽ ആവിഷ്കരിക്കുന്നു. ‘ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്’ എടുക്കാം. മിസ്സസ് പ്ലോഫിന്റെ ട്രെയിൻ യാത്രയോടെയാണ് നോവൽ തുടങ്ങുന്നത്. മദ്യപിക്കുകയും ചീട്ടുകളിക്കുകയും ചെയ്യുന്ന മനുഷ്യരോടൊപ്പം യാത്ര ചെയ്യുന്ന മിസ്സസ് പ്ലോഫ് വിസ്‌കി കഴിച്ച ‘ഷേവ് ചെയ്യാത്ത’ ഒരാൾ ഇത്തിരി പ്രായമായ പ്ലോഫിന്റെ മുലകളിലേക്ക് തുറിച്ചുനോക്കുന്നത് ജനാല ഗ്ലാസ്സിലൂടെ കാണുന്നു. പരിഭ്രാന്തയായ അവർ മുന്നോട്ടു ആയുമ്പോൾ ബ്രായുടെ കൊളുത്തു വിട്ടുപോകുന്നു. ടിക്കറ്റ് പരിശോധിക്കാൻ വരുന്നയാളോട് ടോയ്‌ലെറ്റ് എവിടെയെന്നു അന്വേഷിച്ചു പ്ലോഫ് അവിടേക്കു പോകുന്നു. ടോയ്‌ലെറ്റിനുള്ളിൽ നിൽക്കുമ്പോൾ പൂട്ടിയ കതകിൽ ഒരാൾ മുട്ടുന്നത് കേട്ട് പ്ലോഫ് കൂടുതൽ ഭയചകിതയാകുന്നു. ട്രെയിൻ ഒരിടത്തു നിർത്തുമ്പോൾ അവർ മറ്റൊരു കമ്പാർട്ട്‌മെന്റിലേക്കു പോകുന്നു. അവിടെ നിസ്സാരവും അപ്രസക്തവുമായ വിഷയങ്ങളെക്കുറിച്ച് പ്രായമായ ഒരു സ്ത്രീ പ്ലോഫിനോട് വാതോരാതെ സംസാരിക്കുന്നു. ഇത്തിരി കഴിയുമ്പോൾ ഷേവ് ചെയ്യാത്തയാൾ അവിടേയും എത്തുന്നു. വേട്ടയുടേയും ഇരതേടലിന്റേയും പിറകിലുള്ള ബീഭത്സത അനുഭവിക്കുന്ന പ്ലോഫ് വീണ്ടും ആദ്യം താൻ ഇരുന്നയിടത്തേക്ക് വരുന്നു. സ്റ്റേഷൻ എത്തുമ്പോൾ ട്രെയിനിൽനിന്നും ഇറങ്ങി ടൗണിലൂടെ, കാപട്യവും നാട്യവുമുള്ള മനുഷ്യർക്കിടയിലൂടെ, പ്ലോഫ് നടക്കുന്നു. പട്ടണത്തിലേക്കു വരുന്ന ഒരു സർക്കസിന്റെ വലിയ പരസ്യബോർഡ് പ്ലോഫ് കാണുന്നു. ഭൂമിയിലെ ഏറ്റവും വലിയ സ്രാവിന്റെ ശരീരം പ്രദർശിപ്പിക്കുന്ന ഒരു സർക്കസാണ് അത്. സർക്കസ് വണ്ടി ടൗണിൽ എത്തുന്നു. തുറിച്ചുനോക്കുന്ന കണ്ണുകളുമായി വലിയ സ്രാവ് വണ്ടിയിലുണ്ട്. ഏതോ ദുരന്തശക്തികളാണ് സർക്കസിനു പിറകിൽ എന്ന് നാട്ടുകാർ സംശയിക്കുന്നു. സർക്കസിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നു. നാട്ടുകാരിൽ ആധിയും ഭയവും കൂടിവരുന്നു. ദിവസങ്ങൾ കടന്നുപോകവെ അനിശ്ചിതത്വവും അശാന്തിയും മനസ്സിൽ നിറയുമ്പോൾ നാട്ടുകാർ അക്രമാസക്തരാകുന്നു. നാട് അരാജകത്വത്തിലേക്ക് വഴുതിവീഴുന്നു. അധികാരമോഹിയായ ഒരു സ്ത്രീ നാടിനെ ഭരിച്ചു തുടങ്ങുന്നു. സാമുവൽ ബെക്കെറ്റിന്റെ ‘വെയ്റ്റിംഗ് ഫോർ ഗോദോ’യെ ഓർമിപ്പിക്കുന്ന ഒരു കൃതിയാണ് ‘ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്.’ അതിലെ സ്രാവ് ഒരു രൂപകമാണ്. ഏതോ ഒരു അത്ഭുതത്തിനുവേണ്ടി കാത്തിരിക്കുന്ന മനുഷ്യർ. ഒരിക്കലും സംഭവിക്കാത്ത അത്ഭുതത്തിനുവേണ്ടിയുള്ള വ്യർത്ഥമായ കാത്തിരിപ്പ്. പല അടരുകളുള്ള നോവലാണ് ‘ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്.’ രാഷ്ട്രീയമാനം ഉള്ളപ്പോൾത്തന്നെ മനുഷ്യജീവിതത്തിന്റെ സ്റ്റാഗ്‌നേഷനേയും അസംബന്ധത്തേയും ആഴത്തിൽ അത് ഒപ്പിയെടുക്കുന്നു.

ഉദ്വേഗം ജനിപ്പിക്കുകയും എന്നാൽ, സാരമായ ഒന്നുംതന്നെ സംഭവിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കൃതിയാണ് ‘വാർ ആൻഡ് വാർ.’ നിർണായകമായ ഒരു വെളിപാടിന്റെ വക്കിലാണ് പ്രധാന കഥാപാത്രമായ കോറിന്റെ മനസ്സ്. ഭ്രാന്തിനോട് അത് ഏതാണ്ട് അടുത്ത് കഴിഞ്ഞു. വെളിപാടിന്റെ പൊരുൾ അറിയാൻ കോറിൻ ന്യൂയോർക്കിൽ എത്തുന്നു. അവിടെവെച്ച് തന്റെ വെളിപാടിനെക്കുറിച്ച് കോറിൻ എഴുതിത്തുടങ്ങുന്നു. പൊരുളറിയാൻ കഴിയാതെ രചന നീണ്ടു പോകുന്നു.

‘An Angel Passed Above Us’ എന്ന കഥയിൽ പുരോഗമനത്തെ, വിശേഷിച്ചും ശാസ്ത്രസാങ്കേതിക വികാസത്തേയും ഗ്ലോബലൈസേഷനേയും രൂക്ഷമായി പരിഹസിക്കുന്നുണ്ട് ക്രാസ്നഹോർക്കൈ. യുദ്ധകാലത്ത് കിടങ്ങിൽ കഴിയുന്ന രണ്ടു മനുഷ്യർ തമ്മിലുള്ള സംഭാഷണത്തിലൂടെ സമകാലിക ജീവിതത്തിന്റെ ചിത്രണമാണ് ആ കഥയിലുള്ളത്. ദുരന്ത കാലത്ത് നിസ്സാരമായ കാര്യങ്ങളിലൂടെ നമ്മൾ എങ്ങനെ മനസ്സിനെ മയക്കിയെടുക്കുന്നു എന്നതാണ് കഥയുടെ വിഷയം.

പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും പൊടുന്നനെയുള്ള അപ്രത്യക്ഷമാകലും ക്രാസ്നഹോർക്കൈയുടെ രചനകളുടെ ഒരു സവിശേഷതയാണ്. A Burning From Outside എന്ന കഥയിൽ എവിടെ നിന്നോ വന്ന്, എങ്ങോട്ടേക്കോ പോയ്മറയുന്ന ഗ്രിഗൊറെസ്‌ക്യൂ ആണ് പ്രധാന കഥാപാത്രം. ഒരു കായലിനടുത്തു പാർക്കുന്ന കുറെ കലാകാരന്മാർക്കിടയിലേക്ക് ഗ്രിഗൊറെസ്‌ക്യൂ അപ്രതീക്ഷിതമായി വന്നണയുന്നു. ഏതാണ്ട് 14 ദിവസത്തോളം അയാൾ കായലിനരികിൽ തങ്ങുന്നു. പുറംലോകത്തിന്റെ അസംബന്ധം കണ്ടു, കത്തുന്ന കണ്ണുകളുമായി, ഭൂമിയുടെ ഉദരത്തിലേക്കു അയാൾ ഒരു കുഴികുഴിച്ച് അവിടെ അത്ഭുതമുണർത്തുന്ന ഒരു കുതിരയെ കണ്ടെത്തുന്നു. സൃഷ്ടികർമത്തെക്കുറിച്ചുള്ള ഒരു അലിഗറിയാണ് ഈ കഥ. ശില്പപ്പത്തിലെന്ന പോലെ അസാധാരണ മികവോടെ കൊത്തിയെടുത്ത വാക്കുകളാൽ ക്രാസ്നഹോർക്കൈ അഗാധമായ ഒരു അന്തരീക്ഷം കഥയിൽ ഒരുക്കിയെടുക്കുന്നു. റോഡിന്റെ വളവിലേക്ക് ഗ്രിഗൊറെസ്‌ക്യൂ പോയ്‌മറയുമ്പോൾ ബാക്കിയാകുന്ന സീമകളില്ലാത്ത വിശാലതയെക്കുറിച്ച് എഴുതി ക്രാസ്നഹോർക്കൈ കഥ അവസാനിപ്പിക്കുന്നു: “only the land remained, the silent order of the mountains, the ground covered in fallen dead leaves in the enormous space, a boundless expanse disguising, concealing, secreting, covering all that lies below the burning earth.”

ചൈനയിലേക്കും ജപ്പാനിലേക്കും നടത്തിയ യാത്രകൾ ക്രാസ്നഹോർക്കൈയിൽ മനംമാറ്റമുണ്ടാക്കി. അതിനുശേഷമാണ് Seiobo There Below എന്ന യാത്രാപുസ്തകം എഴുതുന്നത്. ജർമൻ കലാകാരനായ മാക്സ് ന്യൂമന്നിന്റെ (Max Neumann) നിഗൂഢമായ 14 പെയിന്റിങ്ങുകൾക്ക് വേണ്ടി ക്രാസ്നഹോർക്കൈ അടിക്കുറിപ്പുകൾ എഴുതുകയുണ്ടായി. Animalinside എന്ന ടൈറ്റിലോടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം പെയിന്റിങ്ങുകളുടേയും എഴുത്തിന്റേയും ഒരു കൊലാഷാണ്.

ആഖ്യാനതലം

തോമസ് ബെർണാർഡിനേയും സെബാൾഡിനേയും പോലെ നീണ്ടുപോകുന്ന വാക്യങ്ങൾ ഉപയോഗിച്ചാണ് ക്രാസ്നഹോർക്കൈ എഴുതി പോകുന്നത്. അതിനെ ഒരു ‘ലിറ്റററി സ്ട്രാറ്റജി’ ആയി കാണാം. ഒരു അഭിമുഖത്തിൽ തന്റെ വാക്യഘടനയെക്കുറിച്ചു അദ്ദേഹം ഇങ്ങനെ പറയുന്നു: “സംസാരിക്കുമ്പോൾ അപൂർവമായേ നമ്മൾ ചെറിയ വാക്യങ്ങൾ ഉപയോഗിക്കാറുള്ളൂ. വാക്കുകൾ മുറിയാതെ, ഒഴുക്കോടെ, നൈസർഗികമായി നമ്മൾ സംസാരിക്കുന്നു. പൂർണവിരാമം ഈശ്വരന് മാത്രമുള്ളതാണ്.”4

അതിശയിപ്പിക്കുന്ന ഒഴുക്കോടെ അദ്ദേഹം എഴുതുമ്പോൾ അനുസ്യൂതവും മാസ്മരികവുമായ ബോധപ്രവാഹത്തിലേക്കു വായനക്കാർ വീഴുന്നു. ഇത് പരീക്ഷണ ആഖ്യാനരീതികളാണ് എന്നും പറയാം. ‘സേറ്റൻടാംഗോ’യിലും ‘വാർ ആൻഡ് വാർ’ലും ഈ ആഖ്യാനരീതി കാണാം. ബ്രിട്ടീഷ് കവിയും വിവർത്തകനുമായ സെർറ്റസിന്റെ (George Szirtes) വാക്കുകളിൽ “മെല്ലെയുള്ള ഒരു ലാവാപ്രവാഹംപോലെ, ഏതോ തരത്തിലുള്ള വലിയ കറുത്ത പുഴപോലെ” ആഖ്യാനം നീങ്ങുന്നു. ഇരുണ്ട ആകാശംപോലെ വിഷാദം പേറുകയും പരിഹാസത്തിലൂടെ രസം പകരുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് ക്രാസ്നഹോർക്കൈയുടേത്. ജീർണതയേയും മൂകതയേയും പകർത്താൻ പാകമായ തരത്തിൽ വികസിപ്പിച്ചെടുത്ത ആഖ്യാന രീതികളാണ് അവ.

മനുഷ്യാവസ്ഥയുടെ കയ്‌പ് നിറഞ്ഞ യാഥാർത്ഥ്യത്തേയും ജീവിതത്തിന്റെ ഐറണികളേയും മാസ്മരികമായ ആഖ്യാനത്തിലൂടെ വെളിപ്പെടുത്തുന്ന കൃതികളിലൂടെ അന്യാദൃശമായ ഒരു സർഗപ്രപഞ്ചം തുറന്നുവെക്കുന്നു ക്രാസ്നഹോർക്കൈ. യുദ്ധവും അതിന്റെ കെടുതികളുംകൊണ്ട് ലോകം തകർന്നുകൊണ്ടിരിക്കുന്ന ഒരുകാലത്ത്, മനുഷ്യനായി ജീവിക്കുക എന്നത് അസഹ്യമായ ഒരു വീർപ്പുമുട്ടലായി മാറുന്ന കാലത്ത്, ലാഷ്‌ലോ ക്രാസ്നഹോർക്കൈയുടെ കൃതികൾ നമ്മുടെ ദാരുണമായ അവസ്ഥയെ നോക്കിക്കാണാനുള്ള വലിയൊരു ദർപ്പണമായി മാറുന്നു.

Summary

Lsazlo Krsaznahorkai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com