കൈലാസ് തോട്ടപ്പള്ളി എഴുതിയ കവിത ചരല്‍ വാരുന്നവര്‍
മഴതോരാത്ത നനഞ്ഞരാത്രിയിൽ
ചരൽവട്ടികൾ ചേർത്തു മൂന്നുപേർ.
പശിനൊന്തു നിറഞ്ഞമാത്രയിൽ
പദമാറും നീറ്റിലിറക്കി മൂകരായ്.
അവരോ ചരൽ മണ്ണുവാരുവോർ;
ചെറുകുട്ടയിൽ മുങ്ങി ഏറ്റുവോർ;
വ്യഥനീറും വഴി ശൂന്യവേളയിൽ
ശിരസ്സാഴം
മാഴ്ന്നുയർന്ന മുദ്രകൾ.
കരിമ്പാറകൾ പോലെ വിങ്ങുമീ
കരിങ്കായലിൽ ഇരവുസാക്ഷിയായ്.
പെണ്ണാളുകൾ ശ്വാസം ഭക്ഷിച്ചു
മുങ്ങാംകുഴിയിട്ടു വെള്ളത്തിൽ.
ചരൽമുത്തുകൾ
കോർത്തമാലകൾ;
നിറകോരിയെടുത്ത വട്ടികൾ;
അറ മൂന്നറ കെട്ടുവള്ളത്തിൽ
മണൽക്കൂനകൾ നിൽപ്പു തങ്കമായ്.
ചരൽമണ്ണിണ കെട്ടിനിർത്തിയ
കോൺക്രീറ്റു നിറഞ്ഞ വീഥിയിൽ.
നിറകൊട്ടകൾ വാരിയേറ്റിയ
വിരലിൻ ചോര നിറഞ്ഞ കായലും.
നിണവർണമണിഞ്ഞ മണിമല.1
മണൽവാരി മുറിഞ്ഞപെണ്ണിവർ.
അവൾ മുങ്ങി നിറച്ച ജീവിത
സമരം ഉണ്മ നിറഞ്ഞ ഗാഥകൾ.
എരിതീയതു കൊണ്ടുവന്നൊരു
നിയമം കണ്ടു മിഴിച്ചുപോയവർ.
നോവും പണിയാളർ
നീറിടം,
ഇടമില്ലാതെ അടഞ്ഞ പെണ്ണിടം.
മണ്ണുവാരിയുടഞ്ഞ കുട്ടമേൽ
കക്കവാരി കണക്കുതീർത്തവർ.
കുട്ടനാട്ടിലെ പെണ്ണിവർ
ധീരരാം
പട്ടംകിട്ടാത്ത
പ്രൗഢജന്മങ്ങൾ.
പെണ്ണിവൾ ജലഭീതിയറ്റവൾ.
കനലിൽ മുങ്ങി വിരിഞ്ഞ മുത്തുകൾ.
കരളാം കായൽ കൈനകരിയിലെ2
പശികൾക്കറുതിയലഞ്ഞു തീർത്തവർ.
---
*മണിമല പമ്പ. അച്ചൻകോവിൽ, മണിമല ആറുകൾ
** കൈനകരി-കുട്ടനാടുകാരുടെ ഹൃദയഭൂമി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

