ജാനകിയമ്മയുടെ സംഗീതത്തെ സ്വാധീനിച്ചത് നാദസ്വര വിദ്വാനു കീഴിലുള്ള സംഗീതാഭ്യാസം

തേനും വയമ്പും സംഗീതത്തിൽ ചാലിച്ച് ലോകം മുഴുവൻ സുഖം പകരാൻ ഭൂമിയിൽ അവതരിച്ച നാദവിസ്മയം
Image of S Janaki
എസ്. ജാനകിസമകാലിക മലയാളം വാരിക
Updated on

“ജാനകിയമ്മയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കണമെങ്കിൽ ഒന്നേ പറയാനുള്ളൂ - ‘മഹാത്ഭുതം.’ സംഗീതംകൊണ്ട് തലമുറകളുടെ ഹൃദയം കീഴടക്കിയ, മനുഷ്യവികാരങ്ങൾക്ക് സംഗീതത്തിലൂടെ ജീവൻ പകർന്ന അതുല്യ പ്രതിഭ.”

സംഗീതം ജാനകിയമ്മയ്ക്ക് ജന്മസിദ്ധമായ ഒരു അനുഗ്രഹം തന്നെയായിരുന്നു. മകളിലെ സംഗീതവാസന തിരിച്ചറിഞ്ഞ അമ്മ, ജാനകിയെ നാദസ്വരവിദ്വാനായ പൈദിസ്വാമിയുടെ അടുക്കൽ സംഗീതം അഭ്യസിപ്പിക്കാൻ കൊണ്ടുചെന്നു. അന്ന് ജാനകിക്ക് പ്രായം വെറും പത്ത് വയസ്സ് മാത്രം.

Apsara Vydula
ചെറുമകള്‍ അപ്സര വൈദ്യുല എസ്. ജാനകിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നുസമകാലിക മലയാളം വാരിക

ഗുരുസന്നിധിയിലെത്തിയ ജാനകി, ഗുരുവിന്റെ നിർദേശപ്രകാരം ഒരു ഗാനം ആലപിച്ചു. ആ സ്വരമാധുര്യം കേട്ട നിമിഷംതന്നെ, അവളിലെ സംഗീതപ്രതിഭയുടെ ആഴം അദ്ദേഹം തിരിച്ചറിഞ്ഞു. അത് ഒരു സാധാരണ ശിഷ്യയിൽ കാണുന്ന സംഗീതപാടവമായിരുന്നില്ല; അതുകൊണ്ട് തന്നെ മറ്റ് ശിഷ്യർ പഠിക്കുന്നതുപോലെ അടിസ്ഥാനപാഠങ്ങളിൽനിന്ന് ജാനകിക്ക് സംഗീതപഠനം ആരംഭിക്കേണ്ട ആവശ്യമില്ലെന്ന് ഗുരു തീരുമാനിക്കുകയും പ്രാഥമിക പാഠങ്ങൾ ഒഴിവാക്കി, ത്യാഗരാജ സ്വാമികളുടെ ‘നഗുമോമു’ എന്ന പ്രശസ്തമായ കൃതി പഠിപ്പിച്ചുകൊണ്ട് ജാനകിയമ്മയുടെ ശാസ്ത്രീയ സംഗീതപഠനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഏകദേശം ഒരു വർഷം മാത്രമേ ആ ഗുരുകുലവാസത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ.

സ്കൂൾ പഠനകാലത്തുതന്നെ നിരവധി ചെറിയ സംഗീതവേദികളിൽ അവർ പാടിത്തുടങ്ങി. ആദ്യകാലങ്ങളിൽ ജാനകിയമ്മയ്ക്ക് ശാസ്ത്രീയസംഗീതത്തോട് വലിയ താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ, കാലം കടന്നുപോകുന്നതിനനുസരിച്ച് ശാസ്ത്രീയസംഗീതത്തിന്റെ ആഴവും സൗന്ദര്യവും അവർ മനസ്സിലാക്കുകയും അതിനോടുള്ള താല്പര്യം വളർന്നുവരുകയും ചെയ്തു എന്ന് ജാനകിയമ്മ തന്നെ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.

പതിനേഴാമത്തെ വയസ്സിലാണ് ജാനകിയമ്മയുടെ സംഗീതയാത്രയ്ക്ക് പുതിയൊരു വഴിത്തിരിവ് ഉണ്ടാവുന്നത്. കുറച്ചു കോളേജ് വിദ്യാർത്ഥികൾ ചേർന്ന് രൂപംനൽകിയ ‘ക്രാന്തി കലാമണ്ഡലെ’ എന്ന ഓർക്കസ്ട്രയിൽ ഗായികയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. വേദികളായ വേദികൾ ആത്മവിശ്വാസത്തോടെ പാടിത്തുടങ്ങിയ ജാനകിയമ്മ വൈകാതെ തന്നെ സംഗീതാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ഗായികയായി മാറി. ആ കാലഘട്ടത്തിലാണ് ഓൾ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച സംഗീതമത്സരത്തിലും അവർ സമ്മാനർഹയായത്. ആ അംഗീകാരം, ഭാവിയിൽ സംഗീതലോകം കീഴടക്കാൻ പോകുന്ന ഒരു പ്രതിഭയുടെ ആദ്യകാല വിജയങ്ങളിൽ ഒന്നായി മാറി.

പ്രശസ്ത കലാകാരനായിരുന്ന ഡോ. ചന്ദ്രശേഖർ ഒരു വേദിയിൽ ജാനകിയമ്മയുടെ ആലാപനം കേൾക്കുകയും തന്റെ പരിപാടികളിലെ ഇടവേളകളിൽ ജാനകിയമ്മയ്ക്ക് പാടാൻ അവസരം നൽകുകയും ചെയ്തു. ഒരു മഹാഗായികയുടെ ഉദയം അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടുതന്നെ ജാനകിയമ്മയുടെ അസാധാരണമായ കഴിവിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയിലേക്ക് അദ്ദേഹം ഒരു ശുപാർശക്കത്ത് അയച്ചു. ആ കത്താണ് ജാനകിയമ്മയെ എ.വി.എം സ്റ്റുഡിയോയിലെ ഓഡിഷനിലേക്ക് എത്തിച്ചത്. പിന്നീട് ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ ചരിത്രം മാറ്റിമറിച്ച ഒരു സംഗീതയാത്രയുടെ നിർണായക വഴിത്തിരിവായി ആ ഓഡിഷൻ മാറി.

ജാനകിയമ്മ ആദ്യമായി സിനിമയ്ക്കുവേണ്ടി പാടിയത് ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിനുവേണ്ടിയായിരുന്നു. സംഗീതസംവിധാനം നിർവഹിച്ചത് ടി. ചലപതി റാവു ആയിരുന്നു. എന്നാൽ, ആ ചിത്രം പുറത്തിറങ്ങിയില്ല. അതിനെക്കുറിച്ച് പിന്നീട് ഒരു അഭിമുഖത്തിൽ ജാനകിയമ്മ ചിരിയോടെ പറഞ്ഞത്: “വിധിയിൻ കളിയാട്ടം എന്നപോലെ ആ ചിത്രം പുറത്തിറങ്ങിയില്ല” എന്നായിരുന്നു.

എന്നാൽ, പ്രതിഭയെ തടഞ്ഞുനിർത്താൻ വിധിക്കായില്ല. തുടർന്ന് തെലുങ്ക് സിനിമയിൽ “നീ ആശ അടിയാശ” എന്ന ഗാനത്തിലൂടെ ആണ് ജാനകിയമ്മയുടെ ശബ്ദം വെള്ളിത്തിരയിലെത്തിയത്.

Ilayaraja, S.P. Balasubramaniam & Actor Thiagarajan,
ഇളയരാജ, എസ്.പി. ബാലസുബ്രഹ്മണ്യം, ത്യാഗരജാന്‍ റെക്കോഡിങ്ങിനിടയില്‍ സമകാലിക മലയാളം വാരിക

മലയാള ചലച്ചിത്ര സംഗീതലോകത്തേക്കുള്ള ജാനകിയമ്മയുടെ അരങ്ങേറ്റം ‘മിന്നുന്നതെല്ലാം പൊന്നല്ല’ ചിത്രത്തിലെ “വാഴ്വിൽ ഇരുൾ മൂടുകയോ” എന്ന ഗാനത്തിലൂടെയായിരുന്നു. ആ തുടക്കം പിന്നീട് മലയാള സംഗീതചരിത്രത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്നായി മാറി.

മലയാള ഭാഷയോടും മലയാളികളോടും ജാനകിയമ്മയ്ക്ക് എന്നും ഒരു പ്രത്യേക ആത്മബന്ധമുണ്ടായിരുന്നു. “ഉണരുണരൂ ഉണ്ണിപ്പൂവേ” എന്ന ഉണർത്തുപാട്ടായി ഓരോ പ്രഭാതത്തിലും സ്നേഹത്തോടെ വിളിച്ചുണർത്തിയും “ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തി” ബാല്യത്തിന്റെ കുസൃതികൾക്ക് കൂട്ടായും “അവിടുന്നെൻ ഗാനം കേൾക്കാനാ”യി മനസ്സിനെ പ്രണയത്തിന്റെ മധുരലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയും “നാഥാ, നീ വരും കാലൊച്ച”യിലൂടെ കാത്തിരിപ്പിന്റെ മനോഹാരിത അനുഭവിപ്പിച്ചും “സന്ധ്യയുടെ കണ്ണീരി”ലൂടെ ദുഃഖത്തിന്റേയും വേദനയുടേയും ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയും “കേശാദിപാദം തൊഴുത്” ഭക്തിസാന്ദ്രമായ ആത്മീയാനുഭൂതി പകർന്നും ഒടുവിൽ “ഉണ്ണിയാരാരിരോ” എന്ന താരാട്ടിലൂടെ മധുരനിദ്രയിലേക്ക് കൈപിടിച്ചുനടത്തിയും ജാനകിയമ്മ മലയാളിയുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്നേഹസാന്നിധ്യമായി നിറഞ്ഞുനിന്നു. കേരളം അവരുടെ ജന്മനാടായിരുന്നില്ലെങ്കിലും സ്നേഹത്തിന്റെ ആഴത്തിൽ അവർ അതിനെ സ്വന്തം നാടായിത്തന്നെ ഏറ്റെടുത്തു.

എസ്. ജാനകിയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ സംഗീതത്തിലെ നിറഞ്ഞുതുളുമ്പിയ ഭാവമാണ്. ഓരോ ഗാനത്തിന്റേയും സാഹചര്യവും കഥാപാത്രത്തിന്റെ ഭാവവും മനസ്സിലാക്കി അതിനനുസരിച്ച് ശബ്ദത്തിൽ മാറ്റം വരുത്താൻ അവർക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു. പ്രണയഗാനമായാലും വിരഹഗാനമായാലും ഭക്തിഗാനമായാലും താരാട്ടായാലും നർമഗാനമായാലും ഓരോ ഗാനവും കേൾക്കുന്നവരുടെ മനസ്സിൽ നേരിട്ട് സ്പർശിക്കുന്ന തരത്തിലായിരുന്നു അവരുടെ ആലാപനം.

സംഗീതസംവിധായകൻ തന്റെ മനസ്സിൽ സങ്കല്പിക്കുന്ന ഭാവത്തെ അതേ തീവ്രതയോടെ ഒരുപക്ഷേ, അതിനു മുകളിൽ ശ്രോതാക്കളുടെ ഹൃദയത്തിലെത്തിക്കാൻ കഴിയുന്ന അപൂർവ കഴിവ് ജാനകിയമ്മയ്ക്കുണ്ടായിരുന്നു. ഒരു ഗാനം റെക്കോർഡ് ചെയ്യുന്നതിനു മുന്‍പ്, അതിന്റെ വരികൾ, അർത്ഥം, സന്ദർഭം, ഓരോ വാക്കിന്റേയും ഉച്ചാരണം - ഇവയെല്ലാം അതീവ ശ്രദ്ധയോടെ പഠിച്ചറിഞ്ഞ ശേഷമാണ് അവർ മൈക്രോഫോണിനു മുന്നിലെത്തിയിരുന്നത്.

ജാനകിയമ്മയുടെ അസാമാന്യമായ ഓർമശക്തിയും ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കു മുന്‍പ് റെക്കോർഡ് ചെയ്ത ഗാനങ്ങളുടെ വിശേഷങ്ങളും അന്നുണ്ടായ രസകരമായ സംഭവങ്ങളും ആ ഗാനങ്ങളുടെ പിന്നാമ്പുറ കഥകളും വളരെ വ്യക്തതയോടെ ഓർത്തെടുത്ത് ജാനകിയമ്മ പറയുമായിരുന്നു. സംഗീതം അവർക്ക് ജീവിതത്തിന്റെ ഓരോ നിമിഷത്തോടും ചേർന്നുനിൽക്കുന്ന ആത്മാനുഭവമായിരുന്നു.

നാദസ്വര വിദ്വാന്റെ കീഴിൽ ലഭിച്ച പ്രാഥമിക സംഗീത പരിശീലനം ജാനകിയമ്മയുടെ സംഗീതത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടാവണം. നാദസ്വര ശൈലിയിലെ സൂക്ഷ്മഗമകങ്ങളും അതിവേഗ സഞ്ചാരങ്ങളും ജാനകിയമ്മയുടെ ആലാപനത്തിൽ പലപ്പോഴും വ്യക്തമായി പ്രതിഫലിക്കാറുണ്ട്. സാധാരണ മനുഷ്യശബ്ദത്തിൽ പാടാൻ ദുഷ്‌കരമായി തോന്നുന്ന സംഗീത സഞ്ചാരങ്ങൾ അവർ പലപ്പോഴും അദ്ഭുതപ്പെടുത്തുന്ന ലാഘവത്തോടെയാണ് ആലപിക്കുന്നത്. ജാനകിയമ്മ തന്നെ പല അഭിമുഖങ്ങളിലും തന്റെ സംഗീതജീവിതത്തിലെ ഏറ്റവും പ്രയാസകരമായി തോന്നിയ ഗാനങ്ങളിൽ ഒന്നായി വിശേഷിപ്പിച്ചിട്ടുള്ളത് ‘ഹേമാവതി’ എന്ന കന്നഡ ചിത്രത്തിലെ “ശിവ ശിവ എന്നടാ” എന്ന ഗാനമാണ്. ഇതിന്റെ അവസാനഭാഗത്തു തോടി രാഗവും അഭോഗി രാഗവും മാറി മാറി വരുന്ന സ്വരപ്രസ്താരം തികച്ചും വിസ്മയാവഹമാണ്.

അതുപോലെതന്നെ ജാനകിയമ്മയുടെ സംഗീതവൈഭവത്തെ അങ്ങേയറ്റം ഉജ്ജ്വലമായി അടയാളപ്പെടുത്തുന്ന ഗാനങ്ങളിലൊന്നാണ് ‘കൊഞ്ചും സിലങ്കയ്’ എന്ന ചിത്രത്തിലെ “ശിങ്കാരവേലനെ ദേവ” എന്ന ഗാനം. ഈ ഗാനത്തിൽ, നാദസ്വര ഇതിഹാസമായ കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരവും ജാനകിയമ്മയുടെ ആലാപനവും പരസ്പരം മികവേകിക്കൊണ്ട് അപൂർവമായൊരു സംഗീതാനുഭവം സൃഷ്ടിക്കുന്നു. നാദസ്വരത്തിന്റെ ഗാംഭീര്യത്തോടും സങ്കീര്‍ണമായ സഞ്ചാരങ്ങളോടും ഒപ്പമെത്തുന്ന രീതിയിൽ ആലപിക്കുക എന്നത് ഏതൊരു ഗായകനും അത്യന്തം വെല്ലുവിളിയാണ്. എന്നാൽ, ജാനകിയമ്മ അദ്ഭുതപ്പെടുത്തുന്ന അനായാസത്തോടെ ആണ് ആ ഗാനം ആലപിച്ചത്.

ജാനകിയമ്മയുടെ ശബ്ദത്തിന്റെ ഏറ്റവും അപൂർവമായ സവിശേഷതകളിലൊന്നായിരുന്നു, അസാധാരണമായ വഴക്കം. ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കമായ ശബ്ദമായും പ്രായമായ ഒരു സ്ത്രീയുടെ സ്വരമായും ആവശ്യമെങ്കിൽ പുരുഷശബ്ദത്തിന്റെ ഗാംഭീര്യം ഉൾക്കൊണ്ട ആലാപനമായും ആ ശബ്ദം അനായാസം രൂപാന്തരപ്പെടുമായിരുന്നു.

എസ്. ജാനകിയുടെ വ്യക്തിത്വത്തിലെ മറ്റൊരു മനോഹരമായ മുഖമാണ് അവരുടെ നർമബോധം. വിനയവും ലാളിത്യവും നിറഞ്ഞ ആ സ്വഭാവം അഭിമുഖങ്ങളിലും വേദികളിലെ സംഭാഷണങ്ങളിലും പലപ്പോഴും പ്രകടമായിരുന്നു. ജീവിതത്തെ എപ്പോഴും പുഞ്ചിരിയോടെ കാണുന്ന അവർ, ചെറിയ കാര്യങ്ങളിൽപോലും കുട്ടികളെപ്പോലെ സന്തോഷം കണ്ടെത്തുന്ന ഒരു നിഷ്‌കളങ്ക മനസ്സിന്റെ ഉടമയായിരുന്നു. സാഹചര്യത്തിനൊത്ത് തമാശകൾ പങ്കുവെയ്ക്കുകയും ചുറ്റുമുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്ന അവരുടെ സ്വഭാവം ഏവരുടേയും ഹൃദയം കീഴടക്കുന്നതായിരുന്നു.

സംഗീതതോടുള്ള അർപ്പണ മനോഭാവവും വിട്ടുവീഴ്ചയില്ലാത്ത നിലപാടും ജാനകിയമ്മയെ തികച്ചും വ്യത്യസ്തയാക്കി. ഇതിനുദാഹരണമാണ് പതിറ്റാണ്ടുകളോളം സംഗീതലോകത്തെ വിസ്മയിപ്പിച്ച അവർ 2017 ഒക്ടോബര്‍ 28-നു പൊതുവേദിയിലെ ഗാനാലാപനത്തിനു സ്വമേധയാ വിരാമമിടാനെടുത്ത തീരുമാനം! തന്റെ സംഗീതം സമ്മാനിച്ച ഏറ്റവും മനോഹരമായ ഓര്‍മകളോടെയാണ് ആരാധകർ എന്നും തന്നെ ഓർക്കേണ്ടത് എന്ന ശക്തമായ ആഗ്രഹമാണ് ആ തീരുമാനത്തിനു പിന്നിൽ. സംഗീതവേദികളിൽ സജീവ സാന്നിധ്യമായി നിൽക്കുമ്പോൾ തന്നെ, ഇത്തരം ഒരു നിലപാട് എടുക്കുക എന്നത് അത്യപൂർവമായി മാത്രം കലാകാരന്മാർക്ക് ഇടയിൽ സംഭവിക്കുന്ന, സാധിക്കുന്ന ഒന്നാണ്.

ഒരു കലാകാരന്റെ യഥാർത്ഥ മഹത്വം എത്രകാലം വേദിയിൽ നിൽക്കുന്നു എന്നതിലല്ല, തന്റെ കലയെ എത്രമാത്രം ആദരവോടെ സംരക്ഷിക്കുന്നു എന്നതിലാണ്. അതുകൊണ്ടുതന്നെ, അവരുടെ വിരമിക്കൽപോലും സംഗീതലോക ചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനം നേടി.

കാലാതീതമായ ഒരു നാദവിസ്മയമാണ് എസ്. ജാനകി. സംഗീതം നിലനിൽക്കുന്നിടത്തോളം ആ നാമവും അവർ അനശ്വരമാക്കിയ ഗാനങ്ങളും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com