ഹൃദയവാതിലുകള്‍ തുറന്നിട്ട ഒരു ഒളിവുജീവിതം
അടക്കാനാകാത്ത ആവേശത്തോടേയും ആഹ്ലാദത്തോടേയും നാടാകെ കേൾക്കുമാറ് ഉച്ചത്തിൽ വിളംബരം ചെയ്തുകൊണ്ട് പന്ത്രണ്ടു വയസ്സുകാരനായ തമ്പി പുറത്തുനിന്ന് വീട്ടിലേക്ക് ഓടിക്കിതച്ച് കയറിവന്നു.
വരാന്തയിലുള്ള ചാരുകസേരയിൽ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന കാക്കനാടൻ ഉപദേശി ഞെട്ടി തലയുയർത്തി നോക്കി.
ഒച്ച വെക്കുന്നതിന് മകനെ ശാസിച്ചുകൊണ്ട് അടുത്തുവിളിച്ച് കാര്യം തിരക്കി. ശ്വാസം കിട്ടാതെ അണച്ചുകൊണ്ട് തമ്പി വിവരം പറഞ്ഞു:
“ഞാൻ മുക്കിൽ സാധനം വാങ്ങാൻ ചെന്നപ്പോൾ പേഴം വിള കേശവന്റെ കടയിലിരുന്ന് കുഞ്ഞുപിള്ള കേരളകൗമുദി പത്രത്തിൽ വായിക്കുന്നതു കേട്ടതാ. സംശയംകൊണ്ട് ഞാൻ തന്നെ പത്രം വാങ്ങിച്ചു നോക്കി. കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായർ നാഗർകോവിൽ ജയിലിൽനിന്ന് ചാടിപ്പോന്നെന്ന് എഴുതിയിരിക്കുന്നു...”
...1940-കളിൽ മധ്യതിരുവിതാംകൂറിലെ മാർത്തോമാ സഭാവിശ്വാസികൾക്കിടയിലാകെ അറിയപ്പെടുന്ന സുവിശേഷ പ്രചാരകനായിരുന്നു ജോർജ് കാക്കനാടൻ. ഒരു കാഞ്ഞിരപ്പള്ളിക്കാരൻ. ഭാര്യ പാലാ സ്വദേശിയും. എങ്കിലും മാർത്തോമാ സഭയുമായി ബന്ധപ്പെട്ടുകൊണ്ട് സുവിശേഷ വേലയ്ക്കിറങ്ങിയ കാലം തൊട്ട് ആ കുടുംബം താമസിച്ചിരുന്നത് കൊട്ടാരക്കരയിലാണ്. കൊട്ടാരക്കര പുലമൺ കവലയിൽനിന്നും എം.സി റോഡിലൂടെ വടക്കോട്ടു പോകുമ്പോൾ ഇടതുഭാഗത്തായുള്ള ഒരു വയലും ചെറിയ തോടും കടന്നു ചെന്നാലെത്തുന്നത് പ്ലാവറക്കോട്ട് എന്നൊരു കുന്നിലാണ്. അവിടെ കുന്നിന്റെ ചരിവിലിരിക്കുന്ന ഒരു കൊച്ചുവീട്ടിലാണ് കാക്കനാടൻ ഉപദേശിയുടേയും കുടുംബത്തിന്റേയും താമസം. ഉപദേശിയും ഭാര്യയും നാല് പുത്രന്മാരും രണ്ടു പുത്രിമാരുമാണ് അവിടെ താമസിച്ചിരുന്നത്.
തിരുവിതാംകൂറിൽ ഉത്തരവാദിത്വ പ്രക്ഷോഭത്തിന്റെ ആരംഭം കുറിച്ച 1938 കാലത്ത്, സ്വാതന്ത്ര്യപ്രേമിയായ കാക്കനാടൻ ഉപദേശി സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രസംഗവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സർ സി.പി നാടുവിട്ടശേഷം അധികാരത്തിലേറിയ കോൺഗ്രസ്സിനോട് കാക്കനാടന് പലതുകൊണ്ടും പൊരുത്തപ്പെടാനായില്ല. പ്രധാന കാരണങ്ങളിലൊന്ന് കമ്യൂണിസ്റ്റുകാരുടെ നേർക്ക് പട്ടം താണുപിള്ളയുടേയും പറവൂർ ടി.കെ. നാരായണപിള്ളയുടേയും സർക്കാരുകൾ അഴിച്ചുവിട്ട അതിക്രൂരമായ നരനായാട്ടായിരുന്നു. അതിൽ അമർഷം തോന്നിയ ഉപദേശി കോൺഗ്രസ് ബന്ധം പാടേയുപേക്ഷിച്ച് സുവിശേഷ പ്രചാരണത്തിലേക്ക് ഒതുങ്ങിക്കൂടി. ഉള്ളിന്റെ ഉള്ളിൽ കാക്കനാടൻ ഉപദേശിക്ക് അനുഭാവമുണ്ടായിരുന്നത് കമ്യൂണിസ്റ്റ് പാർട്ടിയോടാണ്. പി.ടി. പുന്നൂസ്, കെ.വി. പത്രോസ്, ടി.വി. തോമസ്, എസ്. കുമാരൻ, പി.എ. സോളമൻ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുമായി സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നാളുകൾ തൊട്ടുതന്നെ ഉപദേശിക്ക് പരിചയമുണ്ടായിരുന്നു...
നാഗർകോവിലിലെ ജയിലിൽനിന്ന് എം.എൻ. ഗോവിന്ദൻ നായർ രക്ഷപ്പെട്ടെന്ന് തമ്പി പറഞ്ഞെങ്കിലും അത് ക്ഷയരോഗാശുപത്രിയിൽനിന്നായിരുന്നു. കടുത്ത ക്ഷയരോഗം ബാധിച്ച എമ്മെൻ അസുഖം ഭേദമായശേഷം കനത്ത പൊലീസ് ബന്തവസ്സോടെ ആശുപത്രിയിൽത്തന്നെ തടവിൽ കഴിയുമ്പോഴാണ് അതിസാഹസികമായി ആശുപത്രിയുടെ മതിൽ ചാടി രക്ഷപ്പെട്ടത്. പൊലീസ് എമ്മെനെ പിടിക്കാനായി നാടാകെ തിരച്ചിൽ നടത്തിവരികയായിരുന്നു.
കാക്കനാടൻ ഉപദേശി എമ്മെനെ നേരത്തെ ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ട്. ഒരിക്കൽ കോട്ടയത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുന്ന ട്രാൻസ്‌പോർട്ട് ബസ്സിൽ അടുത്തടുത്ത സീറ്റുകളിലിരുന്ന് രണ്ടാളും യാത്ര ചെയ്തിട്ടുമുണ്ട്. പന്തളത്തിനടുത്തുള്ള സ്റ്റോപ്പിൽനിന്ന് ബസ്സിൽ കയറിയ എമ്മെൻ അടൂരിനിപ്പുറത്തുള്ള വടക്കടത്തുകാവിൽ ഇറങ്ങി. ഉപദേശിയുമായി നേരത്തെ പരിചയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും രാഷ്ട്രീയവും സാമുദായികവുമായ വിഷയങ്ങളൊക്കെ ചർച്ച ചെയ്തുകൊണ്ടാണ് ആ യാത്ര മുന്നോട്ടു പോയത്. വശ്യമായ തുറന്ന ചിരിയും ആരെയുമാകർഷിക്കുന്ന സംഭാഷണരീതിയുംകൊണ്ട് എമ്മെൻ ആ ക്രിസ്തുമത പ്രചാരകന്റെ മനസ്സിൽ അന്നുതന്നെ സ്ഥാനം പിടിച്ചതാണ്. അതുകൊണ്ട് എമ്മെന്റെ ജയിൽ ചാട്ടത്തിൽ മകനെപ്പോലെത്തന്നെ ഉപദേശിക്കും ആശ്വാസവും സന്തോഷവും തോന്നി. എങ്കിലും എമ്മെനെ കയ്യിൽ കിട്ടിയാൽ പൊലീസ് വെച്ചേക്കുമോ എന്നോർത്തപ്പോൾ ഉള്ളിൽ ചെറിയൊരു ഭീതിയുമുണ്ടായി.
രണ്ടോ മൂന്നോ ആഴ്ചകൾ കഴിഞ്ഞപ്പോൾ കാക്കനാടൻ ഉപദേശിയെ കാണാനായി മൂന്നുപേർ വീട്ടിൽ വന്നു. കൊട്ടാരക്കരയുള്ള സി.വി പ്രസ്സിന്റെ ഉടമ മത്തായി എന്ന കുഞ്ഞൂഞ്ഞ്, റിട്ടയേഡ് ജഡ്ജി ഗോവിന്ദൻ പണ്ടാലയുടെ പുത്രൻ ശ്രീവല്ലഭ മേനോൻ, പിന്നെ ഉണ്ണൂണ്ണി എന്നൊരാളും. തടവു ചാടിയ എം.എൻ. ഗോവിന്ദൻ നായർ ഉപദേശിയെ കണ്ട് സംസാരിക്കാൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് രഹസ്യമായി അറിയിക്കാനായിരുന്നു അവരുടെ വരവ്.
ഒരു ക്രിസ്തുമത പ്രചാരകനായ തന്നോട് സംസാരിക്കാൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ഒരാൾ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിൽ പെട്ടെന്നു തോന്നിയ സംശയം ഉപദേശി അപ്പോൾ വന്നയാൾക്കാരോട് ഉന്നയിച്ചു. അവരതിന് നേരിട്ടു മറുപടി പറഞ്ഞില്ല.
“സഖാവ് ഇവിടെനിന്ന് ഏഴ് മൈൽ അകലെയുള്ള ഒരു വീട്ടിലെത്തിയിട്ടുണ്ട്. ഇന്നേക്ക് നാലാം ദിവസം രാത്രി ഇവിടെ വരാനാണ് പ്ലാനിട്ടിരിക്കുന്നത്. കുറച്ചു ദിവസത്തേക്ക് സഖാവിന് ഇവിടെ താമസിക്കണം. അതുകഴിഞ്ഞ് പന്തളത്തുള്ള വീട്ടിൽ പോയി അമ്മയേയും വല്യമ്മയേയും കാണണം. അതിനെല്ലാം സാറ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം മുൻകൂട്ടി അറിയിക്കാൻ വേണ്ടി ഞങ്ങളെ അയച്ചതാ.”
ഉപദേശിക്ക് ഇതു കേട്ടപ്പോൾ എന്തു പറയണമെന്നറിയാൻ വയ്യാതെയായി. കമ്യൂണിസ്റ്റുകാരെ വീട്ടിൽ ഒളിപ്പിക്കുന്നവർക്ക് സംഭവിക്കാനിടയുള്ള ആപത്തുകളെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. പൊലീസിന്റെ ക്രൂരമായ പീഡനത്തിന് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ സകലരും ഇരകളാകും. എന്നാൽ, എമ്മെനെപ്പോലെയൊരു മനുഷ്യസ്നേഹിയെ കുറച്ചു ദിവസത്തേക്കെങ്കിലും സുരക്ഷിതമായി ഒളിവിൽ പാർപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് ഉപദേശിക്കു തോന്നി.
എമ്മെനെ കൊണ്ടുവന്നോളാൻ തന്നെ കാക്കനാടൻ ഉപദേശി അവരോടു പറഞ്ഞു. എന്നാൽ, അർദ്ധരാത്രി പിന്നിടുന്ന നേരത്തേ കൊണ്ടുവരാവൂ എന്നും. സന്തോഷത്തോടെ, അതിലേറെ ആശ്വാസത്തോടെ വന്നയാൾക്കാർ മടങ്ങിപ്പോയി.
എമ്മെനെത്തുമെന്ന് പറഞ്ഞ ദിവസം രാവിലെയാണ് ഉപദേശി ഭാര്യയോട് എമ്മെൻ വരുന്നുണ്ടെന്ന കാര്യം പറയുന്നത്.
“അങ്ങേർക്ക് കഴിക്കാനായി ചോറും കൂട്ടാനുമൊക്കെ ഉണ്ടാക്കിവെക്കാം.”
ഒരു ഭാവഭേദവും കൂടാതെ അവർ മറുപടി പറഞ്ഞു. എന്നാൽപ്പിന്നെ നന്നായി വേകുന്ന കുറച്ചു മരച്ചീനി പുഴുങ്ങി നല്ലൊരു മീൻ കറിയും കൂടിയുണ്ടാക്കാൻ ഉപദേശി പറഞ്ഞു. എമ്മെനു ചിലപ്പോൾ ചോറിനെക്കാൾ ഇഷ്ടം മരച്ചീനിയും മീൻകറിയുമാണെങ്കിലോ?
ഗോവിന്ദന്‍ നായര്‍ എന്ന അച്ചായന്‍
കാഞ്ഞിരപ്പള്ളിയിൽനിന്നും പാലായിൽനിന്നുമെല്ലാം ഉപദേശിയുടേയും ഭാര്യയുടേയും ചില ബന്ധുക്കൾ ആ വീട്ടിൽ വന്നു താമസിക്കാറുണ്ടായിരുന്നു. തന്റെ അമ്മയുടെ മലബാറിലുള്ള ഒരു സഹോദരിയുടെ മകൻ കുറച്ചുദിവസം താമസിക്കാനായി വരുന്നുണ്ടെന്നാണ് ഉപദേശി മക്കളോട് പറഞ്ഞത്. വരുന്ന ആളിനെ അച്ചായൻ എന്നാണ് വിളിക്കേണ്ടതെന്നും പ്രത്യേകം പറഞ്ഞു.
നേരം അർദ്ധരാത്രിയോടടുത്തപ്പോൾ നാലാളുകൾ വീട്ടിലേക്കു വന്നു. എന്നാൽ, വന്നവരുടെ കൂട്ടത്തിൽ എമ്മെനെ കണ്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായ വെട്ടിക്കവല ഉണ്ണി, കോട്ടാത്തല സുരേന്ദ്രൻ, പി.ഒ. സ്പെൻസർ, എം.ടി. വർഗീസ് എന്നിവരായിരുന്നു സന്ദർശകർ. വല്ലാതെ വിശന്നുവലഞ്ഞാണ് അവർ വന്നുകയറിയതെന്നറിഞ്ഞപ്പോൾ എമ്മെനു കഴിക്കാനുണ്ടാക്കിവെച്ചിരുന്ന കഞ്ഞിയും മരച്ചീനിയും മീൻകറിയുമൊക്കെ അവർക്കു വിളമ്പിക്കൊടുത്തു. ദിവസങ്ങളായി പട്ടിണി കിടന്നവരെപ്പോലെ ആർത്തിയോടെ അവരതൊക്കെ കഴിച്ചിട്ട് യാത്ര പറഞ്ഞിറങ്ങി. പോകാൻ നേരത്ത് ഉപദേശിയുടെ ഭാര്യയെ പ്രത്യേകം വിളിച്ച് കോട്ടാത്തല സുരേന്ദ്രൻ എന്ന സഖാവ് പ്രത്യേകം യാത്രപറഞ്ഞു:
“അമ്മേ ഞങ്ങൾ പോയിട്ടു വരട്ടെ. ഈ വീട് ഞങ്ങളൊരിക്കലും മറക്കത്തില്ല. അമ്മ തന്ന ശാപ്പാടും.”
എമ്മെനെ കൊണ്ടുവരുന്നുവെന്നു പറഞ്ഞു പറ്റിച്ചെന്ന് തോന്നിയതുകൊണ്ട് ഉപദേശിക്ക് ചെറിയൊരു നീരസമുള്ളിലുണ്ടായിരുന്നെങ്കിലും ആ ചെറുപ്പക്കാരന്റെ വാക്കുകൾ കേട്ടതോടെ അതൊക്കെ മനസ്സിൽനിന്നും മാഞ്ഞുപോയി. പിറ്റേന്ന് നേരം പാതിരാ കഴിഞ്ഞു. വരാന്തയിൽ എന്തോ കാൽപ്പെരുമാറ്റം കേട്ട് ഞെട്ടിയുണർന്നു നോക്കിയപ്പോൾ കുഞ്ഞൂഞ്ഞാണ്. കയ്യിൽ ഒരു സഞ്ചിയുമായി ഉണ്ണൂണ്ണിയും. അവരുടെ പിറകിലായി നിന്നിരുന്ന ഒരു തലക്കെട്ടുകാരൻ നേരെ അകത്തേക്ക് കയറി കട്ടിലിൽ ഇരുന്നു. എന്നിട്ട് തലയിലെ കെട്ടഴിച്ചുകൊണ്ട് ചോദിച്ചു:
“എന്താ, അറിയാമോ എന്നെ?”
ശബ്ദം കേട്ടപ്പോൾത്തന്നെ ഉപദേശിക്ക് ആളെ മനസ്സിലായി. പല്ലുകളുടെ കാര്യമൊഴിച്ചാൽ മുഖവുമതേപടിത്തന്നെയുണ്ട്. വശ്യമായ ആ ചിരിയുമതുപോലെത്തന്നെയിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടുമൊക്കെയായി മാറിയും തിരിഞ്ഞും നിന്നിരുന്ന പഴയ കോന്ത്രൻ പല്ലുകൾക്ക് പകരം നിരനിരയായുള്ള സുന്ദരൻ പല്ലുകൾ.
“എന്നെ പണ്ടു കണ്ടിട്ടുള്ളവർ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് പഴയ പല്ലുകൾ എടുപ്പിച്ചിട്ട് പുതിയത് വെച്ചിരിക്കുന്നത്.” ഉപദേശി സംശയിച്ചു നോക്കുന്നത് കണ്ട് എമ്മെൻ പറഞ്ഞു.
കുഞ്ഞൂഞ്ഞും ഉണ്ണൂണ്ണിയും അപ്പോൾത്തന്നെ പോയി. ഉപദേശിയുടെ ഭാര്യ ഉറക്കമുണർന്നു വന്ന് ഭക്ഷണമുണ്ടാക്കാൻ ശ്രമമാരംഭിച്ചപ്പോൾ തടഞ്ഞുകൊണ്ട് “ഇപ്പോൾ കാപ്പി മാത്രം മതി”യെന്ന് എമ്മെൻ പറഞ്ഞു. രണ്ടുപേരും ചൂടു കാപ്പി ഊതിയൂതി കുടിച്ചുകൊണ്ടിരുന്നപ്പോൾ എമ്മെൻ ജയിൽ ചാടിയ കഥ പറഞ്ഞു. അവിടെനിന്ന് ആ പാതിരാത്രിയിൽ മത്സരപ്പന്തയത്തിലെന്ന പോലെ ഓടി രക്ഷപ്പെട്ടതും വിതുരയിൽ ചെന്നിറങ്ങിയപ്പോൾ രക്ഷകനെപ്പോലെ ഒരാളെ കണ്ടുമുട്ടിയതും പിന്നീട് പാളയം കുന്നിലും പാരിപ്പള്ളിയിലും വെളിയത്തും ഒക്കെയായി ഒളിവിൽ കഴിഞ്ഞതുമായ കഥകൾ. അസുഖം കഷ്ടിച്ചൊന്നു മാറിവരുന്ന നേരത്തുള്ള വിശ്രമമില്ലാത്ത അലച്ചിൽ രോഗം വീണ്ടും പിടികൂടാൻ കാരണമാകുമോ എന്ന ആശങ്കയോടെ ചാവർകോട്ടെ ഒരു വൈദ്യനെ ചെന്നു കണ്ട കാര്യവും അറിയിച്ചു. വൈദ്യൻ കൊടുത്ത മരുന്നാണ് എമ്മെന്റെ സഞ്ചിയിലുള്ളത്.
നേരം പുലർന്നുകഴിഞ്ഞപ്പോൾ പിള്ളേരൊക്കെ ഉണർന്നെഴുന്നേറ്റു വന്ന് മലബാറിൽ നിന്നെത്തിയ അച്ചായനെ കാണാൻ ചുറ്റിനും കൂടി. കോളേജിലെത്തിയ മൂത്ത മകൻ ഇഗ്‌നേഷ്യസ് മുതൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന രാജൻ വരെ. അമ്മിണി, ബേബി, തമ്പി, ആനി എന്നിവരാണ് മറ്റുള്ളവർ. കാഴ്ചയിൽ അല്പം മുതിർന്നയാളായതുകൊണ്ട് വല്ലിച്ചായൻ എന്നാണ് കുട്ടികൾ എമ്മെനെ സംബോധന ചെയ്തിരുന്നത്.
പിള്ളേരുമായി എമ്മെൻ വളരെപ്പെട്ടെന്നുതന്നെ ഇണങ്ങി. അവരിൽ ആരെങ്കിലുമൊരാൾ എമ്മെനെ ചുറ്റിപ്പറ്റി എപ്പോഴുമുണ്ടാകും. എത്രനേരം വേണമെങ്കിലും കുട്ടികളുമായി പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നത് എമ്മെനും സന്തോഷമുള്ള കാര്യമായിരുന്നു.
എപ്പോഴും പിറകെ കൂടി അച്ചായനെ ശല്യപ്പെടുത്താതെ വെറുതെയിരിക്കാൻ പറഞ്ഞ് ഉപദേശി മക്കളെ ശാസിക്കുമ്പോൾ എമ്മെൻ അവരുടെ വശം ചേരും:
“പിള്ളേർ ഇങ്ങനെ എപ്പോഴും അടുത്തുള്ളത് എനിക്കൊരു സന്തോഷമാണ്. അവരുമായി വല്ലതുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് വിഷമങ്ങളൊക്കെ മറന്നുപോകുന്നത്.”
വെളിവാക്കപ്പെട്ട രഹസ്യം
എമ്മെൻ യഥാർത്ഥത്തിൽ ആരാണെന്നുള്ളത് കുട്ടികൾ മനസ്സിലാക്കിയിട്ടില്ല എന്നായിരുന്നു മുതിർന്നവരുടെ വിചാരം. എന്നാൽ, ആൺമക്കളിൽ രണ്ടാമനായ ബേബി എന്ന ജോർജ് വർഗീസിന് കുറച്ചുദിവസം ചെന്നപ്പോൾ ആളിനെ മനസ്സിലായി. അതിനു തക്കവണ്ണം ഒരു സംഭവമുണ്ടായി. അന്ന് കൊട്ടാരക്കര ഹൈസ്കൂളിൽ ഇ.എസ്.എസ്.എൽ.സിക്ക് പഠിക്കുകയായിരുന്ന ബേബിയുടെ കൈപ്പട മനോഹരമായിരുന്നു. അതുകൊണ്ട് എമ്മെൻ രാഷ്ട്രീയ ലേഖനങ്ങളും കത്തുകളുമൊക്കെ പറഞ്ഞുകൊടുത്തെഴുതിച്ചിരുന്നത് ബേബിയെക്കൊണ്ടാണ്. ഈ കേട്ടെഴുത്ത് സ്ഥിരമായതോടെ ബേബിയുടെ മനസ്സിൽ വെറുതെയൊരു തോന്നലുണ്ടായി - ഈ വല്ലിച്ചായൻ ആള് ഏതെങ്കിലും ഒരു വലിയ നേതാവ് ആയിരിക്കുമോ? ഒരു ദിവസം ലേഖനം എഴുതി തീർന്നപ്പോൾ “നിന്റെ പേന കൊള്ളാമോന്നു നോക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് എമ്മെൻ ബേബിയുടെ പേന കയ്യിൽ വാങ്ങിച്ച് കടലാസ്സിൽ ഒരു ഒപ്പ് പാസ്സാക്കി - എം.എൻ! ആ ക്ഷണം തന്നെ ബേബിക്ക് ആളെ പിടികിട്ടി (വർഷങ്ങൾക്കുശേഷം, കാക്കനാടൻ എന്ന സാഹിത്യകാരനായി പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന ബേബിക്കും സഹോദരങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് രണ്ടു ‘കൊച്ചായന്മാ’രെ കൂടി കിട്ടി. കാക്കനാടൻ ഉപദേശിയുടെ വീട്ടിൽ ഒളിവിൽ താമസിക്കാനെത്തിയ പി.ടി. പുന്നൂസും പി.കെ. വാസുദേവൻ നായരുമായിരുന്നു ആ കൊച്ചായന്മാർ!).
ഉപദേശിയുടെ വീട്ടിൽ എത്തിയതിന്റെ അടുത്ത ദിവസം എമ്മെൻ ഒരു സ്നേഹിതനെ കാണാനുള്ള സൗകര്യമുണ്ടാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ആളിന്റെ പേരും ജോലിയും ലക്ഷണവുമൊക്കെ കൃത്യമായി പറഞ്ഞുകൊടുത്തതനുസരിച്ച് ഉപദേശി ആളെ കണ്ടുപിടിച്ച് എമ്മെന്റെ സന്ദേശം കൈമാറി. ഏതാണ്ട് അർദ്ധരാത്രിനേരമായപ്പോൾ പുലമൺ കവലയുടെ തെക്കുമാറി ഒരു തോടിന്റെ കരയിലുള്ള ഒരു പാറക്കെട്ടിൽ ആളിനെ കൊണ്ടുചെന്നിരുത്തിയിട്ട് ഉപദേശി വീട്ടിൽപ്പോയി എമ്മെനെ കൂട്ടിക്കൊണ്ടുവന്നു. പന്തളം കൊട്ടാരത്തിലെ ഒരു തമ്പുരാനായ രാമവർമയായിരുന്നു എമ്മെന്റെ ആ സ്നേഹിതൻ. അന്നാളുകളിൽ പന്തളം കൊട്ടാരത്തിലെ അംഗങ്ങളെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു. കൊട്ടാരം പാർട്ടിയുടെ ഒരു പ്രധാന ഷെൽട്ടറും.
എമ്മെനെ കണ്ടപാടെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ വർമ, വികാരവൈവശ്യമൊന്നടങ്ങിയപ്പോൾ എമ്മെന്റെ വീട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞുകേൾപ്പിച്ചു.
“എന്റെ ചെല്ലപ്പനെ ആ കാലമാടന്മാർ തല്ലിക്കൊന്നു കാണും. അവൻ ഈ ഭൂമുഖത്ത് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അവന്റെ അമ്മയേയും മുത്തശ്ശിയേയും വന്നു കാണുമായിരുന്നു. ഈശ്വരാ, എന്റെ കുഞ്ഞിനെ ഞാൻ എന്നിനി കാണും?”
എന്നു പറഞ്ഞുകൊണ്ട് അമ്മ കരയുന്ന കാര്യം വർമ പറഞ്ഞത് കേട്ട് എമ്മെൻ ആ കരിമ്പാറയുടെ പുറത്ത് കമഴ്ന്നുകിടന്ന് തേങ്ങിത്തേങ്ങി കരയാൻ തുടങ്ങി. വർമയും കാക്കനാടൻ ഉപദേശിയും നിശ്ശബ്ദരായി ആ രംഗത്തിന് സാക്ഷ്യം വഹിച്ചു...
നേരം പുലർച്ചയായപ്പോൾ വർമയെ എം.സി റോഡിൽ കൊണ്ടുവിട്ടിട്ട് ഉപദേശി എമ്മെനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങി. അമ്മയേയും മുത്തശ്ശിയേയും കാണാൻ സാധിക്കാത്തതുകൊണ്ട് എമ്മെൻ വല്ലാത്ത മനഃപ്രയാസം അനുഭവിക്കുന്നുണ്ടെന്ന് ഉപദേശിക്ക് മനസ്സിലായി. മുളയ്ക്കൽ വീട്ടിൽ എമ്മെനെ രഹസ്യമായി കൊണ്ടുചെന്ന് അവരെ കാണിക്കാമെന്ന് പറഞ്ഞപ്പോൾ എമ്മെൻ സമ്മതിച്ചില്ല.
“നമ്മൾ രണ്ടാളേയുമൊരുമിച്ച് എങ്ങാനും ആരെങ്കിലും കണ്ടാൽ അതെല്ലാവരും അറിയും. പിന്നെയുണ്ടാകുന്നത് നിങ്ങളേയും ഭാര്യയേയും ഈ ഓമനക്കുഞ്ഞുങ്ങളേയുമെല്ലാവരേയും കൂടി പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതാണ്. അതിന് ഞാനൊരു കാരണക്കാരനാവുന്നതിനെക്കാൾ ഭേദം മരിക്കുന്നതാണ്. ഞാൻ തനിച്ചുപോയി അവരെ കാണാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഒരാഴ്ചയ്ക്കകം ഞാൻ ഇവിടെനിന്നു പോകും. വീട്ടിൽ ചെന്ന് എല്ലാവരേയും കണ്ടശേഷം വിശദമായി എഴുതാം. കത്തിൽ പക്ഷേ, എന്റെ പേര് വെയ്ക്കില്ല. പൊലീസിന്റെ കയ്യിലെങ്ങാനുമത് കിട്ടിയാൽ പ്രശ്നമാകും.”
“എന്നാൽ, സഖാവ് ഒരു കാര്യം ചെയ്യൂ. പേരിന്റെ സ്ഥാനത്ത് എം. മത്തായി ഉപദേശി എന്നെഴുതിയാൽ മതി.” എന്നിട്ട് ഉപദേശിമാർ പരസ്പരം എഴുതുന്നത് എങ്ങനെയാണെന്നുള്ളതിന്റെ ഒരു മാതൃകയും പറഞ്ഞുകൊടുത്തു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ കുഞ്ഞൂഞ്ഞും പ്രസ്സിലെ ഫോർമാൻ കെ.ആർ. രാഘവൻ പിള്ളയും കൂടിവന്ന് എമ്മെനെ കൂട്ടിക്കൊണ്ടുപോയി. എമ്മെൻ യാത്ര പറഞ്ഞപ്പോൾ ഏറ്റവും ഹൃദയബന്ധമുള്ള ആരോ ഒരാൾ തങ്ങളെ ഉപേക്ഷിച്ചു പോകുന്നതുപോലെയായിരുന്നു കാക്കനാടൻ കുടുംബത്തിന്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
