

വാക്ക് തീപ്പൊരിയാണ്. പചനംപോലെ വചനം ഉപയോഗിക്കാം. ദഹനത്തിനും തീപോലെ വാക്കിനു കഴിയും. “അമ്പുകൊണ്ടുള്ള വ്രണം കാലംകൊണ്ട് ഉണങ്ങിയേക്കാം. കൊമ്പുകള്‍ ഖണ്ഡിച്ചാലും പാദപം കിളുര്‍ത്തേക്കാം. കേട്ടുകൂടാത്ത വാക്കു പ്രയോഗിച്ചാല്‍ അത് ആര്‍ക്കുമേ പൊറുക്കാവതല്ല” എന്ന് അറിവുടയോര്‍ പണ്ടേ ചൊല്ലിത്തന്നിട്ടുണ്ട്.
ഒരു രാജ്യത്തിലെ നീതിപീഠത്തിന്റെ അഗ്രസ്ഥാനത്തിരിക്കുന്ന ഒരാള്‍ ഈ തത്ത്വം മറന്ന് അമ്പുപോലെ വാക്ക് തൊടുത്തുവിട്ടപ്പോള്‍ അത് നാട്ടിലൊട്ടാകെയുള്ള കൗമാരക്കാരുടെ ഹൃദയത്തില്‍ ചെന്നു തറച്ചു. ആ വാക്കിന്റെ തീപ്പൊരി പവന്‍മാറ്റായുള്ള ചെറുപ്പക്കാരുടെ അഭിമാനത്തെ ജ്വലിപ്പിച്ചു. പ‘വന്‍’മറ്റിലെ, ‘വന്‍മ’യെ മാറ്റി അവരെ ‘പാറ്റ’യാക്കിയ അഗ്ര്യപീഠാധിപതി തന്റെ അവിവേകം തിരിച്ചറിഞ്ഞപ്പോള്‍, താന്‍ ഉദ്ദേശിച്ചതല്ല അവര്‍ ഗ്രഹിച്ചതെന്നു തിരുത്തലുണ്ടായെങ്കിലും അവര്‍ അത് അവഗണിച്ചു. അവരുടെ അഭിമാനത്തെ മാത്രമല്ല, സഹനശക്തിയേയും പിളര്‍ന്ന അമ്പായിരുന്നു ആ വാക്പ്രയോഗം. “തന്നെത്തന്നെ തീറ്റ കൊടുത്ത്” ഈ നാട്ടിലെ പെറ്റമ്മമാര്‍ വളര്‍ത്തിയെടുത്ത പൊന്‍മക്കളാണ് അവര്‍. ആ അമ്മമാരുടെ കണ്ണീരു തുടയ്ക്കാന്‍ അവര്‍ക്കു കിട്ടേണ്ടിയിരുന്നത് വരുമാനമുണ്ടാക്കുന്ന കര്‍മരംഗമാണ്. അത് കിട്ടാതെ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരുടെ, പൊട്ടിത്തെറിക്കാറായ അഗ്നിപര്‍വതം പോലുള്ള സഹനശക്തി കൂടിയാണ് ആ വാക്കു തറച്ചപ്പോള്‍ പൊട്ടിത്തെറിച്ചത്. അവരെ പെറ്റ അമ്മമാര്‍ തുല്യമായി പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വതം അന്തരംഗത്തില്‍ പേറുന്നവരാണ്. ആ നിന്ദനം അവര്‍ക്കും പൊറുക്കാവതായിരുന്നില്ല. ഒരൊറ്റ വ്യക്തിയുടെ അവിവേകത്തില്‍നിന്നാണ് ആ അമ്പ് തൊടുക്കപ്പെട്ടതെങ്കിലും പിതാക്കളെപ്പോലെ തങ്ങളെ പോറ്റേണ്ടുന്ന ചുമതല നിര്‍വഹിക്കാത്ത അധികാരിവര്‍ഗത്തിനു നേര്‍ക്കാണ് പ്രതിഷേധം ലാവപോലെ പ്രവഹിച്ചത്. ആ വ്യക്തിയെ അവര്‍ അവഗണിച്ചു.
പന്ത്രണ്ടോളം വര്‍ഷങ്ങള്‍ നീണ്ടുനിന്ന തപസ്സുകൊണ്ട് അഴലുകളെയെല്ലാം അകറ്റാന്‍ കഴിഞ്ഞെങ്കിലും “അഭിമാനഭംഗമേ ഒഴിയാതുള്ളൂ വിവേകശക്തിയാല്‍” എന്ന് ഭാരതീയര്‍ക്കൊക്കെ അമ്മയായ സീതയെക്കൊണ്ട് മലയാളത്തിലെ ഒരു കവി പ്രഖ്യാപിപ്പിച്ചു. അവളുടെ രണ്ടു മക്കള്‍ ഭരണാധികാരിയുടെ മുന്നില്‍ രാമായണം പാടിക്കേള്‍പ്പിച്ചു. അതുപോലെ, മുദ്രാവാക്യങ്ങള്‍ പാട്ടാക്കിപ്പാടിക്കൊണ്ടാണ് ഭരണത്തിന്റെ ആസ്ഥാനത്ത് ഇന്നത്തെ കുട്ടികളും പ്രകടനം നടത്തിയത്. ധര്‍മരോഷത്തെ അവര്‍ ഹിംസാത്മകമാക്കിയില്ല. ആ സഹനസമരത്തോട് വിദേശീയ ഭരണാധിപതികള്‍ പണ്ട് കൈക്കൊണ്ട നയം - ആയുധപ്രയോഗം ശരിയല്ലെന്ന് തിരിച്ചറിയാന്‍ കുറച്ചു വൈകിപ്പോയി. ആയുധങ്ങള്‍കൊണ്ടു ചിലരുടെ നടുപ്പുറം പൊളിഞ്ഞു. ചിലരുടെ കണ്ണു പൊടിഞ്ഞു. കണ്ണില്‍ ആയുധം തറച്ചു കാഴ്ച നഷ്ടപ്പെട്ട യുവാവിനു കാഴ്ചശക്തി തിരിച്ചു കിട്ടുമോ? ഈ നാട്ടിലെ അമ്മമാരെല്ലാം കണ്ണു പൊട്ടിയവരേയും പുറം പൊളിഞ്ഞവരേയും ഓര്‍ത്തു കണ്ണീര്‍വാര്‍ക്കുന്നവരാണെന്നു കരുതാന്‍ ഇച്ഛിക്കുന്നുവെങ്കിലും പീഡിതരെ ‘അവിവേകികള്‍’ എന്നു മുദ്രകുത്തുന്നവരുമുണ്ടാവാം.
ചെറുപ്പക്കാരെ സാന്ത്വനിപ്പിക്കാന്‍ കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ?
‘പാറ്റ’യെന്ന പദം നിന്ദിക്കാന്‍ ഉപയുക്തമായപ്പോള്‍ ചെറുപ്പക്കാര്‍ അതിനെ ‘ആത്മാവണിയുന്ന ഭൂഷണ’മാക്കി മാറ്റിയതിലെ, ധീരതയും വേദനയില്‍നിന്ന് ഉണര്‍ന്ന ഉത്തുംഗ നര്‍മബോധവും വേണ്ടുംപോലെ തിരിച്ചറിയപ്പെടുമോ? പണിയെടുക്കാന്‍ പ്രായമായ എല്ലാ ചെറുപ്പക്കാര്‍ക്കും ജീവിച്ചുപോകാന്‍ വേണ്ടുന്ന വരുമാനം കൊടുക്കുന്ന പണി കിട്ടുന്ന കാലം വരുമോ? പതിന്നാലു വയസ്സിനു താഴെയുള്ളവരെക്കൊണ്ടു കഠിനാധ്വാനം ചെയ്യിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ള നാട്ടില്‍, ഇപ്പോഴും ‘ബാലവേല’ നിലനിന്നുപോരുന്നുവെന്ന അവസ്ഥ എന്നെങ്കിലും ഇല്ലാതാവുമോ? സമരത്തില്‍ തുല്യമായി പങ്കെടുത്ത സ്ത്രീ വിഭാഗത്തിന് ജനപ്രതിനിധി സഭകളില്‍ വാഗ്ദാനം ചെയ്യപ്പെട്ട അവകാശം നിലവില്‍ വരുമോ? തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ അമ്മമാരൊഴുക്കുന്ന കണ്ണീരു തോരുന്ന ഒരു പുലരി ഇവിടെ ഉദയം കൊള്ളുമോ? ഗര്‍ഭകാലത്ത് എല്ലാ സ്ത്രീകള്‍ക്കും പിറവി മുതല്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം കിട്ടുന്ന ഒരുകാലം നമ്മുടെ നാട്ടില്‍ എന്നെങ്കിലും ഉദയം കൊള്ളുമോ? പീനല്‍കോഡുപോലെ സിവില്‍കോഡും എല്ലാവര്‍ക്കും തുല്യമാകുന്ന കാലം വരുമോ? ഇത്തരം, കണ്ണീരില്‍ കുതിര്‍ന്ന ഉല്‍ക്കണ്ഠകള്‍ കൊണ്ടു എരിഞ്ഞമരുന്ന മനസ്സിന്റെ ഭാരം ചുമക്കേണ്ടിവരാത്ത അമ്മമനങ്ങള്‍ എല്ലാ പെണ്‍പിറപ്പുകള്‍ക്കും ഉണ്ടാവുമെന്ന പ്രതീക്ഷ കുരുക്കാത്ത ഊഷരഭൂമിയിലിരുന്നുകൊണ്ടാണിത് കറിക്കുന്നത്. കുറച്ച് ആയിരം പേര്‍ക്കുമാത്രം വിജയം നേടി ഉയരാന്‍ വഴിതുറന്നു കൊടുക്കുന്ന ഒരു പരീക്ഷയ്ക്ക് 22 ലക്ഷം കൗമാരക്കാരാണ് രാവുപകലാക്കി പഠിച്ചു തളര്‍ന്ന് പരീക്ഷയെഴുതിയത്. ആ പരീക്ഷ ഒരു പ്രഹസനം മാത്രമായിരുന്നുവെന്നും അതിനുവേണ്ടി ഇനിയും ചോരനീരാക്കി പ്രയത്നിക്കണമെന്നും അറിയുമ്പോഴുള്ള മാനസികാഘാതം ലക്ഷത്തിലൊന്ന് എന്ന കണക്കില്‍ ഉള്‍പ്പെടുംവിധം കുറച്ചു പേരെ മാത്രമേ ആത്മഹത്യയിലേയ്ക്കു നയിച്ചുള്ളു എന്നതിന്റെ കാരണം ആയിരക്കണക്കിനുള്ള നിരാശാപീഡിതര്‍ക്ക് പെറ്റമ്മമാരുടെ കണ്ണീരിനെക്കുറിച്ച് ഓര്‍മയുണര്‍ന്നിരിക്കാമെന്നതും അമ്മമാര്‍ ചെയ്ത പുണ്യം ഫലിച്ചതുമായിരിക്കണം. ആത്മഹത്യ ചെയ്തവരെ ബുദ്ധിശൂന്യര്‍ എന്ന് വിളിക്കാനും ആളുകളുണ്ടായേക്കാം. ശരിതന്നെ. ബുദ്ധി വേണ്ടുംപോലെ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലേയ്ക്ക് അവരുടെ ഇച്ഛാഭംഗം അവരെ തള്ളിവിടുമ്പോള്‍, നീണ്ടകാലം നിശ്ശൂന്യമായ ജീവിതത്തിന്റെ ഭാരം വഹിക്കണമോ അതോ ഒറ്റനിമിഷം കൊണ്ട് എല്ലാ വേദനകളില്‍നിന്നും രക്ഷപ്പെടണമോ എന്നതാണ് അവരുടെ മുന്‍പിലുള്ള രണ്ടു വഴികള്‍. രണ്ടാമത്തേത് സ്വീകരിക്കുന്നവര്‍ തങ്ങള്‍ രക്ഷപ്പെടുകയാണ് എന്ന് ഉറച്ചുവന്നവരാണ്. ആദ്യത്തെ വഴി മതിയെന്നു നിശ്ചയിച്ചവര്‍, വഹിക്കുന്ന തീവ്രവികാരഭാരമാണ് അധികാരികള്‍ക്കു മുന്നില്‍ പ്രകടനമായി, ഉരുള്‍പൊട്ടിയൊഴുകിയ വികാരപ്രവാഹമായി രൂപപ്പെട്ടത്. വാഗ്ദാനങ്ങളോടെ തല്‍ക്കാലം പിന്തിരിപ്പിക്കാമെന്നും സംഭവത്തിന്റെ ആവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന വിഭവശക്തിയും ഇച്ഛാശക്തിയും സംഘടനാശക്തിയും തുടരുകയില്ലെന്നും സഹാനുഭൂതിയെന്ന വികാരം ചോരയില്‍ച്ചേര്‍ന്നലിഞ്ഞു കിട്ടിയിട്ടില്ലാത്തവര്‍ കണക്കുകൂട്ടിയേക്കാം. അധികാരം പലര്‍ക്കും ഒരു മയക്കുമരുന്നാണ്. ശീലിച്ചാല്‍പ്പിന്നെ മോചനമില്ല. എല്ലാ ഇല്ലായ്മകളേയും പരിഹരിക്കാന്‍ സാധിക്കുന്നില്ലെന്ന് തിരിച്ചറിയുമ്പോള്‍ സ്ഥാനത്യാഗം ചെയ്ത് വഴിമാറിക്കൊടുക്കാന്‍ അധികാരത്തിന്റെ ഉല്പന്നമായ അഹന്ത ബാധിക്കാത്തവര്‍ക്കു മാത്രമേ കഴിയൂ. “എനിക്കു രാജ്യം വേണ്ടാ. സ്വര്‍ഗം വേണ്ടാ ദുഃഖതപ്തരുടെ സന്താപനാശനം മാത്രമേ ഇച്ഛിക്കുന്നുള്ളൂ (കാമയേ ദുഃഖതപ്താനാം പ്രാണിനാമാര്‍ത്തി നാശനം) എന്ന് പ്രഖ്യാപിച്ച രാജാക്കന്മാര്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് ഇതിഹാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പ്രജകള്‍ക്ക് വിനയാധാനത്തിലും (വിദ്യാഭ്യാസം) സംരക്ഷണത്തിലും അദ്ദേഹമായിരുന്നു പിതാവ്; സാമാന്യ പിതാക്കള്‍ ജന്മഹേതുക്കള്‍ മാത്രം” എന്നു വാഴ്ത്തപ്പെട്ട ഭരണാധിപതികളുണ്ടായിരുന്നു എന്ന് കാളിദാസന്റെ മഹാകാവ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ വംശത്തില്‍ പിറന്ന ശ്രീരാമന്‍ ചാരന്മാരെ നിയോഗിച്ചിരുന്നത് പ്രജകളുടെ കുറ്റങ്ങള്‍ കണ്ടെത്തി ശിക്ഷിക്കാന്‍ മാത്രമായിരുന്നില്ല; അവര്‍ തമ്മില്‍ത്തമ്മില്‍ പതുക്കെ പറയുന്നതില്‍നിന്ന് രാജാവിനെപ്പറ്റി ഉള്ളിലുള്ളതെന്തെന്ന് അറിയാന്‍ കൂടിയായിരുന്നു. അതറിഞ്ഞപ്പോള്‍ അവരെ നാവരിഞ്ഞു നിശ്ശബ്ദരാക്കുകയല്ല ചെയ്തത്. ഒരു കൊല്ലം പരഗൃഹത്തില്‍ പാര്‍ത്തവളെ രാജാവ് തിരിച്ചെടുത്തതുപോലെ, വഴിവിട്ടു നടന്ന സ്ത്രീകള്‍ നമ്മളോടും ആവശ്യപ്പെട്ടാല്‍ എന്തുപറയും? എന്ന് അവര്‍ ചോദിക്കുന്നുവെന്നറിഞ്ഞ രാമന്‍, ‘യഥാ രാജാ തഥാപ്രജാ’ എന്ന പ്രമാണമോര്‍ത്തു; താന്‍ മാതൃകയാകേണ്ട ചുമതലയില്‍നിന്ന് ഒഴിഞ്ഞു മാറിക്കൂടെന്നു നിശ്ചയിച്ചു. കാട്ടിലേക്ക് സീതയെ അനുഗമിക്കാമായിരുന്നില്ലേ എന്ന ചോദ്യമുണ്ട്. അങ്ങനെ ചെയ്താലും അപവാദം നീങ്ങുകയില്ല; രാജാവ് സ്ത്രീജിതനെന്ന ഒരപവാദവും കൂടി ഉണ്ടാവുകയേയുള്ളൂ. പിതാമഹനായ അജന്‍ പ്രിയതമയുടെ വിയോഗത്തില്‍ അനുമരണം ചെയ്യാനാഗ്രഹിച്ചെങ്കിലും ചെയ്യാതിരുന്നത് പ്രജകളുടെ പ്രതികരണം ഓര്‍ത്തും കൊണ്ടായിരുന്നു. രാജാവ് സ്വന്തം കര്‍ത്തവ്യം പരിഗണിക്കാതെ പത്നിയെ വനത്തിലേക്കനുഗമനം ചെയ്താല്‍ സീതയെച്ചൊല്ലിയള്ള അപവാദം മാഞ്ഞുപോവുകയില്ലെന്നു മാത്രമല്ല, പുതിയതൊന്ന് ഉണ്ടാവും; അന്നത്തെ പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ അതേ സംഭവിക്കൂ. അതിനാലാണ് വാല്‌മീകി മഹര്‍ഷി സീതയെ അപവാദമുക്തയാക്കുമെന്ന് വിശ്വസിച്ച് സീതയെ ആശ്രമപരിസരത്ത് എത്തിച്ചത്. മഹര്‍ഷി അതു നിര്‍ഹിച്ചു. സീതയ്ക്ക് വിയോഗവേദനയില്‍ അര്‍ഭകര്‍ ഔഷധമായിരുന്നു. രാമനാകട്ടെ, ഏകാകിനിയുടെ ഉമിത്തീയില്‍ നീറിനീറി നാള്‍പോക്കി. ഇത് തിരിച്ചറിഞ്ഞ മനുഷ്യരാണ് രാമനെ ദൈവപദത്തില്‍ പ്രതിഷ്ഠിച്ചത്. ആത്മബലിയുടെ ഇതിഹാസമാണ് രാമായണം. അതുകൊണ്ടാണ് “യാവത് സ്വാസ്യന്തി ഗിരയഃ സരിതാശ്ച മഹീതലേ രാവത് രാമായണ കഥാലോകേഷു പ്രചരിഷ്യതേ (ഗിരികളും പുഴകളും ഭൂമിയിലുള്ളിടത്തോളം കാലം രാമായണവും നിലനില്‍ക്കും) എന്നു പ്രവചിക്കപ്പെട്ടത്. ആയിരത്താണ്ടുകളായി രാമക്ഷേത്രം നിലനില്‍ക്കുന്നത് രാമായണത്തിലും അത് മായാത്ത മനസ്സുകളിലുമാണ്. മണ്ണില്‍ പണിത ആലയങ്ങളിലല്ല. രാമഭക്തന്മാര്‍ ആരാധിക്കേണ്ടത് ഈ ആത്മബലിയെയാണ്. അധികാരത്തെയല്ല.
ചെറുപ്പക്കാര്‍ അവരുടെ സമരപരിപാടിയിലൂടെ പ്രകടമാക്കിയത് ആത്മബലി സന്നദ്ധതയാണ്. അവര്‍ അക്രമാസക്തരായില്ല. അത് രാമഭക്തികൊണ്ടോ രാമായണ തത്ത്വം പഠിച്ചതുകൊണ്ടോ അല്ല. രാമായണ സംസ്കാരത്തിന്റെ കണികകള്‍ ഉള്ളിന്നുള്ളില്‍ പുലര്‍ന്നുപോരുന്നതുകൊണ്ടാണ്.
വാഗ്ദാനങ്ങള്‍ ലംഘിച്ച്, ഇനിയും നികൃഷ്ട ജീവികളോടുള്ള മനോഭാവം ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടായാല്‍ എന്തു സംഭവിക്കും? ദിനോസറുകള്‍ക്കു വംശനാശം സംഭവിച്ചാലും വംശനാശം ബാധിക്കാതെ നിലനിന്നുപോന്ന ചരിത്രമാണ് പാറ്റകള്‍ക്ക് ഉള്ളത്. എങ്കിലും ചരിത്രം പഠിപ്പിക്കുന്ന തത്ത്വം ചരിത്രത്തില്‍നിന്ന് മനുഷ്യര്‍ ഒന്നും പഠിക്കുന്നില്ലെന്നതാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഊറ്റമേറിയ ഉരഗത്തിനുമേല്‍ കാറ്റുതലയിണയിലെന്നപോലെ തലവെച്ചുറങ്ങുന്നവര്‍ ഉണരുമോ അതോ കൊത്തേറ്റ് ഉണരാത്ത ഉറക്കത്തിലേക്ക് വീഴുമോ?
വിശ്വത്തിലെ വിഖ്യാതങ്ങളായ സംസ്കാര സരണികളൊക്കെ വറ്റിയിട്ടും ഭാരതസംസ്കാരം ആയിരത്താണ്ടുകളെ അതിജീവിച്ചിട്ടുണ്ട്. അത്, മനസ്സ് വപുസ്സ് വചസ്സ് എന്ന ത്രികരണങ്ങള്‍കൊണ്ടും തപസ്സനുഷ്ഠിച്ചവര്‍ പുലര്‍ത്തിയ ആത്മീയശക്തിയുടെ ഐശ്വരകണങ്ങള്‍ ഈ മണ്ണില്‍ വിലയിച്ചിട്ടുള്ളതുകൊണ്ടായിരിക്കണം. ശുഭപ്രതീക്ഷ കൈവിടാതെ, സഹനവീരം ജ്വലിപ്പിച്ചുകൊണ്ട് ബുദ്ധന്‍, ഗാന്ധി മുതലായവര്‍ കയ്യിലേല്പിച്ച പന്തങ്ങള്‍ പ്രസരിപ്പിക്കുന്ന ചൂടും വെളിച്ചവും ഊര്‍ജവും കെടാതെ കാത്ത് യുവചൈതന്യം മുന്നേറട്ടെ എന്ന് ഇന്നാട്ടിലെ അമ്മമനങ്ങള്‍, എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി, ഏകമനസ്സായി അനുഗ്രഹാശിസ്സുകള്‍ അര്‍പ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates