

എന്റുമ്മ പച്ചവിറക് കുനിഞ്ഞിരുന്നു
ഊതിയൂതിക്കത്തിച്ച് സ്കൂളിൽ
കഞ്ഞിവച്ചു കൊടുത്താ
എന്നെ വളർത്തീത്.
എന്റെ മോളേം ഉസ്കൂളി ചേർക്കണോന്നും പറഞ്ഞ്
അണ്ണാച്ചീടെ കയ്യീന്ന് പലിശക്ക് പൈസേം മേടിച്ച്
പുസ്തകോം സ്ലേറ്റും ഒരു ജോഡി യൂണിഫോമും
വാങ്ങിയെന്നെ സ്കൂളിൽ ചേർത്ത്.
കഞ്ഞിപ്പുര കദ്ദീശൂന്റെ മോൾക്ക്
ഇട്ടംപോലെ കഞ്ഞി കുടിച്ചു മദിക്കാലോന്ന്
സാറുമ്മാരും പറഞ്ഞ്.
കഞ്ഞി കുടിച്ചിട്ടും വയറ് കാളുന്ന രാത്രികളിൽ
പുറത്തേക്കുള്ള വാതില് കുലുങ്ങുന്ന കാണുമ്പോ
ഉമ്മ തുള്ളിവിറച്ച് “ഏത് ഹറാമ്പറെന്നോനാടാ കഴപ്പ്”ന്ന് ചോദിച്ച്,
പേടിച്ചു വിറക്കുന്ന എന്നെ ചേർത്ത്പിടിക്കും
“നീ കദീശ്ശൂന്റെ മോളാ,
മോള് പേടിക്കാമ്പാടില്ല”ന്ന് ചെവിയിൽ മന്ത്രിക്കും.
അങ്ങനെയിങ്ങനെ നെഞ്ചിലെ
പേടിയൊക്കെ വെള്ളരിപ്രാവ്
പോലെ മച്ചിലിരുന്ന്കുറുങ്ങി.
പലിശക്ക് പൈസ മേടിച്ചേന്
ചോദിക്കാൻ വന്ന പള്ളിക്കാരോട്
“ഇരുട്ടത്ത് ന്റെ വാതിക്കല് തട്ടണോമ്മാരെ
ആദ്യം സ്വർഗത്തിലാക്ക് ന്നിട്ട് മതി
കദീശൂന് സ്വർഗം കെട്ടാനെന്ന്” ഉമ്മ കട്ടായം പറഞ്ഞു.
പട്ടണത്തിലെന്നെ പഠിക്കാനയച്ചപ്പോ
കഞ്ഞിക്കദീശു മോളെ പെഴക്കാനയച്ചേന്ന്
നാട്ടാരും സ്വന്തക്കാരും മുഴുക്കേം പറഞ്ഞ്.
“ഓൾ പെഴച്ചാലും കദീശൂന്റെ മോള് തന്നെയാ”
-ഉമ്മ നെഞ്ചില് തട്ടി പറഞ്ഞ്.
സന്ധ്യക്ക് പിരിവിന് വന്ന അണ്ണാച്ചിക്ക്
പൈസേം കൊടുത്ത്,
പഞ്ചായത്ത് പൈപ്പീന്ന് വുളു എടുക്കാൻ പോയ
ഉമ്മാനെ അണലി തീണ്ടി.
തീണ്ടിയ അണലീനെ തച്ച് കൊന്നിട്ടാ ഉമ്മ
ശഹാദത്ത് കലിമ ചൊല്ലീത്.
മയ്യത്തിന് അടുത്തിരുന്നു കെട്ടിയോമ്മാരെ
സുജൂദ് ചെയ്യാൻ മുട്ടുന്ന സുജായി പെണ്ണുങ്ങൾ
എന്റുമ്മാടെ നിസ്കാരത്തഴമ്പിനെ പരിഹസിച്ചപ്പോ,
ഞാനെന്റുമ്മാന്റെ കൈകൾ തഴമ്പിച്ച കഥയോർത്തെടുക്കാരുന്നു.
മരിച്ചേന്റെ മൂന്നിന് മൂക്കും മുട്ടെ
തിന്നെഴുന്നേറ്റ, സ്വന്തക്കാരെല്ലാം,
പിരിവിട്ടെന്നെ നിക്കാഹ് ചെയ്തയച്ചു
ബാധ്യത തീർക്കാൻ കമ്മറ്റി കൂടി.
കമ്മറ്റിക്കാരോട് ഞാൻ
പഠിക്കാമ്പോവാന്ന് തീർത്തു പറഞ്ഞു.
കഞ്ഞിക്കദീശൂന്റെ മോള് ഉമ്മാനെപ്പോലെ
പെഴച്ചോളെന്ന് മുദ്രകുത്തി കമ്മറ്റിക്കാർ പിരിഞ്ഞു.
ഉമ്മ ബാക്കിവച്ച എന്റെ കയ്യിലെ തഴമ്പിൽ
തടവികൊണ്ട് മനസ്സിലുറച്ചു പറഞ്ഞ്:
“ഞാൻ തള്ളക്ക് പിറന്നോളാ...”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates