വികസനത്തിന്റെ മറവിലെ കായൽക്കൊള്ള; കേരള തീരത്തെ വിഴുങ്ങുന്ന ധാതുമണൽ മാഫിയ

Image of Mining
തോട്ടപ്പള്ളിയിലെ മണല്‍ഖനനംസമകാലിക മലയാളം വാരിക
Updated on

ദേശീയപാത 66-ന്റെ നിർമാണത്തിന് മണ്ണ് എടുക്കാനെന്ന പേരിൽ സംസ്ഥാനത്തെ വിവിധ കായലുകളും ജലാശയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്നത് വൻ അഴിമതിയും കൊള്ളയും. കേരളത്തിന്റെ തീരദേശത്തേയും കായൽ ആവാസവ്യവസ്ഥയേയും മുറിവേൽപ്പിച്ചുകൊണ്ട് ദേശീയപാത 66 വികസനത്തിന്റെ മറവിൽ സിലിക്കയുൾപ്പെടെ വൻതോതിലുള്ള ധാതുമണൽ കടത്താണ് നടക്കുന്നത്. സംസ്ഥാനത്തെ ജലാശയങ്ങളിൽനിന്ന് മണ്ണെടുക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ കരാർ കമ്പനികൾ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽനിന്ന് അനുമതി വാങ്ങിയിരുന്നു. ദേശീയപാതയുടെ ബേസ് ഒരുക്കുന്നതിന് സാധാരണ ചുവന്ന മണ്ണാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, ചുവന്ന മണ്ണ് ലഭിക്കുന്നില്ലെന്നും അതിന് വലിയ വിലയാണെന്നും പറഞ്ഞാണ് സർക്കാരിൽനിന്ന് അനുമതി നേടിയത്.

അഷ്ടമുടി, വേമ്പനാട് കായലുകളിൽനിന്നും ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണിൽ വലിയ തോതിൽ സിലിക്കയും മറ്റു ധാതുക്കളും അടങ്ങിയിട്ടുണ്ട്. വ്യവസായ ആവശ്യങ്ങൾക്കും മിനറൽ പ്രോജക്‌റ്റുകൾക്കും ഉപയോഗിക്കുന്ന ഈ വിലയേറിയ മണൽ, വെറും മണ്ണാണെന്ന വ്യാജേന കടത്തുന്നതിനു പിന്നിൽ വൻ അഴിമതിയാണ് നടക്കുന്നത്. വേമ്പനാട്, അഷ്ടമുടി കായലുകളിലെ എക്കലും ചെളിയും നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ അഞ്ചു കോടിയിലധികം രൂപയുടെ സിലിക്ക മണലാണ് കടത്തിയിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറിക്കും വിജിലൻസിനും ലഭിച്ച പരാതികൾ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥ-രാഷ്ട്രീയ-കരാർ മാഫിയകളുടെ അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

Image of Mining
തോട്ടപ്പള്ളിയിലെ ഖനനംസമകാലിക മലയാളം വാരിക

ദേശീയപാത നിർമാണത്തിന് ജലാശയങ്ങളിലെ മണ്ണെടുക്കാൻ സർക്കാർ നൽകിയ അനുമതി വലിയ അഴിമതിക്ക് കാരണമായിരിക്കുകയാണെന്ന് തോട്ടപ്പള്ളി കരിമണൽ ഖനനവിരുദ്ധ സമരസമിതി വൈസ് ചെയർമാൻ ഭദ്രൻ ഭാസ്‌കരൻ പറയുന്നു.

പാരിസ്ഥിതിക, സാമൂഹികാഘാത പഠനങ്ങൾ നടത്താതെ 2025 ഏപ്രിൽ 15-ന് അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിട്ട് അന്നത്തെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അംഗീകാരം നൽകിയ, ഏപ്രിൽ 16-ന്റെ മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള ഉത്തരവാണ് സംസ്ഥാനത്തെ കായലുകളെ കൊള്ളയടിക്കാൻ വഴിയൊരുക്കുന്നത്. വേമ്പനാട്, അഷ്ടമുടി കായലുകളിൽനിന്ന് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കടമ്പാട്ടുകോണം) ജില്ലകളിലെ ദേശീയപാത നിർമാണങ്ങൾക്കായി ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് ദേശീയപാത വികസനത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശം നിലനിൽക്കെയാണ് സിലിക്കയുടേയും മറ്റ് ധാതുമണലുകളുടേയും കടത്ത് നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.

ദേശീയപാത 66-ന്റെ നിർമാണത്തിൽ ബേസുകളുടെ വികസനം, ലെവലിംഗ്, ഫില്ലിങ് എന്നിവയ്ക്ക് ആവശ്യമായ ചുവന്ന മണ്ണിന്റെ കുറവുണ്ടെന്നും വില കൂടുതലാണെന്നും ഇതുമൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ദേശീയപാതയുടെ സമീപത്തുനിന്നുതന്നെ കരാറുകാർക്ക് മണ്ണ് കിട്ടുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) പലതവണ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയം പരിശോധിക്കുന്നതിനായി മന്ത്രിസഭായോഗം ചേരുന്നതിനു മുന്‍പ് തന്നെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം 2024 മാർച്ച് 23-ന് GO (RT) നമ്പർ 11/2024 പ്രകാരം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു കരാർ ഏജൻസിക്ക് അഷ്ടമുടി കായലിൽനിന്ന് മണ്ണ് ഡ്രെഡ്ജ് ചെയ്യുന്നതിന് അനുവാദം നൽകിയിരുന്നു. ഡ്രെഡ്ജ് ചെയ്തെടുക്കുന്നത് എക്കൽ മണ്ണാണെന്നും അത് മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തതിനാൽ അതിന് സാമ്പത്തിക മൂല്യമില്ലെന്നും പറഞ്ഞ് ഹൈവേ നിർമാണത്തിന് വില ഈടാക്കാതെ കരാർ കമ്പനിക്ക് നൽകുകയാണ് ഉണ്ടായത്.

സംസ്ഥാനത്തെ 11 സ്ഥലങ്ങളിൽനിന്ന് മണ്ണെടുക്കാൻ 2025 ഏപ്രിൽ 16-നാണ് സർക്കാർ ഉത്തരവിട്ടത്. കരാർ കമ്പനികൾക്ക് പുറത്തുനിന്ന് മണ്ണ് വാങ്ങുന്നതിനെക്കാൾ വലിയ തുക ഡ്രെഡ്ജിംഗിനും ഗതാഗതത്തിനുമായി ചെലവാകുന്നുണ്ടെന്ന് കാണിച്ചാണ് ഈ ‘സൗജന്യ’ അനുമതി നേടിയെടുത്തത്. റോയൽറ്റിയും സെയ്‌നറേജും (seigniorage) ജി.എസ്.ടിയും ഒഴിവാക്കി നൽകിയതിലൂടെ സർക്കാർ ഖജനാവിനു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയാണ് ഇതിലൂടെ നഷ്ടമായത്. ഇതിനു പുറമേ ഇറിഗേഷൻ വകുപ്പ് വിവിധ സ്ഥലങ്ങളിൽ ഡ്രെഡ്ജ് ചെയ്തു വച്ചിരുന്ന മണ്ണും കരാർ കമ്പനികൾക്ക് എടുക്കാൻ ഉത്തരവ് നല്‍കി.

Sand Mining
തോട്ടപ്പള്ളിയിലെ മണല്‍ഖനനംARUN ANGELA

“ഖനനം ചെയ്യുന്ന മണ്ണ് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജി.പി.എസ് ഒഴിവാക്കി എന്നതുകൂടി ചേർത്തുവായിക്കുമ്പോഴാണ് ഈ കൊള്ളയുടെ ആഴം വ്യക്തമാകുന്നത്. ജി.പി.എസ് ഉണ്ടെങ്കിൽ ലോഡുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തപ്പെടുമെന്നതിനാലാണ് ഉദ്യോഗസ്ഥർ ബോധപൂർവം ഈ നിബന്ധന ഒഴിവാക്കിയത്. എത്ര ലോഡ് മണ്ണ് പുറത്തേക്ക് കടത്തുന്നു എന്നതിന് യാതൊരു കണക്കുമില്ല. ഡ്രെഡ്ജ് ചെയ്യുന്നിടത്തും ഉപയോഗിക്കുന്നിടത്തും ജില്ലാ ജിയോളജിസ്റ്റ്, റവന്യൂ, ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഖനന സ്ഥലങ്ങളിൽ ഇവരുടെ സാന്നിധ്യം ഉണ്ടാകാറില്ല” ഭദ്രൻ വ്യക്തമാക്കുന്നു.

അഷ്ടമുടിയിൽനിന്ന് മണ്ണെടുക്കാൻ ക്യുബിക് മീറ്ററിന് 692.22 രൂപ ചെലവ് വരുമ്പോൾ പുറത്തുനിന്ന് മണ്ണ് വാങ്ങാൻ 508 രൂപ മതിയാകും. എന്നിട്ടും 184 രൂപയോളം നഷ്ടം സഹിച്ച് കരാറുകാർ ഡ്രെഡ്ജിംഗ് തിരഞ്ഞെടുക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന സിലിക്കയുടേയും മറ്റ് ധാതുക്കളുടേയും മൂല്യം ലക്ഷ്യമിട്ടാണ്. ചുവന്ന മണ്ണിന്റെ ലഭ്യതക്കുറവ് എന്ന വ്യാജേന കേരളത്തിലെ അതീവ പരിസ്ഥിതിലോലമായ കായലുകളേയും നദികളേയും ഖനന മാഫിയയ്ക്ക് തുറന്നുകൊടുത്ത നടപടി, വരാനിരിക്കുന്ന വലിയൊരു പാരിസ്ഥിതിക ദുരന്തത്തിന്റെ മുന്നോടിയാണെന്ന് പരിസ്ഥിതിവാദികൾ ആരോപിക്കുന്നു.

“പാറമടകൾ തുരന്ന് ചുവന്ന മണ്ണ് എടുക്കാൻ ആരും സമ്മതിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടായിരുന്നു സർക്കാർ കായലിൽനിന്നും മണൽ ഖനനം ചെയ്യാൻ അനുമതി നൽകിയത്. എന്നാൽ, കായലിൽനിന്ന് ഡ്രെഡ്ജിംഗ് തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ, മത്സ്യസമ്പത്ത് കുറയുന്നതായി ആരോപണം ഉന്നയിച്ചതോടെ താല്‍ക്കാലികമായി കായലുകൾ കേന്ദ്രീകരിച്ചുള്ള മണൽ ഖനനം നിർത്തിവച്ചിരിക്കുകയാണ്. എന്നിരുന്നാലും സർക്കാരിന്റെ അനുമതി നിലനിൽക്കുന്നുണ്ട്” നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ പറയുന്നു.

ഡ്രെഡ്ജിംഗ് ചെലവും സാമ്പത്തിക നഷ്ടവും

അഷ്ടമുടി കായലിൽനിന്ന് മണ്ണെടുക്കാൻ ക്യുബിക് മീറ്ററിന് 692.22 രൂപ ചെലവ് വരുമെന്നിരിക്കെ, പുറത്തുനിന്ന് 508.00 രൂപയ്ക്ക് മണ്ണ് ലഭ്യമാണ്. എങ്കിലും, പുറത്തുനിന്ന് മണ്ണെടുക്കുമ്പോൾ ഉണ്ടാകുന്ന ജനകീയ പ്രതിഷേധം ഒഴിവാക്കാനാണെന്ന് പറഞ്ഞാണ് ‘വലിയ സാമ്പത്തിക ബാധ്യത’ ഏറ്റെടുത്തും ഡ്രെഡ്ജിംഗ് രീതി തന്നെ തുടരാനായിരുന്നു കരാറുകാരുടെ തീരുമാനം. തോട്ടപ്പള്ളി, കായംകുളം, അഷ്ടമുടി, വേമ്പനാട് കായൽ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഉയർന്ന ചെലവ് സഹിച്ച് ഡ്രെഡ്ജിംഗ് നടത്തുന്നുവെന്നാണ് കരാർ കമ്പനികൾ അവകാശപ്പെടുന്നത്. എന്നാൽ ചേറ്റുവ, കോട്ടപ്പുറം മേഖലകളിൽ ഡ്രെഡ്ജിംഗ് ലാഭകരമായതിനാൽ അധികത്തുക സർക്കാരിലേക്ക് അടയ്ക്കുമെന്നാണ് പറയുന്നത്.

പല കരാറുകളിലും കാണിച്ചിരിക്കുന്ന ഡ്രെഡ്ജിംഗ്-ഗതാഗത ചെലവുകൾ യഥാർത്ഥ നിരക്കിനെക്കാൾ കൂടുതലാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രെഡ്ജ് ചെയ്ത വസ്തുക്കൾ ഉപയോഗിക്കുമ്പോൾ NHAI ക്യുബിക് മീറ്ററിന് 243 രൂപ വീതം മെറ്റീരിയൽ മൂല്യമായി നിശ്ചയിച്ചിട്ടുണ്ട്. 10 കിലോമീറ്റർ വരെയുള്ള ഗതാഗതച്ചെലവ് കരാറുകാർ വഹിക്കണമെന്നും വ്യവസ്ഥയുണ്ട്. അതിനു മുകളിലുള്ള ഓരോ കിലോമീറ്ററിനും 8 രൂപ വീതം അധികം കരാർ കമ്പനികൾക്കു നൽകേണ്ടതുണ്ട്.

ചോമ്പാല, ചേറ്റുവ, കോട്ടപ്പുറം, തോട്ടപ്പള്ളി, കായംകുളം, അഷ്ടമുടി തുടങ്ങിയ പ്രദേശങ്ങളിലെ മണലെടുപ്പുമായി ബന്ധപ്പെട്ട ഫയലുകളിൽ, ഖജനാവിനുള്ള വരുമാനം ഒഴിവാക്കുന്ന കാര്യത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടാൻ നിർദേശം നൽകിയിരുന്നു. പ്രധാനമായും രണ്ട് കാര്യങ്ങൾ പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മണ്ണെടുക്കുമ്പോൾ ഖജനാവിനുണ്ടാകുന്ന വരുമാനനഷ്ടം കണക്കിലെടുക്കുന്നതോടൊപ്പം തന്നെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും വേണം. കൂടാതെ, കുന്നുകൾ ഇടിച്ചുനിരത്തുന്ന സാഹചര്യം ഒഴിവാക്കി ജലാശയങ്ങൾ ആഴം കൂട്ടുന്നതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതവും നഷ്ടവും കൃത്യമായി വിലയിരുത്തണമെന്നുമായിരുന്നു നിർദേശം.

ഇതുപ്രകാരം, കോഴിക്കോട് അഴിയൂർ-വെങ്ങളം ആറുവരിപ്പാത നിർമാണത്തിനായി ചോമ്പാലയിൽനിന്ന് രണ്ട് ലക്ഷം ക്യുബിക് മീറ്റർ മണ്ണെടുക്കാൻ അഴിയൂർ-ചെങ്ങളം റോഡ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകി. കൊച്ചി മേഖലയിൽ കാപ്പിരിക്കടവ്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂർ എന്നീ ആറുവരിപ്പാതകളുടെ നിർമാണത്തിനായി ചേറ്റുവ, കോട്ടപ്പുറം നദികളിൽ നിന്നായി ആകെ 7,80,000 ക്യുബിക് മീറ്റർ മണ്ണെടുക്കാൻ കാപ്പിരിക്കാട് ഹൈവേ പ്രൈവറ്റ് ലിമിറ്റഡിനും അനുവാദം നൽകി. തുറവൂർ-പറവൂർ പാതയ്ക്കായി വേമ്പനാട് കായലിൽനിന്ന് 5.5 ലക്ഷം ക്യുബിക് മീറ്ററും അന്ധകാരനഴി പൊഴിയിൽനിന്ന് 3.5 ലക്ഷം ക്യുബിക് മീറ്ററും മണ്ണെടുക്കാൻ M/s KCC Buildon എന്ന കമ്പനിക്ക് അനുവാദം നല്‍കി.

പറവൂർ-കൊറ്റുകുളങ്ങര പാതയ്ക്കായി പമ്പാനദിയിലെ തോട്ടപ്പള്ളി-വീയപുരം ഭാഗം, കായംകുളം കടൽമുഖം, വലിയഴീക്കൽ-പതിയാങ്കര (കായംകുളം കായൽ) എന്നിവിടങ്ങളിൽ നിന്നായി രണ്ട് ലക്ഷം ക്യുബിക് മീറ്റർ മണ്ണെടുക്കാൻ M/s SEW Infrastructure Ltd-നും അനുമതി ലഭിച്ചു. കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപ്പാസ് വരെയുള്ള നിർമാണത്തിനായി കല്ലട ഇറിഗേഷൻ കനാലുകളിൽനിന്ന് രണ്ട് ലക്ഷം ക്യുബിക് മീറ്റർ മണ്ണെടുക്കാൻ വിശ്വസമുദ്ര ഓച്ചിറ എക്‌സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിനും അനുമതി നൽകി. തിരുവനന്തപുരം മേഖലയിൽ കൊല്ലം ബൈപ്പാസ് മുതൽ കടമ്പാട്ടുകോണം വരെയുള്ള പണികൾക്കായി അഷ്ടമുടി കായലിൽനിന്ന് 3.5 ലക്ഷം ക്യുബിക് മീറ്ററും താന്നിപ്പൊഴിക്കര-പറവൂർ കായലുകളിൽനിന്ന് രണ്ട് ലക്ഷം ക്യുബിക് മീറ്ററും വർക്കല ടി.എസ്. കനാലിൽനിന്ന് 2,86,148 ക്യുബിക് മീറ്ററും മണ്ണെടുക്കാൻ കൊല്ലം ഹൈവേ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകി. കൂടാതെ എറണാകുളം, വടുതല ബണ്ട് നിർമാണത്തിനായും മണ്ണെടുക്കാൻ തീരുമാനമായിട്ടുണ്ട്. മണ്ണിൽ വിലപിടിപ്പുള്ള ധാതുക്കളില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പറഞ്ഞാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തതെങ്കിലും അതീവ പരിസ്ഥിതി ലോലമായ കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഇത്രയും വലിയ തോതിലുള്ള മണ്ണെടുപ്പ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. കേരള റോഡ് സേഫ്‌റ്റി അതോറിറ്റി മെമ്പർ ഉപേന്ദ്ര നാരായണന്റെ ശക്തമായ എതിർപ്പിനെ മറികടന്നാണ് റോഡ് നിർമാണത്തിന് കായലുകളിലെ മണ്ണ് ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ മണൽ റോഡിന്റെ ഘടനാപരമായ തകർച്ചയ്ക്ക് (structural instability) കാരണമാകും.

അഷ്ടമുടി, കായംകുളം കായലുകളിലെ ലവണാംശം 17ppt-ൽ കൂടുതലാണ്. ലവണാംശം കൂടുതൽ ഉള്ളതിനാൽ റോഡുകൾക്ക് ഭാരം താങ്ങാനുള്ള ശേഷി കുറവായിരിക്കും. വാഹനത്തിരക്ക് വർദ്ധിക്കുന്നതോടെ ലവണാംശം കൂടിയ മണ്ണ് ഉപയോഗിച്ചുള്ള റോഡുകൾ ഇടിയാൻ സാധ്യതയുണ്ട്. വേമ്പനാട് കായലിൽ നടത്തുന്ന ആഴത്തിലുള്ള ഖനനം കായലിന്റെ ലവണാംശം വർദ്ധിപ്പിക്കുന്നതോടൊപ്പം ആവാസവ്യവസ്ഥയെ തകർക്കുകയും തീരപ്രദേശങ്ങളിലെ നെൽക്കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ശക്തമായ കടലാക്രമണവും തീരശോഷണവും നേരിടുന്ന മുതലപ്പൊഴിയിൽനിന്നും മണലെടുക്കുന്നതിനായി 2026 ജനുവരി 26-ന് സർക്കാർ പ്രത്യേക ഉത്തരവിറക്കി. എന്നാൽ, മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ മണലിന് നിശ്ചിത വില ഈടാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

മിനറൽ കോറിഡോറും നിഗൂഢ താല്പര്യങ്ങളും

അപൂർവ ധാതുക്കളുടെ ഖനനവും സംസ്‌കരണവും ഉല്പാദനവും ഉപയോഗവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച, കേരള സർക്കാർ സ്വീകരിച്ച ‘മിനറൽ കോറിഡോർ’ പദ്ധതിയുമായി ഇതിനെ ചേർത്തു വായിക്കേണ്ടതുണ്ട്. ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് എന്നിവയ്‌ക്കൊപ്പം കേരളത്തേയും (വിഴിഞ്ഞം മുതൽ കൊച്ചി വരെ) ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ 42,000 കോടി രൂപയുടെ നിക്ഷേപവും 100 കോടി രൂപയുടെ ‘ക്രിട്ടിക്കൽ മിനറൽ മിഷനും’ പ്രഖ്യാപിക്കപ്പെട്ടത് കൊല്ലത്തെ ചവറ കേന്ദ്രമാക്കിയാണ്. ദേശീയപാത നിർമാണത്തെ മറയാക്കി സംസ്ഥാനത്തെ കായലുകളിലെ തിരക്കിട്ട ഡ്രെഡ്ജിംഗിനു പിന്നിൽ ദേശീയപാത നിർമാണത്തെക്കാൾ ഉപരിയായി, ഇത്തരം മിനറൽ പദ്ധതികൾക്കുവേണ്ടിയുള്ള വിലയേറിയ ധാതുക്കളുടേയും സിലിക്കമണലിന്റേയും സാന്നിദ്ധ്യം വിലയിരുത്തി ശേഖരിക്കുക എന്ന രഹസ്യ അജണ്ടയുണ്ടോ എന്ന് തീരദേശവാസികൾ സംശയം ഉന്നയിക്കുന്നു.

തകരുന്ന തീരവും ജനതയും

വേമ്പനാട് കായലിനും കടലിനും ഇടയിലുള്ള ഇടുങ്ങിയ ഭൂഭാഗത്തെ ഡ്രെഡ്ജിംഗ് ജനങ്ങളുടെ ജീവനും സ്വത്തിനും തൊഴിലിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സ്വാഭാവിക ജീവിതസാഹചര്യങ്ങൾ തകർത്ത് തീരദേശവാസികളെ കുടിയിറക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. ഭാവിയിൽ വരാനിരിക്കുന്ന ‘ഡെഡിക്കേറ്റഡ് റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ’ എന്ന പദ്ധതിക്കായി തീരമേഖലയെ ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികളെന്ന് ജനങ്ങൾ ആരോപിക്കുന്നു.

കായംകുളം വലിയഴീക്കൽ - പതിയാങ്കര മേഖലയിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ മണ്ണ് നീക്കം ചെയ്യണമെന്ന നിബന്ധന കരാറുകാർ കാറ്റിൽ പറത്തിയാണ് നിലവിൽ ഡ്രെഡ്ജിംഗ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരുമീറ്റർ ആഴത്തിൽ അനുമതിയുള്ളിടത്ത് 12 മീറ്റർ വരെ താഴ്‌ത്തിയാണ് മണൽ ഊറ്റുന്നത്. ഇത് കരഭൂമി ഇടിഞ്ഞ് താഴ്‌ന്ന് വീടുകൾക്കും മറ്റു നിർമിതികൾക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

സർക്കാർ പ്രഖ്യാപിക്കുന്ന ട്രോളിംഗ് നിരോധനം അംഗീകരിച്ച് മത്സ്യസമ്പത്ത് സംരക്ഷിക്കാൻ തീരവാസികൾ ശ്രമിക്കുമ്പോൾ മറുവശത്ത് കായൽജീവികളുടെ പ്രജനന കേന്ദ്രങ്ങൾ മണ്ണെടുപ്പിലൂടെ നശിപ്പിച്ച് അധികൃതർ ആവാസവ്യവസ്ഥയ്ക്കും കോട്ടം വരുത്തുന്നു. അപൂർവമായ കക്കകളും ഞണ്ടുകളും കൊഞ്ചുകളും മത്സ്യങ്ങളും ഇതിലൂടെ വംശനാശം നേരിടും. മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്നതോടൊപ്പം കായലിന്റെ ആഴം അശാസ്ത്രീയമായി കൂട്ടുന്നത് മൂലം കിണറുകളിലും ഭൂഗർഭ ജലസ്രോതസ്സുകളിലും ഉപ്പുവെള്ളം കലരുകയും ശുദ്ധജല ലഭ്യത ഇല്ലാതാകുകയും ചെയ്യും.

“സർക്കാർ ഒരു മീറ്റർ ഖനനം നടത്താനാണ് അനുമതി നൽകിയിരിക്കുന്നതെങ്കിലും കൃത്യം ഒരു മീറ്ററിൽ മാത്രം ഒതുങ്ങുന്നതല്ല ഡ്രെഡ്ജിംഗ്. എന്നാൽ, 12 മീറ്റർ വരെ മണൽഖനനം നടത്തുവെന്ന മത്സ്യത്തൊഴിലാളികളുടെ ആരോപണത്തെക്കുറിച്ച് വ്യക്തതയില്ലെന്നും” നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശീയപാത വികസനം ഒരു നാടിന്റെ ശാപമായി മാറുന്ന കാഴ്ചയാണ് തീരമേഖലകളിൽ ഇന്ന് കാണുന്നത്. റോയൽറ്റി/സെയ്‌നെറേജ് ഇളവും ജി.പി.എസ് ഒഴിവാക്കലും വഴി സർക്കാർ ഖനന മാഫിയയ്ക്ക് ചുവന്ന പരവതാനി വിരിക്കുകയാണ്. സ്വന്തം പുരയിടവും തൊഴിലും സംരക്ഷിക്കാനായി മണിവേലിക്കടവിൽ ജനങ്ങൾ ആരംഭിച്ച സമരം വികസനത്തിന്റെ പേരിൽ നടത്തുന്ന ഈ കൊള്ളയ്ക്കുള്ള ശക്തമായ താക്കീതാണ്.

അശാസ്ത്രീയമായ ഡ്രെഡ്ജിംഗ് അടിയന്തരമായി നിർത്തിവെക്കണമെന്നും തീരസംരക്ഷണ ഭിത്തി നിർമിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം. അധികൃതർ ഇനിയും മൗനം പാലിച്ചാൽ വലിയൊരു പരിസ്ഥിതി ദുരന്തത്തിനാകും സാക്ഷ്യം വഹിക്കേണ്ടി വരിക എന്ന പേടിയാണ് ഈ ആവശ്യത്തിലേക്ക് എത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com