സച്ചിദാനന്ദൻ എഴുതിയ കവിത ചാരുമജുംദാർ സ്വർഗത്തിൽ

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on

തന്റെ ആസ്ത്മ ഭൂമിയിൽ മറന്നുവെച്ചാണ്

ചാരുമജുംദാർ ഒളിവിൽ സ്വർഗത്തിൽ എത്തിയത്,

വിപ്ലവം വരുന്ന തോക്കിൻ കുഴലിൽ കയറിയല്ല,

രഹസ്യഭാഷയിൽ വിളിച്ചപ്പോൾ ഇറങ്ങിവന്ന

ഒരു ചുവന്ന മേഘത്തിൽ കയറി.

നക്സൽബാഡിയിലെ ഒരു കൂട്ടം കർഷകർ

പതിരുനിറഞ്ഞ നെൽക്കതിരുകളുമായി

അദ്ദേഹത്തെ മുകളിൽ കാത്തുനിൽപ്പുണ്ടായിരുന്നു.

‘സഖാക്കളെ’ അവരെ കണ്ടയുടൻ ഉപചാരങ്ങൾക്കു

കാത്തുനിൽക്കാതെ മജുംദാർ പറഞ്ഞു:

“ഭൂമിയിലെ സ്ഥിതി മോശമാണ്,

ബംഗാളിൽ ഒന്നും സംഭവിക്കുന്നില്ല,

ഗ്രാമങ്ങൾ നഗരത്തെയല്ല, നഗരങ്ങൾ

ഗ്രാമത്തെയാണ് വളയുന്നത്

നാം ഉയർത്തിപ്പിടിച്ച എല്ലാ മാതൃകകളും

മ്യൂസിയങ്ങളിലോ മുസോളിയങ്ങളിലോ ആയി.

കണ്ണിൽ കവിതയൊഴിച്ചു

നാം കാത്തിരുന്ന വിപ്ലവം വന്നില്ല,

പ്രവാചകരുടെ പുസ്തകങ്ങളെല്ലാം കളവായിരുന്നു

തോക്കുകൾ കൊല്ലുന്നത് നമ്മെയും കുട്ടികളെയുമാണ്

ഞാനിപ്പോൾ സമ്മതിക്കുന്നു,

ജനാധിപത്യത്തിനും സമഗ്രാധിപത്യത്തിനും

ഒന്നിച്ചു ജയിക്കാനാവില്ല.

ഇന്ന് നമ്മുടെ നാട് ഒരുമിച്ചനുഭവിക്കുന്നു

പോയവരും വന്നവരും നടപ്പാക്കിയ ശിക്ഷകൾ.

വരൂ, നമുക്കു വഞ്ചിക്കപ്പെട്ടവരുടെ

പാട്ടുകൾ പാടാം. വരൂ,

അബലകൾ എന്ന് പരിഹസിക്കപ്പെട്ട സ്ത്രീകളേ,

വിതച്ചിട്ടും കൊയ്യാൻ കഴിയാത്ത കർഷകരേ,

വിയർത്തിട്ടും പട്ടിണിയായ തൊഴിലാളികളേ,

ചേറിലേക്കു ചവിട്ടിത്താഴ്ത്തപ്പെട്ട ദളിതരേ,

കാടുപോലും നഷ്ടമായ ആദിവാസികളേ, നാടു നഷ്ടപ്പെട്ട

ജനതകളേ, യുദ്ധങ്ങളിൽ കശാപ്പു ചെയ്യപ്പെടുന്നവരേ,

നാമാണ് ജനങ്ങൾ, വേറെ ഒരു

രക്ഷകനും വരാനില്ല.

നമ്മുടെ വേരുകൾ കടലിനോളം

ആഴത്തിലാണ്, നമ്മുടെ പഴങ്ങൾ

സൂര്യനോളം ഉയരത്തിലും.

സമയമായി, ദേശമില്ലാത്തവരുടെ

ഒരു പുതിയ പുറപ്പാടിന്.

നാം ഭൂമിയെ അവകാശമാക്കും,

മരങ്ങളോടും മൃഗങ്ങളോടും

പുഴകളോടുമൊപ്പം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com