‘അവളുടെ സൂക്കേടും അവന്റെയൊരു തെറ്റും’ വാദക്കാരോട്
അമേരിക്കൻ സൈക്കാട്രിസ്റ്റും ഗവേഷകയുമായ ജുഡിത് ലെവിസ് ഹെർമന്റെ ഒരു നിരീക്ഷണമുണ്ട് - നിയമവ്യവസ്ഥ ഉണ്ടായത് സ്റ്റേറ്റിന്റെ സൂപ്പർപവറിൽനിന്നും ആണിനെ രക്ഷിക്കാനാണ്, ആണിന്റെ സൂപ്പർപവറിൽനിന്നും പെണ്ണിനേയോ കുഞ്ഞിനേയോ രക്ഷിക്കുവാനല്ല. സ്വാഭാവികമായും അത് ഉറപ്പായും കുറ്റവാളികളുടെ അവകാശത്തെ സംരക്ഷിക്കും, ഇരകളുടെ അവകാശങ്ങൾക്ക് യാതൊരു പരിരക്ഷയും ഉണ്ടാവണമെന്നില്ല. ഭരണകൂടങ്ങളൊക്കെയും ആണതിക്രമത്തെ ഏതറ്റം വരെയും പൊറുത്തുകൊടുക്കാറുണ്ട്. വോട്ടർമാർ കൂടി ഇതിനെ വേണ്ടത്ര ഗൗരവമായി കാണുന്നില്ലെന്ന സൗകര്യത്തിൽ നിന്നുടലെടുത്ത ശീലം കാലാന്തരേ ഒരു സംസ്‌കാരമായി. സ്വാഭാവികം, അതിക്രമത്തിലുള്ള അവകാശം ആണിനും അപകടത്തിൽപ്പെടാതിരിക്കാനുള്ള ബാധ്യത പെണ്ണിനുമായി. പണ്ട് താത്രിക്കുട്ടിയെ വിചാരണ ചെയ്ത സ്മാർത്തന്മാരുടെ പുതിയ അവതാരങ്ങൾ ചാനൽ ഫ്ലോറുകളിൽ ഇരകളെ വിചാരണചെയ്ത് സായൂജ്യമടയുന്നത് നമ്മൾ കണ്ടു. ചെയ്യുന്നത് ഒരു പെണ്ണിനോടാണെങ്കിലും അതു വ്യക്തമാക്കുന്നത് സദാചാരപ്പുരുഷുവിന്റെ സ്ത്രീസമൂഹത്തിനോടുള്ള സമീപനമാണ്. ആണിനെക്കാൾ അംഗസംഖ്യ കലാലയങ്ങളിലും തൊഴിലിടങ്ങളിലും ഏറിവരുന്ന കാലത്ത്, രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ നട്ടെല്ലായി സ്ത്രീസമൂഹം മാറിയ കാലത്ത് പെണ്ണ് വായമൂടിക്കെട്ടി സഹിച്ചിരിക്കണം എന്ന പഴബോധം കളയാത്ത ജന്മങ്ങൾക്ക് ഉചിതമായത് സ്വയം വഴിമാറുകയാവും.
ഇരകളെ നിശ്ശബ്ദരാക്കുന്ന വേട്ടക്കാർക്ക് സുരക്ഷയുമൊരുക്കുന്ന നിയമസംവിധാനമാണ് സ്ത്രീ സുരക്ഷയുടെ പറുദീസകൾ എന്നവകാശപ്പെടുന്ന ഇടങ്ങളിൽ കൂടിയും എന്ന് വിളിച്ചുപറയുകയാണ് സമീപകാല സംഭവങ്ങൾ. 1989 സെൻട്രൽ പാർക്ക് ബലാത്സംഗത്തിൽ ശിക്ഷിക്കപ്പെട്ടത് നിരപരാധികളായ 14-16 പ്രായത്തിലുള്ള കറുത്തവർഗക്കാരായ കുട്ടികളായിരുന്നു. പിന്നീട് അവർക്ക് 41 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവന്നു. ആ പ്രതികളുടെ വധശിക്ഷയ്ക്കായി അന്നത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡവലപ്പറും ഇന്നത്തെ അമേരിക്കൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപ് 85000 ഡോളർ സ്വന്തം പോക്കറ്റിൽനിന്ന് ചെലവിട്ട് ന്യൂയോർക്കിലെ പ്രമുഖ മാധ്യമങ്ങളിൽ പ്രതികളുടെ വധശിക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു ക്യാമ്പയിൻ തുടങ്ങി. അതേ ട്രംപിൽ നിന്നുണ്ടായ അനുഭവം പ്രശസ്ത പത്രപ്രവർത്തകയും എഴുത്താളുമായ എലിസബത്ത് ജീൻ കാരൾ ഇങ്ങനെ വിവരിക്കുന്നു: “എന്റെ രണ്ട് കൈകളും ബലമായി പിടിച്ചുയർത്തി രണ്ടാമതായി അയാളെന്നെ ചുവരോട് ചേർത്തുനിർത്തി. സ്വന്തം ശരീരഭാരത്താൽ ചുവരോട് ചേർത്തയാൾ എന്നെ അമർത്തുമ്പോൾ, എന്തുമാത്രം വലുതാണയാൾ എന്നാലോചിക്കുമ്പോഴേക്കും അയാളുടെ കൈ എന്റെ കോട്ട് ഡ്രസിനുള്ളിലേക്ക് കടക്കുന്നു, ടൈറ്റ്‌സിൽ പിടിയിട്ടു താഴേക്ക് വലിക്കുന്നു... ഓവർകോട്ട് തുറന്നയാൾ പാന്റ്‌സിന്റെ സിപ്പ് അഴിക്കുന്നു, എന്റെ സ്വകാര്യ ഭാഗത്ത് അയാളുടെ വിരലുകൾ അമരുന്നു, അയാളുടെ ലിംഗം പകുതികണ്ട്, അല്ലെങ്കിൽ പൂർണമായും എനിക്ക് ഉറപ്പില്ല - എന്നിലേക്ക് കടത്തുന്നു. അതൊരു വല്ലാത്ത പരാക്രമമായി മാറുന്നു.”
കേസിലെ ആദ്യവിധിക്കു ശേഷം ട്രംപ് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ കരോളിനുണ്ടാക്കിയ മാനനഷ്ടത്തിന് 83.3 മില്യൺ ഡോളർ കൂടി നഷ്ടപരിഹാരം നൽകാനാണ് ജൂറി വിധിച്ചത്. അപ്പീൽ കോടതി വിധിയും നഷ്ടപരിഹാരവും ശരിവച്ചു. പിന്നീടൊരു അഭിമുഖത്തിൽ, ആ പണം സാമൂഹിക സേവനങ്ങൾക്കായി മാറ്റിവെയ്ക്കുമെന്ന് കരോൾ സി.എൻ.എൻ പ്രതിനിധി പമേല ബ്രൗണിനോട് പറഞ്ഞു: “എന്റെ താല്പര്യങ്ങളിൽ പണത്തിന് സ്ഥാനം എല്ലാറ്റിനുമൊടുവിലാണ്, സത്യം ജനങ്ങൾ അറിയണം എന്നതാണെനിക്ക് നിർബന്ധം.” പെണ്ണിന്റെ ലക്ഷ്യം പണവും പ്രശസ്തിയുമാവുമെന്ന പുരുഷാധിപത്യത്തിന്റെ രണ്ടു സ്ഥിരവാദങ്ങളാണ് ഇവിടെ പൊളിഞ്ഞുവീഴുന്നത്. കരോൾ പ്രശസ്തയായ പത്രപ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു. ആ പണം സമൂഹത്തിന് സംഭാവന ചെയ്യുമെന്ന് അവർ വ്യക്തമാക്കിയതോടെ പണത്തിനുവേണ്ടിയാണെന്ന വാദവും പൊളിയുന്നു. പുരുഷകേന്ദ്രിത നിയമവ്യവസ്ഥയിൽ അധികാരത്തിന്റെ ഒരനുഷ്ഠാനകലയായി പീഡനങ്ങൾ മാറുകയാണ്. അമേരിക്കയിൽ ആയാലും അടൂരിലായാലും ഒരേ രീതിശാസ്ത്രമാണ്. ബലാത്സംഗികൾ ആസ്വദിക്കുന്ന അധികാരത്തിന്റെ കരുത്തും ആത്മവിശ്വാസവും അതിജീവിതമാർ അനുഭവിക്കുന്ന അവഹേളനവും ഒറ്റപ്പെടലും ലോകത്തെവിടെയും ഒന്നാണെന്നു വരുന്നു.
ഹോളിവുഡ് തൊട്ട് മോളിവുഡ് വരെയും പിടിച്ചുകുലുക്കിയ മീറ്റൂ
ന്യൂയോർക്ക് ടൈംസിന്റെ ജോഡി കാന്ററും മേഗൻ ടുഹേയും ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് കോടീശ്വരനായ ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റൈൻ ദശാബ്ദങ്ങളായി നിർഭയം നിരന്തരം നടത്തിക്കൊണ്ടിരുന്ന ബലാത്സംഗങ്ങൾ ലോകമറിഞ്ഞത്. വെയ്ൻസ്‌റ്റൈനിന്റെ പീഡനത്തിന് ഇരയായ എൺപതോളം പേരാണ് അവർക്ക് സംഭവിച്ചത് തുറന്നുപറഞ്ഞത്. അതിൽ അയാളുടെ ഹോട്ടൽമുറിയിൽ ഒന്നുമറിയാതെ ക്ഷണം സ്വീകരിച്ചെത്തിയ സിനിമാമേഖലയിലെ എത്രയോ പെൺകുട്ടികളുണ്ടായിരുന്നു. അയാളുടെ കരുത്തിനു മുന്നിൽ വീണുപോയവരുണ്ടായിരുന്നു, അയാളുടെ സ്വാധീനത്തെ ഭയന്ന് വഴങ്ങിക്കൊടുത്തവരുണ്ടായിരുന്നു, ചെറുത്തുനിന്നെങ്കിലും രക്ഷപ്പെടാൻ കഴിയാതെ പോയവരുണ്ടായിരുന്നു, കരിയർ തകരാതെ നോക്കാൻ വഴങ്ങിക്കൊടുത്തവരും ഉണ്ടായിരുന്നു. പിന്നീട് കേരളത്തെത്തന്നെ പിടിച്ചുകുലുക്കിയ മോളിവുഡിലെ ലൈംഗികാതിക്രമങ്ങളെ അന്വേഷിച്ചു ചെയ്ത ഹേമകമ്മീഷനു വരെയും വഴിമരുന്നിട്ട മീറ്റൂവിന് തിരികൊളുത്തിയത് അവരുടെ അന്വേഷണമായിരുന്നു.
പൾപ്പ് ഫിക്ഷൻ എന്ന ചിത്രത്തിൽ അഭിനയിച്ച റോസാന്നാ ആർകെറ്റ് ന്യൂയോർക്കറിനോട് പറഞ്ഞ അനുഭവം വായിക്കണം: “വെയ്ൻസ്‌റ്റൈനുമായി ബെവർലി ഹിൽസിലെ ഒരു ഹോട്ടലിൽ എനിക്കൊരു ഡിന്നർ മീറ്റിങ്ങ് ഉണ്ടായിരുന്നു, ഒരു തിരക്കഥ നോക്കുവാനായി. എന്നാൽ അവിടെ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്യൂട്ടിലേക്ക് പോകുവാനാണ് പറഞ്ഞത്. ഞാനവിടെ എത്തിയപ്പോൾ, അദ്ദേഹമാണ് വാതിൽ തുറന്നത്, വെളുത്ത ബാത്ത്റോബ് മാത്രം ധരിച്ച്. തനിക്ക് ഒരു മസാജ് വേണമെന്ന് പറഞ്ഞുകൊണ്ട് എന്റെ കൈ അദ്ദേഹത്തിന്റെ ലിംഗത്തിലേക്ക് വലിച്ചു. ഉദ്ധരിച്ച ലിംഗം കാണാമായിരുന്നു. ഭയത്താൽ എന്റെ ഹൃദയമിടിപ്പ് കൂടി. പോരാട്ടമോ അതോ ഓട്ടമോ വേണ്ടതെന്നൊരു വിഷമാവസ്ഥയിലായിരുന്നു ഞാൻ. ഞാൻ ഒരിക്കലും അത് ചെയ്യില്ല എന്നുറപ്പിച്ചു പറഞ്ഞു: “നീ ഒരു വലിയ അബദ്ധമാണ് ചെയ്യുന്നത് എന്നദ്ദേഹം പ്രതികരിച്ചു. തുടർന്ന് തന്റെ കരിയർ വല്ലാതെ ബാധിക്കപ്പെട്ടു.”
ഇറ്റാലിയൻ അഭിനേത്രി ഏഷ്യ ആർജെന്റോ ഇരുപത്തിയൊന്നു വയസ്സിൽ തന്നെ വെയിൻസ്റ്റീൻ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തുന്നു. പ്രമുഖ ഹോട്ടലിലെ പാർട്ടിയിലേക്ക് ക്ഷണിച്ചതാണെന്ന വിശ്വാസത്തിലാണ് അവർ അവിടെയെത്തുന്നത്. അയാളുടെ അന്നത്തെ മെന്യുവിൽ ആർജെന്റോ ആയിരുന്നു. മറ്റാരുമില്ലാതെ, ഒറ്റപ്പെട്ടു അകപ്പെട്ടു. ദി ന്യൂയോർക്കർ മാസികയോടു അവർ വെളിപ്പെടുത്തിയത് ഒരു ബാത്ത്റോബ് മാത്രം ധരിച്ചെത്തിയ ഹാർവി മസാജ് ചെയ്തുകൊടുക്കാൻ ആവശ്യപ്പെട്ടെന്നാണ്. മനസ്സില്ലാമനസ്സോടെ സമ്മതിച്ചതിനു പിന്നാലെ അയാൾ അവളുടെ സ്‌കർട്ട് മുകളിലേക്ക് വലിച്ചുയർത്തി ബലപ്രയോഗത്തിലൂടെ ഓറൽസെക്‌സിന് വിധേയയാക്കി. ‘ഭീകരമായ മാനസികാഘാതം’ കാരണം കുറ്റബോധം ഏറെ അനുഭവിച്ചുവെന്നും കീഴടങ്ങിപ്പോയതിൽ ഖേദമുണ്ടായിരുന്നെന്നും അവർ പറയുന്നു. ശേഷവും അയാളോടൊപ്പം സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെങ്കിലും അതൊക്കെയും ഏകപക്ഷീയവും സ്വയംഭോഗപരവുമായിരുന്നുവെന്നും അവർ വിശദീകരിക്കുന്നുണ്ട്. ആ കീഴടങ്ങലിന് ഒക്കെയും പിന്നിൽ, നിരസിച്ചാൽ തന്റെ കരിയർ നശിപ്പിക്കുമെന്ന ഭയമായിരുന്നു എന്നുപറഞ്ഞശേഷം ഒരു വാചകമുണ്ട്: “ബലാത്സംഗത്തിന് ശേഷം അയാൾ വിജയിച്ചു.” അധികാരവും സ്വാധീനവും കരുത്തും ഉപയോഗിച്ച് മറ്റൊരാളെ ശാരീരികമായി, ലൈംഗികമായി കീഴ്‌പ്പെടുത്തി ആസ്വദിക്കുന്നതാണ് ഒരു ബലാത്സംഗിയുടെ ജീവിതവിജയം എന്നുവരുന്നു.
ലോകമെമ്പാടും ആൺ-പെൺ-ഇതര സ്വത്വാവകാശങ്ങളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ പ്രേരിപ്പിച്ച ആ അന്വേഷണാത്മക റിപ്പോർട്ടിങ്ങിന്റെ ചരിത്രം അടയാളപ്പെടുത്തിയ ‘ഷീ സെഡ്: ബ്രേക്കിംഗ് ദി സെക്ഷ്വൽ ഹറാസ്‌മെന്റ് സ്റ്റോറി ദാറ്റ് ഹെൽപ്പ്ഡ് ഇഗ്‌നൈറ്റ് എ മൂവ്മെന്റ്’ അവർ എഴുതി. വാഷിംഗ്ടൺ പോസ്റ്റ് ഇതിനെ ‘അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഒരു ഇൻസ്റ്റാന്റ് ക്ലാസിക്’ എന്ന് വിശേഷിപ്പിച്ചു. ലോകത്തെ പിടിച്ചുകുലുക്കി മാറ്റുവിൻ ചട്ടങ്ങളെ എന്നോർമിപ്പിച്ച കോളിളക്കം സൃഷ്ടിച്ചൊരു റിപ്പോർട്ടായി അത്.
ലോകമെമ്പാടുമുള്ള സ്ത്രീകൾ വെയ്ൻസ്‌റ്റൈനിൽ നിന്നുള്ള ലൈംഗികപീഡന, ആക്രമണ ആരോപണങ്ങളുമായി മുന്നോട്ടുവന്നു. മീറ്റൂ സോഷ്യൽ മീഡിയ ഹാഷ്‌ടാഗിലൂടെ സ്ത്രീസമൂഹം അവരുടെ പൊതുവായ അനുഭവങ്ങൾ വാരിവിതറി ഐക്യപ്പെട്ടപ്പോൾ അടിതെറ്റി വീണത് എത്രമാത്രം പ്രമുഖരാണ്. ഇവിടെ സിനിമാമേഖലയിലെ ലൈംഗികപീഡാനുഭവങ്ങളുടെ അണപൊട്ടിയപ്പോൾ സംസ്ഥാന സർക്കാരിന് ജസ്റ്റിസ് ഹേമകമ്മിഷൻ രൂപീകരിക്കേണ്ടിവന്നു.
നീതിയിൽനിന്നും ന്യായത്തിൽനിന്നും ന്യായാധിപർ സമദൂരത്താവുമ്പോൾ
ഡൊണാൾഡ് ട്രംപ് സുപ്രീംകോടതി ജസ്റ്റിസായി നാമനിർദ്ദേശം ചെയ്ത ബ്രെറ്റ് കവനാഗിനെതിരെ, ചെറുപ്പത്തിൽ അദ്ദേഹത്തെ പരിചയമുണ്ടായിരുന്ന ഡോ. ക്രിസ്റ്റിൻ ബ്ലേസി ഫോർഡ് അയാളിൽനിന്നും നേരിട്ട ലൈംഗികാതിക്രമം വെളിപ്പെടുത്തി, കേസായി. ഇന്ന് അറിയപ്പെടുന്ന പ്രൊഫസറും എഴുത്താളുമാണ് ഡോ. ക്രിസ്റ്റിൻ. 1990-കളിൽ ജസ്റ്റിസ് ക്ലാരൻസ് തോമസിനെതിരെ ലൈംഗികപീഡനം ആരോപിച്ച് രംഗത്തുവന്ന അനിറ്റ ഹിൽ നേരിട്ട അനുഭവം തന്നെയായിരുന്നു. “ചില്ലറ ഭ്രാന്തിയെന്നും അല്പം അഴിഞ്ഞാട്ടക്കാരി'യെന്നും അനിറ്റ മുദ്രകുത്തപ്പെടുകയായിരുന്നു എന്ന് ലാരി പെന്നി അവരുടെ ‘സെക്ഷ്വൽ റവല്യൂഷൻ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.”
1982-ൽ ഒരു ഹൈസ്‌കൂൾ പാർട്ടിക്കിടെ കവനാഗ് തന്റെ വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിച്ചതും അലറിക്കരയുന്ന തന്റെ വായ ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ചതും കണ്ണീരടക്കാൻ പാടുപെട്ടുകൊണ്ടാണ് അവർ വിവരിച്ചത്. ദശലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ മണിക്കൂറുകൾ നീണ്ട കഠിനമായ ചോദ്യം ചെയ്യലിന് അവർ വിധേയയായി. തങ്ങളെ സംബന്ധിച്ചിടത്തോളം എന്ത് സംഭവിച്ചാലും, കവനാഗ് ആണ് യഥാർത്ഥ ഇര എന്ന് സുപ്രീംകോടതി സെലക്ഷൻ കമ്മിറ്റിയിലെ റിപ്പബ്ലിക്കന്മാർ വ്യക്തമാക്കുകയും ചെയ്തു. ക്രിസ്റ്റിൻ അതിരുകടക്കുന്നു എന്ന പരാതിയായിരുന്നു പലർക്കും. കവനാഗിനോടും അദ്ദേഹത്തിന്റെ മക്കളോടും അവർ കുറച്ചുകൂടി അനുകമ്പ കാണിക്കണമായിരുന്നു എന്നു നിരീക്ഷിക്കുകയും ചെയ്തു. സ്ഥിരം ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടു: ഇത്രകാലവും മൗനം പാലിച്ചത് എന്തുകൊണ്ട്? എന്തുകൊണ്ട് അടച്ചുപൂട്ടി കഴിയാൻ ശ്രമിച്ചു? സല്‍പ്പേരിനെയോർത്തല്ല, ജീവഭയം കാരണം എന്നവർ മറുപടി പറഞ്ഞു. ഏറെ താമസിയാതെ, വധഭീഷണിയെത്തുടർന്ന് ക്രിസ്റ്റിന് കുടുംബത്തോടൊപ്പം വീടുവിട്ട് പോകേണ്ടിവന്നു. സമ്പത്തും സ്വാധീനവുമുള്ള ഒരാളുടേയും അയാളുടെ ആഗ്രഹങ്ങളുടേയും ഇടയിൽപെട്ടുപോവുന്നത് അപകടകരമാണ്. വ്യക്തിപരമായ വൻനഷ്ടമില്ലാതെ പ്രതിരോധം സാധ്യമാവാത്തിടത്ത് അധികാരം അതിക്രമമായി മാറുകയാണ്.
ഹാർവി വെയ്ൻസ്‌റ്റൈന് ചുറ്റും സദാ പെൺകുട്ടികൾ സഹായികളായുണ്ടായിരുന്നു. അയാളുടെ ഹോട്ടൽമുറിയിലേക്ക് അന്നത്തെ മെനുവിലെ താരസുന്ദരിയെ തനിച്ചെത്തിക്കുന്നത് ഉറപ്പാക്കുകയായിരുന്നു അവരുടെ ദൗത്യം. സ്വന്തം ശരീരത്തിനുമീതെ അവകാശമില്ലാത്തവർക്ക് സ്വയംഭരണാവകാശം പ്രതീക്ഷകൾക്കപ്പുറത്താണ്. പെണ്ണാണ് പെണ്ണിന്റെ മുഖ്യശത്രു എന്ന കാഴ്ചപ്പാട് ഉടലെടുക്കുന്നത് അവിടെനിന്നുമാണ്. പരസ്പരം പിന്തുണയ്ക്കുകയും പരസ്പരം വിശ്വസിക്കുകയും ചെയ്യുന്നതിന് പകരം സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ, മേലധികാരികളെ, പിതാക്കളെ ഒക്കെയും വിശ്വസിക്കുന്നു. പുരുഷശ്രദ്ധ ആകർഷിക്കുന്നതിനായി, ചില അനുകൂല്യങ്ങൾക്കായി സ്ത്രീകളെ പരസ്പരം മത്സരിപ്പിക്കുന്ന പുരുഷാധിപത്യ സംവിധാനങ്ങൾ സ്ത്രീകൾക്കിടയിലെ ഐക്യത്തെ റദ്ദുചെയ്തുകളയുന്നുണ്ട്. മഹാപിന്തിരിപ്പൻ കോർപറേറ്റ് സ്ഥാപനങ്ങൾ മുതൽ ഏറ്റവും പുരോഗമനം ആരോപിക്കപ്പെടുന്ന പാർട്ടികളിൽ വരെയും ഉണ്ട്. എന്നാൽ ലൈംഗികപീഡനങ്ങളും കടന്നുകയറ്റങ്ങളും കൈകാര്യം ചെയ്യുവാൻ ആധുനിക സ്ഥാപനങ്ങൾക്ക് സംവിധാനങ്ങൾ ഇല്ലെന്ന് പറയുക സാധ്യമല്ല. പക്ഷേ, അവ നിർവഹിക്കുന്ന ദൗത്യം മിക്കവാറും ആർക്കും പരാതിയില്ലെന്ന് ഉറപ്പിക്കലാണ്. ഇരകളാരും പരാതിയുമായി എത്താത്ത ഒരു സംവിധാനം ഒരുക്കലാണ്. വേട്ടക്കാർക്ക് കരിയറിലോ മാനത്തിലോ നഷ്ടകഷ്ടങ്ങളൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുവാനായി ഇരകൾക്ക് സഹനത്തിന്റെ മാർഗം ഉപദേശിക്കുകയാണ് പലരും. തെളിവെടുപ്പും വിചാരണകളും കൂടിയൊരു പീഡാനുഭവം ആവുന്ന ലോകത്ത് പലരും നിശ്ശബ്ദരാവുക സ്വാഭാവികമാണ്.
നിലവിൽ ഒരു യുവനേതാവിനെതിരെ ഒരു യുവതി ഉയർത്തിയ, ലോകം മുഴുവൻ കേട്ട ഇതുവരെയായിട്ടും അയാൾ പോലും നിഷേധിക്കാത്ത ആരോപണത്തിന്റെ പേരിൽ അവളെ സമൂഹമാധ്യമങ്ങളിൽ, ദൃശ്യമാധ്യമങ്ങളിലും അവഹേളിക്കുന്ന, സർവസീമകളും ലംഘിച്ച് വേട്ടയാടുന്ന അധമസമൂഹമാണ് നമ്മുടേത്. സമാനമായതും തീവ്രതകൂടിയതും തീവ്രതകുറഞ്ഞതുമായ എത്രയോ പീഡനങ്ങളിൽപെട്ടവർ അതിജീവിതകളുടെ പരാതികൾ ഉണ്ടായിട്ടും ശബ്ദസന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങൾ നിത്യേന വാരിവിതറിയിട്ടും എത്രയോ അധമർ നേതാക്കളായി, ജനപ്രതിനിധികളായി തുടരുമ്പോൾ നമ്മൾ ജാതിമതരാഷ്ട്രീയഭേദമന്യേ ട്രംപുരാഷ്ട്രീയത്തിന്റെ ആരാധകർ തന്നെയാണ്.
ശക്തരായ രണ്ടു ജഡ്ജിമാർക്കെതിരെ വ്യക്തമായ നിലപാടുകളും ആരോപണങ്ങളുമായി വന്ന നിലവിൽ പ്രൊഫസർമാരും എഴുത്താളുകളുമായ അനിറ്റയുടേയും ക്രിസ്റ്റീനയുടേയും മാനസികനിലയും വിശ്വാസ്യതയുമാണ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്. അവരുടെ ലൈംഗികചരിത്രം പരിശോധനാവിധേയമായി. പഴയജീവിതം പാടേയിനി അസാധ്യമാവുമെന്ന് ബോധ്യമായിട്ടും വരാനിരിക്കുന്നവർക്ക് വഴിവിളക്കുകളായി അവർ സധൈര്യം നിലകൊണ്ടു. സ്വാധീനമുള്ള ഒരാളെ ബലാത്സംഗിയായി ചൂണ്ടുന്നത് അധികാരത്തോടുള്ള വെല്ലുവിളിയാണ്, അയാളുടെ കരുത്തിന് ആനുപാതികമായി അപകടം ഉറപ്പാവുന്നതാണ് ചരിത്രം, വർത്തമാനവും. ഒരു ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം അദ്ദേഹം തന്നെ കേട്ട, ഏറെ വിമർശനം വിളിച്ചുവരുത്തിയ അനുഭവം നമുക്കുണ്ട്. അങ്ങനെയാവുമ്പോൾ നിയമം ആരെയാണ് സംരക്ഷിക്കുന്നത്? പെണ്ണിനെ അതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാനാണോ അതോ പുരുഷന്മാരെ അനന്തരഫലങ്ങളിൽനിന്ന് സംരക്ഷിക്കാനോ എന്നൊരു ചോദ്യം കാണാതെ പോവരുത്.
മൗനം ‘വിദ്വാന്’ ഭൂഷണം
വിഷയത്തിൽ ഒരു നിലപാട് എടുക്കുന്നതിനെക്കാൾ എന്തെളുപ്പമാണ് നിഷ്‌ക്രിയരാവുന്നത്. മുന്നിലുള്ളതിൽനിന്നും നമുക്കു വേണ്ടതുമാത്രം കാണുവാനുള്ള സുവർണാവസരമാണ് ഒന്നും അറിഞ്ഞില്ലെന്ന ന്യായവാദം. പൊതുഅജ്ഞത സൃഷ്ടിക്കുന്ന ഇരുട്ടിലാണ് എല്ലാ വേട്ടക്കാരും ജനദ്രോഹികളും തഴച്ചുവളരുന്നത്. മീറ്റൂ മൂവ്‌മെന്റ് പൊട്ടിപ്പുറപ്പെടുന്നത് വരെ ഹോളിവുഡിൽ ‘സത്യമായും’ ആരുമൊന്നും അറിഞ്ഞില്ല, സിലിക്കോൺ വാലിയിലും ‘സത്യമായും’ ആരുമൊന്നും അറിഞ്ഞില്ല, ട്രംപ് അഡ്‌മിനിസ്‌ട്രേഷനിലും ‘സത്യമായും’ ആരുമൊന്നും അറിഞ്ഞില്ല. എന്തിന് നമ്മുടെ മോളിവുഡിലും ‘സത്യമായും’ അതിനെ നിയന്ത്രിച്ചുനിർത്തിയ രാക്ഷസരാജാക്കളും രാവണപ്രഭുക്കളുമടക്കം ആരുമൊന്നും അറിഞ്ഞിരുന്നില്ല. ധൈര്യമായി നമുക്ക് പറയാം രാഷ്ട്രീയ മേഖലയിലെ ലൈംഗികാതിക്രമങ്ങളെപ്പറ്റിയും - ‘സത്യമായും’ ആരും ഒന്നും അറിഞ്ഞില്ല. എല്ലാ രഹസ്യാന്വേഷണ സംവിധാനങ്ങളുമുള്ള ഭരണകൂടങ്ങൾക്കാണ് പരസ്യമായ ലൈംഗികചൂഷണങ്ങളുടെ കഥകൾ അറിയാതെ പോവുന്നത് എന്നു ‘സത്യമായും’ നമുക്കും വിശ്വസിക്കാം.
അറിയേണ്ടത് അറിയുന്നത് മനസ്സാക്ഷിയുടെ ധർമമാണ്. എല്ലാം അറിഞ്ഞിട്ടും നിഷ്‌ക്രിയരാവുന്നവർക്ക്, എല്ലാം അറിഞ്ഞിട്ടും ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുന്നവർക്ക് എന്തെങ്കിലും ചെയ്യാൻ ആവുമായിരുന്നെങ്കിലും ഒന്നുംചെയ്യാതെ പോവുന്നവർക്ക് പിന്നീട് ചെയ്യാനാവുക പശ്ചാത്താപം ഒന്നുമാത്രമാണ്, ഏറ്റവും നല്ല ഇരയുടെ ലക്ഷണമായ ആത്മനിന്ദയും.
നിലവിലെ ലോകനീതിയിൽ നല്ല ഇര സൗമ്യയാവണം, ലജ്ജാവതിയും. പെൺജീവിതങ്ങളെക്കാൾ ആൺസുഖങ്ങൾക്ക് മൂല്യമുള്ള ഒരു സംസ്‌കാരത്തിൽ ബലാത്സംഗത്തിന് ഇരയായി എന്നറിയുന്നത് ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കാൾ മോശമാവും എന്ന ചിന്തയാണ് ഭേദപ്പെട്ട ഇരയെ സൃഷ്ടിക്കുന്നത്. ഏറ്റവും നല്ല ഇരയുടെ ലക്ഷണം ഭയവും ആത്മനിന്ദയും ചാലിച്ചെടുത്ത മൗനമാണ്. തന്നെ പീഡിപ്പിച്ചവന് ഒരു പോറലുമേല്പിക്കാതെ, കരിയറിൽ നിർബാധം ഉയർന്നു പോകുവാനുള്ള അവസരം ഒരുക്കുന്നവർ. തന്റെതന്നെ തെറ്റുകൊണ്ടാണ് സംഭവിച്ചത് എന്ന് സ്വയമവർ ആശ്വസിക്കുമ്പോൾ ബലാത്സംഗിക്ക് പിന്നെയൊരു മനസാക്ഷിക്കുത്തിന്റെ ആവശ്യം കൂടി വരുന്നില്ല.
സ്വാഭാവികമായും ഒരു ബലാത്സംഗിയുടെ പ്രഥമപരിഗണന ഏറ്റവും നല്ല ഇരയ്ക്കാവും. സംഭവം പുറത്തറിഞ്ഞാലുള്ള അനന്തരഫലങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഇരയെ വളഞ്ഞിടുകയാണ് നടപ്പുരീതി. ബലാത്സംഗം ചെയ്യപ്പെട്ടു എന്നൊരു ആത്മഗതം പോലും ഭയക്കുന്ന ഒരവസ്ഥയിൽ ഏറ്റവും സ്‌നേഹിക്കുന്നവരും വിശ്വസിക്കുന്നവരുമായിപ്പോലും അത് പങ്കുവയ്ക്കുവാൻ ഇരകൾ മടിക്കുന്നു. പൊതുസമൂഹമാണ് കുറ്റക്കാർ. ബലാത്സംഗ സംസ്‌കാരത്തെ സൃഷ്ടിക്കുന്നതും നിലനിർത്തുന്നതും ഏതാനും വേട്ടക്കാരും ഇരകളും അല്ല. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയുന്നില്ലെന്ന് നടിച്ച് മാറിപ്പോകുന്ന അടുപ്പമുള്ളവരാണ്, ഏതറ്റം വരെയും പിന്തുണ പകരേണ്ട സഹപ്രവർത്തകരാണ്, അവളിൽ പ്രശ്‌നക്കാരിയെ കണ്ടെത്തുന്ന സ്ഥാപന മേധാവികളാണ്, കുറ്റകരമായ നിസ്സംഗത പുലർത്തുന്ന സമൂഹമാണ്, സർവോപരി ബലാത്സംഗികൾക്ക് സർവ സംരക്ഷണവും ഒരുക്കുന്ന, ഇരകളെ വ്യക്തിഹത്യ നടത്തുന്ന പൊതുബോധവുമാണ്. ഇതെല്ലാം ഉണ്ടെങ്കിൽ ലക്ഷണമൊത്ത ബലാത്സംഗ സംസ്‌കാരത്തിന്റെ നടത്തിപ്പുകാരാണ് നമ്മൾ.
മറ്റു സ്വതന്ത്ര ശരീരങ്ങളെ അനുവാദമില്ലാതെ തൊടുവാനുള്ള അവകാശം തനിക്കുണ്ടെന്ന് കരുതുന്നവർ, മറ്റുള്ളവരുടെ തുല്യ അവകാശങ്ങളെപ്പറ്റി ബോധവാന്മാരല്ലാത്തവർ സാമൂഹിക വിരുദ്ധരാണ്. നിയമനിർമാണസഭകളിലിരുന്ന് നമ്മുടെ ജീവിതങ്ങളെ നിർവചിക്കുന്ന നിയമങ്ങൾ അവർ നിർമിക്കുമ്പോൾ അപകടത്തിലാവുന്നത് സമൂഹത്തിന്റെ ഭാവിയാണ്. ഇരകളോട് ഐക്യപ്പെടുന്നതിനെക്കാൾ ലാഭകരം വേട്ടക്കാരോട് സഹതാപം പ്രഖ്യാപിക്കുകയാണ്. ആയൊരു വലിയ സമൂഹത്തോടൊപ്പം സത്യമായും ഒന്നുമറിയാത്ത നമ്മളും നമ്മുടെ നിസ്സംഗതയും അണിചേരുകയാണ്. പാട്രിയാർക്കിയുടെ ലക്ഷ്യവും മാർഗവും അതുതന്നെയാണ് - അവരായി അവരുടെ പാടായി, ഇതിൽ നമുക്കെന്തു കാര്യം എന്ന പൊതുബോധം സൃഷ്ടിച്ചെടുക്കൽ.
പെണ്ണ് പീഡനത്തെപ്പറ്റി പരാതിപ്പെടുമ്പോൾ അവൾക്ക് സൂക്കേടാണ്, വിശ്വസിക്കരുത്. ആണ് പീഡനം നടത്തിയാൽ അവന് തെറ്റുപറ്റിയതാവാം, ശിക്ഷിക്കരുത് എന്ന പ്രാകൃതബോധത്തിൽ ആണ്ടുകിടക്കുകയാണ് നീതിന്യായവ്യവസ്ഥകൾവരെയുമെന്ന് രണ്ടു പ്രൊഫസർമാരുടെ അനുഭവത്തിലൂടെ നമ്മൾ കണ്ടു. സംസ്‌കാരത്തിൽ അലിഞ്ഞുചേർന്ന പ്രാകൃതബോധല്ല, തത്സമയം അവന്റെ നിയന്ത്രണം നഷ്ടമായെന്ന ന്യായം ആണിന്റെ ആനുകൂല്യമാണ്. പെണ്ണിന്റെ ശാരീരിക-മാനസിക വേദനകളെ വൈദ്യശാസ്ത്രവിശാരദന്മാർ വരെയും വിഭ്രാന്തിയിൽ വരവുവെച്ച് തള്ളുന്ന ലോകത്ത്, ഇവിടെ അയാൾ യുവതിയോട് തനിക്ക് അനുഭവമില്ലാത്ത അവളുടെ ശാരീരിക-മാനസികാവസ്ഥയെ നിസാരവല്‍ക്കരിച്ച് സംസാരിക്കുന്നത് നമ്മൾ കേട്ടു. ഇങ്ങനെയുള്ളവർ ഭാവി നിയമനിർമാതാക്കളായി വരുന്ന ലോകത്തെ ഭയക്കേണ്ടതാണ്. അവൻ ചെറുപ്പമാണ് വലിയ ഭാവിയുണ്ട് അത് നശിപ്പിക്കരുത് എന്ന് പറയുന്നവർ അവന്റെ വലിയ ഭാവിയുടെ മാർജിനിൽ കഴിയേണ്ടവളാണ് അവളെന്ന് പറയാതെ പറയുകയാണ്.
ഗതകാലത്തെ വേദനാജനകമായ അനുഭവങ്ങൾ ആവണം ഒരാളെ ബലാത്സംഗി ആക്കുന്നത് എന്നത് പഴയ ഇരകളാണ് പുതിയ വേട്ടക്കാർ എന്ന വാദം പോലെ ബാലിശമാണ്. ഏതെങ്കിലും വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകാത്തവർ ആരും ഉണ്ടാവണമെന്നില്ല. ഇരകൾ എന്നും ഇരകളാണ്, സിനിമയിൽ എന്നോണം ഉള്ള അപവാദങ്ങളെ സാമാന്യവൽക്കരിക്കരുത്. സ്ത്രീസുരക്ഷ പുരുഷാന്തസിന് താഴെയാവുന്നിടത്തെ ലാടതൈലമാണ് ‘അവളുടെ സൂക്കേടും അവന്റെ തെറ്റും.’ മുറിവേല്പിച്ചവർക്ക് തിരിച്ചുകൊടുക്കുവാൻ കഴിയാത്ത, ഭീതിയുടെ നിഴലിലെ ഇരകൾ സ്വയം കുറ്റപ്പെടുത്തിയും ശപിച്ചും കഴിയുന്നു. അങ്ങനെ വഴിമാറിയ കോപതാപങ്ങളാണ് പ്രതികരണശേഷിയെ ഷണ്ഡീകരിക്കുന്ന നിശ്ശബ്ദസഹനത്തിന്റെ സംസ്‌കാരം സൃഷ്ടിക്കുന്നത്.
മീറ്റൂ വഴിവെട്ടിയ കൺസെന്റ് റവല്യൂഷൻ
ലോകത്തെ എല്ലാ ഇസങ്ങൾക്കും മതങ്ങൾക്കും കൺസെന്റ്, അനുവാദം എതിരാണ്. പ്രാകൃത മതബോധങ്ങൾക്കും ചത്തുചീർത്ത പ്രത്യയശാസ്ത്രങ്ങൾക്കുമപ്പുറത്ത് ഓരോ വ്യക്തിയും സ്വതന്ത്രരാഷ്ട്രമാവുന്ന കാലത്തെ വിപ്ലവം അതാണ്, എന്തിനും ഏതിനും എപ്പോഴും വേണം സമ്മതമെന്ന ബോധം. ആയൊരു പദത്തിന്റെ ആഴവും പരപ്പും ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണ് എല്ലായിസങ്ങളുടേയും മതങ്ങളുടേയും മുഖ്യശത്രു ഫെമിനിസമാവുന്നത്. പാട്രിയാർക്കി പിതാക്കളുടെ ഭരണമാണ്. സഹസ്രാബ്ദങ്ങളുടെ ആണധികാരത്തെയാണ് ഫെമിനിസം വിചാരണ ചെയ്യുന്നത്, ചെയ്യേണ്ടതും. പീഡനങ്ങൾ പരുവപ്പെടുത്തിയ ഒരു സംസ്‌കാരം അതിന്റെ മുറിവടയാളങ്ങൾ പേറുന്നതാവും. ബലാത്സംഗം ആവാമെങ്കിലും സ്വവർഗഭോഗം, ഗർഭച്ഛിദ്രം, ഗർഭനിരോധനം ഒന്നും പാടില്ലെന്ന സുന്ദര നിലപാടുകളിൽനിന്നും ലോകം മാറി വരികയാണ്, ആർക്കും എപ്പോഴും ആരോടും ആവാമെന്ന പഴബോധത്തെ പ്രതിരോധിക്കുന്ന അംശവടിയാണ് കൺസന്റ്. ഇന്നലെ തന്നത് നാളെ ചോദിക്കാതെ എടുക്കാനുള്ള സമ്മതമല്ല. സമ്മതം ഒരു ലൈസൻസ് അല്ല, ലിബറേഷൻ ആണ്. സമ്മതം സ്വാതന്ത്ര്യത്തിന്റെ, നീതിയുടെ ഭാഗമാണ്. സ്വാധീനമുള്ളവർക്കും ശക്തർക്കും വീതിച്ചതാണ് സ്വാതന്ത്ര്യമെന്ന ബോധമാണ് മാറേണ്ടത്, ആണ് കടന്നുകയറാൻ ഉള്ളവരും പെണ്ണ് കിടന്നുകൊടുക്കാനുള്ളവരുമെന്ന പ്രാകൃതബോധവും.
മറ്റുള്ളവരുടെ ആഗ്രഹങ്ങളെ താലോലിക്കുകയല്ലാതെ സ്വന്തമായി ആഗ്രഹം പ്രകടിപ്പിച്ച പെണ്ണിനെ സമൂഹം കണ്ടത് കൊള്ളരുതാത്തവളായാണ്. പുരുഷുമാർഗം കൂടാത്തവൾ പുരുഷുഭാഷയിൽ വഴിപിഴച്ചവളാണ്. അതിജീവിതകളായ പെൺകുട്ടികൾക്കെതിരെ ഇപ്പോൾ വരുന്ന ചോദ്യങ്ങളുടെയൊക്കെ ഉറവിടം ഈ പഴബോധമാണ്. അതിക്രമ സംസ്‌കാരത്തിൽനിന്നും അനുവാദ സംസ്‌കാരത്തിലേക്കുള്ള മാറ്റം ഒരു പൂർണ മനുഷ്യനിലേക്കുള്ള സാംസ്‌കാരിക വളർച്ചയാണ്.
പ്രഥമദൃഷ്ട്യാ ഒരു ബലാത്സംഗത്തിൽ അവൻ നിരപരാധി ആണെന്ന് തോന്നുന്ന സമൂഹത്തിൽ സ്വാഭാവികമായും അവളാണ് അപരാധിയെന്ന ബോധം അന്തർലീനമായുണ്ട്. മൗനം സമ്മതം എന്ന പൊതുധാരണ അപകടകരമാംവിധം ഏറുകയാണ്, മീഡിയകളിൽ പ്രതിഫലിക്കുന്നത് സമൂഹത്തിന്റെ പൊതുബോധമാണ്. ചില അതിക്രമങ്ങൾ നിയമവിധേയമാണ്, ഒരക്രമിയെ കീഴ്‌പെടുത്തി കൂട്ടിലടക്കുന്ന ഒരു പൊലീസ് ഓഫീസറുടെ ബലപ്രയോഗം നിയമവിധേയമാവുന്നതുപോലെ 1990 വരെ ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമായിരുന്നു. ആയൊരു സാഹചര്യത്തിൽനിന്നുമാണ്, കൺസെന്റ് എന്ന വാക്കിന്റെ അർത്ഥമറിയാത്ത സാംസ്‌കാരിക പരിസരത്തുനിന്നുമാണ് നാം ഈ നിലയിലേക്ക് മുന്നേറിയിരിക്കുന്നത്. അതിനു സമൂഹം കടപ്പെട്ടിരിക്കുന്നത് കൊട്ടിഘോഷിക്കപ്പെട്ട ഇസങ്ങോടല്ല, സദാചാരികളുടെ അഭയകേന്ദ്രമായ മതങ്ങളോടുമല്ല, മറിച്ച് ആണിനെ ബോധാക്ഷരങ്ങളുടെ ഹരിശ്രീ പഠിപ്പിച്ച ഫെമിനിസത്തോടാണ്.
മാറ്റുവിൻ ചട്ടങ്ങളെ, അല്ലെങ്കിൽ...
സധൈര്യം പ്രതിഷേധിക്കാൻ, പ്രതിരോധിക്കാൻ കരുത്തുള്ളവരല്ല, തന്റെ ഭാഗം പറഞ്ഞാൽ ആരും വിശ്വസിക്കാനില്ലാത്തവരാവും എന്നും വേട്ടക്കാരുടെ ഇഷ്ടഇരകൾ. നാമിന്ന് ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും കാണുന്നതുപോലെ അവൾക്ക് സൂക്കേടാണ് എന്ന് സമൂഹം നൂറ്റൊന്നാവർത്തിക്കും. വൈകാരിക ബ്ലാക്ക്മെയിൽ ഒരായുധമാണ്, ബലാത്സംഗം ചെയ്യപ്പെട്ടവൾ എന്നു നാടറിയുവാൻ ആരാണ് ആഗ്രഹിക്കുക?
പീഡിപ്പിക്കപ്പെട്ടവൾ അനുഭവിക്കുന്ന പ്രത്യാഘാതങ്ങൾ എന്നും പീഡകരുടേതിനെക്കാൾ ഏറെയാണെന്ന ബോധമാണ് നമ്മെ നയിക്കേണ്ടത്. ശിക്ഷ കൃത്യമാവുകയും നീതി സാധ്യമാവുക അപ്പോൾ മാത്രമാണ്. ഒരു ഹാർവി വെയ്ൻസ്‌റ്റൈൻ ആവുക ഇന്ന് സുഖകരമായ ഒരു അനുഭവമാവില്ല എന്നു വരുമ്പോൾ അനുകരിക്കാൻ അധികം പേർ മുതിരുകയില്ല.
സാമ്പ്രദായിക റോളുകൾക്കപ്പുറത്ത് തന്റേതായ ഒരിടത്തെപ്പറ്റി, തന്നെപ്പറ്റിത്തന്നെ ചിന്തിക്കുന്നവൾ സ്വയമേവ ഒരു വിപ്ലവകാരിയാണ്. ഒരുവളുടെ തുറന്നടിക്കൽ ധിക്കാരമോ കലഹമോ ആവുമ്പോൾ ഒരായിരം പേരുടേത് ഒരു വിപ്ലവമോ കലാപമോ ആവുന്നുണ്ട്. ആയിരങ്ങൾ അണിനിരക്കുന്ന വിപ്ലവങ്ങൾക്ക് തിരികൊളുത്തുക ചിലപ്പോൾ ഒരാളുടെ വിങ്ങലുമാവാം. നേതാക്കളായി തുടരുന്ന സകല പീഡകരുടേയും രാഷ്ട്രീയാന്ത്യം കുറിക്കുന്നതിലേക്ക് വളരണം സാമൂഹികബോധം.
നമ്മൾ ആരാണെന്ന് തിരിച്ചറിയുമ്പോൾ, നമുക്ക് അന്തസ്സായി ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ, സമൂഹത്തിന്റെ ഭാഗമാണ് നാമെന്ന ബോധം ഉണ്ടാവുമ്പോൾ, ഇനിയും വൈകിയിട്ടില്ല എന്ന തോന്നലിൽ നാം എത്തുമ്പോൾ മാത്രം സംഭവിക്കുന്ന പ്രണയമാണ് പ്രതിരോധം. കൂടുതൽ നല്ലൊരു ലോകത്തിനായുള്ള, തനിക്കതിന് അവകാശമുണ്ടെന്ന തിരിച്ചറിവിലേക്കുള്ള പ്രയാണം. പ്രതിരോധം അനുരാഗം പോലെ ഉള്ളിൽനിന്ന് വിരിയേണ്ടൊരു കലയാണ്, കലാപമായി വളരേണ്ടത്.
Recent events reveal that even spaces claiming to protect women frequently have legal systems that defend predators while silencing their victims
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

