

കുഞ്ഞിലേ വായിച്ച റഷ്യൻ കഥയിലൊരു
തീപ്പക്ഷിയുണ്ടായിരുന്നു
ഭാഗ്യവും നിർഭാഗ്യവും കൊണ്ടുവന്നിടും
ദൈവികമായൊരു പക്ഷി
തീ വിഴുങ്ങുന്നൊരു പക്ഷി, തീവർണത്തിൽ
തൂവലുകളുള്ളൊരു പക്ഷി
രാത്രിയിൽ തോട്ടത്തിൽ വന്നിടുമാപ്പക്ഷി
ആപ്പിൾ കവർന്നോണ്ടു പോകും!
ആരുമേ കാണാതെ മാഞ്ഞുപോകുന്നേരം
ഒരു തൂവൽ താഴേയ്ക്കു വീഴും
ആ തൂവലൊന്നു മതി, പൂന്തോട്ടമാകവേ
ജാജ്വല്യമാനമാക്കീടാൻ
ഇപ്പോഴുമുണ്ട് തീപ്പക്ഷി
നമ്മളിലെല്ലാരിലും പലതരത്തിൽ
പറഞ്ഞിടൂ കേൾക്കട്ടെ ആരാണ് നിങ്ങളുടെ
ആപ്പിൾ കവർന്ന തീപ്പക്ഷി?
എന്താണ് നിങ്ങളുടെ ജീവിതമാകവെ
വെട്ടം ചൊരിഞ്ഞ പൊൻതൂവൽ?
എന്തിനെ സ്വന്തമാക്കീടുവാനായ് നിങ്ങൾ
ഏഴാം കടലും കടന്നു?
ഏതു പോരാട്ടത്തിൽ നിങ്ങൾക്ക് സ്വന്തവും
ബന്ധവും തമ്മിൽ തിരിഞ്ഞു?
ഏതു യുദ്ധത്തിന്റെയന്ത്യത്തിൽ നിങ്ങളുടെ
വിജയം പരാജയമായി?
പോട്ടെ, ഒരു ശിശിരം കഴിഞ്ഞുപോയ് മനസ്സിന്റെ
വാതിൽ തുറന്നുകൊടുക്കൂ
പാറിപ്പറന്നു പോകട്ടെയാ തീപ്പക്ഷി*
ഒരു വ്യക്തിയിൽ ഒതുങ്ങാതെ
ഇരുളാണ്ടുപോകുമീ ലോകം പ്രകാശത്തിൻ
വിസ്മയമാക്കി മാറ്റീടാൻ.
---
*തീപ്പക്ഷി - റഷ്യൻ മിഥോളജിയിലെ ഒരു മാന്ത്രികപ്പക്ഷി - fire bird
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates