

പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തിൽ ഒരാശാനേയുള്ളൂ. അത് മുണ്ടയ്ക്കൽ മാധവൻ മണിയെന്ന എം.എം. മണിയാണ്. ചിലപ്പോൾ കുത്തിയൊലിച്ചുവരുന്ന മഴവെള്ളം പോലെ. ചില നേരങ്ങളിൽ ശാന്തം.
പ്രകടനപരതകൾ തീർത്തും അന്യം. ആശാന്റെ വീട്ടിലെ ചുവരിൽ സഖാക്കൾ സാക്ഷ്യപ്പെടുത്തിയ ഒരു ചിത്രം; “കള്ളക്കേസുകൾക്കും കൽത്തുറുങ്കുകൾക്കും തകർക്കാനാവില്ല ഈ വിപ്ലവനായകനെ”, എന്നു വിളിച്ചുപറയുന്നുണ്ട്. സംസാരത്തിനിടെ “ഞാൻ... ഞാൻ...” എന്നുള്ള ആത്മകഥാപരമായ വാഴ്‌ത്തലുകൾ ഒട്ടുമുണ്ടായിരുന്നില്ല. മനുഷ്യവിമോചനത്തിന്റെ വെളിച്ചം പകർന്ന്; മർദിതനൊപ്പം അണിചേർന്ന ജീവിതഗാഥ. മണിയാശാന്റെ രാഷ്ട്രീയ വിമർശകരെല്ലാം ‘കാടുകാണാൻ ഇറങ്ങിയിട്ട് മരം കണ്ട്’ വെറുതെ മടങ്ങി. അവർ ‘ആശാൻവധം’ ആടിയപ്പോൾ അദ്ദേഹം അത് നിഷ്‌കരുണം ചിരിച്ചുതള്ളി. അതിനെപറ്റി എന്തെങ്കിലും പറയുന്നതുപോലും പാഴ്‌വേലയാണെന്നാണ് ആശാന്റെ ബോധ്യം. പൊതുരംഗത്ത് അന്യമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സത്യസന്ധത കാത്തുസൂക്ഷിക്കുന്ന അവസാനനേതാക്കളിൽ ഒരാൾ. മനുഷ്യനന്മ വീണ്ടെടുക്കുന്ന രാഷ്ട്രീയമാണ് മണിയാശാന് സി.പി.എം. തന്റെ വളർച്ചയിൽ കമ്യൂണിസ്റ്റ് പാർട്ടിയോടല്ലാതെ മറ്റൊന്നിനോടും തനിക്ക് കടപ്പാട് ഇല്ലെന്ന അഭിമാനകരമായ ചങ്കൂറ്റം!
1953-ലെ ഒരു ദിവസം. കിടങ്ങൂർ യു.പി. സ്‌കൂളിൽ മൂന്നാം ഫോറത്തിൽ പഠിക്കുന്ന എട്ടു വയസ്സുകാരനായ മണി, പുസ്തകക്കെട്ട് തലയിൽ വച്ച് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ച് ആവേശത്തോടെ വീട്ടിലേക്കുപോയി. പതിവുപോലെ അവൻ പിറ്റേദിവസവും സ്‌കൂളിലെത്തി. ഹാജർ എടുക്കുന്നതിന് മുന്‍പ് പ്രധാനാദ്ധ്യാപകനായ ഗോവിന്ദപ്പിള്ള സാർ മണിയെ രൂക്ഷമായി ഒന്നു നോക്കിയപ്പോൾ ക്ലാസ്സ് നിശ്ശബ്ദമായി. എന്തോ കൊടിയ പാതകം ചെയ്ത കുറ്റവാളിയോടെന്നപോലെ മാഷ് ആജ്ഞാപിച്ചു: “മണി എഴുന്നേൽക്ക്, ബെഞ്ചിന്റെ മുകളിൽ കയറി നിൽക്ക്. ഇന്നലെ വീട്ടിലേക്ക് പോയപ്പോൾ നീ എന്താണ് വിളിച്ചുകൂവിയത്?” മണിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ മാഷ് അവനെ തലങ്ങും വിലങ്ങും അടിച്ചു. “പുസ്തകക്കെട്ട് തലയിൽവച്ച് ഇൻക്വിലാബ് വിളിച്ച ധിക്കാരി!” മാഷ് കലിയടങ്ങാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. സഹാദ്ധ്യാപകരോട് അദ്ദേഹം മണിയെപ്പറ്റി ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
അന്ന് ആ മുദ്രാവാക്യത്തിന്റെ അർത്ഥവും പൊരുളും മണിക്ക് അറിയില്ലായിരുന്നു. എങ്കിലും പുറത്തേറ്റ വേദനയേക്കാൾ ആ കൊച്ചുമനസ്സിലേറ്റ ഉണങ്ങാത്ത മുറിവ് അയാളുടെ ഓർമ്മകളിൽ ഇന്നുമുണ്ട്. മണിയുടെ അച്ഛനെയും പഠിപ്പിച്ച അദ്ധ്യാപകനായിരുന്നു ഗോവിന്ദപ്പിള്ള സാർ. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലമായതിനാൽ ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്നു വിളിച്ചാൽ കമ്യൂണിസ്റ്റാണെന്ന കാരണത്താൽ ആളുകളെ അറസ്റ്റ് ചെയ്യുന്ന കാലമായിരുന്നു അത്. തനിക്ക് അടികൊണ്ടതിന്റെ പൊരുൾ വർഷങ്ങൾക്കു ശേഷമാണ് മണിക്ക് മനസ്സിലായത്. അന്ന് എവിടെ നിന്നാണ് അങ്ങനെ ഒരു മുദ്രാവാക്യം തന്റെ നാവിലേക്ക് ചേക്കേറിയതെന്ന് ഇന്നും മണിക്കറിയില്ല. ചരിത്ര നിയോഗമായിരിക്കാം!
കഠിനാധ്വാനത്തിന്റേയും ചങ്കുറച്ച കമ്യൂണിസ്റ്റ് രാഷ്ട്രീയ ബോധ്യങ്ങളുടെയും നേർചിത്രമാണ് സഖാവ് എം.എം. മണി എന്ന ജനനേതാവിന്റെ അസാധാരണ ജീവിതം. 1944 ഡിസംബർ 12-ന് കോട്ടയം ജില്ലയിലെ കിടങ്ങൂർ മുണ്ടക്കൽ തറവാട്ടിൽ മാധവൻ-ജാനകി ദമ്പതികളുടെ മൂത്ത പുത്രനായാണ് മണി ജനിച്ചത്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ജീവിതചര്യയായി പുലർത്തിപ്പോന്ന, കുടുംബമായിരുന്നു അവരുടേത്. അച്ഛൻ മാധവൻ ചെറുപ്രായത്തിൽത്തന്നെ പൂജയും ശാന്തിപ്പണികളും ചെയ്തുപോന്നു. പാരമ്പര്യമായി വിഷചികിത്സ നടത്തിയിരുന്ന ആ കുടുംബത്തിലേക്ക് അകലങ്ങളിൽ നിന്നുപോലും ധാരാളം ആളുകൾ ചികിത്സയ്ക്കായി എത്തുമായിരുന്നു.
മണിയെക്കൂടാതെ അപ്പുക്കുട്ടൻ, ഗോവിന്ദൻ, സുമതി, വിശ്വംഭരൻ, ശാരദ, ലംബോധരൻ, തങ്കം, സൗദാമിനി, സനകൻ എന്നിങ്ങനെ ഒൻപത് മക്കൾ കൂടിയുണ്ടായിരുന്നു ആ ദമ്പതികൾക്ക്. ഇതിൽ അപ്പുക്കുട്ടൻ, ഗോവിന്ദൻ, വിശ്വംഭരൻ, തങ്കമ്മ, സനകൻ എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല. ഹൈറേഞ്ചിൽ എത്തിയ കാലത്തായിരുന്നു കുഞ്ഞനുജത്തി തങ്കം മരിച്ചത്. അത് മണിയുടെ മനസ്സിലെ നീറുന്ന കനലോർമ്മയാണ്.
മലയോരത്തേക്കുള്ള കുടിയേറ്റം
അച്ഛൻ പുരോഹിതനായിരുന്നു. ഒരിക്കൽ, കുഞ്ചിത്തണ്ണിയിലുള്ള ശ്രീനാരായണ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി എത്തിയതായിരുന്നു അച്ഛൻ മാധവൻ ശാന്തി. പ്രതിഷ്ഠ കഴിഞ്ഞു മടങ്ങാൻ നേരം, തങ്ങളുടെ കുടുംബങ്ങളിൽ ആരെങ്കിലും മരിച്ചാൽ അനന്തരപൂജകളോ കർമങ്ങളോ ചെയ്യാൻ അവിടെ ആരും ഇല്ല എന്നും അച്ഛനോട് അവിടെ തുടരണമെന്നും ഈഴവർ നിർബന്ധിച്ചു. അങ്ങനെ കിടങ്ങൂരിൽനിന്ന് കുഞ്ചിത്തണ്ണിയിലേക്കുള്ള കുടിയേറ്റം നടന്നു. കിടങ്ങൂരിൽ ജീവിതം ദുരിതമായിരുന്നെന്നും സ്വന്തമായി എന്തെങ്കിലും ചെയ്യുക പ്രയാസമായിരുന്നെന്നും തിരിച്ചറിഞ്ഞ അച്ഛൻ കുഞ്ചിത്തണ്ണിയിൽ തുടരാൻ തീരുമാനിച്ചു.
വന്യമൃഗങ്ങൾ വിഹരിക്കുന്ന ഒരു മലയോരത്തേക്കായിരുന്നു ഞങ്ങൾ കുടിയേറിയത്. അവിടെ അന്നു കൃഷി ചെയ്തിരുന്നത് ഒരു കുഞ്ഞൻ ചേട്ടൻ ആയിരുന്നു. ആ കുന്നു മുഴുവൻ അദ്ദേഹത്തിനു സ്വന്തം. അന്ന് നെൽകൃഷിയോടായിരുന്നു എല്ലാവർക്കും ഭ്രമം. കുഞ്ഞൻ ചേട്ടന് മുട്ടുകാട് എന്ന സ്ഥലത്ത് നെൽകൃഷിക്കു സ്ഥലം കിട്ടിയപ്പോൾ അദ്ദേഹത്തിന്റെ ആറേക്കർ ഞങ്ങളെ ഏല്പിച്ചിട്ട് അങ്ങോട്ടുപോയി. അവിടെ ഉണ്ടായിരുന്ന നാലുകാൽ ഓലപ്പുരയിലായിരുന്നു ആദ്യതാമസം.
അന്ന് അതു വാങ്ങാനുള്ള പണമൊന്നും ഞങ്ങളുടെ കയ്യിലില്ല. പക്ഷേ, കഠിനാധ്വാനം ചെയ്താൽ നൂറുമേനി വിളവ് ലഭിക്കുന്ന ഫലഭൂയിഷ്ഠമായ ആ മണ്ണിൽ നിറയെ കപ്പയും നെല്ലും ചേനയും ഒക്കെ ഞങ്ങൾ കൃഷി ചെയ്തു. ഞാനും അമ്മയുമാണ് ഏറ്റവും കൂടുതൽ അധ്വാനിച്ചിരുന്നത്. അന്ന് ഇരുപതു കണ്ടി കപ്പ വരെ ആ ഭൂമിയിൽനിന്നു വിളവെടുത്തിരുന്നു. അത് ചങ്ങനാശ്ശേരി ചന്തയിൽ കൊണ്ടുപോയി വിൽക്കും. നല്ല പൈസ കിട്ടും. അങ്ങനെ തൊള്ളായിരം രൂപ വച്ച് ആ സ്ഥലം ഞങ്ങൾ വാങ്ങി. ആ സ്ഥലം ഇപ്പോഴുമുണ്ട്, അവിടെ എന്റെ അനിയന്റെ മക്കളാണ് താമസിക്കുന്നത്.
കിടങ്ങൂരിൽനിന്ന് ഹൈറേഞ്ചിൽ എത്തുമ്പോൾ എനിക്ക് പ്രായം പതിനൊന്നാണ്. കാട്ടുപാത താണ്ടി കിടങ്ങൂർ വഴി വരുന്ന കോട്ടയം-മാട്ടുപ്പെട്ടി ‘സ്വരാജ്’ എന്ന ബസ് മാത്രമേ ഹൈറേഞ്ചിലേക്കുണ്ടായിരുന്നുള്ളു. പുലർച്ചെ നാലിന് കിടങ്ങൂരെത്തി. അവിടെ നിന്ന് പാലാ, തൊടുപുഴ, അടിമാലി വഴി ഇരുട്ടുകാനത്ത് എത്തിയപ്പോൾ ഉച്ചകഴിഞ്ഞു. അവിടെ അന്ന് ഒരു വയോധികന്റെ കടയുണ്ട്. അവിടെ നിന്ന് എന്തോ കഴിച്ചാണ് കുഞ്ചിത്തണ്ണിയിലേക്കുള്ള കാൽനടയാത്ര. ഇരുപത് ഏക്കർ വഴി വീട്ടിലെത്താൻ 14 കിലോമീറ്റർ ദൂരമുണ്ട്. പെട്ടിയും ഭാണ്ഡങ്ങളും തലയിൽ വച്ചാണ് ഞങ്ങൾ നടന്നത്.
അധ്വാനത്തിന്റെ നാളുകൾ
അഞ്ചാം ക്ലാസ്സിനു ശേഷം, തുടർപഠനത്തിനായി അച്ഛൻ പത്തിൽ കൊണ്ടുചേർക്കാൻ ഒരുങ്ങിയെങ്കിലും അതിൽ എനിക്ക് താല്പര്യമില്ലായിരുന്നു. മീൻപിടുത്തവും പാക്ക് കച്ചവടവും ഉൾപ്പെടെ കാശ് കിട്ടുന്ന ഏതു പണിയും വെറുതെയിരിക്കാതെ ഞാൻ ചെയ്തു. കൃഷിയും കൂലിപ്പണിയുമായി അവിടെ ഞാൻ ജോലി ചെയ്യാത്ത തോട്ടങ്ങളില്ല. ഞാൻ ജീവിതത്തിൽ ചെയ്യാത്ത ഒരു ജോലിയുമില്ല. ചുമടെടുത്തിട്ടുണ്ട്. തെങ്ങിൽ കയറിയിട്ടുണ്ട്, അങ്ങനെ പല ജോലികളും ചെയ്തിട്ടുണ്ട്. പന്ത്രണ്ട് അണയായിരുന്നു അന്നത്തെ കൂലി. പിന്നെ ഒരു രൂപയായി. അക്കാലത്തെ അധ്വാനം കാരണം കൈകാലുകളിൽ നിറയെ തഴമ്പായിരുന്നു, എന്നാൽ ഇപ്പോൾ അതെല്ലാം പോയി (ആശാൻ ചിരിക്കുന്നു).
അച്ഛനും ബന്ധുക്കളും പാരമ്പര്യമായി ചെയ്തുപോന്ന ചെത്തുജോലിയും അവിടെ ഞങ്ങൾ ചെയ്തിരുന്നു. എന്നാൽ, ഈ തൊഴിലിന് യാതൊരു അംഗീകാരവും ലഭിച്ചിരുന്നില്ല. 25 ലിറ്റർ കള്ള് ചെത്തി നൽകിയാൽ ഒരു രൂപ പോലും തൊഴിലാളിക്ക് ലഭിക്കുമായിരുന്നില്ല. ഷാപ്പ് കോൺട്രാക്ടർമാരാണെങ്കിൽ നായർ, ക്രിസ്ത്യൻ പ്രമാണിമാരും. എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ മർദനവും ജോലിയിൽനിന്നുള്ള പിരിച്ചുവിടലുമായിരുന്നു ഫലം; തികച്ചും ഒരു അടിമ ജീവിതം.
രാഷ്ട്രീയത്തിലേക്ക്
1958-ലെ ദേവികുളം ഉപതെരഞ്ഞെടുപ്പോടെയാണ് പതിനാലുകാരനായ ഞാൻ രാഷ്ട്രീയത്തിന്റെ പാഠങ്ങൾ പഠിച്ചുതുടങ്ങിയത്. ഹൈറേഞ്ചിലേയും സംസ്ഥാനത്തെയും രാഷ്ട്രീയ സ്ഥിതിഗതികൾ കൂടുതലായി മനസ്സിലാക്കി. പ്രചാരണത്തിനായി എല്ലാ ദിവസവും ആവേശത്തോടെ ഓടിനടന്നു. 20 ഏക്കർ ഭാഗത്തെ അഞ്ച് വീടുകളുടെ ചുമതല ലഭിച്ചു. അന്ന് ആലപ്പുഴ ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വി.എസ്സിനായിരുന്നു തെരഞ്ഞെടുപ്പ് ചുമതല.
അന്നത്തെ ദേവികുളം മണ്ഡലം ഇന്നത്തേതുപോലെയായിരുന്നില്ല, ഇടുക്കി ജില്ലയുടെ ഭൂരിഭാഗവും ഉൾപ്പെടുന്നതായിരുന്നു അത്. പീരുമേടും ഉടുമ്പൻചോലയുമെല്ലാം ആ വലിയ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. നിയമസഭയിൽ കമ്യൂണിസ്റ്റ് സർക്കാരിന് ഭൂരിപക്ഷം കുറവായിരുന്നതിനാൽ, സർക്കാരിന്റെ ഭാവി തന്നെ നിർണയിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി റോസമ്മ പുന്നൂസും കോൺഗ്രസ് സ്ഥാനാർത്ഥിയായി ബി.കെ. നായരുമായിരുന്നു മത്സരംഗത്തുണ്ടായിരുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ മതിയായ കാരണങ്ങളില്ലാതെ തന്റെ പത്രിക തള്ളിയെന്ന് ആരോപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ബി.കെ. നായർ കോടതിയെ സമീപിച്ചതോടെ, റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കപ്പെട്ടു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
1958 മെയ് 16-നായിരുന്നു ആ ഉപതെരഞ്ഞെടുപ്പ്. വാശിയേറിയ ആ മത്സരത്തിൽ റോസമ്മ പുന്നൂസ് വീണ്ടും ജയിച്ചു. ദേശീയതലത്തിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നേതാക്കളുടെ വൻനിര തന്നെ എത്തി. ഇ.കെ. ഇമ്പിച്ചിബാവ, പി. രാമമൂർത്തി തുടങ്ങിയ വൻനിരതന്നെ ഉണ്ടായിരുന്നു. കോൺഗ്രസ്സിനായി ഇന്ദിരാഗാന്ധി, പട്ടംതാണുപിള്ള... പട്ടിക അങ്ങനെ നീളുന്നു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മറ്റൊരു നിർണായക മാറ്റത്തിനും ആ ഉപതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെ അടയാളമിട്ട് വോട്ട് ചെയ്യുന്ന ‘മാർക്കിങ് രീതി’ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് ദേവികുളം ഉപതെരഞ്ഞെടുപ്പിലായിരുന്നു.
ദേവികുളം ഉപതെരഞ്ഞെടുപ്പിനു ശേഷം ആറ് വർഷം പിന്നിട്ടപ്പോഴാണ് ഞാൻ പാർട്ടി കാൻഡിഡേറ്റ് അംഗമായത്. 1965-ൽ കുഞ്ചിത്തണ്ണി ബ്രാഞ്ച് അംഗമായി. തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായതോടെ മാർക്‌സിസം-ലെനിനിസം കൂടുതൽ മനസ്സിലാക്കാൻ തുടങ്ങി. പാർട്ടി രണ്ടായപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. ജില്ലയിൽ സി.പി.എമ്മിനായിരുന്നു ശക്തി. ഇന്നും അത് അങ്ങനെ തുടരുന്നു.
ദേവികുളം ഉപതെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി തമിഴ്‌നാട്ടിൽനിന്ന് ഇടതുപക്ഷ കവിയും ഗായകനുമായ പാവലർ വരദരാജന്റെ നേതൃത്വത്തിൽ ഒരു സഞ്ചാരി-സാംസ്‌കാരിക സംഘത്തെ പാർട്ടി എത്തിച്ചിരുന്നു. ഇന്ദിരാഗാന്ധിയും കെ. കാമരാജും ഉൾപ്പെടെയുള്ളവർ ദേവികുളത്ത് കോൺഗ്രസ്സിന്റെ പ്രചാരണത്തിനെത്തിയപ്പോഴാണ് പാർട്ടി വേറിട്ട വഴി സ്വീകരിച്ചത്. തോട്ടങ്ങളിലും തൊഴിലാളികൾ ഒത്തുചേരുന്ന ഇടങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിച്ച് അവർ ഗാനങ്ങൾ ആലപിച്ചു. അന്ന് ആ കൂട്ടത്തിൽ വരദരാജന്റെ സഹോദരനായി ഒരു പതിമൂന്നുകാരൻ പയ്യനും ഉണ്ടായിരുന്നു. പിന്നീട് ആ കുട്ടിയാണ് ലോകമെമ്പാടും അറിയപ്പെടുന്ന അതുല്യ സംഗീതജ്ഞനായ സാക്ഷാൽ ഇളയരാജയായി മാറിയത്. 1968-ൽ രണ്ടാംമൈൽ വാലയിൽ എസ്റ്റേറ്റിൽ നടന്ന നിരാഹാരസമരത്തിന് പിന്തുണയായി ഇളയരാജ എത്തിയത് ആവേശകരമായ സംഭവമായിരുന്നു.
തോട്ടം തൊഴിലാളികൾ
ഇടുക്കിയിൽ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു തൊഴിലാളി സമരങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. പാർട്ടി അംഗമായിട്ട് അറുപത് വർഷം കഴിഞ്ഞു. അതിനിടയിൽ എത്രയെത്ര കേസുകൾ. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുമ്പോൾ മുതലാളിമാർ കള്ളക്കേസുകളുണ്ടാക്കും. അങ്ങനെ ഞാൻ പ്രതിയായ കേസുകൾക്ക് ഒരു കണക്കുമില്ല. വിമോചന സമരത്തെ തുടർന്ന് ഇ.എം.എസ് സർക്കാരിനെ അട്ടിമറിച്ചെത്തിയ സർക്കാർ, മലയോര കർഷകർക്ക് നേരെ നടത്തിയ അതിക്രമങ്ങൾ ചെറുതല്ല. വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട് പ്രദേശങ്ങളിലേയും വനമേഖലയിലേയും ആയിരക്കണക്കിന് കർഷകരെ കുടിയൊഴിപ്പിച്ചതിനെതിരെ പാർട്ടി വലിയ ചെറുത്തുനിൽപ്പാണ് നടത്തിയത്. കർഷകസമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിക്കേണ്ടി വരുന്നത് എന്റെ പതിനെട്ടാം വയസ്സിലാണ്. തുടർന്നിങ്ങോട്ട് കുടിയേറ്റ മണ്ണിൽ കർഷകരെയും തൊഴിലാളികളെയും ഉറപ്പിച്ചുനിർത്താനായി എത്രയെത്ര പോരാട്ടങ്ങൾ.
അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ ദേവികുളം സി.പി.എം. താലൂക്ക് കമ്മിറ്റി സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമാണ്. ഈ സമയം കോഴിക്കോട് പാർട്ടി നേതൃക്യാംപ് നടക്കുന്നു. ഇ.എം.എസ് ഉൾപ്പടെയുള്ള നേതാക്കളുണ്ട്. യോഗങ്ങൾക്കും കമ്മിറ്റികൾക്കും വിലക്കുള്ളതിനാൽ ക്യാംപ് നടത്തിയില്ല. കോഴിക്കോട് നിന്ന് കുഞ്ചിത്തണ്ണിയിലെത്തിയ അന്ന് തന്നെ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഞാനായിരുന്നു യോഗം ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ ഞാനുൾപ്പടെയുള്ള സഖാക്കളെ തേടി പൊലീസുകാർ വീടുകൾ കയറി ഇറങ്ങി. എന്നെ കിട്ടാതെ വന്നതോടെ അനുജൻ ഗോവിന്ദനെ പിടികൂടി. ഗോവിന്ദനെ വിലങ്ങിട്ട് അടിമാലി സ്റ്റേഷനിൽ കൊണ്ടുപോയി. വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വച്ചും ക്രൂരമായി മർദിച്ചു. മർദനത്തെ തുടർന്ന് പത്ത് വർഷത്തോളം അവൻ എഴുന്നേൽക്കാനാവാതെ കിടപ്പിലായി. മരിക്കുമ്പോൾ 27 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. ഞാൻ കാരണം ബന്ധുക്കളെ ഉൾപ്പടെ പൊലീസ് പിടികൂടി മർദിച്ചപ്പോഴാണ് ഒളിവ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പൊലീസ് പിടികൂടിയപ്പോൾ കൈകൾ ബന്ധിച്ച് നടത്തിക്കൊണ്ടുപോയി. പീരുമേട് ജയിലിൽ 16 ദിവസം, 31 ദിവസത്തിനു ശേഷം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. റിമാൻഡിൽ കിടന്നതുൾപ്പടെ ശിക്ഷയായി കണക്കാക്കി പിന്നീട് വെറുതെ വിട്ടു.
ഭാര്യാസഹോദരന്റെ മരണം
ഭാര്യയുടെ സഹോദരൻ തങ്കപ്പൻ മരിക്കുമ്പോൾ പാർട്ടി ഏരിയ കമ്മിറ്റി അംഗം ആയിരുന്നു. 1992-ലായിരുന്നു സംഭവം. അയാളെ ആർ.എസ്.എസുകാർ പതിനൊന്നു കഷണമാക്കി കൊന്നുകളയുകയായിരുന്നു. മൃതദേഹത്തിൽ തലയറ്റ് തൂങ്ങിയിരുന്നു. മരിക്കുമ്പോൾ 28 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. ദേവികുളം ആർ.ഡി.ഒ കോടതിയിലേക്ക് ജീപ്പിൽ പോകുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി അദ്ദേഹത്തെയും ഒപ്പമുള്ളവരെയും ആക്രമിക്കുകയായിരുന്നു. മൃതദേഹം അന്നുതന്നെ പോസ്റ്റ്‌മോർട്ടം നടത്തി കിട്ടിയെങ്കിലും പിറ്റേദിവസമായിരുന്നു സംസ്‌കാരം. ഭൗതികശരീരം കുഞ്ചിത്തണ്ണിയിൽ എത്തിച്ചപ്പോൾ നാട് ഒന്നാകെ അക്ഷരാർത്ഥത്തിൽ കരഞ്ഞു. വി.എസ്. അച്യുതാനന്ദൻ, എം.എം. ലോറൻസ്, കോട്ടയം ജില്ലാ സെക്രട്ടറി വൈക്കം വിശ്വനുമെല്ലാം സംസ്‌കാര ചടങ്ങിന് എത്തിയിരുന്നു. അവസാനമായി തങ്കപ്പനെ ഒന്നുകാണാൻ വൻ ജനാവലി ആയിരുന്നു. ശവമഞ്ചം കുഴിയിലേക്ക് ഇറക്കിവച്ചപ്പോൾ വി.എസ്സും എ.എം. ലോറൻസും വൈക്കം വിശ്വനും ഓരോ പിടി മണ്ണ് വാരി കുഴിയിലിട്ടു. മൂവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ഇഷ്ടനേതാവ്
പാർട്ടിയിൽ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളത് ആരോടാണെന്ന ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമല്ല ഉള്ളത്. ഇ.എം.എസ്, പി. സുന്ദരയ്യ, ജ്യോതിബസു, ബസവപുന്നയ്യ, എ.കെ.ജി, ഇ.കെ. നായനാർ തുടങ്ങി വി.എസ്. അച്യുതാനന്ദനിലൂടെയും പിണറായി വിജയനിലൂടെയും കോടിയേരിയിലൂടെയും ആ നീണ്ട നിര തുടരുകയാണ്. പാർട്ടി നേതാക്കളോട് എല്ലാവരോടും വലിയ ഇഷ്ടമാണ്. വി.എസ്. അച്യുതാനന്ദൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് ഞാൻ ഇടുക്കി ജില്ലാസെക്രട്ടറിയാകുന്നത്, 1985-ൽ. ഇടുക്കി ജില്ലാകമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വി.എസ് നൽകിയ പിന്തുണ ചെറുതല്ല. ജില്ല രൂപീകരിച്ച കാലത്ത് ജില്ലാസെക്രട്ടറി കെ.കെ. ചെല്ലപ്പനുമായുള്ള ആത്മബന്ധവും ഓർമയിലുണ്ട്. ആ കുടുംബവുമായി ഇന്നും ആത്മബന്ധം തുടരുന്നു. എന്നെ കൈപ്പിടിച്ച് ഉയർത്തിയതിൽ എല്ലാവർക്കും വലിയ പങ്കുണ്ട്.
എല്ലാം പാർട്ടി
ഇന്നലെ വരെ പാർട്ടിക്കായി അക്ഷീണം പ്രവർത്തിച്ചു. ഇന്ന് ഇനി എന്താണെന്ന് പറയാൻ കഴിയില്ല. പാർട്ടി കഴിഞ്ഞേ എനിക്ക് മറ്റ് എന്തുമുള്ളൂ, സ്വന്തം കാര്യങ്ങൾ പോലും പാർട്ടിയുടെ കാര്യങ്ങൾക്ക് ശേഷമേയുള്ളൂ. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്. എനിക്ക് ഈ പാർട്ടി എല്ലാം തന്നില്ലേ. കുഞ്ചുതണ്ണി ബ്രാഞ്ച് അംഗം മുതൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വരെയായി. പത്തുവർഷം എം.എൽ.എ. ഒരുതവണ മന്ത്രി. ഇനി എന്താണ് വേണ്ടത്.
1970-ൽ ഞാൻ ബൈസൻവാലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി, 1971-ൽ രാജക്കാട് ലോക്കൽ സെക്രട്ടറി. ശാന്തൻപാറ, രാജകുമാരി, രാജക്കാട്, സേനാപതി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട വലിയ ലോക്കൽ കമ്മിറ്റിയായിരുന്നു അക്കാലത്ത് രാജക്കാട്. നിരവധി സമരങ്ങളിലൂടെ തൊഴിലാളികൾക്ക് ഒട്ടേറെ അവകാശങ്ങൾ നേടിയെടുക്കാനായതോടെ പാർട്ടിയും യൂണിയനും വലിയ ജനപിന്തുണ ആർജിച്ചു. ഗുണ്ടാമർദനങ്ങളെയും കോൺഗ്രസ് ആക്രമണങ്ങളെയും അതിജീവിച്ചാണ് പല സമരങ്ങളും ലക്ഷ്യം കണ്ടത്.
കെ.കെ. ചെല്ലപ്പൻ സെക്രട്ടറിയായി ആറ് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് 1972-ൽ ആദ്യം ഇടുക്കി ജില്ലാകമ്മിറ്റി രൂപീകരിക്കുന്നത്. അതിൽ ഞാൻ ഉണ്ടായിരുന്നില്ല. 1974-ൽ ഒൻപതുപേരെ കൂടി ഉൾപ്പെടുത്തിയതോടെ ഞാൻ ജില്ലാകമ്മിറ്റിയിൽ വന്നു. അന്ന് എനിക്ക് 30 വയസ്സായിരുന്നു.
1975-ൽ ജില്ലയിൽ നാല് താലൂക്ക് കമ്മിറ്റികൾ രൂപീകരിച്ചു. ദേവികുളത്ത് ഞാൻ സെക്രട്ടറിയായി പതിനഞ്ചംഗ കമ്മിറ്റി പ്രവർത്തിച്ചു. 16 പഞ്ചായത്ത് പരിധിയിൽ 9 ലോക്കൽ കമ്മിറ്റികളുള്ള വിസ്തൃതമായ പ്രദേശം. 81 വരെ ഞാൻ താലൂക്ക് സെക്രട്ടറി സ്ഥാനത്ത് തുടർന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ ഞാൻ ജില്ലാസെക്രട്ടേറിയറ്റിലെത്തി. 1985-ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിൽ എത്തുന്നത്. എം.എ. ബേബി, ജി. സുധാകരൻ, എ. വിജയകുമാർ, ടി. ദേവി തുടങ്ങിയവരൊക്കെ ആ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിലെത്തിയത്. 2014 മുതൽ എട്ടുവർഷം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു. ഇപ്പോൾ ഞാൻ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാണ്.
9 തവണ സെക്രട്ടറിയായ ചരിത്രം
ഒൻപത് തവണ പാർട്ടിയുടെ ഇടുക്കി ജില്ലയിലെ അമരക്കാരനായി പ്രവർത്തിച്ചു. 27 വർഷം ജില്ലാസെക്രട്ടറി പദവിയിലിരുന്നുകൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി. ബാലാരിഷ്ടതകളും കുറവുകളും പരിഹരിച്ച് ജില്ലയിലെ പാർട്ടിയെ കരുത്തുറ്റതാക്കി. 1985-ൽ അടിമാലിയിൽ ചേർന്ന ജില്ലാസമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയാകുന്നത്. പിന്നീട് എട്ടുതവണ കൂടി ജില്ലാസെക്രട്ടറിയായി.
ഇഷ്ടങ്ങൾ
രാഷ്ട്രീയത്തിനപ്പുറം സംഗീതവും സിനിമയും മാറ്റിനിർത്താനാവാത്ത ഇഷ്ടങ്ങളാണ്. പാട്ടിനോട് പണ്ടേ വലിയ താല്പര്യമുണ്ട്. കേട്ടിട്ടുള്ള പഠിപ്പ് വച്ചാണ് രാഗവിസ്താരങ്ങളെല്ലാം പറയുന്നത്. പാട്ടിനെ കുറിച്ച് ഞാൻ ശാസ്ത്രീയമായി ഒന്നും പഠിച്ചിട്ടില്ല.
പാടുമായിരുന്നോ?
അങ്ങനെയൊന്നുമില്ല. തമാശയ്ക്കൊക്കെ പാടുമായിരുന്നു. അല്ലാതെ പാട്ടുകാരനൊന്നുമായിരുന്നില്ല. പാട്ട് വലിയ ഇഷ്ടമാണ്. സംഗീതകച്ചേരി കേൾക്കുന്നതൊക്കെ വലിയ രസമാണ്.
സിനിമാക്കമ്പം
പണിക്ക് പോകുന്ന കാലം മുതൽ തുടങ്ങിയതാണ് എനിക്ക് സിനിമയോടുള്ള കമ്പം. അന്ന് ഒരു സിനിമ പോലും ഞാൻ ഒഴിവാക്കിയിരുന്നില്ല. ഇന്നും ആ ശീലത്തിന് വലിയ മാറ്റമൊന്നുമില്ല. തിരുവനന്തപുരത്ത് പോയി നാല് ദിവസം തങ്ങിയാൽ നാല് സിനിമയെങ്കിലും കാണും. പഴയകാല നടന്മാരിൽ സത്യനെയായിരുന്നു ഏറ്റവും ഇഷ്ടം. അദ്ദേഹത്തെ നേരിട്ട് അറിയുകയും ചെയ്യാമായിരുന്നു. നസീർ കാണാൻ നല്ല സൗന്ദര്യമുള്ള, മറ്റൊരു ശൈലിയുള്ള നടനാണ്. കൊട്ടാരക്കരയെയും തിക്കുറിശ്ശിയേയുമൊക്കെ വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടം മമ്മൂട്ടിയിലും മോഹൻലാലിലും എത്തിനിൽക്കുന്നു. ഇരുവരെയും വലിയ ഇഷ്ടമാണ്. ഉന്നതനിലവാരമുള്ള നടൻമാരാണ്. ഇന്ത്യൻ സിനിമയിൽ തന്നെ മികച്ചുനിൽക്കുന്നവർ.
മണി എന്ന നടൻ!
ഈ സിനിമാപ്രേമം എന്നെ ഒരിക്കൽ വെള്ളിത്തിരയിലുമെത്തിച്ചു. ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം തോന്നിയിരുന്നെങ്കിലും, അഭിനേതാവായി വേഷമിടുന്നത് 2013-ലാണ്. ബിജു സി. കണ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ കലാഭവൻ മണിയായിരുന്നു നായകൻ. കലാഭവൻ മണിയുടെ സ്നേഹനിർബന്ധത്തിന് വഴങ്ങിയാണ് അഭിനയിക്കാമെന്നേറ്റത്. അഞ്ച് ദിവസം നീണ്ടുനിന്ന ഷൂട്ടിംഗിൽ, ചന്തയിൽ എല്ലാവർക്കും വേണ്ടപ്പെട്ട ‘ആശാൻ’ എന്ന ചുമട്ടുതൊഴിലാളിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അഭിനയിക്കേണ്ട കാര്യങ്ങളൊക്കെ മണിയും സംവിധായകനുമെല്ലാം പറഞ്ഞുതന്നു. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ടും യാതൊരു ബുദ്ധിമുട്ടുകളും തോന്നിയില്ല. മാത്രമല്ല, ഏതാണ്ട് എല്ലാം ഒറ്റ ടേക്കിൽ തന്നെ ഓക്കെയാക്കുകയും ചെയ്തു! അതൊരു മികച്ച അനുഭവമായിരുന്നു. പ്രതിഫലം എന്തെങ്കിലും കിട്ടിയോ എന്നൊന്നും ഇപ്പോൾ ഓർമയില്ല.
എന്നാൽ, ഈ സിനിമാമോഹം അവിടെ അവസാനിച്ചു. പാർട്ടി പ്രവർത്തനത്തിന് തടസ്സമാകുമെന്നതിനാൽ ഇനി മേലാൽ അഭിനയം തുടരേണ്ടതില്ലെന്ന് പാർട്ടി നിർദേശിക്കുകയായിരുന്നു. “പോയത് പോയി, ഈ സിനിമ പൂർത്തിയാക്കിക്കോ, ഇനി വേണ്ട” എന്നായിരുന്നു പാർട്ടിയുടെ നിർദേശം
വായന
അഞ്ചാം ക്ലാസ്സ് മാത്രമാണ് വിദ്യാഭ്യാസമുള്ളതെങ്കിലും വായനയുടെ ലോകത്ത് ഒരിക്കലും പിന്നിലായിരുന്നില്ല. വൈക്കം മുഹമ്മദ് ബഷീർ, കാരൂർ, ചെറുകാട്, മുട്ടത്തുവർക്കി തുടങ്ങിയവരായിരുന്നു പ്രിയപ്പെട്ട എഴുത്തുകാർ. കൈയിൽ കിട്ടുന്നതെല്ലാം വായിക്കുന്ന പ്രകൃതം. മാർക്‌സിസം ലെനിനിസത്തെ പറ്റി കൂടുതലറിയാൻ പാർട്ടി പ്രസിദ്ധീകരണങ്ങളും മുടങ്ങാതെ വായിക്കുമായിരുന്നു.
ദേശാഭിമാനി, കേരള കൗമുദി, മനോരമ തുടങ്ങിയ പത്രങ്ങൾ ചെറുപ്പത്തിലേ തന്നെ അരിച്ചുപെറുക്കി വായിക്കുമായിരുന്നു. നാട്ടിലെത്തിയതിനു ശേഷമുള്ള വായനയിൽ ഇരുപതേക്കർ സർവോദയ വായനശാലയും ദേശീയ ഗ്രന്ഥശാലയും വലിയ പങ്കുവഹിച്ചു. അവിടെ വലിയ പുസ്തക ശേഖരം തന്നെയുണ്ടായിരുന്നു. പാർട്ടിയുടെ ആശയങ്ങളും സാമൂഹിക സാഹചര്യങ്ങളും കൂടുതൽ മനസ്സിലാക്കി തുടങ്ങിയതോടെ അച്ഛൻ പഠിപ്പിച്ച ശാന്തിപ്പണി, ഇൻക്വിലാബുമായി ഒരുമിച്ച് പോകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ചെങ്കൊടി പിടിച്ചു. വായനാശീലവും, ജനങ്ങളുമായുള്ള ആത്മബന്ധത്തിലൂടെ നേടിയെടുത്ത പ്രായോഗിക അറിവും ചേർന്നപ്പോൾ അത് ഏത് പ്രശ്‌നങ്ങളുടെയും കുരുക്കഴിക്കാനുള്ള കഴിവ് തന്നു. അത് ജനകീയ പ്രസംഗങ്ങളിലും വലിയ തോതിൽ സഹായിച്ചു.
പ്രണയം
ചെറുപ്പത്തിൽ ഒരിഷ്ടം തോന്നിയിരുന്നു. ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായിരുന്നു. ഞാൻ കാര്യം അച്ഛനോട് പറഞ്ഞു. അച്ഛൻ അക്കാര്യം പെണ്ണിന്റെ വീട്ടുകാരോട് ആലോചിച്ചു. എന്നാൽ അവർക്ക് നമ്മളെ പിടിച്ചില്ല. അത് നടന്നില്ല. പിന്നീട് അവരെ പല തവണ കണ്ടിട്ടുണ്ട്. അവരും പാർട്ടി അനുഭാവികളാണ്. ഓർക്കുമ്പോൾ ചിലപ്പോൾ വിഷമവും സന്തോഷവുമൊക്കെ വരാറുണ്ട്. മനുഷ്യർ അങ്ങനെയൊക്കെയല്ലേ (ആശാൻ ചിരിക്കുന്നു). ഒടുവിൽ ഞാൻ അച്ഛനോട് പറഞ്ഞു. “അച്ഛന് ഇഷ്ടമുള്ള ആളെ എനിക്കായി നിശ്ചയിച്ചോളൂ” അങ്ങനെയാണ് ലക്ഷ്മിക്കുട്ടി ജീവിതസഖിയാവുന്നത്.
വിവാഹം
1964-ൽ ഇരുപതാം വയസ്സിലായിരുന്നു വിവാഹം. പതിനെട്ടുകാരിയായ ലക്ഷ്മിക്കുട്ടിയായിരുന്നു വധു. അവരുടെ വീട്ടുമുറ്റത്ത് ചെറിയ പന്തൽ. വിവാഹത്തിന് കുറച്ചുപേർ മാത്രം. കുഞ്ചിത്തണ്ണിയിൽ തന്നെയാണ് അവരുടെ വീട്. വീട്ടുകാർ ഉറപ്പിച്ച കല്യാണമായിരുന്നു. ഞങ്ങൾക്ക് അഞ്ചു പെൺമക്കളാണ്. ആൺമക്കളില്ല. മൂത്ത മകൾ സതി, അവളുടെ ഭർത്താവ് കുഞ്ഞുമോൻ. രണ്ടാമത്തെ മകൾ ശ്യാമള, അവളെ വിവാഹം കഴിച്ചത് പ്രകാശ്. മൂന്നാമത്തവൾ സുമ, അവളുടെ ഭർത്താവ് സുരേന്ദ്രൻ. നാലാമത്തവൾ ഗീത, അവളുടെ ഭർത്താവ് ഹരികൃഷ്‌ണൻ. അഞ്ചാമത്തവൾ ശ്രീജ, അവളുടെ ഭർത്താവ് സന്തോഷ്.
കുടുംബം
എന്റെ പൊതുപ്രവർത്തനം കാരണം ഭാര്യയും മക്കളും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. പട്ടിണിയും കഷ്ടപ്പാടുമൊക്കെയായിരുന്നതുകൊണ്ട് കുട്ടികളെ വേണ്ട രീതിയിൽ പഠിപ്പിക്കാനൊന്നും കഴിഞ്ഞില്ല. രാഷ്ട്രീയം കയറി തലയ്ക്കുപിടിച്ചപ്പോൾ വീട്ടുകാര്യം നോക്കാനും സമയം കിട്ടിയില്ല. വീട്ടുകാരെ കുറെക്കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നാറുണ്ടെങ്കിലും, വലിയ ത്യാഗങ്ങൾ സഹിച്ചാലേ ചില ഗുണങ്ങൾ ഉണ്ടാകൂ എന്നാണ് എന്റെ പക്ഷം. കുന്നിനൊരു കുഴിയുണ്ടെന്ന് പറയുന്നതുപോലെ ബുദ്ധിമുട്ടുകൾക്കിടയിലും ചില സുഖങ്ങളുണ്ട്. മക്കളെ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞു. മൂത്ത മകൾ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാമത്തെയാൾ ഏരിയാസെക്രട്ടറിയുമാണ്. കഠിനാധ്വാനത്തിലൂടെയാണ് ഞാൻ ഇവിടെയെത്തിയത്. എം.എം. മണി ആകാശത്തുനിന്ന് ഇറങ്ങിവന്നതല്ല. എങ്കിലും എന്റെ മുൻതലമുറ അനുഭവിച്ച ക്ലേശങ്ങൾ വെച്ചുനോക്കുമ്പോൾ ഞാൻ ചെയ്യുന്നത് എത്ര ചെറുതാണ്!
പ്രസംഗവേദികൾ
“കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമുണ്ടോ?” ശത്രു ആക്രമിക്കാൻ വരുമ്പോൾ ചെറുക്കുകയും നേരിടുകയും ചെയ്യുക എന്നത് തന്നെയാണ് ഇന്നും നാളെയുമുള്ള നിലപാട്. രാഷ്ട്രീയ എതിരാളിയെ കായികമായി നേരിടേണ്ടിവന്നാൽ എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുമെന്നും ചെറുക്കണമെന്നതുമാണ് മനോഭാവം. പ്രസംഗവേദികളിൽ ചില കാര്യങ്ങൾ കടത്തിപ്പറയാറുണ്ട്. കേൾക്കുന്നവർക്ക് ഹരമാകട്ടെയെന്ന് കരുതിയാണ് ഇടയ്‌ക്കൊക്കെ പഴഞ്ചൊല്ലും പഴമൊഴിയും പഴങ്കഥയുമെല്ലാം ചേർക്കുന്നത്. നീട്ടിയും കുറുക്കിയും കയർത്തും ക്ഷോഭിച്ചും പറയാനുള്ളത് തനി നാടൻ ഭാഷയിൽ പറയും. രാഷ്ട്രീയ പ്രസംഗങ്ങളിൽ വിട്ടുവീഴ്ചയില്ല.
കേസുകളും കള്ളക്കേസുകളും കോടതി വ്യവഹാരങ്ങളും ജീവിതത്തിൽ നിത്യസംഭവങ്ങളായിരുന്നു. മണക്കാട് പ്രസംഗത്തിൽ കള്ളക്കേസുകളുണ്ടാക്കി ജയിലിൽ അടച്ചു. മാധ്യമങ്ങൾ താല്പര്യങ്ങൾക്കനുസരിച്ച് കഥകൾ മെനഞ്ഞതോടെ അതിനെ രാഷ്ട്രീയമായി ഉമ്മൻചാണ്ടി സർക്കാരും ഉപയോഗിച്ചു. അഞ്ചേരി ബേബി വധക്കേസിൽ പ്രതിപട്ടികയിൽ പോലും ഇല്ലാതിരുന്ന എന്നെ പ്രതിയാക്കി. നേരത്തെ കോടതിയിൽ അവസാനിപ്പിച്ച കേസുകളിൽ ആഭ്യന്തരമന്ത്രി ഉൾപ്പടെയുള്ളവരുടെ രാഷ്ട്രീയസമ്മർദം മൂലം കേസ് എടുക്കുകയായിരുന്നു. നവംബർ 21-ന് പുലർച്ചെ വീട് വളഞ്ഞ് എന്നെ അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. റിമാൻഡ് പരമാവധി നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമാണ് സർക്കാർ സ്വീകരിച്ചത്. ഒൻപതുമാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചുകൊണ്ട് ജനുവരി അഞ്ചിനാണ് ജാമ്യം അനുവദിച്ചത്. ഒടുവിൽ മണക്കാട് പ്രസംഗത്തിന്റെ പേരിലെടുത്ത കള്ളക്കേസുകളിൽ നിന്നെല്ലാം കോടതി എന്നെ കുറ്റവിമുക്തനാക്കി.
വിവാദമായ മണക്കാട് പ്രസംഗത്തിന്റെ പേരിൽ എന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് വന്നു. വെളുപ്പാൻ കാലത്താണു വന്നത്. ബെല്ലു കേട്ടപ്പോൾത്തന്നെ എനിക്കു മനസ്സിലായി, അതു പൊലീസാണെന്ന്. അറസ്റ്റിൽ പ്രതിഷേധിച്ച് അന്ന് അവിടെ പാർട്ടി ഹർത്താലിന് ആഹ്വാനം ചെയ്തു. എല്ലാവരെയും അത്ഭുതപ്പെടുത്തിയത്, ആ ഹർത്താലിൽ കോൺഗ്രസ്സുകാരും കേരള കോൺഗ്രസ്സുകാരും ഒക്കെ പങ്കെടുത്തു എന്നതാണ്. എന്തുകൊണ്ടെന്നാൽ അവർക്കൊരു പ്രശ്‌നം വന്നാൽ സമീപിക്കാൻ പറ്റുന്നയാൾ ഞാൻ മാത്രമേയുള്ളൂ. ഒരു കാര്യം ആവശ്യപ്പെട്ട് ഒരാൾ വന്നാൽ ഞാനവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാറില്ല. ന്യായമാണെങ്കിൽ സഹായിക്കും. ഇന്നലെയും സഹായിച്ചു, ഇന്നും സഹായിക്കും, നാളെയും സഹായിക്കും. എന്റെ ജീവിതാന്ത്യം വരെ അങ്ങനെയായിരിക്കും. എനിക്കിപ്പോൾ 82 വയസ്സായി. ഞാൻ നിരന്തരമായി തൊഴിലാളികളുടെ കൂടെ നിന്ന് നടത്തിയ പോരാട്ടങ്ങളും ആത്മാർത്ഥമായി പാർട്ടിക്കു വേണ്ടി ചെയ്ത സേവനങ്ങളും വഴിയാണ് ഇരുപത്തേഴു വർഷം ഞാൻ ജില്ലാസെക്രട്ടറിയായിരുന്നതും സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതും മന്ത്രി ആയതുമെല്ലാം. ഞാൻ വളർന്ന സാഹചര്യവും ചുറ്റുപാടുകളും വച്ചു നോക്കുമ്പോൾ അതു കമ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമേ ചെയ്യാൻ പറ്റൂ.
രാഷ്ട്രീയത്തിനതീതമായ സൗഹൃദം
രാഷ്ട്രീയ എതിരാളികളുമായി നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. എല്ലാ പാർട്ടിയിലുമുണ്ട് പ്രിയപ്പെട്ട സുഹൃത്തുക്കൾ. പൊതുപ്രവർത്തകൻ എന്ന നിലയിൽ, ന്യായമായ കാര്യത്തിനായി ആര് സമീപിച്ചാലും അവരെ സഹായിക്കാതിരിക്കുന്നത് മനസ്സിന് അസ്വസ്ഥതയുണ്ടാക്കും. അത്തരം സാഹചര്യങ്ങളിൽ സഹായിക്കാൻ ഏതറ്റം വരെയും പോകും.
രാഷ്ട്രീയമായ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ അടുത്ത് ഇടപഴകാൻ പറ്റുന്ന നേതാക്കളാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നല്ല സുഹൃത്തുക്കളാണ്. എന്നാൽ ലീഡർ; കെ. കരുണാകരനുമായി ഒരു അടുപ്പവുമുണ്ടായിരുന്നില്ല. അക്കാലത്ത് ഞാൻ ശ്രദ്ധിക്കപ്പെടുന്ന അത്ര വലിയൊരു നേതാവായിരുന്നില്ലല്ലോ.. അതാവാം കാരണം. എങ്കിലും, കരുണാകരന്റെ മകൻ കെ. മുരളീധരനുമായി നല്ല ബന്ധമാണ്.
തിരുവഞ്ചൂർ മന്ത്രിയായിരുന്നപ്പോൾ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. എങ്കിലും ആ ശത്രുതയൊന്നും മനസ്സിൽ സൂക്ഷിക്കാതെ ഇന്നും അദ്ദേഹവുമായി വളരെ ലോഹ്യത്തിലാണ് ഞാൻ. രാഷ്ട്രീയ എതിരാളികളുമായുള്ള സ്നേഹബന്ധം ഇങ്ങനെയൊക്കെയാണെങ്കിലും, ബി.ജെ.പി നേതാക്കളുമായുള്ള സൗഹൃദം സ്വന്തം തട്ടകമായ ഇടുക്കി ജില്ലയിൽ മാത്രം ഒതുങ്ങുന്നു.
അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്നൊരു ആക്ഷേപം ആശാനെതിരെയുണ്ടല്ലോ?
ഡാമുകൾ തുറന്നതാണ് പ്രളയകാരണമാണെന്ന ആരോപണം വസ്തുതയില്ലാത്തതാണ്. അധികൃതർ തന്നെ കാര്യകാരണസഹിതം അത് വ്യക്തമാക്കിയതാണ്. പറയുന്നവർ പറഞ്ഞോട്ടെ. അതിൽ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ഞാൻ ചെയ്യാത്ത ഒരു കാര്യവും എന്നെ ബാധിക്കുന്നില്ല. വെള്ളം കൂടുതൽ വന്നാൽ ഡാം തുറന്നുവിടാതിരിക്കാൻ പറ്റുമോ? പ്രകൃതിക്ഷോഭം മൂലം വെള്ളം അധികം വന്നാൽ ഇനിയും ഇടുക്കി ഡാം തുറക്കേണ്ടിവരും. അത് തുറക്കേണ്ട സാഹചര്യം വന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഡാം തുറക്കാതെ പിണറായി വിജയനും എം.എം. മണിയും വെള്ളം കുടിച്ച് വറ്റിക്കുമായിരുന്നോ! അതൊക്കെ വിഡ്ഢിത്തം പറയുന്നതാണ്.
പ്രായപരിധി പാർട്ടിക്ക് വിനയായോ?
അതിനകത്ത് ചില നല്ലവശങ്ങളും ദോഷവശങ്ങളുമുണ്ട്. ആളുകളുടെ പ്രവർത്തനശേഷി കുറയുമ്പോൾ അവരെ മാറ്റി നിർത്തുന്നതിൽ തെറ്റില്ല. പ്രസ്ഥാനത്തിന്റെ നവീകരണത്തിന്റെ ഭാഗമായാണ് പുതിയ ആളുകളെ കൊണ്ടുവരുന്നത്. അത് ഇല്ലാതെ പറ്റില്ല. പ്രായമായവർ തന്നെ നയിച്ചാൽ പ്രസ്ഥാനത്തിന് ഊർജ്വസ്വലത ഉണ്ടാവില്ല. 75 വയസ്സിൽ മാറ്റിനിർത്തുന്നതിൽ പ്രയാസപ്പെടേണ്ട കാര്യമില്ല. അങ്ങനെ വിഷമമുണ്ടെങ്കിൽ അത് മാനസികപ്രശ്‌നമാണ്. ബ്രാഞ്ചിലാണെങ്കിലും പ്രവർത്തിക്കാമല്ലോ? മെമ്പർഷിപ്പ് വേണമെന്നതാണ് പ്രധാനം. പ്രവർത്തനശേഷി ഉണ്ടെങ്കിൽ ഇളവ് നൽകാമെന്നും മാനദണ്ഡത്തിലുണ്ട്. പിണറായി സഖാവ് എഴുപത്തിയഞ്ച് കഴിഞ്ഞിട്ടും പി.ബിയിൽ ഉണ്ടല്ലോ. അതിലൊന്നും തെറ്റില്ല. പുതിയ ആളുകളെ പ്രമോട്ട് ചെയ്തിട്ടില്ലെങ്കിൽ പാർട്ടി ദുർബലമാകും. നവീകരണം എന്നുപറയുന്നത് ജീവിതത്തിൽ എല്ലായിടത്തും വേണം. അത് ലോകത്ത് എല്ലായിടത്തും നടക്കുന്നുണ്ട്. കാലങ്ങൾ മാറുന്നതിനനുസരിച്ച് എല്ലാം മാറ്റങ്ങൾക്ക് വിധേയമാണ്. മാറാത്തതായി ഒന്നേയുള്ളു, അത് മാറ്റമാണ്. ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറേണ്ടത് മാറും.
ഗോവിന്ദൻ മാഷ് പറയുന്ന ഭാഷ ആളുകൾക്ക് മനസ്സിലാകുന്നില്ലെന്ന ആക്ഷേപം ഉണ്ടല്ലോ. ആശാന് അങ്ങനെ തോന്നുണ്ടോ?
(ചിരിക്കുന്നു.) അയ്യയ്യോ അങ്ങനെയൊന്നുമില്ല. ഞങ്ങളുടെ സെക്രട്ടറിയല്ലേ. ഓരോരുത്തർക്കും വ്യക്തിപരമായി ഓരോ രീതിയല്ലേ. എനിക്ക് എന്റേതായ രീതിയല്ലേ. അതിനും വിമർശനം ഉണ്ടായിരുന്നല്ലോ. പിണറായി സഖാവിന് അദ്ദേഹത്തിന്റേതായ രീതിയുണ്ട്. നായനാർക്കും കരുണാകരനും അവരവരുടേതായ ശൈലി. സതീശന് സതീശന്റേതായ രീതിയുണ്ട്. ഗോവിന്ദൻ മാഷിന്റെ ഭാഷ തിരുത്തേണ്ടതായി തോന്നിയിട്ടില്ല. അത് കാലഘട്ടത്തിന്റെ ആവശ്യമല്ലേ. അത് തനിയെ ശരിയായിക്കൊള്ളും (ചിരിക്കുന്നു). മാറാത്തതായി ഒന്നുമില്ല!
സതീശൻ അഞ്ച് വർഷം പൂർത്തിയാക്കുമോ? ചെന്നിത്തല മുഖ്യമന്ത്രി കസേരയിൽ എത്തുമോ? ആശാന്റെ പ്രവചനമെന്താണ്?
അതൊന്നും ഞാൻ പറയുന്നില്ല. അത് നിർവചിക്കാൻ പറ്റില്ല. കെ.സിയെക്കാൾ എന്തുകൊണ്ടും മികച്ചത് സതീശനും ചെന്നിത്തലയുമാണ്. ചില കാര്യങ്ങളിൽ സതീശന് വീഴ്ച സംഭവിക്കുന്നുണ്ട്. ഉദാഹരണമായി വൈദ്യുതിയുടെ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ എടുക്കുന്ന സമീപനം ശരിയല്ല. സണ്ണി ജോസഫ് പറയുന്നത് വിവരക്കേടാണ്. അദ്ദേഹം വൈദ്യുതിയെ പറ്റി വേണ്ട നിലയിൽ പഠിച്ചിട്ടില്ല. കേരളത്തിന് ആവശ്യമായ വൈദ്യുതി ഇതുവരെ ലഭ്യമായിട്ടില്ല. പുറത്തുനിന്ന് വാങ്ങിയാണ് എൽ.ഡി.എഫ് സർക്കാർ സമ്പൂർണ വൈദ്യുതിയെന്ന പദ്ധതി നടപ്പിലാക്കിയത്. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ വെറും 40 ശതമാനം മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ബാക്കി കരാർ അടിസ്ഥാനത്തിൽ വാങ്ങിക്കുന്നതാണ്. എൽ.ഡി.എഫ് സർക്കാർ ഭരിക്കുന്ന സമയത്തും പ്രതിസന്ധികൾ ഉണ്ടായിരുന്നു. പക്ഷേ, ജനങ്ങളെ ഇരുട്ടിലാക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രതിസന്ധി മറികടക്കണം. ഈ പണം വൈദ്യുതി ഉപയോഗിക്കുന്നവരിൽനിന്ന് പിരിച്ചെടുക്കാവുന്നതാണ്. മഴയില്ലെന്നും ഡാമിൽ വെള്ളമില്ലെന്നും പറഞ്ഞ് സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയിൽ സതീശൻ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ല, സമ്പൂർണ വൈദ്യുതിനയം നടപ്പാക്കിയില്ലെങ്കിൽ പോലും പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം കേരളത്തിലുണ്ട്. വൈദ്യുതി ക്ഷാമം ഉണ്ടാക്കി, അതുവഴി പുതിയ കരാർ ഒപ്പിട്ട് കമ്മിഷൻ അടിക്കുകയാണ് സതീശന്റെയും കൂട്ടരുടെയും ലക്ഷ്യം. വർഗപരമായി നോക്കുമ്പോൾ അവർ പിന്തിരിപ്പന്‍മാരാണ്. കോൺഗ്രസ്സല്ലേ സാധനം.
സതീശൻ പറയുന്നത് താൻ നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ്?
നെഹ്റുവിനെപ്പറ്റി പറയാനുള്ള യോഗ്യതയുണ്ടോ സതീശന്. നെഹ്റുവിന്റെ കോൺഗ്രസ്സൊന്നും ഇന്ത്യയിൽ എവിടെയുമില്ല. നെഹ്റു പ്രഗല്‍ഭനായ രാഷ്ട്രീയ നേതാവായിരുന്നു. ദേശീയ പ്രസ്ഥാനത്തിന് സമഗ്രസംഭാവന ചെയ്തിട്ടുള്ളയാളാണ്. എം.എം. മണി, ഇ.എം.എസ് ആണെന്ന് ഭാവിക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ? അങ്ങനെ വന്നാൽ എനിക്ക് വിവരമില്ലെന്നല്ലേ നിങ്ങൾ പറയുകയുള്ളു.
കേരളരാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ ഭാവി മുന്നേറ്റം?
ബി.ജെ.പിക്ക് കേരളത്തിൽ ഒരു സാധ്യതയുമില്ലെന്നാണ് എന്റെ വിലയിരുത്തൽ. കേരളത്തിൽ ബി.ജെ.പി മുന്നേറുന്നുണ്ടെങ്കിൽ അതിനെ പ്രതിരോധിക്കാൻ നോക്കിയും കണ്ടും നിൽക്കണം. കമ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സുമെല്ലാം അത് കാണണം. ആപത്ത് മനസ്സിലാക്കണം. മോദി, രാജ്യം ഭരിക്കുന്നത് ആപത്താണ്. അത് തിരിച്ചറിയണം അയാളൊരു പ്രത്യേകവീക്ഷണത്തിന്റെ ആളാണ്. ഹിന്ദുത്വവുമായി എങ്ങനെ മുന്നോട്ടുപോകാനാകും! സംഗതി കുഴപ്പമാണ്. കോൺഗ്രസ്സുകാർ നാട് ഭരിച്ച് ഭരിച്ച് ഈ പരുവത്തിലാക്കി. കോൺഗ്രസ് ചില കാര്യങ്ങൾ ചെയ്‌തെങ്കിലും ഇന്ത്യൻ സമൂഹത്തെ നവീകരിക്കുന്നതിലും അടിസ്ഥാനവികസനം കൊണ്ടുവരുന്നതിലും പരാജയമായിരുന്നു. അതിന്റെ പരിണതഫലമാണ് ബി.ജെ.പി ഇന്ത്യ ഭരിക്കുന്ന നില. മഹാത്മാഗാന്ധിയെ കൊന്നവർ ഇന്ത്യ ഭരിക്കുന്നതിന്റെ ഉത്തരവാദിത്വം ഗാന്ധി ശിഷ്യൻമാർക്കാണ്. അതിൽ ഞങ്ങളുടെ പാർട്ടിക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അത് ഏൽക്കാൻ ഞങ്ങളും തയ്യാറാണ്.
പാർട്ടി അധികാരത്തിൽ തിരിച്ചുവരും
പാർട്ടി ശക്തമായി കേരളത്തിൽ തിരിച്ചുവരും. അത് ചരിത്രത്തിന്റെ ഗതിയാണ്. പാർട്ടി തിരുത്തേണ്ട തെറ്റുകൾ തിരുത്തി കൂടുതൽ ശക്തിയാർജിക്കും. പാർലമെന്ററി ജനാധിപത്യമാകുമ്പോൾ അപ്പപ്പോൾ ഉണ്ടാകുന്ന വികാരത്തിനനുസരിച്ച് ജനം നിലപാട് എടുക്കുമ്പോൾ ചിലപ്പോൾ നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് വിജയം കണ്ടെന്നുവരില്ല.
മണിയാശാന്റെ ചടുലമായ അംഗവിക്ഷേപങ്ങളും ചിരിയും കൂസലില്ലായ്മയും ഈ എണ്‍പത്തിരണ്ടാം വയസ്സിലും മാറ്റമില്ലാതെ തുടരുന്നു. അധ്വാനത്തിന്റേയും പോരാട്ടവീറിന്റേയും ചുളിവുകൾ ഭംഗിയേറ്റിയ ആ മുഖത്തെ മന്ദഹാസത്തിലേക്ക്, കമ്യൂണിസ്റ്റുകാരോട് ചോദിക്കരുതാത്ത നിസ്സാരമായ ഒരു ചോദ്യമാണ് ഒടുവിലായിവെച്ചത്:
“ഇനി ഒരു ജന്മം കൂടി ഉണ്ടെങ്കിലോ?”
മണ്ണിനേയും മനുഷ്യരെയും സ്‌നേഹിച്ച, വേദനിക്കുന്നവന്റെ കണ്ണീരിനു കാവലാളായ ആ പച്ചമനുഷ്യൻ ഒരു നിമിഷംകൊണ്ട് ഉത്തരം പറഞ്ഞു:
“അടുത്ത ജന്മത്തെപറ്റി ചിന്തയേ ഇല്ല. ഈ ജന്മം തീർന്നാൽ തീർന്നു. പുനർജന്മം എന്നൊക്കെ പറയുന്നത് ആത്മീയവാദമാണ്. ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ജീവിതം അവിടെ തീർന്നു. ഇതോടുകൂടി ക്ലോസ്.”
മണിയാശാന്റെ പതിവ് ഉത്തരങ്ങളിലെ ചിരിപ്പിക്കാനുള്ള മാജിക് ഈ ഉത്തരത്തിലില്ല എന്ന് തോന്നി. അദ്ദേഹത്തിന്റെ ഈ വേദാന്തം ഒരിക്കലും നാട് വിശ്വസിക്കയില്ല.
ആ ജീവിതമങ്ങനെയൊന്നും തീരുന്ന ഒന്നല്ലല്ലോ...
നിങ്ങളങ്ങനെ തുടരുകയല്ലേ...!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates