

നടുറോട്ടില്‍ വട്ടുരുട്ടി കളിക്കും
തെണ്ടിച്ചെറുക്കനാരാണെന്നറിയാമോ
വട്ടാണിഷ്ടം,
വട്ടിന് കറക്കമാണെനിക്കിഷ്ടം.
വാവട്ടം മോന്തിയ
അന്തിക്കറക്കമാണിഷ്ടം
ഒട്ടും കറങ്ങാതിരുട്ടത്തിരിക്കുന്ന
വട്ടന്‍ ചെറുക്കന്റെ
നാക്കിന്റെ തുമ്പത്ത്
പൊട്ടിത്തെറിക്കുന്ന തെറിയാണെനിക്കിഷ്ടം.
ഓട്ടത്തില്‍, ചാട്ടത്തില്‍,
വട്ടത്തില്‍ തിരിയുന്ന
വട്ടോളിക്കൊമ്പത്തെ
തെണ്ടിച്ചെറുക്കന്റെ
വട്ടത്തില്‍ പറയണ
തെറിയാണെനിക്കിഷ്ടം.
മാ വെച്ചും പൂ വെച്ചും
കൂ വെച്ചും പറയുന്ന കേട്ടാലറയ്ക്കുന്ന ഓക്കാനം കാട്ടുന്നുഴപ്പന്
തെറിയുടെ
കാലൊന്ന് തെറ്റി
തിരിയുന്ന മണ്ടയുടെ
തിരിച്ചിലാണിഷ്ടം.
കാലം കുലച്ചപോല്‍
വടിവൊത്ത് നില്ക്കണ
വട്ടന്‍ ചെറുക്കന്റെ
വീറാണെനിക്കിഷ്ടം.
ചോരച്ച പെണ്ണുങ്ങള്
തീണ്ടാടിനീന്തുമ്പോള്
കല്ലുത്തിക്കടവിന്റെ
പടവെണ്ണി നിന്നോണ്ട്
കണ്ണൊന്ന് തെറ്റിച്ച
തെണ്ടിച്ചെറുക്കാ,
നിന്റെ വട്ടാണെനിക്കിഷ്ടം,
വട്ടിന് കറക്കമാണിഷ്ടം.
വരമ്പത്തെ കൊറ്റികള്‍
ചിതറിപ്പറക്കുമ്പോള്‍,
അരയിലെ കൊള്ളിമീന്‍
മിന്നിമാഞ്ഞു
നീളന്വരമ്പത്തെ
ഇണചേര്‍ന്ന പാമ്പിന്റെ
ഉറയൂരിപ്പോയതും
കണ്ടുനിന്നു
മുല കട്ട് കുടിച്ചോനെ,
മുറിവായ മണത്തോനെ,
മാനത്തെ മച്ചിന്തറയില്
ഉന്മാദം തീണ്ടിമയങ്ങി.
ചിതലിഴയണ കോലായില്‍,
നനവൊട്ടിയ ദേഹത്ത്
ചൊറിമാന്തിക്കിടന്നോനെ,
നിന്റെ വട്ടാണെനിക്കിഷ്ടം.
വട്ടിന് കറക്കമാണിഷ്ടം.
ഉച്ചിയില്‍ കത്തുന്ന
പാതിരാസൂര്യന്റെ
വെട്ടത്തില്‍ നിഴലിച്ച
പ്രേതരൂപം.
കലികൊണ്ട ദേഹത്ത്
കത്തുന്ന നെഞ്ചിനെ
വിറകൊണ്ട മാനം
പെയ്തണച്ചു
വെട്ടം കറുത്തുപോയ്
മാനത്തെ രാത്രിയില്‍
പെയ്യാതെ പെയ്തു
ഇരുണ്ട മേഘം.
ചതിയേറ്റ നെഞ്ചിലെ
മുറിവേറ്റയാഴത്തില്,
വാളറ്റം മിന്നിയാ
വര്‍ഷരാത്രി.
ഇടിവെട്ടത്തില്‍ വീട് കത്തി
അടിവക്കിടിഞ്ഞു ചെരിഞ്ഞു വീട്
ആളുന്ന മേല്‍ക്കൂര
വിള്ളുന്ന തറനിലം,
തറയോട് ചിന്നി,
മുതുകുപൊന്തി.
ഇമവെട്ടി നിന്നൊരാ
നക്ഷത്രക്കൂട്ടങ്ങള്‍
ഒന്നായടര്ന്ന് പോയ്.
ചുഴലിപ്പെയ്|ത്തില്‍
ഇരുളെ നിനയ്ക്കിന്ന്
ബലിയായി കുനിയുന്നു
നിന്നകം നോക്കി
ഇരുട്ടത്തിരിക്കുന്നു
നടുറോട്ടില്‍ വട്ടുരുട്ടി കളിക്കും
തെണ്ടിച്ചെറുക്കാനാരാണെന്നറിയാമോ
ഞാനാണ്ട
രാത്രിയെ പെറ്റിട്ട കന്നിപ്പേറില്
അത്താഴത്തീണ്ടലില് ഓരിയിട്ടോന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates