Card
cardSamakalika Malayalam

ബിനോയ് പി.ജെയുടെ കവിത ‘എട്ടുകാലി’

Published on

പുലരിവെളിച്ചത്തിൽ

എട്ടുകാലി പ്രകാശരശ്മികളിലൂടെ

സവാരിചെയ്യുന്നത്

അതിശയത്തോടെ നോക്കുകയായിരുന്നു

സർക്കസ്‌ കളിക്കാരൻ

കൃത്യമായി നീങ്ങുന്ന ഊഞ്ഞാലുകളില്ലാതെ

ഒരു നൂൽ പാകി

ശൂന്യതയിലോ വെളിച്ചത്തിലോ

അതിനെ ഘടിപ്പിച്ച്

അസാമാന്യമായൊരു വഴി

അതുകണ്ടെത്തുന്നത്

പലദിശകളിൽ നൂലുകൾ ചൊരിഞ്ഞ്

ഒരുകുഞ്ഞുസൂര്യനെ സാക്ഷാല്‍ക്കരിക്കുന്നത്

അതിൽ ഇരയേയും ഇണയേയും കാത്തിരിക്കുന്നത്

അയാൾ കണ്ടു.

മനുഷ്യർ വാസ്തുവിദ്യ കണ്ടെത്തുന്നതിനും

എത്രയോ മുൻപ്.

വായുവിൽ തന്റെ ചലനങ്ങൾ

വിരചിക്കുന്ന ജ്യാമിതീരൂപങ്ങളെ അതിശയിച്ച്

നൂലുപാകി

ആകാശക്കോട്ടതീർക്കുവാൻ മറ്റാരുണ്ടെന്ന

അഹങ്കാരം അതിനുണ്ടായിരുന്നോ?

അതിനപ്പുറം തന്റെ കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള

കൂടുണ്ടാക്കുവാനും

അതുടലിൽ കൊണ്ടുനടക്കുവാനും

കുഞ്ഞുങ്ങൾക്ക് സ്വന്തമുടൽ

തീറ്റയായി നൽകുവാനും പോന്ന

ഒരു ജീവിയെ

ലൂയി ബൂർഷ്വയോ വത്സൻ കൊല്ലേരിയോ*

മാനിക്കാതിരിക്കുന്നതെങ്ങനെ?

----

*ലൂയി ബൂർഷ്വാ, വത്സൻ കൊല്ലേരി പ്രശസ്തരായ ശില്പികൾ

Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com