Image of guru and kumaranashan
ശ്രീനാരായണഗുരുവും കുമാരനാശാനും സമകാലിക മലയാളം വാരിക

ദുരവസ്ഥയും കുമാരനാശാന്റെ മരണത്തിലെ ‘ദുരൂഹതയും’!

Published on

1924 ജനുവരി 16-ന് അർദ്ധരാത്രിക്കു ശേഷം (17-ന് പ്രഭാതത്തിൽ 5 മണിക്ക്) പല്ലനയാറ്റിൽ നടന്ന മഹാകവി കുമാരനാശാന്റെ മരണത്തിന് കാരണമായ ബോട്ടപകടം ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതാണെന്നും അതിനു പിന്നിൽ ഇസ്‌ലാം മത തീവ്രവാദികളാണെന്നുമുള്ള ഒരു നുണ പ്രചാരണം കാലങ്ങളായി നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഏറെയും. മലബാർ കലാപത്തിനു വഴിവച്ച ദേശീയ പ്രസ്ഥാനത്തേയും ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരായ മലബാറിലെ കർഷക ജനതയുടെ പ്രതിഷേധാഗ്നിയെ ജ്വലിപ്പിച്ച രാഷ്ട്രീയ സാഹചര്യത്തേയും ആ സമരത്തിന്റെ സാമ്രാജ്യത്വവിരുദ്ധ സ്വഭാവത്തേയും പൂർണമായി മറച്ചുവച്ചുകൊണ്ട്, അത് ഹിന്ദുക്കൾക്ക് എതിരെ മുസ്‌ലിങ്ങൾ മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വർഗീയ കലാപം ആണെന്ന തികച്ചും ചരിത്രവിരുദ്ധമായ ഒരു ആഖ്യാനം കാലങ്ങളായി ചില സംഘടിത കേന്ദ്രങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. അതിനോട് ചേർത്തുവച്ചുകൊണ്ടാണ് സത്യവുമായി വിദൂരബന്ധം പോലുമില്ലാത്ത ഈ അസംബന്ധം പ്രചരിപ്പിക്കുന്നത്.

ശ്രീനാരായണഗുരു ആവശ്യപ്പെട്ടിട്ടാണ് ‘ദുരവസ്ഥ’ എന്ന കാവ്യം രചിക്കപ്പെട്ടത് എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ നുണ! 1921-ൽ മലബാർ കലാപത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഹിന്ദുക്കൾ മാപ്പിളമാരാൽ കൊല ചെയ്യപ്പെട്ടു എന്നും അതിൽ ശ്രീനാരായണഗുരു അതീവ ദുഃഖിതനായിരുന്നു എന്നും അതിനാൽ ഈ വിഷയം ജനങ്ങളെ അറിയിക്കാൻ വേണ്ടി ഒരു കവിത രചിക്കണം എന്ന് ഗുരു മഹാകവി കുമാരനാശാനോട് ആവശ്യപ്പെട്ടു എന്നുമാണ് ഇക്കൂട്ടരുടെ അത്ഭുതകരമായ ഭാവനാശേഷി കണ്ടെത്തിയിരിക്കുന്നത്! യാഥാർത്ഥ്യവുമായി വിദൂരമായ ബന്ധം പോലുമില്ലാത്ത ഒരു കെട്ടുകഥയാണിത് എന്ന് മിനിമം ചരിത്രബോധമുള്ള എല്ലാർവക്കും അറിയാം. ഗുരുവും കുമാരനാശാനും അടക്കമുള്ളവർ ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാട് മുസ്‌ലിംവിരുദ്ധമായിരുന്നു എന്ന് തോന്നത്തക്ക വിധമാണ് ഈ പ്രചാരണങ്ങളുടെ ഉള്ളടക്കം. വിശേഷിച്ച്, മതത്തെ സംബന്ധിച്ച ഗുരുവിന്റെ പ്രഖ്യാപിത നിലപാടിൽനിന്ന് വ്യത്യസ്തമായ ഒരു സങ്കുചിത പക്ഷപാതിത്വം ഗുരുവിന് ഉണ്ടായിരുന്നു എന്ന സൂചന കൂടി ഇതോടൊപ്പം പ്രചരിപ്പിക്കപ്പെടുന്നു.

ദുരവസ്ഥ എന്ന കവിതയിൽ ആശാൻ ഇസ്‌ലാം മതത്തെ സംബന്ധിച്ച് നടത്തിയിട്ടുള്ള പരാമർശങ്ങളെച്ചൊല്ലി അക്കാലത്ത് അദ്ദേഹം പ്രതിനിധാനം ചെയ്ത ശ്രീനാരായണ പ്രസ്ഥാനത്തിന് ഉള്ളിൽനിന്നുതന്നെ ശക്തമായ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. ഈ വിഷയത്തിൽ അക്കാലത്തെ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതാക്കളുടെ നിലപാട് പൊതുവിൽ എന്തായിരുന്നു എന്നതും പരിശോധിക്കേണ്ടതുണ്ട്. കാരണം, കേരളത്തെ പിടിച്ചുലച്ചതും ദേശീയപ്രാധാന്യം ഉണ്ടായിരുന്നതുമായ ആ സംഭവവികാസങ്ങളെ സംബന്ധിച്ച് സ്വതന്ത്രമായ നിലപാട് പറയാൻ തക്കവിധം രാഷ്ട്രീയ പ്രബുദ്ധത നേടിയവരും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരും ആയിരുന്നു എൻ. കുമാരൻ, സി.വി. കുഞ്ഞിരാമൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, എം. ഗോവിന്ദൻ തുടങ്ങിയ അന്നത്തെ യോഗം നേതാക്കൾ എല്ലാവരും തന്നെ.

ആ കവിതയിൽ പല സന്ദർഭങ്ങളിലായി മലബാറിൽ അക്രമങ്ങൾ നടത്തിയവരുടെ മതമെന്ന നിലയിൽ ഇസ്‌ലാം മതത്തിന് അപകീർത്തികരമായ കടുത്ത വാക്പ്രയോഗങ്ങൾ ആശാൻ നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ഈ വിഷയത്തിൽ ആശാന്റെ നിലപാട് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെ മുസ്‌ലിം വിരുദ്ധം ആയിരുന്നോ? അഥവാ ഏതെങ്കിലും അളവിൽ അങ്ങനെയാണെങ്കിൽ പോലും ഒരു ചരിത്രസംഭവത്തിലെ വസ്തുതകൾ കണ്ടെത്താൻ ഒരു കവിതയിലെ പരാമർശത്തെ ആധാരമാക്കുന്നത് ഉചിതമാണോ? അത് ചരിത്രപഠനത്തിന്റെ രീതി ശാസ്ത്രത്തിന് നിരക്കുന്നതാണോ? ആ വിഷയത്തിൽ ആശാന്റെ കൃത്യമായ നിലപാട് എന്തായിരുന്നു? കവിതയ്ക്കു പുറത്ത് കവി ആ വിഷയത്തിൽ എന്താണ് പറഞ്ഞിട്ടുള്ളത്? നൂറു വർഷങ്ങൾക്കു ശേഷം കവി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത തരം ഭ്രാതൃഹത്യാപരമായ രാഷ്ട്രീയ താല്പര്യങ്ങളോടെ വർഗീയ വിദ്വേഷം വളർത്താൻ അത് ഉപയോഗിക്കുന്നതിന്റെ ധാർമികയുക്തി എന്താണ്? നൂറു വർഷങ്ങൾക്കു ശേഷം പുതിയ സാഹചര്യത്തിൽ, കവിതയ്ക്ക് അകത്തും പുറത്തും നിന്നുകൊണ്ട് ആശാന് ഇസ്‌ലാം മതത്തോട് ഉണ്ടായിരുന്ന യഥാർത്ഥ സമീപനം എന്തായിരുന്നു എന്ന് പരിശോധിക്കപ്പെടണം. ആശാന്റെ മരണത്തെ മുൻനിർത്തി അന്ന് ആരും സങ്കല്പിച്ചിട്ടു പോലുമില്ലാത്ത കാര്യങ്ങൾ ഇന്ന് പ്രചരിപ്പിക്കപ്പെടുമ്പോൾ അതിന്റെ വിശദാംശങ്ങൾ, ആ മരണത്തിന് കാരണമായ അപകടം, ആ വിഷയത്തിൽ അന്ന് നടന്ന അന്വേഷണങ്ങൾ, അതിന്റെ പൊലീസ് റിപ്പോർട്ടുകൾ ഇവയൊക്കെ പരിശോധിക്കേണ്ടതുണ്ട്. നൂറു വർഷങ്ങൾക്കിപ്പുറം മാറിയ രാഷ്ട്രീയ ഭൂമികയിൽ ഈ വിഷയത്തിന് അന്നത്തേതിനെക്കാൾ ഏറെ പ്രാധാന്യമുണ്ട്.

ദുരവസ്ഥ വിമർശിക്കുന്നത് ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ

ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരായ സമരകാഹളമാണ് ‘ദുരവസ്ഥ’യിലൂടെ ആശാൻ സൃഷ്ടിച്ചത്. ജാതിശ്രേണിയിലെ മുകൾതട്ടിൽ നിൽക്കുന്ന നമ്പൂതിരി യുവതിയും താഴെ തട്ടിലെ പുലയ യുവാവും തമ്മിലുള്ള പ്രണയവും വിവാഹവും അതിന്റെ ന്യായങ്ങളുമാണ് ദുരവസ്ഥയുടെ ഉള്ളടക്കം. മലബാർ കലാപത്തിൽ മാപ്പിളമാരുടെ ആക്രമണത്തിന് ഇരയായ ഒരു നമ്പൂതിരി ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്ന സാവിത്രി അന്തർജനം എന്ന യുവതി പ്രാണരക്ഷാർത്ഥം പലായനം ചെയ്ത് അകലെയുള്ള ഒരു പുലയക്കുടിലിൽ അഭയം തേടുന്നു. അവിടെയുള്ള ചാത്തൻ എന്ന പുലയ യുവാവ് അവളെ ഉചിതമായി സംരക്ഷിക്കുന്നു. ആ സവിശേഷ സാഹചര്യത്തിൽ പരസ്പരം ഇടപഴകാൻ കഴിഞ്ഞതുവഴി അവർക്കിടയിൽ ഉണ്ടാകുന്ന ബന്ധം പ്രണയമായി വളരുന്നതും അവരുടെ കുടുംബജീവിതത്തിൽ കലാശിക്കുന്നതുമാണ് ഈ കവിതയുടെ ഇതിവൃത്തം. കൊടിയ വിവേചനങ്ങളോടുകൂടിയ ജാത്യാചാരങ്ങൾ നിലനിന്നിരുന്ന കേരളത്തിന്റെ അന്നത്തെ സാമൂഹ്യസ്ഥിതിയിൽ സാധാരണ ഗതിയിൽ അസംഭാവ്യമായ ഒരു കാര്യമാണ് ആശാൻ ആ കവിതയിൽ അവതരിപ്പിച്ച നമ്പൂതിരി - പുലയ വിവാഹം. ഒരു പുലയ യുവാവും നമ്പൂതിരി യുവതിയും പരസ്പരം ഇടപഴകാനും സഹവസിക്കാനുമുള്ള സ്വാഭാവികമായ സാഹചര്യം അന്ന് കേരളത്തിൽ തീരെ ഇല്ല. 1922-ലാണ് ദുരവസ്ഥ രചിക്കപ്പെടുന്നത്.

1917-ൽ ചെറായിയിൽ 10 ഈഴവ യുവാക്കൾ പുലയ സമുദായത്തിലുള്ള ഒരു ചെറുപ്പക്കാരനോടൊപ്പം ഒരു ഇലയിൽനിന്ന് അല്പം ഭക്ഷണം പങ്കുവെച്ച് കഴിച്ചതിനെത്തുടർന്ന് ഉണ്ടായ കോലാഹലങ്ങൾ നിസ്സാരമായിരുന്നില്ല! സ്വന്തം സമുദായത്തിൽനിന്നും പത്തു വർഷക്കാലത്തോളം ക്രൂരമായ ഭ്രഷ്ടിനെ ആ യുവാക്കളും അവരുടെ കുടുംബാംഗങ്ങളും നേരിടേണ്ടി വന്നു. ജാതിശ്രേണിയിലെ അടുത്തടുത്തുള്ള രണ്ട് സമുദായങ്ങളിൽ പെട്ടവർ ഒരുമിച്ച് ഭക്ഷണം കഴിച്ചത് അത്രയും വലിയ സംഭവമായ കേരളത്തിൽ നമ്പൂതിരി - പുലയ വിവാഹം എത്രമാത്രം അസാധാരണമാണ് എന്ന് ഊഹിക്കുക! ഇല്ലങ്ങളിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ സ്വാതന്ത്ര്യം ഇല്ലാത്ത, അത്യപൂർവമായി പുറത്തേക്ക് ഇറങ്ങേണ്ടിവരുമ്പോൾ, മറക്കുടയും ദാസിയും കൂടെ ഉണ്ടെങ്കിൽ മാത്രം ഇറങ്ങാൻ കഴിയുന്ന അത്രയും പാരതന്ത്ര്യത്തിൽ ജീവിച്ചിരുന്ന അന്തർജനത്തിന് എങ്ങനെയാണ് പുറംലോകത്തെ ഒരു പുരുഷനുമായി, അതും ഒരു ‘താണ ജാതി’യിൽപ്പെട്ട പുരുഷനുമായി പരിചയപ്പെടാൻ പോലും അവസരം ലഭിക്കുക. അങ്ങനെയുള്ള ഒരുവൾ ഒരു സാധാരണ സാഹചര്യത്തിൽ എങ്ങനെയാണ് ഒരു പുലയ യുവാവിനെ വിവാഹം ചെയ്യാൻ തീരുമാനിക്കുക. അത്രമേൽ അസാധാരണമായ ഒരു കഥാസന്ദർഭം വായനക്കാർക്ക് യാതൊരു അസ്വാഭാവികതയും ഇല്ലാതെ ബോധ്യമാകത്തക്കവിധം സൃഷ്ടിച്ചെടുക്കാൻ ആശാൻ കണ്ടെത്തിയ പശ്ചാത്തലമാണ് മലബാർ കലാപ സന്ദർഭം. ഒരു നമ്പൂതിരി യുവതിയും പുലയ യുവാവും തമ്മിലുള്ള വിവാഹം വിഭാവനം ചെയ്യുന്ന ആശാന് അവരെ ഒരുമിപ്പിക്കാൻ അതിലേറെ പറ്റിയ മറ്റൊരു കഥാസന്ദർഭം ഒരുക്കിയെടുക്കാൻ കഴിയുമായിരുന്നില്ല. അത്തരം ഒരു വിവാഹത്തിന് പ്രതിബന്ധമായി നിലനിന്നിരുന്ന മനുഷ്യത്വരഹിതമായ ആചാരങ്ങളും അതിനെതിരായ ചോദ്യങ്ങളും വിമർശനങ്ങളുമാണ് ആ കവിതയുടെ കേന്ദ്രപ്രമേയം. ആ കവിത വായിച്ചവരും കേട്ടവരുമെല്ലാം ജാതിവ്യവസ്ഥയ്ക്കും ഹിന്ദുമതത്തിലെ ബ്രാഹ്മണ മേധാവിത്തപരമായ ദുരാചാരങ്ങൾക്കും എതിരായാണ് ചിന്തിച്ചതും പ്രവർത്തിച്ചതും എന്നതിന് കാലം സാക്ഷിയാണ്.

‘മുമ്പോട്ട് കാലം കടന്നുപോയീടാതെ

മുമ്പേ സ്‌മൃതികളാൽ കോട്ട കെട്ടി

വമ്പാ’ർന്നനാചാര മണ്ഡല ച്ഛത്രരായ് നമ്പൂരാർ

വാണരുളുന്ന നാട്ടിൽ’

വേദങ്ങളുടേയും ധർമശാസ്ത്രങ്ങളുടേയും കോട്ട കെട്ടി സമൂഹത്തെ പുരോഗമിക്കാൻ അനുവദിക്കാതെ അനാചാരമണ്ഡലങ്ങളുടെ കുടചൂടി നമ്പൂതിരിമാർ ഭരിക്കുന്ന നാട്ടിൽ എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന കവിത അവസാനിപ്പിക്കുന്നത് ജാത്യാചാരങ്ങളെ ഉപേക്ഷിച്ച് മുന്നോട്ടു നീങ്ങാൻ വൈദിക മതാചാര്യന്മാരോട് ആഹ്വാനം ചെയ്തുകൊണ്ടാണ്.

നോക്കുക,

‘പൂജ്യരാം വൈദികന്മാരേ തുനിഞ്ഞിവൻ

യോജ്യമല്ലെങ്കിലുമൊന്നോതുന്നേൻ;

രാജ്യത്തെയോർത്തും മതത്തെയോർത്തും പിന്നെ

പ്രാജ്യരാം നിങ്ങളെത്തന്നെയോർത്തും!

കാലം വൈകിപ്പോയി കേവലമാചാര-

നൂലുകളെല്ലാം പഴകിപ്പോയി,

കെട്ടി നിറുത്താൻ കഴിയാതെ ദുർബല-

പ്പെട്ട ചരടിൽ ജനത നിൽക്കാ.

മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ

മാറ്റുമതുകളീ നിങ്ങളെത്താൻ.’

ഹിന്ദുമതത്തിലെ അനാചാരങ്ങളെ അതിരൂക്ഷമായി ആശാൻ വിമർശിക്കുന്നതു നോക്കുക:

‘അന്തണനെച്ചമച്ചുള്ളോരു കയ്യല്ലോ

ഹന്ത നിർമിച്ചു ചെറുമനെയും.

ബാഹു വീര്യങ്ങളും ബുദ്ധി പ്രഭകളും

സ്‌നേഹമൊലിക്കുമുറവകളും

ആ ഹന്തയെത്ര വിഫലമാക്കിത്തീർത്തു

നീ ഹിന്ദു ധർമമേ, ‘ജാതി’മൂലം!

എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ-

രെത്രയോ തുഞ്ചൻമാർ കുഞ്ചൻമാരും

ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയ്

കേരള മാതാവേ, നിൻ വയറ്റിൽ.

.................................

തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ

ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തൊരിങ്ങനെ-

യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!

ഭേദങ്ങളറ്റ പൊരുളിനെക്കാഹള- മുതിവാഴ്‌ത്തിടുന്നു വേദം നാലും,

വൈദിക മാനികൾ മർത്ത്യരിൽ ഭേദവും

വേദത്തിൽ ഭേദവും ജ്വല്പിക്കുന്നു!

എന്തൊരു വൈകൃതം ബ്രഹ്മ വിദ്യേ, നിന്നി-

ലെന്താണിക്കാണുന്ന വൈപരീത്യം.’

ഇങ്ങനെ കാവ്യത്തിൽ ഉടനീളം ജാതിവ്യവസ്ഥയേയും ബ്രാഹ്മണ മതമായ ഹിന്ദുമതത്തേയും നിർത്താതെ ശകാരിക്കുന്ന കുമാരനാശാൻ ഈ കവിതയിൽ ജാതിക്കെതിരായ യുക്തികളാണ് ഉടനീളം അവതരിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് മലബാർ കലാപം കവിതയുടെ പശ്ചാത്തലമായത്?

ഈ കൃതിയുടെ ആമുഖത്തിൽ മലബാർ കലാപത്തെ സംബന്ധിച്ച പരാമർശങ്ങൾ സൂചിപ്പിച്ചുകൊണ്ട് ആശാൻ പറയുന്നു, “എന്നാൽ, ലഹളയുടെ അപൂർണവും അസ്‌പഷ്ടവുമായ ഛായയും പാഠങ്ങളിൽ ചിലതിന്റെ മന്ദമായ പ്രതിധ്വനിയും മാത്രമേ ഇതിൽനിന്ന് ഗ്രഹിപ്പാൻ കഴിയൂ. പ്രകൃതത്തിൽ അധികമായ ജിജ്ഞാസ ജനിപ്പിക്കുന്നതിനും ഇത്തരം ഒരു കൃതിയിലെ സാഹിത്യസംബന്ധമായ ആവശ്യകത നിറവേറ്റുന്നതിനും അത് പര്യാപ്തമാണെന്ന് വിശ്വസിക്കുന്നു.”

ഈ കൃതിയുടെ സാഹിത്യസംബന്ധമായ ആവശ്യകത നിറവേറ്റുന്നതിനുവേണ്ടിയാണ് ഈ കലാപത്തെ പശ്ചാത്തലം ആക്കിയത് എന്നത് ഈ ആമുഖത്തിൽനിന്ന് വ്യക്തമാണ്. മാത്രമല്ല, ഇവിടുത്തെ മാപ്പിളമാർ കടലും ഹിമാലയവും കടന്നുവന്നവരല്ല എന്നും ഹിന്ദുമതത്തിലെ അയിത്തജാതിക്കാർ ആയിരുന്ന അവർ അത് സഹിക്കാനാവാതെ ഇസ്‌ലാംമതം സ്വീകരിച്ചവരാണെന്നും ജന്മിമാരുടെ പണിയാളർ ആയിരുന്ന അവർ എങ്ങനെ സവർണരുടെ ശത്രുക്കളായി എന്നും മറ്റുമുള്ള കാര്യങ്ങൾ ആശാൻ ഈ കവിതയിൽ ചർച്ച ചെയ്യുന്നുണ്ട്. ഇതിനെല്ലാം കാരണം ജാതിവ്യവസ്ഥയാണ് എന്ന് ആശാൻ വ്യക്തമാക്കുന്നുമുണ്ട്.

മലബാർ കലാപത്തെ വിവരിക്കുക എന്നതാണ് കവിയുടെ ലക്ഷ്യമെങ്കിൽ ഹിന്ദുമതത്തെ സംബന്ധിച്ച് മേൽ സൂചിപ്പിച്ച വിധമുള്ള പരാമർശങ്ങൾ ഒന്നും ആവശ്യമില്ല. മാപ്പിളമാരുടെ ആക്രമണങ്ങളെ കേന്ദ്ര പ്രമേയമാക്കിക്കൊണ്ട് കരളലിയിക്കുന്ന ഒരു കവിത രചിക്കാൻ ആശാനെ പോലെ പ്രതിഭാധനനായ ഒരു കവിക്ക് എത്രയോ സാധ്യതകൾ ഉണ്ടായിരുന്നു.

ആശാൻ ഒരു ഹിന്ദുമത വിശ്വാസിയായിരുന്നു എന്നതിൽ തർക്കമില്ല. ശ്രീനാരായണഗുരു, സംവൽസരങ്ങൾക്കു മുൻപു തന്നെ അദ്ദേഹം ജാതിയും മതവും ഉപേക്ഷിച്ചതിനെ സംബന്ധിച്ച് 1916-ൽ ‘പ്രബുദ്ധകേരളം’ എന്ന പത്രത്തിൽ ഒരു വിളംബരം പരസ്യപ്പെടുത്തിയിരുന്നത് സുവിദിതമാണല്ലോ. അതിൽ മതസംബന്ധമായ അദ്ദേഹത്തിന്റെ നിർമമതയും വിരക്തിയും പക്ഷമില്ലായ്മയും വളരെ കൃത്യമായി വ്യക്തമാക്കിയിരുന്നു. ഗുരുവിന്റെ ശിഷ്യനായിരുന്നു എങ്കിലും മതസംബന്ധമായ വിഷയങ്ങളിലും ദാർശനികമായ പല കാര്യങ്ങളിലും ഗുരുവിന്റെ അതേ നിലപാടായിരുന്നില്ല ആശാന് ഉണ്ടായിരുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ ബോധ്യമാകും.

മലബാർ കലാപം

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന ഖിലാഫത്ത് - നിസ്സഹകരണ പ്രക്ഷോഭം മലബാറിൽ ഒരേസമയം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരുദ്ധവുമായ സ്വഭാവത്തിലാണ് വളർന്നുവന്നത്. ബ്രിട്ടീഷ് അനുകൂലികളും ഒറ്റുകാരുമായ ചില ജന്മി കുടുംബങ്ങൾക്ക് എതിരായ ആക്രമണമായി മലബാറിലെ ഖിലാഫത്ത് പ്രക്ഷോഭം ചില സന്ദർഭങ്ങളിൽ മാറിയിട്ടുണ്ട്. ജന്മിമാർ മിക്കവരും സവർണ ഹിന്ദു കുടുംബങ്ങളും കുടിയാന്മാർ മിക്കവരും മാപ്പിളമാരും ആയിരുന്നു. അപൂർവം മുസ്‌ലിം ജന്മികുടുംബങ്ങളും കുറച്ച് ഹിന്ദു കുടിയാന്മാരും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. മുസ്‌ലിം ജന്മിമാരും ലഹളക്കാരുടെ ആക്രമണത്തിന് ഇരയായി കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും എല്ലാ ഹിന്ദു ജന്മി കുടുംബങ്ങളും ആക്രമിക്കപ്പെട്ടിട്ടുമില്ല എന്നതും വസ്തുതയാണ്. സവർണ ഹിന്ദുക്കളിൽ പലരും ലഹളക്കാരുടെ പിന്തുണക്കാരായി പ്രവർത്തിച്ചിട്ടുണ്ട് എന്നതും ഈ ചരിത്രത്തിൽ ശ്രദ്ധേയമാണ്. ഇത് കേവലം മത വർഗീയതയല്ല ഈ കലാപത്തിന് പ്രേരണയായി വർത്തിച്ചത് എന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാക്കുന്നു.

അന്ന് ബ്രിട്ടീഷ് ജയിലുകളിൽ സ്ഥലം കുറവായിരുന്നതിനാൽ ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന ധാരാളം കുറ്റവാളികളെ തുറന്നുവിട്ട് വിടുകയും അതിൽ മുസ്‌ലിങ്ങളായവരെ ഖിലാഫത്ത് എന്ന പേരിൽ ആക്രമണങ്ങളും കൊള്ളകളും നടത്തുവാൻ ബ്രിട്ടീഷ് ഭരണകൂട പ്രതിനിധികൾ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു എന്നതിനും അത്തരം ഒരു വിഭാഗം ആളുകൾ ഖിലാഫത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തിയതായും ചരിത്രഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

50,000-ലേറെ പേർ ജയിലിലടയ്ക്കപ്പെടുകയും 10,000-ത്തിലേറെ പേർ കൊലചെയ്യപ്പെടുകയും ചെയ്ത ആ കലാപത്തിൽ 600 ഓളം ഹിന്ദുക്കളാണ് ആകെ കൊല്ലപ്പെട്ടത് എന്ന് ആര്യസമാജം പ്രസിദ്ധീകരിച്ച കണക്കിൽ പോലും പറയുന്നു. (Indian Express 2020, ജൂലൈ 5 (on line), മലബാർ റിലീഫ് റിപ്പോർട്ടുകൾ - ആര്യസമാജം) ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ട ഖിലാഫത്ത് അനുകൂലികളായ ഹിന്ദുക്കളും ഇതിൽ ഉൾപ്പെടും. ധാരാളം ഹിന്ദുക്കൾ മാപ്പിളമാരോട് ചേർന്ന് ഖിലാഫത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്തിരുന്നു (ഉദാ: എം.പി. നാരായണമേനോൻ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്).

ഹിന്ദുക്കളെ ബലമായി മതപരിവർത്തനം ചെയ്യിച്ച സംഭവങ്ങളും അന്ന് ധാരാളം ഉണ്ടായി. എന്നാൽ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള കലാപത്തിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ ഖിലാഫത്തിന്റെ പേരിൽ കൊള്ളയും മറ്റും നടത്തിയ കൂട്ടരുടെ ചെയ്തികൾ ആയിരുന്നു അവ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും അക്രമികളെ അവരുടെ കോടതിയിൽ വിചാരണ ചെയ്ത് വധശിക്ഷ വരെ നൽകുകയും ചെയ്തതായി ചരിത്ര പുസ്തകങ്ങളിൽ പറയുന്നു. ഹിന്ദുക്കൾ ഖിലാഫത്തിന്റെ മിത്രങ്ങൾ ആണെന്നും അവർക്കെതിരെ അക്രമം നടത്തരുതെന്നും ബലമായി മതപരിവർത്തനം നടത്തരുതെന്നും അവർ കർശനമായ നിർദേശങ്ങൾ നൽകുകയുണ്ടായി. ഇതെല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.

ദേശീയ പ്രക്ഷോഭത്തെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി ഹിന്ദു-മുസ്‌ലിം കലാപം എന്ന് പ്രചരിപ്പിച്ചത് ഭരണകൂടം

മലബാറിലെ ഖിലാഫത്ത് പ്രക്ഷോഭം ഹിന്ദുവിരുദ്ധ വർഗീയ കലാപം ആയിരുന്നു എന്ന് ആസൂത്രിതമായി പ്രചരിപ്പിച്ചത് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികൾ ആയിരുന്നു. അത് ഭരണകൂടത്തിന്റെ അന്നത്തെ ആവശ്യമായിരുന്നു. കലാപബാധിത മേഖലയിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കർശനമായി തടഞ്ഞുകൊണ്ടുള്ള പട്ടാളഭരണം നിലനിന്നിരുന്ന അവിടെ കലാപത്തെ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾക്ക് ലഭിച്ചത് ഭരണകൂട കേന്ദ്രങ്ങളിൽനിന്ന് മാത്രമാണ്. അവിടുത്തെ യഥാർത്ഥ സാഹചര്യം പുറംലോകത്തെ അറിയിക്കാൻ ഖിലാഫത്ത് നേതാക്കൾക്ക് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. മലബാറിൽ നടക്കുന്നത് ഹിന്ദുവിരുദ്ധ മുസ്‌ലിം ആക്രമണമാണ് എന്ന് പ്രചരിപ്പിച്ച്, രാജ്യമെമ്പാടും വർഗീയ ഭിന്നത വളർത്തി ദേശവ്യാപകമായി തന്നെ നിസ്സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ഹിന്ദു-മുസ്‌ലിം ഐക്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയ പ്രക്ഷോഭമെന്ന ഗാന്ധിജിയുടെ ആശയത്തോട് മുൻപേ വിയോജിപ്പുണ്ടായിരുന്ന ചില കോൺഗ്രസ് നേതാക്കളും ഈ സമയം ഖിലാഫത്തിനെതിരെ തുറന്ന നിലപാടെടുത്തു. അക്കാലത്ത് ഏറനാട് വള്ളുവനാട് പ്രദേശത്ത് ഗാന്ധിജിക്കു പോലും പ്രവേശനം അനുവദിച്ചില്ല. സർവ സ്വാതന്ത്ര്യത്തോടെ പ്രവേശനം അനുവദിക്കപ്പെട്ടത് ആര്യസമാജക്കാർക്ക് മാത്രമായിരുന്നു. അവർ ബ്രിട്ടീഷ് അനുകൂലമായ നിലപാടുള്ളവരാണ് എന്നതുകൊണ്ടും വർഗീയ കലാപമെന്ന ബ്രിട്ടീഷ് ഭരണകൂട ആഖ്യാനം പ്രചരിപ്പിക്കാൻ അവരുടെ നിലപാടുകൾ സഹായകമാണ് എന്നതുകൊണ്ടുമാണ് ആര്യസമാജത്തെ അതിന് അനുവദിച്ചത്. ഗാന്ധി അടക്കമുള്ള പുറംലോകത്തുള്ള എല്ലാവരും ഈ വിഷയത്തിൽ ധാരണകൾ രൂപീകരിച്ചത് പ്രധാനമായും ബ്രിട്ടീഷ് ഭരണകൂടം ചമച്ച വാർത്തകളെ ആശ്രയിച്ചായിരുന്നു.

വർഗീയമായ താല്പര്യത്തോടെ ഹിന്ദുക്കളെ ആക്രമിച്ചവരും ബലമായി മതപരിവർത്തനം നടത്തിയവരുമായ ഒരു ന്യൂനപക്ഷം ആളുകൾ മാപ്പിളമാരിൽ ഉണ്ടായിരുന്നു എന്നത് ഈ ചരിത്രമെഴുതിയ ആരും നിഷേധിച്ചിട്ടില്ല. പക്ഷേ, കുമാരനാശാൻ അടക്കമുള്ള വലിയൊരു വിഭാഗം ഈ ചരിത്രത്തെ ഭാഗികമായാണ് മനസ്സിലാക്കിയത്. ഈ വിഷയത്തിലുള്ള ആശാന്റെ ബോധ്യം കവിതയിൽ വ്യക്തമായി പ്രതിഫലിച്ചിട്ടുമുണ്ട്. പക്ഷേ, അത് കലാപത്തിന്റെ ചരിത്രത്തെ സംബന്ധിച്ച ഒരു സമഗ്ര ധാരണയാണ് എന്ന് കരുതുന്നത് ശരിയല്ല. കലാപത്തെ സംബന്ധിച്ച വിവരശേഖരണത്തിനായി അവലംബിക്കാവുന്ന ഒരു ചരിത്രരേഖയാണ് ഈ കൃതി എന്ന നിലയിൽ സമീപിക്കുന്നത് ചരിത്രപഠനത്തിന്റെ ശരിയായ രീതിയല്ല.

കവിതയുടെ ആമുഖത്തിൽ പറയുന്നതുപോലെ ഹിന്ദുമതത്തിലെ ഘോരമായ അനാചാരങ്ങൾക്ക് എതിരായ ഒരു കവിതാരചനയുടെ സാഹിത്യസംബന്ധമായ ആവശ്യകത നിർവഹിക്കുന്നതിനു വേണ്ടി, അപ്പോൾ വരെ അദ്ദേഹത്തിന് ലഭ്യമായിരുന്ന വിവരങ്ങൾ വച്ചുകൊണ്ട് ആശാൻ രൂപപ്പെടുത്തിയതാണ് കലാപത്തിന്റെ പശ്ചാത്തലത്തിൽ വളരുന്ന ഇതിവൃത്തം. അതുകൊണ്ട് അതിനുമപ്പുറം ഈ കവിതയെ മുൻനിർത്തി കലാപത്തിന്റെ ന്യായാന്യായങ്ങളോടുള്ള പ്രതികരണം ആശാൻ ആഗ്രഹിച്ചിട്ടില്ല. അല്ലായിരുന്നുവെങ്കിൽ കവിത അല്ലാതെയുള്ള മാധ്യമങ്ങളും ആശാൻ ഇതിനായി ഉപയോഗിക്കുമായിരുന്നു.

ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശ്രീനാരായണഗുരുവും അക്കാലത്ത് കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായിരുന്ന ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, സി.വി. കുഞ്ഞിരാമൻ, കുറ്റിപ്പുഴ കൃഷ്‌ണപിള്ള തുടങ്ങിയ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളിൽ ആരും തന്നെ ഈ വിഷയത്തിൽ കവിതയിലൂടെ ആശാൻ പ്രകടിപ്പിച്ച അഭിപ്രായം പറഞ്ഞതായി അറിവില്ല. ഈ വിഷയത്തിൽ ശ്രീനാരായണഗുരുവിന്റേയോ എസ്.എൻ.ഡി.പി യോഗത്തിന്റേയോ നിലപാട് വ്യക്തമാക്കുന്ന ഏതെങ്കിലും ഔദ്യോഗിക പ്രസ്താവനയോ രേഖയോ അന്ന് പ്രസിദ്ധീകരിച്ചതായി അറിവില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ നുണപ്രചാരകരുടെ പ്രധാന ആയുധമായി അത് ഉപയോഗിക്കപ്പെട്ടേനേ. എസ്.എൻ.ഡി.പി യോഗം ഈ വിഷയത്തിൽ അന്ന് മൗനം പാലിച്ചത് ശ്രദ്ധേയമാണ്.

1924-ൽ ആലുവായിൽ നാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ പ്രധാന വിഷയം മതകലഹങ്ങൾ ആയിരുന്നു എന്നിരിക്കെ, ആ സമ്മേളനത്തിൽ സത്യവ്രത സ്വാമി അവതരിപ്പിച്ച ആമുഖരേഖ ഉൾപ്പെടെ എങ്ങും ഈ വിഷയത്തിൽ ഒരു അഭിപ്രായം പരാമർശിക്കപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, ദുരവസ്ഥയിൽ കുമാരനാശാൻ നടത്തിയ പരാമർശങ്ങളെച്ചൊല്ലി ആശാന്റെ സഹപ്രവർത്തകരിൽ പലരും അക്കാലത്ത് ആശാനെ വിമർശിച്ചതായും പറയുന്നുണ്ട്.

ദുരവസ്ഥയെച്ചൊല്ലിയുള്ള ആശാന്റെ സഹപ്രവർത്തകരുടെ വിയോജിപ്പ്

സഹോദരൻ അയ്യപ്പൻ അടക്കമുള്ള യുവനേതാക്കൾ പങ്കെടുത്ത ഒരു യോഗത്തിൽ വച്ച് സി.വി. കുഞ്ഞിരാമൻ ദുരവസ്ഥയെച്ചൊല്ലി ആശാനെ വിമർശിച്ചതും ആശാൻ രോഷാകുലനായി പ്രതികരിച്ചതും ‘മൃത്യുഞ്ജയം കാവ്യജീവിതം’ എന്ന കുമാരനാശാന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ പ്രൊഫസർ എം.കെ. സാനു രേഖപ്പെടുത്തിയിരിക്കുന്നു (First edition Angust 2017, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം. വിതരണം ദേശാഭിമാനി ബുക്‌സ്). പരസ്പരം സൗഹാർദത്തിൽ വർത്തിച്ചുവരുന്ന ഹിന്ദു, മുസ്‌ലിം സമുദായങ്ങളെ ഭിന്നിപ്പിക്കാതിരിക്കുന്നതിനും മുസ്‌ലിങ്ങൾക്ക് ഉണ്ടായിട്ടുള്ള അവജ്ഞയെ ഇല്ലാതാക്കുന്നതിനും വേണ്ടി ദുരവസ്ഥയുടെ പ്രസിദ്ധീകരണത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴയിലെ മുസ്‌ലിം യുവജനസംഘം അവരുടെ യോഗത്തിൽ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ആശാൻ അവർക്ക് അയച്ച മറുപടിയിൽ ഇപ്രകാരം പറയുന്നു:

‘ദുരവസ്ഥ’ എന്ന എന്റെ കൃതിയിൽ നിങ്ങളുടെ മതത്തേയും സമുദായത്തേയും പൊതുവേ സ്പർശിക്കുന്നതായി സഭ്യേതരമായ യാതൊരു വാക്കും ഉപയോഗിച്ചിട്ടുള്ളതായി ഓർക്കുന്നില്ല. മലബാറിൽ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരേയും മതഭ്രാന്തിനെ മുൻനിർത്തിയുള്ള അവരുടെ പൈശാചികമായ പ്രവൃത്തികളെയും കാവ്യയോഗ്യമായ വിധത്തിൽ വർണിച്ചിട്ടുണ്ട്. ആ സന്ദർഭങ്ങളിൽ രസാനുഗുണമായും ലഹളയെ സംബന്ധിച്ചും ഞാനറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങൾ അവരേയും അവരുടെ പ്രവൃത്തികളേയും മാത്രം കുറിക്കുന്നവയാണ്. ദൂരസ്ഥമായ മതത്തേയോ സമുദായത്തേയോ അതുകൾ വിവക്ഷിക്കുന്നില്ല. ശാന്തമായ മന:സ്ഥിതിയോടുകൂടി പുസ്തകം ദയ ചെയ്ത് ഒരിക്കൽ കൂടി വായിച്ചു നോക്കിയാൽ വാസ്തവം നിങ്ങൾക്ക് തന്നെ വെളിവാകുന്നതാണ്.

ഈ കൃതിയുടെ ഉദ്ദേശ്യം തന്നെ സമുദായ പരിഷ്‌കരണം ആകുന്നു. ഒരു കാവ്യത്തിൽ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയിൽനിന്ന് മുക്തമാക്കി വ്യക്തികളേയും സമുദായത്തേയും ശുദ്ധീകരിക്കണമെന്ന സദുദ്ദേശ്യത്തോട് കൂടിയാണ്. ഈ കൃതിയിലും അപ്രകാരമേ ചെയ്തിട്ടുള്ളൂ. ഹിന്ദുമതത്തിലേയും മുഹമ്മദ് മതത്തിലേയും ഉത്തമാദർശങ്ങൾക്കും രണ്ടു മതത്തിലേയും ഉത്തമാനുയായികൾക്കും അതിൽ ആക്ഷേപാർഹമായി ഒന്നും ഉണ്ടായിരിക്കുകയില്ല എന്നാണ് എന്റെ ദൃഢമായ വിശ്വാസം. വിശേഷിച്ചും പല സംഗതികളിലും എനിക്ക് ബഹുമാനമുള്ള മുസ്‌ലിം മതത്തേയും അനവധി യോഗ്യന്മാരും എനിക്കു തന്നെ പല മാന്യസ്‌നേഹിതരും ഉള്ള നിങ്ങളുടെ സമുദായത്തേയും വൃഥാ ആക്ഷേപിച്ച് അതൃപ്തി സമ്പാദിക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കൃതി എഴുതാൻ ഞാൻ സമയ വ്യയം ചെയ്തതെന്ന് തീരുമാനിക്കുന്നത് കഷ്ടമല്ലേ?

അതുകൊണ്ട് വൃഥാ തെറ്റിദ്ധരിച്ച് ക്ഷോഭം ഉണ്ടാക്കാതിരിക്കാൻ പ്രതിഷേധ യോഗക്കാരോട് ഞാൻ സ്‌നേഹപൂർവം അപേക്ഷിക്കുന്നതായി അറിയിപ്പാൻ താല്പര്യപ്പെടുന്നു.

എന്ന്

എൻ.കുമാരനാശാൻ.

കേരളകൗമുദിയുടെ മുഖപ്രസംഗം

കുമാരനാശാന്റെ ഈ മറുപടിയോട് പ്രതികരിച്ചുകൊണ്ട് കേരളകൗമുദി ഒരു മുഖപ്രസംഗം എഴുതി:

“...മാപ്പിള ലഹളക്കാലത്ത് എല്ലാവരും നടത്തിയതും യഥാർത്ഥത്തിൽ നടത്തിയതെന്ന് എല്ലാവരും പരസ്യമായി പറഞ്ഞുവരുന്നതോ ആയ സംഭവങ്ങളെ വിവരിച്ച് ലഹളക്കാരുടെ നിഷ്‌കണ്ടകത്വത്തെ വെളിപ്പെടുത്താനായി അവരെ ക്രൂരന്മാരെന്നും രാക്ഷസന്മാരെന്നും കവി സാധാരണമായ വിശേഷണപദങ്ങളേയും കവി ഉപയോഗപ്പെടുത്തി. ഈ വിശേഷണങ്ങൾ ലഹളക്കാർക്കല്ലാതെ അവരുടെ വർഗത്തിലോ മതക്കാരിലോ പെട്ട നിരപരാധികൾക്കും യോഗ്യന്മാർക്കും കൂടി സംബന്ധിക്കും എന്ന് വിചാരിക്കാൻ കാര്യമൊന്നും ഇല്ലെങ്കിലും മാന്യന്മാരായ ചില മുഹമ്മദീയർ ആ വക പദപ്രയോഗങ്ങൾ മുഹമ്മദീയ ലോകത്തിനു പൊതുവേ ആക്ഷേപകരമായി തീർന്നിരിക്കുന്നു എന്ന് വ്യക്തമായി പ്രതിഷേധം ചെയ്യുന്നു. ആശാൻ അവർകളുടെ ഉദ്ദേശ്യ ശുദ്ധിയിൽ ഞങ്ങൾക്ക് ലേശം സംശയമില്ലെങ്കിലും, ഈ കൃതി ഉദ്ദേശിക്കുന്ന ദുരവസ്ഥയെ വെളിപ്പെടുത്തുന്നതിന് ഈ വക പദപ്രയോഗങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. സാഹിത്യധർമം അനുസരിച്ച് ആ പ്രയോഗങ്ങൾക്ക് നിരാക്ഷേപമായ സമാധാനം പറയാൻ കഴിയുമെന്ന് ഞങ്ങൾ അറിയുന്നുണ്ടെങ്കിലും മുഹമ്മദീയ സമുദായത്തിലുള്ള ഈ തെറ്റിദ്ധാരണ സമാധാനം പറഞ്ഞ് സാധൂകരിക്കുകയേക്കാൾ, അവരിൽ മാന്യന്മാരുമായി ആലോചിച്ചശേഷം ആക്ഷേപകരം എന്ന് ശരിയായിട്ടായാലും തെറ്റായിട്ടായാലും അവർ യഥാർത്ഥത്തിൽ വികസിക്കുന്ന പദപ്രയോഗങ്ങൾ ദുരവസ്ഥയിൽനിന്ന് നീക്കിക്കളയുന്നതാണ് നന്ന് എന്ന് ഞങ്ങൾക്ക് തോന്നുന്നു” (മൃത്യുഞ്ജയം കാവ്യജീവിതം പേജ് 242).

കേരളകൗമുദി അക്കാലത്ത് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ജിഹ്വയായിരുന്ന വളരെ ജനകീയ സ്വഭാവമുള്ള പത്രമായിരുന്നു എന്നതിൽ സംശയമില്ല. മുകളിൽ കുറിച്ചത് ആ പത്രത്തിന്റെ എഡിറ്റോറിയൽ കുറിപ്പാണ് എന്ന് ഓർക്കണം. ലഹളയുടെ ഉള്ളടക്കത്തെപ്പറ്റി പോലും സന്ദേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള എഡിറ്റോറിയൽ ഈ വിഷയത്തിലെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പൊതു നിലപാടിന്റെ സൂചനയാണ്.

ആശാന്റെ പദ്യകൃതികൾക്ക് ഗുരു നിത്യചൈതന്യയതി എഴുതിയ അവതാരികയിൽ ഈ വിഷയത്തിൽ ആശാന്റെ നിലപാടിനെ ശക്തമായി വിമർശിക്കുന്നുമുണ്ട്. മാത്രമല്ല, ആശാന്റെ വിമർശനങ്ങൾക്കുള്ള മറുപടിയായി ഇസ്‌ലാംമത ഗ്രന്ഥങ്ങളെ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട് (സി.ബി.ബി. ഫണ്ട്, കോട്ടയം 1990).

സി.വി. കുഞ്ഞിരാമനുമായുള്ള സംവാദം, മുസ്‌ലിം യുവജനസംഘത്തിന്റെ പ്രമേയം, കുമാരനാശാന്റെ മറുപടി, കേരള കൗമുദിയുടെ മുഖപ്രസംഗം ഇവയിൽനിന്ന് അക്കാലത്ത് ശ്രീനാരായണ പ്രസ്ഥാനത്തിന് പൊതുവിൽ ഈ വിഷയത്തിൽ ഉണ്ടായിരുന്ന നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാണ്. കവിതയിൽ ചില കടുത്ത പ്രയോഗങ്ങൾ നടത്തിയിരുന്നു എങ്കിലും ആശാൻ തന്നെ പിന്നീട് വ്യക്തമാക്കിയ കത്തിൽനിന്നും ഒരു കാര്യം വളരെ വ്യക്തമാണ്. ഇന്ന് ഈ കാവ്യത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗപ്പെടുത്തി നടത്തപ്പെടുന്ന തരത്തിലുള്ള മുസ്‌ലിം വിരുദ്ധ പ്രചാരണം ആശാൻ ഒരിക്കലും അഭിലഷിച്ചിരുന്നില്ല.


സൈബർ വ്യാജന്മാരുടെ ചില വികല ഭാവനകൾ

സോഷ്യൽ മീഡിയയിലെ നുണപ്രചാരകർ വളരെ രസകരമായ പല നുണകളും പടച്ചുവിടുന്നുണ്ട്. അതിലൊന്ന്, ദുരവസ്ഥ എന്ന കവിത ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ അന്ന് മാധ്യമങ്ങൾ ഇല്ലാതിരുന്നതിനാൽ, ശ്രീനാരായണഗുരുവിന്റെ നിർദേശപ്രകാരം നാല്‍പ്പതോളം പാണന്മാരെ ദുരവസ്ഥ ചൊല്ലി പഠിപ്പിച്ച് തെരുവുകളിൽ പാടാൻ അയച്ചു എന്നും അങ്ങനെ പാടിയ പാണന്മാരെ മുഴുവൻ മാപ്പിളമാർ വെട്ടിക്കൊലപ്പെടുത്തി എന്നുമാണ്. പാണന്മാർ പാട്ടു പാടി ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കാലഘട്ടം അതിനും 200-250 വർഷങ്ങൾക്കു മുൻപ് ആയിരുന്നു എന്നതുപോലും അറിയാത്ത ഇവരുടെ ചരിത്രജ്ഞാനം പഴയ വടക്കൻ പാട്ട് സിനിമകളിൽനിന്ന് ലഭിച്ചതാണ് എന്ന് വ്യക്തം.

അവർ പ്രചരിപ്പിക്കും പോലെ ശ്രീനാരായണഗുരുവിന്റെ ആവശ്യപ്രകാരമാണ് ആശാൻ ഈ കവിത എഴുതിയത് എങ്കിൽ, അത് എഴുതാനുള്ള കാരണവും പ്രേരണയും എന്താണ് എന്ന് വ്യക്തമായി വിശദീകരിക്കുന്ന കവിതയുടെ ആമുഖത്തിൽ ഒരു കാരണവശാലും ആശാൻ അത് സൂചിപ്പിക്കാതിരിക്കുകയില്ല. മറ്റൊന്ന്, ആ കവിതയുടെ ഉള്ളടക്കവും ലക്ഷ്യവും മലബാർ കലാപം വിശദീകരിക്കുക എന്നതല്ല എന്ന് കവിത വായിക്കുന്ന ഏതൊരാൾക്കും വ്യക്തമാകും. മാത്രമല്ല, സമീപകാല സംഭവങ്ങൾ കവിതാരചനയുടെ പശ്ചാത്തലമായി സ്വീകരിക്കുന്നതിന്റെ കാവ്യസംബന്ധമായ അനൗചിത്യത്തെ സംബന്ധിച്ചും ആശാൻ ആമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.

ദുരവസ്ഥ എഴുതിയതിന് കുമാരനാശാനെതിരായി വധശ്രമങ്ങൾ ഉണ്ടായി എന്ന പ്രചാരണമാണ് മറ്റൊന്ന്. ഈ നുണപ്രചാരകർ പറയുന്നതുപോലെ ഈ കാലഘട്ടത്തിൽ കുമാരനാശാനെതിരെ ആരെങ്കിലും വധശ്രമം നടത്തിയതായി ആശാന്റെ ജീവചരിത്രഗ്രന്ഥങ്ങളിൽ എങ്ങുമില്ല. എങ്കിലും ഒരു നുണ ആയിരംവട്ടം ആവർത്തിച്ച് സത്യമാക്കുന്ന ഗീബൽസുമാർ ഉറക്കമിളച്ച് പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ജാഗ്രത.

റെഡീമർ ബോട്ടപകടവും ‘ദുരൂഹതകളും’!

നുണപ്രചാരകർ അവരുടെ ഭാവനാവിലാസം അവിടംകൊണ്ടും അവസാനിപ്പിക്കുന്നില്ല. “ആശാന്റെ മരണം സംബന്ധിച്ച് പൊലീസിൽ രേഖപ്പെടുത്തിയ എഫ്‌.ഐ.ആർ അപ്രത്യക്ഷമായി. ആശാൻ സഞ്ചരിച്ചിരുന്ന റെഡീമർ ബോട്ടിന്റെ മുകൾ തട്ടിൽ ഒരാൾക്ക് മാത്രം കിടക്കുവാനുള്ള പ്രത്യേക ക്യാബിനിലാണ് ആശാൻ കിടന്നിരുന്നത്. ബോട്ട് മുങ്ങുന്ന സമയത്ത് ആ ക്യാബിൻ പുറത്തുനിന്ന് പൂട്ടിയിരുന്നു. പല്ലന ആറ്റിൽ അന്ന് നടന്നത് സ്വാഭാവിക അപകടം അല്ല. ആ അപകടം ഉണ്ടാക്കിയതാണ്. വളരെ ചെറിയ നദിയായ പല്ലനയാറ്റിൽ അപകടം ഉണ്ടാകാനുള്ള യാതൊരു സാധ്യതയുമില്ല. എന്നു മാത്രമല്ല, ഈ അപകടം സംബന്ധിച്ച് അന്വേഷിക്കാൻ വേണ്ടി ഗവൺമെന്റ് നിയോഗിച്ചിരുന്ന ചെറിയാൻ കമ്മിഷൻ റിപ്പോർട്ട് മാപ്പിളമാരുടെ സ്വാധീനത്തെത്തുടർന്ന് ഇതുവരേയും ഒരു ഗവൺമെന്റും പുറത്തുവിട്ടിട്ടില്ല. അതിനാൽ കുമാരനാശാന്റെ മരണത്തിന്റെ യഥാർത്ഥ കാരണം ഇന്നും ദുരൂഹമാണ്.” ഇങ്ങനെ അതിഭാവനാശാലികൾ ഉല്പാദിപ്പിക്കുന്ന നിറംപിടിപ്പിച്ച നുണകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ വളരെ സജീവമായി വിഷം വമിക്കുന്ന തെറ്റിദ്ധാരണ പടർത്തിക്കൊണ്ടിരിക്കുന്നു!

ഇത്തരം നുണകളുടെ കുത്തൊഴുക്ക് തടയേണ്ടത് അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അടുത്ത കാലത്ത് പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ രാജേന്ദ്രൻ എടത്തുംകര ഇതു സംബന്ധിച്ച വസ്തുതകൾ കേരള നിയമസഭയുടെ ആർകൈവ്‌സിൽനിന്ന് കണ്ടെടുത്ത് വെളിപ്പെടുത്തുകയുണ്ടായി. തുടർന്ന്, പി. ചെറിയാൻ കമ്മിറ്റി റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കപടപ്രചാരണത്തിൽ കുടുങ്ങി ആശയക്കുഴപ്പത്തിൽപെട്ടവരെ അക്ഷരാർത്ഥത്തിൽ ഒരേസമയം ഞെട്ടിച്ചതും ആശ്വസിപ്പിച്ചതുമായ ഒരു വെളിപ്പെടുത്തൽ ആയിരുന്നു അത്. ആ റിപ്പോർട്ടിലെ വിവരങ്ങൾ താഴെപ്പറയും പ്രകാരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com