

ഈ മേയ് മാസം 10-ാം തീയതി സെക്കന്തരാബാദിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വർണ ഉപഭോഗവും വിദേശയാത്രയും ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യാക്കാർക്ക് ഇത്രയേറെ പ്രതിപത്തിയുള്ള ഈ മഞ്ഞലോഹത്തിന്റെ ഇറക്കുമതി തടയാൻ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽനിന്നും 15 ശതമാനത്തിലേക്ക് കുത്തനെ ഉയർത്തി ഇറക്കുമതി ചെലവേറിയതാക്കി.Strict import controls are used to prevent a country's foreign trade deficit from rising beyond a certain limit and to prevent its foreign exchange reserves from depleting.
കയറ്റുമതി ചെയ്യുന്നവർക്ക് അസംസ്‌കൃത സ്വർണം പരമാവധി 100 കിലോ എന്ന പരിധി നിശ്ചയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ എന്തുകൊണ്ടാണ് ഭാരതസർക്കാർ വിലനിയന്ത്രണ മാർഗങ്ങളും ഇന്ധനവില വർദ്ധനയും സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കുശേഷം ഉടനെ കൊണ്ടുവന്നത്? ഒരു രാജ്യത്തിന്റെ വിദേശ വ്യാപാരക്കമ്മി നിശ്ചിത പരിധിവിട്ട് ഉയർന്നുപോകാതിരിക്കാനും വിദേശനാണ്യ കരുതൽധനം ശോഷിച്ചുപോകാതിരിക്കുന്നതിനുവേണ്ടിയാണ് കർശനമായ ഇറക്കുമതി നിയന്ത്രണമാർഗങ്ങൾ അവലംബിക്കുന്നത്. ഇറക്കുമതി നിയന്ത്രണങ്ങൾ ഉണ്ടാക്കുന്ന മറ്റു പ്രശ്‌നങ്ങളും അവ ഫലം കണ്ടില്ലെങ്കിലുള്ള സാമ്പത്തികാഘാതങ്ങൾ എന്തൊക്കെയാണെന്നും ഈ ലേഖനത്തിൽ സൂചിപ്പിക്കുന്നു.
വിദേശവ്യാപാരത്തിൽ രണ്ട് തരം അക്കൗണ്ടുകളുണ്ട് - (1) ദൃശ്യമായ സാധനങ്ങളായ ക്രൂഡോയിൽ, പെട്രോളിയം ഉല്പന്നങ്ങൾ, സ്വർണം, അസംസ്‌കൃത സാധനങ്ങൾ, നിർമിത വസ്തുക്കൾ എന്നിവയുടെ കയറ്റുമതിയും ഇറക്കുമതിയും നടക്കുന്ന ട്രേഡ് അക്കൗണ്ട്.
(2) അഗോചരമായ ഇടപാടുകളായ പ്രവാസി ഇന്ത്യാക്കാർ അയക്കുന്ന പണം, വിദേശ സഞ്ചാരികളുടെ സന്ദർശനച്ചെലവ് മുതലായവ അദൃശ്യ (Invisible) അക്കൗണ്ടിലും പെടുന്നു. ഈ രണ്ട് അക്കൗണ്ടുകളിലേയും സംയുക്ത കമ്മിയെ കറന്റ് അക്കൗണ്ടിലെ കമ്മി (current account deficit) എന്നു പറയുന്നു. വിദേശ വ്യാപാരം വഴി സ്വരാജ്യത്തേക്ക് ഒഴുകുന്ന ഡോളർ മൂല്യത്തെക്കാൾ കൂടുതൽ തുക വിദേശത്തേക്കൊഴുകുകയാണെങ്കിൽ വ്യാപാരക്കമ്മി വർദ്ധിക്കുകയും ഇറക്കുമതിക്ക് അടയ്ക്കേണ്ട വിദേശനാണ്യത്തിന്റെ കരുതൽധനത്തിൽ സാരമായ ഇടിവു സംഭവിക്കുകയും പിന്നീട് അവശ്യവസ്തുക്കളായ ക്രൂഡോയിൽ പോലും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യം തികയാതെ വരുകയും ചെയ്യും.
ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിൽ 17 ശതമാനത്തോളം ക്രൂഡോയിലാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനം ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്.
സ്വർണ ഇറക്കുമതിയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ വ്യാപാരക്കമ്മി കുറഞ്ഞ് വിദേശനാണ്യ കരുതൽ ശേഖരം (foreign exchange reserves) നിലനിർത്താൻ സാധിക്കുമോ? സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നത് എന്തുമാത്രം ഫലവത്താണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വർണത്തിന്റെ ഉപഭോഗത്തിന്മേലുള്ള നിയന്ത്രണം ഒരു പരിധിവരെ മാത്രമേ സാധ്യമാകുകയുള്ളു എന്നാണ് മുൻകാല അനുഭവം കാണിച്ചിരിക്കുന്നത്.
സ്വർണത്തിന്റെ വില ക്രമാതീതമായും വർദ്ധിച്ചിട്ടും ഉപഭോഗം കുറയുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 55 ശതമാനംവരെ സ്വർണത്തിന്റെ വില വർദ്ധിച്ചിട്ടും 5 ശതമാനം മാത്രമാണ് ഉപഭോഗം കുറഞ്ഞത്. മാത്രമല്ല, സ്വർണവില വർദ്ധിപ്പിക്കുന്നത് കള്ളക്കടത്തിലേക്കു നയിക്കുകയും ചെയ്യും. സ്വർണവില കൂടിയപ്പോൾ സ്വർണത്തിന്റെ ഇറക്കുമതി മൂല്യം 20 ശതമാനത്തിലേറെ വർദ്ധിച്ചു. ഇത് വിദേശ വ്യാപാരക്കമ്മി വീണ്ടും ഉയരുന്നതിന് കാരണമായി.
മുൻവർഷത്തിൽ ഒരു ബാരൽ എണ്ണയ്ക്ക് 65 ഡോളറാണെങ്കിൽ ഇപ്പോൾ 110 ഡോളറായി വർദ്ധിച്ചിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് താമസിച്ചാണ് കേന്ദ്ര സർക്കാർ അനിവാര്യമായ വിലവർദ്ധനവ് നടപ്പിൽ വരുത്തിയത്. ലിറ്ററിന് 10 രൂപാനിരക്കിൽ എക്‌സൈസ് നികുതി കുറച്ചെങ്കിലും വില കൂട്ടാതെ എണ്ണക്കമ്പനികൾക്ക് താല്‍ക്കാലികാശ്വാസം കൊടുത്തു. ലിറ്ററിന് ഒരു രൂപ കൂട്ടിയപ്പോഴും എണ്ണക്കമ്പനികൾക്ക് ഒരു ദിവസം 750 കോടി നഷ്ടം ഇന്ധനത്തിലും പാചകവാതകത്തിലും നേരിടുന്നുവെന്ന് സർക്കാർ തലത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷം 10 ദിവസത്തിനുള്ളിൽ 3 തവണയാണ കേന്ദ്രസർക്കാർ എണ്ണവില വർദ്ധിപ്പിച്ചിരുന്നത്. ലിറ്ററിന് 13 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിൽ എണ്ണക്കമ്പനികൾക്ക് നഷ്ടം നേരിടുന്നുവെന്ന് പറയപ്പെടുന്നു.
ഇന്ധനവില വർദ്ധന മൂലം നിത്യോപയോഗ സാധനങ്ങളുടേയും ആവശ്യസേവനങ്ങളുടേയും വില വർദ്ധിക്കുകയും വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. വിലക്കയറ്റം വരുമ്പോൾ റിസർവ് ബാങ്ക് അടുത്ത നടപടിയായ പലിശനിരക്ക് കൂട്ടുന്നതിനുള്ള നടപടികൾ തുടങ്ങുന്നു. ഉയർന്ന പലിശനിരക്ക് വ്യാവസായികളേയും കർഷകരേയും സംരംഭകരേയും ലോൺ എടുക്കുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നു. ഈ വിലവർദ്ധനവ് ബാങ്കിംഗ് മേഖലയേയും ഗ്രസിച്ചു തുടർന്ന് മറ്റു മേഖലകളിലേക്ക് പടർന്ന് സാമ്പത്തികമാന്ദ്യം ഉൾപ്പെടെയുള്ള ആഘാതങ്ങൾക്ക് കാരണമാകുന്നു. ഉപഭോക്തൃവസ്തുക്കളുടെ വില വർദ്ധിച്ച് ജനജിവിതം ദുസ്സഹമാക്കുന്നു.
എണ്ണവില ഉയരുന്നതുമൂലം യാത്രാക്കൂലി വർദ്ധിപ്പിക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാകുന്നു. ഗതാഗതച്ചെലവ് താങ്ങാൻ ആവാതെ വരുമ്പോൾ യാത്രക്കാർ മറ്റു മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുമ്പോൾ വിലവർദ്ധനകൊണ്ടുള്ള ഉദ്ദേശിക്കുന്ന ലാഭം വിമാനക്കമ്പനികൾക്ക് ഉണ്ടാകാൻ സാധ്യതയില്ല.
റിസർവ് ബാങ്കിന്റെ പരിഹാരക്രിയകൾ
യുദ്ധത്തിനെത്തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത് റിസർവ്ബാങ്കിനെ ആശങ്കപ്പെടുത്തിയിരിക്കുന്നു. ഈ മൂല്യച്യുതി ഒഴിവാക്കാൻ റിസർവ്ബാങ്ക് വിദേശ നാണ്യവിനിമയ വിപണിയിൽ ഡോളർ മാറ്റി രൂപ വാങ്ങി സംഭരിക്കുന്നു. ലോകത്തിലെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് ഇതര രാജ്യങ്ങളെ ആശ്രയിക്കാതെ പെട്രോളിയം അല്ലാതെയുള്ള ഊർജസ്രോതസ്സുകളിലേക്ക് മാറേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 650 ബില്യൺ ഡോളർ വിദേശനാണ്യശേഖരം ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്. ഉയർന്ന വ്യാപാര കമ്മിയെത്തുടർന്ന് 1991-ൽ നമ്മുടെ വിദേശനാണയശേഖരം അഞ്ചു ബില്യൺ ഡോളറിലേക്ക് താഴുകയും പിന്നീട് മുതലാളിത്ത ശക്തികൾ നിയന്ത്രിക്കുന്ന അന്തർദേശീയ ബാങ്കുകളായ ലോകബാങ്ക്, ഐ.എം. എഫ്. (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) എന്നിവയെ ആശ്രയിക്കേണ്ടിയും വന്നു.
റിസർവ് ബാങ്കിന്റെ നിയന്ത്രണ നടപടികൾ ഫലം കണ്ടില്ലെങ്കിൽ സമ്പദ്ഘടനയുടേയും വിപണികളുടേയും ആത്മവിശ്വാസത്തിന് കോട്ടം തട്ടും. മുൻ റിസർവ് ബാങ്ക് ഗവർണർ ദുവ്വുരി സുബറാവുവിന്റെ അഭിപ്രായത്തിൽ, വിപണികളുടെ അതിരുവിട്ട പ്രതീക്ഷകളും ഊഹക്കച്ചവടങ്ങളും കേന്ദ്രബാങ്കിന്റേയും സർക്കാരിന്റേയും നടപടികളെ അട്ടിമറിക്കാൻ തക്കം ശക്തമാണ്. ഓഹരി നിക്ഷേപകരും ബ്രോക്കർമാരും ആസ്തികളുടെ വില താഴേക്ക് പതിക്കുമെന്ന് പ്രതീക്ഷിച്ച് ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടാൽ വിപണി താഴേക്ക് തന്നെ കൂപ്പുകുത്തുമെന്ന് അദ്ദേഹം പറയുന്നു. ഈ പതനം മുൻകൂട്ടി കണ്ട് കയറ്റുമതിക്കാർ അവരുടെ ഇടപാടുകൾ വൈകിപ്പിക്കുകയും ഇറക്കുമതിക്കാർ ഇടപാടുകൾ നേരത്തെ ആക്കുകയും ചെയ്യും. ഇത് സാമ്പത്തികപതനത്തെ ദ്രുതഗതിയിൽ ആക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കയറ്റുമതിക്കാരെ സംബന്ധിച്ച്, ഇന്ത്യൻ രൂപയിലേക്ക് വിനിമയം ചെയ്യുമ്പോൾ, അവരുടെ ആദായം വർദ്ധിക്കുകയും ഇറക്കുമതിക്കാരെ സംബന്ധിച്ച് അവരുടെ അടവുതുക ഡോളറിലേക്ക് വിനിമയം ചെയ്യുമ്പോൾ ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നതുമാണ് ഇതിനു കാരണം. മാത്രമല്ല, ഈ മൂല്യത്തകർച്ച മൂലം വിദേശ സ്ഥാപന നിക്ഷേപകർ (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷ്‌ണൽ ഇൻവെസ്റ്റ്‌മെന്റ്) ഇന്ത്യൻ ഓഹരികൾ വിറ്റ് ഒഴിവാക്കി കടന്നുകളയുന്നത് നമ്മുടെ സമ്പദ്ഘടനയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇത് പിന്നീട് ഓഹരിവിപണിയെ അവതാളത്തിലാക്കി വ്യവസായ മേഖലയേയും ബാങ്കിംഗ് മേഖലയേയും സ്തംഭിപ്പിച്ച് സമ്പദ്ഘടനയെ മാന്ദ്യത്തിലാഴ്‌ത്തുന്നു .
എല്ലാ കാലങ്ങളിലും എണ്ണ വിലക്കയറ്റം രാജ്യത്ത് സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. 1973-ൽ, അറബി രാഷ്ട്രങ്ങൾ പെട്രോളിന്റെ വില മൂന്നിരട്ടിയിലേറെ വർദ്ധിപ്പിച്ചത് രാജ്യത്ത് വലിയതോതിലുള്ള വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ചു. പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം അടിയന്തരാവസ്ഥപോലെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ വലിച്ചിഴച്ചത് ചരിത്രം. 1991-ലെ കുവൈറ്റ്-ഇറാഖ് യുദ്ധം മൂലം ഉണ്ടായ എണ്ണ പ്രതിസന്ധിയും ഉയർന്ന വ്യാപാരക്കമ്മിയും കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണമായി. അടിസ്ഥാന സാമ്പത്തിക നയത്തിൽ ഘടനാപരമായ മാറ്റങ്ങളും പുതിയ രാഷ്ട്രീയ അദ്ധ്യായങ്ങൾ രചിക്കപ്പെടുകയും ചെയ്തു.
രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദുർബലതയെ കാണിക്കുന്നു. റിസർവ് ബാങ്ക് എങ്ങനെ ഈ മൂല്യത്തകർച്ച നേരിടുന്നു? രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇന്ത്യൻ ആസ്തികളെ പ്രത്യേകിച്ചും ഓഹരികളെ വേഗത്തിൽ വിറ്റഴിച്ച് വിദേശമൂലധന നിക്ഷേപകർ മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് നിക്ഷേപിക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം താഴേക്ക് പതിക്കുന്ന സാഹചര്യം ഒഴിവാക്കാൻ റിസർവ് ബാങ്ക് വിദേശനാണ്യ കരുതൽ ശേഖരത്തിൽനിന്ന് ഡോളറുകൾ അഥവാ ട്രഷറി കടപ്പത്രങ്ങൾ വിറ്റ് രൂപ വാങ്ങി സംഭരിക്കുമ്പോൾ രൂപയുടെ ആവശ്യം കൂടുകയും മൂല്യം താഴേക്ക് പതിക്കാതെ നിയന്ത്രിച്ചു നിർത്താനും ഒരു പരിധിവരെ സാധിക്കുന്നു. ഈ നയം ഹ്രസ്വകാലഘട്ടത്തിൽ ഒരു പരിധിവരെ സഹായിക്കുമെങ്കിലും ദീർഘകാലയളവിൽ ഉദ്ദേശിച്ച ഫലം തരില്ല. ഇന്ത്യൻ വിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോഴെല്ലാം വിദേശ മൂലധനം ഇന്ത്യൻ ഓഹരിവിപണിയെ കൈവിടുകയും രൂപ താഴേക്ക് പതിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇറക്കുമതിക്കുവേണ്ടി നാം കൂടുതൽ ഡോളർ മുടക്കേണ്ടിയും വന്നിട്ടുണ്ട്.
സ്വർണ ഇറക്കുമതി നിയന്ത്രണമാർഗങ്ങളും ഉദ്ദേശ്യഫലം തരണമെന്നില്ല. മറ്റു കറൻസികളെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഉയരുന്നതിനും താഴുന്നതിനും അനുസരിച്ച് പറന്നുവരുകയും പോവുകയും ചെയ്യുന്ന വിദേശമൂലധന പ്രവാഹത്തെ വിദേശനാണ്യ കരുതൽ ശേഖരമെന്ന ഗണത്തിൽ ആശ്രയിക്കുന്നത് രാജ്യത്തിന് സാമ്പത്തികസുരക്ഷിതത്വം തരില്ല. അന്താരാഷ്ട്ര പ്രശ്‌നങ്ങളെത്തുടർന്ന് ഉണ്ടാകുന്ന എണ്ണവിലവർദ്ധന കേന്ദ്രബാങ്കിന്റെ ഹ്രസ്വകാല നയംകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല. ലോകത്തിലെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇതര രാജ്യങ്ങളെ ആശ്രയിക്കാതെ പെട്രോളിയം അല്ലാതെയുള്ള ഊർജസ്രോതസ്സുകളിലേക്ക് മാറേണ്ടത് ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. ക്രൂഡോയിലിനെ ആശ്രയിക്കുന്നത് സമ്പദ്ഘടനയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്നതുകൊണ്ട് പുനരുപയോഗ സാധ്യതയുള്ള ഊർജസ്രോതസ്സുകളെ ആശ്രയിക്കുന്നതാണ് തികച്ചും അഭികാമ്യമായ നയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates