ഇന്ദിര അശോക് എഴുതിയ കവിത ‘വെറും വാക്ക്’

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on

പർവതങ്ങളിൽ തോരാനിടുന്നു നീ

ഭംഗിയായിട്ടലക്കി ഭൂതത്തിനെ

ചാരുതാഴ്‌വര തീപിടിക്കുന്നുണ്ട്

ആളുമഗ്നിയുണക്കീ നനവിനെ

രാപകൽ നിറം ചാറിയ നൂലിനാൽ

പൂ, പഴങ്ങളും, പുസ്തകത്താളുമാ

യാദിമൻ നെയ്തെടുക്കുമുടുപ്പണി

ഞ്ഞാദ്യ ചോദ്യം “നിനക്കു ബോധിച്ചുവോ?”

നെഞ്ചു വെന്തടുപ്പാകുന്നു, നീയതിൽ

നിന്നു കേറി നെരിപ്പോടണയ്ക്കുന്നു

രാത്രി കിന്നരൻമാരോടുരയ്ക്കുന്നു

കൂട്ടു തെറ്റി പറന്നവയോടു തൻ

നേട്ടമൊക്കെ നിസ്സംഗതാകാവ്യമായ്

ആരിരാരിരം രാരിരം മൂളുന്നു

രാത്രി പൊൻമകനേയെന്നു തേങ്ങുന്നു

ആളൊഴിഞ്ഞു നിറം തവിട്ടായൊരു

ഭൂമിയിൽ മുഖം ചുക്കിച്ചുളിഞ്ഞൊരാൾ

വേരിലാഭിചാരം ചെയ്തണച്ചതിൻ

ചാരമൂതിപ്പറത്തുന്നു, ഭസ്മാനു

ലേപനം ചെയ്ത വേലാണ്ടിയെന്നോതി

തോളിലേറ്റിക്കടന്നു ലോകത്തിനെ

മാമയിൽ നൃത്തമാടുന്നു ചുറ്റിലും

കൂട്ടു ചെന്നായ പണ്ടൊരാൾ പ്രച്ഛന്ന

വേഷമിട്ട ചതിക്കഥ ചൊല്ലുന്നു.

വെമ്പി ഞാൻ, കണ്ണ് നീരല്ലറിഞ്ഞത്

സങ്കടത്തിൻ സമജലസംയമം

നെഞ്ചു നൊന്തേകജാതനെയോർക്കുന്നു

രാവുറങ്ങാതെ, സന്ധ്യ തെളിക്കാതെ

ഏകനായ് വനം താണ്ടാൻ പുറപ്പെടും

ചങ്കെടുത്തുപ്പുലായനിയിൽ ചേർത്ത്

നല്ലതോയെന്ന് ചോദ്യമാരായുന്നു.

കയ്പുനീരിനാൽ ജ്ഞാനപ്പെടുന്നു ഞാൻ

കല്ലുമുള്ളുകടുക്കുമിടവഴി

മഞ്ഞിനൊപ്പം നടന്നവധൂതമായ്.

ചുറ്റുമെല്ലാമുറങ്ങി, ഭൂതാവിഷ്ടർ

സ്വപ്നയാത്രികരാകുന്ന കാട്ടിലേ

ക്കെത്തിനോക്കി തോളത്തു കൈവച്ചവർ

ഒറ്റയല്ല,യേകാന്തവും നഷ്ടവും

ഒപ്പമുണ്ടെന്നുറപ്പിൽ പിരിഞ്ഞുപോയ്

ആഴമാഴമായ്, നോക്കിനില്‍ക്കെ വീട്

കാനനം കവചം കൊണ്ടതിന്റെമേൽ

വീടുറങ്ങുന്നു, രാത്രി തീക്കണ്ണുമായ്

പാത്തുനില്‍ക്കുമിരുട്ടിനൊരേ നില

ആർത്തലക്കുവാനാകാത്തൊരു മൃഗം

കൂർത്ത ശബ്ദം മുരണ്ടും കടംകൊൾവൂ

എന്തു ഭംഗിയാണെല്ലാറ്റിനുമെന്ന്

നൊമ്പരപ്പെട്ട് വാക്കൊളിച്ചൂമുഖം

ശോകശ്യാമം നിറം തേച്ച മുൻമുറി

തോർന്നു തോർന്നു വിളർത്തുമുടുപ്പുകൾ

നേരുകൾ നിരയായി പ്രതിക്കൂട്

കേറിനില്‍ക്കുവാൻ കല്പിച്ച വ്യാധികൾ

എന്തു ഭംഗി! വെറുമൊച്ചകൊണ്ടെന്റെ

ചങ്കുകീറി പരക്കയായ് ചോരയിൽ

പൊന്നുകൊണ്ടുള്ള മുൾക്കിരീടത്തിന്റെ

തുമ്പുകൊണ്ടെന്റെ കണ്ണുമുറിഞ്ഞുപോയ്

ഊതി, ഊതിത്തിളക്കു മടുപ്പിലേ

ക്കൂരു പേരറിയാതുള്ളൊരിന്ധനം

കാഞ്ഞിരം, കുലം സസ്യമെന്നങ്ങനെ

കാടുകേറുന്നു, ഞാനതിൽ വേദന

ഉപ്പുതേയ്ക്കാത്ത നീതിക്ക് കൂട്ടുപോയ്

ഒപ്പ,മൊപ്പമുണ്ടെന്നു മന്ത്രിക്കിലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com